Pages

Wednesday, December 30, 2015

അന്ന് .....ഇന്ന്......നാളെ.

അങ്ങനെ 2015ഉം വിടപറയാന്‍ ഒരുങ്ങുന്നു.ജീവിതത്തിന്റെ ഒരു വര്‍ഷം കൂടി യവനികക്കുള്ളിലേക്ക് നീങ്ങുമ്പോള്‍ ചില കാഴ്ചകളും മോഹങ്ങളും മനസ്സില്‍ മായാതെ തന്നെ നില്‍ക്കുന്നു.

അഞ്ചാറ് ദിവസം മുമ്പ് എന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ഫോട്ടോയാണ് താഴെ.


ഓര്‍മ്മകളെ വര്‍ഷങ്ങള്‍ പിന്നോട്ട് വലിക്കുന്ന ഒരു ചെമ്മണ്‍പാത.

അന്ന് .....ആ പാതയിലൂടെയായിരുന്നു ഞാനും എന്റെ കൂടെപ്പിറപ്പുകളും പിന്നെ ഞങ്ങളുടെ കോളനിയിലെത്തന്നെ എന്റെ സമപ്രായക്കാരും സ്കൂളിലേക്ക് നടന്നുപോയിരുന്നത്.കഷണ്ടി കയറിയ തലയില്‍ വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങി , തോളില്‍ ഒരു തോര്‍ത്തുമുണ്ടുമിട്ട് ഈ വഴിയിലൂടെത്തന്നെ മമദ്ക്കായുടെ കാളവണ്ടിയും പോകാറുണ്ടായിരുന്നു.പിന്നെ എവിടെ നിന്നോ പുറപ്പെട്ട് മുക്കിയും മുരണ്ടും ഞങ്ങളുടെ സ്കൂളിന്റെ മുറ്റത്ത്, ഉപ്പ്മാവിനുള്ള ഗോതമ്പുമായെത്തുന്ന ഒരു ഫാര്‍ഗോ ലോറിയും ഈ പാതയിലെ പൊടി പറത്താറുണ്ടായിരുന്നു.ഗോതമ്പ് വരുന്നത് അമേരിക്കയില്‍ നിന്നായതിനാല്‍ ഈ ഫാര്‍ഗോ ലോറിയും അമേരിക്കയില്‍ നിന്നാണ് പുറപ്പെടുന്നത് എന്നായിരുന്നു കുട്ടികളായ ഞങ്ങളുടെ കോമണ്‍സെന്‍സ്.

ഇന്ന്......പുല്‍തൈലത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിറക്കുന്ന കാട്ടു പുല്ലുകള്‍  അതിരിടുന്ന ഈ ചെമ്മണ്‍ പാതയിലൂടെയായിരുന്നു മഞ്ഞുകണങ്ങളുടെ മൃദുസ്പര്‍ശനം ഏറ്റുവാങ്ങി രാത്രി 11 മണിക്ക് ഞാന്‍ എന്റെ റൂമില്‍ എത്തിയിരുന്നത്.സൂര്യന്‍ ഉണരുന്നതിന് മുമ്പ് ഈ പാതയിലൂടെ തന്നെ തിരിച്ച് നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചു - എന്റെ കൈ പിടിച്ച് , എന്റെ ഹൃദയത്തോട് ചേര്‍ന്ന്, ആ ഹിമ കണങ്ങളോട് കിന്നാരം പറഞ്ഞ് ,ദൂരെ ആ മഞ്ഞിലേക്ക് അലിഞ്ഞ് ചേരാന്‍ എന്റെ പ്രിയതമയും മക്കളും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍.

നാളെ......ഈ ചെമ്മണ്‍പാതയുടെ നിറം മാറും.കാലവും കാലനും തെറ്റിയതിനാല്‍ ഈ മഞ്ഞുതുള്ളികളും പിടഞ്ഞ് മരിക്കും.കാട്ടുപുല്ലുകള്‍ ബുള്‍ഡോസറുകള്‍ക്കടിയില്‍ ഞെരിഞ്ഞമരും.ഈ ദു:ഖം അനുഭവിച്ച് ഞാനും എന്റെ പ്രിയതമയും  മണ്ണിനടിയില്‍ നിന്നും ഒരു ദീര്‍ഘശ്വാസം വിടും.കാരണം ഞങ്ങളുടെ മക്കളടക്കമുള്ള നിരവധി മനുഷ്യരും ജന്തുക്കളും നിസ്സഹായരായി ഇതെല്ലാം നോക്കി നില്‍ക്കും.


Monday, December 28, 2015

ഒരു സപ്തദിന ക്യാമ്പ് കൂടി...

            അങ്ങനെ അതും സമാപിച്ചു.വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ എന്‍.എസ്.എസ് ചരിത്രത്തിലേക്ക് ഒരു സപ്തദിനക്യാമ്പ് കൂടി ചേര്‍ക്കപ്പെട്ടു.എന്റെ അറിവില്‍ 1999ല്‍ ആരംഭിച്ച കോളേജിലെ വെറും രണ്ടാമത്തെ സപ്തദിനക്യാമ്പ്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് ഞാന്‍ നേതൃത്വം നല്‍കുന്ന അഞ്ചാമത്തെ സപ്തദിനക്യാമ്പ് ആയിരുന്നു ഇത്. സപ്തദിനക്യാമ്പിലെ ദിനങ്ങളുടെ എണ്ണത്തില്‍ ഈ ക്യാമ്പിലൂടെ പ്രോഗ്രാം ഓഫീസര്‍ ആയി ഞാന്‍ ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കി.

           തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ക്യാമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞങ്ങളുടെ സ്വന്തം കാമ്പസിലേക്ക് തന്നെ മാറ്റി. തലപ്പുഴയേയും പരിസര പ്രദേശങ്ങളേയും വിറപ്പിച്ചുകൊണ്ട് ഒരു കടുവ നാട്ടില്‍ ചുറ്റുന്നതിന്റെ വാര്‍ത്ത കാരണമായിരുന്നു ഈ അപ്രതീക്ഷിത സ്ഥലം മാറ്റം.”നാളെക്കായ് മണ്ണൊരുക്കാം” എന്ന മുദ്രാവാക്യവുമുയര്‍ത്തി ഒരു ത്രീ ഇന്‍ വണ്‍ പരിപാടി ആയിരുന്നു ഞങ്ങള്‍ ക്യാമ്പിനായി ആസൂത്രണം ചെയ്തിരുന്നത്.


          വീടുകളില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ അതത് വീടുകളില്‍ തന്നെ സംസ്കരിച്ച് വളമാക്കി, തിരി ജലസേചനം വഴി വളരെ കുറഞ്ഞ അളവില്‍ വെള്ളമുപയോഗിച്ച് പരിപാലിക്കുന്ന ഒരു ജൈവപച്ചക്കറി കൃഷിതോട്ടത്തില്‍ ഉപയോഗിക്കാനായിരുന്നു ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടിരുന്നത്.വെള്ള ശേഖരിക്കാനായി പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആ രൂപത്തിലുള്ള മാലിന്യവും മാറിക്കിട്ടുന്നു.മാത്രമല്ല വിഷരഹിത പച്ചക്കറിയും ലഭിക്കുന്നു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സാമ്പത്തിക പിന്തുണ തേടിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ലഭിച്ചില്ല. അതിനാല്‍ തന്നെ 100 വീടുകളില്‍ ചെയ്യാനുദ്ദേശിച്ച പദ്ധതി 30 വീടുകളിലേക്കാക്കി ചുരുക്കി.

           പക്ഷേ ക്യാമ്പ് കോളേജിലേക്കാക്കി മാറ്റിയതോടെ അടുത്ത പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി.49 പേര്‍ പങ്കെടുക്കാന്‍ സമ്മതം മൂളിയിരുന്ന ക്യാമ്പിലെ അംഗസംഖ്യ പൊടുന്നനെ പകുതിയിലും താഴേക്ക് കൂപ്പുകുത്തി.ഹരിതശ്രീ എന്ന ജൈവപച്ചക്കറി കൃഷി പദ്ധതി മുഴുവനായും മാറ്റി ഒരു ഡാറ്റ എന്‍‌ട്രി വര്‍ക്ക് ചെയ്യേണ്ടതായി വന്നു.കാന്റീന്‍ നടത്തിപ്പുകാരനെ തന്നെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ ഏല്പിക്കാം എന്ന് കരുതിയെങ്കിലും ഒരു ക്യാമ്പിന് നിരക്കാത്ത ഭക്ഷണരീതിയും നിരക്കുകളും ആയതിനാല്‍ എന്റെ ഇതുവരെയുള്ള എല്ലാ ക്യാമ്പിലും ചെയ്തപോലെ, കുട്ടികള്‍ സ്വയം പാകം ചെയ്യുക എന്ന തീരുമാനമെടുത്തു.ഫണ്ടിന്റെ അഭാവം പി.ടി.എ യുടെ സഹകരണം കാരണം അറിഞ്ഞില്ല. അങ്ങനെ പരിമിതികള്‍ എല്ലാം ഒരുവിധം ഒതുക്കി ഡിസമ്പര്‍ 18ന് തുടങ്ങിയ ക്യാമ്പ് ഡിസമ്പര്‍ 25ന് അവസാനിച്ചപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.


          പങ്കെടുത്ത 23 പേരില്‍ അഞ്ചോ ആറോ പേര്‍ മാത്രമായിരുന്നു നേരത്തെ ഒരു എന്‍.എസ്.എസ് ക്യാമ്പ് അറ്റന്റ് ചെയ്തവര്‍.അവര്‍ക്ക് പോലും ഈ ക്യാമ്പ് പുതുമയായി.അപ്പോള്‍ പിന്നെ ആദ്യമായിട്ട് ക്യാമ്പ് അറ്റന്റ് ചെയ്തവരുടെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.എല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്നതിനാല്‍ പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് എനിക്ക് അവരുടെ മേല്‍നോട്ടം മാത്രമേ നിര്‍വ്വഹിക്കേണ്ടി വന്നുള്ളൂ.ക്യാമ്പിലെ എല്ലാ പരിപാടികളും പ്രവര്‍ത്തനങ്ങളും സമയക്രമങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ ആസ്വദിച്ച് നിര്‍വ്വഹിച്ചപ്പോള്‍ ഒരാള്‍ക്കും അവയൊരു ബുദ്ധിമുട്ടായി തോന്നിയില്ല.രണ്ടാം ദിവസം സ്ഥലം വിടാന്‍ ഉദ്ദേശിച്ചിരുന്നവര്‍ പോലും 7 ദിവസം കഴിഞ്ഞതറിഞ്ഞില്ല പോലും. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എന്റെ മുന്‍ എന്‍.എസ്.എസ് സെക്രട്ടറിയായിരുന്ന അപര്‍ണ്ണ കൂടി എത്തിയതോടെ ക്യാമ്പിന്റ്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൃത്യമായി വളണ്ടിയര്‍മാരില്‍ എത്തി.


         7 ദിവസം മുമ്പ് ഒരു കൂട്ടം മാത്രമായിരുന്ന 23 പേര്‍  7 ദിവസത്തിന് ശേഷം വ്യക്തമായ ലക്ഷ്യമുള്ള ഒരു സംഘമായി മാറിയപ്പോള്‍ വേര്‍പിരിയലിന്റെ വേദനകള്‍ പലരുടെയും കണ്ണില്‍ നിന്നും തുള്ളികളായി  അടര്‍ന്നു വീണു.ക്യാമ്പ് പിരിച്ചുവിടല്‍ അനിവാര്യമായതിനാല്‍ , രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കാമ്പസില്‍ കണ്ടുമുട്ടാമെന്ന സമാധാന വാക്കുകളോടെ ആ ആരാച്ചാര്‍ കര്‍മ്മം ഞാന്‍ നിര്‍വ്വഹിച്ചു.പിടക്കുന്ന മനസ്സുകളെ സാക്ഷിനിര്‍ത്തി, 7 ദിവസമായി വാനിലുയര്‍ന്ന് പറന്നിരുന്ന  എന്‍.എസ്.എസ് പതാക  ഞാന്‍ താഴ്ത്തിയതോടെ ക്യാമ്പ് ഔദ്യോഗികമായി സമാപിച്ചു.

ആനവണ്ടി വീണ്ടും ആനവണ്ടിയാവുന്നു....

     രണ്ട് ആനകള്‍ അപ്പുറവും ഇപ്പുറവും തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്നത് കേരള സര്‍ക്കാരിന്റെ ഔദ്യ്യോഗിക ചിഹ്നമായത് എന്ന് മുതലാണെന്ന് എനിക്കറിയില്ല.കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ കാണാറുള്ള, നാട്ടിലൂടെ ഓടിയിരുന്ന ഏക കെ.എസ്.ആര്‍.ടി.സിലാണ് ആ ചിഹ്നം ഞാന്‍ ആദ്യമായി കണ്ടത്.അതു കൊണ്ട് തന്നെ ഊരും പേരും എഴുതാത്ത ഈ ബസ്സിനെ ഞങ്ങള്‍ “ആനവണ്ടി” എന്ന് വിളിച്ചു. ആഗോളവല്‍ക്കരണം വരുന്നതിന് എത്രയോ മുമ്പായിരുന്നു ഈ നാമകരണം.പക്ഷേ കെ.എസ്.ആര്‍.ടി.സിയെ ആകോ(ര)ളതലത്തില്‍ “ആനവണ്ടി” എന്ന് വിളിച്ചിരുന്നതായി പിന്നീട് അറിഞ്ഞു.ആനയെപ്പോലെ ചെളിപുരണ്ടത് കൊണ്ടാണോ ഈ പേര്‍ വന്നതെന്നും അറിയില്ല.

ksrtc-logo

        പ്രസ്തുത “ആനവണ്ടി” ചരിത്രത്തിന്റെ ഏതോ കാലയവനികക്കുള്ളില്‍ പോയിമറഞ്ഞു. ”മനസാ വാചാ കര്‍മ്മണാ” എന്ന 1970കളിലെയോ 80കളിലെയോ സിനിമയുടെ, ചിത്രകാരന്‍  വരച്ച പരസ്യം കൂടി ആ “ആനവണ്ടി” പേറിയിരുന്നതായി ചെറിയൊരു ഓര്‍മ്മപ്പിശക് ഇന്നും നിലനില്‍ക്കുന്നു.കാലം മാറിയതിനനുസരിച്ച് “ആനവണ്ടി”യുടെ കോലങ്ങളും മാറി മാറി വന്നു.

             “ആനവണ്ടി”ക്ക് ചുവപ്പ് നിറം മാത്രമല്ല ഉള്ളത് എന്നും നിറങ്ങള്‍ക്കനുസരിച്ച് ചാര്‍ജ്ജില്‍ വ്യത്യാസമുണ്ട് എന്നതും ഞാന്‍ മനസ്സിലാക്കിയത് ഡിഗ്രി പഠനം കഴിഞ്ഞപ്പോഴാണ്. തീവണ്ടിയില്‍ ടിക്കറ്റെടുക്കുന്നതും കയറുന്നതും എങ്ങനെയെന്ന് അറിയാത്തതിനാല്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പല പരീക്ഷകള്‍ക്കും ഞാന്‍ പോയിരുന്നത് ആന വണ്ടിയിലായിരുന്നു.ഫാസ്റ്റ് പാസഞ്ചര്‍ എന്നും എക്സ്പ്രസ് എന്നും ബോര്‍ഡും വച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് അറിയാത്തതിനാല്‍ അന്നും ഇന്നും പലര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ കയറാന്‍ മടിയാണ് അല്ല പേടിയാണ്.


       സി.പി.എമ്മിന്റെ ചുവപ്പ് നിറത്തിന് ശേഷം മുസ്ലീം ലീഗിന്റെ പച്ചനിറവും കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ നിറങ്ങളില്‍ സ്ഥാനം പിടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളില്‍ ബി.ജെ.പിക്കും ശക്തമായ സാന്നിദ്ധ്യം ലഭിച്ചതോടെ പുതിയ ബസ്സുകള്‍ കാവി നിറത്തിലും ഇറങ്ങിത്തുടങ്ങി.

      ഒരേ ഒരു കെ.എസ്.ആര്‍.ടി.സി മാത്രം ഓടിയിരുന്ന എന്റെ നാട്ടിലൂടെ ഇന്ന് അന്ത:സംസ്ഥാന സര്‍വീസുകളടക്കം എത്ര എണ്ണം നടക്കുന്നു എന്ന് എനിക്കറിയില്ല. ബസ്‌സ്റ്റാന്റില്‍ ഏത് സമയവും ഒരു കെ.എസ്.ആര്‍.ടി.സി ബസ്  എങ്കിലും ഇല്ലാത്ത സമയം ഇപ്പോഴില്ല. വിരോധാഭാസമെന്ന് പറയട്ടെ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ആനവണ്ടി ഓടിയിരുന്ന അരീക്കോട്-കൊണ്ടോട്ടി റൂട്ടില്‍ മാത്രം ഇപ്പോള്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ് പോലും ഇല്ല. 2 വര്‍ഷം മുമ്പ് വരെ കൊച്ചിയില്‍ മാത്രം കണ്ട് അസൂയപ്പെട്ടിരുന്ന എ.സി ലോഫ്ലോര്‍ വോള്‍‌വൊ കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ട് മാസം മുമ്പ് നാട്ടിലൂടെ സര്‍വീസ് നടത്താന്‍ തുടങ്ങി.ഇപ്പോള്‍ കെ.യു.ആര്‍.ടി.സി ആണെന്ന് മാത്രം .


      എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സുകള്‍ വന്നതോടെ ബസ്സുകളുടെ ശരീര സൌന്ദര്യവും വര്‍ദ്ധിച്ചിരുന്നു.നിറയെ ചെളി പിടിച്ച് പൊട്ടി പഴകിയ ചുവപ്പന്‍ വണ്ടികള്‍ മനസ്സിന്റെ കോണുകളില്‍ നിന്നും കുടിയൊഴിഞ്ഞിരുന്നു. പക്ഷെ തിരുവനന്തപുരത്ത് ഈയിടെ മാത്രം സര്‍വീസ് തുടങ്ങിയ നോണ്‍ എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സിന്റെ മുമ്പും പിമ്പും കണ്ടപ്പോള്‍ ഞാന്‍ നാണിച്ചുപോയി.വൃത്തികേടിന്റെ പര്യായമായി വൃത്തിയുള്ള കേരളീയനെ കൊഞ്ഞനം കുത്തി തലസ്ഥാന നഗരിയിലൂടെ ഓടുന്ന ആ ബസ്സിനെക്കാളും എത്രയോ വൃത്തിയുണ്ടായിരുന്നു, ഒരു കാലത്ത് അണ്ണാച്ചി എന്ന് നാം പുച്ഛത്തോടെ വിളിച്ചിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക്. ഇങ്ങനെ ആനവണ്ടി വീണ്ടും ആനവണ്ടിയായാല്‍ കെ.എസ്.ആര്‍.ടി.സി വെള്ളാനയായി തന്നെ തുടരും എന്ന് തീര്‍ച്ച..

ചിത്രങ്ങള്‍ക്ക് കടപ്പാട് : http://www.ksrtcblog.com

Thursday, December 17, 2015

സാർത്ഥകം ഈ ക്യാമ്പ് ജീവിതം

            ഏത് നിമിഷത്തിലാണ് അങ്ങനെ ഒരു ക്യാമ്പ് സംഘടിപ്പിക്കാൻ എനിക്ക് തോന്നിയത് എന്ന് ഇന്നും അജ്ഞാതമാണ്.പക്ഷെ എന്നെപ്പോലും അമ്പരപ്പിച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 130ലധികം കുട്ടികൾ ആ ക്യാമ്പിനെത്തി.ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അവർക്ക് നൽകേണ്ട എൻ.എസ്.എസ് പ്രവർത്തന മണിക്കൂറുകൾ നൽകാനായിട്ടായിരുന്നു അവധി ആഘോഷിക്കുന്ന ഒന്നാം വർഷക്കാർക്ക്, ഞാൻ ഒറ്റക്ക് ഒരു ത്രിദിന പകൽ ക്യാമ്പ് സംഘടിപ്പിച്ചത് (അതെ സംവിധാനവും തിരക്കഥയും സംഭാഷണവും സംഘട്ടനവും അഭിനയവും എല്ലാം ഞാൻ - Santhosh Pandit be ware!)

            അതേ ദിവസം തന്നെ ചില സഹപ്രവർത്തകർ ക്ലാസ്സും വച്ചപ്പോൾ കുട്ടികൾ എൻ.എസ്.എസ് ക്യാമ്പിന് മുൻ‌ഗണന നൽകി (അതിന് ഞാനെന്ത് പിഴച്ചു ?). കുട്ടികളില്ലാതെ ക്ലാസ് മുടങ്ങിയതോടെ പഴി മുഴുവൻ എനിക്കായി , എൻ.എസ്.എസിനായി. നിർബന്ധമായും എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് കുട്ടികളെ ക്ലാസ്സിൽ നിന്നും ഇറക്കിക്കൊണ്ടുപോയ കശ്മലൻ പോലും ആയി ഞാൻ! ഈ ഇറക്കിക്കൊണ്ടുപോക്ക്  ഏത് ഉട്ടോപ്പിയയിൽ സംഭവിച്ചതാണെന്ന് എനിക്കും എന്റെ ക്യാമ്പിലിരുന്ന മക്കൾക്കും മനസ്സിലായില്ല.

            ചിരിയും ചിന്തയും കളിയും കാര്യവും സമന്വയിപ്പിച്ച് ആ ത്രിദിന ക്യാമ്പ് സമാപിച്ചു.കുട്ടികൾ എഴുതി നൽകിയ ഫീഡ്‌ബാക്ക് വായിച്ചപ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടി.മടിപിടിച്ച് വന്ന പലർക്കും ക്യാമ്പ് സമാപിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായം. കാമ്പസിൽ വന്നിട്ട് ആറ് മാസമായെങ്കിലും മറ്റു ക്ലാസ്സുകളിൽ ഒരു സൌഹൃദവും ഇല്ലാതിരുന്നവർക്ക് ഒരു പിടി പുതിയ സുഹൃത്തുക്കളെ സമ്മാനിച്ച ക്യാമ്പ്.....സ്റ്റേജിൽ കയറാൻ പേടിച്ചിരുന്ന പലർക്കും അത് മാറ്റി എടുത്ത ക്യാമ്പ്....സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ ക്യാമ്പ്....സർവ്വോപരി ഒരു പിടി നല്ല ഗുണങ്ങൾ പരിശീലിച്ച ക്യാമ്പ്.


           എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പ് ഏറെ ഉപകാരപ്രദമായി എന്ന അവരുടെ തന്നെ സാക്ഷ്യപത്രങ്ങൾ, കുറ്റപ്പെടുത്തലുകളുടെ നോവിനെ തുടച്ചുനീക്കുന്നു.എന്റെ പ്രിയപ്പെട്ട മക്കൾ തന്ന ആ ഊർജ്ജത്തിൽ നിന്നും നാളെ, എന്റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ വാർഷിക സപ്തദിന ക്യാമ്പ് ആരംഭിക്കുന്നു.

Tuesday, December 15, 2015

ജാതിമരം എന്ന തേക്ക് മരം !!

             2014ലെ മരം കോച്ചുന്ന തണുപ്പിൽ ഞങ്ങൾ അന്ന് ഒത്തുകൂടി. കേരളത്തിൽ ഇങ്ങ്നെയൊരു തണുപ്പ് ഈ അടുത്ത കാലത്തൊന്നും ഇല്ലായിരുന്നല്ലോ എന്നായിരിക്കും. ശരിയാണ്, ഞങ്ങളന്ന് ഒത്തുചേർന്നത് കിലോമീറ്ററുകൾ അകലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണകൾ ഇന്നും അണയാതെ നിൽക്കുന്ന പഞ്ചാബിലെ ജാലിയൻവാലാബാഗിൽ ആയിരുന്നു. ആ മണ്ണിൽ നിൽക്കുമ്പോൾ സിരകളിൽ രക്തം ഒഴുകുകയായിരുന്നില്ല , മറിച്ച് തിളച്ചു മറിയുകയായിരുന്നു. 2014ലെ നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലുധിയാനയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ജാലിയൻവാലാബാഗ് സന്ദർശിച്ചത്.


      ആ സ്മരണകൾക്ക് രണ്ട് വർഷം പ്രായമാകുമ്പോൾ അന്ന് കൂടെയുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഒരു മോഹം – ഒന്ന് കൂടി ഒത്തുചേരണം.മിക്കവരും ഇന്നും വിദ്യാർത്ഥികൾ ആയതിനാലും ഞാൻ കോഴിക്കോട് വിട്ട് വയനാടിന്റെ ഒരു അറ്റത്ത് ആയതിനാലും സ്ഥലവും സമയവും ആയിരുന്നു പ്രധാന തടസ്സം.പക്ഷെ ഒറ്റ തീരുമാനത്തിൽ ആ തടസ്സം അലിഞ്ഞു – ഡിസമ്പർ 13ന് എന്റെ വീട്ടിൽ ആ സംഗമം തീരുമാനിക്കപ്പെട്ടു. 

      ഒത്തുചേരൽ ഗൂഢാലോചനാ സൂത്രധാരൻ ഷിജിൻ വർഗ്ഗീസ് പന്തളത്ത് നിന്നും വണ്ടി കയറി.കാഞിരപ്പള്ളി അച്ചായൻ ആൻസൻ ഹർളി മാത്യുവിനെ വഴിയിൽ നിന്നെവിടെ നിന്നോ വണ്ടിയിൽ തള്ളിക്കയറ്റി.കുസാറ്റിൽ വിദ്യാർത്ഥിനിയായ കണ്ണൂർകാരി അളകനന്ദയെ എറണാകുളത്ത് നിന്നും തോണ്ടി എടുത്തു.കരിവീരൻ ഫ്രെഡ്ഡി തോംസൺ വണ്ടി തടയാനായി ചാലക്കുടിയിൽ നിൽപ്പുണ്ടായിരുന്നു.ഒരു ചെറുവിരൽ സഹായത്തിന് ഗുരുവായൂരിൽ നിന്ന് ഹരീഷ് രാമചന്ദ്രനെയും വരുത്തിയിരുന്നു.പാലക്കാട്ടുകാരി ശ്രീവിദ്യ ഷൊർണ്ണൂരിൽ സംഘത്തോടൊപ്പം ചേർന്നു.ലീഡർ സുധിൻ കോഴിക്കോട് സ്റ്റേഷനിൽ എല്ലാവരെയും പ്രതീക്ഷിച്ച് സ്വന്തം കാറിൽ കാത്തിരുന്നു.

      ഒരു 12 മണിയോടെ എത്തും എന്ന് പ്രതീക്ഷിച്ച ടീം എന്റെ വീട്ടിൽ 11 മണിക്ക് മുമ്പേ ഭൂമി കുലുക്കിയതോടെ വീട്ടുകാരി അങ്കലാപ്പിലായി.പിന്നെ ജ്യൂസും പിന്നാലെ ചായയും ഒരു വിധം ഒപ്പിച്ച് ബിരിയാണി ചെമ്പ് അടുപ്പിൻ പുറത്ത് കയറ്റുമ്പോൾ സമയം 1 മണിയോടടുത്തിരുന്നു.ചായക്ക് വച്ച് കൊടുത്തിരുന്ന പ്ലേറ്റുകൾ എല്ലാം കാലിയായപ്പോൾ സുധിന്റെ വക ഒരു റിക്വസ്റ്റ് – 
സാർ , അടുത്ത് എവിടെയെങ്കിലും ഒന്ന് പോയി വരാം.

      വണ്ടി ഉള്ളതിനാലും നട്ടുച്ച സമയമായതിനാലും ഒരു മണിക്കൂർ കൊണ്ട് പോയി വരാവുന്ന നിലമ്പൂരിലേക്ക് കനോലി പ്ലോട്ട് കാണാൻ ഞങ്ങൾ തിരിച്ചു. എൻ.എസ്.എസിന്റെ പല പരിപാടിക്കും എന്റെ കൂടെ കൂടാറുള്ള മക്കൾ ലുഅയും ലൂനയും ഞങ്ങളുടെ കൂടെ കൂടി.
ഉച്ചക്ക് ഒന്നേമുക്കാലോടെ ഞങ്ങൾ കനോലി പ്ലോട്ടിൽ എത്തി.


 തൂക്കുപാലത്തിൽ കയറിയപ്പോൾ പലരുടെയും ഹൃദയത്തിന്റെ “ഉത്സാഹം” വർദ്ധിക്കുന്നത് പുറത്തേക്ക് കേട്ടു.


തേക്ക് കാണണമെങ്കിൽ അക്കരെ എത്തണം എന്നതിനാൽ താഴെ കുത്തിയൊഴുകുന്ന നദിയിലേക്ക് നോക്കാതെ നടന്ന് ഒരുവിധം അക്കരെ പിടിച്ചു.പാലത്തിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ധാരാളം പേർ വേറെയും ഉണ്ടായിരുന്നു.


“ഓ…ഇത്രയധികം ജാതി മരമോ ?” പ്ലോട്ടിൽ കയറിയ ഉടനെ അളകനന്ദയുടെ കമന്റ്.

“എവിടെ ?” നിരവധി തവണ ഇവിടെ സന്ദർശിച്ചിട്ടും ഒരു ജാതി മരവും കാണാത്തതിനാൽ ഞാൻ ചോദിച്ചു.

“ഇതാ ഇവിടെ…. അതാ അവിടെ….” അളക ഓരോന്നായി ചൂണ്ടിക്കാട്ടി.

“ഇതിനാണ് ഞങ്ങൾ തേക്ക് എന്ന് പറയുന്നത്…“ ഞാൻ പറഞ്ഞു.

“കണ്ണൂരിൽ ഞങ്ങൾ ഇതിനെ ജാതി എന്നാണ് പറയുന്നത്…“ അളക പറഞ്ഞു.

“എങ്കിൽ അത് വല്ലാത്തൊരു ജാതി തന്നെ…“ ലീഡർ വാ തുറന്നു.

“സംശയമുണ്ടെങ്കിൽ നിങ്ങൾ ഗൂഗിളിൽ വിക്കിപീഡിയ ചെയ്തു നോക്കൂ…“ അളകയുടെ അടുത്ത കമന്റ്.

നടത്തത്തിനിടയിൽ ഞങ്ങൾ “മുട്ടൻ” തേക്കിനടുത്തെത്തി.
“ഇത് അത്ര ഉയരം ഒന്നും ഇല്ലല്ലോ…?” അളകയുടെ സംശയം വീണ്ടും.

“ഉയരമല്ല , വണ്ണത്തിലാണ് കാര്യം…“ ഉയരം കുറഞ്ഞ ഹരീഷ് അവസരം മുതലാക്കി.

“വണ്ണവും അധികമില്ലല്ലോ…“

“എങ്കിൽ ഒന്ന് വട്ടം ചുറ്റി പിടിക്കൂ…“


    അങ്ങനെ മൂന്ന് തടിമാടന്മാർ പിടിച്ചിട്ടും കൈ കൂട്ടിമുട്ടാതെ വന്നപ്പോൾ ആ തേക്കിന്റെ വണ്ണം എല്ലാവർക്കും ബോദ്ധ്യമായി.

    5ൽ കൂടുതൽ ഏക്കറിൽ ഇത്തരം നൂറിലധികം തേക്ക് മരങ്ങൾ ഉണ്ട്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ് ഈ തോട്ടം നട്ടു പിടിപ്പിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട് - അഡ്മിഷൻ ഫീ പത്ത് രൂപ , തിങ്കളാഴ്ച അവധി ദിനമാണ്.നിലമ്പൂർ എത്തുന്നതിന് മുമ്പ് വടപുറം പാലം കഴിഞ്ഞ് ഉടനെ ഇടത്തോട്ട് ആണ് പ്ലോട്ട്.


     എൻ.എസ്.എസ് വളണ്ടിയർമാരുടെ കൂടെയാകുമ്പോൾ പലപ്പോഴും എന്റെ വയസ്സും പകുതി കുറയും. അതിനാൽ തന്നെ അവസരം കിട്ടുമ്പോഴെല്ലാം ഈ വലയത്തിൽ എന്നും എന്റെ സാന്നിദ്ധ്യം ഞാൻ ഉറപ്പ് വരുത്താറുണ്ട്.    വിശപ്പിന്റെ വിളി തുടങ്ങിയതിനാലും ഇടിയുടെ ഗർജ്ജനങ്ങൾ കേട്ട് തുടങ്ങിയതിനാലും ഒരു മണിക്കൂർ ചെലവഴിച്ച് ഞങ്ങൾ തിരിച്ചു പോന്നു.

(Photos By Hareesh Ramachandran & Ansen Hurly Mathew)

Saturday, November 28, 2015

എന്റ് പോയിന്റ് (ഒരു മണിപ്പാല്‍ യാത്ര - 4)

 ആദ്യം ഇത് വായിക്കുക )       
     
              റൂമില്‍ വിശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള “എന്റ് പോയിന്റി”നെപ്പറ്റി അംജദ് അറിയിച്ചത്. ആ പേരിന്റെ പിന്നിലുള്ള കാരണം തിരക്കിയെങ്കിലും അംജദിന് അതിനെപ്പറ്റി അറിയില്ലായിരുന്നു.അതിനാല്‍ തന്നെ ഭൂമി അവസാനിക്കുന്ന സ്ഥലമായ (?)എന്റ് പോയിന്റ് കാണാന്‍ ഞങ്ങള്‍ മൂന്ന് ഓട്ടോറിക്ഷകളിലായി പുറപ്പെട്ടു.
             എന്റ് പോയിന്റ് ഉദ്ദേശിച്ചപോലെ ഒരു ഒഴിഞ്ഞ സ്ഥലം ആയിരുന്നില്ല.മണിപ്പാല്‍ സിറ്റിയുടെ തന്നെ അധിപനായ ടി.എം.എ പൈയുടെ അധീനതയില്‍ തന്നെയുള്ളതും ഇന്ന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളതുമായ വിശാലമായ ഒരു പ്രദേശം തന്നെയാണ് എന്റ് പോയിന്റ്.ഒരു ഫുട്ബാള്‍ ഗ്രൌണ്ടും ഒരു ക്രിക്കറ്റ് ഗ്രൌണ്ടും വിശാലമായ പാര്‍ക്കും പിന്നിട്ട് ഞങ്ങള്‍ എന്റ് പോയിന്റ്ന്റെ എന്റിലേക്ക് കുതിച്ച് നടന്നു – സൂര്യാസ്തമനം കാണാന്‍.
             സായാഹ്ന സവാരിക്കും നടത്തത്തിനും ഇറങ്ങിയ നിരവധി മധ്യവയസ്കര്‍ ഇരു ഭാഗങ്ങളിലേക്കും നീങ്ങുന്നുണ്ടായിരുന്നു. ജോഡികളായി നീങ്ങുന്ന നിരവധിപേരും ഉണ്ടായിരുന്നു.രാവിലെ 6 മണി മുതല്‍ 8 മണി വരേയും വൈകിട്ട് 4 മണിമുതല്‍ 6.30 വരെയും ആണ് സന്ദര്‍ശന സമയം.

              ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് മറ്റൊരു വഴി തുറക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെയുള്ള ആ വഴിയെ ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.അങ്ങനെ എന്റ് പോയിന്റ്ന്റെ എന്റിലെ വാച്ച് പോയിന്റിലെത്തി.അങ്ങകലെ സ്വര്‍ണ്ണ നദി ഒഴുക്ക് നിലച്ചുപോയ പോലെ കണ്ടു.              സൂര്യാസ്തമനം പ്രതീക്ഷിച്ചപോലെ നയനാന്ദകരമായിരുന്നില്ല. അസ്തമയം കഴിഞ്ഞ് ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയതോടെ സെക്യൂരിറ്റിക്കാരന്റെ വിസിലുകളും മുഴങ്ങാന്‍ തുടങ്ങി.അങ്ങനെ എന്റ് പോയിന്റ്ല്‍ നിന്നും ഞങ്ങള്‍ തിരിച്ച് പോന്നു.
              രാത്രി ഭക്ഷണം എന്ന വിടവാങ്ങല്‍ ഭക്ഷണത്തിനായി ഞങ്ങള്‍ വീണ്ടും Dollopsല്‍ എത്തി.അംജദിന്റെ സഹമുറിയന്മാരെയും കൂടി വിളിച്ച് വരുത്തി വിഭവസ‌മൃദ്ധമായ അത്താഴവും കഴിച്ച് ഞങ്ങള്‍ വീണ്ടും റൂമിലെത്തി.പിറ്റേന്ന് പുലര്‍ച്ചെ കോഴിക്കോട്ടേക്കുള്ള വണ്ടി പിടിക്കാനായി ഒരു ടാക്സിയും ഏല്പിച്ചു.അസമയത്ത് ആണെങ്കിലും ദൂരം കുറവായതിനാല്‍ ആ മാന്യന്‍ വെറും 400 രൂപയേ ഈടാക്കിയുള്ളൂ.ഉഡുപ്പി സ്റ്റേഷനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വണ്ടിയില്‍ കയറി തിരിച്ചതോടെ ഈ യാത്രക്കും വിരാമമായി.

Friday, November 27, 2015

മാല്പെ ബീച്ച് (ഒരു മണിപ്പാല്‍ യാത്ര - 3)

 ആദ്യം ഇത് വായിക്കുക )
               മാല്പെ ബീച്ച് കാഴ്ചയില്‍ ഒരു ശംഖുമുഖം ബീച്ച് തന്നെയാണ് – ആ മത്സ്യ്കന്യക ഇല്ല എന്ന് മാത്രം.കടലിലൂടെ ഒരഞ്ച് മിനുട്ട് റൈഡ് ചെയ്യാന്‍ ഒരാള്‍ക്ക് മാത്രം കയറാവുന്ന സ്പീഡ് ബോട്ട് പോലെയുള്ള ഒരു വാഹനം തിരകളെ മുറിച്ച് കുതിച്ച് പാഞ്ഞുകൊണ്ടിരിക്കുന്നുണ്ട് – അല്‍പം ധൈര്യം ഉണ്ടെങ്കില്‍ 100 രൂപ വെള്ളത്തിലാക്കാന്‍ എളുപ്പ മാര്‍ഗ്ഗം !ഞാന്‍ കപ്പല്‌യാത്ര ആസ്വദിച്ചതിനാലും എന്റെ കൂടെയുള്ളവര്‍ എല്ലാവരും “ധൈര്യം കവിഞ്ഞൊഴുകുന്നവരായതിനാലും” ഈ വെള്ളത്തിലാശാനില്‍ ഞങ്ങള്‍ ആരും കയറിയില്ല.ഞാനും കുട്ടികളും തിരമാലകളുമായി സല്ലപിക്കാന്‍ കടലിലേക്കിറങ്ങി.

               മാല്പെ ബീച്ചില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു കൊച്ചുദ്വീപ് കാണാം.സെന്റ് മേരീസ് ദ്വീപ് എന്നാണതിന്റെ പേര്.മാല്പെയില്‍ നിന്നും മണ്‍സൂണ്‍ കാലത്തൊഴികെ ദ്വീപിലേക്ക് ബോട്ട് സര്‍വീസുണ്ട് പോലും.1498ല്‍ വാസ്കൊഡഗാമ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.               നേരം ഇരുട്ടിത്തുടങ്ങിയതോടെ ഞങ്ങള്‍ കരയിലേക്ക് കയറി.അപ്പോഴേക്കും ഗണേശചതുര്ഥിയോടനുബന്ധ്ധിച്ചുള്ള ഒരു ഘോഷയാത്ര ഗണേശവിഗ്രഹ നിമജ്ജനത്തിനായി അവിടെ എത്തി.ഘോഷയാത്രയുടെ ഭാഗമായി നടത്തിയ വെടിക്കെട്ട് പ്രകടനം കൂടി ആസ്വദിച്ച ശേഷം ബീച്ചിലെത്തിയ അതേ വാഹനത്തില്‍ ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചു.               അടുത്ത ദിവസം അംജദ് പഠിക്കുന്ന കോളേജ് കാണാനായി ഞങ്ങള്‍ പുറപ്പെട്ടു.വിശാലമായ ആ സാമ്രാജ്യത്തില്‍ ഇണക്കുരുവികളായി പലകോണുകളിലും ചേക്കേറി ഒഴിവ്ദിനം ആസ്വദിക്കുന്നവരായിരുന്നു വളരെയധികം പേരും.കാമ്പസിനകത്ത് തന്നെയുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ മാത്രം എന്റെ കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു.ഹോസ്റ്റല്‍ ബ്ലോക്കുകളിലെ “X” ബ്ലോക്കിന് രണ്ട് നില മാത്രമേയുള്ളൂ .കാഴ്ചയിലും പഴഞ്ചനാണ്.പക്ഷേ 1400ലധികം മുറികളുള്ള ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഹോസ്റ്റല്‍ ആണ് അതെന്നത് ഞങ്ങളിലത്ഭുതമുളവാക്കി.


ഹോസ്റ്റലും കോളേജും കണ്ട് കഴിഞ്ഞ ഉടനെ അംജദിന്റെ ലോക്കല്‍ഗാര്‍ഡിയനായ സാദിക് ഭായിയുടെ ഫോണ്‍കാള്‍ വന്നു - രാവിലെ പറഞ്ഞുറപ്പിച്ച പ്രകാരം അദ്ദേഹവും സുഹൃത്തും കാറുമായി കാമ്പസില്‍ എത്തിയിട്ടുണ്ട്, ഉച്ചഭക്ഷണത്തിനായി ഞങ്ങളെ കൊണ്ടുപോകാന്‍ !
              ഉഡുപ്പിയിലും പരിസരങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസും മറ്റുമായി കഴിയുന്ന സാദിക് ഭായ് ടൌണില്‍ നിന്നും അല്പം മാറി ഒരു ഫ്ലാറ്റിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. വിഭവസ‌മൃദ്ധമായ ഒരു സല്‍ക്കാരമായിരുന്നു ഞങ്ങളുമായി മുന്‍ പരിചയം ഒന്നുമില്ലാത്ത ആ സുഹൃത്ത് ഞങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നത് – അദ്ദേഹവും കുടുംബവും അന്ന് നോമ്പിലായിരുന്നു ! മണിപ്പാലില്‍ എത്തിയതു മുതല്‍ അംജദിന്റെ ഈദാഘോഷങ്ങളെല്ലാം സാദിക് ഭായിയുടെ കുടുംബത്തോടൊപ്പമായിരുന്നു.ആ കുടുംബത്തോടൊപ്പം കുറേ നേരം ചെലവഴിച്ച ശേഷം ഞങ്ങള്‍ അതേ കാറുകളില്‍ അംജദിന്റെ റൂമില്‍ എത്തി. ബാചിലേഴ്സ് മാത്രം താമസിക്കുന്ന ആ റൂമിന്റെ “വൃത്തിയും വെടിപ്പും” കണ്ട് സ്ത്രീകള്‍ ആ വഴിയെ തിരിഞ്ഞു.

(എന്റ് പോയിന്റ് വിശേഷങ്ങൾ അടുത്ത അദ്ധ്യായത്തിൽ .....) 

            

Thursday, November 26, 2015

സിമ്പിളാണ് ബട്ട് ഹൌസ്ഫുളാണ് (ഒരു മണിപ്പാല്‍ യാത്ര - 2 )

 ( ആദ്യം ഇത് വായിക്കുക )      
               പുറത്ത് എവിടെയും ആ ഭോജനശാലക്ക് നെയിം ബോര്‍ഡുകളില്ല.പേര്‍ ഉള്ളത് മെനുകാര്‍ഡില്‍ മാത്രം! നേരെ കണ്ടാല്‍ ചെറിയ ഒരു കട.അകത്ത് കയറിയാല്‍ ചുരുങ്ങിയ സ്ഥലം വളരെ നന്നായി മാനേജ് ചെയ്ത ഹോട്ടല്‍.10ഉം 20ഉം പേരടങ്ങുന്ന സംഘങ്ങളായി വരുന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്ക് കൂട്ടമായി ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ ഞൊടിയിടയില്‍  സംവിധാനമൊരുക്കുന്നതില്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അതിനാല്‍ തന്നെ Dollops എപ്പോഴും ഹൌസ്ഫുള്‍ ആണ്.ഇന്നത്തെ ഡയലോഗില്‍ പറഞ്ഞാല്‍ Dollops സിമ്പിളാണ് ബട്ട് ഹൌസ്ഫുളാണ്.
               ഞങ്ങള്‍ക്കാവശ്യമായ 12 സീറ്റുകള്‍ നിമിഷങ്ങള്‍ക്കകം തന്നെ റെഡിയായി.സീറ്റിലിരുന്ന ഉടന്‍ തന്നെ മുമ്പില്‍ ഗ്ലാസ്സുകളും നിരന്നു.പിന്നാലെ എത്തിയത് ബ്രൌണ്‍ നിറത്തിലും പച്ചനിറത്തിലുമുള്ള കുപ്പികള്‍ ആയിരുന്നു.എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട് വീടിന്റെ നേരെ എതിര്‍വശത്ത് ഉണ്ടായിരുന്ന കള്ളള്ഷാപ്പിന്റെ ഉള്ളിലായിരുന്നു ആദ്യമായി ഞാന്‍ അത്തരം കുപ്പി കണ്ടത്! ഇപ്പോള്‍ വിദേശമദ്യം ലഭിക്കുന്നത് അത്തരം കുപ്പികളില്‍ ആണ് പോലും !               കര്‍ണ്ണാടകയിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് എന്നതിനാലും Dollopsന്റെ മുഖ്യ ഉപഭോക്താക്കള്‍ വിദ്യാര്‍ത്ഥികള്‍ ആണ്  എന്നതിനാലും ഈ കുപ്പിക്കകത്തെ സാധനത്തെപ്പറ്റി ആദ്യമേ ഒരു സംശയം ഉയര്‍ന്നു.അതിനാല്‍ തന്നെ അതില്‍ നിന്നും അല്പമെടുത്ത് നാവില്‍ വച്ച് എന്‍റ്റെ അമ്മായിയമ്മ ടെസ്റ്റ് ചെയ്തു.പച്ചവെള്ളമാണ് കൊണ്ടുവന്നത് എന്ന് ബോധ്യമായപ്പോള്‍ എല്ലാ ഗ്ലാസ്സുകളിലും വെള്ളം നിറഞ്ഞു.അല്പ സമയത്തിനകം തന്നെ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളും മേശപ്പുറത്തെത്തി.വിശപ്പിന്റെ അസുഖം സുഖപ്പെടുത്താന്‍ എല്ലാവരും സ്വയം മത്സരിച്ചതിനാല്‍ പ്ലേറ്റുകള്‍ പെട്ടെന്ന് പെട്ടെന്ന് കാലിയായിക്കൊണ്ടിരുന്നു.
              Dollopsലെ ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നേരെ റൂമിലേക്ക് പുറപ്പെട്ടു.ടൌണില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള “ജനനി” ലോഡ്ജില്‍ ആയിരുന്നു അംജു ഞങ്ങള്‍ക്കായി 5 ബെഡ്ഡുകളുള്ള ഫാമിലി റൂം എടുത്തിരുന്നത്.യഥാര്‍ത്ഥത്തില്‍ ഒരു വാതിലുള്ള രണ്ട് റൂം ആയിരുന്നു അത്.അതിനാല്‍ തന്നെ വിശാലമായ സൌകര്യങ്ങള്‍ ഉണ്ടായിരുന്നു.റൂം വാടകയും ഹൃദ്യമായിരുന്നു – ഒരു ദിവസത്തിന് 1000 രൂപ.
             അല്പ നേരത്തെ വിശ്രമത്തിന് ശേഷം വൈകിട്ട് നാലരയോടെ ഞങ്ങള്‍ നാടുകാണാനിറങ്ങി.മണിപ്പാല്‍ എന്നത് എഡുക്കേഷണല്‍ സിറ്റിയും തൊട്ടടുത്ത ഉഡുപ്പി എന്നത് ടെമ്പിള്‍ സിറ്റിയും ആണെന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച പ്രഥമ വിവരം.പിന്നെ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിക്കഴിഞ്ഞാല്‍ ചില കാഴ്ചകള്‍ കാണാനുണ്ടായിരുന്നു.പക്ഷേ ഒന്നൊന്നര മണിക്കൂര്‍ യാത്ര ചെയ്യാനുണ്ട്.അതിനാല്‍ തന്നെ കൂടുതല്‍ ആലോചിച്ച് സമയം കളയാതെ ഏറ്റവും അടുത്തുള്ള ബീച്ചായ മാല്പെ ബീച്ച്  കാണാനായി ഞങ്ങള്‍ തൊട്ടടുത്ത സിറ്റിയായ ഉഡുപ്പിയിലേക്ക് ബസ് കയറി.
              ഇതിനിടയില്‍ ഭാര്യാ സഹോദരീഭര്‍ത്താവിന്റെ, ആ നാട്ടുകാരനായ ഒരു സുഹൃത്ത് ഞങ്ങളെ കാണാനായി കുടുംബ സമേതം ലോഡ്ജില്‍ എത്തിയിരുന്നു.ഈ വിവരമറിഞ്ഞ് ഞങ്ങള്‍ ഉഡുപ്പി സ്റ്റാന്റില്‍ കാത്ത് നിന്നു.അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം പിന്നീട് ബീച്ച് യാത്ര അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു.

(ബീച്ച്  കാഴ്ചകൾ അടുത്ത അദ്ധ്യായത്തിൽ .....) 


             

Tuesday, November 24, 2015

ഒരു മണിപ്പാല്‍ യാത്ര

                   മംഗലാപുരം പട്ടണത്തില്‍ നിന്നും ബസ്സില്‍ വെറും ഒന്നര മണിക്കൂര്‍ ദൂരം (ട്രെയിന്‍ ആണെങ്കില്‍ ഒരു മണിക്കൂറിലും താഴെ) അകലെയുള്ള പട്ടണമാണ്  ഉഡുപ്പി. ഉഡുപ്പി ബ്രാഹ്മണന്മാര്‍ എന്ന് പലതവണ കേട്ടിട്ടുണ്ടെങ്കിലും അവരുടെ പ്രത്യേകത എന്ത് എന്ന് ഇതുവരെ ഞാന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ രുചികരമായ ഇഡ്‌ലി ലഭിക്കുന്ന ഹോട്ടലുകളാണ് ഉഡുപ്പി ഹോട്ടല്‍ എന്ന് മാനന്തവാടി സര്‍വ്വീസിലെ കഴിഞ്ഞ ഏടിലെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.കൊല്ലൂര്‍ , ധര്‍മസ്ഥല , കുന്ദാപുര തുടങ്ങീ ക്ഷേത്ര നഗരങ്ങളിലേക്ക് പോകുന്നതും ഉഡുപ്പി വഴിയാണെന്ന ധാരണയും എനിക്കുണ്ടായിരുന്നു.
                 ഈ ഉഡുപ്പിയില്‍ നിന്നും ഏഴോ എട്ടോ കിലോമീറ്റര്‍ മാത്രം അകലെയുള്ള എഡുക്കേഷണല്‍ സിറ്റിയാണ് മണിപ്പാല്‍.ഭാര്യാസഹോദരീ മകന്‍ അംജദ് പഠിക്കുന്ന മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ കുടുംബസമേതം ഒരു യാത്രക്ക് ഒരുങ്ങിയത്.
                മംഗലാപുരം റെയില്‍‌വേ സ്റ്റേഷനിലിറങ്ങിയപ്പോള്‍ തന്നെ ഉഡുപ്പി ബസ് അവിടെ കിടപ്പുണ്ടായിരുന്നു.”എക്സ്പ്രസ്” എന്ന വലിയ ബോറ്ഡ് ഉണ്ടെങ്കിലും കെട്ടിലും മട്ടിലും എന്റെ മലപ്പുറം ബസ്സിന്റെ നാലയലത്ത് പോലും എത്തുന്നവയായിരുന്നില്ല അവ.അതിനാല്‍ തന്നെ ഞാന്‍ അതില്‍ കയറാന്‍ മടിച്ചു.ലോ ഫ്ലോറ് എ.സി ബസ്സുകളും നോണ്‍ എ.സി ബസ്സുകളും കേരളത്തിലെ എല്ലാ ജില്ലകളില്‍ കൂടിയും ഒഴുകാന്‍ തുടങ്ങിയതോടെ , എറണാകുളത്ത് പോകുമ്പോള്‍ മാത്രം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന ആ സുഖയാത്ര നാട്ടിലും ലഭ്യമായിരുന്നു. അതില്‍ കയറി ഒന്ന് കൂടി യാത്ര ചെയ്യണം ഭാര്യയും മക്കളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് മംഗലാപുരത്ത് നിന്ന് മണിപ്പാലിലേക്ക് ലോ ഫ്ലോറ് എ.സി ബസ്സുകള്‍ ഉള്ള വിവരം അംജദ് അറിയിച്ചത്. കുടുംബത്തിന്റെ ആഗ്രഹം സാധിപ്പിക്കാന്‍ സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ച് ഞങ്ങള്‍ മംഗലാപുരം ബസ്‌സ്റ്റാന്റില്‍ എത്തി.
                സ്റ്റാന്റിലെ ഏറ്റവും അവസാനത്തെ ടെര്‍മിനലില്‍ നിന്ന് അരമണിക്കൂര്‍ ഇടവിട്ടാണ് കര്‍ണ്ണാടക RTC യുടെ ചുവന്ന നിറത്തിലുള്ള ലോ ഫ്ലോറ് എ.സി ബസ്സുകള്‍ മണിപ്പാലിലേക്ക് പുറപ്പെടുന്നത്.നൂറ് രൂപയില്‍ താഴെയാണ് ബസ് ചാര്‍ജ്ജ്.പ്രൈവറ്റ് ബസ്സുകള്‍ ഇടതടവില്ലാതെ ഓടുന്നുണ്ട്.അവ എല്ലാം എക്സ്പ്രസ് സര്‍വീസുകള്‍ ആയതിനാല്‍ ചാര്‍ജ്ജില്‍ വലിയ വ്യത്യാസമില്ല.പതിനൊന്നര മണിക്ക് മംഗലാപുരം വിട്ട ഞങ്ങള്‍ കൃത്യം ഒരു മണിക്ക് മണിപ്പാല്‍ ലാസ്റ്റ് സ്റ്റോപ്പായ ടൈഗര്‍ സര്‍ക്കിളില്‍ ഇറങ്ങി.കേരളത്തില്‍ നിന്ന് കുടി‌ഇറങ്ങിയ മഴ ഞങ്ങളോടൊപ്പം ആ സമയത്ത് മണിപ്പാലില്‍ പെയ്തിറങ്ങി.
                യാത്രയിലാണെങ്കിലും ആമാശയവിപുലീകരണം മനുഷ്യന് അനിവാര്യമാണ്. മംഗലാപുരത്ത് നിന്ന് പ്രാതല്‍ കഴിച്ചിരുന്നെങ്കിലും എല്ലാവര്‍ക്കും വിശപ്പിന്റെ വിളി അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.അങ്ങനെ അംജദ് നയിച്ച പ്രകാരം തൊട്ടടുത്ത് തന്നെയുള്ള ഡോളപ്സ്ല് (Dollops)ല്‍ ഞങ്ങളെത്തി.
(ആമാശയ വിപുലീകരണം അടുത്ത അദ്ധ്യായത്തിൽ .....) 

Sunday, November 15, 2015

ഡെല്‍ഹിയിലേക്ക് വീണ്ടും....

                 1992-ല്‍ ആദ്യമായി ഡെല്‍ഹി എന്ന മഹാനഗരത്തില്‍ എത്തുമ്പോള്‍ എന്തൊക്കെ കാണണം എവിടെയൊക്കെ പോകണം എന്നൊന്നും ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. അലീഗഡ് വരെ എത്തിയപ്പോള്‍ ആഗ്ര കണ്ടു.ഇനി ഡെല്‍ഹി കൂടി കണ്ടിട്ട് തിരിച്ച് പോകാം എന്നൊരു തോന്നലില്‍ ഡെല്‍ഹിയില്‍ എത്തി.കല്യാണം കഴിഞ്ഞിട്ട് പുതുപെണ്ണിനെയും കൂട്ടി ഡെല്‍ഹി ഒന്ന് കാണണമെന്ന് അന്ന് മനസ്സില്‍ വെറുതെ പറഞ്ഞിട്ടു.

                 കല്യാണവും സല്‍ക്കാരവും ഒക്കെ കഴിഞ്ഞ് ഒരു കുഞ്ഞും പിറന്ന് അവള്‍ എല്‍.കെ.ജിയില്‍ എത്തിയപ്പോഴാണ് 2003ല്‍ അനിയന്റെ ഇന്റര്‍വ്യൂ ആവശ്യാര്‍ത്ഥം യാദൃശ്ചികമായി അടുത്തയാത്ര തരപ്പെട്ടത്. രണ്ടാമത്തെ മോളെ ഗര്‍ഭം പേറിയായിരുന്നു അന്ന് ഭാര്യ എന്റെ കൂടെ ആഗ്രയിലും ഡെല്‍ഹിയിലും ആദ്യമായി എത്തിയത്.ഇനി മക്കളെ എല്ലാവരേയും കൂട്ടി ഡെല്‍ഹി കാണണം - അന്ന് ഭാര്യ മനസ്സില്‍ പറഞ്ഞിരുന്നുവോ ആവോ?

               2012ല്‍ ഞാന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പദവിയില്‍ ഇരിക്കുന്ന കാലത്താണ് ഞങ്ങളുടെ ഡയരക്ടറേറ്റ് ആയ ടെക്നിക്കല്‍ സെല്‍ ആദ്യമായി ദേശീയശ്രദ്ധയില്‍ ഇടം നേടിയത്.എന്‍.എസ്.എസിന്റെ പ്രവര്‍ത്തന മേഖലയില്‍  പുതിയ തലങ്ങള്‍ക്ക് രൂപം കൊടുത്ത ഞങ്ങള്‍ക്ക് ആ വര്‍ഷം പ്രോത്സാഹനപുരസ്കാരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാനുള്ള ടീമില്‍ ഞാന്‍ വീണ്ടും ഡെല്‍ഹിയില്‍ എത്തി.പതിവ് പോലെ അന്നും ആഗ്രയില്‍ കറങ്ങി.

             2013ല്‍ ഞാന്‍ തന്നെ ദേശീയ അവാര്‍ഡിന് അര്‍ഹനായപ്പോള്‍ പത്ത് വര്‍ഷം മുമ്പ് 2003ല്‍ ഭാര്യ ആത്മഗതം ചെയ്ത ആ മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമായി.ഭാര്യക്കും മൂന്ന് മക്കള്‍ക്കും ഒപ്പം എന്റെ സ്വന്തം ഉമ്മയെയും ഭാര്യാ പിതാവിനെയും മാതാവിനെയും കൂടി ആ യാത്രയില്‍ ഞങ്ങള്‍ കൂടെ കൂട്ടി.അങ്ങനെ സീനിയര്‍ സിറ്റിസണ്‍സ് ആയ അവരും എന്റെ മക്കളും ആഗ്രയും ഡെല്‍ഹിയും വിസ്തരിച്ച് തന്നെ കണ്ടു.

             ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2015 നവമ്പര്‍ 17ന് ഞാന്‍ അഞ്ചാമത്തെ തവണ ഡെല്‍ഹിയിലേക്ക് തിരിക്കുകയാണ്.മറക്കാനാവാത്ത ആ ദിനത്തില്‍ വന്ന ഫോണ്‍കാള്‍, ടെക്നിക്കല്‍ സെല്ലിന് ഈ വര്‍ഷം ലഭിച്ച മികച്ച യൂണിവേഴ്സിറ്റിക്കുള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ്. ദേശീയപുരസ്കാരം സ്വീകരിക്കാനുള്ള ഡെല്‍ഹിയിലേക്കുള്ള സംഘത്തിലേക്ക് എന്നെയും തെരഞ്ഞെടുത്തു എന്ന അറിയിപ്പായിരുന്നു.കോയമ്പത്തൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡെല്‍ഹിയില്‍ എത്തുമ്പോള്‍ അത് എന്റെ മൂന്നാം വിമാനയാത്ര കൂടി ആവും.

            യാത്രകള്‍ എന്നും പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിനാല്‍ പുതിയ ടീമിനോടൊപ്പമുള്ള ഈ യാത്രയിലും ഞാനത് പ്രതീക്ഷിക്കുന്നു. പോയി വന്നതിന് ശേഷം അവ എഴുതാമെന്ന പ്രതീക്ഷയോടെ....

മുറ്റത്ത് ഒരു തൈ കൂടി...

എന്റെ ഭാര്യക്ക് ഇന്നലെ 38 വയസ്സ് തികഞ്ഞു.
ഞാന്‍ ഭാര്യയുടെ ഭര്‍ത്താവായിട്ട് ഇന്ന് 17 വര്‍ഷവും തികഞ്ഞു !
16-ആം വിവാഹ വാര്‍ഷികത്തില്‍ ഞങ്ങള്‍ മുറ്റത്ത് ഒരു പ്ലാവിന്‍ തൈ നട്ടിരുന്നു. അതിപ്പോള്‍ ഇത്രയും ആയി.
17ആം വാര്‍ഷികത്തിന് മക്കള്‍ക്ക് എന്തെങ്കിലും വേണം എന്ന് ഡിമാന്റ്.അങ്ങനെ ഒരു കേക്ക് നല്‍കി അവരെ സമാധാനിപ്പിച്ചു.ശേഷം കുടുംബ സമേതം മുറ്റത്ത് ഒരു തൈ കൂടി നട്ടു.ഞാന്‍ തന്നെ മുളപ്പിച്ചെടുത്ത ഉറുമാമ്പഴത്തിന്റെ തൈ.


അങ്ങനെ  വീട്ടുമുറ്റത്തെ ഫലവൃക്ഷസംഖ്യ വീണ്ടും കൂടി 17ല്‍ എത്തി.
(Photos by Lulu )

Friday, November 13, 2015

ഹാവൂ.... , ഭാഗ്യം!!

ഇന്നലെ മക്കളോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു.
മോള്‍ : ഉപ്പച്ചി കഴിഞ്ഞാഴ്ച എങ്ങോട്ടോ പോയിരുന്നല്ലോ..?
ഞാന്‍ : അതേ, മലപ്പുറത്തേക്ക്
മോള്‍ : ങാ....ഇന്നലെ ?
ഞാന്‍ : തിരുവനന്തപുരത്തായിരുന്നു.
മോള്‍ : ഓ....ഇനി അടുത്താഴ്ച ?
ഞാന്‍ :  എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ ന്യൂ ഡല്‍ഹിയില്‍ പോകണം....
മോള്‍ : ഹാവൂ.... , ഭാഗ്യം!!
ഞാന്‍ : ങേ...എന്താ ഭാഗ്യം?
മോള്‍ : അല്ല ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റേയും തലസ്ഥാനങ്ങളായി...
ഞാന്‍ : ഓ അത് ശരിയാ....പക്ഷേ എന്താ ഭാഗ്യം എന്ന് പറഞ്ഞത്?
മോള്‍: ലോകത്തിന് ഒരു തലസ്ഥാനം ഇല്ലാത്തതിനാല്‍ അടുത്താഴ്ച കഴിഞ്ഞാല്‍ ഉപ്പച്ചി ഇവിടെത്തന്നെയുണ്ടാകുമല്ലോ ....!!!

Tuesday, November 10, 2015

അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും....

           തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതു മുതല്‍ കുറെ പേരെങ്കിലും അത് ഒഴിവാക്കാന്‍ വിയര്‍പ്പൊഴുക്കുന്നവരാണ്.സ്വാധീനം ഉപയോഗിച്ചും മറ്റും പലരും അവ ഒഴിവാക്കി എടുക്കുകയും ചെയ്യും.എന്നാല്‍ സര്‍വീസില്‍ ഒരു നിശ്ചിത എണ്ണം  തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിച്ചാല്‍ പ്രത്യേക സേവന/സാമ്പത്തിക ആനുകൂല്യങ്ങള്‍ (പേഴ്സണല്‍ പേ, ഗ്രേഡ് പേ,ഇന്‍സന്റീവ് , ഗുഡ് സര്‍വീസ് എന്‍‌ട്രി തുടങ്ങിയവ ) അനുവദിച്ചാല്‍ തെരഞ്ഞെടുപ്പ് ജോലി ചോദിച്ച് വാങ്ങുന്ന ഒരവസ്ഥയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.അതല്ല എങ്കില്‍ ശമ്പളം പറ്റുന്ന സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരും (കേന്ദ്ര-സംസ്ഥാന-സ്വകാര്യ-പൊതുമേഖല ഉള്‍പ്പെടെ) സര്‍വീസ് കാലയളവില്‍ രണ്ട് തവണ വീതം എങ്കിലും പഞ്ചായത്ത്-നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം എന്ന് ബന്ധപ്പെട്ട സര്‍വീസ് നിയമങ്ങളില്‍ നിഷ്കര്‍ഷിക്കാവുന്നതാണ്.
           1996ല്‍ സര്‍ക്കാര്‍ സേവനത്തിന് കയറിയതുമുതല്‍ ഞാന്‍ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വ്വഹിച്ചു വരുന്നുണ്ട്.ഒരേ തെരഞ്ഞെടുപ്പിന് ബൂത്തിലും എണ്ണലിനും ഡ്യൂട്ടി ലഭിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.ഒരു തെരഞ്ഞെടുപ്പിന് ഡ്യൂട്ടി ലഭിക്കാത്തവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായവരെയും നിര്‍ബന്ധമായും അടുത്ത തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ തുടര്‍ച്ചയായി ഒരാള്‍ക്ക് തന്നെ ഡ്യൂട്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.മാത്രമല്ല സ്ത്രീ സംവരണ വാര്‍ഡില്‍ പോളിംഗ് ഉദ്യോഗസ്ഥരായും പോളിംഗ് ഏജന്റുമാരായും സ്ത്രീകളെത്തന്നെ നിയോഗിക്കാവുന്നതാണ്.സ്ത്രീ സമത്വവും സംവരണവും ആവശ്യപ്പെടുന്ന കാലത്ത് ഈ ഡ്യൂട്ടിയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല.
             ഡ്യൂട്ടിയില്‍ ഞാന്‍ അനുഭവിച്ച ഒരു പ്രശ്നം ഓപണ്‍ വോട്ട് സംബന്ധിച്ചാണ്.എഴുത്തും ചിഹ്നവും കാണിച്ച് കൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നിര്‍വ്വാഹമുള്ളൂ. എന്നാല്‍ ആദിവാസി മേഖലയില്‍ വായിപ്പിക്കല്‍ പ്രായോഗികമല്ല എന്നതിനാല്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ.ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഇത്തരം വോട്ടര്‍മാര്‍ ഒരു മാസത്തിനിടക്ക് ഒരു സിവില്‍ സര്‍ജ്ജനില്‍ നിന്നും വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്.അല്ലെങ്കില്‍ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം നല്‍കാവുന്നതാണ്.ഓപണ്‍ വോട്ടുകള്‍ക്ക് യഥാര്‍ത്ഥ വോട്ടിന്റെ മൂല്യം നല്‍കുന്നതും ഒഴിവാക്കാവുന്നതാണ്(ടെന്‍‌ണ്ടേഡ് വോട്ടിനെപ്പോലെ).
            കണ്ണൂരില്‍ ചില ബൂത്തുകളില്‍ 100 ഓപണ്‍ വോട്ടുകള്‍ വരെ രേഖപ്പെടുത്തിയതായി വായിച്ചു.17 ഓപണ്‍ വോട്ടുകള്‍  രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തന്നെ അതിന്റെ നിജസ്ഥിതി അറിയാനും അവരെക്കൊണ്ട് സത്യപ്രസ്താവന തയ്യാറാക്കിക്കാനും പ്രത്യേക ഫോറത്തില്‍ ഒപ്പ് വയ്പ്പിക്കാനും ഞാന്‍ ചെലവാക്കിയ സമയവും പ്രയത്നവും എനിക്കേ അറിയൂ.അപ്പോള്‍ 100 ഓപണ്‍ വോട്ടുകള്‍ വന്ന ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഊഹിക്കാവുന്നതാണ്.അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ ഹീനതന്ത്രം പയറ്റും എന്നതിനാല്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണ്.
             കോടികള്‍ ചെലവാക്കുന്ന ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് .എന്നാല്‍ അതിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം വളരെ തുച്ഛമാണ്. 8 മണിക്കൂര്‍ ജോലിക്ക് മറുനാടന്‍ തൊഴിലാളികള്‍ക്ക് പോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ലഭിക്കുന്നത് വെറും 1000 രൂപയും മറ്റ് പോളിം
ഗ് ഉദ്യോഗസ്ഥര്‍ക്ക് 800 രൂപയുമാണ് എന്നത് പുറത്ത് പറയാന്‍ മടിയുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യവും അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്. 

(5/11/2015ന് ഈ കുറിപ്പ് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത് താഴെ)


 (11/11/2015ന് തേജസ് ദിനപത്രത്തിലും...)
Thursday, November 05, 2015

ഫൈനല്‍ കണ്‍ക്ലൂഷന്‍

ഒരു വോട്ടറും അമ്മയും ബൂത്തിലേക്ക് കയറി വന്നു.
വോട്ടര്‍ : സാര്‍ , ഒരു ഓപ്പണ്‍ വോട്ട് ഫോം
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ :  ഒരു ഓപ്പണ്‍ വോട്ട് ഫോം വേണം
പ്രിസൈഡിംഗ് ഓഫീസര്‍: ആര്‍ക്ക് വേണ്ടിയാ ?
വോട്ടര്‍ : അമ്മക്ക് വേണ്ടി
പ്രിസൈഡിംഗ് ഓഫീസര്‍: ആര്‍ക്ക് ?
വോട്ടര്‍ : അമ്മക്ക് ....
പ്രിസൈഡിംഗ് ഓഫീസര്‍: ഓ...അമ്മക്ക് എന്താ പ്രശ്നം?
വോട്ടര്‍ : അമ്മക്ക് ചെവി കേള്‍ക്കില്ല
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : അമ്മക്ക് ചെവി കേള്‍ക്കില്ല എന്ന്
പ്രിസൈഡിംഗ് ഓഫീസര്‍:അതൊരു പ്രശ്നമല്ല
വോട്ടര്‍ : ങേ.....എങ്കില്‍ പിന്നെ..... പ്രഷറും ഷുഗറും ഉണ്ട്
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ :  പ്രഷറും ഷുഗറും ഉണ്ട് എന്ന്
പ്രിസൈഡിംഗ് ഓഫീസര്‍: അതും ഒരു പ്രശ്നമല്ല
വോട്ടര്‍ : ങേ..!! പിന്നെ എന്താ നിങ്ങള്‍ക്ക് പ്രശ്നം
പ്രിസൈഡിംഗ് ഓഫീസര്‍: എന്ത് ?
വോട്ടര്‍ : പിന്നെ എന്താ നിങ്ങള്‍ക്ക് പ്രശ്നം ന്ന് ?
പ്രിസൈഡിംഗ് ഓഫീസര്‍: ഇപ്പറഞ്ഞതൊക്കെ എനിക്കുമുണ്ട്.എന്നിട്ടും ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആയി.
വോട്ടര്‍ :ഓ....അപ്പോ ഏത് അണ്ടനും ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആകാം എന്ന് അല്ലേ ?

പ്രിസൈഡിംഗ് ഓഫീസര്‍: ങേ...!!!

Tuesday, November 03, 2015

പാണ്ടിക്കടവിലെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍

                 അങ്ങനെ അതും ഭംഗിയായി പര്യവസാനിച്ചു. തുടര്‍ച്ചയായി നാലാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും (മറ്റുള്ളവ വേറെ) ഉദ്യോഗസ്ഥനാ്യി സേവനമനുഷ്ടിക്കാനുള്ള അവസരം ഇത്തവണയും ഞാന്‍ കളഞ്ഞുകുളിച്ചില്ല. വയനാട് ജില്ലയിലെ എടവക പഞ്ചായത്തിലെ നാലാം വാര്‍ഡായ പാണ്ടിക്കടവിലെ പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു ഇത്തവണ എനിക്ക് പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടി.

                 ആദ്യമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയിരുന്ന കാലത്ത് സര്‍ക്കാര്‍ സ്കൂളില്‍ ആകരുതേ എന്നായിരുന്നു പ്രാര്‍ത്ഥന എങ്കില്‍ ഇപ്പോള്‍ തിരിച്ചാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് തെരഞ്ഞെടുപ്പ്  ഡ്യൂട്ടി നിര്‍വ്വഹിച്ചവയില്‍, സ്വകാര്യ എല്‍.പി സ്കൂളുകളില്‍ മിക്കവയും ഒട്ടും സൌകര്യമില്ലാത്തവയായിരുന്നു. പഴശ്ശിരാജ മെമ്മോറിയല്‍ എല്‍.പി സ്കൂളിലും രണ്ട് ബൂത്തുകളിലെ പത്ത് ഉദ്യോഗസ്ഥര്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉണ്ടായിരുന്നത് രണ്ട് ടോയ്ലെറ്റുകള്‍ മാത്രമായിരുന്നു - അതും ടാപുകള്‍ ഇല്ലാത്തത്.  ഇവയൊക്കെ ഫിറ്റ്നസ് നേടി എടുക്കുന്നത് എങ്ങനെ എന്ന് സ്വാഭാവികമായും ഞങ്ങള്‍ പത്ത് പേരിലും സംശയമുണര്‍ത്തി.

                   . തെരഞ്ഞെടുപ്പ്  ഡ്യൂട്ടിയില്‍ നാട്ടുകാരുടെ സഹകരണമാണ് ഏറ്റവും പ്രധാനം. സാധാരണഗതിയില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ക്ക് ബൂത്തിനടുത്ത വീടുകളില്‍ എല്ലാ സൌകര്യങ്ങളും ചെയ്ത് കൊടുക്കാറുണ്ട്.പിന്നെ പോളിംഗ് ബൂത്തിനുള്ളിലെ ഏജന്റുമാര്‍ ആ നാട്ടില്‍ തന്നെ എന്നും പരസ്പരം കാണുന്നവര്‍ ആയതിനാല്‍ വിവിധ ചേരികളില്‍ ആണെങ്കിലും പലപ്പോഴും തീവ്രമായ എതിര്‍പ്പുകള്‍ ഉണ്ടാകാറില്ല. ഇന്നലത്തെ ഡ്യൂട്ടിയിലും ഞാനത് നേരിട്ട് അനുഭവിച്ചു.തന്റെ രാഷ്ട്രീയ നിലപാടിനോട് ഒട്ടും യോജിക്കാത്ത സംഗതി ആണെങ്കില്‍ പോലും അത് അവര്‍ പരസ്പരം നയത്തില്‍ കൈകാര്യം ചെയ്തു.

                     ഭക്ഷണം ആണ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. എന്നാല്‍ രാവിലെ ബെഡ്കോഫി മുതല്‍ വൈകിട്ട് ചായ വരെയുള്ള ഭക്ഷണം മുഴുവന്‍ ഇടത് -വലത് മുന്നണികള്‍ മാറി മാറി വിതരണം ചെയ്ത് എന്റെ ഇതുവരെയുള്ള എല്ലാ അനുഭവങ്ങളെയും ഈ നാട്ടുകാര്‍ മാറ്റിമറിച്ചു.മാത്രമല്ല വൈകിട്ട് യു.ഡി.എഫ് കാര്‍ കൊണ്ട് വന്ന ചായ എല്‍.ഡി.എഫ് കാര്‍ക്ക് കൂടി നല്‍കി അതു വരെയുള്ള രാഷ്ട്രീയവൈരം തീര്‍ന്നതായി അവര്‍ കര്‍മ്മത്തിലൂടെ തെളിയിച്ചു.

                      ഡ്യൂട്ടി കഴിഞ്ഞ് സ്ഥലം വിടുമ്പോള്‍ പോളിംഗ്  ഏജന്റ് ആയി പ്രവര്‍ത്തിച്ച അല്പം പ്രായം കൂടിയ ഒരു വ്യക്തി എന്നെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്താണ് പറഞ്ഞയച്ചത്. തെരഞ്ഞെടുപ്പിനിടക്ക് എന്റെ തീരുമാനങ്ങളില്‍ എന്നോട് അല്പമെങ്കിലും നീരസം പ്രകടിപ്പിച്ചതും ഈ വ്യക്തി മാത്രമായിരുന്നു.അവ എല്ലാം ആ ആലിംഗനത്തോടെ തൊട്ടടുത്ത് കൂടി ഒഴുകുന്ന കബനി നദിയില്‍ ലയിച്ചു പോയതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ, ത്രിതല പഞ്ചായത്തിലേക്ക് മൂന്ന് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ചരിത്രത്തിലേക്ക്  നടന്ന് കയറിയ ഈ  തെരഞ്ഞെടുപ്പ് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നതായി മാറി.


Monday, November 02, 2015

ആ സുന്ദര നിമിഷത്തിന്റെ ഓര്‍മ്മയില്‍....

                 2013 നവമ്പര്‍ 1.കേരളപ്പിറവി ദിനത്തില്‍, ഞാന്‍ ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സ്റ്റാഫ് കോളേജിലെ ക്ലാസിലിരുന്ന് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളില്‍ ആ ഓണം വെക്കേഷനില്‍ നടത്തിയ ഷിമോഗ യാത്രയെപ്പറ്റി പുതിയ അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. കോളേജില്‍ എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നേരത്തെ ഫോണ്‍ ചെയ്ത് പറഞ്ഞ്കൊടുത്തിരുന്നു. അങ്ങനെ ആ ദിവസവും കടന്നുപോയി.

       പിറ്റേ ദിവസവും പ്രാതലിന് കിട്ടിയ സാധനങ്ങള്‍ ‘അണ്‍ലിമിറ്റെഡ്’ ആയി തട്ടി ഞാന്‍ ക്ലാസിലെത്തി എന്റെ തോന്ന്യാക്ഷരങ്ങളില്‍ കയറി.സ്വതവേ അധികം റിംഗ് ചെയ്യാത്ത എന്റെ ഫോണ്‍ അന്ന് ഒന്ന് വൈബ്രേറ്റ് ചെയ്തു. ആള്‍ക്ക് ചെവി കൊടുക്കും മുമ്പ് അത് കട്ടായി.ഞാന്‍ വീണ്ടും ബൂലോകത്തേക്കും സ്കൂട്ടായി.

      അല്പം കഴിഞ്ഞ് വീണ്ടും ഫോണ്‍ കീശയില്‍ കിടന്ന് വിറക്കാന്‍ തുടങ്ങി.അറിയാത്ത നമ്പര്‍ ആയതിനാലും ഞാന്‍ ക്ലാസ്സില്‍ “ശ്രദ്ധിച്ച്” ഇരുന്നതിനാലും സര്‍വ്വോപരി റോമിംഗ് ആയതിനാലും ഞാന്‍ അത് മൈന്റ് ചെയ്തില്ല ! പക്ഷേ പിന്നാലെ വന്നത് ഞങ്ങളുടെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായ ജബ്ബാര്‍ സാറിന്റെ ഒരു മെസേജ് ആയിരുന്നു.       പിന്നെ എന്റെ ഫോണിന്, എലിപ്പനി പിടിച്ചപോലെ വിറഞ്ഞ് തുള്ളാനേ സമയമുണ്ടായിരുന്നുള്ളൂ.തലങ്ങും വിലങ്ങും വിളിയോട് വിളി.അങ്ങനെ കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജ് ആദ്യമായി ഇന്ദിരാഗാന്ധി എന്‍.എസ്.എസ്ദേശീയ അവാര്‍ഡിന് അര്‍ഹരായി (മുന്‍ ജേതാക്കളുടെ ലിസ്റ്റ് കിട്ടാത്തതിനാല്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണോ എന്ന് അറിയില്ല).ഇന്ന് അതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ഞങ്ങളുടെ സ്വന്തം ടെക്നിക്കല്‍ സെല്ലിന് ഏറ്റവും മികച്ച യൂനിവേഴ്സിറ്റിക്കും മൂവാറ്റുപുഴ ഹോളികിംഗ്സ് എഞ്ചിനീയറിംഗ് കോളേജിന് ഏറ്റവും മികച്ച യൂണിറ്റിനും ഉള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നു !


(സോറി....ഇന്ന് (2/11/2015ന്) ആരും എന്നെ വിളിക്കരുത്.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളായി വയനാട് ജില്ലയിലെ എടവക പഞ്ചായത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിയിലാണ് ഞാന്‍) 

Thursday, October 22, 2015

മറക്കാനാവാത്ത ഒരു ദിനം

              വയനാട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മിനിഞ്ഞാന്ന് ആരംഭിച്ചു.വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ അവധി എവിടെയൊക്കെ കിട്ടുന്നോ അതിനോട് രണ്ടെണ്ണം കൂടി കൂട്ടികെട്ടാനായിരിക്കും മിക്കവരുടേയും ശ്രമം.എന്റെ ആ പദ്ധതി മുഴുവന്‍ പൊളിച്ചെറിഞ്ഞ് , സര്‍ക്കാര്‍ അഡീഷണലായി പ്രഖ്യാപിച്ച അവധി ദിനമായ ഇന്നലെയായിരുന്നു എന്നെ നിയോഗിച്ച പഞ്ചായത്തിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം.നവംബര്‍ 1 ഞായറാഴ്ചക്ക് പുറമേ ഈ ഒരു അവധി ദിനം കൂടി കൊണ്ടുപോയതിലുള്ള അമര്‍ഷം ഉള്ളിലൊതുക്കി ഞാന്‍ കൃത്യസമയത്തിന് മുമ്പ് തന്നെ ക്ലാസ്സിലെത്തി.

           പരിശീലനോദ്യോഗസ്ഥരുടെ “കൃത്യനിഷ്ഠ”കാരണം പത്തര മണി കഴിഞ്ഞാണ് പരിപാടി ആരംഭിച്ചത്.ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ, ഇത്രയും കാലമായിട്ടും ഞാന്‍ അടുത്ത് പരിചയപ്പെടാതിരുന്ന, എന്റെ കോളേജില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ടീച്ചറുടെ ഭര്‍ത്താവും ക്വാര്‍ട്ടേഴ്സില്‍ എന്റെ അയല്‍‌വാസിയും കൂടിയായ മാനന്തവാടി ഗവ. കോളേജ് അദ്ധ്യാപകന്‍ രോഹിത് സാറെ അവിടെ കണ്ടുമുട്ടി.ഞങ്ങള്‍ രണ്ടു പേരുടേയും മറ്റു സഹപ്രവര്‍ത്തകര്‍ ആരും എത്താത്തതിനാല്‍ ഞങ്ങള്‍ കുറേ നേരം ആശയങ്ങള്‍ പങ്കുവച്ചു.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന പച്ചക്കറി കൃഷിയിലേക്ക് ഞങ്ങള്‍ എത്തിയതും രോഹിത് സാറിന്റെ ഉത്സാഹം കൂടി.വളം ലഭിക്കാത്തത് കാരണം നശിച്ചുപോയ ക്വാര്‍ടേഴ്സിന് മുന്നിലുള്ള ഗ്രോബാഗിലുള്ള തന്റെ കൃഷിയെപറ്റി രോഹിത് സാര്‍ അറിയിച്ചപ്പോള്‍ ഞാന്‍ എന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.ആ അപ്രതീക്ഷിത കൂടിക്കാഴ്ച ഒരേ തൂവല്പക്ഷികളായ എനിക്കും സാറിനും (ഞങ്ങളുടെ തലയും ഒരു പോലെയാണ് !!) ഞങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ ഒരു നവോന്മേഷം പ്രദാനം ചെയ്തു.

              പരിശീലനം 1 മണിക്ക് മുമ്പ് കഴിഞ്ഞാല്‍ 1 മണിക്ക് പുറപ്പെടുന്ന പാലക്കാട് ബസ്സില്‍ കയറി നാട്ടിലെത്താം എന്നായിരുന്നു എന്റെ പ്ലാന്‍.പക്ഷേ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഒന്നരയോട് അടുത്തിരുന്നു.ഇനി ഭക്ഷണവും നമസ്കാരവും കഴിഞ്ഞ് മൂന്ന് മണിയുടെ ബസ് പിടിക്കാം എന്ന ധാരണയില്‍ എന്റെ സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞതും അവരില്‍ ഒരാള്‍ ചോദിച്ചു – “യാത്ര എങോട്ടാ?”

“അരീക്കോട്ടേക്ക്....”

“രണ്ട് കാറ് താമരശ്ശേരി വഴി പോകുന്നുണ്ട്....അതില്‍ കയറാം...” ഉര്‍വശീ ശാപം വീണ്ടും ഉപകാരം !!

             ആ യാത്ര മറ്റു ചില പരിചയപ്പെടലുകള്‍ക്കും കാരണമായി. പോകുന്ന വഴിയില്‍, കാറിലെ സഹയാത്രികനായ സുരേഷ് സാര്‍ പറഞ്ഞ പ്രകാരം കമ്പളക്കാട് വച്ച് ഒരു കുടുംബം നടത്തുന്ന ഒരു കൊച്ചുഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.സ്വാദിഷ്ടമായ ഭക്ഷണം , മിതമായ വില – ഇതുകൊണ്ട് തന്നെയായിരിക്കാം ആ “ഫാമിലി മെസ്സില്‍” ആയിരുന്നു സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്ന പലരും ഭക്ഷണത്തിന് കയറിയിരുന്നത്.കല്പറ്റ എത്താനായപ്പോള്‍ കാര്‍ ഉടമ ചന്ദ്രകുമാര്‍ സാര്‍ ബത്തേരി റോഡിലെ ഒരു തുണിക്കട പരിചയപ്പെടുത്തി – ദേവി ടെക്സ്റ്റയിത്സ്.മിതമായ നിരക്കില്‍ തുണിസാധനങ്ങള്‍ ലഭിക്കും എന്നതിനാല്‍ ഒന്ന് കയറാം എന്ന് കരുതി.പക്ഷേ ബുധനാഴ്ച അവരുടെ അവധി ദിവസമായിരുന്നു.
        
               കല്പറ്റ ബൈപാസ് വഴി വരുമ്പോള്‍ സിനിമാനടന്‍ അബൂസലീമിന്റെ ഒരു ഹോട്ടല്‍ കൂടി കാണിച്ചു തന്നു – 1980 മെമ്മറീസ് ! നല്ല ഭക്ഷണം കിട്ടും നല്ല വിലയും ആകും എന്ന് അനുഭവസ്ഥര്‍ പറഞ്ഞു.കാറ് ചുരമിറങ്ങി നാലാം വളവില്‍ എത്തിയതും ഒരു പുതിയ വഴിയേ ആയിരുന്നു യാത്ര.ആ റോഡിന്റെ തുടക്കത്തില്‍ തന്നെ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. നാലാം വളവില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു കാണുന്നത് അവിടെയുള്ള തട്ടുകടകളില്‍ നിന്നും വല്ലതും തട്ടാനല്ല മറിച്ച് ഈ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനാണ് എന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി. ഈ വെള്ളച്ചാട്ടം ചുരം മെയിന്‍ റോഡില്‍ നിന്ന് കാണുകയേ ഇല്ല.ആ എളുപ്പവഴി അവസാനിച്ചത് അടിവാരം അങ്ങാടിയില്‍ ആയിരുന്നു!ചുരം ഇറങ്ങുമ്പോള്‍ പലരും ഈ വഴി ഉപയോഗിക്കുന്നുണ്ട് , കയറുമ്പോള്‍ അത്ര നല്ല വഴിയല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.കാറ് താമരശ്ശേരി എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി , തൊട്ടടുത്ത പള്ളിയില്‍ കയറി നമസ്കാരവും നിര്‍വ്വഹിച്ച് അരീക്കോട്ടേക്കുള്ള ബസ്സില്‍ കയറി.

               വീട്ടില്‍ എത്തിയപ്പോള്‍ എന്റെ രണ്ടാമത്തെ മകള്‍ ലുഅ സ്കൂളിലെ ഒരു ക്യാമ്പ് കഴിഞ്ഞ് വന്ന സന്തോഷത്തിലായിരുന്നു. സ്കൂള്‍ വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങള്‍ പകര്‍ന്ന് നല്‍കിയ ആ ക്യാമ്പ് അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. മാത്രമല്ല ക്യാമ്പിന്റെ അവസാനം നടത്തിയ, അവളുടെ ഇഷ്ടപെട്ട മത്സരമായ ജനറല്‍ ക്വിസ്സില്‍ 34 പേരില്‍ നിന്നും അവള്‍ക്ക് രണ്ടാം സ്ഥാനം കിട്ടിയിരുന്നു.ഒന്നാം സ്ഥാനം നഷ്ടമായത് അര മാര്‍ക്കിനായിരുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കും അഭിമാനം തോന്നി.അന്തരിച്ച ഡോ.എ.പി.ജെ അബ്ദുല്‍കലാം സാര്‍ എന്നും പറയാറുണ്ടായിരുന്ന ഒരു വാചകം മോള്‍ എനിക്ക് പറഞ്ഞ് തന്നു.അതിങ്ങനെയായിരുന്നു -
“ I am the best
I can do it
God is always with me
I am a winner 
Today is my day "

                ഇതും കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കാള്‍ വന്നു - എനിക്ക് വീണ്ടും അഭിമാനം തോന്നിയ ആ കാള്‍ എന്തെന്ന് പിന്നീട് പറയാം.
Tuesday, October 20, 2015

ഇഷ്ട ഉദ്യോഗസ്ഥനായാൽ....

ദൈവത്തിന്റെ  ഇഷ്ടദാസനായാൽ  ദൈവാനുഗ്രഹം  ഉണ്ടായേക്കും  ....
മാതാപിതാക്കളുടെ  ഇഷ്ടസന്താനമായാൽ  സ്വത്തവകാശം  ലഭിച്ചേക്കും ....
അധ്യാപകന്റെ  ഇഷ്ടഭാജനമായാൽ  പരീക്ഷയിൽ  മാര്ക്കും  കിട്ടിയേക്കും ....
തെരഞ്ഞെടുപ്പ്  കമ്മീഷന്റെ  ഇഷ്ടഉദ്യോഗസ്ഥനായാൽ  എല്ലാ  തെരഞ്ഞെടുപ്പിലും  പോളിംഗ്  ഡ്യൂട്ടിയും  ലഭിക്കും .....
അങ്ങനെ   തുടര്ച്ചയായി  നാലാമത്തെ  പഞ്ചായത്ത്  തെരഞ്ഞെടുപ്പിനും  പ്രിസൈഡിംഗ്  ഓഫീസറായി  നവംബര് 1ന് ഞാൻ  പോളിംഗ്  ബൂത്തിലേക്ക്  !!! 

Sunday, October 11, 2015

വയനാടന്‍ ചുരത്തിലെ മന്‍സൂണ്‍ കാഴ്ചകള്‍

           വയനാടന്‍ മലനിരകള്‍ പ്രകൃതി സ്നേഹികള്‍ക്കും സഞ്ചാരപ്രേമികള്‍ക്കും എന്നും കാഴ്ചയുടെ പറുദീസയേ ഒരുക്കിയിട്ടുള്ളൂ. അഞ്ച് വര്‍ഷം വയനാട്ടില്‍ സേവനമനുഷ്ടിച്ച കാലത്തും അതിന് മുമ്പും വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവത്തിന്റെ സൃഷ്ടിവൈഭവം ആസ്വദിക്കാന്‍ മാത്രമായി നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അക്കാലത്ത് അവയെപ്പറ്റി എഴുതാന്‍ പറ്റാത്തതിനാലും ആ വസന്തകാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നതിനാലും ഇപ്പോള്‍ വീണ്ടും വയനാട്ടില്‍ തിരിച്ചെത്തിയതിനാലും ഒഴിവുപോലെ അവയെപ്പറ്റി എഴുതാം എന്ന് കരുതുന്നു.

           വയനാടിലേക്കുള്ള പ്രവേശന കവാടം എന്ന് പറയുന്നത് ലക്കിടി ആണ്. രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ വച്ച് പഠിച്ച ഒരു പാഠത്തില്‍ കേരളത്തിന്റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലമാണ് ലക്കിടി എന്നു് കേട്ടിരുന്നു.ആ ലക്കിടിയാണ് ഈ ലക്കിടി എന്ന് ഇപ്പോഴും എനിക്കുറപ്പില്ല.കാരണം പാലക്കാട് പോകുന്ന വഴിക്കും ഒരു ലക്കിടി ഉണ്ട് എന്ന് ഞാന്‍ എന്റെ എന്‍.എസ്.എസ് സംബന്ധമായ യാത്രകള്‍ക്കിടക്ക് മനസ്സിലാക്കി.അതികഠിനമായ ചൂട് അനുഭവിക്കുന്ന സ്ഥലം എന്ന നിലക്ക് പാലക്കാട് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്രയും പറഞ്ഞത് മഴക്കാലത്തെ വയനാടിന്റെ സൌന്ദര്യത്തെപ്പറ്റി ഒരല്പം പറയാനാണ്.

             കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പ്രവേശിക്കാന്‍ ചുരം കയറണം.കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴിയും കുറ്റ്യാടി ചുരം വഴിയും വയനാട്ടിലെത്താം.കണ്ണൂരില്‍ നിന്നാണെങ്കില്‍ നെടുമ്പൊയില്‍ ചുരമോ കൊട്ടിയൂര്‍ പാല്‍ചുരമോ കയറണം.മലപ്പുറത്ത് നിന്നാണെങ്കില്‍ നാടുകാണി ചുരം കയറി തമിഴ്നാടിലൂടെ വയനാട്ടിലെത്താം.ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്  ഞാൻ സ്ഥിരം ഉപയോഗിക്കുന്ന  താമരശ്ശേരി ചുരമാണ്, “വെള്ളാനകളുടെ നാട്ടിലെ” പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗിലൂടെ കേരളം മുഴുവന്‍ അറിഞ്ഞ അതേ താമരശ്ശേരി ചുരം (പാല്‍ചുരം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല).

           താമരശ്ശേരി ചുരത്തിലൂടെയുള്ള മണ്‍സൂണ്‍ കാലത്തെ യാത്ര ഒരേ സമയം സാഹസികവും ദൃശ്യവിരുന്നൊരുക്കുന്നതും ആണ്.കോരിച്ചൊരിയുന്ന മഴയില്‍ ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴുമെന്ന് തോന്നുന്ന നിരവധി മരങ്ങള്‍ അതിരിടുന്നതാണ് ചുരം റോഡ്. അതിലുപരി കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ ഉരുണ്ട് പോരുമോ എന്ന് തോന്നിപ്പോകുന്ന കൂറ്റന്‍ പാറക്കല്ലുകളും റോഡ് വക്കില്‍ തന്നെ കാണാം.എന്നാല്‍ ആ പാറയിടുക്കിലൂടെ താഴോട്ട് പതിക്കുന്ന നീര്‍ച്ചാലുകളിലേക്ക് അല്പ സമയം നോക്കിയാല്‍ ഈ ആശങ്ക എല്ലാം പമ്പ കടക്കും.കാരണം അതിന്റെ സൌന്ദര്യത്തില്‍ നിങ്ങളുടെ മനം നിറയും എന്ന് തീര്‍ച്ച.


           എണ്ണിയാലൊടുങ്ങാത്തത്ര നീര്‍ച്ചാലുകള്‍ രൂപം നല്കുന്ന ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്ന സംഗീതം ആസ്വദിച്ച് ഒമ്പതാം വളവും പിന്നിട്ട് വ്യൂ പോയിന്റിലെത്തുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ (സോറി കോടയുണ്ടെങ്കില്‍) നിങ്ങള്‍ക്ക് മഴമേഘങ്ങളോട് സല്ലപിക്കാം(കോടയില്ലെങ്കില്‍ വാനരന്മാരോടും സല്ലപിക്കാം).

വ്യൂ പോയിന്റെ പുത്തൻ മോടിയിൽ ....


             തെളിഞ്ഞ ആകാശമാണെങ്കില്‍ രണ്ട്`മൂന്ന് നാല് ഹെയർപിൻ  വളവുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കുന്ന  “പെരുമ്പാമ്പ്”റോഡ്` മുതല്‍  അങ്ങ് താമരശ്ശേരി വരെ കാണാമെന്ന് പറയപ്പെടുന്നു(ഞാന്‍ കണ്ടതിന്റെ ക്യാമറക്കോപ്പി താഴെ).

“പെരുമ്പാമ്പ്”റോഡ്` 
ദേ....ദൂരത്ത് താമരശേരി......!

ഇനി ഓരോ കാഴ്ചകള്‍ കാണുന്നതിനനുസരിച്ച് അല്ലെങ്കില്‍ അയവിറക്കുന്നതിനനുസരിച്ച് പ്രതീക്ഷിക്കാം.
Sunday, September 27, 2015

ഐ ഡി കാര്‍ഡ്

               ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ അഭിമാനസ്തംഭമായി വര്‍ഷം തോറും നടന്ന് വരുന്ന (പല സംസ്ഥാനങ്ങളിലാണെന്ന് മാത്രം) തെരഞ്ഞെടുപ്പ് മാമാങ്കങ്ങളില്‍, ആദ്യകാലത്ത് വോട്ടറായും പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായും ഭാഗബാക്കാവാന്‍  സര്‍ക്കാര്‍ സര്‍വീസിനിടയില്‍ നിരവധി അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു.ശ്രീമാന്‍ ടി.എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതിന് ശേഷമാണ് എന്ന് തോന്നുന്നു വോട്ട് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്ന ഒരു പുതിയ കാര്‍ഡ് കയ്യില്‍ ഉണ്ടാകണം എന്ന നിബന്ധന നിലവില്‍ വന്നു.അങ്ങനെ എങ്ങനെയോ  എനിക്കുപോലും എന്നെ തിരിച്ചറിയാന്‍ പറ്റാത്ത ഒരു കാര്‍ഡ് എന്റെ കയ്യിലും എത്തി.

              കാര്‍ഡ് കണ്ട എന്റെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി.ഈ കാര്‍ഡും കൊണ്ട്  വോട്ട് ചെയ്യാന്‍ പോകുന്ന എന്നെ ഏതോ നാട്ടില്‍ നിന്നും വരുന്ന പോളിംഗ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയാന്‍ പോകുന്ന രംഗം.പക്ഷേ ആ ബള്‍ബ് അപ്പോള്‍ തന്നെ ഫ്യൂസായി. ഉടന്‍ അടുത്ത ബള്‍ബ് മിന്നി - ഈ കാര്‍ഡ് എടുക്കാനുള്ള അറിയിപ്പ് ലഭിച്ച നാട്ടിന്‍പുറത്ത്കാരനായ എറമുള്ളാന്‍ എന്ന പാവത്തിന്റെ  അനുഭവങ്ങള്‍.മനോരാജ്യത്തിലൂടെ മിന്നിമറഞ്ഞ ആ കഥ കടലാസില്‍ പകര്‍ത്തി പത്രമോഫീസിലേക്ക് അയച്ചു - അത്ഭുതം, മാധ്യമം ദിനപത്രം ‘എറമുള്ളാന്റെ തിരിച്(എ)റിയല്‍ കാര്‍ഡ്’ ഒരു മിഡ്‌ല്പീസ് ആയി പ്രസിദ്ധീകരിച്ചു.

              പ്രസിദ്ധീകരണത്തിലൂടെ പത്രം നല്‍കിയ ഊര്‍ജ്ജം കൂടുതല്‍ മിഡ്ല്പീസുകള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.പത്രക്കാരന്റെ ചവറ്റുകൊട്ട അതോടെ കവിഞ്ഞൊഴുകാന്‍ തുടങ്ങി(തൊഴില്‍‌രഹിതനായിരുന്ന എന്റെ കീശ കാലിയാകാനും). അങ്ങനെയിരിക്കുമ്പോള്‍ മാധ്യമം ദിനപത്രത്തിലൂടെ തന്നെ 2006 ആഗസ്തില്‍ ബ്ലോഗ് എന്ന നവമാധ്യമത്തെ പരിചയപ്പെട്ടു.അന്നുവരെ സകലകലാവല്ലഭന്‍ ആയി എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് സിനിമാസംവിധായകന്‍ സാക്ഷാല്‍ ബാലചന്ദ്രമേനോന്‍ മാത്രമായിരുന്നു.എന്റെ ബ്ലോഗില്‍ എഴുത്തുകാരനും പ്രസാധകനും വായനക്കാരനും ആസ്വാദകനും നിരൂപകനും ഒക്കെ ഞാന്‍ തന്നെ ആയതിനാല്‍ ഞാനും ഒരു ബാലചന്ദ്രമേനോനായി ( ആ പദവിയില്‍ പത്താം വര്‍ഷത്തിലേക്ക് കാല്‍ കുത്തുന്നു).

                 അങ്ങനെ സകലകലാവല്ലഭനായി ബൂലോകത്ത് അരങ്ങ് തകര്‍ക്കുമ്പോഴാണ് മോബ്‌ചാനല്‍.കോം എന്ന ഒരു സാധനം (ചാനലാണോ ബ്ലോഗ് ആണോ സൈറ്റ് ആണോ എന്നൊന്നും അറിയില്ല) അഖിലകേരള ബ്ലോഗ് മത്സരം സംഘടിപ്പിക്കുന്നതായി അറിയിച്ചത്. അങ്ങനെ എന്റെ ‘എറമുള്ളാന്റെ തിരിച്ചെറിയല്‍ കാര്‍ഡ് ‘ ആ മത്സരത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടു.അത്ഭുതം അവിടെയും സംഭവിച്ചു - നര്‍മ്മ വിഭാഗത്തിലെ ഏറ്റവും മികച്ച ബ്ലോഗ് എന്റെ എറമുള്ളാന്‍ നേടി !അതെ, 2007ലെ ബെസ്റ്റ് മലയാളം ബ്ലോഗര്‍ ഇന്‍ നര്‍മ്മ വിഭാഗം !(ഈ മത്സരം അന്നത്തോടെ തന്നെ നിര്‍ത്തി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ) സമ്മാനമായി ലഭിച്ച ‘സക്കറിയയുടെ കഥകളും ‘, ‘മരുഭൂമികള്‍ ഉണ്ടാകുന്നതും’ പലരും വായിച്ചിട്ടും ഞാനാല്‍ ഇന്നും വായിക്കപ്പെടാതെ എന്റെ ഷോക്കേസില്‍ വിശ്രമിക്കുന്നു.അടുത്ത അവാര്‍ഡ് തരാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ പുസ്തകം കുടുംബ സമേതം വായിക്കും എന്ന് ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു (കണ്ടീഷന്‍സ് അപ്പ്ലൈഡ്).

                ഈ അത്ഭുതങ്ങളെല്ലാം സൃഷ്ടിച്ച ആ തിരിച്ചെറിയല്‍ കാര്‍ഡ് ഇന്നലെ എനിക്ക് നഷ്ടമായി. ഞാന്‍ നല്‍കിയ ഫോട്ടോ പതിച്ച, പുതിയരൂപത്തിലും ഭാവത്തിലും ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് തന്ന് എന്റെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആ പഴയ കാര്‍ഡ് തിരിച്ചു വാങ്ങി.
ഇനി ഇവന്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ക്കായി ഞാന്‍ മിഴി നട്ടിരിക്കുന്നു.

Thursday, September 24, 2015

സൈക്കോളജി കപ്‌ള്‍സ് പാസ്ഡ് എവേ !!!

"ഉമ്മച്ചീ ...സൈക്കോളജി റിസൽട്ട് വന്നൂന്ന് മെസേജ് വന്നു..." ഫോണിൽ എന്തോ ചെയ്തുകൊണ്ടിരുന്ന മോൾ വിളിച്ചു പറഞ്ഞു.

"ങേ!!ഞാൻ ഏതൊക്കെ തോറ്റു ?" ഭാര്യയുടെ ആദ്യ ചോദ്യം.

"റിസൽട്ട് വെബ്സൈറ്റിൽ ആണ്...."

"ഹാവൂ...സമാധാനം...മറ്റാരും കാണില്ലല്ലോ ....  "

അല്പം കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ നേരെ സൈറ്റ് ഓപണ്‍  ചെയ്തു.  അഞ്ച് പേപ്പറിലും വരിവരിയായി 50-51 മാര്ക്ക് വാങ്ങി എന്റെ നല്ല പാതി എം. എസ് സി സൈക്കോളജി ആദ്യവര്ഷം വിജയകരമായി പൂര്ത്തിയാക്കിയിരിക്കുന്നു! അടുത്തതായി ഞാൻ എന്റെ റിസൽട്ട് നോക്കി.വല്യ വ്യത്യാസമില്ലാതെ മൊത്തം 52% മാർക്കോടെ ഞാനും കടമ്പ കയറി

 "സൈക്കോളജി കപ്‌ള്‍സ് പാസ്ഡ്" ഞാൻ പ്രഖ്യാപിച്ചു

"എങ്കിൽ എല്ലാവര്ക്കും  മെസേജ് അയക്കട്ടെ ..."

" യെസ്....വേഗം അയച്ചോളൂ..."

സൈക്കോളജി കപ്‌ള്‍സ് പാസ്ഡ് എവേ "!!! നിമിഷങ്ങൾക്കുള്ളിൽ  റെഡിയായ മെസേജ് കണ്ട് ഞാൻ ഞെട്ടി.

"പാസ്ഡ് എവേ എന്നാൽ എന്താന്നറിയോ?"  ഞാൻ ചോദിച്ചു

"ഒരു വിധം പാസായി എന്ന്....ശരിയല്ലേ? "

"ങാ ശരി തന്നെ..." ഫോണ്‍ മെല്ലെ കൈക്കലാക്കി ഞാൻ സമ്മതിച്ചു കൊടുത്തു.

അങ്ങനെ എം.എസ്.സി സൈക്കോളജി ആദ്യവര്ഷം വിജയകരമായി പാസായി ശിരസ്സുയർത്തിക്കൊണ്ട് തന്നെ ഞങ്ങൾ രണ്ടാം വര്ഷ കോണ്ടാക്ട് ക്ലാസ്സിലേക്ക് പോയിത്തുടങ്ങി.