Pages

Wednesday, December 30, 2015

അന്ന് .....ഇന്ന്......നാളെ.

അങ്ങനെ 2015ഉം വിടപറയാന്‍ ഒരുങ്ങുന്നു.ജീവിതത്തിന്റെ ഒരു വര്‍ഷം കൂടി യവനികക്കുള്ളിലേക്ക് നീങ്ങുമ്പോള്‍ ചില കാഴ്ചകളും മോഹങ്ങളും മനസ്സില്‍ മായാതെ തന്നെ നില്‍ക്കുന്നു.

അഞ്ചാറ് ദിവസം മുമ്പ് എന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ഫോട്ടോയാണ് താഴെ.


ഓര്‍മ്മകളെ വര്‍ഷങ്ങള്‍ പിന്നോട്ട് വലിക്കുന്ന ഒരു ചെമ്മണ്‍പാത.

അന്ന് .....ആ പാതയിലൂടെയായിരുന്നു ഞാനും എന്റെ കൂടെപ്പിറപ്പുകളും പിന്നെ ഞങ്ങളുടെ കോളനിയിലെത്തന്നെ എന്റെ സമപ്രായക്കാരും സ്കൂളിലേക്ക് നടന്നുപോയിരുന്നത്.കഷണ്ടി കയറിയ തലയില്‍ വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങി , തോളില്‍ ഒരു തോര്‍ത്തുമുണ്ടുമിട്ട് ഈ വഴിയിലൂടെത്തന്നെ മമദ്ക്കായുടെ കാളവണ്ടിയും പോകാറുണ്ടായിരുന്നു.പിന്നെ എവിടെ നിന്നോ പുറപ്പെട്ട് മുക്കിയും മുരണ്ടും ഞങ്ങളുടെ സ്കൂളിന്റെ മുറ്റത്ത്, ഉപ്പ്മാവിനുള്ള ഗോതമ്പുമായെത്തുന്ന ഒരു ഫാര്‍ഗോ ലോറിയും ഈ പാതയിലെ പൊടി പറത്താറുണ്ടായിരുന്നു.ഗോതമ്പ് വരുന്നത് അമേരിക്കയില്‍ നിന്നായതിനാല്‍ ഈ ഫാര്‍ഗോ ലോറിയും അമേരിക്കയില്‍ നിന്നാണ് പുറപ്പെടുന്നത് എന്നായിരുന്നു കുട്ടികളായ ഞങ്ങളുടെ കോമണ്‍സെന്‍സ്.

ഇന്ന്......പുല്‍തൈലത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിറക്കുന്ന കാട്ടു പുല്ലുകള്‍  അതിരിടുന്ന ഈ ചെമ്മണ്‍ പാതയിലൂടെയായിരുന്നു മഞ്ഞുകണങ്ങളുടെ മൃദുസ്പര്‍ശനം ഏറ്റുവാങ്ങി രാത്രി 11 മണിക്ക് ഞാന്‍ എന്റെ റൂമില്‍ എത്തിയിരുന്നത്.സൂര്യന്‍ ഉണരുന്നതിന് മുമ്പ് ഈ പാതയിലൂടെ തന്നെ തിരിച്ച് നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചു - എന്റെ കൈ പിടിച്ച് , എന്റെ ഹൃദയത്തോട് ചേര്‍ന്ന്, ആ ഹിമ കണങ്ങളോട് കിന്നാരം പറഞ്ഞ് ,ദൂരെ ആ മഞ്ഞിലേക്ക് അലിഞ്ഞ് ചേരാന്‍ എന്റെ പ്രിയതമയും മക്കളും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍.

നാളെ......ഈ ചെമ്മണ്‍പാതയുടെ നിറം മാറും.കാലവും കാലനും തെറ്റിയതിനാല്‍ ഈ മഞ്ഞുതുള്ളികളും പിടഞ്ഞ് മരിക്കും.കാട്ടുപുല്ലുകള്‍ ബുള്‍ഡോസറുകള്‍ക്കടിയില്‍ ഞെരിഞ്ഞമരും.ഈ ദു:ഖം അനുഭവിച്ച് ഞാനും എന്റെ പ്രിയതമയും  മണ്ണിനടിയില്‍ നിന്നും ഒരു ദീര്‍ഘശ്വാസം വിടും.കാരണം ഞങ്ങളുടെ മക്കളടക്കമുള്ള നിരവധി മനുഷ്യരും ജന്തുക്കളും നിസ്സഹായരായി ഇതെല്ലാം നോക്കി നില്‍ക്കും.


Monday, December 28, 2015

ഒരു സപ്തദിന ക്യാമ്പ് കൂടി...

            അങ്ങനെ അതും സമാപിച്ചു.വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ എന്‍.എസ്.എസ് ചരിത്രത്തിലേക്ക് ഒരു സപ്തദിനക്യാമ്പ് കൂടി ചേര്‍ക്കപ്പെട്ടു.എന്റെ അറിവില്‍ 1999ല്‍ ആരംഭിച്ച കോളേജിലെ വെറും രണ്ടാമത്തെ സപ്തദിനക്യാമ്പ്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് ഞാന്‍ നേതൃത്വം നല്‍കുന്ന അഞ്ചാമത്തെ സപ്തദിനക്യാമ്പ് ആയിരുന്നു ഇത്. സപ്തദിനക്യാമ്പിലെ ദിനങ്ങളുടെ എണ്ണത്തില്‍ ഈ ക്യാമ്പിലൂടെ പ്രോഗ്രാം ഓഫീസര്‍ ആയി ഞാന്‍ ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കി.

           തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ക്യാമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞങ്ങളുടെ സ്വന്തം കാമ്പസിലേക്ക് തന്നെ മാറ്റി. തലപ്പുഴയേയും പരിസര പ്രദേശങ്ങളേയും വിറപ്പിച്ചുകൊണ്ട് ഒരു കടുവ നാട്ടില്‍ ചുറ്റുന്നതിന്റെ വാര്‍ത്ത കാരണമായിരുന്നു ഈ അപ്രതീക്ഷിത സ്ഥലം മാറ്റം.”നാളെക്കായ് മണ്ണൊരുക്കാം” എന്ന മുദ്രാവാക്യവുമുയര്‍ത്തി ഒരു ത്രീ ഇന്‍ വണ്‍ പരിപാടി ആയിരുന്നു ഞങ്ങള്‍ ക്യാമ്പിനായി ആസൂത്രണം ചെയ്തിരുന്നത്.


          വീടുകളില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ അതത് വീടുകളില്‍ തന്നെ സംസ്കരിച്ച് വളമാക്കി, തിരി ജലസേചനം വഴി വളരെ കുറഞ്ഞ അളവില്‍ വെള്ളമുപയോഗിച്ച് പരിപാലിക്കുന്ന ഒരു ജൈവപച്ചക്കറി കൃഷിതോട്ടത്തില്‍ ഉപയോഗിക്കാനായിരുന്നു ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടിരുന്നത്.വെള്ള ശേഖരിക്കാനായി പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആ രൂപത്തിലുള്ള മാലിന്യവും മാറിക്കിട്ടുന്നു.മാത്രമല്ല വിഷരഹിത പച്ചക്കറിയും ലഭിക്കുന്നു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സാമ്പത്തിക പിന്തുണ തേടിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ലഭിച്ചില്ല. അതിനാല്‍ തന്നെ 100 വീടുകളില്‍ ചെയ്യാനുദ്ദേശിച്ച പദ്ധതി 30 വീടുകളിലേക്കാക്കി ചുരുക്കി.

           പക്ഷേ ക്യാമ്പ് കോളേജിലേക്കാക്കി മാറ്റിയതോടെ അടുത്ത പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി.49 പേര്‍ പങ്കെടുക്കാന്‍ സമ്മതം മൂളിയിരുന്ന ക്യാമ്പിലെ അംഗസംഖ്യ പൊടുന്നനെ പകുതിയിലും താഴേക്ക് കൂപ്പുകുത്തി.ഹരിതശ്രീ എന്ന ജൈവപച്ചക്കറി കൃഷി പദ്ധതി മുഴുവനായും മാറ്റി ഒരു ഡാറ്റ എന്‍‌ട്രി വര്‍ക്ക് ചെയ്യേണ്ടതായി വന്നു.കാന്റീന്‍ നടത്തിപ്പുകാരനെ തന്നെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ ഏല്പിക്കാം എന്ന് കരുതിയെങ്കിലും ഒരു ക്യാമ്പിന് നിരക്കാത്ത ഭക്ഷണരീതിയും നിരക്കുകളും ആയതിനാല്‍ എന്റെ ഇതുവരെയുള്ള എല്ലാ ക്യാമ്പിലും ചെയ്തപോലെ, കുട്ടികള്‍ സ്വയം പാകം ചെയ്യുക എന്ന തീരുമാനമെടുത്തു.ഫണ്ടിന്റെ അഭാവം പി.ടി.എ യുടെ സഹകരണം കാരണം അറിഞ്ഞില്ല. അങ്ങനെ പരിമിതികള്‍ എല്ലാം ഒരുവിധം ഒതുക്കി ഡിസമ്പര്‍ 18ന് തുടങ്ങിയ ക്യാമ്പ് ഡിസമ്പര്‍ 25ന് അവസാനിച്ചപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.


          പങ്കെടുത്ത 23 പേരില്‍ അഞ്ചോ ആറോ പേര്‍ മാത്രമായിരുന്നു നേരത്തെ ഒരു എന്‍.എസ്.എസ് ക്യാമ്പ് അറ്റന്റ് ചെയ്തവര്‍.അവര്‍ക്ക് പോലും ഈ ക്യാമ്പ് പുതുമയായി.അപ്പോള്‍ പിന്നെ ആദ്യമായിട്ട് ക്യാമ്പ് അറ്റന്റ് ചെയ്തവരുടെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.എല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്നതിനാല്‍ പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് എനിക്ക് അവരുടെ മേല്‍നോട്ടം മാത്രമേ നിര്‍വ്വഹിക്കേണ്ടി വന്നുള്ളൂ.ക്യാമ്പിലെ എല്ലാ പരിപാടികളും പ്രവര്‍ത്തനങ്ങളും സമയക്രമങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ ആസ്വദിച്ച് നിര്‍വ്വഹിച്ചപ്പോള്‍ ഒരാള്‍ക്കും അവയൊരു ബുദ്ധിമുട്ടായി തോന്നിയില്ല.രണ്ടാം ദിവസം സ്ഥലം വിടാന്‍ ഉദ്ദേശിച്ചിരുന്നവര്‍ പോലും 7 ദിവസം കഴിഞ്ഞതറിഞ്ഞില്ല പോലും. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എന്റെ മുന്‍ എന്‍.എസ്.എസ് സെക്രട്ടറിയായിരുന്ന അപര്‍ണ്ണ കൂടി എത്തിയതോടെ ക്യാമ്പിന്റ്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൃത്യമായി വളണ്ടിയര്‍മാരില്‍ എത്തി.


         7 ദിവസം മുമ്പ് ഒരു കൂട്ടം മാത്രമായിരുന്ന 23 പേര്‍  7 ദിവസത്തിന് ശേഷം വ്യക്തമായ ലക്ഷ്യമുള്ള ഒരു സംഘമായി മാറിയപ്പോള്‍ വേര്‍പിരിയലിന്റെ വേദനകള്‍ പലരുടെയും കണ്ണില്‍ നിന്നും തുള്ളികളായി  അടര്‍ന്നു വീണു.ക്യാമ്പ് പിരിച്ചുവിടല്‍ അനിവാര്യമായതിനാല്‍ , രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കാമ്പസില്‍ കണ്ടുമുട്ടാമെന്ന സമാധാന വാക്കുകളോടെ ആ ആരാച്ചാര്‍ കര്‍മ്മം ഞാന്‍ നിര്‍വ്വഹിച്ചു.പിടക്കുന്ന മനസ്സുകളെ സാക്ഷിനിര്‍ത്തി, 7 ദിവസമായി വാനിലുയര്‍ന്ന് പറന്നിരുന്ന  എന്‍.എസ്.എസ് പതാക  ഞാന്‍ താഴ്ത്തിയതോടെ ക്യാമ്പ് ഔദ്യോഗികമായി സമാപിച്ചു.

ആനവണ്ടി വീണ്ടും ആനവണ്ടിയാവുന്നു....

