Pages

Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Monday, June 24, 2024

'ഞമ്മളെ കൊയ്‌ക്കോട്' ഇനി യുനെസ്കോ സാഹിത്യ നഗരം

യുനെസ്കോ, ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി (City of Literature) കോഴിക്കോടിനെ തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷം തോന്നുന്നു.2023ൽ ലോകത്തിലെ പത്തോളം നഗരങ്ങൾക്കൊപ്പമാണ് 'ഞമ്മളെ കൊയ്‌ക്കോട്' ഈ ലിസ്റ്റിൽ ഇടം പിടിച്ചത് എന്നത് ഏറെ അഭിമാനാർഹമാണ്. സാഹിത്യ നഗരങ്ങളിൽ ഉൾപ്പെടാൻ പാലിക്കപ്പെടേണ്ട നിബന്ധനകൾ വായിച്ചപ്പോഴാണ് 'ഞമ്മളെ കൊയ്‌ക്കോട്' കീഴടക്കിയ ഉയരം മനസ്സിലായത്.

ലൈബ്രറികളുടെ എണ്ണം, പുസ്തക പ്രസാധകരുടെ എണ്ണം, സാഹിത്യ സംബന്ധമായ ഫെസ്റ്റിവലുകളുടെ ആതിഥ്യങ്ങൾ, വിവിധ തരം സാഹിത്യ കൂട്ടായ്മകളും സാഹിത്യ ചർച്ചകളും തുടങ്ങിയവയാണ് സാഹിത്യ നഗരത്തിൻ്റെ പ്രധാന അടിസ്ഥാനങ്ങൾ. പുസ്തക പ്രസാധകരുടെ എണ്ണത്തിൻ്റെ വണ്ണം എനിക്ക് നേരിട്ടറിയാവുന്നതാണ്. എൻ്റെ ആദ്യ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട്" പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസും രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ തന്നെ പേരക്ക ബുക്സും ആണ്. മൂന്നാമത്തെ പുസ്തകമയ "പാഠം -1 ഉപ്പാങ്ങ" പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് പെൻഡുലം ബുക്സാണ്.

നഗരം കാണാനിറങ്ങിയാലും നമ്മെ സ്വാഗതം ചെയ്യുന്നത് മലയാള സാഹിത്യത്തിലെ നിത്യ ഹരിത നായകരും അവരുടെ കഥാപാത്രങ്ങളുമാ ണ്. മാനാഞ്ചിറ സ്ക്വയറിനുള്ളിൽ പഴയ അൻസാരി പാർക്കിനകത്തുള്ള ലിറ്റററി പാർക്കിൽ കുട്ടികളെയും കൊണ്ട് കയറിയാൽ നിരവധി കഥാപാത്രങ്ങൾ കുട്ടികളുടെ ഹൃദയത്തിേലേക്ക് കുടിയേറും. എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചിയും യു എ ഖാദറിന്റെ വരോളിക്കാവിലെ ഓണച്ചൂട്ട് തറയിലെ ചാത്തുവും വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും പി വത്സലയുടെ നെല്ലിലെ മല്ലനും മാരയും തുടങ്ങിയവ എല്ലാ പ്രായക്കാർക്കും ഹൃദിസ്ഥമാകും.

                    ഓണച്ചൂട്ട് തറയിലെ ചാത്തു  

ഇംഗ്ലണ്ടിലെ എഡിൻബറോ ആണ് ലോകത്തിലെ ആദ്യത്തെ സാഹിത്യ നഗരം.2004 ലാണ്  യുനെസ്‌കോ എഡിൻബറോയെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്. ലോകത്താകെ അമ്പത്തി മൂന്ന് സാഹിത്യ നഗരങ്ങളാണ് ഇത് വരെ പ്രഖ്യാപ്പിക്കപ്പട്ടത്. ഇതിൽ ഏറ്റവും കൂടുതൽ സാഹിത്യ നഗരങ്ങൾ ഉള്ളതും ഇംഗ്ലണ്ടിൽ തന്നെയാണ് - അഞ്ചെണ്ണം. 

കോഴിക്കാട്ടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് മൂന്ന് പുസ്തകങ്ങളിലൂടെ എളിയ സംഭാവന നൽകാൻ കഴിഞ്ഞതിൽ ഈ അവസരത്തിൽ ഞാനും അഭിമാനം കൊള്ളുന്നു.

Friday, November 17, 2023

ഒ.വി.വിജയൻ സ്മാരക പുരസ്കാരം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തിപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പക്ഷെ,രണ്ട് വർഷവും രണ്ട് മാസവും നീണ്ട് നിന്ന ആ കോളേജിലെ എന്റെ സേവനം എനിക്ക് സമ്മാനിച്ചത് നിരവധി അനുഭവങ്ങളും സന്തോഷങ്ങളുമാണ്. എന്റെ എഴുത്തിനെയും മറ്റു പല സേവന പ്രവർത്തനങ്ങളെയും ചില എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെയും ഇത്രയേറെ പ്രോത്സാഹിപ്പിച്ച സഹപ്രവർത്തകർ, ഞാൻ ഏറ്റവും കുറച്ച് കാലം മാത്രം സേവനമനുഷ്ഠിച്ച പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണ്.

പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്,ഒരു പ്രാദേശിക സാംസ്കാരിക കൂട്ടം ആ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും അതിൽ പങ്കെടുത്തെങ്കിലും സമ്മാനം ഒന്നും ലഭിച്ചില്ല .ഞാൻ പാലക്കാട് നിന്നും ട്രാൻസ്ഫർ ആയതിനാൽ, അന്ന് അവർ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാൻ തീരുമാനിച്ചതായിരുന്നു. ആരോ എന്തിനോ എന്നെ തൽക്കാലം തടഞ്ഞു. അത് എന്റെ മൂന്നാമത്തെ മകൾ ലൂനയെ ഒരു അപൂർവ്വ സമ്മാനത്തിനിടയാക്കി.

പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ്  ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്ന വിവരം എനിക്ക് ലഭിച്ചത്. അതിൽ മകൾക്ക് പങ്കെടുക്കാൻ പറ്റിയ ഒരു ഇനമായി പുസ്തകാസ്വാദനക്കുറിപ്പെഴുത്തും ഉണ്ടായിരുന്നു.മുൻ പരിചയം ഇല്ലെങ്കിലും ഈയിടെ അവൾ വായിച്ച 'ആടുജീവിതം' എന്ന നോവലിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി നോക്കാൻ ഞാൻ അവളോട് പറഞ്ഞു.രണ്ട് പേജോളം വരുന്ന ഒരു കുറിപ്പിലൂടെ അവൾ ആ പുസ്തകത്തിന്റെ ഉള്ളടക്കം ഭംഗിയായി എഴുതി.അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ഫൈനൽ കുറിപ്പ് അവസാന തീയ്യതിയായ നവംബർ എട്ടിന് ഇ-മെയിൽ മുഖാന്തിരം അയച്ചു കൊടുത്തു.

ഫെബ്രുവരി 12 ന് ഞാൻ വീട്ടിലെ കൃഷിപ്പണികൾ ചെയ്തു കൊണ്ടിരിക്കെ മേൽ മത്സരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഉണ്ണി അമയമ്പലത്തിന്റെ ഫോൺ വിളി വന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക  പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ  അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയായിരുന്നു അത്. ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനവിതരണം നടത്തും എന്നും അറിയിച്ചു.അപ്പോൾ തന്നെ ഞാൻ കുടുംബ സമേതം യാത്രക്കുള്ള ടിക്കറ്റും റിസർവ്വ് ചെയ്തു.

