Pages

Wednesday, May 31, 2023

സല്യൂട്ട്

സബ് ഇൻസ്‌പെക്ടർ സുധാകരൻ സാർ തന്നോട് കയർത്ത് സംസാരിക്കാൻ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും സിവിൽ പോലീസ് ഓഫീസർ രാജന് മനസ്സിലായില്ല.

'ഇന്ന് ഓഫീസിൽ പരാതി ബോധിപ്പിക്കാൻ വന്ന സീനിയർ സിറ്റിസൺ ആയ ഒരാളെ താൻ കൈ പിടിച്ച് സഹായിച്ചത് സാറ് കണ്ടിരുന്നു. ഒരു മനുഷ്യൻ എന്ന നിലക്ക് അതെന്റെ കടമയാണ്. മാത്രമല്ല, ജനമൈത്രീ പോലീസിൽ ഇതൊക്കെ സർവ്വ സാധാരണമാണ്. താൻ ഇവിടെ പുതിയ ആളായതുകൊണ്ട് ഇവിടത്തെ രീതികൾ ഒന്നും പരിചയമായിട്ടില്ല. ഇനി അതിന്റെ പ്രശ്‌നം വല്ലതുമാണോഅതല്ല ഈ കോവിഡ് കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന്ആ വൃദ്ധനെ കൈ പിടിച്ച് സഹായിച്ചതിനാണോ ?' 

ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ രാജൻന്റെ ചിന്ത മുഴുവൻ ആ സംഭവത്തിൽ കറങ്ങിക്കുരുങ്ങിക്കിടന്നു.

'ഒരു കണക്കിൽ ആലോചിച്ചാൽ സാറ് ശകാരിച്ചത് ശരിയാ... സാമൂഹിക അകലം പാലിക്കണം എന്നുംപേന പോലും മറ്റൊരാൾക്ക് കൈമാറരുത് എന്നും നിർദ്ദേശം തന്നിട്ടും ഒരു ദുർബ്ബല നിമിഷത്തിൽ അതെല്ലാം മറന്നുപോയി. പക്ഷെപരാതിക്കാരന്റെ ശാരീരികാവസ്ഥ കണ്ടാൽ ആരും സഹായിച്ചു പോകും. താനും അത്രയേ കരുതിയുള്ളൂ. അതിനിടക്ക് മഹാമാരി തന്നിലേക്കും അതുവഴി തന്റെ സഹപ്രവർത്തകരിലേക്കും എത്തുമെന്നത് ഒരു വേള മനസ്സിൽ നിന്ന് വിട്ടുപോയി.രാജൻ കഴിഞ്ഞ സംഭവങ്ങൾ ഒന്നുകൂടി ഓർത്തെടുത്തു.

ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ആരംഭിച്ച ചാറ്റൽമഴ ശക്തി കൂടാൻ തുടങ്ങിയിരിക്കുന്നു. മഴ നനഞ്ഞു ഇനിയും ബൈക്കിൽ യാത്ര തുടരാൻ സാദ്ധ്യമല്ല.പൂട്ടിയിട്ട ഒരു കടയുടെ മുമ്പിൽ രാജൻ തൻന്റെ ബൈക്ക് നിർത്തി.മഴ നനയാതിരിക്കാനായി അയാൾ ആ കടത്തിണ്ണയിലേക്ക് കയറി നിന്നു.സാധാരണ ദിവസങ്ങളിൽ റൂമിൽ തിരിച്ചെത്തുന്ന സമയവും അതിക്രമിച്ചതായി വാച്ചിൽ നോക്കിയപ്പോൾ അയാൾക്ക് മനസ്സിലായി.കുടുംബം കൂടെ ഇല്ലാത്തതിനാൽ വൈകിയാലും ആരും ചോദിക്കാനില്ല എന്നത് അനുഗ്രഹമോ ശാപമോ എന്നത് ഇപ്പോൾ അയാൾ ചിന്തിക്കാറില്ല.റോഡ് ഏറെക്കുറെ വിജനമായിക്കഴിഞ്ഞു.മഴയുടെ ശക്തി കൂടി വരുന്നതിനാലും സമയം ഏറെ വൈകിയതിനാലും ഇനി ആ വീഥിയിൽ കാൽപ്പെരുമാറ്റം ഉണ്ടാകില്ല എന്ന് രാജൻ തീർച്ചയാക്കി.

"അമ്മേ... അമ്മേ..." ആരുടെയോ ഒരു ദീനസ്വരം പെട്ടെന്നാണ് രാജൻന്റെ ചെവിയിൽ വന്നലച്ചത്.ഒന്നു കൂടി ചെവി കൂർപ്പിച്ചെങ്കിലും പിന്നീട് ആ ശബ്ദം കേൾക്കാത്തതിനാൽ അത് തനിക്ക് വെറുതെ തോന്നിയതായിരിക്കും എന്ന് രാജൻ കരുതി.അല്ലെങ്കിലും തനിച്ച് നിൽക്കുമ്പോൾ ഇത്തരം തോന്നലുകൾ ഒരു പതിവാണ്.മഴയുടെ ശബ്ദം കനത്തതിനാൽ മറ്റു ശബ്ദങ്ങളൊന്നും അവിടെഉയർന്നു കേട്ടില്ല.

"അമ്മേ... അയ്യോ..." കാറ്റിന്റെ ഗതിക്കൊപ്പം വീണ്ടും ആ ശബ്ദം ഉയർന്നു കേട്ടപ്പോൾ ആരോ തൊട്ടടുത്ത് എവിടെയോ അപകടത്തിൽ പെട്ടതായി രാജൻ മനസ്സിലാക്കി.

'പക്ഷേഈ പെരുമഴയത്ത് ഒറ്റക്ക് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാണ്. കൊറോണ പടർന്നു പിടിച്ച് നിൽക്കുന്ന സമയം കൂടി ആയതിനാൽ സ്വന്തം സുരക്ഷയും ശ്രദ്ധിക്കണം. ഇന്ന് മേലുദ്യോഗസ്ഥനിൽ നിന്നും ശകാരം കിട്ടിയതും ഇത്തരം ഒരു നിസ്സാര പിഴവിനാണ്.'

"ആ.... അയ്യോ..." സാമാന്യം ഉച്ചത്തിൽ വന്ന ശബ്ദം കേട്ട ദിശയിലേക്ക് രാജൻ നോക്കി. പെട്ടെന്ന് വന്ന മിന്നൽപ്പിണരിൽഅല്പം അകലെയായി ഒരു ആളനക്കം രാജൻ കണ്ടു.തൻന്റെ ദേഹത്തിൽ കിടക്കുന്ന യൂണിഫോമിന്റെ മഹത്വം മറ്റൊരു മിന്നൽപ്പിണരായി രാജൻന്റെ മനസ്സിലൂടെയും കടന്നുപോയി. അതോടെ  കോരിച്ചൊരിയുന്ന മഴ വക വയ്ക്കാതെ രാജൻ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു.കയ്യിലുള്ള മൊബൈൽ ഫോൺ വെളിച്ചം തെളിയിച്ച് നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. വീണ്ടും തനിക്ക് വെറുതെ തോന്നിയതാണോ എന്ന ചിന്ത രാജന്റെ മനസ്സിനെ അലട്ടി. അൽപനേരം മഴയത്ത് നിന്നിട്ടും ശബ്ദമൊന്നും കേൾക്കാത്തതിനാൽ രാജൻ തിരിച്ച് നടന്നു.

"രക്ഷിക്കണേ ..." മൂന്നോ നാലോ സ്റ്റെപ്പുകൾ പിന്നിട്ടതും ശബ്ദം വീണ്ടും ഉയർന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് രാജൻ തിരിഞ്ഞോടി.ആ കാഴ്ച കണ്ട് രാജൻ ഒന്ന് പകച്ചു പോയി - മുന്നിലെ ഓടയിലെ കുത്തിയൊഴുകുന്ന മഴവെള്ളത്തിൽ, ഒലിച്ചു പോകാതിരിക്കാനായി വശങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധൻ! മുഖത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിന്നും ചോര ഒലിക്കുന്നുണ്ട്. വല്ലാതെ ചുമക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നേ ഇല്ല.

ഒരു നിമിഷം രാജൻ തരിച്ചു നിന്നു. ഒരു ഭാഗത്ത് വൃദ്ധന്റെ ദയനീയ മുഖം തന്നെ തുറിച്ച് നോക്കുന്നു. മറുഭാഗത്ത് കോവിഡ് എന്ന ഭീകരമുഖം തുറിച്ചു നിൽക്കുന്നത് സ്വപ്നത്തിലെന്ന പോലെ കാണുന്നു. മുന്നിൽ പിടയുന്ന ജീവൻ രക്ഷിക്കണോ  അതല്ല ആരും കാണാതെ സ്വയം രക്ഷ നേടണോ ?

ചിന്തിച്ച് സമയം കളയാൻ നേരമില്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് രാജൻ ആ മനുഷ്യനെ വാരി എടുത്തു തോളിലേക്കിട്ടു.നേരം ഏറെ വൈകിയതിനാൽ ഇനി വാഹനമൊന്നും കാത്ത് നിന്നിട്ട് കാര്യമില്ല എന്ന് രാജൻ തിരിച്ചറിഞ്ഞു. കോരിച്ചൊരിയുന്ന മഴ വക വയ്ക്കാതെ അയാൾ ആ ശരീരവും കൊണ്ട് അടുത്ത പട്ടണത്തിലേക്ക് ഓടി.ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച ശേഷമാണ്  ശ്വാസം പോലും ഒന്ന് നേരെ വിട്ടത്.വൃദ്ധനെ .സി.യുവിലാക്കി രാജൻ പുറത്ത് കാത്തിരുന്നു.

"സാർ ... ഇത് സാറിന്റെ ആരാ? " ഡ്യൂട്ടിയിലുള്ള ഡോക്ടർ പുറത്തേക്ക് വന്നുകൊണ്ട്  ചോദിച്ചു.

"എന്റെ,എന്റെ ആരും അല്ല ... ഈ പെരുമഴയത്ത് ഓടയിൽ വീണു കിടക്കുകയായിരുന്നു"

" ഓ.. അത് ശരി പേഷ്യന്റിന് ഇപ്പോൾ ബോധം ഉണ്ട് ... ഇത് അയാൾ തന്ന നമ്പറാ ... സാർ ഒന്ന് വിളിയ്ക്കാമോ ?"

"ഓ കെ ...തരൂ "

രാജൻ നമ്പർ വാങ്ങി ഡയൽ  ചെയ്തു. ഉത്തരം കിട്ടാത്തതിനാൽ ഒരിക്കൽകൂടി ശ്രമിച്ചു നോക്കി.അതും വിജയിച്ചില്ല.വീണ്ടും വിളിക്കാനായി നമ്പ റിലേക്ക് നോക്കിയ രാജൻ ഞെട്ടി !!

********************

"എടി  പത്മേ  ... അഛൻ ഇന്ന് നേരത്തെ ഉറങ്ങിയോ ? " സ്റ്റേഷനിൽ നിന്നും വീട്ടിൽ മടങ്ങി എത്തിയ ഇൻസ്‌പെക്ടർ സുധാകരൻ ഭാര്യയോട് ചോദിച്ചു.

"അത് പറയാൻ നിങ്ങളെ കുറെ വിളിച്ച് നോക്കി... ഫോൺ എടുക്കണ്ടെ ?"

"ഇന്ന് അല്ലെങ്കിലേ ഒരു ശനി പിടിച്ച ദിവസാ.... എന്തായിരുന്നു വിശേഷം ?"

"ഒന്നൂല്ല ... അഛൻ ശ്വാസം മുട്ടൽ കൂടിയിട്ട് മരുന്ന് വേണംന്ന് പറഞ്ഞു .... നിങ്ങൾ വരുമ്പോ വാങ്ങാൻ വേണ്ടി പറയാനായിരുന്നു ..."

"എന്നാ അതൊന്ന് കൃത്യമായി പറയാമായിരുന്നില്ലെടീ ..."

"നിങ്ങൾ ഫോൺ എടുക്കാതെ എങ്ങനെ പറയാനാ മനുഷ്യാ ?"

"ഓ ... അത് ശരിയാ ... എന്നിട്ട് അഛൻ നേരത്തെ ഉറങ്ങിയോ ..."

"ഏയ് .... മരുന്ന് വാങ്ങാനെന്നും പറഞ്ഞ് സന്ധ്യക്ക് ഇവിടന്ന് ഇറങ്ങിയതാ.... രാത്രി വൈകിയിട്ടും കാണാഞ്ഞിട്ട് ഞാൻ നിങ്ങളെ പിന്നെയും കുറെ വിളിച്ച് നോക്കി...."

"ങേ!! "

"ആ ഫോൺ ഒന്ന് എടുത്ത് നോക്ക് ... പത്ത് മണിക്ക് ശേഷം എത്ര വിളി വന്നിട്ടുണ്ട് ന്ന് ...."

"പത്ത് മണിക്ക് ശേഷം ആ കോൺസ്റ്റബിൾ രാജൻ വിളിച്ചിരുന്നു...വഴിയിൽ വീണുകിടന്ന ഏതോ ഒരലവലാതിയെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്, കോവിഡ് സംശയവും ഉണ്ട് എന്ന് പറഞ്ഞു ... ഇന്ന് സ്റ്റേഷനിൽ വച്ച് തന്നെ അത്തരം ഒരു കേസിന് ഞാൻ അവനൊരു വാണിംഗ് കൊടുത്തതാ ..."

"എങ്കിൽ ആ മനുഷ്യനെ ഒന്ന് കൂടി വിളിച്ച് നോക്ക് ... വഴിയിൽ നിന്ന് വീണു കിട്ടിയ ആ അലവലാതി നിങ്ങളുടെ അച്ഛൻ ആണോന്ന്  അറിയാൻ?"

"ങേ!! "

അപകടം മണത്ത സുധാകരൻ രാജന്റെ നമ്പറിൽ ഡയൽ ചെയ്തു.മറുഭാഗത്ത് ഫോൺ എടുക്കാത്തതിനാൽ അക്ഷമനാകുന്ന ഭർത്താവിനെ നോക്കി പത്മജ നിന്നു.

"ഇത് തന്നെയാ എല്ലാവരുടെയും കുഴപ്പം ...വിളിച്ചാൽ ഒന്ന് ഫോൺ എടുക്കണേ ..." കിട്ടിയ അവസരത്തിൽ അവർ ഭർത്താവിനിട്ട് താങ്ങി .

"മിണ്ടാതിരിക്കെടീ ...ഈ അസമയത്ത് നിന്റെ ...."

മൂന്നാല് ശ്രമങ്ങൾക്ക് ശേഷം ഫോൺ കണക്ടായി.മറുഭാഗത്ത് നിന്ന് ഫോൺ വിളിക്ക് ഉത്തരം നൽകുന്നതും അതനുസരിച്ച് ഭർത്താവിന്റെ മുഖഭാവങ്ങൾ മാറിമറിയുന്നതും പത്മജ നോക്കിനിന്നു.

"എന്തായി ?" ഫോൺ വിളി കഴിഞ്ഞ് സോഫയിലേക്ക് ഇരുന്ന് പോയ ഭർത്താവിനോട് പത്മജ ചോദിച്ചു.

"നീ വേഗം റെഡിയാക് ... രാജൻ എന്ന മനുഷ്യന്റെ സമയോചിതമായ ഇടപെടൽ നമ്മുടെ അഛന്റെ ജീവൻ രക്ഷിച്ചു... "

*******************************

ഇൻസ്‌പെക്ടർ സുധാകരനും ഭാര്യയും സിറ്റി സെന്റർ ആശുപത്രിയിൽ എത്തുമ്പോൾ നേരം പാതിരാത്രി കഴിഞ്ഞിരുന്നു. ആശുപത്രിക്കട്ടിലിൽ മയങ്ങിക്കിടക്കുന്ന അഛനെയും തൊട്ടടുത്ത സ്റ്റൂളിൽ ഇരുന്ന് കട്ടിലിലേക്ക് തല ചായ്ച്ച് കിടക്കുന്ന   രാജനെയും കണ്ട് ഇൻസ്‌പെക്ടർ ഒരു നിമിഷം നിന്നു. കട്ടിലിനടുത്തേക്ക് നീങ്ങി രാജനെ മെല്ലെ ഒന്ന് തൊട്ടതും അയാൾ ചാടി എഴുന്നേറ്റു. സ്വന്തം മേലുദ്യോഗസ്ഥനെ കണ്ട രാജൻ ആ ഉറക്കച്ചടവിലും എഴുന്നേറ്റു നിന്ന്  ല്യൂട്ട് ചെയ്തു. ഇൻസ്‌പെക്ടർ, രാജന്റെ കൈ മെല്ലെ പിടിച്ച് താഴ്ത്തിയ ശേഷം അറ്റൻഷനിൽ നിന്നുകൊണ്ട് രാജനെ നോക്കി തിരിച്ച് സല്യൂട്ട് ചെയ്തു.

"ഈ കൊറോണ കാലത്ത് സ്വന്തം ജീവൻ അപകടപ്പെടുത്തി നിങ്ങൾ ഇന്ന് ചെയ്ത   രണ്ട് സേവനങ്ങൾ .... ജീവിതകാലം മുഴുവൻ നിന്ന്  ല്യൂട്ട് ചെയ്താലും തീരാത്ത കടപ്പാടുണ്ട് ....നന്ദിയുണ്ട്" അഛന്റെ ചോരയും ഛർദ്ദിലും വീണ് മലിനമായ യൂണിഫോമിലുള്ള രാജനെ കെട്ടിപ്പിടിച്ചു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞപ്പോൾ രാജന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു.

പിറന്നാൾ കപ്പ

വിശേഷാവസരങ്ങളിൽ വീട്ടിലോ മറ്റെവിടെയെങ്കിലോ ഒരു തൈ വയ്ക്കുന്ന പതിവ് ഞാനിപ്പോഴും തുടരുന്നു.ദീർഘകാലം നിലനിൽക്കുന്ന ഫലവൃക്ഷത്തൈകളായിരുന്നു ഇതുവരെ നട്ടിരുന്നത്.ഇടക്ക് അതൊന്ന് മാറ്റിപ്പിടിച്ച് ചെങ്കദളി വാഴ വച്ചു.നാട്ടിൽ സാധാരണ കിട്ടാത്ത ഒരു പഴം എന്ന നിലയിലും കദളിപ്പഴത്തോട് പണ്ട് മുതലേ തോന്നിയ താല്പര്യം കാരണവും ആയിരുന്നു ആ മാറ്റം.

ഇത്തവണ ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുപത്തിയഞ്ച് മൺചട്ടികളിൽ പച്ചക്കറി കൃഷിയായിരുന്നു ആരംഭിച്ചത്.തക്കാളി,വഴുതന,പച്ചമുളക്,കാബേജ്,ചീര എന്നിവ യഥേഷ്ടം ലഭിക്കുകയും ചെയ്തു. ഈ മാറ്റമാണ് ചെറിയ മകന്റെ എട്ടാം പിറന്നാളിനും ഒന്ന് മാറ്റിപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്.കോവിഡ് കാലത്ത് പത്ത് പതിനഞ്ച് മൂട് കപ്പ നട്ടതും ആവശ്യമുള്ളപ്പോൾ അത് പറിച്ച് പുഴുങ്ങി മുറ്റത്ത് നിന്ന് തന്നെയുള്ള കാന്താരി മുളക് അരച്ച ചമ്മന്തി കൂട്ടിത്തിന്നതും ഒരിക്കൽ കൂടി എന്നിൽ പ്രലോഭനം സൃഷ്ടിച്ചു.പന്നിയും പെരുച്ചാഴിയും വിലസുന്നുണ്ടെങ്കിലും കപ്പയിൽ ഒരു ശ്രമം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു.കൊച്ചുമോനും അത് ഏറെ ഇഷ്ടമായി.

കഴിഞ്ഞ വർഷം നട്ട ഒരു കപ്പയുടെ ശുഷ്കിച്ച ഒരു തണ്ട് മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്.അത് മുറിച്ച് തണ്ടുകളാക്കി.അങ്ങനെ എട്ടാം  പിറന്നാളിനോടനുബന്ധിച്ച് എട്ട് മൂട് കപ്പ മോൻ തന്നെ നട്ടു.

അന്ന് വൈകിട്ടാണ് എന്റെ സുഹൃത്തും കൃഷിയിൽ തല്പരനുമായ പി.കെ.അബ്ദുൽമുനീർ ചാലിയാറിന്റെ തീരത്ത് നട്ടു വളർത്തിയ കപ്പ വിളവെടുപ്പ് നടത്തിയത് വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടത്.ഉടൻ അദ്ദേഹവുമായി ബന്ധപ്പെട്ട് അല്പം കൂടി കപ്പത്തണ്ടുകൾ സംഘടിപ്പിച്ചു.പിറ്റേ ദിവസം തന്നെ കപ്പ കൃഷി അല്പം വികസിപ്പിച്ചു.ഇപ്പോൾ പതിനഞ്ച് മൂട് കപ്പയായി.വേനൽ മഴ കൂടി ലഭിച്ചതോടെ കപ്പ നന്നായി വരുന്നു.പെരുച്ചാഴി മാന്തിയാലും പന്നി കുത്തിയാലും ഒരു മൂട് എങ്കിലും എനിക്കും കിട്ടും എന്ന പ്രതീക്ഷയോടെ ഞാനും മോനും അവയെ പരിപാലിച്ച് പോരുന്നു.



Thursday, May 25, 2023

വീട്ടിലൊരു പഴക്കാലം - 2

 വീട്ടിലൊരു പഴക്കാലം - 1

എന്റെ വീട്ടിലെ മിക്ക ഫലവൃക്ഷങ്ങളും ചില ഓർമ്മക്കുറിപ്പുകൾ കൂടിയാണ്. കുടുംബാംഗങ്ങളുടെ ജന്മദിനത്തിലോ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിലോ നട്ടതാണ് അതിൽ മിക്കതും.മൂവാണ്ടൻ മാവിൽ നിന്ന് അഞ്ച് മീറ്റർ മാറിയാണ് ലൂന മോളുടെ രണ്ടാം ജന്മദിന വാർഷികത്തിൽ നട്ട സീതപ്പഴച്ചെടി.വർഷം തോറും അത് സീതപ്പഴം തരുന്നു.ഈ വർഷവും അതിന് മുടക്കമില്ല.

രണ്ടാമത്തെയും മൂന്നാമത്തെയും സന്താനങ്ങൾ ഒരേ ഡേറ്റിന് ജന്മദിനമുള്ള അപൂർവ്വ സഹോദരികൾ ആണ്. നാലഞ്ച് വർഷം മുമ്പത്തെ അവരുടെ ഒരു ജന്മദിനത്തിൽ നട്ട കദളിവാഴ അഞ്ച് തലമുറക്ക് ശേഷവും സ്ഥിരമായി ഒരു ചെങ്കദളിക്കുല തരുന്നു.ഈ വർഷത്തോടെ അവളെ മുറ്റത്ത് നിന്നും മാറ്റാനാണ് പ്ലാൻ.

