Pages

Thursday, October 20, 2011

ത്രീ ഇഡിയറ്റ്സ്

എനിക്ക് പിന്നാലെ ഹാറൂണ്‍ക്കയുടെ വീട്ടിലെത്തിയ ശ്രീജിത്തിന്റെ കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ മുയല്‍ പെറ്റപോലെയായിരുന്നു ആള്‍ക്കാരുടെ ഉതിര്‍ന്നു വീഴല്‍.ആദ്യം കാര്‍ണോരായി ശരീഫ്‌ക്ക, പിന്നാലെ അത്യാവശ്യത്തിലധികം തടിയന്മാരായ സമീര്‍ തിക്കോടിയും നൌഷാദ് വടക്കേലും.ശേഷം അല്പം കനം കുറഞ്ഞ നാമൂസ്.പിന്നീ ഈര്‍ക്കില്‍ പോലെയുള്ള വാല്യക്കാരന്‍ പയ്യന്‍.ഏറ്റവും അവസാനം കാര്‍ മുതലാളി ശ്രീജിത്തും.ഇത്രയും പേരെ ആ പാവം ആള്‍ട്ടോ എങ്ങനെ പേറിയാവോ?

ഹാറൂണ്‍ക്കയെ കണ്ട് വിസ്തരിച്ച് സംസാരിച്ച ശേഷം തിരിച്ചുപോകാന്‍ ഞാന്‍ കൂടിയുള്ളതിനാല്‍ രണ്ട് തെക്കന്മാരെ വണ്ടി കയറ്റി വിടാന്‍ അവരെ ആദ്യം കാറില്‍ കയറ്റി.ബാക്കി മൂന്ന് പേരോടും വഴിയോരക്കാഴ്ചകളും കണ്ട് മെല്ലെ നടക്കാന്‍ പറഞ്ഞ് ഒരു ധൈര്യത്തിന് ഞാനും കാറില്‍ കയറി.ഗള്‍ഫിലെ ഗിയറില്ലാത്ത കാറും കുഴിയില്ലാത്ത റോഡും ജാമില്ലാത്ത തെരുവും മാത്രം പരിചയമുള്ള ശ്രീജിത്തിന്റെ ഡ്രൈവിംഗ് വണ്ടിക്കുള്ളില്‍ എന്നെ അസ്വസ്ഥനാക്കി - മറ്റേതെങ്കിലും വണ്ടിക്ക് ഇവന്‍ ഉമ്മ കൊടുത്താലും അവര്‍ ചക്കരയുമ്മ തിരിച്ചു തന്നാലും സമാധാനം പറയേണ്ടത് ഞാനും കൂടിയാണല്ലോ എന്ന ചിന്ത കാരണം.ഈ വണ്ടിയിലാണല്ലോ ഇനി നാട്ടില്‍ വരെ പോകേണ്ടത് എന്ന ചിന്ത എന്നെ വീട്ടിലേക്കും അടുത്ത സുഹൃത്തിനും പിന്നെ ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്കും ഫോണ്‍ ചെയ്യാന്‍ നിര്‍ബന്ധിതനാക്കി.

തെക്കന്മാരെ സ്റ്റേഷനിലാക്കി (റെയില്‍‌വേ സ്റ്റേഷനില്‍) വന്ന വഴി തെറ്റാതെ ഒരു വിധം തിരിച്ച് ഞങ്ങള്‍ ഹാറൂണ്‍ക്കയുടെ വീട് വരെ എത്തിയെങ്കിലും മേയാന്‍ വിട്ട ത്രീ ഇഡിയറ്റ്‌സിനെ വഴിയിലെവിടെയും കണ്ട്മുട്ടിയില്ല!

“ആരുടെയെങ്കിലും നമ്പര്‍ കയ്യിലുണ്ടോ?” ഞാന്‍ ശ്രീജിത്തിനോട് തിരക്കി.ശ്രീജിത്ത് ഫോണെടുത്ത് നാമൂസിന്റെ നമ്പര്‍ ഞെക്കി.

“ഹലോ...ആരാ?” മറുതലക്കല്‍ നിന്ന് ഒരു പെണ്‍ശബ്ദം.

“ഹലോ...ഞാനാ...ഇന്നലെ നാമൂസിനെ കൂട്ടിക്കൊണ്ടു പോന്നയാള്‍....നാമൂസ് അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് എന്ന് പറായാന്‍ വിളിച്ചതാ...” ഒറ്റശ്വാസത്തില്‍ പറഞ്ഞുകൊണ്ട് ശ്രീജിത്ത് ഫോണ്‍ കട്ട് ചെയ്തു.’ഇതെന്തു കഥ’ എന്ന മട്ടില്‍ വാ പൊളിച്ചിരുന്ന എന്നോട് ശ്രീജിത്ത് പറഞ്ഞു.

“നാമൂസിന്റെ നമ്പറെന്ന് കരുതി വിളിച്ചത് അവന്റെ വീട്ടിലേക്കാ...അവിടെ ഇന്നലെ ചെന്നപ്പോള്‍ തന്നെ അത്യാവശ്യം ഡോസ് കിട്ടിയിരുന്നു.നാളെ ഗള്‍ഫിലേക്ക് പോകേണ്ടവനെയും കൊണ്ട് ഇന്ന് തെണ്ടാന്‍ പോകുന്നോ തെ....ഇന്ന് അത് വീണ്ടും കേള്‍ക്കാന്‍ വയ്യ...”

“തിക്കോടിയന്റെ നമ്പര്‍ ഉണ്ടോ?”ഞാന്‍ വെറുതെ ചോദിച്ചു.

“അയാള്‍ എന്നോ മണ്ണിനടിയിലായില്ലേ?” ശ്രീജിത്തിന്റെ മറുപടി എന്നെ ചിരിപ്പിച്ചു.

“ഞാന്‍ ഉദ്ദേശിച്ചത് തിക്കോടിക്കാരന്റെ...”

“ങാ...ശ്രമിച്ചു നോക്കാം...” ശ്രീജിത്ത് ഡ്രൈവിങ്ങിനിടയില്‍ ഫോണെടുത്തു.വളവും തിരിവും കുണ്ടും കുഴിയും ഒക്കെയുള്ള റോഡില്‍ അവന്റെ മൊബൈല്‍ ഉപയോഗം കൂടിയായപ്പോള്‍ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.ഇല്ലാത്ത ബ്രേക്കില്‍ എന്റെ കാലും ചിലപ്പോള്‍ അമര്‍ന്നു കൊണ്ടിരുന്നു.

“ഹലോ...സമീറല്ലേ? നിങ്ങളെവിടെയാ ?” കണക്ഷന്‍ ലഭിച്ച ശ്രീജിത്ത് ചോദിച്ചു.

“ഞങ്ങള്‍ അറക്കല്‍ ബീവിയുടെ തിരുസവിധത്തിലാ...”

“ങേ!!എന്നാലതൊന്ന് പറഞ്ഞുകൂടായിരുന്നോ...ഞങ്ങള്‍ ഹാറൂണ്‍ക്കയുടെ വീട് വരെ നിങ്ങളേയും തെരഞ്ഞ് എത്തി...” ബാക്കി പറഞ്ഞത് ഫോണ്‍ കട്ട് ചെയ്ത ശേഷമായതിനാല്‍ ഞാന്‍ മാത്രമേ കേട്ടുള്ളൂ.

അറക്കല്‍ കൊട്ടാരത്തിന്റെ മുന്നിലൂടെ കാര്‍ പോയപ്പോള്‍ അവിടെ ഒന്ന് കയറാന്‍ ഞാനും ശ്രീജിത്തും കൊതിച്ചതായിരുന്നു.പക്ഷേ സമയം അനുവദിക്കാത്തതിനാല്‍ ആ അഗ്രഹത്തിന് അപ്പോള്‍ തന്നെ ശവപ്പെട്ടിയൊരുക്കി.ആ മൂന്ന് കേശവങ്ങള്‍ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളും അടിമുടി പൂത്തുപോകുമായിരുന്നു - അറക്കല്‍ ബീവിയെക്കണ്ട്.

