Pages

Thursday, February 26, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 4


ജൂബിലി ഹാളിൽ നിന്നും തിരിക്കുന്നതിന് മുമ്പേ ഞാൻ ശ്രീ.എം.എൻ.സി ബോസ് സാറുമായി ഒരനൌപചാരിക ചർച്ച നടത്തി, തിരുനക്കര നിൽക്കുന്ന കോർഡിനേഷനെ തിരിച്ച് പിടിക്കാൻ സാധിക്കുമോ എന്നാരാഞ്ഞു.അതിനായി ജനുവരി 26ആം തീയതി ഒരു മീറ്റിംഗ് വച്ചാൽ നന്നായിരിക്കും എന്ന് ബോസ് സാർ പറഞ്ഞു.ഈ മീറ്റിംഗും തിരുവനന്തപുരത്താണ് പ്ലാൻ ചെയ്യുന്നത് എന്ന് അപ്പോൾ തന്നെ മനസ്സിലായി.ജനുവരി 27നും 28നുമായിട്ടായിരുന്നു വളണ്ടിയർമാർക്കുള്ള അടുത്ത ട്രെയ്നിംഗ്.26ആം തീയതി തിരുവനന്തപുരത്ത് മീറ്റിംഗ് കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എട്ടു മണിക്ക് കോഴിക്കോട്ട് ട്രെയ്നിംഗിന് എത്തൽ അസാധ്യമായതിനാൽ തിരുവനന്തപുരം മീറ്റിംഗ് 29ആം തീയതി ആക്കാം എന്ന് മറ്റു വെന്യൂ മാനേജർമാരും കൂടി തീരുമാനിച്ച് ഞങ്ങൾ പിരിഞ്ഞു.

തൊട്ടടുത്ത ദിവസമായിരുന്നു ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിയുടെ വെന്യൂ സന്ദർശനം.അവരുടെ തീരുമാനത്തിനനുസരിച്ചാണ് ഗെയിംസ് ജനുവരി 31ന് നടക്കുമോ ഇല്ലേ എന്നറിയുക.പ്രധാന വെന്യൂ കളിൽ ഒന്നായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അന്നും കൊത്തലും മാന്തലും നടക്കുന്നതിനാൽ ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിന് ഞാൻ കാതോർത്തു.

“വേദികൾ സുസജ്ജം....ഗെയിംസിന് പച്ചക്കൊടി” എന്നായിരുന്നു ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം!! ഇവർ ആകാശത്ത് നിന്നാണോ വേദികൾ നോക്കിയത് എന്ന് ന്യായമായും സംശയിച്ചു.അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാവും ഇങ്ങനെ പോയാൽ ഗെയിംസ് തുടങ്ങുന്ന 31ആം തീയതിയും കോർപ്പറേഷൻ സ്റ്റേഡിയം സജ്ജമാകില്ല എന്ന്.

ജനുവരി 24ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പെട്ടെന്ന് ഒരു കാൾ വന്നു. എല്ലാ മാനേജർമാരുടേയും ഒരു മീറ്റിംഗ് ജനുവരി 26ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്നു.ഗെയിംസിന്റെ മറ്റു വിശദാംശങ്ങളും ഡ്യൂട്ടികളും അറിയിക്കേണ്ടതിനാൽ നിർബന്ധമായും പങ്കെടുക്കണം !കഴിഞ്ഞ ‘നിർബന്ധ‘ മീറ്റിംഗിൽ പങ്കെടുത്തവരുടെ എണ്ണവും അന്ന് ലഭിച്ച ‘വിവരങ്ങളും’ മറ്റ് അനുഭവങ്ങളും എല്ലാം കൂട്ടി വച്ചപ്പോൾ തല പോയാലും വേണ്ടില്ല തിരുവനന്തപുരത്തേക്കില്ല എന്ന് ഞാൻ തീരുമാനിച്ചു.കഴിഞ്ഞ മീറ്റിംഗിൽ ആദ്യം എത്തിയ ജയചന്ദ്രൻ സാർ പോകുന്നുണ്ടോ എന്നറിയാൻ വെറുതെ ഒന്ന് വിളിച്ച് നോക്കി.അദ്ദേഹവും വീണ്ടും “ഡിസ്ക്” എടുക്കുന്നില്ല എന്നറിയിച്ചു.കോഴിക്കോട് നിന്നുള്ള മറ്റു മൂന്ന് പേരും പങ്കെടുത്തില്ല എന്ന് പിന്നീട് മനസ്സിലായി !

