Pages

Wednesday, October 19, 2011

അഴിമതിക്കെതിരെ ചില രാഷ്ട്രീയനാടകങ്ങള്‍

അഴിമതിക്കെതിരെ അണ്ണാഹസാരെയും സംഘവും നടത്തിയ സമരം വിജയം കണ്ടതിന്റെ പിന്നാലെയാണ് ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനിയുടെ മനസ്സില്‍ ജനചേതനയാത്ര എന്ന ആശയം പൊട്ടി മുളച്ചത്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന ആശയമാണ് അദ്വാനി ഇവിടെ പ്രയോഗിക്കുന്നത്.കോണ്‍ഗ്രസ്സിന്റെ വിവിധ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതും ഉള്‍പെടാന്‍ സാധ്യതയുള്ളതുമായ അഴിമതിക്കഥകള്‍ പുറത്ത് ചാടിക്കാന്‍ ഹസാരെയും സംഘവും നടത്തുന്ന ജനലോക്പാല്‍ സമരത്തിന്റെ തുടര്‍ച്ചയായി ഒരു ‘രഥയാത്ര’ കൂടി നടത്താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചാണക്യന് ആരും ബുദ്ധി ഓതിക്കൊടുക്കേണ്ടി വന്നില്ല.

പക്ഷേ ഹസാരെയുടേയും അദ്വാനിയുടേയും സമരപരിപാടികള്‍ മുറുകുമ്പോള്‍ തന്നെ ചില അപ്രിയസത്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.അണ്ണാടീമിന്റെ ജനലോക്പാല്‍ബില്‍ പൂര്‍ണ്ണമായും അംഗീകരിക്കാത്ത കോണ്‍ഗ്രസ്സിനെ ഒരു പാഠം‌പഠിപ്പിക്കാനാണ് ഹസാരെയുടെ പരിപാടി.ഭജന്‍ലാലിന്റെ മരണത്തോടെ ഒഴിവ് വന്ന ഹരിയാനയിലെ ഹിസാര്‍ ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പരസ്യപ്രചാരണം നടത്തിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പായിരുന്നു.അത്തരം ഒരു മണ്ഡലത്തില്‍ ഹസാരെയുടെ പ്രചാരണം എത്രത്തോളം ഫലവത്തായി എന്ന് ചോദിച്ചാല്‍ ഹസാരെക്ക് തന്നെ ചിരി വന്നേക്കും.മാത്രമല്ല ഇന്ത്യയെ അഴിമതി മുക്തമാക്കാനുള്ള ജനലോക്പാല്‍ബില്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്ന ഹസാരെ ടീം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചത് അഴിമതി ആരോപിതനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയില്‍ സ്വന്തം ട്രൌസര്‍ ഊരിപ്പോയത് ഹസാരെ അറിഞ്ഞില്ല.

“കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നതിനിടക്ക് അഴിമതിക്കാര്‍ ആരെങ്കിലും ജയിക്കുന്നുണ്ടെങ്കില്‍ അതില്‍ വേവലാതി വേണ്ട.അവരെ ഈ ലോകപാല്‍ ബില്‍ ജയിലിലയക്കും “ എന്നായിരുന്നു ഇത് സംബന്ധിച്ച് ഹസാരെയുടെ പ്രസംഗം.അഴിമതി ആരോപണരഹിതനായ ഒരു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്റെ ജനപിന്തുണയുടെ യഥാര്‍ത്ഥ ആഴം അളക്കാന്‍ ഹസാരെക്ക് ലഭിച്ച ആദ്യ അവസരം അദ്ദേഹം കളഞ്ഞുകുളിച്ചത് മന:പൂര്‍വ്വം തന്നെയായിരുന്നു എന്ന് വ്യക്തമാണ്.തന്റെ പിന്നിലുള്ളത് അഴിമതിയെക്കാളും കൂടുതല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരുടെ കൂട്ടമാണ് എന്ന് ഹസാരെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഈ ഉരുണ്ടുകളിയുടെ പൊരുള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഹസാരെ സമരത്തിന്റെ ഊര്‍ജ്ജവും ജനപിന്തുണയും ഉപയോഗപ്പെടുത്തുന്നത് ബി.ജെ.പി ആണെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും സംശയമില്ല. പ്രധാനമന്ത്രി കസേരയില്‍ കണ്ണും നട്ടിരുന്ന അദ്വാനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് നിരാശ സമ്മാനിച്ചപ്പോള്‍ തുടങ്ങിയതാണ് ബി.ജെ.പിയുടെ കോണ്‍ഗ്രസ്സ് വിരുദ്ധ സമരപിന്തുണ.അഴിമതിയുടെ കാര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണ്.

