Pages

Wednesday, July 31, 2013

മൊബൈല്‍ ഫോണും കുട്ടികളും

ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ഇഫ്താര്‍മീറ്റില്‍ പങ്കെടുക്കാന്‍ പോയി.ആ വീടിന്റെ സ്വീകരണമുറിയില്‍ ചെന്ന ഞാന്‍ കണ്ടത് ടീപോയില്‍ കിടക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകളാണ്. വീട്ടിലെ വിവിധ ആള്‍ക്കാരുടെതാണ് അതെന്ന് ഊഹിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.കൂടുതല്‍ വിളികള്‍ വരാത്ത ഫോണുകള്‍ ആയതിനാലും നോമ്പ്തുറക്കുന്നതിന് മുന്നോടിയായുള്ള തിരക്കിലായതിനാലും ഫോണുകള്‍ ‘ഭദ്രമായി‘ സൂക്ഷിച്ചതായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ കരുതി.

അല്പസമയത്തിനകം നാലഞ്ച് കുഞ്ഞു മക്കള്‍ (മൂന്ന് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ളവര്‍) കടന്നു വന്നു.കൂട്ടത്തില്‍ മൂന്നര വയസ്സുകാരിയായ എന്റെ ഇളയ മകളും ഉണ്ടായിരുന്നു.ഓരോരുത്തരായി ഓരോ ഫോണ്‍ എടുത്തു.പിന്നെ അതിന്റെ അവിടേയും ഇവിടേയും ഒക്കെ ഞെക്കി ഗെയിം കളിക്കാന്‍ തുടങ്ങി!എന്റെ മോള്‍ക്ക് ഇതൊന്നും പരിചയമില്ലാത്തതിനാല്‍ അവള്‍ എന്റെ നേരെ വന്നു എന്റെ മൊബൈലിനായി കൈ നീട്ടി.

മൊബൈലിന്റെ ഉപയോഗം എന്തിനാണോ അതിനല്ലാത്ത ഒരു സംഗതിക്കും നല്‍കാത്ത എനിക്ക് ഈ രംഗം അത്ര സുഖിച്ചില്ല.അതിനാല്‍ ഞാന്‍ അവള്‍ക്ക് ഫോണ്‍ നല്‍കിയതുമില്ല.അതില്‍ കെറുവിച്ച് അവള്‍ സ്ഥലം വിടുകയും ചെയ്തു.പക്ഷേ എന്റെ വേവലാതി അതായിരുന്നില്ല.ഈ കുഞ്ഞുകുട്ടികള്‍ക്ക് ഇത്രയും ഫ്രീയായി മൊബൈല്‍ ഉപയോഗിക്കാന്‍ കൊടുക്കുന്ന വീട്ടുകാര്‍ അതിന്റെ ഭവിഷ്യത്തുകളെപറ്റി അല്പമെങ്കിലും ആലോചിക്കുന്നുണ്ടോ? മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന വികിരണങ്ങള്‍ എത്രത്തോളം മാരകമാണെന്ന് ഇന്നും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.വരുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ആശാവഹമല്ല എന്നറിഞ്ഞിട്ടും ഈ പിഞ്ചുമക്കള്‍ക്കുള്ള കളിപ്പാട്ടമായി അത് നല്‍കുന്ന അമ്മമാരും അച്ഛന്മാരും തങ്ങളുടെ മക്കളെ കാന്‍സറിന്റേയും മറ്റും കരാളഹസ്തത്തിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത് എന്ന് ഒരു നിമിഷം ചിന്തിക്കണം.

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ വ്യാപകപ്രചാരം നേടിയിട്ട് ഒരു ദശാബ്ദത്തോളമേ ആയിട്ടുള്ളൂ.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് മരണപ്പെട്ടവരുടെ എണ്ണവും മരണകാരണവും   20 വര്‍ഷം മുമ്പ് മരണപ്പെട്ടവരുടെ എണ്ണവും മരണകാരണവും തുലനം ചെയ്താല്‍ ഒരു ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത് വരും.മരുന്നും ചികിത്സയും ഏറ്റവും ആധുനികമായിട്ടും മരണസംഖ്യ കൂടിയിരിക്കുന്നു.അതും മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടുള്ള മരണം.ഇതിന്റെ കാരണക്കാരനെ തേടി അലയേണ്ടതില്ല.നമ്മുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഈ വില്ലനെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

അടുത്ത തവണ കുട്ടിക്ക് നേരെ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ നീട്ടുന്നതിന് മുമ്പ് ഈ കൊച്ചുകുറിപ്പും കൂടി ഒന്ന് വായിക്കുക.

7 comments:

Areekkodan | അരീക്കോടന്‍ said...

വരുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ആശാവഹമല്ല എന്നറിഞ്ഞിട്ടും ഈ പിഞ്ചുമക്കള്‍ക്കുള്ള കളിപ്പാട്ടമായി അത് നല്‍കുന്ന അമ്മമാരും അച്ഛന്മാരും തങ്ങളുടെ മക്കളെ കാന്‍സറിന്റേയും മറ്റും കരാളഹസ്തത്തിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത് എന്ന് ഒരു നിമിഷം ചിന്തിക്കണം.

Cv Thankappan said...

ആശംസകള്‍

Arif Bahrain Naduvannur said...

നല്ലൊരു ലേഖനം

ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ലൊരു ലേഖനം മാഷെ

ajith said...

കുട്ടികള്‍ക്ക് കളിപ്പാട്ടം പോലെ മൊബൈല്‍ ഫോണ്‍ കൊടുക്കുന്ന പ്രവണത നന്നല്ല.

ആര്‍ഷ said...

പുതിയ കാലത്തില്‍ മൊബൈലും, ലാപ്ടോപ്പും തനെയാണ്‌ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളായി കൊടുക്കുന്നത്!!! - വളരെയധികം ചിന്തിക്കേണ്ട വിഷയം മാഷെ . നന്ദി

JOMY said...

തീർച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെ . .

Post a Comment

നന്ദി....വീണ്ടും വരിക