Pages

Wednesday, July 31, 2013

മൊബൈല്‍ ഫോണും കുട്ടികളും

ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ഇഫ്താര്‍മീറ്റില്‍ പങ്കെടുക്കാന്‍ പോയി.ആ വീടിന്റെ സ്വീകരണമുറിയില്‍ ചെന്ന ഞാന്‍ കണ്ടത് ടീപോയില്‍ കിടക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകളാണ്. വീട്ടിലെ വിവിധ ആള്‍ക്കാരുടെതാണ് അതെന്ന് ഊഹിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.കൂടുതല്‍ വിളികള്‍ വരാത്ത ഫോണുകള്‍ ആയതിനാലും നോമ്പ്തുറക്കുന്നതിന് മുന്നോടിയായുള്ള തിരക്കിലായതിനാലും ഫോണുകള്‍ ‘ഭദ്രമായി‘ സൂക്ഷിച്ചതായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ കരുതി.

അല്പസമയത്തിനകം നാലഞ്ച് കുഞ്ഞു മക്കള്‍ (മൂന്ന് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ളവര്‍) കടന്നു വന്നു.കൂട്ടത്തില്‍ മൂന്നര വയസ്സുകാരിയായ എന്റെ ഇളയ മകളും ഉണ്ടായിരുന്നു.ഓരോരുത്തരായി ഓരോ ഫോണ്‍ എടുത്തു.പിന്നെ അതിന്റെ അവിടേയും ഇവിടേയും ഒക്കെ ഞെക്കി ഗെയിം കളിക്കാന്‍ തുടങ്ങി!എന്റെ മോള്‍ക്ക് ഇതൊന്നും പരിചയമില്ലാത്തതിനാല്‍ അവള്‍ എന്റെ നേരെ വന്നു എന്റെ മൊബൈലിനായി കൈ നീട്ടി.

മൊബൈലിന്റെ ഉപയോഗം എന്തിനാണോ അതിനല്ലാത്ത ഒരു സംഗതിക്കും നല്‍കാത്ത എനിക്ക് ഈ രംഗം അത്ര സുഖിച്ചില്ല.അതിനാല്‍ ഞാന്‍ അവള്‍ക്ക് ഫോണ്‍ നല്‍കിയതുമില്ല.അതില്‍ കെറുവിച്ച് അവള്‍ സ്ഥലം വിടുകയും ചെയ്തു.പക്ഷേ എന്റെ വേവലാതി അതായിരുന്നില്ല.ഈ കുഞ്ഞുകുട്ടികള്‍ക്ക് ഇത്രയും ഫ്രീയായി മൊബൈല്‍ ഉപയോഗിക്കാന്‍ കൊടുക്കുന്ന വീട്ടുകാര്‍ അതിന്റെ ഭവിഷ്യത്തുകളെപറ്റി അല്പമെങ്കിലും ആലോചിക്കുന്നുണ്ടോ? മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന വികിരണങ്ങള്‍ എത്രത്തോളം മാരകമാണെന്ന് ഇന്നും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.വരുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ആശാവഹമല്ല എന്നറിഞ്ഞിട്ടും ഈ പിഞ്ചുമക്കള്‍ക്കുള്ള കളിപ്പാട്ടമായി അത് നല്‍കുന്ന അമ്മമാരും അച്ഛന്മാരും തങ്ങളുടെ മക്കളെ കാന്‍സറിന്റേയും മറ്റും കരാളഹസ്തത്തിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത് എന്ന് ഒരു നിമിഷം ചിന്തിക്കണം.

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ വ്യാപകപ്രചാരം നേടിയിട്ട് ഒരു ദശാബ്ദത്തോളമേ ആയിട്ടുള്ളൂ.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് മരണപ്പെട്ടവരുടെ എണ്ണവും മരണകാരണവും   20 വര്‍ഷം മുമ്പ് മരണപ്പെട്ടവരുടെ എണ്ണവും മരണകാരണവും തുലനം ചെയ്താല്‍ ഒരു ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത് വരും.മരുന്നും ചികിത്സയും ഏറ്റവും ആധുനികമായിട്ടും മരണസംഖ്യ കൂടിയിരിക്കുന്നു.അതും മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടുള്ള മരണം.ഇതിന്റെ കാരണക്കാരനെ തേടി അലയേണ്ടതില്ല.നമ്മുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഈ വില്ലനെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

അടുത്ത തവണ കുട്ടിക്ക് നേരെ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ നീട്ടുന്നതിന് മുമ്പ് ഈ കൊച്ചുകുറിപ്പും കൂടി ഒന്ന് വായിക്കുക.

രാത്രി കാല ഡ്രൈവിങ്ങ്

ഡ്രൈവിങ് എന്നത് ഒരു കലയാണ്. തനിക്കനുവദിക്കപ്പെട്ട സ്ഥലത്ത് ഏറ്റവും വൃത്തിയായി ഭംഗിയുള്ള ഒരു ചിത്രം വരക്കുന്ന ഒരു കലാകാരന്റെ വിരുത് തന്നെ വേണം ഇന്നത്തെ നിരത്തിലൂടെ വണ്ടി ഓടിക്കണമെങ്കില്‍. ഇടുങ്ങിയ റോഡ് വാഹനങ്ങള്‍ക്ക് തന്നെ തികയാത്തിടത്താണ് മനുഷ്യനും പിന്നെ നാല്‍ക്കാലികളും കൂടി വിഹരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. ഇവരുടെ എല്ലാം ഇടയിലൂടെ തട്ടാതെയും മുട്ടാതെയും കടന്നു പോകുമ്പോള്‍ ഡ്രൈവര്‍ അറിയാതെ റോഡില്‍ ഒരു മനോഹര ചിത്രം വരക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് രാത്രി ഡ്രൈവ് ചെയ്യേണ്ട അവസരങ്ങള്‍ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ റോഡില്‍ പലതരക്കാരായ ഡ്രൈവര്‍മാരേയും നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു. പകല്‍ ഡ്രൈവിങ്ങും രാത്രി ഡ്രൈവിങ്ങും വളരെ വ്യത്യസ്തമാണ് എന്നാണ് എന്റെ അഭിപ്രായം. പകല്‍ നമ്മുടെ കണ്ണുകള്‍ എല്ലാം വീക്ഷിക്കുന്നതിനാല്‍ വാഹനത്തിന്റെ എല്ലാ വശത്തേയും പറ്റി നാം സദാ ജാഗരൂകരാണ്.എന്നാല്‍ രാത്രി ഒരു ഡ്രൈവര്‍ക്ക് മുന്നിലേക്ക് മാത്രമേ സാധാരണ ഗതിയില്‍ കാഴ്ച ഉണ്ടായിരിക്കുകയുള്ളൂ.വശങ്ങളും കടന്നുപോയ പിന്നണികളും സദാ ഇരുട്ടിലായിരിക്കും.അതുകൊണ്ട് തന്നെ  ശ്രദ്ധയില്‍ അല്പസ്വല്പം വ്യത്യാസം ഉണ്ടായിരിക്കും.

രാത്രി ഡ്രൈവിങ്ങില്‍ ഏറ്റവും അവശ്യം വേണ്ട ഒന്ന് മാന്യതയാണ്. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളില്‍ ഒന്നാണ് ഹെഡ്‌ലൈറ്റിന്റെ ഉപയോഗക്രമം.ഇരുട്ടായാല്‍ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കല്‍ നിര്‍ബന്ധമാണ്. അത് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള നിറത്തിലുള്ളത് തന്നെയായിരിക്കണം.ചില വാഹനങ്ങളില്‍ നിന്നും വരുന്ന പ്രകാശം എതിരെ വരുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്നതാണ്.എന്നാല്‍ ആ വാഹനത്തിന്റെ ഡ്രൈവര്‍ അത് ഗൌനിക്കുന്നേ ഇല്ല.ഫലമോ എതിരെ വരുന്നവന്‍ തന്റേതല്ലാത്ത കാരണത്താല്‍ അപകടത്തിലേക്ക് ചാടുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 90 ശതമാനം അവസരങ്ങളിലും എതിരെ വരുന്ന വാഹനക്കാരന് വേണ്ടി ഞാന്‍ എന്റെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്തു.പക്ഷേ തിരിച്ച് അതേ പ്രകാരം ചെയ്തത് 5 ശതമാനത്തില്‍ താഴെ വരെ മാത്രം! താന്‍ കടന്നുപോകുന്ന പാത തന്നെപ്പോലെ എതിരെ വരുന്നവനും ഉപയോഗിക്കാന്‍ അവകാശപ്പെട്ടതാണ് എന്നിരിക്കെ അവന്റെ കണ്ണിലേക്ക് ലൈറ്റടിച്ച് അവനെ ഒരു മൂലയിലേക്ക് ഒതുക്കി രാജകീയമായി കടന്നു പോകുന്ന ഈ സംസ്കാരം വിവേകമുള്ള ഒരു ജനതക്ക് ഒട്ടും യോജിച്ചതല്ല.

കേരളത്തില്‍ വാഹനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുകയാണ്.അതിനാല്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ നമ്മുടെ റോഡുകള്‍ മുഴുവന്‍ കുരുതിക്കളങ്ങളായി മാറും.ഇപ്പോള്‍ തന്നെ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഇതിന് ഒരു അറുതി വരുത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അതിനാല്‍ വാഹനം ഏത് തന്നെയാകട്ടെ അതോടിക്കുമ്പോള്‍ റോഡിലുള്ള എല്ലാവരേയും ബഹുമാനിക്കലാണ് എന്നും അഭികാമ്യം.

Tuesday, July 30, 2013

മതസൌഹാര്‍ദ്ദ സദസ്സ്

ഇന്നലെ എന്റെ എന്‍.എസ്.എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ ഒരു ദിനമായിരുന്നു.എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പോലെ ഒരു വാര്‍ഷിക സംഗമവും നോമ്പ് ആയതിനാല്‍ ഒരു ഇഫ്താര്‍ മീറ്റും ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. വെറുതെ തോന്നിയ ഒരു ആശയത്തിന്റെ പേരില്‍ മൂന്ന് മത വിഭാഗങ്ങളേയും പ്രതിനിധീകരിച്ചു കൊണ്ട് ഓരോ പ്രാസംഗികരെക്കൂടി ഉള്‍പ്പെടുത്തി ഒരു മതമൈത്രീ സംഗമവും കൂടി നടത്താം എന്ന് തോന്നി.എന്‍.എസ്.എസിന് ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാത്തതിനാല്‍ സംഗമത്തിന് പറ്റിയ ഒരു വേദിയായി ഇത് ഉതകും എന്ന് തോന്നിയതിനാല്‍ അതിനുള്ള ഏര്‍പ്പാടുകളും ചെയ്തു.

ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ പഠിക്കുന്ന മലപ്പുറം തൃപ്പനച്ചി സ്വദേശി നബീല്‍ ആയിരുന്നു പങ്കെടുത്തത്.വിവിധ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഉപവാസത്തെപറ്റിയും സാഹോദര്യത്തെപറ്റിയും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള പത്ത് മിനുട്ട് നേരത്തെ പ്രസംഗം സദസ്സിലെ എല്ലാ മതവിഭാഗക്കാര്‍ക്കും ഹൃദ്യമായി.

ശേഷം ക്രിസ്തു മതത്തെ പ്രതിനിധീകരിച്ച്  സംസാരിച്ചത് വെസ്റ്റ്‌ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പള്‍  കണ്ണൂര്‍ സ്വദേശിനി സിസ്റ്റര്‍ സുജയ ആയിരുന്നു. ആദി ശങ്കരന്റേയും മറ്റും വചനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് സിസ്റ്റര്‍ നടത്തിയ പ്രഭാഷണവും വേദിക്കും സദസ്സിനും ഏറെ ഉതകുന്നതായിരുന്നു.

ഹിന്ദു മതത്തെ പ്രതിനിധീകരിച്ച് സംസാരിക്കേണ്ടിയിരുന്ന മഠാധിപതിക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ സംഗമത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം എന്‍.എസ്.എസ് യൂണിറ്റ് കോളേജിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായി നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ നിന്നും ഏറെ പുരോഗമിച്ച ഒന്നായി മതസൌഹാര്‍ദ്ദ സദസ്സിലൂടെ ഈ സംഗമം അനുഭവപ്പെട്ടു.അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം കൂടുതല്‍ ഉയര്‍ന്ന നിലയില്‍ കോഴിക്കോട് ഖാസി , രൂപത മൈത്രാന്‍ , കാശ്യപമഠാധിപര്‍ തുടങ്ങീ പ്രമുഖരെ ഉള്‍പ്പെടുത്തി ഇത്തരം സൌഹൃദസംഗമങ്ങള്‍  നടത്തണം എന്ന് ഉദ്ദേശിക്കുന്നു.

ഏത് നാട്ടിലായാലും സാമൂഹ്യ സൌഹാര്‍ദ്ദം വളര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ജാതി-മത ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വികാസം പ്രാപിക്കുന്ന മലയാളഭാഷ

2013  മലയാളഭാഷാവര്‍ഷമായി ആചരിക്കുകയാണ്.മലയാളത്തിന്റെ സര്‍വതോന്മുഖമായ വികാസത്തിന് സാധിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തി ഭാഷയെ പരമാവധി പരിപോഷിപ്പിക്കുക എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയുടേയും കര്‍തവ്യമാണ്.മലയാളം അറിയുന്ന കേരളീയരായ എല്ലാവര്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വളരെ എളുപ്പവുമാണ്.

ഇന്ത്യയിലെ ഓരോ സംസ്ഥാനക്കാരനും അവന്‍ എവിടെയാണെങ്കിലും സ്വന്തം ഭാഷ ഉപയോഗിക്കാന്‍ മടി ഇല്ലാത്തവനാണ്. തമിഴന്‍ അവരുടെ ഭാഷ സംസാരിക്കുന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു. രാഷ്ട്രഭാഷയായ ഹിന്ദി തമിഴിനെ വെല്ലുന്നത് സഹിക്കവയ്യാതെ റെയില്‍‌വേ സ്റ്റേഷനുകളിലെ ബോര്‍ഡുകളില്‍ വരെ ഹിന്ദിയില്‍ എഴുതാന്‍ തമിഴര്‍ അനുവദിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ മലയാളിയോ? സംസ്ഥാനം വിട്ടാല്‍ നാം നമ്മുടെ ഭാഷയില്‍ സംസാരിക്കുന്നത് ഒരു കുറച്ചിലായി ഗണിക്കുന്നു. ബുദ്ധിമുട്ടി ഹിന്ദിയോ ഇംഗ്ലീഷോ മറ്റോ പറഞ്ഞ് ഫലിപ്പിച്ച് അവസാനമായിരിക്കും താന്‍ ഇതുവരെ സംസാരിച്ചത് ഒരു മലയാളിയോടായിരുന്നു എന്നത്  ജാള്യതയോടെ മനസ്സിലാക്കുന്നത് തന്നെ.


ഒരു ഭാഷയുട വികാസം എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ടതാണ്. ഭാഷയുടെ ഉപയോഗം തന്നെയാണ് അതിന്റെ ഒന്നാമത്തെ മാര്‍ഗ്ഗം. കേരളത്തില്‍ മലയാളം സംസാരിക്കുന്നവര്‍ ഏകദേശം 97 ശതമാനം ആണ്.ഇത് വളരെ നല്ലൊരു സമീപനമാണ്. അതേ പോലെ മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിക്കുന്നതും ഭാഷയുടെ പോഷണത്തിനും വികാസത്തിനും സഹായിക്കുന്നു. ഇത്തരം പദങ്ങള്‍ എല്ലാവരിലേക്കും എത്തി അതിന്റെ പ്രയോഗവല്‍ക്കരണം കൂടി നടക്കുമ്പോള്‍ ഭാഷ സമ്പുഷ്ടമാവുന്നു.മലയാളം ഈ കടമെടുപ്പിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു.

