സോനാമാർഗ്ഗിലേക്കുള്ള യാത്രക്കിടയിൽ മഴ ഇടക്കിടെ പൊടിയുന്നുണ്ടായിരുന്നു. മഞ്ഞു വീഴ്ചയുടെ മുന്നോടിയായി ഉണ്ടാകുന്ന ഒരു പ്രതിഭാസമായതിനാൽ ഞങ്ങളെ അത് അലോസരപ്പെടുത്തിയില്ല. പൊടി മഴ മാറുമ്പോൾ ഉതിർന്ന് വീഴുന്ന സൂര്യകിരണങ്ങൾക്ക് ഒരു പൊൻപ്രഭ തന്നെയുണ്ടായിരുന്നു. സോനാമാർഗ് എന്ന സ്വർണ്ണപാതയിലൂടെയുള്ള യാത്രക്ക് അല്ലെങ്കിലും ഒരു പ്രത്യേക തിളക്കം മുമ്പും എനിക്ക് തോന്നിയിരുന്നു.
"എല്ലാവരും വണ്ടിയുടെ വലത് ഭാഗത്തേക്ക് നോക്കുക... " മുന്നോട്ട് പോകുന്ന വണ്ടിയിൽ ഇരിക്കുന്നവർക്ക് അഭിമുഖമായി നിന്ന് കൊണ്ട് ഞാൻ പറഞ്ഞപ്പോൾ കുറെ പേർ വലത്തോട്ടും കുറെ പേർ ഇടത്തോട്ടും നോക്കി.
"റോഡിൻ്റെ താഴെ ഭാഗത്ത് കൂടെ ഒഴുകുന്ന ആ പുഴയുടെ പേരാണ് ..." ഞാൻ ഒന്ന് നിർത്തി.
"കണ്ടിട്ട് നമ്മളെ മൂത്താപ്പൻ പുഴ മാതിരി ണ്ട്.." മുജീബ് പറഞ്ഞു.
"ങാ.... മൂത്താപ്പയും എളാപ്പയും ഒന്നുമല്ല... ഇതാണ് സിന്ധ് നദി"
"മ്മേ... സിന്ധു നദിയോ ? നമ്മള് പത്താം ക്ലാസിൽ പഠിച്ച സിന്ധു നദീതട സംസ്കാരത്തിലെ സിന്ധു നദിയോ ?" നുസൈബക്ക് വിശ്വാസം വന്നില്ല.
"ഏയ്.... ഇതെന്ത് പൊയാ... കടുങ്ങല്ലൂർ തോട് മാതിരി.... "മെഹബുവിനും വിശ്വാസമായില്ല.
"പേര് സിന്ധ് നദി എന്നാണ് ... നമ്മൾ ചരിത്രത്തിൽ പഠിച്ച സിന്ധു നദിയല്ല, ഝലം നദിയുടെ പോഷക നദി" ഞാൻ പറഞ്ഞു.
"സിന്ധുവിനെ ഒന്ന് തൊടാൻ പറ്റുമോ?" ഫൈസലിന് ചെറിയൊരു ആശ തോന്നി.
"യെസ് ... തിരിച്ചു വരുമ്പോൾ നമുക്ക് സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇറങ്ങാം..." ഡ്രൈവർ മുദ്ദസറിന് ഞാൻ അപ്പോൾ തന്നെ അതിനുള്ള നിർദ്ദേശം നൽകി. അങ്ങനെ തിരിച്ച് ശ്രീനഗറിലേക്കുള്ള യാത്രയിൽ, പുഴയും റോഡും അതിരിട്ടൊഴുകുന്ന ഒരു സ്ഥലത്ത് മുദ്ദസർ വണ്ടി നിർത്തി.
ചെറിയ ചെറിയ പാറകളിൽ തല തല്ലി കളകളാരവം പൊഴിച്ച് സിന്ധ് നദി ഝലം നദിയിൽ ചേരാൻ തിരക്ക് കൂട്ടി. ഞങ്ങളെല്ലാവരും സൗകര്യപ്രദമായ പാറകളിൽ കയറി നദിയിലേക്ക് കൈ നീട്ടി.
"ഹൗ..." ഫാത്തിമ കുട്ടിയുടെ തൊണ്ടയിൽ നിന്ന് ഒരു ഭയങ്കര ശബ്ദമുയർന്നു.
"എന്താ... എന്തുപറ്റി? " നിഷി പാത്തുവിന്നോട് ചോദിച്ചു.
"എന്തൊരു തണുപ്പാടീ വെള്ളത്തിന്...." ഫാത്തിമകുട്ടി ചിരിച്ചു.
"അതേയ് ഹിമാലയത്തിലെ മഞ്ഞ് കട്ടകളിൽ നിന്ന് ഉത്ഭവിക്കുന്നതാണ് സിന്ധ് നദി. അതിന് അൻ്റെ ഇരുവഞ്ഞിപ്പുഴയുടെ തണുപ്പല്ല ണ്ടാവുക, പാത്തോ" നാരായണൻ വിശദീകരിച്ചു.
"സിദ്ധീഖെ... വുളു ഉണ്ടാക്കിക്കോ... വണ്ടിയിലിരുന്ന് നിസ്‌കരിക്കാം .... " ഞാൻ പറഞ്ഞു.
"സിന്ധു ന്ന് പറഞ്ഞാൽ ഹിന്ദു അല്ലേ? അപ്പോ അതീന്ന് വുളു ഉണ്ടാക്കിയാൽ ശരിയാകോ ?" നുസൈബക്ക് സംശയമായി.
"ഇതാ പറഞ്ഞത് ദൈവം തന്നെ ഇല്ലാന്ന് ... നദിക്കും മതം ..." കിട്ടിയ അവസരം ഗോവിന്ദൻ വെറുതെ വിട്ടില്ല.
സിന്ധ് നദിയിലെ തണുത്ത വെള്ളം കൊണ്ട് കയ്യും കാലും മുഖവും കഴുകിയതോടെ എല്ലാവർക്കും ഒരുന്മേഷം വീണ്ടുകിട്ടി. ഹസ്രത്ത് ബാൽ പള്ളി കാണാൻ ഞങ്ങൾ യാത്ര തുടർന്നു.
വൈകിട്ട് ആറ് മണിക്ക് മുമ്പായി ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയിൽ എത്തി. സന്ദർശകരുടെ തിരക്ക് അപ്പോഴേക്കും ഏകദേശം അവസാനിച്ചിരുന്നു. പള്ളിയിൽ കയറിയ ഉടനെ അംഗശുദ്ധി വരുത്തി ഞങ്ങൾ ളുഹറും അസറും നമസ്‌കരിച്ചു. ശേഷം ഗോവിന്ദനെയും നാരായണനെയും കൂട്ടി, നബി(സ)യുടെ മുടി സൂക്ഷിച്ച് വയ്ക്കപ്പെട്ട സ്ഥലത്തെത്തി.കഴിഞ്ഞ തവണ റമദാന് തൊട്ടുമുമ്പുള്ള സന്ദർശന സമയത്ത് അറ്റകുറ്റപണികൾ കാരണം ഇവിടെ പൂട്ടിയിട്ടതായിരുന്നു. നവീകരിച്ച പള്ളിയുടെ ഉൾവശം കൂടുതൽ സ്വർണ്ണശോഭയിൽ തിളങ്ങുന്നതായി തോന്നി.
അകം കാഴ്ചകൾക്ക് ശേഷം പള്ളിയുടെ പുറം കാഴ്ചകൾ കൂടി ഞങ്ങൾ ആസ്വദിച്ചു. ഹസ്രത്ത് ബാൽ പള്ളിയുടെ മിനാരത്തിന് ചുറ്റും ദിക്റ് പാടി പറക്കുന്ന പ്രാവുകൾ ഇത്തവണയും അവിസ്മരണീയ കാഴ്ച ഒരുക്കിത്തന്നു. ഞങ്ങളുടെ സഹയാത്രികനായ സിദ്ദീഖിന് അന്ന് രാത്രി ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിന് നാട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് പള്ളിയുടെ തൊട്ടടുത്തുള്ള പുരാതന തെരുവ് നടന്ന് കാണാൻ സമയമില്ലാത്തതിനാൽ ഒന്ന് കണ്ണോടിച്ച് മാത്രം കണ്ടു.
ഹസ്രത്ത് ബാൽ പള്ളിക്കടുത്തുള്ള മൂൺലൈറ്റിൻ്റെ ഔട്ട്ലെറ്റിൽ നിന്ന് വാൾനട്ട് ഫഡ്ജ് വാങ്ങണം എന്ന് പലരും എന്നെ ഏല്പിച്ചിരുന്നു. സമയം വൈകിയത് കാരണം അത് ഒഴിവാക്കാമെന്ന് കരുതി. ബട്ട്, വണ്ടി അതുവഴിയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് തോന്നി. ഭാഗ്യത്തിന്, കഴിഞ്ഞ തവണ അനുഭവിച്ച പോലെയുള്ള ഒരു തിരക്കും ഉണ്ടായിരുന്നില്ല. ആവശ്യമായ അത്രയും വാൾനട്ട് ഫഡ്ജ് പാക്കറ്റുകൾ വാങ്ങി ഞങ്ങൾ റൂമിലേക്ക് തിരിച്ചു.
നേരത്തെ തയ്യാറാക്കി വെച്ച ബാഗേജുകൾ എടുത്ത്, യാത്രയിൽ അവസാനം കണ്ണി കൂടിയ സിദ്ദീഖ് ഞങ്ങളിൽ നിന്ന് ആദ്യം പിരിഞ്ഞു. ധൃതിപ്പെട്ട് എയർപോർട്ടിൽ എത്തിയെങ്കിലും അജഞാത കാരണങ്ങളാൽ ഫ്ലൈറ്റ് കാൻസൽ ചെയ്തതിനാൽ അവൻ എയർപോർട്ടിൽ കുടുങ്ങി എന്നും പിറ്റേന്ന് അമൃതസറിൽ പോയി അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു എന്നും പിന്നീടാണ് ഞങ്ങളറിഞ്ഞത്. ഞങ്ങളപ്പോൾ കാശ്മീരിലെ അവസാന അത്താഴവും തേടി ഖയാം ചൗക്കിലെ കബാബ് മണവും ആസ്വദിച്ച് തേരാ പാരാ നടക്കുകയായിരുന്നു.
(തുടരും....)





1 comments:
ഹസ്രത്ത് ബാൽ പള്ളിയിൽ വീണ്ടും...
Post a Comment
നന്ദി....വീണ്ടും വരിക