2011 മാർച്ച് 18 ന് എൻ്റെ മൂന്നാമത്തെ മകൾ ലൂനക്ക് ഒരു വയസ്സ് തികഞ്ഞു. സാധാരണയായി വീട്ടിലെ വിശേഷ ദിവസങ്ങളിൽ ചെയ്യുന്ന പോലെ അന്നും മുറ്റത്ത് ഒരു ഫലവൃക്ഷത്തൈ നടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഒരു വയസ്സായ മോളുടെ കയ്യിൽ ഞാൻ ഒരു സീതപ്പഴത്തിൻ്റെ തൈ നൽകി. ഒരു കളിക്കോപ്പ് കയ്യിൽ കിട്ടിയ മുഖഭാവമല്ല അന്ന് അവളുടെ മുഖത്ത് ഞാൻ ദർശിച്ചത്. ലൂന മോളും അവളുടെ മൂത്തവർ രണ്ട് പേരും ചേർന്ന് ആ തൈ, വീട്ടിലേക്കുള്ള വഴിയരികിൽ നട്ടു.
ലൂന മോൾക്ക് അഞ്ച് വയസ്സ് തികഞ്ഞപ്പോൾ പ്രസ്തുത സീതപ്പഴച്ചെടി പൂവിട്ട് തുടങ്ങി. ധാരാളം പൂക്കളുണ്ടായിട്ടും ആദ്യ വർഷം പത്തോളം കായകളാണുണ്ടായത്. കാലക്രമേണ പഴങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അതോടെ വവ്വാലുകളും സ്ഥിരമായി പഴം തിന്നാൻ വന്ന് തുടങ്ങി. വവ്വാലുകൾ തിന്നിട്ട പഴങ്ങളുടെ അവശിഷ്ടങ്ങൾ വീണ് വഴി വൃത്തികേടാകാനും തുടങ്ങി.
മോൾ ആദ്യമായി ഈ ഭൂമിയിൽ നട്ട മരമായതിനാൽ അവൾക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പം കൂടിയുണ്ടായിരുന്നു. എൻ്റെ ബർത്ത് ഡേ മരം എന്ന് സന്തോഷത്തോടെ അവൾ കൂട്ടുകാർക്ക് ആ ചെടിയെ പരിചയപ്പെടുത്തി കൊടുത്തു. അതിനാൽ അത് വെട്ടി ഒഴിവാക്കാനും ഞങ്ങൾക്ക് സാധിച്ചില്ല.പഴങ്ങളിൽ മീലി ബഗ് കൂടി നിറഞ്ഞതോടെ മറ്റു ചെടികൾക്കും അത് ഭീഷണിയായി.അവസാനം,മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് മുറ്റം നന്നാക്കിയപ്പോൾ പ്രസ്തുത സീതപ്പഴ മരവും ഒഴിവാക്കേണ്ടി വന്നു. ലൂന മോളുടെ പതിനഞ്ചാം ബർത്ത് ഡേയുടെ പിറ്റേന്നായിരുന്നു അത്.
ബർത്ത് ഡേ മരം പോയത് ലൂന മോളെ സങ്കടത്തിലാക്കി. ഏത് നിമിഷവും ആ മരം വെട്ടിമാറ്റപ്പെടാം എന്നതിനാൽ ഞാനതിൻ്റെ തൈകൾ റെഡിയാക്കി വെച്ചിരുന്നു. പോയ മരത്തിന് പകരം വീടിൻ്റെ സമീപത്ത് തന്നെ മറ്റൊരു സ്ഥലത്ത് പുതിയ തൈ നടാം എന്ന് ഞാൻ അവൾക്ക് ഉറപ്പ് നൽകി. അങ്ങനെ അവളുടെ പതിനേഴാം ബർത്ത് ഡേയിൽ തൈ വയ്ക്കാം എന്ന് തീരുമാനിച്ചു. പക്ഷേ, കഠിനമായ വേനൽ കാരണം ആ സമയത്ത് തൈ വയ്ക്കുന്നത് ഉചിതമല്ല എന്ന് തോന്നി. വേനൽ കാലം മാറി മഴക്കാലം വന്നതോടെ അവൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.
ലൂനമോൾ നട്ട സീതപ്പഴത്തൈക്ക് പുറമെ ഞാനും രണ്ടെണ്ണം നട്ടു. അങ്ങനെ നഷ്ടപ്പെട്ട ഒന്നിന് പകരം മൂന്ന് തൈകൾ പറമ്പിൽ അതിവേഗം വളർന്ന് വരുന്നു. അങ്ങനെ വീടിന് ചുറ്റുമുള്ള ഇരുപത്തി അഞ്ചോളം വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് സീതപ്പഴച്ചെടി വീണ്ടും ചേർന്നു. വീട്ടിലെ വിശേഷ ദിവസങ്ങൾ ഒരു ഫലവൃക്ഷത്തൈ നട്ട് ഭൂമിക്ക് തണലേകുക. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം വിഷം തീണ്ടാത്ത പഴങ്ങൾ നമ്മുടെ മുറ്റത്ത് നിന്ന് തന്നെ പറിച്ച് തിന്നാം.



1 comments:
സീതപ്പഴച്ചെടി വീണ്ടും നട്ട കഥ
Post a Comment
നന്ദി....വീണ്ടും വരിക