Pages

Thursday, August 31, 2017

രാമന്‍ ദ ഗ്രേറ്റ്

രാമന്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു.പ്രായം കൊണ്ട് എന്റെ മൂത്തതാണെങ്കിലും വിധിവശാല്‍ ഞങ്ങള്‍ ക്ലാസ്മേറ്റുകളായി.രാമന്റെ താഴെ ആണും പെണ്ണുമായി ഏഴെണ്ണം കൂടിയുള്ളതിനാല്‍ കുട്ടികളുടെ എണ്ണത്തില്‍ ആ വീട്, എന്റെ വീടിന് സമീപത്തെ അംഗനവാടിക്ക് തുല്യമായിരുന്നു.ശാരീരിക ഘടന കൊണ്ടും പൊക്കം കൊണ്ടും സൂപര്‍ സീനിയര്‍ ആയതിനാല്‍ ലാസ്റ്റ് ബെഞ്ചിന്റെ അറ്റത്തായിരുന്നു അന്ന് രാമന്റെ സീറ്റ്. ആ സീറ്റ് രാമന്‍ തന്നെ തെരഞ്ഞെടുത്തതാണെന്നും അതിന് പിന്നില്‍ മറ്റൊരു കഥയുണ്ടെന്നും ആ ക്ലാസ്സില്‍ എത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്.

ആ വര്‍ഷം ഒമ്പതാം ക്ലാസ്സില്‍ നിന്നും പത്താം ക്ലാസ്സിലേക്ക് ജയിച്ച് വന്നവരായിരുന്നു ഞങ്ങള്‍ എല്ലാവരും.രാമന്റെ ക്ലാസ്സ് ടീച്ചറായിരുന്ന ദയ ടീച്ചറുടെ ദയ കൊണ്ടോ അതല്ല വാര്‍ഷിക പരീക്ഷക്ക് അടുത്തിരുന്ന കരുണാകരന്റെ കരുണ കൊണ്ടോ എന്നറിയില്ല നാലാമൂഴത്തില്‍ രാമന്‍ പത്താം ക്ലാസ് കണ്ടു.മറ്റു ക്ലാസ്സുകളിലും ഇതിന് തുല്യമായ ‘റെക്കോര്‍ഡ്’ പ്രകടനം കാഴ്ച വച്ചാണ് രാമന്‍ പത്തിലെത്തിയത്.അങ്ങനെ ക്ലാസ്സ് തുടങ്ങി രണ്ടാം ദിവസം, രാമന്റെ ആറാമത്തെ അനിയന്‍ ബാവ, ചേട്ടന്‍ ബാവയെ പിന്നില്‍ നിന്നും തോണ്ടി!(ബാക്കി അനിയാനിയത്തിമാര്‍ എല്ലാം വല്യേട്ടനെ മുമ്പേ ഓവര്‍ടേക്ക് ചെയ്ത് പോയിരുന്നു). ആ ദാരുണ സംഭവത്തിന് ശേഷമാണ് രാമന് തന്റെ വയസ്സും ക്ലാസ്സും തമ്മിലുള്ള കണക്കിന്റെ കളി മനസ്സിലായത്.അനിയന്റെ ശല്യം കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ അന്ന് തന്നെ രാമന്‍ ലാസ്റ്റ് ബെഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി.

പഠിക്കുന്ന കാലത്തേ വായ കൊണ്ട് രാമനെ കീഴടക്കാന്‍ പ്രയാസമായിരുന്നു.എവിടെ നിന്നോ കേട്ട തെന്നാലി രാമനേയും ആനവാരി രാമന്‍ നായരെയും സി.വി. രാമനെയും സ്ഥാനത്തും അസ്ഥാനത്തും ക്വാട്ട് ചെയ്ത് താനും ആ പ്രശസ്ത പൂര്‍വ്വരാമഗണത്തില്‍ വരുന്നതാണെന്ന് അവന്‍ സ്ഥാപിക്കുമായിരുന്നു.അതിനാല്‍ തന്നെ തൊള്ളബഡായി രാമന്‍ എന്ന പേര് രാമനില്‍ അന്ന്  ചാര്‍ത്തപ്പെട്ടു.അത് ലോപിച്ച് ബഡായി രാമന്‍ ആയി മാറിയത് പിന്നീട് കേരളം കണ്ടറിഞ്ഞ സത്യം.

അങ്ങനെ  പoനം ഒരു വഴിക്കും രാമൻ മറ്റൊരു വഴിക്കും പോയിക്കൊണ്ടിരുന്ന കാലത്താണ് രാമന്റെ ജീവിതത്തിൽ ആദ്യമായി രാമൻ, രാമൻ ദ ഗ്രേറ്റ് ആയ  ആ മഹാ സംഭവം നടന്നത്. 

പത്താം ക്ലാസിൽ രസതന്ത്രം പഠിപ്പിക്കുന്നതിനിടയിൽ ദേവസ്യ മാഷ് രാമനോട് ഒരു ചോദ്യം  
“ആവർത്തന പട്ടികയിലെ  മൂലകങ്ങളുടെ എണ്ണമെത്ര?“

ആവർത്തന പെട്ടികളിലെ  മൂലകളുടെ എണ്ണം..., രസതന്ത്രം മാഷ് കണക്കിലെ ചോദ്യം ചോദിക്കുന്നതിന്റെ രഹസ്യം മനസ്സിലാകാതെ രാമൻ ഇരുന്നു. 

“രാമനോടാണ് ചോദ്യം...” ദേവസ്യ മാഷ് ശബ്ദമുയർത്തിയപ്പോൾ ചുറ്റുമുള്ളവരെ ഒക്കെയൊന്ന് ഉഴിഞ്ഞ് നോക്കി രാമൻ മെല്ലെ സീറ്റിൽ നിന്നും പൊങ്ങി.

‘ആവർത്തനം എന്നാൽ വീണ്ടും വീണ്ടും...അപ്പോൾ ആവർത്തന പെട്ടി എന്നാൽ വീണ്ടും വീണ്ടും അടുക്കി വയ്ക്കുന്ന പെട്ടി...മീൻ മാർക്കറ്റിലെപ്പോലെ....അതിന്റെ മൂലകൾ...അത് പെട്ടി എത്ര ഉണ്ട് എന്നറിഞ്ഞാലല്ലേ പറയാൻ പറ്റൂ....’ രാമൻ മനസ്സിൽ കണക്ക് കൂട്ടി.

“എന്തെങ്കിലും ഒന്ന് പറയൂ...” ദേവസ്യ മാഷ് അല്പം ചൂടായി.

“എണ്ണം കണക്കാക്കിയിട്ടില്ല...” രാമൻ വിളിച്ച് പറഞ്ഞു.

“ങേ!!” ദേവസ്യ മാഷ് ഞെട്ടി. ആവർത്തന പട്ടികയിലേക്ക് ഇനിയും മൂലകങ്ങൾ വരാനുള്ളത് രാമൻ എങ്ങനെ അറിഞ്ഞു എന്ന് ദേവസ്യ മാഷിന് മനസ്സിലായില്ല.അങ്ങനെ ആ പിര്യേഡിൽ രാമൻ രക്ഷപ്പെട്ടു.

അടുത്ത പിരീഡ് ബയോളജി ആയിരുന്നു. ക്ലാസ് തുടങ്ങി അല്പം കഴിഞ്ഞ് കരീം മാ‍സ്റ്ററുടെ ചോദ്യം ഉയർന്നു. “ മനുഷ്യന്റെ ക്രോമോസോം നമ്പർ എത്ര? രാമൻ പറയൂ...”

‘പല നമ്പറുകളും കേട്ടിട്ടുണ്ട്...മനുഷ്യന് നമ്പർ ഉള്ളതായി കേട്ടത് ആകെ ക്ലാസിൽ വിളിക്കുന്ന നമ്പറാണ്...’ രാമൻ ആലോചിച്ചു കൊണ്ട് എഴുന്നേറ്റു. ഈ പിര്യേഡിലും രാമന് പണി കിട്ടിയതിൽ മറ്റെല്ലാവരുടെയും മുഖത്ത് ഒരു ചിരി പടർന്നു.

“46” കരീം മാഷ് പറഞ്ഞ നമ്പറ് അറിയാത്തതിനാൽ രാമൻ തന്റെ റോൾ നമ്പർ വിളിച്ച് പറഞ്ഞു.

“വെരി ഗുഡ്...” അത്രയും കാലത്തിനിടക്ക് ആദ്യമായി രാമനിൽ നിന്ന് ശരിയുത്തരം കിട്ടിയപ്പോൾ കരീം മാഷ് രാമനെ അഭിനന്ദിച്ചു. എന്നാലും രാമൻ കറക്റ്റ് ഉത്തരം പറഞ്ഞതിന്റെ ഗുട്ടൻസ് മാഷിനും ക്ലാസ്സിലെ കുട്ടികൾക്കും മനസ്സിലായില്ല. ആ പിര്യേഡും അങ്ങനെ കഴിഞ്ഞു.

അടുത്ത പിര്യേഡ് ഭൌതികശാസ്ത്രമായിരുന്നു. രവീന്ദ്രൻ മാസ്റ്ററുടെ നോട്ടപ്പുള്ളിയായിരുന്നു രാമൻ. ക്ലാസ് തുടങ്ങിയത് തന്നെ ഒരു മുഖവുരയോടെയായിരുന്നു. “ഇന്നലെ നാം ചലന നിയമങ്ങളിലെ മൂന്നാമത്തേതും പഠിച്ചു...”

‘ദൈവമേ...ചലനത്തിന്റെ മൂന്ന് നിയമങ്ങൾ...ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും...അപ്പോൾ ഇനി നാലാമത്തെ നിയമം പിന്നോട്ട് ചലിക്കുന്നത് ആയിരിക്കും...’ രാമൻ ആത്മഗതം ചെയ്തു.

“മൂന്നാം ചലന നിയമം പറയൂ.....രാമൻ” 

‘ഇതെന്താ ഇന്ന് എന്റെ ജന്മദിനമാണോ...എല്ലാ മാഷന്മാരും എനിക്ക് മാത്രം പൊങ്കാല ഇടുന്നത്...’ എഴുന്നേൽക്കുന്നതിനിടയിൽ രാമൻ മനസ്സിൽ പറഞ്ഞു. ഉത്തരം അറിയാത്തതിനാൽ രാമൻ മിണ്ടാതെ നിന്നു.

ഒന്നും പറയാതെ പ്രതിമ കണക്കെ നിൽക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ അന്നും രവീന്ദ്രൻ മാഷുടെ ചൂരൽ രാമന്റെ നടുപ്പുറത്ത് പതിച്ചു. അപ്രതീക്ഷിതമായ അടിയിൽ പുളഞ്ഞ രാമൻ മുൻ പിൻ നോക്കാതെ നേരെ തിരിഞ്ഞ് കൈ ആഞ്ഞു വീശി.അത് കൃത്യമായി കൊണ്ടത് രവീന്ദ്രൻ മാഷുടെ പുറത്ത് !!

‘എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ‘ എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം പ്രയോഗത്തിലൂടെ കാണിച്ചത് രവീന്ദ്രൻ മാഷ് ശരിക്കും അനുഭവിച്ചറിഞ്ഞു. ആ ദിവസത്തിന് ശേഷം സയൻസ് അധ്യാപകർ ആരും തന്നെ രാമനോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെട്ടിട്ടില്ല.

രാമൻ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഉന്നതങ്ങളിൽ വിരാജിക്കുന്നുണ്ടാകും.കാരണം രാമന്റെ അച്ഛൻ എന്നും ഉന്നതങ്ങളിൽ വിരാജിക്കുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു..  

(ആയിരാമത് പോസ്റ്റ് - ഒരു പെൻഡ്രൈവ് സ്റ്റോറി)

Tuesday, August 29, 2017

സിറാജുന്നീസ

               ടി.ഡി.രാമകൃഷ്ണൻ എന്ന പേര് എവിടെയൊക്കെയോ ഞാൻ കേട്ടിരുന്നു.പക്ഷെ അത് ഒരു കഥാ കൃത്തിന്റെ  പേരാണെന്ന് മനസ്സിൽ ബോധിച്ചത് സിറാജുന്നീസ എന്ന പുസ്തകം കണ്ടപ്പോളാണ്. സിറാജുന്നീസ,വെറുപ്പിന്റെ വ്യാപാരികൾ,ബലികുടീരങ്ങളെ,വിശ്വാസം അതല്ലെ എല്ലാം,സൂര്യനഗർ,കെണി,സ്വപ്നമഹൽ തുടങ്ങീ കഥകളുടെ സമാഹാരമാണ് സിറാജുന്നീസ എന്ന പുസ്തകം. സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഭയാനകമായ ചിത്രം എഴുത്തിലൂടെ വരച്ചുകാണിക്കുന്നതിൽ കഥാകൃത്ത് ശ്രീ.ടി.ഡി.രാമകൃഷ്ണൻ വിജയിച്ചിട്ടുണ്ട്. 

                                             
             “സിറാജുന്നീസ” എന്ന പേരിൽ ഒരു പുസ്തകം കണ്ടപ്പോഴെ എന്റെ മനസ്സിൽ ഓടി എത്തിയത് പാലക്കാട് പുതുപ്പള്ളി തെരുവിൽ 1991ൽ വെടിയേറ്റ് വീണ ആ നിഷ്കളങ്ക ബാലികയും അതിനെത്തുടർന്ന് ഉണ്ടാക്കിയ നിരവധി കഥകളും ആയിരുന്നു. പുസ്തകം തുറന്നപ്പോൾ കണ്ടത് അതേ സിറാജുന്നീസ മൂന്ന് തവണ വീണ്ടും വധിക്കപ്പെടുന്നതിന്റെ അല്ലെങ്കിൽ കുറ്റവാളിയാക്കപ്പെടുന്നതിന്റെയും മാനഭംഗപ്പെടുത്തപ്പെടുന്നതിന്റെയും കഥകൾ.

                 വെറുപ്പിന്റെ വ്യാപാരികൾ പറയുന്നത് ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടത്തിന്റെ ഭീകരമുഖമാണെങ്കിൽ “ബലികുടീരങ്ങളെ“  വരച്ചു കാണിക്കുന്നത് ഒരു നക്സൽ ജീവിതത്തിന്റെ ചിത്രങ്ങളാണ്. ഇങ്ങനെയാണ് നക്സലുകളുടെ ജീവിതം എന്നറിഞ്ഞപ്പോൾ അതിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ മാനസികാവസ്ഥ വല്ലാത്തത് തന്നെ എന്ന് തോന്നിപ്പോയി.

             വിശ്വാസം അതല്ലെ എല്ലാം എന്ന കഥ അനാവരണം ചെയ്യൂന്നത് ഒരു ന്യൂജൻ ശീലവും അതിന് നൽകേണ്ട യഥാർത്ഥ മരുന്നും ആണ്. ഉപദേശങ്ങൾക്ക് പ്രസക്തിയില്ലാത്ത ഇക്കാലത്ത് കൈപ്രയോഗം നടത്തേണ്ട സമയത്ത് നടത്തേണ്ടത് പോലെ ചെയ്താൽ ന്യൂജനും വഴിക്ക് വരും എന്ന് ഈ കഥ പറയുന്നു. സൂര്യ നഗർ എന്ന കഥയിൽ കൈവെട്ട് കേസ് കടന്നു വരുന്നുണ്ടെങ്കിലും കഥാന്ത്യം മനസ്സിലായില്ല.

              ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒ ആയ വിജയ്  തന്റെ കീഴിൽ ജോലി ചെയ്യുന്ന സുന്ദരിമാരെ ഉപയോഗപ്പെടുത്തുന്ന കഥയാണ് കെണി. പ്രമോഷനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ പല ഇംഗിതങ്ങൾക്കും വഴങ്ങുന്നതിന്റെ ഈ ചിത്രം ഓരോ പിതാവിന്റെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതാണ്. വിജയ് തന്റെ ഇരുപത്തി ആറാമത്തെ ഇരയെ വീഴ്ത്തുമ്പോൾ രേഖക്ക് അത് അഞ്ചാമത്തെ കിടക്കയാണ്. എന്ന് വച്ചാൽ പെണ്ണും മോശക്കാരിയല്ല എന്നർത്ഥം.

              സ്വപ്നമഹൽ എന്ന കഥയിലും നായിക ഒരു രേഖയാണ്. ഇതും പെണ്ണുടൽ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു കഥ പറഞ്ഞ് തരുന്നു.


                ഇക്കാലത്ത് പ്രസക്തിയുണ്ടെങ്കിലും രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഈ കഥകൾ എല്ലാം മാറും. അതിനാ‍ൽ തന്നെ ഇതൊരു കാലാവർത്തിയായ പുസ്തകമല്ല എന്ന് തുറന്ന് പറയേണ്ടി വരുന്നു. പക്ഷേ ഒറ്റ ഇരുപ്പിന് വായിക്കാൻ തോന്നും എന്ന് തീർച്ച.


പുസ്തകം: സിറാജുന്നീസ
രചയിതാവ് : ടി.ഡി.രാമകൃഷ്ണൻ
പ്രസാധകര്‍: ഡി സി ബുക്സ്
പേജ്:100
വില:80 രൂപ  Sunday, August 27, 2017

മട്ടാഞ്ചേരി സിനഗോഗ് (Mattancherry Synagogue)

             ജൂതത്തെരുവിലൂടെ നടന്ന് നടന്ന് ഞങ്ങള്‍ ആ ഇടുങ്ങിയ പാ‍തയുടെ പ്രവേശന മുഖത്ത് എത്തി. ഈ പാത അവസാനിക്കുന്നത് ഒരു കെട്ടിടത്തില്‍ മുട്ടിയാണ്. അവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ് അഥവാ ജൂതപ്പള്ളി സ്ഥിതി ചെയ്യുന്നത്. 
              പുരാതനമായ ഈ കെട്ടിടത്തിനകത്ത് അങ്ങനെയൊരു പള്ളി ഉള്ളതായി ഒറ്റ നോട്ടത്തില്‍ മനസ്സിലാകില്ല. നേരെ കാണുന്ന പൂട്ടിയിട്ട ആ വാതില്‍ കണ്ട് പലരും മടങ്ങുകയും ചെയ്യും. 
               ഇടതുഭാഗത്തെ ഒരു വാതിലിലൂടെ അകത്ത് പ്രവേശിച്ചാലാണ് സിനഗോഗിനുള്ളിലേക്ക് കയറാന്‍ സാധിക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനിയാഴ്ചകളിലും ജൂത അവധിദിവസങ്ങളിലും (അത് എങ്ങനെ അറിയും എന്ന് ഒരു പിടിയും ഇല്ല) സിനഗോഗിനും അവധിയാണ്.അകത്ത് കയറാന്‍ ടിക്കറ്റ് എടുക്കണം. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചക്ക് ശേഷം 3 മുതല്‍ 5  വരെയും മാത്രമേ പ്രവേശനമുള്ളൂ.ക്യാമറ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
              “Dress Modestly" എന്ന വലിയ ഒരു ബോര്‍ഡ് പുറത്ത് തൂങ്ങുന്നുണ്ട് (ആരോടാണ് എന്ന് അറിയില്ല). അകത്ത് കുറെ വിളക്കുകളും മറ്റും തൂങ്ങുന്നുണ്ട്. നിലത്ത് വിരിച്ച നീലയും വെള്ളയും കലര്‍ന്ന ടൈലുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ശ്രദ്ധ കവരും.പതിനെട്ടാം നൂറ്റാണ്ടില്‍ കൈ കൊണ്ട് ചിത്രപ്പണി ചെയ്തെടുത്ത ചൈനീസ് ടൈലുകള്‍ ആണ് പോലും അവ.അവ ഓരോന്നും വ്യത്യസ്തവുമാണ്! പള്ളിക്കകത്ത് കണ്ട ബെഞ്ചില്‍ അല്പ നേരം ഇരുന്ന ശേഷം ഞാനും കുടുംബവും പുറത്തിറങ്ങി.
               കൊച്ചിയില്‍ ഏഴോളം സിനഗോഗുകള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയതും (സ്ഥാപിതം 1567) ഇപ്പോഴും സജീവവുമായ സിനഗോഗ് മട്ടാഞ്ചേരിയിലേത് മാത്രമാണ്. വിദേശികളാല്‍ നിര്‍മ്മിതമായതിനാല്‍ ഇതിനെ പരദേശി സിനഗോഗ് എന്നും പറയുന്നു. 
               മട്ടാഞ്ചേരിയില്‍ തന്നെ ഒരു ജൈന ക്ഷേത്രവും കൂനന്‍ കുരിശ് ചര്‍ച്ചും കൂടി കാണാനുണ്ട്. പക്ഷെ സമയം ഇനി കൂടുതല്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. മട്ടാഞ്ചേരിയില്‍ നിന്നും എറണാകുളത്തേക്ക് തിരിക്കാനായി ഞങ്ങള്‍ ഫെറിയിലെത്തി. ബോട്ട് വരാന്‍ താമസം ഉള്ളതിനാല്‍ തൊട്ടടുത്ത കുട്ടികളുടെ പാര്‍ക്കില്‍ അല്പ സമയം കൂടി ചെലവഴിച്ചു.
           എറണാകുളത്തെത്തി നാട്ടിലേക്ക് ട്രെയിന്‍ കയറിയതോടെ മൂന്ന് ദിവസത്തെ കുടുംബ സമേതമുള്ള ഒരു നാടുചുറ്റല്‍ കൂടി അവസാനിച്ചു.

തുടക്കം മുതല്‍ വായിക്കാന്‍ താഴെ ഉള്ളവയില്‍ ക്ലിക്ക് ചെയ്യുക.Saturday, August 26, 2017

ജൂതത്തെരുവിലൂടെ...

                 മുമ്പ് പല തവണ കണ്ടതാണെങ്കിലും,  ഈ വര്‍ഷത്തെ കൊച്ചിന്‍-മുസ്‌രിസ് ബിനാലെ കാണാന്‍ വേണ്ടി ഫോര്‍ട്ട് കൊച്ചിയില്‍ പോയ ദിവസം ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ് ഒന്ന് കൂടി സന്ദര്‍ശിക്കണം എന്ന് കരുതിയിരുന്നു.പക്ഷെ, ഞായറാഴ്ച സിനഗോഗ് തുറക്കില്ല എന്ന് ടാക്സിക്കാരന്‍ തന്ന തെറ്റായ വിവരം കാരണം അന്ന് അത് കാണാന്‍ പോയില്ല. ഇത്തവണ  അപ്രതീക്ഷിതമായി ഒരു ഞായറാഴ്ച ദിവസം തന്നെ എറണാകുളത്ത് ലഭിച്ചതിനാല്‍ മട്ടാഞ്ചേരിയില്‍ പോകാന്‍ തീരുമാനിച്ചു.
                 മട്ടാഞ്ചേരി ബസ് സ്റ്റാന്റിന് തൊട്ടടുത്ത് തന്നെയുള്ള ഡച്ച് കൊട്ടാരമാണ് ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത്. ഒരു ക്ഷേത്രത്തിന്റെ ഗേറ്റിലൂടെയാണ് അകത്തേക്ക് പ്രവേശനം.പ്രവേശന ഫീ മുതിര്‍ന്നവര്‍ക്ക് അഞ്ച് രൂപയും 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും ആണ്. മ്യൂസിയങ്ങള്‍ സാധാരണ തിങ്കളാഴ്ചയാണ് അവധി.ഇവിടെ വെള്ളിയാഴ്ച അവധി എന്ന് കാണുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം.
                   പേര് ഡച്ച് കൊട്ടാരം എന്നാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് 1555ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്. 100 വര്‍ഷം കഴിഞ്ഞ് ഡച്ചുകാര്‍ ചില പുതുക്കിപ്പണിയലുകള്‍ നടത്തി.അന്ന് മുതല്‍ ഇത് ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നു. പഴയ കൊച്ചി രാജാക്കന്മാരുടെ ചിത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന വിവിധ സാധന സാമഗ്രികളും മ്യൂറല്‍ പെയിന്റിംങ്ങുകളും ആണ് ഇന്ന് ഈ കൊട്ടാരത്തില്‍ കാണാനുള്ളത്.
                 എല്ലാവരും കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടയില്‍ ഒരു മ്യൂസിയം ജീവനക്കാരി, കയ്യില്‍ കടലാസ് പിടിച്ച് നില്‍ക്കുന്ന രാജാവിന്റെ ഷൂസില്‍ നോക്കാന്‍ എന്നോട് പറഞ്ഞു.ഇപ്പോള്‍ രാജാവ് എന്നെയും നോക്കുന്നു. ഇനി മുന്നോട്ട് നീങ്ങിയാലും രാജാവ് എന്നെത്തന്നെ നോക്കുന്നു !!മറ്റാരും ശ്രദ്ധിക്കാതെ പോയ കാര്യം ഞാന്‍ എന്റെ കുടുംബത്തെ കൂടി അറിയിച്ചു.ആ അത്ഭുത പെയിന്റിംഗ് ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. തൊട്ടടുത്ത ചില രാജാക്കന്മാര്‍ക്കും ഈ “അത്ഭുത സിദ്ധി“ ഉള്ളതായി കുട്ടികള്‍ പരീക്ഷിച്ച് മനസ്സിലാക്കി. തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറിയില്‍ ഇതേ പോലൊരു ഒറ്റ ചിത്രം കണ്ടതായി ഓര്‍ക്കുന്നു.
                  ഡച്ച് കൊട്ടാരത്തില്‍ നിന്നും പുറത്തിറങ്ങി ഞങ്ങള്‍ ജൂതത്തെരുവിലേക്ക് പ്രവേശിച്ചു.
                  ജൂതന്മാര്‍ ഇന്ത്യയില്‍ ആദ്യമായി വ്യാപാരം ആരംഭിച്ച തെരുവാണ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് (Jew Street) എന്ന് പറയപ്പെടുന്നു.പലതരം പുരാതന വസ്തുക്കളും ഈ തെരുവില്‍ വാങ്ങാന്‍ കിട്ടും.പുരാവസ്തുക്കള്‍ കൊണ്ട് അലംകൃതമായ ഒരു ഹോട്ടല്‍ തന്നെ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിച്ചു.
വില്പനക്കോ അതോ യാത്രക്കോ എന്നറിയില്ല.
               ഇത് രംഗോലി ഇടുന്ന നേര്‍ത്ത ഒരു തരം പൊടിയാണ്.എവിടെയാണ് ഇത് ഉപയോഗിക്കുന്നത് എന്ന് കണ്ടില്ല.സമീപത്ത് എവിടെയൊക്കെയോ നന്നായി ഉപയോഗിക്കുന്നുണ്ട് എന്ന് അത് കടയില്‍ പ്രദര്‍ശിപ്പിച്ച രീതിയില്‍ നിന്നും മനസ്സിലാക്കുന്നു.
              ജൂതത്തെരുവിലൂടെ നടക്കുമ്പോള്‍ , പൌരാണിക കാലം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഓടിക്കയറും. പഴയ കെട്ടിടങ്ങളും ഇടുങ്ങിയ റോഡും വിദേശികളുടെ ആധിക്യവും എല്ലാം കൂടി നാം മറ്റേതോ നാട്ടിലെ ഒരു തെരുവിലൂടെ നടക്കുന്നത് പോലെ. ചരിത്രം വായിച്ച ശേഷം കുട്ടികള്‍ക്ക് അത് അനുഭവിച്ചറിയാന്‍ ഈ തെരുവിലൂടെയുള്ള ഒരു നടത്തം ഏറെ സഹായകമായിരിക്കും.

(തുടരും...)

Friday, August 25, 2017

കേട്ടറിഞ്ഞ കുട്ടനാടിലൂടെ...

               വയറ്റിലെ കരിമീനിന്റെ ആധിക്യം കണ്ണിലൂടെ ഉറക്കമായി വരാൻ തുടങ്ങിയപ്പോഴേക്കും കുട്ടനാടിന്റെ പ്രകൃതി സൌന്ദര്യം ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കൊയ്ത്തു കഴിഞ്ഞ വയലുകൾക്ക് നടുവിലൂടെയുള്ള റോഡിലൂടെ കാർ നീങ്ങിക്കൊണ്ടിരുന്നു. കുട്ടനാട് സമുദ്ര നിരപ്പിൽ നിന്നും താഴെയാണ് എന്ന് പറഞ്ഞത് ഇപ്പോൾ ശരിക്കും ഞങ്ങൾക്ക് ബോധ്യപ്പെട്ടു. കായലിനെക്കാളും താഴ്ന്ന വിതാനത്തിലായിരുന്നു വയലുകൾ സ്ഥിതി ചെയ്തിരുന്നത്.
                  കൊയ്ത്ത് കഴിഞ്ഞ പാടം ഉഴുതുമറിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ വിവിധ തരത്തിൽ പെട്ട കൊക്കുകളും മറ്റു പക്ഷികളും അവയുടെ അന്നം തേടിക്കൊണ്ടിരിക്കുന്നു. ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയപ്പോൾ എല്ലാം കൂടി പറന്നുയരുന്നത് കാണാൻ നല്ല ചന്തം.
                   കുട്ടനാടിന്റെ ഭംഗി കാണാൻ നെല്ല് കൊയ്യുന്നതിന്റെ മുമ്പ് എത്തണം എന്ന് ആന്റണി പറഞ്ഞു. എങ്ങും പച്ച മാത്രം കാണുന്ന ആ കാഴ്ച ഞാൻ മനസ്സിൽ കണ്ടു. കൊയ്ത്ത് കഴിഞ്ഞാൽ ആ വയലിൽ നെൽചെടിയുടെ കുറ്റികൾ ഉണ്ടാകും. അത് നീക്കം ചെയ്യുന്നത് മെനക്കെട്ട ഒരു പണിയാണ്. അത് ഇല്ലാതാക്കാനുള്ള സൂത്രവും ദൈവം കുട്ടനാട്ടുകാരെ പഠിപ്പിച്ചിട്ടുണ്ട്.
                     ബണ്ട് പൊട്ടിച്ച്, കൊയ്ത്ത് കഴിഞ്ഞ വയലിലേക്ക് ഉപ്പ്‌വെള്ളം കടത്തിവിടും. അങ്ങനെ ഏക്കർ കണക്കിന് വയൽ മുഴുവൻ ഉപ്പുവെള്ളത്തിൽ മുങ്ങും.പലതരം മീനുകളും കിട്ടും. ഒരാഴ്ചയോളം വെള്ളത്തെ ഇങ്ങനെ കെട്ടി നിർത്തും. ശേഷം വളരെയധികം ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് ഈ വെള്ളം മുഴുവൻ തിരിച്ച് പമ്പ് ചെയ്ത് കയറ്റും. അതും കഴിഞ്ഞ് ഉഴുതുമറിക്കും.
                      റോഡും വയലും പല സ്ഥലങ്ങളിലും വിതാനത്തിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു.പക്ഷെ ഉപ്പുവെള്ളം നിറച്ച സ്ഥലങ്ങളിൽ അവ ഒപ്പത്തിനൊപ്പം നിന്നു. നേരത്തെ ബോട്ടിൽ എത്തിയ പല സ്ഥലങ്ങളും ഇപ്പോൾ കാൽ നടയിലൂടെ കണ്ടു. കുട്ടനാടിന്റെ ഹൃദയഭൂമിയിലൂടെയുള്ള ആ പഥ സഞ്ചലനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഗ്രാമീണത മുറ്റുന്ന സ്ഥലങ്ങളും വഞ്ചിയാൽ ബന്ധിക്കപ്പെട്ട ചെറിയ ചെറിയ തുരുത്തുകളും എവിടെയൊക്കെയോ മനസ്സിൽ തറച്ച് നിന്നു.
                   കുട്ടനാട് മതിവരുവോളം കണ്ട് വൈകിട്ട് 4 മണിയോടെ ഞങ്ങൾ ആന്റണിയുടെ വീട്ടിലെത്തി. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ടതിനാൽ അവിടെ ഞങ്ങൾ അധിക സമയം ചെലവഴിച്ചില്ല. ലഘു ചായ സൽക്കാരം ഏറ്റു വാങ്ങി ഞങ്ങൾ റൂമിലേക്ക് തന്നെ തിരിച്ചു.
                    റിട്ടേൺ ടിക്കറ്റ് റിസർവ്വ് ചെയ്യാതിരുന്നതിനാൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നത് ദുഷ്കരമായിരുന്നു. രാത്രി ബസ്സിൽ മടങ്ങുന്നതും ഒരു സാഹസമായി എല്ലാവരും അഭിപ്രായപ്പെട്ടു. ഒരു രാത്രികൂടി അവിടെ തങ്ങാനുള്ള വകുപ്പും ഇല്ലായിരുന്നു. അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ പ്രയാസപ്പെടുമ്പോഴാണ് ബിനാലെ കണ്ട് മടങ്ങിയ ദിവസം താമസിച്ച എറണാകുളത്തെ സുഹൃത്ത് ഖൈസിന്റെ വീട് ഓർമ്മയിൽ വന്നത്. അവനെ വിളിച്ച് അന്ന് രാത്രി താമസം അവിടെ ഉറപ്പിച്ചു. അങ്ങനെ റെയ്ബാനിൽ നിന്നും ആന്റണിയോട് വിട പറഞ്ഞ്, സന്ധ്യയോടെ ഞങ്ങൾ എറണാകുളത്തേക്ക് ബസ് കയറി.

(തുടരും...)

Tuesday, August 22, 2017

ഹായ്... കരിമീൻ പൊള്ളിച്ചത് !!

                 കായൽ സൌന്ദര്യം മതിവരോളം ആസ്വദിച്ച ശേഷം ഞങ്ങൾ ആമാശയത്തിന്റെ വിളിക്കുത്തരം നൽകാനായി നീങ്ങി. ആലപ്പുഴയുടെ ശ്രദ്ധേയ വിഭവമായ കരിമീൻ പൊള്ളിച്ചത് കഴിക്കണമെന്നും ഭാര്യക്കും മക്കൾക്കും കൂടി അതിന്റെ രുചി അറിയിക്കണമെന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു. ആന്റണി മാഷ് അത് എങ്ങനെയോ മണത്തറിഞ്ഞു.

               കായലിൽ നിന്ന് പിടിക്കുന്ന കരിമീൻ  കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണു കരിമീൻ പൊള്ളിച്ചത്.  എറണാകുളം, ആലപ്പുഴ ജില്ലകളായിരുന്നു കരിമീനിന് സുപ്രസിദ്ധം. ഇന്ന് കേരളത്തിലെല്ലായിടത്തും ലഭ്യമാണെങ്കിലും കുമരകമാണ്  കരിമീൻ പൊള്ളിച്ചതിന് പേരു കേട്ട സ്ഥലം എന്ന് ചിലർ പറയുന്നു. ആലപ്പുഴയിലെ തന്നെ മുഹമ്മയാണ് കരിമീനിന്റെ കേന്ദ്രം എന്നും കേൾക്കുന്നു.ഈ യാത്രക്ക് അല്പം മുമ്പ് ആലപ്പുഴയിലെ തന്നെ പാറ്റൂരിൽ ഞാൻ പോയിരുന്നു.അന്ന് അവിടെ നിന്നും മടങ്ങിയ ശേഷമാണ് അത് കരിമീനിന് പേര് കേട്ട ഇടമാണെന്ന് ആരോ പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ കരിമീൻ കിട്ടുന്നിടം മുഴുവൻ അതിന് പേര് കേട്ട സ്ഥലങ്ങൾ കൂടിയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ കരിമീനിന്റെ കൂടെ ചേർക്കുന്ന മസാലയാണ് അതിന്റെ രുചിയും പെരുമയും നിർണ്ണയിക്കുന്നത്. കരിമീൻ മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിൽ വെച്ചു പൊള്ളിച്ചാണു ഈ വിഭവം തയാറാക്കുന്നത് എന്ന് പറയപ്പെടുന്നു.

               ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ റെയ്ബാനിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്ത് തന്നെയാണ് ഞങ്ങൾക്ക് താമസം ഉദ്ദേശിച്ചിരുന്ന ബ്രദേഴ്സ് ഹോട്ടൽ. അതിനാൽ തന്നെ റൂമിൽ നിന്നും ഞങ്ങൾ നടന്നാണ് പോയത്. ഹോട്ടലിൽ കയറിയപ്പോഴാണ് തിരക്ക് ശരിക്കും അറിഞ്ഞത്. അന്ന് ആലപ്പുഴയിൽ ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷവും ജനശ്രീ മിഷന്റെ സംസ്ഥാനതല നേതൃയോഗവും കൂടി ഉണ്ടായിരുന്നു. അതിനാൽ തിരക്ക് പതിന്മടങ്ങായിരുന്നു.

                  കാലിയായ സീറ്റുകൾ പെട്ടെന്ന് തന്നെ ആന്റണി ഞങ്ങൾക്കായി റിസർവ്വ് ചെയ്തതിനാൽ രണ്ട് മേശകളിലായി ഞങ്ങൾ സ്ഥാനം പിടിച്ചു. എല്ലാവർക്കും ഊണും കരിമീനും ആന്റണി മാഷ് തന്നെ ഓർഡർ ചെയ്തു. കരിമീൻ എല്ലാവർക്കും വേണ്ട എന്നും നാലെണ്ണം മതിയെന്നും ഞാൻ തന്നെ തിരുത്തി. ഊണ് ഏകദേശം തീരാൻ സമയത്താണ് രണ്ട് ടേബിളിലും മീൻ എത്തിയത്.
                     ഊൺ തീർന്നിട്ടും മീൻ തീരാതെയായപ്പോൾ പ്ലേറ്റുകൾ എന്റെ മേശയിലേക്ക് വരാൻ തുടങ്ങി. ഒരു മീൻ മുഴുവനായി ഞാൻ അകത്താക്കി കഴിഞ്ഞപ്പോഴാണ്  സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള രണ്ട് പ്ലേറ്റുകളിലെ പകുതികൾ എത്തിയത്.ആന്റണി മാഷ് മീൻ തൊട്ടതും ഇല്ല. അവ രണ്ടും കൂടി ഫിനിഷ് ചെയ്യാൻ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് പെങ്ങളുടെ മകൻ അമലിന്റെ ശബ്ദം “ആബി കാക്കാ...ഇതും കൂടി”. അവനെ ഒന്ന് ശകാരിച്ചതോടെ അല്പം കൂടി അവൻ അകത്താക്കി.ബാക്കി ഞാൻ തന്നെ ഫിനിഷാക്കേണ്ടി വന്നു. അന്നത്തോടെ കരിമീൻ എനിക്കും മതിയായി(ഹന്നക്ക് കരിമീൻ വാങ്ങിക്കൊടുക്കാത്തതിന്റെ ശിക്ഷ ആയിരിക്കാം ഇത്.ആ കഥ പിന്നീട്).
                  കരിമീൻ പൊള്ളിച്ചതിന്റെ വിലയും പൊള്ളും എന്നതിനാൽ ബില്ല്‌ ആദ്യം വാങ്ങാനായി  ഞാൻ കൌണ്ടറിൽ എത്തി.പക്ഷേ അപ്പോഴേക്കും ആന്റണി മാഷ് അത് തീർപ്പാക്കി കഴിഞ്ഞിരുന്നു.അതിനാൽ ആലപ്പുഴയിൽ കരിമീൻ പൊള്ളിച്ചതിന്റെ വില എത്ര എന്ന്  എനിക്ക് ഇന്നും അജ്ഞാതമാണ്. 
                    വീണ്ടും കാറിൽ കയറി,ഞങ്ങൾ കുട്ടനാടിന്റെ കരഭാഗങ്ങൾ കാണാനുള്ള യാത്ര ആരംഭിച്ചു.

(തുടരും...)

Sunday, August 20, 2017

കായലിൽ നിന്ന് കരയിലേക്ക്...

പുന്നമടക്കായലിലൂടെയുള്ള ശിക്കാർ യാത്ര തുടങ്ങിയിട്ട് ഏതാണ്ട് നാല് മണിക്കൂർ കഴിഞ്ഞു. ഞങ്ങൾക്കെല്ലാവർക്കും മടുപ്പ് തുടങ്ങി.കായലിനെപ്പറ്റി കാണേണ്ടതും അറിയേണ്ടതും ആയ കാര്യങ്ങൾ മുഴുവൻ ഏകദേശം പൂർത്തീകരിച്ച് കഴിഞ്ഞു. വിശാലമായ വേമ്പനാട് കായലിൽ എത്തിയതോടെ തിരിച്ച് വിടാൻ തീരുമാനവുമായി.

               വന്ന വഴിയേ ആയിരുന്നില്ല ഞങ്ങളുടെ തിരിച്ച് പോക്ക്. പലപ്പോഴും വീതികുറഞ്ഞ സ്ഥലങ്ങളിൽ കൂടി കടന്നുപോയി.പോള ചെടി നിറഞ്ഞ് അടഞ്ഞ ഒരു വഴി വകഞ്ഞുമാറ്റിയും മുന്നോട്ട് നീങ്ങി.നാട്ടിൽ കാണുന്ന ഇടവഴികളുടെ കായലിലെ രൂപമാണ് ഇതെന്ന് ആന്റണി പറഞ്ഞപ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായി.

             പെട്ടെന്ന്  കായലോരത്തെ ഒരു പാലം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഈ പാലം മുമ്പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ആന്റണി ചോദിച്ചപ്പോൾ പെട്ടെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. നിരവധി സിനിമകളിൽ (ഉദാ:- മൈ ബോസ്) ഈ പാലം ഉള്ളതായി പറയപ്പെടുന്നു. ഞാൻ സിനിമ കാണാത്തതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.പക്ഷെ മക്കൾ അത് സമ്മതിച്ചു.
                    ദൂരെ കടല്പാലം പോലെ ഒരു നിർമ്മിതി പ്രത്യക്ഷപ്പെടാൻ തുടങ്ങി. വെയിലി അത് മിന്നിത്തിളങ്ങുന്നുണ്ട്. ഒരു റിസോർട്ടിലേക്കുള്ള വഴിയും അതോടനുബന്ധിച്ചുള്ള ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയുമായിരുന്നു അത്.ഗവണ്മെന്റ് അധീനതയിലുള്ളതാണെന്ന് പറയപ്പെടുന്നു.
                  വെയിൽ കത്തി നിന്നതിനാൽ ജെട്ടിയിൽ ഇറങ്ങേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. കര ലക്ഷ്യമാക്കി ഞങ്ങളുടെ ശിക്കാർ വീണ്ടും നീന്തി. വലിയ ഹൌസ് ബോട്ടുകളും പോലീസിന്റെ സ്പീഡ് ബോട്ടുകളും സൃഷ്ടിക്കുന്ന ഓളങ്ങളിൽ ഞങ്ങളുടെ ബോട്ട് അമ്മാനമാടി. വലിയ ഓളങ്ങളിൽ ബോട്ടിന്റെ ചാഞ്ചാട്ടം കുട്ടികളിൽ ചെറിയ ഭീതിയുണ്ടാക്കി. യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ ഞങ്ങൾ തിരിച്ചെത്തി. ശിക്കാറിൽ നിന്നുള്ള അവസാനത്തെ കുടുംബ ഫോട്ടോയും എടുത്ത് ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി.
“റൂമിൽ പോയി ഒന്ന് ഫ്രെഷ് ആകാം...പിന്നെ  ആലപ്പുഴയുടെ തനത് കരിമീൻ പൊള്ളിച്ചത് സഹിതമുള്ള ഉച്ച ഭക്ഷണം , ബ്രദേഴ്സ് ഹോട്ടലിൽ നിന്ന് എന്റെ വക. അത് കഴിഞ്ഞ് കുട്ടനാടിന്റെ ഹൃദയ ഭാഗത്ത് കൂടി ഒരു കാർ യാത്ര.ഒപ്പം എന്റെ വീട്ടിൽ ഒരു ലഘു ചായ സൽക്കാരവും....” ആന്റണി മാഷ് അടുത്ത പദ്ധതികൾ പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി.

