Pages

Monday, October 07, 2013

ആദരവ് വാരം

            രാഷ്ട്രീയവും ഞാനും തമ്മില്‍ ഒട്ടും മന:പ്പൊരുത്തമില്ല.പക്ഷേ എസ്.ഡി.പി.ഐ നേതാവായ മൂത്തച്ചനും (ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ്) , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ വല്യാക്കയും (മൂത്തുമ്മയുടെ മകന്‍ ) സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന അമ്മാവനും (രണ്ട് മാസം മുമ്പ് മരിച്ചു പോയി) ഒക്കെക്കൂടി എന്നെ  കയറില്ലാതെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരുന്നു. എന്‍ .എസ്.എസ്  ന്റെ പല പരിപാടികള്‍ക്കും വേണ്ടി മന്ത്രിമാരെ ക്ഷണിക്കാന്‍ ഞാന്‍ പോയിരുന്നത് ഈ പിന്‍ബലങ്ങള്‍ ഒന്നും ഉപയോഗിക്കാതെയായിരുന്നു. അതിനാല്‍ തന്നെ മന്ത്രി പങ്കെടുക്കണമെങ്കില്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്ന മിഥ്യാധാരണ എനിക്കില്ല.എന്നാല്‍ സെപ്തംബര്‍ അവസാന വാരം അപ്രതീക്ഷിതമായി എന്റെ കഷണ്ടി മിന്നിത്തിളങ്ങിയത് രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യം കാരണമായിരുന്നു എന്നത് വിരോധാഭാസമാകാം.
             സെപ്തംബര്‍ 24ന് കേരളത്തിലെ മികച്ച എന്‍ .എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ആലുവ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബില്‍ നിന്നും സ്വീകരിച്ചു കൊണ്ടായിരുന്നു എന്റെ ആദരവ് വാര തുടക്കം.              അതുകഴിഞ്ഞ് സെപ്തംബര്‍ 26ന് കോഴിക്കോട് വച്ച് നടന്ന e-മഷി ഓണ്‍ലൈന്‍ മാസികയുടെ ഒന്നാം വാര്‍ഷികപതിപ്പ് പ്രകാശന ചടങ്ങില്‍ , സംസ്ഥാന അവാര്‍ഡ് നേടിയ ബ്ലോഗര്‍ എന്ന  നിലയില്‍ എന്നെയും ആദരിച്ചു (ആ യോഗത്തിന്റെ അദ്ധ്യക്ഷനായ കഥ മറ്റൊരു പോസ്റ്റിലൂടെ വരുന്നു).അന്ന് മുന്‍ മന്ത്രി കൂടിയായ ജി.സുധാകരന്‍ എം.എല്‍ .എ ആയിരുന്നു ഉപഹാരം തന്നത്.(ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മൂത്തച്ചനായിരുന്നു അദ്ദേഹത്തിന്റെ ഒരു എതിരാളി)                    സെപ്തംബര്‍ 27ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ , നാഷണല്‍ സര്‍വീസ് സ്കീമും എക്സൈസ് വകുപ്പും ചേര്‍ന്ന് ലഹരിക്കെതിരെ നടത്തുന്ന ഒരു പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അന്ന് വൈകിട്ട് അപ്രതീക്ഷിതമായി എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.കെ.ബാബു ക്യാമ്പ് സന്ദര്‍ശിച്ചു.ഞങ്ങള്‍ക്കൊപ്പം ഇരുന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് കൂടെ നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്.(പക്ഷേ ഫോട്ടോ എന്റെ കയ്യില്‍ ഇല്ല)
                  സെപ്തംബര്‍ 29ന്  എന്‍ .എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ കോഴിക്കോട് ജില്ലാ ക്യാമ്പ് ആയിരുന്നു. ഉത്ഘാടകനായി എത്തിയത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എയും. ഉത്ഘാടനപ്രസംഗം കഴിഞ്ഞ് അപ്രതീക്ഷിതമായ ഒരു അറിയിപ്പിനെത്തുടര്‍ന്ന് എന്റെ മേല്‍ ഒരു പൊന്നാട അണിയിക്കപ്പെട്ടു. വീണ്ടും സംസ്ഥാന അവാര്‍ഡ് നേടിയതിനുള്ള കോഴിക്കോട് ജില്ലയുടെ ആദരം.പൊന്നാട അണിയിച്ചത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എ തന്നെ.


                വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുക്കള്‍ ഉള്ളത് കാരണമാവാം മേല്‍ പറഞ്ഞ നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായത് !!!

5 comments:

Areekkodan | അരീക്കോടന്‍ said...

വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുക്കള്‍ ഉള്ളത് കാരണമാവാം മേല്‍ പറഞ്ഞ നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായത് !!!

ajith said...

എന്നാല്‍ ഇനി നമുക്ക് രാഷ്ട്രീയത്തില്‍ അരക്കൈ നോക്ക്യാലോ ഭായീ.....?

Cv Thankappan said...

ഇതുപോലെത്തന്നെ നിന്നാല്‍ മതി.
ആര്‍ക്കും അലട്ടില്ലല്ലോ?!!
ആശംസകള്‍

Echmukutty said...

അപ്പോ വലിയ ഒരു ആളാണല്ലേ... കൊള്ളാം. ഉഷാറായിട്ടുണ്ട്.

Areekkodan | അരീക്കോടന്‍ said...

അജിത്‌ജീ...അത് ഞമ്മക്ക് സെര്യാവൂല

തങ്കപ്പേട്ടാ...അതെന്നെ

എച്മൂ...ബെല്യ ആളൊന്നും അല്ല.....ഞമ്മളെ പേര് ഇമ്മിണി ബല്യതാ...ആബിദ് തറവട്ടത്ത്...

Post a Comment

നന്ദി....വീണ്ടും വരിക