Pages

Monday, August 30, 2021

ദ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ

1996 ലെ ഒരു സുപ്രഭാതം.മൂന്ന് മാസത്തിനിടക്ക്  രണ്ടാമത്തെ സർക്കാർ ജോലിയും എന്നെത്തേടി വീട്ടിൽ വന്നതോടെ ഒരു സർക്കാർ ജീവനക്കാരനാകാൻ ഞാൻ ഏകദേശം തീരുമാനിച്ച് കഴിഞ്ഞിരുന്നു. ലാന്റ് ഫോൺ പോലും പ്രചാരത്തിൽ ഇല്ലാത്ത ആ കാലത്ത്, ഏറ്റവും അടുത്ത് താമസിക്കുന്നവരിൽ പ്രമുഖരായ അമ്മാവനെയും വലിയ മൂത്താപ്പയെയും  നേരിട്ട് പോയി കണ്ട്  ഈ വിവരം ഞാൻ അവരെ അറിയിച്ചു. കല്യാണം കഴിക്കുന്ന പോലെ വലിയൊരു സംഭവം അല്ലാത്തതിനാൽ കുടുംബത്തിലെ മറ്റുള്ളവരൊക്കെ വഴിയേ അറിഞ്ഞുകൊള്ളും എന്നായിരുന്നു എന്റെ പ്രതീക്ഷ.

അരീക്കോടിന്റെ തൊട്ടടുത്ത പഞ്ചായത്തായ ഊർങ്ങാട്ടിരിയിലെ വെറ്റിനറി ഡിസ്പെന്സറിയിൽ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്ന ഗമണ്ടൻ പോസ്റ്റിലേക്കായിരുന്നു എന്റെ നിയമനം. കോമൺ കൺട്രി ഫെലോസ് ഈ പോസ്റ്റിലിരിക്കുന്ന ആളെ 'കമ്മോണ്ടർ' എന്നും വിളിച്ചിരുന്നു.എനിക്ക് ജോയിൻ ചെയ്യേണ്ട സ്ഥലത്തെപ്പറ്റി ബോധ്യമില്ലാത്തതിനാൽ, ഞാൻ എന്റെ മൂത്തുമ്മായുടെ മൂത്ത മകൻ കരീം മാസ്റ്ററെ സമീപിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക ഹൈസ്‌കൂൾ ആയ സുബുലുസ്സലാം ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം.ജന്മം കൊണ്ട് പ്രധാനാദ്ധ്യാപകൻ അല്ലെങ്കിലും കർമ്മം കൊണ്ട് ആ പഞ്ചായത്തിന്റെ തന്നെ 'എഡ്മാസ്റ്റർ' ആയിരുന്നു കരീം മാസ്റ്റർ.ബയോളജി ആയിരുന്നു വിഷയമെങ്കിലും ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ഹിസ്റ്ററിയും ഭൂമിശാസ്ത്രവും അദ്ദേഹത്തോളം അറിയുന്ന ആരും ഞങ്ങളുടെ കുടുംബത്തിൽ ഇല്ലായിരുന്നു.കാരണം അദ്ദേഹം കല്യാണം കഴിച്ചത് ആ പഞ്ചായത്തിൽ നിന്നായിരുന്നു .

അങ്ങനെ, ബാപ്പ അറിയാതെ പഠിക്കുകയും കൈവശപ്പെടുത്തുകയും ചെയ്ത അനിയന്റെ ബൈക്കിൽ ഞാനും അനിയനും കൂടി കയറിയിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കിക്കറടിച്ചതും മുറ്റത്തെ തെങ്ങൊന്ന് കുലുങ്ങി മണ്ഡരി ബാധിച്ച ഒരു തേങ്ങ 'ഠപേ' ന്ന് ബൈക്കിന് മുന്നിൽ വീണു.'തേങ്ങയേറ്' കഴിഞ്ഞതിനാൽ ഐശ്വര്യമായി തന്നെ വണ്ടി സ്റ്റാർട്ടായി.

കൃത്യ സമയത്ത് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി.എല്ലാ സർക്കാർ ഓഫീസിലെയും പോലെ, ഏറ്റവും ആദ്യം എത്തുന്ന സ്വീപ്പർ മാത്രമായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. ഞങ്ങളുടെ ആഗമനോദ്ദേശം അറിയിച്ചതോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഒരു വിഗഹ വീക്ഷണത്തിനായി ഞാൻ പുറത്തേക്കിറങ്ങി.ഒരു കന്നുകാലിയെയും കൊണ്ട് ഒരാൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഭാവി സർവീസിൽ കന്നുകാലി സൗഹൃദം അനിവാര്യമായതിനാൽ ഞാൻ അതിന്റെ അടുത്തേക്ക് നീങ്ങി. ഞാൻ പ്രതീക്ഷിക്കാത്ത ആംഗിളിൽ നിന്ന് കന്നുകാലിയുടെ വാല് വായുവിൽ ഒന്ന് മിന്നി. എന്റെ പുതിയ മുണ്ടിൽ ചാണകവും ചെളിയും ചേർന്ന കളറിൽ ഒരു ചിത്രം വരക്കപ്പെട്ടു.

"ചേട്ടാ... ഇതിനെത്ര പാല് കിട്ടും ?" കന്നുകാലിയുടെ ഉടമയോട് ഞാൻ ചോദിച്ചു.

"ഒന്ന് മതിച്ച് നോക്ക്..." 

"ഒരു പത്ത് ലിറ്റർ ..." മോശമാക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞു.

"കണക്കിൽ ഉഷാറാണല്ലേ...?"

"ങാ...അതുകൊണ്ടല്ലേ ഇത്ര ചെറുപ്പത്തിലേ ഈ ജോലി കിട്ടിയത്..."

"എടാ പോത്തേ .... കണ്ണ് തുറന്നൊന്ന് നോക്ക് ....അതിന്റെ കാലുകൾക്കിടയിലേക്ക് ...." അയാളുടെ അപ്രതീക്ഷിത വിളിയിൽ ഞാൻ ഒന്ന് ഞെട്ടി. അയാൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ നോക്കി. അതൊരു കാളക്കുട്ടനായിരുന്നു.കൃത്യ സമയത്ത് ഓഫീസിനകത്ത് ഒരാളനക്കം കണ്ടതിനാൽ ഞാൻ വേഗം അകത്തേക്ക് കയറി.

"ഹും... എന്താ വേണ്ടത് ?" പുതിയതായി വന്ന ആൾ എന്നോട് ചോദിച്ചു.

"ഞാൻ ഇവിടത്തെ പുതിയ ഇൻസ്‌പെക്ടറാ ... ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ..." ആദ്യമായി ജോലി കിട്ടിയ ഗമയിൽ തന്നെ ഞാൻ പറഞ്ഞു. 

"ആഹാ .... ഏമാൻ എവിടെ നിന്നാണാവോ വരുന്നത് ?" ഒരു കളിയാക്കി ചിരിയോടെ അദ്ദേഹം ചോദിച്ചു.

"അരീക്കോട് നിന്ന് ..."

"ആരാ നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ?" അടുത്ത ചോദ്യം അല്പം ഗൗരവത്തിലായിരുന്നു.

"ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ഓർഡർ ഉണ്ട്..."

"ഓ...ഒന്ന് കാണട്ടെ ആ ഓർഡർ....."

ഞാൻ ഓർഡർ എടുത്ത് കാട്ടി.അദ്ദേഹം അത് സസൂക്ഷ്മം വായിച്ചു.എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

"ഓർഡർ ഒക്കെ ശരി തന്നെ .... പക്ഷെ, നീ ഇപ്പോൾ നിൽക്കുന്നത് വെറ്റിനറി ഡിസ്‌പെൻസറി കല്ലരട്ടിക്കലിൽ ആണ്.... ഇവിടെ ഞാൻ ആണ് അന്നും ഇന്നും എന്നും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ...നിന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് വെറ്റിനറി ഡിസ്‌പെൻസറി ഊർങ്ങാട്ടിരിയിൽ ആണ് .... അത് വെറ്റിലപ്പാറയാണ് സ്ഥിതി ചെയ്യുന്നത്...."

ഞാൻ അനുജന്റെ മുഖത്തേക്ക് ഒന്ന് നോക്കി."തോമസു കുട്ടീ....വിട്ടോടാ..." എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു. വേഗം വണ്ടി സ്റ്റാർട്ടാക്കി ഞങ്ങൾ വെറ്റിലപ്പാറ ലക്ഷ്യമാക്കി കുതിച്ചു.

(ആദ്യ ദിവസം തന്നെ ഈ മൃഗീയാനുഭവങ്ങൾ സമ്മാനിച്ച ഈ വകുപ്പിനെ അധികകാലം എനിക്ക് സേവിക്കേണ്ടി വന്നില്ല. 1998 ൽ ഞാൻ കെ.എസ്.ഇ.ബി യിലേക്ക് മാറി)

Saturday, August 28, 2021

ജാമിയ മില്ലിയ ഇസ്ലാമിയ

 ദൂരം കൂടുതലാണെങ്കിലും വീണ്ടും വീണ്ടും നമ്മെ മാടി വിളിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഡെൽഹി. സ്കൂളിൽ പഠിച്ച ചരിത്രം വെറും കഥകളല്ല എന്ന് ബോധ്യമാകുന്നതിന് ഒരു തവണ മാത്രം ഡെൽഹി സന്ദർശിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം. എന്റെ മക്കളെ എല്ലാം ഡൽഹി കാണിക്കണം എന്ന് എനിക്ക് തോന്നിയതും ഇക്കാരണത്താലാണ്. വായനയിൽ നിന്ന് ലഭിക്കുന്ന അറിവുകളെ മനസ്സിൽ കൊത്തി വയ്ക്കാൻ ഇത്തരം സന്ദർശനങ്ങൾക്ക് സാധിക്കും.

എന്റെ ഓർമ്മയിലെ ഏഴാം ഡെൽഹി സന്ദർശനം ആയിരുന്നു ആഗസ്ത് 10 ന് നടന്നത്. മൂത്ത മോൾ ലുലുവിന് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ ഗണിതത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേരണമെന്നൊരാഗ്രഹം. അവൾക്ക് പരീക്ഷ എഴുതാനും ഒപ്പം ഒന്നര വർഷത്തിലധികമായി  കൊറോണ തളച്ചിട്ട നാല് ചുവരുകൾക്കുള്ളിൽ നിന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്വാതന്ത്യവും ആണ് കുടുംബ സമേതം ഡൽഹിയിൽ പോകാനുള്ള തീരുമാനത്തിൽ എന്നെ എത്തിച്ചത്. 1992 ൽ ഡിഗ്രി കഴിഞ്ഞ ഉടനെയുള്ള അലീഗഡ് മുസ്ലിം സർവ്വകലാശാല പ്രവേശന മോഹമായിരുന്നു എന്നെ ആദ്യമായി ഡൽഹി കാണാൻ സഹായിച്ചത്.

ഓരോ ഡൽഹി സന്ദർശനത്തിലും ആദ്യ സന്ദർശനത്തിന്റെ മനോഞ്ജസ്മരണകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് പതിവിലും കൂടുതലായിരുന്നു. കാരണം എന്റെ ആദ്യ  സന്ദർശനത്തിൽ ഡൽഹി കാണാൻ ഞങ്ങൾ ഉപയാഗിച്ചത് മാന്യനായ ഒരു സർദ്ദാർജിയുടെ ഓട്ടോ ആയിരുന്നു. ഇത്തവണ ഞങ്ങൾ താമസിച്ച മലയാളി ഹോട്ടൽ ന്യൂഡൽഹി സ്റ്റാർ വില്ലയിൽ നിന്ന് ലഭിച്ചതും ദീപ് സിങ്ങ് എന്ന വളരെ മാന്യനായ ഒരു സർദാർജിയുടെ ടാക്സി ആയിരുന്നു. 

ഡൽഹിയിലെ അഭൂതപൂർവമായ തിരക്കിനെ അതിജീവിച്ച് ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും 15 കി.മീ അകലെയുള്ള ജാമിയ കാമ്പസിൽ ഒരു മണിക്കൂർ കൊണ്ട്  ( കൃത്യം ഒമ്പതരക്ക് ) ഞങ്ങളെ എത്തിച്ച ആ ഡ്രൈവിംഗ് മികവിന് ഒരു ബിഗ് സല്യൂട്ട് നൽകാതെ വയ്യ. ട്രാഫിക് ബ്ലോക്ക് അടക്കമുള്ള പ്രശ്നങ്ങൾ  ആരെയും വെറുപ്പിക്കാതെ രമ്യമായി ഒത്ത് തീർപ്പാക്കി സർദാർജി ഡ്രൈവ് ചെയ്യുന്ന രീതി നാം എല്ലാവരും മാതൃകയാക്കണം. 

കിലോമീറ്ററുകളോളം നീളുന്നതാണ് ജാമിയ കാമ്പസ്. അതിന്റെ ഓരോരോ ഗേറ്റ് നമ്പറാണ് അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പടുത്തിയിരിക്കുന്നത്. ഇടതും വലതും കാണുന്ന ഗേറ്റുകൾക്ക് മുമ്പിൽ ഉരുണ്ട് കൂടി വരുന്ന വിദ്യാർത്ഥികളുടെ കൂട്ടം ക്രമേണ കൂടുന്നുണ്ട്. ഇരുപതാം നമ്പർ ഗേറ്റിലൂടെ ആയിരുന്നു ലുലുവിന്റെ എക്സാം സെന്ററായ 20 ലേക്കുള്ള പ്രവേശനം. അത് മെയിൻ കാമ്പസ് റോഡിൽ നിന്നും അൽപം കൂടി അകത്തേക്ക് പോകണമായിരുന്നു. അവസാന നിമിഷം ഒന്ന് വഴി തെറ്റിയെങ്കിലും സർദാർജിക്ക് പെട്ടെന്ന് മനസ്സിലായതിനാൽ വണ്ടി തിരിച്ചു. പ്രവേശന സമയമായ കൃത്യം ഒന്പതരക്ക് ലുലു എക്സാം ഹാളിന് മുന്നിലെത്തി.

ഐഡി ചെക്കിംഗും ടെമ്പറേച്ചർ ചെക്കിംഗും കഴിഞ്ഞ് ലുലു ഹാളിൽ കയറി. ഞങ്ങൾ കാമ്പസിൽ തന്നെയുള്ള പാർക്കിലേക്കും നീങ്ങി. ഹരിത ഭംഗി കൊണ്ട് ആരുടെയും മനം കവരുന്നതായിരുന്നു ആ പരിസരം. ശുദ്ധ വായു ശ്വസിച്ച്  , കുട്ടികളുടെ നേരമ്പോക്കുകൾ ആസ്വദിച്ചു കൊണ്ട് ഞങ്ങൾ തണലിലെ പുല്ലിൽ  ഇരുന്നു. എക്സാം കഴിഞ്ഞ് ലുലു തിരിച്ചെത്തിയതോടെ ഞങ്ങൾ ഡൽഹിയിലെ സ്ഥിരം കാഴ്ചകൾ കാണാനായി കറക്കം തുടങ്ങി.


Part 2 - ദീപ് സിംഗിന്റെ കോംബോ ഓഫർ


Thursday, August 26, 2021

ചമ്പൽ കാടുകൾ

കൊങ്കൺ പാതയിലെ വിസ്മയങ്ങൾ കഴിഞ്ഞാൽ ഡൽഹി യാത്രയിലെ പ്രധാന കാഴ്ചയാണ് ചമ്പൽ കാടുകൾ. പേരിൽ കാട് ഉണ്ടെങ്കിലും നാം കണ്ട കാടുകളും ചമ്പൽ കാടുകളും തമ്മിൽ അജഗജാന്തരം തന്നെയുണ്ട്. മദ്ധ്യപ്രദേശിലെ പ്രധാന നദികളിലൊന്നായ ചമ്പലിന്റെ തീരത്ത് കാണപ്പെടുന്ന നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽകൂനകളാണ് ചമ്പൽ കാടുകൾ.ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങൾ കൂടിച്ചേരുന്നിടത്താണ് ഇത് നിലകൊള്ളുന്നത്.

ചമ്പലിന്റെ പ്രധാന സവിശേഷത കടുത്ത മണ്ണൊലിപ്പ് മൂലമുണ്ടാകുന്ന ആഴത്തിലുള്ളതും, വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകളാണ്. ചമ്പൽ എന്ന പേര് കേൾക്കുമ്പോഴേ മനസ്സിൽ ഒരു മിന്നൽപ്പിണർ പായുന്ന കാലം ഉണ്ടായിരുന്നു.ഫൂലൻ ദേവിയും ഗബ്ബർ സിംഗും തോക്കുകൾ കൊണ്ട് ഭരണ സംവിധാനത്തെ വെല്ലുവിളിച്ച രക്തംപുരണ്ട കഥകളുടെ ഒരു കാലം. ചമ്പലിലെ കൊള്ളക്കാരിൽ പ്രധാനികളായ ഇവരുടെ തോക്കിന് ഇരയായവരിൽ, ഇതുവഴി കടന്നുപോകുന്ന ട്രെയിൻ യാത്രക്കാരും ഉണ്ടായിരുന്നു.പരന്നുകിടക്കുന്ന മലയിടുക്കുകൾ കൊള്ളക്കാർക്ക് ഒളിക്കാൻ സൗകര്യമുള്ള ഇടമായതിനാൽ നിയമപാലകർക്കടക്കം ചമ്പൽ ഒരു പേടിസ്വപ്നമായിരുന്നു.1983 ൽ ഫൂലൻ ദേവി കീഴടങ്ങിയതോടെ ചമ്പലിന്റെ പോരാട്ടങ്ങളും അവസാനിച്ചു.

തീവണ്ടി യാത്രയിൽ കാണുന്ന മണൽക്കൂനകൾ ഇന്ന് നിരവധി ജന്തുക്കളുടെ ആവാസ കേന്ദ്രം കൂടിയാണ്.വന്യജീവികളാൽ സമ്പന്നമായ തണ്ണീർത്തടങ്ങളാണ് ചമ്പലിലേത്. കാടുകളിൽ സ്വൈര്യ വിഹാരം നടത്തുന്ന സ്വർണ്ണ കുറുക്കന്മാർ, ഇന്ത്യൻ ചെന്നായ്ക്കൾ, കടലാമകൾ. ഇതിനൊക്കെ പുറമെ ചുറ്റും പറന്ന് ഉല്ലസിക്കുന്ന വിവിധയിനം പക്ഷികളും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു.പഴയ കൊള്ളക്കാരെ പുനരധിവസിപ്പിക്കാൻ അവരെ ടൂറിസ്റ്റു ഗൈഡുകൾ ആക്കിക്കൊണ്ടുള്ള ചമ്പൽ ടൂറിസം പദ്ധതിയും ഉടൻ ആരംഭിക്കും എന്നറിയുന്നു. 

ട്രെയിനിൽ അതിക്രമിച്ച് കയറി, ഈ പ്രദേശത്ത് എത്തുമ്പോൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന് ഇതുവഴിയുള്ള ആദ്യയാത്രയിൽ തന്നെ ഞാൻ കേട്ടിരുന്നു. അതിനാൽ ചമ്പൽ പരിസരത്ത് എന്തിനെങ്കിലും ട്രെയിൻ നിർത്തിയാൽ മനസ്സിൽ ഇപ്പോഴും ഒരു ഭയം പടരും. ആ മൺകൂനകൾക്കിടയിൽ നിന്നും ആരെങ്കിലും ട്രെയിനിനടുത്തേക്ക് വരുന്നുണ്ടോ എന്ന് നോക്കും. ആരും വരുന്നില്ല എന്നുറപ്പാകുമ്പോഴേക്കും ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങിയിരിക്കും.

Wednesday, August 25, 2021

കാർബുഡെ തുരങ്കം

ഡൽഹിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോഴൊക്കെ അത് കൊങ്കൺ പാത വഴി ആയിരിക്കണം എന്ന് മനസ്സിൽ ഒരു തീരുമാനം അറിയാതെ രൂപപ്പെടും.പാലങ്ങളും തുരങ്കങ്ങളും നിറഞ്ഞ, അപകടം പതിയിരിക്കുന്ന പാതയാണെങ്കിൽ പോലും അതിലൂടെ യാത്ര ചെയ്യുന്നതിലുള്ള ത്രില്ല് ഒന്ന് വേറെത്തന്നെയാണ്. യാത്ര രാത്രിയാണെങ്കിൽ പോലും ഈ ത്രില്ലിന് കോട്ടം വരാറില്ല. ഇത്തവണത്തെ ഡൽഹി യാത്രയിലെ, ഏതാനും ചില കാഴ്ചകൾ ആണ് വായനക്കാർക്ക് വേണ്ടി ഇവിടെ പങ്കു വയ്ക്കുന്നത്.

പണ്ട് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയിൽ കോട്ടയത്തിനടുത്ത് ഒരു തുരങ്കത്തിലൂടെ ഏതാനും നിമിഷങ്ങൾ കടന്ന് പോകാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ഇരുട്ടും പിന്നാലെ കൂക്കിവിളിയും വ്യാപിക്കുമ്പോഴാണ് തുരങ്കത്തിൽ പ്രവേശിച്ചത് അറിയുന്നത്. അപ്പോഴേക്കും ട്രെയിൻ പുറത്തെത്തിയിട്ടും ഉണ്ടാകും. പിന്നീടുള്ള യാത്രകൾ പലപ്പോഴും രാത്രി ആയതിനാലും ആലപ്പുഴ വഴി ആയതിനാലും ഈ തുരങ്കം ഓർമ്മയിൽ നിന്ന് തന്നെ മാഞ്ഞുപോയി. കൊങ്കൺ പാത വഴി നിരവധി യാത്രകൾ ചെയ്തതോടെ തുരങ്കങ്ങൾ കാണാനുള്ള ആക്രാന്തവും ഇല്ലാതായി. 

മംഗലാപുരം മുതൽ റോഹ വരെ 740 കിലോമീറ്റർ നീളത്തിലുള്ള കൊങ്കൺ റെയിൽ പാത ശരിക്കും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെയാണ്. മെട്രോ മാൻ ഇ.ശ്രീധരൻ എന്ന കേരളീയന്റെ എഞ്ചിനീയറിംഗ് പ്രാഗൽഭ്യം ഇന്ത്യ തിരിച്ചറിഞ്ഞത് കൊങ്കൺ പാതയുടെ നിർമ്മാണത്തിലൂടെയാണ്. വലുതും ചെറുതുമായ നിരവധി തുരങ്കങ്ങളും പാലങ്ങളും എലിവേറ്റഡ് ബ്രിഡ്ജുകളും അടങ്ങിയ ഈ പാതയിലൂടെ ഒരിക്കലെങ്കിലും പകൽ സമയത്ത് സഞ്ചരിച്ച് ഈ വിസ്മയം ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഈ പാതയിൽ എത്ര തുരങ്കങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. പക്ഷെ നിർബന്ധമായും കാണേണ്ട തുരങ്കം കാർബുഡെ തുരങ്കമാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെയും  കൊങ്കൺ റെയിൽപാതയിലെ ഒന്നാമത്തെയും റെയിൽവേ തുരങ്കമാണിത്.

മഹാരാഷ്ട്രയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ രത്നഗിരി കഴിഞ്ഞാൽ തുരങ്കം കാണാനുള്ള തയ്യാറെടുപ്പ് തുടങ്ങാം. രത്നഗിരിയിൽ നിന്ന് ഏതാനും മിനുട്ടുകൾ കഴിഞ്ഞാൽ ഉക്ഷി എന്ന ചെറിയ സ്റ്റേഷൻ എത്തും. അതും കഴിഞ്ഞാൽ തുരങ്കം ആരംഭിക്കുകയായി. ഉക്ഷി - ബോകെ എന്നീ സ്റ്റേഷനുകൾക്കിടയിലാണ് കാർബുഡെ തുരങ്കം. ഈ തുരങ്കത്തിന്റെ നീളം 6.5 കി.മി. ആണ്. മൺസൂൺ സീസൺ ആണെങ്കിൽ തുരങ്കത്തിലുടനീളം പ്രകൃതി ഒരുക്കിയ വാട്ടർ സ്പ്രേയിംഗ് ആസ്വദിക്കാം. രാത്രിയാണ് ഇത് വഴി കടന്നുപോകുന്നത് എങ്കിൽ തുരങ്കത്തിന്റെ ദൈർഘ്യവും ഭയാനകതയും ഒന്നും അനുഭവിക്കാൻ സാധിക്കില്ല. 

Tuesday, August 24, 2021

ലിവ് വിത് കൊറോണ

2020 മാർച്ച് 22 ന് ആയിരുന്നു കേരളം കോവിഡ് മഹാമാരിക്ക് മുമ്പിൽ ആദ്യമായി കൊട്ടിയടപ്പ് ആയുധം പ്രയോഗിച്ചത്. ഒരാഴ്ചത്തെ അടച്ചുപൂട്ടൽ നീണ്ടു പോയതോടെ പലരുടെയും ജീവിതമാർഗ്ഗങ്ങളും വഴിമുട്ടി. തുടർച്ചയായ അടച്ചിടൽ ഒരു പരിഹാരമല്ല എന്ന് താമസിയാതെ എല്ലാവർക്കും ബോദ്ധ്യമായി. എങ്കിലും ജനങ്ങൾ അസാധാരണമായി കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തൽ അനിവാര്യമായിരുന്നു. അങ്ങനെയാണ് രാജ്യത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പൂട്ട് വീണത്.

വർഷത്തിൽ ഒരു തവണ എങ്കിലും സംസ്ഥാനത്തിനകത്തോ പുറത്തോ കുടുംബ സമേതം ഒരു മേജർ യാത്ര പോവുക എന്നത് വർഷങ്ങളായി എൻ്റെ ഒരു പതിവാണ് . ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരല്പനേരം വിട്ടു നിൽക്കാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാനും സർവ്വോപരി എല്ലാവരുടെയും മനസ്സിനെ ഒന്ന് ഫ്രഷ് അപ് ചെയ്യാനും ഈ യാത്രകൾ എനിക്ക് ഉപയോഗപ്പെടാറുണ്ട്.ഈ യാത്രയാണ് 2020 ലെ ലോക്ക്ഡൗണിലൂടെ എനിക്ക് നഷ്ടമായത്.പക്ഷെ മഹാമാരി ഓരോരുത്തർക്കും വരുത്തി വച്ച നിരവധി നഷ്ടങ്ങൾക്ക് മുമ്പിൽ ഇത് ഒന്നും അല്ല എന്ന് ഞാൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

കൊറോണ അത്ര പെട്ടെന്നങ്ങ് അരങ്ങ് ഒഴിഞ്ഞ് തരാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയതോടെ 'ലിവ് വിത് കൊറോണ' എന്ന നിലയിലേക്ക് പലരും ചിന്തിക്കാൻ തുടങ്ങി. മുൻകരുതലുകൾ എടുത്തുകൊണ്ട് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് യാഥാർത്‌ഥ മാർഗ്ഗം എന്ന്  എൻ്റെ മനസ്സും മന്ത്രിക്കാൻ തുടങ്ങി.മിക്ക രോഗാണുക്കളുടെയും കൂടെ സഹവസിക്കുന്ന നാം, ഈ വൈറസിനെ ഇത്രമാത്രം ഭയപ്പെടേണ്ടതില്ലെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു. വീട്ടിനകത്തുള്ള ഇരിപ്പ് തുടർന്നാൽ യാത്രകൾ ഇനിയും അനന്തമായി നീളും എന്ന് ഞാനും മനസ്സിലാക്കി. അങ്ങനെ ഞാനും 'ലിവ് വിത് കൊറോണ' നടപ്പിലാക്കാൻ തീരുമാനിച്ചു. 

അങ്ങനെ ഒരു വർഷത്തെ ഇടവേളക്കു ശേഷം ഞാൻ കുടുംബസമേതം ഒരു യാത്ര ആരംഭിക്കുകയാണ്. മൂത്തമോൾ ലുലുവിന് ജാമിയ മില്ലിയ ഇസ്‌ലാമിയ സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സ്  പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാൻ ഡൽഹിയിൽ പോകുന്നു. പരീക്ഷ കഴിഞ്ഞ് ജയ്പൂരും കണ്ട് മടങ്ങാനാണ് പദ്ധതി.യാത്രാ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ ....

Sunday, August 22, 2021

കത്തുന്ന ഒരു പച്ചമരം

ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ കഥകൾ നിരവധി ഞാൻ വായിക്കുകയും കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. അത്തരം സംഭവങ്ങൾ എല്ലാം മനസ്സിൽ ഒരു നോവ് പടർത്താറുമുണ്ട്. നമ്മളാൽ കഴിയുന്ന ഒരു ചെറുസഹായം നൽകി ആ നോവിനെ അകറ്റാൻ  സാധിക്കും എന്നതിനാൽ പലപ്പോഴും അവസാന വഴിയായി അതും ചെയ്യാറുണ്ട്. 

മുസ്‌ലിം പശ്ചാത്തലത്തിലുള്ള നോവലുകൾ മലയാളത്തിൽ ധാരാളമുണ്ട്. അവയിൽ ചിലതിലെങ്കിലും ഉസ്താദുമാരോ മൊല്ലാക്കമാരോ കഥാപാത്രങ്ങളായും ഉണ്ട്. പക്ഷെ ഒരു ഗ്രാമത്തിലെ ഉസ്താദിന്റെ പൊള്ളുന്ന ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു നോവൽ ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത്. 'കത്തുന്നൊരു പച്ചമരം' എന്ന പുസ്തകപ്പേര് അത്ര ആകർഷകമായി തോന്നിയില്ലെങ്കിലും വായനക്കാരന്റെ ഉള്ളിൽ അത് നീറിപ്പുകയുക തന്നെ ചെയ്യും.

ബീരാനുസ്താദ് എന്ന മദ്രസാദ്ധ്യാപകന്റെ ജീവിതമാണ് നോവലിസ്റ്റ് ഈ പുസ്തകത്തിലൂടെ വരച്ചു കാണിക്കുന്നത്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കേണ്ടി വരുന്നവരാണ് മിക്ക മദ്രസാദ്ധ്യാപകരും.അതിലേക്ക് വിധിയുടെ വിളയാട്ടം പോലെ ചില ദുരന്തങ്ങൾ കൂടി ചേരുമ്പോൾ ആ ജീവിതങ്ങൾ നിലയില്ലാക്കയത്തിലേക്ക് പതിക്കുന്നു. അപ്പോഴും, താൻ ഇത്രകാലം നട്ട നന്മമരങ്ങളിൽ നിന്നുള്ള ഒരു കനി ആശ്വാസം നൽകും എന്ന പ്രതീക്ഷ അവരിൽ നിലനിൽക്കും. ആ പ്രതീക്ഷ മാത്രമാണ് അവരെ ഈ ദുനിയാവിൽ തന്നെ പിടിച്ച് നിർത്തുന്നതും.

അലിഫും ബായും തായും മദ്രസയിൽ നിന്ന് ചൊല്ലിപ്പഠിക്കുന്ന കാലത്ത് ഉസ്താദിന്റെ ജീവിതത്തിലേക്ക് എത്തി നോക്കാൻ നമ്മൾക്ക് പക്വത ആയിട്ടുണ്ടാവില്ല. എന്നാൽ ആ പക്വത എത്തുന്ന സമയത്ത് ആവുന്നത് ചെയ്യാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ വല്ലപ്പോഴും കിട്ടുന്ന ഒരു സമ്മാനം പോലും അവരുടെ ജീവിതത്തിൽ ഏറെ സന്തോഷം ഉണ്ടാക്കും.പക്ഷെ, എത്ര ബുദ്ധിമുട്ടിയാലും ഒരു ഉസ്താദും ശിഷ്യരോട് തങ്ങളുടെ ജീവിത  പ്രാരാബ്ധങ്ങൾ പറയാറില്ല. ഈ നോവലിലെ ബീരാനുസ്താദും ആ ഗണത്തിൽ വരുന്നു. 

ഈ പുസ്തകം എൻ്റെ കണ്ണുകളെ പലപ്പോഴും സജലങ്ങളാക്കി.നോവലിന്റെ ശുഭ പര്യവസാനം സന്തോഷം കൊണ്ടും കണ്ണ് നിറച്ചു. 


