Pages

Saturday, June 30, 2012

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് !!!

മാന്യരെ,

                     ഗള്‍ഫില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവധിയില്‍ വരുന്നവര്‍ വിമാനം കയറുന്നതിന് മുമ്പേ നാട്ടിലെ ബന്ധുക്കളെ വിളിച്ച് പ്രാദേശിക ഹര്‍ത്താല്‍ , താലൂക്ക് ഹര്‍ത്താല്‍, മണ്ഡലം ഹര്‍ത്താല്‍,ജില്ലാ ഹര്‍ത്താല്‍,സംസ്ഥാന ഹര്‍ത്താല്‍ ഇവയിലേതാണ് നിങ്ങള്‍ ലാന്റ് ചെയ്യുന്ന ദിവസം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്തപക്ഷം മാന്യ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടത്തിന്റെ റണ്‍‌വ്വേയില്‍ മാത്രം ഓടിക്കൊണ്ടിരിക്കുന്ന എയര്‍‌ഇന്ത്യ ഉത്തരവാദിയായിരിക്കില്ല.

ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 1

                     നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ നാട്ടില്‍ വസിക്കുന്ന ഏതൊരാളും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് മൂഢനായ എന്ന് വേണമെങ്കില്‍ പറയാം, ഞാനും  ചോദിച്ചത്. പോയി പോയി നമ്മുടെ പാര്‍ട്ടിക്കാരും ജനങ്ങളും എത്തിച്ചേര്‍ന്ന ഒരു ഗതികേട് തന്നെയാണ് എന്റെ പരാമര്‍ശ വിഷയം.

                      ഒരു പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ ഒരാള്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കും എന്നത് തീര്‍ച്ച തന്നെ.അയാള്‍ പാര്‍ട്ടിക്കകത്തിരുന്ന കാലത്ത് അയാള്‍ക്കും പാര്‍ട്ടിക്കും അഭിമതമായിരുന്ന പല കാര്യങ്ങളും അയാളുടെ പുറത്താക്കലിലൂടെ അല്ലെങ്കില്‍ സ്വയം പുറത്തു പോകലിലൂടെ അനഭിമതവും കുറ്റങ്ങളും ആയി മാറുന്നു.മത-രാഷ്ട്രീയ ഭേദമന്യേ കേരളം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണിത്. അങ്ങനെ പുകയുന്ന അല്ലെങ്കില്‍ പുകഞ്ഞുകൊണ്ടേ ഇരിക്കുന്ന കൊള്ളികളെ വെള്ളം ഒഴിച്ചു കെടുത്തുന്നതിന് പകരം (ഭീഷണിപെടുത്തുന്നതിന് പകരം) സമുദ്രത്തില്‍ തന്നെ കെട്ടിത്താഴ്ത്തുക (നിശ്ശേഷം ഇല്ലാതാക്കുക) എന്ന രീതിയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഈ അടുത്തകാലത്ത് കേരളജനത ഞെട്ടിപ്പോയ ടി.പി.ചന്ദ്രശേഖരന്‍ വധം നടപ്പിലായത് ഈ അജണ്ട പ്രകാരമായിരുന്നു എന്ന് ഇന്ന് വ്യക്തമായി.

                        കുട്ടിക്കാലത്ത് സഹപാഠിയെ  നോക്കി ‘നിന്നെ ഞാന്‍ കാണിച്ചുതരാം’ എന്ന് പറയാന്‍ പോലും നമുക്ക് ധൈര്യം വരില്ലാ‍യിരുന്നു.കാരണം സ്കൂള്‍ നീതിന്യായ വ്യവസ്ഥയുടെ അധിപനായ ഹെഡ്മാസ്റ്ററുടെ അടുത്ത് പ്രസ്തുത ഭീഷണി എത്തിയാല്‍ കിട്ടുന്ന ചൂരല്‍ പ്രയോഗം മനസ്സില്‍ വരുമായിരുന്നു. എന്നാല്‍ ഇന്ന് അതേ കുട്ടികള്‍ തന്നെ   ‘തല പൂക്കുലപോലെ ചിതറും’ , ‘കയ്യും കാലും വെട്ടി നുറുക്കും’ എന്നൊക്കെ പൊതുയോഗങ്ങളില്‍ വിളിച്ചുപറയാന്‍ വരെ ധൈര്യമുള്ള നേതാക്കളായി ‘വളര്‍ന്നിരിക്കുന്നു‘.കോടതിയും മറ്റു വ്യവസ്ഥകളുംഞങ്ങള്‍ക്ക് പുല്ലാണ് എന്ന തീവ്രവാദി സമീപനമല്ലേ ഇന്ന് കേരളാം ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

                        കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതിയും മറ്റു പ്രതികളും ചൂണ്ടിക്കാണിക്കുന്ന മിക്കവാറും പേര്‍ക്ക് അതില്‍ ഏതെങ്കിലും തരത്തില്‍ പങ്ക് ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അത്തരം ഒരവസ്ഥയില്‍ ഇങ്ങനെ വിളിച്ചുപറയും എന്ന് എനിക്ക് തോന്നുന്നില്ല.ആ നിലക്ക് ഇന്നലെ കോഴിക്കോട് നടന്ന അറസ്റ്റ് തെളിവികളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും.പക്ഷേ , സ്വന്തം പാര്‍ട്ടി അംഗം അറസ്റ്റിലായപ്പോള്‍ ഈ കടുത്ത പ്രതിസന്ധിയെ അതിജീവിക്കുക എന്ന ഒറ്റ അജണ്ട ലക്ഷ്യമാക്കി ജനശ്രദ്ധ മുഴുവന്‍ തിരിച്ചു വിടാന്‍ വേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് വീണ്ടും ലക്ഷ്യം തെറ്റി എന്നതിന്റെ തെളിവാണ്.ഇതിലും വലിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും തുറുങ്കില്‍ അടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇത്തരം വഴി വിട്ട സമീപനങ്ങള്‍ ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല.

                     ഈ ഒരു ഹര്‍ത്താലിലൂടെ പുതിയ ഒരു സംസ്കാരം കൂടി വളരാന്‍ തുടങ്ങുകയാണ്.രാഷ്ട്രീയ നേതാക്കളെ , അവരെന്ത് കേസില്‍ പ്രതിയായാലും അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നും പോലീസും നിയമവും ജനങ്ങളുടെ കൂട്ടത്തിന് മുമ്പില്‍ കീഴടങ്ങണം എന്നുമല്ലേ ഈ ഹര്‍ത്താല്‍ പുതിയ തലമുറക്ക്  പകരുന്ന സന്ദേശം?പിന്നില്‍ നില്‍ക്കാന്‍ നാലാളുണ്ടെങ്കില്‍ തന്റെ നാവ് കൊണ്ട് എവിടെയും എന്തും വിളിച്ച് പറയാം എന്നല്ലേ ഇത് നല്‍കുന്ന പാഠം?

                    ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യവും മുട്ടുവേദനയും ഒക്കെ വരുന്നത് സത്യം പുറത്ത്പറഞ്ഞ് പോകുമോ എന്ന പേടിയില്‍ നിന്നല്ലേ?നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് ധൈര്യസമേതം അന്വേഷണം നേരിട്ടു കൂട?

                   ഇന്നത്തെ ഹര്‍ത്താലിന്റെ വിജയം കേരളജനതക്കെതിരെയുള്ള കൊഞ്ഞനം കുത്തലായിട്ടേ കാണാന്‍ സാധിക്കൂ.ഇനി എന്തും ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെയ്യാം എന്നതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട് കൂടിയാണ് ഇത് എന്ന മുന്നറിയിപ്പ് കൂടി കേരള ജനതക്ക് ഈ ഹര്‍ത്താല്‍ നല്‍കുന്നു.


Thursday, June 28, 2012

‘സാന്ത്വനകിരണം‘

             “തളര്‍ന്ന കാലുകളുടെ കരുത്ത് മനസ്സിലേക്ക് പകര്‍ന്ന് മുന്നേറുന്ന യുവ എഴുത്തുകാരി കുമാരി ശബ്‌ന പൊന്നാടും വ്യത്യസ്ത കാരണങ്ങളാല്‍ ശാരീരിക അംഗവൈകല്യങ്ങള്‍ സംഭവിച്ച നൂറില്പരം അംഗങ്ങളും ഇളംതെന്നലായി അനുഭവങ്ങള്‍ പങ്കുവെച്ച് മനസ്സിന്റെ ഭാരം കുറക്കുന്നതിനായി ഇതാ ഒരു ദിവസം ഇവര്‍ക്കായി...ഇവര്‍ക്കായി മാത്രം.....”

              ശബ്‌നാസ് ചാരിറ്റബ്‌ള്‍ & എജുക്കേഷണല്‍ ട്രസ്റ്റിന്റെ ‘സാന്ത്വനകിരണം‘ എന്ന പരിപാടിയുടെ നോട്ടീസില്‍ നിന്നുള്ള വരികളാണ് മേല്‍ ഉദ്ധരിച്ചത്.മൂന്നാഴ്ച മുമ്പ് അരീക്കോട് വച്ചായിരുന്നു ‘സാന്ത്വനകിരണം‘ എന്ന പരിപാടി.കുടുംബ സമേതം പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും അതൊരു വേറിട്ട അനുഭവം തന്നെയായി.

               മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശയ്യാലവംബികളായവരുടെ സംഗമം എന്നതായിരുന്നു ശബ്‌ന ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞ ചിത്രം.ഒമ്പതര മണിയോടെ പരിപാടി നടക്കുന്ന സ്ഥലത്തെത്തുമ്പോളും വളരെയധികം പേരെയൊന്നും കാണാനില്ലായിരുന്നു.പക്ഷേ പത്തര ആയതോടെ ചിത്രം മാറി.സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന ആള്‍ക്കാരെയും വഹിച്ചുള്ള വാഹനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും എത്തിത്തുടങ്ങി.സ്വയം പരിചയപ്പെടുത്തല്‍ നടന്നപ്പോഴാണ് മലപ്പുറത്തിന് പുറമേ കോഴിക്കോട് , പാലക്കാട് ജില്ലകളീല്‍ നിന്നുള്ളവരും ഈ സംഗമത്തില്‍ പങ്കെടുക്കുന്നു എന്ന് അറിഞ്ഞത്.അതില്‍ തന്നെ പട്ടാമ്പിയില്‍ നിന്നുള്ള ഒരാള്‍ സ്വയം വണ്ടി ഓടിച്ചാണ് ഇവിടെ എത്തിയത് എന്ന് പറഞ്ഞപ്പോള്‍ ‘അസാധ്യമായി ഒന്നുമില്ല’ എന്ന നെപ്പോളിയന്റെ വാക്കുകളാണ് ഓര്‍മ്മ വന്നത്.

                 സംഗമത്തിന്റെ ഔപചാരിക ഉത്‌ഘാടനം നിര്‍വ്വഹിച്ചത് തിരക്കഥാകൃത്തും നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ ശ്രീ.ആര്യാടന്‍ ഷൌക്കത്ത് ആയിരുന്നു.കെ.വി.അബൂട്ടി അടക്കമുള്ള അരീക്കോട്ടെ സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.കൂടാതെ കെ.എം.കെ വെള്ളയില്‍, ബാബുരാജ് കോട്ടക്കുന്ന്, അരുണ്‍ അരീക്കോട്, ലുഖ്‌മാന്‍ അരീക്കോട്, വാജിദ് തുടങ്ങീ ആകാശവാണിയിലേയും ദൃശ്യമാധ്യമങ്ങളിലേയും തിളങ്ങും താരങ്ങളും വിവിധ പരിപാടികളിലൂടെ സദസ്സിനെ ഹരം കൊള്ളിച്ചു.

                                                              ശ്രീ.ആര്യാടന്‍ ഷൌക്കത്ത്

                                                             ശ്രീ.ലുഖ്‌മാന്‍ അരീക്കോട്


                  സംഗമത്തിന് എത്തിയവര്‍ക്ക് കൈതാങ്ങായി ഓമാനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും ശബ്‌നാസ് ചാരിറ്റബ്‌ള്‍ & എജുക്കേഷണല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരും മാതൃകാപരമായി തന്നെ പ്രവര്‍ത്തിച്ചു.അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവാസി കോണ്‍ഗ്രസ്സും ആയിരുന്നു പരിപാടിയുടെ പ്രായോജകര്‍.

                  ട്രസ്റ്റിന്റെ ഭാവി പരിപാടിയായി പ്രധാനമായും മുന്നോട്ട് വച്ചത് ശയ്യാലവംബികളായ ഇത്തരം ആള്‍ക്കാര്‍ക്ക് രണ്ടൊ മൂന്നോ ദിവസം താമസിച്ച് പരസ്പരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു സ്ഥാപനം എന്നുള്ളതാണ്. സുമനസ്സുള്ള എല്ലാവരും ഈ ഉദ്യമത്തില്‍ ശബ്‌നക്ക് ഒരു കൈതാങ്ങായി ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
 
                                                      ഞാനും ശബ്നയും എന്റെ മകളും

Wednesday, June 27, 2012

കേരളാ എന്‍ട്രന്‍സും ഞാനും -2

“ഹലോ....ആം ഫ്രം മുംബൈ.....ആ മൈ ടോക്കിങ്ങ് റ്റു മിസ്റ്റര്‍ അബീത് ?”

“യെസ്...ദാറ്റ് മിസ്റ്റര്‍ ഇസ് ഹിയര്‍...”

“അച്ചാ....”

“ങേ!!!” അച്ചാ വിളികേട്ട് ഞാന്‍ ഒന്ന് ഞെട്ടി.

“അച്ചാ....ഐ വാന്റ് റ്റു നൊ അബൌട്ട് ദിസ് കീ നമ്പര്‍...ഫ്രം വേര്‍ വില്ല് ഐ ഗെറ്റ് ഇറ്റ്...”

‘ഈ ഹിന്ദിക്കാരിക്ക് വിളിക്കാന്‍ വേറെ ഒരു അച്ചനേയും കിട്ടിയില്ലേ എന്ന്’‘ മനസ്സില്‍ ഓര്‍ത്ത് ഞാന്‍ പറഞ്ഞു.-

“യൂ ഹാവ് റ്റു കം ഹിയര്‍ റ്റു ഗെറ്റ് ഇറ്റ്....”

“അച്ചാ...റ്റു കാലികറ്റ് എഞ്ചിനീയറിംഗ് കോളേജ് ?”

“യെസ്...”

“അച്ചാ...ഐ വില്‍ റീച്ച് വിതിന്‍ എ അവര്‍....”

“ങേ!മുംബയില്‍ നിന്നോ?”

“അതൊന്ന് ടെസ്റ്റ് ചെയ്തതല്ലേ....ഞാന്‍ അസ്സല്‍ കോഴിക്കോട്ടുകാരിയാ....ഓ കെ സീ യൂ ..”

ആരൊക്കെ വിളിച്ച് മക്കാറാക്കുന്നു എന്ന് അറിയാന്‍ ഒരു വഴിയും ഇല്ലാത്തതിനാല്‍ നേരില്‍ വന്നാലും ഒന്ന് വിരട്ടാന്‍ പോലും ആവാത്ത കിങ്ങ് ആയി പോയി പാവം ഈ ഒപ്‌ഷന്‍ ഫെസിലിറ്റി അഡ്‌മിനിസ്ട്രേറ്റര്‍.

കേരളാ എന്‍ട്രന്‍സും ഞാനും - 1

                   മെഡിക്കല്‍/എഞ്ചിനീയറിംഗ് ഒപ്‌ഷന്‍ ഫെസിലിറ്റി അഡ്‌മിനിസ്ട്രേറ്റര്‍ എന്ന പദവി പണ്ട് ദാസന്‍ പറഞ്ഞ പോലെ അത്ര ചെറിയ പദവിയൊന്നുമല്ല എന്ന് കൊല്ലങ്ങളായി ഇതിന്റെ ഭരണം നടത്തുന്ന എനിക്ക് ഇപ്പോള്‍ മനസ്സിലായി തുടങ്ങി.ഹെല്പ്ഡെസ്കും ഒപ്‌ഷന്‍ ഫെസിലിറ്റി സെന്ററും (ഒ.എഫ്.സി) ഒരുമിച്ച് കൊണ്ടുപോകുക എന്നത് തികച്ചും ദുഷ്കരമായ ഒരു ജോലി കൂടിയാണെന്നും  ഇപ്പോള്‍ എനിക്ക് മനസ്സിലായി തുടങ്ങി.എന്‍ട്രന്‍സുമായി ബന്ധപ്പെട്ട എന്ത് ഗമണ്ടന്‍ ചോദ്യത്തിനും ഉത്തരം പറയാന്‍ എന്റെ മണ്ട അധികം പുകക്കേണ്ട അവസ്ഥ എനിക്ക് വരാറില്ല.കാരണം മിക്ക ചോദ്യങ്ങളും അത്തരത്തിലുള്ളതാണ്.എന്‍ട്രന്‍സ് കമ്മീഷണര്‍ എന്നെപ്പോലെയുള്ളവരെ  ഈ പണിക്കുള്ള കിങ്ങുമാരാക്കിയത്  വെറുതെയല്ല എന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി.അങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഇവിടെ പങ്കു വയ്ക്കട്ടെ.

“ഹലോ... ആബിദ് സാര്‍ അല്ലേ?”

“ആ...അതേ...പറയൂ....”

“ എന്‍ട്രന്‍സുമായി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട് സാര്‍....”

“ഓകെ....ചോദിച്ചോളൂ....”

“ഈ പ്ലസ് ടു മാര്‍ക്ക് എന്റര്‍ ചെയ്ത് കിട്ടുന്ന ഡേറ്റ ഷീറ്റും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും കൂടി അയക്കേണ്ടത് പരന്ന കവറിലോ അതോ നീണ്ട കവറിലോ?”

(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഞാന്‍ വീണ്ടും വരാം...)

Monday, June 25, 2012

കൃഷിയും ഞാനും

                  കൃഷി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്.ചെറുപ്പകാലത്ത് വീടിന്റെ തൊട്ടടുത്ത് ഇത്തിരി പോന്ന ഒരു കണ്ടത്തില്‍ വാളങ്ങ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഒരു പച്ചക്കറിയുടെ (ഉണങ്ങിക്കഴിഞ്ഞാല്‍ അതിനകത്ത് ചുവന്ന നിറത്തിലുള്ള വലിയ കുരു ഉണ്ടാകും.അല്പ നേരം നിലത്തുരച്ചാല്‍ അത് ചൂടാകും.ഇതുകൊണ്ട് മറ്റുള്ളവരെ ചൂടു വയ്ക്കുന്നത് ചെറുപ്പകാലത്തെ ഒരു വിനോദമായിരുന്നു) വെളുത്ത വിത്തുള്ള ഐറ്റം കുഴിച്ചിട്ടതും അത് മുളച്ച് വരുന്നതും പടര്‍ന്ന് പന്തലിച്ചതും കാ പറിച്ച് ഉപ്പേരി വച്ചതും എല്ലാം ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു.കൂടാതെ പറമ്പിന്റെ താഴെ കണ്ടത്തില്‍ പയര്‍ നട്ടിരുന്നതും അതിന് പന്തല്‍ കെട്ടി പടര്‍ത്തിയിരുന്നതും ഒരു കുട്ട എടുത്ത് രാവിലെ പയര്‍ പറിക്കാന്‍ പോയിരുന്നതും എന്റെ ഓര്‍മ്മയില്‍ ഇന്നും ഉണ്ട്.ആ തോട്ടത്തില്‍ പയര്‍ തിന്നാന്‍ തത്തകളും അണ്ണാറക്കണ്ണന്മാരും വന്നിരുന്നതും അണ്ണാനുകളെ കെണി വച്ച് പിടിച്ചിരുന്നതും ഓര്‍മ്മയില്‍ പച്ചയായി തന്നെ ഇന്നും നില്‍ക്കുന്നു.

                 എന്റെ മാതാപിതാക്കള്‍ അദ്ധ്യാപകര്‍ ആയിരുന്നെങ്കിലും വീട്ടില്‍ എല്ലാവിധ സാധനങ്ങളുംകൃഷി ചെയ്യാന്‍ മുമ്പേ ശ്രമിക്കാറുണ്ടായിരുന്നു.ഇന്നും ഉമ്മ കൃഷിഭവനില്‍ നിന്ന് പല തരം വിത്തുകളും സംഘടിപ്പിച്ച് കൊണ്ട് വന്ന് കൃഷി നടത്തുന്നു.എന്റെ പുരയിടത്തിലും ഉമ്മ കുഴിച്ചിട്ട പലതിനേയും ഞാന്‍ പരിപാലിക്കുകയും അതിന്റെ ഫലങ്ങള്‍ എന്നും (പയറ്,വഴുതന,വെണ്ട,കോവയ്ക്ക തുടങ്ങിയവ) ഉച്ചയൂണില്‍ അനുഭവിക്കുകയും ചെയ്യുന്നു.ഇതിന്റെ പേരില്‍ ഉമ്മക്ക് ഒരു തവണ പഞ്ചായത്തിലെ മികച്ച അടുക്കളത്തോട്ട കര്‍ഷക എന്ന ബഹുമതിയും ലഭിച്ചിരുന്നു.ഉമ്മയുടെ കുടുംബത്തില്‍ ഈ ഒരു സ്വഭാവം പിന്നെ കിട്ടിയത് ഉമ്മയുടെ രണ്ടാമത്തെ ജ്യേഷ്ടത്തിക്ക് മാത്രമാണ്.

                 മൂന്ന് മാസം മുമ്പ് എന്റെ മകളുടെ ചെവി എന്നെ കര്‍ഷകനാക്കിയ ഒരു സംഭവം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു.അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.ഈ അടുത്ത് റേഡിയോ മാങ്കോയിലെ കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് അവതരിപ്പിക്കുന്ന രഘുവിന്റെ വിവാഹ സല്‍ക്കാര വേളയില്‍ രഘു നവവധുവിന് എന്നെ പരിചയപ്പെടുത്തിയതും അദ്ധ്യാപകന്‍ എന്നതിലുപരി ഒരു നല്ല കര്‍ഷകനായിട്ടായിരുന്നു.ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമത്തില്‍ എന്‍.എസ്.എസ് മുന്‍ സ്റ്റേറ്റ് ലൈസണ്‍ ഓഫീസര്‍ ശ്രീമതി അനിത ശങ്കര്‍ എന്റെ പേര് എടുത്ത് പറഞ്ഞതും കോളേജില്‍ ഒരു പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ചതിന്റെ പേരിലായിരുന്നു.

                നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും സ്വന്തം വീട്ടില്‍ ഉല്പാദിപ്പിക്കുന്ന ഒരു ശീലം നാം ഏത് ജോലിയില്‍ ഏര്‍പ്പെട്ടവനാണെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വിഷമയമായ ധാരാളം വസ്തുക്കളെ നമ്മുടേയും കുടുംബത്തിന്റേയും ശരീരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കും.അതിന് എല്ലാവരും കഴിയുന്ന വിധത്തില്‍ ശ്രമിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മക്കളുടെ യോഗം

               അഛന്മാരുടെ പേരില്‍ ഓസിന് അറിയപ്പെട്ട പ്രശസ്തരായ അനേകം മക്കള്‍ ഇന്ന് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉണ്ട്.സമകാലിക കേരള രാഷ്ട്രീയത്തില്‍ നോക്കിയാല്‍ ശ്രീ.കരുണാകരന്റെ മകന്‍ ശ്രീ.മുരളീധരന്‍ , ശ്രീ.സി.എച്ച്.മുഹമ്മെദ് കോയയുടെ മകന്‍ ശ്രീ.എം.കെ.മുനീര്‍, ശ്രീ.ബാലകൃഷ്ണപിള്ളയുടെ മകന്‍ ശ്രീ.ഗണേഷ്‌കുമാര്‍ അങ്ങിനെ ആ നിര നീളുന്നു.സാഹിത്യത്തില്‍ അഛന്റെ പാരമ്പര്യം തുടര്‍ന്ന മക്കള്‍ തുലോം കുറവാണ് എന്ന് തന്നെ പറയാം.ശ്രീ.എന്‍.പി.മുഹമ്മദിന്റെ മകന്‍ എന്റെ അദ്ധ്യാപകന്‍ കൂടിയായ ശ്രീ.ഹാഫിസ് മുഹമ്മെദ്, ശ്രീമതി ബാലാമണിയമ്മയുടെ മകള്‍ ശ്രീമതി കമലാസുരയ്യ (മാധവിക്കുട്ടി) എന്നിവരേ എന്റെ പെട്ടെന്നുള്ള ശ്രദ്ധയില്‍ വരുന്നുള്ളൂ.സിനിമയില്‍ ശ്രീ.ശ്രീനിവാസന്റെ മകന്‍ ശ്രീ.വിനോദ്, ശ്രീ.മമ്മൂട്ടിയുടെ മകന്‍ ശ്രീ.ദുല്‍ക്കര്‍ സല്‍മാന്‍, ശ്രീ.കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ ശ്രീ.സായ്കുമാര്‍, ശ്രീ.സുകുമാരന്റെ മകന്‍ ശ്രീ.പൃത്വിരാജ് അങ്ങിനെ ആ നിരയും നീളുന്നു.

              മുമ്പ് മഞ്ചേരി മേലാക്കം കെ.എസ്.ഇ.ബി ഓഫീസില്‍ കാഷ്യര്‍ ആയി ഇരുന്ന സമയത്ത് കൌണ്ടറില്‍ ഒരു മാന്യവ്യക്തി വന്ന് ഞാന്‍ ലിന്‍ഡാ ജെയിംസിന്റെ ഹസ്ബന്റ് എന്ന് സ്വയം പരിചയപ്പെടുത്തിയതും ഇപ്പോള്‍  ഓര്‍ക്കുന്നു.മഞ്ചേരിയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ആണ് ശ്രീമതി ലിന്‍ഡാ ജെയിംസ്.

             ഇത്രയും ഇവിടെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല.ഇന്ന് വൈകിട്ട് എന്റെ ഒരു അസുഖത്തിനായി ഹോമിയോ ഡോക്ടറെ കണ്ടു.എന്റെ അടുത്തപരിചയക്കാരനായ അദ്ദേഹം, ഞാന്‍ ഇറങ്ങുമ്പോള്‍ പറഞ്ഞു -
“മരുന്ന് തുടര്‍ന്നും വേണമെങ്കില്‍ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞാല്‍ മതി.വിളിക്കുമ്പോള്‍ നൌറയുടെ ഉപ്പ ആബിദ് എന്ന് പറയുക!!”

             14 കാരിയായ മകളുടെ പേരില്‍ അറിയപ്പെടുന്ന 41 കാരനായ ഞാന്‍!മക്കളുടേ ഒരു യോഗം എന്നല്ലാതെ എന്താ ഇതിന് പറയാ?

Wednesday, June 20, 2012

നാലാമന്‍ ആര്?

           അങ്ങനെ ബൂലോകത്ത് നിന്നും മൂന്നാമത്തെയാളും എന്റെ വീട്ടില്‍ കാലുകുത്തി.ഇന്നലെ അതിഥിയായി കിട്ടിയത് നീണ്ടകാലം പ്രവാസിയും അതിന്റെ ഫലമായി ശരീരഭാരം(തടി) എന്ന പ്രയാസം അനുഭവിക്കുന്നയാളുമായ എന്റെ തൊട്ടടുത്ത പ്രദേശത്തുകാരന്‍ ശ്രീ.മന്‍സൂര്‍ ചെറുവാടി ആയിരുന്നു.ഇരുട്ടത്ത് പെട്ടെന്ന് മുന്നില്‍‌പെട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും എന്ന് ഒറ്റ വരിയില്‍ വര്‍ണ്ണിക്കാം.

            ഇതിന് രണ്ട് ദിവസം മുമ്പ് “എന്റെ മോങ്ങം” തറവാട്ടു വീട്ടില്‍ കുടുംബസമേതം വന്നെങ്കിലും എന്റെ സ്വന്തം വീട്ടിലേക്ക് എത്തിയില്ല.പകരം എന്നെ അങ്ങോട്ട് വിളിപ്പിച്ചു.അങ്ങനെ മൂന്നാമനാവാനുള്ള സുവര്‍ണ്ണാവസരം അദ്ദേഹം കളഞ്ഞു കുളിച്ചു !

            മുമ്പ് ഇവിടെ വന്ന മഹാന്മാരില്‍ രണ്ടാമന്‍ സാക്ഷാല്‍ ശ്രീ.കൊട്ടോട്ടിക്കാരന്‍ തന്നെ.അദ്ദേഹം എത്താത്ത ഏതെങ്കിലും ബൂലോകവീട് ഉണ്ടൊ എന്ന് സംശയമാണ് എന്ന് ഞാന്‍ പറയാതെ തന്നെ ഇപ്പോള്‍ പലര്‍ക്കും സംശയം ഉയരുന്നുണ്ടാകും.

           .എന്റെ പുതിയ വീട്ടില്‍ ആദ്യമായി എത്തിയ ബൂലോകവാസി, പ്രായം കൊണ്ട് ബൂലോകത്തെ കാരണവരില്‍ ഒരാളായ ഒ.എ.ബി ആണ്.കുടുംബ സമേതം അദ്ദേഹം വന്നപ്പോള്‍ ഭാര്യക്ക് അദ്ദേഹം കൊടുത്ത ഒരു മുന്നറിയിപ്പ് ഇതായിരുന്നു - “അവിടെ നിന്ന് ഒന്നും സംസാരിക്കരുത് , കാരണം മിണ്ടിയാല്‍ അത് അടുത്ത ദിവസം അരീക്കോടന്‍ മാഷ് പോസ്റ്റാക്കും!!!”

                നാലാമന്‍ ആകാന്‍ ബൂലോകരില്‍ ആര്‍ക്കും മത്സരിക്കാം - ഒറ്റ കണ്ടീഷന്‍ , വരുന്നത് കുടുംബ സമേതം ആണെങ്കിലും അല്ലെങ്കിലും കയ്യും വീശിയായിരിക്കണം.

രാജ്യറാണിയിലെ എന്റെ കഞ്ഞി യാത്ര.

       (ആദ്യം ഇവ വായിക്കുക)

          "യാത്രക്കരുടെ ശ്രദ്ധയ്ക്ക്....നിലമ്പൂര്‍ റോഡില്‍ നിന്നും തിരുവനന്തപുരം സെന്‍‌ട്രല്‍ വരെ പോകുന്ന രാജ്യറാണി എക്സ്പ്രെസ്സ് ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്നതാണ്..” ഉച്ചക്കഞ്ഞി കുടിക്കാത്ത പയ്യന്‍ അനൌണ്‍സ് ചെയ്യുന്ന പോലെ ഒരു അനൌണ്‍സ്‌മെന്റ്.ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞാല്‍ മലപ്പുറം കാക്കാമാര്‍ക്ക് മനസ്സിലാകില്ല എന്ന് കരുതിയിട്ടോ അതല്ല അനൌണ്‍സര്‍ക്ക് അറിയാഞ്ഞിട്ടോ എന്നറിയില്ല ആ ഒരറിയിപ്പ് മാത്രമേ മുന്നറിയിപ്പായി വന്നുള്ളൂ. അല്പ സമയത്തിനുള്ളില്‍ പാളത്തിന്റെ വടക്കേ അറ്റത്ത് നിന്നും രാജ്യറാണി ഞങ്ങളെ എല്ലാവരേയും കൂക്കിവിളിക്കുന്ന ശബ്ദം കേട്ടു.

         എനിക്ക് കയറാനുള്ള കമ്പാര്‍ട്ട്മെന്റിന്റെ പൊസിഷന്‍ എവിടെവരും എന്നറിയാനുള്ള ഒരു സംവിധാനവും സ്റ്റേഷനില്‍ ഇല്ലായിരുന്നു.രാജ്യറാണിയുടെ ‘നീളം‘ അറിയുന്നതിനാല്‍ ഞാന്‍ പ്ലാറ്റ്ഫോമിലെ ഒരു പ്രത്യേക പോയിന്റ്ല്‍ നിന്നു.തീവണ്ടിയുടെ ഡ്രൈവര്‍ എന്റെ മൂത്താപ്പ അല്ല , എന്നിട്ടും എനിക്ക് കയറാനുള്ള SN1 കമ്പാര്‍ട്ട്മെന്റ് കറക്ട് എന്റെ മുന്നില്‍ വരത്തക്ക വിധം അദ്ദേഹം ബ്രേക്കില്‍ കാലമര്‍ത്തി!

          ആ രാത്രി എനിക്ക് വേണ്ടി മാത്രം റിസര്‍വ്വ് ചെയ്യപ്പെട്ട സീറ്റ് നമ്പര്‍ 41-ല്‍ ഞാന്‍ എന്റെ ബാഗ് വച്ചു.അങ്ങനെ രാജ്യറാണിയിലെ, കഞ്ഞികുടിച്ചുള്ള എന്റെ  കന്നിയാത്ര ആരംഭിച്ചു.തൊട്ടടുത്തുള്ളവര്‍ എന്റെ നാടിന്റെ അയല്പക്കത്തുള്ളവരാണെന്ന് അവരുടെ സംസാരത്തിലൂടെ മനസ്സിലായി.എന്റെ നേരെ എതിര്‍ ഭാഗത്തുണ്ടായിരുന്ന വളരെ മൃദുവായി സംസാരിക്കുന്ന യാത്രികനെ ഞാന്‍ പരിചയപ്പെടുകയും ചെയ്തു. - നിലമ്പൂര്‍ നിവാസി, തിരുവനന്തപുരം ഡി.പി.ഐ ഓഫീസില്‍ ജോലിചെയ്യുന്ന ശ്രീ. ജ്യോതീന്ദ്രകുമാര്‍.

       വീട്ടില്‍ നിന്നും പോരുമ്പോള്‍ കുടിച്ച കുത്തരിക്കഞ്ഞിയും ഇടയ്ക്ക് ടെന്‍ഷന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും എന്റെ കിഡ്‌നിയെ നന്നായി പ്രവര്‍ത്തിപ്പിച്ചിരുന്നു.അതിനാല്‍ വണ്ടിയില്‍ കയറിയ ഉടനെ ഞാന്‍ ടോയ്‌ലെറ്റിലേക്ക് നീങ്ങി.ഇത്രയും കാലത്തെ ട്രെയിന്‍ യാത്രക്കിടയില്‍ കക്കൂസ് സാഹിത്യമോ മറ്റു വൃത്തികെട്ട എഴുത്തുകളൊ , എന്തിന് ഒരു മഷിപ്പാട് പോലും കാണാത്ത ഒരു പബ്ലിക് ടോയ്‌ലെറ്റ് ഞാന്‍ ആദ്യ,ആയി ദര്‍ശിച്ചു.പുതിയ വണ്ടി ആയതിനാല്‍ ആരും കൈ വയ്ക്കാത്തതോ അതല്ല എന്റെ നാട്ടുകാര്‍ ഇത്രയും ബോധവാന്മാരായോ എന്ന് വണ്ടി ഒരു വര്‍ഷം ഓടിയാല്‍ അറിയാം.

           വണ്ടി ഷൊര്‍ണ്ണൂര്‍ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ ഏതൊക്കെയോ സ്റ്റേഷനുകള്‍ മിന്നായം പോലെ കടന്നുപോയി.അതിനിടക്ക് എന്റെ സഹയാത്രികര്‍ ഈ ട്രെയിനിന്റെ കുറ്റങ്ങള്‍ നിരത്തി തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും മാറിക്കേറേണ്ടതും അവിടെയുള്ള കാത്തിരിപ്പും എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സിലും ചില ആശങ്കകള്‍ ഉയര്‍ന്നു. ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരനായ ശ്രീ. ജ്യോതീന്ദ്രന്‍ സാറോട് ഞാന്‍ ചോദിച്ചു -
“ഷൊര്‍ണ്ണൂരില്‍ എത്തിയാല്‍ മാറിക്കയറണോ?”

“ഏയ്...വേണ്ട...ഇത് അമൃതയുമായി ലിങ്ക് ചെയ്യും...പക്ഷേ ?”

“ എന്താ?”

“ഇത് പത്തരക്ക് ഷൊര്‍ണ്ണൂരില്‍ എത്തും...പിന്നെ പതിനൊന്നരക്കേ അമൃതയുമായി സംഗമിക്കൂ....”

‘ട്രെയിന്‍ ആയാലും സംഗമത്തിന് പറ്റിയ സമയം അത് തന്നെയാ....’ ഞാന്‍ മനസ്സില്‍ പറഞ്ഞു. ഷൊര്‍ണ്ണൂര്‍ എത്തുന്നതിന് മുമ്പ് ഇരുട്ട് കട്ടപിടിച്ച ഏതോ ഒരു സ്ഥലത്ത് വണ്ടി നിന്നു.

“ഇതാണ് ഈ അടുത്ത് തുടങ്ങിയ ഒരു പ്രശ്നം...ഈ കൂരിരുട്ടായ സ്ഥലത്ത് കൊണ്ട് വന്ന് നിര്‍ത്തും...ഒരനക്കം മുന്നോട്ട് പോയാല്‍ പ്ലാറ്റ്ഫോമിലിറങ്ങാം...ഭക്ഷണവും മറ്റും കഴിക്കാം....വണ്ടിക്ക് സിഗ്നല്‍ കിട്ടുന്നത് വരെ നമ്മുടെ ആമാശയവും സിഗ്നലിന് കാത്തിരിക്കണം...”

         കൃത്യം പത്തരക്ക് വണ്ടി ഷൊര്‍ണ്ണൂര്‍ ജംഗ്‌ഷനിലെ ഏതോ ഒരു പ്ലാറ്റ്ഫോമില്‍ ഹാല്‍ട്ട് ചെയ്തു. സഹയാത്രികരെല്ലാം ഭക്ഷണത്തിനായി പുറത്തിറങ്ങിയെങ്കിലും കുത്തരിക്കഞ്ഞി നല്ലവണ്ണം അകത്താക്കിയിരുന്നതിനാല്‍ എന്റെ പാവം ആമാശയത്തെ ഞാന്‍ വീണ്ടും ബുദ്ധിമുട്ടിച്ചില്ല.

          കൃത്യം 11.15ന് വണ്ടി വീണ്ടും ചലിക്കാന്‍ തുടങ്ങി.പക്ഷേ വന്ന വഴിയെ തന്നെയാണ് നീങ്ങാന്‍ തുടങ്ങിയത്.അഞ്ച് മിനുട്ടോളം നീങ്ങിയിട്ടും വണ്ടി നിര്‍ത്താതായപ്പോള്‍ പണ്ട് സര്‍ദാര്‍ജി പറഞ്ഞപോലെ ഒരേ ട്രെയ്നില്‍ വടക്കോട്ടും തെക്കോട്ടുമുള്ള യാത്രക്കാരോ എന്ന് സംശയമുയര്‍ന്നു.ചങ്ങല വലിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാന്‍ സമയം എടുക്കുമെന്നതിനാല്‍ ഞാന്‍ കാണുന്നത് സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്താന്‍ അറിഞ്ഞുകൊണ്ട് അഞ്ച് തവണ ഞാന്‍ കണ്ണ് ചിമ്മിത്തുറന്നു.അതോടെ വണ്ടി ഹാള്‍ട്ടാക്കുകയും ചെയ്തു.രാജ്യറാണിയിലെ എന്റെ കന്നിയാത്ര അവിടെ അവസാനിച്ചു!

           11.30ന് വിപരീത ദിശയില്‍ നിന്ന് ആരോ വലിച്ചിട്ടെന്ന പോലെ വണ്ടി നീങ്ങാന്‍ തുടങ്ങി.ഇപ്പോള്‍ വണ്ടിയുടെ പേര് രാജ്യറാണിയല്ല , അമൃത-രാജ്യറാണി ലിങ്ക് എക്സ്പ്രെസ്സ് എന്നായി മാറി.ലോകത്തിലാദ്യമായി ഒരു സ്റ്റേഷനില്‍ വച്ച് പേര് മാറുന്ന ഏക തീവണ്ടി ഏത് എന്ന ഭാവി പി.എസ്.സി ചോദ്യത്തിന് ഉത്തരം കിട്ടിയ നിര്‍വൃതിയില്‍ ഞാന്‍ എന്റെ ബെര്‍ത്തിലേക്ക് കയറി കടന്നു.


Tuesday, June 19, 2012

വായനാദിനവും എന്റെ കുട്ടിക്കാലവും.

ഇന്ന് വായനാദിനം.വായനക്ക് വേണ്ടി അനുഭവിച്ച ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോകുന്നു.

യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ സ്കൂളീല്‍ ലൈബ്രറി എന്നൊരു സാധനം ഇല്ലായിരുന്നു.എന്നാല്‍ ബാപ്പ ജോലി ചെയ്തിരുന്ന അരീക്കോട് ഗവ. ഹൈസ്കൂളീല്‍ നല്ല്ലൊരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു.അതിന്റെ കസ്റ്റോഡിയന്‍ ബാപ്പയുടെ ഉറ്റ സുഹൃത്തും എനിക്കും ജ്യേഷ്ഠത്തിക്കും അനിയനും ഒക്കെ ഏഴാം ക്ലാസ് വരെ മാത്‌സ് ട്യൂഷന്‍ എടുത്തിരുന്ന നാരായണന്‍ മാസ്റ്ററും ആയിരുന്നു.

സ്കൂള്‍ മധ്യവേനലവധിക്ക് അടച്ചാല്‍ മറ്റെല്ലാ കുട്ടികള്‍ക്കും കുശാലായി കളിക്കാനുള്ള സമയം ആരംഭിക്കുകയായി.ഞങ്ങള്‍ക്ക് കളിയോടൊപ്പം തന്നെ കാര്യവും ലഭിക്കണമെന്ന് ഞങ്ങളുടെ പിതാവ് ആഗ്രഹിച്ചിരുന്നു.അതിനാല്‍ അവധിക്കാലം തുടങ്ങി രണ്ടാം ദിവസം തന്നെ എന്നെയും അനിയനേയും ബാപ്പ , ബാപ്പയുടെ സ്കൂളിലേക്ക് പറഞ്ഞു വിടും.

ഇന്നത്തെ പോലെ ബസ്സ് സര്‍വീസ് ഇല്ലാത്ത അന്ന് രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് വേണം സ്കൂളില്‍ എത്താന്‍.അതിനാല്‍ തന്നെ ഞങ്ങളെ ഒറ്റക്ക് വിടാന്‍ ബാപ്പക്ക് പേടിയുമായിരുന്നു.മാത്രമല്ല സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വിജനമായ ഒരു സ്ഥലത്തുമാ‍യിരുന്നു.ഇക്കാരണങ്ങളാല്‍ , അതേ സ്കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ അയല്‍‌വാസി ഹരിദാസന്‍ ആയിരുന്നു ഞങ്ങളുടെ വഴികാട്ടി.

സ്കൂളിലെത്തി നാരായണന്‍ മാസ്റ്ററെ കാണുന്നത് തന്നെ ലൈബ്രറിക്കകത്താണ്.എന്താണ് ലൈബ്രറി എന്നത് ആദ്യമായി അറിഞ്ഞതും അവിടെ വച്ചാണ്.ബാപ്പ നേരത്തെ പറഞ്ഞതു കൊണ്ടോ അതല്ല മാഷ് ഞങ്ങളുടെ ടേസ്റ്റ് അറിഞ്ഞതുകൊണ്ടോ എന്നറിയില്ല കുറേ പുസ്തകങ്ങള്‍ ഞങ്ങള്‍ക്കായി റെഡിയായിരിക്കും.അവ ഞങ്ങള്‍ക്ക് കൈമാറും.അതും കൊണ്ട് ഞങ്ങള്‍ തിരിച്ചുള്ള യാത്രയും തുടങ്ങും.

അങ്ങനെ തിരിച്ചു പോരുന്ന ഒരു ദിവസം വഴിയിലുള്ള ഏക കടയായ ഫസലുണ്ണിയമാക്കയുടെ കടയുടെ മുമ്പിലെത്തിയപ്പോള്‍ ഹരിദാസന് ഒരു പൂതി (ആഗ്രഹം) - മോരും വെള്ളം കുടിക്കാം.ഞങ്ങളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് പത്ത് പൈസ!ഹരിദാസന്റെ കയ്യില്‍ പതിനഞ്ച് പൈസയും വഴിയില്‍ നിന്ന് കിട്ടിയ രണ്ട് കശുവണ്ടിയും!കടയിലെത്തി മൂന്ന് മോരും വെള്ളത്തിന് വില ചോദിച്ചപ്പോള്‍ മുപ്പത് പൈസ. ഹരിദാസന്‍ ധൈര്യസമേതം മൂന്ന് മോരും വെള്ളത്തിന് ഓര്‍ഡര്‍ ചെയ്തു.ഞങ്ങളുടെ പത്ത് പൈസയും അവന്റെ പതിനഞ്ച് പൈസയും ഒപ്പം ആ രണ്ട് കശുവണ്ടിയും ഫസലുണ്ണിയമാക്കയുടെ നേരെ നീട്ടി. ഫസലുണ്ണിയമാക്ക അതെല്ലാം വാങ്ങി വച്ചു.മോരും വെള്ളം കുശാലായി കുടിച്ച് ഞങ്ങള്‍ വീണ്ടും നടന്നു.നാട്ടിന്‍ പുറത്തെ കടകളില്‍ കാശിന് പകരം സാധനങ്ങളും എടുക്കും എന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി (ബാര്‍ട്ടര്‍ സമ്പ്രദായം എന്ന പ്രാചീന രീതി പിന്നീട് പഠിച്ചപ്പോള്‍ ഹരിദാസന്റെ ഈ പ്രാക്ടീസ് എന്നും ഞങ്ങളുടെ മനസ്സില്‍ പച്ചപിടിച്ച് നിന്നു.)

അന്ന് വായിച്ച പുസ്തകങ്ങളില്‍ “ഗ്രിമ്മിന്റെ കഥകള്‍” എന്ന പുസ്തകം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.ഗ്രിം എന്ന ഗ്രാമീണ ബാലന്റെ വിവിധ കഥകള്‍ പത്ത് ചെറിയ പുസ്തകങ്ങളിലായി ഈസോപ്പ് കഥകളെപ്പോലെ അവതരിപ്പിച്ച അവയുടെ ചെറുകുറിപ്പുകളും തയ്യാറാക്കി വച്ചിരുന്നു.ഇന്ന് വായനാദിനത്തില്‍, വായനക്ക് വേണ്ടി അന്ന് ഇത്രയും ദൂരം സഞ്ചരിച്ചതും മറ്റും ഇന്നത്തെ തലമുറയോട്‌ പറഞ്ഞാല്‍ ഒരു പരിഹാസച്ചിരിയായിരിക്കും മുഖത്ത് വരുന്നത്.

Sunday, June 17, 2012

ലോകപിതൃദിനവും ഒരു യാദൃശ്ചികതയും

മാസത്തിലൊരിക്കലെങ്കിലും പിതാവിന്റെ ഖബറിടം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് എന്റെ പതിവാണ്.ഇസ്ലാമിക ആചാരപ്രകാരം മരിച്ചുപോയ ഒരാള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതും ഇത് തന്നെ.

ജീവിച്ചിരിക്കുന്ന കാലത്ത് ഞങ്ങളെ സ്നേഹിക്കുന്ന പോലെ എന്റെ പിതാവ് ചെടികളേയും വൃക്ഷങ്ങളേയും സ്നേഹിച്ചിരുന്നു.’ഇന്നലേയും ഈ അതിര്‍വരമ്പില്‍ ചെടിക്കമ്പുകള്‍ കുത്തുന്നത് ഞാന്‍ കണ്ടിരുന്നു’- ബാപ്പ മരിച്ച് പിറ്റേ ദിവസം ഞങ്ങളുടെ അയല്‍‌വാസി ആമിനത്താത്തയുടെ ദു:ഖം നിറഞ്ഞ മൊഴി.അതുകൊണ്ട് തന്നെ ഇന്ന് ബാപ്പയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഞാന്‍ പോകുമ്പോള്‍ ബാപ്പ തന്നെ എന്റെ വീട്ടുമുറ്റത്ത് കുത്തിയ ചെമ്പരത്തിയില്‍ നിന്നും രണ്ട് കമ്പ് പൊട്ടിച്ചാണ് ഞാന്‍ പോയത്.ഖബറിന് അടയാളമായി ബാപ്പ സ്നേഹിച്ചിരുന്ന ചെടികള്‍ തന്നെ ഉണ്ടാകട്ടെ എന്ന് കരുതിയാണ് ഇത് ചെയ്തത്.എന്റെ ചെയ്തിയില്‍ എന്റെ സ്നേഹനിധിയായ പിതാവ് സന്തോഷിക്കുന്നുണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മഴ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങിയതിനാല്‍ പള്ളിക്കാട്ടില്‍ പുല്ലുകളും മറ്റും പെട്ടെന്ന് വളാരാന്‍ സാധ്യത കൂടിയതിനാല്‍ പിതാവിന്റെ ഖബറിടത്തിന് ചുറ്റുമുള്ള കളകള്‍ പറിച്ച് കളായാനും ഞാന്‍ മറന്നില്ല.പരിസര ശുചീകരണ പാഠം ബാപ്പയുടെ നാലു മക്കളില്‍ എനിക്കായിരുന്നു ബാപ്പയില്‍ നിന്നും കൂടുതല്‍ കിട്ടിയിരുന്നത് എന്നതും ഇതിന് ഒരു കാരണമായിട്ടുണ്ടാകാം.എന്റെ ഔദ്യോഗിക തിരക്കിനിടയില്‍ അടുത്തമാസത്തില്‍ എപ്പോഴാണ് ‘സിയാറത്ത്’‘ (ഖബറിടം സന്ദര്‍ശിക്കല്‍) ഒത്തുവരിക എന്ന് പറായാന്‍ സാധിക്കാത്തതിനാലാണ് ഇന്ന് തന്നെ ഈ ക്ലീനിംഗ് പരിപാടി നിര്‍വ്വഹിച്ചത്.

ഇതെല്ലാം കഴിഞ്ഞ് ഇന്ന് തന്നെ ബാപ്പയുടെ മരിച്ചുപോയ വലിയ ജ്യേഷ്ടന്റെ പേരക്കുട്ടിയുടെ നിക്കാഹിലും ഞാന്‍ പങ്കെടുത്തു.തിരിച്ച് വൈകിട്ട് അരീക്കോട്ടെത്തിയപ്പോഴാണ് മൂന്ന് മക്കളും പോകുമ്പോള്‍ പറഞ്ഞേല്‍പ്പിച്ച സംഗതികള്‍ ഓര്‍മ്മ വന്നത്.മൂത്തവള്‍ക്ക് വേണ്ടത് ഒരു പാക്കറ്റ് ബഡ്സ്.രണ്ടാമത്തവള്‍ക്ക് മൂന്ന് നോട്ട്ബുക്ക്.മൂന്നാമത്തവളുടെ (രണ്ട് വയസ്സുകാരി) ലിസ്റ്റ് അല്പം നീളമേറിയത് - ബലൂണ്‍,ബിസ്ക്കറ്റ്,മിഠായി,മുട്ട (ഇതില്‍ ആദ്യത്തെതൊഴികെ ബാക്കി മൂന്നും എന്നുമുള്ള ഡിമാണ്ട് ആണ്.മിഠായി ഞാന്‍ വാങ്ങി കൊടുക്കാറുമില്ല).

കുട്ടികളുടെ ആവശ്യം കൂടി പൂര്‍ത്തീകരിക്കാന്‍ ഞാന്‍ ഫാന്‍സി കടയില്‍ കയറി.മൂത്തവള്‍ക്ക് ഒരു പാക്കറ്റ് ബഡ്സ്ന് പകരം ഒരു ബോക്സ്  ബഡ്സ് വാങ്ങി. രണ്ടാമത്തവള്‍ക്ക് മൂന്ന് നോട്ട്ബുക്കിന്റെ സ്ഥാനത്ത് അഞ്ചെണ്ണം വാങ്ങി.മൂന്നാമത്തവള്‍ക്ക് ഒരു ബലൂണിന് പകരം അഞ്ചെണ്ണവും പിന്നെ അവള്‍ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു പാവക്കുട്ടിയും വാങ്ങി.വീട്ടിലെത്തി എല്ലാവര്‍ക്കും സന്തോഷത്തോടെ എല്ലാം കൈമാറി.

ഇനി തറവാട്ടില്‍ പോയി ഉമ്മയെ കണ്ട് നിക്കാഹ് വിവരങ്ങള്‍ പറയുകയും ഒന്ന് മെയില്‍ ചെക്ക് ചെയ്യുകയും ചെയ്യാം എന്ന് കരുതി.മെയില്‍ ബോക്സ് തുറന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.ആദ്യത്തെ മെയില്‍ തന്നെ “ഇന്ന് ലോക പിതൃദിനം”!!!- ഇത് ശരിയോ തെറ്റോ എന്നെനിക്കറിയില്ല.എങ്കിലും ഒരു പിതാവിന് മരണാനന്തരം നല്‍കേണ്ട സ്നേഹവായ്പും മക്കള്‍ക്ക് ഒരു പിതാവ് നല്‍കേണ്ട സ്നേഹവും പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും ഈ ദിനത്തില്‍ ഞാന്‍ അറിയാതെ യാദൃശ്ചികമായി നിര്‍വ്വഹിച്ചു എന്നത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി ഞാന്‍ കരുതുന്നു.

ഒരു യാത്രയുടെ വേവലാതികള്‍ - 2

 യാത്രയുടെ തുടക്കം ഇവിടെ

യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ “ഒന്ന് വേഗം ഒന്ന് വേഗം” എന്ന് എന്റെ മനസ്സ് വേവലാതിപ്പെട്ടു.ബസ്സിന്റെ വേഗതയില്‍ എന്റെ മനസ്സും ആവലാതിപ്പെട്ടു.എല്ലാം സഹിച്ച് വാച്ചിലേക്ക് നോക്കാതെ അലവലാദി ഞാന്‍ വാച്ചിലേക്ക് നോക്കാ‍തെ കണ്ണിനെ നിയന്ത്രിച്ച് പിടിച്ചു.ബസ്സ് മലപ്പുറത്തെത്തിയപ്പോള്‍ എന്റെ മുറിഞ്ഞ് പോയ നെടുവീര്‍പ്പിന്റെ ബാക്കിയില്‍ പകുതി കൂടി പുറത്തേക്ക് വന്നു.കാരണം സമയം 8.45പി.എം

8.50ന് അടുത്ത ബസ് കിട്ടിയാല്‍ 30-35 മിനുട്ട് കൊണ്ട് അങ്ങാടിപ്പുറത്ത് എത്തുമെങ്കില്‍ 9.29നോ 9.25നോ എത്തും എന്ന് എന്റെ അപാരമായ മനസ്സ് കണക്ക് കൂട്ടി പറഞ്ഞു തന്നു.ട്രെയിന്‍ രണ്ട് മിനുട്ടെങ്കിലും ലേറ്റ് ആയാല്‍....എന്റെ പ്രതീക്ഷകള്‍ ഇന്ത്യന്‍ റെയില്‍‌വെയുടെ സമയനിഷ്ഠക്ക് മുകളില്‍ ഡിസ്കോ കളിക്കാന്‍ തുടങ്ങി.

ഒരിക്കലും എന്നെ വഴിയാധാരമാക്കാത്ത ദൈവം ‘എയ്ഞ്ചല്‍’ എന്ന ബസിനെ തന്നെ കൃത്യം 8.50ന് എന്റെ മുമ്പിലെത്തിച്ചു.ബസിന്റെ വരവും ആള്‍ക്കാരുടെ തിരക്കും കണ്ടപ്പോള്‍ അതിന് മലപ്പുറത്ത് സ്റ്റോപ്പില്ല എന്ന് തോന്നിപ്പോയി.തിക്കിത്തിരക്കി ഞാനും അകത്ത് കയറി ഒരു സീറ്റില്‍ ഇരുന്നിട്ടും ‘ടിംടിം’ മുഴങ്ങുന്നില്ല!അപ്പോഴാണ് പിന്നിലെ ഡോറിന് അടുത്തുണ്ടായിരുന്ന തടിമാടന്‍ പുറത്തിറങ്ങി ഭരതനാട്യം കളിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.അതുവഴി പോകുന്ന ആള്‍ക്കാരെ നിയന്ത്രിക്കുകയായിരുന്നു അദ്ദേഹം.

“പഢോ....” ആ തടിമാടന്‍ വീണൊ എന്ന് എനിക്ക് സംശയം.അല്ല , ബസ്സിന് മുകളില്‍ നിന്നും എന്തോ താഴേക്കിട്ടതാണ്.പിന്നീട് ആ ശബ്ദങ്ങള്‍ പത്തോ പതിനഞ്ചോ തവണ ഞാന്‍ കേട്ടു.എന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ വീണ്ടും കാര്‍മേഘം ഉരുണ്ട് കൂടാന്‍ തുടങ്ങി.വേവലാതി പൂണ്ട മനസ്സില്‍ നിന്നും ആവലാതികള്‍ ഉണ്ടാകാതിരിക്കാന്‍ അലവലാദിയായ ഞാന്‍ വാച്ചിലേക്ക് നോക്കാ‍തെ കണ്ണിനെ നിയന്ത്രിച്ച് പിടിച്ചു.

ബസ്സിനെ ഞെരിച്ചമര്‍ത്തിയിരുന്ന മുതുകിലെ ഭാരം മുഴുവന്‍ ഇറക്കിയപ്പോള്‍  ബസ്സ് ഒന്ന് ഊര നിവര്‍ത്തിയതേ ഉള്ളൂ.അപ്പോഴേക്കും ആ തടിമാടന്‍ പിന്നില്‍ ചാടിക്കയറി ബസ്സിന്റെ ഊര വളച്ചു.ബസ് കിതച്ചോടാന്‍ തുടങ്ങിയപ്പോള്‍ ‘രാജ്യറാണി’യെപ്പറ്റി കണ്ടക്ടറോട്‌ ചോദിക്കണോ വേണ്ടേ എന്ന് ഒരു ‘എക്കാചക്ക’(കണ്‍ഫ്യൂഷന്റെ പുതിയ മലയാളം) ഉണ്ടായി.വാച്ചില്‍ നോക്കാതെ വേവലാതിയെ അകറ്റി നിര്‍ത്തിയ ഞാന്‍ ഈ ചോദ്യത്തിലൂടെ പൂര്‍ണ്ണമായും വേവലാതിപ്പെടണോ എന്ന സംശയം ഉയര്‍ന്നതിനാല്‍ മിണ്ടാതെ ഇരുന്നു.

യാത്രയില്‍ പല ചിത്രങ്ങളും എന്റെ മനസ്സിലൂടേ പാഞ്ഞു.തിരുവല്ലയില്‍ വന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടയില്‍ വീണ് മരണമടഞ്ഞ വിദ്യാര്‍ത്ഥി, ‘ ഉപ്പച്ചീ’ എന്ന് വിളിച്ച് എന്നെ സ്വീകരിക്കുന്ന എന്റെ രണ്ട് വയസ്സുകാരി മകള്‍ ലൂന, വാതില്‍ വരെ വന്ന് എന്നെ യാത്രയാക്കിയ എന്റെ സഹധര്‍മ്മിണി...എല്ലാവരേയും ഓര്‍ത്തപ്പോള്‍ എന്റെ മനസ്സില്‍ ഒരു തീരുമാനവും ഉറച്ചു - വണ്ടി നീങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അതിലേക്ക് കയറണ്ട.180 രൂപ പോയാലും വേണ്ടില്ല , എന്നെ പ്രതീക്ഷയോടെ കാത്തി നില്‍ക്കുന്നവരുടെ അടുത്തേക്ക് ജീവനോടെ തിരിച്ചു ചെല്ലുന്നതാണ് അതിനെക്കാള്‍ വലുത് എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ബസ്സ് അങ്ങാടിപ്പുറത്ത് എത്തിയപ്പോള്‍ ഞാന്‍ പുറത്തേക്ക് നോക്കി - എതിരെ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നറിയാന്‍.ട്രെയിന്‍ എത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റ് അടച്ചിട്ടുണ്ടാകും.അപ്പോള്‍ പിന്നെ എതിരെ വാഹനങ്ങള്‍ വരില്ല.അപ്പോള്‍ ഇറങ്ങി ഓടണം, റെയില്‌വേ സ്റ്റേഷനിലേക്ക്.

പ്രതീക്ഷയോടെ ഞാന്‍ ബസ്സിന്റെ വാതിലിനടുത്തേക്ക് നീങ്ങി.കൃത്യം 9.15ന് ബസ്സ് എന്നെ ഗേറ്റ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു!ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു, അല്ല ഓടി- കണ്‍ മുന്നില്‍ വച്ച് ട്രെയിന്‍ മിസ് ആയ ഒരു അനുഭവം മുമ്പുള്ളതിനാല്‍. ധാരാളം പേര്‍ രാജ്യറാണി എക്സ്പ്രെസ്സിനെ പ്രതീക്ഷിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ എല്ലാ വേവലാതിയും അസ്തമിച്ചു.അപ്പോഴും ഒരു അലവലാദിയായി ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

(തുടരും...)

Saturday, June 16, 2012

ഒരു യാത്രയുടെ വേവലാതികള്‍

ഏതോ ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ വച്ചാണ് ആവലാതികളും വേവലാതികളും തമ്മിലുള്ള വ്യത്യാസത്തെപറ്റി  ആദ്യമായി ഞാന്‍ കേട്ടത്.അന്ന് വരെ ഇത് രണ്ടും ഒന്നാണെന്നും ഒന്നും ഒന്നും രണ്ടാണെന്നും ധരിച്ച ഒരു അലവലാദി ആയിരുന്നു ഞാന്‍.രണ്ട് ദിവസം മുമ്പ് ബെസ്റ്റ് ബ്ലഡ് മോട്ടിവേറ്റര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പുറപ്പെട്ട യാത്ര 40 മിനുറ്റ് പിന്നിട്ടപ്പോഴാണ് എന്റെ  വേവലാതികള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

തിരുവനന്തപുരത്തേക്കുള്ള “രാജ്യറാണി“ 21.23ന് അങ്ങാടിപ്പുറം വിടും എന്ന് ടിക്കറ്റില്‍ എഴുതിയത് രാത്രി 9.23-ന് തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ കയ്യിലും കാലിലും ഉള്ള വിരലുകള്‍ മുഴുവന്‍ ഉപയോഗിച്ച് കണക്കു കൂട്ടി.ഒന്ന് കൂടി ഉറപ്പുവരുത്താന്‍ “കേരളത്തിലൂടെ  ഓടുന്ന വണ്ടികള്‍” എന്ന കിതാബും മറിച്ച് നോക്കി.എന്നിട്ടും സമ്മതം മൂളാത്ത എന്റെ മനസ്സിനെ സമാധാനിപ്പിക്കാന്‍ “രാജ്യറാണി“ ചൂളാം വിളി തുടങ്ങിയ ദിവസം പത്രത്തില്‍ നിന്നും ഞാന്‍ വെട്ടി എടുത്ത് വച്ച ടൈംടേബിളും നോക്കി.

അരീക്കോട് നിന്നും 7.30ന് പുറപ്പെട്ടാല്‍ തന്നെ അങ്ങാടിപ്പുറത്ത് 9.23 ന് പാട്ടും പാടി, ഡാന്‍സും കളിച്ച് എത്താം എന്നായിരുന്നു എന്റെ മാത്‌‌സ് കൂട്ടല്‍. ബഹുമാനപ്പെട്ട  എം.പി ശ്രീ സച്ചിന്‍ ടെണ്ടുല്‍കര്‍ ക്രിക്കറ്റില്‍ കാട്ടിയ പോലെ , കണക്കില്‍ ഇഷ്ടം പോലെ പൂജ്യങ്ങളും ഇടക്കിടെ സെഞ്ച്വറികളും അടിച്ച എന്റെ കണക്ക് എത്ര പിഴച്ചാലും ഒരു അരമണിക്കൂര്‍ ഗ്യാപ് ഉണ്ടാകും എന്നായിരുന്നു എന്റെ വിശ്വാസം (വിശ്വാസം , അതല്ലേ എല്ലാം).

കൃത്യം 8.05ന് എന്റെ ബസ് മഞ്ചേരിയില്‍ എത്തുമ്പോള്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ഒരു ബസ് , സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. എന്നെക്കൊണ്ട് കഴിയുന്ന ശബ്ദങ്ങളും കോപ്രായങ്ങളും ഒക്കെ കാട്ടി നോക്കിയെങ്കിലും ഡ്രൈവര്‍ മാത്രം അത് കണ്ടില്ല,കേട്ടില്ല .”പോനാല്‍ പോകട്ടും പോട” എന്ന് മനസ്സില്‍ പറഞ്ഞ് പെരിന്തല്‍മണ്ണ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് ഞാന്‍ നടന്നു.അവിടെ അഞ്ചോളം ബസ്സുകള്‍ കിടക്കുന്നത് കണ്ട എനിക്ക് സമാധാനമായി.അടുത്തെത്തി ഓരോന്നിന്റേയും ബോര്‍ഡ് വായിച്ചതോടെ എന്റെ ഉള്ളം ഒഞ്ചിയത്തെ കുഞ്ചിയമ്മയെപ്പോലെയായി.എല്ലാ ഉള്‍നാടുകളിലേക്കും ബസ്! തിരുവനന്തപുരത്തേക്കുള്ള “രാജ്യറാണി“യെ കെട്ടിപിടിക്കാന്‍ അങ്ങാടിപ്പുറത്തെത്താന്‍ നോ ബസ്!! എങ്കിലും പ്രതീക്ഷ കൈവിടാതെ തൊട്ടുമുന്നില്‍ കണ്ട കടക്കാരനോട് ഞാന്‍ ചോദിച്ചു.

“പെരിന്തല്‍മണ്ണയിലേക്ക് ഇനി എപ്പോഴാ ലാസ്റ്റ് ബസ് ?”

“എട്ടരക്ക്  എട്ടു മണിക്ക് പോയ പക്കീസ“ എന്നെ ഒന്ന് ആക്കി നോക്കി അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ബി.എഡിന് പഠിക്കുന്ന കാലത്തേ ഈ ‘പക്കീസയെ’ കാണാറുള്ളതിനാല്‍ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.അതിന്റെ കാറ്റ് മുഴുവന്‍ പുറത്ത് വരുന്നതിന് മുമ്പേ കടക്കാരന്റെ ഉത്തരം എന്റെ ചെവിയില്‍ മുഴങ്ങി - “എട്ടു മണിക്ക് പോയ എട്ടരയുടെ പക്കീസ“

“യാ ഖുദാ !!പക്കീസ പോയി എന്ന് ”  ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം 8.15 ആയി. 9.23ന് ഉള്ള “രാജ്യറാണി“യെ പിടിക്കാന്‍ ഇനി മലപ്പുറം പോയി അവിടെ നിന്ന് പാലക്കാട് ബസ്സിന് കയറി അങ്ങാടിപ്പുറത്ത് എത്തണം.എന്ന് വച്ചാല്‍ പട്ടര് മൂക്കു പിടിച്ചപോലെ.ഉടന്‍ അങ്ങാടിപ്പുറം -മലപ്പുറം റൂട്ടില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന എന്റെ സുഹൃത്തും പി.എസ്.സിയിലെ ഉദ്യോഗസ്ഥനുമായ അങ്ങാടിപ്പുറത്ത്കാരന്‍  രജീഷിനെ ഞാന്‍ വിളിച്ചു.

“ഹലോ...എടാ... പക്കീസ നേരത്തെ വിട്ടു ...”

“ങേ! ആര് ? റഹ്മത്തുന്നീസയോ...?” ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന കുട്ടിയെ ഓര്‍മ്മിച്ച് അവന്‍ ചോദിച്ചു.

“ആരുമില്ല....നിന്റെ പുറത്ത് നിന്നും മറ്റവന്റെ പുറത്തേക്കുള്ള സമയം ഒന്ന് പറഞ്ഞ് തരൂ....”

“നിനക്കെന്താ വട്ടായോ?” രജീഷിന്റെ മറുചോദ്യം

“ഇപ്പോ ആയിട്ടില്ല...കുറച്ച് കഴിഞ്ഞാല്‍ ചിലപ്പോ ആകും...എനിക്ക് “രാജ്യറാണി“യെ പിടിക്കണം.മഞ്ചേരിയില്‍ നിന്നുള്ള ലാസ്റ്റ് ബസ് ഫാസ്റ്റ് ബസ് ആയി പോയി...ഇനി മലപ്പുറം വഴി നിന്റെ അങ്ങാടിപ്പുറത്ത് എത്തണം.അങ്ങാടിപ്പുറത്ത് നിന്ന് മലപ്പുറത്തേക്ക് എത്ര ദൂരമുണ്ട്?”

“ഓ...അങ്ങനെ...ഇപ്പോള്‍ 8.20 അല്ലേ ആയിട്ടുള്ളൂ....നീ പേടിക്കേണ്ട...8.30ന് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ഉണ്ട് ....”

“അപ്പോള്‍ വട്ട് നിനക്കാ....8.20ന് മഞ്ചേരിയില്‍ നില്‍ക്കുന്ന എനിക്ക് 8.30ന് മലപ്പുറത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് പിടിക്കാന്‍ ഞാനെന്താ സൂപ്പര്‍മാനോ? പോരാത്തതിന് എനിക്ക് രാജ്യറാണിയില്‍ റിസര്‍വേഷനും ഉണ്ട്....”

“ഓ....എങ്കില്‍ അങ്ങാടിപ്പുറം  ടു മലപ്പുറം 30-35 മിനുട്ട് മാത്രമേയുള്ളൂ...”

“അപ്പോ മലപ്പുറം ടു അങ്ങാടിപ്പുറവും അത്ര തന്നെയല്ലേ കാണൂ...?”

“ആ....അത്ര തന്നെയേ കാണൂ....നിനക്ക് പാട്ടും പാടി എത്താം...”

‘നിന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ’ എന്ന പ്രാര്‍ത്ഥനയോടെ ബസ് ബേയില്‍ നിന്നും നീങ്ങിത്തുടങ്ങിയ ആനവണ്ടിയില്‍(കെ.എസ്.ആര്‍.ടി.സി.ക്ക് മലപ്പുറത്തിന്റെ സ്വന്തം നാമകരണം) ഞാന്‍ ചാടിക്കയറി.

(തുടരും...)

Friday, June 15, 2012

ഒരു രക്തദാന ദിന ചിന്ത.

“ഓരോ രക്തദാതാവും ഒരു ഹീറോ ആണ്” എന്ന ആപ്തവാക്യവുമായി ഒരു ലോകരക്തദാ‍ന ദിനം കൂടി കടന്നുപോയി.സ്ഥിരമായി രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഒരു ഉത്തേജനം നല്‍കുന്നതും , ഇതിനെപറ്റി ഒരു ധാരണയും ഇല്ലാത്തവന് പ്രത്യേകിച്ച് ഒന്നും തോന്നിപ്പിക്കാതെയും ഈ ആപ്തവാക്യവും കാലത്തിന്റെ ചവറ്റു കൊട്ടയില്‍ വൈകാതെ എത്തും.

ടെറുമോ പെന്‍പോള്‍ കമ്പനി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ബ്ലഡ് മോട്ടിവേറ്റര്‍ അവാര്‍ഡ് ഇന്നലെ തിരുവനതപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വച്ച് ഞാന്‍ സ്വീകരിച്ചു.സ്ഥാപനങള്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ.ശശി തരൂര്‍ എം.പി യും , വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ ടെറുമോ  കമ്പനി പ്രതിനിധി കവാട്ടോ സമുറായി യും മോട്ടിവേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡ് ടെറുമോ പെന്‍പോള്‍ കമ്പനി എം.ഡി ശ്രീ.ബാലഗോപാലും വിതരണം ചെയ്തു.(ഫോട്ടോ കിട്ടിയാലുടന്‍ അപ്‌ലോഡ് ചെയ്യാം.)

കേരള ജനസംഖ്യയുടെ (33,387,677) അടുത്തെങ്ങും എത്താത്ത ആസ്ട്രേലിയയില്‍ (22,328,800 ) പതിനൊന്നര ലക്ഷം സന്നദ്ധ രക്തദാന വൊളണ്ടിയര്‍മാര്‍ ഉണ്ടായിട്ടും അത്  എണ്ണത്തില്‍ കുറവാണോ എന്ന് അവര്‍ ആശങ്കപ്പെടുന്നു.അതേ സമയം സാക്ഷര കേരളത്തിലെ സന്നദ്ധ രക്തദാന വൊളണ്ടിയര്‍മാരുടെ എണ്ണം വെറും രണ്ടര ലക്ഷം മാത്രമാണ്. രക്തം നിര്‍മ്മിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞിട്ടും നമ്മുടെ അധികാരികള്‍ക്ക് ഇതില്‍ ഒരു ആശങ്കയും ഇല്ല!

ബൂലോകത്ത് നിസ വെള്ളൂരിന് വേണ്ടി നിരവധി പേര്‍ രക്തം ദാനം ചെയ്തിരുന്നു.അതേ പോലെ സന്നദ്ധരക്ത ദാനത്തെ പ്രോത്സാഹിപ്പിക്കാനും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ബൂലോകര്‍ സൌമനസ്യം കാണിച്ച് കേരളത്തിന് ഒരു പുതിയ മാതൃക തുറന്ന് കാണിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Sunday, June 10, 2012

‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ്

രക്തദാനം ജീവന്‍‌ദാനം എന്നാണ് ഞാന്‍ ഹൈസ്കൂള്‍ ക്ലാസ് മുതലേ പഠിച്ചതും പ്രാവര്‍ത്തികമാക്കുന്നതും ഉപദേശിക്കുന്നതും.ഇന്ന് എന്റെ കോളേജിലെ മിക്കവരേയും ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യേണ്ട ഒരു മാനസികാവസ്ഥയിലേക്ക് എത്തിക്കാന്‍ എന്‍.എസ്.എസ് , റെഡ് റിബ്ബണ്‍ ക്ലബ്ബ് ,ക്ലബ്ബ് 25 എന്നിവയിലൂടെ സാധിച്ചു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
  ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്. എന്നാല്‍ ഇന്നത്തെ തലമുറക്ക് നിരവധി അവസരങ്ങള്‍ തുറന്ന് കിട്ടുന്നു.അതുകൊണ്ട് തന്നെ ഒരു ട്രിഗര്‍ അല്ലെങ്കില്‍ മോട്ടിവേറ്റര്‍ ആയി നില്‍ക്കേണ്ട ആവശ്യമേ ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ആവശ്യം വരുന്നുള്ളൂ‍.
     കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം ഒരു മോട്ടിവേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും സ്വയം രക്തം ദാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെര്‍മോ പെന്‍പോള്‍ എന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ് ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
       അവാര്‍ഡ് ദാനം ഈ വരുന്ന 14-ആം തീയതി (ലോക രക്തദാന ദിനം) തിരുവനന്തപുരം വൈലൊപ്പിള്ളീ സംസ്കൃതി ഭവനില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്നതാണ്.മൂന്നോ അതിലധികമോ തവണ രക്തന്ം ദാനം ചെയ്ത എന്റെ കോളേജിലെ 16 വിദ്യാര്‍ത്ഥികളെ അന്നേ ദിവസം ആദരിക്കുന്നു. എല്ലാവര്‍ക്കും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം.
         അവാര്‍ഡ് അറിയിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.
Sub: Award for supporting voluntary blood donation
TERUMO PENPOL Limited in association with CII is planning to celebrate the   World Blood Donor Day as a major event on 14 June 2012.
The global theme for 2012 World Blood Donor Day is "Every Blood Donor is a Hero". It hopes that a new generation of idealistic and motivated voluntary unpaid blood donors will form a pool that provides the safest blood possible for use wherever and whenever it is needed to save life.
World Blood Donor Day focuses on the lifesaving gift of voluntary unpaid blood donors who donate blood purely for altruistic reasons. As part of World Blood Donor Day Ceremony TERUMO PENPOL is planning to reward   Institutions and Individuals, who have made remarkable contributions to voluntary blood donation, 
We are happy to inform you that you  had bagged the  Best Blood  Motivator Award.
The award ceremony will be held on, 14 June 2012 at Vylopilly Samskrithi Bhavan, Nanthencode, Trivandrum at 10.00 am.

ഒരപ്രതീക്ഷിത ക്ഷണം

ഒരാഴ്ച  മുമ്പ് അപ്രതീക്ഷിതമായി എന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. മെഡിക്കല്‍/എഞ്ചിനീയറിംഗ് ഹെല്പ് ഡെസ്ക് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കാളുകള്‍ക്കിടയില്‍ ഒന്നാകും എന്ന് കരുതി അതും ഞാന്‍ അറ്റെന്റ് ചെയ്തു.
“മാഷെ...ഞാന്‍ ശബ്ന....പൊന്നാടില്‍ നിന്ന്....അറിയോ? “

ആനുകാലികങ്ങളില്‍ പല സ്ഥലങ്ങളിലും ശബ്നയെ പറ്റി വായിച്ച എനിക്ക്  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ബാഗ് വായിച്ചതും ഓര്‍മ്മയില്‍ വന്നതിനാല്‍ ബ്ലോഗര്‍ ശബ്നയെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഓ....ശബ്ന പൊന്നാട്......നന്നായി അറിയും.....കിണാശ്ശേരി സ്കൂളില്‍ പോയത് ഞാന്‍ ഈ അടുത്ത് വായിച്ചതേ ഉള്ളൂ‍....”

“ആ....എന്റെ ഒരു ചാരിറ്റബ്‌ള്‍ ട്രസ്റ്റ് ഉണ്ട്....അതിന്റെ രണ്ടാം വാര്‍ഷികം സാന്ത്വനകിരണം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ ഉദ്ദേശിക്കുന്നു....”

“ആഹാ...സന്തോഷം....” ട്രസ്റ്റിനെപറ്റി മുമ്പ് കേട്ടിട്ടില്ല എങ്കിലും ശബ്ന ഇത്തരം ഒരു സംരംഭം നടത്തുന്നു എന്നറിഞ്ഞ സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

“പരിപാടി നടത്തുന്നത് അരീക്കോട് വച്ചാ....ജൂണ്‍ ഒമ്പതിന് ശനിയാഴ്ച....മാഷ് രാവിലെ തന്നെ അവിടെ ഉണ്ടാകണം....”

“ആഹാ...അരീക്കോട് വച്ചോ....എങ്കില്‍ ഞാന്‍  ഉണ്ടായിരിക്കും....”

“മാഷ് മാത്രം പോരാ...“

“ങേ....നാട്ടുകാരേയും ഞാന്‍ കൂട്ടണോ...?” ഞാന്‍ ഒന്ന് ഞെട്ടി.

“അതല്ല....കുടുംബ സമേതം വരണം...അന്ന്  ഞങ്ങളുടെ ഒരു സംഗമം കൂടി നടക്കുന്നുണ്ട് ...കൊട്ടോട്ടിക്കാരനും ഉണ്ടാകും....  ”

എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുന്നതിനാല്‍ വീല്‍ ചെയറില്‍ തളക്കപ്പെട്ടവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍, മറ്റെന്ത് പ്രോഗ്രാം ഉണ്ടെങ്കിലും അതെല്ലാം  മാറ്റി വച്ച് ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു.
“തീര്‍ച്ചയായും ഞാന്‍ കുടുംബ സമേതം മുഴുവന്‍ സമയവും അവിടെ ഉണ്ടാകും...ഇന്‍ഷാ അള്ളാഹ്”

പൊതുവെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളോടും ബ്ലോഗിനോടും വൈമുഖ്യം കാണിക്കുന്ന ഭാര്യയോട് അപ്പോള്‍ തന്നെ ഞാന്‍ ഈ വിവരം അറിയിച്ചു.അവളും കൂടെ വരാം എന്ന് അറിയിക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളിലെ ബൂലോക വാസികളെ അറിയിക്കാം എന്ന് കരുതിയെങ്കിലും നാട്ടിലുള്ളവരില്‍ മന്‍സൂര്‍ ചെറുവാടിയെ മാത്രമേ പെട്ടെന്ന് ഓര്‍മ്മ വന്നുള്ളൂ.മന്‍സൂര്‍ തിരുവനന്തപുരത്ത് ആയതിനാല്‍ ഈ വിവരം ഞാന്‍ പറഞ്ഞില്ല.

ഇന്നലെ ആ പരിപാടി വളരെ ഭംഗിയായി നടന്നു.ആദ്യാവസാനം വരെ ഞാന്‍ അതില്‍ പങ്കെടുത്തു.അതിന്റെ റിപ്പോര്‍ട്ട് ശബ്നയുടെ ബ്ലോഗില്‍ വരുന്നില്ല എങ്കില്‍ അടുത്ത ദിവസം ഞാന്‍ തന്നെ പോസ്റ്റ് ചെയ്യാം...

Thursday, June 07, 2012

മാലിന്യ സംസ്കരണത്തിന് ഒരു എളുപ്പ വഴി.

           ഡിഗ്രിക്ക് ഫറോക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് ടൌണില്‍ പോകുമ്പോള്‍ ഞെളിയംപറമ്പ്  കടന്ന് വേണമായിര്ന്നു പോകാന്‍.അന്നും ഇന്നും നാം ഉണ്ടാക്കുന്ന മാലിന്യം നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്റെ ചിന്തയില്‍ എന്നും ഒരു വിഷയമായിരുന്നു.അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റിംഗ് എന്ന ലളിതമായ ഒരു മാലിന്യ സംസ്കരണ മാര്‍ഗ്ഗം മെയില്‍ വഴി കിട്ടിയത്. ഏവര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ആ രീതി ഇവിടെ പരിചയപ്പെടുത്തുന്നു.
            ആറിഞ്ച് വ്യാസവും 1.3 മീറ്റര്‍ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പുകളാണ് അവശ്യം വേണ്ടത്.(5 മീറ്റര്‍ നീളമുള്ള ഇത്തരം ഒരു പൈപ്പിന് എന്റെ നാട്ടിലെ വില 1350 രൂപ.ഇതു കൊണ്ട് ഞാന്‍ എന്റെ വീട്ടിലും തറവാട് വീട്ടിലും ഓരോ യൂണിറ്റുകള്‍ ഉണ്ടാക്കി).ഇവ 30 സെന്റിമീറ്റര്‍ ആഴമുള്ള രണ്ട് കുഴിയുണ്ടാക്കി (രണ്ടടി അകലത്തില്‍) അതില്‍ കുഴിച്ചിടുക.ഇപ്പോള്‍ പൈപ്പുകളുടെ 1 മീറ്റര്‍ ഭാഗം മണ്ണിന് മുകളിലേക്ക് കാണാം. കുഴലുകള്‍ മാര്‍ബിളിന്റെയോ ടൈലിന്റെയോ ഓടിന്റെയോ കഷ്ണം കൊണ്ട് മൂടി വയ്ക്കുക.

              ഓരോ ദിവസത്തേയും അടുക്കള മാലിന്യം (പ്ലാസ്റ്റിക് ഒഴികെ) ഇതില്‍ ഒരു കുഴലില്‍ ഇട്ട് അടച്ചു വയ്ക്കുക.ഇടക്കിടെ അല്പം ശര്‍ക്കര ദ്രാവകം (ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലോ അഞ്ചോ ശര്‍ക്കര കലക്കിയ വെള്ളത്തില്‍ നിന്ന് രണ്ട് അടപ്പ് വീതം) ഒഴിക്കുക.

               ശരാശരി 800- ഗ്രാം മാലിന്യമാണ് ഒരു ദിവസം നമ്മുടെ അടുക്കളകള്‍ ഉല്പാദിപ്പിക്കുന്നത്. അതിലെ വെള്ളം വാര്‍ന്നാല്‍ അത് 500 ഗ്രാമിലേക്ക് താഴും. ഒരു മാസം കൊണ്ട് ഒരു കുഴല്‍ നിറയും. പിന്നെ അടുത്ത കുഴല്‍ ഉപയോഗിച്ച് തുടങ്ങാം. അതും നിറഞ്ഞ് വരുമ്പോഴേക്കും ആദ്യത്തെ കുഴലിലേത് നല്ല വളമായി മാറിയിട്ടുണ്ടാകും. ആദ്യത്തെ കുഴല്‍ ഇളക്കിയെടുത്ത് ഒരു കുട്ടയിലേക്ക് കുത്തിയാല്‍ മാലിന്യം വളപ്പൊടിയായി  ലഭിക്കും.ഇത് ഉപയോഗിച്ച് അവിടെ തന്നെ നല്ലൊരു പച്ചക്കറി തോട്ടവും ഉണ്ടാക്കുക.

              സൂക്ഷ്മാണുക്കള്‍ പെരുകാന്‍ വേണ്ടിയാണ് ശര്‍ക്കര ദ്രാവകം ഒഴിക്കുന്നത്. ചാണകം കിട്ടുമെങ്കില്‍ ചാണകവും ശര്‍ക്കരയും ചേര്‍ത്ത ദ്രാവകമൊഴിച്ചാല്‍ മാലിന്യം എളുപ്പം വളമായി മാറും.
ടെക്നിക്കല്‍ സെല്‍  എന്‍.എസ്.എസ് യൂണിറ്റുകളുടെ വാര്‍ഷിക പദ്ധതിയായി സ്വീകരിച്ച ഈ പ്രവര്‍ത്തനം ““മാലിന്യം നമ്മുടെ സമ്പത്ത്  “ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടോടെ ഒരു ലക്ഷം വീടുകളില്‍ ഈ പ്രവര്‍ത്തനം തുടങ്ങുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഇത്തരം ഒരു ലളിത സംവിധാനം തുടങ്ങാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


Tuesday, June 05, 2012

ഉണ്ണിമോന്‍ കണ്ട പ്രവേശനോത്സവം

“ഇച്ച് ഇഞ്ഞി സ്കൂള്‍ക്ക് പോണ്ടാ....മ്`..മ്....മ്...” ആദ്യ ദിവസം തന്നെ സ്കൂളില്‍ നിന്നും തിരിച്ചു  വന്ന ഉണ്ണിമോന്‍ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.

“മോന് ബലൂണ്‍ കിട്ടീല്ലേ ?” ഉമ്മ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“പ്പ്....അത് അപ്പം തെന്നെ പൊട്ടീലെ...”

“തൊപ്പിം കിട്ടീലെ...?” ഉമ്മ വീണ്ടും അനുരഞ്ചന ശ്രമം നടത്തി.

“പഴേ പേപ്പറോണ്ട് ണ്ടാക്ക്യ അതാര്‍ക്കാ മാണ്ട്യത്.....മ്...മ്...മ്...”

“കാണാന്‍ നല്ല രസള്ള ചിത്രങ്ങള്‍ കണ്ടില്ലേ, സ്കൂളിന്റെ ചുമരില്‍ ?” ഉമ്മ വീണ്ടും ശ്രമിച്ചു.

 “അയ്നെക്കാളും രസം ള്ളത് കളിക്കുടുക്കേല് ണ്ട്....മ്...മ്....മ്...”

“മിഠായിം കിട്ടീലെ ?”

“ മഞ്ച് ക്‌ട്ടും ന്ന് പറഞ്ഞ് മുട്ടായി തന്ന് പറ്റിച്ച്....മ്...മ്...മ്മ്...”

“ചെണ്ട മുട്ടും കണ്ടില്ലേ മോന്‍?” ഉമ്മ ശ്രമം തുടര്‍ന്നു.

“ച്ച് അത് പേട്യാ...”

“അത് പേടിക്കണ്ട...നാളെ അത് ണ്ടാവൂല...” ഉമ്മ പിടിവള്ളി കിട്ടിയ അവസരത്തില്‍ സമാധാനിപ്പിച്ചു.

“അതെന്നാ ഇഞ്ഞി ഞാന്‍ പോവൂലാ ന്ന് പറഞ്ഞെ...നാളെ  ചണ്ട ണ്ടാവൂല ....ബലൂണും ണ്ടാവൂല...മുട്ടായിം ണ്ടാവൂല...പിന്നെത്ത്‌നാ ഞ്ഞി അങ്ങട്ട് പോണത് ?”

ഉണ്ണിമോന്റെ ചോദ്യത്തിന് മുന്നില്‍ ഉമ്മ എല്ലാ ശ്രമങ്ങളും നിര്‍ത്തി.

സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍

തിരക്കുള്ള ബസ്സില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീകള്‍ ഇരിക്കാത്തത് കണ്ട് പോക്കരാക്ക ചോദിച്ചു -
“സീറ്റ്  ണ്ടായിട്ടും ഇര്ക്കാത്തെന്താ?”


ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി  നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”


പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!

Monday, June 04, 2012

“മാലിന്യം നമ്മുടെ സമ്പത്ത്”

ജൂണ്‍ 5.ഒരു പരിസ്ഥിതി ദിനം കൂടി നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നു.നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ (എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും) യൂണിറ്റുകള്‍ പുതിയ ഒരു മുദ്രാവാക്യം കേരള ജനതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു - “മാലിന്യം നമ്മുടെ സമ്പത്ത്”. വീട്ടില്‍ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റി സ്വന്തമായി അടുക്കളത്തോട്ടം നിര്‍മ്മിച്ച് അതിന്  ഉപയോഗിക്കുന്ന ഒരു പുത്തന്‍ സംസ്കാരം (പഴയതിന്റെ വീണ്ടെടുപ്പ് എന്നും പറയാം) കേരള ജനതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു പദ്ധതിയാണിത്.

ഇതിന്റെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ.എം.കെ മുനീര്‍ കോഴിക്കോട് നിര്‍വ്വഹിച്ചു.കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍‌ചാണ്ടി ഇതിന്റെ ബ്രോഷര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.പൈപ് കമ്പോസ്റ്റിംഗ് എന്ന വളരെ ലളിതമായ ഒരു മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഈ പദ്ധതി കേരളത്തിലെ ഒരു ലക്ഷം വീടുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.കൃഷി വകുപ്പ്,തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവ ഈ സദുദ്യമത്തില്‍ ഞങ്ങളോട് സഹകരിക്കുന്നു.

ബൂലോകത്തെ മുഴുവന്‍ പരിസ്ഥിതി പ്രേമികളും അവരുടെ വീട്ടിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കണം  എന്ന് വിനീതമായി അപേക്ഷിക്കുന്നു.