Pages

Sunday, November 15, 2015

ഡെല്‍ഹിയിലേക്ക് വീണ്ടും....

                 1992-ല്‍ ആദ്യമായി ഡെല്‍ഹി എന്ന മഹാനഗരത്തില്‍ എത്തുമ്പോള്‍ എന്തൊക്കെ കാണണം എവിടെയൊക്കെ പോകണം എന്നൊന്നും ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. അലീഗഡ് വരെ എത്തിയപ്പോള്‍ ആഗ്ര കണ്ടു.ഇനി ഡെല്‍ഹി കൂടി കണ്ടിട്ട് തിരിച്ച് പോകാം എന്നൊരു തോന്നലില്‍ ഡെല്‍ഹിയില്‍ എത്തി.കല്യാണം കഴിഞ്ഞിട്ട് പുതുപെണ്ണിനെയും കൂട്ടി ഡെല്‍ഹി ഒന്ന് കാണണമെന്ന് അന്ന് മനസ്സില്‍ വെറുതെ പറഞ്ഞിട്ടു.

                 കല്യാണവും സല്‍ക്കാരവും ഒക്കെ കഴിഞ്ഞ് ഒരു കുഞ്ഞും പിറന്ന് അവള്‍ എല്‍.കെ.ജിയില്‍ എത്തിയപ്പോഴാണ് 2003ല്‍ അനിയന്റെ ഇന്റര്‍വ്യൂ ആവശ്യാര്‍ത്ഥം യാദൃശ്ചികമായി അടുത്തയാത്ര തരപ്പെട്ടത്. രണ്ടാമത്തെ മോളെ ഗര്‍ഭം പേറിയായിരുന്നു അന്ന് ഭാര്യ എന്റെ കൂടെ ആഗ്രയിലും ഡെല്‍ഹിയിലും ആദ്യമായി എത്തിയത്.ഇനി മക്കളെ എല്ലാവരേയും കൂട്ടി ഡെല്‍ഹി കാണണം - അന്ന് ഭാര്യ മനസ്സില്‍ പറഞ്ഞിരുന്നുവോ ആവോ?

               2012ല്‍ ഞാന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പദവിയില്‍ ഇരിക്കുന്ന കാലത്താണ് ഞങ്ങളുടെ ഡയരക്ടറേറ്റ് ആയ ടെക്നിക്കല്‍ സെല്‍ ആദ്യമായി ദേശീയശ്രദ്ധയില്‍ ഇടം നേടിയത്.എന്‍.എസ്.എസിന്റെ പ്രവര്‍ത്തന മേഖലയില്‍  പുതിയ തലങ്ങള്‍ക്ക് രൂപം കൊടുത്ത ഞങ്ങള്‍ക്ക് ആ വര്‍ഷം പ്രോത്സാഹനപുരസ്കാരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാനുള്ള ടീമില്‍ ഞാന്‍ വീണ്ടും ഡെല്‍ഹിയില്‍ എത്തി.പതിവ് പോലെ അന്നും ആഗ്രയില്‍ കറങ്ങി.

             2013ല്‍ ഞാന്‍ തന്നെ ദേശീയ അവാര്‍ഡിന് അര്‍ഹനായപ്പോള്‍ പത്ത് വര്‍ഷം മുമ്പ് 2003ല്‍ ഭാര്യ ആത്മഗതം ചെയ്ത ആ മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമായി.ഭാര്യക്കും മൂന്ന് മക്കള്‍ക്കും ഒപ്പം എന്റെ സ്വന്തം ഉമ്മയെയും ഭാര്യാ പിതാവിനെയും മാതാവിനെയും കൂടി ആ യാത്രയില്‍ ഞങ്ങള്‍ കൂടെ കൂട്ടി.അങ്ങനെ സീനിയര്‍ സിറ്റിസണ്‍സ് ആയ അവരും എന്റെ മക്കളും ആഗ്രയും ഡെല്‍ഹിയും വിസ്തരിച്ച് തന്നെ കണ്ടു.

             ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2015 നവമ്പര്‍ 17ന് ഞാന്‍ അഞ്ചാമത്തെ തവണ ഡെല്‍ഹിയിലേക്ക് തിരിക്കുകയാണ്.മറക്കാനാവാത്ത ആ ദിനത്തില്‍ വന്ന ഫോണ്‍കാള്‍, ടെക്നിക്കല്‍ സെല്ലിന് ഈ വര്‍ഷം ലഭിച്ച മികച്ച യൂണിവേഴ്സിറ്റിക്കുള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ്. ദേശീയപുരസ്കാരം സ്വീകരിക്കാനുള്ള ഡെല്‍ഹിയിലേക്കുള്ള സംഘത്തിലേക്ക് എന്നെയും തെരഞ്ഞെടുത്തു എന്ന അറിയിപ്പായിരുന്നു.കോയമ്പത്തൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡെല്‍ഹിയില്‍ എത്തുമ്പോള്‍ അത് എന്റെ മൂന്നാം വിമാനയാത്ര കൂടി ആവും.

            യാത്രകള്‍ എന്നും പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിനാല്‍ പുതിയ ടീമിനോടൊപ്പമുള്ള ഈ യാത്രയിലും ഞാനത് പ്രതീക്ഷിക്കുന്നു. പോയി വന്നതിന് ശേഷം അവ എഴുതാമെന്ന പ്രതീക്ഷയോടെ....

4 comments:

Areekkodan | അരീക്കോടന്‍ said...

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2015 നവമ്പര്‍ 17ന് ഞാന്‍ അഞ്ചാമത്തെ തവണ ഡെല്‍ഹിയിലേക്ക് തിരിക്കുകയാണ്

mansoor said...

പുതിയ അനുഭവങ്ങളുമായി തിരിച്ചു വരാന്‍ ഞങ്ങളുടെ സ്വന്തം അബിദ് സിര്‍നു എല്ലാ നന്മകളും നേരുന്നു.....!!

Bipin said...

വന്നിട്ട് മറ്റൊരു മുകുന്ദൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

Cv Thankappan said...

പോയ്‌ വരൂ മാഷെ....
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക