Pages

Tuesday, October 16, 2018

കോട്ടികളി എന്ന ഗോലികളി

            കുട്ടിക്കാല ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒരു പ്രധാന കളിയാണ് കോട്ടികളി എന്ന ഗോലികളി. അന്നത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും എല്ലാം മിഠായിക്കുപ്പികൾക്കിടയിൽ ഗോട്ടി എന്ന സ്ഫടിക ഗോളങ്ങളുടെ കുപ്പിയും ഉണ്ടായിരുന്നു. ഒരു രൂപക്ക് ഇരുപതോളം ഗോലികൾ കിട്ടുമായിരുന്നു. എന്റെ നാട്ടിലെ കടകളിൽ ഗോലി എന്ന് പറഞ്ഞാൽ കടക്കാരൻ വേറെ എന്തെങ്കിലുമായിരിക്കും തരിക.കോട്ടി എന്ന് പറഞ്ഞാൽ ഉദ്ദേശിച്ച സാധനം തന്നെ കിട്ടും.എന്റെ പ്രിയ പിതാവ് ഞങ്ങള്‍ക്കായി വാങ്ങിത്തന്ന, മടിയനായ കുട്ടന്‍ പന്നിയുടെ കഥ പറയുന്ന “കുട്ടന്റെ ഗോട്ടി കളി” എന്ന വലിയ അക്ഷരങ്ങളിലുള്ള പുസ്തകവും ഓര്‍മ്മയിലേക്ക് ഓടിക്കയറുന്നു.

            കോട്ടികളിൽ തന്നെ ഉന്നത ജാതിയും സാധാരണ ജാതിയും ഉണ്ടായിരുന്നു. പിയേഴ്സ് സോപ്പ് കടും നിറമായാൽ എങ്ങനെയിരിക്കുമോ അതു പോലുള്ള കോട്ടിയെ ചക്കരക്കോട്ടി എന്ന് വിളിക്കും. ഉള്ളിലൂടെ അപ്പുറത്തേക്ക് കാണാത്തതിനാൽ അവന് ഉറപ്പ് കൂടിയിരിക്കും എന്ന കളിക്കാരന്റെ വിശ്വാസം ചക്കരക്കോട്ടിയെ ഉയർന്ന ജാതിയിലാക്കി. ശര്‍ക്കരയുടെ നിറമുള്ളത്  കാരണമായിരിക്കാം ആ പേര് .

           സോഡാ കുപ്പിക്കകത്ത് കാണുന്ന നീല നിറത്തിലുള്ള കോട്ടി എല്ലാ കുട്ടികളുടെയും സ്വപ്നമായിരുന്നു.അതിന് കാരണം രണ്ടാണ്. ഒന്ന് ചക്കരക്കോട്ടിയെപ്പോലെ ഉറപ്പ് കൂടും എന്ന വിശ്വാസം. രണ്ട് കുപ്പിക്കുള്ളിൽ കുടുങ്ങിയ അവനെ കടയിൽ കിട്ടാത്തതിനാൽ, അത് കയ്യിലുള്ളവൻ സോഡകുടിച്ചവനും കുപ്പി അടിച്ചു മാറ്റിയവനും ആണെന്ന തെറ്റിദ്ധാരണ.കാശ് കൊടുത്ത് സോഡ വാങ്ങിക്കുടിച്ചാലും കുപ്പി തിരികെ കൊടുക്കണമായിരുന്നു. അക്കാലത്ത് അരീക്കോട് ക്യാമ്പ് റോഡിൽ സലീം ക്ലിനിക്കിന് പിന്നിലായിട്ടായിരുന്നു ഒരു സോഡാക്കമ്പനി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹോമിയോ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം സൈഡിലെ അഴുക്കു ചാലിലും കണ്ണ്‌ പതിഞ്ഞിരുന്നു -  ആ കമ്പനിയിൽ നിന്നും വീണു പോയ സോഡാക്കോട്ടി വല്ലതും ചാലില്‍  ഉണ്ടോ എന്നുള്ള നോട്ടം !

           സാധാരണ കോട്ടികളിൽ മുന്തിയ ജാതിക്കാരനായിരുന്നു ‘മൽഗോവ’. കോട്ടിക്കകത്ത് ഒരു പ്രത്യേകതരം ഡിസൈൻ ഉണ്ട്. അത് ചുവപ്പ് നിറത്തിലാണെങ്കിൽ (ചിത്രത്തില്‍ രണ്ടാമത്തേത്) അതിനെയാണ് മൽഗോവ എന്ന് വിളിച്ചിരുന്നത്. ആ ഡിസൈൻ എടുക്കാൻ വേണ്ടി നിരവധി മൽഗോവ കോട്ടികൾ പൊട്ടിച്ചിട്ടും ഉണ്ട് ! ഉള്ളിൽ നിറയെ കുത്തുകളുള്ള കോട്ടികളെ "പളുങ്ക് " എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് അതിന്റെ അർത്ഥമൊന്നും അറിയില്ലായിരുന്നു.
ചിത്രം വിക്കിപീഡിയയില്‍ നിന്ന്
          ഏറ് കോട്ടിക്കളിയിൽ ഏറ് കോട്ടിയായി ചക്കരക്കോട്ടിയും സോഡാ കോട്ടിയും ആണ് ഉപയോഗിച്ചിരുന്നത്.ഇടക്കെപ്പോഴോ അല്പം വലിപ്പം കുടിയ കോട്ടിയും പിന്നെ 'ബഡാ' കോട്ടിയും വന്നു. ബഡാ കോട്ടി കൊണ്ട് ഏറ് കിട്ടുന്ന കോട്ടികൾ മിക്കവയും കാലപുരി പൂകാൻ തുടങ്ങിയതോടെ അവ കളിയിൽ നിന്ന് അപ്രത്യക്ഷമായി.

          ഉൾഭാഗം കലങ്ങിയ കോട്ടികളും ഉണ്ടാകാറുണ്ട്. നിർമ്മാണത്തിൽ എന്തോ പിശക് സംഭവിക്കുന്നതാണത് എന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. കാരണം അത്തരം കോട്ടികൾ പെട്ടെന്ന് പൊട്ടിപ്പോകുമായിരുന്നു. വാങ്ങുമ്പോൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അപ്പോൾ തന്നെ മാറ്റിവാങ്ങാറും ഉണ്ടായിരുന്നു.കുഴിക്കോട്ടി കളിക്കുമ്പോൾ തോറ്റവന്റെ കോട്ടി അടിച്ചു പൊട്ടിക്കുന്ന ശിക്ഷയിൽ കലങ്ങിയ ഭാഗം നോക്കി അടിച്ചാൽ കോട്ടി വേഗം പൊട്ടും എന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. ഇന്ന് കോട്ടികള്‍ തന്നെ അപൂർവ്വമാണ്.

        പ്രധാനമായും രണ്ട് തരം കോട്ടി കളികളാണ് ഞങ്ങള്‍ കളിച്ചിരുന്നത്. "കുഴിക്കോട്ടി"യും “ഏറു കോട്ടിയും“ . അവയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.

5 comments:

Areekkodan | അരീക്കോടന്‍ said...

അക്കാലത്ത് അരീക്കോട് ക്യാമ്പ് റോഡിൽ സലീം ക്ലിനിക്കിന് പിന്നിലായിട്ടായിരുന്നു ഒരു സോഡാക്കമ്പനി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹോമിയോ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം സൈഡിലെ അഴുക്കു ചാലിലും കണ്ണ്‌ പതിഞ്ഞിരുന്നു

സുധി അറയ്ക്കൽ said...

ഇവിടെ വട്ടുകളി എന്നാണു പറഞ്ഞിരുന്നത്.ഇപ്പോളത്തെ കുട്ടികള്‍ ഈ സാധനം കണ്ടിട്ടുണ്ടോ ആവോ?

സുധി അറയ്ക്കൽ said...

സാറിന്റെ ബ്ലോഗില്‍ കമന്റിടാന്‍ സാധിക്കുന്നില്ല എന്ന ഗീതച്ചെച്ചിയും പറഞ്ഞിട്ടുണ്ട്.

Typist | എഴുത്തുകാരി said...

ഇടവഴികളിലൊക്കെ ഗോട്ടി കളിക്കുന്ന കുട്ടികളെ കാണാമായിരുന്നു. ആണ്‍കുട്ടികളുടെ കിയായിരുന്നല്ലോ അത്.

Areekkodan | അരീക്കോടന്‍ said...

സുധീ...വട്ടു കളിയോ ? നല്ല പേര് !!! പിന്നെ കമന്റിടാന്‍ പറ്റുന്നില്ല എന്ന് ചിലര്‍ പറയുന്നു.ബ്രൌസറിന്റെ പ്രശ്നമാണോ എന്നാണ് എനിക്ക് സംശയം.

എഴുത്തുകാരി ചേച്ചീ...ചുമര്‍ കോട്ടി കളിയില്‍ ഞങ്ങള്‍ ആണും പെണ്ണും എല്ലാം കളിച്ചിരുന്നു.കോട്ടിക്ക് പകരം വളപ്പൊട്ട് ഉപയോഗിക്കുമ്പോള്‍ പെണ്‍ കളിക്കാരാണ് കൂടുതല്‍ വാശി കാണിച്ചിരുന്നത്.

Post a Comment

നന്ദി....വീണ്ടും വരിക