“എനിക്ക് ഇവിടത്തെ ഈ ഡ്രൈവിംഗ് ശരിയാകുന്നില്ല.അവിടന്നങ്ങോട്ട് നാമൂസ് ഓടിച്ചോളും...” ശ്രീജിത്ത് പറഞ്ഞപ്പോള്‍ അതുവരെ പള്ളിപ്പറമ്പും ആള്‍കൂട്ടവും കര്‍പ്പൂരഗന്ധവും എല്ലാം മേഞ്ഞ് നടന്ന എന്റെ മനസ്സില്‍ വീണ്ടും ഭാര്യയും കുട്ടികളും വീടും തിരിച്ചെത്തി.അറക്കല്‍ കൊട്ടാരത്തിന്റെ മുന്നില്‍ മൂക്കിലൂടെ പുകയും വിട്ട് നില്‍ക്കുന്ന രണ്ട് പേരെ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന വാല്യക്കാരന്‍ പയ്യനെ കണ്ട ശ്രീജിത്ത് കാര്‍ സൈഡാക്കി.


(തുടരും...)

15 comments:

Areekkodan | അരീക്കോടന്‍ said...

അറക്കല്‍ കൊട്ടാരത്തിന്റെ മുന്നില്‍ മൂക്കിലൂടെ പുകയും വിട്ട് നില്‍ക്കുന്ന രണ്ട് പേരെ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന വാല്യക്കാരന്‍ പയ്യനെ കണ്ട ശ്രീജിത്ത് കാര്‍ സൈഡാക്കി.

Jazmikkutty said...

ലൊക്കേഷന്‍ കണ്ണൂര്‍ ആയത് കൊണ്ടാകും ഇത് വായിക്കാന്‍ പ്രത്യേക സുഖം..! അഭിനേതാക്കള്‍ നമ്മുടെ സ്വന്തം ബ്ലോഗ്‌ കൂട്ടുകാരും..തുടരും വെച്ച് തുടരാതിരിക്കല്ലേ...അടുത്ത ഭാഗം വേഗം പോരട്ടെ..

Shikandi said...

(തുടരും...)...???? ഇതു ശെരിയല്ല...

Naushu said...

ഈ ബ്ലോഗേര്മാരെക്കൊണ്ട് തോറ്റു.... :)
അടുത്ത ഭാഗം പോരട്ടെ....

കൊമ്പന്‍ said...

ബാക്കി കൂടി പോരട്ടെ അരീകോടന്‍ കാക്കാ

വിധു ചോപ്ര said...

ബ്ലോഗ് പോസ്റ്റിന്റെ നീളമളന്ന് വായിക്കുന്ന ഒരാളാണു ഞാൻ. പക്ഷേ രസം കേറി വരുമ്പോൾ തുടരും എന്ന ബോർഡ് തൂക്കി ബ്ലോഗർ മുങ്ങുന്നതു പോക്രിത്തരമല്ലേ?
രണ്ടാം ഭാഗം എഴുതുമ്പോൾ ഒരു മെയിൽ ഇട്ടോൾണേ........വിധു പെണ്ണല്ല!

Areekkodan | അരീക്കോടന്‍ said...

ജസ്മിക്കുട്ടീ...അടുത്ത ഭാഗവും ഇപ്പോള്‍ എന്റെ കയ്യിലുണ്ട്.സമയം അനുവദിക്കുന്നില്ല, ടൈപ്പാന്‍

ശിഖണ്ഠി...നീളം കൂടണ്ടാന്ന് കരുതിയാ

നൌഷു...അവരൊക്കെ പാവങ്ങളാ.അതില്‍ പഞ്ചപാവം ഞാനും!!