കുടുംബ സമേതം ഞാൻ തിരുവനന്തപുരത്ത് വരുന്നു എന്ന വിവരം, എന്റെ സുഹൃത്തും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചതുമായ ശശി സാറെ വിളിച്ചറിയിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൃഷി ഭവനത്തിൽ വെറും നൂറു രൂപക്ക് താമസവും റെഡിയായി. അന്നത്തെ ഉച്ചഭക്ഷണവും പ്രോഗ്രാം വെന്യുവിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല രണ്ട് പുസ്തകങ്ങളും വില പിടിപ്പുള്ള ഒരു പാർക്കർ പേനയും  അദ്ദേഹത്തിന്റെ സമ്മാനമായി ലൂന മോൾക്ക് നൽകുകയും ചെയ്തു.

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.ശ്രീ. ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ച അരീക്കോട് എന്ന എന്റെ ഗ്രാമത്തിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരമാണിത് എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനം തോന്നുന്നു.  ബാല സാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നോവലിസ്റ്റ് ബി മുരളി, സുനിൽ സി ഇ, ഹരിദാസ് ബാലകൃഷ്ണൻ എന്നിവരോടൊപ്പം ചടങ്ങിൽ സംസാരിക്കാൻ എനിക്കും അവസരം ലഭിച്ചു.

തക്ക സമയത്തുള്ള ചില മാർഗ്ഗ ദർശനങ്ങൾ മക്കളെ വളരെയധികം പ്രചോദിപ്പിക്കും. ദൈവത്തിന് നന്ദിയും സ്തുതിയും.

Monday, January 22, 2018

രാജ്യപുരസ്കാര്‍ അവാര്‍ഡ്

ഭാരത് സ്കൌ‌ട്‌സ് ആന്റ് ഗൈഡ്‌സിലെ പരമോന്നത പുരസ്കാരം രാഷ്ട്രപതി സ്കൌ‌ട്‌ എന്നറിയപ്പെടുന്ന രാഷ്ട്രപതി പുരസ്കാര്‍ ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള പരീക്ഷ എഴുതാൻ അതിന് തൊട്ടു താഴെയുള്ള രാജ്യപുരസ്കാര്‍ പരീക്ഷ പാസ്സാകണം എന്നും ഞാന്‍ മനസ്സിലാക്കുന്നു. പ്രഥം സോപാന്‍ , ദ്വിതീയ സോപാന്‍ , ത്രിതീയ സോപാന്‍ എന്നിങ്ങനെ പേരുള്ള വിവിധ സോപാനങ്ങളും പിന്നെ കുറെ റിക്കാര്‍ഡ് വര്‍ക്കുകളും ജാമ്പൂരി - കാമ്പൂരി പോലെയുള്ള ക്യാമ്പുകളും മറ്റ് പ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞാണ് രാജ്യപുരസ്കാര്‍ പരീക്ഷ എഴുതുന്നത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യപുരസ്കാര്‍ ത്രിദിന പരീക്ഷ അഭിമുഖീകരിച്ച എന്റെ രണ്ടാമത്തെ മകള്‍ ആതിഫ ജും‌ല(ലുഅ മോൾ) പ്രസ്തുത പുരസ്കാരം നേടിയ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഒപ്പം അറ്റന്റ് ചെയ്ത സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലെ മറ്റ് ആറ് പേര്‍ക്കും ഈ പുരസ്കാരം കിട്ടിയിട്ടുണ്ട്. ഷക്കീല ടീച്ചറുടെ പരിശീലനത്തിലാണ് ഈ നേട്ടം സ്കൂള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നത്.
                   1984-ൽ എന്റെ സ്കൂളിൽ സ്കൌ‌ട്ടിന്റെ യൂണിറ്റ് ആദ്യമായി തുടങ്ങിയതും അന്ന് അതിൽ അംഗമായി ജില്ലാ തല സാഹസിക ക്യാമ്പിന് നിലമ്പൂർ മാനവേദൻ സ്കൂളിൽ പോയതും ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. ആ ക്യാമ്പിൽ പങ്കെടുത്തതിനാണോ അതല്ല യൂണിഫോമിൽ തുന്നിച്ചേർക്കാനാണോ എന്നറിയില്ല അന്ന് തന്ന പച്ച നിറത്തിലുള്ള ഭാരത് സ്കൌ‌ട്‌സ് ആന്റ് ഗൈഡ്‌സ് എം‌ബ്ലം ഇന്നും എന്റെ പഴയ ഒരു ഡയറിയുടെ ചട്ടക്കകത്ത് നിലനിൽക്കുന്നു. 2006-2009 കാലത്ത് മാനന്തവാടിയിൽ എൽ.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ മൂത്ത മോൾ ലുലു ബുൾബുളിൽ അംഗമായിരുന്നതും ഈ അവസരത്തിൽ ഓർമ്മിക്കുന്നു.

Saturday, April 29, 2017

വീണ്ടും എന്‍.എസ്.എസ് അവാര്‍ഡ്

             2012  ഫെബ്രുവരി മാസം... ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ അവാര്‍ഡ് പ്രഖ്യാപനം വന്നു.കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാല് അവാര്‍ഡുകളോടെ മികവ് പുലര്‍ത്തിയപ്പോള്‍ അത് അവാര്‍ഡ് പെരുമഴയുടെ ഒരു തുടക്കമായിരുന്നു എന്ന് ആരും നിനച്ചില്ല....പിന്നീട് നടന്നത് ഒരു ചരിത്രപ്രയാണം

             ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം രണ്ട് ദിവസം മുമ്പ് നടന്നു.മൂന്ന് അവാര്‍ഡുകളുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് മികവ് കാണിക്കുമ്പോള്‍ മറ്റൊരു യൂണിറ്റിനെയും നല്ലവരായ കുറെ സോഷ്യല്‍ എഞ്ചിനീയര്‍മാരെയും വാര്‍ത്തെടുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു.അഞ്ച് വര്‍ഷത്തിന് ശേഷം, കേരളത്തിലെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരില്‍ ഒരാളായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സര്‍വ്വശക്തനായ ദൈവത്തിന് സ്തുതി നേരുന്നു.എന്നും പ്രോത്സാഹനം നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

വാല്‍ : എല്ലാ സ്വീകരണങ്ങളും കഴിഞ്ഞ ശേഷമേ ചെലവ് ചെയ്യൂ (വരുമാനം അറിഞ്ഞിട്ടല്ലേ ചെലവ് തീരുമാനിക്കാന്‍ പറ്റൂ) !!

Friday, July 10, 2015

ആ കേസില്‍ വിധിയായി


           ഒരു ഓണ്‍ലൈന്‍ തട്ടിപ്പിനെപ്പറ്റിയും ഇങ്ങനെയുള്ള തട്ടിപ്പില്‍ അകപ്പെട്ടാല്‍ എന്തു ചെയ്യണം എന്നും മാസങ്ങള്‍ക്ക് മുമ്പ്  ഞാന്‍  ഇവിടെ സൂചിപ്പിച്ചിരുന്നു.ആദ്യ ഹിയറിംഗിന് ശേഷം രണ്ട് തവണ കൂടി എന്നെ മലപ്പുറം ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിലേക്ക് ഹിയറിംഗിന് വിളിച്ചിരുന്നു.എതിര്‍കക്ഷിക്ക് അയച്ച നോട്ടീസുകള്‍ കൈപറ്റാത്ത സാഹചര്യത്തില്‍ മൂന്നാം ഹിയറിംഗിന് ശേഷം ഞാന്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് ഒരു സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഫോറം ആവശ്യപ്പെട്ടു.പ്രസ്തുത സംഗതി എനിക്കറിയാത്തതിനായതിനാല്‍ ഒരു വക്കീലിന്റെ സഹായത്തോടെ വെള്ളപേപ്പറില്‍ അതും സമര്‍പ്പിച്ചു.

        അങ്ങനെ 12/12/2014ന് ഞാന്‍ സമര്‍പ്പിച്ച പരാതിയില്‍ 20/05/2015ന് ഫോറം വിധി വന്നു. പരാതി അനുവദിച്ചുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട 18999/- രൂപ മടക്കിനല്‍കാനും നഷ്ടപരിഹാരമായി 10000 രൂപ നല്‍കാനും മറ്റെന്തോ ഇനത്തില്‍ 1000 രൂപ നല്‍കാനും (Total Rs 29999/-)  ആണ് ഫോറം വിധിച്ചത്.

      മിക്ക കേസുകളിലും ഉപഭോക്താവ് യഥാവിധി ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതിന്റെ ഫലമായാണ് തട്ടിപ്പുകള്‍ വീണ്ടും വീണ്ടും അരങ്ങേറുന്നതും കൂടുതല്‍ പേര്‍ അകപ്പെടുന്നതും. തട്ടിപ്പിനിരയായവരുടെ മാനഹാനി ഭയം ആണ് ഇതിന് വളം വയ്ക്കുന്ന മറ്റൊരു ഘടകം.ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമായതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ഉപഭോക്താവും നിയമപാലകരും എല്ലാം ജാഗരൂകരായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 


Wednesday, March 18, 2015

ജനപ്രിയ ഇന്ത്യന്റെ കൂടെ !

            സി.എൻ.എൻ - ഐ.ബി.എന്നിന്റെ പ്രശസ്ത ഇന്ത്യൻ പുരസ്കാരത്തിന്റെ അവസാന റൌണ്ടിലേക്ക് ശ്രീ.പി.വിജയൻ ഐ.പി.എസ് പ്രവേശിച്ചു എന്നറിഞ്ഞപ്പോഴേ ഞാൻ മനസാ സന്തോഷിച്ചിരുന്നു.അദ്ദേഹം പ്രസ്തുത പുരസ്കാരം വാങ്ങുന്ന ഫോട്ടോ  ഇന്ന്  പത്രത്തിൽ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. അവാർഡ് ലബ്ധിക്ക് പ്രധാന കാരണമായ, രാജ്യത്തിന് തന്നെ മാതൃകയായ കുട്ടിപ്പോലീസ്  പദ്ധതി ആവിഷ്കരിച്ച സമയത്ത് അദ്ദേഹവുമായി സംവദിക്കാൻ  എൻ.എസ്.എസ് വളൻണ്ടിയർമാർക്ക് ഒരു അവസരം ലഭിച്ചിരുന്നു.     

          കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച “പാത്ഫൈൻഡർ” എന്ന ക്യാമ്പിലായിരുന്നു ഈ ഇന്റെറാക്ഷൻ. ശ്രീ.പി.വിജയൻ ഐ.പി.എസ് അന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോ മറ്റോ ആയിരുന്നു.ക്യാമ്പ് ഡയരക്ടർ അടക്കം സ്ഥലം വിട്ട അന്ന് (!) ആ സെഷൻ (പിന്നീട് ഏകദേശം എല്ലാ ദിവസത്തേയും സെഷനുകളും) നിയന്ത്രിക്കാനും മുഖ്യാതിഥിയോടൊപ്പം മുൻ‌നിരയിൽ ഇരിക്കാനും ഉള്ള ഭാഗ്യം ലഭിച്ചത് എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ കണ്ടിജന്റ്  ലീഡറായി പങ്കെടുത്ത എനിക്കായിരുന്നു.    


                           സ്കൂൾ കുട്ടികൾക്കിടയിൽ നന്മയുടെ പ്രകാശം പരത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ.പി.വിജയൻ ഐ.പി.എസ് പാലക്കാട് ജില്ലയിൽ ആരംഭിച്ച ഒരു പദ്ധതി അദ്ദേഹത്തിന്റെ പേര് തന്നെ ‘നന്മ വിജയൻ’ എന്നാക്കി മാറ്റിയ സമയം കൂടിയായിരുന്നു അത്.ഇന്നും ആ പ്രവർത്തനങ്ങൾ പല രൂപത്തിലും സ്കൂളുകളിൽ പച്ചപിടിച്ച് നിൽക്കുമ്പോൾ ശ്രീ.പി.വിജയൻ ഐ.പി.എസ് ന്റെ മുമ്പിൽ നാം അറിയാതെ കൈ കൂപ്പും.കാരണം പഠനകാലത്ത് താൻ അനുഭവിച്ച നിരവധി ക്ലേശങ്ങൾ ആയിരുന്നു ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പ്രചോദനം എന്ന് അന്ന് അദ്ദേഹം പറഞ്ഞു.

               നന്മ നിറഞ്ഞ ഇത്തരം മനസ്സുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുമ്പോൾ ആ സന്തോഷത്തിൽ നമുക്കെല്ലാവർക്കും പങ്ക് ചേരാം.നന്മ വിജയന് അഭിനന്ദനങ്ങൾ.

Sunday, January 11, 2015

നാഷണൽ ഗെയിംസിന് അരീക്കോടനും !

മുപ്പത്തിഅഞ്ചാമത് നാഷണൽ ഗെയിംസ് മുൻ‌നിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ ഈ വരുന്ന ജനുവരി 31ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കപ്പെടും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആലപ്പുഴ, കൊച്ചി , തൃശൂർ,കോഴിക്കോട്,കണ്ണൂർ എന്നീ പട്ടണങ്ങളും ഗെയിംസ് വേദിയാകുന്നുണ്ട്. ഇപ്പറഞ്ഞ സ്ഥലങ്ങളിൽ വിവിധ വേദികളിലായി വിവിധ തരം മത്സരങ്ങളാണ് അരങ്ങേറുന്നത്.

കോഴിക്കോട് നഗരത്തിൽ നാല് വേദികളാണ് ഗെയിംസിനായി ഒരുങ്ങുന്നത്.കോർപ്പറേഷൻ സ്റ്റേഡിയവും മെഡിക്കൽ കോളേജ് ഗ്രൌണ്ടും പുരുഷ ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകും. ഇൻഡോർ സ്റ്റേഡിയം വോളിബാൾ മത്സരങ്ങൾക്കും ബീച്ച്, ബീച്ച് വോളിബാളിനും വേദിയാകും.

ഓരോ വേദിയിലേക്കും വെന്യൂ  മാനേജർ എന്ന പേരിൽ ഒരാളെ വീതം പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ടിച്ചതിനാൽ ഞാനും ഇപ്പറഞ്ഞ നാല് സ്റ്റേഡിയങ്ങളിൽ ഒന്നിന്റെ വെന്യൂ  മാനേജർ ആയി നിയമിക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു(ഒരു പക്ഷേ ബൂലോകത്ത് നിന്ന് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ആദ്യ വ്യക്തി എന്ന റിക്കാർഡും ഇതോടെ കുറിക്കപ്പെട്ടേക്കും).കോഴിക്കോട് ബീച്ച് ആണ് എനിക്ക് കിട്ടിയ വേദി. വെന്യൂ  മാനേജർമാരുടെ ആദ്യ യോഗം ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം ജി.വി.രാജ സ്പോട്സ് കോം‌പ്ലെക്സിലെ നാഷണൽ ഗെയിംസ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് നടന്നു.


അപ്പോൾ, നാഷണൽ ഗെയിംസ് നിശ്ചയിച്ചപോലെ നടക്കുകയാണെങ്കിൽ സ്പോർട്സിനെ എന്നും സ്നേഹിക്കുന്ന എന്നാൽ ഇതുവരെ അതിന് വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത എനിക്കും ഈ വൻ സംരംഭത്തിന്റെ ഭാഗഭാക്കാകാൻ അവസരം ലഭിക്കും.ഒരു പക്ഷേ ഗെയിംസ് അംബാസഡർ ആയ സാക്ഷാൽ സചിൻ ടെൻഡുൽക്കറെ നേരിട്ട് കാണാനും അവസരം ലഭിച്ചേക്കും ! അസൂയപ്പെടേണ്ട , കാരണം അസൂയക്കും എന്റെ ‘തല‘ക്കും മുന്നിൽ വൈദ്യശാസ്ത്രം ഇന്നും തല കുനിച്ചേ നിൽക്കൂ.

Wednesday, December 17, 2014

പെഷവാറിൽ സ്വർഗ്ഗം പൂകിയവർക്ക്...


“നിങ്ങൾ ചൈനയിൽ പോയെങ്കിലും വിദ്യ നേടുക” എന്നായിരുന്നു ആണും പെണ്ണും അടക്കമുള്ള  തന്റെ സമുദായത്തോടുള്ള മുഹമ്മദ് നബി (സ) യുടെ ഉപദേശം.സഞ്ചരിക്കാൻ ഇന്നത്തെ പോലെ വിമാനങ്ങളോ മറ്റു എളുപ്പമാർഗ്ഗങ്ങളോ ഇല്ലാത്ത അക്കാലത്ത് മക്കയിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന ചൈനയിൽ പോയി വിദ്യാഭ്യാസം നേടാൻ നബി ഉപദേശിച്ചതിൽ നിന്നും ഇസ്ലാം മതം വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാണ്.എന്നിട്ടും ഇസ്ലാമിന്റെ വക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന താലിബാൻ, വിദ്യ അഭ്യസിക്കുന്നവർക്ക് നേരെ  പെഷവാറിൽ കാട്ടിക്കൂട്ടിയ മനുഷ്യത്വരഹിത നടപടി അവർ ഏത് ഗ്രന്ഥത്തിൽ നിന്നാണാവോ കണ്ടെത്തിയത്.

“യുദ്ധത്തിൽ ശത്രുപക്ഷത്തെ സ്ത്രീകളേയും കുട്ടികളേയും ബന്ധിയാക്കിയാൽ അവരെ വധിക്കരുത്” എന്നായിരുന്നു മുത്ത് നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചത്.ഒരു യുദ്ധം ഉണ്ടാകുന്നത് തന്നെ പീഢന പരമ്പരകളുടെ അവസാനത്തിലാണ്.എത്ര അധികം പീഢനം ഏറ്റുവാങ്ങിയാലും നിരാലംബരായ സ്ത്രീകളും കുട്ടികളും ശത്രു ആണെങ്കിൽ പോലും കരുണ അർഹിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.അദ്ധ്യാപികയെ തീയിട്ട്, 132 കുട്ടികളെ വെടിവച്ച് കൊന്ന് അതിലും എത്രയോ അധികം കുട്ടികളെ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽ‌പ്പാലത്തിലാക്കിയ താലിബാൻ നടപടി ഏത് ഇസ്ലാമിലാണാവോ ജിഹാദാകുന്നത്?

“മുതിർന്നവരെ ബഹുമാനിക്കുക , കുട്ടികളോട് കരുണ കാണിക്കുക” എന്ന് തന്റെ സമുദായത്തെ പഠിപ്പിച്ച മുഹമ്മദ് നബി(സ) തന്റെ മകൾ ഫാത്തിമ (റ) വീട്ടിലേക്ക് വരുമ്പോൾ കാണിച്ചിരുന്ന പിതൃസ്നേഹം ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടതാണ്.പെഷവാറിൽ കൊല്ലപ്പെട്ട ഓരോ കുഞ്ഞും തന്റെ മാതാപിതാക്കളുടെ സ്നേഹം നുണഞ്ഞ് മതിവരാത്തവരായിരിക്കും എന്നത് തീർച്ചയാണ്.ഇസ്ലാമിന്റെ അനുയായികൾ എന്നവകാശപ്പെടുന്ന താലിബാൻ നടത്തിയ ഈ കുരുന്ന് നരമേധം ഏത് സൈന്യത്തിന് എതിരെയായാലും മതത്തിന് വിപരീതമാണെന്നതിൽ സംശയമില്ല.

“അന്യായമായി ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കാൻ നിങ്ങൾക്ക് അവകാശമില്ല” എന്നാണ് നബി(സ) അദ്ധ്യാപനം.വാപ്പയോ വല്യുപ്പയോ ചെയ്ത കൃത്യത്തിന് പ്രതികാരമായി മറ്റു തലമുറകളെ വേട്ടയാടുന്നത് തീർത്തും ഭീരുത്വമാണ്.സൈന്യം ചെയ്ത നടപടികൾക്ക്, അവരുടെ മക്കളും നിരപരാധികളായ വേറെ കുറേ മക്കളും പഠിക്കുന്ന സ്കൂളിൽ കയറി എല്ലാവരേയും വെടി വയ്ക്കുമ്പോൾ നബി(സ) യുടെ മേൽ‌വാക്കുകൾ എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകളായി സ്വയം അവരോധിക്കുന്നവർ ഓർക്കുന്നില്ല.

ലോകത്തിലെ ഏതൊരു മതത്തേയും പോലെ ഇസ്ലാം മതവും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല എതിർക്കുകയും ചെയ്യുന്നു.മതം നിർബന്ധപൂർവ്വം അടിച്ചേൽ‌പ്പിക്കേണ്ടതല്ല എന്നാണ് വിശുദ്ധഖുര്‌ആനിൽ പറയുന്നത്.എന്നിട്ടും ഇത്തരം കിരാതനടപടികൾ ഇസ്ലാമിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് ഉണ്ടാകുമ്പോൾ അമുസ്ലിംങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.മേല്പറഞ്ഞ ഓരോ നബി വചനങ്ങളിൽ നിന്നും ഇസ്ലാം മതം തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തവുമാണ്.

ഇന്നലെ ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്ന് പത്രങ്ങളിലൂടേയും നാം പലരും ഈ വാർത്ത അറിഞ്ഞു.പെഷവാറിൽ സംഭവിച്ചതായതിനാൽ നമ്മിൽ പലർക്കും ഈ വാർത്തയിൽ ഒരു ഞെട്ടലും തോന്നിയിട്ടുണ്ടാവില്ല.എന്നാൽ ഒരു നിമിഷം നമ്മുടെ മക്കൾ പഠിക്കുന്ന സ്കൂളിനെപ്പറ്റി ഒന്ന് ആലോചിച്ച് നോക്കൂ.ഗേറ്റ് ഇല്ലാത്ത ഉണ്ടെങ്കിലും മലർക്കെ തുറന്നിട്ട ഗേറ്റിലൂടെ സ്കൂൾ സമയത്ത് ഒരു ഭ്രാന്തൻ നിറത്തോക്കുമായി വന്ന് ക്ലാസ്സിൽ കയറി വെടിയുതിർക്കാനുള്ള സാധ്യത നിലനിൽക്കുന്നില്ലേ?ഇന്നലെ പെഷവാറിൽ സംഭവിച്ചത് നാളെ മറ്റൊരു രൂപത്തിൽ നമ്മുടെ വിദ്യാലയത്തിലും സംഭവിച്ചേക്കാം എന്നും എന്റെ പൊന്നോമനയും അതിൽ നഷ്ടപ്പെട്ടേക്കാം എന്നും ചിന്തിച്ചവർ നമ്മുടെ കൂട്ടത്തിൽ എത്ര പേരുണ്ടാകും ?


പെഷവാറിൽ സ്വർഗ്ഗം പുൽകിയ പ്രിയപ്പെട്ട മക്കൾക്ക് , അദ്ധ്യാപകർക്ക് സർവ്വശക്തനായ ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ.

Wednesday, November 26, 2014

ലുലുമോൾക്ക് വീണ്ടും റാങ്ക് !

അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....

