Pages

Friday, September 27, 2019

സന്തോഷപ്പെരുമഴക്കാലം

              പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ എന്റെ വീട്ടില്‍ സന്തോഷപ്പെരുമഴയാണ്. കേരള സര്‍ക്കാറിന്റെ ഗുഡ് സര്‍വീസ് എന്‍‌ട്രി ലഭിച്ചത് ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. പിന്നാലെ ഇതാ രണ്ടാമത്തെ മോള്‍ ലുഅക്ക് കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടയ്മയുടെ ‘കുട്ടിക്കര്‍ഷക’ അവാര്‍ഡ് ലഭിച്ചിരിക്കുന്നു. സര്‍ട്ടിഫിക്കറ്റും മെമെന്റോയും ആണ് സമ്മാനം.
               പ്രവചനം എനിക്ക് ഒരു ഹോബിയാണ്.കഴിഞ്ഞ മൂന്ന് ഫുട്ബാള്‍ ലോക‌കപ്പ് ജേതാക്കളും ഞാന്‍ പ്രവചിച്ച ടീമുകളായിരുന്നു (എങ്ങനെ എന്ന് ഞാനും അത്ഭുതപ്പെടുന്നു) . ഇത്തവണത്തെ ക്രിക്കറ്റ് ലോക‌ ജേതാവും എന്റെ പ്രവചനം ശരിവച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ‘ആരെത്തും കേന്ദ്രത്തില്‍’ എന്ന മാതൃഭൂമി ദിനപത്രത്തിന്റെ പ്രവചന മത്സരത്തില്‍ 20ല്‍ 19ഉം ഞാന്‍ ശരിയുത്തരം പറഞ്ഞു. തെറ്റിപ്പോയത് പാലക്കാട് മാത്രം. അങ്ങനെ പ്രവചന മത്സരത്തില്‍ പങ്കു ചേര്‍ന്ന് എനിക്ക് സമ്മാനവും കിട്ടി.
       ഇതിന്റെ സമ്മാനം കോട്ടക്കല്‍ മാതൃഭൂമി ഓഫീസില്‍ നേരിട്ട് പോയി ഞാന്‍ കൈപറ്റി. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് 3500 രൂപയോളം വില വരുന്ന ഒരു ഗ്രാം സ്വര്‍ണ്ണ നാണയമായിരുന്നു സമ്മാനം !
           പിന്നാലെ അതാ വരുന്നു ലൂന മോള്‍ക്ക് ബാലഭൂമി ഫണ്‍‌ഡേ കോണ്ടസ്റ്റില്‍ സമ്മാനം. ബാലഭൂമിയില്‍ നിന്ന് പല തരം സമ്മാനങ്ങളും ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളീല്‍ അവളെ തേടി എത്തിയിട്ടുണ്ട്. ഇത്തവണത്തെ സമ്മാനം, ഏറെ കാലമായി ഞങ്ങള്‍ പോകണം  എന്നാഗ്രഹിക്കുന്ന വയനാട് E3 തീം പാര്‍ക്കിലേക്ക് അവള്‍ക്കും എനിക്കുമുള്ള ടിക്കറ്റാണ്. നാളെ കുടുംബ സമേതം അങ്ങോട്ട് പുറപ്പെടുന്നു (ഇന്‍ഷാ അല്ലാഹ്).
 ഇനി E3 കാഴ്ചകളുമായി വരാം......             

Monday, September 23, 2019

ഒരു പൊന്‍‌തൂവല്‍ കൂടി....

           ജീവിതത്തില്‍ എപ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമറിയാം. എന്റെ പിതാവ് എന്നെ നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരാന്‍ പ്രേരിപ്പിച്ചതും ദൈവ നിശ്ചയമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. 1987ല്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ തുടങ്ങി ഡിഗ്രിക്ക് ഫാറൂഖ് കോളേജിലും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ എന്‍.എസ്.എസ് വളണ്ടിയര്‍കാലം. പിന്നെ 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്‍.എസ്.എസ് മായി ബന്ധപ്പെടുന്നത്, ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രോഗ്രാം ഓഫീസര്‍ എന്ന പദവിയിലൂടെ. അതും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്ന ഒരു പ്രൊഫഷണല്‍ സ്ഥാപനത്തിലൂടെ.

              നാലു വര്‍ഷത്തെ പ്രോഗ്രാം ഓഫീസര്‍ പദവിക്കിടയില്‍ നടത്തിയ അശ്വമേധം ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. നാല്‌ വര്‍ഷം കൊണ്ട് കോഴിക്കോടിന്റെ ഷോക്കേസില്‍ കയറിയത് ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അടക്കം ഇരുപത്തഞ്ചോളം പുരസ്കാരങ്ങള്‍ ആയിരുന്നു. 2015-ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫറായി വീണ്ടും എത്തുമ്പോള്‍ കാത്തിരുന്നത്, മുമ്പ് കേണപേക്ഷിച്ചിട്ടും തരാതിരുന്ന അതേ പ്രോഗ്രാം ഓഫീസര്‍ പദവി. സംസ്ഥാന അവാര്‍ഡുകള്‍ അടക്കം പത്തോളം പുരസ്കാരങ്ങള്‍ വയനാടിന്റെ ഷോക്കേസിലും കയറ്റി 2018-ല്‍ വീണ്ടും കോഴിക്കോട്ടെത്തി.

