വർഷത്തിൽ കുടുംബ സമേതം ഒരു ഉല്ലാസ യാത്ര ജീവിത യാത്രയിലെ പതിവായത് എന്ന് മുതലാണ് എന്ന് ഇപ്പോൾ കൃത്യമായി നിശ്ചയമില്ല.കോവിഡ് ശേഷം 2021 ൽ ജയ്പൂരിലേക്കും (Click & Read) 2022 ൽ കാശ്മീരിലേക്കും (Click & Read) 2023 ൽ കുടകിലേക്കും (Click & Read) ആയിരുന്നു പ്രസ്തുത യാത്രകൾ.ഇത് കൂടാതെ ഒരു റിലാക്സേഷന് വേണ്ടി ചെറിയ ചെറിയ യാത്രകൾ വേറെയും ഇടക്കിടെ നടത്താറുണ്ട്.
എൻ്റെ വേനലവധിക്കാലവും മക്കളുടെ വേനലവധിക്കാലവും തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നതിനാൽ ഈ വർഷത്തെ പതിവ് ഉല്ലാസയാത്ര അന്ന് നടന്നില്ല. എൻ്റെ മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് വീടിൻ്റെയും പരിസരത്തിൻ്റെയും (എന്ന് വച്ചാൽ മുറ്റം, മതിൽ, പറമ്പ് തുടങ്ങിയവ) സൗന്ദര്യവല്കരണ പ്രവർത്തനങ്ങൾ നടത്താൻ ഞാൻ കണ്ടുവച്ചിരുന്ന കാലം കൂടിയായിരുന്നു മധ്യവേനലവധിക്കാലം. പണിക്കാരെ കിട്ടാത്തതിനാൽ അതും ആ സമയത്ത് നടന്നില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ഓണം അവധി കിട്ടിയെങ്കിലും മകളുടെ കല്യാണം ഓണാവധിയിൽ ആയിരുന്നതിനാൽ അന്നും എനിക്ക് അനങ്ങാൻ സാധിച്ചില്ല.
രണ്ടാമത്തെ മകൾ ഇപ്പോൾ ഡൽഹിയിലാണ് പഠിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കാനായി എത്തുന്ന അവളെയും കൂടി ഉൾപ്പെടുത്തി ഒരു യാത്ര പോകണമെങ്കിൽ കല്യാണപ്പിറ്റേന്നോ അതിന് തൊട്ടടുത്ത ദിവസമോ പുറപ്പെടണം എന്ന് ഞാൻ നേരത്തെ കണക്ക് കൂട്ടി വച്ചിരുന്നു.അതല്ല എങ്കിൽ, അവളെക്കൂടാതെ പിന്നീട് എപ്പോഴെങ്കിലും യാത്ര പോകണം. രണ്ട് ദിവസം കൊണ്ട് സ്വയം കാറോടിച്ച് കണ്ട് വരാവുന്ന ഒരു സ്ഥലം അപ്പോഴാണ് ഞാൻ ആലോചിച്ചത്. മഴ മേഘങ്ങൾ തൂങ്ങി നിൽക്കുന്ന ഈ സമയത്ത്, ഏകദേശം പോകാൻ പറ്റുന്ന സ്ഥലങ്ങളെല്ലാം നേരത്തെ പോയ ഇടങ്ങളായിരുന്നു. അപ്പോഴാണ് കേട്ടു മാത്രം പരിചയമുള്ള കൊല്ലഗലും ശിവസമുദ്രവും മനസ്സിൽ തെളിഞ്ഞത്.
നാട്ടിൽ നിന്നും നൂറ്റി തൊണ്ണൂറ്റി മൂന്ന് കിലോമീറ്റർ ഡ്രൈവ് ചെയ്താൽ അഞ്ചര മണിക്കൂർ കൊണ്ട് കൊല്ലഗലിൽ എത്താം എന്ന് ഗൂഗിളമ്മായി പറഞ്ഞ് തന്നു. റോഡിൻ്റെ അവസ്ഥ എൻ്റെ വല്യമ്മായിയുടെ മകനും പറഞ്ഞ് തന്നു. ബാരാ ചുക്കി വാട്ടർ ഫാൾസ് എന്നാണ് വെള്ളച്ചാട്ടത്തിൻ്റെ പേരെന്നും അവിടെ നിന്നും കുറച്ച് കൂടി മുന്നോട്ട് പോയാൽ വലിയൊരു വാട്ടർ ഫാൾസ് കൂടി കാണാമെന്നും വല്യമ്മായി മകൻ വഴി അറിയിപ്പ് കിട്ടി. രണ്ടാമത്തെ വാട്ടർ ഫാൾ ഗംഗാ ചുക്കി എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എന്ന് ഗൂഗിളമ്മായിയും വിവരം തന്നു.ബട്ട്, ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് ഇത് രണ്ടും കണ്ട ശേഷം അടുത്തത് എന്ത് എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം നേരെ മൈസൂരിലേക്ക് സ്റ്റിയറിംഗ് പിടിക്കാനായിരുന്നു. അതോടെ കൊല്ലഗൽ ടൂർ പ്ലാൻ റിവേഴ്സ് ഗിയറിലായി.