ഈ മാസം പകുതിയായപ്പോൾ , എന്റെ ജീവിതത്തിൽ സംഭവിച്ച ചില സന്തോഷ നിമിഷങ്ങൾ “വർഷം 16“ എന്ന പേരിൽ പോസ്റ്റിയിരുന്നു.പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതാ അടുത്ത സന്തോഷവാർത്ത – വിദ്യാകൌൺസിൽ നടത്തുന്ന അഖില കേരള എം.ടി.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ  പത്താം ക്ലാസ് വിഭാഗത്തിൽ , ബൂലോകത്ത് നിന്ന് തൽക്കാലം ലീവെടുത്ത എന്റെ മൂത്തമോൾ ഐഷനൌറ എന്ന ലുലുവിന് ഒന്നാം റാങ്ക് !എട്ടാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് , അവളുടെ സ്കൂളായ കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ റാങ്ക്കാരി എന്ന അഭിമാന നേട്ടം തന്റെ പേരിൽ ചേർത്തിരുന്നു. രണ്ടായിരം രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയും ഡിസംബർ 27ന് നടക്കുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യും. വീണ്ടും വീണ്ടും ദൈവത്തിന് സ്തുതി.


Tuesday, March 25, 2014

മാനം നോക്കുന്നതാര്?

“രക്തം നൽകൂ...ജീവൻ രക്ഷിക്കൂ“ എന്ന് ഇന്ന് കേരളം വിളിച്ചു പറയുന്നത് ശ്രീ ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണുമായി ബന്ധപ്പെട്ടാണ്. നാഷണൽ സർവീസ് സ്കീമിന്റെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ യൂണിറ്റുകളും സമാനമായ ഒരു സന്ദേശം വളരെ മുമ്പേ ഈ കൊച്ചു കേരളത്തിൽ നൽകിയിട്ടുണ്ട് - രക്ത ദാനം ജീവൻ‌ദാനം. അതിനാൽ തന്നെ ഈ മാരത്തോണിനെ പറ്റിയുള്ള ആദ്യ വാർത്ത വന്ന അന്നുതന്നെ ഞാൻ അത് ശ്രദ്ധിച്ചു.കോഴിക്കോട് വഴി വരുമ്പോൾ അതുമായി സഹകരിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് അതിന്റെ ചുമതലയുള്ള ഏതാനും പേർ കോളേജിലെത്തി എന്നെ നേരിട്ട് കണ്ട് ക്ഷണിച്ചത്.

 ഇന്നലെ കോഴിക്കോട് പട്ടണത്തിൽ എത്തിയ ഈ മാരത്തോണിന്റെ സ്വീകരണ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എനിക്കും അവസരം കിട്ടി. ഓടി എത്തിയ ശ്രീ.ബോബി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ സ്റ്റേജ് ആയി സജ്ജീകരിച്ച ഒരു തുറന്ന വാനിലേക്ക് കയറി.ശേഷം മന്ത്രി ശ്രീ.എം.കെ മുനീർ, എം.പി ശ്രീ എം.കെ രാഘവൻ, ശ്രീ.എ. പ്രദീപ്കുമാർ എം.എൽ.എ,മേയർ ശ്രീമതി എ.കെ പ്രേമജം,ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി കാനത്തിൽ ജമീല, വിവിധ രാഷ്ട്രീയ പാർട്ടികളുടേയും അവരുടെ യുവജന വിഭാഗത്തിന്റേയും നേതാക്കൾ എന്നിവരോടൊപ്പം എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് എന്നേയും വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ഞാനും ഒന്നമ്പരന്നു.ക്ഷണിക്കപ്പെട്ട നേതാക്കളുടെ എണ്ണവും വേദിയിലെ സ്ഥലപരിമിതിയും ആയിരുന്നു ഈ അമ്പരപ്പിന്റെ കാരണം.

പക്ഷേ ലിസ്റ്റിന്റെ വലിപ്പം പോലെ സ്റ്റേജിൽ ആളെത്തിയില്ല.തിക്കിത്തിരക്കുന്ന ജനം ശ്രീ.ബോബിക്ക് ഹസ്തദാനം നൽകാൻ ശ്രമിക്കുമ്പോൾ, ഞാൻ വേദിയിൽ കയറി അദ്ദെഹത്തിന്റെ നേരെ മുമ്പിലെത്തി കൈപിടിച്ച് കുലുക്കി.ശേഷം മേല്പറഞ്ഞ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മന്ത്രി ശ്രീ.എം.കെ മുനീർ സംസാരിക്കുമ്പോൾ വേദിയിലെ ചൂട് കാരണം ഞാൻ ഒരു നിമിഷം മുകളിലേക്ക് നോക്കി.കൃത്യം ആ സമയത്ത് തന്നെ ഈ പരിപാടിയുടെ പ്രധാന ഫോട്ടോഗ്രാഫർ ക്യാമറ ക്ലിക്കി.ഇന്ന്  എല്ലാ പത്രങ്ങളുടേയും കോഴിക്കോട് എഡിഷനിൽ ആ ഫോട്ടൊ ഈ മാരത്തോണിന്റെ പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തു!


ജില്ലാ പഞ്ചായത്ത് പ്രെസിഡെന്റിന്റേയും മേയറുടേയും ഇടയിൽ മാനം നോക്കുന്നതാര്?


Saturday, February 08, 2014

ഒരിക്കൽ കൂടി ......!!!!

      പറഞ്ഞും പോസ്റ്റിയും എനിക്കും മടുത്തു....എങ്കിലും എന്തുകൊണ്ട് പറഞ്ഞില്ല , അറിയിച്ചില്ല എന്നിങ്ങനെ ഭാവിയിൽ വരാവുന്ന ചോദ്യങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു ഉത്തരമായി ഒരിക്കൽ കൂടി ......         

 പ്രിയപ്പെട്ടവരേ, 

        കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്  കുട്ടികൾക്കിടയിൽ  പരിസ്ഥിതി അവബോധവും അത് സംരക്ഷിക്കുന്നതിന് അവനിൽ ചുമതലാബോധവും സൃഷ്ടിക്കാനായി  വിവിധ സ്കൂളുകളിലും കോളേജുകളിലും ഭൂമിത്രസേന‌ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. നാഷണൽ സർവീസ് സ്കീം ഇതേ ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാൽ അതിന്റെ ഒരു ഉപവിഭാഗമായി പല കാമ്പസുകളിലും ഇത് പ്രവർത്തിച്ചു വരുന്നു.ചില സ്ഥലങ്ങളിലെങ്കിലും സ്വതന്ത്രമായും പ്രവർത്തിക്കുന്നു.   

           സ്വാഭാവികമായും ഇതിന്റ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തന്നെയായിരിക്കും.പേര് ഫാക്കൾട്ടി ഇൻ ചാർജ്ജ് എന്നാകും എന്ന് മാത്രം.വിവിധ പരിസ്ഥിതി ആഘാത സ്ഥലങ്ങളും ജൈവ വൈവിധ്യകേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കും എന്നതിനാൽ കുട്ടികൾക്ക് ഈ ക്ലബ്ബിനോട് താല്പര്യം കൂടുതലാണ്.പ്രവർത്തനത്തിനുള്ള ഫണ്ട്  എൻ.എസ്.എസിനെക്കാൾ മെച്ചമാണ് എന്നതിനാൽ (ഫാക്കൾട്ടി ഇൻ ചാർജ്ജ് = 0 രൂപ) അദ്ധ്യാപകർക്കും താല്പര്യക്കുറവ് കൂടുതലില്ല.       

        കഥ പറഞ്ഞ് പറഞ്ഞ് കാര്യം പറയാൻ വിട്ടുപോയി....അങ്ങനെ കേരളത്തിലെ കാമ്പസുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ഇക്കഴിഞ്ഞ ദിവസം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് അധികൃതർ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.കാമ്പസുകൾക്ക് അവാർഡ് എന്തിലെല്ലാമുണ്ടോ അവിടെയെല്ലാം ഗവ.എഞ്ചിനീയറിംങ് കോളേജ് കോഴിക്കോടും ഉണ്ട് എന്ന പരസ്യവാചകം അന്വർത്ഥമാക്കിക്കൊണ്ട് ഈ അവാർഡും എന്റെ കാർമികത്വത്തിൽ ഈ കോളേജിലേക്ക് എത്തിയ വിവരം സസന്തോഷം അറിയിക്കുന്നു.    

  ഇക്കഴിഞ്ഞ ദിവസം (ഫെബ്രുവരി 6)  തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാന്യനായ വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം മേയർ അഡ്വ.ചന്ദ്രികയിൽ നിന്നും ഈ സംസ്ഥാന അവാർഡ് ഞാൻ ഏറ്റുവാങ്ങി



Saturday, November 02, 2013

എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ്

അത്യുന്നതങ്ങളില്‍ ദൈവത്തിന് വീണ്ടും സ്തുതി......

നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അവാര്‍ഡ് “ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ്” എന്റെ കോളേജിനും രാജ്യത്തെ ഏറ്റവും നല്ല എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് (10 പേര്‍) എനിക്കും ലഭിച്ച സന്തോഷവാര്‍ത്ത അല്പം മുമ്പ് ലഭിച്ചു. അവാര്‍ഡ് ദാനം നവമ്പര്‍ 19ന് ഡെല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കും.രാഷ്ട്രപതി ശ്രീ.പ്രണാബ്‌മുഖര്‍ജി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.

എന്റെ പ്രിയപ്പെട്ട വളണ്ടിയര്‍മാര്‍ക്കും പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...... നന്ദി ............നന്ദി....

(ഹൈദരാബാദില്‍ നിന്ന്.....)

Monday, October 07, 2013

ആദരവ് വാരം

            രാഷ്ട്രീയവും ഞാനും തമ്മില്‍ ഒട്ടും മന:പ്പൊരുത്തമില്ല.പക്ഷേ എസ്.ഡി.പി.ഐ നേതാവായ മൂത്തച്ചനും (ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ്) , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ വല്യാക്കയും (മൂത്തുമ്മയുടെ മകന്‍ ) സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന അമ്മാവനും (രണ്ട് മാസം മുമ്പ് മരിച്ചു പോയി) ഒക്കെക്കൂടി എന്നെ  കയറില്ലാതെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരുന്നു. എന്‍ .എസ്.എസ്  ന്റെ പല പരിപാടികള്‍ക്കും വേണ്ടി മന്ത്രിമാരെ ക്ഷണിക്കാന്‍ ഞാന്‍ പോയിരുന്നത് ഈ പിന്‍ബലങ്ങള്‍ ഒന്നും ഉപയോഗിക്കാതെയായിരുന്നു. അതിനാല്‍ തന്നെ മന്ത്രി പങ്കെടുക്കണമെങ്കില്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്ന മിഥ്യാധാരണ എനിക്കില്ല.എന്നാല്‍ സെപ്തംബര്‍ അവസാന വാരം അപ്രതീക്ഷിതമായി എന്റെ കഷണ്ടി മിന്നിത്തിളങ്ങിയത് രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യം കാരണമായിരുന്നു എന്നത് വിരോധാഭാസമാകാം.
             സെപ്തംബര്‍ 24ന് കേരളത്തിലെ മികച്ച എന്‍ .എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ആലുവ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബില്‍ നിന്നും സ്വീകരിച്ചു കൊണ്ടായിരുന്നു എന്റെ ആദരവ് വാര തുടക്കം.



              അതുകഴിഞ്ഞ് സെപ്തംബര്‍ 26ന് കോഴിക്കോട് വച്ച് നടന്ന e-മഷി ഓണ്‍ലൈന്‍ മാസികയുടെ ഒന്നാം വാര്‍ഷികപതിപ്പ് പ്രകാശന ചടങ്ങില്‍ , സംസ്ഥാന അവാര്‍ഡ് നേടിയ ബ്ലോഗര്‍ എന്ന  നിലയില്‍ എന്നെയും ആദരിച്ചു (ആ യോഗത്തിന്റെ അദ്ധ്യക്ഷനായ കഥ മറ്റൊരു പോസ്റ്റിലൂടെ വരുന്നു).അന്ന് മുന്‍ മന്ത്രി കൂടിയായ ജി.സുധാകരന്‍ എം.എല്‍ .എ ആയിരുന്നു ഉപഹാരം തന്നത്.(ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മൂത്തച്ചനായിരുന്നു അദ്ദേഹത്തിന്റെ ഒരു എതിരാളി)



                    സെപ്തംബര്‍ 27ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ , നാഷണല്‍ സര്‍വീസ് സ്കീമും എക്സൈസ് വകുപ്പും ചേര്‍ന്ന് ലഹരിക്കെതിരെ നടത്തുന്ന ഒരു പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അന്ന് വൈകിട്ട് അപ്രതീക്ഷിതമായി എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.കെ.ബാബു ക്യാമ്പ് സന്ദര്‍ശിച്ചു.ഞങ്ങള്‍ക്കൊപ്പം ഇരുന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് കൂടെ നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്.(പക്ഷേ ഫോട്ടോ എന്റെ കയ്യില്‍ ഇല്ല)
                  സെപ്തംബര്‍ 29ന്  എന്‍ .എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ കോഴിക്കോട് ജില്ലാ ക്യാമ്പ് ആയിരുന്നു. ഉത്ഘാടകനായി എത്തിയത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എയും. ഉത്ഘാടനപ്രസംഗം കഴിഞ്ഞ് അപ്രതീക്ഷിതമായ ഒരു അറിയിപ്പിനെത്തുടര്‍ന്ന് എന്റെ മേല്‍ ഒരു പൊന്നാട അണിയിക്കപ്പെട്ടു. വീണ്ടും സംസ്ഥാന അവാര്‍ഡ് നേടിയതിനുള്ള കോഴിക്കോട് ജില്ലയുടെ ആദരം.പൊന്നാട അണിയിച്ചത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എ തന്നെ.


                വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുക്കള്‍ ഉള്ളത് കാരണമാവാം മേല്‍ പറഞ്ഞ നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായത് !!!

Friday, September 06, 2013

വീണ്ടും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് !!!

ഒരു സന്തോഷ വാര്‍ത്ത ഉടന്‍ വരും വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.ഇക്കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ.പി.കെ അബ്ദുറബ്ബ് അത് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ഞാനായിട്ട് അത് മൂടി വച്ചിട്ട് കാര്യമില്ല.

പ്രിയപ്പെട്ടവരേ....സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റായി വീണ്ടും ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഒപ്പം ഈ പാവം ഞാനും  മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയിരിക്കുന്നു. ദൈവത്തിന് സ്തുതി , ഒപ്പം എന്റ്റെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാരോടും പിന്തുണ തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടുകളും അറിയിക്കുന്നു.


സംസ്ഥാന ലൈസണ്‍ ഓഫീസറുടെ പത്രക്കുറിപ്പ് ഇന്നലെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.ഇന്ന് പല പത്രങ്ങളിലും എന്റെ ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ടും ഉണ്ട്.തുടര്‍ന്നും ബൂലോകരുടെ മുഴുവന്‍ സഹകരണവും പ്രതീക്ഷിക്കുന്നു.

Sunday, August 18, 2013

മനം നിറഞ്ഞ ഒരു അലുംനി മീറ്റ്

ഇന്ന് ആഗസ്ത് 18. മാസങ്ങളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു ദിനം. പ്ലസ് ടു കാലത്തിന് മുമ്പ് പ്രീഡിഗ്രി എന്ന കോഴ്സ് ഉണ്ടായിരുന്ന കാലത്ത് ഞാന്‍ പഠിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്ലെ 44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് ദിനം.

ഫോണില്‍ ബന്ധപ്പെട്ട മിക്ക കൂട്ടുകാരും വരില്ല എന്ന് പറഞ്ഞെങ്കിലും ചുരുങ്ങിയത് പഠിച്ച കോളേജിന്റെ പൂമുഖം ഒന്നു കൂടി കാണാം എന്നതിനാലും പഴയ ഏതെങ്കിലും ഒരു സുഹൃത്തിനെ കാണാനായാല്‍ ആ പരിചയം പുതുക്കാം എന്നതിനാലും പഴയ അദ്ധ്യാപകരെ കാണാം എന്നതിനാലും അളിയന്റെ ഹൌസ്‌വാമിങ് സൈറ്റില്‍ നിന്ന് രാവിലെ തിരൂരങ്ങാടി ലക്ഷ്യമാക്കി ഞാന്‍ സ്കൂട്ടായി.

15 മിനുട്ട് വൈകിയെങ്കിലും തിരക്ക് കാരണം 9 മണിക്ക് അടിക്കേണ്ടിയിരുന്ന ഫസ്റ്റ് ബെല്‍ പത്ത് മണിയായിട്ടും അടിച്ചിട്ടില്ലായിരുന്നു.ആദ്യ വിദ്യാര്‍ത്ഥിയായ ശ്രീ ഉണ്ണിക്കമ്മു പഴേരി പതാക ഉയര്‍ത്തി ഗ്ലോബല്‍ അലുംനി മീറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടപ്പോള്‍  44 വര്‍ഷത്തെ യൂണിയന്‍ ചെയര്‍മാന്മാരും വിവിധ നിറത്തിലുള്ള കൊടികള്‍ ഉയര്‍ത്തി അണി നിരന്നു. ശേഷം മുഴങ്ങിയ ബെല്‍ ശബ്ദം എല്ലാവരുടേയും മനസ്സിലേക്ക് തങ്ങളുടെ പഴയ കാമ്പസ് ദിനങ്ങള്‍ സുനാമി കണക്കെ അടിച്ചുകയറി.ഓരോ വര്‍ഷത്തേയും ബാച്ചിന് അനുവദിച്ച ക്ലാസ്സുകളീലേക്ക് എല്ലാവരും നീങ്ങി.

1987 ബാച്ചിന് അനുവദിച്ച 20ആം നമ്പറ് റൂമില്‍ ഞാന്‍ എത്തുംപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.പക്ഷേ അല്പ സമയത്തിനകം വന്ന പെണ്‍പടയില്‍ ഒരു മുഖം എനിക്ക് ഓര്‍മ്മ വന്നു , പേര് പിന്നീട് ചോദിച്ചറിയേണ്ടി വന്നെങ്കിലും. പിന്നെ ആ  പെണ്‍പട ഓരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ 25 വര്‍ഷം മുമ്പുള്ള ക്ലാസ്സിലേക്ക് ഞങ്ങള്‍ ഓരോരുത്തരായി നടന്നു കയറി. ഇതിനിടയില്‍ കൂടുതല്‍ പേര്‍ ക്ലാസ്സിലേക്ക് കയറി വന്നു കൊണ്ടിരുന്നു. എന്റെ തന്നെ ക്ലാസ്സിലെ ഷഫീക്ക്,സുജാത,നിഷ, ഷാഹിന ഒ.എച് (അന്ന് എന്റെ ക്ലാസ്സില്‍ 9 ഷാഹിനമാര്‍ ഉണ്ടായിരുന്നു!!) എന്നിവരും ഫസ്റ്റ് ഗ്രൂപ്പിലെ ലുബ്ന,ലേഖ,ഗഫൂര്‍,സാജിദ് പാഷ തുടങ്ങിയവരും എത്തിച്ചേര്‍ന്നു.

പിന്നീട് ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് നല്ല പൊക്കമുള്ള കാക്കി എന്ന് തോന്നിക്കുന്ന പാന്റ് ധരിച്ച ആ പുലിയെ തിരിച്ചറിഞ്ഞത് -   മൂസ വള്ളിക്കാടന്‍ . സൌമ്യ കേസിലും മറ്റ് നിരവധി കേസുകളിലും അന്വേഷണ സംഘാംഗമായി പ്രവര്‍ത്തിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൂസ വള്ളിക്കാടന്‍ . ഇപ്പോള്‍ വണ്ടൂര്‍ സര്‍ക്കിളില്‍ ജോലി ചെയ്യുന്നു. ഗ്ലോബല്‍ അലുംനി മീറ്റിന്റെ ഡിജിറ്റല്‍ സോവനീറിന്റെ ഞങ്ങളുടെ 1987 ബാച്ചിലെ പ്രകാശനം എനിക്ക് കോപ്പി നല്‍കിക്കൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ചപ്പോള്‍ അപ്രതീക്ഷിതമായി എനിക്ക് വരുന്ന നിയോഗങ്ങളില്‍ ഒന്നായി അതും മാറി.

കുടുംബത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതും നിര്‍ബന്ധമായതിനാല്‍ കൂടുതല്‍ സമയം ഈ മീറ്റ് ആസ്വദിക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ ഒരു കാര്യം തീര്‍ച്ച. ഇന്ന് ഈ മീറ്റില്‍ പങ്കെടുത്ത എല്ലാവരുടേയും മനസ്സില്‍ അതെന്നെന്നും തങ്ങി നില്‍ക്കും.ഇനിയും ഇത്തരം മീറ്റുകള്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്കും അതില്‍ പങ്കെടുക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഇത് കൂടുതല്‍ ആവേശം നല്‍കും.
(ഫോട്ടോ ഒന്നും ഇതുവരെ ലഭിക്കാത്തതിനാല്‍ ചേര്‍ക്കാന്‍ പറ്റിയിട്ടില്ല)

കെ.ടി ജലീല്‍ എം.എല്‍.എ വീണ്ടും പച്ചക്കൊടിയുടെ തണലില്‍!!!!

ഇന്ന് കണ്ട ഈ കാഴ്ച പലരേയും അത്ഭുതപ്പെടുത്തി.തീര്‍ച്ചയായും  ഫേസ്ബുക്കിലെയും മാധ്യമങ്ങളിലേയും ഇന്നത്തെ താരം ഈ ഫോട്ടോ തന്നെ ആയിരിക്കും - പച്ചക്കൊടിയുമേന്തി നില്‍ക്കുന്ന ശ്രീ.കെ.ടി ജലീല്‍ എം.എല്‍.എ !!!

                                                    (ഫോട്ടോ കടപ്പാട് : ശ്രീ ശബീബ്)
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന്റെ  44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് 2013ല്‍ ആയിരുന്നു ഈ അപൂര്‍വ്വ രംഗം അരങ്ങേറിയത്. 1990ല്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന എം.എല്‍.എ തന്നെ ഇതിനുള്ള വിശദീകരണവും നല്‍കി - ഈ കൊടി പിടിച്ചാണല്ലോ ഞാന്‍ ഇവിടെ ചെയര്‍മാനായത് !!!

Wednesday, July 03, 2013

സ്കൂൾബാഗിന്റെ കഥാഭൂമിയിൽ….



കിണാശ്ശേരി എന്ന സ്ഥലം നാളിതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു.പക്ഷേ അവിടെയുള്ള യതീംഖാനയെപറ്റി ഞാൻ കലണ്ടറിലൂടെയും മറ്റും അറിഞ്ഞിരുന്നു.മാസങ്ങൾക്ക് മുമ്പ് ശബ്ന പൊന്നാടിന്റെ സ്കൂൾബാഗ് വായിച്ചപ്പോൾ അവിടെ ഒരു ഗവ.ഹൈസ്കൂൾ ഉള്ളതായും അറിഞ്ഞു.ഇക്കഴിഞ്ഞ ജൂൺ 19ന് വായനാദിനാചരണത്തോടനുബന്ധിച്ച് ഏതെങ്കിലും സ്കൂൾ ലൈബ്രറി ശാക്തീകരിക്കുക എന്ന പദ്ധതിയുമായി എന്റെ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് മുന്നോട്ട് പോകുമ്പോഴാണ് യാദൃശ്ചികമായി എന്റെ യൂണിറ്റ് സെക്രട്ടറി പഠിച്ച സ്കൂൾ കൂടിയായ കിണാശ്ശേരി ഹൈസ്കൂൾ വീണ്ടും എന്റെ മനസ്സിൽ എത്തിയത്.
ജൂൺ 19ന്റെ വായനാദിനാചരണവും ഒപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന പരിസ്ഥിതി സെമിനാറും അടങ്ങുന്ന ഒരു മുഴുദിന പരിപാടിയായിരുന്നു സ്കൂളിൽ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.അതിന് വേണ്ടപ്പെട്ടവരെയെല്ലാം കാണാനും ക്ഷണിക്കാനും നാട്ടുകാരനായ വളണ്ടിയർ സെക്രട്ടറി തന്നെ ഓടി നടന്നതിനാൽ ഞാൻ വെറും നിർദ്ദേശകൻ മാത്രമായി ചുരുങ്ങി.
ജൂൺ 19ന് രാവിലെ 9 മണിക്ക് തന്നെ ഞാൻ കിണാശ്ശേരി ഹൈസ്കൂളിന്റെ ഗേറ്റിലെത്തി.ചീനിമരങ്ങൾ തണൽ വിരിച്ച റോഡിലൂടെ നടക്കുമ്പോൾ ശബ്നയുടെ വീൽ‌പാടുകൾ ഞാൻ തിരിച്ചറിഞ്ഞു. പരിസ്ഥിതി സെമിനാറിനോടനുബന്ധിച്ച് ,ശബ്ന തന്നെ സംവിധാനം ചെയ്ത പരിസ്ഥിതി പ്രാധാന്യ ഹ്രസ്വചിത്രം ‘തളിർനാമ്പുകൾ’ സ്കൂളിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയും തലേദിവസം തന്നെ ഞാൻ ശബ്നയിൽ നിന്നും വാങ്ങിയിരുന്നു.പരിപാടിയുടെ സംഘാടനത്തിൽ ഏറെ സഹകരിച്ചുകൊണ്ടിരുന്ന സ്കൂൾ ഹെഡ്മാസ്റ്റർ സേതുമുഹമ്മദ് മാസ്റ്റർ ശബ്നയുടെ അമ്മാവൻ കൂടിയാണെന്ന് അറിഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനവും പരിസ്ഥിതി സെമിനാറും കഴിഞ്ഞ് ‘തളിർനാമ്പുകൾ’ പ്രദർശനവും നടന്നു.കുട്ടികൾ ക്ഷമയോടെ സിനിമ കണ്ടു.മനുഷ്യന്റെ അത്യാർത്തി പ്രകൃതിക്ക് ഏൽപ്പിക്കുന്ന മുറിവുകൾ വരച്ച് കാട്ടുന്ന സിനിമ വർത്തമാനകാലത്തിന്റെ നേർക്കാഴ്ചയാണെന്ന് പലരും അഭിപ്രായപ്പെട്ടു.ചിത്രം സംവിധാനം ചെയ്ത ശബ്ന പൊന്നാടിന് അഭിനന്ദനങ്ങളും നേർന്നു.
ശബ്നാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഈ ചിത്രം സ്കൂളുകളിലും മറ്റും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ശബ്ന അറിയിച്ചു.താല്പര്യമുള്ളവർ ശബ്നയുമായി ബന്ധപ്പെടാൻ അറിയിക്കുന്നു.ഫോൺ: 9846208425

Wednesday, June 12, 2013

അരങ്ങേറ്റം

ഈ നാല്പതാം വയസ്സില്‍ എന്ത് അരങ്ങേറ്റം എന്നായിരിക്കും . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഉപദേശക സമിതിയിലേക്ക് എന്നെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ തന്നെ എന്റെ അരങ്ങേറ്റം നടന്നു.അവസാന ഇനമായ നന്ദി പ്രകാശനത്തിന്റെ ചുമതലയായിരുന്നു എനിക്ക് കിട്ടിയത്.ബൂലോകത്തെ മുഴുവന്‍ സുഹൃത്തുക്കളുടേയും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Wednesday, February 20, 2013

ലുലു മോള്‍ക്ക് റാങ്ക്....

             ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട്,നിരവധി ദു:ഖങ്ങളും . ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സന്തോഷ വാര്‍ത്ത കൂടി എന്റെ കുടുംബത്തില്‍ എത്തി.അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) , എന്റെ മൂത്ത മകള്‍ ഐഷ നൌറ എന്ന ലുലുമോള്‍ക്ക് , വിദ്യ കൌണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ എട്ടാം ക്ലാസ്സില്‍ ഒന്നാം റാങ്ക് ലഭിച്ചു !പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി , പാഠ്യവിഷയങ്ങള്‍ എന്നിവയിലെ പ്രാവീണ്യമാണ് ഈ പരീക്ഷയിലൂടെ പരിശോധിക്കുന്നത്.അവാര്‍ഡ് ദാനം ഇക്കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് പാരമൌണ്ട് ടവറില്‍ വച്ച് നടന്നു.

            മുമ്പ് എല്‍.പി.ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഗുരുശിഷ്യ സ്കോളര്‍ഷിപ്പും പി.സി.എം സ്കോളര്‍ഷിപ്പും നേടിയിരുന്നെങ്കിലും ആദ്യത്തെ പത്ത്റാങ്കുകളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.പിതാവ് എന്ന നിലയില്‍ ഈ നേട്ടത്തില്‍ എന്റെ സംഭാവന വട്ടപൂജ്യമാണ്.ഔദ്യോഗിക തിരക്കുകള്‍ കാരണം ഈ വര്‍ഷം  മക്കള്‍ രണ്ടു പേരുടേയും പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടേ ഇല്ല.


             മകള്‍ പഠിക്കുന്ന കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളില്‍ ഒരു ഒന്നാം റാങ്ക് എത്തുന്നത് ആദ്യമായിട്ടാണ് എന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.സ്കൂള്‍ മൊത്തം ഇതിന്റെ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരുന്നു.


Thursday, December 13, 2012

സംസ്ഥാന അവാര്‍ഡ് വിതരണം

പ്രിയപ്പെട്ടവരേ....

നാഷണല്‍ സര്‍വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് ലഭിച്ചിരുന്ന വിവരം ഞാന്‍ പല സ്ഥലത്തും പല അവസരങ്ങളിലും പറഞ്ഞിരുന്നു.എന്നാല്‍ ഇന്നു വരെ ആ അവാര്‍ഡ് കയ്യില്‍ കിട്ടിയിരുന്നില്ല.ഇപ്പോള്‍ രാഷ്ട്രപതി ഭവനില്‍ പോയി നാഷണല്‍ അവാര്‍ഡ്‌ദാന ചടങ്ങിലും പങ്കെടുത്ത ശേഷം നമ്മുടെ സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യപ്പെടുകയാണ്.

അതേ...ഈ പതിനഞ്ചാം തീയതി (ശനിയാഴ്ച) ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച്  രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍‌ചാണ്ടിയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിക്കും (ഇന്‍ഷാ അല്ലാഹ്) എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.അവാര്‍ഡ് ദാന ചടങ്ങിലേക്ക് എല്ലാ ബൂലോകരേയും ക്ഷണിക്കുന്നു.