Pages

Monday, October 29, 2018

കാൻസർ വാർഡിലെ ചിരി

            വാങ്ങിയ ദിവസം തന്നെ വായിച്ച് തീർത്ത പുസ്തകം എന്ന ഖ്യാതി എന്റെ ജീവിതത്തിൽ ഇതുവരെ ബാലരമ, മലർവാടി തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങൾക്കായിരുന്നു. അതും പത്ത് മുപ്പത് കൊല്ലം മുമ്പത്തെ കഥ.ലോക ക്രിക്കറ്റിൽ സച്ചിന്റെ ഒരു റിക്കാർഡ് പഴങ്കഞ്ഞി ആയതിന് പിന്നാലെ എന്റെ വായനാലോകത്തും മേൽ റിക്കാർഡ് വഴിമാറി.

           കാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റിന്റെ കുറിപ്പുകളാണ് സർവ്വ റിക്കാർഡുകളും തിരുത്തിക്കൊണ്ടിരിക്കുന്ന ആ പുസ്തകം.മാതൃഭൂമി പുസ്തകോത്സവത്തിൽ നിന്ന് പുസ്തകം വാങ്ങി  ഞാൻ  വീട്ടിൽ എത്തി മേശപ്പുറത്ത് വച്ച ഉടനെ മൂത്തമോൾ ലുലുവിന്റെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു - മാസങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന പരസ്യത്തിലെ പുസ്തകം മേശപ്പുറത്ത് കണ്ട സന്തോഷം. ഞാൻ വായിച്ച് തീർന്നതിന് പിന്നാലെ ലുലു മോളും അവൾക്ക് പിന്നാലെ എന്റെ ഭാര്യയും (അതെ !!) വായന പൂർത്തിയാക്കി. ഇപ്പോൾ രണ്ടാമത്തെ മോൾ ലുഅയും വായിച്ചു തീര്‍ത്തു. പുസ്തകത്തിൽ ഇന്നസന്റ് പറഞ്ഞ ‘സന്തുഷ്ട കാൻസർ കുടുംബം’ എന്നത് പോലെ ‘കാൻസർ വാർഡിലെ ചിരി  വായിച്ച  സന്തുഷ്ട കുടുംബം’ ആയി ഞങ്ങൾ മാറുന്നു!
               എന്റെ മൂന്ന് അമ്മാവന്മാരും കാൻസർ മൂലമാണ് മരണമടഞ്ഞത്. കുടുംബത്തിൽ പലർക്കും കാൻസർ രോഗമുണ്ട്. പക്ഷെ അത് ജനിതക പ്രശ്നം അല്ല എന്ന് എനിക്കുറപ്പാണ്. പലരുടെയും ജീവിതശൈലി തന്നെയാണ് രോഗത്തിന് കാരണമായത്.ഭാര്യയുടെ ബന്ധുക്കളിലും ഈ രോഗം താണ്ഠവമാടുന്നതിനാലായിരിക്കും പുത്തൻ മണം മറയുന്നതിന് മുമ്പെ അവളും  പുസ്തകം വായിച്ച് തീർത്തത്.

               പുസ്തകത്തിന്റെ പുറം ചട്ടയിൽ കാണുന്ന ഇന്നസെന്റ് ചേട്ടന്റെ രൂപം ഊഹിക്കാൻ പോലും പറ്റാത്തതാണ്. ഞാൻ കണ്ട അപൂർവ്വം സിനിമകളിൽ ഉള്ള ഇന്നസെന്റും സിനിമാ പോസ്റ്ററുകളിൽ കാണുന്ന ഇന്നസെന്റും ഈ ഇന്നസെന്റും അജഗജാന്തരമുണ്ട്. മുൻ ചട്ടയിലെ ഇന്നസന്റ് താളുകൾ മറിഞ്ഞ് പിൻ‌ചട്ടയിൽ എത്തുമ്പോൾ സുമുഖനായത് ആശ്വാസം നേരുന്നു.ഒരു പക്ഷേ കവർ ഡിസൈനറും പ്രസാധകരും സാക്ഷാല്‍ ഇന്നസന്റ് പോലും ചിന്തിക്കാത്ത, രോഗം മാറിപ്പോകുന്ന ഒരു ഒഴുക്ക് ഈ പുസ്തകത്തിന്റെ ലേ ഔട്ട് ഡിസൈനിങ്ങില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
            “ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണ്ണമാക്കുന്നതിനിടെയാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്.താമസിയാതെ ഭാര്യ ആലീസിനും. ആ കാലത്തിന്റെ ഓർമ്മകളാണ് ഈ പുസ്തകം. ഇത് വായിച്ച് തീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണം പോലും വഴിമാറും എന്ന് നാം തിരിച്ചറിയുന്നു.നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിത ദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്ന് മനസ്സിലാകുന്നു” - ജീവിതപ്രശ്നങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന പുസ്തകം എന്ന പുറംചട്ടയിലെ ഈ വാചകങ്ങള്‍ അക്ഷരം പ്രതി ശരിയാണ്.

           പുസ്തകത്തിനകത്തെ ചിത്രങ്ങളില്‍ ചിലതെങ്കിലും സ്ഥലാധിക്യം പരിഹരിക്കാന്‍ ചേര്‍ത്തതാണോ എന്നൊരു തോന്നല്‍ എന്നില്‍ ഉളവാക്കി. മാറാരോഗങ്ങള്‍ വരുന്നതിന് മുമ്പേ എല്ലാവരും തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം. മാറാരോഗങ്ങള്‍ വന്ന എല്ലാവരും നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കണം. ഇതില്‍ രണ്ടിലും പെടാത്തവര്‍ വായിക്കണം എന്നില്ല!

പുസ്തകം : കാൻസർ വാർഡിലെ ചിരി
രചയിതാവ് : ഇന്നസെന്റ്
തയ്യാറാക്കിയത്: ശ്രീകാന്ത് കോട്ടക്കല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
പേജ് : 127
വില : 130 രൂപ

കുഴിക്കോട്ടിക്കളി


ഏറുകോട്ടി ഉന്നമുള്ളവര്‍ക്ക് എന്നും കൊയ്ത്താകുമ്പോള്‍ ഞാന്‍ പലപ്പോഴും കാഴ്ചക്കാരന്‍ മാത്രമായി. എന്നാല്‍ കുഴിക്കോട്ടിയിൽ ഞാന്‍ ആരുടെ മുമ്പിലും താഴ്ന്നു കൊടുത്തില്ല. പലപ്പോഴും ആദ്യം ക്യേമം വീട്ടുന്നവരില്‍ ഒരാളായതിനാല്‍ എന്റെ കോട്ടികളും കൈപ്പടവും അടി വാങ്ങിയതേ ഇല്ല.

കുഴിക്കോട്ടി കളിയില്‍ നിശ്ചിത അകലത്തിലുള്ള മൂന്ന് കുഴികള്‍ ഉണ്ടാകും. പെരുവിരല്‍ തുടയില്‍ കുത്തിവച്ച് ചൂണ്ടുവിരലിന്റെ അറ്റത്ത് കോട്ടി പിടിച്ച് ആദ്യത്തെ കുഴിയിലേക്ക് ഓരോരുത്തരായി കോട്ടി ഇടും.ആരുടെയെങ്കിലും കോട്ടി കുഴിയില്‍ വീണാല്‍ അവനാണ് കളിക്കുള്ള ആദ്യ അവസരം.ആ കോട്ടിയെ അടിച്ച് പുറത്താക്കാനായിരിക്കും പിന്നീട് വരുന്നവര്‍ ലക്ഷ്യമിടുക.മൂത്താപ്പയുടെ മകന്‍ ലുഖ്‌മാന്‍ ഇങ്ങനെ തെറുപ്പിക്കാന്‍ അഗ്രഗണ്യനായിരുന്നു എന്ന് മാത്രമല്ല അവന്റെ അടി കൊണ്ട് പലപ്പോഴും കോട്ടി പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു.പൊട്ടിയ കോട്ടി പിന്നീട് കളിയില്‍ ഉപയോഗിക്കാന്‍ പറ്റില്ല.

കോട്ടി എല്ലാവരും ഇട്ട ശേഷം ഒന്നാം കുഴിയില്‍ നിന്നുള്ള അതിന്റെ അകലത്തിനനുസരിച്ച് ഊഴം തീരുമാനിക്കും. ഒന്നാം കുഴിയില്‍ പെരുവിരല്‍ വച്ച് ചൂണ്ടുവിരലിന്റെ അറ്റത്ത് കോട്ടി പിടിച്ച് രണ്ടാം കുഴിയിലേക്ക് ഉരുട്ടി വിടണം. അതില്‍ കോട്ടി വീണാല്‍ മൂന്നാം കുഴിയിലേക്ക് ഉരുട്ടി വിടണം. വീണില്ല എങ്കില്‍ രണ്ടാമത്തെ ആള്‍ക്ക് കളി തുടങ്ങാം. അയാള്‍ക്ക് രണ്ടാം കുഴി ലക്ഷ്യമാക്കി കോട്ടി ഉരുട്ടാം.അല്ലെങ്കില്‍ ഒന്നാമന്റെ കോട്ടിയെ അടിച്ചു പറത്താം.

കുഴിക്കോട്ടിക്കളി മൂന്ന് വരെ , അഞ്ച് വരെ, ഏഴ് വരെ, ഒമ്പത് വരെ എന്നിങ്ങനെ പല രൂപത്തിലും കളിക്കാറുണ്ട്. കളി എത്ര വരെയാണെങ്കിലും കുഴി മൂന്നെണ്ണം മാത്രമേ ഉണ്ടാകൂ. മൂന്ന് നിറച്ചാല്‍ എതിര്‍ ദിശയില്‍ കളിച്ച് രണ്ടാം കുഴി നാലും ഒന്നാം കുഴി അഞ്ചും ആകും. അങ്ങനെ ഒമ്പതു വരെ. കളി അഞ്ച് വരെയാണെങ്കില്‍ ആദ്യം അഞ്ച് കുഴിയും പിന്നിടുന്നവന് ക്യേമം ആകും (അവസാനം എന്നര്‍ത്ഥമുള്ള ഖിയാമം എന്ന അറബി പദം ലോപിച്ചുണ്ടായതാണെന്ന് തോന്നുന്നു). അവന്‍ ഇനി ആരുടെയെങ്കിലും കോട്ടിക്ക് അടി കൊള്ളിക്കുന്നതോടെ ഒന്നാമനായി ഫിനിഷ് ചെയ്യും.

കളി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അവസാനം ബാക്കിയാകുന്നവന് രണ്ട് തരം ശിക്ഷകള്‍ ഉണ്ട്. അതിലൊന്ന് ‘കോട്ടിക്കടി’ ആണ്. അതായത് ജയിച്ചവര്‍ മുഴുവന്‍ തോറ്റവന്റെ കോട്ടിക്ക് അടിക്കും.കോട്ടിയുടെ ‘മര്‍മ്മം’ നോക്കി അടിച്ചാല്‍ കോട്ടി മിക്കവാറും പൊട്ടും.ഇങ്ങനെ കോട്ടി അടിച്ചു പൊട്ടിക്കുന്നതില്‍ ഞാന്‍ എന്നും മുമ്പില്‍ നിന്നിരുന്നു. രണ്ടാമത്തെ ശിക്ഷ അല്പം കടുത്തതാണ്. തോറ്റവന്‍ ഏതെങ്കിലും ഒരു കുഴിയുടെ പിന്‍ഭാഗത്ത് കൈപടം മടക്കി വയ്ക്കണം. തൊട്ടടുത്ത കുഴിയില്‍ നിന്നും ജയിച്ചവര്‍ കൈപ്പടം ലക്ഷ്യമാക്കി കോട്ടി അടിക്കും.’ഠേ...ഠേ’ എന്ന് കൈപ്പടത്തില്‍ അടി വീഴുമ്പോള്‍ കൈ വലിച്ചാല്‍ ശിക്ഷ കൂടും.അടി വേറെ എവിടെയെങ്കിലും കൊള്ളുകയോ അടിച്ച കോട്ടി കുഴിയില്‍ വീഴുകയോ ചെയ്താല്‍ ശിക്ഷ തിരിച്ചും നല്‍കാം.

കളിയില്‍ തോറ്റവന് കിട്ടുന്ന അടിയുടെ എണ്ണത്തിനും വ്യത്യാസമുണ്ട്. അഞ്ച് വരെയുള്ള കളിയില്‍ ആദ്യത്തെയാള്‍ കളി പൂര്‍ത്തിയാക്കുന്ന സമയത്ത്, തോറ്റവന്‍ രണ്ടാം കുഴി പോലും പിന്നിട്ടിട്ടില്ല എങ്കില്‍ മൂന്നടി വാങ്ങേണ്ടി വരും.അതായത് ‘കോട്ടിക്കടി’ ആണെങ്കില്‍ ആ കോട്ടിയുടെ കഥ കഴിയും.’കൈക്കടി’ ആണെങ്കില്‍ കയ്യിന്റെ കാര്യം സോഹ.ബന്ധുവിന്റെ വീട്ടില്‍ വിരുന്ന് വന്ന് കുഴിക്കോട്ടി കളിയില്‍ തോറ്റ് എന്നില്‍ നിന്ന് കൈക്ക് നിരവധി അടി വാങ്ങിയ, ഇപ്പോള്‍ അരീക്കോട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന സുനില്‍ ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്.കുഴിക്കോട്ടിയിലൂടെ സ്ഥാപിച്ച സൌഹൃദം എന്ന നിലക്ക് ഞങ്ങള്‍ രണ്ട് പേരും എന്നും അതോര്‍ക്കുന്നു.

കുഴിക്കോട്ടിയില്‍ പലതരം പദങ്ങളും ഉപയോഗിക്കാറുണ്ട്. കളിക്കുന്നവരുടെ കോട്ടി കുഴിയുടെ പരിസരങ്ങളില്‍ തന്നെയാണെങ്കില്‍ മണ്ണില്‍ പെരുവിരല്‍ കുത്തി കുഴിയിലേക്ക് കോട്ടി ഉരുട്ടാം. ആരെങ്കിലും അടിച്ച് തെറുപ്പിച്ചെങ്കില്‍ കോട്ടി എടുത്ത് വന്ന് ഒരു ‘ലഹ’ ചോദിക്കാം. തുടയില്‍ പെരുവിരല്‍ വച്ച് കോട്ടി കുഴിയിലേക്ക് ഇടുന്നതിനെയോ മറ്റുള്ളവരുടെ കോട്ടി അടിച്ചു തെറിപ്പിക്കുന്നതിനെയോ ആണ് ‘ലഹ’ എന്ന് പറയുന്നത്.

മറ്റു ചിലര്‍ ‘കമ്പം’ ആണ് ആവശ്യപ്പെടുക. മറ്റുള്ളവരുടെ കോട്ടി എറിഞ്ഞ് തെറുപ്പിക്കാനുള്ള അവസരം ചോദിക്കുന്നതിനാണ് കമ്പം എന്ന് പറയുക. ഇതെല്ലാം അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.

ക്യേമം ആയവന്‍ കളി മുഴുവനാക്കാന്‍ ഏതെങ്കിലും ഒരു കോട്ടിയെ അല്പം ദൂരത്തേക്ക് അടിച്ചിടും. ആ സമയത്ത് പറയുന്നതാണ് ‘ഒരു ചാണ്‍ വിട്ടു പോയില്ലെങ്കില്‍ ചെന്നി മനീസ്’ എന്ന്. അതായത് ചുരുങ്ങിയത് ഒരു ചാണ്‍ ദൂ‍രെക്ക് പോയില്ലെങ്കില്‍ അവന്റെ കളി അവസരം നഷ്ടപ്പെടും. ഇതില്‍ ‘ചെന്നി മനീസ്’ എന്താണെന്ന് ഇന്നും ഒരു പിടുത്തവും ഇല്ല.

ഇന്നത്തെ കുട്ടികള്‍ക്ക് ഈ കളി പറഞ്ഞു കൊടുത്താല്‍ ഒന്നും തന്നെ മനസ്സിലാകില്ല. കൈവിരല്‍ മണ്ണില്‍ കുത്തിയുള്ള കളി എത്ര രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കും എന്നും നിശ്ചയമില്ല. എങ്കിലും എന്റെ മക്കള്‍ക്ക് ഞാന്‍ ഈ കളികള്‍ പഠിപ്പിക്കാന്‍ തന്നെ ഉദ്ദേശിക്കുന്നു - എന്റെ ബാല്യം അവരുടെ കളി കാണുന്നതിലൂടെയെങ്കിലും തിരിച്ച് പിടിക്കാന്‍.

Wednesday, October 24, 2018

ഏറ് കോട്ടി , ചുമര്‍ കോട്ടി, മൂലക്കുഴിക്കോട്ടി

               കോട്ടി കളിയില്‍ ഏറ് കോട്ടി , ചുമര്‍ കോട്ടി, മൂലക്കുഴിക്കോട്ടി എന്നിങ്ങനെ ലാഭം കൊയ്യുന്ന മൂന്ന് തരം കളികളുണ്ട്. ലാഭക്കളി അനുവദനീയമല്ലാത്തതിനാല്‍ ഞങ്ങള്‍ ഈ കളികള്‍  ‘വെറുതെ’ ആയിരുന്നു കളിച്ചിരുന്നത്. എന്ന് വച്ചാല്‍ കളിക്കുമ്പോള്‍ ലാഭം ഉണ്ടാകുമെങ്കിലും കളി കഴിഞ്ഞാല്‍ ലഭിച്ച ലാഭം യഥാര്‍ത്ഥ ഉടമകള്‍ക്ക് തന്നെ തിരിച്ച് നല്‍കണം.

             ഏറ് കോട്ടിക്കളി എത്ര പേര്‍ക്ക് വേണമെങ്കിലും കളിക്കാം.ഒരു വര വരച്ച് അതില്‍ നിന്നും ഏതാനും അടി പുറകില്‍ നിന്ന് ഓരോരുത്തരായി കോട്ടി ഇടും. വരയുടെ ഏറ്റവും അടുത്ത് ആരുടെ കോട്ടിയാണോ വരുന്നത് അവനായിരിക്കും കളിയിലെ ആദ്യ ഊഴം. വര കടന്ന് പോകുന്നവന് അവസാന ഊഴവും. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും എത്ര കോട്ടി വീതം വയ്ക്കണം എന്ന് തീരുമാനിക്കും. ഈ രണ്ട് , മുമ്മൂന്ന് , നന്നാല്, അയ്യഞ്ച് എന്നിങ്ങനെയാണ് സാധാരണ കളി. അതായത് നന്നാല് ആണ് കളി എങ്കില്‍ 3 പേര്‍ കളിക്കുമ്പോള്‍ 3 x 4 = 12 കോട്ടികള്‍ കളത്തിലിടും.
ചിത്രം ഫേസ്ബുക്കില്‍ നിന്ന്
                ഈ 12 കോട്ടികളും കൈ പിടിയില്‍ ഒതുക്കി വരയുടെ ഒരു ഭാഗത്തിരുന്ന് മറുഭാഗത്തേക്കിടണം.എല്ലാ കോട്ടികളും വരയില്‍ നിന്ന് രണ്ട് കാലടി ദൂരത്തിലായിരിക്കണം വീഴേണ്ടത്.ഏതെങ്കിലും കോട്ടി രണ്ടടിയിലും കുറവാണെങ്കില്‍ കളിയവസരം നഷ്ടപ്പെടും.കോട്ടികള്‍ കളത്തിലിട്ടാല്‍ മറ്റ് കളിക്കാര്‍ പറയുന്ന നിശ്ചിത കോട്ടിയെ എറിഞ്ഞ് തെറിപ്പിക്കണം.എറിയുന്ന കോട്ടിയും തെറിക്കുന്ന കോട്ടിയും മറ്റൊരു കോട്ടിയിലും തട്ടാന്‍ പാടില്ല. മാത്രമല്ല, ഇരു കോട്ടികളും മറ്റെല്ലാ കോട്ടിയില്‍ നിന്നും രണ്ട് കാലടി അകലം പാലിക്കുകയും വേണം. ഈ രണ്ട് നിബന്ധനകളും പാലിച്ചു കൊണ്ട് കോട്ടി എറിഞ്ഞ് തെറിപ്പിച്ചാല്‍ കളത്തിലെ മുഴുവന്‍ കോട്ടികളും എറിഞ്ഞയാള്‍ക്ക് കിട്ടും.ഏറ് കൊള്ളാതെ പോയാലും ഏറ് കൊണ്ടിട്ടും മേല്‍ നിബന്ധനകള്‍ പാലിക്കാതെ പോയാലും അടുത്തയാള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും.

                 കളത്തില്‍ കിടക്കുന്ന കോട്ടികളില്‍ അടുത്തടുത്ത് കിടക്കുന്നതോ ഏറ്റവും താഴെ കിടക്കുന്നതോ ആയ കോട്ടികളെയാണ് പലപ്പോഴും ഉന്നമായി നിശ്ചയിക്കാറ്‌.കാരണം , അടുത്തടുത്താണെങ്കില്‍ മറ്റു കോട്ടികളില്‍ തട്ടാതെ എറിഞ്ഞ് തെറിപ്പിക്കാന്‍ പ്രയാസമാണ്. ഏറ്റവും താഴെ കിടക്കുന്ന കോട്ടിയെയും മറ്റു കോട്ടികള്‍ക്കിടയിലൂടെ എറിഞ്ഞ് തെറിപ്പിക്കാന്‍ പ്രയാസമാണ്.കോട്ടികള്‍ എല്ലാം സ്വതന്ത്രമായാണ് കിടക്കുന്നതെങ്കില്‍ ഏറ്റവും അകലെയുള്ള കോട്ടി ഉന്നമായി നിശ്ചയിക്കും.അത്തരം അവസരത്തില്‍ എറിയുന്നവന് ഉന്നമുണ്ടെങ്കില്‍ കളി ഈസിയായി ജയിക്കാം.എന്റെ അമ്മാവന്റെ മകന്‍ ബാബു അത്തരം ഒരു ‘ഉന്ന’തനായിരുന്നു. പ്രായത്തില്‍ എന്നെക്കാളും മൂന്ന്-നാല് വയസ്സ് കുറഞ്ഞ, അയല്‍‌വാസിയായ ബിനീഷും ഏറ് കോട്ടിയില്‍ വിദഗ്ദനായിരുന്നു.

                 ചുമര്‍ കോട്ടിക്കളിയില്‍ കോട്ടികള്‍ ചുമരിലേക്ക് എറിയും. കളത്തിലെ മറ്റ് കോട്ടികളുടെ ഒരു ചാണ്‍  അല്ലെങ്കില്‍ അതിലും അടുത്ത് എത്തിയാല്‍ എറിഞ്ഞവന് ആ കോട്ടി സ്വന്തമാക്കാം. ചുമരില്‍ തട്ടി തെറിക്കുന്ന കോട്ടി കളത്തിലെ ഏതെങ്കിലും കോട്ടിയില്‍ തട്ടിയാലും അതെടുക്കാം. ചുമരില്‍ എറിയുന്ന കോട്ടി ഒരു നിശ്ചിത പരിധിക്കപ്പുറം പോയാല്‍ പിഴയായി കളത്തിലെ ഒരു നിശ്ചിത സ്ഥലത്ത് വയ്ക്കണം. മൂത്താപ്പയുടെ മതിലിലെ ഒരു കരിങ്കല്ലും സമീപ സ്ഥലവുമായിരുന്നു ഞങ്ങളുടെ ചുമര്‍ കോട്ടി കളിസ്ഥലം. ഫസ്റ്റ് ഫ്രീ , സെക്കന്റ് ഫ്രീ, ലാസ്റ്റ്

               മൂലക്കുഴിക്കോട്ടിയിൽ ചുമരിന് അരികിലോ മതിലിനരികിലോ ആയി ഒരു ചെറിയ കുഴി ഉണ്ടാക്കും. കളിക്കാരൻ എല്ലാ കോട്ടികളും കൂടി ആ കുഴിയിലേക്ക് ഉരുട്ടി ഇടും. കുഴിയിൽ വീഴാത്ത കോട്ടികളിൽ ഒന്ന് ഉന്നമായി നിശ്ചയിക്കും. അതിനെ എറിഞ്ഞ് തെറുപ്പിച്ചാൽ മുഴുവൻ കോട്ടികളും എടുക്കാം. ഉന്നത്തിന് ഏറ് കൊണ്ടില്ല എങ്കിൽ കുഴിയിൽ വീണ കോട്ടികൾ മാത്രം എടുക്കാം (കശുവണ്ടി കൊണ്ടും ഇത് കളിക്കാറുണ്ട് ).

              ഞാൻ ആവേശത്തോടെ കൊണ്ട് നടന്നിരുന്നത് കുഴിക്കോട്ടിക്കളിയായിരുന്നു. അതിനെപ്പറ്റി അടുത്ത പോസ്റ്റിൽ ....

Tuesday, October 16, 2018

കോട്ടികളി എന്ന ഗോലികളി

            കുട്ടിക്കാല ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒരു പ്രധാന കളിയാണ് കോട്ടികളി എന്ന ഗോലികളി. അന്നത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും എല്ലാം മിഠായിക്കുപ്പികൾക്കിടയിൽ ഗോട്ടി എന്ന സ്ഫടിക ഗോളങ്ങളുടെ കുപ്പിയും ഉണ്ടായിരുന്നു. ഒരു രൂപക്ക് ഇരുപതോളം ഗോലികൾ കിട്ടുമായിരുന്നു. എന്റെ നാട്ടിലെ കടകളിൽ ഗോലി എന്ന് പറഞ്ഞാൽ കടക്കാരൻ വേറെ എന്തെങ്കിലുമായിരിക്കും തരിക.കോട്ടി എന്ന് പറഞ്ഞാൽ ഉദ്ദേശിച്ച സാധനം തന്നെ കിട്ടും.എന്റെ പ്രിയ പിതാവ് ഞങ്ങള്‍ക്കായി വാങ്ങിത്തന്ന, മടിയനായ കുട്ടന്‍ പന്നിയുടെ കഥ പറയുന്ന “കുട്ടന്റെ ഗോട്ടി കളി” എന്ന വലിയ അക്ഷരങ്ങളിലുള്ള പുസ്തകവും ഓര്‍മ്മയിലേക്ക് ഓടിക്കയറുന്നു.

            കോട്ടികളിൽ തന്നെ ഉന്നത ജാതിയും സാധാരണ ജാതിയും ഉണ്ടായിരുന്നു. പിയേഴ്സ് സോപ്പ് കടും നിറമായാൽ എങ്ങനെയിരിക്കുമോ അതു പോലുള്ള കോട്ടിയെ ചക്കരക്കോട്ടി എന്ന് വിളിക്കും. ഉള്ളിലൂടെ അപ്പുറത്തേക്ക് കാണാത്തതിനാൽ അവന് ഉറപ്പ് കൂടിയിരിക്കും എന്ന കളിക്കാരന്റെ വിശ്വാസം ചക്കരക്കോട്ടിയെ ഉയർന്ന ജാതിയിലാക്കി. ശര്‍ക്കരയുടെ നിറമുള്ളത്  കാരണമായിരിക്കാം ആ പേര് .

           സോഡാ കുപ്പിക്കകത്ത് കാണുന്ന നീല നിറത്തിലുള്ള കോട്ടി എല്ലാ കുട്ടികളുടെയും സ്വപ്നമായിരുന്നു.അതിന് കാരണം രണ്ടാണ്. ഒന്ന് ചക്കരക്കോട്ടിയെപ്പോലെ ഉറപ്പ് കൂടും എന്ന വിശ്വാസം. രണ്ട് കുപ്പിക്കുള്ളിൽ കുടുങ്ങിയ അവനെ കടയിൽ കിട്ടാത്തതിനാൽ, അത് കയ്യിലുള്ളവൻ സോഡകുടിച്ചവനും കുപ്പി അടിച്ചു മാറ്റിയവനും ആണെന്ന തെറ്റിദ്ധാരണ.കാശ് കൊടുത്ത് സോഡ വാങ്ങിക്കുടിച്ചാലും കുപ്പി തിരികെ കൊടുക്കണമായിരുന്നു. അക്കാലത്ത് അരീക്കോട് ക്യാമ്പ് റോഡിൽ സലീം ക്ലിനിക്കിന് പിന്നിലായിട്ടായിരുന്നു ഒരു സോഡാക്കമ്പനി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹോമിയോ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം സൈഡിലെ അഴുക്കു ചാലിലും കണ്ണ്‌ പതിഞ്ഞിരുന്നു -  ആ കമ്പനിയിൽ നിന്നും വീണു പോയ സോഡാക്കോട്ടി വല്ലതും ചാലില്‍  ഉണ്ടോ എന്നുള്ള നോട്ടം !

           സാധാരണ കോട്ടികളിൽ മുന്തിയ ജാതിക്കാരനായിരുന്നു ‘മൽഗോവ’. കോട്ടിക്കകത്ത് ഒരു പ്രത്യേകതരം ഡിസൈൻ ഉണ്ട്. അത് ചുവപ്പ് നിറത്തിലാണെങ്കിൽ (ചിത്രത്തില്‍ രണ്ടാമത്തേത്) അതിനെയാണ് മൽഗോവ എന്ന് വിളിച്ചിരുന്നത്. ആ ഡിസൈൻ എടുക്കാൻ വേണ്ടി നിരവധി മൽഗോവ കോട്ടികൾ പൊട്ടിച്ചിട്ടും ഉണ്ട് ! ഉള്ളിൽ നിറയെ കുത്തുകളുള്ള കോട്ടികളെ "പളുങ്ക് " എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് അതിന്റെ അർത്ഥമൊന്നും അറിയില്ലായിരുന്നു.
ചിത്രം വിക്കിപീഡിയയില്‍ നിന്ന്
          ഏറ് കോട്ടിക്കളിയിൽ ഏറ് കോട്ടിയായി ചക്കരക്കോട്ടിയും സോഡാ കോട്ടിയും ആണ് ഉപയോഗിച്ചിരുന്നത്.ഇടക്കെപ്പോഴോ അല്പം വലിപ്പം കുടിയ കോട്ടിയും പിന്നെ 'ബഡാ' കോട്ടിയും വന്നു. ബഡാ കോട്ടി കൊണ്ട് ഏറ് കിട്ടുന്ന കോട്ടികൾ മിക്കവയും കാലപുരി പൂകാൻ തുടങ്ങിയതോടെ അവ കളിയിൽ നിന്ന് അപ്രത്യക്ഷമായി.

          ഉൾഭാഗം കലങ്ങിയ കോട്ടികളും ഉണ്ടാകാറുണ്ട്. നിർമ്മാണത്തിൽ എന്തോ പിശക് സംഭവിക്കുന്നതാണത് എന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. കാരണം അത്തരം കോട്ടികൾ പെട്ടെന്ന് പൊട്ടിപ്പോകുമായിരുന്നു. വാങ്ങുമ്പോൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അപ്പോൾ തന്നെ മാറ്റിവാങ്ങാറും ഉണ്ടായിരുന്നു.കുഴിക്കോട്ടി കളിക്കുമ്പോൾ തോറ്റവന്റെ കോട്ടി അടിച്ചു പൊട്ടിക്കുന്ന ശിക്ഷയിൽ കലങ്ങിയ ഭാഗം നോക്കി അടിച്ചാൽ കോട്ടി വേഗം പൊട്ടും എന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. ഇന്ന് കോട്ടികള്‍ തന്നെ അപൂർവ്വമാണ്.

        പ്രധാനമായും രണ്ട് തരം കോട്ടി കളികളാണ് ഞങ്ങള്‍ കളിച്ചിരുന്നത്. "കുഴിക്കോട്ടി"യും “ഏറു കോട്ടിയും“ . അവയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.

ഇംഗ്ലീഷ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്

meeting , metro തുടങ്ങീ m , e , t, o എന്നീ അക്ഷരങ്ങള്‍ വരുന്ന പദങ്ങള്‍ , ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കേട്ടെഴുത്തായോ വാക്യത്തില്‍ പ്രയോഗിക്കാനോ നല്‍കരുത്. കാരണം കുട്ടികള്‍ വരുത്തുന്ന ഒരു സ്പെല്ലിംഗ് മിസ്റ്റേക് നിങ്ങളുടെ ജീവിതത്തിന്റെ കില്ലിംഗ് മിസ്റ്റേക്ക് ആകാന്‍ സാധ്യതയുണ്ട്.

Friday, October 12, 2018

ആ പെൺകുട്ടി ഇപ്പോൾ എവിടെ ?

ശ്രീ.അക്ബർ കക്കട്ടിലിന്റെ കുറിപ്പുകളാണ് ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന കൊച്ചു പുസ്തകം.‘വീടും നാടും കാദർകുട്ടിയും’ , ‘പരിഹാരങ്ങൾക്കപ്പുറം’ , ‘യാത്ര മുതൽ യാത്ര വരെ’ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലൂടെയാണ് അല്പം നർമ്മം കൂടി കലർത്തി ജീവിത സത്യങ്ങളിലേക്കും ചതിക്കുഴികളിലേക്കും വെളിച്ചം വിതറുന്നത്.

അക്ബർ മാഷിന്റെ തന്നെ ‘കാദർകുട്ടി ഉത്തരവ്’  എന്നൊരു പുസ്തകം വായനയുടെ വസന്തകാലത്ത് എന്റെ കൈകളിലൂടെ കടന്നുപോയതായി ആദ്യഭാഗത്തെ കാദർകുട്ടിയെ കണ്ടപ്പോഴേ ഓർമ്മയിൽ വന്നു. ഈ ബ്ലോഗിലെ എന്റെ സ്വന്തം കഥാപാത്രമായ ‘പോക്കരാക്ക’ എന്റെ നാട്ടിലെ കാദർകുട്ടിയാണൊ എന്ന് ഒരു സാമ്യതയും തോന്നി. ഈ പുസ്തകത്തിലെ ഏറ്റവും നീളമേറിയ ഭാഗവും ചിന്തിപ്പിക്കുന്ന ഭാഗവും കാദർകുട്ടിയുടെ ഇടപെടലുകളിലൂടെ ഇരുത്തി വായിപ്പിക്കുന്ന ഭാഗവും ഈ ഒന്നാം ഭാഗം തന്നെ. ഷൊർണ്ണൂർ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ട്രെയിൻ യാത്രയിൽ ഈ പുസ്തകം ഞാൻ മുഴുവനാക്കാൻ ഉണ്ടായ കാരണവും ആദ്യ ഭാഗത്തിലെ കാദർകുട്ടി എഫക്ടാണ്. കാദർകുട്ടി സിങ്കപ്പൂരിലേക്ക് പോകുന്നതോടെ ആ ഭാഗവും അവസാനിക്കുന്നു.

രണ്ടാം ഭാഗത്തിലെ ‘സാരിയുടുത്ത ആണുങ്ങൾ’ മിക്ക ഭർത്താക്കന്മാരും അനുഭവിക്കുന്നതാണ്. രണ്ട് പെരുന്നാളിനോടും അനുബന്ധിച്ചാണ് എന്റെ ഭാര്യയും മക്കളും ഷോപ്പിംഗിന് പോകാറുള്ളത്.ആവശ്യമായ “പൈസാചിക“ പിന്തുണ നൽകും എന്നല്ലാതെ പലപ്പോഴും ഞാൻ അവരുടെ കൂടെ പോകാറില്ല. അക്ബർ മാഷിന്റെ അനുഭവവും ആ തീരുമാനത്തെ അടിവരയിടുന്നു.

സ്വന്തം കഷണ്ടിയും ‘ഇല്ലാത്ത’ കോങ്കണ്ണും അക്ബർ മാഷ് വായനക്കാരെ ‘ഇടക്കിടക്ക്’ ഓർമ്മിപ്പിക്കാറുണ്ട്.അതിൽ പെട്ട ഒന്നാണ് ‘ഊരാക്കുടുക്ക്’ എന്ന കുറിപ്പ്. ലീലയോട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന തങ്കം മാഷെ അറിയുന്നവർക്കേ മനസ്സിലാകൂ.

ഈ പുസ്തകം സമർപ്പിക്കപ്പെട്ട ‘പ്രതിവിധികൾക്കപ്പുറം നവീന’യിലെ നവീന എന്ന പെൺ‌കുട്ടി വായനക്കിടയിലെ നോവായി നിൽക്കുന്നു. ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന ചോദ്യത്തിന്  മറുപടി കിട്ടാത്തതും ഒരു നൊമ്പരം തന്നെ.
യാത്ര മുതൽ യാത്ര വരെ എന്ന ഭാഗത്തിലെ ‘കുട്ടിക്കാലത്തെ നോമ്പ്’  എന്നെയും ആ നല്ല കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. അന്തരിച്ച എന്റെ പ്രിയ പിതാവിന്റെ നാടായ പേരാമ്പ്രക്കടുത്തെ നൊച്ചാട് പോകുമ്പോൾ നംസ്കരിക്കാൻ നിൽക്കുന്ന ‘മന്തിരി’ എന്ന പുൽ‌പായ പെട്ടെന്ന് ഓർമ്മയിൽ തികട്ടി വന്നതും ഈ കുറിപ്പിലൂടെയാണ്.

ലഘു ഉപന്യാസങ്ങൾ എന്നാണ് ഈ പുസ്തകത്തിന്റെ സബ് ടൈറ്റിൽ. ഇത് ഒരിക്കലും ഉപന്യാസങ്ങൾ ആയി എനിക്ക് തോന്നിയില്ല. ലഘു കുറിപ്പുകൾ ആയി അനുഭവപ്പെടുന്നുണ്ട്. അക്ബര്‍ മാഷും ഞാനും ഇതാ ഇവിടെയും ഉണ്ട്.


പുസ്തകം  : ആ പെൺകുട്ടി ഇപ്പോൾ എവിടെ ?
രചയിതാവ് : അക്ബര്‍ കക്കട്ടില്‍
പ്രസാധകർ : ലിപി പബ്ലിക്കേഷന്‍സ്
വില  : 110 രൂപ

പേജ്  : 120
              

Thursday, October 04, 2018

ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ്

              ആധുനികതയുടെ കുത്തൊഴുക്കിൽ എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ട ഒരു നിധിയാണ് ഹരിതകലാലയം. നളന്ദയും തക്ഷശിലയും ശാന്തിനികേതനും മറ്റും ലോകത്തിന് തന്നെ മാതൃകയായ ഹരിതകാമ്പസുകളായിരുന്നു. നമുക്ക് നഷ്ടമായ ആ സംസ്കാരത്തെയും നാഗരികതയെയും തിരിച്ചുപിടിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഭയാനകമായിരിക്കും. പ്രളയാനന്തര കേരളത്തിൽ നദികൾ നമുക്ക് തിരിച്ച് തന്ന മാലിന്യ കൂമ്പാരങ്ങൾ മേൽ പ്രവർത്തനം അടിയന്തിരമായി തുടങ്ങേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.

              കേരളത്തിലെ മിക്ക കാമ്പസുകളും ഒറ്റനോട്ടത്തിൽ ഗ്രീൻ കാമ്പസ് ആണ്. പക്ഷെ അവയിൽ മിക്കതും ക്ലീൻ കാമ്പസല്ല. കാമ്പസുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിലൂടെ നമുക്ക് ഒരേ സമയം ഗ്രീൻ കാമ്പസും ക്ലീൻ കാമ്പസും സൃഷ്ടിക്കാൻ സാധിക്കും. സേവന സന്നദ്ധതയും അല്പം നൂതന ആശയങ്ങളും ഉണ്ടെങ്കിൽ മുതൽ മുടക്കില്ലാതെ സാധ്യമാകുന്നതാണ് ഹരിത കാമ്പസ് എന്ന ആശയം '

               കാട് മൂടിക്കിടക്കുന്ന സ്ഥലങ്ങൾ അല്പാല്പമായി വൃത്തിയാക്കി പച്ചക്കറിത്തോട്ടങ്ങളും ഔഷധസസ്യോദ്യാനങ്ങളും ശലഭോദ്യാനങ്ങളും ഉണ്ടാക്കാം. ലഭ്യമാകുന്ന മഴയിൽ അല്പമെങ്കിലും ശേഖരിക്കാനുളള കൊച്ചു കൊച്ചു മാർഗ്ഗങ്ങൾ സ്വീകരിക്കാം. വെള്ളത്തിന്റെയും ഊർജ്ജത്തിന്റെയും ഉപയോഗം മിതപ്പെടുത്താൻ പരിശീലിക്കാം. ഒപ്പം കാമ്പസിൽ അനാവശ്യമായി ഒന്നും വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്ന ഹരിതസേനയായും നമുക്ക് മാറാം. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും അന്തരീക്ഷത്തിലെ കാർബൺ അളവിനെ നിയന്ത്രിക്കുകയും ചെയ്യാം. വൃത്തിയുള്ള ഹരിതാഭമായ കാമ്പസ് - എന്റെ ഉത്തരവാദിത്വം എന്നതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ഇനിയുള്ള  മനോഗതം.

(ഒക്റ്റോബര്‍ 2ന് എറണാകുളത്ത് ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ് സംസ്ഥാനതല ഉത്ഘാടനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനായി തയ്യാറാക്കിയ റൈറ്റ് അപ്)

Tuesday, October 02, 2018

സാറെ....ഇനി നിര്‍ത്തിക്കൂടെ?

“സാറെ....ഇനി നിര്‍ത്തിക്കൂടെ ?” നഴ്‌സിന്റെ ചോദ്യം കേട്ട് ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.

“കഴിഞ്ഞ പ്രാവശ്യത്തെ കോമ്പ്ലിക്കേഷനുകള്‍ ഓര്‍മ്മയുണ്ടല്ലോ അല്ലേ ?” ആരോ എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തി. അന്ന് ബ്ലീഡിംഗ് നിലക്കാത്തത് കാരണം എല്ലാവരും അമ്പരന്ന് പോയതും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

“ഇത് പന്ത്രണ്ടാമത്തതല്ലേ ? 47 വയസ്സും കഴിഞ്ഞു...ഇനിയും ?”

“60 വയസ്സ് വരെ ആകാം എന്നാ ഞാന്‍ പഠിച്ചത്...”

“ആരോഗ്യമുണ്ടെങ്കില്‍ 65 വയസ്സ് വരെ ആകാം എന്നാ ഇപ്പോള്‍ ഡോക്റ്റര്‍മാര്‍ പറയുന്നത്.” നഴ്‌സ് എന്റെ ലൈനിലേക്ക് കയറി.

“ആഹാ....സിസ്റ്ററേ പിന്നെ എന്തിന് മടിക്കണം....ധൈര്യമായി സൂചി കയറ്റിക്കോ....”

പന്ത്രണ്ടാം രക്തദാനം നിര്‍വ്വഹിച്ചുകൊണ്ട് ദേശീയ രക്തദാന ദിനാചരണത്തില്‍ ഞാനും പങ്കാളിയായി.