Pages

Showing posts with label തുഞ്ചന്‍പറമ്പ്. Show all posts
Showing posts with label തുഞ്ചന്‍പറമ്പ്. Show all posts

Wednesday, April 24, 2013

നരകക്കോഴിയെ ഏറ്റുവാങ്ങുമ്പോൾ.......


               കാട്ടാന നാട്ടിലിറങ്ങിയ വാര്‍ത്ത വായിച്ചാണ് ഏപ്രില്‍ 21 ന്റെ സുപ്രഭാതം തുടങ്ങിയത്. തുഞ്ചന്‍പറമ്പ് മീറ്റിന് കുടുംബ സമേതം പോകാന്‍ തീരുമാനിച്ചതിനാല്‍ ഇടക്കിടെ ഭാര്യയുടേയും കുട്ടികളുടേയും ഡ്രെസ്സിംഗിന്റെ പുരോഗതിയും പത്രവായനക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 എട്ടു മണിക്കെങ്കിലും ഇറങ്ങാന്‍ വേണ്ടി ഏഴരക്ക് പോകണം എന്ന്  ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു.ഈ അര മണിക്കൂര്‍ ‘ഇഞ്ചുറി ടൈം‘ കിട്ടും എന്ന് ഇപ്പോള്‍ അവള്‍ക്കും മനസ്സിലായി തുടങ്ങി.

“ദേ....സമയം ഇപ്പോള്‍ തന്നെ എട്ടാവാറായി ട്ടോ....” ഞാന്‍ ഭാര്യയെ വീണ്ടും ഓര്‍മ്മപ്പെടുത്തി.

“ഒമ്പതരക്കല്ലേ തുടങ്ങാ....?” അവളുടെ മറുചോദ്യം എനിക്കങ്ങ് ദഹിച്ചില്ല.

“ഒമ്പതരക്ക് തന്നെയാ....ഈ സാധനം വിട്ട് അങ്ങ് തിരൂര്‍ എത്തണമെങ്കില്‍ സമയം ശ്ശി പിടിക്കും....60 കിലോമീറ്ററിലധികം ദൂരം ഡ്രൈവ് ചെയ്യാനുണ്ട്...”

“ അപ്പോള്‍ ഉപ്പച്ചീ 60 കിലൊമീറ്റര്‍ പെര്‍ ഹവര്‍ സ്പീഡില്‍ പോയാല്‍ തന്നെ,  ഒരു മണിക്കൂര്‍ കൊണ്ട് എത്തുമല്ലോ?” മകള്‍ അവള്‍ പഠിച്ച ഫിസിക്സും മാത്‌സും ഒക്കെ പ്രയോഗിക്കാന്‍ തുടങ്ങി.

“:ങാ....അതിന് രാജവീഥി വേണം മോളേ.....നമ്മുടെ ഈ കുണ്ടനെടായി റോഡുകള്‍ പറ്റൂലാ...”

“ങ്ങള്‍ എന്തൊരുപ്പച്ച്യാ....സ്പീഡില് കാറ് വിടാനും കഴിയൂലാ....”

“മോളേ...ഇതെന്നെ ഉപ്പച്ചിക്ക് ഒത്തിട്ടല്ല....വേഗം എറങ്ങാന്‍ നോക്ക്....”

അല്പസമയത്തിനകം ഭാര്യയും കുട്ടികളും റെഡിയായി ഇറങ്ങി.കാറില്‍ കയറിയതും ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി, ഗിയര്‍ മാറ്റി , ആക്സിലേറ്ററില്‍ ചവിട്ടി...

 “ഉപ്പച്ച്യേ....ആ ഗേറ്റ് പുതിയതാട്ടോ...” അളിയന്റെ വീടിന്റെ മുന്നിലെ ഗേറ്റ് കാണിച്ചുകൊണ്ട് മോള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാല് ബ്രേക്കിലേക്ക് മാറ്റിച്ചവിട്ടി.വണ്ടി ഗേറ്റും കടന്ന് മെയിന്‍ റോഡില്‍ എത്തി,

“ഇന്ന് ‘നരകക്കോഴി’ ഇറങ്ങുന്നുണ്ട്...”ഞാന്‍ തുഞ്ചന്‍പറമ്പ് വിശേഷം തുടങ്ങി.

“നരകക്കോഴിയോ? അതെന്താ?” ഭാര്യയുടെ ചോദ്യം.

“അങ്ങനെ ഒരു സിനിമയെപറ്റി ഞങ്ങളും എവിടേയും വായിച്ചില്ലല്ലോ...” ഇറങ്ങുന്നു എന്ന് പറയുന്നതെല്ലാം സിനിമയോ സീഡിയോ ആണെന്ന് തെറ്റിദ്ധരിച്ച പുതുതലമുറയിലെ മകള്‍ പറഞ്ഞു.

“;നരകക്കോഴി’യെ ഞാന്‍ കണ്ടിട്ടുണ്ട്....കെ.ആര്‍ ബേക്കറിയില്‍...” രണ്ടാമത്തെ മകള്‍ അവളുടെ അറിവും വിളമ്പി.

“ഇത് അതൊന്നുമല്ല....പ്രശസ്ത ബ്ലോഗര്‍.....”

“ഒന്ന് മിണ്ടാതിരിക്കി.....പ്രശസ്ത ബ്ലോഗര്‍.....”  ഭാര്യ എന്നെ പറയാന്‍ അനുവദിച്ചില്ല.

“എടീ എന്നെ പറ്റിയല്ല പറയുന്നത്.....പ്രശസ്ത ബ്ലോഗര്‍ ഇസ്മായില്‍ കുറുമ്പടി.....”

“കുറുവടിയോ?” മക്കള്‍ കേട്ടത് അവര്‍ വിളിച്ചു ചോദിച്ചു.

 “കുറുവടിയല്ല മക്കളേ.....കുറുമ്പടി...ഇസ്മായി
ല്‍ കുറുമ്പടിയുടെ കുറേ കഥകളുടെ സമാഹാരം.....”

“ഓ എങ്കില്‍ എന്തായാലും വാങ്ങണം....ഞങ്ങള്‍ക്കത് വായിക്കണം.....” കഥ എന്ന് കേട്ടതോടെ മക്കള്‍സ് പാസ്സാക്കി.

“ശരി...നമുക്ക് വാങ്ങാം....തുഞ്ചപറമ്പ് എത്തിക്കോട്ടെ....”

*************************************************************

രെജിസ്ട്രേഷന്‍ കഴിഞ്ഞ് ഔദ്യോഗിക ചടങ്ങുകൾ ഒന്നും ഇല്ലാതെ മീറ്റ് തുടങ്ങി.അപ്പോഴാണ് മീറ്റ് തൊഴിലാളികളില്‍ ഒരാളായ കൊട്ടോട്ടി പറഞ്ഞത്.
“നരകക്കോഴിയെ അരീക്കോടന്‍ മാഷ് ഏറ്റ് വാങ്ങണം...”

ഒരു നിമിഷം ഞാന്‍ എതോ ലോകത്തെത്തി.പ്രശസ്തരായ പല സാഹിത്യകാരന്മാരും പുസ്തകപ്രകാശനം നടത്തി അത് ഏറ്റുവാങ്ങാറുണ്ട്.മലയാള ഭാഷാ പിതാവിന്റെ മണ്ണില്‍ വച്ച് അതേ പോലൊരു സൌഭാഗ്യം എന്നെ തേടി എത്തിയിരിക്കുന്നു.
 
 ബൂലോക കാരണവരായ ഷരീഫ്‌ക്ക (ഷരീഫ് കൊട്ടാരക്കര)യില്‍ നിന്നും സ്നേഹപൂര്‍വ്വം ‘നരകക്കോഴി’ യെ ഏറ്റുവാങ്ങുമ്പോള്‍ എന്റെ കൈ പൊള്ളി്!!!പ്രസ്സില്‍ നിന്നും അച്ചടി മഷി പുരണ്ട് പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ.ബാക്കി ഇനി പുസ്തകം വായിച്ചതിന് ശേഷം പറയാം.




ഈ പുസ്തകം ഏറ്റുവാങ്ങാൻ  എന്നെ ക്ഷണിച്ച മീറ്റ് തൊഴിലാളികള്‍ക്കും പുസ്തകം എഴുതിയ ഇസ്മായില്‍ തണലിനും പബ്ലിഷ് ചെയ്ത സീ.ൽ.എസ് ബുക്‍സിനും നന്ദിയോടെ....

Tuesday, October 11, 2011

കണ്ണൂര്‍ സൈബര്‍ മീറ്റ് - വൈകി വന്ന പോസ്റ്റ്.

കെന്നഡി വധവും ലിങ്കണ്‍ വധവും തമ്മിലുള്ള രസകരമായ സാമ്യതകള്‍ ഈ അടുത്ത് ഞാന്‍ വായിക്കുകയുണ്ടായി. ഇതേപോലെ എന്റെ തുഞ്ചന്‍പറമ്പ് മീറ്റും കണ്ണൂര്‍ സൈബര്‍ മീറ്റും തമ്മില്‍ ചില സാമ്യതകള്‍ ഉണ്ടായിരുന്നു.തുഞ്ചന്‍പറമ്പ് മീറ്റിന് ഞാന്‍ എത്തുന്നത് ഒരു എന്‍.എസ്.എസ് ക്യാമ്പ് കഴിഞ്ഞ് പിറ്റേന്ന് ആയിരുന്നു.കണ്ണൂര്‍ സൈബര്‍ മീറ്റ് കഴിഞ്ഞ് ഞാന്‍ പോയത് ഒരു എന്‍.എസ്.എസ് ക്യാമ്പിലേക്കായിരുന്നു.തലവേദനയും കൊണ്ടാണ് തുഞ്ചന്‍പറമ്പ് മീറ്റിന് ഞാന്‍ എത്തിയതെങ്കില്‍ ചുമയും പനിയും തലവേദനയും കൊണ്ടാണ് കണ്ണൂര്‍ മീറ്റില്‍ പങ്കെടുത്തത്.തുഞ്ചന്‍പറമ്പ് മീറ്റ് വിഷുസദ്യയുടെ കെട്ട് വിടുന്ന ദിവസമായിരുന്നെങ്കില്‍ കണ്ണൂര്‍ മീറ്റ് ഓണസദ്യയുടെ കെട്ട് വിട്ട ദിവസമായിരുന്നു!