മലയാളഭാഷാ പരിപോഷണത്തിന് ഒരു അടുക്കും ചിട്ടയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം സര്‍വ്വകലാശാല എന്ന ആശയം ഉടലെടുത്തതും ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തന്നെ അത് പ്രവര്‍ത്തനം ആരംഭിച്ചതും.ഈ വര്‍ഷം നമ്മുടെ ഭാഷക്ക് ശ്രേഷ്ഠഭാഷാപദവിയും ലഭിക്കുകയുണ്ടായി.അത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകര്‍ന്നു.സര്‍ക്കാരിന്റെ ഭരണ ഭാഷ - മാതൃഭാഷ എന്ന ശ്ലോകവും അതിന്റെ അടിസ്ഥാനത്തില്‍ ഔദ്യ്യോഗിക കത്തിടപാടുകള്‍ മലയാളത്തില്‍ ആക്കിയതും ഭാഷാ പരിപോഷണത്തിന് ഏറെ സഹായകമായി.

ഭാഷയുടെ പരിപോഷണത്തിന് നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം.പണ്ട് കാലത്ത് നാം സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതാറുണ്ടായിരുന്നു.ഇന്ന് അത് ഇ-മെയില്‍ , എസ്.എം.എസ് എന്നിവക്ക് വഴിമാറി.അത് നമ്മുടെ മാതൃഭാഷാ ഉപയോഗത്തേയും ഇംഗ്ലീഷ് ഉപയോഗത്തേയും ഒരുപോലെ പ്രതിസന്ധിയിലാക്കി.പരീക്ഷ പേപ്പറില്‍ പോലും
എസ്.എം.എസ് ഭാഷ അറിയാതെ കടന്നുവരുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു. അതിനാല്‍ നമ്മുടെ കത്തെഴുത്ത് ശീലം നിലനിര്‍ത്തിയാല്‍ അത് ഭാഷക്കും നമ്മുടെ ശൈലിക്കും ഒരു മുതല്‍ക്കൂട്ടാകും എന്നത് തീര്‍ച്ചയാണ്. കുട്ടികളുടെ ഇടയില്‍ കത്തെഴുത്ത് ശീലം വളര്‍ത്താനായി സ്കൂളിലും കോളേജിലും ഒക്കെ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നതും മലയാളത്തിലെ പ്രമുഖരുടെ കത്തുകള്‍ വായിപ്പിക്കുന്നതും നല്ലതായിരിക്കും.മാസത്തിലൊരിക്കല്‍ എഴുത്ത് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതും ആലോചിക്കാവുന്നതാണ്.

ഇതേ പോലെ ചെയ്യാന്‍ പറ്റുന്ന ഒരു പ്രവര്‍ത്തനമാണ് മലയാളം കയ്യെഴുത്തു മാസിക. 25 മുതല്‍ 30 വരെ പേജുകളുള്ള ഒരു കയ്യെഴുത്ത് മാസിക എല്ലാ മാസവും പ്രസിദ്ധീകരിക്കാന്‍ സ്കൂളിലേയും കോളേജുകളിലേയും ഭാഷാസ്നേഹികള്‍  മുന്നിട്ടിറങ്ങിയാല്‍  വളരെ എളുപ്പം നടക്കും.എന്റെ കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ എല്ലാ മാസവും “സാനിക” എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.എല്ലാ കുട്ടികളുടേയും രചന ഉള്‍പ്പെടുത്തിയുള്ള പ്രസ്തുത മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏതാനും ചില എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാത്രമാണ്.കയ്യെഴുത്ത് മാസിക സാധിക്കാത്തവര്‍ക്ക് പ്രതിവാര ചുമര്‍പത്രങ്ങളും പരീക്ഷിക്കാവുന്നതാണ്.

കുട്ടികളെക്കൊണ്ട് മലയാള ഭാഷയില്‍ പ്രബന്ധങ്ങളും ഉപന്യാസങളും തയ്യാറാക്കിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഇതിലൂടെ ഭാഷയുടെ ഉപയോഗവും വിവിധ ശൈലികളും വളര്‍ത്താന്‍ സാധിക്കും.മത്സര രൂപത്തിലോ മറ്റോ നടത്തുന്നതിലൂടെ കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവിനെ വളര്‍ത്താനും ഇത് സഹായിക്കും.വിദ്യാര്‍ത്ഥികളുടെ നിലവാരത്തിനനുസരിച്ച് ഗഹനമായ വിഷയങ്ങള്‍ നല്‍കാവുന്നതാണ്.

ലൈബ്രറി ശാക്തീകരണം നടത്തി വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന മറ്റൊരു പരിപാടി. വിവിധ പ്രസാധകരുടെ നിരവധി സ്കീമുകള്‍
ലൈബ്രറി ശാക്തീകരണത്തിന് ഉപയോഗിക്കാവുന്നതാണ്. പക്ഷേ ആ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു ശ്രമം നാം ഓരോരുത്തരും നടത്തേണ്ടതുണ്ട്. നാം വായിച്ച നല്ല പുസ്തകങ്ങളെപറ്റിയും ലേഖനങ്ങളെപറ്റിയും ആസ്വാദനക്കുറിപ്പുകളോ നിരൂപകക്കുറിപ്പുകളോ തയ്യാറാക്കിയും ഈ യജ്ഞത്തില്‍ നമുക്ക് പങ്കാളികളാകാം.

ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാ ഗവേഷണ പ്രസിദ്ധീകരണ വിഭാഗം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്സ് സര്‍വ്വേയില്‍ കണ്ടെത്തിയത് മലയാളമാണ് ഇന്ത്യയില്‍ ഏറ്റവും വികാസം പ്രാപിക്കുന്ന ഭാഷ എന്നാണ്.
മലയാളഭാഷയുടെ വികാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ് ഈ കണ്ടെത്തല്‍. നമ്മുടെ മാതൃഭാഷാ പരിപോഷണത്തിന് സാധിക്കുന്നതെല്ലാം  ചെയ്യാന്‍ നമുക്ക് ശ്രമിക്കാം.

Monday, July 29, 2013

ഒരു ഓണ്‍ലൈന്‍ പൊല്ലാപ്പ്

എല്ലാം ഓണ്‍ലൈന്‍ ആയപ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയ ഞാനും ആ ലൈനില്‍ തന്നെ ആകാമെന്ന് കരുതി.കഴിഞ്ഞ വര്‍ഷത്തെ ഇന്‍‌കംടാക്സ് അടച്ചതിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ക്യൂ നില്‍ക്കുന്നത് ആലോചിച്ചപ്പോള്‍ ആ പൊല്ലാപ്പിനൊന്നും പോകാതെ ഞാന്‍ ഇന്‍‌കംടാക്സ് ഏമാന്റെ സൈറ്റില്‍ കയറി രെജിസ്ട്രേഷന്‍ തുടങ്ങി.എന്റെ കണക്ഷന്‍ എന്നെ ഔട്ടാക്കുന്നതിന് പുറമെ ഏമാനും  ഇടക്കിടക്ക് എന്നെ ചവിട്ടി പുറത്താക്കിക്കൊണ്ടിരുന്നു.എന്നാലും ജൂലായ് അവസാനം ഇന്‍‌കംടാക്സ്ഓഫീസിലെ കൌണ്ടറുകള്‍ക്ക് മുമ്പിലുണ്ടാകുന്ന ക്യൂ ഓര്‍ത്തപ്പോള്‍ ഞാന്‍ അതെല്ലാം സഹിച്ചു.(ഇ-ഫയലിംഗ് നടത്തുംപ്പോള്‍ ഇടക്കിടക്ക് സേവ് ചെയ്യുക, കാരണം സൈറ്റില്‍ അധിക നേരം അലഞ്ഞുതിരിയാന്‍ അവര്‍ അനുവദിക്കുന്നില്ല)

അങ്ങനെ കുറേ നേരത്തെ ശ്രമഫലമായി ഞാന്‍ റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.അപ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം പുറത്തായത്.18338 രൂപ വരുമാന നികുതി കൃത്യ തീയതിക്കുള്ളീല്‍ അടച്ച ഞാന്‍ 1500 ഓളം രൂപ പിഴ അടക്കണം അത്രെ.അതിന് 234ബി എന്നും 234സി എന്നും ഒക്കെ ഓരോ സെഷനും പറഞ്ഞിട്ടുണ്ട്.കൂടുതല്‍ സെഷന്‍ ഇല്ലാത്തത് കാരണം തല്‍ക്കാലം കൂടുതല്‍ പിഴ അടക്കേണ്ട (ഭാവിയില്‍ 234ഡി മുതല്‍ 234Z വരെ ഇതു പോകാന്‍ സാധ്യതയുണ്ട്).ഏതായാലും കയറി കുടുങ്ങിയതിനാല്‍ ഞാന്‍ അത് മുഴുവന്‍ പൂരിപ്പിച്ചു നല്‍കി പുറത്തിറങ്ങി.

ഇന്നലെ ഇതേ ശ്രമത്തില്‍ പരാചയപ്പെട്ട എന്റെ സഹപ്രവര്‍ത്തകന്‍ ഫോം ഡൌണ്‍ലോഡ് ചെയ്ത് കൈ കൊണ്ട് പൂരിപ്പിച്ച്  ഇന്‍‌കംടാക്സ് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു.അവരത് വാങ്ങി വച്ച് അക്‍നോളജ്മെന്റും കൊടുത്തു.തടവോ പിഴയോ ഒന്നും ഇല്ലാതെ പുള്ളി രക്ഷപ്പെട്ടു എന്ന് സാരം.

ഓണ്‍ലൈന്‍ ചില സമയങ്ങളില്‍ ഇങ്ങനെ നമ്മളെ വശം കെടുത്തും എന്നുള്ളതിനാല്‍ എല്ലാം ഓണ്‍ലൈനില്‍ നല്‍കുന്നത് ചിലപ്പോള്‍ പൊല്ലാപ്പായേക്കാം എന്ന് മാത്രം സൂചിപ്പിക്കുന്നു.ഇനി ആ 1500 രൂപയും ചോദിച്ച് ഇന്‍‌കംടാക്സ് ഓഫീസില്‍ നിന്നും വരുന്ന കത്തും കാത്തിരിക്കുകയാണ് ഞാന്‍.

Sunday, July 28, 2013

ശബ്‌ന പൊന്നാട്

ഞായറാഴ്ചയും നോമ്പും ഉച്ചസമയവും ഒരുമിച്ചാല്‍ പിന്നെ ഉറക്കം വരാന്‍ അധികം സമയം കാത്തിരിക്കേണ്ട.പാതിരാത്രിയില്‍ കോഴിക്കോട് വരെ കാറോടിക്കണം എന്ന് കൂടി കേട്ടതോടെ ഒന്ന് കിടക്കാന്‍ തന്നെ തീരുമാനിച്ചു.പക്ഷേ ....മയക്കം തുടങ്ങിയപ്പോഴേക്കും പല ശബ്ദകോലാഹലങ്ങളും അതിനെ ആട്ടിപ്പായിച്ചു.

ഇന്നത്തെ പോസ്റ്റ് ഇട്ടില്ല എന്ന് ഓര്‍മ്മ വന്നതിനാല്‍ ഞാന്‍ മെല്ലെ തറവാട്ടിലേക്ക് കയറി.ലോഗ് ഇന്‍ ചെയ്ത് മെയിലുകള്‍ എല്ലാം നോക്കി.പ്രത്യേകിച്ച് വായിക്കേണ്ടവ ഒന്നുമില്ലെങ്കിലും മായിക്കേണ്ടവ ധാരാളം ഉണ്ട്!അവ മായ്ച്ചു കളഞ്ഞു. എന്റെ വീട്ടില്‍ വരുത്തുന്നത് മാതൃഭൂമി ആയതിനാല്‍ മാധ്യമത്തില്‍ ഒന്ന് കയറാം എന്ന് കരുതി.

മാധ്യമത്തിലെ ഹെഡ്ലൈനുകളിലൂടെ പോകുമ്പോള്‍ ഒരു പരിചിത ഫോട്ടോ!അതെ ശബ്ന പൊന്നാടിനെപറ്റി ഒരു ഫീച്ചര്‍. അത് ഇവിടെ പങ്കു വയ്ക്കുന്നു.

Saturday, July 27, 2013

പെടാപാടുകള്‍

അറിഞ്ഞ ചില കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍  പെടുന്ന പാട് അനുഭവിക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ പലരും അനുഭവിക്കുന്ന പെടാപാട് ഞാന്‍ തിരിച്ചറിയുന്നു.

Friday, July 26, 2013

എന്റെ സോളാര്‍ നിക്ഷേപം !!

        സോളാ‍ര്‍ പ്രശ്നം ദേശീയതലത്തില്‍ തന്നെ ഇത്രയധികം ചര്‍ച്ചാ വിഷയമായതിനാല്‍ ഇനിയും ഈ രഹസ്യം മൂടി വയ്ക്കുന്നത് ശരിയല്ല.മമ്മുക്ക അടക്കമുള്ളവര്‍ ലഭിച്ചതും കൈപറ്റിയതും വെളിപ്പെടുത്തിക്കഴിഞ്ഞു. അതിനാല്‍ എന്റെ സോളാര്‍ നിക്ഷേപവും ഞാന്‍ വെളിപ്പെടുത്തുകയാണ്.

         നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ച വകയില്‍ ലഭിച്ച കാഷ് അവാര്‍ഡ് ഞാനും ‘സോളാറില്‍‘ ആയിരുന്നു നിക്ഷേപ്പിച്ചത്!!.രണ്ട് സോളാര്‍ ടേബ്‌ള്‍ ലാമ്പുകളും ഒരു സോളാര്‍ എമര്‍ജന്‍സി ലാമ്പും ആ സംഖ്യ കൊണ്ട് വാങ്ങി !ബിജു രാധാകൃഷ്ണന്‍ , സരിത എസ് നായര്‍ , ശാലു മേനോന്‍ തുടങ്ങിയ ടീം സോളാര്‍,  സൂര്യനേക്കാളും പ്രഭ ചൊരിഞ്ഞ് മാധ്യമങ്ങളീല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എന്റെ കുഞ്ഞ്‌ സോളാര്‍ ടീം ഒരു വിവാദവും സൃഷ്ടിക്കാതെ എന്റെ റൂമുകളില്‍ വെണ്‍പ്രഭ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.

Wednesday, July 24, 2013

പ്രകൃതിയിലേക്ക് ഒരു കണ്ണ്‌

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നാം അഭിമാനപൂര്‍വ്വം പറയുന്നു.ജല സ‌മൃദ്ധമായ ഹരിതാഭമായ ഒരു പ്രദേശമാണ് കേരളം എന്ന പേര് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത്.എന്നാല്‍ പ്രകൃതിയെ അമിതമായി നാം ചൂഷണം ചെയ്തത് കാരണം ഈ കാഴ്ചകള്‍ നമ്മുടെ മനസ്സിന്റെ കോണുകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് , ഏപ്രില്‍ , മെയ് മാസങ്ങളില്‍  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ വരള്‍ച്ച ഓരോ കേരളീയന്റേയും മനസ്സില്‍ തീ കോരിയിടുന്നതാണ്.

ജൂണ്‍ പിറന്നതോടെ സ‌മൃദ്ധമായ മഴ നമുക്ക് ലഭിച്ച് തുടങ്ങി.22 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും സ‌മൃദ്ധമായ മഴപ്പെയ്ത്ത് എന്ന് കാലാവസ്ഥാനിരീക്ഷകര്‍ സാക്ഷ്യം വഹിച്ച മഴ നമുക്ക് ലഭിച്ചു. പക്ഷേ അപ്പോഴേക്കും കഴിഞ്ഞ മൂന്ന് മാസം നാം അനുഭവിച്ച വരള്‍ച്ചാകെടുതികള്‍ വിസ്മൃതിയിലേക്കാണ്ടു.പെയ്യുന്ന മഴ ഭൂമിയില്‍ താഴാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച മനസ്സുകള്‍ വളരെ വളരെ വിരളമാണ്.പെയ്ത മഴയുടെ ഭൂരിഭാഗവും എവിടെയും തങ്ങി നില്‍ക്കാതെ കടലില്‍ എത്തിച്ചേരുകയും ചെയ്തു.വെള്ളം കണ്മുമ്പിലൂടെ ഒഴുകിപ്പോകുമ്പോള്‍ അത് പാഴായിപ്പോകുന്നതിന്റെ വേദന ഒരു കേരളീയനും അനുഭവിക്കുന്നില്ല.


 കര്‍ണ്ണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന എന്റെ മാനന്തവാടിയിലെ സുഹൃത്ത് പവിത്രേട്ടന്റെ വാക്കുകള്‍ ആണ് നമ്മുടെ ഓരോ മഴയിലും എന്റെ കാതില്‍ ഇരമ്പുന്നത്.അത് ഇത്ര മാത്രമായിരുന്നു - “ ഈ മഴ കര്‍ണ്ണടകയില്‍ ആയിരുന്നു ലഭിച്ചതെങ്കില്‍ അവര്‍ ഭൂമിയില്‍ സ്വര്‍ണ്ണം വിളയിക്കുമായിരുന്നു.“ വളരെ അര്‍ഥപൂര്‍ണ്ണമായ , അനുഭവത്തില്‍ നിന്നുള്ള ആ സാക്ഷ്യം നാം ഗൌനിക്കുന്നേ ഇല്ല.

പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോഴും പ്രകൃതി കലി തുള്ളുമ്പോഴും അതേപറ്റി ചിന്തിക്കാനും സംസാരിക്കാനും വളരെ കുറച്ച് പേര്‍ മാത്രമേ ഇന്നും മുന്നോട്ട് വരുന്നുള്ളൂ എന്നത് , ഭൌതിക-ബൌദ്ധിക നിലവാരങ്ങളില്‍ ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന കേരളത്തിന്റെ ദുരവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഒരൊറ്റ മാസത്തെ ഇടവേളയില്‍ കഠിനമായ വരള്‍ച്ചയും പേമാരിയും മാറി മാറി അനുഭവിച്ചിട്ടും നമ്മുടെ കണ്ണുകള്‍ പ്രകൃതിയിലേക്ക് തുറക്കാന്‍ മടിക്കുന്നു.ഇതിന് നാം നല്‍കേണ്ട വില ഒരു പക്ഷേ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് തന്നെയായിരിക്കും എന്നത് ഒരു താക്കീതായി നമ്മുടെ മുമ്പിലുണ്ടാകട്ടെ.

Saturday, July 20, 2013

സമ്പത്തിന്റെ ശുദ്ധീകരണം

റമളാന്‍ വ്രതാനുഷ്ടാനത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്നു.എന്നാല്‍ അതോടൊപ്പം തന്നെ ശുദ്ധീകരിക്കപ്പെടേണ്ട ഒന്നാണ് ഒരു വിശ്വാസിയുടെ സമ്പത്തും. നമ്മുടെ കയ്യിലുള്ള സമ്പത്ത് യഥാര്‍ത്ഥത്തില്‍ നമ്മുടേതാണോ? ഒന്നാലോചിക്കേണ്ട വിഷയമാണത്.

ജനിച്ചു വീഴുമ്പോള്‍  സമ്പാദ്യം എന്ന് പറയാവുന്ന എന്തെങ്കിലും നമുക്ക് ഉണ്ടായിരുന്നോ? അടച്ചു പിടിച്ച കയ്യുമായല്ലേ നാം എല്ലാവരും ജനിച്ചു വീണത്? പിന്നീട് ഹ്രസ്വമായ ജിവിതത്തിലൂടെ പലതും നാം സമ്പാദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും  നാം മരിച്ചുപോകുമ്പോള്‍ അതിലെന്തെങ്കിലും നമ്മുടെ കൂടെ കൊണ്ടുപോകാന്‍ സാധിക്കാറുണ്ടോ?എത്ര സമ്പന്നനായാലും മരിച്ചു കഴിഞ്ഞാല്‍ ഒരു സമ്പാദ്യവും കൊണ്ടുപോകാന്‍ സാധിക്കില്ല.എന്നു വച്ചാല്‍ സമ്പത്ത് ദൈവത്തിന്റേതാണ്.നാം ഓരോരുത്തരും കുറച്ചു കാലത്തേക്ക് അത് കൈകാര്യം ചെയ്യുന്നു എന്ന് മാത്രം.

അതിനാല്‍ നമ്മുടെ കൈകാര്യകര്‍തൃത്വത്തിലുള്ള സമ്പാദ്യത്തില്‍ നിന്നും നാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്തേ പറ്റൂ.ദാനധര്‍മ്മങ്ങള്‍ ഒരിക്കലും ഒരാളുടെ സമ്പാദ്യത്തെ കുറക്കുന്നില്ല.പരിശുദ്ധ ഖുര്‍‌ആനില്‍ അധ്യായം അല്‍ബഖറ 261-ആം സൂക്തത്തില്‍ പറയുന്നു.
“അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, ഒരു ധാന്യമണി പോലെയാകുന്നു.ആ ധാന്യമണി മുളച്ച് അതിന്റെ ചെടിയില്‍ ഏഴ് കതിര്‍കുലകള്‍ ഉണ്ടാകുന്നു.ഓരോ കുലയിലും 100 വീതം ധാന്യമണിയുണ്ടാകുന്നു.”

അതായത് ദൈവമാര്‍ഗ്ഗത്തില്‍  ധനം ചെലവഴിക്കുന്നവന് അത് കൂടുതല്‍ ഇരട്ടിയായി ദൈവം തിരിച്ച് നല്‍കുന്നു.ദൈവമാര്‍ഗ്ഗത്തില്‍ എന്ന് പറയുമ്പോള്‍ ആ ധനത്തിന് അര്‍ഹരായവര്‍ക്ക് എന്ന നിലയിലാണ്.അല്ലാതെ ദൈവികഭവനങ്ങള്‍ക്ക് വേണ്ടി എന്ന് മാത്രമല്ല എന്ന് ഓര്‍മ്മിക്കുക.

റമളാന്‍ മാസത്തില്‍ സക്കാത്ത് നല്‍കുന്നതും സമ്പത്തിന്റെ ശുദ്ധീകരണ പ്രക്രിയക്കാണ് . മറ്റുള്ളവരുടെ അവകാശം തന്റെ ധനത്തില്‍ ഒട്ടും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.ആ അവകാശം അതിന്റെ അവകാശികള്‍ക്ക് നല്‍കാനാണ് സക്കാത്ത് എന്ന കര്‍മ്മം നിര്‍ബന്ധമാക്കിയത്. ഇന്നത്തെ അവസ്ഥയില്‍ സക്കാത്ത് നല്‍കാനുള്ള ധാരാളം പേര്‍ ഉണ്ടെങ്കിലും അത് ഗൌരവമായി ഗൌനിക്കാത്തത് കാരണം പാവപ്പെട്ടവര്‍ സമൂഹത്തില്‍ കൂടിക്കൊണ്ടേ ഇരിക്കുന്നു.സമൂഹത്തിലൂടെയുള്ള  സമ്പത്തിന്റെ സുഗമമായ ഒഴുക്കാണ് യഥാര്‍ത്ഥത്തില്‍ സക്കാത്തിലൂടെ ലക്ഷ്യമിടുന്നത്.അത് സാധ്യമായാല്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കുറയും.ക്രമേണ അങ്ങനെ ഒരു വേര്‍തിരിവ് തന്നെ ഇല്ലാതാകും.അതിനുള്ള ഒരു ശ്രമം ഈ പരിശുദ്ധ മാസത്തില്‍ എല്ലാവരും ആരംഭിച്ചെങ്കില്‍ എന്ന് ആശിക്കുന്നു.

Friday, July 19, 2013

കാട്ടിലേക്കുള്ള ബസ്

 ബസ്സില്‍ കയറിയ നമ്പൂരി കേട്ടത്...
യാത്രക്കാരന്‍ 1 : ഒരു ചീനിച്ചുവട്
യാത്രക്കാരന്‍ 2 :ഒരു ആല്‍ത്തറ
യാത്രക്കാരന്‍ 3 :ഒരു പ്ലാമൂട്
ഉടന്‍ നമ്പൂരി: നിക്ക...നിക്ക്വാ....നോം ഇറങ്ങട്ട്....ഇത് കാട്ടിലേക്കുള്ള ബസ്സാന്ന് നോം നിരീച്ചില  !!!


Thursday, July 18, 2013

മലയാളിയും മദ്യപാനവും.

മഴയും വെയിലും കൂസാതെ എത്ര നേരം വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ മലയാളികള്‍ തയ്യാറാണ്.മുമ്പില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എന്ന ഒരു ബോര്‍ഡും കടക്കകത്ത് ഭംഗിയുള്ള കുപ്പികളില്‍ സാധനവും ഉണ്ടായിരിക്കണം എന്ന് മാത്രം.മറ്റെവിടെയും ക്യൂ നില്‍ക്കുമ്പോള്‍ മാന്യത അതിരു വിടുന്ന മലയാളിക്ക് ഇവിടെ ക്യൂ നില്‍ക്കുമ്പോള്‍ വല്ലാത്ത മാന്യതയാണ്. (അടിച്ചതിന് ശേഷം മിക്കവര്‍ക്കും മാന്യത ഇല്ലാതാകുന്നതും ഇതു കൊണ്ടാകാം). കാശ് കൊടുത്ത് മദ്യം വാങ്ങാന്‍ ഇത്രയും യാതനകള്‍ സഹിക്കുന്ന ഒരു സമൂഹം ലോകത്തിലെവിടെയെങ്കിലും ഉണ്ടോ എന്നും സംശയമാണ്.

(രീതി....മക്കാനകോനമറ)
മദ്യം മോന്തിക്കുടിച്ച് ബുദ്ധി മാന്ദ്യം ഭവിച്ച
ബദ്ധം വരുത്തിടുന്നോരെ....
ബുദ്ധികൊടുത്തു ചിന്ത വേറെ വരുത്തിവിന
കാണേണം പൊന്നുസോദരേ.....

എന്റെ കുട്ടിക്കാലത്ത് എസ്.ഐ.ഒ എന്ന സംഘടന ഇറക്കിയിരുന്ന കാസറ്റിലെ ഒരു പാട്ടിന്റെ തുടക്കമാണീത്.യഥാര്‍ത്ഥത്തില്‍ സ്വന്തം അധ്വാനിച്ച  കാശ് കൊടുത്ത് മാരക രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഈ പ്രവണത സംസ്കാര സമ്പന്നനായ മലയാളിയിലേക്ക് എങ്ങനെ എത്തി എന്ന് ആലോച്ചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.ഓരോ വര്‍ഷവും വിവിധ മതാഘോഷങ്ങളോടനുബന്ധിച്ചും പുതുവര്‍ഷത്തോടനുബന്ധിച്ചും കേരളം മോന്തുന്ന മദ്യത്തിന്റെ കണക്ക് ഭയാനകമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു.യുവാക്കള്‍ക്കിടയില്‍ പുകവലി ശീലം കുറഞ്ഞപ്പോള്‍ മദ്യപാന ശീലം വര്‍ദ്ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.തല്‍ഫലമായി കാന്‍സറും ഹൃദ്രോഗവും ലിവര്‍സീറൊസിസും മറ്റ് മാരകരോഗങ്ങള്‍ക്കും അടിമകളാകുന്ന യുവാക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.

വേദനകളില്‍ നിന്നും ടെന്‍ഷനുകളില്‍ നിന്നും മുക്തി നേടാനാണ് സ്ഥിരം മദ്യപാനികളായവര്‍ പലരും ഇതുപയോഗിക്കുന്നത് എന്ന് പറയുന്നു.യഥാര്‍ത്ഥത്തില്‍ നൈമിഷികമായ ഒരു ലഹരി മാത്രമേ മദ്യം നല്‍കുന്നുള്ളൂ.ആ ലഹരിയില്‍ ഇത്തരം ചിന്തകള്‍ നമ്മളില്‍ നിന്നും അകലും എന്നത് തീര്‍ച്ചയാണ്.നല്ലൊരു സുഹൃത്തുമായി ഇത്തരം വേദനകള്‍ പങ്കു വച്ചാല്‍ തന്നെ അവ അലിഞ്ഞ് ഇല്ലാതായി തീരും .ആ നല്ല സുഹൃത്താണ് എനിക്ക് മദ്യം എന്ന് പറയുന്ന മദ്യപന്മാരും ഉണ്ട്.നല്ല ഒരു സുഹൃത്ത് ഒരിക്കലും നമ്മെ അപകടത്തില്‍ കൊണ്ടെത്തിക്കില്ല എന്ന മിനിമം ചിന്തയെങ്കിലും ഉണ്ടെങ്കില്‍ ഈ പാഴ്വാക്ക് ആരും പറയില്ല.

കലാകാരന്മാരിലാണ് മദ്യാസക്തി ഏറ്റവും കൂടുതലായിക്കാണുന്നത്.മലയാളത്തിലെ നല്ലൊരു  സംവിധായകന്‍ ആയ ശ്രീ. പ്രിയനന്ദനന്‍ ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിലൂടെ ‘മുഴുവന്‍ മലയാളികളും വായിക്കാന്‍’ എന്ന തലക്കെട്ടോടെ ഒരു തുറന്ന് പറയല്‍ നടത്തി.ആ വായനയും അതേ ദിവസം എന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു മരണവും ആണ് മദ്യത്തെപറ്റി വീണ്ടും ഒരു ഉത്ബോധനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു കലാകാരന്‍ ഇത്തരം ഒരു തുറന്ന് പറയല്‍ നടത്തുമ്പോള്‍ തീര്‍ച്ചയായും യുവാക്കള്‍ക്കിടയില്‍ അതൊരു ചലനം സൃഷ്ടിച്ചേക്കാം.പ്രത്യേകിച്ചും കാമ്പസ്സുകളില്‍ മദ്യത്തിനെതിരെ ഒരു ശക്തമായ മുന്നേറ്റം അനിവാര്യമാണ്.ശ്രീ. പ്രിയനന്ദനനെപ്പോലുള്ള കലാകാരന്മാര്‍ അതിന് മുന്നിട്ടിറങ്ങിയാല്‍ കേരളയുവത്വത്തെ ബാധിച്ച മഹാവിപത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമം നടത്തി നോക്കാം.കേരളം മുഴുവന്‍ പ്രകമ്പനം കൊള്ളിപ്പിക്കുന്ന ഒരു കുലുക്കമായി മാറിയേക്കാവുന്ന അതിന്റെ പ്രഭവകേന്ദ്രം എന്റെ കോളേജ് തന്നെയായാല്‍ എല്ലാ പിന്തുണയും സഹായസഹകരണവും നല്‍കാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഊര്‍ജ്ജസ്വലരായ എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സദാ തയ്യാര്‍.