                എന്‍.എസ്.എസ് അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എന്നെ ദേശീയ തലം വരെ ഉയര്‍ത്തിയ ആ സംഘടനയെ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.അതിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. എന്തിന്റെയൊക്കെയോ പേരില്‍ ഇന്ന് ഞാന്‍ എന്‍.എസ്.എസ് ല്‍ നിന്ന് പുറത്താണെങ്കിലും എന്‍.എസ്.എസ് എന്റെ മനസ്സില്‍ നിന്ന് പുറത്തായില്ല.

                 ഇപ്പോഴിതാ എന്‍.എസ്.എസ് പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഒരംഗീകാരം തേടി എത്തിയിരിക്കുന്നു.എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലക്ക് കേരള സര്‍ക്കാര്‍ സദ് സേവന രേഖ (Good Service Entry) നല്‍കി ആദരിച്ച വിവരം സസന്തോഷം പങ്ക് വയ്ക്കുന്നു (Page2- Sl No 3).

Wednesday, September 18, 2019

കൊടൈക്കനാലിലെ സൈക്കിള്‍ സവാരി

                ഊട്ടിയിലും കൊടൈക്കനാലിലും പോകുന്നവര്‍ ഒരു ബോട്ട് സവാരി നടത്താതിരിക്കാന്‍ സാധ്യത വളരെ കുറവാണ് . രണ്ട് സ്ഥലത്തുമുള്ള തടാകങ്ങള്‍ സഞ്ചാരികളെ അത്രയധികം മാടി വിളിക്കും. കൊടൈക്കനാലില്‍ എത്തിയ ഞങ്ങളും ആ ആകര്‍ഷണ വലയത്തില്‍ വീണുപോയി. ബോട്ട് ഹൌസില്‍ ചെന്നപ്പോള്‍ അവിടെ തൃശൂര്‍ പൂരത്തിനുള്ള ആള്‍ക്കാര്‍ ടിക്കറ്റെടുത്ത് കാത്ത് നില്‍ക്കുന്നു! ചാലിയാറിലെ തോണീയാത്രക്ക് ഒക്കില്ല കൊടൈക്കനാലിലെ ബോട്ട് യാത്ര എന്ന കൂട്ട ആത്മഗതം ഞങ്ങളെ പുറത്തേക്ക് നയിച്ചു.

                ബോട്ട് ഹൌസിന്റെ നേരെ മുമ്പില്‍ സൈക്കിള്‍വാലകള്‍ കസ്റ്റമേഴ്സിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മക്കള്‍ക്ക് എല്ലാവര്‍ക്കും സൈക്കിളിംഗ് അറിയാം എന്നതിനാല്‍ അര മണിക്കൂര്‍ സവാരി നടത്താം എന്ന് തീരുമാനിച്ചു.മറ്റു വാഹനങ്ങള്‍ ഓടുന്ന അതേ റോഡിലൂടെ തന്നെയാണ് സൈക്കിളും ഓട്ടേണ്ടത് എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ച് ആയിരുന്നു. കാരണം അവരാരും ഇതുവരെ മെയിന്‍ റോഡിലൂടെ സൈക്കിളോട്ടിയിട്ടില്ല. അങ്ങനെ എസ്കോര്‍ട്ടായി ഞാനും അനിയനും കൂടെ പോകാനും തീരുമാനിച്ചു. എന്റെ വാലായി കുഞ്ഞുമോന്‍ ലിദുവും കൂടിയതോടെ അവനെ എവിടെ ഇരുത്തും എന്നൊരാശങ്ക ഉണ്ടായി. ഹാന്റിലില്‍ ഒരു കൊട്ടക്കസേര ഉറപ്പിച്ച് തന്ന് കൊണ്ട് സൈക്കിള്‍വാല അതും പരിഹരിച്ചു.

                   മുമ്പ് മായാറില്‍ പോയപ്പോഴും എന്റെ സൈക്കിളിംഗ് പരിജ്ഞാനം ഞാന്‍ പരീക്ഷിച്ചു നോക്കിയിരുന്നതിനാല്‍, 100 രൂപ വാടക പറഞ്ഞിട്ടും പിന്മാറിയില്ല. അങ്ങനെ ഞാനും എന്റെ മക്കളും അനിയനും അവന്റെ മക്കളും അടങ്ങുന്ന സംഘം ഓരോ സൈക്കിളിലായി അമീബാ ആകൃതിയിലുള്ള തടാകത്തിന്റെ ചുറ്റുമുള്ള റോഡിലൂടെ യാത്ര ആരംഭിച്ചു. ചെറിയ മക്കളെ ഞാനും ലുലു മോളും അനിയനും മുന്നിലും പുറകിലുമായി കയറ്റി.
            ടൂറിസ്റ്റ് വാഹനങ്ങളും ടാക്സി വാഹനങ്ങളും മറ്റുമായി റോഡ് നല്ല തിരക്കായിരുന്നു. എങ്കിലും കൊടൈക്കനാലിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് അല്പം സാഹസികമായി തന്നെ ഞാനും മക്കളും ആ സവാരി അവിസ്മരണീയമാക്കി. തടാകത്തിന് ചുറ്റുമുള്ള 4 കിലോമീറ്റര്‍ സൈക്കിള്‍ സവാരി ഈ ട്രിപ്പിലെ ഏറ്റവും നല്ല അനുഭവമായി.
                                                 
