Pages

Monday, July 30, 2018

ഫുട്ബാൾ മാമാങ്കങ്ങളും കേരള പരിസ്ഥിതിയും


                 ലോകകപ്പ് ഫുട്ബാൾ വിജയകരമായി റഷ്യയിൽ സമാപിച്ചു. ലോകത്തെ മുഴുവൻ കാല്പന്ത് പ്രേമികളും നേരിട്ടോ നേരിട്ടുള്ള സംപ്രേഷണം വഴിയോ കളികൾ ആസ്വദിച്ചു. ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് 260 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു.

              റഷ്യയിൽ നിന്നും കിലോമീറ്ററുകൾ  അകലെയുള്ള കേരളത്തിൽ, ലോക‌കപ്പിനോടനുബന്ധിച്ച് നടന്ന ഒരു വ്യാപാരത്തിലൂടെ ലോക ചാമ്പ്യന്മാർക്ക് കിട്ടിയതിലും കൂടുതൽ സംഖ്യ ലഭിച്ച വിവരം എല്ലാ പരിസ്ഥിതി സ്നേഹികളും ഞെട്ടലോടെയാണ്  ശ്രവിച്ചത്. ഫ്ലെക്സ്  പ്രിന്റെഴ്സ് ഓണേഴ്സ് സമിതി പറഞ്ഞത് ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഉയർന്നത് 300 കോടി രൂപയുടെ ഫ്ലെക്സ്  ആണെന്നായിരുന്നു. അതു തന്നെ ലോക‌കപ്പ് തുടങ്ങി ആദ്യത്തെ ആഴ്ചയിലെ കണക്ക് പ്രകാരവും.ഈ 300 കോടിയുടെ വ്യാപാരം മുൻ ലോക കപ്പിനെ അപേക്ഷിച്ച് കുറവ് ആണ് പോലും !! (http://truevisionnews.com/news/world-cup-flex-board)

           കേരള ശുചിത്വമിഷനും ഈ സർക്കാർ നിലവിൽ വന്ന ശേഷം രൂപീകരിച്ച ഹരിതകേരള മിഷനും കേന്ദ്ര സർക്കാറിന്റെ സ്വച്ച് ഭാരത് മിഷനും ഒരു ഭാഗത്ത് മാലിന്യങ്ങൾ ഇല്ലാതാക്കാൻ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുമ്പോഴാണ് ശുചിത്വത്തിലും ശുചിത്വബോധത്തിലും ഏറെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളികൾ തന്നെ ഇത് ചെയ്തിരിക്കുന്നത്. സ്കൂളിലെയും കോളെജിലെയും നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരും സ്കൌട്ട്-ഗൈഡ്-ജൂനിയർ റെഡ്ക്രോസ്-എസ് പി സി എന്നിവയും എല്ലാം മേല്പറഞ്ഞ മിഷനുകളുമായി സഹകരിച്ച് മാലിന്യം നിർമാർജ്ജനം ചെയ്യാൻ പ്രവർത്തിക്കുമ്പോൾ മറുഭാഗത്ത് കോടികൾ വാരി എറിഞ്ഞ് മാലിന്യം ഉണ്ടാക്കുന്നത് തികച്ചും അപലപനീയമാണ്.സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഫലപ്രദമായ ഇടപെടൽ ഈ കാര്യത്തിൽ ഇല്ലാതെ പോയി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

          ഇപ്പറഞ്ഞ ഫ്ലെക്സുകൾ മുഴുവൻ ഉയർന്നത് ദേശീയ പാതയടക്കമുള്ള വഴിയോരത്താണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രൂപത്തിൽ ഇപ്പോഴും അവയിൽ പലതും പാതയോരത്ത് തന്നെയുണ്ട്. വഴിയോരത്ത് ഒരു മരം നടാൻ നിരവധി പെർമിഷനുകൾക്കായി ഓഫീസുകൾ കയറിയിറങ്ങണം. എന്നാൽ ഈ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ എത്ര പേർക്ക് അനുവാദം കൊടുത്തു എന്ന് ബന്ധപ്പെട്ട മന്ത്രിമാർ ഒന്ന് അന്വേഷിക്കണം. ഫാൻസ് അസോസിയേഷൻ എന്ന് മാത്രമാണ് മിക്ക ബോഡുകളിലും ഉള്ള മേൽ‌വിലാസം.ആ അസോസിയേഷനിലെ ഒരാളുടെയും കോണ്ടാക്റ്റ് നമ്പർ പോലും വയ്ക്കാറില്ല.ഇങ്ങനെ ഊരും പേരും ഇല്ലാത്ത ബോർഡുകൾ പൊതുവഴിയിൽ വയ്ക്കാൻ മൌനാനുവാദം നൽകുന്നത് ആരാണെങ്കിലും അവർക്കെതിരെ നടപടികൾ എടുക്കേണ്ടത് അനിവാര്യമാണ്.

            ഇപ്പോൾ ലോക‌കപ്പ് മത്സരങ്ങൾ സമാപിച്ചു.ബ്രസീലും അർജന്റീനയും ഒക്കെ മാറ്റുരക്കുന്ന കോപ്പ അമേരിക്ക കപ്പ് 2019ലും യൂറോപ്യൻ രാജ്യങ്ങൾ ഏറ്റുമുട്ടുന്ന യൂറോ കപ്പ് 2020ലും നടക്കും. ഇതേ സ്ഥിതി തുടർന്നാൽ അന്നും നമ്മുടെ നാട്ടിൽ ഇതിലും വലിപ്പവും നീളവും വീതിയും കൂടുതലുള്ള ഫ്ലെക്സ് ബോർഡുകൾ ഉയരും. 

           ഫ്ലെക്സ് നിരോധിക്കും എന്ന് മുമ്പ് ഏതോ ഒരു മന്ത്രി തന്നെ പ്രസ്താവിച്ചതായി ശ്രദ്ധയിൽ പെട്ടിരുന്നു.കോടികളുടെ വരുമാനമുള്ള ഈ ഖനി അടച്ചു പൂട്ടാൻ അതിൽ കയ്യിട്ട് വാരുന്നവർ സമ്മതിക്കില്ല എന്ന് തീർച്ച. പക്ഷെ സർക്കാർ നിയന്ത്രണത്തിലുള്ള ശുചിത്വകേരള മിഷനും ഹരിത കേരള മിഷനും എല്ലാം പ്രവർത്തിക്കുന്നത്  ആത്മാർത്ഥമായിട്ടാണ് എങ്കിൽ ഫ്ലെക്സ് ബോർഡുകൾ അടിയന്തിരമായി നിരോധിച്ചേ തീരൂ. അല്ലാതെ ഗവണ്മെന്റ് ഓഫീസുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഹരിത നിയമാവലി നടപ്പാക്കി മുഖം രക്ഷിക്കുന്നതിൽ അർത്ഥമില്ല എന്ന് വിനീതമായി ഉണർത്തുന്നു.

Saturday, July 21, 2018

ബന്തിപ്പൂർ വനത്തിലൂടെ...

               ഗുണ്ടൽപ്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ മതിയാവോളം ആസ്വദിച്ച ശേഷം ഞാനും കുടുംബവും വീണ്ടും കാറിൽ കയറി. അളിയന്മാരുമൊത്ത് പിറ്റെ ദിവസം മറ്റൊരു യാത്ര പ്ലാൻ ചെയ്തിരുന്നതിനാൽ മടക്കം മമ്പാട്ടെ ഭാര്യാ വീട്ടിലേക്കാണ്. അല്ലെങ്കിലും വന്ന വഴി മടങ്ങാതെ ഗുണ്ടൽ‌പേട്ട് - മുതുമല -ഗൂഡലൂർ-നാടുകാണി വഴി മടങ്ങാം എന്നായിരുന്നു യാത്ര തുടങ്ങുന്നതിന്റെ മുമ്പെ എന്റെ പദ്ധതി. സമയം ഏറെ വൈകിയതിനാൽ ഇനി ആക്സിലേറ്ററിൽ നിന്ന് കാലെടുക്കാൻ പറ്റില്ല എന്ന് മാത്രം.
             പൂന്തോട്ടത്തിന് പുറത്ത് റോഡ് സൈഡിൽ വിറ്റു കൊണ്ടിരുന്ന പൊളിക്കാത്ത  കടല കുറച്ചധികം വാങ്ങി കാറിൽ വച്ചു - പോകുന്ന വഴിയിൽ ഞങ്ങൾക്ക് കൊറിക്കാനും ഭാര്യാ വീട്ടിലെ മറ്റു മക്കൾക്ക് കൊറിക്കാനും വേണ്ടി. പകുതി വിലക്ക് ലഭിക്കുന്ന പച്ചക്കറി സാധനങ്ങൾ റോഡിന്റെ ഇരു വശത്തും കെട്ടി ഉയർത്തിയ ധാരാളം താൽകാലിക ഷെഡുകളിലൂടെ വില്പന നടത്തുന്നുണ്ട്. ഗുണ്ടൽ‌പേട്ട് - ഊട്ടി റൂട്ടിൽ പോകുമ്പോൾ വാങ്ങാം എന്ന് കരുതി ഞാൻ വണ്ടി വിട്ടു.

              ഗുണ്ടല്പേട്ടിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഞാൻ ഊട്ടി റോഡിലൂടെ യാത്ര തുടർന്നു. പച്ചക്കറി ഷെഡുകൾ അധികം കാണാതായപ്പോൾ പണി പാളിയോ എന്ന് സംശയിച്ചു. എന്റെ ഭാഗ്യത്തിന് അല്പ നേരത്തെ ഡ്രൈവിംഗിന് ശേഷം ഒരു കട കണ്ടു. വേറെ രണ്ട് മലയാളി കുടുംബവും അവിടെ പച്ചക്കറി വാങ്ങുന്നുണ്ടായിരുന്നു. ഞങ്ങൾക്കും ഭാര്യാ വീട്ടിലേക്കും ആയി ഇരുപത് കിലോയോളം പച്ചക്കറികൾ വാങ്ങിയിട്ടും 300 രൂപയിൽ താഴെയേ ആയുള്ളൂ. സമയം ആറരയോട് അടുത്തതിനാൽ ഞാൻ വേഗം തന്നെ കാറിൽ കയറി.

               കാടിനകത്ത് കൂടിയുള്ള വിജനമായ റോഡിലൂടെ എന്റെ ആൾട്ടോ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പായുകയാണ്. പുറത്ത് ഇരുട്ട് വ്യാപിക്കാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഭാര്യക്കും മക്കൾക്കും ഉള്ളിൽ ഭയം മുളക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.കാട്ടിലൂടെയുള്ള മുന്‍ യാത്രകളിലെല്ലാം കണ്ട് മടുത്ത മാന്‍ കൂട്ടങ്ങള്‍ ഇവിടെയും പ്രത്യക്ഷപ്പെട്ടു.
              പെട്ടെന്നാണ് റോഡ് സൈഡിലെ പൊന്തക്കാടുകൾക്കിടയിൽ നിന്ന് ഒരനക്കം കണ്ടത്. അത് ഒരു ആനയായിരുന്നു ! കാർ നിർത്തുന്നത് അപകടം ക്ഷണിച്ച് വരുത്തും എന്നതിനാൽ കാറിൽ നിന്ന് തന്നെ അവനെ/ളെ  ക്യാമറക്കകത്താക്കി.
             അല്പം കൂടി പോയപ്പോഴേക്കും അത്യാവശ്യം വലിയ ഒരു ആന തന്നെ റോഡ് സൈഡിലേക്കിറങ്ങി. അതോടെ ആനയെ കണ്ടില്ല എന്ന പരാതി  ഇനി കാണരുതേ എന്ന പ്രാര്‍ത്ഥനയായി മാറി.
                  ഇരുട്ട് പരന്ന് തുടങ്ങിയപ്പോഴാണ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചത്. അങ്ങോട്ട് സ്വാഗതം ചെയ്യുന്ന കടുവയുടെ പടം കൂടി കണ്ടതോടെ എല്ലാവരുടെയും സംസാരം നിലച്ചു. 
                ബന്തിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്ര എന്നാൽ കടുവയും പുലിയും ആനയും കാട്ടുപോത്തുകളും ഒക്കെ ഏതു നിമിഷവും മുൻപിൽ പ്രത്യക്ഷപ്പെടാവുന്ന അപകട യാത്രയാണ്. ഇടക്കിടക്ക് ഹമ്പുകൾ ഉള്ളതിനാൽ സാവധാനം മാത്രമേ ഡ്രൈവ് ചെയ്യാനും പറ്റൂ.വല്ലപ്പോഴും മാത്രമേ വാഹനങ്ങൾ എതിർ ദിശയിൽ പോകുന്നുള്ളൂ എന്നത് എന്റെ ഉള്ളിലും ഭയം അങ്കുരുപ്പിച്ചു. മുമ്പ് ഒരു ബൈക്ക് യാത്രികന്റെ വണ്ടി പഞ്ചറായതും ആനകളുടെ മുന്നിൽ പെട്ടുപോയതും ലോറിയിൽ കയറി രക്ഷപ്പെട്ടതും എല്ലാം ഫേസ്ബുക്കിൽ വായിച്ചിരുന്നു. ഒറ്റക്കാണെങ്കിൽ അതൊക്കെ ചെയ്യാം. കുടുംബത്തെ വിട്ട് ഓടാനും പറ്റില്ലല്ലോ എന്ന ചിന്തയിൽ ഞാൻ മുഴുകുമ്പോഴേക്കും നല്ലൊരു വളവിലെത്തി. വളവ് തിരിഞ്ഞതും അവ്യക്തമായ ഒരു കൂട്ടം റോഡ് വക്കത്ത് തന്നെ !! കാട്ടു പോത്തുകൾ ആയിരുന്നു അത് എന്ന് കാർ പാസ് ചെയ്ത  ശേഷം മനസ്സിലായി.

                  ഈ കാട്ടിനകത്ത് വച്ചെങ്ങാനും കാറിന് എന്തെങ്കിലും സംഭവിച്ചാലോ എന്നായിരുന്നു ഭാര്യയുടെ പേടി. ഇത്രയും ‘ധൈര്യമുള്ള‘വരെയാണ് ഈ യാത്രക്ക് ഞാൻ ഒപ്പം കൂട്ടിയത് എന്ന് അപ്പോഴാണ് മനസ്സിലായത്.വല്ല പുലിയോ കടുവയോ പിടിച്ച് തീരാനാണ് വിധിയെങ്കിൽ അത് നിശ്ചയിച്ച സ്ഥലത്ത് നാം ഓടി എത്തും എന്ന് ഞാൻ അവരെ ഉത്ബോധിപ്പിച്ചു. പെട്ടെന്ന് റോഡ് രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി. ഇടതുഭാഗത്തേക്ക് സൂചനയുണ്ടെങ്കിലും പിന്നിൽ വന്ന വാഹനം നേരെ കടന്നു പോയി. സൂചനക്കനുസരിച്ച് തന്നെ പോകാം എന്ന് കരുതി ഞാൻ ഇടതുവശത്തെ വഴിയിലേക്ക് തിരിഞ്ഞു.വശങ്ങളിൽ പിന്നെയും കറുത്ത വലിയ രൂപങ്ങൾ നീങ്ങുന്നത് ഞാൻ കണ്ടു. ഭയം കാരണം ആരും ഒന്നും പറഞ്ഞില്ല. വളവും തിരിവും കയറ്റവും കഴിഞ്ഞ് അത് നേരെയുള്ള റോഡിലേക്ക് തന്നെ കയറിയപ്പോഴാണ്, പിന്നിലുണ്ടായിരുന്ന വാഹനം നേരെ തന്നെ പോയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.

               രാത്രി ഏഴര മണിയോടെ മുതുമല വന്യ ജീവി സങ്കേതത്തിന്റെ മെയിൻ ഗേറ്റ് കടന്ന് തുറപ്പള്ളിയിൽ എത്തിയപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ ചൊവ്വെ വരാൻ തുടങ്ങിയത്. മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാനായി വണ്ടി സൈഡാക്കി ഞങ്ങൾ ഒരു ഹോട്ടലിൽ കയറി.

               ഇനിയും കാട് പിന്നിടാനുണ്ട്. മാത്രമല്ല കാട്ടാന ഇറങ്ങുന്ന , രാത്രിയായാൽ കോടമഞ്ഞ് പൂക്കുന്ന നാടുകാണി ചുരവും താണ്ടാനുണ്ട്.തുറപ്പള്ളിയിലെ ചായ അതിനുള്ള ഊർജ്ജം തന്നു. കൂടുതൽ പ്രശ്നങ്ങളില്ലാതെ ഞങ്ങൾ മമ്പാട് എത്തുമ്പോൾ സമയം രാത്രി പത്ത് മണി ആയിരുന്നു. അവിടെ, പിറ്റെ ദിവസത്തെ യാത്രയുടെ ചുടു ചർച്ചയിലേക്ക് ഞങ്ങളും അലിഞ്ഞ് ചേർന്നു.

മുന്നറിയിപ്പ് :- നേരം ഇരുട്ടിയാൽ ബന്തിപ്പൂർ വനത്തിലൂടെയുള്ള എല്ലാ യാത്രകളും കഴിയുന്നതും ഒഴിവാക്കുക.വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പാക്കി മാത്രം യാത്രക്ക് പുറപ്പെടുക.

Friday, July 20, 2018

ഗുണ്ടൽപ്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ

വയനാട് ചുരം (പപ്പുവേട്ടന്റെ താമരശ്ശേരി ചൊരം തന്നെ) കയറിയപ്പോൾ
 ഇത്തവണത്തെ യാത്രയും മഴ മുടക്കുമോ എന്ന ഉൾഭയം തുടങ്ങി. പ്രതീക്ഷിച്ച പോലെ മീനങ്ങാടി കഴിഞ്ഞതും മഴ കോരിച്ചൊരിയാൻ തുടങ്ങി. റോഡ് വക്കിൽ തന്നെ കണ്ട “ഊട്ടുപുര” യിൽ കയറി ഊൺ കഴിച്ചു.നല്ല ഭക്ഷണം എന്നല്ല , അടിപൊളി ഭക്ഷണം. ഊണും മഴ അല്പം തോരുന്നത് വരെ വിശ്രമവും എടുത്ത് വീണ്ടും യാത്ര ആരംഭിച്ചു.

                മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ കാടിന്റെ തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങി.പുറത്ത്  അപ്പോഴും മഴ പൊടിയുന്നുണ്ടായിരുന്നു. ഒരു മാസത്തിലേറെയായി ആവശ്യത്തിന് മഴ ലഭിച്ചതിനാൽ കാടും അടിക്കാടും ഹരിതാഭമായി മാറിയിരുന്നു. കാട്ടിൽ പ്രവേശിച്ചതോടെ മാനും മയിലും ഇരു വശങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുൻ യാത്രകളിലും ഇവയെ സ്ഥിരം കണ്ടിരുന്നതിനാൽ കുട്ടികൾക്ക് ഒരു പുതുമ അനുഭവപ്പെട്ടില്ല. ഉള്ളിൽ ഭയമുണ്ടെങ്കിലും കാട്ടിൽ സ്വൈരവിഹാരം നടത്തുന്ന ഒരു കുട്ടിക്കൊമ്പനെയോ കടുവയെയോ കാണാൻ മനസ്സ് കൊതിച്ചു.

               മൂലെഹള്ളി ചെക്ക് പോസ്റ്റും പിന്നിട്ടതോടെ മഴ മാറി ആകാശം തെളിയാൻ തുടങ്ങി. അതോടെ ഗുണ്ടൽപ്പേട്ടിലെ കാലാവസ്ഥയുടെ ഏകദേശ ചിത്രം മനസ്സിലും തെളിഞ്ഞു. കാട്ടിലെ കാഴ്ചകൾക്ക് കൂടുതൽ സമയം നൽകാതെ ഞാൻ ആകിസിലേറ്ററിൽ കാല് വച്ചു. പക്ഷെ ഇടക്കിടക്കുള്ള ഹമ്പ് വേഗതയെ നിയന്ത്രിച്ചു കൊണ്ടിരുന്നു.

              കാട് കഴിഞ്ഞതോടെ ഇരുവശത്തും കൃഷിയിടങ്ങൾ കാണാൻ തുടങ്ങി. അധികം മുന്നോട്ട് പോകുന്നതിന് മുമ്പ് തന്നെ പൂ പാടങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പക്ഷെ അവയെല്ലാം റോഡിൽ നിന്നും ഏറെ അകലെയായിരുന്നു. അടുത്തെങ്ങും ആൾക്കാരെ കാണാത്തതിനാൽ കാറിൽ നിന്ന് തന്നെ കാഴചകൾ ആസ്വദിച്ച് ഞങ്ങൾ മുന്നോട്ട് നീങ്ങി.
             സമയം ഏകദേശം നാല് മണിയോട് അടുത്തപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ച സ്ഥലത്ത് എത്തി. നാലഞ്ച് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതിന് തൊട്ടടുത്ത് ഒരു ഭാഗത്ത് ചെണ്ടുമല്ലി(മല്ലിക)ത്തോട്ടവും തൊട്ടടുത്ത് തന്നെ വാടാർ മല്ലിത്തോട്ടവും.

             ഞാൻ കാർ സൈഡാക്കിയതോടെ ഒരു ഗ്രാമീണൻ എന്റെ അടുത്ത് ഓടി എത്തി. അദ്ദേഹം പറഞ്ഞത് തിരിഞ്ഞില്ലെങ്കിലും ഒരാൾക്ക് പത്ത് രൂപ കൊടുത്താൽ അകത്ത് കയറി കാണാനും ഫോട്ടോ എടുക്കാനും പറ്റും എന്നാണ് പറയുന്നത്  എന്ന് ഞാൻ മനസ്സിലാക്കി. തുച്ഛമായ ആ പ്രവേശന ഫീസിന് പോലും വില പേശുന്ന മലയാളികളെ അവിടെ കണ്ടു. കുട്ടികൾക്കടക്കമുള്ള പൈസ കൊടുത്ത് ഞാനും കുടുംബവും പൂക്കളുടെ ലോകം ശരിക്കും ആസ്വദിച്ചു.
             വാടാർമല്ലിത്തോട്ടം മറ്റൊരു കാവൽക്കാരന്റെ കീഴിലായിരുന്നതിനാൽ അത് പുറത്ത് നിന്നും ക്യാമറയിൽ പകർത്തി.
              സൈഡ് റോഡിലൂടെ ഇനിയും മുന്നോട്ട് പോയാൽ ഇരു ഭാഗത്തും നിരവധി തോട്ടങ്ങളുണ്ട്. ചെണ്ടുമല്ലിയും വാടാർമല്ലിയും സൂര്യകാന്തിയും എല്ലാം വിളവെടുപ്പിന് പാകമായി നിൽക്കുന്നുണ്ട്. ഏതോ മലയുടെ താഴ്വാരത്തേക്ക് പോകുന്ന ആ റോഡിലൂടെ കുടുംബസമേതം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല എന്നതിനാൽ ഞാൻ അങ്ങോട്ട് പോയില്ല.

            ഓണത്തിന് തൊട്ടു മുമ്പാണ് ഞാൻ ഈ യാത്ര പോയത്. ഓണക്കാലത്ത് കോഴിക്കോട്ടങ്ങാടിയിൽ കാണുന്ന പൂക്കൂമ്പാരങ്ങളുടെ ഉറവിടം തേടിയുള്ള യാത്ര. പക്ഷെ അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ഈ പൂ കൃഷി കേരളത്തിലെ ഓണം ലക്ഷ്യം വച്ചല്ല , മറിച്ച് പെയിന്റ് വ്യവസായത്തിൽ  ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്ന്. ഗുണ്ടൽപ്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ കാണാൻ പറ്റിയ സമയം ജൂലൈ രണ്ടാം വാരം മുതലാണ്. മഴയില്ലെങ്കിൽ നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു യാത്ര.

             ഗോപാലസ്വാമി ബേട്ടയിലും പോകാൻ ഉദ്ദേശിച്ചിരുന്നു. നാട്ടിലേക്കുള്ള മടക്കം മുതുമല വന്യജീവി സങ്കേതത്തിലൂടെ പ്ലാൻ ചെയ്തിരുന്നതിനാൽ  ഗോപാലസ്വാമി ബേട്ടയിൽ പോകാൻ സാധിച്ചില്ല.മാത്രമല്ല സ്വന്തം വാഹനം ഗുണ്ടല്പേട്ടിൽ പാർക്ക് ചെയ്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സിലേ ഇപ്പോൾ അങ്ങോട്ട് പോകാൻ പറ്റൂ എന്നും കേട്ടു (മാറ്റമുണ്ടോ എന്നറിയില്ല). ബന്ദിപ്പൂർ വഴിയുള്ള ആ മടക്കയാത്ര ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ളതായിരുന്നു !!

കടമെടുത്ത ചില വിവരങ്ങൾ താഴെ.
 Travel Info - GopalaswamiBetta
Gopalapuram, a remote village near Himavad Gopalaswamy Betta, is famous for its Flower fields. There are umpteen such villages in and around Gopalaswami Betta. Gopalaswami Betta is a hill (betta in Kannada) located in the Chamarajanagar district of the state of Karnataka, at a height of 1454 m India and is extensively wooded. It is also the highest peak in the Bandipur National Park. It lies in the core area of the Bandipur National Park and is frequented by wild life including elephants.
Get There: The hill station is situated 16 km southwest of Gundlupet. There are two routes leading to the spot. (1) Gopalapura - Kumagahalli (2) Gundi Vijayapura- Hangala. Start from Gundlupet, continue in the same Ooty-Mysuru road towards Bandipur. Nearly 8 Kms after Gundlupet, turn right from a junction called Hangala towards Gopalaswamy betta. There is a motorable road all the way to the top of the hill. Karnataka State Road Transport Corporation (KSRTC) buses ply from Gundlupet to this hill. Mysuru(75km). Kozhikode(180km), Bangaluru(220) km.
Contact:http://www.himavadgopalaswamy.org.in/
Stay: (Stay at Gundelpet or Bandipur). Misty Rock, Gundelpet: ` 08229 223331.  Forest Guest House at Bandipur. Enquirse 08229-236051, Jungle Lodges For Booking 080-40554055.  Best Season:Through out the year. Timings: Visitors are allowed only from around 8:30 AM till 4:00 PM.

Thursday, July 19, 2018

ആന്‍ അഗസ്റ്റിന് പിന്നാലെ പൂക്കളുടെ ലോകത്തേക്ക്...

                  2014 ലോ 2015ലോ ആണ് മാതൃഭൂമി യാത്രയുടെ ഒരു ലക്കം എന്റെ കണ്ണിൽ പെട്ടത്. കേരളത്തിൽ ഓണക്കാലത്ത് പൂവെത്തിക്കുന്ന മറുനാടൻ ചന്തകളെയും പൂന്തോട്ടങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയതായിരുന്നു ആ ലക്കം   .ഞാൻ ആ കോപ്പി അപ്പോഴേ വാങ്ങി എല്ലാ ആർട്ടിക്കിളും വായിച്ചു. അതിൽ ‘ആൻ അഗസ്റ്റിനൊപ്പം പൂക്കളുടെ ലോകത്ത്’ എന്ന വിവരണത്തിൽ പറഞ്ഞത് ഗുണ്ടൽ‌പേട്ടയെ പറ്റിയായിരുന്നു.ആ മാഗസിനിൽ വായിച്ചതിൽ എനിക്ക് ഇഷ്ടപ്പെട്ടതും ആ ആർട്ടിക്കിളായിരുന്നു. അതിനാൽ അടുത്ത ഓണത്തിന് മുമ്പായി കുടുംബസമേതം തന്നെ ഒന്ന് പോകാം എന്ന് കരുതി (2017 സെപ്തംബറിൽ ഇതേ ആർട്ടിക്കിൾ മാത്രുഭൂമി ഓൺലൈനിലും കണ്ടു).

               സിനിമാ നടി  ആൻ അഗസ്റ്റിൻ യാത്ര ചെയ്തത് മാതൃഭൂമി യാത്രക്ക് വേണ്ടി ഹോണ്ട അമെയ്സിൽ ആയിരുന്നു. എന്റെ അടുത്തുള്ളത് 2006 മോഡൽ മാരുതി ആൾട്ടോയും. എങ്കിലും കുടുംബത്തിലെ എല്ലാവർക്കും സൌകര്യം ഒത്തുവരുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു.

                  2015ജൂണിൽ ഞാൻ കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ട്രാൻസ്ഫർ ആയി.ജോയിൻ ചെയ്ത് ഏറെ ദിവസം ആകുന്നതിന് മുമ്പ് കല്പറ്റയിൽ ഒരു ധർണ്ണയിൽ പങ്കെടുക്കാൻ എനിക്ക് പോകേണ്ടി വന്നു. അന്ന് ഇനി കോളേജിലേക്ക് തിരിച്ചു ചെന്നിട്ടും പ്രയോജനം ഇല്ലാത്തതിനാൽ ഞാൻ ഒരു തീരുമാനമെടുത്തു - ചെണ്ടുമല്ലിത്തോട്ടം കാണാൻ ഗുണ്ടൽ‌പേട്ടയിലേക്ക് വിടാൻ. ഒറ്റക്ക് കണ്ട ശേഷം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം കാറും കുടുംബവും ഓടിയാൽ മതിയല്ലോ എന്നായിരുന്നു ഈ സന്ദർശനത്തിലൂടെ ഉദ്ദേശിച്ചത്.

               ബത്തേരി ഡിപ്പോയിൽ ചെന്ന് ഏറെ കാത്തിരുന്ന ശേഷം ഒരു മൈസൂർ ബസ് കിട്ടി. കണ്ടക്ടറോട് ഞാൻ എന്റെ ഉദ്ദേശ്യം അവതരിപ്പിച്ചു. അദ്ദേഹം ഗുണ്ടല്പേട്ട വരെയുള്ള ടിക്കറ്റ് ചാർജ്ജ് ഈടാക്കിക്കൊണ്ട് പറഞ്ഞു.
“വഴിയിൽ ധാരാളം സ്ഥലങ്ങൾ ഉണ്ട്...പറഞ്ഞാൽ മതി...അവിടെ ഇറക്കിത്തരാം....”

             അദ്ദേഹത്തിന്റെ മഹാമനസ്കതക്ക് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. ഗുണ്ടൽപ്പേട്ട വരെയുള്ള ചാർജ്ജ് എന്നിൽ നിന്നും ഈടാക്കിയതിനാൽ  അതിന് മുമ്പ് എന്നെ ഇനി എവിടെ ഇറക്കിവിട്ടാലും സർക്കാറിന് ലാഭം എന്നതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

              ബത്തേരിയിൽ നിന്നും അല്പം മുന്നോട്ട് പോയതോടെ തന്നെ മഴ തിമർത്ത് പെയ്യാൻ തുടങ്ങി. മൻസൂൺ കേരളത്തിൽ മാത്രമാണെന്നായിരുന്നു എന്റെ ധാരണ. എന്നാൽ മഴക്ക് സംസ്ഥാനാതിർ വരമ്പുകൾ ബാധകമല്ല എന്ന് അന്ന് മനസ്സിലായി. ചെക്ക് പോസ്റ്റ് കടന്നിട്ടും മഴ ശമിച്ചില്ല. കാട് കടന്നിട്ടും മഴ എന്നോടൊപ്പം തന്നെ കൂടി.പുറത്ത് കൃഷിയിടങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പച്ചഷീറ്റുകൾ ചുറ്റും കെട്ടിയ പൂന്തോട്ടങ്ങളും പിന്നോട്ട് ഓടി മറഞ്ഞു.

“നല്ല മഴയാണ്...ഇവിടെ ഇറങ്ങിയതുകൊണ്ട് കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല....” കയറി നിൽക്കാൻ ഒരു പെട്ടിക്കട പോലും കാണാത്ത സ്ഥലത്തേക്ക് നോക്കി കണ്ടക്ടർ എന്നോട് പറഞ്ഞു.

“അതെ....കുറച്ച് കൂടി മുന്നോട്ട് പോയിട്ട് നോക്കാം...” ഓടിമറയുന്ന തോട്ടങ്ങളെ നോക്കി ഞാനും പറഞ്ഞു. ബസ്സിൽ നിന്നും ചില ഫോട്ടോകളും ഞാൻ പകർത്തി. പക്ഷെ അതിൽ പൂന്തോട്ടങ്ങൾ ഒന്നും ശരിക്ക് പെട്ടില്ല.മഴ അപ്പോഴും തുടർന്നു.
 “ഗുണ്ടൽ‌പേട്ടയിൽ ഇറങ്ങി ഓട്ടോ പിടിച്ച് പോരുന്നതായിരിക്കും ഇനി നല്ലത്...” നിരാശ നിറഞ്ഞ എന്റെ മുഖത്തേക്ക് നോക്കി കണ്ടക്ടർ പറഞ്ഞു.

‘എന്നിട്ട് വേണം ഇനി എന്റെ കീശ കൂടി കാലിയാക്കാൻ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. കാരണം പൂന്തോട്ടങ്ങളിൽ നിന്നും ഞാൻ അത്രയും ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു. ആഞ്ഞ് വീശുന്ന കാറ്റും തിമർത്ത് പെയ്യുന്ന മഴയും കൂടി എന്നെ ഗുണ്ടൽ‌പേട്ടയിലേക്ക് സ്വാഗതം ചെയ്തു. തണുപ്പകറ്റാൻ വഴിയോരത്തെ കടയിൽ നിന്നും ഒരു ചായ വാങ്ങിക്കുടിച്ചു.ഇനിയും അവിടെ സമയം കളയുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്തതിനാൽ അടുത്ത ബസ്സിന് തന്നെ ഞാൻ ബത്തേരിയിലേക്ക് തിരിച്ച് കയറി.

ആൻ അഗസ്റ്റിൻ പറയുന്ന പോലെയും മാഗസിനിൽ വായിക്കുന്ന പോലെയും അങ്ങനെയങ്ങ് ഓടിച്ചെന്ന് കണ്ടു പോരാൻ പറ്റുന്നതല്ല ഗുണ്ടൽ‌പ്പേട്ടയിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ.എങ്കിലും ഒരിക്കൽ നിന്നെ കാണാൻ  കുടുംബസമേതം ഞാൻ എത്തും എന്ന് ഗുണ്ടൽ‌പ്പേട്ട എന്നെക്കൊണ്ട് പറയിപ്പിച്ചു.... ആ യാത്ര ഇതാ ഇവിടെ വായിക്കാം - ഗുണ്ടൽ‌പ്പേട്ടയിലെ ചെണ്ടുമല്ലിത്തോട്ടങ്ങള്‍.

Thursday, July 12, 2018

സാക്ഷിക്കൂട്ടില്‍ വീണ്ടും...

           ഒഴിഞ്ഞുപോയി എന്ന് കരുതിയ ഒരു പാമ്പ് ഇന്നലെ വീണ്ടും എന്റെ മുമ്പില്‍ തല പൊക്കി - ഏഴ് വര്‍ഷം മുമ്പ് കോഴിക്കോട് എഞ്ചിനീയറിംഗ് കോളെജില്‍ നടന്ന പ്രമാദമായ നിര്‍മ്മല്‍ മാധവന്‍ കേസില്‍, ബുധനാഴ്ച കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ആയിരുന്നു അത് - ഒരൊപ്പിന്റെ പൊല്ലാപ്പ് . വയനാട് നിന്നും തിരിച്ചെത്തി ജോയിന്‍ ചെയ്ത് ഒന്ന് ശ്വാസം വിടുമ്പോഴേക്കും വന്ന രണ്ടാം കോടതി കയറ്റം എന്നെ നന്നായി അലോസരപ്പെടുത്തി.

               കൃത്യം 11 മണിക്ക് തന്നെ കോടതി നടപടികള്‍ ആരംഭിച്ചു.പഴയ പബ്ലിക് പ്രൊസിക്യൂട്ടറായ ആ സ്ത്രീ തന്നെയാണ് ഇപ്പോഴും.കേസ് തുടക്കത്തില്‍ തന്നെ വിളിച്ചപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാമെന്ന് മോഹിച്ചു. പക്ഷെ അത് വെറും മോഹം മാത്രമായിരുന്നു. രാവിലെ വിളിച്ച എല്ലാ കേസുകളും കഴിഞ്ഞ് നീണ്ട കാത്തിരിപ്പിനൊടുവില്‍, അവസാനത്തേതായി 1.45ന് ആണ് ഞാന്‍ രണ്ടാം തവണയും സാക്ഷിക്കൂട്ടില്‍ കയറിയത്.

            കഴിഞ്ഞ തവണത്തെപ്പോലെ ആ സ്ത്രീ അതേ ചോദ്യങ്ങള്‍ തന്നെ ചോദിച്ചു. ഞാന്‍ എല്ലാം നിഷേധിച്ചു. ഞാന്‍ കള്ളം പറയുകയാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടറും വാദിച്ചു. പതിവ് പോലെ മൊഴി രേഖപ്പെടുത്തിയ പേപ്പറില്‍ ഞാന്‍ ഒപ്പിട്ടു. പെട്ടെന്നാണ് പറഞ്ഞുകേട്ട ഒരു കാര്യം ഞാന്‍ ആ ക്ലര്‍ക്കിനോട് ചോദിച്ചത്.

“ഇവിടെ അറ്റന്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്തെങ്കിലും കിട്ടുമോ?”

“ങാ...കിട്ടും....ഞാന്‍ ചോദിക്കട്ടെ....” അവര്‍ പറഞ്ഞു.

“ഡ്യൂട്ടി ലീവ് അനുവദിക്കും...വന്നതിനുള്ള ടി എ/ഡി എ യും ക്ലെയിം ചെയ്യാം...” ഞങ്ങളുടെ വക്കീലും പറഞ്ഞു.

                        ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി കേസില്‍ സാക്ഷി പറയാന്‍ പോകുന്ന ഏതൊരു ഗവണ്മെന്റ്/പൊതുമേഖലാ ഉദ്യോഗസ്ഥനും ആ ദിവസത്തെ ഡ്യൂട്ടിലീവും യാത്രാബത്തയും ദിനബത്തയും അനുവദിക്കപ്പെടും. അത് അവകാശപ്പെടാന്‍ കോടതിയില്‍ നിന്ന് തന്നെ ലഭിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് (FORM 47) കൂടി ഹാജരാക്കണം എന്ന് മാത്രം. ആവശ്യപ്പെട്ടാല്‍ മാത്രമേ അവരത് തരൂ.എന്റെ അറിവില്ലായ്മ കാരണം കഴിഞ്ഞ പ്രാവശ്യം എനിക്കിതൊന്നും തന്നെ ലഭിച്ചില്ല.

                  ആയതിനാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോകുന്ന എല്ലാ ജീവനക്കാരും ശ്രദ്ധിക്കുക. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ആ പരിപാടി തന്നെ നിര്‍ത്തിക്കളയാന്‍ സാധ്യതയുണ്ട്.

Sunday, July 08, 2018

മണ്ണില്‍ വീണ താരങ്ങള്‍

            റഷ്യയില്‍ പന്തുരുളാന്‍ തുടങ്ങും മുമ്പേ ഫുട്ബാളിലെ ചില രാജാക്കന്മാരുടെ തല ഉരുളാന്‍ തുടങ്ങിയിരുന്നു. അതില്‍ ഏറ്റവും അമ്പരപ്പിച്ചത് ഇറ്റലിയുടെ പതനം തന്നെയായിരുന്നു.പ്രതിരോധത്തിന്റെ കോട്ട കെട്ടി കളി മുഷിപ്പിക്കുന്ന ഇറ്റലി യോഗ്യത നേടാതെ പുറത്തായതില്‍ ഞാന്‍ സന്തോഷിച്ചു. അടുത്ത അവസരം ഹോളണ്ടിനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ അവരും യോഗ്യതാ റൌണ്ടില്‍ തന്നെ പുറത്തായി.കോപ അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ട് തവണ അര്‍ജന്റീനയെ തോല്പിച്ച് ചാമ്പ്യന്മാരായ ചിലിയായിരുന്നു യോഗ്യത നേടാതെ പോയ അടുത്ത ടീം.മെസ്സി മികവില്‍ കഴിഞ്ഞ കപ്പിലെ ഫൈനലിസ്റ്റുകളായ  അര്‍ജന്റീന അവസാന ശ്വാസത്തില്‍ ഇക്വഡോറിനെ മറികടന്ന് റഷ്യയിലേക്ക് ടിക്കറ്റെടുത്തത് ആരാധകരെ തല്‍ക്കാലം സമാധാനിപ്പിച്ചു.

               റഷ്യയില്‍ ഉരുളാന്‍ പോകുന്ന തലകള്‍ ഏതൊക്കെ എന്ന് പ്രാഥമിക റൌണ്ടില്‍ തന്നെ വ്യക്തമായിരുന്നു. മെക്സിക്കോയോട്‌ ആദ്യ കളി തോറ്റ ലോക ചമ്പ്യന്മാരായ ജര്‍മ്മനിയായിരുന്നു ആദ്യത്തെ അടയാളം നല്‍കിയത്.    സമനില പിടിച്ചതോടെ അവരുടെ നില പരുങ്ങി. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയക്ക് മുമ്പില്‍ രണ്ട് ഗോളിന് മുട്ടുകുത്തി ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി മുഴുവന്‍ ആരാധകരെയും ഞെട്ടിച്ചു.

                റഷ്യന്‍ മണ്ണില്‍ വീണ ആദ്യത്തെ സൂര്യന്‍ സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയായിരുന്നു. ഐസ്‌ലാന്റ് എന്ന കേട്ടുകേള്‍വി പോലുമില്ലാത്ത രാജ്യത്തോട് സമനിലയോടെ തുടങ്ങിയപ്പോഴെ യോഗ്യത റൌണ്ട് തപ്പിത്തടഞ്ഞതിന്റെ കാരണം വ്യക്തമായിരുന്നു.ക്രൊയേഷ്യയോട് മറുപടി ഇല്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെ ലോകം തരിച്ചിരുന്നു. സ്ഥിരമായി അര്‍ജന്റീന ഗ്രൂപ്പില്‍ പെടുന്ന നൈജീരിയയെ തോല്‍പ്പിച്ചത് കൊണ്ട് പ്രീക്വാര്‍ട്ടറില്‍ കയറിപ്പറ്റി.അവിടെ ഫ്രാന്‍സിന്റെ പടയോട്ടത്തിന് മുന്നില്‍ മെസ്സിയും കൂട്ടരും നിഷ്പ്രഭമായി.ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെയും അര്‍ജന്റീന ആരാധകരെയും ഞെട്ടിപ്പിച്ച് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരും ലോകകപ്പില്‍ നിന്ന് നേരത്തെ മടങ്ങി.
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
              മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ  3-3 ല്‍ തളച്ച ഹാട്രിക്കോടെ സ്വപ്ന സമാനമായിട്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഈ ലോകകപ്പില്‍  തുടങ്ങിയത്. എന്നാല്‍ ഇറാന്റെ മുമ്പില്‍ നമിച്ചു പോയ പോര്‍ച്ചുഗലും അധികം മുന്നോട്ടില്ല എന്ന് ഓതിത്തന്നു.രണ്ടാം റൌണ്ടില്‍ ഉറുഗ്വേക്ക് മുമ്പില്‍ റൊണാള്‍ഡോയും സംഘവും കീഴടങ്ങിയതോടെ ലോക ഫുട്ബാളിലെ രണ്ടാം സൂര്യനും റഷ്യന്‍ മണ്ണില്‍ നട്ടുച്ചക്ക് അസ്തമിച്ചു. 
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
            ക്ലബ്ബ് ഫുട്ബാളിലെ അതികായരായ റയല്‍ മാഡ്രിഡിന്റെയും ബാഴ്സണോലയുടെയും മുന്‍ നിര താരങ്ങള്‍ അണിനിരന്ന മുന്‍ ലോക-യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിനായിരുന്നു അടുത്ത ഊഴം.പാസുകളുടെ എണ്ണത്തില്‍ ലോക റെക്കോഡിട്ടെങ്കിലും ആതിഥേയരായ റഷ്യക്ക് മുമ്പില്‍ സ്പെയിനിന്റെ പോരാളികളുടെ കണ്ണുനീരും മണ്ണില്‍ ഇറ്റു വീണു.

              ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കുതിച്ച് പാഞ്ഞു വന്ന ഉറുഗ്വേയുടെ ലൂയി സുവാരസും സംഘവും അവിടെ ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞതോടെ ആ നക്ഷത്രങ്ങളും വിണ്ണില്‍ നിന്നും മണ്ണിലെത്തി.

               പണ്ടെന്നോ ഉപ്പൂപ്പാക്കുണ്ടായിരുന്ന ആനയുടെ പേരില്‍ അഭിമാനം കൊള്ളുന്ന ബഷീര്‍ കഥാപാത്രത്തെപ്പോലെയുള്ള ബ്രസീലിനായിരുന്നു പലരും ഈ ലോക‌കപ്പ് തീറെഴുതി നല്‍കിയിരുന്നത്. സ്വിറ്റ്സര്‍ലാന്റിനോട് സമനിലയോടെ തുടങ്ങിയ താര നിബിഡമായ ബ്രസീലിനെ കോസ്റ്റാറിക്ക അവസാന നിമിഷം വരെ പിടിച്ചു കെട്ടിയതും വരാനിരിക്കുന്നതിന്റെ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കൊക്കെതിരെയുള്ള  ആധികാരിക ജയം ബ്രസീലിയന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി. ക്വാര്‍ട്ടറില്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് മുന്നില്‍ പെട്ടുപോയ നെയ്മറും സംഘവും അവിശ്വസനീയമായി കീഴടങ്ങിയതോടെ നിലാവ് പരത്തും മുമ്പ് ഈ ലോക കപ്പിലെ ചന്ദ്രനും അസ്തമിച്ചു.
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
               റഷ്യയില്‍ ഇനി ബാക്കിയുള്ളത് ഭൂമിയിലെ ചില കുഞ്ഞു നക്ഷത്രങ്ങളാണ്. അവയില്‍ ആരൊക്കെ മിന്നും എന്ന് കാത്തിരുന്നു കാണാം.

Saturday, July 07, 2018

ലോക യൂറോകപ്പ്

ഞാന്‍ : ബ്രസീലും പുറത്തായ  റഷ്യന്‍ ലോകകപ്പിനെ ഇനി എന്ത് പറയാം?

പോക്കരാക്ക :  യൂറോകപ്പ് 

Thursday, July 05, 2018

ഉമ്മാച്ചു

പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് LSS, USS സ്കോളർഷിപ്പ് പരീക്ഷകൾ എഴുതാനായി മന:പ്പാഠമാക്കിയതാണ് ഉറൂബ് - ഉമ്മാച്ചു എന്നത്. ഉറൂബ് എഴുതിയ പുസ്തകത്തിന് ഉമ്മാച്ചു എന്ന പേരിട്ടതിലുപരി ഗ്രന്ഥകർത്താവിന്റെ പേരായിരുന്നു ഞങ്ങൾക്ക് ചിരിക്ക് വക നൽകിയിരുന്നത്.ഉറൂബ് എന്ന പേര് അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടി എന്ന് ഇന്നും എനിക്കറിയില്ല.പക്ഷേ അത് അദ്ദേഹത്തിന്റെ തൂലികാ നാമമാണെന്നും യഥാർത്ഥ പേര് പി.സി കുട്ടികൃഷ്ണൻ എന്നാണെന്നും ഇതേ പരീക്ഷക്ക് വേണ്ടി പഠിക്കുന്നതിനിടയിൽ തന്നെ മനസ്സിലാക്കി.

കാലം 1980ൽ നിന്ന് 2017ൽ എത്തി. അന്ന് കുട്ടിയായിരുന്ന ഞാൻ ഇന്ന് നാല് കുട്ടികളുടെ ഉപ്പയായി. വീട്ടിലെ ലൈബ്രറിയിലേക്ക് ചില പുസ്തകങ്ങൾ വാങ്ങാൻ ലിസ്റ്റ് തയ്യാറാക്കുമ്പോൾ നല്ല വായനക്കാരിയായ ലുഅ മോൾ അവളുടെ ആവശ്യം ഉന്നയിച്ചു.

“ഉപ്പച്ചീ...ഉമ്മാച്ചു വാങ്ങണം..”

“ അത് വൈ.എം.എ ലൈബ്രറിയിൽ കാണും...” കഴിഞ്ഞ വേനലവധിയിൽ അവൾ അംഗത്വമെടുത്ത നാട്ടിലെ പ്രമുഖ ലൈബ്രറിയിൽ ഉണ്ടാകും എന്ന ധാരണയിൽ ഞാൻ പറഞ്ഞു. ഇത്രയും പഴയ പുസ്തകം കടയിൽ കിട്ടില്ല എന്ന ധാരണയും ആ മറുപടിക്ക് പിന്നിൽ ഉണ്ടായിരുന്നു.

“ലൈബ്രറിയിൽ തപ്പി നോക്കി,കിട്ടിയില്ല...എനിക്ക് ഉമ്മാച്ചു വായിക്കണം...” ആരോ പറഞ്ഞു കൊടുത്തതിന്റെ ഹരം അവളെ പറയിപ്പിച്ചു.

“ശരി...കിട്ടിയാൽ വാങ്ങാം...” പഴയ പുസ്തകങ്ങൾ വിൽക്കുന്നിടത്ത് നിന്ന് കിട്ടും എന്ന പ്രതീക്ഷയോടെ ഞാൻ പറഞ്ഞു. പക്ഷേ കറന്റ് ബുക്സിൽ പുതിയ പുസ്തകങ്ങൾക്കിടയിൽ നിന്ന് തന്നെ പുത്തൻ ചട്ടയോടെ എനിക്ക് ഉമ്മാച്ചുവിനെ കിട്ടി.

കുട്ടിക്കാലത്തെ ചങ്ങാതിമാരായിരുന്നു മായനും ബീരാനും ഉമ്മാച്ചുവും. കാലം ഉമ്മാച്ചുവിലുണ്ടാക്കിയ മാറ്റങ്ങൾ മായനെയും ബീരാനെയും അവളെ സ്വന്തമാക്കാനുള്ള ആഗ്രഹം ജനിപ്പിച്ചു. ബീരാന്റെ സൌന്ദര്യത്തെക്കാളുപരി മായന്റെ കായബലത്തിലായിരുന്നു ഉമ്മാച്ചുവിന്റെ കണ്ണ്‌. പക്ഷെ തറവാട്ട് മഹിമ ഉമ്മാച്ചുവിനെ ബീരാന്റെ വീടരാക്കി. മായന്റെ കായബലം അപ്പോഴും ഉമ്മാച്ചുവിന്റെ മനസ്സിനെ വലയം ചെയ്ത് നിന്നു.

ഉമ്മാച്ചുവിനെ തന്നിൽ നിന്ന് അടർത്തിയെടുത്ത ബാല്യകാല സുഹൃത്ത് ബീരാനും അതിന് കാരണക്കാരനായ ചരിത്രകാരൻ അഹമ്മതുണ്ണിയും മായന്റെ കണ്ണിലെ കരടായി.അത് ബീരാനെ വധിക്കുന്നതിലും ഉമ്മാച്ചുവിനെ കല്യാണം കഴിക്കുന്നതിലും വരെ എത്തി.കഥ ഇവിടെ അവസാനിക്കുന്നതിന് പകരം അത് ഉമ്മാച്ചുവിന്റെ രണ്ട് ഭർത്താക്കളിലും ഉള്ള മക്കൾക്കിടയിലെ അസ്വാരസ്യങ്ങളിലേക്കും നീളുന്നു. പണവും പത്രാസും ഉണ്ടായിട്ടും മന:സമാധാനം ലഭിക്കാതെ മായൻ ആത്മഹത്യ ചെയ്യുന്നതിലൂടെ കുടുംബപ്രശ്നങ്ങൾ രൂക്ഷമാകുന്നു.

നാട്ടിൻ‌പുറത്തെ തീവ്രമായ ഒരു പ്രണയകഥയായാണ് ഉമ്മാച്ചു എനിക്കനുഭവപ്പെട്ടത്. യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥ പോലെ ഈ പുസ്തകം വായനക്കാരെ മുന്നോട്ട് നയിക്കുന്നു.തന്റേടിയായ ഒരു സ്ത്രീയായി ഉമ്മാച്ചു എന്ന കഥാപാത്രം ഈ പുസ്തകത്തിന്റെ പേരിനെ അന്വർത്ഥമാക്കുന്നു. പകയുടെയും പകവീട്ടലിന്റെയും ഭീതിജനകമായ ഒരു ചിത്രവും ‘ഉമ്മാച്ചു‘ വായനക്കാർക്ക് മുമ്പിൽ വരച്ചിടുന്നു.പൊന്നാനി ഭാഗത്തെ മുസ്ലിം സംസാരഭാഷ നോവലിനെ ഹൃദ്യമാക്കുന്നു.

പുസ്തകം                  : ഉമ്മാച്ചു
രചയിതാവ്           : ഉറൂബ്
പേജ്                          : 199
വില                          : 190 രൂപ
പ്രസാധകർ           : ഡി.സി.ബുക്സ്

Wednesday, July 04, 2018

ഒരു പരീക്ഷ ഡ്യൂട്ടി കൂടി...

                കേരള ടെൿനോളജിക്കൽ യൂണിവേഴ്സിറ്റി എന്ന സാങ്കേതിക സർവ്വകലാശാല 2014ൽ ആണ് നിലവിൽ വന്നത്. വയനാട് ഗവ്. എഞ്ചിനീയറിംഗ് കോളേജിൽ എന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡോ. കുഞ്ചെറിയ പി ഐസക് സാര്‍ ആയിരുന്നു കെ.ടി.യുവിന്റെ ആദ്യ വൈസ് ചാന്‍സലര്‍.എന്‍.എസ്.എസ് പ്രവര്‍ത്തനത്തിലൂടെ ചിരപരിചിതനായ ഡോ.എം.അബ്ദുറഹ്മാന്‍ സാര്‍ പ്രോ വൈസ് ചാന്‍സലറും. ഈ അടുത്ത് വി.സി രാജി വച്ചൊഴിഞ്ഞതിനാല്‍ പി.വി.സിക്കും സ്ഥാനം നഷ്ടമായി.

                സാങ്കേതിക സർവ്വകലാശാലയുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷം കടന്നുപോയി. ഇപ്പോള്‍ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ ഞാനും അതിന്റെ വലയത്തിലെത്തി.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്നലെ ആദ്യമായി ഞാന്‍ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഇന്‍‌വിജിലേഷന്‍ ഡ്യൂട്ടി എടുത്തു.അപ്പോഴാണ് സാങ്കേതിക സർവ്വകലാശാല പരീക്ഷ നടത്തിപ്പില്‍ ഏറെ മുന്നേറിയത് ഞാന്‍ നേരിട്ടറിഞ്ഞത്.

                കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഓരോ പേപ്പറിനും ഒരു ബാര്‍ കോഡ് നല്‍കും. ഈ ബാര്‍കോഡ് കുട്ടിയുടെ പരീക്ഷ പേപ്പറിന്റെ മുന്‍‌വശത്ത് മുകളിലും മാര്‍ക്ക് രേഖപ്പെടുത്തുന്ന സ്ഥലത്തും ഉത്തരക്കടലാസിന്റെ അവസാന പേജിലും ഒട്ടിക്കും. ഇതുവഴി അറ്റന്‍ഡന്‍സ് ഷീറ്റും ഉത്തരക്കടലാസും  ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കപ്പെടുന്നു. സാങ്കേതിക സർവ്വകലാശാലക്ക് തികച്ചും അനുയോജ്യമായ രീതി.

               വര്‍ഷങ്ങളായി തുടരുന്ന രീതിയാണെങ്കിലും ഇന്നാണ് ആദ്യമായി ഞാന്‍ ഇത് കാണുന്നതും പ്രവര്‍ത്തിക്കുന്നതും. ഇന്‍‌വിജിലേറ്റര്‍ക്ക് അല്പം ചില ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ഉണ്ടെങ്കിലും മൂല്യനിര്‍ണ്ണയം ഒഴികെ, ശേഷം വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുഗമമാക്കുന്ന ഈ രീതി എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും സ്വീകരിക്കാവുന്നതുമാണ്.