ബ്ലോഗില്‍ ഹരിശ്രീ കുറിച്ചതിന്റെ ആദ്യവര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ പ്രചരണാര്‍ത്ഥം ബ്ലോഗ് അക്കാഡമിയുമായി സഹകരിച്ച് സൌജന്യ ബ്ലോഗ്‌ശില്പശാലകള്‍ സംഘടിപ്പിച്ച് നടന്നിരുന്ന കാലത്ത് ഇതേ ജവഹര്‍ ലൈബ്രറിയില്‍ വച്ച് നടന്ന ശില്പശാലയുടെ മധുരസ്മരണകള്‍ അയവിറക്കികൊണ്ടാണ് ഇടതിന്റെ കോട്ടയായ കണ്ണൂരില്‍ ഞാന്‍ വലതു കാല്‍ വച്ചത്. മലയാളത്തിലെ യുവസാഹിത്യകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ പരിചയപ്പെട്ടതും ആ ശില്പശാലയില്‍ വച്ചായിരുന്നു.അന്ന് നിറഞ്ഞ് തുളുമ്പിയ ഹാള്‍ ഇത്തവണ വളരെ ശുഷ്കമായി.

എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം തുഞ്ചന്മീറ്റിനെക്കാളും കൂടുതല്‍ ബ്ലോഗര്‍മാരെ നേരിട്ട് കണ്ട് പരിചയപ്പെടാനും അടുത്തിടപഴകാനും കണ്ണൂര്‍ മീറ്റില്‍ സാധിച്ചു എന്നത് നിറഞ്ഞ സന്തോഷം തരുന്നു.അതിലുമേറെ സന്തോഷം തന്നത് ഈ വിര്‍ച്വല്‍ ലോകത്ത് വച്ച് പരിചയപ്പെട്ട , എന്റെ ബാപ്പയോട് സാദൃശ്യം തോന്നുന്ന ഹാറൂണ്‍ക്കയെ (ഒരു നുറുങ്ങ്) അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു എന്നതാണ്.നട്ടെല്ല് തകര്‍ന്ന് കിടപ്പിലായവര്‍ക്കുള്ള സാന്ത്വനദൂതുമായി എവിടെയും എത്തിച്ചേരുന്ന, നട്ടെല്ലിന് ക്ഷതം സംഭവിച്ച ഹാറൂണ്‍ക്ക നമ്മിലോരോരുത്തര്‍ക്കും പ്രചോദനമാണ്, വഴികാട്ടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടി വന്നപ്പോള്‍ തന്റെ ആ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്ലോഗില്‍ നിന്നും അല്പം വിട്ടു നില്‍ക്കേണ്ടി വന്ന ഹാറൂണ്‍ക്കക്ക് സന്തോഷമേകുന്നതായിരുന്നു ബൂലോകരുടെ സന്ദര്‍ശനം.ശരീഫ്‌ക്ക,നാമൂസ്,സമീര്‍ തിക്കോടി,ശ്രീജിത്ത് കൊണ്ടോട്ടി, വാല്യക്കാരന്‍ , നൌഷാദ് വടക്കേല്‍ എന്നിവരും എന്റെ പിന്നാലെ ഹാറൂണ്‍ക്കയുടെ വീട്ടിലെത്തി.

ഹാറൂണ്‍ക്കയോട് മീറ്റ് വിശേഷങ്ങളും ബ്ലോഗിതര വിശേഷങ്ങളും പങ്കുവച്ച് ഏകദേശം അരമണിക്കൂര്‍ ഞങ്ങളവിടെ ചെലവഴിച്ചു.യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയും “സഹറി”ല്‍ എത്തും (ഇന്‍ഷാ അല്ലാഹ്) എന്ന് പറയാനേ എല്ലാവര്‍ക്കും നാവുണ്ടായിരുന്നുള്ളൂ.കിടപ്പിലാണേങ്കിലും ഹാറൂണ്‍ക്കയുടെ ആതിഥ്യമര്യാദ അത്രയും ആകര്‍ഷകമായിരുന്നു.

(മടക്കയാത്രയിലെ സംഭവ ബഹുലമായ വിശേഷങ്ങള്‍ ഉടന്‍ വരുന്നു...)

വാല്‍: അതിഥി ദേവോ ഭവ:

Saturday, June 25, 2011

‘ഈയെഴുത്ത്‘ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍!!!

“ഹലോ...ആബിദ് അരീക്കോടല്ലേ?” മൂന്ന് ദിവസം മുമ്പ് ഒരു പെണ്ണ് ഫോണില്‍ വിളീച്ചു ചോദിച്ചു.

“അതേ...ആരാ..?”

“ഇത് മഞ്ചേരി ഡി.ടി.ഡി.സി.യില്‍ നിന്നാ...ഒരു കൊറിയര്‍ ഉണ്ട്...”

“ഓ...ഞാന്‍ ഇപ്പോള്‍ കോഴിക്കോട് ആണല്ലോ...”

“നിങ്ങള്‍ നാളെ വന്ന് വാങ്ങിയാല്‍ മതി...”

“കൊറിയര്‍ എവിടുന്നാ എന്ന് പറഞ്ഞു തരുമോ?” അപ്രതീക്ഷിതമായ കൊറിയര്‍ വാര്‍ത്തയായതിനാല്‍ ഞാന്‍ ചോദിച്ചു.

“അത് അറിയില്ല.“

“ശരി...നിങ്ങള്‍ക്ക് അത് എത്ര ദിവസം കീപ് ചെയ്യാന്‍ പറ്റും...?”

“നിങ്ങള്‍ വരും എന്നുണ്ടെങ്കില്‍ മൂന്നോ നാലോ ദിവസം...”

“ഓ...എങ്കില്‍ ഞാന്‍ ശനിയാഴ്ച വരാം...”

ആ നിമിഷം മുതല്‍ ഞാന്‍ ചിന്തയിലായിരുന്നു.പോണ്ടിച്ചേരി നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ വച്ച് പരിചയപ്പെട്ട കര്‍ണാടകയിലെ ഒരു സാറിനോട് കുറേ പച്ചക്കറി വിത്തുകള്‍ അയക്കാന്‍ പറഞ്ഞിരുന്നു.പക്ഷേ അദ്ദേഹത്തിന് ഞാന്‍ നല്‍കിയ അഡ്രസ് കോളേജിന്റേതായിരുന്നു.അപ്പോള്‍ അത് പച്ചക്കൊറിയര്‍ ആവാന്‍ സാധ്യതയില്ല.

ഒരാഴ്ച മുമ്പ് റീഡേഴ്സ് ഡൈജസ്റ്റില്‍ നിന്നും കോടിപതി ആകാനുള്ള ഒരു ഓഫര്‍ വന്നിരുന്നു.ഒപ്പം ഒരു കാറും(ഫോട്ടോ മാത്രം).അവരുടെ ഒരു ലൊക്കട കമ്പ്യൂട്ടര്‍ ഉണ്ട്.അത് എന്നും എന്നെ ഫൈനലിസ്റ്റ് എന്‍‌ട്രി ആയി തെരഞ്ഞെടുക്കും.ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റൊജര്‍ ഫെഡറര്‍ എന്ന പോലെ എല്ലാ വര്‍ഷവും ഫൈനലില്‍ ഞാന്‍ തോല്‍ക്കും.എന്നാല്‍ ഒരു സാന്ത്വന സമ്മാനമെങ്കിലും തരുക, ആ പരിപാടിയേ ഇല്ല.ഇനി അവര്‍ക്ക് മനസ്സ് മാറി എന്നെ എങ്ങാനും തെരഞ്ഞെടുത്തോ?ഏയ്...കൊക്ക് എത്ര കുളം കണ്ടതാ?

ഞാന്‍ സ്ഥിരമായി ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു സൈറ്റ് ഉണ്ട്.അവിടെ ഇപ്പോള്‍ നമ്മള്‍ തന്നെയാണ് കുഞ്ഞാലിക്കുട്ടി അഥവാ പുലി.അവര്‍ ഇടക്കിടെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിക്കാനുള്ള ചെക്കുകള്‍ അയച്ച് തരും.പക്ഷേ ഒരു ചെക്ക് രണ്ടാഴ്ച മുമ്പ് കിട്ടിയതാണ്.ഇത്ര പെട്ടെന്ന് ഒന്നു കൂടി???അതിന് വേറെ ‘ബഡ്‌ക്കൂസുകള്‍’ അതിന്റെ തലപ്പത്ത് വരേണ്ടി വരും.അപ്പോ അതും ആവാന്‍ വഴിയില്ല.

അളിയന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു ലാപ്‌ടോപ് കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു.അളിയന്‍ വന്നിട്ട് ഒന്നര മാസമായെങ്കിലും ലാപ്‌ടോപ് ഗള്‍ഫില്‍ നിന്നും ടേകോഫ് ആയില്ല.ഇനി അതെങ്ങാനും ആരെങ്കിലും കുത്തിപൊക്കി കൊറിയര്‍ വഴി വിട്ടോ?അങ്ങനെയെങ്കില്‍ ഇപ്പോള്‍ നാട്ടിലുള്ള അളിയന്‍ ഒരു ‘ചിന്ന ബടായി’ എങ്കിലും പൊട്ടിക്കേണ്ടതല്ലേ?

കോഴിക്കോട് മുതല്‍ അരീക്കോട് വരെ ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാത്തതിനാല്‍ വീട്ടില്‍ വന്ന ഉടനെ ഞാന്‍ ഭാര്യയോട് തട്ടിക്കയറി.

“ഓരോരുത്തര് ഓരോ സാധനം അയക്കും , മനുഷ്യനെ മെനക്കെടുത്താന്‍.നിന്റെ താത്തയോട് ഗള്‍ഫില്‍ നിന്നും ഇനി ഒരു കുന്ത്രാണ്ടവും അയക്കേണ്ട എന്ന് പറഞ്ഞേക്കണം.കുറേ ചോക്ക്ലേറ്റും കുട്ടിക്ക് അപ്പി ഇടാനുള്ള മറ്റേ സാധനവും , ഈ നാട്ടില്‍ ഒന്നും കിട്ടാത്തതല്ലേ...എന്നിട്ട് അത് മഞ്ചേരിയിലോ കോഴിക്കോടോ പോയി ഞാന്‍ തൂക്കി എടുക്കണം...”

ഭാര്യ ആകെ ചക്കമടല്‍ തിന്ന പശുവിനെപ്പോലെ അന്താളിച്ചു നിന്നു.

മൂന്ന് ദിവസമായി എന്നെ വേട്ടയാടിയ ആ ‘ഒലക്കേടെ മൂട്’ എടുക്കാന്‍ ഞാന്‍ ഇന്ന് മഞ്ചേരിയില്‍ പോയി.ഇപ്പറഞ്ഞ കൊറിയര്‍ സര്‍വീസിന്റെ ഓഫീസിന്റെ സ്ഥാനം അവര്‍ പറഞ്ഞ് തന്നത് ബീവറേജ് ഷോപ്പിന്റെ അടുത്ത് എന്നും!കസ്റ്റമറെ പറ്റി നല്ല ധാരണയുള്ള കൊറിയറുകാരന്‍!!കോരിച്ചൊരിയുന്ന മഴയത്ത് ഓഫീസ് തേടിപ്പിടിച്ച് കോരിയര്‍ ഞാന്‍ ഏറ്റുവാങ്ങി - അത് ‘ഈയെഴുത്ത്‘ എന്ന ബ്ലോഗ് സോവനീര്‍ ആയിരുന്നു!

നേരെ ചോവ്വേ സ്പീഡ് പോസ്റ്റിലോ അല്ലെങ്കില്‍ എല്ലാ നാട്ടിലും സര്‍വ്വീസ് ഉള്ള മറ്റേതെങ്കിലും കൊറിയര്‍ സര്‍വ്വീസിലോ അയച്ചിരുന്നെങ്കില്‍ എനിക്ക് ഇത്രയും ദിവസം ചിന്താവിഷ്ടയായ ശ്യാമള ആകേണ്ടിയിരുന്നില്ല എന്ന് അപ്പോള്‍ തോന്നി.തിരിച്ച് ബസ്സില്‍ കയറിയ ഉടന്‍ ഞാന്‍ മുഴുവന്‍ പേജും ഓടിച്ചു നോക്കി.
“ങേ!!!! എന്റെ സൃഷ്ടിയും ഇല്ല“.

ബസ്സിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടിരുന്നതിനാല്‍ അരീക്കോട് മഞ്ചേരി റോഡില്‍ അനാഥമായി മഴ നനഞ്ഞ് കിടക്കാതെ ‘ഈയെഴുത്ത്‘ എന്റെ വീട്ടിലെത്തി.ബാക്കി ഇനി അത് വായിച്ചതിന് ശേഷം പറയാം.

Saturday, May 07, 2011

തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് കഴിഞ്ഞിട്ട് മൂന്നാഴ്ച കഴിയുന്നു.അന്ന് തന്നെ പോസ്റ്റണം എന്നുദ്ദേശിച്ച ഒരു അനുഭവം കൂടി വൈകി ഇവിടെ പോസ്റ്റുന്നു.

തുഞ്ചന്‍പറമ്പില്‍ നിന്നും ഏകദേശം നാലരക്ക് മക്കളേയും കൂട്ടി ഗേറ്റ് കടന്ന് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ദിശ കിട്ടാതെ എങ്ങോട്ട് നീങ്ങണം എന്നറിയാതെ, മുണ്ടുടുത്ത മധ്യവയസ്കനായ ഒരാള്‍ നില്‍ക്കുന്നു.അയാള്‍ ആരോടോ വഴി ചോദിച്ച ശേഷമാണ് എന്നെ കണ്ടത്.എന്റെ നേരെ വന്ന് മുന്നോട്ടുള്ള റോഡ് കാണിച്ച് അദ്ദേഹം ചോദിച്ചു.
”ഈ വഴി കൂട്ടായിയിലേക്ക് പോകാന്‍ പറ്റോ?”

“ങാ...പറ്റും എന്ന് തോന്നുന്നു...” തിരൂര്‍ ബസ്‌സ്റ്റാന്റില്‍ നിന്നും തുഞ്ചന്‍പറമ്പില്‍ എത്താന്‍ ,കൂട്ടായി പോകുന്ന ബസ് കയറിയാല്‍ മതി എന്ന് എനിക്ക് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ പറഞ്ഞു.

“ഉറപ്പില്ല അല്ലേ? നിങ്ങള്‍ ബ്ലോഗറാണോ?” അദ്ദേഹം ചോദിച്ചു.

“അതേ...” ബ്ലോഗ്മീറ്റിന് വന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തോട് കൂടുതല്‍ സൌഹൃദം പുലര്‍ത്താന്‍ എനിക്ക് ആവേശം തോന്നി.എന്റെ പേരും, ബ്ലോഗിനെപറ്റിയുള്ള വിവരങ്ങളും ഫോണ്‍ നമ്പറും കുറിച്ചെടുത്ത ശേഷം അദ്ദേഹം ചോദിച്ചു.

“അരീക്കോട് എവിടെയാ താമസം ?”

“ടൌണില്‍ തന്നെ...”

“ആ പുഴ കടന്ന ഉടനെയുള്ള മദ്രസ ഇപ്പോള്‍ ഉണ്ടോ?”

“ങാ..ഇപ്പോഴും ഉണ്ട്...”

“ആ കടവിലാണോ തോണിഅപകടം ഉണ്ടായത് ?”

“അതേ...”

“ടൌണീലേക്കല്ലേ...?നമുക്ക് മെയിന്‍ റോഡിലേക്ക് നടക്കാം...” അദ്ദേഹം പറഞ്ഞതനുസരിച്ച് അറിയാത്ത സ്ഥലമാണെങ്കിലും ഞങ്ങള്‍ നടന്നു.നടത്തത്തിനിടയില്‍ എന്റെ മക്കളെ ഒരു വല്ലുപ്പയെപ്പോലെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു.

“നിങ്ങളെ എനിക്ക് മനസ്സിലായില്ല...” എന്റെ നാടിനെപറ്റി ഇത്രയും ഡീപായി ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ച് സംസാരിക്കാന്‍ തുടങ്ങി.

“ഞാന്‍ മുത്തുക്കോയ...കൊടുങ്ങല്ലൂര്‍ ആണ് വീട്....”

“കൊടുങ്ങല്ലൂരില്‍ എവിടെയാ?”

“മതിലകം”

“ങേ...മതിലകത്ത് എങ്ങോട്ട് ?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും ഉത്സാഹമായി.

“പുതിയപള്ളിക്കടുത്ത്...മതിലകത്ത് ആരെയാ അറിയാ?”

“പാരമൌണ്ട് ആഡിറ്റോറിയം ഉടമയുടെ മകന്‍ ഖൈസ് എന്റെ സുഹൃത്താണ്...”

“ങാ..ഹാ...അത് ശരി..”

“ഞാന്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും മതിലകത്ത് വരാറുണ്ട്....” ഇതുകൂടി കേട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി.

“എങ്കില്‍ അടുത്ത തവണ വരുമ്പോള്‍ എന്റെ വീട്ടിലും വരണം...ഞാന്‍ ബ്ലോഗറല്ല , ബ്ലോഗ് തുടങ്ങണം എന്നുദ്ദേശിക്കുന്നു.മീറ്റില്‍ അതിന് അവസരം ഉണ്ട് എന്നറിഞ്ഞ് വന്നതാണ്....“ മീറ്റില്‍ വച്ച് കണ്ട്മുട്ടിയ റസാക്കിനെപ്പോലെ ഒരാള്‍ കൂടി ബൂലോകത്ത് കാലുകുത്താന് ഇത്രയും ദൂരം താണ്ടി ‍, അതും ഇത്രയും വയസ്സായിട്ട്!ഞാന്‍ ആശ്ചര്യപ്പെട്ടു.