                                                 
                                       
                          സൈക്കിളിംഗ് കഴിഞ്ഞ് എല്ലാവരും പാര്‍ക്കില്‍ അല്പ നേരം കൂടി വിശ്രമിച്ചു. തടാകത്തില്‍ പരക്കുന്ന ഇരുട്ട് മെല്ലെ കരയെയും വിഴുങ്ങാന്‍ തുടങ്ങി. തണുപ്പും ശരീരത്തിലേക്ക് അരിച്ചു കയറുന്നത് അനുഭവപ്പെട്ടു. കാഴ്ചകളും മങ്ങിത്തുടങ്ങിയപ്പോള്‍, സന്ധ്യയോടെ ഞങ്ങള്‍ കൊടൈക്കനാലിനോട് വിട പറഞ്ഞു.

Tuesday, September 17, 2019

പില്ലര്‍ റോക്കും ആത്മഹത്യാ മുനമ്പും

               പൈന്മരക്കാട്ടില്‍ തണല്‍ ഇല്ല. എങ്കിലും ദീര്‍ഘ യാത്രക്കിടയില്‍ അത്തരം ഒരു സ്ഥലത്ത് ഒരു ചെറിയ വിശ്രമം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് . ചുട്ടുപൊള്ളുന്ന വെയിലില്‍ പില്ലര്‍ റോക്കിന്റെ മുന്നിലെത്തിയപ്പോഴാണ് പൈന്മരക്കാടിന്റെ സുഖം ശരിക്കും അറിഞ്ഞത്.

             400 അടിയോളം ഉയരത്തിലേക്ക് തല ഉയർത്തി തോളോട് തോൾ ചേർന്ന് നില്‍ക്കുന്ന മൂന്ന് കരിങ്കൽ സ്തംഭങ്ങളാണ് പില്ലർ റോക്ക് എന്ന് പറയുന്നത്. ഗുണ കേവുകൾ ഇതിന്റെ അടിഭാഗത്ത് വരെ എത്തുന്നുണ്ട് എന്ന് പറയപ്പെടുന്നു.കരിങ്കൽ സ്തംഭങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന ഇരുണ്ട പ്രദേശമാണ് “ഡെവിള്‍സ് കിച്ചണ്‍” എന്ന് ചിലര്‍ പറയുന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ മാത്രമേ പില്ലർ റോക്ക്കൾ മൂന്നും വ്യക്തമായി കാണാൻ സാധിക്കു. അല്ലാത്ത പക്ഷം അതും ഒരു കൊല്ലിയിലേക്ക് നോക്കുന്ന പ്രതീതി ആയിരിക്കും സൃഷ്ടിക്കുക.
          തണലേകാന്‍ ഒരു സാധനവും ഇല്ലാത്തതിനാല്‍ പില്ലര്‍ റോക്കിലേക്ക് അധിക നേരം നോക്കി നില്‍ക്കാന്‍ സാധിക്കില്ല. വാഹന പാര്‍ക്കിംഗ് സൌകര്യവും കട്ടപ്പൊകയാണ്. പ്രത്യേകിച്ച് ഒരു ആകര്‍ഷണീയതയും ഇല്ലാഞ്ഞിട്ടും ജനം ഇവിടെയും തിക്കിത്തിരക്കുന്നു.

            അടുത്ത സന്ദര്‍ശനം സൂയിസൈഡിംഗ് പോയിന്റിലേക്കാണെന്ന് പറഞ്ഞു. ബസ് നിര്‍ത്തിയത് ചന്ത പോലെ ഒരു സ്ഥലത്തായിരുന്നു. ടൂറിസ്റ്റുകളെ മാത്രം ഉദ്ദേശിച്ച് കൊണ്ടുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ ഒരു നീണ്ട നിര. മനുഷ്യസമുദ്രത്തെ വകഞ്ഞ് മാറ്റി, കടകള്‍ക്കിടയിലൂടെ നടന്ന് നടന്ന് ഞങ്ങള്‍ ഒരറ്റത്ത് എത്തി. ഭൂമി വീണ്ടും അവിടെ അവസാനിച്ചു. ഇനി ഒരു കൊല്ലിയാണ്. ഗ്രില്ല് ഇട്ട് പ്രവേശനം തടഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ അവിടെ നിന്ന് താഴോട്ട് ചാടി ആര്‍ക്കും ആത്മഹത്യ ചെയ്യാന്‍ സാധ്യമല്ല. അഗാധമായ കൊല്ലിയിലേക്ക് നോക്കി ശബ്ദമുണ്ടാക്കി അവിടെ കിടക്കുന്ന ആത്മാക്കളെ ശല്യപ്പെടുത്താം. അതിനാല്‍ തന്നെ ഇപ്പോള്‍ ആ സ്ഥലം സൂയിസൈഡിംഗ് പോയിന്റ് എന്നല്ല അറിയപ്പെടുന്നത്, ഗ്രീന്‍ വാലി വ്യൂ പോയിന്റ് എന്നാണ്.

               കയ്യിലുള്ളതെന്തും തട്ടിക്കൊണ്ടു പോകുന്ന കുരങ്ങന്മാര്‍ ഇവിടെയും ധാരാളമുണ്ട്. അതിനാല്‍ തന്നെ ഒരിക്കലും കയ്യില്‍ സാധനവുമായി ഗ്രീന്‍ വാലി വ്യൂ പോയിന്റ്‌ല്‍ പോകരുത്. കൊടൈക്കനാലിന്റെ പ്രത്യേകതയായ ചെങ്കുത്തായ പാറകള്‍ കാണാം എന്നതിലുപരി ഗ്രീന്‍ വാലി വ്യൂ പോയിന്റും കാഴ്ചയില്‍ വ്യത്യാസമില്ല. കാണാതെ പോയാലും നഷ്ടം ഒന്നും സംഭവിക്കാനില്ല എന്നര്‍ത്ഥം.

                   സമയം ഏകദേശം നാല് മണിയായി. കൊടൈക്കനാലിലെ അവസാന കാഴ്ചയിലേക്ക് ഞങ്ങള്‍ നീങ്ങിത്തുടങ്ങി.അതായിരുന്നു ഈ ടൂറിലെ ഏറ്റവും ഹൃദ്യമായ അനുഭവവും....

(തുടരും...)

Wednesday, September 11, 2019

പൈന്മരക്കാട്ടിലൂടെ ഗുണ കേവിലേക്ക്...

          യൂക്കാലിപ്സ് മരങ്ങളുടെ ഗന്ധവും സൌന്ദര്യവും ആസ്വദിച്ചുകൊണ്ടാണ് ഓരോ സഞ്ചാരിയും ഊട്ടിയില്‍ എത്തുന്നത്. പക്ഷെ സില്‍‌വര്‍ കാസ്ക്കേഡ് എത്തുന്നത് വരെയുള്ള  കൊടൈക്കനാല്‍ റോഡ് ഒരു ആകര്‍ഷണവും ഇല്ലാത്തതായി എനിക്ക് അനുഭവപ്പെട്ടു. അതു കൊണ്ടായിരിക്കാം ഓടിയിട്ടും ഓടിയിട്ടും വണ്ടി അങ്ങോട്ട് എത്താത്തതായി തോന്നിയതും. കൊടൈക്കനാലിനെപ്പറ്റി എനിക്ക് മറ്റു മുന്‍‌ധാരണകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എല്ലാം പുതിയ അനുഭവങ്ങളും അറിവുകളും ആയിരുന്നു.

            കൊല്ലി ദര്‍ശനം കഴിഞ്ഞ് വണ്ടി ഒന്നുരുണ്ടപ്പോഴേക്കും അടുത്ത സ്പോട്ട് ആയി. കൊടൈക്കനാലില്‍ വരുന്ന ഏത് സഞ്ചാരിയുടെയും മനം കവരുന്ന പൈന്‍ ഫോറെസ്റ്റ്. ഒരു ശതാബ്ദത്തിലകം പ്രായമുള്ള മരങ്ങളോട് കൂടിയ പൈന്‍ ഫോറസ്റ്റ്ലേക്ക് ഞങ്ങളും പ്രവേശിച്ചു. ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്ന മരങ്ങളില്‍ കയറി ഇരുന്ന് അല്പ നേരം വിശ്രമിക്കുന്നതിനിടക്ക് എന്തെങ്കിലും കൊറിക്കാം എന്ന ഉദ്ദേശത്തോടെ, തലേദിവസം പഴനിയില്‍ നിന്നും വാങ്ങിയ ചില സാധനങ്ങളും മക്കള്‍ കയ്യില്‍ കരുതിയിരുന്നു. പക്ഷെ കാടിന്റെ അധികാരികളായ കുരങ്ങന്മാര്‍ അവ തട്ടിപ്പറിച്ചത് ഞങ്ങള്‍ എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു.