2020ലെ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ നട്ട ആയുർജാക്കിൽ നിന്ന് അഞ്ച് ചക്കയാണ് ആദ്യ തവണ കിട്ടിയത്.ഈ വർഷത്തെ ചക്ക പൊട്ടിത്തുടങ്ങുന്നു. അത് നടുന്നതിന് ഒരു വർഷം മുമ്പ് , എന്റെ ജന്മദിനത്തോടനുബന്ധിച്ച് നട്ട വിയറ്റ്നാം സൂപ്പർ ഏർളിയിൽ ഈ വർഷം ആദ്യമായി ചക്ക പൊട്ടി. ചക്കയുടെ രുചി അറിയാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഏതോ നഴ്സറിയിൽ നിന്ന് വാങ്ങി, അനിയൻ അവന്റെ വീട്ടിൽ നട്ട നട്ട് ബട്ടർ ചെടിയിലും വർഷങ്ങളായി വേനലവധിക്ക് കായ ഉണ്ടാകാറുണ്ട്. അതിന്റെ കുരു മുളച്ച് നിരവധി തൈകൾ, എന്റെയും അവന്റെയും  പറമ്പിൽ വളർന്ന് വരാറുണ്ട്. അതിലൊന്ന് വളർന്ന് വലുതായി ഇത്തവണ കായ്ച്ചു. കടലയുടെ രുചിയുള്ള കായ പക്ഷെ കുട്ടികളിൽ പലർക്കും പിടിച്ചില്ല.

ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019 ൽ വിയറ്റ്നാം ഏർളിയുടെ കൂടെ തന്നെ വച്ചതായിരുന്നു റമ്പൂട്ടാൻ.കഴിഞ്ഞ വർഷം തന്നെ അത് ഇഷ്ടം പോലെ ഫലം തന്നു. ഈ വർഷവും അവൾ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

അയൽപക്കത്തെ ചാമ്പക്ക മരത്തിൽ നിറഞ്ഞ് നിൽക്കുന്ന ചാമ്പക്ക പറിക്കാൻ എന്റെ മക്കൾ പോയിരുന്ന ഒരു കാലം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.വീട്ടുമുറ്റത്ത് ഒരു ചാമ്പമരം ഉണ്ടായിരുന്ന കാലത്ത് തന്നെയായിരുന്നു മക്കൾ അങ്ങോട്ട് പോയിരുന്നത്.കാരണം, പ്രായമായിട്ടും എന്റെ ചാമ്പ പൂത്തിരുന്നില്ല.ഇപ്പോൾ അയൽപക്കത്തെ ചാമ്പ അവർ മുറിച്ച് മാറ്റി;എന്റെ വീട്ടിലെ ചാമ്പയിൽ ചുവന്ന ബൾബുകൾ നിറഞ്ഞ് നിൽക്കുന്നു.2023 ൽ രണ്ടാമത്തെ തവണ അത് ഫലം തന്നു കഴിഞ്ഞു.
മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് നുണയാൻ,ഇരുപത്തിഒന്നാം വിവാഹ വാർഷിക മരമായി 2019 ൽ മുറ്റത്ത് നട്ടത് ഒരു മുന്തിരി വള്ളി ആയിരുന്നു.രണ്ടാമത്തെ വര്ഷം തന്നെ അതിൽ മുന്തിരി വിളയുകയും ചെയ്തു. കഴിഞ്ഞ വർഷം ശരിയായി പ്രൂണിംഗ് നടത്താൻ സാധിച്ചില്ല.എന്നിട്ടും വള്ളിയിൽ മുന്തിരിക്കുല തൂങ്ങി നിൽക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം.
കശുമാവ് നാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാലത്താണ് എന്റെ അടുക്കള മുറ്റത്ത് ഒരു കശുമാവ് വർഷങ്ങൾക്ക് മുമ്പ് താനേ മുളച്ചത്.ഈ വർഷം അവളും ഒരു പാട് കശുമാങ്ങ തന്നുകൊണ്ട് എന്നെയും എന്റെ തലമുറയിൽ പെട്ട നിരവധി പേരെയും പഴയ അണ്ടിക്കാലത്തേക്കും അണ്ടിക്കളത്തിലേക്കും തിരിച്ചു കൊണ്ടുപോയി.പുതിയ തലമുറയിലെ കുട്ടികൾക്ക് കശുമാവും കശുമാങ്ങയും കാണാനുള്ള അവസരവും ഈ വൃക്ഷം നൽകി.
 ചാമ്പക്ക മരത്തെ തഴുകി നിൽക്കുന്ന സപ്പോട്ട മരത്തിലും കുറെ കായകൾ പിടിച്ചിട്ടുണ്ട്. കദളി വാഴയുടെ തൊട്ടടുത്ത് മുറ്റത്ത് പന്തലിച്ച് നിൽക്കുന്ന പനിനീർ ചാമ്പയിൽ നിന്ന് ഇത്തവണ കുറെ പേര് രുചി നോക്കി.വവ്വാലുകളും കുറെ എണ്ണം ആഹാരമാക്കി.വെറുതെ മുളച്ച് വന്ന മാതോളി നാരങ്ങ വീണ്ടും പൂവിട്ടു തുടങ്ങി. അങ്ങനെ ഈ വർഷത്തെ വേനൽക്കാലം ഒരു പഴക്കാലമായി ഞങ്ങളങ്ങ് കൊണ്ടാടി. 

Tuesday, May 23, 2023

വീട്ടിലൊരു പഴക്കാലം - 1

സ്വന്തമായി ഒരു വീടെന്ന സ്വപ്നം നെയ്യുമ്പഴേ എന്റെ മനസ്സിൽ മറ്റൊരു കിനാവ് കൂടി മുള പൊട്ടിയിരുന്നു. ചക്കയും മാങ്ങയും അടക്കമുള്ള ഫലവൃക്ഷങ്ങൾ കൂടി വീടിനടുത്ത് ഉണ്ടാകണം.വീട് വച്ച് പത്ത് വർഷമാകുമ്പഴേക്കും അവയിൽ നിന്നെല്ലാം ഫലങ്ങൾ പറിക്കാൻ സാധിക്കണം. അതും കുട്ടികൾ വേനലവധി തിമർത്ത് രസിക്കുന്ന മാസങ്ങളിൽ തന്നെ ആയാൽ ബഹുകേമം.

വെറുതെ സ്വപ്നം കണ്ടിരിക്കുന്നതിന് പകരം അത് പ്രാവർത്തികമാക്കാനുള്ള പ്രായോഗിക വഴികളും ഞാൻ തേടി. 2004ൽ വീട് പണി തുടങ്ങിയ ഉടനെ തന്നെ പുരയിടത്തിന്റെ അതിരുകളിൽ ബാപ്പ ചില ഫലവൃക്ഷത്തൈകൾ വച്ചു. മൂവാണ്ടൻ മാവായിരുന്നു അതിൽ പ്രധാനം.വീട് പണി പൂർത്തിയാകും മുമ്പ് ബാപ്പ ഇഹലോകവാസം വെടിഞ്ഞു. 2010 ൽ വീട് പണി കഴിഞ്ഞ് താമസം തുടങ്ങിയ അന്ന് മുതൽ ആ മാവിൽ നിന്ന് ഞങ്ങൾ മാങ്ങ പറിക്കാനും തുടങ്ങി. 

