Pages

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, November 01, 2022

പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ

മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഭാഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഭാഷകൾ ഉടലെടുത്തത് ഈ ആശയവിനിമയം എളുപ്പമാക്കാൻ വേണ്ടിയാണ്. ഒരു ഭൂവിഭാഗത്തിലുള്ള ഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷയാണ് ആ പ്രദേശത്തെ മാതൃഭാഷയാകുന്നത്. കേരളത്തിൽ താമസിക്കുന്ന നമ്മുടെ മാതൃഭാഷ മലയാളമാണ്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് മലയാള ഭാഷ. ലോകസാഹിത്യത്തിൽ എണ്ണം പറഞ്ഞ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിൽ പിറവി എടുത്തിട്ടുണ്ട്. പക്ഷെ ഇന്ന് നമ്മുടെ മലയാളത്തിന്റെ അവസ്ഥ അത്ര ആശാവഹമല്ല. വലിയൊരു അപചയം തന്നെ മലയാളത്തിന് സംഭവിച്ചിട്ടുണ്ട്. അധീശ ഭാഷയായ ഇംഗ്ലീഷിന്റെ കടന്നുകയറ്റവും , അതിപ്രസരവും ഒപ്പം നമ്മുടെ ചില അനാവശ്യ ശീലങ്ങളും ആണ് ഈ അപചയത്തിന് കാരണം. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് മലയാള ഭാഷ സമ്പന്നവും സമ്പുഷ്ടവും ആയിരുന്നു.പിഴച്ച ഒരു കാൽവയ്പ്പിലൂടെ നാമത് ഇല്ലാതാക്കി. മാതൃഭാഷയിൽ നടത്തേണ്ട പ്രാഥമിക വിദ്യാഭ്യാസം, ആംഗലേയ ഭാഷയിലേക്ക് മാറ്റിയതായിരുന്നു പിഴച്ച ആ തീരുമാനം.

ഒരു കുഞ്ഞിന്റെ വ്യക്തിത്വ വികാസം സംഭവിക്കുന്നത് പഠനത്തോടൊപ്പം അവന്റെ ചുറ്റുമുള്ള കാര്യങ്ങൾ വീക്ഷിക്കുന്നതിലും കൂടിയാണ്. പുതിയ ഒരു വസ്തുവിനെ കാണുമ്പോൾ അതെന്താണെന്നറിയാനുള്ള ഒരു ജിജ്ഞാസ അവനിൽ ഉയരുന്നു. ആ സമയത്ത് ലഭിക്കുന്ന മുഴുവൻ വിവരങ്ങളും അവന്റെ തലച്ചോറിൽ കൊത്തി വയ്ക്കപ്പെടുന്നു. നിർഭാഗ്യവശാൽ ഇന്ന് ഈ പ്രായത്തിൽ അവന് ലഭിക്കുന്ന മിക്ക പുതിയ പദങ്ങളും ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ളതാണ്. അമ്മിഞ്ഞപ്പാൽ പോലെ മാതൃഭാഷയും ഒരു കുഞ്ഞിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

മാതൃഭാഷയിലുള്ള പഠനം സാമൂഹിക പദവിക്കും തൊഴിൽ സാദ്ധ്യതകൾക്കും മങ്ങലേൽപ്പിക്കും എന്നാണ് പലരുടെയും ധാരണ. എന്നാൽ നമ്മുടെ മുൻഗാമികളിൽ പലരും മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടി പ്രഗത്ഭരായവരാണ്. വിവിധ കാര്യങ്ങളെപ്പറ്റി കൂടുതൽ അവഗാഹം നേടാനും വസ്തുനിഷ്ഠപരമായി അപഗ്രഥനം നടത്താനും ചൊട്ടയിൽ തന്നെ മാതൃഭാഷ പഠിക്കണം.കുട്ടിയുടെ ആത്മവിശ്വാസത്തെയും അത് ദൃഢപ്പെടുത്തും എന്നാണ് എന്റെ അഭിപ്രായം. മാതൃഭാഷയിൽ നടത്തുന്ന പരീക്ഷകളിലും അഭിമുഖങ്ങളിലും കുട്ടികൾ ശോഭിക്കാൻ കാരണവും ഈ ആത്മവിശ്വാസത്തിന്റെ കരുത്താണ്.

പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയാണ് , പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നിന്നും അധിനിവേശ ഭാഷയിലേക്ക് മാറ്റാനുള്ള കാരണമായി പലരും പറയുന്നത്. ഒരു പരിധി വരെ അത് ശരിയായിരിക്കാം. പക്ഷെ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ ലഭ്യമാക്കേണ്ടത് ഭാഷയുടെ വികാസത്തിനും കുട്ടികളുടെ ബുദ്ധിപരമായ ഔന്നത്യത്തിനും അനിവാര്യമാണ്. അതിന് അനുയോജ്യമായ നടപടികൾ സ്വയം നടപ്പിൽ വരുത്തുകയേ നിർവ്വാഹമുള്ളൂ.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ !
മർത്ത്യന് പെറ്റമ്മ തൻ ഭാഷതാൻ
മാതാവിൻ വാത്സല്യദുഗ്ദ്ധം നുകർന്നാലേ
പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ.

മഹാകവി വള്ളത്തോളിന്റെ ഈ വരികൾ ഉൾക്കൊള്ളാൻ നമുക്ക് പരിശ്രമിക്കാം.

Wednesday, July 08, 2020

വിജയ വഴികൾ

SSLC പരീക്ഷയുടെ റിസൾട്ടുകൾ വന്നു. +2 പരീക്ഷയുടേത് വരാനിരിക്കുന്നു. ഞാൻ പത്താം തരത്തിൽ പഠിച്ചിരുന്ന കാലത്ത് SSLC റിസൾട്ട് വരുമ്പോൾ പത്രത്തിൽ ഒന്നാം പേജിൽ തന്നെ വലിയ ഫോട്ടോ വരും - ഒന്നു മുതൽ പത്ത് വരെ റാങ്ക് കിട്ടിയവരുടെ ഫോട്ടോ. ഇന്ന് ജില്ലാ പേജിൽ നൂറും നൂറ്റമ്പതും കുഞ്ഞ് കുഞ്ഞ് ഫോട്ടോകൾക്കിടയിൽ നിന്ന് നമുക്ക് നമ്മെ തിരിച്ചറിയേണ്ടി വരുന്നു.

അക്കാലത്ത് പത്രത്തിൻ്റെ ഉൾപേജിൽ കുറെ ദുഃഖ വാർത്തകളും വന്നിരുന്നു. റിസൾട്ടറിഞ്ഞ് തൂങ്ങി മരിച്ചതും ട്രെയിനിന് മുന്നിൽ ചാടിയതും മറ്റ് രീതിയിൽ ആത്മഹത്യക്ക് ശ്രമിച്ചതും മറ്റും ആയ വാർത്തകൾ. ആ കാലഘട്ടം കഴിഞ്ഞ് , ഇന്ന് വിജയം 98 - 99% വരെ എത്തി നിൽക്കുന്നു. എന്നിട്ടും കേരള യുവത ആത്മഹത്യാ പ്രവണതയുള്ള സമൂഹമായി തന്നെ നിലനിൽക്കുന്നു. എന്താണിതിന് കാരണം?

പലരും പലകാരണങ്ങളാലാണ് ആത്മഹത്യ ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിൻ്റെ ആത്മഹത്യ നാം ഞെട്ടലോടെ ശ്രവിച്ചു. M S Dhoni - the untold story എന്ന ചിത്രത്തിലുടെ യുവാക്കൾക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു. പക്ഷെ ചില അജ്ഞാത കാരണങ്ങളാൽ ഡിപ്രഷൻ പിടിപെട്ടു. സ്വയം തീരുമാനമെടുത്ത് അദ്ദേഹം നിത്യവാസത്തിലേക്ക് പോയി.

അതിന് മുമ്പ് , ദുബായി ആസ്ഥാനമായ ഇന്നാവ കമ്പനീസ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർ ആയിരുന്ന മലയാളി വ്യവസായി ജോയ് അറക്കൽ ദുബായിൽ വച്ച് തന്നെ 14-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ചില അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ ആത്മഹത്യയിൽ കലാശിച്ചു. 45000 ൽ അധികം സ്ക്വയർ ഫീറ്റിൽ ഒന്നര വർഷം മുമ്പ് ഉണ്ടാക്കിയ വീട്ടിൽ അൽപകാലം പോലും താമസിക്കാതെ ഈ ലോകത്ത് നിന്ന് അദ്ദേഹം സ്വയം പിൻവാങ്ങി.

ഏകദേശം ഒരു വർഷം മുമ്പ്, ഇന്ത്യക്കകത്തും പുറത്തും ധാരാളം ഔട്ട് ലെറ്റുകൾ ഉണ്ടായിരുന്ന കഫെ കോഫി ഡേ മാനേജിംഗ് ഡയരക്ടർ V G സിദ്ധാർത്ഥ പുഴയിൽ ചാടി മരിച്ചു. ഒരു ചെറിയ പരാജയം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചു.

ഇങ്ങനെ പരാജയം നേരിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് നീങ്ങുന്നത് എന്തു കൊണ്ടാണ്? ഇവിടെയാണ് നാം നമ്മുടെ മക്കളെ ചെറിയ ഒരു കാര്യം പഠിപ്പിക്കേണ്ടത്. മത്സരലോകത്താണ് നമ്മുടെ മക്കൾ വളർന്ന് കൊണ്ടിരിക്കുന്നത്. ചെറിയൊരു പരാജയം മതി അവരെ തളർത്താൻ. മക്കളെ ഒരിക്കലും വിജയം മാത്രം പഠിപ്പിക്കരുത്. ഇടക്കിടക്ക് ചെറിയ പരാജയങ്ങളും ഉണ്ടാക്കിക്കൊടുക്കണം. മത്സരങ്ങളിലും കളികളിലും മനപ്പൂർവ്വം തോൽക്കുകയും തോൽപ്പിക്കുകയും ചെയ്യണം. തോൽവി എന്നൊരു പ്രതിഭാസവും ഈ ലോകത്ത് ഉണ്ട് എന്ന് അവരെ മനസ്സിലാക്കിപ്പിക്കണം.

"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ " എന്ന പ്രസിദ്ധമായ പുസ്തകം നാം കേട്ടിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തുകളായിരുന്നു അവ. എന്നാൽ നമ്മൾ കേൾക്കാതെ പോയ ഒരു പുസ്തകം കൂടിയുണ്ട് - ഒരച്ഛൻ അധ്യാപകനയച്ച കത്തുകൾ . മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ തൻ്റെ മകൻ്റെ അധ്യാപകനയച്ച കത്തുകളാണവ. അധ്യാപകരോട് അദ്ദേഹം പറയുന്നു.
"അവനെ പഠിപ്പിക്കുക .. തോൽവികൾ അഭിമുഖീകരിക്കാൻ, വിജയങ്ങൾ ആസ്വദിക്കാനും "

നമ്മളും , നമ്മുടെ മക്കളെ, പഠിപ്പിക്കണം തോൽവികൾ അഭിമുഖീകരിക്കാനും വിജയങ്ങൾ ആസ്വദിക്കാനും . വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കാനോ തോൽവിയിൽ മനം നൊന്ത് ദു:ഖിക്കാനോ അനുവദിക്കരുത്. ജയവും പരാജയവും നിർണ്ണായകമായ പരീക്ഷകളിൽ പ്രത്യേകിച്ചും ഈ ഒരു പിന്തുണ നൽകാൻ ശ്രദ്ധിക്കണം. അങ്ങനെ നല്ല രീതിയിൽ മക്കളെ വളർത്താൻ എല്ലാവർക്കും സാധിക്കട്ടെ..

(വിഡിയോ വേർഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- പ്ലീസ്  ലൈക്ക്, ഷെയർ & subscribe )

Thursday, June 25, 2020

കോവിഡാനന്തര ലോകം

         കൊറോണക്ക് ശേഷമുള്ള ലോകത്തെപ്പറ്റി പറയുമ്പോൾ ഓർമ്മ വരുന്നത് ഡാനിഷ് തത്വചിന്തകൻ സൊറൻ കിർഗാഡ് (Soren Kierkegaard) ൻ്റെ "Life can only be understood backward; but it must be lived forward " എന്ന വാക്കുകളാണ്.

         ഞാൻ ഒരു ദൈവ വിശ്വാസിയാണ്. എൻ്റെ അഭിപ്രായത്തിൽ കോവിഡ്- 19 മനുഷ്യരാശിക്കുള്ള ദൈവത്തിൻ്റെ ഒരു സന്ദേശമാണ് - കാലങ്ങളായി തുടർന്ന് വരുന്ന കടിഞ്ഞാണില്ലാത്ത ജീവിതത്തിന് ഒരു അർദ്ധവിരാമം ഇടാനുള്ള സന്ദേശം; ഒന്നിനും സമയം തികയാതിരുന്ന മനുഷ്യന് സമയം കളയേണ്ടത് എങ്ങനെ എന്ന് തലകുത്തി ആലോചിക്കേണ്ടി വന്ന ദൈവിക സന്ദേശം.

               കൊറോണ യഥാർത്ഥത്തിൽ ഒരു ജന്തുജന്യ രോഗമാണ്. അതായത് ജന്തുക്കളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം (zoonotic disease). പ്രകൃതിയിൽ നിരവധി തരം ജന്തുക്കളെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. അത് മുഴുവൻ മനുഷ്യന് ഭക്ഷിക്കാൻ വേണ്ടിയല്ല ദൈവം പടച്ച് വിട്ടത്. മറ്റു ജന്തുക്കൾക്കും കൂടിയുള്ള ഭക്ഷണമായും പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്താനും വേണ്ടിയാണ്.

            കൊറാണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇതല്ല അവസ്ഥ. സകല ജന്തുക്കളെയും പച്ചയായോ പകുതി വേവിലോ പൊരിച്ചെടുത്തോ ഭക്ഷിക്കുന്നവരാണ് ചൈനക്കാർ. മിക്ക വൈറസുകളുടെയും പ്രജനന കേന്ദ്രങ്ങളായ വവ്വാലിനെയും ചൈനക്കാർ ഭക്ഷിക്കും. ജന്തുക്കളിൽ നിന്നുള്ള രോഗവാഹകരെ പ്രതിരോധിക്കാൻ മനുഷ്യ ശരീരത്തിന് പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം . കൊറോണ പടർന്നതും ഈ ഒരു വഴിയിലുടെയായിരിക്കാം. അതിനാൽ കൊറോണാനന്തര ലോകത്തെപ്പറ്റി സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത് .

1. പാശ്ചാത്യ -പൗരസ്ത്യ ഭേദമില്ലാതെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കൊറാണ സ്തംഭിപ്പിച്ചു. എന്തിന് വേണ്ടി എന്ന് പോലും അറിയാതെ പരസ്പരം പോരടിച്ചിരുന്ന നിരവധി ജനവിഭാഗങ്ങൾ അതെല്ലാം മറന്ന് മനുഷ്യകുലത്തിൻ്റെ തന്നെ ശത്രുവായ കൊറോണക്കെതിരെ ഒന്നിച്ചു നിന്നു. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം മുതലാളിത്ത രാജ്യങ്ങളായ അമേരിക്കയിലും ഇറ്റലിയിലും മറ്റും സൗജന്യമായി തന്നെ സേവനം നടത്താൻ തയ്യാറായതും ഈ രാഷ്ട്രങ്ങൾ അത് സ്വാഗതം ചെയ്തതും ലോകത്തിൻ്റെ നിലനില്പിന് ആദ്യം മനുഷ്യൻ നിലനിൽക്കണം എന്ന തിരിച്ചറിവ് ഉണ്ടായതിൻ്റെ ഫലമാണ്.ഈ മാനവിക മൂല്യങ്ങളും ബന്ധങ്ങളും കടപ്പാടുകളും ഭാവിയിലും നിലനിൽക്കണം.

2. ലോകം മുഴുവൻ നിശ്ചലമായതോടെ പ്രകൃതി ഏറെക്കുറെ അതിൻ്റെ പൂർവസ്ഥിതി വീണ്ടെടുക്കാൻ തുടങ്ങിയതിൻ്റെ ശുഭവാർത്തകൾ നാം കേട്ട് തുടങ്ങി. ഓസോൺ പാളിയിലുണ്ടായിരുന്ന 10 ലക്ഷം കിലോമീറ്ററോളം വലിപ്പമുള്ള ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി കഴിഞ്ഞ ദിവസം വായിച്ചു. സത്യമാണെങ്കിലും അല്ലെങ്കിലും കൊറോണക്കാലം ലോകത്തെ എല്ലാ നഗരങ്ങളെയും പലവിധ മലിനീകരണങ്ങളിൽ നിന്നും മുക്തമാക്കിയ റിപ്പോർട്ടുകൾ നാം ദിവസേന കേൾക്കുന്നു. പ്രകൃതിയോടുള്ള ഈ കരുതൽ തുടർന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ ഇനിയൊരു പ്രകൃതി കോപം മനുഷ്യകുലത്തെ തുടച്ച് നീക്കാൻ പോന്നതായിരിക്കും.

3. ലോക്ക് ഡൗൺ മൂലം തൊഴിൽ രഹിതരായവരുടെ എണ്ണത്തിന് കണക്കില്ല. ഒരു മഹാമാരി തട്ടിത്തെറിപ്പിച്ചത് ലക്ഷത്തിലധികം ആൾക്കാരുടെയും അവരുടെ ആശ്രിതരുടെയും അന്നപാത്രമാണ്. ഈയവസരത്തിൽ ഭാവിയിലെ തൊഴിലുകൾ എങ്ങനെയുള്ളതായിരിക്കണം എന്നതിലേക്ക് ഒരു ചിന്ത പോകേണ്ടതുണ്ട്. ഓൺലൈൻ കോഴ്സുകളും വർക്ക് ഫ്രം ഹോം സംസ്കാരവും കൂടുതൽ ഫലവത്തായ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള വഴികൾ തേടേണ്ടതും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കേണ്ടതുമാണ്. ഷോപ്പിംഗ് രീതികളിലും മാറ്റം വരണം. ഓൺലൈൻ ഷോപ്പിംഗ് ഒരു പരിധി വരെ പ്രചാരം നേടിയിട്ടുണ്ടെങ്കിലും ഇനിയും സാധ്യതകൾ ഏറെയുണ്ടെന്ന് കോവിഡ് കാലം തെളിയിച്ചു.

4. അതേസമയം ഡിജിറ്റൽ ഡിവൈഡിംഗിൻ്റെ വ്യാപ്തി ഈ ലോക്ക് ഡൗൺ വർദ്ധിപ്പിച്ചു. ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ജനങ്ങൾ ഏറെ പ്രയാസമില്ലാതെ തരണം ചെയ്തു. എന്നാൽ ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത എത്രയോ ജനങ്ങൾ ലോക്ക് ഡൗണിൻ്റെ നരകയാതന അനുഭവിച്ചു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യണം.

5. സാമ്പത്തികമായും സാമൂഹികമായും ഏറെ പുരോഗമിച്ചെന്ന് പറയപ്പെടുന്ന രാജ്യങ്ങൾ പോലും കോവിഡിൻ്റെ മുന്നിൽ പകച്ച് നിന്നത് നാം കണ്ടു. ഒരു രാജ്യത്തെ പൗരൻ്റെ ആരോഗ്യം ആ രാജ്യത്തിൻ്റെ സമ്പത്താണ്. ഏത് തരം മഹാമാരിയെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള സൗകര്യം ഒരുക്കലായിരിക്കണം ഭരണാധികാരിയുടെ പ്രഥമ കടമ. പ്രതിരോധം ശക്തമാക്കേണ്ടത് ഈ രംഗത്താണെന്നും കോവിഡ് പഠിപ്പിച്ചു.രാജ്യാന്തര യാത്ര നടത്തുന്നവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ടും ഒരു പക്ഷേ ഏർപ്പെടുത്തേണ്ടി വന്നേക്കാം.

6. അത്യന്തം ഭീഷണിയുയർത്തുന്ന ഒരു ജൈവായുധ പ്രയോഗ സാധ്യതയിലേക്ക് കൂടി കോവിഡ് വെളിച്ചം വീശുന്നുണ്ട്. ഈ മഹാമാരി അത്തരം ചില സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. ഭാവിയിൽ ഏതെങ്കിലും രാജ്യങ്ങൾ ഈ മാർഗ്ഗം സ്വീകരിച്ചാൽ ഭൂമിയിൽ മനുഷ്യൻ്റെ നിലനില്പ് തന്നെ അപകടത്തിലാകും. ആയതിനാൽ ഇത്തരം ജൈവായുധങ്ങളുടെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള മാർഗ്ഗങ്ങളും അവയെ പ്രതിരോധിക്കാനുതകുന്ന വാക്സിനുകളും വികസിപ്പിക്കണം.

7. കോവിഡ് മൂലം ICU വിൽ പ്രവേശിപ്പിച്ചവരിൽ 80 ശതമാനത്തിലധികവും അമിതവണ്ണം ഉള്ളവരാണ് എന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. മിക്കവരും പ്രായമായവരും വിവിധ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരും ആണ്. പ്രായം തടഞ്ഞ് നിർത്താൻ മനുഷ്യന് സാധ്യമല്ല. എന്നാൽ ജീവിതശൈലീ രോഗങ്ങൾ നമ്മുടെ നിത്യജീവിതത്തിലുടെ നാം തന്നെ മാറ്റി എടുക്കേണ്ടതാണ്. ജംഗ് ഫുഡും ഫാസ്റ്റ് ഫുഡും അടക്കമുള്ള ഭക്ഷണങ്ങൾ സ്വയം നിയന്ത്രിക്കുകയും വ്യായാമം ജീവിതത്തിൻ്റെ ഭാഗമാക്കുകയും വേണം. കോവിഡാനന്തര ലോകത്ത് വ്യക്തി ശുചിത്വം ഒരു സാമൂഹിക കടമയായി മാറും. അത് പോലെ നാൽപത് വയസ്സ് കഴിഞ്ഞവർ വ്യായാമത്തിന് സമയം കണ്ടെത്തേണ്ടത് വ്യക്തിയുടെ കടമയായി മാറണം.

8. കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന് എന്നും അപമാനമായിരുന്നു ഇവിടത്തെ മദ്യവിൽപനയുടെ കണക്കുകൾ. അടച്ച് പൂട്ടലിൽ മദ്യം കൂടി ഉൾപ്പെട്ടപ്പോൾ പലർക്കും മദ്യം ലഭ്യമല്ലാതായി. അതുപയോഗിച്ചിരുന്ന ഭൂരിഭാഗം ആൾക്കാരും ഈ അവസ്ഥയോട് പൊരുത്തപ്പെട്ടു. വളരെ കുറച്ച് പേർക്ക് മാത്രം ചില മാനസിക-ശാരീരിക വിഭ്രാന്തികൾ ഉണ്ടായി. സർക്കാറിൻ്റെ വരുമാനം ഗണ്യമായി കുറയുമെങ്കിലും ഒരു സംസ്ഥാനത്തെ പൗരൻമാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ മദ്യം വർജ്ജിക്കണം. കോവിഡാനന്തരം ഈ പ്രക്രിയക്ക് തുടക്കം കുറിക്കാൻ വളരെ എളുപ്പമാണ്.

9. ഗാർഹിക പീഢനം താരതമ്യേന വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരക്ക് പിടിച്ച് നടന്ന മനുഷ്യന് സമയം അധികമായപ്പോൾ എന്ത് ചെയ്യണം എന്ന ചിന്തയിൽ നിന്ന് ചില മാനസിക പ്രശ്നങ്ങളും ടെൻഷനും എല്ലാം സ്വാഭാവികമാണ്. അനന്തരഫലമായി പലതരം പീഢനങ്ങളും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കിട്ടിയ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതിനാൽ ഭാവിയിലും ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള പരിശീലനം എല്ലാവർക്കും നൽകുന്നത് നല്ലതായിരിക്കും.

10. കുട്ടികളെയും ലോക്ക് ഡൗൺ നന്നായി ബാധിച്ചിട്ടുണ്ട്.സമൂഹത്തിൻ്റെ ചലനങ്ങളും അതിലെ പ്രതിഭാസങ്ങളും അറിയാതെ വളരുന്ന ഒരു തലമുറയുണ്ട് നമ്മുടെ എല്ലാവരുടെയും വീടുകളിൽ .പെട്ടെന്ന് മാതാപിതാക്കളിൽ ആരെങ്കിലും നഷ്ടപ്പെട്ടാൽ ജീവിതത്തിന് മുമ്പിൽ പകച്ച് പോകാനും തോൽവി സമ്മതിക്കാനും ഏറെ സാധ്യതയുള്ളവരാണവർ. നമ്മുടെ കുട്ടികളെ എല്ലാവരെയും നിലനിൽപ്പിൻ്റെ അടിസ്ഥാന പാഠങ്ങൾ കൂടി വിദ്യാലയങ്ങളിൽ നിന്നും വീടുകളിൽ നിന്നും പഠിപ്പിക്കണം.

              ഇങ്ങനെ കോവിഡാനന്തര ലോകം ഏറെ മാറ്റങ്ങളുള്ള ഒരു ലോകമായിരിക്കണം. വ്യക്തിപരമായും സമൂഹമായും ഏറെ മാറണം. ഈ മഹാമാരിയിലൂടെ കൈവന്ന നല്ല പാഠങ്ങൾ പഠിക്കുകയും മോശമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സുഖവും സമാധാനവുമുള്ള ഒരു പുതുലോകം നമുക്ക് സൃഷ്ടിക്കാനാകും. ദൈവം അനുഗ്രഹിക്കട്ടെ.

Thursday, January 30, 2020

നടത്തം കൊണ്ടുള്ള ഗുണങ്ങള്‍

              വീടിന് ചുറ്റുമുള്ള എന്റെ കാല്‍ മണിക്കൂര്‍ നടത്തം ഒന്ന് വിപുലീകരിച്ച് നാടിന് ചുറ്റുമാക്കി അര മണിക്കൂറാക്കി ഉയര്‍ത്തിയത് ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. പറയത്തക്ക ബുദ്ധിമുട്ടുകളില്ലാതെ നാടിന്റെ വിവിധ ദിശകളിലേക്ക് നടന്ന് ഞാന്‍ അത് ഒരു ശീലമാക്കി വളര്‍ത്തിക്കൊണ്ട് വരുമ്പോഴാണ് ഇന്നലെ ഒരു വീഡിയൊ വാട്‌സാപ് വഴി കിട്ടിയത്. നടത്തം കൊണ്ടുള്ള വിവിധ ഗുണങ്ങള്‍ ആയിരുന്നു അതിലെ വിഷയം. ഇത്രയേറെ ഗുണങ്ങളുള്ള നടത്തം നേരത്തെ തുടങ്ങാനുള്ള ബുദ്ധി എന്തുകൊണ്ട് നേരത്തെ തോന്നിയില്ല വിജയാ എന്ന് ഒരു ചോദ്യം മനസ്സില്‍ ഉദിച്ചതു കൊണ്ടാണ് ഇനിയും ആ ബുദ്ധി ഉദിക്കാത്തവർക്ക് വേണ്ടി ഈ പോസ്റ്റ് ഇടുന്നത്.

             ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.നടത്തം കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.

1. നടത്തം മനസ്സിനെയും തലച്ചോറിനെയും ഉദ്ദീപിപ്പിക്കും. തലച്ചോറിന്റെ ആസൂത്രണത്തെയും ഓർമ്മയുടെ ഭാഗത്തെയും ആണ് നടത്തം പ്രധാനമായും പരിപോഷിപ്പിക്കുന്നത്. അതിനാൽ അള്‍ഷിമേഴ്സ് , ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത നടത്തം എന്ന വ്യായാമം കുറക്കും.

2. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ നടത്തം ഉപകരിക്കും എന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. കണ്ണിന്റെ സ്ട്രെസ്സ് ഇല്ലാതാക്കി ഗ്ലുക്കോമക്കുള്ള സാധ്യത കുറക്കാന്‍ നടത്തം ഉപകരിക്കും.

3. പക്ഷാഘാതം പോലെയുള്ള അസുഖങ്ങള്‍ തടയാനും ഹൃദയത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കാനും നടത്തം നല്ലതാണ്. രക്തചംക്രമണം സുഗമമാക്കി കൊളസ്ടോള്‍ കുറക്കാനും രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാനും നടത്തം ഉപകരിക്കും.

4. ശരീര കലകളില്‍ കൂടുതല്‍ ഓക്സിജന്‍ എത്താന്‍ നടത്തം സഹായിക്കും. അതുവഴി നിരവധി വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കും. രോഗപ്രതിരോധ ശക്തി ഗണ്യമായി വർദ്ധിക്കാനും നടത്തം ഇടയാക്കുന്നു.

5. സ്ഥിരമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്ത് നിര്‍ത്തും.പാൻ‌ക്രിയാസിന്റെ ആരോഗ്യം നിലനിര്‍ത്തി പ്രമേഹ സാധ്യത ഇല്ലാതാക്കാനും ഉള്ളത് വരുതിയിൽ വരുത്താനും ഇതു വഴി സാധിക്കും.

6. ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താന്‍ നടത്തം സഹായിക്കും. നടക്കുമ്പോൾ വൻ‌കുടൽ അടക്കമുള്ള ദഹനേന്ദ്ര വ്യവസ്ഥയിലെ ഭാഗങ്ങൾക്ക് സംഭവിക്കുന്ന ഇളക്കം ആണ് ദഹനം ത്വരിതപ്പെടുത്തുന്നതും കാൻസർ അടക്കമുള്ള രോഗങ്ങളെ തടയുന്നതും.

7. ദിവസവും 30 മിനുട്ട് നടക്കുന്ന സ്ത്രീകളിൽ സ്തനാർബുദവും അണ്ഠാശയാർബുദവും വരാനുള്ള സാധ്യത കുറവാണ്.

8. ശരീരഭാരവും പൊണ്ണത്തടിയും കുറക്കാൻ നടത്തം കൊണ്ട് കഴിയും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും കഴിയും.

9. അസ്ഥികളിലെയും സന്ധികളിലെയും വേദന കുറക്കാനും നടത്തം നല്ലതാണ്. താരതമ്യേന പ്രയാസ രഹിതമായ വ്യായാമം ആയതിനാൽ പുറം വേദന ഇല്ലാതാക്കാനും നടത്തം ഉപകരിക്കും.

10. മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാനും നടത്തം സഹായിക്കും.എല്ലാതരം Mood Disorderകളും കുറക്കാൻ ദിവസവും അര മണിക്കൂർ നടന്നാൽ മതി. ആകാംക്ഷ , വിഷാദം പോലെയുള്ള മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് നടത്തം നല്ലതാണ്.  ചെറുപ്പകാലം മുതൽ നടത്തം ശീലമാക്കിയവർക്ക് വാർധക്യ കാലത്ത് ആരോഗ്യം കൂടും എന്ന് പഠനങ്ങൾ പറയുന്നു.

  • നീന്തലും സൈക്ലിംഗും ആണ് ഏറ്റവും നല്ല വ്യായാമങ്ങൾ എന്നായിരുന്നു നാളിതു വരെ ഞാൻ ധരിച്ചിരുന്നത്. നീന്താൻ ചുരുങ്ങിയത് ഒരു കുളവും സൈക്ലിംങ്ങിന് ഒരു സൈക്കിളും ആവശ്യമാണ്. എന്നാൽ നടത്തം ആരംഭിക്കാൻ മനസ്സിൽ ഒരു തീരുമാനം ഉണ്ടായാൽ മാത്രം മതി. അപ്പോൾ ചലോ....നമുക്ക് എന്നും അല്പ നേരം നടക്കാം, വിവിധ അനുഭവങ്ങൾ നേരിട്ടറിയാം.