               Bryant എന്ന മനുഷ്യന്റെ ഭ്രാന്തിന്റെ ഫലമാണ് ഇന്ന് നാം ആസ്വദിക്കുന്ന പൈന്‍ ഫോറസ്റ്റ് എന്നത് പലര്‍ക്കും അറിയില്ല. 1906 ലാണ് അദ്ദേഹം ഈ ഉദ്യമം ആരംഭിച്ചത് എന്ന് ചരിത്രം പറയുന്നു. മരങ്ങള്‍ വലുതായി അതിന്റെ വിത്തും ഇലയും പൂവും കായും പൊഴിഞ്ഞ് പൈന്‍ ഫോറസ്റ്റും വളര്‍ന്ന് വലുതായി. വെറുതെ ഈ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ തന്നെ പ്രണയം മനസ്സില്‍ നുരയാന്‍ തുടങ്ങും. വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിലായിരുന്നു ഇവിടെ വരേണ്ടിയിരുന്നത് എന്ന് അപ്പോള്‍ തോന്നുന്നത് സ്വാഭാവികം മാത്രം.
         പഴനി മുതല്‍ കൊടൈക്കനാല്‍ വരെ വണ്ടിയില്‍ ഇരുന്നതിന്റെ ക്ഷീണം മുഴുവന്‍ പൈന്‍ മരക്കാട്ടില്‍ ഇറക്കിവച്ച് ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി. ഒരു ഇറക്കം ഇറങ്ങിയതും വാഹനം ഒച്ചിഴയും പോലെയായി. അടുത്ത സ്ഥലത്ത് എത്തിയതിന്റെ ലക്ഷണങ്ങളാണ്. ആള്‍ ബഹളവും വണ്ടികളുടെ പാര്‍ക്കിംഗും കേട്ടും കണ്ടും തുടങ്ങി. അപ്പോഴാണ് പുറത്ത് ഒരു ബോര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടത് - ഗുണ കേവ്. ഒപ്പം കണ്ട കടുവയുടെ ചിത്രം പേടിപ്പിച്ചെങ്കിലും കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി.
          പത്ത് രൂപ പ്രവേശന ടിക്കറ്റ് എടുത്തു വേണം കവാടം കടക്കാന്‍. പിന്നെ 
ഒരു അരക്കിലോമീറ്ററോളം നടന്നാലേ കേവിലെത്തൂ. പഴയ സഞ്ചാരികള്‍
ആരൊക്കെയോ ഏന്തിയും വലിഞ്ഞും നോക്കി, 2000 അടിയിലധികം താഴ്ചയുള്ള ഗുഹയിലേക്ക് വീണതിന്റെ ഫലമായി ഗുഹക്ക് മുകളിലൂടെ ഗ്രില്ല് ഇട്ടിരിക്കുകയാണ്. അതിനാല്‍ ഗുഹ കാണാനൊക്കില്ല.  വ്യൂ പോയിന്റ് ആയി കെട്ടി ഉയര്‍ത്തിയ മാടത്തില്‍ കയറിയാല്‍ ചെങ്കുത്തായി കിടക്കുന്ന മറ്റൊരു സ്ഥലം കൂടി കാണാം.

             1992ല്‍ കമലഹാസന്റെ ഗുണ എന്ന ഫിലിം ഇവിടെ വച്ച് ഷൂട്ട് ചെയ്തതോടെയാണ് ഇത് ഗുണ കേവ്‌സ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ചെകുത്താന്റെ അടുക്കള (Devil's Kitchen) എന്നായിരുന്നു ഇതിന്റെ പഴയ പേര് പോലും. ഗുഹ കാണാന്‍ പറ്റിയില്ലെങ്കിലും അവിടെയുള്ള മരങ്ങളുടെ വേരുകള്‍  മണ്ണിന് മുകളിലൂടെ പടര്‍ന്ന് സൃഷ്ടിച്ച കലാരൂപം ആരെയും വിസ്മയപ്പെടുത്തും. ചെകുത്താന്റെ അടുക്കളയില്‍ വാരി വലിച്ചിട്ട വിറക് കൂട്ടത്തില്‍ കയറിയിരുന്ന് ഫോട്ടോ എടുത്തേ ആരും ആ സ്ഥലം വിടൂ. ഞങ്ങളും പതിവ് തെറ്റിച്ചില്ല.
        വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി - പില്ലര്‍ റോക്കിലേക്ക്.

Monday, September 09, 2019

വെല്‍കം ടു കൊടൈക്കനാല്‍

                 കൊടൈക്കനാല്‍ മലനിരകള്‍ മാടി വിളിക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ ഏറെ  പിന്നിട്ടെങ്കിലും വിളിക്കുത്തരം നല്‍കിയത് ഇക്കഴിഞ്ഞ മെയ് ഒന്നിനാണ്. അതുവരെ ഞാന്‍ പോയ ടൂറൊന്നും ആ വഴിക്കായില്ല. പോകാന്‍ അനുമതി ലഭിച്ച ടൂറുകളും വഴിമാറിപ്പോയി. വെല്‍കം ടു കൊടൈക്കനാല്‍ എന്ന ഒരു സിനിമ ഞാന്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെയാണ് റിലീസ് ചെയ്തിരുന്നത്. സിനിമ കാണാത്തതിനാല്‍ അങ്ങനെയും കൊടൈക്കനാല്‍ കാണാനുള്ള അവസരം നഷ്ടപ്പെട്ടു. അവസാനം നാല്പത്തി‌എട്ടാം വയസ്സില്‍ ഞാന്‍ കുടുംബസമേതം തന്നെ കോടൈ മലനിരകളുടെ സൌന്ദര്യം ആസ്വദിക്കാനെത്തിയതോടെ അതെല്ലാം പഴങ്കഥയായി.