     രണ്ട് ആനകള്‍ അപ്പുറവും ഇപ്പുറവും തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്നത് കേരള സര്‍ക്കാരിന്റെ ഔദ്യ്യോഗിക ചിഹ്നമായത് എന്ന് മുതലാണെന്ന് എനിക്കറിയില്ല.കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ കാണാറുള്ള, നാട്ടിലൂടെ ഓടിയിരുന്ന ഏക കെ.എസ്.ആര്‍.ടി.സിലാണ് ആ ചിഹ്നം ഞാന്‍ ആദ്യമായി കണ്ടത്.അതു കൊണ്ട് തന്നെ ഊരും പേരും എഴുതാത്ത ഈ ബസ്സിനെ ഞങ്ങള്‍ “ആനവണ്ടി” എന്ന് വിളിച്ചു. ആഗോളവല്‍ക്കരണം വരുന്നതിന് എത്രയോ മുമ്പായിരുന്നു ഈ നാമകരണം.പക്ഷേ കെ.എസ്.ആര്‍.ടി.സിയെ ആകോ(ര)ളതലത്തില്‍ “ആനവണ്ടി” എന്ന് വിളിച്ചിരുന്നതായി പിന്നീട് അറിഞ്ഞു.ആനയെപ്പോലെ ചെളിപുരണ്ടത് കൊണ്ടാണോ ഈ പേര്‍ വന്നതെന്നും അറിയില്ല.

ksrtc-logo

        പ്രസ്തുത “ആനവണ്ടി” ചരിത്രത്തിന്റെ ഏതോ കാലയവനികക്കുള്ളില്‍ പോയിമറഞ്ഞു. ”മനസാ വാചാ കര്‍മ്മണാ” എന്ന 1970കളിലെയോ 80കളിലെയോ സിനിമയുടെ, ചിത്രകാരന്‍  വരച്ച പരസ്യം കൂടി ആ “ആനവണ്ടി” പേറിയിരുന്നതായി ചെറിയൊരു ഓര്‍മ്മപ്പിശക് ഇന്നും നിലനില്‍ക്കുന്നു.കാലം മാറിയതിനനുസരിച്ച് “ആനവണ്ടി”യുടെ കോലങ്ങളും മാറി മാറി വന്നു.

             “ആനവണ്ടി”ക്ക് ചുവപ്പ് നിറം മാത്രമല്ല ഉള്ളത് എന്നും നിറങ്ങള്‍ക്കനുസരിച്ച് ചാര്‍ജ്ജില്‍ വ്യത്യാസമുണ്ട് എന്നതും ഞാന്‍ മനസ്സിലാക്കിയത് ഡിഗ്രി പഠനം കഴിഞ്ഞപ്പോഴാണ്. തീവണ്ടിയില്‍ ടിക്കറ്റെടുക്കുന്നതും കയറുന്നതും എങ്ങനെയെന്ന് അറിയാത്തതിനാല്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പല പരീക്ഷകള്‍ക്കും ഞാന്‍ പോയിരുന്നത് ആന വണ്ടിയിലായിരുന്നു.ഫാസ്റ്റ് പാസഞ്ചര്‍ എന്നും എക്സ്പ്രസ് എന്നും ബോര്‍ഡും വച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് അറിയാത്തതിനാല്‍ അന്നും ഇന്നും പലര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ കയറാന്‍ മടിയാണ് അല്ല പേടിയാണ്.


       സി.പി.എമ്മിന്റെ ചുവപ്പ് നിറത്തിന് ശേഷം മുസ്ലീം ലീഗിന്റെ പച്ചനിറവും കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ നിറങ്ങളില്‍ സ്ഥാനം പിടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളില്‍ ബി.ജെ.പിക്കും ശക്തമായ സാന്നിദ്ധ്യം ലഭിച്ചതോടെ പുതിയ ബസ്സുകള്‍ കാവി നിറത്തിലും ഇറങ്ങിത്തുടങ്ങി.