അപ്പോഴാണ് നീലഗിരിയുടെ രാജ്ഞിയായ ഊട്ടി എൻ്റെ മനസ്സിൽ അണിഞ്ഞൊരുങ്ങി എത്തി ലഡു പൊട്ടിച്ചത്. ഞാൻ നിരവധി തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും മൂത്ത മക്കൾ രണ്ട് പേരും ഊട്ടി കണ്ടത് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ്. പിന്നീട് ഞങ്ങൾ കുടുംബ സമേതം പൈതൃക വണ്ടിയിൽ മേട്ടുപ്പാളയത്ത് നിന്നും ഊട്ടി വരെ വന്നെങ്കിലും കാഴ്ചകൾ ഒന്നും കാണാൻ നിൽക്കാതെ മടങ്ങുകയാണുണ്ടായത്. മൂന്നാമത്തവൾ കഴിഞ്ഞ വർഷത്തെ ഒരു വിനോദയാത്രയിലൂടെ ഊട്ടി സന്ദർശിച്ചിരുന്നു. നാലാമത്തവന് ഊട്ടി ബർക്കിയിലെ ഊട്ടി അല്ലാതെ യഥാർത്ഥ ഊട്ടി എന്താണെന്ന് അറിയുക പോലുമില്ല. ഭാര്യയും ഊട്ടിയുടെ കുളിർമ്മ അറിഞ്ഞിട്ട് വർഷങ്ങളായി. നാട്ടിൽ നിന്നും നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഊട്ടിയിൽ എത്താം എന്ന് മാത്രമല്ല വഴി നീളെ കാഴ്ചകൾ കാണാൻ ഉണ്ട് എന്നതും ഊട്ടിയെ ആകർഷണീയമാക്കുന്നു. മക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ അവരും ഒ.കെ ആയതിനാൽ മരുമകനെയും കൂട്ടിയുള്ള ആദ്യ യാത്ര ഊട്ടിയിലേക്ക് തന്നെയാകട്ടെ എന്ന് തീരുമാനമായി.
സ്വയം ഡ്രൈവ് ചെയ്തു പോകുകയായതിനാൽ ഊട്ടിയിലെ സ്ഥിരം കാഴ്ചകൾ ഒന്ന് മാറ്റിപ്പിടിക്കാം എന്ന് മൂത്ത കുട്ടികൾ രണ്ട് പേരും അഭിപ്രായപ്പെട്ടു. ആദ്യമായിട്ട് പോകുന്നവർക്കായി വഴിയിലെ കാഴ്ചകൾ കണ്ട് പോകാമെന്നും തീരുമാനിച്ചു. നിരവധി തവണ ഊട്ടി സന്ദർശിച്ചിട്ടും ബൊട്ടാണിക്കൽ ഗാർഡനും റോസ് ഗാർഡനും ലേക്കും അല്ലാതെ മറ്റൊന്നും ഞാനും ഊട്ടിയിൽ കണ്ടിരുന്നില്ല. കർണ്ണാടക സർക്കാറിൻ്റെ പുതിയൊരു പാർക്ക് വന്നതും ഊട്ടിയുടെ ഉൾഭാഗങ്ങളിലെ കാഴ്ചകളും കേട്ട് പരിചയമുണ്ടെങ്കിലും അനുഭവിച്ചറിഞ്ഞിരുന്നില്ല. എങ്കിൽ ഈ യാത്ര ഒരു ഊട്ടി എസ്കർഷന് പകരം ഒരു ഊട്ടി എക്സ്പ്ലൊറേഷൻ യാത്രയാകട്ടെ എന്നും തീരുമാനമായി.
അങ്ങനെ സെപ്തംബർ 24 ന് രാവിലെ 8.45 ന് ഞങ്ങൾ വീട്ടിൽ നിന്നും കാറിൽ യാത്ര ആരംഭിച്ചു.