                 കൊടൈക്കനാലിലേക്ക് റോഡ് മാര്‍ഗ്ഗം പ്രവേശിക്കുന്ന ആരും മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടിട്ടല്ലാതെ പട്ടണപ്രവേശം നടത്തും എന്ന് എനിക്ക് തോന്നുന്നില്ല. മധുര - കൊടൈക്കനാല്‍ റോഡില്‍ അത് വഴി പോകുന്ന ആര്‍ക്കും ആസ്വദിക്കാവുന്ന രൂപത്തിലാണ് ദൈവം സില്‍‌വര്‍ കാസ്ക്കേഡ് എന്ന ഈ വെള്ളച്ചാട്ടത്തെ സംവിധാനിച്ച് വച്ചിരിക്കുന്നത്. 
              മനുഷ്യ നിര്‍മ്മിതമായ കൊടൈ തടാകം കവിഞ്ഞൊഴുകുന്ന വെള്ളം സൃഷ്ടിക്കുന്നതാണ് ഈ വെള്ളച്ചാട്ടം എന്ന് എവിടെയോ വായിച്ചിരുന്നു. 200 അടിയോളം ഉയരത്തില്‍ നിന്ന് താഴോട്ട് പതിക്കുന്ന വെള്ളം മഞ്ഞുകണങ്ങളായി ദേഹത്ത് പതിക്കുമ്പോള്‍ ദേഹത്തിലൂടെ ഒരു കുളിര്  പാഞ്ഞുകയറും. വെള്ളത്തിലിറങ്ങി കുളിക്കാന്‍ സൌകര്യമില്ലെങ്കിലും കോട പോലെയുള്ള ആ സ്പ്രെയിംഗ് ഒരു അനുഭൂതി തന്നെയാണ്. വേനല്‍ കാലത്ത് വെള്ളച്ചാട്ടം ഒരു വെള്ളിനൂലായി മാറും.
                വിവിധ വിഭവങ്ങളും പഴങ്ങളും തിന്നാനും ഫാന്‍സി സാധനങ്ങള്‍ വാങ്ങാനും പറ്റുന്ന നിരവധി തട്ടുകടകള്‍ സില്‍‌വര്‍ കാസ്ക്കേഡ്  പരിസരത്തുണ്ട്. പണി കിട്ടുമോ എന്ന ഭയം കാരണം ഞാന്‍ കാരറ്റ് മാത്രം വാങ്ങി. പാര്‍ക്കിംഗ് ആണ് ഇവിടെത്തെ ബാലികേറാമല എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.
              സിറ്റിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ കാണുന്നതെന്തും നയനമനോഹരമാണ്. പ്രാതല്‍ കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് വെറുതെയിട്ട ലാന്റ്സ്കേപ് പോലും മനസ്സിന്  കുളിരേകുന്നത് മനസ്സിലാക്കിയത്. ഹോട്ടല്‍ ബില്ല് കിട്ടിയപ്പോള്‍ ആ കുളിര് നീരാവിയായി.
   
             ഭക്ഷണ ശേഷം ഞങ്ങള്‍ മറ്റു കാഴ്ചകള്‍ കാണാനായി ഇറങ്ങി. വണ്ടി കുന്നുകള്‍ പിന്നെയും കയറുന്നത് ശരിക്കും മനസ്സിലാകുന്നുണ്ട്. വളവും തിരിവും കഴിഞ്ഞ് നിരന്നൊരു സ്ഥലത്ത് ധാരാളം വാഹനങ്ങളും ആള്‍ക്കാരും തിക്കിത്തിരക്കുന്ന ഒരു സ്ഥലത്ത് ഞങ്ങളും കാഴ്ച കാണാനിറങ്ങി. കൌണ്ടറില്‍ ഒരാള്‍ക്ക് 10 രൂപ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. ഞാന്‍ ടിക്കറ്റ് എടുത്തും എന്റെ കൂടെയുള്ളവരെല്ലാവരും ടിക്കറ്റ് ഇല്ലാതെയും അകത്ത് കയറി! രണ്ട് കൂട്ടര്‍ക്കും കാണാനുള്ളത് മരങ്ങള്‍ തിങ്ങിയ, നിറയെ വേസ്റ്റുകള്‍ കൊണ്ടിട്ട ഒരു കൊല്ലി  മാത്രം !! മുമ്പെ ഗമിക്കും ഗോ തന്‍ പിമ്പെ ഗമിക്കും ഗോക്കളെല്ലാം എന്ന് പറഞ്ഞപോലെ നിരവധിയാളുകള്‍ പിന്നെയും അങ്ങോട്ട് പ്രവഹിച്ചു കൊണ്ടിരുന്നു.

             പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി ഞങ്ങള്‍ അടുത്ത അട്രാക്ഷന്‍ ആയ പൈന്‍ ഫോറസ്റ്റിലേക്ക് തിരിച്ചു.

(തുടരും...)

Sunday, September 08, 2019

പ്രേമലേഖനം

              പ്രേമം എന്ന വികാരം മനസ്സില്‍ കയറുന്ന പ്രായത്തില്‍ തന്നെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും വായിച്ച ഒരു നോവലായിരുന്നു ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം. പിന്നെയും പല തവണ സാറാമ്മയും കേശവന്‍ നായരും  വായനാ ലിസ്റ്റിലൂടെ കടന്നുപോയി.

            ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയ സുഹൃത്ത് ഖാദര്‍ അവന്റെ മകളുടെ ആവശ്യപ്രകാരം പ്രസ്തുത പുസ്തകം ചോദിച്ചു. ഞാന്‍ ഒരു പുതിയ പുസ്തകം തന്നെ വാങ്ങി അവന് കൊടുക്കാന്‍ തീരുമാനിച്ചു. പുസ്തകം വാങ്ങി കോഴിക്കോട് നിന്നും അരീക്കോട് എത്തുന്നതിനിടക്ക് ഞാന്‍ വീണ്ടും പ്രേമലേഖന വായന പൂര്‍ത്തിയാക്കി.

പ്രിയപ്പെട്ട സാറാമ്മേ,

              ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ  പ്രിയ സുഹൃത്ത് എങനെ വിനിയോഗിക്കുന്നു ?

            ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ് - സാറാമ്മയോ?

           ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് -

സാറാമ്മയുടെ
കേശവന്‍ നായര്‍

              പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും ഈ പാരഗ്രാഫാണ്. ഈ കത്ത് കൊടുക്കുന്നത് മുതല്‍ സാറാമ്മ അത് സ്വീകരിച്ചു എന്ന തെളിവ് ലഭിക്കുന്നത് വരെയുള്ള സംഭവങ്ങളും ആലോചനകളും വിചാരങ്ങളും എല്ലാം നര്‍മ്മ രൂപത്തില്‍ പറഞ്ഞുപോകുമ്പോള്‍ വായനക്കാരനും പുസ്തകത്താളുകളുടെ കൂടെ അറിയാതെ ഒഴുകും.   

                രണ്ട് മതത്തില്‍ പെട്ട സാറാമ്മയും കേശവന്‍ നായരും വിവാഹിതരായി കുഞ്ഞ് പിറന്നാല്‍ ആ കുട്ടിക്ക് ഇടാന്‍ പറ്റുന്ന പേരുകള്‍ വരെ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. ചൈനീസ് പേരായി ‘ഡങ്ക് ഡിങ്കാഹൊ‘ യും റഷ്യന്‍   പേരായി ‘ചപ്ലോസ്കി‘ യും നിര്‍ദ്ദേശിക്കുമ്പോള്‍ ചൈനയിലെയും റഷ്യയിലെയും പേരുകളെപ്പറ്റി ധാരണയുള്ളവര്‍ക്ക് ചിരി പൊട്ടും. അതേ പോലെ ബഷീറിന്റെ സ്വന്തം ചില വാക്കുകളും എല്ലാ കഥകളിലും കാണാറുണ്ട്. ‘ഡുങ്കുടു സഞ്ചി‘ എന്ന വാനിറ്റി ബാഗും ‘ചപ്ലാച്ചി സാധന‘വും എല്ലാം ഈ പുസ്തകത്തിന്റെ സംഭാവനയാണ്.

                പ്രേമത്തെ ‘പരിശുദ്ധ പ്രേമം‘ എന്ന് വിശേഷിപ്പിക്കുന്നതും കഥയുടെ ഏകദേശം അവസാനം വരെ അങ്ങനെത്തന്നെയാണ്. ഇടക്ക് നായകന്‍ ഒരു ചുംബനം ആവശ്യപ്പെടുമ്പോള്‍ ‘ചുംബനകാര്യം നമ്മുടെ കരാറിലില്ലല്ലോ‘ എന്ന് പറഞ്ഞ് കഥാനായിക ഒഴിഞ്ഞ് മാറുന്നു. അതേ നായിക യഥാര്‍ത്ഥ പ്രേമത്തില്‍ എത്തുമ്പോള്‍ ചുംബനവും പ്രേമമെന്ന് ജോലിക്ക് അതുവരെ വാങ്ങിയ ശമ്പളവും എല്ലാം തിരിച്ചു നല്‍കുമ്പോള്‍ വായനക്കാരനും സന്തോഷമാകുന്നു.
               ലളിതമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ പറയുന്ന ശൈലി കാരണം ഈ കുഞ്ഞുപുസ്തകം എനിക്ക് ഇഷ്ടപ്പെട്ടു. 

പുസ്തകം         : പ്രേമലേഖനം 
രചയിതാവ്  :  വൈക്കം മുഹമ്മദ് ബഷീര്‍
പ്രസാധകര്‍  : ഡി.സി ബുക്സ്
പേജ്                 : 60
വില                 : 50 രൂപ

Friday, September 06, 2019

ഒരു പ്രേമലേഖനത്തിന്റെ കഥ

                 ഇംഗ്ലീഷിൽ ലവ് ലെറ്റർ എന്ന് പറയുന്ന സാധനം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അത് പ്രേമലേഖനമായി മാറുന്നത് എങ്ങനെ എന്ന് ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. അല്ലെങ്കിലും ലവ് എസ്സെ എന്ന് പറയുന്നതും പ്രേമക്കത്ത് എന്ന് പറയുന്നതും കേൾക്കാനും വിളിക്കാനും ഒന്നും ഒരു രസവും ഇല്ല - മിഠായി ആകാശം എന്ന് ആരോ പണ്ട് കുട്ടിക്ക് പേരിട്ട പോലെ.

                ഈ നാല്പത്തൊമ്പതാം വയസ്സിൽ പ്രേമലേഖനവും മറ്റും മനസ്സിൽ കയറി വന്നതിന് പിന്നിലുള്ളതും ‘ഒരു വട്ടം കൂടി’ എന്ന എസ്.എസ്.സി ബാച്ച് സംഗമം തന്നെ. അന്ന് പ്രേമിച്ചവരാരും തന്നെ തിരിച്ച് പ്രേമിക്കാത്തതിനാൽ ലവ് ലെറ്റർ എഴുതുകയോ വായിക്കുകയോ ചെയ്യേണ്ടി വന്നില്ല. അല്ലെങ്കിലും വെറുതെ അങ്ങോട്ട് പ്രേമിച്ചിട്ടും തിരിച്ച് പ്രേമിക്കാത്ത സ്ത്രീകൾ ആയിരം ഡബിള്‍ ക്രൂര ഹൃദയർ തന്നെ. ഇപ്പോൾ അവരൊക്കെ പ്രേമിക്കാൻ ആളില്ലാതെ നടക്കുകയാണ് പോലും. അനുഭവിക്കട്ടെ, അന്ന് ചിലവില്ലാതെ ചെയ്യാൻ പറ്റുമായിരുന്നത് ചെയ്യാത്തതിന്റെ ഫലം.

               സംഗമം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് അന്നത്തെ സഹപാഠിയും പ്രായത്തിൽ എന്നെക്കാളും ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നവനുമായ ഖാദറിന്റെ ഫോൺ‌വിളി വന്നത്....

“ആബിദ് ബായ്, ഖാദറാണ്....“

“മനസ്സിലായി....എന്താ പെട്ടെന്ന് ഒരു വിളി...”

“അല്ല...സംഗമത്തിന്റെ അന്ന് ഞാൻ മെല്ലെ സ്കൂട്ടായി...ചെലവൊക്കെ രണ്ടറ്റവും മുട്ടിയോ..?”

“ഓ...അത് എഞ്ചിനീയർ ജാഫറായിരുന്നു കൈകാര്യം ചെയ്തത്... അപ്പോ സിമന്റ് കുറഞ്ഞാലും മണൽ കൂടില്ല .... “

“ ആ...അത് മതി....പിന്നെ ഞാൻ ഇപ്പോൾ വിളിച്ചത്....” ഖാദർ ഒന്ന് നിർത്തി.

“പറയൂ...”

“ബഷീറിന്റെ ഒരു പുസ്തകം ഉണ്ടായിരുന്നല്ലോ...?”

“കപ്പച്ചാലിയുടെതോ....?”

“കപ്പച്ചാലിയാണോ പൂളച്ചാലിയാണോ എന്നെനിക്കറിയില്ല....നമ്മുടെ സുൽത്താൻ ബഷീർ...”

“സുൽത്താൻ ബഷീർ?? അങ്ങനെ ഒരാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ..”

“എട ചെങ്ങായ്....പാത്തുമ്മാന്റെ ആട് എഴുത്യ....”

“ഓ....വൈക്കം മുഹമ്മദ് ബഷീർ....ബേപ്പൂർ സുൽത്താൻ....”

“ആ...അതെന്നെ....മൂപ്പര് എഴുത്യ മറ്റേ പുസ്തകം ഉണ്ടല്ലോ?”

“മറ്റേ പുസ്തകമോ ?”

“ആ ....ഒര് ഒര്...”

“ ഓ....ഒരു ഭഗവത് ഗീതയും കുറെ മുലകളും.....”

“അങ്ങനെ ഒന്നും മൂപ്പര് എഴുതീണോ....ആള് സൂപ്പറാണല്ലോ... എനിക്ക് വേണ്ടത് അതല്ല....പ്രേമം....”

“ഖാദറേ....സംഗമം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നേ ഉള്ളൂ... ആർക്കാ നീ ഈ വയസ്സുകാലത്ത് പ്രേമലേഖനം കൊടുക്കുന്നത് ?” ഞാൻ സ്വരം മാറ്റി.

“ഏയ്....അതൊന്ന് വായിച്ചു നോക്കാനാ....സാധനം നിന്റെ കയ്യിൽ ഉണ്ടോ? ”

“ഉണ്ടോന്നോ...ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഒക്കെയുണ്ട്....നിനക്കേതാ വേണ്ട്യത്...?”

“ഒറിജിനൽ മതി....”

“പക്ഷെ ഒരു കാര്യം...പ്രേമലേഖനം കോപ്പി അടിക്കാനാണെങ്കിൽ ആകെ നാല് വരിയേ അതിൽ ഉള്ളൂ...ചായ കുടിക്കാൻ ഒരു ചായത്തോട്ടം വാങ്ങണോ?”

“ഏതായാലും ഒന്ന് താ...ഞാൻ നിന്റെ വീട്ടിലേക്ക് വരാം...”

ഖാദറിന് ഞാൻ പ്രേമലേഖനം കൈമാറിയിട്ടുണ്ട്. അതിന്റെ 20-20 വെർഷൻ ആർക്കെങ്കിലും കിട്ടിയാൽ ഞാൻ അതിനുത്തരവാദി ആയിരിക്കില്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു.