Pages

Tuesday, January 24, 2012

അഴീക്കോടും അരീക്കോടനും

ചെറുപ്പകാലത്തെ എന്റെ പേടിസ്വപ്നമായിരുന്നു എം.സി എന്ന കള്ളുകുടിയന്‍.തറവാട് വീടിന്റെ തൊട്ടുമുന്നിലെ കള്ളുഷാപ്പിനടുത്തുള്ള ഓവുപാലത്തില്‍ ഇരിക്കുന്ന കുടിയനായ എം.സി(മുഴുവന്‍ പേര്‍ അറിയില്ല). മിക്കവാറും ഓവര്‍ഡൊസ് കാരണം വായ കോടിയ അവസ്ഥയിലായിരിക്കും(എം.സിയുടെ അണ്ണി കോടിയ പോലെ എന്നൊരു ചൊല്ല് അരീക്കോട് ഇന്നും നിലവിലുണ്ട്).ഇല്ലെങ്കില്‍ വായില്‍ നിന്നും തുരുതുരാ തെറി വന്നുകൊണ്ടിരിക്കും.വായ അനക്കാന്‍ കഴിയാത്ത വിമ്മിട്ടത്തില്‍ വല്ലതും ചെയ്യുമോ എന്നും വായ തുറന്ന അവ്സ്ഥയില്‍ എന്തെങ്കിലും തെറി വിളിക്കുമോ എന്നും രണ്ടും പേടിച്ചായിരുന്നു ഞങ്ങള്‍ സ്കൂളിലേക്ക് അതുവഴി പോയിരുന്നത്. ആ എം.സി എന്നോ മരിച്ചു മണ്ണടിഞ്ഞു.പക്ഷേ ഞാന്‍ ബ്ലോഗ് എഴുത്ത് തുടങ്ങിയ ശേഷം എം.സി വീണ്ടും എന്റെ വീട്ടുമുറ്റത്ത് എത്തി!

അതേ ഒരു ദിവസം നായ്ക്കള്‍ ഓരിയിട്ടുകൊണ്ടിരിക്കുന്ന ഒരു രാത്രി.എല്ലാവരും നല്ല ഉറക്കത്തിലാണ്.ഞാനും തഥൈവ.എന്റെ പുതിയ വീട് എം.സി കണ്ടിട്ടേ ഇല്ലായിരുന്നു.കാരണം അതിന് മുമ്പേ എം.സി മരിച്ചുപോയിരുന്നു.എന്നിട്ടും ആ കൂരിരുട്ടില്‍ പതുങ്ങി പതുങ്ങി എം.സി എത്തി.പതിവ് പോലെ കള്ളോ ചാരായമോ നല്ലവണ്ണം മോന്തിയിട്ടുണ്ട് എന്ന് ചുവന്ന ആ കണ്ണുകള്‍ കണ്ടാല്‍ അറിയാം.അണ്ണി(വായ) കോടിയ അവസ്ഥയില്‍ തന്നെയാണ്.

എന്റെ വീടിന്റെ മുമ്പില്‍ എത്തി ഒരല്പം വിശ്രമിച്ച ശേഷം എം.സി ഉച്ചത്തില്‍ ഒരു വിളി...”അഴീക്കോടാ...എടാ അഴീക്കോടാ...”.

ഞാന്‍ ഞെട്ടി എണീറ്റു ചുറ്റും നോക്കി.എന്റെ അപ്പുറത്ത് ക്ഷീണിച്ചുറങ്ങുന്ന ഒരു എന്‍.എസ്.എസ് വളണ്ടിയര്‍!എന്‍ എസ് എസ് ക്യാമ്പില്‍ ഉറങ്ങുന്നതിന് അല്പം മുമ്പ് സുകുമാ‍ര്‍ അഴീക്കോടിന്റെ രോഗവാര്‍ത്ത വായിച്ചു കിടന്ന ഞാന്‍ കണ്ട ഒരു സ്വപ്നമായിരുന്നു അത്. എം.സി അരീക്കോടാ എന്ന് വിളിച്ചെങ്കിലും നാവ് വഴങ്ങാത്തതിനാല്‍ അത് അഴീക്കോടാ എന്നായിപ്പോയി.

സുകുമാര്‍ അഴീക്കോട് ഇന്ന് കാലത്ത് അന്തരിച്ചു.കേരളം കണ്ട മികച്ച പ്രാസംഗികനായ ആ പ്രതിഭക്ക് ആദരാഞലികള്‍ അര്‍പ്പിക്കുന്നു.

Friday, January 13, 2012

അരീക്കോടന്‍ ആരാ മോന്‍ ?

മുമ്പ് കളക്ടറുടെ കൂടെ ഒരു വേദി പങ്കിട്ടത് ഞാന്‍ ഒരു ‘സംഭവം’ ആക്കിയിരുന്നു (ലിങ്ക് കിട്ടുമ്പോള്‍ പോസ്റ്റ് ചെയ്യാം).അത് വച്ച് നോക്കുമ്പോള്‍ ഇക്കഴിഞ്ഞ ദിവസത്തെ പ്രോഗ്രാം ഒരു ലോക സംഭവം തന്നെ എന്ന് തോന്നിയേക്കാം (നിങള്‍ക്കല്ല , എനിക്ക്!).

അതേ ‘സ്നേഹസ്പര്‍ശം‘ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിക്കുന്നത് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍.വേദിയില്‍ എനിക്ക് പരിചയമില്ലാത്ത കുറേ മുഖങ്ങള്‍ (കാരണം അവര്‍ എല്ലാവരും കോഴിക്കോട് ജില്ലയിലെ എം.എല്‍.എ മാര്‍ ആണ്).പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല (ഞാന്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ സ്ഥലത്തെ ഡിവിഷനില്‍ ആയിരുന്നു അവര്‍ മത്സരിച്ചത് എന്നതിനാല്‍ എനിക്ക് കേട്ട് പരിചയം ഉണ്ട്.)അവരുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നത് സാക്ഷാല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം.(മാപ്പില്ലാത്ത ‘മാപു’മായി സഹകരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ എനിക്ക് നല്ല പരിചയം). പിന്നെ കോഴിക്കോട്ടെ എല്ലാ‍ പ്രമുഖ ആശുപത്രികളിലേയും ഡോക്റ്റര്‍മാര്‍.(ഇവരുടെ ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ലാത്തതിനാല്‍ എനിക്ക് ഒരു വഹ പരിചയവുമില്ല). ഇവരുടെ ഒക്കെ കൂടെ ഒരു പാവം മലപ്പുറം കാക്കയായി ഞാനും.ഇതാ ഇവിടെ ക്ലിക്കി നോക്കൂ.

അരീക്കോടന്‍ ആരാ മോന്‍ ?

‘സ്നേഹസ്പര്‍ശം’ - ഒരു നല്ല നാളേക്ക്

‘സ്നേഹസ്പര്‍ശം’ - പേരില്‍ തന്നെ ഒരു സ്നേഹം തുളുമ്പുന്ന ഒരു പദ്ധതി.അതേ കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൃക്ക രോഗികളുടെ ക്ഷേമത്തിനായി തുടങ്ങുന്ന ഒരു പദ്ധതിയാണ് സ്നേഹസ്പര്‍ശം.ഒന്നാം ഘട്ടത്തില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായമാണ് ഉദ്ദേശിക്കുന്നത്.ഒരു രോഗിക്ക് ഒരു ഡയാലിസിസിന് 250 രൂപ എന്ന നിരക്കില്‍ ഒരു മാസം 3000 രൂപ നല്‍കും.ഡയാലിസിസും അനുബന്ധ ചികിത്സകളുമായി ഒരു രോഗിക്ക് മുപ്പതിനായിരം രൂപയോളം മാസത്തില്‍ ചിലവ് വരുന്നു എന്നറിയുമ്പോള്‍ ഈ തുക ഒന്നിനും തികയില്ല എന്നത് ശരി തന്നെ.എന്നാലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡയാലിസിസ് എണ്ണം സ്വയം കുറക്കുന്ന ഒരു പ്രവണത വളര്‍ന്നു വരുന്നത് കാണുന്നതിനാല്‍ ഈ സഹായം ഒരു കൈതാങ്ങായി പ്രവര്‍ത്തിക്കും എന്നത് തീര്‍ച്ച.

വൃക്ക രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള ബോധവല്‍ക്കരണവും പരിശൊധനാക്യാമ്പുമാണ് അടുത്ത ഘട്ടം.പരിശോധനക്കായി ജില്ലയിലെ എല്ലാ‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെസിഡന്‍സ് അസോസിയേഷനുകളിലും, സുസജ്ജമായ ഒരു വാഹനവും മെഡിക്കല്‍ ടീമും എത്തും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.35 ലക്ഷത്തോളം ചെലവ് വരുന്ന ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള വാഹനം മലബാര്‍ ഗോള്‍ഡ് സ്പോണ്‍സര്‍ ചെയ്തുകഴിഞ്ഞു.അതിനാല്‍ ആ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

അവസാന ഘട്ടത്തില്‍ പൂര്‍ണ്ണമായും സൌജന്യമായി ഡയാലിസിസ് സൌകര്യം നല്‍കുന്ന ഒരു സെന്ററും വിഭാവനം ചെയ്യുന്നു.ജില്ലയിലെ മുഴുവന്‍ വൃക്ക രോഗികള്‍ക്കും ഇത് ആശ്വാസം പകരും എന്ന് തന്നെയാണ് പ്രതീക്ഷ.

വളരെയധികം പണച്ചിലവ് വരുന്ന ഈ പദ്ധതി സുമനസ്സുകളുടെ സഹായത്താല്‍ വിജയം കാണും എന്ന് തന്നെയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് ഈ പദ്ധതി ജനപങ്കാളിത്തത്തോടെ വന്‍ വിജയമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട് എന്നതിനാല്‍ കോഴിക്കോടും ഇത് സാധ്യമാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇന്ന് നമ്മുടെ അയല്‍‌വാസിക്ക് അല്ലെങ്കില്‍ അകന്ന ബന്ധുവിന് ആണ് ഈ രോഗം പിടിപെട്ടതെങ്കില്‍ നാളെ നാമും ഈ അവസ്ഥയില്‍ എത്തിയേക്കാം.നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ കോഴിക്കോട് ജില്ലയിലെ എല്ലാ യൂണിറ്റുകളും ഈ മഹല്‍ സംരംഭവുമായി സഹകരിക്കുന്നു.ലോകത്ത് ഒരു ഗ്യാരണ്ടിയും വാറണ്ടിയും ആരും വാഗ്ദാനം ചെയ്യാത്ത ഒരേ ഒരു സാധനം മനുഷ്യശരീരമാണ് എന്നതിനാല്‍ എല്ലാവരും ഈ സംരംഭത്തോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.ഒപ്പം എല്ലാ ജില്ലയിലും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാക്കി സമൂഹത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന എല്ലാ രോഗങ്ങളേയും മറികടക്കാനും തടഞ്ഞു നിര്‍ത്താനും പ്രയത്നിക്കണമെന്നും അപേക്ഷിക്കുന്നു.