“പരിചയപ്പെട്ടതില്‍ സന്തോഷം...നമുക്ക് ഒരു ചായ കുടിക്കാം...” അദ്ദേഹത്തിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.ചായയുടെ കാശ് ഞാന്‍ കൊടുത്തപ്പോള്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ല.ഞങ്ങള്‍ ബസ്റ്റോപ്പില്‍ എത്തി.ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ മലബാറിലെ വിദ്യാഭ്യാസ പുരോഗതിയെപറ്റിയും അതില്‍ ഫാറൂക്ക്‍കോളേജ് വഹിച്ച പങ്കിനെപറ്റിയും അദ്ദേഹം വാചാലനായി.തൃശൂര്‍കാരനായ പ്രൊഫ:വി.മുഹമ്മദ് പ്രിന്‍സിപ്പള്‍ ആയിരുന്നതും കാറപകടത്തില്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇദ്ദേഹം അവിടെ വന്നതും എല്ലാം അന്നേരം അയവിറക്കി.

“പ്രൊഫസറുടെ അടുത്ത സുഹൃത്തായിരുന്നു എന്റെ മൂത്താപ്പ...” അലക്ഷ്യമായാണെങ്കിലും ഞാന്‍ പറഞ്ഞു.

“എന്തായിരുന്നു പേര്?”

“ടി.അബ്ദുള്ള..” ഈ നാടന്‍ കാക്കയുടെ അടുത്ത് കൂടുതല്‍ പറയേണ്ട എന്ന് കരുതി ഞാന്‍ അത്രമാത്രം പറഞ്ഞു.

“ങേ!പ്രൊഫ:ടി.അബ്ദുള്ളയോ?” അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം എന്നെ അതിലേറെ അത്ഭുതപ്പെടുത്തി.

“അതേ...നിങ്ങള്‍ എങ്ങനെയറിയും ?” ഫാറൂക്ക് കോളേജിന്റെ നാലയലത്ത് പോലും എത്താന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തെ നോക്കി ഞാന്‍ ചോദിച്ചു.

“നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവക്കാട് പ്രൊഫ:വി.മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു.അതില്‍ അടുത്ത ദിവസത്തെ പ്രാസംഗികനായി വരുന്ന നിങ്ങളുടെ മൂത്താപ്പയെ പരിചയപ്പെടുത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...അന്ന് എന്തോ കാരണത്താല്‍ നിങ്ങളുടെ മൂത്താപ്പക്ക് വരാന്‍ സാധിച്ചില്ല.പക്ഷേ പിന്നീട് അദ്ദേഹത്തെ പല പുസ്തകങ്ങളിലും പത്രങ്ങളിലും ഞാന്‍ വായിച്ചറിഞ്ഞു.എനിക്ക് വളരെ സന്തോഷമായി.ആ പ്രൊഫസറുടെ അനിയന്റെ മകനെ ഇങ്ങനെ ഒരവസരത്തിലൂടെ പരിചയപ്പെടാന്‍ സാധിച്ചതില്‍....”

അദ്ദേഹത്തിന്റെ സന്തോഷം എനിക്കും സന്തോഷം പകര്‍ന്നു.രണ്ട് ദിവസം മുമ്പ്, ബ്ലോഗ് തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുത്തുക്കോയ എന്ന ആ മാന്യ ദേഹം എന്നെ വിളിച്ചപ്പോള്‍ വൈകിയാണെങ്കിലും ഈ അനുഭവം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

വാല്‍:ബന്ധങ്ങള്‍ മുളക്കുന്നതും പൊട്ടുന്നതും അപ്രതീക്ഷിതം.

Friday, April 22, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റിലെ പുന:സമാഗമം

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുന:സമാഗമം.അതും അപ്രതീക്ഷിതമായി.എന്ത് തോന്നും ആ നിമിഷത്തില്‍?അനുഭവിച്ചാലേ പറയാന്‍ ഒക്കൂ എന്ന് പറയും , കൂതറയെപ്പോലുള്ളവര്‍.ഇക്കഴിഞ്ഞ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റില്‍ എനിക്ക് അങ്ങനെ ഒരു അനുഭവം കൂടി ഉണ്ടായി.

ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നത് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന ഗമണ്ടന്‍ പോസ്റ്റിലേക്കാണ്.പോസ്റ്റിന്റെ പേര് കലക്കന്‍ , പണി അതിലേറെ ‘കലക്കന്‍‘ എന്ന് ഞാന്‍ പറയാതെ “ഡോക്ടര്‍ പശുപതി” കണ്ടവര്‍ക്ക് അറിയാം.അതുകൊണ്ട് തന്നെ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ആ പണി നിര്‍ത്തി വേലി ചാടി, കരണ്ടാപ്പീസിലേക്ക്.അതു പോട്ടെ.

1998-ല്‍ ഈ ഇന്‍സ്പെക്ടര്‍ പദവി വലിച്ചെറിഞ്ഞ് പോരുമ്പോള്‍ എനിക്ക് മനസ്സില്‍ തങ്ങുന്ന ചില കൂട്ടുകാര്‍ അല്ല സഹപ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു.ഇന്നത്തെ പോലെ മൊബൈല്‍ വിപ്ലവമോ എന്തിന് ഫോണ്‍ വിപ്ലവമോ (എന്റെ വീട്ടില്‍ അന്ന് ഫോണ്‍ കണക്ഷന്‍ ലഭിച്ചിരുന്നില്ല)ഇല്ലാതിരുന്നതിനാല്‍ ആ ‘നമ്പര്‍’ ഇല്ലാത്ത കാലമായിരുന്നു.പിന്നെ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ പിരിഞ്ഞ് പോരുമ്പോള്‍ അഡ്രെസ്സ് കൈമാറുക എന്നതായിരുന്നു പരിപാടി.ഈ ഇന്‍സ്പെക്ടര്‍മാര്‍ എല്ലാവരും ആണുങ്ങള്‍ ആയതിനാല്‍ ആ ‘നമ്പറും’ ഏശിയില്ല.അതും പോട്ടെ.

അന്ന് പിടിവിട്ട ഒരു പുലി തുഞ്ചന്‍പറമ്പില്‍ എന്റെ കാറിന് കൈ കാട്ടി- പരപ്പനങ്ങാടിക്കാരന്‍ അബ്ദുല്‍ റസാഖ്.എന്നെ കണ്ട പാടേ (അന്ന് എന്റ്റെ ‘ട്രേഡ്മാര്‍ക്ക്’ ശൈശവ ദശയില്‍ ആയിരുന്നു , ഇത്ര വെളിവായിരുന്നില്ല)അവന്‍ എന്റെ നേരെ വന്നു.എനിക്കും പേര് പെട്ടെന്ന് കിട്ടിയില്ലെങ്കിലും എന്റെ വീട്ടില്‍ വന്ന ആ സുഹൃത്തിനെ ഞാന്‍ തിരിച്ചറിഞ്ഞു.ബ്ലോഗ് ഇല്ലെങ്കിലും ബ്ലോഗിനെപറ്റി പഠിക്കാനും അറിയാനും ആണ് 250 രൂപ റെജിസ്റ്റ്രേഷന്‍ ഫീസും കൊടുത്ത് ആ സുഹൃത്ത് അവിടെ വന്ന് ഇരുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് ആശ്ചര്യം തോന്നി.ബ്ലോഗിനെപറ്റി കൂടുതല്‍ അറിയാനുള്ള സൈറ്റുകളുടെ വിവരങ്ങള്‍ റസാക്ക് എഴുതി എടുക്കുന്നത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് കാര്യത്തില്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.ഇതുപോലെയുള്ള എന്ത് പരിപാടിയുണ്ടെങ്കിലും അറിയിക്കണം എന്ന് കൂടി റസാക് പറഞ്ഞപ്പോള്‍ ആ സുഹൃത്തിന് ബ്ലോഗിങ്ങിനോടുള്ള താല്പര്യം എന്റെ മനസ്സില്‍ പതിഞ്ഞു.

പുതിയ പല സുഹൃത്തുക്കളേയും പരിചയപ്പെടാന്‍ സാധിക്കാത്ത വേദനയില്‍ നഷ്ടപ്പെട്ടുപോയ ഒരു ബന്ധം പുന‍:സ്ഥാപ്പിക്കാന്‍ കഴിഞ്ഞതില്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് എന്നെന്നും എന്റെ ഓര്‍മ്മയില്‍ നില്‍ക്കും.

വാല്‍: ഉണ്ടാക്കാന്‍ പ്രയാസമുള്ളതും നഷ്ടപ്പെടുത്താന്‍ എളുപ്പമുള്ളതും ആയതെന്തോ അതാണ് ബന്ധങ്ങള്‍.

തുഞ്ചന്‍ പറമ്പിലെ ഞാന്‍ - അവസാന ഭാഗം

മയമോട്ടിക്ക എന്നെ വിട്ടതില്‍ പിന്നെ ആരാണ് അടുത്തത് വന്നത് എന്ന് കൃത്യമായി നിശ്ചയമില്ല.ഹാളിനുള്ളിലെ ചൂടും ഇടക്കിടെയുള്ള വൈദ്യുതിയുടെ ഞാണിന്മേല്‍ കളിയും ഒപ്പം രാവിലെ തിന്ന പൊറോട്ടയുടെ വയറ്റില്‍ നിന്നുള്ള മുറവിളിയും എന്നെ വീണ്ടും പുറത്തേക്ക് ആനയിച്ചു.വെള്ളം കുടിക്കാന്‍ വേണ്ടി അങ്ങോട്ട് നീങ്ങുമ്പോള്‍ അടുത്ത കൈ നേരെ വന്നു -

“മാഷേ അറിയോ?”