പുസ്തകം : കത്തുന്നൊരു പച്ചമരം
രചയിതാവ് : സാനു പള്ളിശ്ശേരി 
പ്രസാധകർ : പേരക്ക ബുക്സ് 
പേജ് : 96 
വില : 120 രൂപ 

Saturday, August 21, 2021

വൈറസ്

പൊളളാച്ചി ചന്തയിലെ പൊള്ളുന്ന ചൂട് മാരിമുത്തുവിന് വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇനി മടക്കയാത്ര കേരളത്തിലേക്കാണ് . ആരോഗ്യ സംരക്ഷണ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. ഇതിന് മുമ്പും നിരവധി യാത്രകൾ കേരളത്തിലേക്ക് നടത്തിയിട്ടുണ്ട്. അതിലൊന്നും ഇത്ര പ്രശ്നം തോന്നിയിരുന്നില്ല.അന്നത്തെ പോലെ അതിർത്തി കടന്ന് കിട്ടും എന്ന് ഇത്തവണ പ്രതീക്ഷയേ ഇല്ല. എല്ലാ സംസ്ഥാനങ്ങളും അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്ന സമയമാണ്. രോഗം നിയന്ത്രണ വിധേയമായി എന്ന് പറയാൻ ആയിട്ടില്ലെങ്കിലും ഏറെക്കുറെ നിയന്ത്രണത്തിലാണ്. എന്നാൽ ചെറിയൊരു അശ്രദ്ധ മതി,കാര്യങ്ങൾ കൈ വിട്ടു പോകാൻ എന്ന് എല്ലാവർക്കും നല്ല ബോധ്യവുമുണ്ട്. കേരളാതിർത്തി അടുക്കുന്തോറും മാരിമുത്തുവിന്റെ മനസ്സ് അസ്വസ്ഥമാകുന്നതും ചിന്ത കാരണമാണ്

'ഒറ്റക്കായിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു ....ഇതിപ്പോ ...' മാരിമുത്തു ആത്മഗതം ചെയ്തു.

' ദുരിത കാലത്ത് ഇതിനൊന്നും ഇറങ്ങിപ്പുറപ്പെടേണ്ടിയിരുന്നില്ല. കുടുംബം പുലർത്തണമെങ്കിൽ പുറപ്പെടുകയല്ലാതെ നിവൃത്തിയും ഇല്ല. എത്രയോ തവണ അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്നു പോയതാ .... വിനാശകാലേ വിപരീത ബുദ്ധി.. ഇനി ആലോചിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ല.' മാരിമുത്തു വണ്ടിക്കകത്തേക്ക് നോക്കിതാനൊഴികെ ഒരു ജീവിയും ഉണർന്നിരിക്കുന്നില്ല

'സുന്ദരമായ ലോകത്ത് ജീവിതം ഇനി എത്രകാലം എന്ന ഒരുറപ്പും ആർക്കും ഇല്ല ... എന്നിട്ടും ലോകത്തെ വൈവിധ്യമാർന്ന കാഴ്ചകൾ ആസ്വദിക്കാതെ ഉറങ്ങുന്ന വിഡ്ഢികൾ' മാരിമുത്തുവിന്റെ അസ്വസ്ഥമായ ചിന്തകളിൽ നിന്ന് സഹയാത്രികരോടുള്ള നീരസം ഉയരാൻ തുടങ്ങി.

'എല്ലാം നല്ല ഉറക്കത്തിലാ.. ശല്യപ്പെടുത്തേണ്ട...ഡ്രൈവർ ആയതിനാൽ എന്റെ കർത്തവ്യം ഞാൻ തന്നെ നിർവ്വഹിച്ചേ പറ്റൂ... ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും കിലോമീറ്ററുകൾ താണ്ടാനുണ്ട്. ഒരു ചായ കുടിക്കുന്നത് ഉറക്കത്തെ അകറ്റും' മാരിമുത്തു ആരോടെന്നില്ലാതെ പറഞ്ഞു.

ഡ്രൈവിംഗിനിടയിൽ ശ്രദ്ധയിൽ പെട്ട ഒരു ചായക്കട മാരിമുത്തുവിന്റെ ആഗ്രഹത്തെ ഉത്തേജിപ്പിച്ചു. വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി അവൻ ഇറങ്ങി. വണ്ടിയിലെ സഹജീവികൾ എല്ലാം കണ്ണടച്ച് തന്നെ കിടപ്പാണ് . ആരെയും ശല്യപ്പെടുത്താതെ മാരിമുത്തു ചായക്കടയിലേക്ക് നടന്നു.

"അളിയോ ... അതിർത്തിയിൽ മുഴുവൻ ഭയങ്കര പരിശോധനയാണല്ലോ..." ചായക്കടയിൽ കയറുമ്പോൾ തന്നെ താൻ ഇഷ്ടപ്പെടാത്ത വർത്തമാനം മാരിമുത്തുവിന്റെ കാതിൽ വന്നലച്ചു

".അതിനെന്താ... എല്ലാ പേപ്പറുകളും കൃത്യമാണെങ്കിൽ പ്രശ്നമില്ലാതെ കടന്നു പോകാം ... പഴയ കാലത്തെ പോലെ തരികിട ഒന്നും സമയത്ത് നടക്കില്ല ..."

"ങാ .... മാരക വൈറസാന്നാ കേട്ടത്... എന്തെങ്കിലും പാളിച്ച പറ്റിയാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ, കാരണം ബോധിപ്പിക്കേണ്ടി വരും ... അതുകൊണ്ടാ ഇത്രയും കർശനമായ പരിശോധന"

"സംഗതി അത്രയും സീരിയസ് ആണ് ... കൈ വിട്ടു പോയാൽ പിന്നെ പിടിച്ചു കെട്ടാൻ സാധിക്കുകയില്ല ... അതിനാൽ അതിർത്തി കടക്കുന്ന നാം ഓരോരുത്തരും ജാഗ്രത പുലർത്തിയേ പറ്റൂ ..." ചായ കുടിച്ച് കൊണ്ടിരിക്കുന്ന മറ്റു ഡ്രൈവർമാരുടെ സംഭാഷണം മാരിമുത്തുവിനെ ഇരിക്കപ്പൊറുതി ഇല്ലാത്തവനാക്കി.