2021 ൽ അഞ്ഞൂറിലധികം മാങ്ങയാണ് വീടിന്റെ ഉയരത്തിൽ എത്തി നിൽക്കുന്ന മാവിൽ വിളഞ്ഞത്. 2022 ൽ ഞങ്ങളുടെ കാശ്മീർ യാത്ര കാരണം ആവശ്യമുള്ളവരോട് എല്ലാം മാങ്ങ പറിക്കാൻ പറഞ്ഞു. അതിനാൽ എത്ര മാങ്ങ കിട്ടി എന്നതിന് കണക്കില്ല .2023 ൽ ഇതുവരെ ആറ് തവണ മാങ്ങ പറിച്ചു. ഓരോ തവണയും ഒരു കുട്ട നിറയെ എന്ന തോതിൽ മുന്നൂറ്റി അമ്പതോളം മാങ്ങ പറിച്ച് അയൽവാസികൾക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും എല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഏകദേശം അതിന്റെ പകുതിയോളം പക്ഷികൾക്കും ഭക്ഷണമായി. മൺസൂൺ ഉടൻ ആരംഭിക്കാനിരിക്കെ ഒരു തവണ കൂടി പറിക്കാനുള്ള മാങ്ങ ഇനിയും ബാക്കിയുണ്ട്.

മാങ്ങക്കൂട്ടായ്മയിൽ അംഗവും എൻറെ പത്താം ക്ലാസ് സഹപാഠിയുമായ മുജീബ് വീട്ടിൽ വന്നപ്പോൾ അവനും ഞാൻ കുറച്ച് മാങ്ങ നൽകി.മൂവാണ്ടൻ ആണെന്ന് പറഞ്ഞപ്പോൾ അവനത് നോക്കിയിട്ട് പറഞ്ഞു, ഇത് വെളുത്ത മൂവാണ്ടൻ ആണെന്ന്.ഞാൻ ആദ്യമായിട്ടാണ് വെളുത്ത മൂവാണ്ടനും കറുത്ത മൂവാണ്ടനും ഉണ്ടെന്ന് കേൾക്കുന്നത്.മാങ്ങയെ തിരിച്ചറിയാനായി അവൻ സാമ്പിൾ മാങ്ങ കൂട്ടായ്മയിലേക്ക് അയച്ചു കൊടുത്തു.മറുപടി കിട്ടിയത് ഇത് മൂവാണ്ടൻ തന്നെ അല്ല എന്നായിരുന്നു! ശരിയാകാം,കാരണം ബാപ്പയുടെ നാട്ടിൽ ഈ മാങ്ങ അറിയപ്പെടുന്നത് കുറുക്കൻ മാങ്ങ എന്നാണ്.

അഞ്ച് ദിവസങ്ങൾക്ക് ശേഷം എന്റെ വിദ്യാർത്ഥിനിയായിരുന്ന മഞ്ജുഷയും ഭർത്താവും വീട്ടിൽ വന്നു. അവർക്കും മൂവാണ്ടൻ എന്ന പേരിൽ ഞാൻ മാങ്ങ നൽകി. ഇത് കറുത്ത മൂവാണ്ടനാണെന്ന് മഞ്ജുഷയും അല്ല വെളുത്ത മൂവാണ്ടനാണെന്ന് ഭർത്താവും പറഞ്ഞു.വീട്ടിലെത്തി അമ്മായി അമ്മയെ കാണിച്ചപ്പോൾ കറുത്ത മൂവാണ്ടനാണെന്ന് ഉത്തരം കിട്ടി പോലും.ഏതായാലും ഈ മാങ്ങ തിന്നാൻ തുടങ്ങിയിട്ട് നാല്പത് വർഷത്തിലധികമായി.നിരവധി പേർ മാങ്ങ കൊണ്ട് പോവുകയും ചെയ്തു.ഇപ്പോഴാണ് ഈ അറിവ് ലഭിച്ചത്.നല്ല മധുരമുള്ള മാങ്ങയായതിനാലും പുഴു ശല്യം അപൂർവ്വമായതിനാലും, ആവശ്യമുള്ളവർക്ക് നൽകാനായി അണ്ടി മുളപ്പിക്കാൻ വച്ചിട്ടുണ്ട്.

മൂവാണ്ടൻ മാവിന് തൊട്ടപ്പുറത്ത് തന്നെ വളർന്ന്, ഒന്നരയാൾ ഉയരത്തിൽ എത്തിയ കോഴിക്കോടൻ മാവിലും ഈ വർഷം അമ്പതോളം മാങ്ങ ഉണ്ടായി.ഉയരം കുറവായത് കാരണമാണോ എന്നറിയില്ല ഒരു മാങ്ങ പോലും വവ്വാൽ കടിച്ചില്ല, കാക്ക കൊത്തിയതുമില്ല.എന്നും കാലത്ത് സുബഹി നമസ്കാരത്തിനായി പള്ളിയിൽ പോകുമ്പോൾ പഴുത്ത മാങ്ങ വീണു കിടക്കുന്നുണ്ടാകും.അമ്പതോളം മാങ്ങ അതിൽ നിന്നും കിട്ടി. ആ മാവിലെ മാങ്ങ തീർന്നു.

വർഷങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകൻ ചേളന്നൂർകാരനായ കിഷോർ തന്ന സേലൻ മാവിലും ഈ തവണ ഏതാനും മാങ്ങകൾ ഉണ്ടായി.പറിച്ച് തുടങ്ങിയില്ല. കാരണം തൊട്ടപ്പുറത്ത് ജ്യേഷ്ഠത്തിയുടെ പറമ്പിൽ ഉയർന്ന് നിൽക്കുന്ന സേലൻ മാവിൽ ഇത്തവണ ഉണ്ടായത് കാക്കത്തൊള്ളായിരം മാങ്ങകളാണ്.ഒരു കൊട്ട ഞാനും അതിൽ നിന്ന് പറിച്ചെടുത്തു.ഏത് പ്രായത്തിലെ മാങ്ങക്കും പ്രത്യേക രുചിയുള്ള സേലൻ മാങ്ങ പഴുത്തത് തിന്നാൽ പിന്നെ മുറ്റത്ത് ഒരു തൈ നട്ടുവളർത്താൻ മറ്റൊന്നും ആലോചിക്കേണ്ടി വരില്ല.

കഴിഞ്ഞ വർഷം ഇരുപതോളം മാങ്ങ തന്ന എന്റെ ഒട്ടുമാവ് പൂർണ്ണമായും ഉണങ്ങിപ്പോയി.പലരുടെയും ഒട്ടുമാവുകൾ ഉണങ്ങിപ്പോയതായി കേൾക്കുകയും ചെയ്തു. ഇലകൾ തിരുമ്മി വാസനിച്ചാൽ മത്ത് പിടിക്കുന്ന, പേരറിയാത്ത ഒരു മാവിൻ തൈ കൂടി മുറ്റത്ത് ഇനി വളർന്ന് വരുന്നുണ്ട്. അടുത്ത വർഷത്തോടെ അതിലും ഞാൻ മാങ്ങ പ്രതീക്ഷിക്കുന്നു. മുറ്റത്തെ ഈ നാല് നാടൻ മാവുകളും കൂടി മാങ്ങ തരാൻ തുടങ്ങിയാൽ അതുമതി ഒരായുസ്സിന്റെ മാങ്ങാ ഓർമ്മകൾ നിലനിൽക്കാൻ.

(തുടരും...)

Thursday, May 18, 2023

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി

 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന വർഷമാണ് 1921.മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും ഒക്കെ ചരിത്രത്തിൽ അറിയപ്പെടുന്ന മഹാസംഭവം നടന്നത് ആ വർഷമായിരുന്നു.ഈ സമരത്തിന്റെ നിരവധി ശേഷിപ്പുകളും രേഖകളും ഓർമ്മകളും ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് എൻറെ നാടായ അരീക്കോട്.

നിർഭാഗ്യകരമെന്ന് പറയട്ടെ,മലബാർ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന അതേ വേളയിൽ തന്നെയാണ് ഇത് സ്വാതന്ത്ര്യ സമരത്തിൽ പെട്ടതല്ല എന്നും ബ്രിട്ടീഷുകാരെ സധൈര്യം നേരിട്ട അതിലെ വീര നായകരായിരുന്ന ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ഒന്നും സ്വാതന്ത്ര്യ സമര സേനാനികൾ അല്ല എന്നും ഇന്ത്യയിൽ നിന്ന് തന്നെ വാർത്തകൾ ഉയർന്നത്.

1921 എന്ന മലയാള സിനിമ റിലീസായത് 1988 ലാണ്.പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോഴിക്കോട് അപ്സര തിയേറ്ററിൽ സുഹൃത്തുക്കളോടൊപ്പം പോയി ഞാനും ആ സിനിമ കണ്ടിരുന്നു (പിന്നീട് അത് ഞങ്ങളുടെ കോളേജിന് ഏറ്റവും അടുത്തുള്ള തിയേറ്ററിൽ വന്നപ്പോഴുണ്ടായ സംഭവമാണ് ഇരുപത്തിയേഴാം രാവിലെ സിനിമ എന്ന പോസ്റ്റിനാധാരം).സി നിമയിൽ ടി.ജി രവി അവതരിപ്പിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകൾ അന്ന് മനസ്സിലുണ്ടാക്കിയ പ്രകമ്പനം ഇന്നും രോമങ്ങളെ എഴുന്നേൽപ്പിക്കും.

ആ വീരശൂര പരാക്രമിയും ഈ സംഭവവും ചില വർഗ്ഗീയ താല്പര്യങ്ങളുടെ പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴേ മനസ്സിൽ മൊട്ടിട്ട ഒരാഗ്രഹമായിരുന്നു അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുക എന്നത്.സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മഞ്ചേരിയിൽ നടന്ന പുസ്തകമേളയിൽ വച്ച്, ഇവ്വിഷയകമായി രചിച്ച നിരവധി പുസ്തകങ്ങൾ ഞാൻ വാങ്ങി.അതിൽ പെട്ട ഒന്നായിരുന്നു 'മലബാറിന്റെ വിപ്ലവനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി' എന്ന പുസ്തകം.

ഏറനാട് എന്ന വിസ്തൃതമായ സ്ഥലം കേന്ദ്രീകരിച്ച്  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ബ്രിട്ടീഷുകാർക്കെതിരെയും സ്വന്തം നാട്ടിലെ ബ്രിട്ടീഷ് അനുകൂലികൾക്കെതിരെയും സ്വന്തം വിഭാഗത്തിലെ അക്രമികൾക്കെതിരെയും നടത്തിയ വിവിധ സമരങ്ങളാണ് പുസ്തകത്തിലെ പ്രധാന വിഷയം.ആറുമാസം നീണ്ട ഒരു സമാന്തര ഭരണം ബ്രിട്ടീഷ് ഇന്ത്യയിൽ കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നത് തന്നെ ആ ധൈര്യത്തെ വിളിച്ചോതുന്നു.

ഈ കൃതിയിലൂടെ അറിഞ്ഞ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നിയത്.അതിനാൽ തന്നെ ചരിത്രവായന ഒന്ന് കൂടി വിപുലീകരിക്കാൻ കൂടി ഈ വായന എന്നെ പ്രേരിപ്പിക്കുന്നു.

പുസ്തകം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി 
രചയിതാവ്:സി അബ്ദുൽഹമീദ് 
പ്രസാധകർ:തേജസ് ബുക്ക്സ് 
പേജ് : 99 
വില:130 രൂപ 

Sunday, May 14, 2023

സന്തോഷപ്പൂരം

മക്കളുടെ വിജയങ്ങൾ മാതാപിതാക്കളുടെയും വിജയങ്ങളാണ് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെ മക്കളുടെ വിജയത്തിൽ ഒരു പക്ഷെ അവരെക്കാളും സന്തോഷിക്കുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും. മക്കളിലൂടെ ഈ സന്തോഷം നിരവധി തവണ അനുഭവിച്ചവരാണ് ഞാനും എന്റെ ഭാര്യയും. 

വേനൽ ചൂടിൽ ഉരുകുന്ന ഈ സമയത്ത് സന്തോഷത്തിന്റെ കുളിർക്കാറ്റ് വീശിത്തുടങ്ങിയത് ഹിമാലയത്തിന്റെ താഴ് വരയിലെ ജമ്മുവിൽ നിന്നാണ്. ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന എന്റെ മൂത്ത മകൾ ഐഷ നൗറയായിരുന്നു സന്തോഷത്തിന്റെ പൂത്തിരി ആദ്യം കത്തിച്ചത്. ഉഡാൻ 2023 എന്ന ജമ്മു യൂനിവേഴ്സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനാലാപനത്തിൽ അവൾ ഒന്നാം സ്ഥാനം നേടി. എന്റെ കുടുംബത്തിലെ കലാലയ കലാ രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത വിജയം ഇതോടെ അവൾ സ്വന്തം പേരിൽ കുറിച്ചു.


സന്തോഷത്തിന്റെ അമിട്ട് പൊട്ടിച്ചത് രണ്ടാമത്തെ മകൾ ആതിഫ ജുംലയാണ്.ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്ന അവൾക്ക് പ്രതി വർഷം 12000 രൂപ ലഭിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ സ്കോളർഷിപ്പ് ലഭിച്ചു. പിന്നാലെ ഇതേ തുക നൽകുന്ന കേരള സ്റ്റേറ്റ് ഹയർ എഡുക്കേഷൻ വകുപ്പിന്റെ സ്കോളർഷിപ്പും ലഭിച്ചു. അതും കഴിഞ്ഞ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ (Innovation in Science Pursuit for Inspired Research (INSPIRE) ) സ്കോളർഷിപ്പും അവളെ തേടി എത്തി. പ്രതിവർഷം എൺപതിനായിരം രൂപ എന്ന നിരക്കിൽ അഞ്ച് വർഷത്തേക്കാണ് ഇൻസ്പയർ സ്കോളർഷിപ്പ് . പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയമാണ് (1196/1200 ) അവളെ ഇതിനെല്ലാം അർഹയാക്കിയത്.ഒരാൾ ഒരു സ്കോളർഷിപ് മാത്രമേ സ്വീകരിക്കാവൂ എന്ന എന്റെ ഉപദേശം സ്വീകരിച്ച് ആദ്യ രണ്ടെണ്ണവും അവൾ റീഫണ്ട് ചെയ്തു. സാമൂഹ്യ സേവനത്തിൽ തൽപരയായ അവൾക്ക് തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ഒരു സംരംഭമായ iLAB ന്റെ സ്റ്റുഡന്റ് ഫെസിലിറ്റേറ്റർ ആയും ഈയിടെ സെലക്ഷൻ കിട്ടി.

സന്തോഷത്തിന്റെ സമാപന വെടിക്കെട്ട് മൂന്നാമത്തെ മകൾ അബിയ്യ ഫാത്തിമയുടെ വകയായിരുന്നു.ഏഴാം ക്ലാസിൽ പഠിക്കുന്ന അവൾ USS എഴുതി ഫലം കാത്തിരിക്കുന്നു. സ്കൂൾ - മദ്രസാ പരീക്ഷകൾ എല്ലാം കഴിഞ്ഞ് റിലാക്സ് ചെയ്യുമ്പഴാണ് ബാലഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു ഫോൺവിളി എത്തിയത്. ബാലഭൂമി നടത്തിയ വിജ്ഞാന മത്സരത്തിൽ വിജയിച്ച , തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള മുപ്പത്തിനാല് പേരിൽ ഒന്ന് അവളാണ് പോലും. വിജയികൾക്കായി ബാലഭൂമി കോഴിക്കോട്ട് ഒരുക്കുന്ന സമ്മർ ക്യാമ്പിലേക്കുള്ള ഔദ്യോഗിക ക്ഷണമായിരുന്നു ആ ഫോൺ കോൾ . ക്യാമ്പിന്റെ ഭാഗമായി പ്ലാനറ്റേറിയം , സൈബർ പാർക്ക് വിർച്വൽ റിയാലിറ്റി മ്യൂസിയം, മാതൃഭൂമി പ്രസ് എന്നിവ സന്ദർശിക്കാനും ചാലിയാറിലൂടെയുള്ള ബോട്ട് യാത്ര ആസ്വദിക്കാനും അവൾക്ക് സാധിച്ചു. സർട്ടിഫിക്കറ്റും സ്കൂൾ ബാഗും സമ്മാനമായി ലഭിക്കുകയും ചെയ്തു.

ഇനി അവസരം വരാനുള്ളത് നാലാമൻ അബ്ദുള്ള കെൻസിനാണ്. ഒന്നാം ക്ലാസുകാരനായ അവനും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ.



Thursday, May 11, 2023

ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ

വയനാട് സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം പേരും ഒരു പക്ഷേ കേട്ടിട്ടു പോലുമില്ലാത്ത ഒരു സ്ഥാപനമാണ് ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ. 1996 ൽ കല്പറ്റക്കടുത്ത് തൃക്കൈപ്പറ്റ എന്ന ഗ്രാമത്തിൽ രൂപം കൊണ്ട ഒരു ലാഭേതര സംഘടനയാണ് ഉറവ്.മുള അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ  തദ്ദേശീയരായ ആദിവാസി വിഭാഗത്തിന്റെ ഉന്നമനം എന്നതാണ് ഉറവിന്റെ പ്രഥമ ലക്‌ഷ്യം. 

വയനാട്ടിൽ സുലഭമായി കാണുന്ന ഒരു പുൽ വർഗ്ഗ ചെടിയാണ് മുള.പരമ്പരാഗതമായി,ഇതു കൊണ്ട്  കുട്ടയും മുറവും മറ്റും നിർമ്മിച്ച് ഉപജീവനം നടത്തുന്നവരായിരുന്നു വയനാട്ടിലെ വലിയൊരു വിഭാഗം ആദിവാസികളും.ഈ പരമ്പരാഗത തൊഴിൽ നിലനിർത്തിക്കൊണ്ട്, ആദിവാസികൾക്ക് മെച്ചപ്പെട്ടൊരു ഉപജീവനമാർഗ്ഗം ഉണ്ടാക്കുക എന്നതാണ് ഉറവിലൂടെ ഉദ്ദേശിക്കുന്നത്.ഈ രംഗത്തേക്ക് കടന്നു വരാൻ ഉദ്ദേശിക്കുന്നവർക്ക് പരിശീലനവും മുള കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കളുടെയും വീട്ടുപയോഗ സാമഗ്രികളുടെയും നിർമ്മാണവും വിപണനവും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി ഉറവ് ഇന്ന്  പ്രശസ്തമാണ്.

2004 മുതൽ വയനാട്ടിൽ ജോലി ചെയ്യുമ്പോൾ കേട്ടു കൊണ്ടിരുന്ന ഒരു പേരാണ് 'ഉറവ്'.കയർ ഫാക്ടറി പോലെ ഒരു സ്ഥാപനം എന്നതായിരുന്നു എന്റെ മനസ്സിലെ 'ഉറവ്'.അതിനാൽ തന്നെ അത് സന്ദർശിക്കുന്നതിൽ എനിക്ക് ഒരിക്കലും താല്പര്യം തോന്നിയില്ല.പിന്നീടെപ്പോഴോ ഒരു മീററിംഗിൽ വച്ചാണ് ഉറവിനെ അടുത്തറിഞ്ഞതും ഒന്ന് നേരിട്ട് കണ്ട് കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹം തോന്നിയതും.പക്ഷെ,അവസരം ഒത്തുവന്നത് ഞങ്ങളുടെ പത്താം ക്ലാസ്സ് കൂട്ടായ്മയുടെ ഈ വർഷത്തെ വയനാട്ടിലേക്കുള്ള വിനോദയാത്രയിലാണ്.അതും, ഈ യാത്രയുടെ പ്ലാൻ പൂർണ്ണമായും ഞാൻ തന്നെ തയ്യാറാക്കിയതുകൊണ്ട് മാത്രവും .

ഉറവിൽ എത്തുന്നത് വരെ അവിടെ കാണാനുള്ള കാഴ്ചകളെപ്പറ്റിയും കിട്ടാനുള്ള അറിവുകളെപ്പറ്റിയും ഞാനും അജ്ഞാതനായിരുന്നു.അതുകൊണ്ട് തന്നെ എൻറെ സഹപാഠികൾക്ക് ഇത് ദഹിക്കുമോ ഇല്ലയോ എന്ന സന്ദേഹം മനസ്സിൽ ഉണ്ടായിരുന്നു.സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട ശേഷമായതുകൊണ്ട് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലും ബത്തേരി ജൈനക്ഷേത്ര ദർശനത്തിലൂടെയോ കാരാപ്പുഴ ഡാം സന്ദർശനത്തിലൂടെയോ അത് പരിഹരിക്കാം എന്നായിരുന്നു എന്റെ പദ്ധതി.പക്ഷേ, മുള കൊണ്ടുള്ള അമ്പതിൽപരം ഉത്പന്നങ്ങളും അവയുടെ നിർമ്മാണവും നേരിട്ട് കണ്ടപ്പോൾ പലരും ആലീസിന്റെ അത്ഭുതലോകത്തിലായിരുന്നു. കീശക്കൊതുങ്ങുന്ന വിലയിൽ വാങ്ങാൻ പറ്റുന്ന പലതരം ഉല്പന്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളിൽ പലരും പലതും വാങ്ങുകയും ചെയ്തു.

മുമ്പൊരു വയനാട് യാത്രാ വേളയിൽ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു ടീ മ്യൂസിയത്തിൽ എത്തിയിരുന്നു.വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് അന്ന് ആ സന്ദർശനത്തിലൂടെ എനിക്കും കുടുംബത്തിനും കിട്ടിയത്.ചില സ്ഥലങ്ങൾ അങ്ങനെയാണ്.'ഉറവ്' കണ്ട ശേഷവും എനിക്ക് തോന്നിയത് അതേ അനുഭവമാണ്.

Monday, May 08, 2023

ബല്ലാത്തൊരു കെണി

 "ഹൗ.... ഇത് ബെല്ലാത്തൊരു കെണി തെന്നെ..."  ഉച്ചത്തിലുള്ള എന്റെ ആത്മഗതം കേട്ട് ഭാര്യ ഓടി എത്തി.

"ഏത് കെണിയുടെ കാര്യമാ നിങ്ങളീ പറയുന്നത്..." ഇന്നേ വരെ വീട്ടിൽ ഒരു എലിക്കെണി പോലും വാങ്ങാത്തതിനാൽ അവൾ ആകാംക്ഷയോടെ ചോദിച്ചു.

"ദാ.. ഈ കെണി തെന്നെ .." ഇരുന്നിടത്ത് നിന്ന് അനങ്ങാതെ ഞാൻ പറഞ്ഞു.

"ഇത് കെണിയല്ല, കോണി ആണ് മനുഷ്യാ..." മൂലയിൽ ചാരിവച്ച ഏണി ചൂണ്ടി അവൾ പറഞ്ഞു.

"ഏയ്... ഇത് ബെല്ലാത്തൊരു കെണി തെന്നെ..."  ഞാൻ വീണ്ടും പറഞ്ഞു.

"എവിടെ ? ഏത് കെണി?" അരിശം മൂത്ത് ഭാര്യയുടെ ശബ്ദം ഉയർന്നു.

"ഇതാ... ഞാനീ ഇരിക്കുന്ന ബാൽക്കെണി ....!!" ഭാര്യയുടെ മുഖത്ത് ഒരു ഇഞ്ചി കടിച്ച രസം വിരിയുന്നത് ഞാൻ കണ്ടു.

"അതെന്താ...? വീടുണ്ടാക്കീട്ട് പതിമൂന്ന് വർഷം കഴിഞ്ഞു.ഇപ്പഴാണോ ഈ കെണിയിൽ വീണത്?" കടിച്ച ഇഞ്ചിയുടെ നീരിറങ്ങുന്നത് അവളുടെ ചോദ്യത്തിൽ നിന്ന് ഞാനറിഞ്ഞു.

" അയിന് , ഞാനല്ല കെണിയിൽ വീണത്...."

"പിന്നെ...??" മറ്റാരെയും അവിടെ കാണാത്തതിനാൽ അവൾ ചോദിച്ചു.

"നമ്മളെ മാവ്... മുറ്റത്തെ മൂവാണ്ടൻ മാവ് ... " ഞാൻ പറഞ്ഞു.

"പണ്ടൊക്കെ എമ്പത് കഴിഞ്ഞാലായിരുന്നു അത്തും പുത്തും..... ഡിജിറ്റൽ യുഗത്തിൽ അമ്പത് കഴിയുമ്പഴേ അത്തും പുത്തും ആകും എന്ന് ഇപ്പോൾ മനസ്സിലായി " എനിക്കിട്ടൊന്ന് താങ്ങി അവൾ പറഞ്ഞു.

"ഒരു അത്തും പുത്തും അല്ല... മംഗലശ്ശേരി നീലകണ്ഠനെപ്പോലെ നമ്മുടെ മൂവാണ്ടൻ നെഞ്ചും വിരിച്ച് നിവർന്ന് നിന്നത് നേരെ നമ്മുടെ ബാൽക്കെണിയിലേക്ക് ... " നെഞ്ചും വിരിച്ച് ഞാൻ ഡയലോഗ് വിട്ടു.

"എന്നിട്ട്... ?"

" ഞാൻ ഇവിടെ ഈ ബാൽക്കെണിയിൽ ഒരു മണിക്കൂർ ഇരുന്നു കൊണ്ട് ഒരു തോട്ടിയങ്ങ് നീട്ടി നിലത്ത് വീഴാതെ കൊട്ടയിലാക്കിയത് അറുപത് മൂവാണ്ടൻ മാങ്ങ !ഇനി നീ പറ.... ഇത് ബല്ലാത്തൊരു കെണി തന്നെ ല്ലേന്ന് ... "



"എന്നാലേ.... നാളെയും ആ തോട്ടി ഒരു മണിക്കൂർ നീട്ടിയേക്കണം... എന്റെ അയൽക്കൂട്ടം അംഗങ്ങൾ എല്ലാവരും കൂടി നാളെ ഇവിടെ വരുന്നുണ്ട്... അയ്യഞ്ച് മാങ്ങ എല്ലാവർക്കും കൊടുത്താൽ പെരുത്ത് സന്തോഷാകും..."

" യാ കുദാ ! ഇത് ബല്ലാത്തൊരു കെണി തെന്നെ " നെഞ്ച് വിരിച്ചു നിൽക്കുന്ന മാവിലേക്ക് നോക്കി ഞാൻ ആത്മഗതം ചെയ്തു.

Friday, May 05, 2023

വ്യത്യസ്തമാം ഒരു യാത്രയയപ്പ്

തികച്ചും അപ്രതീക്ഷിതമായാണ് ആ യാത്രയയപ്പ് യോഗത്തിലേക്ക് എനിക്ക് ക്ഷണം കിട്ടിയത്.നാട്ടിൽ ഉണ്ടെങ്കിൽ പങ്കെടുക്കണം എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിൽ കരുതുകയും ചെയ്തു.ദീർഘകാലത്തെ സേവനത്തിന് ശേഷം അരീക്കോട് കൃഷി ഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന കൃഷി അസിസ്റ്റൻ്റുമാരായ ശ്രീ.ബാലകൃഷ്ണൻ ടി , രെസിമോൾ കളരിക്കൽ, ദിവ്യ രാജ് എന്നിവർക്ക് അരീക്കോട് കൃഷിഭവനിൽ വച്ച് നൽകുന്ന യാത്രയയപ്പ് യോഗത്തിലേക്കായിരുന്നു പ്രസ്തുത ക്ഷണം.

കൃഷിഭവനിലെ സ്ഥലപരിമിതി മൂലം തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്നാൽ സാധാരണ യോഗത്തിൽ നിന്നും വ്യത്യസ്തമായി, ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിച്ചേർന്നത് സ്ഥലം മാറിപ്പോകുന്നവരോടുള്ള ആദരവും സ്നേഹവും കാരണം തന്നെയായിരുന്നു. അവർ ഏറ്റുവാങ്ങിയ കൃഷി ഭവന്റെയും വിവിധ സമിതികളുടെയും കർഷക കൂട്ടായ്മയുടെയും വ്യക്തികളുടെയും വകയായുള്ള ഉപഹാരങ്ങളും ഇന്ന് വരെ അവർ ഈ നാട്ടിലെ ജനങ്ങളുടെ മനസ്സിൽ പാകിയ സ്നേഹത്തിന്റെ വിളവെടുപ്പായി.

കൃഷിഭവനുമായി ഞാൻ ബന്ധപ്പെടാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമേ ആയിട്ടുള്ളൂ. ഉമ്മയും മൂത്തുമ്മയും കൃഷിഭവനിലൂടെയുള്ള വിവിധ പദ്ധതികൾ കാലങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഇപ്പോൾ സ്ഥലം മാറിപ്പോകുന്നവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഞാൻ വ്യത്യസ്തമായ ഒരു മാർഗ്ഗം സ്വീകരിച്ചു. മാവിൻ തൈ അടക്കം പല സമയത്തായി പലതരം ഫലവൃക്ഷത്തൈകൾ ഞങ്ങൾക്ക് തന്നവർക്ക് ഒരു സഞ്ചി മാങ്ങയായിരുന്നു എന്റെ സ്നേഹോപഹാരം. ഞാൻ പോലും പ്രതീക്ഷിക്കാതെ അത് ആ ഉദ്യോഗസ്ഥർക്കും സദസ്സിനും ഒരു നവ്യാനുഭവമായി.

യാത്രയയപ്പ് യോഗങ്ങളിലെ ചായയും ബിസ്കറ്റിനും പകരം ഒരു കർഷകൻ തന്നെ സ്പോൺസർ ചെയ്ത് പാകം ചെയ്ത് തന്ന കപ്പയും ചമ്മന്തിയും കട്ടൻ ചായയും ഞാനിന്നേ വരെ പങ്കെടുത്ത യാത്രയയപ്പ് യോഗങ്ങളിൽ നിന്നും വേറിട്ട ഒന്നായി. ഇൻ ടോട്ടൽ എല്ലാവരുടെയും മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്ന ഒരു ചടങ്ങായി അത് മാറി.ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച കൃഷി ഓഫീസർ  നജ്മുദ്ദീൻ സാറിനും സംഘത്തിനും അഭിനന്ദനങ്ങൾ. ഇനിയും , വേറിട്ട അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.