Pages

Friday, May 05, 2023

വ്യത്യസ്തമാം ഒരു യാത്രയയപ്പ്

തികച്ചും അപ്രതീക്ഷിതമായാണ് ആ യാത്രയയപ്പ് യോഗത്തിലേക്ക് എനിക്ക് ക്ഷണം കിട്ടിയത്.നാട്ടിൽ ഉണ്ടെങ്കിൽ പങ്കെടുക്കണം എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിൽ കരുതുകയും ചെയ്തു.ദീർഘകാലത്തെ സേവനത്തിന് ശേഷം അരീക്കോട് കൃഷി ഭവനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന കൃഷി അസിസ്റ്റൻ്റുമാരായ ശ്രീ.ബാലകൃഷ്ണൻ ടി , രെസിമോൾ കളരിക്കൽ, ദിവ്യ രാജ് എന്നിവർക്ക് അരീക്കോട് കൃഷിഭവനിൽ വച്ച് നൽകുന്ന യാത്രയയപ്പ് യോഗത്തിലേക്കായിരുന്നു പ്രസ്തുത ക്ഷണം.

കൃഷിഭവനിലെ സ്ഥലപരിമിതി മൂലം തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്നാൽ സാധാരണ യോഗത്തിൽ നിന്നും വ്യത്യസ്തമായി, ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിച്ചേർന്നത് സ്ഥലം മാറിപ്പോകുന്നവരോടുള്ള ആദരവും സ്നേഹവും കാരണം തന്നെയായിരുന്നു. അവർ ഏറ്റുവാങ്ങിയ കൃഷി ഭവന്റെയും വിവിധ സമിതികളുടെയും കർഷക കൂട്ടായ്മയുടെയും വ്യക്തികളുടെയും വകയായുള്ള ഉപഹാരങ്ങളും ഇന്ന് വരെ അവർ ഈ നാട്ടിലെ ജനങ്ങളുടെ മനസ്സിൽ പാകിയ സ്നേഹത്തിന്റെ വിളവെടുപ്പായി.

കൃഷിഭവനുമായി ഞാൻ ബന്ധപ്പെടാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമേ ആയിട്ടുള്ളൂ. ഉമ്മയും മൂത്തുമ്മയും കൃഷിഭവനിലൂടെയുള്ള വിവിധ പദ്ധതികൾ കാലങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഇപ്പോൾ സ്ഥലം മാറിപ്പോകുന്നവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഞാൻ വ്യത്യസ്തമായ ഒരു മാർഗ്ഗം സ്വീകരിച്ചു. മാവിൻ തൈ അടക്കം പല സമയത്തായി പലതരം ഫലവൃക്ഷത്തൈകൾ ഞങ്ങൾക്ക് തന്നവർക്ക് ഒരു സഞ്ചി മാങ്ങയായിരുന്നു എന്റെ സ്നേഹോപഹാരം. ഞാൻ പോലും പ്രതീക്ഷിക്കാതെ അത് ആ ഉദ്യോഗസ്ഥർക്കും സദസ്സിനും ഒരു നവ്യാനുഭവമായി.

യാത്രയയപ്പ് യോഗങ്ങളിലെ ചായയും ബിസ്കറ്റിനും പകരം ഒരു കർഷകൻ തന്നെ സ്പോൺസർ ചെയ്ത് പാകം ചെയ്ത് തന്ന കപ്പയും ചമ്മന്തിയും കട്ടൻ ചായയും ഞാനിന്നേ വരെ പങ്കെടുത്ത യാത്രയയപ്പ് യോഗങ്ങളിൽ നിന്നും വേറിട്ട ഒന്നായി. ഇൻ ടോട്ടൽ എല്ലാവരുടെയും മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്ന ഒരു ചടങ്ങായി അത് മാറി.ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച കൃഷി ഓഫീസർ  നജ്മുദ്ദീൻ സാറിനും സംഘത്തിനും അഭിനന്ദനങ്ങൾ. ഇനിയും , വേറിട്ട അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.






3 comments:

Areekkodan | അരീക്കോടന്‍ said...

എനിക്കിതൊരു പുതുമയാണ്.

Anonymous said...

വലിയ മനസിന്‌ ഒരായിരം അഭിനന്ദനങ്ങൾ... കൂടുതൽ... വിശാലമാകട്ടെ 🙌

Anonymous said...

👍🏻👍🏻👍🏻

Post a Comment

നന്ദി....വീണ്ടും വരിക