“ങാ...അവിടെ പഠിച്ച....” കൊച്ചു പയ്യനായതിനാല്‍ ഞാന്‍ പഠിപ്പിച്ച വല്ല കുട്ടികളും ആയിരിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ഏയ്...അതൊന്നുമല്ല...ഇപ്പോള്‍ മാഷെ ബ്ലോഗില്‍ അധികം വരാറില്ല...എന്റെ പേര് മുഫാദ്...”

“ഓ...മനസ്സിലായി...”പിന്നെ ഞങ്ങള്‍ എഞ്ചിനീയറിംഗ് സംബന്ധമായ സംഗതികള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരു പയ്യന്‍ കൂടി വന്നു.

“ഞാന്‍ മലബാരി...ജാബിര്‍ മലബാരി...”

“എവിടെയാ മലബാരി താമസിക്കുന്നത് ?’

“എടപ്പാള്‍..”

“എടപ്പാളീല്‍ എവിടെ ?” ഈ ലോകത്ത് ഏത് സ്ഥലവും പറഞ്ഞാല്‍ മനസ്സിലാകും എന്ന വിധത്തില്‍ ഞാന്‍ ചോദിച്ചു.

“പൊന്നാനി റോഡില്‍...”

“ങേ! അവിടെ ???”

മലബാരി ഏതോ ഒരു സ്ഥലം പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിച്ചിരുന്നതിനാല്‍ കുറേ സ്ഥലങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടാ‍യിരുന്നെങ്കിലും മലബാരി പറഞ്ഞ സ്ഥലം മൂളി ഒപ്പിക്കാനേ സാധിച്ചുള്ളൂ.

അപ്പോഴാണ് അവിടെ തൂക്കിയിട്ട ചില ചിത്രങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്.അതിലൊന്ന് താഴെ വീണിട്ടും ആരും ശ്രദ്ധിക്കാതെ പോയതില്‍ എനിക്ക് പരിഭവം തോന്നി.ആ ചിത്രങ്ങളുടെ രചയിതാവ് ആരെന്ന് അറിഞ്ഞില്ല.മീറ്റിന്റെ ഒരു ഫോട്ടോയിലും അത് കണ്ടതുമില്ല.

വീണ്ടും ഹാളില്‍ കയറി ഇരുന്ന് ഉച്ചയൂണിന്റെ വിഭവങ്ങള്‍ സ്വപ്നം കാണാന്‍ തുടങ്ങി.മുമ്പില്‍ കൂതറ ഹാഷിം ഏതോ ഒരു വായനശാല പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.വായിലൂടെ വല്ലതും കയറ്റേണ്ട സമയത്ത് അവന്റെ ഒരു വായനശാല എന്ന് മനസ്സ് പറഞില്ല എങ്കിലും എനിക്ക് ഒട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.അല്ലെങ്കിലും വിശപ്പ് തുടങ്ങിയാല്‍ പിന്നെ കോണ്‍സെണ്ട്രേഷന്‍ ഭക്ഷണത്തില്‍ മാത്രമേ കിട്ടൂ എന്ന ഒരു രോഗം പിടികൂടിയിട്ട് വര്‍ഷങ്ങളായി.അപ്പോഴാണ് പൊന്മളക്കാരന്‍ സദ്യ റെഡിയായതിന്റെ ഒരു സൂചന തന്നത്.മൂന്ന് വയറുകള്‍ കൂടുതല്‍ എരിഞ്ഞാല്‍ ഹാളിന് തന്നെ തീ പിടിക്കും എന്നതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും രക്ഷിക്കാന്‍ ഞാനും കുട്ടികളും ഭക്ഷണശാലയിലേക്ക് നീങ്ങി.

സദ്യയെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല.പറഞാല്‍ പിന്നെ “അന്ത അറബിക്കടലോളം...” എന്ന പാട്ടും പാടേണ്ടി വരും , വായിലൂറിയ വെള്ളത്തെക്കുറിച്ച്.അടിപൊളി സദ്യയും പായസവും എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് ആ ഭാഗം വിടുന്നു.ആദ്യപന്തിയില്‍ തന്നെ സീറ്റ് കിട്ടിയതിനാല്‍ പുറത്ത് നിന്ന് സദ്യ മൂക്കിലൂടേയും കൂടി ഭക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

സദ്യ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ദാ നില്‍ക്കുന്നു - താബുവിനെ പോലെ വെളുത്ത് മെലിഞ്ഞ് ബൂലോകത്തെ താബു , തബാറക്ക്റഹ്മാന്‍.തലേന്ന് വന്ന് ബിരിയാണി അടിച്ച കഥ പറഞ്ഞ് എന്റെ സദ്യയെ ഇല്ലാതാക്കാ‍ന്‍ താബു ശ്രമിച്ചെങ്കിലും വയറ്റില്‍ കയറിയതുണ്ടോ ഇറങ്ങുന്നു.’ആ ബിരിയാണി പുളിച്ചു കഴിഞ്ഞു , മോന്‍ പോയി വേഗം ഈ സദ്യ ഉണ്ണാന്‍ നോക്ക് ‘ ഞാന്‍ താബുവിനെ പറഞ്ഞു വിട്ടു.

ഉച്ചയൂണിന് ശേഷമുള്ള ഉറക്കം പണ്ട് ഒരു ക്രേസ് ആയിരുന്നു, ഇന്ന് ഒരു കേസ് ആണ് - ഓഫീസില്‍ ഇരുന്ന് ഉറക്കം പാടില്ല്ല എന്നതിനാല്‍.എങ്കിലും വീണുകിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാറുണ്ട്.പക്ഷേ തുഞ്ചന്‍പറമ്പില്‍ അതിന് തോന്നിയില്ല.രണ്ട് നല്ല ക്ലാസുകള്‍ - വികി എഴുത്തിനെക്കുറിച്ചും, ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ചും.പായസത്ത്ന് ശേഷം ഒരു ഐസ്കീമും കൂടി കിട്ടിയ പ്രതീതി.

വൈകിട്ടായതോടെ വീട് പിടിക്കാനുള്ള വേവലാതികള്‍ തുടങ്ങി.എന്റെ മക്കള്‍ വീട്ടില്‍ നീന്ന് ഇറങ്ങിയിട്ട് നാല് ദിവസമായതിനാല്‍ അവര്‍ക്കും മടുത്ത് തുടങ്ങി.രാവിലെ കൊണ്ടുവച്ച പെട്ടി എടുത്ത് പുറത്തിറങ്ങിയപ്പോള്‍ ഒരു പയ്യന്‍‌കൈ കൂടി എന്റെ നേരെ വന്നു.

“മാഷേ..ഞാന്‍ ജിക്കു...“

“വലിയ പത്രാധിപരാ...” ആരോ ഒപ്പം കൂട്ടിച്ചേര്‍ത്തു.

“ങേ!മനോരമയോ മാതൃഭൂമിയോ ?”

“ബൂലോകം ഓണ്‍ലൈന്‍...”

“ഓ...” പത്രങ്ങളുടെ കെടുകാര്യസ്ഥതയും തേങ്ങാക്കൊലയും ഒക്കെ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയം വൈകിയതിനാല്‍ ഒന്നും സംഭവിച്ചില്ല.അതുകൊണ്ട് തന്നെ ബൂലോകം ഓഫ്‌ലൈന്‍ ആയില്ല.വൈകിട്ട് നാലരയോടെ തുഞ്ചന്‍ പറമ്പിലെ ചില കാഴ്ചകള്‍ കൂടി കണ്ട ശേഷം മടങ്ങുമ്പോള്‍ എല്ലാവരെയും നേരില്‍ കണ്ട് പരിചയപ്പെടാന്‍ സാധിക്കാത്തതിലുള്ള വിഷമം മനസ്സില്‍ തങ്ങി നിന്നു.
(ഈ വിവരണത്തില്‍ വിട്ടു പോയവര്‍ സദയം ക്ഷമിക്കുക.ഇനി ഇത് നീട്ടികൊണ്ട് പോകാന്‍ വയ്യ!)

പുലിവാല്‍:മീറ്റിന്റെ പിറ്റേ ദിവസം രാത്രി കൊട്ടൊട്ടിയെ വിളിച്ച് മീറ്റിനെ പറ്റി ചോദിച്ചു.
“മീറ്റോ?ഏത് മീറ്റ്?അത് ഡെലീറ്റ് ചെയ്തു...ഇനി കുടുംബത്തിന് ഈറ്റാനുള്ളത് നോക്കട്ടെ..”
പാവം, മീറ്റ് തലയില്‍ കയറി ഒരു മാസത്തോളം സ്വന്തം പണികള്‍ വരെ മാറ്റി വച്ച് ഇതിനെ വിജയിപ്പിച്ച ആ മനസ്സിനെ നമിക്കുന്നു.

Wednesday, April 20, 2011

കഷണ്ടി പര്‍വ്വം - തുഞ്ചന്‍ പറമ്പിലെ ഞാന്‍ (ഭാഗം 2)

ഞാന്‍ സ്വയം പരിചയപ്പെടുത്തുന്നതിന് ശേഷം വീണ്ടും സദസ്സില്‍ വന്നിരുന്നു.എല്ലാവരും എന്റെ ചേനത്തല 70എം എം ല്‍ കാണുന്നത് അല്ല നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.’എന്താ വല്ല കാക്കയും തൂറിയോ’ ഈ കഷണ്ടിയില്‍ എന്ന് പോലും സംശയിക്കത്തക്ക രൂപത്തിലായിരുന്നു ചിലരുടെ നോട്ടം.