കൊമ്പാ...ഇപ്പാം സരിയാക്കിത്തെരാ

വിധു...മുങ്ങുന്നില്ല.അടുത്ത ഭാഗം എന്റെ കയ്യില്‍ റെഡിയാ...

Noushad Vadakkel said...

അരീകോടന്‍ സാഹിബെ ...എന്നിട്ട് ......????!!!
( ഈ കണ്ണൂര്‍ മീറ്റിന്റെ അലയൊലികള്‍ ഇനിയും അവസാനിക്കുന്നില്ല ...(തുടരും അല്ലേ ) ... )>>>>>>>>>>>>>പിന്നാലെ അത്യാവശ്യത്തിലധികം തടിയന്മാരായ സമീര്‍ തിക്കോടിയും നൌഷാദ് വടക്കേലും.<<<<<<<<<<<
എല്ലാരും കേട്ടല്ലോ? അല്ലെ ...? ;)

പ്രഭന്‍ ക്യഷ്ണന്‍ said...

ശ്ശെ.. ഈ മീറ്റുകാരുടെയൊരു കാര്യം..!!
പറയാനൊള്ളത് പറഞ്ഞു തീര്‍ക്കൂല്ല...!!!
ഉം.. കാത്തിരിക്കാം..
ആശംസകളോടെ...പുലരി

വാല്യക്കാരന്‍.. said...

അറക്കല്‍ കൊട്ടാരത്തിന്റെ മുന്നില്‍ മൂക്കിലൂടെ പുകയും വിട്ട് നില്‍ക്കുന്ന രണ്ട് പേരെ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന വാല്യക്കാരന്‍ പയ്യനെ കണ്ട ശ്രീജിത്ത് കാര്‍ സൈഡാക്കി.
സത്യം...

പിന്നെ ഇതെന്തുവാ???
മനോരമ ആഴ്ച്ചപ്പതിപ്പോ..!!..തുടരാന്‍....
ബെക്കം ബരട്ടെ ബാക്കി..
ഓരോരോ പിരാന്തെയ്‌...
മെയില്‍ അയക്കണേ...

sherriff kottarakara said...

കഥ പതുക്കെ പതുക്കെ പറഞ്ഞാല്‍ മതി;, ഓ! അവരുടെ എല്ലാം ഒരുവെപ്രാളം. ഏതായാലും എന്റെ റോള്‍ കഴിഞ്ഞു, രണ്ട് തെക്കന്മാരെ വണ്ടി കേറ്റി വിട്ടു എന്നിടത്ത് വെച്ച്.....
കണ്ണൂര്‍ മീറ്റ് അലയൊലികള്‍ തീരുന്നില്ലാ....പോരട്ടെ ഇനിയും പോരെട്ടെ....

Satheesan .Op said...

ഇഷ്ടായി . ബാക്കി ഭാഗത്തിന്ന് കാത്തിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

നൌഷാദ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇനിയും തുടരും!!

പ്രഭന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ജമ്മുതാവി എക്സ്പ്രെസ്സ് ഓടുന്ന പോലെ ഒരു പോസ്റ്റ് എല്ലാവര്‍ക്കും പ്രശ്നമാവില്ലേ?അതോണ്ടാ തുടരുന്നത്..

വാല്യക്കാരാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അത് സത്യം തന്നെയോ?

ശരീഫ്ക്കാ...തല്‍ക്കാലം താങ്കളെ രക്ഷപ്പെടുത്തി!!!

സതീശന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ബാക്കി തിങ്കളാഴ്ച ഇറങ്ങും.

Abdul Manaf N.M said...

നിങ്ങള്‍ മലബാര്‍ ആണല്ലേ...??? 'തെക്കന്മാര്‍' എന്ന പ്രയോഗം ആവര്‍ത്തിച്ചു കണ്ടപ്പോള്‍ മനസ്സിലായി.. ഏതായാലും തുടരട്ടെ..കാത്തിരിക്കാം..
www.manulokam.blogspot.com

Akbar said...

:)

Post a Comment

നന്ദി....വീണ്ടും വരിക