Pages

Saturday, July 13, 2013

മാനന്തവാടിയിലൂടെ.....4

അന്ന് രാത്രി എനിക്ക് ഭക്ഷണം ഒരുക്കിയിരുന്നത് പവിത്രേട്ടന്റെ വീട്ടിലായിരുന്നു.മാനന്തവാടിയില്‍ ഉണ്ടായിരുന്ന കാലത്തേതിനേക്കാളും ഇന്നാണ് ഞാനും പവിത്രേട്ടനും കൂടുതല്‍ അടുത്തത് എന്ന് വേണമെങ്കില്‍ പറയാം.അത് ഒരു പക്ഷേ എന്റെ സല്‍‌പേരിന് വേണ്ടി പവിത്രേട്ടന്‍ തന്നെ മന:പൂര്‍വ്വം ചെയ്തതായിരിക്കാം.എന്നാലും അന്നും എന്നെ ഇടക്കിടക്ക് പവിത്രേട്ടന്റെ വീടിന് മുന്നിലെ ഗോഡൌണില്‍ വിളിച്ചിരുത്താറുണ്ടായിരുന്നു.
ഒരു ബന്ധുവിനെ കാണാന്‍ കൂത്തുപറമ്പില്‍ പോയതിനാല്‍ രാത്രി വൈകിയാണ് പവിത്രേട്ടന്‍ മാനന്തവാടിയില്‍ എത്തിയത്.ഒരു ഓട്ടോ പിടിച്ച് നേരെ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി എന്നെ പിക്ക് ചെയ്ത് കണിയാരത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടു.
പോകുന്ന വഴിയില്‍ ഞാന്‍ മോളുടെ തുറമാങ്ങാ ആഗ്രഹം പവിത്രേട്ടന്റെമുന്നിലും അവതരിപ്പിച്ചു. ഇതിനെപറ്റി വലിയ വിവരം ഇല്ലെങ്കിലും ആരോ അടുത്ത കാലത്ത് അതിനെ പറ്റി പറഞ്ഞത് പവിത്രേട്ടന്‍ ഓര്‍മ്മിച്ചു.പവിത്രേട്ടന്‍ ഒരു കാര്യം ഏറ്റെടുത്താല്‍ അത് എങ്ങനെയങ്കിലും സാധിച്ചു തരും എന്നതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചില്ല.എങ്കിലും വെറുതെ ഓട്ടോഡ്രൈവറോട് ഒരു ചോദ്യമിട്ടു.
“തുറമാങ്ങ എവിടെ കിട്ടും?”
“അധികം വേണോ?” ഓട്ടോഡ്രൈവറുടെ മറുചോദ്യം.
“ഒരു അരക്കിലോ...ഒരു കിലോ...” എന്റെ നേരെ നോക്കി പവിത്രേട്ടന്‍ പറഞ്ഞു.
“രണ്ടോ മൂന്നോ എണ്ണം മതിയെങ്കില്‍ ഞാന്‍ കൊണ്ടു തരാം...!!”
“നിങ്ങളുടെ വീട് എവിടെയാ?”
“2/4” (മാനന്തവാടിയില്‍ ഇത്തരം സ്ഥലപ്പേരുകള്‍ ധാരാളം)
“അവിടെ നിന്ന് എങ്ങനെ ഇവിടെ എത്തിക്കും?”
“അത് പ്രശ്നമില്ല്ല...എവിടെ കൊടുക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി...ഞാന്‍ അവിടെ എത്തിക്കാം...”
2/4 എന്ന സ്ഥലം മാനന്തവാടിയില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ പറഞ്ഞു - ബുദ്ധിമുട്ടില്ലെങ്കില്‍ അസ്‌ബി ഹോട്ടലിന്റെ കൌണ്ടറില്‍ ഏല്പിച്ചാല്‍ മതി.
“ശരി...എന്റെ ഫോണ്‍ നമ്പറ് എഴുതിക്കോളൂ...” ഫോണ്‍ നമ്പറും തന്ന് ഞങ്ങളെ യഥാസ്ഥാനത്തിറക്കി അദ്ദേഹം പോയി.
പിറ്റേന്ന് രാവിലെത്തന്നെ ഞാന്‍ മാര്‍ക്കറ്റില്‍ ഒന്ന് പോയി നോക്കി.അവിടെ പച്ചക്കറി കടകളില്‍ ഞാന്‍ അന്വേഷിച്ചു നടക്കുന്ന തുറമാങ്ങ തൂങ്ങുന്നു - ഒന്നിന് 20 രൂപ.ഞാന്‍ രണ്ടെണ്ണം വാങ്ങി.ശേഷം കോളേജില്‍ പോയി.ഉച്ചക്ക് റൂം വെക്കേറ്റ് ചെയ്യാനായി എത്തിയപ്പോള്‍ കൌണ്ടറില്‍ എന്നെ കാത്ത് ഒരു പൊതി!തുറന്ന് നോക്കിയപ്പോള്‍ 7 തുറമാങ്ങ!!
ഒരു രാത്രിയിലെ ആ ചെറിയ യാത്രക്കിടയില്‍ ഉണ്ടായ ബന്ധത്തില്‍ ആ ഓട്ടോഡ്രൈവര്‍ കാണിച്ച സ്നേഹം ആ പഴമൊഴി ഓര്‍മ്മിപ്പിച്ചു - നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം.

(അവസാനിച്ചു)

7 comments:

Areekkodan | അരീക്കോടന്‍ said...

ഒരു രാത്രിയിലെ ആ ചെറിയ യാത്രക്കിടയില്‍ ഉണ്ടായ ബന്ധത്തില്‍ ആ ഓട്ടോഡ്രൈവര്‍ കാണിച്ച സ്നേഹം ആ പഴമൊഴി ഓര്‍മ്മിപ്പിച്ചു - നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം.

ajith said...

നന്മകളാല്‍ സമൃദ്ധം.

ഇനി തുറമാങ്ങ എന്താണെന്ന് ഗൂഗിളിലൊന്ന് അടിച്ചുനോക്കട്ടെ

Cv Thankappan said...

തുറമാങ്ങ?!!
മാഷെ ഞാനും കേട്ടിട്ടില്ല.കടുമാങ്ങ,ഉപ്പുമാങ്ങ,പുളിമാങ്ങ എന്നൊക്കെയല്ലാതെ....
ആശംസകള്‍

Arif Bahrain Naduvannur said...

തുറമാങ്ങ എന്നാൽ, നല്ല മൂത്ത മാങ്ങ ഒരു പ്രത്യേക തരം മസാല ചേർത്ത് ഡ്രൈ ആയി സൂക്ഷിക്കുന്നു, പുളിപ്പും ചവർപ്പും കൂടിയ ഒരു പ്രത്യേക രുചിയാണിതിന്, ഇത് എത്രക്കാലം സൂക്ഷിക്കുന്നുവോ അത്രയും ടേസ്റ്റ് കൂടും. കുറ്റിയാടി ഭാഗങ്ങളിൽ ആണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്, നോമ്പിന്റെ അത്തായ സമയത്തെ ഒരു പ്രധാന വിഭവം കൂടിയാണിത്

Echmukutty said...

വായിച്ചിട്ട് ആഹ്ലാദം തോന്നി...

പാഞ്ചാ ലി said...

:))

കാഴ്ചക്കാരന്‍ said...

തുറമാങ്ങ ഇവിടെ.(G+)

https://plus.google.com/114052955797955450310/posts/J8PCDn6LLQj

Post a Comment

നന്ദി....വീണ്ടും വരിക