ഞാന്‍ വന്നിരുന്ന ഉടനെ ‘ഐസിബി’ പരിചയപ്പെടുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.
‘ഞമ്മള് ബാംഗ്ലൂരിലാണെങ്കിലും കുറ്റിച്ചെറേല്‍ ആണ് പൊര...ചട്ടിക്കരി ന്ന് പറഞ്ഞ ഒരു ബ്ലോഗ് ണ്ട്...അതില്‍ പറഞ്ഞ മാതിരി അയ്മ്പത് ഉന്നക്കായിം അയ്മ്പത് സമൂസിം ഉണ്ടാക്കി കൊണ്ടന്ന്ട്ട്‌ണ്ട്...മീറ്റ് മീറ്റ് ന്നൊക്കെ പറഞ്ഞപ്പൊ ഞാന്‍ വിചാരിച്ചി ആള് കൊറവായ്ക്കും ന്ന്...ത് പ്പോ തെകയൂല...അപ്പം അയ്‌ന് ഒരു പണിണ്ട്...സമൂസ ബീഫ് ആണ് ന്നങട്ട് കര്താ...വെജിറ്റേറിയന്‍സ് എല്ലാം ഒയ്‌വായില്ലേ...പിന്നെ ഉന്നാക്കായില്‍ പന്‍സാര കൂടുതലാ...അതോണ്ട് ഷുഗര്‍ ഉള്ളോല്‍ അതും തിന്നണ്ട...”

‘ഹാവൂ...മുന്നില്‍ ഇരിക്കുന്നവര്‍ മിക്കവരും വയസ്സന്മാരായതിനാല്‍ ഈ രണ്ട് ഫില്‍ട്ടറില്‍ ഏതെങ്കിലും ഒന്നില്‍ കുടുങ്ങും.അതോണ്ട് രണ്ടും തിന്നാനുള്ള മഹാഭാഗ്യം ലഭിക്കുന്നവന്‍ ഞാന്‍ തന്നെയായിരിക്കും‘ എന്ന് എന്റെ മനസ്സ് പറഞ്ഞു.ബീഫു സമൂസയും ഉന്നക്ക പൊരിച്ചതും തിന്നുമ്പോഴുള്ള ആ പുതിയ കോമ്പിനേഷന്‍ എന്റെ വായില്‍ ടൈറ്റാനിക്ക് ഓടിക്കാനുള്ള വെള്ളം നിറച്ചു.ആരോ പൊതിയും കൊണ്ട് അടുത്തെത്തിയപ്പോഴാണ് ആ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഉണര്‍ന്നത്.സഞ്ചിയില്‍ കയ്യിട്ട എനിക്കും കിട്ടി ആ ബ്ലോഗിന്റെ പേര് പോലെ കരിഞ്ഞ സമൂസയുടെ കുറേ പൊട്ടുപൊടികള്‍!ഉന്നക്കായ ഇന്ത്യ വിട്ട റോക്കറ്റ് പോലെ വേറെ ഏതോ ദിശയിലും പോയി.

സമൂസയും ഉന്നക്കായും നഷ്ടപ്പെട്ട വേദനയില്‍ ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.അപ്പോഴാണ് ചുണ്ടു ചുവപ്പിച്ച് വെളുത്ത മുണ്ടുടുത്ത് ചീകി ഒതുക്കി വച്ച മുടിയുമായി അവള്‍ അല്ല അയാള്‍ കടന്നു വന്നത് - സജി അച്ചായന്‍!

“അച്ചായോ?”

“അ...മാഷോ?”

“അപ്പോള്‍ മലേഷ്യയിലൊക്കെ പോയോ ?” മാതൃഭൂമി യാത്ര സംഘടിപ്പിച്ച യാത്രാ ബ്ലോഗിലെ വിജയിയായ അച്ചായനോട് ഞാന്‍ ചോദിച്ചു.

“ഇല്ല...ടിക്കറ്റ് എത്തിയതേയുള്ളൂ...അടുത്ത ആഴ്ച കുടുംബ സമേതം പോകണം...”

“ഓ.കെ.കങാരുറിലേഷന്‍സ്...”
പിന്നെ ഞങ്ങള്‍ മലേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഭൌതികശാസ്ത്രവും ജീവശാസ്ത്രം വരെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചെങ്കിലും ഒരു പാവം ‘കര്‍ത്താവ്’ അതിനിടയില്‍ കയറി വന്നു.അദ്ദേഹം എഴുതിയ ഒരു പുസ്തകം എന്റേയും മറ്റൊന്ന് അച്ചായന്റെയും കയ്യില്‍ തന്ന് അയാള്‍ ദയനീയമായി മുഖത്തേക്ക് നോക്കി.കവിത ആയതിനാല്‍ അച്ചായന്‍ മറിച്ചുനോക്കുന്ന പോലെ തന്നെ ഞാനും അത് മറിച്ചു നോക്കി.വേണ്ട എന്ന് പറയുന്നതിന് മുമ്പേ രണ്ട് പേരുടേയും കോപ്പിക്കുള്ള കാശ് അച്ചായന്‍ കൊടുത്തു.
‘ഹൊ...കവിത ഒട്ടും വായിക്കാത്ത എന്നെക്കൊണ്ട് അത് വായിപ്പിക്കാനുള്ള അച്ചായന്റെ മഹാമനസ്കത !അച്ചായാ...ഈ പുസ്തകകര്‍ത്താവ് പൊറുത്താലും മറ്റേ കര്‍ത്താവ് പൊറുക്കൂല ഈ പാപകൃത്യം’ എന്റെ മനസ്സ് അങ്ങനെ പറഞ്ഞില്ല.പകരം ഓസിന് കിട്ടിയത് സന്തോഷത്തോടെ സ്വീകരിച്ചു.ഇനി ആരെങ്കിലും ഐസ്ക്രീം വാങ്ങിത്തരുമോ ആവോ എന്ന് കരുതി മക്കളേയും കൊണ്ട് ഞാന്‍ പുറത്തിറങ്ങി.ആ പരിസരത്തൊന്നും ഐസ്ക്രീം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മ്യൂസിയം കാണാന്‍ പോയി.

മ്യൂസിയത്തിനുള്ളിലെ സംഗതികള്‍ എല്ലാം ഓടിച്ചു കണ്ട് ഞാന്‍ വീണ്ടും ഹാളിലേക്ക് വരുമ്പോള്‍ അവിടെ നരച്ച താടിയുള്ള ഒരാള്‍ വേറെ ഒരാളോട് സംസാരിക്കുന്നു.എന്നെ കണ്ട പാടേ ഈ “നരച്ച താടിക്കാരന്‍” കൈ നീട്ടി ചോദിച്ചു - “അരീക്കോടന്‍ മാഷല്ലേ ?”

കഷണ്ടിയില്‍ എഴുതിവച്ച പോലെ ആള്‍ക്കാര്‍ പേര് പറയുമ്പോള്‍ ഒന്നുറപ്പ് വരുത്താനായി ഞാന്‍ കഷണ്ടിയിലൂടെ കയ്യോടിച്ചു.ഒന്നും തടഞ്ഞില്ല (മുടി പോലും).

“അതേ...നിങ്ങളെ മനസ്സിലായില്ല..”

“ഞാന്‍ വി.കെ അബ്ദു...ഇന്ഫോമാധ്യമം...”

“ഓ...അറിയാം..”

“ഈ മോളുടെ ബ്ലോഗ് ഞാന്‍ പരിചയപ്പെടുത്തിയിരുന്നു ഇന്‍ഫോമാധ്യമത്തില്‍....” എന്റെ മോളെ നോക്കി അദ്ദേഹം പറഞ്ഞു.

“ങാ...ഞാന്‍ കണ്ടിരുന്നു...” അവിടേയും കടുക് കുമ്പളങ്ങയുടെ മുകളില്‍ കയറി!

വീണ്ടും ഞാന്‍ ഹാളില്‍ ചെന്നിരുന്നപ്പോഴാണ് നല്ലൊരു കഷണ്ടിക്കാരന്‍ ശതാബ്ദി എക്സ്പ്രെസ്സ് വരുന്ന പോലെ പാഞ്ഞടുത്തത്.‘ഞാന്‍ പരിചയപ്പെടുത്താന്‍ പോകുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നു.അയാളെയെങ്ങാനും അപ്പോള്‍ ഞാന്‍ തട്ടിയിരുന്നോ?ഇയാള്‍ എന്തിനുള്ള വരവാണിത്?‘ എന്റെ ഉള്ളില്‍ ഒരു ധൈര്യം പൊട്ടിമുളക്കുന്നത് ഞാനറിഞ്ഞു.

“മല മുഹമ്മെദിന്റെ അടുത്തേക്ക് വരുന്നില്ലെങ്കില്‍ മുഹമ്മെദ് മലയുടെ അടുത്തേക്ക് പോകുക..” എന്റെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.അപ്പോഴാണ് ആ കഷണ്ടി കോട്ടക്കല്‍കാരന്‍ മുഹമ്മെദ്കുട്ടിക്ക ആണെന്ന് എനിക്ക് മനസ്സിലായത്.ഈ മീറ്റിന്റെ നട്ടുച്ചക്ക് എന്നെപ്പോലെ ‘തിളങ്ങുന്ന’ ഒരാളെക്കൂടി കണ്ട സന്തോഷത്തില്‍ ഞങ്ങള്‍ കുറേ കശുവണ്ടിക്കഥകള്‍ പറഞ്ഞു.

(തുടരും...)

Tuesday, April 19, 2011

തുഞ്ചന്‍ പറമ്പിലെ ഞാന്‍

മീറ്റില്‍ അല്പം വൈകി എത്തുമ്പോള്‍ കൊട്ടോട്ടിക്കാരന്‍ നെട്ടോട്ടമോടുന്നതാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.പക്ഷേ അതുവരെ പരിചയമില്ലാത്ത ഒരാള്‍ “മാഷേ” എന്ന് വിളിച്ച് എന്നെ രെജിസ്ട്രെഷന്‍ ഡെസ്കിനടുത്തേക്ക് ആനയിച്ചു.(തലേന്ന് കൊട്ടോട്ടി പറഞ്ഞിരുന്നു , ഗേറ്റിനടുത്തിരിക്കുന്ന ആള്‍ കാശ് വാങിയിട്ടേ അകത്തേക്ക് വിടൂ എന്ന്.അതിനാല്‍ ഞാന്‍, ഓട്ടോ ഗേറ്റിനടുത്ത് നിര്‍ത്താതെ അകത്തേക്ക് വിടാന്‍ പറഞ്ഞു !).രെജിസ്ട്രെഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയപ്പോള്‍ അവിടെ ഇരുന്ന ബ്ലോഗന കാശും ചോദിച്ചു - 250 രൂപ.അത് നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.

രെജിസ്ട്രെഷന്‍ കഴിഞ്ഞ് ആദ്യം മാഷേ എന്ന് വിളിച്ച് ആനയിച്ച ആള്‍ വീണ്ടും വന്നു.“ഞാന്‍ ജയചന്ദ്രന്‍, മാഷെ മുമ്പ് വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നു - പൊന്മളക്കാരന്‍.ഇന്ന് ഇവിടെ വച്ച് ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു.മാഷ് ഒന്ന് കയറി നോക്കണം.“

“ഓ...ഞാന്‍ കയറി ഇരുന്നോളാം..” അയാളുടെ തിരക്ക് കണ്ട് ഞാന്‍ പറഞ്ഞു.

“അതല്ല , എന്റെ ബ്ലോഗില്‍ ഒന്ന് കയറണം എന്നാ പറഞ്ഞത്...”

“ഓ...അത് ശരി...”

“മാഷേ , ഇതാ താക്കോല്‍....അവിടെ പൂട്ടിയിട്ട ഒരു റൂമും പൂട്ടാത്ത ഒരു റൂമും ഉണ്ട്.പെട്ടിയും മറ്റും അതില്‍ വച്ചോളൂ...” എന്‍.എസ്.എസ് ക്യാമ്പില്‍ നിന്നും നേരിട്ട് മീറ്റിലേക്കെത്തിയ എന്റെ കയ്യിലെ വലിയ പെട്ടിയില്‍ കാര്യപ്പെട്ട എന്തോ ഉണ്ട് എന്ന ധാരണയില്‍ പൊന്മളക്കാരന്‍ പറഞ്ഞു.അതില്‍ കുമാരന്റെ ‘ലങ്കോട്ടി മുക്കിലെ‘ ആ ‘സാധനം’ , അതും അലക്കാത്തത് ആണ് ഉള്ളത് എന്ന് അത് തുറക്കുന്നവര്‍ക്കല്ലേ അറിയൂ.

“അല്ലെങ്കില്‍ താക്കോല്‍ ഞാന്‍ തന്നെ വയ്ക്കാം , മാഷ് ആ സാധനങ്ങള്‍ തുറന്നിട്ട റൂമില്‍ വച്ചോളൂ...” രാഷ്ട്രീയക്കാരെക്കാളും വേഗത്തില്‍ പൊന്മളക്കാരന്‍ വാക്ക് മാറിയപ്പോള്‍ പെട്ടിക്കകത്തെ ‘സാധനം’ പൊന്മളക്കാരന് പിടി കിട്ടിയോ എന്ന് സംശയമായി.ഏതായാലും പെട്ടി ഇറക്കാന്‍ കിട്ടിയ അത്താണിയില്‍ ഞാന്‍ അത് ഇറക്കി വയ്ക്കാന്‍ അങോട്ട് തിരിച്ചു.

“മാഷേ...” ഒരു തൂണിന്റെ മറവില്‍ നിന്നും പരിചിതമായ ശബ്ദം.ഞാന്‍ അങ്ങോട്ട് നോക്കി, അതാ തൂണില്‍ ചാരി ഒരു പോഴന്‍ അല്ല വാഴക്കോടന്‍.

“അപ്പോ പഞ്ചകര്‍മ്മം കഴിഞ്ഞ് നേരെ ഇങ്ങോട്ട് ചാടിയോ ?” ഞാന്‍ ചോദിച്ചു.

“മാഷ് ലക്ഷ്ദ്വീപില്‍ നിന്നല്ലേ വരവ് ..?” വാഴ എനിക്കിട്ടും താങ്ങി.പിന്നെ ഞങ്ങള്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്യേണ്ട പല കാര്യങ്ങളും മൂന്ന് മിനുട്ട് കൊണ്ട് സംസാരിച്ച് തീര്‍ത്തു.(ഒന്നും ല്ല, മൂന്ന് മണിക്കൂ‍ര്‍ നീളമുള്ള ഒരു സിനിമാക്കഥ എഴുതാന്‍ വാഴ ഉദ്ദേശിച്ചിരുന്നു.അതെന്തായി എന്ന് ഞാന്‍ ചോദിച്ചു, അത് തല്‍ക്കാലം മാറ്റി വച്ചു എന്ന് വാഴ.അതോടെ മൂന്ന് മണിക്കൂര്‍ സംഭവം മൂന്ന് മിനുട്ടില്‍ ഒതുങ്ങി)

പിന്നെ എപ്പോഴാണ് എന്നറിയില്ല ഒരു പയ്യന്‍ എന്റെ നേരെ വന്നു “മാഷെ” എന്ന് വിളിച്ച് കൈ നീട്ടി പറഞ്ഞു “ഞാന്‍ ഹാഷിം...”

“ങ്ങേ....കൂതറ ഹാഷിമോ?” എനിക്ക് അവന്റെ ആ അപ്പിയറന്‍സില്‍ എന്റെ മനസ്സിലുള്ള എല്ലാ ചിത്രങ്ങളിലും കറുത്ത പെയിന്റ് അടിക്കേണ്ടി വന്നു.കൂതറ എല്ലാ തറകളുടേയും ക്ഷേമം അന്വേഷിച്ച് നടക്കുന്നത് കണ്ടു.

പെട്ടി റൂമില്‍ വച്ച് ഞാന്‍ ഹാളിലേക്ക് നീങ്ങി.തലവേദന കാരണം ഞാന്‍ മക്കളൊടൊപ്പം പിന്നില്‍ ഒരു സീറ്റില്‍ ഇരുന്നു.
“മാഷെ അറിയോ?” അവിടേയും ഒരു കൈ എന്റെ നേരെ നീണ്ടു വന്നു.

അറിയില്ലെങ്കിലും മുഖത്ത് നോക്കി അതെങ്ങനെ പറയും എന്ന് ശങ്ക തോന്നിയതിനാല്‍ ഞാന്‍ മെല്ലെ അദ്ദേഹം കഴുത്തില്‍ കെട്ടിയ ടാഗിലേക്ക് നോക്കി.എന്നെ പറ്റിച്ചുകൊണ്ട് അത് മറിഞ്ഞ് കിടക്കുകയായിരുന്നു.(പലരുടേയും ടാഗ് മറിഞ്ഞ് കിടക്കുകയായിരുന്നു.ഇതിന് പിന്നില്‍ സംഘാടകരുടെ അട്ടിമറി ഉണ്ടെന്ന് സംശയിക്കുന്നു)

“ഞാ‍ന്‍ ഹംസ...”

“ഓ...” പിന്നെ ഞങ്ങള്‍ ആഗോള വല്‍ക്കരണവും ബ്ലോഗ്മീറ്റും തമ്മിലുള്ള ബന്ധം കൂലങ്കുഷമായി ചര്‍ച്ച ചെയ്തു.

അപ്പോള്‍ സ്റ്റേജില്‍ പലരും സ്വയം പരിചയപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു.മൈക്കും പിടിച്ച് ആളെ കുപ്പിയിലാക്കുന്നത് ശരീഫ് കൊട്ടരക്കര ആയിരുന്നു.പലരും ഒന്ന് പരിചയപ്പെടുത്താന്‍ പോലും വിസമ്മതിക്കുന്നത് ഞാന്‍ അല്‍ഭുതത്തോടെയാണ് കണ്ടത്.ഹംസ പറഞ്ഞതും ശരീഫ്‌ക്ക ഉദ്ദേശിച്ചതും ഞാന്‍ ആയതിനാല്‍ അടുത്തതായി മക്കളേയും കൊണ്ട് ഞാന്‍ സ്റ്റേജിലേക്ക് നീങ്ങി.

‘ആരപ്പാ...ഈ കുട്ട്യേളെയും കൊണ്ട് സ്റ്റേജിലേക്ക്‘ എന്ന് ആരും ശങ്കിക്കുന്നതിന് മുമ്പ് ഞാന്‍ മൈക്ക് പിടിച്ചു വാങ്ങി പറഞ്ഞു.

“ഞാന്‍ ആബിദ് എന്ന അരീക്കോടന്‍.മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ എന്ന ബ്ലോഗ് എഴുതുന്നു.ഇത് എന്റെ മക്കള്‍.ഒരാള്‍ ബ്ലോഗറാണ്.മറ്റെയാള്‍ ഈ രംഗത്തേക്ക് വരാന്‍ പോകുന്നു.മകള്‍ സ്വയം പരിചയപ്പെടുത്തും.” മൈക്ക് മൂത്ത മോള്‍ക്ക് കൈമാറി ഞാന്‍ പറഞ്ഞു.

“ഞാന്‍ ഐഷ നൌറ.എന്റെ കുത്തിവരകള്‍ എന്ന ബ്ലോഗ് ചെയ്യുന്നു.” അവളും പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സ്റ്റേജ് ഒഴിഞ്ഞു കൊടുത്തു.പുറത്തെത്തിയതും ഒരാള്‍ എന്നെ സമീപിച്ചു.

“ഞാന്‍ കേരളകൌമുദിയില്‍ നിന്നാണ്.മോളുടെ പേരെന്താണ്?” മോളുടെ നേരെ തിരിഞ്ഞ് അയാള്‍ ചോദിച്ചു.

“ഐഷ നൌറ“

“വയസ്സ് ?”

“12”

“ബ്ലോഗിന്റെ പേര്?”

“എന്റെ കുത്തിവരകള്‍“

‘ഇതെന്താ കുമ്പളം നില്‍ക്കുമ്പോള്‍ കടുകിനെ ഇന്റര്‍വ്യൂ ചെയ്യുന്നത്’ എന്ന് മനസ്സില്‍ കരുതിയപ്പോഴേക്കും അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.

“നിങ്ങളുടെ പേര്?”

“ആബിദ് , അരീക്കോടന്‍ എന്ന പേരില്‍ എഴുതുന്നു.കോഴിക്കോട് ഗവ:എഞ്ചിനീയറിം കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയി ജോലി ചെയ്യുന്നു..” അയാള്‍ ചോദിക്കുന്നതിന് മുമ്പ് തന്നെ എല്ലാം ഞാന്‍ പറഞ്ഞു.

“വയസ്സ്...?”

“എന്റെ കഷണ്ടി കണ്ട് വലിയ വയസ്സനാന്ന് കരുതിയോ...എനിക്ക് വെറും 39 വയസ്സ് മാത്രം...!!1”

“ഓ.കെ താങ്ക്സ്...”

പിറ്റേന്ന് കേരള കൌമുദി ഒരു നോക്ക് കാണാന്‍ ശ്രമിച്ചെങ്കിലും എനിക്ക് കിട്ടിയില്ല.പക്ഷേ ഇവിടെ അതിന്റെ കോപ്പി കണ്ടപ്പോള്‍ ശരിക്കും തരിച്ചു പോയി.മീറ്റിലെ കുട്ടി ബ്ലോഗര്‍ എന്ന തലക്കെട്ടില്‍ ഞാനും മോളും പരിചയപ്പെടുത്തുന്ന ഫോട്ടൊ!

(തുടരും)

Monday, April 18, 2011

തുഞ്ചന്‍ പറമ്പിലെ വിശേഷങ്ങള്‍

‘അ അ ആ‍....ഇത് എത്താപ്പോ കത?’ എന്നാണ് ഇന്നലെ മീറ്റ് കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ആദ്യം തോന്നിയത്.ഇന്ന് രാവിലേയും അതേ തോന്നല്‍ തന്നെ.ആളെ പെട്ടീലാക്കുന്ന ആ കുന്ത്രാണ്ടവും തൂക്കി നടന്ന ഒരൊറ്റ ബ്ലോഗറും തുഞ്ചന്‍പറമ്പില്‍ നിന്ന് സ്വന്തം പൊരേല്‍ എത്തീട്ടില്ലേ? മീറ്റിന്റെ ഫോട്ടോ ഒന്ന് രണ്ടെണ്ണം മാത്രം കാണുന്നു.ചിന്തിച്ച് ചിന്തിച്ച് ചിന്തയില്‍ കയറി, അവിടെ ഇല്ല.വിന്‍ഡോസിലൂടെ ജാലകത്തിലും കയറി , അവിടേം ഇല്ല.പിന്നെ മൊത്തം പോസ്റ്റും കൊട്ടോട്ടി കൊട്ടയിലാക്കി കൊണ്ടുപോയോ എന്ന് കരുതി അദ്ദേഹത്തേയും വിളിച്ചു, അവിടേം ഇല്ല? ഛെ, എന്റെ അടുത്ത് ഒരു ക്യാമറ ഇല്ലാത്തതിന്റെ നഷ്ടം ബൂലോകത്തിന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും.

ഇന്നലെ രാവിലെ വരെ നീണ്ട കോളേജിലെ ഒരു സ്പെഷല്‍ എന്‍.എസ്.എസ് ക്യാമ്പിന്റെ ക്യാമ്പ്ഫയറും കഴിഞ്ഞ് മക്കളേയും കൂട്ടി നേരെ തിരൂരിലേക്ക് വണ്ടി കയറി.തലേ ദിവസം ആകെ രണ്ട് മണിക്കൂര്‍ മാത്രം ഉറങ്ങിയതിനാല്‍ നല്ല ‘തലക്കനം’ ഉണ്ടായിരുന്നു മീറ്റിന് എത്തുമ്പോള്‍.അതിനാല്‍ തന്നെ മിക്കവരേയും പരിചയപ്പെടാന്‍ സാധിച്ചില്ല എന്ന ദുഖ:സത്യം ഇപ്പോള്‍ വ്യസനമുണ്ടാക്കുന്നു.എന്നാലും ചെറായി മീറ്റില്‍ പങ്കെടുത്ത ചിലരെങ്കിലും ഉണ്ടായിരുന്നത് സൌഹൃദം പുതുക്കാന്‍ അവസരമൊരുക്കി.

(എന്റെ കമന്റ്പെട്ടിയില്‍ പ്രൊഫൈല്‍ ഫോട്ടോ ഞാന്‍ നിരോധിച്ചതിനാല്‍ സ്ഥിരം കമന്റ് ചെയ്യുന്നവരുടെ മുഖം പോലും എനിക്കറിയില്ലായിരുന്നു.മീറ്റില്‍ വന്ന പലരും ‘അരീക്കോടന്‍ മാഷെ’ എന്ന് എന്റെ തിളങ്ങുന്ന കഷണ്ടി കണ്ട് അഭിസംബോധന ചെയ്തപ്പോള്‍, എന്നെ രക്ഷിച്ച എന്റെ കഷണ്ടിയെ ഞാന്‍ മനസാ നമിച്ചു.ഗള്‍ഫ് ഗേറ്റ്കാര്‍ എന്നെ വിടാതെ പിന്തുടര്‍ന്നെങ്കിലും (ഫ്രീ ഓഫര്‍ വരെ തന്നു - അവരുടെ ഏതോ ഓഫീസ് സന്ദര്‍ശിക്കാന്‍ )ഞാന്‍ അതില്‍ നിന്ന് കുതറി മാറിയതില്‍ എന്റെ കഷണ്ടിയും ഞാനും ഇന്ന് അഭിമാനിക്കുന്നു.)

മീറ്റില്‍ വികിപീഡിയയില്‍ എഴുതുന്നതിനെക്കുറിച്ച് ഹബീബ് എടുത്ത ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇത്രയും എളുപ്പമുള്ള ഒരു സാമൂഹ്യപ്രവര്‍ത്തനം ഇതുവരെ നടത്താത്തതില്‍ എനിക്ക് വിഷമം തോന്നി.ബ്ലോഗിങ്ങിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന രൂപത്തില്‍ ഓരോ സംഗതിയും പറഞ്ഞുകൊണ്ടുള്ള വി.കെ അബ്ദു സാഹിബിന്റെ ക്ലാസും ഈ ബൂലോകത്തേക്ക് കടന്നു വരാന്‍ താല്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമായിരുന്നു.

എന്റെ രണ്ട് മക്കളേയും കൂട്ടി ആയിരുന്നു ഞാന്‍ മീറ്റിനെത്തിയത്.ഐഷ നൌറ എന്ന മൂത്തമകളുടെ ബ്ലോഗര്‍ എന്ന നിലയിലുള്ള ആദ്യത്തെ മീറ്റ് ആയിരുന്നു ഇത്.ഇന്നത്തെ മനോരമ പത്രത്തില്‍ അവളുടെ പേരും കാണുന്നതില്‍ അവള്‍ അഭിമാനം കൊള്ളുന്നു.

പുലിവാല്‍: ഇന്നലെ എട്ടുമണിയോടെ വീട്ടിലെത്തിയ ഞാന്‍ ആദ്യം കയറിയത് മീറ്റിന്റെ പടങ്ങള്‍ കാണാന് നെറ്റില്‍.‍256 കെ.ബി.പി.എസ് വേഗതയില്‍ വന്നു കൊണ്ടിരുന്ന അതിനെ കടത്തിവെട്ടി 2 എം.ബി.പി.എസ് വേഗതയില്‍ മറ്റൊരു സാധനം വരുന്നതായി എനിക്ക് പെട്ടെന്ന് ഒരു ഉള്‍വിളി !എന്‍.എസ്.എസ് ക്യാമ്പില്‍ തലേന്ന് രാത്രി കഴിച്ചതോ അതോ തുഞ്ചന്‍ പറമ്പില്‍ ഉച്ചക്ക് കഴിച്ചതോ എന്ന് ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടിയിരിക്കുന്നു.