വരാനിരിക്കുന്ന യു.പി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ അഴിമതിക്കെതിരെ എന്ന ലേബലില്‍ അദ്വാനിയും ഒരു പടയോട്ടം ആരംഭിച്ചിരിക്കുന്നു - ജനചേതനയാത്ര.വിരോധാഭാസമെന്ന് പറയട്ടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ബി.ജെ.പിയുടെ സമുന്നതനായ നേതാവ് യെദിയുരപ്പ അദ്വാനിയെ സ്വീകരിക്കുന്നത് ജയിലില്‍ കിടന്നുകൊണ്ടായിരിക്കും.അതും അദ്വാനിയുടെ ചേതനയാത്ര എന്തിനെതിരെയാണോ, അതേ കുറ്റാരോപിതനായതിനാല്‍ !ജയിലിലടക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി എന്ന നെറികെട്ട റിക്കാര്‍ഡും യെദിയുരപ്പ ഇതിലൂടെ കരസ്ഥമാക്കി.

യെദിയുരപ്പയുടെ കര്‍ണ്ണാടകയിലൂടെയും അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്നുണ്ട്.കര്‍ണ്ണാടകയില്‍ ഈ യാത്രയെപറ്റി അദ്വാനി എന്തു പറയും എന്ന് എല്ലാവരും കൌതുകത്തോടെ ഉറ്റു നോക്കുന്നു.ഈ അപ്രതീക്ഷിത കുരുക്കില്‍ നിന്ന് എങ്ങനെ തലയൂരും എന്ന് ബി.ജെ.പിയും തല പുകഞ്ഞാലോചിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ തന്നെ , ബി.ജെ.പിയുടെ ഉറ്റ തോഴന്മാരായ റെഡ്ഡി സഹോദരന്മാര്‍ ജയിലിലടക്കപ്പെട്ടതും ഇന്ത്യ കണ്ട വന്‍ അഴിമതികളിലൊന്നില്‍ പ്രതികളായിക്കൊണ്ടാണ്. ഇതെല്ലാം മറന്ന് കര്‍ണ്ണാടകയിലൂടെ കണ്ണും പൂട്ടിയുള്ള ഒരു യാത്രയാണ് അദ്വാനി നടത്തുന്നതെങ്കില്‍ അതിന് ചേതനയാത്ര എന്നതിനെക്കാള്‍ നല്ല പേര് യാതനയാത്ര എന്നായിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ അഴിമതിക്കെതിരെ എന്ന ലേബലില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ വിത്തുകള്‍ തന്നെയാണ്.അതും അത്യുല്‍ല്പാദന ശേഷിയുള്ള വിത്തുകള്‍ ! പൊതുജനം ഉണര്‍ന്ന് പ്രതികരിക്കുകയല്ലാതെ ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ കണ്ട് രസിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല.

5 comments:

Areekkodan | അരീക്കോടന്‍ said...

തന്റെ പിന്നിലുള്ളത് അഴിമതിയെക്കാളും കൂടുതല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരുടെ കൂട്ടമാണ് എന്ന് ഹസാരെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഈ ഉരുണ്ടുകളിയുടെ പൊരുള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ദാസന്‍ said...

ശത്രുവിന്റെ ശത്രു മിത്രം എന്ന പോലെ അല്ലെ...?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഹസാരദ്വാനിയൂരപ്പ.. എല്ലാം സമം..

c.v.thankappan,chullikattil.blogspot.com said...

രാജ്യം പിടിച്ചെടുക്കാനുള്ള യാതനയില്‍ എന്തൊക്കെ
സഹിക്കണം.അല്ലേ മാഷെ?

ശ്രീനാഥന്‍ said...

ദീപസ്തംഭം മഹാശ്ചര്യം .. തെരഞ്ഞെടുപ്പുതന്നെ കാര്യം. ഹസാരെ പ്രസ്ഥാനത്തിന്റെ യുക്തിരാഹിത്യങ്ങളും വെളിവാക്കുന്ന ഈ ലേഖനം നന്നായി.

Post a Comment

നന്ദി....വീണ്ടും വരിക