Pages

Friday, August 30, 2019

ഖാദറിന്റെ മൈ ഹോബി

               സ്കൂൾ കാലഘട്ടത്തിൽ കാക്കൊല്ല പരീക്ഷ എന്ന് കേൾക്കുമ്പോൾ ‘കാക്കൊല്ലം’ എന്താണെന്ന് പോലും മനസ്സിലായിരുന്നില്ല. പിന്നീട് എപ്പോഴോ അതിന്റെ പേര് ഓണപ്പരീക്ഷയായി മാറിയപ്പോഴാണ് അത് എത്രയും പെട്ടെന്ന് ആഗതമാവാൻ പ്രാർത്ഥിക്കാൻ തുടങ്ങിയത്. കാരണം പരീക്ഷ കഴിഞ്ഞാൽ പിന്നെ പത്ത് ദിവസം ഡിങ്ക് ഡിങ്കാ അടിച്ച് നടക്കാം എന്നത് തന്നെ. ഇപ്പോൾ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും എല്ലാം ഈ പരീക്ഷയുടെ പേര് ടേം പരീക്ഷ എന്നാണ് (പകുതി ഇംഗ്ലീഷും പകുതി മലയാളവും ചേർത്ത് നീതിപൂർവ്വമാക്കിയ പേര്) . അത് എന്ന് നടക്കും എന്നത് കാലാവസ്ഥയെ കൂടി ആശ്രയിച്ചാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.

                 വർഷങ്ങൾക്ക് മുമ്പ് , അതായത് കഴിഞ്ഞ നൂറ്റാണ്ടിൽ ഞാൻ എഴുതിയ ഒരു പരീക്ഷയാണ് ഈ പരീക്ഷാകാലത്ത് എന്റെ ഓർമ്മയിൽ ഓടിവരുന്നത്. അന്ന് ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷിൽ My Hobby യും ഹിന്ദിയിൽ “എക് ത്യോഹാറും’ പരീക്ഷയിലെ സ്ഥിരം ഉപന്യാസ ചോദ്യമായിരുന്ന കാലമായിരുന്നു അത്. കടലാസ് തുണ്ട് വച്ചുള്ള കോപ്പിയടി ഒരു നാടൻകലയായി വളർത്തിയവന്, അല്പസ്വല്പം അടുത്തിരിക്കുന്ന അയൽക്കാരനിൽ നിന്നും കൂടി ഒപ്പിച്ചാൽ  ഇംഗ്ലീഷിലും ഹിന്ദിയിലും ജയിച്ച് കയറാൻ ഇത് രണ്ടും മാത്രം മതിയായിരുന്നു.

           മാവേലി വാണിടും കാലം മാനുഷരെല്ലാം ഒന്നു പോലെ എന്ന് പറഞ്ഞപോലെ  “എക് ത്യോഹാറി’ന് കേരളത്തിലെ മുഴുവൻ കുട്ടികളും ഉത്തരം എഴുതുന്നതും ഒന്ന് തന്നെയായിരുന്നു - ഓണം കേരൾ കി ദേശീയ് ത്യോഹാർ ഹെ. വഹ് ശ്രാവൺ മഹീനെ മേം ആത ഹെ.... ഇത്രയും ഹിന്ദിയിൽ എഴുതിയാൽ തന്നെ അവനെ ഹിന്ദിയിലെ രാജാവാക്കുന്ന കാലം കൂടിയായിരുന്നു അത്. അന്ന് മുതൽ തിരഞ്ഞിട്ടും ‘ശ്രാവൺ മഹീനെ‘ കലണ്ടറിൽ ആദ്യമായി കണ്ടത് ഇന്നാണ്.

              അന്നത്തെ ഇംഗ്ലീഷ് പരീക്ഷ ദിനത്തിലാണ് ഈ കഠോര സംഭവം നടന്നത്.ചോദ്യങ്ങള്‍ അത്യാവശ്യം നന്നായി വായിക്കാനും മനസ്സിലാക്കാനും അറിയുന്ന ഫൈസൽ ഉത്തരങ്ങൾ എഴുതി മുന്നേറിക്കൊണ്ടേ ഇരിക്കുന്നത്, തൊട്ടടുത്തിരുന്ന ഖാദറിന് അത്ര ദഹിച്ചില്ല. പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ വലതു മൂലയിൽ ‘Abdulkadr , 9F ,  നബര്‍ 1 ' എന്ന് മാത്രം എഴുതിയിരിക്കുന്നവന്റെ സങ്കടം അറിയാതെ ഫൈസൽ മുന്നേറുമ്പോഴാണ് ഖാദർ മനോഹരമായ ആ കാഴ്ച കണ്ടത് - ഇൻ‌വിജിലേറ്ററായി വന്ന സാവിത്രി ടീച്ചർ മേശയിൽ തലയും വച്ച് സുഖമായി ഉറങ്ങുന്നു !

                 വീണുകിട്ടിയ സുവർണ്ണാവസരം മുതലെടുത്ത് കാദർ ഫൈസലിന്റെ പേപ്പർ വലിച്ചു. ആദ്യം കണ്ടത് തന്നെ ഉപന്യാസ ചോദ്യമായ My Hobby യുടെ ഉത്തരം. വള്ളി പുള്ളി വിടാതെ അക്ഷരം പെറുക്കി പെറുക്കി എടുത്ത് എഴുതി, ഖാദർ തന്റെ ഉത്തരക്കടലാസിന്റെ ഒന്നാം പേജ് ഗംഭീരമാക്കി. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത് ഫൈസലിന് അറിയില്ലെങ്കിലും പിന്നിലെ ബെഞ്ചിലിരുന്ന മുനീറിന്റെയും ലതീഫിന്റെയും നടുവിലേക്ക് ഫൈസലിന്റെ പേപ്പർ വച്ചു കൊടുത്തുകൊണ്ട് ഖാദർ അത് പ്രാവർത്തികമാക്കി.നല്ല സമരിയക്കാരനായി ജാഫർ എല്ലാം നോക്കി ഇരുന്നു. അഞ്ചു വർഷത്തിനിടക്ക് ഒരു ഇംഗ്ലീഷ് പരീക്ഷയിലെങ്കിലും ഉത്തരക്കടലാസിന്റെ ഒന്നാം പേജ് മുഴുവനാക്കാൻ സാധിച്ച സന്തോഷത്തിൽ ഖാദറും കിണ്ണം കാച്ചി മാർക്കുള്ള ഒരു ചോദ്യത്തിന് ഉത്തരം എഴുതിയ സംതൃപ്തിയിൽ ലതീഫും മുനീറും പരീക്ഷ കഴിഞ്ഞിറങ്ങി. എഴുതിയ ഉത്തരം തെറ്റായതിനാൽ പിന്നീടെപ്പോഴോ ഫൈസൽ തന്റെ പേപ്പറില്‍ നിന്ന് അത് വെട്ടിക്കളഞ്ഞത് മൂന്ന് പേരും അറിഞ്ഞില്ല.

                വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം. ഒന്നാം പിരീഡ് തന്നെ ഇംഗ്ലീഷ് ആണ്. ക്ലാസിലേക്ക് വന്ന ലിസി ടീച്ചറുടെ കയ്യിൽ വാല്യു ചെയ്ത ഉത്തരക്കടലാസുകൾ ഉണ്ട്. ഇത്തവണ ഇംഗ്ലീഷിൽ പാസ്‌ ആകും എന്ന അമിത ആത്മവിശ്വാസത്തിൽ ഖാദറും മുനീറും ലതീഫും ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഹാജർ വിളി കഴിഞ്ഞ് ടീച്ചർ ഉത്തരക്കടലാസിന്റെ കെട്ടെടുത്തു.

“അബ്ദുൽ ഖാദർ “ ടീച്ചർ ആദ്യത്തെ പേരു വിളിച്ചു. പേപ്പർ വാങ്ങാനായി ഖാദർ ധൃതിയില്‍ ചെന്നു.

“നിന്റെ ഹോബി എന്താ ?” ടീച്ചറുടെ അപ്രതീക്ഷിത ചോദ്യം കേട്ട് ഖാദർ ഞെട്ടി. മുൻ ബെഞ്ചിലിരിക്കുന്ന ഫൈസലിനെ ഖാദർ ദയനീയമായി ഒന്ന് നോക്കി. അതുവരെ നെഞ്ച് വിരിച്ചിരുന്ന മുനീറിന്റെയും ലതീഫിന്റെയും നെഞ്ച് കാറ്റുപോയ ബലൂൺ പോലെയായി.

“ഖാദറിന്റെ അതേ ഹോബിയുള്ള രണ്ട് മഹാന്മാർ കൂടിയുണ്ടിവിടെ...ആ രണ്ട് പേരും കൂടി ഇങ്ങോട്ട് വന്നാട്ടെ ....“ ലിസി ടീച്ചർ പറഞ്ഞു. ആരാണ് ആ മഹാന്മാർ എന്ന് ക്ലാസ് ഒന്നടങ്കം നോക്കി നിന്നു. ആരും സീറ്റിൽ നിന്നുയർന്നില്ല.

“ അബ്ദുൽ മുനീർ .... അബ്ദുൽ ലതീഫ്...ഇങ്ങോട്ട് വാ... നിങ്ങളുടെ രണ്ട് പേരുടെയും ഹോബി എന്താണ്?” മുനീറും ലതീഫും സീറ്റില്‍ നിന്നെണീറ്റു.

“ടീച്ചറെ...കോപ്പിയടി...അവർ എന്റേത് കോപ്പിയടിച്ചതാ...” ഖാദർ തട്ടിവിട്ടു.

“ആഹാ...നീ ആരാ ഹരിശ്ചന്ദ്രനോ ?” ടീച്ചർ ഖാദറിനോട് ചോദിച്ചു.

“ ഞാന്‍ അബ്ദുല്‍ഖാദറാണ്... ഹരി അതാ അവിടെ...ചന്ദ്രന്‍ മറ്റേ ക്ലാസിലാ..“

“ഹോക്കി ആരുടെ ഹോബിയാ ?” മൂന്നുപേരോടുമായി ടീച്ചർ ചോദിച്ചു.

“ഫൈസലിന്റെ..” ഖാദര്‍ പെട്ടെന്ന് പറഞ്ഞു.

“ഹോക്കി എന്താണെന്നറിയോ നിനക്ക് ?”

“മുനീറിനറിയാം...ലതീഫിനും...” ഖാദര്‍ വേഗം തടിയൂരാന്‍ ശ്രമിച്ചു.

“ഇവര്‍ എഴുതിയ ഉത്തരം ജാഫര്‍ വായിക്കും...ജാഫര്‍ വരൂ...” ടീച്ചര്‍ നീട്ടിയ പേപ്പര്‍ വാങ്ങി ജാഫര്‍ വായിക്കാന്‍ തുടങ്ങി.

“മൈ ഹോബി ഇസ് ഹോക്കി. ഹോബി ആന്റ് ഹോക്കി ആര്‍ സിമിലര്‍ ബട്ട് ഡിഫറന്റ്. ദാറ്റ് ഇസ് എ സ്മാള്‍ സ്പെല്ലിംഗ് മിസ്റ്റേക്. ബട്ട് ഐ ലവ് ഹോക്കി. ദാറ്റ് ഇസ് മൈ ഹോബി. ആള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്റ് സിസ്റ്റേഴ്സ്.ഐ ലവ് ഹോക്കി സോ ദേ ആള്‍സൊ ലവ് ഹോക്കി. ഇംഗ്ലീഷ് സ്പീക്കിങ് മെന്‍ പ്ലെ ഹോക്കി. സൊ ഐ ലവ് ഇംഗ്ലീഷ്. സൊ ഹോക്കി ഇസ് മൈ ഹോബി. ലാസ്റ്റ് ആന്റ് ഫൈനലി ഹോക്കി ഇസ് പ്ലേയ്ഡ് വിത് എ അംബ്രെല്ല ലെഗ്......“

“മതി മതി....ഫൈസല്‍ ഇത്രയും എഴുതിയത് പിന്നീട് വെട്ടിയത് മഹാന്മാര്‍ അറിഞ്ഞില്ല അല്ലേ ? ഹോക്കി എന്നാല്‍ ഒരു ഹോബിയല്ല....അതൊരു തരം കളിയാണ്...ഹോബി എന്നാല്‍ നേരം പോക്കിനായി ചെയ്യുന്ന കാര്യങ്ങളാണ്. നാളെ മൈ ഹോബി അഞ്ച് തവണ എഴുതിയിട്ട് ക്ലാസില്‍ കയറിയാല്‍ മതി.” മൂന്നു പേരോടുമായി ടീച്ചര്‍ പറഞ്ഞു.

          ഫൈസലിനെ രൂക്ഷമായി നോക്കിക്കൊണ്ട് ഖാദര്‍ സീറ്റില്‍ പോയി ഇരുന്നു. ലതീഫും മുനീറും പിന്നാലെയും. അന്നുമുതല്‍ മുനീറിന്റെ ഒന്നാം പിരീഡ് സ്കൂളിന് തൊട്ടടുത്ത കുഞ്ഞുണ്ണിയുടെ ചായക്കടയിലായി. ഖാദറിന് രാവിലെ അര മണിക്കൂര്‍ കൂടി അധികം ഉറങ്ങാനും സമയം കിട്ടി. ആരോ എഴുത്തിക്കൊടുത്ത മൈ ഹോബി അഞ്ച്ച് തവണ എഴുതി ലതീഫ് ക്ലാസിലും കയറി.

15 comments:

Areekkodan | അരീക്കോടന്‍ said...

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ പ്രവാഹം തുടങ്ങിയിട്ട് 13 വര്‍ഷം തികയുന്നു. ഈ ബ്ലോഗില്‍ ആയിരത്തി മുന്നൂറാമത്തെ പോസ്റ്റിട്ടുകൊണ്ട് ആഘോഷിക്കട്ടെ.

സുധി അറയ്ക്കൽ said...

നല്ല ഓർമ്മ.ഇതൊക്കെയെങ്ങനെയാ ഓർത്തിരിക്കുന്നതെന്നാ!!/!/!/!!/



മഹത്തായ പോസ്റ്റിനു അതിമഹത്തായ ആശംസകൾ.

Areekkodan | അരീക്കോടന്‍ said...

സുധീ...നന്ദി. അത് ഇന്നലെ ഞങ്ങളുടെ പത്താം ക്ലാസ് ഗ്രൂപില്‍ സ്മരിച്ചതാ.ഇതുപോലെ കുറെ എണ്ണം ഇന്നലെ കിട്ടി...വഴിയെ വരും, ഇന്‍ഷാ അല്ലാഹ്

Manu Manavan Mayyanad said...

ചെറുപ്പത്തിലെ ചെറിയ വല്യ പിഴവുകളുടെ തിരിച്ചറിവുകളാണ് ഭാവിയിലെ പക്വതയായ തീരുമാനങ്ങളെടുക്കുവാൻ നമ്മെ സഹായിക്കുന്നത് . Good One .

Areekkodan | അരീക്കോടന്‍ said...

മനു ... ഇവർ എല്ലാം ഇപ്പോൾ നല്ല വ്യവസായികളാണ്

Geetha said...

തോന്ന്യാക്ഷരങ്ങൾ എന്ന ഒരു സീരിയൽ അമൃത ചാനൽ സംപ്രേഷണം ചെയുന്നതറിയോ മാഷേ . ഈ പേര് കണ്ടോണ്ട് ചോദിച്ചതാ ട്ടോ
എത്ര രസകരമായ ഓർമ്മകൾ. .. ഇവയൊക്കെ ഇത്രയും വിശദമായി തന്നെ ഓർത്തിരിക്കുന്നല്ലോ . .രസകരമായ ഓർമ്മകൾ ല്ലേ

Areekkodan | അരീക്കോടന്‍ said...

ഗീതാജി...വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ അറിയില്ല. പുതിയതായി ഒരു എസ്.എസ്.സി കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കൂടി വന്നതാണ് ഈ കഥ.ഇനിയും വരും!!

© Mubi said...

ഹോബി വായിച്ച് ചിരിച്ചു പോയി... എന്നാലും ഫൈസൽ ഇങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു :) :)

Areekkodan | അരീക്കോടന്‍ said...

മുബീ... അത് തന്നെയാ ഞങ്ങളെ SSC ഗ്രൂപ്പിലും ചർച്ചാ വിഷയം.

shajitha said...

sooooooooooper

Areekkodan | അരീക്കോടന്‍ said...

ഷാജിത...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

13 വര്ഷം പിന്നിട്ടതിന് അഭിനന്ദനങ്ങൾ കേട്ടോ ഭായ്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....നന്ദി

uttopian said...

13 വർഷം... 😍🥰🙏🙏ബ്ലോഗിങ് ക്ഷയിച്ച സമയത്തും നിരന്തരം ബ്ലോഗ് ചെയ്തതിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പ്യാ...ഇതാണെന്റെ ഹോബി !!കുതിരപ്പവൻ സ്വീകരിക്കുന്നതോടൊപ്പം നിങ്ങളൊക്കെ ഇവിടെയുണ്ടെങ്കിൽ ബ്ലോഗിംഗ് ക്ഷയിക്കില്ല എന്നോർമ്മിപ്പിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക