Pages

Saturday, December 22, 2007

അടിക്കുറിപ്പ്‌ മല്‍സരം

            വര്‍ഷം തോറും നടന്നു വരാറുള്ള വയനാടിന്റെ വസന്തോല്‍സവമാണ്‌ വയനാട്‌ ഫ്ലവര്‍ഷോ.ഞാന്‍ കുടുംബസമേതം വയനാട്ടില്‍ താമസമാക്കിയതിന്‌ ശേഷം ആദ്യമായി എത്തിയ ഫ്ലവര്‍ഷോ 2007-ലേത്‌ ആയിരുന്നു.
           ഫ്ലവര്‍ഷോ എന്ത്‌ , എങ്ങനെ എന്നറിയാന്‍ ഒരു ഒഴിവു ദിനത്തില്‍ ഞാനും കുടുംബവും അത്‌ കാണാന്‍ പോയി. പൂക്കളുടെ ലോകം പ്രതീക്ഷിച്ചു കയറിയ ഞങ്ങളെ സ്വീകരിച്ചത്‌ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മനുഷ്യന്‍ എന്ന് സംഘാടകര്‍ അവകാശപ്പെട്ട സന്തോഷ്‌കുമാര്‍ എന്ന ബാംഗ്ലൂര്‍കാരനായിരുന്നു.സംഗതി ഫ്ലവര്‍ഷോ ആണെങ്കിലും സ്റ്റാളുകള്‍ വിവിധതരം ഉല്‍പന്നങ്ങളുടെ പരസ്യപ്രദര്‍ശനമായിരുന്നു.
          ചുറ്റിത്തിരിഞ്ഞ്‌ തിരിഞ്ഞ്‌ മനോരമയുടെ "സുകൃത കേരളം" സ്റ്റാളില്‍ ഞങ്ങളെത്തി.പരിസ്ഥിതി പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ആകര്‍ഷകമായ ഫോട്ടോപ്രദര്‍ശനത്തിലെ ഓരോ ഫോട്ടോയും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു.അപ്പോഴാണ്‌ ആ അടിക്കുറിപ്പ്‌ മല്‍സരം എന്റെ ശ്രദ്ധയില്‍പെട്ടത്‌.
            മട്ടാഞ്ചേരി AEO ഓഫീസിന്റെ ചുറ്റുമതിലിന്‌ പുറത്ത്‌ റോഡില്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ പരന്നൊഴുകുന്ന വലിയൊരു മാലിന്യക്കൊട്ടയായിരുന്നു ചിത്രത്തില്‍.അന്നാണെങ്കില്‍ സ്വാശ്രയം അടക്കമുള്ള നിരവധി പ്രശ്നങ്ങളാല്‍ വിദ്യാഭ്യാസവകുപ്പ്‌ നാറി നില്‍ക്കുന്ന സമയവും. ഒരു കൂപ്പ്പണ്‍ വാങ്ങി അപ്പോള്‍ തോന്നിയ എന്തോ കുറിച്ച്‌ മോളുടെ പേരും എഴുതി.അപ്പോഴാണ്‌ മനസ്സില്‍ മറ്റെന്തോ തടഞ്ഞത്‌.ഉടന്‍ ഒരു കൂപ്പണ്‍ കൂടി വാങ്ങി ഭാര്യയുടെ പേര്‌ എഴുതി രണ്ടും കൂടി ബോക്സില്‍ നിക്ഷേപിച്ചു.
            ശേഷം അടുത്ത സ്റ്റാളില്‍ നിന്ന് ഗോബി മഞ്ചൂരിയും കാപ്സിക്കം ഫ്രൈയും വാങ്ങി പുല്‍തകിടിയില്‍ ഇരുന്ന് തട്ടുന്നതിനിടയിലാണ്‌ അല്‍പം അകലെ ഒരു പശു വാല്‌ പൊക്കുന്നത്‌ കണ്ടത്‌.ഉടന്‍ എന്റെ മനസ്സിലൂടെ ഒരാശയം മിന്നി.വേഗം ഒരു കൂപ്പണ്‍ കൂടി വാങ്ങി *+്‌$ !*$ ്‌!!("< >?*!* എന്നെഴുതി എന്റെ പേരും ഫോണ്‍ നമ്പറും എഴുതി കൂപ്പണ്‍ ബോക്സില്‍ ഇട്ടു. പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ അല്‍പസമയം കൂടി അവിടെ കറങ്ങി ഞങ്ങള്‍ താമസ സ്ഥലമായ മാനന്തവാടിയിലേക്ക്‌ തിരിച്ചു.
           മാനന്തവാടിയില്‍ ബസ്സിറങ്ങിയ ഉടനെ എന്റെ മൊബൈല്‍ റിംഗ്‌ ചെയ്തു.ഞാന്‍ ഫോണെടുത്തു. "ഹലോ.....ആബിദല്ലേ...?" 
"അതേ.....അതാരാ..?"
"ഞാന്‍ രമേഷ്‌....മനോരമയില്‍ നിന്നാ....ഫ്ലവര്‍ഷോയില്‍ ഇന്നത്തെ അടിക്കുറിപ്പ്‌ മല്‍സരത്തില്‍ താങ്കളുടെ അടിക്കുറിപ്പിനാണ്‌ ഒന്നാം സ്ഥാനം!!!!" 
            ചാണകമിടാനൊരുങ്ങുന്ന പശു നല്‍കിയ, ആ എമര്‍ജന്‍സി ലാമ്പ്‌ ഇന്നും എന്റെ വീട്ടില്‍ കത്തിക്കൊണ്ടിരിക്കുന്നു!!!
( പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ആ അടിക്കുറിപ്പ്‌ എന്തായിരിക്കും? കമന്റൂ.....)

Wednesday, December 19, 2007

പെരുന്നാള്‍ ഓര്‍മ്മകള്‍....

കുട്ടിക്കാലത്ത്‌ പെരുന്നാള്‍ എന്നാല്‍ ചെറുതോ വലുതോ എന്നൊന്നും ഞങ്ങള്‍ക്ക്‌ നിശ്ചയമില്ലായിരുന്നു.ഒരു പെരുന്നാള്‍ കഴിഞ്ഞ്‌ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം അടുത്തത്‌ എത്തും.പിന്നെ വീീണ്ടും ഒരു പെരുന്നാളിന്‌ കുറേ ദിവസങ്ങള്‍ കാത്തിരിക്കണം എന്നു മാത്രമറിയാം. പെരുന്നാള്‍ ദിവസത്തില്‍ മൂത്താപ്പമാരും അവരുടെ മക്കളും എല്ലാം അടങ്ങുന്ന ഒരു സംഘം തക്ബീര്‍ ധ്വനികള്‍ മുഴക്കി പള്ളിയിലേക്ക്‌ നടക്കും.വഴിയില്‍ വച്ച്‌ ചെറു സംഘങ്ങള്‍ കൂടിച്ചേരും.പള്ളിയില്‍ എത്തുമ്പോഴേക്കും അതൊരു വന്‍സംഘമായി മാറിയിട്ടുണ്ടാവും. പള്ളി കഴിഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ പള്ളിക്കടുത്ത്‌ തന്നെയുള്ള ഒരു വീട്ടില്‍ എല്ലാവരും കയറും.കൂട്ടത്തില്‍ ഞാനും.അന്ന് അത്‌ ഏത്‌ വീടാണെന്ന് അറിയില്ലായിരുന്നു.പിന്നീടാണ്‌ അത്‌ വലിയ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ വീടാണെന്ന് മനസ്സിലാക്കിയത്‌.അവിടെ നിന്നും 'കാവ' എന്ന പായസം കുടിക്കും. പിന്നെ നേരെ എത്തുന്നത്‌ അങ്ങാടിയില്‍ മയമാക്കയുടെ പാലൈസ്‌ വില്‍ക്കുന്ന സൈക്കിളിനടുത്താണ്‌.പെരുന്നാളിന്‌ മാത്രമേ എനിക്കും അനിയനും ഐസ്‌ തിന്നാന്‍ അനുവാദമുള്ളൂ.ഒന്ന് വാങ്ങാനേ കാശും ഉണ്ടാകൂ.അത്‌ ഞങ്ങള്‍ ഷെയര്‍ ചെയ്യും. ഐസ്‌ തിന്ന് പിന്നെ അസ്കറിന്റെ പെട്ടിക്കടയില്‍ കയറി അഞ്ച്‌ പൈസയുടെ മിഠായി അല്ലെങ്കില്‍ പത്ത്‌ പൈസക്ക്‌ മൂന്നെണ്ണം കിട്ടുന്ന പ്ലാസ്റ്റിക്‌ മോതിരം വാങ്ങും. അതും കഴിഞ്ഞ്‌ ഏതോ നാട്ടില്‍ നിന്നും തലേ ദിവസം തന്നെ വന്ന് തമ്പടിച്ച കളിപ്പാട്ട വില്‍പനക്കാരന്റെ കളിപ്പാട്ടം തൂക്കിയ സ്റ്റാന്റില്‍ തൂങ്ങുന്ന വിവിധ കളിപ്പാട്ടങ്ങള്‍ നോക്കി നില്‍ക്കും.എല്ലാത്തിന്റെയും വില അന്വേഷിച്ച്‌ പത്തു പൈസയുടെ ഒരു ബലൂണും വാങ്ങി വീട്ടിലേക്ക്‌ പോരും. വീട്ടിലെത്തി വളരെ ശ്രദ്ധയോടെ വെയിലു കൊള്ളിക്കാതെയും നനവ്‌ തട്ടാതെയും ബലൂണ്‍ സൂക്ഷിച്ചു വക്കും.ഇടക്ക്‌ ഒന്ന് എടുത്ത്‌ തട്ടിക്കളിക്കും. ഇടക്കെപ്പോഴോ ഒരു വന്‍ ശബ്ദത്തോടെ ബലൂണ്‍ താനേ പൊട്ടും.അതോടെ എന്റെ പെരുന്നാളിന്റെ രസച്ചരടും പൊട്ടും.പൊട്ടാതെ ബാക്കിയാകുന്ന മറ്റുള്ളവരുടെ ബലൂണ്‍ നോക്കി അസൂയയോടെ ബാക്കി സമയം തള്ളി നീക്കും. രാത്രി ആകാറാകുമ്പോള്‍ പെരുന്നാള്‍ കഴിഞ്ഞു പോകുന്നതിന്റെ സങ്കടം തോന്നുമെങ്കിലും ഉറങ്ങുന്നതോടെ അതും അവസാനിക്കും.അന്നത്തെ സ്വപ്നത്തില്‍ അഞ്ച്‌ പാലൈസ്‌ തിന്നുന്നതും കുറേ ബലൂണ്‍ കിട്ടുന്നതും കാണുന്നതോടെ പെരുന്നാള്‍ ഭംഗിയായി അവസാനിക്കും.

Monday, December 17, 2007

‍പണം പോയാലെന്താ?ഞങ്ങളെ.....

പ്രീഡിഗ്രി എന്ന അത്ര മോശമല്ലാത്ത ഡിഗ്രിക്ക്‌ രണ്ടാം ഗ്രൂപ്പെടുത്തത്‌ ഡോക്ടര്‍ എന്ന ഒന്നാംതരക്കാരനാവാനായിരുന്നു എന്ന് ഡിഗ്രിക്ക്‌ ചേര്‍ന്നപ്പോഴാണ്‌ മനസ്സിലായത്‌!!!(M B B S ന്‌ കിട്ടുന്നതിന്‌ മുമ്പ്‌ തന്നെ പഠിക്കുന്ന ക്ലാസ്സ്‌ എഴുതേണ്ടിടത്തെല്ലാം പ്രീഡിഗ്രിക്ക്‌ പകരം പ്രീMBBS എന്നായിരുന്നു ഞങ്ങള്‍ എഴുതിയിരുന്നത്‌.ഹോസ്റ്റല്‍ ലീവ്‌ ലെറ്ററിലും ഈ വികൃതി ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡന്റെ വക ചെവിക്ക്‌ തിരുമ്മല്‍ ചികില്‍സയും കൈക്ക്‌ ചൂരല്‍ കഷായവും കിട്ടിയതിനൊപ്പം പ്രീഡിഗ്രി എന്ന് മാത്രം എഴുതാനുള്ള ഓര്‍ഡറും കിട്ടിയതോടെ ഈ പരിപാടി അവസാനിപ്പിച്ചു) 

 അങ്ങനെ അങ്ങനെ പ്രീഡിഗ്രി കോഴ്സ്‌ കഴിഞ്ഞു.അതിനിടയിലെപ്പഴോ സാര്‍ പറഞ്ഞതനുസരിച്ച്‌ ആള്‍ ഇന്ത്യാ എന്‍ട്രന്‍സ്‌ എന്ന ഏതോ മഹാമഹത്തിന്‌ ഞങ്ങള്‍ കുറേ പേര്‍ അപേക്ഷിച്ചു.തിരുവനന്തപുരം എന്ന മഹാനഗരത്തില്‍ പരീക്ഷ എഴുതാനുള്ള വാറണ്ടും വന്നതോടെനൗഫലും അന്‍വറും സഫറുള്ളയും ഞാനും അടങ്ങുന്ന സംഘം ആര്‍മാദത്താല്‍ ആറാടി. 

 പരീക്ഷാ സുദിനത്തിന്റെ രണ്ട്‌ ദിവസം മുമ്പ്‌ തന്നെ ഞങ്ങള്‍ തലസ്ഥാന നഗരിയിലെത്തി.എന്‍ട്രന്‍സ്‌ പരീക്ഷകള്‍ ഇനിയും വരും എന്ന ഉത്തമ വിശ്വാസം ഉള്ളതിനാലും തിരുവനന്തപുരം ഇനിയും കാണാം എന്ന് ഒട്ടും വിശ്വാസം ഇല്ലാത്തതിനാലും പരീക്ഷാ തലേന്ന് ഞങ്ങള്‍ മലപ്പുറം സ്റ്റൈല്‍കൈലി മുണ്ടെടുത്ത്‌ നഗരം കാണാനിറങ്ങി.കൂടെ ഉണ്ടായിരുന്ന രണ്ട്‌ മമ്മൂട്ടി ഭ്രാന്തന്മാര്‍അന്ന് റിലീസായ ഏതോ ഒരു പടം കാണാനായി തീയേറ്ററിലെ ക്യൂവില്‍ കുത്തികയറി.നാടും നഗരവും കാണാന്‍ ഞാനും മറ്റുള്ളവരും അലഞ്ഞു നടന്നു.

 നടന്ന് നടന്ന് യൂണിവേഴ്‌സിറ്റി കോളേജിന്‌ അടുത്തെത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ട്‌ ഞങ്ങള്‍ അങ്ങോട്ട്‌ വലിഞ്ഞ്‌ കയറി."വര്‍ണ്ണം" എന്ന സിനിമയുടെ ഷൂട്ടിംങ്ങായിരുന്നു അത്‌.ജയറാം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.അവിടെ അധികം സമയം ചെലവഴിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. അലഞ്ഞ്‌ തിരിഞ്ഞ്‌ ഞങ്ങള്‍ മൃഗശാലയില്‍ എത്തി.നേര്‍വഴി പണ്ടേ ഞങ്ങള്‍ക്ക്‌ പറഞ്ഞതാകാത്തിനാല്‍ ആളും ആരവവും ഇല്ലാത്ത ഉള്‍വഴിയിലൂടെ ഞങ്ങള്‍ നടന്നു. പെട്ടെന്നാണ്‌ ഒരു ചുള്ളന്‍ ഒരു ചുള്ളിയോടൊപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്‌.സ്ത്രീയെ പരിചയമില്ലെങ്കിലും ചുള്ളന്റെ മുഖം എവിടെയൊക്കെയോ കണ്ട ഒരു പരിചയം.അപ്പോഴേക്കും അന്‍വര്‍ വിളിച്ചു പറഞ്ഞു. "മമ്മൂട്ടി....മമ്മൂട്ടി....." സിനിമാതാരങ്ങളെ പേപ്പറില്‍ കണ്ട്‌ മാത്രം പരിചയമുണ്ടായിരുന്ന എനിക്ക്‌ അപ്പോളാണ്‌ ആളെ പിടികിട്ടിയത്‌."അര്‍ത്ഥം" എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു അത്‌.റൂമില്‍ തിരിച്ചെത്തി ഞങ്ങള്‍ സംഭവം വിവരിച്ചപ്പോള്‍ സ്ക്രീനില്‍ മമ്മൂട്ടിയെ കാണാന്‍ പോയ മമ്മൂട്ടി ഭ്രാന്തന്മാര്‍ക്ക്‌ നഷ്ടബോധം തോന്നി. 

 പരീക്ഷാ ദിനം.രാവിലെ തന്നെ ഞങ്ങള്‍ ലോഡ്‌ജില്‍ നിന്ന് പുറത്തിറങ്ങി. പെട്ടെന്നാണ്‌ , സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നും വരുന്ന നൗഫലിന്റെ തലക്കകത്ത്‌ ഒരു ബള്‍ബ്‌ മിന്നിയത്‌. 
 "പരീക്ഷക്ക്‌ എല്ലാവരും കാറിലായിരിക്കും വരുന്നത്‌.." നൗഫല്‍ പറഞ്ഞു.

 "അതിനെന്താ?" ഒപ്പമുള്ള ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. 

 "അപ്പോള്‍ നമ്മള്‍ മാത്രം നടന്ന് ചെന്നാല്‍ നമ്മെ ആരും മൈന്റ്‌ ചെയ്യില്ല.."

 "അല്ലെങ്കിലും ഈ തിരുവനന്തപുരത്ത്‌ നമ്മെ ആര്‌ മൈന്റ്‌ ചെയ്യാനാ.....മൈന്റ്‌ ചെയ്താലും ഇല്ലെങ്കിലും നമുക്കെന്ത്‌പ്രയോജനം..?" ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചു. 

 "അതല്ല....ഡോക്ടറാവാന്‍ പോകുന്നവര്‍ക്ക്‌ അല്‍പം ഗെറ്റപ്പൊക്കെ വേണം...." 

 "അതിനെന്തു ചെയ്യണം..?"

 "നമ്മളും കാറില്‍ തന്നെ പരീക്ഷാ സെന്ററിലെത്തണം..!!!" 

 "ങ്‌ഹേ!!!" ഞങ്ങളുടെ ഞെട്ടലിനിടയില്‍ നൗഫല്‍ അടുത്ത്‌ കിടന്ന ടാക്സി കാര്‍ കൈകൊട്ടി വിളിച്ചു. 

 "കയറ്‌...എല്ലാവരും കയറ്‌..." നൗഫല്‍ ഞങ്ങളോടാജ്ഞാപ്പിച്ചു.ഞങ്ങള്‍ കാറില്‍ കയറി.

 "മോഡല്‍ സ്കൂളിലേക്ക്‌ വിട്‌.." നൗഫല്‍ ഡ്രൈവറോട്‌ പറഞ്ഞു.
കാറ്‌ മോഡല്‍ സ്കൂളിലേക്ക്‌ പറന്നു.ഞങ്ങള്‍ അന്തം വിട്ട്‌ കാറിനുള്ളില്‍ ഇരുന്നു.

 കാര്‍ സ്കൂള്‍ ഗേറ്റില്‍ എത്തിയപ്പോഴേ മുറ്റത്ത്‌ നിര്‍ത്തിയിട്ട കാറുകളും അവിടെയും ഇവിടെയും കൂടി നില്‍ക്കുന്ന പരീക്ഷാര്‍ത്ഥികളും രക്ഷിതാക്കളും നൗഫലിന്റെ ശ്രദ്ധയില്‍പെട്ടു.ഡ്രൈവര്‍ കാര്‍ ഗേറ്റിന്‌മുമ്പില്‍ നിര്‍ത്താന്‍ ഭാവിച്ചപ്പോഴേക്കും നൗഫലിന്റെ അടുത്ത ഓര്‍ഡര്‍ എത്തി.
 "വണ്ടി വിടെടോ സ്കൂളിനകത്തേക്ക്‌...മുറ്റത്ത്‌ ഒരു റൗണ്ട്‌ ചുറ്റി അതാ ആ മരത്തിന്‌ ചുവട്ടില്‍ നിര്‍ത്തണം.....ഇതാ അതിന്‌ മുമ്പ്‌ വാടക പിടി" കാശെടുത്ത്‌ നീട്ടിക്കൊണ്ട്‌ നൗഫല്‍ പറഞ്ഞു. 

 "നിങ്ങളെല്ലാം റൂമില്‍ എത്തിയിട്ട്‌ ഷെയര്‍ തന്നാല്‍ മതി..." ഞങ്ങളെ നോക്കികൊണ്ട്‌ നൗഫല്‍ തുടര്‍ന്നു. 

 പൊടിപാറിച്ചുകൊണ്ട്‌ സ്കൂളിന്റെ മുറ്റത്ത്‌ ഒരു റൗണ്ട്‌ പൂര്‍ത്തിയാക്കി നൗഫല്‍ ചൂണ്ടിക്കാണിച്ച മരത്തിന്‌ ചുവട്ടില്‍ കാര്‍ നിര്‍ത്തി.പ്രധാനമന്ത്രിയും പരിവാരങ്ങളും ഇറങ്ങുന്ന ഗമയോടെ നൗഫലും ഞങ്ങളും കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങള്‍ക്ക്‌ നേരെയായിരുന്നു.ടാക്സി പിടിച്ച്‌ പരീക്ഷക്ക്‌ വന്ന ദരിദ്രവാസികള്‍ ഏതെന്നായിരിക്കും അവരുടെ ചിന്ത...പക്ഷേ പണം പോയാലെന്താ?ഞങ്ങളെ എല്ലാവരും മൈന്റ്‌ ചെയ്തല്ലോ?

Wednesday, December 12, 2007

പുന:സമാഗമം

അര്‍മാന്‍ മോല്യാരും സൈതാലിയും കാത്തുനില്‍ക്കുന്ന വിവരം അറിയാതെ കോയാക്കയും അബുവും കോഴിക്കോട്ടങ്ങാടിയിലൂടെ കറങ്ങി നടന്നു.സേട്ട്‌മാരുടെയും പഠാണികളുടെയും തുണിക്കടകളും ജൗളിക്കടകളും അവിടെ വില്‍പനക്കായി നിരത്തിവച്ച സാധനങ്ങളും നാട്ടിന്‍പുറത്തുകാരനായ അബുവിന്‌ ഒരു വിസ്മയക്കാഴ്ചയായി.ഇടക്കിടെ മണിമുഴക്കി ഓടുന്ന കുതിരവണ്ടികളും ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കാളവണ്ടികളും മനുഷ്യന്‍ ചവിട്ടി ഓടിക്കുന്ന റിക്ഷകളും അബു കൗതുകത്തോടെ നോക്കി നിന്നു. "ഇനി എന്താ അബൂ വാങ്ങേണ്ടത്‌?" കോയാക്കയുടെ ചോദ്യം കേട്ട്‌ അബു ചിന്തയില്‍ നിന്നുണര്‍ന്നു. "ഞെത്തും മാണ്ട*" "നെനെക്ക്‌ള്ളതും ഉമ്മാക്ക്‌ള്ളതും എല്ലാം ആയോ?" "ആയി" "ന്നാ ഞമ്മള്‍ക്ക്‌ തിരിച്ച്‌ പോവാ...?" "ഉം..." "എന്താ...നെന്റെ മൊകത്ത്‌ ഒരു വെഷമം....?" "എത്തുംല്ല..." "അബോ.....നീ എന്റെ മക്കാനീല്‌ വെന്ന ദിവസം ഓര്‍മ്മണ്ടോ?" "ഉം.." "അന്ന് സൈതാലി നെന്റെ കാര്യങ്ങള്‌ പറയുമ്പം എനക്ക്‌ നീ ഏതോ ഒര്‌ യതീം കുട്ട്യെയ്നി...." "ഉം..." "പക്ഷേ.....ഇപ്പോ നീ എന്റെ അനിയന്‍ പൂക്കോയന്റെ മോനാ...ഞാന്‍ നെന്റെ മൂത്താപ്പയാ..." "ആ...മൂത്താപ്പാ.....അതെന്ന്യാ ഇന്‍ക്ക്‌ മന്‌സ്‌ല്‌ ഒര്‌ പൊറുത്യേട്‌*..." "എന്ത്‌ പൊറുതികേട്‌...?അനക്ക്‌ ഉമ്മാനെ കാണണ്ടേ?" "ഉമ്മാനെ കാണണം...കോയ്ക്കോടും മൂത്താപ്പാനിം ബ്‌ട്ട്‌ പോവാനും ബെജ്ജ*..." "ഹ...ഹ..അത്‌ നല്ല തമാശ....അബോ നെന്നെ വ്‌ടാന്‍ എനക്കും താല്‍പര്യം ഇല്ല....പിന്നെ പത്ത്‌ മാസം ഗര്‍ഭം ചുമന്ന ഒര്‌ ഉമ്മ അന്നേം ഓര്‍ത്ത്‌ കണ്ണീര്‌ വാര്‍ത്റ്റ്‌ കഴിയുന്ന്‌ണ്ടല്ലോന്ന് ആലോചിക്കുമ്പം.....അതോണ്ടാ മോനേ....പോയി ഉമ്മാനെ സമാധാനിപ്പിച്ച്‌ നെനക്ക്‌ തോന്നുമ്പം തിരിച്ച്‌ വന്നാ മതി...." സംസാരിച്ച്‌ നടന്ന് നടന്ന് അവര്‍ മക്കാനിക്കടുത്തെത്താറായി..പെട്ടെന്നാണ്‌ സൈതാലിയുടെ വണ്ടി കോയാക്കയുടെ ശ്രദ്ധയില്‍ പെട്ടത്‌. "ആരോ വന്നിട്ടുണ്ടല്ലോ മക്കാനീല്‌.....വണ്ടി കണ്ടിട്ട്‌ ദൂരേന്നാ ന്നാ തോന്ന്‌ണെ..." കോയാക്ക അബുവിനോട്‌ പറഞ്ഞു. "ആ..അത്‌ സൈതാലിന്റെ വണ്ട്യാണല്ലോ...സൈതാല്യേ....സൈ....താല്യേ...." കോയാക്ക നീട്ടി വിളിച്ചു. അല്‍പം മാറി മരത്തണലില്‍ ഉറങ്ങുകയായിരുന്ന സൈതാലി ഞെട്ടി എണീറ്റു. "ഹൗ.....എത്ത്യോ..? ഞമ്മളെ കുണ്ടനൗടെ?" സൈതാലി ചോദിച്ചു. "ഇതാ....അന്റെ കുണ്ടന്‍ ഇവിടെ തന്നെണ്ട്‌....നെനക്ക്‌ വല്ല വിവരോം കിട്ട്യോ?"കോയാക്ക ചോദിച്ചു. "കിട്ട്യോന്നോ......?ങള്‌ രണ്ടാളും ഞമ്മളെ ബണ്ടിന്റട്‌ത്ത്‌ക്ക്‌ ബെരി..."സൈതാലി അവരെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക്‌ നീങ്ങി. "മോല്യാരെ....മോല്യാരെ....ദാ ഞമ്മളെ മൊയലാളിം കുണ്ടനും..." വണ്ടിയിലേക്ക്‌ നോക്കി സൈതാലി പറഞ്ഞു.വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്ന അര്‍മാന്‍ മോല്യാര്‍ എണീറ്റ്‌ നോക്കി. "ഇതാരാ...?" കോയാക്ക സൈതാലിയോട്‌ ചോദിച്ചു. "ഈ കുണ്ടനിം അന്വേസിച്ച്‌ അരീക്കോട്ട്‌ന്ന് ബെന്നതാ....ഓന്‌ അറ്യോന്ന് ചോയ്ച്ചോക്കി..." "അബോ....വണ്ടീലെ ആളെ അനക്കറ്യോ?" കോയാക്ക അബിവിനോട്‌ ചോദിച്ചു.അബു വണ്ടിയിലേക്ക്‌ നോക്കി... "ങ്‌ഹേ!!!!ഉസ്താദ്‌!!!!" അബു വിളിച്ചു പറഞ്ഞു. "മോനേ അബോ...." അര്‍മാന്‍ മോല്യാര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി അബുവിനെ കെട്ടിപ്പിടിച്ച്‌ ആശ്ലേഷിച്ചു.കണ്ടു നിന്ന കോയാക്കയുടെയും സൈതാലിയുടെയും കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു. (തുടരും) *********************** ഞെത്തും മാണ്ട = ഇനി ഒന്നും വേണ്ട പൊറുത്യേട്‌ = വിഷമം ബെജ്ജ = വയ്യ

Sunday, December 02, 2007

മോല്യാരുടെ കാത്തിരിപ്പ്‌.

പിറ്റേ ദിവസം രാവിലെ സൈതാലിയുടെ വണ്ടി കോഴിക്കോട്ടെത്തി.സൈതാലി വണ്ടി നേരെ കോയാക്കയുടെ മക്കാനിയിലേക്‌ വിട്ടു.മക്കാനിക്‌ അല്‍പം അകലെ വണ്ടി നിര്‍ത്തി സൈതാലി മോല്യാരോട്‌ പറഞ്ഞു. "മോല്യാരെ....അതാ ആ കാണ്‌ന്നതാ ങള്‌ പറഞ്ഞ കുണ്ടനെ ഞമ്മള്‌ കൊണ്ടാക്ക്യെ മക്കാനി......ഞാനാദ്യം ഔടെ പോയി സംഗതികളൊക്കെ ന്ന് നിരീച്ചിട്ട്‌ ബെരട്ടെ....." "ആ...സരി...ഞമ്മളെപ്പളാ ബെരണ്ട്യേന്ന് ബെച്ചാ ബിള്‍ച്ചാ* മതി..."സൈതാലി കാളകള്‍ക്ക്‌ വെള്ളം കൊടുത്ത ശേഷം മക്കാനിയിലേക്ക്‌ നടന്നു. "കോയാക്കാ....അസ്സലാമലൈകും.....ഞമ്മളെ കുണ്ടനൗടെ?" മക്കാനിയില്‍ കയറിയ സൈതാലി ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.പക്ഷേ മക്കാനിയില്‍ നിന്നും ഉത്തരമൊന്നും കിട്ടിയില്ല. "കോയാക്കാ....ങള്‌ ദ്‌ യൗടെ പോയി കുത്തര്‍ക്കാ...?" അടുക്കള വാതിലില്‍ പോയി സൈതാലി വീണ്ടും വിളിച്ചു. "മൂപ്പര്‌ ആ ചെക്കന്റപ്പം പോയതാ...." അടുക്കളയില്‍ നിന്നും ആയിശുമ്മാത്ത വിളിച്ചു പറഞ്ഞു. "ങ്‌ഹേ...!!ഞമ്മളെ കുണ്ടന്‍ ചാടിപ്പോയോ?മോല്യാരെ ബണ്ടീ കേറ്റ്യേത്‌ ബാത്തിലായോ*?" സൈതാലിയുടെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. "എപ്പം പോയതാ..?" സൈതാലി ചോദിച്ചു. "മ്മിണി നേരായി..." "എത്തെയ്നും ബിസേസിച്ച്‌...?" "എനക്ക്‌ നിച്ചംല്ലാ..." "ആ...കൊറച്ചേരം കാത്ത്ന്നോക്കാം....ഞമ്മളെ കുണ്ടന്‍ ബെടെ തെന്നെ ണ്ടാകണേ റബ്ബേ?" സൈതാലി പ്രാര്‍ത്ഥിച്ചു. പതിനഞ്ച്‌ മിനുട്ട്‌ കാത്തു നിന്നിട്ടും കോയാക്കയേയും അബുവിനേയും കാണാത്തതിനാല്‍ സൈതാലി വണ്ടിയുടെ അടുത്തേക്ക്‌ തന്നെ തിരിച്ചു നടന്നു.അര്‍മാന്‍ മോല്യാരോട്‌ ഇനി എന്ത്‌ പറയും എന്ന ചിന്ത സൈതാലിയെ അലട്ടി.സൈതാലിയുടെ വരവ്‌ കണ്ട അര്‍മാന്‍ മോല്യാര്‍ കാര്യമറിയാതെ സന്തോഷിച്ചു.സൈതാലി അടുത്തെത്തിയപ്പോഴാണ്‌ മുഖത്തെ പന്തികേട്‌ അര്‍മാന്‍ മോല്യാര്‍ മനസ്സിലാക്കിയത്‌. "എത്താ സൈതാല്യേ....?അന്റെ മോത്തൊര്‌* ബൈക്ലബ്യം?" "അത്‌..." സൈതാലി തലയില്‍ ചൊറിഞ്ഞ്‌ നിന്നു. "എത്താ.... ഞമ്മളെ കുണ്ടനല്ലേ ഔടെള്ള കുണ്ടന്‍....?" "ആവോ...."സൈതാലി അലക്ഷ്യമായി പറഞ്ഞു. "എത്താ....ജ്ജ്‌ അണ്ടി പോയെ അണ്ണാന്റെ മാതിരി ബെന്നാണ്ട്‌ അത്തും പുത്തും പറ്യണ്‌?കാര്യം എത്താന്ന് ബെച്ചാ ഒന്ന് ബേം പറഞ്ഞാ...."അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകാംക്ഷ കൂടി. "അതോ....അത്‌ കോയാക്ക...." "ഓനെ ബ്‌ട്ട്‌ല* ല്ലേ....ന്നാ ഞമ്മള്‌ പോയി പറ്യണോ?' "അതല്ല..." "പിന്നെത്താ...?" "കോയാക്ക ഔടെ ല്ല..." "ന്നാ അനക്ക്‌ ആ കുണ്ടനോട്‌ ബീരം പറഞ്ഞൂടെയ്ന്യോ...?" "അയിന്‌*..." സൈതാലി വീണ്ടും തല ചൊറിയാന്‍ തുടങ്ങി. "അയിനും മാണോ മൊയലാളിന്റെ സമ്മതം?" "അതൊന്നും മാണ്ട്യരൂല..." "ന്നട്ടെ ത്തേ ജ്ജ്‌ ഓനോട്‌ ഞാന്‍ ബെടെ ബെന്ന ബീരം പറ്യാഞ്ഞെ?" "ന്നാ കേട്ടോളീ......ആ കുണ്ടന്‍ ഔടെ ല്ല....അതെന്നെ..." ദ്വേഷ്യത്തോടെ സൈതാലി പറഞ്ഞു. "യാ അള്ളാ...." അര്‍മാന്‍ മോല്യാര്‍ ഞെട്ടിത്തരിച്ച്‌ ഇരുന്നു. (തുടരും) *********************** ബിള്‍ച്ചാ = വിളിച്ചാല് ‍ബാത്തിലാവുക = വൃഥാവിലാവുക മോത്തൊര്‌ = മുഖത്തൊരു ബ്‌ട്ട്‌ല = വിട്ടില്ല അയിന്‌ = അതിന്‌

Saturday, December 01, 2007

ഒരു ഗസ്റ്റ്‌ ലക്ചറര്‍ ഇന്റര്‍വ്യൂ

ഗസ്റ്റ്‌ ലക്ചറര്‍ പോസ്റ്റിലേക്ക്‌ ഇന്റര്‍വ്യൂ നടക്കുന്ന ദിവസം. കോളേജിലെ ബാച്ചിക്ലബ്ബില്‍ നിന്നും പുറത്താക്കലിന്റെ വക്കില്‍( പ്രായം കവിഞ്ഞ്‌ കോളേജ്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ കാരണം) നില്‍ക്കുന്ന ജോയ്‌ സാര്‍ ഫുള്‍ഹാപ്പി ആന്‍ഡ്‌ ജോയ്‌ മൂഡിലാണ്‌.മീശ കൃത്യമായി വെട്ടി ഒതുക്കി , താടിയുടെ വൃഷ്ടി പ്രദേശത്ത്‌ ഒരു കുറ്റിരോമം പോലും ഇല്ല എന്ന് ഉറപ്പ്‌ വരുത്തി, മൂക്ക്‌ കുത്തിത്തുളക്കുന്ന ആഫ്റ്റര്‍ഷേവ്‌ ലോഷനും പുരട്ടി , മുടി ചീകി ഒപ്പിച്ച്‌ കഷണ്ടിയെ ഒതുക്കി , ഷര്‍ട്ട്‌ ഇന്‍സര്‍ട്ട്‌ ചെയ്ത്‌ നന്നായി പോളിഷ്‌ ചെയ്ത കവാഡിസും അണിഞ്ഞാണ്‌ പുള്ളി അന്ന് കോളേജിലെത്തിയത്‌. ജോയ്‌ സാര്‍ പ്രതീക്ഷിച്ചപോലെ ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമിന്‌ പുറത്ത്‌ മൂന്ന് ഗസ്റ്റുകള്‍ - മൂന്നും പരമ നാരികള്‍!!ഡിപ്പാര്‍ട്ട്‌മെന്റിലെ മഹിളാബഹള ദാരിദ്ര്യം താല്‍കാലികമായി അവസാനിക്കാന്‍ പോകുന്നു.ജോയ്‌ സാര്‍ മനസ്സില്‍ കരുതിക്കൊണ്ട്‌ മൂന്ന് പേരെയും ഒന്നുഴിഞ്ഞ്‌ നോക്കി.മൂന്നില്‍ രണ്ട്‌ 'ഗോസ്റ്റും' ഒന്ന് ഒന്നാംതരം കിളിച്ചുണ്ടന്‍ മാമ്പഴവും! സാമാന്യം ഗമയോടെ ജോയ്‌ സാര്‍ റൂമിലേക്ക്‌ കയറി.പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ശ്രീനിവാസന്റെ ചില ആക്ഷനുകള്‍ അകത്ത്‌ നിന്നും അനുകരിച്ച്‌ നോക്കി ഗോസ്റ്റുകള്‍ക്ക്‌ മുന്നില്‍ സ്വയം അവതരിക്കാനുള്ള തയ്യാറെടുപ്പോടെ ജോയ്‌ സാര്‍ റൂമില്‍ നിന്നും പുറത്തേക്ക്‌ തന്നെ ഇറങ്ങി. "ഇന്റര്‍വ്യൂവിന്‌ വന്നവരാണല്ലേ?" ജോയ്‌ സാര്‍ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞ്‌ ചോദിച്ചു. "അതേ സാര്‍..." എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ അവര്‍ മൊഴിഞ്ഞു. "ഏത്‌ പോസ്റ്റിലേക്കാ?" "കമ്പ്യൂട്ടര്‍ സയന്‍സ്‌ ലക്ചറര്‍ പോസ്റ്റിലേക്ക്‌..." ആഗതരില്‍ രണ്ട്‌ പേര്‍ പറഞ്ഞു.ഉദ്ദേശിച്ച ആളുടേ അടുത്ത്‌ നിന്നും മറുപടി ലഭിക്കാത്തതിനാല്‍ ജോയ്‌ സാര്‍ അവളുടെ നേരെ തിരിഞ്ഞു. "അപ്പോള്‍ ഇയാളോ?" "സാര്‍...അവള്‍..." "ഇലക്ട്രോണിക്സ്‌ ലക്ചറര്‍ പോസ്റ്റിലേക്കാണോ...?" പ്രതീക്ഷ കൈവിടാതെ ജോയ്‌ സാര്‍ ചോദിച്ചു. "അല്ല സാര്‍....അവള്‍ ഞങ്ങളുടെ കൂടെ വെറുതെ വന്നതാണ്‌......ഇന്റര്‍വ്യൂവിനല്ല്ല..." "ഹ....വേക്കന്‍സി ഉണ്ടെന്നേ....ഇന്റര്‍വ്യൂ അറ്റെന്‍ഡ്‌ ചെയ്തോളൂ..." ജോയ്‌ സാര്‍ അവളെ ജോയിന്‍ ചെയ്യിപ്പിക്കാന്‍ ഒരു ശ്രമംകൂടി നടത്തിനോക്കി. "അതിന്‌...?" പെണ്‍കുട്ടികള്‍ എന്ത്‌ പറയണം എന്നറിയാതെ പരസ്പരം നോക്കി. " ബയോഡാറ്റ കൊണ്ടുവന്നിട്ടുണ്ടാകില്ല അല്ലേ....? നോ പ്രോബ്ലം..." ജോയ്‌ സാര്‍ അവരെ സമാധാനിപ്പിച്ചു. "അതല്ല സാര്‍....അവള്‍..... അവള്‍ +2 ഫെയിലാ....." 'ഫൂ.....വിഡ്ഢികൂശ്മാണ്ഡങ്ങള്‍....രാവിലെതന്നെ മനുഷ്യനെ മെനക്കെടുത്താന്‍....' ആത്മഗതം ചെയ്തുകൊണ്ട്‌ ജോയ്‌ സാര്‍ ഉടന്‍ സ്ഥലം വിട്ടു.