      ഒരേ ഒരു കെ.എസ്.ആര്‍.ടി.സി മാത്രം ഓടിയിരുന്ന എന്റെ നാട്ടിലൂടെ ഇന്ന് അന്ത:സംസ്ഥാന സര്‍വീസുകളടക്കം എത്ര എണ്ണം നടക്കുന്നു എന്ന് എനിക്കറിയില്ല. ബസ്‌സ്റ്റാന്റില്‍ ഏത് സമയവും ഒരു കെ.എസ്.ആര്‍.ടി.സി ബസ്  എങ്കിലും ഇല്ലാത്ത സമയം ഇപ്പോഴില്ല. വിരോധാഭാസമെന്ന് പറയട്ടെ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ആനവണ്ടി ഓടിയിരുന്ന അരീക്കോട്-കൊണ്ടോട്ടി റൂട്ടില്‍ മാത്രം ഇപ്പോള്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ് പോലും ഇല്ല. 2 വര്‍ഷം മുമ്പ് വരെ കൊച്ചിയില്‍ മാത്രം കണ്ട് അസൂയപ്പെട്ടിരുന്ന എ.സി ലോഫ്ലോര്‍ വോള്‍‌വൊ കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ട് മാസം മുമ്പ് നാട്ടിലൂടെ സര്‍വീസ് നടത്താന്‍ തുടങ്ങി.ഇപ്പോള്‍ കെ.യു.ആര്‍.ടി.സി ആണെന്ന് മാത്രം .


      എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സുകള്‍ വന്നതോടെ ബസ്സുകളുടെ ശരീര സൌന്ദര്യവും വര്‍ദ്ധിച്ചിരുന്നു.നിറയെ ചെളി പിടിച്ച് പൊട്ടി പഴകിയ ചുവപ്പന്‍ വണ്ടികള്‍ മനസ്സിന്റെ കോണുകളില്‍ നിന്നും കുടിയൊഴിഞ്ഞിരുന്നു. പക്ഷെ തിരുവനന്തപുരത്ത് ഈയിടെ മാത്രം സര്‍വീസ് തുടങ്ങിയ നോണ്‍ എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സിന്റെ മുമ്പും പിമ്പും കണ്ടപ്പോള്‍ ഞാന്‍ നാണിച്ചുപോയി.വൃത്തികേടിന്റെ പര്യായമായി വൃത്തിയുള്ള കേരളീയനെ കൊഞ്ഞനം കുത്തി തലസ്ഥാന നഗരിയിലൂടെ ഓടുന്ന ആ ബസ്സിനെക്കാളും എത്രയോ വൃത്തിയുണ്ടായിരുന്നു, ഒരു കാലത്ത് അണ്ണാച്ചി എന്ന് നാം പുച്ഛത്തോടെ വിളിച്ചിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക്. ഇങ്ങനെ ആനവണ്ടി വീണ്ടും ആനവണ്ടിയായാല്‍ കെ.എസ്.ആര്‍.ടി.സി വെള്ളാനയായി തന്നെ തുടരും എന്ന് തീര്‍ച്ച..

ചിത്രങ്ങള്‍ക്ക് കടപ്പാട് : http://www.ksrtcblog.com

Thursday, December 17, 2015

സാർത്ഥകം ഈ ക്യാമ്പ് ജീവിതം

            ഏത് നിമിഷത്തിലാണ് അങ്ങനെ ഒരു ക്യാമ്പ് സംഘടിപ്പിക്കാൻ എനിക്ക് തോന്നിയത് എന്ന് ഇന്നും അജ്ഞാതമാണ്.പക്ഷെ എന്നെപ്പോലും അമ്പരപ്പിച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 130ലധികം കുട്ടികൾ ആ ക്യാമ്പിനെത്തി.ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അവർക്ക് നൽകേണ്ട എൻ.എസ്.എസ് പ്രവർത്തന മണിക്കൂറുകൾ നൽകാനായിട്ടായിരുന്നു അവധി ആഘോഷിക്കുന്ന ഒന്നാം വർഷക്കാർക്ക്, ഞാൻ ഒറ്റക്ക് ഒരു ത്രിദിന പകൽ ക്യാമ്പ് സംഘടിപ്പിച്ചത് (അതെ സംവിധാനവും തിരക്കഥയും സംഭാഷണവും സംഘട്ടനവും അഭിനയവും എല്ലാം ഞാൻ - Santhosh Pandit be ware!)

            അതേ ദിവസം തന്നെ ചില സഹപ്രവർത്തകർ ക്ലാസ്സും വച്ചപ്പോൾ കുട്ടികൾ എൻ.എസ്.എസ് ക്യാമ്പിന് മുൻ‌ഗണന നൽകി (അതിന് ഞാനെന്ത് പിഴച്ചു ?). കുട്ടികളില്ലാതെ ക്ലാസ് മുടങ്ങിയതോടെ പഴി മുഴുവൻ എനിക്കായി , എൻ.എസ്.എസിനായി. നിർബന്ധമായും എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് കുട്ടികളെ ക്ലാസ്സിൽ നിന്നും ഇറക്കിക്കൊണ്ടുപോയ കശ്മലൻ പോലും ആയി ഞാൻ! ഈ ഇറക്കിക്കൊണ്ടുപോക്ക്  ഏത് ഉട്ടോപ്പിയയിൽ സംഭവിച്ചതാണെന്ന് എനിക്കും എന്റെ ക്യാമ്പിലിരുന്ന മക്കൾക്കും മനസ്സിലായില്ല.

            ചിരിയും ചിന്തയും കളിയും കാര്യവും സമന്വയിപ്പിച്ച് ആ ത്രിദിന ക്യാമ്പ് സമാപിച്ചു.കുട്ടികൾ എഴുതി നൽകിയ ഫീഡ്‌ബാക്ക് വായിച്ചപ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടി.മടിപിടിച്ച് വന്ന പലർക്കും ക്യാമ്പ് സമാപിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായം. കാമ്പസിൽ വന്നിട്ട് ആറ് മാസമായെങ്കിലും മറ്റു ക്ലാസ്സുകളിൽ ഒരു സൌഹൃദവും ഇല്ലാതിരുന്നവർക്ക് ഒരു പിടി പുതിയ സുഹൃത്തുക്കളെ സമ്മാനിച്ച ക്യാമ്പ്.....സ്റ്റേജിൽ കയറാൻ പേടിച്ചിരുന്ന പലർക്കും അത് മാറ്റി എടുത്ത ക്യാമ്പ്....സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ ക്യാമ്പ്....സർവ്വോപരി ഒരു പിടി നല്ല ഗുണങ്ങൾ പരിശീലിച്ച ക്യാമ്പ്.


           എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പ് ഏറെ ഉപകാരപ്രദമായി എന്ന അവരുടെ തന്നെ സാക്ഷ്യപത്രങ്ങൾ, കുറ്റപ്പെടുത്തലുകളുടെ നോവിനെ തുടച്ചുനീക്കുന്നു.എന്റെ പ്രിയപ്പെട്ട മക്കൾ തന്ന ആ ഊർജ്ജത്തിൽ നിന്നും നാളെ, എന്റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ വാർഷിക സപ്തദിന ക്യാമ്പ് ആരംഭിക്കുന്നു.

Tuesday, December 15, 2015

ജാതിമരം എന്ന തേക്ക് മരം !!

             2014ലെ മരം കോച്ചുന്ന തണുപ്പിൽ ഞങ്ങൾ അന്ന് ഒത്തുകൂടി. കേരളത്തിൽ ഇങ്ങ്നെയൊരു തണുപ്പ് ഈ അടുത്ത കാലത്തൊന്നും ഇല്ലായിരുന്നല്ലോ എന്നായിരിക്കും. ശരിയാണ്, ഞങ്ങളന്ന് ഒത്തുചേർന്നത് കിലോമീറ്ററുകൾ അകലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണകൾ ഇന്നും അണയാതെ നിൽക്കുന്ന പഞ്ചാബിലെ ജാലിയൻവാലാബാഗിൽ ആയിരുന്നു. ആ മണ്ണിൽ നിൽക്കുമ്പോൾ സിരകളിൽ രക്തം ഒഴുകുകയായിരുന്നില്ല , മറിച്ച് തിളച്ചു മറിയുകയായിരുന്നു. 2014ലെ നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലുധിയാനയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ജാലിയൻവാലാബാഗ് സന്ദർശിച്ചത്.


      ആ സ്മരണകൾക്ക് രണ്ട് വർഷം പ്രായമാകുമ്പോൾ അന്ന് കൂടെയുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഒരു മോഹം – ഒന്ന് കൂടി ഒത്തുചേരണം.മിക്കവരും ഇന്നും വിദ്യാർത്ഥികൾ ആയതിനാലും ഞാൻ കോഴിക്കോട് വിട്ട് വയനാടിന്റെ ഒരു അറ്റത്ത് ആയതിനാലും സ്ഥലവും സമയവും ആയിരുന്നു പ്രധാന തടസ്സം.പക്ഷെ ഒറ്റ തീരുമാനത്തിൽ ആ തടസ്സം അലിഞ്ഞു – ഡിസമ്പർ 13ന് എന്റെ വീട്ടിൽ ആ സംഗമം തീരുമാനിക്കപ്പെട്ടു. 

      ഒത്തുചേരൽ ഗൂഢാലോചനാ സൂത്രധാരൻ ഷിജിൻ വർഗ്ഗീസ് പന്തളത്ത് നിന്നും വണ്ടി കയറി.കാഞിരപ്പള്ളി അച്ചായൻ ആൻസൻ ഹർളി മാത്യുവിനെ വഴിയിൽ നിന്നെവിടെ നിന്നോ വണ്ടിയിൽ തള്ളിക്കയറ്റി.കുസാറ്റിൽ വിദ്യാർത്ഥിനിയായ കണ്ണൂർകാരി അളകനന്ദയെ എറണാകുളത്ത് നിന്നും തോണ്ടി എടുത്തു.കരിവീരൻ ഫ്രെഡ്ഡി തോംസൺ വണ്ടി തടയാനായി ചാലക്കുടിയിൽ നിൽപ്പുണ്ടായിരുന്നു.ഒരു ചെറുവിരൽ സഹായത്തിന് ഗുരുവായൂരിൽ നിന്ന് ഹരീഷ് രാമചന്ദ്രനെയും വരുത്തിയിരുന്നു.പാലക്കാട്ടുകാരി ശ്രീവിദ്യ ഷൊർണ്ണൂരിൽ സംഘത്തോടൊപ്പം ചേർന്നു.ലീഡർ സുധിൻ കോഴിക്കോട് സ്റ്റേഷനിൽ എല്ലാവരെയും പ്രതീക്ഷിച്ച് സ്വന്തം കാറിൽ കാത്തിരുന്നു.

      ഒരു 12 മണിയോടെ എത്തും എന്ന് പ്രതീക്ഷിച്ച ടീം എന്റെ വീട്ടിൽ 11 മണിക്ക് മുമ്പേ ഭൂമി കുലുക്കിയതോടെ വീട്ടുകാരി അങ്കലാപ്പിലായി.പിന്നെ ജ്യൂസും പിന്നാലെ ചായയും ഒരു വിധം ഒപ്പിച്ച് ബിരിയാണി ചെമ്പ് അടുപ്പിൻ പുറത്ത് കയറ്റുമ്പോൾ സമയം 1 മണിയോടടുത്തിരുന്നു.ചായക്ക് വച്ച് കൊടുത്തിരുന്ന പ്ലേറ്റുകൾ എല്ലാം കാലിയായപ്പോൾ സുധിന്റെ വക ഒരു റിക്വസ്റ്റ് – 
സാർ , അടുത്ത് എവിടെയെങ്കിലും ഒന്ന് പോയി വരാം.

      വണ്ടി ഉള്ളതിനാലും നട്ടുച്ച സമയമായതിനാലും ഒരു മണിക്കൂർ കൊണ്ട് പോയി വരാവുന്ന നിലമ്പൂരിലേക്ക് കനോലി പ്ലോട്ട് കാണാൻ ഞങ്ങൾ തിരിച്ചു. എൻ.എസ്.എസിന്റെ പല പരിപാടിക്കും എന്റെ കൂടെ കൂടാറുള്ള മക്കൾ ലുഅയും ലൂനയും ഞങ്ങളുടെ കൂടെ കൂടി.
ഉച്ചക്ക് ഒന്നേമുക്കാലോടെ ഞങ്ങൾ കനോലി പ്ലോട്ടിൽ എത്തി.


 തൂക്കുപാലത്തിൽ കയറിയപ്പോൾ പലരുടെയും ഹൃദയത്തിന്റെ “ഉത്സാഹം” വർദ്ധിക്കുന്നത് പുറത്തേക്ക് കേട്ടു.


തേക്ക് കാണണമെങ്കിൽ അക്കരെ എത്തണം എന്നതിനാൽ താഴെ കുത്തിയൊഴുകുന്ന നദിയിലേക്ക് നോക്കാതെ നടന്ന് ഒരുവിധം അക്കരെ പിടിച്ചു.പാലത്തിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ധാരാളം പേർ വേറെയും ഉണ്ടായിരുന്നു.


“ഓ…ഇത്രയധികം ജാതി മരമോ ?” പ്ലോട്ടിൽ കയറിയ ഉടനെ അളകനന്ദയുടെ കമന്റ്.

“എവിടെ ?” നിരവധി തവണ ഇവിടെ സന്ദർശിച്ചിട്ടും ഒരു ജാതി മരവും കാണാത്തതിനാൽ ഞാൻ ചോദിച്ചു.

“ഇതാ ഇവിടെ…. അതാ അവിടെ….” അളക ഓരോന്നായി ചൂണ്ടിക്കാട്ടി.

“ഇതിനാണ് ഞങ്ങൾ തേക്ക് എന്ന് പറയുന്നത്…“ ഞാൻ പറഞ്ഞു.

“കണ്ണൂരിൽ ഞങ്ങൾ ഇതിനെ ജാതി എന്നാണ് പറയുന്നത്…“ അളക പറഞ്ഞു.

“എങ്കിൽ അത് വല്ലാത്തൊരു ജാതി തന്നെ…“ ലീഡർ വാ തുറന്നു.

“സംശയമുണ്ടെങ്കിൽ നിങ്ങൾ ഗൂഗിളിൽ വിക്കിപീഡിയ ചെയ്തു നോക്കൂ…“ അളകയുടെ അടുത്ത കമന്റ്.

നടത്തത്തിനിടയിൽ ഞങ്ങൾ “മുട്ടൻ” തേക്കിനടുത്തെത്തി.
“ഇത് അത്ര ഉയരം ഒന്നും ഇല്ലല്ലോ…?” അളകയുടെ സംശയം വീണ്ടും.

“ഉയരമല്ല , വണ്ണത്തിലാണ് കാര്യം…“ ഉയരം കുറഞ്ഞ ഹരീഷ് അവസരം മുതലാക്കി.

“വണ്ണവും അധികമില്ലല്ലോ…“

“എങ്കിൽ ഒന്ന് വട്ടം ചുറ്റി പിടിക്കൂ…“


    അങ്ങനെ മൂന്ന് തടിമാടന്മാർ പിടിച്ചിട്ടും കൈ കൂട്ടിമുട്ടാതെ വന്നപ്പോൾ ആ തേക്കിന്റെ വണ്ണം എല്ലാവർക്കും ബോദ്ധ്യമായി.

    5ൽ കൂടുതൽ ഏക്കറിൽ ഇത്തരം നൂറിലധികം തേക്ക് മരങ്ങൾ ഉണ്ട്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ് ഈ തോട്ടം നട്ടു പിടിപ്പിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട് - അഡ്മിഷൻ ഫീ പത്ത് രൂപ , തിങ്കളാഴ്ച അവധി ദിനമാണ്.നിലമ്പൂർ എത്തുന്നതിന് മുമ്പ് വടപുറം പാലം കഴിഞ്ഞ് ഉടനെ ഇടത്തോട്ട് ആണ് പ്ലോട്ട്.


     എൻ.എസ്.എസ് വളണ്ടിയർമാരുടെ കൂടെയാകുമ്പോൾ പലപ്പോഴും എന്റെ വയസ്സും പകുതി കുറയും. അതിനാൽ തന്നെ അവസരം കിട്ടുമ്പോഴെല്ലാം ഈ വലയത്തിൽ എന്നും എന്റെ സാന്നിദ്ധ്യം ഞാൻ ഉറപ്പ് വരുത്താറുണ്ട്.    വിശപ്പിന്റെ വിളി തുടങ്ങിയതിനാലും ഇടിയുടെ ഗർജ്ജനങ്ങൾ കേട്ട് തുടങ്ങിയതിനാലും ഒരു മണിക്കൂർ ചെലവഴിച്ച് ഞങ്ങൾ തിരിച്ചു പോന്നു.

(Photos By Hareesh Ramachandran & Ansen Hurly Mathew)