Pages

Tuesday, August 08, 2017

ഒരു മുളയും കുറെ അറിവുകളും

                ഞാനും എന്റെ മക്കളും ജന്മദിനം ആഘോഷിക്കാറില്ല.പക്ഷെ വൃക്ഷത്തൈകൾ നട്ട് ആ ദിനത്തെ പ്രകൃതി സൌഹൃദമാക്കാറുണ്ട്. ഇത്തവണ എന്റെ ജന്മദിനത്തിന്റെ മൂന്ന് ദിവസം മുമ്പ് എനിക്ക് ലഭിച്ചത് ഒരു അപൂർവ്വ സൌഭാഗ്യമാണ്. കാട്ടിൽ മരം നടാനുള്ള അവസരം. അതും പത്തിലധികം തൈകൾ നടാൻ സാധിച്ചു എന്നതിൽ അഭിമാനം തോന്നുന്നു.

            കടുവകളുടെ നടുവിൽ നിന്ന് കുളവിയുടെ കുത്ത് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും എന്റെ മക്കൾ വളരെ സംതൃപ്തരായിരുന്നു. ഓരോരുത്തരും പത്തിലധികം മുളം തൈ നട്ടപ്പോൾ കാർബൺ തുലിത പ്രകൃതിക്കായി അവർ നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഒപ്പം മറ്റു കുറെ കാര്യങ്ങളും.

              മുളയുടെ ഉപയോഗങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് ഞങ്ങൾക്ക് പല ഉത്തരങ്ങളുണ്ടായിരുന്നു. ചിലർക്ക് അത് നദീതട സംരക്ഷണത്തിന് ഉതകുന്നതായിരുന്നു.മണ്ണിനെ പിടിച്ച് നിർത്താനും മുള ഉപകരിക്കും.മുളയരി കൊണ്ട് പായസമുണ്ടാക്കും എന്നും മുള കൊണ്ട് പുട്ടിൻ കുറ്റി ഉണ്ടാക്കും എന്നൊക്കെ ഉത്തരങ്ങൾ ഉണ്ടായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ ശ്രീ.സുധീഷ് തരുവണ  യഥാർത്ഥത്തിലുള്ള ഉപയോഗങ്ങൾ  പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു.  കാട്ടിൽ കയറി നട്ട മുളകൾ ഒന്ന് കൂടി ഉറപ്പിച്ച് നിർത്തിയാലോ എന്ന് വരെ ആലോചിച്ചുപോയി.

                മുള ഏറ്റവും പെട്ടെന്ന് വളരുന്ന പുല്ല് വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ്. പത്ത് വർഷം കൊണ്ട് ഒരു മുള അത്യാവശ്യം നല്ല വളർച്ചയെത്തും. നന്നായി വളർന്ന് നിൽക്കുന്ന ഒരു മുള പടർന്ന് പന്തലിച്ച് നിൽക്കുന്നതിനാൽ അവിടെ അടിക്കാടുകൾ വളരില്ല. കാടിനെ നശിപ്പിക്കുന്ന അരിപ്പൂ പോലെയുള്ള അധിനിവേശ സസ്യങ്ങൾ നശിച്ചു പോകാൻ ഇത് കാരണമാകുന്നു. അതായത് യഥാർത്ഥ കാടിനെ മുള സംരക്ഷിക്കുന്നു.

             നല്ലൊരു മുളയുടെ കൂട്ടം ഒരു ആനക്ക് ഒരു ദിവസത്തെ ഭക്ഷണമാണ് പോലും. 22 മണിക്കൂർ വരെ നിന്ന് ഭക്ഷിക്കുന്ന ഒരു മൃഗമാണ് ആന ! ആന ഒരു മുളയുടെ കൂട്ടത്തിന് അടുത്തെത്തിയാൽ വളരെ താളാത്മകമായി അതിനെ ഭക്ഷിക്കാൻ ആരംഭിക്കുന്നു. ആ സമയത്ത് അതിനെ തൊട്ടാൽ പോലും ആന അറിയില്ല എന്ന് പറഞ്ഞപ്പോൾ ഇന്ന് ചെയ്ത പ്രവൃത്തിയുടെ നന്മ ഞങ്ങൾ അറിഞ്ഞു. നാട്ടിലെ ആനക്ക് നൽകുന്ന പനയുടെ പട്ടയും ചോറും അതിന് പറ്റാത്ത ഭക്ഷണമാണെന്നും ഇന്ന് അറിഞ്ഞു. കൂടാതെ മുള വളർന്ന് വലുതായാൽ അതിൽ വിവിധ തരം പക്ഷികളും ശലഭങ്ങളും പാർപ്പിടം ഒരുക്കും.

വയനാട് ജില്ലയിൽ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. പഴയ തണുപ്പൊന്നും ഇന്ന് ഇല്ല.ഡെക്കാൺ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന മൈസൂരിനോട് തുല്യമായ കാലാവസ്ഥയാണ് ഏകദേശം ഇന്ന് അനുഭവപ്പെടുന്നത്. ഇതിന് കാരണം വനനശീകരണാമാണ്. ഡെക്കാൺ പീഠഭൂമിയിലെ കാലാവസ്ഥ കേരളത്തിലേക്ക് കടക്കാതിരിക്കാൻ നമ്മുടെ വനം സഹായിക്കുന്നു. ഇതേപോലെ മുള കൊണ്ടൂള്ള ഒരു വൃക്ഷബെൽറ്റ് ഉണ്ടാക്കിയാൽ നമുക്ക് നമ്മുടെ കാലാവസ്ഥയെ തിരിച്ചുപിടിക്കാം... അതിന് ഒന്നായി നമുക്ക് പരിശ്രമിക്കാം.

5 comments:

Areekkodan | അരീക്കോടന്‍ said...

അതിന് ഒന്നായി നമുക്ക് പരിശ്രമിക്കാം.....

Manikandan said...

മുള കേരളത്തിന്റെ കാലാവസ്ഥയെ രക്ഷിക്കട്ടെ

Areekkodan | അരീക്കോടന്‍ said...

Manikandan ji...അതെ,ആന നാട്ടിലിറങ്ങാതിരിക്കാനും മുളകൾ അത്യാവശ്യമാണ്.

Mubi said...

മുളയെ കുറിച്ച് ഇത്രയൊന്നും അറിയില്ലായിരുന്നു മാഷേ.

Areekkodan | അരീക്കോടന്‍ said...

Mubi...ഞങ്ങള്‍ക്കും അറിയില്ലായിരുന്നു.നെറ്റില്‍ പരതിയിട്ടും ഈ ഉപയോഗങ്ങള്‍ ഒന്നും കാണുന്നില്ല. അനുഭവത്തില്‍ നിന്നുള്ള അറിവുകള്‍ ആയിരിക്കാം.

Post a Comment

നന്ദി....വീണ്ടും വരിക