Pages

Monday, February 10, 2014

ഒറ്റമൂലി

രിത്..കുറുപ്പേട്ടനോ?.....കുറേ കാലമായല്ലോ ഇതുവഴിയൊക്കെ കണ്ടിട്ട്

“ങാ.ശരിയാ

“അസുഖം..??”

“ഏയ് ഒന്നുമില്ല

“കുറുപ്പേട്ടന്റെ പുസ്തകവായന കണ്ടിട്ടാ ഞാനും ഒരു വായനക്കാരനായത്.എന്നിട്ടിപ്പോ കുറുപ്പേട്ടനെ ആ വഴിക്കേ കാണാറില്ലല്ലോ..?”

“വയസ്സനായില്ലേഅപ്പോനി  അത്രയൊക്കെയേ പറ്റൂ.”

“എന്നാലും പത്രവായന മുടക്കേണ്ടതുണ്ടോ.?”

“അത്.. ഇപ്പോ..പത്രത്തിലൊന്നും ന്യൂസ് ഇല്ലെന്നേ..കൊല,വെട്ടിപ്പ്,പീഢനം ഈ ത്രിമൂർത്തികളല്ലേ ഒന്നാം പേജിലെന്നും ഉള്ളത്?”

“അത് ശരിയാ.എന്നാലും??”

“അതുകൊണ്ട് പത്രവായനക്കുള്ള താല്പര്യവും കുറഞ്ഞു..”

“കുറുപ്പേട്ടൻ ഇപ്പോൾ ഗീതാപാരായണവും നിർത്തി എന്ന് കേട്ടല്ലോ?”

“അതും നീ അറിഞ്ഞോ?ഈ അടുത്ത കാലത്ത് അതിലും ഒന്ന് പിന്നാക്കം പോയി.ഹ ഹ ഹാ..”

“എന്നാലും അതുപേക്ഷിക്കേണ്ടായിരുന്നു.”

“ആ കുഞ്ഞു കുഞ്ഞു അക്ഷരങ്ങൾ പെറുക്കി വായിക്കാൻ ഒരു ദിവസത്തെ മെനക്കേടാ.ആർക്കാ ഇതിനൊക്കെ ഇപ്പോ സമയം കിട്ടുന്നു?”

“ആഅതുപോട്ടെ കുറുപ്പേട്ടൻ ഈയിടെ ഫോൺ മാറ്റി എന്ന് കേട്ടു..”

“ശരിയാണ്ചെറിയ ഡിസ്പ്ലേ മാറ്റി വലുതാക്കികാലത്തിനനുസരിച്ച് നമ്മളും മാറണ്ടേ?”

“ഇപ്പോൾ ബൂലോകത്തും കുറുപ്പേട്ടന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നുണ്ട്.”

“അവിടേയും പ്രശ്നം മറ്റൊന്നുമല്ല അല്പം ഒരു ഇന്റെറെസ്റ്റ് കുറവ്..അത്രമാത്രം.”

“ഓ.അപ്പോൾ അതാണ് ഇതിനൊക്കെ കാരണം അല്ലേ? കുറുപ്പേട്ടാ..ഇതിനെല്ലാം കൂടി ഒരു ഒറ്റമൂലിയുണ്ട്

“ങേ.എല്ലാറ്റിനും കൂടിയോ?”

“അതേ. കുറുപ്പേട്ടൻ വാഒറ്റമൂലി കിട്ടുന്ന കട ഞാൻ കാണിച്ച് തരാം

“എനിക്കറിയാം.കുഞ്ചു വൈദ്യരുടെ ആയുർവേദ കടയല്ലേ..”

“ഏയ് അല്ലആലി കാക്കാന്റെ വിഷൻ ഒപ്ടിക്കത്സ്..”

“ങേ! അത് കണ്ണട വിൽക്കുന്ന കടയല്ലേ.അവിടെ എങ്ങനെയാ ഒറ്റമൂലി കിട്ടുന്നത്?”

“കുറുപ്പേട്ടാവയസ്സ് 40 കഴിഞ്ഞില്ലേ..?”

“അതേ.അതുകൊണ്ട്..???”

“40 കഴിഞ്ഞാൽ കാഴ്ചക്ക് പ്രശ്നങ്ങൾ സംഭവിക്കാൻ തുടങ്ങും.അപ്പോൾ പരന്ന വായന നിർത്തും

“ങാ..”

“പിന്നെ പത്രപാരായണവും ഗീതാപാരായണവും മറ്റും മറ്റും വഴി വഴിയായി നിർത്തും..”

“ഓ

“ഇതിന് ഒരേ ഒരു ഒറ്റമൂലിയേ ഉള്ളൂ.അനുയോജ്യമായൊരു കണ്ണട വാങ്ങി വയ്ക്കുക.കാഴ്ച പഴയപോലെ കിട്ടിത്തുടങ്ങിയാൽ മേല്പറഞ്ഞ നിന്നുപോയ സംഗതികളെല്ലാം താനെ വീണ്ടും തുടങ്ങിക്കോള്ളും.അതുകൊണ്ട് കുറുപ്പേട്ടൻ ആലിക്കാക്കാന്റടുത്ത് നിന്ന് വേഗം ഒരു കണ്ണട വാങ്ങി വച്ചോളൂട്ടോ.വരട്ടെ.ബൈ ബൈ…“വാൽ: ഇക്കഴിഞ്ഞ റിപ്പബ്ലിക്ദിനം മുതൽ ഞാനും പുതിയ കുറുപ്പേട്ടനായി

Sunday, February 09, 2014

ലൂനമോളുടെ കാതുകുത്ത്


കട്ടുറുമ്പിന്റെ കാതുകുത്തിന് കാട്ടിലെന്ത് മേളാങ്കം
നാട്ടുകാർ വന്നു.വീട്ടുകാർ വന്നു..
കേട്ടവരൊക്കെയും വിരുന്നു വന്നൂ..

    മൂത്തമോൾ ലുലു എൽ.കെ.ജിയിൽ പഠിക്കുന്ന അന്നു മുതലേ വീട്ടിൽ കേൾക്കുന്ന, ഇന്നും മൂന്നാമത്തെ മോൾ ലൂനയിലൂടെ കേട്ടുകൊണ്ടിരിക്കുന്ന ഒരു നഴ്സറിഗാനം. പക്ഷേ ഇന്ന് അതിന് ചെറിയ ഒരു പ്രസക്തി ഉള്ളതായി തോന്നി.

    എന്റെ ഉമ്മ കാതുകുത്തിയിട്ടില്ല.ഉമ്മയുടെ ജേഷ്ടത്തിമാരും അങ്ങനെത്തന്നെ.അക്കാലത്ത് കാത് കുത്തിയാലും തുളസിയിലയോ മറ്റോ ഇട്ടാൽ മതി എന്നതിനാൽ സ്വർണ്ണം വാങ്ങാൻ കാശ് ഇല്ലാത്തതിനാലാണ് കാതുകുത്താത്തതെന്ന് ആരും പറഞ്ഞില്ല.ഉമ്മയുടെ വാപ്പ (ഞാൻ കണ്ടിട്ടില്ലാത്ത എന്റെ വല്യുപ്പ) അദ്ധ്യാപകൻ ആയിരുന്നതിനാൽ സ്വർണ്ണം വാങ്ങാൻ അന്ന് പ്രയാസം ഉണ്ടാകും എന്നും തോന്നുന്നില്ല.പക്ഷേ അന്നത്തെ നാട്ടുനടപ്പിൽ സ്വർണ്ണത്തിന് നൽകുന്ന പ്രാധാന്യം കുറക്കാൻ വേണ്ടിയോ മറ്റൊ വല്യുപ്പ സ്വീകരിച്ച ഒരു മാർഗ്ഗം ആയിരുന്നു ഇതെന്ന് തോന്നുന്നു. എന്റെ ഒരേ ഒരു പെങ്ങളും ഈ പാരമ്പര്യം പിന്തുടർന്ന് കാത് കുത്താത്തവളാ‍യി.

    എന്റെ മക്കൾക്കും ഞാൻ ഇതേ രീതി പിന്തുടരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ സാമൂഹിക സമ്മർദ്ദം(ഭാര്യാ കുടുംബം) എന്നെ അതിനനുവദിച്ചില്ല. കാത് കുത്തുന്നത് ഒരു പാപമോ കുറ്റമോ അല്ലാത്തതിനാൽ മൂത്തമോൾ ലുലുവിന്റെ കാത് കുത്തണം എന്ന ആവശ്യം ഞാൻ അനുഭാവപൂർവ്വം പരിഗണിക്കുകയും എന്റെ സമയവും കാലവും ഒത്തുവന്നപ്പോൾ അയൽ‌വാസിയായിരുന്ന രവിയുടെ അടുത്ത് പോയി ആ കൃത്യം നിർവ്വഹിക്കുകയും ചെയ്തു.അന്ന് വേദന കൊണ്ട് പിടഞ്ഞ ആ മുഖം ഞാൻ ഇന്നും ഓർക്കുന്നു.ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കാത് പഴുത്ത് വീങ്ങി വീർത്തതും എന്റെ ഓർമ്മയിൽ നില നിന്നതിനാൽ രണ്ടാമത്തെ മോൾ ലു‌അയുടെ കാത് കുത്താവശ്യം ഞാൻ പരമാവധി നിരുത്സാഹപ്പെടുത്തി.

    ചേച്ചിയുടെ കുത്തിയ കാത് എന്നും കാണുന്ന അനിയത്തിക്ക് ഇതിന്റെ വേദനയെപറ്റി മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചെങ്കിലും അത് മാത്രം ആ ചെവിയിലേക്ക് കയറിയില്ല. എന്തോ ആവശ്യാർത്ഥം ഭാര്യാ സമേതം മഞ്ചേരിയിൽ പോയ ഒരു ദിവസം വഴിയരികിൽ കണ്ട ഒരു ബോർഡ് ഭാര്യയുടെ ശ്രദ്ധയിൽ പെട്ടെന്ന് പെട്ടു – ‘വേദനയറിയാതെ കാത് കുത്തുന്നു’. കാറ്റുള്ളപ്പോൾ തൂറ്റണം എന്ന പഴമൊഴിയും കാശുള്ളപ്പോൾ കടം ചോദിക്കണം എന്ന പുതുമൊഴിയും ഒരുമിച്ച് പ്രയോഗിച്ച് ഭാര്യ ആ ബോർഡിലേക്ക് എന്റെ ശ്രദ്ധയും ക്ഷണിച്ചു. എങ്കിൽ അതാവാം എന്ന മട്ടിൽ ഞാനും സമ്മതിച്ചു. അങ്ങനെ ലു‌അ മോളുടെ ഒരു കാതിൽ കൃത്യമായി ഒരു തരം തോക്ക് പ്രയോഗത്തിലൂടെ കമ്മൽ അടിച്ചുകയറ്റി.പക്ഷേ രണ്ടാം കാതിൽ കുത്താൻ വേദന അറിഞ്ഞ മോൾ സമ്മതിച്ചില്ല.അവസാനം ബലപ്രയോഗത്തിലൂടെ ഒരു വിധം അതും നടത്തിയപ്പോൾ അല്പസ്വല്പം സ്ഥാനമാറ്റം സംഭവിച്ചെങ്കിലും മൈന്റ് ചെയ്തില്ല.

        കാത് കുത്തിയ ഉമ്മയും രണ്ട് ജ്യേഷ്ടത്തിമാരും മൂന്നാമത്തെ മോളുടെ കാത് കുത്തൽ മോഹം എന്നും ആകാശത്തോളം ഉയർത്തി.ലുലു ഓരോ ദിവസവും ഇടുന്ന ഫാൻസി കമ്മലുകൾ കൂടി കണ്ടപ്പോൾ അത് കാതിന് മുകളിലൂടെ കൊളുത്തിയിട്ട് അവൾ കാത് കുത്താത്തതിലുള്ള സങ്കടം മറച്ചു വച്ചു.എങ്കിലും ഇടക്കിടെ അവളുടെ ഉമ്മയുടെ  അടുത്ത് കാതു കുത്തലിനുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഇന്നലെ അവളുടെ കാത് കുത്താൻ അങ്ങാടിയിൽ പോകുന്ന വിവരം പറഞ്ഞപ്പോൾ ആ നാലു വയസ്സുകാരിയുടെ മറുപടി ഇതായിരുന്നു – ‘ എനിക്ക് സന്തോഷായി.’ (അരീക്കോടൻ ഭാഷയിൽ പറഞ്ഞാൽ ച്ച് പെരുത്ത് സ്ടായി).

    കുത്താനുള്ള കമ്മൽ തെരഞ്ഞെടുക്കുമ്പോഴും കാത് കുത്താൻ തട്ടാൻ സുനിലിന്റെ അടുത്തിരിക്കുമ്പോഴും അവളുടെ മുഖം സന്തോഷപൂരിതമായിരുന്നു. കമ്മൽ കുടുക്കാനുള്ള ആദ്യത്തെ വെടി അവളെ ഒരല്പം വേദനപ്പെടുത്തി.പൈതലിന്റെ മുഖം പെട്ടെന്ന് വാടി.ഉടൻ തന്നെ രണ്ടാമത്തെ കാതിലും വെടി തുളച്ചു കയറിയപ്പോൾ അവളുടെ മുഖഭാവം മാറി.കുഞ്ഞിന്റെ വേദന അമർത്തിപിടിച്ചുള്ള മുഖം കണ്ടപ്പോൾ സങ്കടം തോന്നി.വേദന നന്നായി അനുഭവിച്ചിട്ടും കരയാതെ അവൾ അത് അടക്കിപ്പിടിച്ചു. അങ്ങനെ ആ യജ്ഞവും വിജയകരമായി സമാപിച്ചു.


    കാത്കുത്തൽ ചടങ്ങ് ഒരു കല്യാണം പോലെതന്നെയാണ് പല സമൂഹങ്ങളിലും നടക്കുന്നത്.ഒരു ജോഡി കമ്മൽ മാത്രമേ ഒറ്റ സമയം ഇടാൻ പറ്റൂ എന്നതിനാൽ കല്യാണം കൂടാൻ വരുന്നവർക്ക് ഭക്ഷണം ഉണ്ട് പോയാൽ മതി , മറ്റു ചെലവുകൾ ഉണ്ടാകില്ല എന്ന് ഞാൻ കരുതുന്നു.പക്ഷേ അത് എന്റെ ഒരു തെറ്റിദ്ധാരണ മാത്രമായിരിക്കും , കാരണം വെറുതെ വിളിച്ച് സൽകരിച്ച് വിടുന്ന ഒരു പരിപാടി മലയാളിക്ക് പരിചയമുള്ളതല്ലല്ലോ.

Saturday, February 08, 2014

ഒരിക്കൽ കൂടി ......!!!!

      പറഞ്ഞും പോസ്റ്റിയും എനിക്കും മടുത്തു....എങ്കിലും എന്തുകൊണ്ട് പറഞ്ഞില്ല , അറിയിച്ചില്ല എന്നിങ്ങനെ ഭാവിയിൽ വരാവുന്ന ചോദ്യങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു ഉത്തരമായി ഒരിക്കൽ കൂടി ......         

 പ്രിയപ്പെട്ടവരേ, 

        കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്  കുട്ടികൾക്കിടയിൽ  പരിസ്ഥിതി അവബോധവും അത് സംരക്ഷിക്കുന്നതിന് അവനിൽ ചുമതലാബോധവും സൃഷ്ടിക്കാനായി  വിവിധ സ്കൂളുകളിലും കോളേജുകളിലും ഭൂമിത്രസേന‌ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. നാഷണൽ സർവീസ് സ്കീം ഇതേ ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാൽ അതിന്റെ ഒരു ഉപവിഭാഗമായി പല കാമ്പസുകളിലും ഇത് പ്രവർത്തിച്ചു വരുന്നു.ചില സ്ഥലങ്ങളിലെങ്കിലും സ്വതന്ത്രമായും പ്രവർത്തിക്കുന്നു.   

           സ്വാഭാവികമായും ഇതിന്റ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തന്നെയായിരിക്കും.പേര് ഫാക്കൾട്ടി ഇൻ ചാർജ്ജ് എന്നാകും എന്ന് മാത്രം.വിവിധ പരിസ്ഥിതി ആഘാത സ്ഥലങ്ങളും ജൈവ വൈവിധ്യകേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കും എന്നതിനാൽ കുട്ടികൾക്ക് ഈ ക്ലബ്ബിനോട് താല്പര്യം കൂടുതലാണ്.പ്രവർത്തനത്തിനുള്ള ഫണ്ട്  എൻ.എസ്.എസിനെക്കാൾ മെച്ചമാണ് എന്നതിനാൽ (ഫാക്കൾട്ടി ഇൻ ചാർജ്ജ് = 0 രൂപ) അദ്ധ്യാപകർക്കും താല്പര്യക്കുറവ് കൂടുതലില്ല.       

        കഥ പറഞ്ഞ് പറഞ്ഞ് കാര്യം പറയാൻ വിട്ടുപോയി....അങ്ങനെ കേരളത്തിലെ കാമ്പസുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ഇക്കഴിഞ്ഞ ദിവസം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് അധികൃതർ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.കാമ്പസുകൾക്ക് അവാർഡ് എന്തിലെല്ലാമുണ്ടോ അവിടെയെല്ലാം ഗവ.എഞ്ചിനീയറിംങ് കോളേജ് കോഴിക്കോടും ഉണ്ട് എന്ന പരസ്യവാചകം അന്വർത്ഥമാക്കിക്കൊണ്ട് ഈ അവാർഡും എന്റെ കാർമികത്വത്തിൽ ഈ കോളേജിലേക്ക് എത്തിയ വിവരം സസന്തോഷം അറിയിക്കുന്നു.    

  ഇക്കഴിഞ്ഞ ദിവസം (ഫെബ്രുവരി 6)  തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാന്യനായ വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം മേയർ അഡ്വ.ചന്ദ്രികയിൽ നിന്നും ഈ സംസ്ഥാന അവാർഡ് ഞാൻ ഏറ്റുവാങ്ങി