Pages

Friday, December 09, 2011

ചവിട്ട്യാല്‍ കിട്ടാത്ത കാറ്‌

കാര്‍ പോന്ന വഴി

“ഈ വീടിന്റെ പാലുകാച്ചലിന് കൂടാന്‍ പറ്റിയില്ലെങ്കിലും ഇതും ഒരു യോഗാ...” പണിതീരാത്ത വീട് നോക്കി വാല്യക്കാരന്‍ പറഞ്ഞു.

“അതെ...ബൂലോകത്തെ പഞ്ചപാണ്ഠവന്മാരുടെ കാല്പുണ്യം ഏല്‍ക്കുക എന്നത് ഒരു സൊഭാഗ്യം തന്നെ...” തിക്കോടിക്കാരന്റെ കമന്റ്.

“അല്ലാ...ങ്ങള്‍ക്കെന്തിന്റെ കാറ്റാ...അയിന്റെ പടം പുട്ച്ചാതെ ഞമ്മളെ ഇട്‌ക്കാന്‍ നോക്കി...” ക്യാമറയുമായി ഘോഷയാത്രയുടെ പടം എടുക്കാന്‍ ഇറങ്ങിയ എന്നോട് നാമൂസ് പറഞ്ഞു.

“ഇതൊരു നമ്പറല്ലേ...അല്പ നേരത്തെ കശപിശ ഉണ്ടായെങ്കിലും ഘോഷയാത്ര കേമമായി എന്ന് തോന്നിപ്പിക്കാന്‍....”

“അപ്പോ...അതിപ്പം തന്നെ ഡെലീറ്റ് ആക്കും അല്ലേ...”

“അത് ആള്റെഡി ഡെലീറ്റഡ് ആണ്....”

“ങേ !അതെങ്ങനെ..?”

“മെമ്മറിയില്‍ സ്പേസ് ഇല്ല...പിന്നെ അവരെ സന്തോഷത്തിന് എത്ര ഫ്ലാഷും അടിച്ചൂടേ...നമ്മുടേ ഫ്ലാഷ് , അവരുടെ സ്പ്ലാഷ്!!!”

പത്ത് മിനുട്ടോളം ഘോഷയാത്ര ഞങ്ങളുടെ വഴി മുടക്കി.ശാന്തി ലഭിച്ചവരും ഞാനും വാല്യക്കാരനും വീണ്ടും കാറില്‍ കയറാന്‍ തുടങ്ങി.

“ഡ്രൈവര്‍ സീറ്റില്‍ മാഷ് തന്നെ മതി...” എല്ലാവരും ഐക്യകഴുത്തോടെ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വീണ്ടും വളയം ഏറ്റെടുത്തു.പുഷ്പക വിമാനം വീണ്ടും പാട്ടും പാടി പറാക്കാന്‍ തുടങ്ങി.

“മാഷേ...ഇത് ആല്‍ട്ടോ ആണേ...” കാര്‍ മുതലാളി ഓര്‍മ്മിപ്പിച്ചു.

“അതിനെന്താ പ്രശ്നം?”

“അല്ല...മാഷ് വിചാരിച്ച സ്ഥലത്ത് നിര്‍ത്താന്‍ സാധിച്ചോളണം എന്നില്ല....”

“ങാഹാ അങ്ങനെയോ...വാല്യക്കാരാ...അതൊന്ന് നോക്കിയിട്ട് തന്നെ കാര്യം...പള്ളി കാണുമ്പോ പറയണം,വണ്ടി നിര്‍ത്തോ ഇല്ലേ എന്നറിഞ്ഞിട്ട് തന്നെ കാര്യം...” ഞാന്‍ വാല്യക്കാരനോട് പറഞ്ഞു.

“അതല്ല മാഷെ പറഞ്ഞത്...ചവിട്ട്യാല്‍ കിട്ടൂല ന്ന്...”

“ഓ..അങ്ങനെ...അതും അറിയണമെങ്കില്‍ ഒന്ന് ചവിട്ടണ്ടേ....”

“അതാ പള്ളി...കഴിഞ്ഞു...” വാല്യക്കാരന്‍ പറഞ്ഞു.

“പള്ളി കഴിഞ്ഞിട്ട് പറയാനല്ല പറഞ്ഞത്...”

“ഇപ്പോ ശരിയാകിത്തെരാ...അതാ....പാസ്സ് ചെയ്തു...”

“ഏത് സൈഡിലാ...?”

“വലതുഭാഗത്ത്...”

“എങ്കില്‍ ഇനി ഇടതുഭാഗത്ത് പള്ളി കാണുമ്പോ പറഞ്ഞാ മതി...”

“അതെന്താ...കണ്ണൂരില്‍ ഇടത് പള്ളിയിലേ കേറാവൂ എന്നുണ്ടോ?” ഏതോ മുടതന്‍ പിന്നില്‍ നിന്നും ചോദിച്ചു.

“അതല്ല...ഇവന്‍ അങ്ങോട്ടും ഇങോട്ടും നോക്കി കഴുത്ത് ഉളുക്കണ്ടാന്ന് കരുതി ഒരു സൌകര്യം ചെയ്തു കൊടുത്തതാ...” ഞാന്‍ വിശദീകരിച്ചു.

“എങ്കില്‍ ഒരു കാര്യം കൂടി...പള്ളി മാത്രമാക്കണ്ട...ഹോട്ടല്‍ കൂടി ഉള്ളിടത്ത് നിര്‍ത്താം...”എതോ ഒരുത്തന്റെ ആമാശയത്തില്‍ ആശ ഉണര്‍ന്നു.

“എങ്കില്‍ നമുക്ക് സൈദാര്‍ പള്ളിക്കടുത്ത് നിര്‍ത്താം...” ഞാന്‍ നിര്‍ദ്ദേശിച്ചു.കാര്‍ അല്പ സമയത്തിനകം തന്നെ സൈദാര്‍ പള്ളിയുടെ മുമ്പിലെത്തി.ഞങ്ങളെല്ലാവരും പള്ളിയിലേക്കും ശ്രീജിത്ത് പരിസര നിരീക്ഷണത്തിനും നീങ്ങി.
നമസ്കാരം കഴിഞ്ഞ് തിക്കോടിക്കാരന്‍ ഞങ്ങളെ ഒരു തട്ടുകടയിലേക്ക് ക്ഷണിച്ചു.അവനും നാമൂസും വീണ്ടും സിഗരറ്റ് കൊളുത്തി.

“നീ എന്താ നായ തൊട്ട കലം പോലെ മാറി നില്‍ക്കുന്നത്?” മാറി നിന്ന വാല്യക്കാരനോട് ഞാന്‍ ചോദിച്ചു.

“അവരുടെ ഊത്തില്‍ പെടാതിരിക്കാന്‍ മാറിനിന്നതാ...”

“ഈ പള്ളിയില്‍ ആരാ ?” നാമൂസ് അടുത്തിരുന്ന ആളോട് ചോദിച്ചു.

“സൈദ്...”

“സൈദ് ? ബാക്കി ഒന്നും ഇല്ലേ...?”

“സൈദാര്‍ പള്ളീ ആണ്...”

“ശരി ശരി...” കൂടുതല്‍ ചരിത്രം ചോദിക്കുന്നത് ഉചിതമാവില്ല എന്നറിഞ്ഞതിനാല്‍ കട്ടന്‍ ചായയും പരിപ്പ് വടയും തട്ടി ഞങ്ങള്‍ സ്ഥലം കാലിയാക്കാന്‍ തീരുമാനിച്ചു.പൈസ കൊടുക്കാന്‍ മൂന്ന് ഗള്‍ഫുകാരും തിക്കിതിരക്കിയതിനാല്‍ ഞാനും വാല്യക്കാരനും കാറിലേക്ക് നീങ്ങി.

കാര്‍ തിക്കോടി എത്തിയപ്പോള്‍ ഇരുട്ട് പരന്ന് കഴിഞ്ഞിരുന്നു.അതിനാല്‍ തന്നെ സമീറിന് ധൈര്യവും കൂടിയിരുന്നു.ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സമയം ഇല്ലാത്തതിനാല്‍ റ്റാറ്റ അടിച്ചു വിട്ടു.ഒരാളെങ്കിലും വീട്ടിലെത്തിച്ചല്ലോ എന്ന സമാധാനത്തോടെ ഞാന്‍ വീണ്ടും ഡ്രൈവ് ചെയ്തു.കാറ് കോഴിക്കോട് എത്തുന്നതിന് മുമ്പേ ആരുടെയോ മനസ്സില്‍ ഒരു ലഡു കൂടി പൊട്ടി - അക്ബര്‍ വാഴക്കാടിന്റെ വീട്ടില്‍ കൂടി പോകാന്‍.എന്റെ മനസ്സില്‍ പൊട്ടിയത് ഒരു ആന ലഡു ആയിരുന്നു, കാരണം അതുവഴി പോയാല്‍ കാറ് അരീക്കോട് വഴിയേ മുന്നോട്ട് പോകൂ.എനിക്ക് വീട്ടിന് മുന്നില്‍ ഇറങ്ങാം.

“അക്ബര്‍ക്കയെ വേഗം വിളിച്ചു നോക്ക്...ബൈപാസ് തിരിയുന്നതിന് മുമ്പ് തീരുമാനിക്കണം...” ഞാന്‍ പറഞ്ഞു.

“അത് നടക്കില്ല...സമയം കുറേയായി...” കാര്‍ മുതലാളിക്ക് വേവലാതി തുടങ്ങി.

“എന്നാലും...?” വന്ന ആശയെ നാശമാക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

“ഇല്ല മാഷേ...വീട്ടില്‍ വിരുന്ന് കാര്‍ വന്നിട്ടുണ്ട്...അവര്‍ എന്നെയും കാത്തിരിക്കുകയാ...”

“എങ്കില്‍ വേണ്ട...നമുക്ക് നേരെ വിടാം...” ഞാന്‍ ബൈപാസ്സിലൂടെ വിട്ടു.വിജനമായ വഴിയിലൂടെ കാറ് ചീറിപ്പാഞ്ഞു.

“മാഷേ...ചവിട്ട്യാല്‍ കിട്ടൂലട്ടോ....” ശ്രീജിത്ത് വീണ്ടും ഓര്‍മ്മിപ്പിച്ചു.

കടവ് റിസോര്‍ട്ടിന് മുമ്പിലെ ഗതാഗത കുരുക്കില്‍ പെട്ട് വാഹനങ്ങള്‍ ഓരോന്നായി ബ്രേക്ക് ചെയ്തുകൊണ്ടിരുന്നു.പെട്ടെന്നുള്ള ചവിട്ടില്‍ ഞാനും എന്റെ ബ്രേക്ക്പെഡലില്‍ കാലമര്‍ത്തി.മുന്നിലുള്ള റിറ്റ്സിന്റെ ചുവന്ന ലൈറ്റ് അടുത്തേക്ക് വരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു!ബ്രേക്കില്‍ ചവിട്ടിയിട്ടും അത് എന്റെ അടുത്തേക്ക് ഓടിവരുന്നു!!
‘യാ അല്ലാഹ്!!സംഭവിക്കേണ്ടത് സംഭവിക്കാന്‍ പോകുന്നു !!!’ ഞാന്‍ മനസ്സില്‍ കരുതി.ശ്രീജിത്തിന്റെ മനസ്സില്‍ നിന്നുള്ള കൊള്ളിയാന്‍ എന്റെ ശരീരത്തിലൂടെ തുളച്ച്പോയത് ഞാന്‍ അറിഞ്ഞു.വാല്യക്കാരന്‍ ആരെയാണ് വിളിച്ചത് എന്ന് വ്യക്തമായില്ല.തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ റിറ്റ്സിന്റെ പിന്നില്‍ ഞങ്ങളുടെ ആള്‍ട്ടോ കിതച്ചു നിന്നു.എല്ലാവരും സമാധാനത്തിന്റെ നെടുവീര്‍പ്പിട്ടു

“ടൊ...ടൊ...ടൊ..” തൊട്ടുപിന്നില്‍ ഏതൊക്കെയോ വാഹനങ്ങള്‍ തമ്മില്‍ ഉമ്മ കൊടുക്കുന്ന ശീല്‍ക്കാര ശബ്ദം കേട്ടു.ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും ‘തൊമസൂട്ടീ വിട്ടോടാ’ എന്ന് കേട്ടതിനാല്‍ ഞാന്‍ വീണ്ടും ഡ്രൈവ് ചെയ്തു.

അവസാനം രാത്രി 11 മണിക്ക് സംഭവബഹുലമായ ഈ ഡ്രൈവിങ്ങ് എന്റെ വീട്ടിന് മുന്നില്‍ അവസാനിക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നീളമേറിയ തുടര്‍ച്ചയായ ഡ്രൈവിങ്ങ് റിക്കോര്‍ഡായി അത് മാറിക്കഴിഞ്ഞിരുന്നു.


(നിര്‍ത്തി....)