(തുടരും...)

വേമ്പനാട്ട് കായലിലേക്ക്...

                 തുരുത്തിലെ ഒരു വീടിന്റെ മുന്നില്‍ സജ്ജീകരിച്ചതായിരുന്നു ആ ചായക്കട. ബോട്ടില്‍ നിന്നിറങ്ങി ഞങ്ങള്‍ കടയുടെ കവാടത്തിലേക്ക് നീങ്ങി.
                  മുന്നില്‍ കൂട്ടിയിട്ട കരിങ്കല്ലിന് മുകളില്‍ ആയിരുന്നു ആ അതിഥി ഇരുന്നിരുന്നത്. തൊട്ടടുത്ത് കണ്ടപ്പോള്‍ ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ ക്യാമറയില്‍ പകര്‍ത്തി. പിന്നെ അല്പാല്പം അടുത്തേക്ക് നീങ്ങി, തൊട്ടടുത്ത് വരെ എത്തി. അപ്പോഴും അത് അനങ്ങാതിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സംശയം - ഇത് ഒറിജിനല്‍ തന്നെയോ ?കരിങ്കല്ലിന് മുകളില്‍ ഇരുന്നിരുന്നത് ഒരു പരുന്ത് ആയിരുന്നു.

                   ഞങ്ങള്‍ എത്ര അടുത്തെത്തിയിട്ടും അത് ഇരുന്ന സ്ഥലത്ത് നിന്ന് അനങ്ങിയില്ല!അവസാനം ലുലു മോള്‍ ഒരു കൈ പ്രയോഗം നടത്തി.അപ്പോഴും അത് അനങ്ങാതെ ഇരുന്നു തന്നു!!പിന്നെ എല്ലാവരും അതിനെ തലോടി! കുറെ സെല്‍ഫിയിലും അവന്‍/അവള്‍ താരമായി നിറഞ്ഞു.
                   ചായക്ക് ശേഷം ഞങ്ങള്‍ വീണ്ടും ബോട്ടില്‍ കയറി. പോള മൂടിയ കായലിലൂടെ അവയെ വകഞ്ഞ് മാറ്റി ഞങ്ങള്‍ മുന്നോട്ട് നീങ്ങി.മനുഷ്യന്‍ ഉപേക്ഷിക്കുന്ന വസ്തുക്കളും പ്രകൃതി നല്‍കുന്ന വസ്തുക്കളും ഒരു പോലെ കായലിനെ വൃത്തിഹീനമാക്കുന്നത് നേരിട്ട് കാണാന്‍ ഈ യാത്ര സഹായകമായി.
                ബോട്ട് നീങ്ങി നീങ്ങി കര കാണാത്ത വിധം പരന്നു കിടക്കുന്ന ഒരു സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് അവിടെ ചെളി നീക്കുന്നുണ്ടായിരുന്നു. ജെ.സി.ബിയുടെ തുമ്പിക്കൈ മുഴുവന്‍ വെള്ളത്തിനടിയിലേക്ക് പോകുന്നതിനാല്‍ അവിടത്തെ ആഴം ഞങ്ങള്‍ മനസ്സിലാക്കി. ആ ചെളി ഉപയോഗിച്ചാണ് ഉപ്പ് വെള്ളം കയറാതിരിക്കാനുള്ള ബണ്ട് നിര്‍മ്മിക്കുന്നത് പോലും. കുട്ടിക്കാലത്ത് പലപ്പോഴും ഞാന്‍ പത്രത്തില്‍ വായിച്ചിട്ടുള്ള തണ്ണീര്‍മുക്കം ബണ്ടും ഇത്തരത്തിലുള്ളതായിരുന്നു.പക്ഷെ ഇന്ന് കോണ്‍ക്രീറ്റ് ബണ്ട് തന്നെയാണ്.
“ഇപ്പോള്‍ നമ്മള്‍ എത്തി നില്‍ക്കുന്നത് വേമ്പനാട്ട് കായലിലാണ്“ ആന്റണി പറഞ്ഞു.

“കേരളത്തിലെ ഏറ്റവു0 വലിയ തടാകം“  മക്കള്‍ പറഞ്ഞു.

“അതെ... ഇന്ത്യയിലെ ഏറ്റവു0 നീളമുള്ള തടാകവു0.“ ആന്റണി  കൂട്ടിച്ചേര്‍ത്തു. 

“ ഇനി നമുക്ക് മടങ്ങാം...”

(തുടരും....)

Wednesday, August 16, 2017

പതിനെട്ടിന്റെ കളികൾ

പതിനെട്ടാം അടവ് എന്ന് പണ്ട് മുതലേ കേൾക്കുന്നുണ്ട്. പതിനെട്ടടവും പയറ്റി എന്നും കാലങ്ങളായി കേൾക്കുന്നു.അതായത് അവസാനത്തെ ശ്രമം എന്നാണ് ഞാൻ ഇതിനെ മനസ്സിലാക്കി വച്ചത്. ഗൂഗിളിൽ ഇത് രണ്ടും തിരഞ്ഞ് കിട്ടിയ ഉത്തരങ്ങൾ വായിച്ചിട്ടും എനിക്ക് ഒന്നുംതിരിഞ്ഞില്ല. അതാണ് പതിനെട്ടിന്റെ പ്രത്യേകത.

പതിനെട്ട് തികഞ്ഞാൽ ഇന്ത്യൻ നിയമപ്രകാരം അവൻ/അവൾക്ക് പ്രായപൂർത്തിയായി. ശാരീരികമായി ഒരു പക്ഷേ നേരത്തെ പ്രായപൂർത്തിയായിട്ടുണ്ടാകും. ഇനിയാണ് 18ന്റെ കളികൾ രക്ഷിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ടത്.

1. ഇന്ത്യയിൽ വോട്ടവകാശം ലഭിക്കുന്നത് 18 വയസ്സ്  പൂർത്തിയാകുന്നതോടെയാണ്.

2. വാഹനമോടിക്കാനുള്ള ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായവും 18 തന്നെ.

3. വിവിധ തരം ബാങ്ക് അക്കൌണ്ടുകൾ സ്വതന്ത്രമായി തുടങ്ങുവാൻ/ഓപറേറ്റ് ചെയ്യാൻ സാധിക്കുന്നതും 18 തികയുമ്പോഴാണ്.

4. മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ വിവാഹം ചെയ്യാൻ അനുവദിക്കുന്ന പ്രായവും 18 ആണ്.

അങ്ങനെ ഒരു കുട്ടിയെ പൊതു സമൂഹത്തിലേക്ക് പറിച്ചു നടുന്ന സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പതിനെട്ടാം വയസ്സ്. അപ്പോൾ ഞാൻ ഈ പതിനെട്ടിനെപ്പറ്റി വാചാലനാവുന്നത് എന്തിന് ?

ഒന്നൂല്ല്യ....2017 ആഗസ്ത് 17-ആം തീയതി എന്റെ മൂത്ത മകൾ ലുലുവിന് 18 വയസ്സ് തികയുന്നു. അപ്പോൾ പിന്നെ 18ന്റെ കളികൾ ഞാൻ അറിഞ്ഞില്ലെങ്കിൽ പണി പാളും. പടച്ചോൻ കാക്കട്ടെ, എല്ലാ‍വരെയും.

Monday, August 14, 2017

പുന്നമടക്കായലിലൂടെ ഒരു ശിക്കാർ യാത്ര-2

“ ഇപ്പോൾ നമ്മൾ ഒരു ചരിത്ര പ്രധാന പോയിന്റിൽ എത്തിയിരിക്കുന്നു...“ ചുറ്റും വെള്ളം മാത്രം ആയതിനാൽ  ഞങ്ങൾ ആകാംക്ഷയോടെ ആന്റണി മാഷെ നോക്കി.

“ദേ...ഒരു പ്രതിമ കാണുന്നില്ലേ? അതാണ് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റ്. തുടങ്ങുന്ന സ്ഥലം നാം പിന്നീട് കാണും. ആട്ടെ, ഈ പേര് എങ്ങനെ കിട്ടി എന്നറിയോ?”

“ഇല്ല...കേൾക്കട്ടെ...” ഞാനടക്കം എല്ലാവരും പറഞ്ഞു.

“നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വന്നു. അന്ന് ചുണ്ടൻ വള്ളങ്ങളുടെ ഒരു മത്സരം സംഘടിപ്പിച്ചായിരുന്നു നെഹ്രുവിനെ സ്വീകരിച്ചത്. മത്സരാവസാനം ഒരു വള്ളത്തിൽ നെഹ്രുവും കയറി.ആ യാത്രയുടെ ത്രില്ലിൽ അടുത്ത വർഷത്തെ മത്സര വിജയികൾക്കായി അദ്ദേഹം ഒരു ട്രോഫി സമ്മാനിച്ചു. അങ്ങനെ അത് നെഹ്‌റു ട്രോഫി വള്ളം കളിയായി മാറി (ഈ സംഭവം 1952ൽ ആണ്. നെഹ്രുട്രോഫി എന്ന പേരിൽ നൽകാൻ തുടങ്ങിയത് 1969ലും ആണ്)

                 ഹൌസ്ബോട്ടുകൾ തലങ്ങും വിലങ്ങും കായലിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അതിനെക്കാൾ കൂടുതൽ കരക്കടുപ്പിച്ച് നിർത്തിയതും കണ്ടു. എല്ലാം സഞ്ചാരികളെ പ്രതീക്ഷിച്ച് നിൽക്കുന്നതാണെന്നും അവയിൽ 70-80 ശതമാനത്തിനും ട്രിപ് കിട്ടും എന്നും ആന്റണി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

                 കായലിലെ വിവിധ തുരുത്തുകളിൽ ജനവാസമുണ്ട്. ഒരു തുരുത്തിൽ കണ്ട സാധാരണ വീട് ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങോട്ടുള്ള മുളയുടെ പാലവും വീട്ടുമുറ്റത്തെ മുളങ്കൂട്ടവും എല്ലാം കൂടി ഒരു പ്രത്യേക ആകർഷണം. അപ്പോഴാണ് അറിഞ്ഞത് അത് മലയാളിയുടെതല്ല എന്ന്.മുംബയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെതാണ് പോലും.ഇടക്കിടെ ഫിലിം ഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണ്.                  വീണ്ടും മുന്നോട്ട് പോയപ്പോൾ ഒരു ഹോണടി കേട്ടു. വെള്ളത്തിലും ബ്ലോക്കോ? ഹോണടിക്കുന്നത് ആരെന്ന് നോക്കിയപ്പോൾ ഒരാൾ ചെറിയ ഒരു തോണിയുമായി വീടുകളുടെ അടുക്കള ചേർന്ന് നിർത്തുന്നത് കണ്ടു. മത്സ്യം വില്പനക്കാരനാണ്.കായലിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരുണ്ട്, മീൻ ഇങ്ങ്ഫനെ വാങ്ങുന്നവരുമുണ്ട്.

                         വള്ളം മുന്നോട്ട് നീങ്ങുന്നതിനിടെയാണ് കായൽകരയിൽ മാവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മിക്ക മാവുകളിലും നിറയെ മാങ്ങകളും ഉണ്ടായിരുന്നു. ഞെട്ടി നീണ്ട് തൂങ്ങുന്ന മാങ്ങകളും ഇളം ചുവപ്പ് നിറത്തിലുള്ള മാങ്ങകളും ധാരാളം കണ്ടു. എല്ലാം കായലിലേക്ക് ചാഞ്ഞ് നിൽക്കുന്നതിനാൽ മാവിന്റെ ഉടമക്ക് അത് കിട്ടും എന്ന് തോന്നുന്നില്ല.

സഞ്ചരിച്ച് സഞ്ചരിച്ച് ഞങ്ങൾ ഒരു ചെറിയ തുരുത്തിനടുത്തെത്തി.

“ചായ കുടിക്കണോ?” ആന്റണി ചോദിച്ചു.

“ആ വേണം...” കുട്ടികൾ എല്ലാവരും പറഞ്ഞു.

“എങ്കിൽ ആ തുരുത്തിൽ ഇറങ്ങി ആ കാണുന്ന ഷോപ്പിൽ നിന്നും ചായ കുടിക്കാം...”

ബോട്ട് തുരുത്തിനോട് അടുപ്പിച്ച് നിർത്തി. ഞങ്ങൾ എല്ലാവരും ഇറങ്ങി. പെട്ടെന്നാണ് മുന്നിലുള്ള ഒരു അതിഥി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

(തുടരും....)

Saturday, August 12, 2017

മലയാളവല്‍ക്കരണം

നമ്പൂരിയെക്കണ്ട പോക്കരാക്ക : എന്താ തിരുമേനീ...മൊകത്ത് ഒരു വൈക്ലബ്യം?

നമ്പൂരി : ഹും...ഇനി ആപ്പീസിലെല്ലാം മലയാളം മാത്രമേ പറ്റൊള്ളൂത്രെ....

പോക്കരാക്ക : അയിന്പ്പം ഇങ്ങള് എത്ത്‌നാ  തൂക്കം പുട്‌ച്ച കോയിക്കളെ മാതിരി നിക്ക്‍ണെ?

നമ്പൂരി : അട്ത്താഴ്‌ചേല് ആണ് എനിക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ 'H' ഇടേണ്ടത്... മലയാളവല്‍ക്കരണത്തിന്റെ ഭാഗമായി അവര്‍ ഇനി ‘അ’ എങ്ങാനും ഇടീപിച്ചാലോ?

Tuesday, August 08, 2017

ഒരു മുളയും കുറെ അറിവുകളും

                ഞാനും എന്റെ മക്കളും ജന്മദിനം ആഘോഷിക്കാറില്ല.പക്ഷെ വൃക്ഷത്തൈകൾ നട്ട് ആ ദിനത്തെ പ്രകൃതി സൌഹൃദമാക്കാറുണ്ട്. ഇത്തവണ എന്റെ ജന്മദിനത്തിന്റെ മൂന്ന് ദിവസം മുമ്പ് എനിക്ക് ലഭിച്ചത് ഒരു അപൂർവ്വ സൌഭാഗ്യമാണ്. കാട്ടിൽ മരം നടാനുള്ള അവസരം. അതും പത്തിലധികം തൈകൾ നടാൻ സാധിച്ചു എന്നതിൽ അഭിമാനം തോന്നുന്നു.

            കടുവകളുടെ നടുവിൽ നിന്ന് കുളവിയുടെ കുത്ത് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും എന്റെ മക്കൾ വളരെ സംതൃപ്തരായിരുന്നു. ഓരോരുത്തരും പത്തിലധികം മുളം തൈ നട്ടപ്പോൾ കാർബൺ തുലിത പ്രകൃതിക്കായി അവർ നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഒപ്പം മറ്റു കുറെ കാര്യങ്ങളും.

              മുളയുടെ ഉപയോഗങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് ഞങ്ങൾക്ക് പല ഉത്തരങ്ങളുണ്ടായിരുന്നു. ചിലർക്ക് അത് നദീതട സംരക്ഷണത്തിന് ഉതകുന്നതായിരുന്നു.മണ്ണിനെ പിടിച്ച് നിർത്താനും മുള ഉപകരിക്കും.മുളയരി കൊണ്ട് പായസമുണ്ടാക്കും എന്നും മുള കൊണ്ട് പുട്ടിൻ കുറ്റി ഉണ്ടാക്കും എന്നൊക്കെ ഉത്തരങ്ങൾ ഉണ്ടായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ ശ്രീ.സുധീഷ് തരുവണ  യഥാർത്ഥത്തിലുള്ള ഉപയോഗങ്ങൾ  പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു.  കാട്ടിൽ കയറി നട്ട മുളകൾ ഒന്ന് കൂടി ഉറപ്പിച്ച് നിർത്തിയാലോ എന്ന് വരെ ആലോചിച്ചുപോയി.

                മുള ഏറ്റവും പെട്ടെന്ന് വളരുന്ന പുല്ല് വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ്. പത്ത് വർഷം കൊണ്ട് ഒരു മുള അത്യാവശ്യം നല്ല വളർച്ചയെത്തും. നന്നായി വളർന്ന് നിൽക്കുന്ന ഒരു മുള പടർന്ന് പന്തലിച്ച് നിൽക്കുന്നതിനാൽ അവിടെ അടിക്കാടുകൾ വളരില്ല. കാടിനെ നശിപ്പിക്കുന്ന അരിപ്പൂ പോലെയുള്ള അധിനിവേശ സസ്യങ്ങൾ നശിച്ചു പോകാൻ ഇത് കാരണമാകുന്നു. അതായത് യഥാർത്ഥ കാടിനെ മുള സംരക്ഷിക്കുന്നു.

             നല്ലൊരു മുളയുടെ കൂട്ടം ഒരു ആനക്ക് ഒരു ദിവസത്തെ ഭക്ഷണമാണ് പോലും. 22 മണിക്കൂർ വരെ നിന്ന് ഭക്ഷിക്കുന്ന ഒരു മൃഗമാണ് ആന ! ആന ഒരു മുളയുടെ കൂട്ടത്തിന് അടുത്തെത്തിയാൽ വളരെ താളാത്മകമായി അതിനെ ഭക്ഷിക്കാൻ ആരംഭിക്കുന്നു. ആ സമയത്ത് അതിനെ തൊട്ടാൽ പോലും ആന അറിയില്ല എന്ന് പറഞ്ഞപ്പോൾ ഇന്ന് ചെയ്ത പ്രവൃത്തിയുടെ നന്മ ഞങ്ങൾ അറിഞ്ഞു. നാട്ടിലെ ആനക്ക് നൽകുന്ന പനയുടെ പട്ടയും ചോറും അതിന് പറ്റാത്ത ഭക്ഷണമാണെന്നും ഇന്ന് അറിഞ്ഞു. കൂടാതെ മുള വളർന്ന് വലുതായാൽ അതിൽ വിവിധ തരം പക്ഷികളും ശലഭങ്ങളും പാർപ്പിടം ഒരുക്കും.

             വയനാട് ജില്ലയിൽ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. പഴയ തണുപ്പൊന്നും ഇന്ന് ഇല്ല.ഡെക്കാൺ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന മൈസൂരിനോട് തുല്യമായ കാലാവസ്ഥയാണ് ഏകദേശം ഇന്ന് അനുഭവപ്പെടുന്നത്. ഇതിന് കാരണം വനനശീകരണമാണ്. ഡെക്കാൺ പീഠഭൂമിയിലെ കാലാവസ്ഥ കേരളത്തിലേക്ക് കടക്കാതിരിക്കാൻ നമ്മുടെ വനം സഹായിക്കുന്നു. ഇതേപോലെ മുള കൊണ്ടൂള്ള ഒരു വൃക്ഷബെൽറ്റ് ഉണ്ടാക്കിയാൽ നമുക്ക് നമ്മുടെ കാലാവസ്ഥയെ തിരിച്ചുപിടിക്കാം... അതിന് ഒന്നായി നമുക്ക് പരിശ്രമിക്കാം.

Sunday, August 06, 2017

കടുവകള്‍ക്ക് നടുവില്‍...!

                 ഈ പ്രകൃതി പഠന ക്യാമ്പിന് പുറപ്പെടുന്നതിന് മുമ്പേ സെക്രട്ടറി അസ്‌ലം വളണ്ടിയര്‍മാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പലരും കാട്ടിലേക്ക് ഇതുവരെ  പോകാത്തവര്‍ ആയിരുന്നതിനാല്‍  കാട്ടില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആയിരുന്നു പ്രധാനമായും പറഞ്ഞിരുന്നത്. പിന്നെ മാസങ്ങളായി തിരുനെല്ലി ഭാഗത്ത് നിന്നും കേള്‍ക്കുന്ന ജനവാസ മേഖലയിലെ കടുവാ ആക്രമണങ്ങളെക്കുറിച്ചും.

               അസ്‌ലം ഓട്ടം തുടങ്ങിയപ്പോള്‍ എന്റെ ഉള്ളില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞതും ഇതേ കാരണത്താലാണ്. അവന്റെ ഗ്രൂപ്പില്‍ നിന്നും അല്പം കൂടി ഉള്ളോട്ട് നീങ്ങി മറ്റ് രണ്ട് ടീമുകള്‍ കൂടി മരം നടുന്നുണ്ടായിരുന്നു. മറുഭാഗത്ത് ഞാനും വേറെ കുറെ കുട്ടികളും.

“സാറെ....തേനീച്ച...” ഇത്തവണ ഞാന്‍ അസ്‌ലമിന്റെ ശബ്ദം കൃത്യമായി കേട്ടു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ആര്‍ത്തട്ടഹസിച്ച് കാട്ടിനകത്തേക്ക് ഓടുന്നതും മറ്റുള്ളവര്‍ ചിതറി ഓടുന്നതും ഞാന്‍ കണ്ടു. അപ്പോഴേക്കും അസ്ലമിന് നാലഞ്ച് കുത്ത് ദേഹത്തും ഒരു കുത്ത് തലക്കും കിട്ടിയിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഒരു കുട്ടിക്ക് ദേഹത്ത് രണ്ടും തലക്ക് ഒന്നും കാട്ടിലേക്ക് ഓടിക്കയറിയവള്‍ക്ക് തലയില്‍ രണ്ടും കുത്തുകള്‍ കിട്ടിയിരുന്നു. മറ്റു മൂന്ന് പേര്‍ക്ക് ഓരോ കുത്ത് വീതവും.

                കുട്ടികളുടെ അടുത്തേക്ക് ഓടിച്ചെന്ന ഞാന്‍ തേനീച്ചയുടെ വലിപ്പം കണ്ട് ഞെട്ടിപ്പോയി.വലിയ ഒരു വണ്ടിന്റെ അത്രയും വലിപ്പമുള്ള ഒരു ജീവി എന്റെ കഷണ്ടിക്ക് മുകളില്‍ ഇരമ്പിപ്പറന്നു. തൊട്ടടുത്ത് നിന്നും അപ്പയുടെ തലപ്പ് ഒടിച്ച് ഞാന്‍ തലക്ക് മുകളില്‍ വീശിയതോടെ അത് അകന്നു പോയി.ഇല്ലെങ്കില്‍ എന്റെ കഷണ്ടിയിലും പുതിയൊരു ‘തല’ ഉണ്ടായേനെ.കുളവി എന്നും പാനിക്കടന്നല്‍ എന്നും ഒക്കെ പേരുള്ള വലിയ ഒരു തരം കടന്നല്‍ ആയിരുന്നു അത്.  പെണ്‍കുട്ടികളുടെ മുടിക്കിടയില്‍ കുടുങ്ങിയതാണ് തലക്ക് കുത്തേല്‍ക്കാന്‍ കാരണം.