Sunday, June 04, 2017

കടുവകളും അപചയം നേരിടുന്ന ആവാസ വ്യവസ്ഥയും

            ഒരു പ്രദേശത്തെ ജൈവ വസ്തുക്കളും (ചെടികള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍) അജൈവ വസ്തുക്കളും (മണ്ണ്. പ്രകാശം, കാലാവസ്ഥ) അടങ്ങിയ വ്യൂഹമാണ് ആവാസ വ്യവസ്ഥ എന്ന് വളരെ ലളിതമായി നിര്‍വചിക്കാം.ഒരു ആവാസ വ്യവസ്ഥയിലെ ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കും.  അതിനാല്‍ തന്നെ ഒരു ആവാസ വ്യവസ്ഥയില്‍ ജൈവ ഘടകങ്ങള്‍ക്കോ അജൈവ ഘടകങ്ങള്‍ക്കോ മാറ്റം സംഭവിച്ചാല്‍ ആവാസ വ്യവസ്ഥക്കും മാറ്റം സംഭവിക്കും.
          ഏതൊരു ആവാസ വ്യവസ്ഥയിലും ഒരു ഭക്ഷ്യശൃംഖല ഉണ്ടായിരിക്കും. ഉല്പാദകരും ഉപഭോക്താക്കളും സൂക്ഷ്മജീവികളും അടങ്ങിയ , ഒന്ന് മറ്റൊന്നിന്റെ ഭക്ഷണമായിത്തീരുന്ന ഒരു ശൃംഖലയാണ് ഭക്ഷ്യശൃംഖല എന്ന് പറയുന്നത്.ഉല്പാദകരായ സസ്യങ്ങള്‍ സസ്യഭുക്കുകളുടെ ആഹാരമാകുന്നു. സസ്യഭുക്കുകളെ മാംസഭുക്കുകള്‍ ഭക്ഷിക്കുന്നു. മാംസഭുക്കുകള്‍ ചത്തുപോകുമ്പോള്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം ചീഞ്ഞളിഞ്ഞ് മണ്ണോട് ചേര്‍ന്ന് സസ്യങ്ങള്‍ക്ക് വളമായി മാറുന്നു.ഈ ശൃംഖല ഇങ്ങനെ തുടരുന്നു.
                   മേല്‍ പറഞ്ഞ ഭക്ഷ്യശൃംഖലയിലെ ഉന്നതശ്രേണിയിലാണ് കടുവകളുടെ സ്ഥാനം. അതിനാല്‍ തന്നെ ആവാസ വ്യവസ്ഥയുടെ സംതുലനത്തില്‍ കടുവകള്‍ക്ക് ഗണനീയമായ ഒരു സ്ഥാനമുണ്ട്. സസ്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ച മാന്‍, മുയല്‍ പോലെയുള്ള സസ്യഭുക്കുകള്‍ തടയുന്നു. സസ്യഭുക്കുകള്‍ ക്രമാതീതമായാല്‍ ഭൂമിയിലെ സസ്യവംശം നാശം നേരിടും.അതിനാല്‍ അവയെ നിയന്ത്രിക്കാന്‍ കടുവയും സിംഹവും പോലുള്ള ജന്തുക്കള്‍ അവയെ ഭക്ഷണമാക്കുന്നു. ഈ ജന്തുക്കളെ നിയന്ത്രിക്കാന്‍ അവ തന്നെ പരസ്പരം ഭക്ഷിക്കുന്നു. അങ്ങനെ ചത്ത് മണ്ണടിയുന്ന അവയ്ക്ക് മേല്‍ ബാക്ടീരിയയും വൈറസും പ്രവര്‍ത്തിച്ച് അതിനെ മണ്ണിനോട് അലിയിച്ച് ചേര്‍ക്കുന്നു. ഈ വിധം ഒരു ആവാസ വ്യവസ്ഥ ഭക്ഷ്യശൃംഖലയിലൂടെ നില നിന്ന് പോകുന്നു.
                   സാധാരണ ഗതിയില്‍ കടുവകള്‍ ഒറ്റക്ക് ജീവിക്കുന്നവരാണ്.ഓരോ കടുവയും സ്വന്തം അധീനപ്രദേശം കാത്ത് സൂക്ഷിക്കുന്നുണ്ട്.അതിനാല്‍ തന്നെ സ്വന്തം ആവാസ വ്യവസ്ഥയിലെ സംതുലനം അത് വഴി നടക്കുന്നു. ഒരു കടുവ ഒരു വര്‍ഷത്തില്‍ ഏകദേശം 50 മാനുകളുടെ വലുപ്പമുള്ള മൃഗങ്ങളെ ഭക്ഷണമാക്കുന്നു എന്നാണ് കണക്ക്.ഇത് ആ ആവാസ വ്യവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
                 കടുവയുള്ള ഒരു ആവാസ വ്യവസ്ഥ മനുഷ്യന് നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കടുവകളെ കൂടുതലായും കണ്ടുവരുന്നത്.അവയാകട്ടെ ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമായതും.പ്രകൃതിയിലെ കാര്‍ബണിനെ നിയന്ത്രിക്കുന്നതും , ജലസംതുലനം നടത്തുന്നതും മണ്ണ് സംരക്ഷിച്ച് നിര്‍ത്തുന്നതും എന്തിനേറെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതും ഇത്തരം മഴക്കാടുകളാണ്. അതിനാല്‍ തന്നെ ഈ ആവാസ വ്യവസ്ഥയുടെ അപചയം തടയേണ്ടതാണ്.
                ആവാസ വ്യവസ്ഥകളുടെ അപചയത്തിന് മുഖ്യകാരണക്കാരന്‍ മനുഷ്യന്‍ തന്നെയാണ്.പ്രകൃതി ഭക്ഷ്യശൃംഖല വഴി ആവാസ വ്യവസ്ഥയില്‍ സംതുലനം നടത്തുമ്പോള്‍ മനുഷ്യന്‍ തന്റെ ആര്‍ത്തി മൂത്ത പ്രവര്‍ത്തനങ്ങള്‍ കാരണം അതിന് കോട്ടം വരുത്തി വയ്ക്കുന്നു.
            വനവിഭവങ്ങളുടെ അമിതമായ ചൂഷണവും വനത്തിലെ കന്നുകാലി മേക്കലും മൃഗവേട്ടയും മനുഷ്യന്‍ സൃഷ്ടിക്കുന്ന കാട്ടു തീയും കാട്ടിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു.ഇന്ത്യയിലെ കടുവാ സങ്കേതങ്ങള്‍ക്കടുത്ത് നിന്നും മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധന കണ്ടു.ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 52% വരെ കടുവകളുടെ എണ്ണത്തില്‍ വര്‍ധന , മനുഷ്യന്റെ മാറ്റിപ്പാര്‍പ്പിക്കലിലൂടെ സാധിച്ചു എന്ന് പഠനങ്ങള്‍ പറയുന്നു.
               ഇര ജന്തുക്കളും വെള്ളവും ധാരാളമുള്ള സ്ഥലങ്ങളിലാണ് സാധാരണ ഗതിയില്‍ കടുവകളെ കണ്ടുവരുന്നത്.അതിനാല്‍ തന്നെ കടുവാ സാന്നിദ്ധ്യം ഒരു ആവാസ വ്യവസ്ഥയുടെ ക്ഷേമത്തിന്റെയും സൌഖ്യത്തിന്റെയും കൊടിയടയാളം കൂടിയാണ്.ഒരു കാടിന്റെ വന്യതയും കടുവയുടെ ആവാസത്തിലൂടെ തെളിയിക്കപ്പെടുന്നു.അതിനാല്‍ തന്നെ കടുവകളുടെ കാടൊഴിഞ്ഞ് പോക്ക് ആവാസ വ്യവസ്ഥക്ക് അപചയം സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ്.
                ഒരു രാജ്യത്തിന്റെ ഔന്നത്യം അതിലെ മൃഗങ്ങളോടുള്ള പെരുമാറ്റ രീതിയിലൂടെ മനസ്സിലാകും എന്ന് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറയുന്നു.മേല്പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നതും അതില്‍ നിന്ന് അല്പം കൂടി ഗൌരവമേറിയ ഒരു കാര്യമാണ്.ഈ ഭൂമി തന്നെ നിലനില്‍ക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരസൂചികയാണ് നമ്മുടെ കാട്ടിലെ കടുവകളുടെ സാന്നിദ്ധ്യം.അതിനാല്‍ ഭൂമി നിലനില്‍ക്കാന്‍ കടുവകളെ സംരക്ഷിക്കുക. കടുവകളെ സംരക്ഷിക്കാന്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുക. 

Friday, August 23, 2013

പരിസ്ഥിതി സാക്ഷരത – കാലത്തിന്റെ അനിവാര്യത

         ദശാബ്ദങ്ങൾക്ക് മുമ്പ് കോഴിക്കോട് നഗരം ഒരു മഹാസംഭവത്തിന് സാക്ഷ്യം വഹിച്ചു.മാനാഞ്ചിറ മൈതാനത്ത് തിങ്ങിക്കൂടിയ ജനങ്ങൾക്ക് മുമ്പിൽ വച്ച് , മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കാവനൂരിലെ നവസാക്ഷരയായ ചേലക്കോടൻ ആയിഷ എന്ന സ്ത്രീ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ തന്നെ  സമ്പൂർണ്ണ സാക്ഷരത നേടുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ഇന്നും സാക്ഷരതയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ഏറെ മുന്നിലാണ്.

           ലോകം മാറി.ഇന്നത്തെ യുഗം അറിയപ്പെടുന്നത് തന്നെ ടെൿനോളജി യുഗം എന്നാണ്. അതാകട്ടെ ദിനം‌പ്രതി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ നാമും അതോടൊത്ത് ഓടാൻ നിർബന്ധിതരായിരിക്കുന്നു. തത്‌ഫലമായി സാക്ഷരത എന്ന് പദം മാറി ഇ- സാക്ഷരത , കമ്പ്യൂട്ടർ സാക്ഷരത തുടാങ്ങിയ പദങ്ങൾ നിലവിൽ വന്നു. ഇന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവനെ നാം കാണുന്നത് പത്ത് വർഷം മുമ്പ് എഴുത്തും വായനയും അറിയാത്തവനെ കണ്ടതുപോലെ തന്നെയാണ്. അതിനാൽ 2013-ൽ ഇ- സാക്ഷരത പൂർണ്ണമായും കൈവരിക്കാനുള്ള പദ്ധതിക്കും കേരള സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ 100 പഞ്ചായത്തുകളെ ഒമ്പത് മാസം കൊണ്ട് സമ്പൂർണ്ണ ഇ-സാക്ഷരത പഞ്ചായത്തുകളാക്കി മാറ്റാനാണ് ലക്ഷ്യം.

          സാക്ഷരതയുടെ കാര്യത്തിൽ കേരളം ഏറെ മുമ്പിലാണെങ്കിലും മറ്റ് പല രംഗങ്ങളിലും ഈ സാക്ഷരതക്കനുസരിച്ചുള്ള നിലവാരം നമുക്കില്ല എന്നതാണ് ദു:ഖസത്യം.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പരിസ്ഥിതി സാക്ഷരത.ഇന്ന് നമ്മുടെ പ്രകൃതിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം സാക്ഷരനോ അതോ രാക്ഷസനോ എന്ന് എളുപ്പം ബോധ്യമാകും.

      മാലിന്യങ്ങളുടെ കൂമ്പാരമാണ് എങ്ങും നമ്മെ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നത്. മഴക്കാലത്തിന് മുമ്പേ മാറ്റപ്പെടേണ്ടിയിരുന്ന മാലിന്യക്കൂമ്പാരങ്ങൾ മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് പരിസരം ദുർഗന്ധപൂരിതമാക്കി.കുത്തി ഒഴുകിയ വെള്ളത്തിൽ അവ നാടെങ്ങും വ്യാപിച്ചു.പകർച്ച വ്യാധികൾ നാടെങ്ങും പടർന്ന് പിടിച്ചപ്പോൾ നാം വീണ്ടും ബോധവാന്മാരായി.മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപ്പിച്ചതിന്റേയും അത് യഥാ സമയത്ത് നീക്കം ചെയ്യാത്തതിന്റേയും ഫലം അനുഭവിക്കുമ്പോൾ മാത്രം ബോധം വരുന്ന ഒരു സമൂഹത്തെ എങ്ങിനെ സാക്ഷരൻ എന്ന് വിളിക്കും എന്ന് മനസ്സിലാവുന്നില്ല.

              ഇനി കൃഷിഭൂമിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക.മണ്ണിലെല്ലാം പ്ലാസ്റ്റിക്കിന്റേയും മറ്റ് മാലിന്യങ്ങളുടേയും അവശിഷ്ടങ്ങളാണ്.നമ്മുടെ സൌകര്യത്തിന് വേണ്ടി നാം തന്നെ വാങ്ഗിക്കൂട്ടിയ സാധനങ്ങൾ ഉപയോഗം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞത് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിച്ചു. കൃഷിഭൂമിയിലെ അമിതമായ രാസവളപ്രയോഗവും മണ്ണിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിച്ചു.ഇതൊന്നും നേരത്തെ അറിയാത്തത് കൊണ്ടല്ല ,മറിച്ച് ഇക്കാര്യത്തിൽ നാം നിരക്ഷരത നടിക്കുന്നത് കൊണ്ടാണ്.

            പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക് ക്യാരിബാഗുകളും പെറ്റ്ബോട്ടിലുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിയമം മൂലം കർശനമായി നിരോധിച്ചിരിക്കുന്നു.നമ്മുടെ അയൽ‌സംസ്ഥാനമായ കർണ്ണാടകയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ വാഹനത്തിൽ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗോ ബോട്ടിലോ റോഡിലേക്ക് ഇട്ടുനോക്കുക.നിമിഷങ്ങൾക്കകം അതിന്റെ ഭവിഷ്യത്ത് നിങ്ങളെത്തേടി എത്തും.പരിസ്ഥിതി സാക്ഷരരായ ജനങ്ങൾ സദാജാഗരൂകരായി ഇരിക്കുന്നതാണ് ഇതിന് കാരണം.

         അതിനാൽ നൂറ് ശതമാനം സാക്ഷരതയോ പൂർണ്ണ ഇ- സാക്ഷരതയോ നേടുന്നതിന് മുമ്പ് നമ്മുടെ പരിസ്ഥിതിയെ താളം തെറ്റിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേരള ജനത ബോധവാന്മാരേകേണ്ടിയിരിക്കുന്നു. പരിസ്ഥിതി നില നിന്നാലേ നമുക്ക് നിലനിൽ‌പ്പുള്ളൂ. നാം നില നിന്നാലേ സാക്ഷരതക്ക് പ്രസക്തിയുള്ളൂ. പരിസ്ഥിതി സാക്ഷരത നേടാനുള്ള ഒരു കൂട്ടായ സംരംഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കാലത്തിന്റെ ഈ അനിവാര്യതയിലേക്ക് നമുക്ക് ഒന്നിച്ച് മുന്നിട്ടിറങ്ങാം.

Tuesday, July 30, 2013

വികാസം പ്രാപിക്കുന്ന മലയാളഭാഷ

2013  മലയാളഭാഷാവര്‍ഷമായി ആചരിക്കുകയാണ്.മലയാളത്തിന്റെ സര്‍വതോന്മുഖമായ വികാസത്തിന് സാധിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തി ഭാഷയെ പരമാവധി പരിപോഷിപ്പിക്കുക എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയുടേയും കര്‍തവ്യമാണ്.മലയാളം അറിയുന്ന കേരളീയരായ എല്ലാവര്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വളരെ എളുപ്പവുമാണ്.

ഇന്ത്യയിലെ ഓരോ സംസ്ഥാനക്കാരനും അവന്‍ എവിടെയാണെങ്കിലും സ്വന്തം ഭാഷ ഉപയോഗിക്കാന്‍ മടി ഇല്ലാത്തവനാണ്. തമിഴന്‍ അവരുടെ ഭാഷ സംസാരിക്കുന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു. രാഷ്ട്രഭാഷയായ ഹിന്ദി തമിഴിനെ വെല്ലുന്നത് സഹിക്കവയ്യാതെ റെയില്‍‌വേ സ്റ്റേഷനുകളിലെ ബോര്‍ഡുകളില്‍ വരെ ഹിന്ദിയില്‍ എഴുതാന്‍ തമിഴര്‍ അനുവദിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ മലയാളിയോ? സംസ്ഥാനം വിട്ടാല്‍ നാം നമ്മുടെ ഭാഷയില്‍ സംസാരിക്കുന്നത് ഒരു കുറച്ചിലായി ഗണിക്കുന്നു. ബുദ്ധിമുട്ടി ഹിന്ദിയോ ഇംഗ്ലീഷോ മറ്റോ പറഞ്ഞ് ഫലിപ്പിച്ച് അവസാനമായിരിക്കും താന്‍ ഇതുവരെ സംസാരിച്ചത് ഒരു മലയാളിയോടായിരുന്നു എന്നത്  ജാള്യതയോടെ മനസ്സിലാക്കുന്നത് തന്നെ.


ഒരു ഭാഷയുട വികാസം എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ടതാണ്. ഭാഷയുടെ ഉപയോഗം തന്നെയാണ് അതിന്റെ ഒന്നാമത്തെ മാര്‍ഗ്ഗം. കേരളത്തില്‍ മലയാളം സംസാരിക്കുന്നവര്‍ ഏകദേശം 97 ശതമാനം ആണ്.ഇത് വളരെ നല്ലൊരു സമീപനമാണ്. അതേ പോലെ മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിക്കുന്നതും ഭാഷയുടെ പോഷണത്തിനും വികാസത്തിനും സഹായിക്കുന്നു. ഇത്തരം പദങ്ങള്‍ എല്ലാവരിലേക്കും എത്തി അതിന്റെ പ്രയോഗവല്‍ക്കരണം കൂടി നടക്കുമ്പോള്‍ ഭാഷ സമ്പുഷ്ടമാവുന്നു.മലയാളം ഈ കടമെടുപ്പിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു.

മലയാളഭാഷാ പരിപോഷണത്തിന് ഒരു അടുക്കും ചിട്ടയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം സര്‍വ്വകലാശാല എന്ന ആശയം ഉടലെടുത്തതും ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തന്നെ അത് പ്രവര്‍ത്തനം ആരംഭിച്ചതും.ഈ വര്‍ഷം നമ്മുടെ ഭാഷക്ക് ശ്രേഷ്ഠഭാഷാപദവിയും ലഭിക്കുകയുണ്ടായി.അത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകര്‍ന്നു.സര്‍ക്കാരിന്റെ ഭരണ ഭാഷ - മാതൃഭാഷ എന്ന ശ്ലോകവും അതിന്റെ അടിസ്ഥാനത്തില്‍ ഔദ്യ്യോഗിക കത്തിടപാടുകള്‍ മലയാളത്തില്‍ ആക്കിയതും ഭാഷാ പരിപോഷണത്തിന് ഏറെ സഹായകമായി.

ഭാഷയുടെ പരിപോഷണത്തിന് നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം.പണ്ട് കാലത്ത് നാം സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതാറുണ്ടായിരുന്നു.ഇന്ന് അത് ഇ-മെയില്‍ , എസ്.എം.എസ് എന്നിവക്ക് വഴിമാറി.അത് നമ്മുടെ മാതൃഭാഷാ ഉപയോഗത്തേയും ഇംഗ്ലീഷ് ഉപയോഗത്തേയും ഒരുപോലെ പ്രതിസന്ധിയിലാക്കി.പരീക്ഷ പേപ്പറില്‍ പോലും
എസ്.എം.എസ് ഭാഷ അറിയാതെ കടന്നുവരുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു. അതിനാല്‍ നമ്മുടെ കത്തെഴുത്ത് ശീലം നിലനിര്‍ത്തിയാല്‍ അത് ഭാഷക്കും നമ്മുടെ ശൈലിക്കും ഒരു മുതല്‍ക്കൂട്ടാകും എന്നത് തീര്‍ച്ചയാണ്. കുട്ടികളുടെ ഇടയില്‍ കത്തെഴുത്ത് ശീലം വളര്‍ത്താനായി സ്കൂളിലും കോളേജിലും ഒക്കെ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നതും മലയാളത്തിലെ പ്രമുഖരുടെ കത്തുകള്‍ വായിപ്പിക്കുന്നതും നല്ലതായിരിക്കും.മാസത്തിലൊരിക്കല്‍ എഴുത്ത് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതും ആലോചിക്കാവുന്നതാണ്.

ഇതേ പോലെ ചെയ്യാന്‍ പറ്റുന്ന ഒരു പ്രവര്‍ത്തനമാണ് മലയാളം കയ്യെഴുത്തു മാസിക. 25 മുതല്‍ 30 വരെ പേജുകളുള്ള ഒരു കയ്യെഴുത്ത് മാസിക എല്ലാ മാസവും പ്രസിദ്ധീകരിക്കാന്‍ സ്കൂളിലേയും കോളേജുകളിലേയും ഭാഷാസ്നേഹികള്‍  മുന്നിട്ടിറങ്ങിയാല്‍  വളരെ എളുപ്പം നടക്കും.എന്റെ കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ എല്ലാ മാസവും “സാനിക” എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.എല്ലാ കുട്ടികളുടേയും രചന ഉള്‍പ്പെടുത്തിയുള്ള പ്രസ്തുത മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏതാനും ചില എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാത്രമാണ്.കയ്യെഴുത്ത് മാസിക സാധിക്കാത്തവര്‍ക്ക് പ്രതിവാര ചുമര്‍പത്രങ്ങളും പരീക്ഷിക്കാവുന്നതാണ്.

കുട്ടികളെക്കൊണ്ട് മലയാള ഭാഷയില്‍ പ്രബന്ധങ്ങളും ഉപന്യാസങളും തയ്യാറാക്കിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഇതിലൂടെ ഭാഷയുടെ ഉപയോഗവും വിവിധ ശൈലികളും വളര്‍ത്താന്‍ സാധിക്കും.മത്സര രൂപത്തിലോ മറ്റോ നടത്തുന്നതിലൂടെ കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവിനെ വളര്‍ത്താനും ഇത് സഹായിക്കും.വിദ്യാര്‍ത്ഥികളുടെ നിലവാരത്തിനനുസരിച്ച് ഗഹനമായ വിഷയങ്ങള്‍ നല്‍കാവുന്നതാണ്.

ലൈബ്രറി ശാക്തീകരണം നടത്തി വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന മറ്റൊരു പരിപാടി. വിവിധ പ്രസാധകരുടെ നിരവധി സ്കീമുകള്‍
ലൈബ്രറി ശാക്തീകരണത്തിന് ഉപയോഗിക്കാവുന്നതാണ്. പക്ഷേ ആ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു ശ്രമം നാം ഓരോരുത്തരും നടത്തേണ്ടതുണ്ട്. നാം വായിച്ച നല്ല പുസ്തകങ്ങളെപറ്റിയും ലേഖനങ്ങളെപറ്റിയും ആസ്വാദനക്കുറിപ്പുകളോ നിരൂപകക്കുറിപ്പുകളോ തയ്യാറാക്കിയും ഈ യജ്ഞത്തില്‍ നമുക്ക് പങ്കാളികളാകാം.

ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാ ഗവേഷണ പ്രസിദ്ധീകരണ വിഭാഗം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്സ് സര്‍വ്വേയില്‍ കണ്ടെത്തിയത് മലയാളമാണ് ഇന്ത്യയില്‍ ഏറ്റവും വികാസം പ്രാപിക്കുന്ന ഭാഷ എന്നാണ്.
മലയാളഭാഷയുടെ വികാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ് ഈ കണ്ടെത്തല്‍. നമ്മുടെ മാതൃഭാഷാ പരിപോഷണത്തിന് സാധിക്കുന്നതെല്ലാം  ചെയ്യാന്‍ നമുക്ക് ശ്രമിക്കാം.

Wednesday, July 24, 2013

പ്രകൃതിയിലേക്ക് ഒരു കണ്ണ്‌

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നാം അഭിമാനപൂര്‍വ്വം പറയുന്നു.ജല സ‌മൃദ്ധമായ ഹരിതാഭമായ ഒരു പ്രദേശമാണ് കേരളം എന്ന പേര് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത്.എന്നാല്‍ പ്രകൃതിയെ അമിതമായി നാം ചൂഷണം ചെയ്തത് കാരണം ഈ കാഴ്ചകള്‍ നമ്മുടെ മനസ്സിന്റെ കോണുകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് , ഏപ്രില്‍ , മെയ് മാസങ്ങളില്‍  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ വരള്‍ച്ച ഓരോ കേരളീയന്റേയും മനസ്സില്‍ തീ കോരിയിടുന്നതാണ്.

ജൂണ്‍ പിറന്നതോടെ സ‌മൃദ്ധമായ മഴ നമുക്ക് ലഭിച്ച് തുടങ്ങി.22 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും സ‌മൃദ്ധമായ മഴപ്പെയ്ത്ത് എന്ന് കാലാവസ്ഥാനിരീക്ഷകര്‍ സാക്ഷ്യം വഹിച്ച മഴ നമുക്ക് ലഭിച്ചു. പക്ഷേ അപ്പോഴേക്കും കഴിഞ്ഞ മൂന്ന് മാസം നാം അനുഭവിച്ച വരള്‍ച്ചാകെടുതികള്‍ വിസ്മൃതിയിലേക്കാണ്ടു.പെയ്യുന്ന മഴ ഭൂമിയില്‍ താഴാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച മനസ്സുകള്‍ വളരെ വളരെ വിരളമാണ്.പെയ്ത മഴയുടെ ഭൂരിഭാഗവും എവിടെയും തങ്ങി നില്‍ക്കാതെ കടലില്‍ എത്തിച്ചേരുകയും ചെയ്തു.വെള്ളം കണ്മുമ്പിലൂടെ ഒഴുകിപ്പോകുമ്പോള്‍ അത് പാഴായിപ്പോകുന്നതിന്റെ വേദന ഒരു കേരളീയനും അനുഭവിക്കുന്നില്ല.


 കര്‍ണ്ണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന എന്റെ മാനന്തവാടിയിലെ സുഹൃത്ത് പവിത്രേട്ടന്റെ വാക്കുകള്‍ ആണ് നമ്മുടെ ഓരോ മഴയിലും എന്റെ കാതില്‍ ഇരമ്പുന്നത്.അത് ഇത്ര മാത്രമായിരുന്നു - “ ഈ മഴ കര്‍ണ്ണടകയില്‍ ആയിരുന്നു ലഭിച്ചതെങ്കില്‍ അവര്‍ ഭൂമിയില്‍ സ്വര്‍ണ്ണം വിളയിക്കുമായിരുന്നു.“ വളരെ അര്‍ഥപൂര്‍ണ്ണമായ , അനുഭവത്തില്‍ നിന്നുള്ള ആ സാക്ഷ്യം നാം ഗൌനിക്കുന്നേ ഇല്ല.

പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോഴും പ്രകൃതി കലി തുള്ളുമ്പോഴും അതേപറ്റി ചിന്തിക്കാനും സംസാരിക്കാനും വളരെ കുറച്ച് പേര്‍ മാത്രമേ ഇന്നും മുന്നോട്ട് വരുന്നുള്ളൂ എന്നത് , ഭൌതിക-ബൌദ്ധിക നിലവാരങ്ങളില്‍ ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന കേരളത്തിന്റെ ദുരവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഒരൊറ്റ മാസത്തെ ഇടവേളയില്‍ കഠിനമായ വരള്‍ച്ചയും പേമാരിയും മാറി മാറി അനുഭവിച്ചിട്ടും നമ്മുടെ കണ്ണുകള്‍ പ്രകൃതിയിലേക്ക് തുറക്കാന്‍ മടിക്കുന്നു.ഇതിന് നാം നല്‍കേണ്ട വില ഒരു പക്ഷേ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് തന്നെയായിരിക്കും എന്നത് ഒരു താക്കീതായി നമ്മുടെ മുമ്പിലുണ്ടാകട്ടെ.

Thursday, July 18, 2013

മലയാളിയും മദ്യപാനവും.

മഴയും വെയിലും കൂസാതെ എത്ര നേരം വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ മലയാളികള്‍ തയ്യാറാണ്.മുമ്പില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എന്ന ഒരു ബോര്‍ഡും കടക്കകത്ത് ഭംഗിയുള്ള കുപ്പികളില്‍ സാധനവും ഉണ്ടായിരിക്കണം എന്ന് മാത്രം.മറ്റെവിടെയും ക്യൂ നില്‍ക്കുമ്പോള്‍ മാന്യത അതിരു വിടുന്ന മലയാളിക്ക് ഇവിടെ ക്യൂ നില്‍ക്കുമ്പോള്‍ വല്ലാത്ത മാന്യതയാണ്. (അടിച്ചതിന് ശേഷം മിക്കവര്‍ക്കും മാന്യത ഇല്ലാതാകുന്നതും ഇതു കൊണ്ടാകാം). കാശ് കൊടുത്ത് മദ്യം വാങ്ങാന്‍ ഇത്രയും യാതനകള്‍ സഹിക്കുന്ന ഒരു സമൂഹം ലോകത്തിലെവിടെയെങ്കിലും ഉണ്ടോ എന്നും സംശയമാണ്.

(രീതി....മക്കാനകോനമറ)
മദ്യം മോന്തിക്കുടിച്ച് ബുദ്ധി മാന്ദ്യം ഭവിച്ച
ബദ്ധം വരുത്തിടുന്നോരെ....
ബുദ്ധികൊടുത്തു ചിന്ത വേറെ വരുത്തിവിന
കാണേണം പൊന്നുസോദരേ.....

എന്റെ കുട്ടിക്കാലത്ത് എസ്.ഐ.ഒ എന്ന സംഘടന ഇറക്കിയിരുന്ന കാസറ്റിലെ ഒരു പാട്ടിന്റെ തുടക്കമാണീത്.യഥാര്‍ത്ഥത്തില്‍ സ്വന്തം അധ്വാനിച്ച  കാശ് കൊടുത്ത് മാരക രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഈ പ്രവണത സംസ്കാര സമ്പന്നനായ മലയാളിയിലേക്ക് എങ്ങനെ എത്തി എന്ന് ആലോച്ചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.ഓരോ വര്‍ഷവും വിവിധ മതാഘോഷങ്ങളോടനുബന്ധിച്ചും പുതുവര്‍ഷത്തോടനുബന്ധിച്ചും കേരളം മോന്തുന്ന മദ്യത്തിന്റെ കണക്ക് ഭയാനകമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു.യുവാക്കള്‍ക്കിടയില്‍ പുകവലി ശീലം കുറഞ്ഞപ്പോള്‍ മദ്യപാന ശീലം വര്‍ദ്ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.തല്‍ഫലമായി കാന്‍സറും ഹൃദ്രോഗവും ലിവര്‍സീറൊസിസും മറ്റ് മാരകരോഗങ്ങള്‍ക്കും അടിമകളാകുന്ന യുവാക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.

വേദനകളില്‍ നിന്നും ടെന്‍ഷനുകളില്‍ നിന്നും മുക്തി നേടാനാണ് സ്ഥിരം മദ്യപാനികളായവര്‍ പലരും ഇതുപയോഗിക്കുന്നത് എന്ന് പറയുന്നു.യഥാര്‍ത്ഥത്തില്‍ നൈമിഷികമായ ഒരു ലഹരി മാത്രമേ മദ്യം നല്‍കുന്നുള്ളൂ.ആ ലഹരിയില്‍ ഇത്തരം ചിന്തകള്‍ നമ്മളില്‍ നിന്നും അകലും എന്നത് തീര്‍ച്ചയാണ്.നല്ലൊരു സുഹൃത്തുമായി ഇത്തരം വേദനകള്‍ പങ്കു വച്ചാല്‍ തന്നെ അവ അലിഞ്ഞ് ഇല്ലാതായി തീരും .ആ നല്ല സുഹൃത്താണ് എനിക്ക് മദ്യം എന്ന് പറയുന്ന മദ്യപന്മാരും ഉണ്ട്.നല്ല ഒരു സുഹൃത്ത് ഒരിക്കലും നമ്മെ അപകടത്തില്‍ കൊണ്ടെത്തിക്കില്ല എന്ന മിനിമം ചിന്തയെങ്കിലും ഉണ്ടെങ്കില്‍ ഈ പാഴ്വാക്ക് ആരും പറയില്ല.

കലാകാരന്മാരിലാണ് മദ്യാസക്തി ഏറ്റവും കൂടുതലായിക്കാണുന്നത്.മലയാളത്തിലെ നല്ലൊരു  സംവിധായകന്‍ ആയ ശ്രീ. പ്രിയനന്ദനന്‍ ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിലൂടെ ‘മുഴുവന്‍ മലയാളികളും വായിക്കാന്‍’ എന്ന തലക്കെട്ടോടെ ഒരു തുറന്ന് പറയല്‍ നടത്തി.ആ വായനയും അതേ ദിവസം എന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു മരണവും ആണ് മദ്യത്തെപറ്റി വീണ്ടും ഒരു ഉത്ബോധനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു കലാകാരന്‍ ഇത്തരം ഒരു തുറന്ന് പറയല്‍ നടത്തുമ്പോള്‍ തീര്‍ച്ചയായും യുവാക്കള്‍ക്കിടയില്‍ അതൊരു ചലനം സൃഷ്ടിച്ചേക്കാം.പ്രത്യേകിച്ചും കാമ്പസ്സുകളില്‍ മദ്യത്തിനെതിരെ ഒരു ശക്തമായ മുന്നേറ്റം അനിവാര്യമാണ്.ശ്രീ. പ്രിയനന്ദനനെപ്പോലുള്ള കലാകാരന്മാര്‍ അതിന് മുന്നിട്ടിറങ്ങിയാല്‍ കേരളയുവത്വത്തെ ബാധിച്ച മഹാവിപത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമം നടത്തി നോക്കാം.കേരളം മുഴുവന്‍ പ്രകമ്പനം കൊള്ളിപ്പിക്കുന്ന ഒരു കുലുക്കമായി മാറിയേക്കാവുന്ന അതിന്റെ പ്രഭവകേന്ദ്രം എന്റെ കോളേജ് തന്നെയായാല്‍ എല്ലാ പിന്തുണയും സഹായസഹകരണവും നല്‍കാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഊര്‍ജ്ജസ്വലരായ എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സദാ തയ്യാര്‍.

Wednesday, July 17, 2013

വ്രതാഹാരത്തില്‍ ചെറിയൊരു ശ്രദ്ധ


മുസ്ലിംങ്ങള്‍ റമളാന്‍ മാസത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആരാധനാകര്‍മ്മങ്ങളില്‍ മുഴുകി മനസ്സും ദേഹവും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വ്രതം എന്ന് പറയാം.പക്ഷേ വ്രതകാലത്ത് പലരും ശ്രദ്ധിക്കാത്തത് നോമ്പ് തുടങ്ങുമ്പോഴും തുറക്കുമ്പോഴും  ഉള്ള ഭക്ഷണക്രമമാണ്.

നോമ്പ് കാലത്ത് ശരിയായ ഒരു ആഹാരക്രമം ഉണ്ടായിരിക്കണം.വ്രതം ആരംഭിക്കുന്നത് സുബഹി ബാങ്കോടെ അതിരാവിലെയാണ്.അവസാനിക്കുന്നത് മഗ്‌രിബ്  ബാങ്കോടെ സന്ധ്യക്കും.ഈ രണ്ട് നേരവും മൂക്കറ്റം തിന്നുന്ന ഒരു പ്രവണതയാണ് പലരിലും കാണുന്നത്. എന്നാല്‍ ഈ രണ്ട് സമയത്തും ലഘുവായ ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതാണ് സത്യം.

വ്രതാരംഭത്തില്‍ ചോറ്,കഞ്ഞി,ഇലക്കറികള്‍ എന്നിവയും ചെറുപഴവും കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.ഇറച്ചിയും മത്സ്യവും നോമ്പ് തുടങ്ങുന്ന അതിരാവിലെ സമയത്ത് ഒഴിവാക്കുക.നോമ്പ് അവസാനിപ്പിക്കുമ്പോള്‍ കാരക്ക തന്നെ ഏറ്റവും ഉത്തമം.കാരണം അയേണ്‍ ധാരാളം അടങ്ങിയ കലോറി മൂല്യമുള്ള പഴമാണ് കാരക്ക.ഉണങ്ങിയ കാരക്ക ഓരോ നാഡിയേയും നനച്ച് ഉത്തേജനം നല്‍കും എന്നതിനാല്‍ അതും വളരെ നല്ലതാണ്.ശേഷം വെള്ളം കുടിക്കാം.പഴങ്ങള്‍ ജ്യൂസ് ആക്കുന്നതിലും നല്ലത് അതുപോലെ കഴിക്കുന്നതാണ്. റവ കൊണ്ടുള്ള തരിക്കഞ്ഞി എന്ന നേര്‍ത്ത പായസവും, കൂവത്തളിയും ഉത്തമമാണ്.

നാരങ്ങവെള്ളവും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും നോമ്പ് തുറക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമായിട്ടുണ്ട്. നാരങ്ങവെള്ളം  വയറില്‍ അസിഡിറ്റി കൂട്ടും.എണ്ണക്കടികളാകട്ടെ ആമാശയ ശുദ്ധീകരണത്തെ തടയും. 

ദീര്‍ഘനേരത്തേക്ക് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ആമാശയവും അനുബന്ധ അവയവങ്ങളും വിശ്രമത്തില്‍ ആയിരിക്കുന്നതിനാല്‍ വേണ്ടത്ര ദഹനരസം ഉല്പാദിപ്പിക്കപ്പെടില്ല. അതിനാല്‍ നോമ്പ് കാലത്ത് ദഹനപ്രക്രിയ  താറുമാറാകാന്‍ സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ബിരിയാണി , പൊറൊട്ട എന്നിവ നോമ്പ് തുറക്കുന്ന സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പത്തിരി നല്ലതാണ്. 
 
ഭക്ഷണത്തില്‍ പഴങ്ങളും വേവിച്ച പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. ഇങ്ങനെ ശ്രദ്ധിച്ചാല്‍ നോമ്പ് നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കുകയില്ല , പകരം പുഷ്ടിപ്പെടുത്തും എന്ന് തീര്‍ച്ച.

Monday, July 08, 2013

വീണ്ടും പുണ്യ റമളാന്‍ മാസം.

റമളാന്‍ മാസത്തെ വരവേല്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലോകത്തിലെ മുഴുവന്‍ മുസ്ലിങ്ങളും. കൂടുതല്‍ സല്‍കര്‍മ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് , പാപങ്ങളില്‍നിന്ന് അകന്ന് നിന്ന്  ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ച്  പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. 

റമളാന് മുന്നോടിയായുള്ള നനച്ചുകുളി പലയിടത്തും അപ്രത്യക്ഷമായി. പക്ഷേ മാസപ്പിറവി കണ്ട് സ്ഥിരീകരിച്ചാലുടന്‍ പള്ളികളില്‍ തറാവീഹ് എന്ന രാത്രി നമസ്‌കാരം ആരംഭിക്കും. ദീര്‍ഘനേരം നിന്നുള്ള ഈ പ്രത്യേക നമസ്കാരം റമളാനിന്റെ രാത്രികളെ കൂടുതല്‍ സജീവവും പുണ്യമുള്ളതുമാക്കുന്നു.

 പകല്‍ സമയത്ത് അന്നപാനീയങ്ങളും ലൈംഗികബന്ധവും ഉപേക്ഷിച്ച് ആരാധനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്  റമളാന്‍ വ്രതത്തിന്റെ രീതി.എന്നാല്‍ രാത്രി ഇതെല്ലാം അനുവദനീയവുമാണ്.ഗള്‍ഫ് നാടുകളീല്‍ രമളാന്‍ മാസത്തില്‍ പ്രത്യേക പെരുമാറ്റ ചട്ടം തന്നെ നിലവില്‍ വരാറുണ്ട്. വ്രതമനുഷ്ഠിക്കാത്തവരും റംസാനില്‍ ഈ നിയമങ്ങള്‍ പാലിക്കേണ്ടതാണ്.

ദാനധര്‍മ്മങ്ങളുടെ അധികരണം രമളാന്‍ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.  വ്യക്തികളും  വിവിധ സംഘടനകളും  റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതടക്കമുള്ള സഹായ പദ്ധതികള്‍ നടത്തുന്നു.അതിനാല്‍ തന്നെ പാവപ്പെട്ടവര്‍ ഈ മാസത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അന്നത്തിനും മറ്റും പഞ്ഞം നേരിടാത്ത ഒരു മാസമായി അവര്‍ ഈ വ്രതമാസത്തെ കാണുന്നു.വീടുകളിലും   പള്ളികളിലും മറ്റും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കപ്പെടുന്നു. കൂടിച്ചേരലിന്റെയും പങ്കുവെക്കലിന്റെയും വേദിയായും ഇഫ്താര്‍ മീറ്റുകള്‍ സജീവമാകുന്നു.

 റംസാന്‍ പ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും പഠനവും വ്രതമാസത്തിലെ പ്രത്യേകതയാണ്.  വിവിധ കേന്ദ്രങ്ങളിലായി ഖുറാന് പഠന ക്ലാസുകളും ഹദീസ് പഠന ക്ലാസുകളും കൂടുതല്‍ സജീവമാകുന്നതും രമളാന്‍ മാസത്തിലാണ്

ഭക്ഷണത്തിന്റെ നിയന്ത്രണമാണ് റമളാനില്‍ ചെയ്യേണ്ടതെങ്കിലും നോമ്പ് തുറ ഭക്ഷ്യമേളകളായിട്ടാണ് ഇന്ന് നടക്കുന്നത്.ആശാസ്യമല്ലാത്ത ഈ രീതി ഉപേക്ഷിക്കേണ്ടത് റമളാനിന്റെ അന്തസ്സ് കാക്കാന്‍ അത്യാവശ്യമാണ്.

Wednesday, October 19, 2011

അഴിമതിക്കെതിരെ ചില രാഷ്ട്രീയനാടകങ്ങള്‍

അഴിമതിക്കെതിരെ അണ്ണാഹസാരെയും സംഘവും നടത്തിയ സമരം വിജയം കണ്ടതിന്റെ പിന്നാലെയാണ് ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനിയുടെ മനസ്സില്‍ ജനചേതനയാത്ര എന്ന ആശയം പൊട്ടി മുളച്ചത്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന ആശയമാണ് അദ്വാനി ഇവിടെ പ്രയോഗിക്കുന്നത്.കോണ്‍ഗ്രസ്സിന്റെ വിവിധ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതും ഉള്‍പെടാന്‍ സാധ്യതയുള്ളതുമായ അഴിമതിക്കഥകള്‍ പുറത്ത് ചാടിക്കാന്‍ ഹസാരെയും സംഘവും നടത്തുന്ന ജനലോക്പാല്‍ സമരത്തിന്റെ തുടര്‍ച്ചയായി ഒരു ‘രഥയാത്ര’ കൂടി നടത്താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചാണക്യന് ആരും ബുദ്ധി ഓതിക്കൊടുക്കേണ്ടി വന്നില്ല.

പക്ഷേ ഹസാരെയുടേയും അദ്വാനിയുടേയും സമരപരിപാടികള്‍ മുറുകുമ്പോള്‍ തന്നെ ചില അപ്രിയസത്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.അണ്ണാടീമിന്റെ ജനലോക്പാല്‍ബില്‍ പൂര്‍ണ്ണമായും അംഗീകരിക്കാത്ത കോണ്‍ഗ്രസ്സിനെ ഒരു പാഠം‌പഠിപ്പിക്കാനാണ് ഹസാരെയുടെ പരിപാടി.ഭജന്‍ലാലിന്റെ മരണത്തോടെ ഒഴിവ് വന്ന ഹരിയാനയിലെ ഹിസാര്‍ ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പരസ്യപ്രചാരണം നടത്തിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പായിരുന്നു.അത്തരം ഒരു മണ്ഡലത്തില്‍ ഹസാരെയുടെ പ്രചാരണം എത്രത്തോളം ഫലവത്തായി എന്ന് ചോദിച്ചാല്‍ ഹസാരെക്ക് തന്നെ ചിരി വന്നേക്കും.മാത്രമല്ല ഇന്ത്യയെ അഴിമതി മുക്തമാക്കാനുള്ള ജനലോക്പാല്‍ബില്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്ന ഹസാരെ ടീം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചത് അഴിമതി ആരോപിതനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയില്‍ സ്വന്തം ട്രൌസര്‍ ഊരിപ്പോയത് ഹസാരെ അറിഞ്ഞില്ല.

“കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നതിനിടക്ക് അഴിമതിക്കാര്‍ ആരെങ്കിലും ജയിക്കുന്നുണ്ടെങ്കില്‍ അതില്‍ വേവലാതി വേണ്ട.അവരെ ഈ ലോകപാല്‍ ബില്‍ ജയിലിലയക്കും “ എന്നായിരുന്നു ഇത് സംബന്ധിച്ച് ഹസാരെയുടെ പ്രസംഗം.അഴിമതി ആരോപണരഹിതനായ ഒരു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്റെ ജനപിന്തുണയുടെ യഥാര്‍ത്ഥ ആഴം അളക്കാന്‍ ഹസാരെക്ക് ലഭിച്ച ആദ്യ അവസരം അദ്ദേഹം കളഞ്ഞുകുളിച്ചത് മന:പൂര്‍വ്വം തന്നെയായിരുന്നു എന്ന് വ്യക്തമാണ്.തന്റെ പിന്നിലുള്ളത് അഴിമതിയെക്കാളും കൂടുതല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരുടെ കൂട്ടമാണ് എന്ന് ഹസാരെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഈ ഉരുണ്ടുകളിയുടെ പൊരുള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഹസാരെ സമരത്തിന്റെ ഊര്‍ജ്ജവും ജനപിന്തുണയും ഉപയോഗപ്പെടുത്തുന്നത് ബി.ജെ.പി ആണെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും സംശയമില്ല. പ്രധാനമന്ത്രി കസേരയില്‍ കണ്ണും നട്ടിരുന്ന അദ്വാനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് നിരാശ സമ്മാനിച്ചപ്പോള്‍ തുടങ്ങിയതാണ് ബി.ജെ.പിയുടെ കോണ്‍ഗ്രസ്സ് വിരുദ്ധ സമരപിന്തുണ.അഴിമതിയുടെ കാര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണ്.

വരാനിരിക്കുന്ന യു.പി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ അഴിമതിക്കെതിരെ എന്ന ലേബലില്‍ അദ്വാനിയും ഒരു പടയോട്ടം ആരംഭിച്ചിരിക്കുന്നു - ജനചേതനയാത്ര.വിരോധാഭാസമെന്ന് പറയട്ടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ബി.ജെ.പിയുടെ സമുന്നതനായ നേതാവ് യെദിയുരപ്പ അദ്വാനിയെ സ്വീകരിക്കുന്നത് ജയിലില്‍ കിടന്നുകൊണ്ടായിരിക്കും.അതും അദ്വാനിയുടെ ചേതനയാത്ര എന്തിനെതിരെയാണോ, അതേ കുറ്റാരോപിതനായതിനാല്‍ !ജയിലിലടക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി എന്ന നെറികെട്ട റിക്കാര്‍ഡും യെദിയുരപ്പ ഇതിലൂടെ കരസ്ഥമാക്കി.

യെദിയുരപ്പയുടെ കര്‍ണ്ണാടകയിലൂടെയും അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്നുണ്ട്.കര്‍ണ്ണാടകയില്‍ ഈ യാത്രയെപറ്റി അദ്വാനി എന്തു പറയും എന്ന് എല്ലാവരും കൌതുകത്തോടെ ഉറ്റു നോക്കുന്നു.ഈ അപ്രതീക്ഷിത കുരുക്കില്‍ നിന്ന് എങ്ങനെ തലയൂരും എന്ന് ബി.ജെ.പിയും തല പുകഞ്ഞാലോചിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ തന്നെ , ബി.ജെ.പിയുടെ ഉറ്റ തോഴന്മാരായ റെഡ്ഡി സഹോദരന്മാര്‍ ജയിലിലടക്കപ്പെട്ടതും ഇന്ത്യ കണ്ട വന്‍ അഴിമതികളിലൊന്നില്‍ പ്രതികളായിക്കൊണ്ടാണ്. ഇതെല്ലാം മറന്ന് കര്‍ണ്ണാടകയിലൂടെ കണ്ണും പൂട്ടിയുള്ള ഒരു യാത്രയാണ് അദ്വാനി നടത്തുന്നതെങ്കില്‍ അതിന് ചേതനയാത്ര എന്നതിനെക്കാള്‍ നല്ല പേര് യാതനയാത്ര എന്നായിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ അഴിമതിക്കെതിരെ എന്ന ലേബലില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ വിത്തുകള്‍ തന്നെയാണ്.അതും അത്യുല്‍ല്പാദന ശേഷിയുള്ള വിത്തുകള്‍ ! പൊതുജനം ഉണര്‍ന്ന് പ്രതികരിക്കുകയല്ലാതെ ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ കണ്ട് രസിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല.

Thursday, October 13, 2011

നിര്‍മ്മല്‍ മാധവ് വിഷയം - ഉത്തരവാദികളാര് ?

രണ്ടര മാസത്തോളം പഠനം അവതാളത്തിലാക്കിയ നിര്‍മല്‍ മാധവ് വിഷയം അവസാനിക്കുന്നു എന്ന് എന്റെ കോളേജിലെ ഓരോ കുട്ടിയുടേയും മാതാപിതാക്കള്‍ ആശ്വസിക്കുമ്പോള്‍, മറ്റൊരു കോളേജിലെ കുട്ടികളുടെ മാതാപിതാക്കള്‍ ഒരു പേടിസ്വപ്നത്തിന്റെ വയ്ക്കിലാണ്.നിര്‍മല്‍ മാധവിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്ന പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളും രക്ഷിതാക്കളും ആണ് ഇനി ഈ കോളേജില്‍ എന്തെല്ലാം സംഭവിച്ചേക്കും എന്ന ആശങ്കയില്‍ നില്‍ക്കുന്നത്.എന്റെ സഹോദരിയുടെ മകള്‍ അവിടെ പഠിക്കുന്നതിനാല്‍ അവരും ആ പേടി പേറുന്നു.ഒരു പക്ഷേ ഒന്നും സംഭവിക്കാതെ നിര്‍മ്മല്‍ പഠനം പൂര്‍ത്തിയാക്കിയോ അല്ലാതെയോ പോയേക്കാം.എങ്കിലും ഒരു പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങള്‍ നിര്‍മ്മല്‍ വായിക്കുന്ന ഒരു രംഗം എന്റെ മനസ്സിലൂടെ കടന്നു പോകുന്നു.എന്തിനായിരുന്നു കേരളം മുഴുവന്‍ കലക്കിമറിച്ച ഈ കോലാഹലങ്ങള്‍ ?

യഥാര്‍ത്ഥത്തില്‍ നിര്‍മല്‍ മാധവിന്റെ അഞ്ചാം സെമസ്റ്റര്‍ പ്രവേശനത്തിലൂടെ ആരംഭിച്ച ഈ സമര പരമ്പരകളുടെ ഉത്തരവാദികള്‍ ആരൊക്കെയാണ് ? രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഇടതും വലതും ഇതില്‍ തുല്യ പങ്ക് വഹിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. നിര്‍മ്മലിന് പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട സര്‍ക്കാരാണ് എല്ലാവരുടെ കണ്ണിലും ഒന്നാം പ്രതി.മൂന്നാം സെമസ്റ്ററില്‍ വച്ച് ടി.സി വാങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഴമേറിയ ചിന്ത ആവശ്യമായിരുന്നു.മാത്രമല്ല മറ്റൊരു കോളേജില്‍ ഒന്നാം സെമസ്റ്ററില്‍ മറ്റൊരു വിഷയത്തിന് ചേര്‍ന്ന് പഠിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.കോളേജില്‍ ക്ലാസ് അറ്റന്റ് ചെയ്ത് നേരാം വണ്ണം എത്തിയ കുട്ടികള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ കടക്കാന്‍ അസ്സൈന്മെന്റ്,സീരീസ് ടെസ്റ്റ് തുടങ്ങീ അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഒരു പരീക്ഷയോ മറ്റോ നടത്തി ഈ വിദ്യാര്‍ത്ഥിക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കാം എന്ന സൂത്രം ഉന്നത വിദ്യാഭ്യാസരംഗത്തെ ആരുടെ തലയില്‍ നിന്ന് വന്നതാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.കാരണം ഇത്രയും സുന്ദരമായി കടന്നുകയറാന്‍ പറ്റുന്നതാണ് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ എങ്കില്‍ ഇങ്ങനെ പഠിച്ച് പുറത്ത് വരുന്ന എഞ്ചിനീയര്‍മാരുടെ ക്വാളിറ്റി എന്തായിരിക്കും?

ഇനി ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കോളേജില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പോ അല്ലെങ്കില്‍ പ്രവേശനം സ്ഥിരപ്പെടുത്തുന്നതിന് മുമ്പോ അതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും സിണ്ടിക്കേറ്റിന്റെ അംഗീകാരം ലഭിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിര്‍മ്മല്‍ മാധവ് അതും വളരെ എളുപ്പത്തില്‍ കൈവശമാക്കി.അന്ന് കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിലവിലിരുന്നത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒരു സിണ്ടിക്കേറ്റ് ആയിരുന്നു.എന്റെ ധാരണ ശരിയാണെങ്കില്‍ ഈ സിണ്ടിക്കേറ്റ് എങ്ങനെ ഈ അനുകൂല തീരുമാനം കൈകൊണ്ടു?അതല്ല ഈ പ്രവേശനം ഇവരാരും അറിയാതെ നടന്നതാണോ?

മൂന്നാം സെമസ്റ്ററില്‍ ടി.സി വാങ്ങിയ കുട്ടിയെ അതേ സെമസ്റ്ററിലേക്ക് തന്നെ പ്രവേശനം നല്‍കിയിരുന്നുവെങ്കില്‍ ഇത്രയധികം പൊല്ലാപ്പ് സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകുമായിരുന്നില്ല എന്ന പക്ഷക്കാരനാണ് ഞാന്‍.നിര്‍മ്മലിന്റെ റാങ്ക് പ്രകാരം സര്‍ക്കാര്‍ കോളേജില്‍ അഡ്‌മിഷന്‍ നല്‍കാമോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും അതെല്ലാം മാറ്റിവയ്ക്കാമായിരുന്നു.പക്ഷേ ഇത്രയും ലാഘവത്തോടെ ഈ സംഗതി കൈകാര്യം ചെയ്തത് നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന് കളങ്കമായി എന്ന് പറയാതിരിക്കാന്‍ വയ്യ.

നിര്‍മ്മലിനെതിരെ നടത്തിയ വിദ്യാര്‍ഥി സമരവും വളരെയധികം നീണ്ടുപോയി.യഥാര്‍ത്ഥത്തില്‍ ഈ സമരം കോളേജില്‍ നീട്ടിക്കൊണ്ടു പോകുന്നതിനോട് ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യം ഇല്ലായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.പകരം ഇതിന് അനുമതി നല്‍കിയ അധികാര കേന്ദ്രങ്ങളില്‍ ആയിരുന്നു ഈ സമരങ്ങള്‍ അരങ്ങേറേണ്ടിയിരുന്നത്.ഇപ്പോള്‍ സമരം കാരണം ബലിയാടായത് ഈ കോളേജിലെ 1200-ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.ഉന്നതാധികാരികളുടെ ശ്രദ്ധയില്പെടുത്താന്‍ സാധിക്കുന്ന ഒരു സമരം സംസ്ഥാനതലത്തില്‍ നടത്തിയിരുന്നെങ്കില്‍ അധികാരിവര്‍ഗ്ഗങ്ങളുടെ കണ്ണ് നേരത്തെ തുറപ്പിക്കാന്‍ സാധിക്കുമായിരുന്നു.ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ ഈ പ്രവേശനം നടന്നയുടനെത്തന്നെ എടുപ്പിക്കാനും സാധിക്കുമായിരുന്നു.ഒട്ടേറെ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ഈ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും വലിയ ഒരു പാളിച്ച സംഭവിച്ചു? എന്തുകൊണ്ട് സംസ്ഥാന നേതൃത്വം ഈ സമരത്തിന് വലിയപ്രാധാന്യം നല്‍കിയില്ല?സ്വാഭാവികമായും ഇടതുപക്ഷത്തിനും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ അലംഭാവം തന്നെ തെളിവാണ്.

ഇത്രയും കോലാഹലങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സ്ഥിതിക്ക് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത് ഈ വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം തന്നെയാണ്.തന്റെ പ്രവേശനം തുടര്‍ന്ന് പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ട് തന്നെയായിരുന്നു എന്ന് തെളിയിക്കേണ്ടത് നിര്‍മ്മലിന്റെ കൂടി ഉത്തരവാദിത്വമാണ്.ഇനിയെങ്കിലും ശാന്തമായ അന്തരീക്ഷത്തില്‍ പഠിച്ച് നല്ല മാര്‍ക്കോടെ നിര്‍മ്മല്‍ മാധവ് പുറത്ത് വരും എന്ന് ഗ്യാരണ്ടിയില്ലെങ്കില്‍, രണ്ടര മാസം വെസ്റ്റ്‌ഹില്‍ ഗവ:എഞ്ചിനീയറിംഗ് കോളേജിലെയും ശേഷം നിര്‍മ്മലിനെ ഇപ്പോള്‍ മാറ്റിയ കോളേജിലേയും വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരും നിര്‍മ്മലും ചെയ്യുന്ന അപരാധമായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Thursday, August 18, 2011

അതാണ് സഖാവെ ,മാനുഷിക ബന്ധം

“എനിക്ക് മലര്‍വാടി വായിക്കാന്‍ തന്നില്ലെങ്കില്‍, നീ മിഠായി വാങ്ങിയത് ഞാന്‍ ബാപ്പയോട്‌ പറഞ്ഞു കൊടുക്കും”

“എന്നെ പറഞ്ഞു കൊടുത്താല്‍ നിനക്ക് ടീച്ചറോട് തല്ല് കിട്ടിയത് ഞാനും പറയും...”

പണ്ട് പണ്ട് സ്കൂളീല്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ അനിയനും തമ്മില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം കാച്ചുന്ന ഡയലോഗുകള്‍ ആണിവ.ബാപ്പയെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പേടിയായിരുന്നു.ആ പേടി പരസ്പരം മുതലെടുക്കുക എന്ന മിനിമം പരിപാടി ആയിരുന്നു ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നത്.

ഏകദേശം അതിന് സമാനമായ ചില കാര്യങ്ങളാണ് ഇന്ന് സി.പി.എം ന്റെ രണ്ട് തല മൂത്ത നേതാക്കള്‍ക്കിടക്ക് നടക്കുന്ന സംഭാഷണങ്ങള്‍.പാര്‍ട്ടിയുടെ വിലക്ക് പുല്ലു പോലെ തള്ളി വി.എസ് അച്ചുതാനന്ദന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് പിണറായിക്ക് ഒട്ടും ദഹിച്ചില്ല.പാര്‍ട്ടിയും വി.എസ് ന്റെ ഈ അസാധാരണ നടപടിയില്‍ പകച്ചു പോയി എന്നതാണ് പിണറായിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.അവസാനം, സന്ദര്‍ശനം ആകാം , ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന ഒരു വിലക്ക് പയറ്റി പാര്‍ട്ടി മുഖം രക്ഷിച്ചു.വി.എസ് അതും തള്ളും എന്ന് മനസ്സിലാക്കി ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിന്ന് തേങ്ങാവെള്ളത്തെ സൌകര്യപൂര്‍‌വ്വം ഒഴിവാക്കുകയും ചെയ്തു.അല്ലെങ്കിലും നിരാഹാരം എന്നാല്‍ നീരാഹാരം കൂടി ആണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണല്ലോ നമ്മെ പഠിപ്പിച്ചത്.എന്ന് വച്ചാല്‍ നിരാഹാരത്തില്‍ ആഹാരം കഴിക്കാന്‍ പാടില്ല, നീര് കഴിക്കാം.എന്ന് പറഞ്ഞാല്‍ നീര് അഥവാ വെള്ളം എന്ന ഗണത്തില്‍ പെടുന്നതൊന്നും ആഹാരമല്ല.ഭാവിയില്‍ ആഹാരമല്ലാതാകുന്നതെന്തൊക്കെ എന്ന് ലിസ്റ്റ് പുറപ്പെടുവിക്കുമായിരിക്കും.

ഏതായാലും പിണറായിയുടെ പ്രസ്താവന കേട്ട് വി.എസ്, ഞാന്‍ ആദ്യം പറഞ്ഞ അടവ് പ്രയോഗിച്ചു.പിണറായി സ്വന്തം മകളുടെ കല്യാണത്തിന് പാര്‍ട്ടിയുടെ അന്തകനും ആജന്മ ശത്രുവുമായ സാക്ഷാല്‍ എം.വി.രാഘവനെ ക്ഷണിച്ചതും എം.വി.ആര്‍ ആ വിവാഹത്തില്‍ പങ്കെടുത്തതും വി.എസ് പൊടി തട്ടി എടുത്തു.കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് ചുറുചുറുക്കുള്ള യുവാക്കള്‍ വെടിയേറ്റ് മരിച്ചതിന് ഉത്തരവാദിയായ എം.വി.രാഘവനെ സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണം കൊടുക്കാമെങ്കില്‍ പാര്‍ട്ടിയെ വളരെക്കാലം സേവിച്ച , ഇപ്പോഴും പാര്‍ട്ടി മനസ്സുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ എന്ത് തെറ്റ് എന്ന് വി.എസ് ചോദിക്കുന്നു.

ഈ ചോദ്യം കേട്ട് ഞാനും വി.എസിന് കൈ അടിച്ചു.പക്ഷേ ദിവസങ്ങള്‍ക്കകം അതേ വി.എസ്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ തള്ളി പറഞ്ഞപ്പോള്‍ അത് എന്തിന്റെ സമ്മര്‍ദ്ദത്താല്‍ ആയിരുന്നു എന്ന് മനസ്സിലായില്ല.പാര്‍ട്ടി വിലക്ക് സൌകര്യപൂര്‍വ്വം ലംഘിക്കുകയും പിന്നീട് ചില പൊടിക്കൈകളിലൂടെ രക്ഷപ്പെടുകയും ചെയ്യുക എന്ന വിലകുറഞ്ഞ തന്ത്രം വി.എസിനെപ്പോലുള്ള ഒരു ഉന്നത നേതാവിന് ചേര്‍ന്നതല്ല.ആശയവും ആദര്‍ശവും ഒക്കെ നിലനിര്‍ത്തികൊണ്ട് എതിര്‍ ചേരിക്കാരനായാലും മനുഷ്യന്‍ എന്ന നിലക്കുള്ള സമീപനവും പാര്‍ട്ടിക്കാര്‍ക്ക് പാടില്ല എന്നോ?എങ്കില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയം എന്നതിനെക്കാളും നല്ലൊരു പേര് പട്ടി രാഷ്ട്രീയം എന്നല്ലേ?

വാല്‍:മുസ്ലീംലീഗ് ചിന്താഗതിക്കാരനായ റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള സ്റ്റേജില്‍!അതാണ് സഖാവെ മാനുഷിക ബന്ധം.

Sunday, August 07, 2011

ഹിരോഷിമ ഉയര്‍ത്തുന്ന ചിന്തകള്‍.

1945 ആഗസ്ത് 6.ഹിരോഷിമ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ആ കൊച്ചുകുട്ടി പതിവ് പോലെ നേരത്തെ എണീറ്റ് സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.സ്കൂള്‍ യൂണിഫോമണിഞ്ഞ് ബാഗും കയ്യിലെടുത്ത് യു.കെ.ജിയില്‍ പഠിക്കുന്ന ആ പിഞ്ചു കുട്ടി അമ്മയോട് ടാറ്റ പറഞ്ഞു.മുന്നോട്ട് നടന്ന് നീങ്ങിയ കുട്ടി പെട്ടെന്ന് തിരിച്ച് അമ്മയുടെ അടുത്തേക്ക് തന്നെ ഓടി വന്ന് പറഞ്ഞു -
“അമ്മയുടെ വാത്സല്യചുംബനങ്ങള്‍ ഇന്ന് എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു , എന്റെ പ്രിയപ്പെട്ട അമ്മേ...”

കുട്ടിയുടെ അസാധാരണ പെരുമാറ്റം ആ അമ്മയെ സ്തബ്ധയാക്കിയെങ്കിലും സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു “ഇല്ല മോളെ...മോള്‍ ധൈര്യമായി സ്കൂളില്‍ പൊയ്ക്കോളൂ...” മകള്‍ അമ്മയെ വീണ്ടും കെട്ടിപ്പിടിച്ചു.അമ്മ അവളുടെ കവിളിലും മൂര്‍ദ്ധാവിലും വീണ്ടും വീണ്ടും ചുംബനങ്ങള്‍ നല്‍കി സ്കൂളീലേക്ക് പറഞ്ഞയച്ചു.

നിമിഷങ്ങള്‍ക്കകം അമേരിക്കന്‍ കാപാലികതയുടെ ഏറ്റവും ചീഞ്ഞുനാറിയ മുഖം, ‘ലിറ്റില്‍ ബോയ്’ എന്ന ആണവബോംബിന്റെ രൂപത്തില്‍ ഹിരോഷിമയില്‍ പതിച്ചു.മനുഷ്യനടക്കമുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളെ, ‘അമ്മേ‘ എന്ന് വിളിക്കാന്‍ പോലും അവസരം നല്‍കാതെ അത് വെണ്ണീര്‍ധൂളികളാക്കി മാറ്റി.മേല്‍ പറഞ്ഞ നിഷ്കളങ്കയായ ആ പിഞ്ചുകുഞ്ഞും അവളുടെ അമ്മയും അന്ന് എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു.

ആ കറുത്ത ദിനത്തിന്റെ 66-ആം വാര്‍ഷികം കടന്നുപോയി. സാമ്രാജ്യത്വ കഴുകന്മാര്‍ ഇപ്പോഴും പല രാജ്യങ്ങളുടേയും തലക്ക് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു.അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ഇട്ടു കൊടുത്ത് കൊണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും മറ്റും അവരുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ സര്‍ക്കാറുകളെ പ്രതിഷ്ഠിച്ച് ഭരണ നാടകം കളിപ്പിക്കുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോസൈന്യം എന്ന നാറ്റസൈന്യം അഫ്‌ഗാനിസ്ഥാന്‍ എന്ന കൊച്ചു രാജ്യത്തില്‍ ‘സമാധാനം’ പുന:സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു.രാജ്യം പീസ് പീസ് (ചിന്നഭിന്നം) ആയി എന്നല്ലാതെ രാജ്യത്ത് പീസ് (സമാധാനം) മാത്രം ഉണ്ടായില്ല.സമാധാനദൌത്യത്തിന് നിയോഗിക്കപ്പെട്ടവരുടെ ഉറ്റവരും ഉടയവരുമായവരില്‍ നിന്ന് ‘അസമാധാനം‘ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ ഒബാമ ഭരണകൂടത്തിന് അഫ്‌ഗാനില്‍ നിന്നും പിന്തിരിയുന്ന പ്രഖ്യാപനം നടത്തേണ്ടി വന്നു.തേന്‍‌കുടത്തില്‍ തലയിട്ട് തേനീച്ച കുത്തേല്‍ക്കുകയും ചെയ്തു, തല കുടത്തില്‍ കുടുങ്ങുകയും ചെയ്തു എന്ന പോലെ അമേരിക്ക ലോകത്തിന്റെ മുന്നില്‍ ഇളിഭ്യരായി.ഹിരോഷിമ ബോംബ് ആക്രമണത്തിന്റെ 66-ആം വാര്‍ഷികത്തിന്റെ തലേ ദിവസം 31 അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍‌കാര്‍ വെടിവച്ചിട്ടപ്പോള്‍ തകര്‍ന്നു വീണത് അമേരിക്കന്‍ ഹുങ്കിന്റെ താഴികക്കുടം കൂടിയായിരുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിന്റെ ദുരന്തം അനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് ഫലസ്തീന്‍.അമേരിക്കയുടേ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന നരാധമം അറബ്‌രാജ്യങ്ങളടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നു.വീടും നാടും നഷ്ടപ്പെട്ട ഫലസ്തീന്‍ മക്കള്‍ ഇസ്രയേലിന്റെ അത്യാധുനിക വെടിക്കോപ്പുകള്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നിന്ന് നിരായുധരായി പോരാടുന്നു.ജിഹാദിന്റെ ശക്തിയും തൌഹീദിന്റെ (ഏകദൈവ വിശ്വാസം) ഭക്തിയും മനസ്സില്‍ ആവാഹിച്ച് ഫലസ്തീന്റെ യുവത ‘ഇന്‍‌തിഫാദ’യിലൂടെ പോരാടുമ്പോള്‍ ലോകത്തിലെ എല്ലാ വന്‍‌ശക്തികളും അതിനു പിന്നിലെ പ്രേരകശക്തിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു.