'യാത്രാ രേഖകൾ എല്ലാം കൃത്യമാണ് . എങ്കിലും ഏതെങ്കിലും ഒരു പരിശോധകന് സംശയം തോന്നിയാൽ അതുമതി , മുഴുവൻ എണ്ണത്തിനെയും പരിശോധിക്കാൻ ... ദീർഘ യാത്ര എല്ലാവരുടെയും മുഖത്ത് ക്ഷീണം പടർത്തിയുണ്ട് ... വാടിയ ഒരൊറ്റ ഒരു  മുഖം കണ്ടാൽ , കർശന പരിശോധന ഉറപ്പാ ... ഒരു പക്ഷെ സ്പോട്ടിൽ തന്നെ വാക്സിനേഷനും നിർദ്ദേശിച്ചേക്കും ..' മാരിമുത്തുവിന്റെ ചിന്ത കാടുകയറാൻ തുടങ്ങി.

ഓർഡർ ചെയ്ത ചായ വേഗം വലിച്ച് കുടിച്ച് കാശും കൊടുത്ത് മാരിമുത്തു വീണ്ടും വണ്ടിയിൽ കയറി. പിന്നിലേക്ക് ഒരിക്കൽ കൂടി എത്തി നോക്കിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോഴും മയക്കം ആരെയും വിട്ടൊഴിഞ്ഞിരുന്നില്ല. പലവിധ ചിന്തകളും മനസ്സിൽ കൂട്ടിയും കിഴിച്ചും മാരിമുത്തു കേരളാതിർത്തിയിൽ എത്തി. ഓരോ ചെക്ക് പോസ്റ്റുകളും കടക്കുമ്പോൾ മാരിമുത്തുവിന്റെ ഉള്ളിൽ നിന്നും ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉയർന്നു

അവസാന ചെക്ക്പോസ്റ്റിൽ വണ്ടി സൈഡാക്കി മാരിമുത്തു ഇറങ്ങി. കടലാസുകളുമായി ഉദ്യോഗസ്ഥന്റെ മുന്നിലെത്തി. കടലാസുകൾ തിരിച്ചും മറിച്ചും നോക്കിയ ശേഷം അയാൾ മാരിമുത്തുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി . അവന്റെ ഹൃദയം പട പടാ അടിക്കുന്നത് തൊട്ടടുത്തിരിക്കുന്നവർക്ക് പോലും കേൾക്കാമായിരുന്നു. മാരിമുത്തു നൽകിയ കടലാസുമായി പരിശോധകൻ പുറത്തിറങ്ങി.

"ഏതാ വണ്ടി ?" അയാൾ ചോദിച്ചു 

"ദാ ... മുന്നിൽ തണലിൽ പാർക്ക് ചെയ്തത് ..." മാരിമുത്തു കാണിച്ചുകൊടുത്ത വണ്ടിക്ക് നേരെ അയാൾ നടന്നു. പിന്നിലൂടെ ചെന്ന് അയാൾ അകത്തേക്ക് ഒന്ന് എത്തി നോക്കി

"സാർ...വണ്ടിയിൽ നിന്നിറക്കി  പരിശോധിക്കുന്നതാ നല്ലത് ..." പരിശോധകൻ ഉറക്കെ വിളിച്ച് പറഞ്ഞു. അതുകേട്ട് ഓഫീസിൽ നിന്നും വെളുത്ത കോട്ടിട്ട ഒരാൾ പുറത്ത് വന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ ഒരു ഡോക്ടറാണെന്ന് മാരിമുത്തുവിന് മനസ്സിലായി. അവന്റെ ഹൃദയം വീണ്ടും പട പടാ അടിക്കാൻ തുടങ്ങി.

"അസുഖ ലക്ഷണം കാണുന്നുണ്ട് ... എവിടുന്നാ വരുന്നത് ?" ഡോക്ടർ മാരിമുത്തുവിനോട് ചോദിച്ചു.

"പൊള്ളാച്ചീന്നാ സാർ .." കൈ കൂപ്പി കൊണ്ട് മാരിമുത്തു പറഞ്ഞു 

" ... അപ്പോൾ ഇത്രയും നേരം ഒരുമിച്ച് ആയിരുന്നില്ലേ ... ഇത് ഒരു വൈറസ് രോഗമാണ്... അസുഖം പകരാൻ സാധ്യത കൂടുതലാ...എല്ലാത്തിനെയും വിളിച്ചിറക്കിക്കോ.... വിശദമായ പരിശോധന ആവശ്യമാണ് ... വാക്സിൻ എടുക്കണം , അസുഖ ലക്ഷണം കണ്ടവയെ ക്വോറന്റീനിലും ആക്കണം

മറുവാക്ക് പറയാനില്ലാത്തതിനാൽ മാരിമുത്തു വണ്ടിക്ക് പിന്നിലേക്ക് നീങ്ങി. ഷട്ടർ തുറന്ന് വണ്ടിയിലുണ്ടായിരുന്ന മുഴുവൻ നാൽക്കാലികളെയും ഇറക്കി കുളമ്പു രോഗ പ്രതിരോധ വാക്സിൻ എടുക്കാനായി ക്വോറന്റീൻ കേന്ദ്രത്തിലേക്ക് തെളിച്ചു കൊണ്ടുപോയി !