Wednesday, July 17, 2013

വ്രതാഹാരത്തില്‍ ചെറിയൊരു ശ്രദ്ധ


മുസ്ലിംങ്ങള്‍ റമളാന്‍ മാസത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആരാധനാകര്‍മ്മങ്ങളില്‍ മുഴുകി മനസ്സും ദേഹവും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വ്രതം എന്ന് പറയാം.പക്ഷേ വ്രതകാലത്ത് പലരും ശ്രദ്ധിക്കാത്തത് നോമ്പ് തുടങ്ങുമ്പോഴും തുറക്കുമ്പോഴും  ഉള്ള ഭക്ഷണക്രമമാണ്.

നോമ്പ് കാലത്ത് ശരിയായ ഒരു ആഹാരക്രമം ഉണ്ടായിരിക്കണം.വ്രതം ആരംഭിക്കുന്നത് സുബഹി ബാങ്കോടെ അതിരാവിലെയാണ്.അവസാനിക്കുന്നത് മഗ്‌രിബ്  ബാങ്കോടെ സന്ധ്യക്കും.ഈ രണ്ട് നേരവും മൂക്കറ്റം തിന്നുന്ന ഒരു പ്രവണതയാണ് പലരിലും കാണുന്നത്. എന്നാല്‍ ഈ രണ്ട് സമയത്തും ലഘുവായ ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതാണ് സത്യം.

വ്രതാരംഭത്തില്‍ ചോറ്,കഞ്ഞി,ഇലക്കറികള്‍ എന്നിവയും ചെറുപഴവും കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.ഇറച്ചിയും മത്സ്യവും നോമ്പ് തുടങ്ങുന്ന അതിരാവിലെ സമയത്ത് ഒഴിവാക്കുക.നോമ്പ് അവസാനിപ്പിക്കുമ്പോള്‍ കാരക്ക തന്നെ ഏറ്റവും ഉത്തമം.കാരണം അയേണ്‍ ധാരാളം അടങ്ങിയ കലോറി മൂല്യമുള്ള പഴമാണ് കാരക്ക.ഉണങ്ങിയ കാരക്ക ഓരോ നാഡിയേയും നനച്ച് ഉത്തേജനം നല്‍കും എന്നതിനാല്‍ അതും വളരെ നല്ലതാണ്.ശേഷം വെള്ളം കുടിക്കാം.പഴങ്ങള്‍ ജ്യൂസ് ആക്കുന്നതിലും നല്ലത് അതുപോലെ കഴിക്കുന്നതാണ്. റവ കൊണ്ടുള്ള തരിക്കഞ്ഞി എന്ന നേര്‍ത്ത പായസവും, കൂവത്തളിയും ഉത്തമമാണ്.

നാരങ്ങവെള്ളവും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും നോമ്പ് തുറക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമായിട്ടുണ്ട്. നാരങ്ങവെള്ളം  വയറില്‍ അസിഡിറ്റി കൂട്ടും.എണ്ണക്കടികളാകട്ടെ ആമാശയ ശുദ്ധീകരണത്തെ തടയും. 

ദീര്‍ഘനേരത്തേക്ക് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ആമാശയവും അനുബന്ധ അവയവങ്ങളും വിശ്രമത്തില്‍ ആയിരിക്കുന്നതിനാല്‍ വേണ്ടത്ര ദഹനരസം ഉല്പാദിപ്പിക്കപ്പെടില്ല. അതിനാല്‍ നോമ്പ് കാലത്ത് ദഹനപ്രക്രിയ  താറുമാറാകാന്‍ സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ബിരിയാണി , പൊറൊട്ട എന്നിവ നോമ്പ് തുറക്കുന്ന സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പത്തിരി നല്ലതാണ്. 
 
ഭക്ഷണത്തില്‍ പഴങ്ങളും വേവിച്ച പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. ഇങ്ങനെ ശ്രദ്ധിച്ചാല്‍ നോമ്പ് നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കുകയില്ല , പകരം പുഷ്ടിപ്പെടുത്തും എന്ന് തീര്‍ച്ച.

എക്സ്‌മിലിട്ടറി കാറ് !!!

നാട്ടില്‍ ഫുട്‌ബാള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന സമയം.വാഹന പാര്‍ക്കിംഗ് ലേലത്തിലെടുത്തത് പോക്കരാക്കയായിരുന്നു.വരുന്ന വാഹനങ്ങള്‍ക്ക് എന്‍‌ട്രി പോയിന്റില്‍ തന്നെ കൈ കാട്ടി പാര്‍ക്കിംഗ് ഫീ വാങ്ങി റെസീപ്റ്റ് കൊടുത്ത് കൊണ്ടിരുന്നു. അതിനിടെ ഒരു മാരുതി ആല്‍ട്ടൊ എത്തി.പോക്കരാക്ക കൈ കാട്ടി കാര്‍ നിര്‍ത്തിച്ചു.
പോക്കരാക്ക: പാര്‍ക്കിംഗ് ഫീസ്
കാര്‍ ഉടമ: ഞാന്‍ എക്സ്‌മിലിട്ടറിയാ
പോക്കരാക്ക: ആഹാ നന്നായി....അപ്പോ പാര്‍ക്ക് ചെയ്യുന്നത് സാറോ കാറോ?
കാര്‍ ഉടമ: കാറ് തന്നെ
പോക്കരാക്ക: അതും നന്നായി....സാറ് എക്സ്‌മിലിട്ടറിയാണെങ്കിലും പാര്‍ക്ക് ചെയ്യാ‍ന്‍ പോകുന്ന കാറ് എക്സ്‌മിലിട്ടറിയല്ലല്ലോ....ഹും എടുക്കെടോ പാര്‍ക്കിംഗ് ഫീസ് ....പോക്കരാക്കയോടാ നിന്റെ കളി...

Saturday, July 13, 2013

മാനന്തവാടിയിലൂടെ.....4

അന്ന് രാത്രി എനിക്ക് ഭക്ഷണം ഒരുക്കിയിരുന്നത് പവിത്രേട്ടന്റെ വീട്ടിലായിരുന്നു.മാനന്തവാടിയില്‍ ഉണ്ടായിരുന്ന കാലത്തേതിനേക്കാളും ഇന്നാണ് ഞാനും പവിത്രേട്ടനും കൂടുതല്‍ അടുത്തത് എന്ന് വേണമെങ്കില്‍ പറയാം.അത് ഒരു പക്ഷേ എന്റെ സല്‍‌പേരിന് വേണ്ടി പവിത്രേട്ടന്‍ തന്നെ മന:പൂര്‍വ്വം ചെയ്തതായിരിക്കാം.എന്നാലും അന്നും എന്നെ ഇടക്കിടക്ക് പവിത്രേട്ടന്റെ വീടിന് മുന്നിലെ ഗോഡൌണില്‍ വിളിച്ചിരുത്താറുണ്ടായിരുന്നു.
ഒരു ബന്ധുവിനെ കാണാന്‍ കൂത്തുപറമ്പില്‍ പോയതിനാല്‍ രാത്രി വൈകിയാണ് പവിത്രേട്ടന്‍ മാനന്തവാടിയില്‍ എത്തിയത്.ഒരു ഓട്ടോ പിടിച്ച് നേരെ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി എന്നെ പിക്ക് ചെയ്ത് കണിയാരത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടു.
പോകുന്ന വഴിയില്‍ ഞാന്‍ മോളുടെ തുറമാങ്ങാ ആഗ്രഹം പവിത്രേട്ടന്റെമുന്നിലും അവതരിപ്പിച്ചു. ഇതിനെപറ്റി വലിയ വിവരം ഇല്ലെങ്കിലും ആരോ അടുത്ത കാലത്ത് അതിനെ പറ്റി പറഞ്ഞത് പവിത്രേട്ടന്‍ ഓര്‍മ്മിച്ചു.പവിത്രേട്ടന്‍ ഒരു കാര്യം ഏറ്റെടുത്താല്‍ അത് എങ്ങനെയങ്കിലും സാധിച്ചു തരും എന്നതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചില്ല.എങ്കിലും വെറുതെ ഓട്ടോഡ്രൈവറോട് ഒരു ചോദ്യമിട്ടു.
“തുറമാങ്ങ എവിടെ കിട്ടും?”
“അധികം വേണോ?” ഓട്ടോഡ്രൈവറുടെ മറുചോദ്യം.
“ഒരു അരക്കിലോ...ഒരു കിലോ...” എന്റെ നേരെ നോക്കി പവിത്രേട്ടന്‍ പറഞ്ഞു.
“രണ്ടോ മൂന്നോ എണ്ണം മതിയെങ്കില്‍ ഞാന്‍ കൊണ്ടു തരാം...!!”
“നിങ്ങളുടെ വീട് എവിടെയാ?”
“2/4” (മാനന്തവാടിയില്‍ ഇത്തരം സ്ഥലപ്പേരുകള്‍ ധാരാളം)
“അവിടെ നിന്ന് എങ്ങനെ ഇവിടെ എത്തിക്കും?”
“അത് പ്രശ്നമില്ല്ല...എവിടെ കൊടുക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി...ഞാന്‍ അവിടെ എത്തിക്കാം...”
2/4 എന്ന സ്ഥലം മാനന്തവാടിയില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ പറഞ്ഞു - ബുദ്ധിമുട്ടില്ലെങ്കില്‍ അസ്‌ബി ഹോട്ടലിന്റെ കൌണ്ടറില്‍ ഏല്പിച്ചാല്‍ മതി.
“ശരി...എന്റെ ഫോണ്‍ നമ്പറ് എഴുതിക്കോളൂ...” ഫോണ്‍ നമ്പറും തന്ന് ഞങ്ങളെ യഥാസ്ഥാനത്തിറക്കി അദ്ദേഹം പോയി.
പിറ്റേന്ന് രാവിലെത്തന്നെ ഞാന്‍ മാര്‍ക്കറ്റില്‍ ഒന്ന് പോയി നോക്കി.അവിടെ പച്ചക്കറി കടകളില്‍ ഞാന്‍ അന്വേഷിച്ചു നടക്കുന്ന തുറമാങ്ങ തൂങ്ങുന്നു - ഒന്നിന് 20 രൂപ.ഞാന്‍ രണ്ടെണ്ണം വാങ്ങി.ശേഷം കോളേജില്‍ പോയി.ഉച്ചക്ക് റൂം വെക്കേറ്റ് ചെയ്യാനായി എത്തിയപ്പോള്‍ കൌണ്ടറില്‍ എന്നെ കാത്ത് ഒരു പൊതി!തുറന്ന് നോക്കിയപ്പോള്‍ 7 തുറമാങ്ങ!!
ഒരു രാത്രിയിലെ ആ ചെറിയ യാത്രക്കിടയില്‍ ഉണ്ടായ ബന്ധത്തില്‍ ആ ഓട്ടോഡ്രൈവര്‍ കാണിച്ച സ്നേഹം ആ പഴമൊഴി ഓര്‍മ്മിപ്പിച്ചു - നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം.

(അവസാനിച്ചു)

ഒരു ഉത്ബോധനം


ഇന്നലെ ഈ വര്‍ഷത്തെ റമളാന്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച.കഴിഞ്ഞ വെള്ളിയാഴ്ച യാത്രയില്‍ ആയതിനാല്‍ ജുമുഅ ഖുതുബ (വെള്ളിയാഴ്ചയിലെ ഉത്ബോധന പ്രസംഗം) നഷ്ടപ്പെട്ടതിനാലും റമളാന്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ആയതിനാലും ഞാന്‍ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടു.മുന്നിലെ ആദ്യ നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു.


പ്രസംഗം തുടങ്ങി.ഖതീബ് (പ്രാസംഗികന്‍) സാവധാനം റമളാനിന്റെ ഓരോ പത്ത് ദിവസങ്ങളുടേയും സവിശേഷതകളെപറ്റി പറഞ്ഞു.ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിന്റേതും   രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റേതും ആണെന്ന് സാമാന്യമായി പറഞ്ഞു.


അതിനാല്‍ ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കണം.പക്ഷേ .. ദൈവത്തോട് കാരുണ്യത്തെ തേടുമ്പോള്‍ സ്വയം നാമും ഒന്ന് ചിന്തിക്കണം - നാം മറ്റുള്ളവരോട് കരുണ കാണിക്കുന്നുണ്ടോ?നിന്റെ വൃദ്ധരായ മാതാപിതാക്കളോട് നീ കരുണ കാണിക്കുന്നുണ്ടോ , അതോ അവരെ വൃദ്ധസദനത്തിലാക്കിയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?നിന്റെ സഹോദരീ സഹോദരന്മാരിലും ബന്ധുക്കളിലും രോഗികളും ഭിന്നശേഷിയുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും ഇല്ലേ? അവരെ നോക്കേണ്ട ബാധ്യത മാറ്റിവച്ചാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?നിന്റെ അയല്‍‌വാസികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്ലേ? അവരോട് കരുണ കാണിക്കാതെയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?നിന്റെ ചുറ്റും മിണ്ടാപ്രാണികളായ എത്രയോ ജന്തുക്കള്‍ വസിക്കുന്നില്ലേ?അവരോട് കരുണ കാണിക്കാതെയാണോ നീ ദൈവത്തിന്റെ കാരുണ്യത്തിന് കൈ നീട്ടുന്നത്?

രണ്ടാമത്തെ പത്തില്‍ താന്‍ ചെയ്ത മലയോളം വരുന്ന പാപങ്ങള്‍ വിട്ടു പൊറുത്ത് മാപ്പാക്കിത്തരാനാണ് പ്രാര്‍ത്ഥന.പക്ഷേ.... ദൈവത്തോട് പാപമോചനം  തേടുമ്പോള്‍ സ്വയം നാമും ഒന്ന് ചിന്തിക്കണം - നാം മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ?നിന്റെ മുഴുവന്‍ പാപങ്ങളും പൊറുത്ത് തരാന്‍ ആവശ്യപ്പെടുന്ന അതേ സമയത്ത് നിന്റെ അയല്‍‌വാസി ഒരിഞ്ച് ഭൂമി വിട്ടുതരാന്‍ പറഞ്ഞത് നീ കേട്ടില്ലെന്ന് നടിക്കുന്നോ? നിന്റെ സഹോദരങ്ങള്‍ കടമായി വാങ്ങിയ പണം തിരികെ ലഭിക്കാന്‍ നീ ധൃതി കൂട്ടുന്നോ? ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നിനക്ക് ദൈവത്തോട് പാപം വിട്ടുപൊറുത്ത് തരാന്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ടോ?


പ്രസംഗം കഴിഞ്ഞപ്പോള്‍ പലരും സ്വയം ചിന്തിച്ചിരിക്കും എന്ന് എനിക്കുറപ്പാണ്. മനുഷ്യബന്ധങ്ങള്‍ നിലനിര്‍ത്തി ദൈവത്തോട് കൂടുതല്‍ പ്രാര്‍ത്ഥിക്കുക.തീര്‍ച്ചയായും അതിലൂടെ ഈ റമളാന്‍ മാസം ഒരു മാറ്റം സൃഷ്ടിക്കുക തന്നെ ചെയ്യും.ദൈവം സഹായിക്കട്ടെ , ആമീന്‍.

Friday, July 12, 2013

മാനന്തവാടിയിലൂടെ.....3

അടുത്തതായി കാണാനുള്ളത് എന്റെ വൈഫിന്റെ സഹപാഠിയുടെ ഭര്‍ത്താവിനെയായിരുന്നു. മാനന്തവാടിയില്‍ താമസിച്ചിരുന്ന കാലത്ത് ഒരു നേരം പോക്കിനായി പഠിച്ച കമ്പ്യൂട്ടര്‍ കോഴ്സ് വൈഫിന് സമ്മാനിച്ച ഒരു സുഹൃത്തായിരുന്നു ഡെല്‍ജി . ഫോണിലൂടെ അവര്‍ തുടര്‍ന്നും സൌഹൃദം തുടര്‍ന്നിരുന്നു.ഒരു തവണ ഞങ്ങള്‍ കുടുംബ സമേതം അവരുടെ വീട്ടില്‍ പോവുകയും ചെയ്തിരുന്നു.പക്ഷേ അല്പ കാലമായി അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാത്തതിനാല്‍ ബന്ധം അറ്റുപോയി.പിന്നീട്  കയ്യിലുള്ള നമ്പറില്‍ പല തവണ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല.

മാനന്തവാടി ടൌണില്‍ ഡെല്‍ജിയുടെ ഭര്‍ത്താവിന് ഒരു ചെറിയ കട ഉണ്ടായിരുന്നു. റെഡിമേഡും മറ്റും വില്‍ക്കുന്ന ഒരു ഒറ്റമുറിക്കട.’ഹരിത’ എന്നായിരുന്നു അന്ന് ആ കടയുടെ പേര്.ആ കട സന്ദര്‍ശിച്ച് ഡെല്‍ജിയുടെ നമ്പര്‍ സംഘടിപ്പിക്കണം എന്നായിരുന്നു ഭാര്യക്ക് എന്നോടുള്ള ഒരേയൊരു ആവശ്യം.കട എനിക്ക് അറിയുന്നതിനാല്‍ ഞാന്‍ അതേറ്റു.

പിറ്റേ ദിവസം വൈകിട്ട് ഞാന്‍ മാനന്തവാടി ടൌണിലൂടെ നടക്കാന്‍ തുടങ്ങി.ആദ്യം എന്റെ സുഹൃത്തായ ബ്ലോഗര്‍ റഫീക്കിനെ കാണാനായിരുന്നു ശ്രമം.പക്ഷേ അദ്ദേഹം കടയില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ പറ്റിയില്ല.പിന്നെ ഭാര്യയുടെ ആവശ്യം നിറവേറ്റാം എന്ന് കരുതി ‘ഹരിത’ ലക്ഷ്യമാക്കി നടന്നു. അദ്ദേഹത്തിന്റെ മുഖം എനിക്ക് ഒട്ടും ഓര്‍മ്മയില്ലാത്തതിനാല്‍ വീട്ടിലേക്ക് വിളിച്ച് മനസ്സില്‍ ഞാന്‍ ഒരു രേഖാചിത്രം നിര്‍മ്മിച്ചു.

എന്നാല്‍ മാനന്തവാടി ഗാന്ധിപാര്‍ക്കിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടും ‘ഹരിത’യെ മാത്രം കണ്ടില്ല.ഏകദേശം അത് നിന്നിടത്ത് ഒരു കടയുടെ ബോര്‍ഡില്‍ ‘കട കാലിയാക്കല്‍’ ഫ്ലക്സ് തൂങ്ങുന്നുണ്ടായിരുന്നു.ഞാന്‍ അന്വേഷിക്കുന്ന ആളിന്റെ പേര് എനിക്കറിയാത്തതിനാലും മനസ്സിലെ രേഖാചിത്രവുമായി മാച്ച് ചെയ്യുന്ന ഒരു മുഖം ഏകദേശം കാലിയായ ആ കടയില്‍ ഇല്ലാത്തതിനാലും ഞാന്‍ നിരാശനായി.അല്പ സമയം കൂടി കാത്ത് നില്‍ക്കാന്‍ അപ്പോള്‍ ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചു.മന്ത്രപ്രകാരം നേരെ എതിര്‍ഭാഗത്തുള്ള മില്‍മ ബൂത്തിന് മുമ്പില്‍ ഞാന്‍ നിന്നു.

അപ്പോഴാണ് അവിടെ ചില ഓട്ടോഡ്രൈവര്‍മാരും ഒരു പരിചിതമുഖവും സംസാരിച്ചു നില്‍ക്കുന്നത് കണ്ടത്.നേരെ ചെന്ന് മുട്ടാന്‍ എന്റെ ധൈര്യം സമ്മതിക്കാത്തതിനാല്‍ ആ സംസാരം കഴിയാന്‍ വേണ്ടി  കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ആ നിമിഷം തന്നെ ആ പരിചിതമുഖം സംസാരം നിര്‍ത്തി നേരത്തെ പറഞ്ഞ ‘കാലിയാക്കല്‍ കട‘യിലേക്ക് ഓടിക്കയറി.ഞാന്‍ അന്വേഷിക്കുന്ന ആള്‍ കൂട്ടില്‍ കയറിയ സന്തോഷത്തോടെ ഞാനും അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു.

എന്നെ കണ്ടതും അദ്ദേഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു!അദ്ദേഹത്തിന്റെ മുഖം മറന്ന് പോയ എന്നെ ഞാന്‍ സ്വയം കുറ്റപ്പെടുത്തി.ഞങ്ങളുടെ ഭാര്യമാര്‍ ആണ് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചത് എന്നതിനാല്‍ സംസാര വിഷയം കൂടുതലും വീട്ടുകാരികളെപറ്റിയും കുട്ടികളെപറ്റിയും ആയിരുന്നു.ഒടുവില്‍ എന്റെ ഭാര്യയുടെ നമ്പര്‍ ഡെല്‍ജിക്ക് നല്‍കാമെന്നും വിളിക്കാന്‍ പറയാമെന്നും അറിയിച്ച് ഞങ്ങള്‍ പിരിഞ്ഞു.അന്ന് രാത്രി തന്നെ ഡെല്‍ജി എന്റെ ഭാര്യയെ വിളിച്ച് അറ്റുപോയ സുഹൃബന്ധം പുന:സ്ഥാപിച്ചു.

(ബാക്കി അടുത്ത പോസ്റ്റില്‍....)

Thursday, July 11, 2013

മാനന്തവാടിയിലൂടെ.....2

അഞ്ച് വര്‍ഷം മുമ്പേ അത്യാവശ്യം വയസ്സുള്ള ഹംസക്കാക്ക് എന്നെ ഒരു വിധത്തിലും ഓര്‍മയുണ്ടാകില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.അതിനാല്‍ തന്നെ ഹംസക്കാക്ക് എന്നെ സ്വയം പരിചയപ്പെടുത്തുന്നതിനുള്ള റിഹേഴ്സല്‍ ഞാന്‍ മനസ്സില്‍ ഇട്ട് നടത്തി.അങ്ങനെ പറഞ്ഞിട്ടും മനസ്സിലായില്ലെങ്കില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗവും എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പയറ്റേണ്ട പതിനെട്ടാം അടവും ഞാന്‍ മനസ്സിലിട്ട് മനനം ചെയ്തു.സന്ധ്യ കഴിഞ്ഞതിനാല്‍ എന്റെ മനസ്സിലെ ആധി വീണ്ടും വര്‍ദ്ധിച്ചു.എങ്കിലും സകല ധൈര്യവും സംഭരിച്ച് ഞാന്‍ ഹംസക്കയുടെ കടയുടെ മുമ്പിലെത്തി.

തണുപ്പടിക്കാതിരിക്കാന്‍ തലയില്‍ ഒരു പച്ച തൊപ്പിയും ധരിച്ച് ഗൌരവമായി എന്തോ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്ന ഹംസക്ക, അല്പം മെലിഞ്ഞു പോയോ എന്ന് എനിക്ക് തോന്നി.ഏകാഗ്രതയോടെ ചെയ്യുന്ന ആ ജോലിക്കിടയില്‍ ഞാന്‍ ഒരു അശ്രീകരം ആയി മാറുമോ എന്ന ഭയം എന്റെ പാദങ്ങളെ നിശ്ചലമാക്കി.എന്നിരുന്നാലും ഒന്ന് ശ്രമിക്കാതെ പിന്മാറുന്നത് എനിക്ക് യോജിച്ചതല്ല എന്ന തിരിച്ചറിവില്‍ ഞാന്‍ ഹംസക്കയുടെ കടയിലേക്ക് കയറി.കാല്പെരുമാറ്റം കേട്ട ഹംസക്ക മെല്ലെ തല ഉയര്‍ത്തി നോക്കി.

ഹംസക്കയുടെ മുഖത്ത് ചോദ്യ ചിഹ്നത്തിന് പകരം ഒരു മന്ദഹാസം പരക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“അ...അസ്സലാമുഅലൈക്കും....മോന്‍ എപ്പോ വന്നു?” എന്റെ എല്ലാ മുന്‍‌വിധികളും തയ്യാറെടുപ്പുകളും വെള്ളത്തിലാക്കിക്കൊണ്ടുള്ള ഹംസക്കയുടെ സ്വീകരണത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി. അസുഖത്തെപറ്റി ഞാന്‍ ഹംസക്കയുടെ  മകനില്‍ നിന്നും അറിഞ്ഞതിനാല്‍ അതേപറ്റി ഒന്നും മിണ്ടണ്ട എന്ന് കരുതിയെങ്കിലും ഹംസക്ക തന്നെ അത് പങ്ക് വച്ചു.മകനെപ്പോലെ ഹംസക്കയും കുടുംബ വിവരങ്ങളും നാട്ടു വിശേഷങ്ങളും  മറ്റും എല്ലാം അന്വേഷിച്ചു.

അതിനിടയില്‍ എന്റെ വീട്ടില്‍ നിന്നും രണ്ടാമത്തെ മകള്‍ ഫോണില്‍ എന്നെ വിളിച്ച് പറഞ്ഞു.
“ഉപ്പച്ചീ....ഇന്നലെ സ്കൂളില്‍ ഭക്ഷണ സംസ്കരണത്തെപറ്റി ടീച്ചര്‍ പറഞ്ഞിരുന്നു...അതില്‍ തുറമാങ്ങയെപറ്റിയും പറഞ്ഞു...ഇന്ന് ഒരു കുട്ടി അത് കൊണ്ട് വരികയും ചെയ്തു....മാനന്തവാടിയില്‍ സുലഭമായി നമുക്ക് കിട്ടിയിരുന്ന ആ  തുറമാങ്ങ ഉപ്പച്ചി വരുമ്പോള്‍ കൊണ്ട് വരണം...”

“ശരി മോളെ...ഉപ്പച്ചി കൊണ്ട് വരാം...” എവിടെ കിട്ടും എന്ന് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നില്ലെങ്കിലും ഞാന്‍ അവളെ സമാധാനിപ്പിച്ചു.മുമ്പ് മൂത്തുമ്മായുടെ മകന് വേണ്ടി ഹംസക്ക തുറമാങ്ങ എന്റെ കൈവശം തന്നത് പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു.ഞാന്‍ ഹംസക്കയോട് തന്നെ അതേ പറ്റി ചോദിച്ചു.
“മാര്‍ക്കറ്റില്‍ കിട്ടും...പക്ഷേ അതത്ര കൊള്ളില്ല...മോന്‍ ഏതായാലും നാളെ ഒന്ന് വാ...ഞാന്‍ ഒന്ന് ശ്രമിക്കട്ടെ....” ഹംസക്കയുടെ മറുപടി എനിക്കും സമാധാനം നല്‍കി.

ഇനി അടുത്ത ദിവസം കാണേണ്ട ആളുടെ മുഖം പോലും എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിരുന്നതിനാലും ഇന്നത്തെ അനുഭവങ്ങളും ഇനി  ഒരു തയ്യാറെടുപ്പും നടത്തേണ്ട എന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചു.

(ബാക്കി അടുത്ത പോസ്റ്റില്‍....)

“ബ്ലോഗില്‍ ഇപ്പോള്‍ സജീവമല്ലേ?“

പണ്ട് വായിച്ചിരുന്നവരും ഇപ്പോള്‍ കണ്ടു മുട്ടുന്നവരും പിന്നെ പഴയ ബൂലോകസുഹൃത്തുക്കളില്‍ പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മേല്‍ പറഞ്ഞത്. ഞാന്‍ അന്നും ഇന്നും ബൂലോകത്ത് സജീവമായിത്തന്നെയുണ്ട്.പോസ്റ്റുകള്‍ ഇട്ട് എന്റെ വഴിക്ക് പോകാനേ ഇന്ന് പലപ്പോഴും സമയം കിട്ടാറുള്ളൂ എന്ന് മാത്രം.

മറ്റുള്ളവരെ വായിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ഖേദമുണ്ട് , കാരണം എന്നെ എഴുത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒരേ ഒരു ഘടകം മറ്റുള്ളവരുടെ പോസ്റ്റ് വായിക്കുക എന്നത് മാത്രമാണ്.പല പോസ്റ്റുകളുടേയും ലിങ്ക് മെയിലില്‍ ലഭിക്കുന്നതിനാല്‍ അവ എങ്ങനെയെങ്കിലും വായിച്ചു നോക്കാന്‍ ശ്രമിക്കാറുണ്ട്.കമന്റ് ചെയ്യുമ്പോള്‍ മിക്കവാറും പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ആ പണി അപ്പോള്‍  ഉപേക്ഷിക്കാറാണ് പതിവ്.എച്ച്മുവിന്റെ ഈ പോസ്റ്റ് ല്‍ കമന്റീടാന്‍ പല സിസ്റ്റങ്ങളില്‍ നിന്ന് ശ്രമിച്ചെങ്കിലും ഓരോന്നിനും ഓരോ തരം കുഴപ്പങ്ങള്‍.അവസാനം ഇന്നലെയാണ് അതില്‍ കമന്റാന്‍ സാധിച്ചത്.

ഇന്നലെ ചിന്തയും  ബൂലോകത്തെ എന്റെ സജീവതയെ അരക്കിട്ടുറപ്പിച്ചു.ഒരേ സമയം എന്റെ 7 പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്തുകൊണ്ട്.അതിനാല്‍ ഞാ ഹാപ്പിയാണ്...


ഹര്‍ത്താല്‍ ദിനത്തില്‍ ഒരു മാതൃകാ പ്രവര്‍ത്തനം
 ഹര്‍ത്താല്‍ തീരുമാനം പ്രഖ്യാപ്പിക്കുമ്പോളും ചില സമരപരിപാടികള്‍ കാണുമ്പോഴും  പലപ്പോഴും മനസ്സില്‍ തോന്നാറുണ്ട് , ഇവര്‍ക്ക് ഈ ഊര്‍ജ്ജം വല്ല ജനോപകാരപ്രദമായ കാര്യത്തിനും ഉപയോഗിച്ചു കൂടേ എന്ന്.പൊതുജനങ്ങളെ ശല്യം ചെയ്തു എന്ന ചീത്തപ്പേര് ലഭിക്കുന്നതിന് പകരം അന്ന് അവര്‍ ഉപകാരപ്രദമായ പ്രവര്‍ത്തനം നടത്തി എന്നെങ്കിലും പറയിപ്പിക്കാമല്ലോ.ബസ്‌സ്റ്റാന്റ് വൃത്തിയാക്കല്‍,ബസ് വെയ്റ്റിംഗ് ഷെഡ് പുതുക്കിപ്പണിയല്‍/നിര്‍മ്മിക്കല്‍ , ഡ്രെയിനേജ് നന്നാക്കല്‍,റോഡിലെ കുഴി അടക്കല്‍ എന്നിങ്ങനെ എത്രയോ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ ദിവസമായിട്ടും ഹര്‍ത്താല്‍ ദിനത്തില്‍ വഴി മുടക്കാനല്ലാതെ ഒരു സംഘടനയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്. 

എന്നാല്‍ ഇന്ന് മാതൃഭൂമി തൃശൂര്‍ എഡിഷനില്‍ കണ്ട ഒരു വാര്‍ത്ത എനിക്ക് ഏറെ സന്തോഷം  തരുന്നു.ആ വാര്‍ത്ത ഇതാ ഇവിടെ. 

രാഷ്ട്രീയവൈരം മറന്ന് കുഴിയടച്ചു; ജനം കയ്യടിച്ചുതൃപ്രയാര്‍ : സൗരോര്‍ജവിവാദം കത്തിക്കയറിയതോടെ നേരില്‍ കണ്ടാല്‍ കീരിയും പാമ്പുമാകുന്ന ഡി.വൈ.എഫ്.ഐ.ക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും എടമുട്ടം പാലപ്പെട്ടിയില്‍ ഒത്തുകൂടിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്. മുണ്ട് മടക്കിക്കുത്തി ഇരുകൂട്ടരും വിജനമായ ദേശീയപാതയിലേക്കിറങ്ങി. മെറ്റലും മണലും സിമന്‍റും കൂട്ടി അവര്‍ ദേശീയപാതയിലെ ചതിക്കുഴികള്‍ അടച്ചു. എല്‍.ഡി.എഫിന്റെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു അപൂര്‍വ്വസംഗമം. അപകടമേഖലയായ പാലപ്പെട്ടി വളവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കുമെല്ലാം ഇനി അപകടഭീതി കൂടാതെ യാത്രചെയ്യാം.

ഇരുസംഘടനകളുടെയും പാലപ്പെട്ടി യൂണിറ്റുകളാണ് ഹര്‍ത്താല്‍ദിനം ശ്രമദാനത്തിനായി മാറ്റിവെച്ചത്. എന്നും അപകടമുണ്ടാകുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്നതും ഇവരായിരുന്നു. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കുന്നതിന് മുന്നിലുണ്ടാകാറുള്ള യുവാക്കള്‍ ശ്രമദാനത്തിന് മുന്നിട്ടിറങ്ങിയത് രാഷ്ട്രീയം റോഡിന് പുറത്തുവെച്ചാണ്.

സിമന്‍റും മണ്ണും മെറ്റലും വാങ്ങാനുള്ള പണം ഇരുകൂട്ടരും ചേര്‍ന്നാണ് സമാഹരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ 25-ഓളം വരുന്ന യുവാക്കള്‍ റോഡിലിറങ്ങി. ഒന്നരയ്ക്ക് റോഡില്‍നിന്ന് കയറുമ്പോള്‍ പാലപ്പെട്ടി കിഴക്ക്, പടിഞ്ഞാറ് വളവ് മേഖലയിലെ 15-ഓളം കുഴികള്‍ അടഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡന്‍റ് സുമേഷ് പാനാട്ടില്‍, ഡി.വൈ.എഫ്.ഐ. പാലപ്പെട്ടി യൂണിറ്റ് സെക്രട്ടറി ഷാജഹാന്‍, വിപിന്‍ദാസ്, രാഗേഷ്, റിനേഷ്, കിരണ്‍, എസ്.പി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കടപ്പാട് : മാതൃഭൂമി ദിനപത്രം 

ഇതുപോലെ നമ്മുടെ എല്ലാ സംഘടനകളും ഒന്ന് മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ ???

Wednesday, July 10, 2013

മാനന്തവാടിയിലൂടെ.....1

2009 ജൂണിലായിരുന്നു അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ഞാന്‍ മാനന്തവാടി വിട്ടത്.പിന്നീട് ഒരു തവണ ഒറ്റക്കും ഒരു തവണ കുട്ടികളെ കൂട്ടിയും 2011 ഡിസംബറില്‍ കുടുംബസമേതവും ഞാന്‍ മാനന്തവാടിയില്‍ എത്തി.2013 ജൂണ്‍ 24ന് ഒരു കോഴ്സില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ വീണ്ടും മാനന്തവാടിയില്‍ എത്തി.കൊല്ലങ്ങളുടെ ഇടവേള ഉണ്ടായിട്ടും അരീക്കോട് നിന്നും ബസ്സില്‍ കയറിയ ഉടനേ കണ്ടക്ടര്‍ക്ക് എന്നെ മനസ്സിലായി.അതൊരു തുടക്കം മാത്രമായിരുന്നു എന്ന് പിന്നീടുള്ള ഓരോ പരിചയപ്പുതുക്കലുകളും അറിയിച്ചുക്കൊണ്ടിരുന്നു.

പതിവ് പോലെ ഞങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ ഇത്തവണയും ഞാന്‍ പോയി.എല്ലാവര്‍ക്കും വിതരണം ചെയ്യാനുള്ള പലഹാരങ്ങളുമായിട്ടാണ് ഇത്തവണയും പോയത്.പഴയ അയല്‍വാസികളായിരുന്ന ഗ്രീറ്റി ആന്റിയും വര്‍ഗ്ഗീസ് ചേട്ടനും മകന്‍ റിനുവും എന്നെ കണ്ട ഉടനെ അവരുടെ വീട്ടിലേക്ക് വിളിച്ചു കയറ്റി.കുറേ നേരം കുശലാന്വേഷണങ്ങള്‍ നടത്തി അവരുടെ നിര്‍ബന്ധപ്രകാരം ചായയും കുടിച്ച് ക്വാര്‍ട്ടേഴ്സിലേക്ക് പ്രവേശിച്ചു. അച്ചമ്മയും അച്ചാച്ചനും കുടുംബവും, മഹാരാഷ്ട്രക്കാരായ രേഖേച്ചിയും  കുടുംബവും മാത്രമേ ഞങ്ങള്‍ താമസിച്ചിരുന്ന സമയത്തുള്ളവരായി അവിടെ ഉണ്ടായിരുന്നുള്ളൂ.അവരുടെ കൂടെയും ഒരു മണിക്കൂറോളം ഞാന്‍ ചെലവഴിച്ചു.

ക്വാര്‍ട്ടേഴ്സില്‍ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴാണ് കഴിഞ്ഞ സന്ദര്‍ശനങ്ങളില്‍ ഒന്നും ചെയ്യാതിരുന്ന ഒരു സംഗതി പരീക്ഷിച്ചു നോക്കാന്‍ എനിക്ക് തോന്നിയത്.അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്ന ചില കച്ചവടക്കാരെ വെറുതെ ഒന്ന്  സന്ദര്‍ശിക്കുക എന്നതായിരുന്നു ആ പരിപാടി.

തലശ്ശേരി റോഡിലെ പലവ്യഞ്ജനക്കടയില്‍ നിന്ന് അന്ന് ഇടക്കിടക്ക് ഞാന്‍ സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു.പിന്നീട്, എന്റെ മൂത്തുമ്മായുടെ മകന്റെ ഗള്‍ഫിലെ സുഹൃത്തായിരുന്നു അദ്ദേഹം എന്ന് മനസ്സിലായി.നാല് വര്‍ഷം മുമ്പത്തെ മുഖം അദ്ദേഹം ഓര്‍മ്മിക്കുമോ ഇല്ലേ എന്ന സംശയം നില നില്‍ക്കേ ഞാന്‍ റോഡ് ക്രോസ് ചെയ്ത് അദ്ദേഹത്തിന്റെ കടയിലേക്ക് നടന്നു.

“എന്താ വേണ്ടത്?” - കടയിലേക്ക് വരുന്ന ഒരു കസ്റ്റമറെ സ്വാഗതം ചെയ്യുന്ന ചോദ്യം ഞാന്‍ പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.
“ആരിത്..? മാഷോ?എപ്പോ എത്തി??”
അദ്ദേഹത്തിന്റെ സ്വീകരണം എന്നെ അത്ഭുതപ്പെടുത്തി. കുടുംബത്തെപറ്റിയും മൂത്തുമ്മായുടെ മകനെപറ്റിയും ഇപ്പോഴത്തെ ജോലിയെപറ്റിയും എല്ലാം അദ്ദേഹം ആരാഞ്ഞു.മാനന്തവാടിയില്‍ തന്നെ കച്ചവടം നടത്തുന്ന അദ്ദേഹത്തിന്റെ പിതാവ് ഹംസക്കയേയും എനിക്ക് പരിചയമുണ്ടായിരുന്നു. ഹംസക്കക്ക് ഇടക്ക് അറ്റാക്ക് വന്നെന്നും ചികിത്സ തുടരുന്നു എന്നും ഇപ്പോള്‍ മാനന്തവാടിയില്‍ തന്നെ ഉണ്ടെന്നും അറിഞ്ഞു.ഹംസക്കെയേയും സന്ദര്‍ശിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി.

(ബാക്കി അടുത്ത പോസ്റ്റില്‍....)

മഴ

ഗള്‍ഫില്‍ നിന്നും വന്ന ബന്ധുവിന്റെ മകന്‍ ഏത് നേരവും ഒരു ഇയര്‍ഫോണും ചെവിയില്‍ കുത്തി നടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു.
“ആ സാധനത്തിന് കുറച്ച് നേരം വിശ്രമം നല്‍കിക്കൂടേ?”
“ഞാന്‍ ഒരു പാട്ടു കേള്‍ക്കുകയല്ലേ?”
“ ഓ...എന്താ ഇത്ര നേരം കേള്‍ക്കാ‍ന്‍ മാത്രമുള്ള പാട്ട്?”
“മഴയെപ്പറ്റി...”
“അയ്യോ....പുറത്ത് ഇങ്ങനെ മഴ പെയ്യുമ്പോള്‍ നീ മഴയെപ്പറ്റിയുള്ള പാട്ട് കേട്ട് ആസ്വദിക്കണോ മോനേ?....അത് നേരെ കണ്ട് ആസ്വദിച്ചു കൂടെ...? ”
“ങേ!!ഇതാണോ മഴ...????”
ആ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാത്തതിനാല്‍ ഞാന്‍ പിന്നെ അവനെ ശല്യം ചെയ്തില്ല.

Monday, July 08, 2013

വീണ്ടും പുണ്യ റമളാന്‍ മാസം.

റമളാന്‍ മാസത്തെ വരവേല്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലോകത്തിലെ മുഴുവന്‍ മുസ്ലിങ്ങളും. കൂടുതല്‍ സല്‍കര്‍മ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് , പാപങ്ങളില്‍നിന്ന് അകന്ന് നിന്ന്  ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ച്  പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. 

റമളാന് മുന്നോടിയായുള്ള നനച്ചുകുളി പലയിടത്തും അപ്രത്യക്ഷമായി. പക്ഷേ മാസപ്പിറവി കണ്ട് സ്ഥിരീകരിച്ചാലുടന്‍ പള്ളികളില്‍ തറാവീഹ് എന്ന രാത്രി നമസ്‌കാരം ആരംഭിക്കും. ദീര്‍ഘനേരം നിന്നുള്ള ഈ പ്രത്യേക നമസ്കാരം റമളാനിന്റെ രാത്രികളെ കൂടുതല്‍ സജീവവും പുണ്യമുള്ളതുമാക്കുന്നു.

 പകല്‍ സമയത്ത് അന്നപാനീയങ്ങളും ലൈംഗികബന്ധവും ഉപേക്ഷിച്ച് ആരാധനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്  റമളാന്‍ വ്രതത്തിന്റെ രീതി.എന്നാല്‍ രാത്രി ഇതെല്ലാം അനുവദനീയവുമാണ്.ഗള്‍ഫ് നാടുകളീല്‍ രമളാന്‍ മാസത്തില്‍ പ്രത്യേക പെരുമാറ്റ ചട്ടം തന്നെ നിലവില്‍ വരാറുണ്ട്. വ്രതമനുഷ്ഠിക്കാത്തവരും റംസാനില്‍ ഈ നിയമങ്ങള്‍ പാലിക്കേണ്ടതാണ്.

ദാനധര്‍മ്മങ്ങളുടെ അധികരണം രമളാന്‍ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.  വ്യക്തികളും  വിവിധ സംഘടനകളും  റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതടക്കമുള്ള സഹായ പദ്ധതികള്‍ നടത്തുന്നു.അതിനാല്‍ തന്നെ പാവപ്പെട്ടവര്‍ ഈ മാസത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അന്നത്തിനും മറ്റും പഞ്ഞം നേരിടാത്ത ഒരു മാസമായി അവര്‍ ഈ വ്രതമാസത്തെ കാണുന്നു.വീടുകളിലും   പള്ളികളിലും മറ്റും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കപ്പെടുന്നു. കൂടിച്ചേരലിന്റെയും പങ്കുവെക്കലിന്റെയും വേദിയായും ഇഫ്താര്‍ മീറ്റുകള്‍ സജീവമാകുന്നു.

 റംസാന്‍ പ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും പഠനവും വ്രതമാസത്തിലെ പ്രത്യേകതയാണ്.  വിവിധ കേന്ദ്രങ്ങളിലായി ഖുറാന് പഠന ക്ലാസുകളും ഹദീസ് പഠന ക്ലാസുകളും കൂടുതല്‍ സജീവമാകുന്നതും രമളാന്‍ മാസത്തിലാണ്

ഭക്ഷണത്തിന്റെ നിയന്ത്രണമാണ് റമളാനില്‍ ചെയ്യേണ്ടതെങ്കിലും നോമ്പ് തുറ ഭക്ഷ്യമേളകളായിട്ടാണ് ഇന്ന് നടക്കുന്നത്.ആശാസ്യമല്ലാത്ത ഈ രീതി ഉപേക്ഷിക്കേണ്ടത് റമളാനിന്റെ അന്തസ്സ് കാക്കാന്‍ അത്യാവശ്യമാണ്.

ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്നത് മഹത്തായ ഒരു അനുഗ്രഹമാണ്.നമുക്ക് സുലഭമായി കിട്ടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടി പോലും തെരുവ് നായ്ക്കളോട്‌ പൊരുതുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളും ഇന്നും ലോകത്തുണ്ട്.നിങ്ങളുടെ മുമ്പിലെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു നിമിഷം ആ ഹതഭാഗ്യരെപറ്റി ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

വിവാഹപാര്‍ട്ടികളും മറ്റും ഇന്ന് ഭക്ഷ്യമേളകളായി മാറിയിരിക്കുന്നു.ടണ്‍ കണക്കിന് ആഹാരസാമഗ്രികളാണ് ഇതിലൂടെ പാഴായിക്കൊണ്ടിരിക്കുന്നത്.അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം വര്‍ഷത്തില്‍ 1300 കോടി ടണ്‍ ആഹാരപദാര്‍ത്ഥങ്ങള്‍ പാഴാക്കിക്കളയുന്നു.നാമും ഇതില്‍ പങ്കാളിയാണോ?ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

ഇന്നും ലോകത്ത് ഏഴിലൊന്ന് ഭാഗം ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നു.ഓരോ നാല് മിനുട്ടിലും ഒരാള്‍ വീതം പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു.82 കോടിയോളം ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നു.20000 പേര്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ ദിവസവും മരിക്കുന്നു   . ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

അതിനാല്‍ ആഹാരം വാങ്ങിക്കഴിക്കുമ്പോഴും സ്വന്തം വീട്ടില്‍ വച്ചോ മറ്റെവിടെവച്ചെങ്കിലുമോ കഴിക്കുമ്പോഴും പാഴാക്കിക്കളയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.ആവശ്യമുള്ളത് മാത്രം വിളമ്പുക.നിങ്ങള്‍ പാഴാക്കുന്ന ഓരോ ആഹാരപദാര്‍ത്ഥവും മറ്റാരുടെയോ അവകാശമാണ് എന്ന് മനസ്സിലാക്കുക.

ഈ വര്‍ഷത്തെ ലോകപരിസ്ഥിതി  ദിനത്തിന്റെ സന്ദേശം ആയിരുന്നു ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.എന്നത്.കുറച്ച് പേരെങ്കിലും ഇതുള്‍ക്കൊണ്ടെങ്കില്‍ എന്ന് മാത്രം ആശിക്കുന്നു.

Sunday, July 07, 2013

പെണ്ണൊരുമ്പെട്ടാല്‍

ഞാന്‍:  പോക്കരാക്കാ ...പെണ്ണൊരുമ്പെട്ടാല്‍ എന്ത് സംഭവിക്കും?
പോക്കരാക്ക: നാളികേരം പട പടാ വീഴും !!!
ഞാന്‍ : ങേ, അതെങ്ങനെ?
പോക്കരാക്ക:നല്ല ചോദ്യം ...മൂന്ന് പെണ്ണുങ്ങളല്ലേ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇന്ന്  കേരളത്തെ പിടിച്ചു കുലുക്കുന്നത്.കേരം തിങ്ങും കേരളം കുലുങ്ങിയാല്‍ തേങ്ങയല്ലാതെ പിന്നെ മാങ്ങാ വീഴോ?

സ്റ്റേഡിയം വന്നാല്‍....

വഴിയില്‍ പോക്കരാക്കയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു.
“പോക്കരാക്കേ അറിഞ്ഞില്ലേ...നമ്മുടെ നാട്ടില്‍ പുതിയ സ്റ്റേഡിയം വരുന്നു...”
പോക്കരാക്ക: ആ....ആകെ വിലക്കുറവില്‍ കാണാന്‍ പറ്റിയിരുന്നത് പന്ത് കളിയായിരുന്നു...അതിനും വില കൂടും ന്ന്....
ഞാന്‍ : അങ്ങനെയാരാ പറഞ്ഞേ?
പോക്കരാക്ക: ഇപ്പോള്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഗാലറി ടിക്കറ്റിന് എത്രയാ?
ഞാന്‍: പത്ത് രൂപ
പോക്കരാക്ക:സ്റ്റേഡിയം വന്നാല്‍ അത് ഇരുപത്തഞ്ച് രൂപ ആകില്ലേ? അതാ പറഞ്ഞത് പന്ത് കളിക്കും  വില കൂടും ന്ന്....

ഒരു വാച്ച് വന്ന വഴി...

“ഹലോ....ആം ഐ ടോക്കിംഗ് റ്റു മിസ്റ്റര്‍ ആബിദ് ?” മാസങ്ങള്‍ക്ക് മുമ്പ് എന്റെ മൊബൈല്‍ഫോണിലേക്ക് വിളീച്ച് ഒരാള്‍ ചോദിച്ചു.

“എന്റെ ഫോണിലേക്ക് വിളീച്ചാല്‍ യൂ വില്‍ ബീ ടോക്കിംഗ് റ്റു ആബിദ് ...” ഞാന്‍ മറുപടി നല്‍കി

“ഓ.കെ....അയാം അതുല്‍ മിശ്ര ഫ്രം ബാംഗ്ലൂര്‍...”

“ഓ.കെ...”

“യൂ...നോ....ആസ് പെര്‍ AICTE ഡയരക്ഷന്‍ എവെരി കാമ്പസ് ഹാഡ് എ ടൈ അപ് വിത് മൈക്രോസോഫ്റ്റ് ഇന്‍ ക്ലൌഡ്....” പറയുന്നത് എന്തിനെപറ്റിയാണെന്നറിയില്ലെങ്
കിലും എല്ലാത്തിനും ഓ.കെ പറഞ്ഞുകൊണ്ട് ഞാന്‍ സമാധാനത്തോടെ കേട്ടു.ഈ വിഷയത്തില്‍ ഞാന്‍ സീറോ ആയതിനാല്‍ നല്ലൊരു ശ്രോതാവുക എന്ന ആരുടെയോ വാക്ക് ഞാന്‍ അക്ഷരം പ്രതി കേട്ടു.

ദിവസങ്ങള്‍ കഴിഞ്ഞു.വീണ്ടും ഒരു ഫോണ്‍ കാള്‍ വന്നു.
“ഹെലോ...ആപ് ആബിദ് ഹേം ന?”

“ആമ...” ഹിന്ദിയിലുള്ള ചോദ്യത്തിന് പെട്ടെന്ന് നാവ് ഉത്തരം പറഞ്ഞത് തമിഴിലാണ്.

“മേം...ബാംഗ്ലൂര്‍ സെ അംകുര്‍ തിവാരി ഹും...“

“ഹാം...ബോലൊ...”

“ആപ് സമഝാഹെ..... AICTE നിര്‍ദ്ദേഷന്‍ ദിയ ഹെ....” മുമ്പ് ഇംഗ്ലീഷില്‍ കേട്ടതിന്റെ ഹിന്ദി വെര്‍ഷന്‍ മുഴുവന്‍ ക്ഷമയോടെ ഞാന്‍ വീണ്ടും കേട്ടു.പിന്നീട് ഈ വിളികള്‍ മൂന്നോ നാലോ തവണ ഞാന്‍ വീണ്ടൂം വീണ്ടൂം കേട്ടു.ഇക്കഴിഞ്ഞ ആഴ്ച എന്റെ ഇ-മെയില്‍ ഇന്‍ബോക്സില്‍ ഒരു മെയില്‍ വന്നു.
Thank you for participating in the Microsoft ‘ The Cloud in EDU IT Managers Campaign
 
As per the eligibility criterion of the Program, your gift i.e. Watch has been dispatched. The courier details are as follows:“!!!!

അന്ന് ഞാന്‍ കോളേജ് ഓഫീസിലെത്തിയപ്പോള്‍ പാര്‍സലായി വന്ന ഒരു ചെറിയ പെട്ടി എനിക്ക് കൈമാറി.തിരിച്ച് എന്റെ ലബോറട്ടറി റൂമിലെത്തിയപ്പോള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം പെട്ടി തുറന്നു - സില്‍‌വര്‍ നിറത്തിലുള്ള ഒരു Calvin Klein വാച്ച്!!

റാഡൊ,സൈക്കോ 5,എച്.എം.ടി,ടൈറ്റാന്‍,വെസ്റ്റര്‍ ഇത്രയൊക്കെയേ വാച്ച് കമ്പനികളെപറ്റി എനിക്ക് വിവരം ഉള്ളൂ.അതിനാല്‍ സൌജന്യമായി കിട്ടിയ ഇത് ഏതോ ലോക്കല്‍ എന്ന നിലയില്‍ ഞാന്‍ ഒരു മൂലയില്‍ ഇട്ടു.കഴിഞ്ഞ ദിവസം, ഞാന്‍ ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാച്ച് ലുലുമോള്‍ക്ക് വേണം എന്ന് പറഞ്ഞപ്പോള്‍ അതവള്‍ക്ക് കൊടുത്ത് ഞാന്‍ Calvin Klein നെ കയ്യില്‍ കെട്ടി.

അന്ന് ഒരു കൌതുകത്തിനായി ഞാന്‍ ഗൂഗിളീല്‍ Calvin Klein തപ്പി.Calvin Kleinന്റെ ഭംഗിയാര്‍ന്ന വിവിധ തരം മോഡലുകള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി.എന്റെ കയ്യില്‍ ഇരിക്കുന്ന മോഡലും അതില്‍ കണ്ടു.വില 105 പൌണ്ട്!ഒരു പൌണ്ട് എന്നാല്‍ 90.89 രൂപ.എന്ന് വച്ചാല്‍ എന്റെ കയ്യില്‍ കെട്ടിയ ഈ വാച്ചിന്റെ വില വെറും 9543.45 രൂപ മാത്രം!!!

നല്ലൊരു കേള്‍വിക്കാരനാവുക എന്നതിന്റെ വില അന്നേരം എനിക്ക് നന്നായി ബോധ്യപ്പെട്ടു.

Thursday, July 04, 2013

പോക്കരാക്ക KSRTCയില്‍....

“2 കോടി വൈദ്യുതി കുടിശ്ശിക-KSRTC വീണ്ടും പ്രതിസന്ധിയിലേക്ക്” - പത്രവാര്‍ത്ത

രാവിലെ വാര്‍ത്ത വായിച്ച പോക്കരാക്ക സന്ധ്യക്ക്  KSRTC ബസ്സില്‍ കയറിയപ്പോള്‍ കണ്ടത് ബസ്സിനകത്തെ മുഴുവന്‍ ലൈറ്റുകളും ഇട്ട നിലയിലാണ്.ഉടന്‍ കണ്ടക്ടറോട്...
“കോടികള്‍ വൈദ്യുതികുടിശ്ശിക ഉണ്ടായിട്ടും ഈ ലൈറ്റ് മുഴുവന്‍ ഇട്ടോണ്ടാണോ ഇപ്പോഴും ഓടുന്നത്...?ആവശ്യമില്ലാത്തതൊക്കെ ഓഫാക്കെടോ....!!”

പഞ്ചിംഗ്

ചത്തത് കൂറയെങ്കില്‍ കൊന്നത് സൂറ തന്നെ എന്നാണല്ലോ പുതുമൊഴി. ഏതാണ്ട് അതിന്റെ നാലയലത്ത് കൂടെ പോകുന്ന രൂപത്തില്‍ മൂന്ന് നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ് എന്റേത്. അതില്‍ ഒന്നാം നിയമം പ്രകാരം കമ്പ്യൂട്ടര്‍ സംബന്ധമായ എന്ത് പ്രശ്നം വന്നാലും അതിന്റെ ഡോക്ടര്‍ ആബിദ് ആണ് എന്നതാണ്. കാരണം ഈ കോളേജില്‍ എന്റെ സ്ഥാനപ്പേരിലേ കമ്പ്യൂട്ടര്‍ എന്ന പദം ഉള്ളൂ! രണ്ടാം നിയമം കമ്പ്യൂട്ടര്‍ ഘടിപ്പിച്ചുള്ള എന്ത് പരിഷ്കാരം വന്നാലും അതിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആബിദ് ആയിരിക്കണം എന്നതാണ്.കാരണം എന്റെ സ്ഥാനപ്പേരിലേ കമ്പ്യൂട്ടര്‍ എന്ന പദം ഉള്ളൂ!! മൂന്നാം നിയമം ‘ഹെല്‍‌പ്’ എന്ന പദം ഉള്‍കൊള്ളുന്ന എന്ത് കുന്ത്രാണ്ടം വന്നാലും അതിന്റെ ഉസ്താദ് ആബിദ് ആയതിനാല്‍ അത് അങ്ങോട്ട് മാത്രമേ വിടാവൂ എന്നതാണ്!!!കാരണം നാട്ടുകാരെ മുഴുവന്‍ സേവിക്കാനുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഞാന്‍ ആണ് എന്നതാണ്.

അങ്ങനെയിരിക്കെ എന്റെ കോളേജിലും പഞ്ചിംഗ് ആരംഭിക്കാന്‍ നിര്‍ദ്ദേശം എത്തി.എല്ലാവരും ‘കൃത്യസമയത്ത് ‘ വരുന്നിടത്താണല്ലോ ഇതിന്റെ അത്യാവശ്യം.അതിനാല്‍ ആര്‍ക്കും മറുത്ത് ഒന്നും പറയാനായില്ല.അതിന്റെയും അഡ്മിനിസ്ട്രേറ്റര്‍ പദവി പതിവ് പോലെ എന്റെ തലയില്‍ കയറി.കെല്‍ട്രോണ്‍ ആണ് ഈ കുന്ത്രാണ്ടം ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ കുറേ പേര്‍ക്ക് വിട്ട ശ്വാസം തിരിച്ചു കിട്ടി (കാലാവധിക്ക് മുമ്പേ കാലം പ്രാപിച്ച പദ്ധതികളാണല്ലോ കൂടുതലും).വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാനും കണക്ക് കൂട്ടി.

പഞ്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫിംഗര്‍പ്രിന്റ് എടുക്കുന്നതിന് രണ്ട് ‘ചെക്കന്മാര്‍’ (യുവാക്കള്‍ എന്ന് പറയാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്തതിനാലാണ് ഇങ്ങിനെ പറയുന്നത്) വന്നു. അഡ്മിനിസ്ട്രേറ്റര്‍ പദവി തലയില്‍ ഉള്ളത് കാരണം ഒന്നാമതായി എന്റെ വിരലടയാളം തന്നെ മെഷീനില്‍ പതിഞ്ഞു.ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കം കിട്ടാന്‍ അത് തന്നെയാണ് നല്ലതെന്ന് ഞാനോഴികെ മറ്റാരും പറഞ്ഞില്ല.കൂടുതല്‍ പേരുടെ വിരലടയാളം പതിപ്പിക്കാനും ഐഡന്റിറ്റി കാര്‍ഡ് പ്രൊഫോമ പൂരിപ്പിച്ച് കിട്ടാനും ഞാന്‍ തന്നെ ഓടി നടക്കേണ്ടി വന്നു - കാരണം പലര്‍ക്കും ഇഷ്ടമില്ലാത്ത ഒരു കുന്ത്രാണ്ടത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍  ആണല്ലോ ഞാന്‍.ഈ വിരലടയാള രേഖപ്പെടുത്തല്‍ മഹാമഹം രണ്ട് ദിവസം നീണ്ടു നിന്നു.

മെയ് അവസാനം തന്നെ വേറെ കുറേ ആള്‍ക്കാര്‍ വന്ന് കൂടുതല്‍ കുന്ത്രാണ്ടങ്ങള്‍ അവിടേയും ഇവിടേയും ഒക്കെ ഫിറ്റ് ചെയ്തതോടെ സംഗതി വെറും ഉമ്മാക്കി അല്ല എന്ന് പലര്‍ക്കും മനസ്സിലായി.അതോടെ പലരും സംശയങ്ങളുമായി എന്നെ സമീപിക്കാന്‍ തുടങ്ങി.’ഹെല്പ്’ലൈനും’ നമ്മുടെ തലയിലാണല്ലോ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നത്.ആരും ഒന്നു കൊണ്ടും ഭയപ്പെടേണ്ട എന്നും മറ്റും എല്ലാവരേയും ഞാന്‍ സമാധാനിപ്പിച്ചു.ഒപ്പം ആറ് മണി വരെയുള്ള ഉറക്കം ഇനി നടക്കില്ല മോനേ ആബിദേ എന്ന് എന്നേയും സമാധാനിപ്പിച്ചു.

ജൂണ്‍ മൂന്നിന് ആദ്യത്തെ പഞ്ചിംഗ് നടത്തി, അക്ബറും അലക്സാണ്ടറും ഒക്കെ ഭാഗമായ അതേ ചരിത്രത്തില്‍ തങ്ങളുടെ പേരും ഉള്‍പ്പെടുത്താം എന്ന കണക്കു കൂട്ടലില്‍ പലരും നേരത്തെ എത്തി പഞ്ചിംഗ് മെഷീനിന്റെ മുമ്പില്‍ തിക്കിത്തിരക്കി വിരല്‍ വച്ചു. ആക്സസ് ഡിനൈഡ് എന്ന സന്ദേശം കണ്ടപ്പോള്‍ ആരോക്കെയോ എന്നെ തേടി പരക്കം പായാനും തുടങ്ങി.തള്ളവിരലാണോ പെരുവിരലാണോ വയ്ക്കേണ്ടത് എന്ന സംശയവും അണപൊട്ടി!!എടുത്ത ഫിംഗര്‍ പ്രിന്റുകള്‍ കെല്‍ട്രോണ്‍കാര്‍ സെര്‍വ്വറിലേക്ക് ഫീഡ് ചെയ്യാത്തതാണ് കാരണം എന്ന് അവരുണ്ടോ അറിയുന്നു?തല്‍ക്കാലം മെഷീന്‍ അപ് ആവാന്‍ അല്പ ദിവസങ്ങള്‍ കൂടി പിടിക്കും എന്നറിയിച്ചപ്പോള്‍ എല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് സ്ഥലം വിട്ടു.

ജൂലൈ ഒന്നിന് പഞ്ചിംഗ് ആരഭിക്കുന്നതിന് മുന്നോടിയായി വീണ്ടും ഫിംഗര്‍ പ്രിന്റുകള്‍ എടുത്തു.അഡ്മിനിസ്ട്രേറ്റര്‍ എന്ന ഞാന്‍ അന്ന് കോളേജില്‍ ഇല്ലാതിരുന്നതിനാല്‍ ഈ വിവരം ഞാന്‍ അറിഞ്ഞതേ ഇല്ല.ഒന്നാം തീയതി നേരത്തെ പറഞ്ഞ അക്ബര്‍ അലക്സാണ്ടര്‍ കാറ്റഗറിയിലേക്ക് ആബിദ് എന്ന സുവര്‍ണ്ണ നാമവും കൂടി ചേര്‍ക്കാന്‍ ഞാന്‍ നേരത്തെ തന്നെ എത്തി.എന്തും തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് തുടങ്ങണം എന്നാണാല്ലോ.ഈ കുഞ്ഞുമെഷീനകത്തേക്ക് വലതുകാല്‍ കയറില്ല എന്നതിനാല്‍ വലതുകൈ ചൂണ്ടുവിരല്‍ തന്നെ ഞാന്‍ ഐശ്വര്യമായി വച്ചുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായ വിജയീഭാവത്തോടെ ഞാന്‍ ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കി.ചുവന്ന പ്രകാശവും ബീപ് സൌണ്ടും ആക്സസ് ഡിനൈഡ് എന്ന സന്ദേശവും ആണ് എന്നെ എതിരേറ്റത്!വിരല്‍ നന്നായി തുടച്ച് ഒന്ന് കൂടി വച്ചെങ്കിലും ചരിത്രം വഴിമാറി.
“സാറെ വിരല്‍ മുഴുവനായും കയറ്റി വയ്ക്കൂ...” ആ ഒരു കിളിശബ്ദം എനിക്ക് അത്ര നല്ലതായി തോന്നിയില്ല.ആകെ കുലുമാലായി നില്‍ക്കുന്നത് അഡ്മിനിസ്ട്രേറ്റര്‍ എന്ന ഞാന്‍ ആയതിനാല്‍ ഇടതുവിരല്‍ കൊണ്ട് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു.അതിന്റെ ചരിത്രവും വഴിമാറിയില്ല.അങ്ങനെ അക്ബര്‍ അലക്സാണ്ടര്‍ കാറ്റഗറിയില്‍ നിന്ന് ഞാന്‍ ഹിറ്റ്ലര്‍ മുസ്സോളിനി കാറ്റഗറിയിലേക്ക് തെന്നിവീണു.

“ഓ...കഴിഞ്ഞ ആഴ്ച സാറ് ഇവിടെ ഇല്ലായിരുന്നല്ലോ....അന്ന് വീണ്ടും ഫിംഗര്‍ പ്രിന്റു എടുത്തിരുന്നു....ആദ്യം എടുത്തത് മുഴുവന്‍ ഡെലീറ്റ് ആയി പോയത്രേ....” അവസാനമാണ് ആരോ ഈ വിവരം പുറത്ത് വിട്ടത്.അങ്ങനെ ആപ്പിള്‍ കമ്പനി തുടങ്ങിയ സ്റ്റീവ് ജോബ്‌സ് അതേ  കമ്പനിയില്‍ നിന്ന് പുറത്തായപോലെ ഈ പഞ്ചിംഗ് കുന്ത്രാണ്ടത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഞാനും പുറത്തായി ചരിത്രം രചിച്ചു.

Wednesday, July 03, 2013

സ്കൂൾബാഗിന്റെ കഥാഭൂമിയിൽ….കിണാശ്ശേരി എന്ന സ്ഥലം നാളിതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു.പക്ഷേ അവിടെയുള്ള യതീംഖാനയെപറ്റി ഞാൻ കലണ്ടറിലൂടെയും മറ്റും അറിഞ്ഞിരുന്നു.മാസങ്ങൾക്ക് മുമ്പ് ശബ്ന പൊന്നാടിന്റെ സ്കൂൾബാഗ് വായിച്ചപ്പോൾ അവിടെ ഒരു ഗവ.ഹൈസ്കൂൾ ഉള്ളതായും അറിഞ്ഞു.ഇക്കഴിഞ്ഞ ജൂൺ 19ന് വായനാദിനാചരണത്തോടനുബന്ധിച്ച് ഏതെങ്കിലും സ്കൂൾ ലൈബ്രറി ശാക്തീകരിക്കുക എന്ന പദ്ധതിയുമായി എന്റെ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് മുന്നോട്ട് പോകുമ്പോഴാണ് യാദൃശ്ചികമായി എന്റെ യൂണിറ്റ് സെക്രട്ടറി പഠിച്ച സ്കൂൾ കൂടിയായ കിണാശ്ശേരി ഹൈസ്കൂൾ വീണ്ടും എന്റെ മനസ്സിൽ എത്തിയത്.
ജൂൺ 19ന്റെ വായനാദിനാചരണവും ഒപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന പരിസ്ഥിതി സെമിനാറും അടങ്ങുന്ന ഒരു മുഴുദിന പരിപാടിയായിരുന്നു സ്കൂളിൽ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.അതിന് വേണ്ടപ്പെട്ടവരെയെല്ലാം കാണാനും ക്ഷണിക്കാനും നാട്ടുകാരനായ വളണ്ടിയർ സെക്രട്ടറി തന്നെ ഓടി നടന്നതിനാൽ ഞാൻ വെറും നിർദ്ദേശകൻ മാത്രമായി ചുരുങ്ങി.
ജൂൺ 19ന് രാവിലെ 9 മണിക്ക് തന്നെ ഞാൻ കിണാശ്ശേരി ഹൈസ്കൂളിന്റെ ഗേറ്റിലെത്തി.ചീനിമരങ്ങൾ തണൽ വിരിച്ച റോഡിലൂടെ നടക്കുമ്പോൾ ശബ്നയുടെ വീൽ‌പാടുകൾ ഞാൻ തിരിച്ചറിഞ്ഞു. പരിസ്ഥിതി സെമിനാറിനോടനുബന്ധിച്ച് ,ശബ്ന തന്നെ സംവിധാനം ചെയ്ത പരിസ്ഥിതി പ്രാധാന്യ ഹ്രസ്വചിത്രം ‘തളിർനാമ്പുകൾ’ സ്കൂളിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയും തലേദിവസം തന്നെ ഞാൻ ശബ്നയിൽ നിന്നും വാങ്ങിയിരുന്നു.പരിപാടിയുടെ സംഘാടനത്തിൽ ഏറെ സഹകരിച്ചുകൊണ്ടിരുന്ന സ്കൂൾ ഹെഡ്മാസ്റ്റർ സേതുമുഹമ്മദ് മാസ്റ്റർ ശബ്നയുടെ അമ്മാവൻ കൂടിയാണെന്ന് അറിഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനവും പരിസ്ഥിതി സെമിനാറും കഴിഞ്ഞ് ‘തളിർനാമ്പുകൾ’ പ്രദർശനവും നടന്നു.കുട്ടികൾ ക്ഷമയോടെ സിനിമ കണ്ടു.മനുഷ്യന്റെ അത്യാർത്തി പ്രകൃതിക്ക് ഏൽപ്പിക്കുന്ന മുറിവുകൾ വരച്ച് കാട്ടുന്ന സിനിമ വർത്തമാനകാലത്തിന്റെ നേർക്കാഴ്ചയാണെന്ന് പലരും അഭിപ്രായപ്പെട്ടു.ചിത്രം സംവിധാനം ചെയ്ത ശബ്ന പൊന്നാടിന് അഭിനന്ദനങ്ങളും നേർന്നു.
ശബ്നാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഈ ചിത്രം സ്കൂളുകളിലും മറ്റും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ശബ്ന അറിയിച്ചു.താല്പര്യമുള്ളവർ ശബ്നയുമായി ബന്ധപ്പെടാൻ അറിയിക്കുന്നു.ഫോൺ: 9846208425

വിത്ത് വിതരണ യന്ത്രം.


ATM മെഷീനിൽ നിന്ന് പണവും പിൻ‌വലിച്ച് കോഫി വെന്റിംഗ് മെഷീനിൽ നിന്ന് കോഫിയും അടിച്ച് തിരിഞ്ഞപ്പോഴാണ് ആ പുതിയ മെഷീൻ തൃശൂർ KSRTC സ്റ്റാന്റിൽ ഞാൻ കണ്ടത് – കാർഷിക സർവ്വകലാശാലയുടേതോ അതോ കൃഷിവകുപ്പിന്റേതോ എന്ന് കൃത്യമായി അറിയില്ല , വിത്ത് വിതരണ യന്ത്രം.
യന്ത്രത്തിന്റെ പ്രവർത്തനം അറിയാനായി ഞാൻ അടുത്ത് ചെന്ന് നോക്കി. ചെറിയ പാക്കറ്റുകളിൽ വിത്തുകൾ നിര നിരയായി വച്ചത് ചില്ലിനുള്ളിലൂടെ കാണാം. വലതു ഭാഗത്തായി കാശ് ഇടാനുള്ള ഒരു സ്ലോട്ടും , വിത്തുകളുടെ പേരെഴുതിയ ഒരു പാനലും കണ്ടു.മുഷിയാത്ത 10 രൂപ നോട്ട് പ്രസ്തുത സ്ലോട്ടിലൂടെ നിവർത്തി ഇട്ട് നമുക്കാവശ്യമായ വിത്തിനത്തിന് നേരെയുള്ള ആൽഫബറ്റും നമ്പറും (2 ബട്ടണുകൾ) അമർത്തുക.കറക്ട് ആയി ചെയ്താൽ താഴെയുള്ള ഒരു അറയിലേക്ക് വിത്ത് പാക്കറ്റ് വീഴും.
എനിക്കാവശ്യം കുമ്പളങ്ങ വിത്തായിരുന്നു.പക്ഷേ അതിന് നേരെയുള്ള നമ്പറുകൾക്ക് മേൽ സ്റ്റിക്കർ ഒട്ടിച്ച് മറച്ചു വച്ചിരുന്നു.അതിനാൽ മെഷീനിൽ നിന്ന് വിത്ത് വാങ്ങാൻ സാധിച്ചില്ല.അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അവിടെ എത്തിയത്.10 രൂപയുടെ ഒരു നോട്ട് ഇൻസർട്ട് ചെയ്തു.പയർ എന്നതിന് നേരെയുള്ള Dഎന്ന ആൽഫബറ്റും അതിനടുത്ത് തന്നെയുള്ള 7 എന്ന നമ്പറും അമർത്തി. കാശ് അകത്തേക്ക് പോയെങ്കിലും വിത്ത് പുറത്തേക്ക് വന്നില്ല! 10 രൂപ ഇൻസർട്ട് ചെയ്യുന്നിടത്ത് വലിയൊരു ബട്ടൺ ഉണ്ടായിരുന്നു.പോയ കാശ് തിരിച്ചു കിട്ടാൻ അദ്ദേഹം അതും അമർത്തി നോക്കി – നോ രക്ഷ.പാനലിൽ എന്തൊക്കെയോ മിന്നിത്തെളിയുന്നത് വായിച്ചത് പ്രകാരം അയാൾ Dയും 7ഉം പിന്നേയും അമർത്തി-വിത്ത് ചില്ല് കൂട്ടിൽ തന്നെ!
കാശ് പോയെന്നാ തോന്നുന്നേഎങ്കിലും എന്തെങ്കിലും ഒപ്ഷൻ കാണണമല്ലോ?” അയാൾ എന്നെ നോക്കി പറഞ്ഞു.രാവിലെ തന്നെ സർക്കാർ വകുപ്പിൽ ഒരാൾ ശശിയാകുന്നത് കണ്ട ഞാൻ ഒരു ചെറിയ പരീക്ഷണം നടത്താൻ തീരുമാനിച്ചു. Dയും തൊട്ടപ്പുറത്തുള്ള 7ന് പകരം അതിന്റേയും അപ്പുറത്തുള്ള 8ഉം അമർത്തി.അതാ.ചില്ല് കൂടിനകത്ത് ഒരു ഞരക്കം.D8 എന്ന് ലേബൽ ചെയ്ത നിരയിൽ നിന്നും ഒരു പാക്കറ്റ് വിത്ത് താഴേക്ക് വീണു!താഴെയുള്ള ട്രേയിൽ കയ്യിട്ടപ്പോൾ കിട്ടിയതാകട്ടെ കുറേ വേസ്റ്റ് പേപ്പറുകൾ!!
വിത്ത് വീണിട്ടുണ്ട്” നോക്കി നിന്ന വേറെ രണ്ട് പേർ പറഞ്ഞു.
ഒന്ന് കൂടി തപ്പി നോക്കൂ” ഞാൻ അയാളോട് പറഞ്ഞു.
ഒന്ന് കൂടി തപ്പിയപ്പോൾ ട്രേയുടെ ഒരു മൂലയിൽ നിന്ന് വിത്ത് പാക്കറ്റ് കിട്ടി.
എങ്കിൽ ഒന്ന് കൂടി പരീക്ഷിച്ച് നോക്കാം..” ആത്മവിശ്വാസം കൂടിയപ്പോൾ അദ്ദേഹം പറഞ്ഞു.
10 രൂപയുടെ നോട്ട് ഇൻസർട്ട് ചെയ്തു.പയർ വിത്തിന്റെ Dഎന്ന ആൽഫബറ്റും 7 എന്ന നമ്പറും അമർത്തി.ഒന്നും സംഭവിച്ചില്ല. Dയും 8ഉം അമർത്തി.വിത്ത് താഴെ വീണു.വിത്തെടുത്ത് പോക്കറ്റിലേക്കിട്ട് അയാൾ അയാളുടെ വഴിക്കും ഞാൻ എന്റെ ബസ്സിലേക്കും കയറി.