ഇപ്പറഞ്ഞ രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഒതുങ്ങുന്നതല്ല പാശ്ചാത്യശക്തികളുടെ ഭീഷണി.തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് നേരെയെല്ലാം അവരുടെ യുദ്ധക്കൊതി മൂക്കുന്നുണ്ട്.ലിബിയ, ഇറാന്‍,സുഡാന്‍, ഉത്തരകൊറിയ തുടങ്ങീ കൊച്ചു കൊച്ചു രാജ്യങ്ങളെ രാക്ഷസക്കണ്ണു കാട്ടി വിറപ്പിക്കുന്നത് അമേരിക്ക എന്ന വന്‍ശക്തി തന്നെ.മേല്‍ പറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ആണവശേഖരം ഉണ്ടെന്ന ന്യായം പറഞ്ഞാണ് ലോകത്തിന് ആണവാ‍യുധത്തിന്റെ ഉപയോഗം പഠിപ്പിച്ച മാസ്റ്റര്‍മാര്‍ വിശുദ്ധന്മാരാകുന്നത്.രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനപ്രകാരം ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവശേഖരം അമേരിക്കന്‍ പിന്തുണയുള്ള പാകിസ്ഥാനുണ്ട്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യം എന്നും ആ പഠനം വ്യക്തമാക്കുന്നു. ആണവശേഖരമുണ്ടെന്ന് പറയപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റിലെ വാലറ്റത്ത് കിടക്കുന്ന രാജ്യങ്ങളിലെ മൊത്തം ആണവശേഖരം അമേരിക്കയുടെ ആണവശേഖരത്തെക്കാള്‍ കുറവാണെന്ന് അറിയുമ്പോഴാണ് ഈ ലോകപോലീസിന്റെ ഉദ്ദേശ്യശുദ്ധി വേശ്യയുടെ ചാരിത്ര്യപ്രസംഗം മാത്രമാണെന്ന് മനസ്സിലാകുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടറിഞ്ഞ ലോകം , ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാകരുത് എന്ന നിശ്ചയപ്രകാരം രൂപം കൊടുത്ത ഒരു വേദിയാണ് ഐക്യരാഷ്ട്ര സഭ.എന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാനും അവയുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കാനും മാത്രമാണ് ഇന്ന് ഐക്യരാഷ്ട്ര സഭയുടെ നിയോഗം.ലോകസമാധാനത്തിന്റെ ഈ വെള്ളരിപ്രാവ് അടയിരിക്കുകയാണ്- മറ്റെവിടെയുമല്ല, സാമ്രാജ്യത്വത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആണവായുധ ശേഖരത്തിന് മുകളില്‍!!!

അതിനാല്‍ ഇനിയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടി ലോകത്ത് അസമാധാനത്തിന്റെ വിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്ന എല്ലാ ശക്തികളും ഒന്ന് ചിന്തിക്കുക.ഹിരോഷിമ നമുക്ക് തന്നത്....
ഭൂമിയിലൂടെ തുള്ളിച്ചാടി നടക്കാന്‍ കഴിയാതെപോയ ബാല്യങ്ങള്‍
കൌമാരചാപല്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ പോയ യുവമിഥുനങ്ങള്‍
ദാമ്പത്യത്തിന്റെ മധുനുകര്‍ന്ന് തീരാത്ത നവദമ്പതികള്‍
ജീവിതസായാഹ്നം പേരമക്കള്‍ക്കൊപ്പം ചെലവിടാ‍ന്‍ ഭാഗ്യം കിട്ടാതെ പോയ വൃദ്ധജനങ്ങള്‍
മിണ്ടാന്‍പോലും കഴിയാതെ എരിഞ്ഞൊടുങ്ങേണ്ടി വന്ന ജന്തുജാലങ്ങള്‍ എന്നിവയാണ്.

ഇനിയും ഇതെല്ലാം നാമനുഭവിക്കണോ?വേണ്ട!!!വേണ്ട!!വേണ്ട!ഹിരോഷിമയും നാഗസാക്കിയും ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല.പീസ് മെമ്മോറിയല്‍ പാര്‍ക്കിനെക്കാളും നമുക്ക് വേണ്ടത് സമാധാനം വിളയുന്ന ഭൂമിയാണ്, സമാധാനം വിളയുന്ന ഭൂമി മാത്രമാണ്.

Tuesday, May 12, 2009

ജനാധിപത്യത്തിന്റെ പേക്കൂത്ത്‌ കണക്കുകള്‍

അടുത്ത അഞ്ചുവര്‍ഷം ലോകസഭയില്‍ കേരളത്തെ ആരൊക്കെ പ്രതിനിധീകരിക്കണം എന്നത്‌ തീരുമാനിക്കാനുള്ള ഇലക്ഷന്‍കാര്‍ണിവല്‍ നടന്നുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു മാസം കൂടി മന:പായസമുണ്ണാന്‍ വിളമ്പിക്കൊടുത്താണ്‌ ഇലക്ഷന്‍ കമ്മീഷന്‍ ഈ വര്‍ഷത്തെ കേരള ഇലക്ഷന്‍ മാമാങ്കംഅവസാനിപ്പിച്ചത്‌.

പരസ്യപ്രചാരണം സമാപിച്ച ദിവസം തന്നെ ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കിയ സംഖ്യകളുടെ കണക്ക്‌ കേട്ട്‌ ഇന്നാട്ടിലെ ദരിദ്ര നാരായണന്‍മാര്‍ മാത്രമല്ലഇടത്തരക്കാര്‍ പോലും മൂക്കത്ത്‌ വിരല്‍ വച്ചുപോയി. ".....ലക്ഷം ലക്ഷം പിന്നാലെ... " എന്ന്‌ ഉച്ചൈസ്തരം വിളിച്ചുപറഞ്ഞത്‌ പിന്നാലെ വരുന്ന പണച്ചെലവ്‌ കണക്കിന്റെ കാര്യമായിരുന്നു എന്ന്‌ പിന്നീടാണ്‌ പിടികിട്ടിയത്‌. തല്‍ക്കാലംഅതവിടെ നില്‍ക്കട്ടെ.

ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സോഷ്യല്‍ വാച്ച്‌ കോയലീഷന്‍ (NSWA) പുറത്തിറക്കിയ ഭരണവികസന പൌര രേഖയുടെ അഞ്ചാം പതിപ്പില്‍ പറഞ്ഞിരിക്കുന്ന ചില വിവരങ്ങള്‍കേരളത്തിലെപ്രബുദ്ധ വോട്ടര്‍മാരായ നാമെങ്കിലും ശ്രദ്ധിച്ചേ മതിയാകൂ. കേരളത്തില്‍ ഇല്ലാത്ത എന്നാല്‍ ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ഒരു ട്രെന്റ് ആണ്‌ താരങ്ങളെ മത്സരിപ്പിക്കുകഎന്നത്‌. സിനിമാ താരങ്ങളും സ്പോര്‍ട്‌സ്‌ താരങ്ങളും ഇങ്ങനെ ജനവിധി തേടുന്നത്‌ പുത്തരിയല്ല. മിക്കവാറും എല്ലാ താരങ്ങളും തന്നെ (അവര്‍ ഏത്‌ പാര്‍ട്ടിക്കാരായാലും)കൂളായി ജയിച്ചുകയറാറുമുണ്ട്‌. എന്നാല്‍ NSWA റിപ്പോര്‍ട്ട്‌ പ്രകാരം ഇക്കഴിഞ്ഞ ലോകസഭയിലെ താരപ്രതിനിധികള്‍ ലോകസഭയുടെ അഞ്ചിലൊന്ന്‌ മീറ്റിങ്ങുകളില്‍ മാത്രമാണ്‌ പങ്കെടുത്തിരിക്കുന്നത്‌!!! നാടിന്റെയും നാട്ടുകാരുടേയും പ്രശ്നങ്ങള്‍ അവതരിപ്പിച്ച്‌ അര്‍ഹമായത്‌ നേടി എടുക്കാന്‍ തെരഞ്ഞെടുത്തയച്ച്‌വിടപ്പെട്ടവര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റിയതോടൊപ്പം സ്വന്തം ഏര്‍പ്പാടുകള്‍ക്ക്‌ യാതൊരു ഭഗ്നവും വരുത്താതെ 'അല്‍പം ചില കോടികള്‍' കൂടി കൊയ്തുകൂട്ടിഎന്ന്‌ പച്ചമലയാളത്തില്‍ പറയാം.

അതിലും ഗുരുതരമാണ്‌ മറ്റൊരു വെളിപ്പെടുത്തല്‍. പതിനാലാം ലോകസഭയുടെ ഒരു മിനിറ്റിന്റെ വില 26,035/- രൂപയാണെന്ന്‌ പറയപ്പെടുന്നു!! അത്രയും വിലപിടിപ്പുള്ള ആ ലോകസഭയുടെ 22% സമയം ബഹളത്തില്‍ മുങ്ങിപ്പോയി. ക്രിയാത്മകമായിഒന്നും ചെയ്യാനാകാതെ നഷ്ടപ്പെട്ടു എന്നര്‍ത്ഥം. കേള്‍ക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു മന:പ്രയാസവും തോന്നില്ല എങ്കിലും താഴെ പറയുന്ന പ്രകാരം അതൊന്ന്‌ കണക്ക്‌ കൂട്ടി നോക്കൂ.

അഞ്ച്‌ വര്‍ഷത്തിനിടക്ക്‌ ഏറ്റവും ചുരുങ്ങിയത്‌ പത്ത്‌ തവണഎങ്കിലും ലോകസഭ കൂടി എന്ന്‌ കരുതുക. ഒരു സമ്മേളനംഏറ്റവും ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം നീളും എന്നും കരുതുക. ഒരു ദിവസത്തെ സഭാ ദൈര്‍ഘ്യം എട്ടു മണിക്കൂര്‍ എന്നും കരുതുക. അപ്പോള്‍ ആകെ അഞ്ചുവര്‍ഷത്തെ സമ്മേളന സമയം = 10 x 15 x 8 = 1200 മണിക്കൂറ്‍(ഇത്രയും ചുരുങ്ങിയ സമയത്തിന്‌ എല്ലാ MP മാരുംകൂടി വാങ്ങിയ സംഖ്യ കേട്ടാല്‍ ഹൃദയസ്തംഭനം വന്നേക്കാം). അതിന്റെ 22% നഷ്ടപ്പെട്ടു എന്ന്‌ പറഞ്ഞാല്‍ 1200 x 22 / 100 = 264 മണിക്കൂറ്‍ പോയി. ഒരു മിനുട്ടിന്‌ 26035 രൂപ പ്രകാരം നഷ്ടം = 26035 x 264 x 60 = 412394400 രൂപ (അതേ നാല്‍പത്തിയൊന്ന്‌ കോടി ഇരുപത്തിമൂന്ന്‌ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി നാനൂറ്‌ രൂപ !!!). ഇത്‌ ഏറ്റവും ചുരുങ്ങിയത്‌. അപ്പോള്‍ യാഥാര്‍ത്ഥ്യം എത്ര ആയിരിക്കാം എന്ന്‌ ചിന്തിച്ചു നോക്കുക.

ഇന്ത്യയിലെ ഓരോ പൌരനും അവകാശപ്പെട്ട പൊതുഖജനാവില്‍ നിന്നും, ഇത്രയും സംഖ്യ മുടിച്ചുകളയുന്ന ജനാധിപത്യത്തിന്റെ പേക്കൂത്തുകള്‍ക്ക്‌ തടയിടാന്‍ ആവശ്യമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാ രാജ്യത്തിലെ ഓരോ പൌരനും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചില്ലേ?

Monday, January 26, 2009

ഇന്ത്യ ഇനിയും വിഭജിക്കപ്പെടുമോ?

"അതിര്‍ത്തിയില്‍ വെടിവയ്പ്പ്‌.....മഞ്ചേശ്വരത്ത്‌ കേരള സൈനികന്‌ വീരമൃത്യു....." വിദൂര ഭാവിയില്‍ ഏതെങ്കിലും മലയാള ദിനപത്രത്തിന്റെ തലക്കെട്ടായി നമ്മുടെ മക്കള്‍ക്കോ പേരമക്കള്‍ക്കോ ഈ വാര്‍ത്ത വായിക്കേണ്ട ഗതികേട്‌ വരുമോ എന്ന ഭീതിയിലാണ്‌ എന്നെപ്പോലെ ഈ രാജ്യത്തെ പലരും.ഇന്ത്യ എന്ന മഹാരാജ്യത്തിലെ ദേശ-ഭാഷ-വര്‍ഗ്ഗ വ്യത്യാസമുള്ള ജനങ്ങള്‍ ഒന്ന് എന്ന നാനാത്വത്തില്‍ ഏകത്വം എന്ന ചിന്ത തൂത്തെറിഞ്ഞ്‌ ഓരോ സംസ്ഥാനവും സ്വയം ഭരണം പ്രഖ്യാപിച്ച്‌ ഓരോ സ്വതന്ത്ര സ്റ്റേറ്റുകളായോ രാജ്യങ്ങളായോ മാറുന്ന കാലം അതിവിദൂരമല്ല എന്ന് സമീപകാല വാര്‍ത്തകള്‍ പലതും വിളിച്ചോതുന്നു.

സോവിയറ്റ്‌ യൂണിയന്‍ എന്ന അതിശക്തമായ രാഷ്ട്രം പലപലകഷ്ണങ്ങളായി ചിന്നഭിന്നമായ ചരിത്രം നമ്മുടെ കണ്മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്‌. സോവിയറ്റ്‌ യൂണിയനിലെ അംഗരാഷ്ട്രങ്ങളെ ഒരുമിച്ച്‌ നിര്‍ത്തിയിരുന്ന കമ്മ്യൂണിസം എന്ന ആശയം തകര്‍ന്നതോടൊപ്പം രാഷ്ട്രവും തകര്‍ന്ന് കൊച്ചുകൊച്ചുരാഷ്ട്രങ്ങള്‍ പിറന്നതുപോലെ , ഇന്ത്യയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം തകര്‍ന്ന് കഴിഞ്ഞാല്‍ കേരള രാഷ്ട്രം,തമിഴ്‌ രാജ്യം,കന്നട പ്രോവിന്‍സ്‌,റിപബ്ലിക്‌ ഓഫ്‌ മറാത്ത തുടങ്ങീ അനവധി രാജ്യങ്ങളുടെ പിറവി നാം ദര്‍ശിക്കേണ്ടി വന്നേക്കാം.

സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ ഒരുമിച്ച്‌ നിന്ന് പൊരുതിയ ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച നിമിഷം മുതല്‍ പരസ്പരം പോരടിച്ച്‌ വീഴുന്ന ദയനീയ രംഗം നമ്മുടെ മാതാപിതാക്കള്‍ അന്ന് ദര്‍ശിച്ചു; ഇപ്പോള്‍ നാം ദര്‍ശിച്ചുകൊണ്ടേ ഇരിക്കുന്നു.അന്ന് മുസ്ലിം വര്‍ഗ്ഗീയതയാണ്‌ പാകിസ്ഥാനിന്റെ പിറവിക്ക്‌ കാരണമായത്‌ എന്ന് പലരും ആരോപിക്കുന്നു.അത്‌ ശരിയാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മതാധിഷ്ടിത അക്രമങ്ങള്‍ എത്ര രാജ്യങ്ങളുടെ പിറവിക്ക്‌ കാരണമായേക്കും എന്ന് വെറുതെ ഒന്ന് ആലോചിച്ച്‌ നോക്കുക.നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ഭരണകക്ഷിയാണ്‌ ബി.ജെ.പി.അവരുടെ സഖ്യകക്ഷിയായ ബജ്രംഗ്ദള്‍ സമീപകാലത്ത്‌ കൃസ്ത്യാനികള്‍ക്ക്‌ നേരെ കര്‍ണ്ണാടകയിലും ഒറീസയിലും അഴിച്ചുവിട്ട അക്രമപരമ്പരയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തവ മാത്രം മതി മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ പ്രതിഷേധം വിളിച്ചു വരുത്താന്‍ .മതപരിവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ഇത്രയും ഭീകരമായി അക്രമങ്ങള്‍ അഴിച്ചുവിട്ടത്‌ ഭരണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ചെങ്കോലും കയ്യില്‍ ഭദ്രമായി എന്ന അഹംഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌.ഇവിടെ സംസ്ഥാന ഗവണ്മെന്റുകള്‍ നിസ്സംഗത പാലിക്കുമ്പോള്‍ പൗരന്റെ മൗലികാവകാശമാണ്‌ ഹനിക്കപ്പെടുന്നത്‌.സംസ്ഥാന ഗവണ്‍മന്റ്‌ നോക്കുകുത്തിയാകുമ്പോള്‍ നടപടി എടുക്കേണ്ട കേന്ദ്രഗവണ്മെന്റും മൗനം ഭജിക്കുന്നത്‌ അക്രമികള്‍ക്ക്‌ പ്രോല്‍സാഹനനമാകുന്നു.സിമിയെ നിരോധിച്ച കേന്ദ്രഗവണ്മെന്റിന്‌ ബജ്രംഗ്ദളിനെ നിരോധിക്കാനുള്ള നട്ടെല്ല് ഇല്ല എന്ന് പ്രവൃത്തിയിലൂടെ ഗവണ്‍മന്റ്‌ തന്നെ തെളിയിച്ചു.

ജമ്മുകാശ്മീരിലെ സ്ഥിതിഗതികളും ആ സംസ്ഥാനം അതിവിദൂരമല്ലാതെ ഇന്ത്യക്ക്‌ നഷ്ടമായേക്കും എന്ന സൂചന നല്‍കുന്നു.കാഷ്മീരിലെ മുസ്ലിം ജനസാമാന്യം ഗവണ്മെന്റിനോട്‌ കടുത്ത പ്രതിഷേധത്തിലാണ്‌.പ്രത്യേകിച്ചും മുസ്ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ ആക്രമിക്കപ്പെട്ടതോടെ.അഫ്ഗാനിസ്ഥാനില്‍ ശക്തിയാര്‍ജ്ജിച്ചുക്കൊണ്ടിരിക്കുന്ന താലിബാന്‍ പാകിസ്ഥാനിലെ ഏതെങ്കിലും ജിഹാദിഗ്രൂപ്പുമായി കൈ കോര്‍ത്ത്‌ കാശ്മീരിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഈ അസന്തുഷ്ടജനത ഇന്ത്യന്‍പട്ടാളത്തെ സഹായിക്കാന്‍ മുന്നോട്ട്‌ വരും എന്ന് ചിന്തിക്കുന്നത്‌ പോലും മൗഢ്യമാണ്‌.മതേതരപാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും വിഘടനവാദത്തിന്‌ പരോക്ഷ പിന്തുണ നല്‍കുന്നു എന്ന വാര്‍ത്ത രാഷ്ട്രത്തിനെതിരെ രാഷ്ട്രീയക്കാരുടെ കോമാളിത്തം എവിടം വരെ എത്തി എന്നതിന്റെ ഉത്തമോദാഹരണമാണ്‌.

ഇസ്ലാം ഒരിക്കലും ഭീകരവാദം അംഗീകരിക്കുന്നില്ല.വഴിയില്‍ നിന്നും മുള്ള്‌ നീക്കുന്നത്‌പോലും സത്‌പ്രവൃത്തിയായി കാണുന്ന ഒരു മതത്തിന്‌ വഴിയില്‍ ബോംബ്‌ വച്ച്‌ നിസ്സഹായരും നിരപരാധികളുമായ അനേകം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല.ഇസ്ലാമിക മതപണ്ഠിതന്മാര്‍ എല്ല ഭീകരപ്രവര്‍ത്തനങ്ങളും മതനിയമങ്ങള്‍ക്ക്‌ എതിരാണ്‌ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങളെ അപലപിക്കാന്‍ പോലും ഹൈന്ദവ നേതാക്കള്‍ വാ തുറന്നില്ല എന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌.കര്‍ണ്ണാടകയിലും ഒറീസയിലും പീഢനമനുഭവിക്കുന്ന സ്വന്തം മതക്കാരുടെ ദീനവിലാപം ക്രൈസ്തവര്‍ തിങ്ങിതാമസിക്കുന്ന നാഗാലാന്റിലെയും മറ്റ്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളെ പ്രകോപിതരാക്കിയാല്‍ നാം ആരെ പഴിചാരും?

ഈയിടെ മുമ്പൈയില്‍ ജോലി ആവശ്യാര്‍ത്ഥം വന്ന ഒരു ബീഹാരി യുവാവ്‌ രാജ്‌താക്കറെയുടെ നവനിര്‍മ്മാണ്‍ സേനാപ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടു.മുമ്പൈയിലെ ജോലി മുമ്പൈയികാര്‍ക്ക്‌ എന്നും മറാത്ത മണ്ണില്‍ മറാത്തക്കാര്‍ മാത്രം എന്നും അനുനിമിഷം ഉദ്‌ഘോഷിക്കുന്ന ശിവസേനക്കും നവനിര്‍മ്മാണ്‍ സേനക്കും കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന ഗവണ്മെന്റിനോ കേന്ദ്രഗവണ്മെന്റിനോ സാധിക്കാത്തത്‌ ദു:ഖകരമാണ്‌.മണ്ണിന്റെ മക്കള്‍ വാദത്തിനിരയായുള്ള ആ യുവാവിന്റെ രക്തസാക്ഷിത്വവും ഗവണ്മെന്റിന്റെ കണ്ണ്‌ തുറപ്പിക്കാന്‍ പര്യാപ്തമായില്ല എങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പോക്ക്‌ ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച റിപബ്ലിക്‌ ഓഫ്‌ മറാത്ത എന്ന ആശയത്തിലേക്കല്ലേ?

ന്യൂനപക്ഷങ്ങളും വിവിധ വര്‍ഗ്ഗ സമൂഹങ്ങളും സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന വിവിധ സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശത്തെ ഇത്തരത്തിലുള്ള ഒരു സമരത്തെ UNO വരെ പിന്താങ്ങുകയും ചെയ്തു.ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരകലഹങ്ങള്‍ പുതിയ രാഷ്ട്രങ്ങളുടെ പിറവികളില്‍ കലാശിച്ചുകൊണ്ടിരിക്കുന്നു.ചൈനയില്‍ ടിബറ്റ്‌വാസികളും പൊരുതുന്നത്‌ സ്വതന്ത്ര രാഷ്ട്രപദവിക്കായാണ്‌.ഗവണ്മെന്റിന്റെ ചെയ്തികളില്‍ അസന്തുഷ്ടരും രോഷാകുലരുമായ ജനങ്ങള്‍ സ്വീകരിക്കുന്ന ഈ പ്രതിഷേധമാര്‍ഗ്ഗങ്ങളുടെ പര്യവസാനം പുത്തന്‍ രാഷ്ട്ര പിറവിയിലാണെന്ന യാഥാര്‍ത്ഥ്യം ഇന്ത്യ അതീവജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണ്‌.

ഇന്ത്യയുടെ ഐക്യം തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളേയും മതാധിഷ്ഠിത സംഘടനകളേയും ഒരേ നിയമത്തിന്റെ ത്രാസിലിട്ട്‌ തൂക്കാനോ സംഘബലത്തോടെ നേരിടാനോ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മതേതരരാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും സാധിച്ചില്ല.അധികാരത്തിന്റെ അപ്പക്കഷ്ണം നീട്ടിയാല്‍ ഏത്‌ ഭാഗത്തേക്കും ചായുന്ന ആദര്‍ശമില്ലാത്ത പാര്‍ട്ടികളും നേതാക്കന്മാരും ഇന്ത്യ എന്ന ആ സുന്ദരനാമത്തെ ഉടന്‍ തന്നെ ചരിത്രത്താളുകളിലേക്കും കാലയവനികക്കുള്ളിലേക്കും എത്തിക്കും എന്ന് റിപബ്ലിക്കിന്റെ ഈ അറുപതാമാണ്ടില്‍ നമുക്ക്‌ വിലപിക്കാം.

Tuesday, August 12, 2008

സ്വര്‍ണ്ണമെഡല്‍ എന്ന അപമാനം!!!!

(പത്രങ്ങളിലെല്ലാം ഇന്ന് വെടിക്കെട്ട്‌ തലക്കെട്ട്‌.എന്റെ തലക്കുള്ളിലും വെടിക്കെട്ട്‌.അതിനാല്‍ എഴുതിപ്പോയതാണ്‌.)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സില്‍ ഇന്ത്യക്ക്‌ വേണ്ടി വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ നേടിയ അഭിനവ്‌ ബിന്ദ്രക്ക്‌ അഭിനന്ദനങ്ങള്‍ !!!

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു അമേരിക്കകാരനോ,ജപ്പാന്‍കാരനോ,കൊറിയക്കാരനോ എന്തിന്‌ ഒരു എത്യൊപ്പിയക്കാരനോ (അയാള്‍ ഇവിടെ എത്തുകയാണെങ്കില്‍) ഇന്നത്തെ പത്രം എടുത്ത്‌ നോക്കിയാല്‍ തീര്‍ച്ചയായും അന്തം വിട്ടു പോകും.നമ്മുടെ അഭിമാന മുഹൂര്‍ത്തം പല അപമാനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.

സ്വാതന്ത്ര്യം കിട്ടി 61 വര്‍ഷം കഴിയുന്നു.ഇന്ത്യക്ക്‌ ഒളിമ്പിക്സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം ലഭിക്കാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നു എന്ന് പറയാന്‍, അല്ലെങ്കില്‍ ഇന്ന് പത്രം നോക്കുന്ന ഒരു വിദേശിയുടെ മുമ്പില്‍ ഈ വിവരം വിളമ്പാന്‍ പോലും നമുക്ക്‌ നാണമില്ലേ?

നൂറ്‌ കോടി ജനങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചു എന്ന് പലരും പറയുന്നു.സ്വാതന്ത്ര്യത്തിന്‌ ശേഷം കോടികള്‍ പൊടിപൊടിച്ച്‌ എത്ര എത്ര കായിക മാമാങ്കത്തില്‍ നമ്മുടെ അത്‌ലറ്റുകള്‍ സോറി ഒഫീഷ്യല്‍ സംഘം പങ്കെടുത്തു?(ഒഫീഷ്യല്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണത്തിന്‌ മെഡല്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ ഒളിംപിക്സിലും അത്‌ ഇന്ത്യക്ക്‌ തന്നെയായിരിക്കും, തീര്‍ച്ച) 100 കോടി ജനങ്ങളില്‍ പകുതി പേരുടെയെങ്കിലും പ്രാര്‍ത്ഥന ഈ പേക്കൂത്ത്‌ നിര്‍ത്തി ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കൂ എന്നായിരുന്നില്ലേ?

ഇന്നലെ സ്വര്‍ണ്ണം നേടിയ അഭിനവ്‌ ബിന്ദ്ര 1998 മുതലാണ്‌ രാജ്യത്തിന്‌ വേണ്ടി ഷൂട്ടിംഗ്‌ റേഞ്ചില്‍ ഇറങ്ങിത്തുടങ്ങിയത്‌.എന്ന് വച്ചാല്‍ 10 വര്‍ഷം മുമ്പ്‌.ഇതുവരെ ഈ താരം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേടിയത്‌ 6 സ്വര്‍ണ്ണമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട്‌ പറയുന്നു.നിരവധി ആഭ്യന്തര മല്‍സരങ്ങളില്‍ മികവ്‌ തെളിയിക്കുകയും ചെയ്തു.രാജ്യം 2001-ല്‍ അര്‍ജ്ജുന അവാര്‍ഡും 2002-ല്‍ പരമോന്നത കായിക ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍രത്ന അവാര്‍ഡും ബിന്ദ്രക്ക്‌ സമ്മാനിക്കുകയും ചെയ്തു.ഇനിയിപ്പോള്‍ ഭാരത രത്നം അല്ലാതെ ഏത്‌ അവാര്‍ഡ്‌ ബിന്ദ്രയുടെ തൊപ്പിയില്‍ ചാര്‍ത്തും എന്ന് ന്യായമായി സംശയിക്കുന്നു.മികവിന്റെ പരകോടിയില്‍ എത്തിയിട്ടും പലര്‍ക്കും ലഭിക്കാതെ പോയ ഖേല്‍രത്ന അവാര്‍ഡ്‌ ഇത്രയും നേരത്തെ ഈ താരത്തിന്‌ നല്‍കിയതിന്റെ പിന്നിലെ കളികള്‍ 'കളിയിലെന്ത്‌ കാര്യം' എന്ന ചൊല്ലിലൂടെ നാം സൗകര്യപൂര്‍വ്വം മറന്നു.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴുന്നവന്‌ ഉന്നതങ്ങളില്‍ എന്നും പിടിപാടുണ്ട്‌.അതവന്റെ വളര്‍ച്ചക്കിടയില്‍, അവാര്‍ഡുകളുടേയും പുരസ്കാരങ്ങളുടേയും രൂപത്തില്‍ ലഭിച്ചുകൊണ്ടിരിക്കും.അതില്ലാത്തവന്‍ നേട്ടത്തിന്റെ സുവര്‍ണ്ണ ദിനത്തില്‍ മാത്രം ഹീറോയും പിന്നെ സീറോയും ആയിരിക്കും.

വാല്‍ക്കഷ്ണം: 2000-ല്‍ വെങ്കലം, 2004-ല്‍ വെള്ളി, 2008-ല്‍ സ്വര്‍ണ്ണം.ഇന്ത്യ കുതിക്കുന്നു എന്ന് ആരും അച്ച്‌ നിരത്തില്ല എന്ന് കരുതുന്നു.

Tuesday, April 22, 2008

ഭൂമിയുടെ അന്ത്യം എന്ന് ???

ഇന്ന് ലോക ഭൗമദിനം.ഭൂമി ഇനി എത്ര കാലം കൂടി നിലനില്‍ക്കും എന്ന ചോദ്യം നാം നമ്മോടും മറ്റുള്ളവരോടും ചോദിക്കാറുണ്ടെങ്കിലും ഒരു കൃത്യമായ ഉത്തരം കിട്ടാറില്ല.എന്നാല്‍ ഇംഗ്ലണ്ടിലെ സസ്സെക്സ്‌ സര്‍വകലാശാലയിലെ വാനശാസ്ത്രജ്ഞനായ റോബര്‍ട്ട്‌ സ്മിത്ത്‌ നടത്തിയ ചില കണക്കുകൂട്ടലുകള്‍ നമുക്ക്‌ പരിശോധിക്കാം. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം ഭൂമിക്ക്‌ ഇനി വെറും 760 കോടി വര്‍ഷം മാത്രമേ നിലനില്‍പ്പുള്ളൂ.അതുകഴിഞ്ഞാല്‍...??? ഭൂമി സൂര്യനെ പ്രാപിക്കും !!! ഞാന്‍ വിശദീകരിക്കാം..... അണുസംയോജനം എന്ന പ്രക്രിയ വഴി ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിചേര്‍ന്ന് ഹീലിയം ആറ്റങ്ങള്‍ ഉണ്ടായി അതോടൊപ്പം ധാരാളം ഊര്‍ജ്ജവും പുറത്ത്‌വിടുന്ന പ്രവര്‍ത്തനമാണ്‌ ഇപ്പോള്‍ സൂര്യനില്‍ നടക്കുന്നത്‌.ഏകദേശം 500 കോടി വര്‍ഷങ്ങളായി ഇതു തുടങ്ങിയിട്ട്‌.ഇനി ഒരു 500 കോടി വര്‍ഷം കൂടി ഇതു തുടരും.ഈ ഹൈഡ്രജന്‍ മുഴുവന്‍ എരിഞ്ഞ്‌ തീരുന്നതോടെ സൂര്യന്റെ ആന്തരികഭാഗം ഗുരുത്വാകര്‍ഷണത്താല്‍ അതീവ സമ്മര്‍ദ്ദത്തിലാകും.അപ്പോള്‍ മേല്‍ പ്രവര്‍ത്തനം സൂര്യന്റെ ബാഹ്യപാളിയില്‍ നടക്കുകയും ബാഹ്യഭാഗം വികസിക്കാന്‍ തുടങ്ങുകയും ചെയ്യും.അങ്ങനെ സൂര്യന്‍ വളരാന്‍ തുടങ്ങും!!!അത്‌ അതിന്റെ സമീപമുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥവും കടന്ന് വികാസം തുടരും.ചുമപ്പ്ഭീമന്‍ എന്ന ഈ അവസ്ഥയില്‍ സൂര്യന്‌ ഇന്നത്തെ സൂര്യന്റെ 1000 മടങ്ങ്‌ വലിപ്പമുണ്ടാകും.!!! ചുമപ്പ്‌ ഭീമന്റെ ചുറ്റുമുള്ള സാന്ദ്രത കുറഞ്ഞ വാതക ലോകത്ത്‌ ഭൂമി അപ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്യും.എന്നാല്‍ സാന്ദ്രത കുറഞ്ഞ വാതകത്തിന്റെ ഘര്‍ഷണം കാരണം ഭൂമിയുടേ ഭ്രമണപഥം ചുരുങ്ങി വരും.അങ്ങിനെ 760 കോടി വര്‍ഷം കഴിയുമ്പോള്‍ ഭൂമി സൂര്യനില്‍ വിലയം പ്രാപിക്കും. പക്ഷേ......ആ അന്ത്യനിമിഷം ക്യാമറയില്‍ പകര്‍ത്താനോ റിപ്പോര്‍ട്ട്‌ ചെയ്യാനോ ഒരു ജീവിയും ഭൂമിയില്‍ ഉണ്ടാവില്ല!!!കാരണം...???വളരെ ലളിതം.ഇനി ഒരു 100 കോടി വര്‍ഷം കഴിയുമ്പോള്‍ തന്നെ സൂര്യന്‍ വികാസം ആരംഭിക്കും.ഭൂമിയില്‍ അത്യുഷ്ണം കാരണം സമുദ്രങ്ങള്‍ വറ്റിത്തീരും.അന്തരീക്ഷം മുഴുവന്‍ നീരാവി പടരും.ശക്തമായ ഹരിതഗ്രഹവാതകമായ നീരാവിയുടെ സാനിദ്ധ്യം ഭൂമിയെ വീണ്ടും ചൂട്‌പിടിപ്പിക്കും.അതിമാരകമായ ആഗോളതാപനത്തില്‍ ജീവന്റെ എല്ലാ തുടിപ്പുകളും നിലച്ചുപോകും. നമുക്കോ നമ്മുടെ അടുത്ത തലമുറകള്‍ക്കോ ഈ ഗതി വരില്ല എന്ന് ആശ്വസിച്ചിരിക്കേണ്ട.ഈ ഭൗമദിനത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക്‌ ഉപയോഗം കുറച്ചും നമുക്ക്‌ നമ്മുടെ ഈ ഭൂമിയെ ഹരിതാഭമായി നിലനിര്‍ത്താന്‍ പ്രയ്ത്നിക്കാം.