               കുളവി സാധാരണ ഉയരമുള്ള മരങ്ങള്‍ക്ക് മുകളില്‍ ആണ് കൂട് കൂട്ടാറ്‌. തേനീച്ചകളെ ആക്രമിക്കുന്ന ഇവ അപൂര്‍വ്വമായി മണ്ണിനടിയിലും കൂട് കൂട്ടും. അത്തരത്തിലുള്ള ഒരു കൂടിന്റെ മുകളില്‍ ആണ് അസ്‌ലമിന്റെ കൊത്ത് കൊണ്ടത് !
ചിത്രം ഗൂഗിളില്‍ നിന്ന്

                       ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു വനപാലകന്‍, കയ്യിലുണ്ടായിരുന്ന കത്തി കടന്നല്‍ കുത്തേറ്റ ഭാഗത്ത് അമര്‍ത്തി വച്ചു. കാട്ടുമഞ്ഞള്‍ കിട്ടിയില്ലെങ്കില്‍ ചെയ്യാവുന്ന ഒരു പ്രാഥമിക ചികിത്സയാണത്രെ ഇത്. പത്തോ അതിലധികമോ കുത്തേറ്റാല്‍ മരണം വരെ സംഭവിക്കും എന്നും അറിഞ്ഞു. രക്തസമ്മര്‍ദ്ദം താഴാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പിന്റെ ജീപ്പില്‍ തന്നെ എല്ലാവരെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തി‌വയ്പ്പും നിരീക്ഷണവും കഴിഞ്ഞ് ഉച്ചക്ക് ശേഷം അവര്‍ തിരിച്ചെത്തിയപ്പോഴാണ് എന്റെ ശ്വാസം സാധാരണ ഗതിയിലായത്. 

                       ഊണിന് ശേഷം ഒരു പ്രകൃതി പഠന  ക്ലാസ് ആയിരുന്നു. ഏഷ്യയില്‍ തന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കടുവകള്‍ അധിവസിക്കുന്ന സ്ഥലമാണ് വയനാട് വന്യജീവി സങ്കേതം എന്നും എണ്‍പതിലധികം കടുവകള്‍ ഉള്ള കാട്ടികത്തായിരുന്നു  ഞങ്ങള്‍ അതുവരെ നിന്നിരുന്നത് എന്നും അതിനാല്‍ തന്നെ ഞങ്ങള്‍ കടുവയെ കണ്ടില്ലെങ്കിലും കടുവ ഞങ്ങളെ ഉറപ്പായും കണ്ടിരിക്കും എന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഇന്ന് ഒരു മുളം തൈ നട്ടത് ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല കര്‍മ്മങ്ങളില്‍ ഒന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കാരണം....??

(തുടരും...)  

Friday, August 04, 2017

ബേഗൂരില്‍ വീണ്ടും...

                    നനഞ്ഞു തീര്‍ത്ത മഴയുടെ ഓര്‍മ്മകളും പേറി ഞങ്ങള്‍ ഇന്നലെ വീണ്ടും ബേഗൂരില്‍ ബസ്സിറങ്ങി. നോമ്പുകാലം കഴിഞ്ഞെങ്കിലും മഴക്കാലം കഴിയാത്തതിനാല്‍ വീണ്ടും കാട്ടിലെ മഴയുടെ കുളിര് ആസ്വദിക്കാം എന്ന് പ്രതീക്ഷിച്ചു. പഴയ ഉദ്യോഗസ്ഥരില്‍ പലരും സ്ഥലം മാറിപ്പോയിരുന്നു. കഴിഞ്ഞ വര്‍ഷം എപ്പോഴും ഞങ്ങളുടെ കൂടെത്തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസര്‍ ബൈജുനാഥ് സര്‍ കോഴിക്കോട്ടേക്ക് മാറി. ബീറ്റ് ഫോറസ്റ്റ്  ഓഫീസര്‍ നൌഫല്‍ സാര്‍ മറ്റൊരു വര്‍ക്കിനായി കാട്ടിനകത്തേക്ക് പോയതാണെന്നറിഞ്ഞു. ത്രിദിന ക്യാമ്പില്‍ ഞങ്ങളുടെ കൂടെ വന്ന ഗാര്‍ഡ് മാസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

                    കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മുളയുടെ തൈകള്‍ എല്ലാം വളരെയധികം വളര്‍ന്നിരുന്നു. അതിനാല്‍ തന്നെ അവ ട്രക്കില്‍ കയറ്റാനും അടുക്കി വയ്ക്കാനും പലതരം ബുദ്ധിമുട്ടുകള്‍ നേരിട്ടു. 400 തൈകള്‍ മാത്രമേ ആദ്യത്തെ ട്രിപ്പില്‍ ഞങ്ങള്‍ക്ക് കാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചുള്ളൂ.
                        ഇത്തവണ ഉത്ഘാടനം നിര്‍വ്വഹിച്ചതും ഞാനും യൂണിറ്റ് സെക്രട്ടറി അസ്‌ലമും ചേര്‍ന്ന് ഒരു തൈ നട്ടു കൊണ്ടായിരുന്നു. പിന്നീട് വിവിധ ഗ്രൂപ്പുകളായി നടീല്‍ ആരംഭിച്ചു. ഒന്നര മണിക്കൂറിനകം ഞങ്ങള്‍ എടുത്ത ആദ്യത്തെ ലോഡ് നട്ട് തീര്‍ന്നു. വീണ്ടും തിരിച്ചുപോയി ബാക്കി തൈകള്‍ കൂടി എടുത്തെങ്കിലും അതും പെട്ടെന്ന് തീര്‍ന്നു.
                    തൈകള്‍ നട്ട് പോകുന്നതിനിടെ കാട്ടിനകത്തുകൂടെ ഒഴുകുന്ന നദിയുടെ തീരത്ത് ഞങ്ങള്‍ എത്തിപ്പെട്ടു.പുഴ കണ്ടതോടെ പലര്‍ക്കും ഒന്ന് ഇറങ്ങി നോക്കാന്‍ ആഗ്രഹമായി.മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാതിരുന്നതിനാല്‍  നല്ല ചൂട് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഒന്ന് മുങ്ങി കുളിക്കാന്‍ എല്ലാവരും കൊതിച്ചു. പാറക്കെട്ടുകളില്‍ പതിയിരിക്കുന്ന അപകടത്തെപ്പറ്റി ബോധവാനായതിനാല്‍ അവിടെ ഇറങ്ങാന്‍ ഞാന്‍ സമ്മതിച്ചില്ല. പകരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദം ചോദിച്ച് , ഓഫീസിന് പിറകില്‍ തദ്ദേശീയര്‍ കുളിക്കാന്‍ ഇറങ്ങുന്ന സ്ഥലത്ത് അല്പ സമയം ചെലവഴിക്കാന്‍ ഞാന്‍ അനുവാദം നല്‍കി. കാടും പുഴയും പാറകളും കൂടി തയ്യാറാക്കിയ ആ കാന്‍‌വാസ് എന്റെ  മൊബൈലില്‍ (VIVO Y21L) പോലും മനസ്സിനെ കുളിര്‍പ്പിക്കുന്നതായിരുന്നു.
                  തൈകള്‍ നട്ട് മുന്നേറുന്നതിനിടയില്‍ പെട്ടെന്നായിരുന്നു തൂമ്പയും തൈകളും ഉപേക്ഷിച്ച് സെക്രട്ടറി അസ്‌ലമും കൂടെയുണ്ടായിരുന്നവരും കൂടി “സാറെ” എന്ന് വിളിച്ച് ഓട്ടം ആരംഭിച്ചത്. എന്തോ അപകടം മണത്ത ഞാന്‍ വിളി കേട്ട ഭാഗത്തേക്ക് നോക്കി.ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി !!

(തുടരും...)

Thursday, August 03, 2017

നനച്ച് കുളിപ്പിച്ച മഴ

            നാഷണല്‍ സര്‍വീസ് സ്കീമിന്റെ ബാനറില്‍ ഞാനും എന്റെ വളണ്ടിയര്‍മാരും നിരവധി പ്രകൃതി പഠന ക്യാമ്പുകള്‍ക്ക് പോയിട്ടുണ്ട്. വനം വന്യജീവി വകുപ്പ് നല്‍കുന്ന ഒരു സൌജന്യ സേവനമാണ് ഈ ക്യാമ്പുകള്‍. ഞാന്‍ ആദ്യമായി കുട്ടികളെയും കൊണ്ടു പോയ ക്യാമ്പ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങക്കടുത്ത് കല്ലുമുക്ക് എന്ന സ്ഥലത്തായിരുന്നു. ആ ത്രിദിന ക്യാമ്പ് ഒരു കിടിലന്‍ അനുഭവമായിരുന്നു (പിന്നീട് പറയാം...).                             കഴിഞ്ഞ വര്‍ഷമാണ് ഒരു ഏകദിന പ്രകൃതി പഠന ക്യാമ്പ് ആദ്യമായി അനുഭവിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോല്പെട്ടിക്കടുത്ത് ബേഗൂരില്‍ ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ ഏകദിന ക്യാമ്പ്. പ്രകൃതിയെ ശരിക്കും അനുഭവിച്ചറിഞ്ഞ ഒരു ക്യാമ്പ് ആയിരുന്നു അത്. മുമ്പ് നടന്ന ത്രിദിന ക്യാമ്പില്‍ എന്റെ മക്കള്‍ കാഴ്ചവച്ച അടക്കവും ഒതുക്കവും കാരണമായിരുന്നു ഞങ്ങള്‍ക്ക് ഈ ക്യാമ്പ് ലഭിച്ചത്.
              2016 ജൂണ്‍ 29നായിരുന്നു പ്രസ്തുത ക്യാമ്പ്. ബേഗൂരില്‍ ഞങ്ങളുടെ സംഘം ബസ്സിറങ്ങുമ്പോള്‍ മഴ പൊടിയുന്നുണ്ടായിരുന്നു. മഴ വക വയ്ക്കാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ടീം വനം വകുപ്പിന്റെ ട്രക്കില്‍ മുളയുടെ തൈകള്‍ കയറ്റി. എണ്ണൂറോളം തൈകളാണ് അന്ന് വണ്ടിയില്‍ അടുക്കി വച്ചത് ! കുഴി എടുത്ത് ഇതെല്ലാം ഞങ്ങള്‍ തന്നെ നടണം എന്ന ചിന്ത അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
              കാടിനകത്തേക്ക് കയറിയതും ഭൂമിയുടെ പച്ചപ്പ് ഞങ്ങള്‍ നേരിട്ടറിഞ്ഞു. തുവരച്ചെടികള്‍ ധാരാളമായി വളര്‍ന്നു തുടങ്ങിയിരുന്നു. ഞങ്ങള്‍ നടക്കുന്ന വഴി (കാട്ടിനകത്തേക്കുള്ള റോഡ്) മാത്രം പച്ച ഒഴിഞ്ഞ് നിന്നു. കാട്ടിനകത്തേക്ക് കയറിയതും മഴ ശക്തമാകാനും തുടങ്ങി.
               കാട്ടിനകത്തേക്ക് ഏകദേശം രണ്ട് കിലോമീറ്ററോളം ഞങ്ങള്‍ നടന്നു പോയി. ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥിനി അസീന ആദ്യത്തെ തൈ വച്ചുകൊണ്ട് ഞങ്ങളുടെ മുളവല്‍ക്കരണയജ്ഞം ആരംഭിച്ചു.
                    പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ചുതന്ന സ്ഥലങ്ങളില്‍ ആണ്‍കുട്ടികള്‍ കുഴികുത്തി. പെണ്‍കുട്ടികള്‍ അങ്ങോട്ടാവശ്യമായ തൈകള്‍ എത്തിക്കുകയും നടുകയും ചെയ്തു. അമ്പതോളം തൈകള്‍ ഞാനും നട്ടു.  രുചികൊണ്ട്  പേരെടുത്ത അപ്പപ്പാറ കുട്ടേട്ടന്റെ ഉണ്ണിയപ്പവും ചായയും ഇടക്ക് എത്തി. ഞങ്ങളില്‍ പലര്‍ക്കും നോമ്പ് ഉണ്ടായിരുന്നതിനാല്‍ അത് തിന്നാന്‍ സാധിച്ചില്ല. ഞങ്ങളുടെ പങ്ക് കൂടി മറ്റുള്ളവര്‍ അകത്താക്കി.
                 അന്ന് പെയ്ത മഴ മുഴുവന്‍ ഞങ്ങള്‍ തലയില്‍ ഏറ്റു വാങ്ങി. ജീവിതത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു പലരും മഴ മുഴുവന്‍ ഒരു കൂസലും ഇല്ലാതെ നനഞ്ഞത്.കാട്ടിലെ മഴയുടെ തണുപ്പ് അനുഭവിച്ചറിയേണ്ടത് തന്നെയാണ്. എന്നിട്ടും ഒരാള്‍ക്കും പനിയോ ജലദോഷമോ പിടിച്ചില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു.
                 ഇന്നലെ ഞാനും 39 വിദ്യാര്‍ത്ഥികളും വനം വകുപ്പിന്റെ ക്ഷണപ്രകാരം വീണ്ടും ബേഗൂരില്‍ എത്തി. ഇതേ പോലെ ഒരു പരിസ്ഥിതി പുനരുജ്ജീവനത്തിനായുള്ള ഏകദിന ക്യാമ്പിന്. അതും ജീവിതത്തിലെ ഒരു കിടിലന്‍ അനുഭവമായി...

(തുടരും....)

Wednesday, August 02, 2017

മിന്നൽ - 2

മിന്നലിൽ കയറാനുള്ള എന്റെ മിന്നൽ ആശയം നടപ്പാക്കാൻ ഞാൻ മിന്നൽ വേഗത്തിൽ കെ.എസ്.ആർ.ടി.സി യുടെ വെബ്‌സൈറ്റിൽ ആദ്യമായി കയറി - മിന്നൽ യാത്രക്ക് റിസർവേഷൻ വേണം എന്ന മുറിഅറിവും ഹർത്താൽ ദിനമായതിനാൽ വണ്ടി ഓടുന്നുണ്ടോ എന്നറിയാനും ആയിരുന്നു ഈ ഉദ്യമത്തിന് കാരണം ( രാവിലെ മുതൽ ഈ കാര്യം അറിയാൻ ഡിപ്പോയിൽ വിളി തുടങ്ങിയിട്ട് വൈകുന്നേരം വരെ അവർ ‘ബുസി’ ആയിരുന്നു.അല്ലെങ്കിലും ഹർത്താൽ ദിനത്തിൽ ഇത്തരം പൊതൂപയോഗ ഓഫീസുകളിലേക്ക് ഫോൺ ചെയ്യരുത്).

മാനന്തവാടി മുതൽ അരീക്കോട് വരെ റിസർവ് ചെയ്യാൻ ശ്രമിച്ചെങ്കിലും സൂചിപ്പിച്ച ദിവസം ബസ് ഇല്ല!രണ്ട്  മൂന്ന് തവണ ശ്രമിച്ചെങ്കിലും അതേ കാര്യം തന്നെ സൈറ്റ് അറിയിച്ചതോടെ വീണ്ടും എന്റെ ആശയിൽ മിന്നലേറ്റു.  കളി അരീക്കോടനോട് വേണ്ട എന്ന മട്ടിൽ, ഞാൻ മാനന്തവാടി മുതൽ തിരുവനന്തപുരം വരെ എന്ന് കൊടുത്തു. അത്ഭുതം !!!ബസ്സിന്റെ മുഴുവൻ വിവരങ്ങളും മുന്നിൽ നിരന്നു !

501 രൂപ നൽകി റിസർവ് ചെയ്ത് അരീക്കോട് ഇറങ്ങേണ്ട എന്ന് കരുതി ഞാൻ പെരിന്തൽമണ്ണ വരെ റിസർവ്വ് ചെയ്യാൻ ശ്രമിച്ചു. അതും വിജയിച്ചു! ചാർജ്ജ് 161 രൂപ. എന്ന് വച്ചാൽ സാധാരണ ചാർജ്ജിന്റെ നേരെ ഇരട്ടി. ഹർത്താൽ ദിനമല്ലേ പോകട്ടെ എന്ന് കരുതി.മറ്റു വിവരങ്ങൾ നൽകി ഫൈനൽ സ്റ്റേജിൽ എത്തിയപ്പോൾ ചാർജ്ജ് വീണ്ടും മിന്നി - 191 രൂപ!! പാവം മുടിഞ്ഞുപോയവൻ കൈ നീട്ടുന്നതല്ലേ എന്ന് കരുതി ഞാൻ അതും അടച്ച് സീറ്റ് ഉറപ്പാക്കി.

റിസർവ്വ് ചെയ്ത ശേഷം കിട്ടുന്ന ഇ-ടിക്കറ്റ്/വൌച്ചർ ഒരു തിരിച്ചറിയൽ രേഖ സഹിതം കയ്യിൽ സൂക്ഷിക്കണം എന്ന് ടിക്കറ്റിൽ പ്രിന്റ് ചെയ്തിരുന്നു. അങ്ങനെ പലതും പണ്ട് മുതലേ ടിക്കറ്റിൽ എഴുതാറുണ്ടെങ്കിലും ഇത് “മിന്നൽ” ആയതിനാൽ “ഇടി” പിന്നാലെ ഉണ്ടാകും എന്ന് എന്റെ ഫിസിക്സ് ബുദ്ധി ഉപദേശിച്ചു. അങ്ങനെ ഞാൻ കോളേജിൽ പോയി ഒരു പ്രിന്റ് ഔട്ടും എടുത്തു.

“മിന്നൽ” ആയതിനാൽ ഏത് സമയം വേണമെങ്കിലും ‘ഡിസ്ചാർജ്ജ്‘ നടക്കാം എന്നതിനാൽ ഞാൻ ഫോണിലെ മെസേജ് ഓരോ 10 മിനുട്ടിലും ചെക്ക് ചെയ്തു കൊണ്ടിരുന്നു. 6.45ന് മാനന്തവാടി സ്റ്റാന്റിൽ എത്തിയപ്പോൾ മിന്നലിനെ കാണാനില്ല! ഞാൻ വീണ്ടും മെസേജ് ബോക്സ് തുറന്നു - ഭാഗ്യം സീറ്റ് നമ്പറും ബസ്സിലെ ക്ര്യൂവിന്റെ നമ്പറും കിട്ടി. വിളിച്ചപ്പോൾ ഏഴ് മണിയോടെ എത്തും എന്ന് അറിയിപ്പ് കിട്ടി. ഫോൺ വച്ചതും എന്റെ നാട്ടിലൂടെ പാലക്കാട്ടേക്ക് പോകുന്ന ഒരു ഓർഡിനറി സമയം തെറ്റി മുന്നിൽ!!മിന്നലിന് 191 രൂപ കൊടുത്തതിനാൽ ഞാൻ ആ പാവത്താനെ വെറുതെ വിട്ടു.

കൃത്യം 7 മണി കഴിഞ്ഞ് മിന്നൽ എത്തി. ടിക്കറ്റ് കാണിച്ച് ഞാൻ അകത്ത് കയറി. സീറ്റ് ഉണ്ടായിരുന്നതിനാൽ റിസർവ്വ് ചെയ്യാത്തവർക്കും അവസരം കിട്ടി. റിസർവ്വ് ചെയ്ത എനിക്ക് 191 രൂപ , ഈ പണി ഒന്നും ചെയ്യാത്തവന് 161 രൂപ !! അപ്പോഴാണ് ശരിക്കും മിന്നലേറ്റത്. ഫോണിൽ വന്ന മെസേജിലെ പി.എൻ.ആർ നമ്പർ മാത്രം ചെക്ക് ചെയ്ത് കണ്ടക്ടർ സീറ്റിൽ ഇരുന്നതോടെ പ്രിന്റ് എടുത്തതും ഗോപി !

“മിന്നൽ ആണ്...ഉറങ്ങണ്ട...ഹെയർ പിൻ വളവുകൾ എല്ലാം വീശി എടുക്കുമ്പോൾ പിടിച്ച് ഇരുന്നോണം...” സഹയാത്രികൻ സൂചിപ്പിച്ചപ്പോൾ സാധാരണയുള്ള എന്റെ ഉറക്കവും നഷ്ടമായി. പറഞ്ഞ സമയമൊന്നും പാലിക്കാതെ കല്പറ്റയും താമരശ്ശേരിയും പിന്നിട്ടു. അടുത്ത സ്റ്റോപ് ഇനി 30 കിലോമീറ്റർ അകലെയുള്ള അരീക്കോട് ആണ്. വെറും 7 കിലോമീറ്റർ കഴിഞ്ഞുള്ള ഓമശ്ശേരിയിൽ എത്തിയപ്പോൾ മിന്നൽ സൈഡാക്കി - ഭക്ഷണം കഴിക്കാൻ!!

ഇനി ചുരുക്കാം - അരീക്കോട് ഈ മിന്നലിൽ ഞാൻ എത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞിരുന്നു. പെരിന്തൽമണ്ണയും പിന്നിടേണ്ട സമയം !!ടൌൺ റ്റു ടൌൺ ബസ് പകൽ സമയത്ത് മൂന്നേ കാൽ മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരം ഈ “മിന്നൽ” രാത്രി പിന്നിട്ടത് 3 മണിക്കൂർ കൊണ്ട്! ഇനി മിന്നലിൽ കയറുമ്പോൾ രണ്ട് വട്ടം ആലോചിച്ചല്ലാതെ കയറില്ല എന്ന് ഇതോടെ തീരുമാനമായി.