ജനുവരി 27ന് കേരളത്തിന്റെ ദേശീയ ഹോബിയായ ഹർത്താൽ പ്രഖ്യാപ്പിക്കപ്പെട്ടതിനാൽ അന്നേ ദിവസത്തെ ട്രെയ്നിംഗ് 28ലേക്ക് മാറ്റി.നേരത്തെ നിശ്ചയിച്ച പ്രകാരം ജൂബിലീ ഹാളിൽ തന്നെയായിരുന്നു അന്നും വരേണ്ടത്.എന്നാൽ വളണ്ടിയർമാർക്ക് വന്ന സന്ദേശം അതാത് വെന്യൂവിൽ ഹാജരാകാനായിരുന്നു.അത് പ്രകാരം ബീച്ചിലെത്തിയ എന്റെ ഒരു വളണ്ടിയർ എന്നെ വിളിച്ചു.
“സാർ...ബീച്ചിൽ എവിടെയാ എത്തേണ്ടത്?’

“ആരാ നിന്നോട് രാവിലെത്തന്നെ ബീച്ചിൽ പോകാൻ പറഞ്ഞത്?” ഞാൻ തിരിച്ച് ചോദിച്ചു.

“അല്ല..സാർ....എസ്.എം.എസ് വന്നത് വെന്യൂവിൽ എത്താനാ....ഇവിടെ ആരെയും കാണുന്നില്ല..”

“അവിടെ സ്റ്റേഡിയം കാണുന്നില്ലേ?” ഒളിമ്പിക് കമ്മിറ്റി സന്ദർശനം കഴിഞ്ഞ് പോയിട്ട് നാലഞ്ച് ദിവസമായതിനാൽ എന്തെങ്കിലും കാണും എന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു.

“ഇല്ല സാർ...ഇവിടെ ബീച്ച് മാത്രമേയുള്ളൂ...” അവന്റെ നിസ്സഹായ മറുപടി.

“ങാ...നീ നേരെ ജൂബിലീ ഹാളിലേക്ക് തന്നെ പോര്....”
എനിക്ക് അപ്പോൾ തോന്നിയ നിർദ്ദേശം ഞാനങ്ങ് കൊടുത്തു.അല്പസമയത്തിനകം ഇതേ പോലെ വിവിധ വേദികളിൽ പോയി തിരിച്ചു വരുന്നവരെക്കൊണ്ട് ഹാൾ നിറഞ്ഞു.അപ്പോഴും ഒരു മെസേജും കിട്ടാത്തവരും ട്രെയ്നിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി എന്ന സന്ദേശം മാത്രം കിട്ടിയവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.സന്ദേശം വന്നത് തിരുവനന്തപുരത്ത് നിന്നായതിനാൽ ഞങ്ങൾക്കാർക്കും അതിൽ പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാൻ കഴിഞ്ഞില്ല.എല്ലാവരേയും ഹാളിൽ കയറ്റി ഇരുത്തി.


അല്പ സമയം കഴിഞ്ഞ് വേറെ കുറേ ആൾക്കാർ രംഗപ്രവേശം നടത്താൻ തുടങ്ങി.വിവിധ കമ്മിറ്റികളുടെ ചുമതലയുള്ള  ഡിസ്ട്രിക്റ്റ് ഓർഗനൈസിങ് കമ്മിറ്റി ( ഡി.ഒ.സി ) അംഗങ്ങൾ ആയിരുന്നു അവർ.ഗെയിംസിന്റെ സുഖകരമായ നടത്തിപ്പിനുള്ള(?) മറ്റൊരു സംഘമാണ്  യഥാർത്ഥത്തിൽ ഡി.ഒ.സി . ചെറുപ്പക്കാർ മുതൽ നടക്കാൻ പറ്റാത്തവർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു!!

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 5

Monday, February 23, 2015

ആമേൻ


‘സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതിൽ നിന്നും അല്പം ഉയർന്ന് നിൽക്കുന്ന വെള്ളത്താമരപോലെയാണ് കന്യാസ്ത്രീ ജീവിതം.എന്നാൽ നാം കാണും‌പോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം? ഒരു കന്യാസ്ത്രീ തന്റെ ജീവിതപുസ്തകം നിവർത്തുമ്പോൾ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ അറിയേണ്ടി വരുന്നു’

അഡ്വ.ആർ.കെ ആശ രചനാസഹായം നിർവ്വഹിച്ച് സിസ്റ്റർ ജെസ്മി എഴുതിയ ആമേൻ എന്ന പുസ്തകത്തിന്റെ പിൻ‌പുറം കവറിലെ വാചകമാണ് മേൽ ഉദ്ധരിച്ചത്.ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്നാണ് മുൻ‌ചട്ടയിൽ പറയുന്നത്.പതിവ് പോലെ ഈ പുസ്തകവും അഞ്ച് വർഷം ഷെൽഫിനകത്ത് അടയിരുന്ന ശേഷമാണ് എന്റെ വായനാമേശയിൽ എത്തിയത്.സിസ്റ്റർ ജെസ്മിയുടെ ഈ പുസ്തകമോ അതോ സിസ്റ്റർ ജെസ്മി എന്ന പേരോ ഉണ്ടാക്കിയ ഒരു വിവാദം തന്നെയാണ് 2009ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആ വർഷം തന്നെ എന്റെ ശേഖരത്തിൽ എത്താൻ കാരണം (അന്ന് വില 100 രൂപ).

പുസ്തകം മുഴുവൻ വായിച്ചപ്പോൾ എനിക്ക് തോന്നിയത് തീയില്ലാതെ പുക ഉണ്ടാകില്ല എന്നാണ്.ഔദ്യോഗിക ജീവിതത്തിൽ സഹപ്രവർത്തകരിൽ നിന്ന് സിസ്റ്റർ നേരിടുന്ന നിരവധി പ്രയാസങ്ങളാണ് പുസ്തകത്തിലെ പ്രദിപാദ്യ വിഷയം. എന്നാൽ പുസ്തകച്ചട്ട പറയുന്നപോലെ ഒരു കന്യാസ്ത്രീ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ സിസ്റ്റർ തുറന്ന് എഴുതുന്നുണ്ട്.ആ ‘പാപ’ത്തിന്റെ പങ്ക് തനിക്ക് കൂടിയുണ്ട് എന്ന സമ്മതമാകാം ഈ തുറന്നെഴുത്തിന് കാരണം എന്ന് എനിക്ക് തോന്നുന്നു.

ഹോസ്റ്റലുകളിലും (ആൺ-പെൺ വ്യത്യാസമില്ലാതെ) കോൺ‌വെന്റുകളിലും കേൾക്കുന്ന സ്വവർഗ്ഗസ്നേഹവും അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും ഇന്ന് ഒരു ഞെട്ടിപ്പിക്കുന്ന സത്യമല്ല, മറിച്ച് പരസ്യമായ രഹസ്യമാണ്.അത് കന്യാസ്ത്രീകൾ താമസിക്കുന്നിടത്ത് നിന്ന് നേരിട്ട് ഒരു കന്യാസ്ത്രീ തന്നെ പറയുമ്പോൾ ശ്രോതാക്കൾക്ക് ഇമ്പം കൂടും എന്നതിനാൽ പുസ്തകത്തിന് മാർക്കറ്റും കൂടും എന്ന ബിസിനസ് തന്ത്രം കൂടി ഇവിടെ പ്രയോഗിക്കപ്പെടുന്നുണ്ട് എന്ന് ന്യായമായും തോന്നുന്നുണ്ട്.

183 പേജുള്ള പുസ്തകം കാര്യങ്ങൾ വളരെയധികം നീട്ടിപ്പരത്തി പറയുന്നുണ്ട്. വായിച്ചു കഴിഞ്ഞപ്പോൾ മേൽ പറഞ്ഞതടക്കം എനിക്കുണ്ടായ ചില സംശയങ്ങൾ ഞാൻ സിസ്റ്റർക്ക് ഇ-മെയിൽ ചെയ്തു.പക്ഷേ കിട്ടിയ മറുപടി, സിസ്റ്ററുടെ കൂടുതൽ പുസ്തകങ്ങൾ തൽക്കാലം വാങ്ങേണ്ട എന്ന തീരുമാനത്തിലേക്കാണ് നയിച്ചത്.


ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാൻ മാത്രം ഇല്ല എങ്കിലും ഒഴുക്കോടെ വായിക്കാൻ സാധിക്കുന്നുണ്ട് . വായിച്ച് നിങ്ങളുടെ അഭിപ്രായവും കുറിക്കുക.

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 3


 നാറുന്ന വിവാദങ്ങളും മറ്റും നിലനിൽക്കേ ഗെയിംസിന് ജനസമ്മതി നേടി എടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ  ജനുവരി 20ന് കേരളമാകെ റൺ കേരള റൺ എന്ന കൂട്ടയോട്ടം സംഘടിപ്പിക്കപ്പെട്ടു.എൻ.എസ്.എസ് മുഖേന അറിയിപ്പ് വന്നതിനാലും ഗെയിംസ് സംഘാടനത്തിൽ നേരിട്ട് പങ്ക് വഹിക്കുന്ന കോളേജിൽ നിന്നുള്ള ഏക വ്യക്തി ആയതിനാലും എന്റെ ചുമതലാബോധം ഉയർന്നു.ഈ കൂട്ടയോട്ടത്തിനായി മാത്രം തുറക്കപ്പെട്ട വെബ്സൈറ്റിൽ കയറി തൊട്ടടുത്ത സ്റ്റാർട്ടിംഗ് പോയന്റും കോണ്ടാക്ട് നമ്പറും പരതി. ഒരു ഗവ.എൽ.പി സ്കൂളിന്റെ പേരും നമ്പറും ആയിരുന്നു വെസ്റ്റ്‌ഹില്ലിലെ പോയന്റ് ആയി കൊടുത്തിരുന്നത്.ആ നമ്പറിൽ പലതവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല.

20-ആം തീയതി 10.30ന് ആയിരുന്നു കൂട്ടയോട്ടം.എല്ലാ ജില്ലകളിലും നടക്കുന്ന മെഗാറൺ കോഴിക്കോട് നടക്കുന്നത് ബീച്ചിൽ ആണെന്നും അവിടെ എത്തിയാൽ ഓട്ടത്തിൽ പങ്കെടുക്കാം എന്നും ആരോ അറിയിച്ചു.എന്നാൽ കോളേജ് സ്ഥിതി ചെയ്യുന്നത് നാഷണൽ ഹൈവേയുടെ ഓരത്തായതിനാൽ വടക്കോട്ടോ തെക്കോട്ടോ ഉള്ള ഒരു ഓട്ടമെങ്കിലും അതിലൂടെ കടന്നു പോകും എന്നതിനാൽ ഞാൻ ഹൈവേയിലേക്ക് നീങ്ങി.

അപ്പോഴാണ് വിക്രം മൈതാനത്തിന് തൊട്ടടുത്തുള്ള ലിറ്റിൽ ഡഫോഡിത്സ് സ്കൂളിലെ കുഞ്ഞുമക്കളും സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അണിനിരന്ന കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുന്നത് കണ്ടത്.പങ്കെടുക്കുന്നവർക്കെല്ലാം ടീ ഷർട്ടും അത്യാവശ്യം എണ്ണം ബാനറുകളും എല്ലാം ഓഫർ ചെയ്തിരുന്നെങ്കിലും അത് രണ്ട് ടീ  ഷർട്ടിലും ഒരു ബാനറിലും ഒതുങ്ങിയിരുന്നു. എൻ.എസ്.എസ് ബാനറുമായി  ഈ കുഞ്ഞുമക്കൾക്ക് പിന്നിൽ എന്റെ കോളേജിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരും അല്പം ചില സ്റ്റാഫംഗങ്ങളും അണിനിരന്നു.

വെസ്റ്റ്‌ഹിൽ മുതൽ വണ്ടിപ്പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടിയിരുന്നത്.മുന്നിലുള്ളത് കുഞ്ഞുമക്കൾ ആയതിനാൽ ഓട്ടം പലപ്പോഴും  നടത്തമായി മാറിയിരുന്നു. അതിനാൽ വണ്ടിപ്പേട്ടയിൽ എത്തിയപ്പോൾ ഞങ്ങൾ മറ്റൊരു വഴിയേ യഥാർത്ഥ ഓട്ടം തന്നെ നടത്തി.

ജനുവരി 21ന് ആയിരുന്നു കോഴിക്കോട് ജില്ലയിലെ വളണ്ടിയർമാർക്കുള്ള ആദ്യ ജനറൽപരിശീലനം. കണ്ടംകുളം ജൂബിലീ ഹാളിൽ രാവിലെ 8 മണിക്ക് ആദ്യബാച്ചിനും ഉച്ചക്ക് 1 മണിക്ക് രണ്ടാം ബാച്ചിനും ആയിട്ടായിരുന്നു ഷെഡ്യൂൾ.350 പേർ വീതമായിരുന്നു ഓരോ ബാചിന്റേയും സ്ട്രെംഗ്ത്ത്. ഇത്രയും പേരെ വച്ച് ഒറ്റൊരു ട്രെയിനർ എന്ത് ചെയ്യും എന്നത് ഒരു ചോദ്യമായിരുന്നെങ്കിലും, നിരവധി എൻ.എസ്.എസ് പരിപാടികളിൽ ട്രെയിനർ ആയി വന്നിട്ടുള്ള ശ്രീ.ബ്രഹ്മനായകമാണ് നായകൻ എന്നതിനാൽ എനിക്ക് ആശങ്ക ഒന്നും തോന്നിയീല്ല.

രാവിലെ എട്ടേകാലിന് പാളയം സ്റ്റാന്റിൽ ബസ്സിറങ്ങി, റോഡ് ക്രോസ് ചെയ്ത് ഞാൻ ഒരു ഓട്ടോക്കാരനെ സമീപിച്ച് ജൂബിലീ ഹാളിൽ എത്തിക്കാൻ പറഞ്ഞു.
“അറിയാത്തത് കൊണ്ടാണോ....,ഈ വഴി നടക്കാനുള്ള ദൂരമേയുള്ളൂ..” മാന്യനായ ആ ഓട്ടോക്കാരൻ പറഞ്ഞു.

“അറിയാം...എട്ട് മണിക്ക് തുടങ്ങുന്ന പരിപാടിയാ...ഇപ്പോൾ എട്ടേകാല് കഴിഞ്ഞു...അതിനാലാണ്...” 
ഞാൻ ഓട്ടോയിൽ കയറി ഹാളിൽ എത്തിയപ്പോൾ അധികം പേരൊന്നും എത്തിയിരുന്നില്ല.ഒമ്പത് മണിയോടെ മുമ്പ് ശബരിമലയിൽനിന്ന് വിളിച്ചിരുന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അടക്കം യൂണിഫോമിൽ കുറച്ച് പോലീസ്കാർ എത്തി.

എത്തിയ വളണ്ടിയർമാരിൽ കുറേ പേർ ഓൺലൈനിൽ രെജിസ്റ്റർ ചെയ്തവരും അറിയിപ്പ് സന്ദേശം കിട്ടിയവരും ആയിരുന്നു. കുറേപേർ സന്ദേശം കിട്ടാത്തവർ ആയിരുന്നു.പിന്നേയും കുറേ പേർ ഇതു വരെ ഒന്നും ചെയ്യാതെ സ്പോട്ട് രെജിസ്ട്രേഷൻ പരിപാടി ഉണ്ട് എന്ന ധാരണയോടെ എത്തിയവരായിരുന്നു. ഒമ്പതരയോടെ ഫസിലിറ്റേഷൻ ചീഫ് കൺസൽട്ടന്റ് ശ്രീ.എം.എൻ.സി ബോസ് സാറും പരിവാരങ്ങളും എത്തിയതോടെ വന്നവരെ എല്ലാവരേയും ഉൾക്കൊള്ളിച്ച്  “എട്ട്മണി” പരിശീലനം ആരംഭിച്ചു.

പതിവ്‌ പോലെ അംഗവിക്ഷേപങ്ങളിലൂടേയും ശബ്ദവ്യതിയാനങ്ങളിലൂടേയും അഭിനയത്തിലൂടേയും ബ്രഹ്മനായകം സാർ വളണ്ടിയർമാരെ ഒരു പരുവത്തിലാക്കി.കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികളായതിനാൽ അവർ അത് ശരിക്കും ആസ്വദിച്ചു.ഇടക്കെപ്പോഴോ ബ്രേക്ക് ഫാസ്റ്റ് ആയി കിട്ടിയത് ചായയും ഒരു വടയും ചമ്മന്തിയും ആയതിനാൽ രണ്ടാം സെക്ഷനിന്റെ ആരംഭത്തിൽ തന്നെ ഞാൻ സ്ഥലം വിട്ടു.പോലീസ് സംഘം ‘അതുക്കും മുമ്പേ’ സ്ഥലം കാലിയാക്കിയിരുന്നു.എന്ന് വച്ചാൽ കോർഡിനേഷൻ ഇപ്പോഴും തിരുനക്കര തന്നെ!!!

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 4

Sunday, February 22, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 2


ഒമ്പതര മണിക്ക് തുടങ്ങും എന്നറിയിച്ച മീറ്റിംഗിന് ഞാനും തൃശൂരിൽ നിന്നുള്ള ജയചന്ദ്രൻ സാറും ഒഴികെ ആരും എത്താത്തതിനാൽ യോഗം ക്യാൻസൽ ചെയ്തോ എന്നൊരാശങ്ക ഉണ്ടായി.പരിചയമുള്ള തിരുവനന്തപുരത്തുകാർ പത്തരക്ക് ശേഷം വന്നപ്പോഴാണ് മീറ്റിംഗ് 11 മണിക്കാണെന്ന് അറിയിച്ച് തലേ ദിവസം വൈകിട്ട് മെയിൽ അയച്ചിരുന്നതായി  അറിഞ്ഞത്.അപ്പോഴേക്കും വടക്കന്മാരായ ഞങ്ങൾ വണ്ടി കയറിക്കഴിഞ്ഞിരുന്നു.

പതിനൊന്നരക്ക് ഔദ്യോഗികമായി മീറ്റിംഗ് തുടങ്ങി.ഫസിലിറ്റേഷൻ ചീഫ് കൺസൽട്ടന്റ് ശ്രീ.എം.എൻ.സി ബോസ് സർ മറ്റുള്ളവർ ചെയ്യേണ്ട കുറേ കാര്യങ്ങൾ വിശദീകരിച്ച് ഞങ്ങളെ മൊത്തം കൺഫ്യൂഷനിലാക്കിയപ്പോൾ ഞങ്ങളിൽ ഒരാൾ പറഞ്ഞു – “വെന്യൂ മാനേജറുടെ ഡ്യൂട്ടി എന്താണെന്ന് വ്യക്തമാക്കൂ സാർ....”

“വളണ്ടിയർമാരുടെ നിയന്ത്രണവും ഏകോപനവും..”

“അത്രമാത്രം?”

“അതേ....ഏത് കമ്മിറ്റിയിൽ ആണെങ്കിലും അവരുടെ അറ്റന്റ്ൻസ് മുഴുവൻ കീപ് ചെയ്യേണ്ടത് നിങ്ങളാണ്....പിന്നെ മൂന്ന് തരം ട്രെയിനിംഗുകൾ അടുത്ത ദിവസങ്ങളിൽ നടക്കും...അതിന്റെ തീയതിയും സ്ഥലവും എല്ലാം നിങ്ങൾക്ക് ഇപ്പോൾ തന്ന ആ പേപ്പറിൽ കാണാം... ശരി മനസിലായല്ലോ ? കൂടുതൽ കാര്യങ്ങൾ എല്ലാം ഗെയിംസ് വെബ്സൈറ്റിൽ ലഭ്യമാണ്...”
(തലേ ദിവസം സൈറ്റിൽ കയറി നോക്കിയപ്പോൾ, എന്നെ വെന്യൂ മാനേജർ ആയി പോസ്റ്റ് ചെയ്ത കോഴിക്കോട് ബീച്ച് എന്ന ഒരു വേദി ഗെയിംസ് ലിസ്റ്റിലേ ഇല്ലായിരുന്നു എന്നതാണ് !)

ഇത് പറയാൻ വേണ്ടി മാത്രം കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നുമെല്ലാം ഞങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തേണ്ടതുണ്ടായിരുന്നോ എന്ന് ഞാനടക്കം പലരും മനസിൽ ചോദിച്ചു.നേരത്തെ കേട്ടു കൊണ്ടിരുന്ന നാറ്റത്തിന്റെ ഒന്നാം ദുർഗന്ധപാഠം അവിടെത്തന്നെ തെളിയിക്കപ്പെട്ടു.ഇത്രയും ദൂരം താണ്ടി വന്നതിന്റെ ടി.എ/ഡി.എ ഗവർമന്റിൽ നിന്നും ലഭിക്കും എന്ന് കൂടി അറിയിച്ചതോടെ ഞങ്ങൾ അണ്ടി പോയ അണ്ണാനെപ്പോലെയായി.ഇന്ന ആൾ ഇന്ന മീറ്റിംഗ് അറ്റന്റ് ചെയ്തു എന്ന് മാത്രം എഴുതി ഒപ്പിട്ട ഡെസിഗ്നേഷൻ സീലോ ഓഫീസ് സീലോ ഒന്നും ഇല്ലാത്ത ഒരു ഡ്യൂട്ടി സർട്ടിഫിക്കറ്റ് കൂടി കിട്ടിയതോടെ ഒരു കാഷ്വൽ ലീവും പോയിക്കിട്ടിയതായി പലരും ആത്മഗതിച്ചു.

ഗെയിംസിന്റെ ഔദ്യോഗിക സൈറ്റിൽ നിന്നുള്ള വിവരപ്രകാരം വെന്യൂ മാനേജർമാർ വേറെ ആരൊക്കെയോ ആയിരുന്നു.പ്രസ്തുത വിവരം ആരാഞ്ഞപ്പോഴാണ് ഗെയിംസ് കമ്മിറ്റിയുടെ ഒരു വെന്യൂ മാനേജർ എല്ലാ വേദിയിലും ഉണ്ടാകും എന്ന് മനസ്സിലായത്.അവരുമായിട്ട് ആലോചിച്ചാണ് ഫസിലിറ്റേഷൻ വെന്യൂ മാനേജർമാരായ ഞങ്ങൾ കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് മേൽ മീറ്റിംഗിൽ സൂചിപ്പിച്ചിരുന്നു.

എല്ലാം കഴിഞ്ഞ് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് അത് വരെ മിണ്ടാതിരുന്ന ഫസിലിറ്റേഷൻ ജോയിന്റ് എക്സിക്യൂട്ടീവ് കോർഡിനേറ്റർ (ഇത്രയും വലിയ പേര് ഇട്ടത് എന്തിനാണാവോ?) എണീറ്റത്.
“ നിങ്ങളുടെ സർവീസ് ആവശ്യപ്പെട്ടുകൊണ്ട് ഗവണ്മെന്റ് ഓർഡർ ഇറക്കിയിട്ടുണ്ട്...അതിനാൽ തന്നെ ഡ്യൂട്ടിലീവിന്റെ കാര്യത്തിൽ ആരും ആശങ്കരാവേണ്ടതില്ല...മോനേ നീ പോയി ഇവരുടെ ഒക്കെ ആ ഓർഡർ ഇങ്ങെടുത്ത് വാ...” അവിടെ നിന്ന ഒരു പയ്യന്റെ നേരെ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു.

“അതായിട്ടില്ല....അടുത്ത ദിവസമേ ഒപ്പിടത്തുള്ളൂ....” എം.എൻ.സി ബോസ് സർ പറഞ്ഞു.

“അല്ലന്നേ...ഇന്നലെ വൈകിട്ട് ഒപ്പിട്ടിട്ടുണ്ട്...”

“ഞാനല്ലേ പറഞ്ഞത്....”

“ഞാൻ ഇന്നലെ തന്നെ പറഞ്ഞ് ചെയ്യിപ്പിച്ചതാ...”

തലപ്പത്തിരിക്കുന്ന രണ്ട് പേർ തമ്മിലുള്ള കോർഡിനേഷൻ ഇങ്ങനെയെങ്കിൽ ഈ കമ്മിറ്റിയുടെ കോർഡിനേഷൻ എത്രത്തോളം ഉണ്ടാകും എന്ന് കൂടി അതോടെ വ്യക്തമായി.


അശാന്ത മനസ്സോടെ പുറത്തിറങ്ങിയ ഞാൻ ഇവിടെ എത്തി....

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 3

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 1

27 വർഷത്തിന് ശേഷം കേരളം ആതിഥേയത്വം വഹിച്ച  ദേശീയ ഗെയിംസിലേക്ക് വെന്യൂ മാനേജറായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷം ഞാൻ ഇവിടെ പങ്കു വച്ചിരുന്നു.ഇന്ത്യൻ കായിക കുതിപ്പിന്റെ മഹാമേളയിൽ ഏത് വിധത്തിലുള്ള പങ്കാളിത്തവും വലിയൊരു നേട്ടവും അംഗീകാരവും ആണെന്നതിൽ സംശയമില്ല.പക്ഷേ തുടക്കം മുതലേ കേട്ട പല നാറ്റക്കഥകളും അതിനകത്തേക്ക് കയറിയതോടെ നേരിട്ട് അനുഭവിക്കാൻ തുടങ്ങിയപ്പോൾ, ഇതായിരുന്നോ കേരളം ആറ്റ്‌നോറ്റ് കാത്തിരുന്ന ഒളിമ്പിക്സ് മോഡൽ ഗെയിം നടത്തിപ്പ് എന്ന് എപ്പോഴും ചിന്തിക്കേണ്ടി വന്നു.

ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനായി ധാരാളം വളണ്ടിയർമാരെ ആവശ്യമുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പേ തന്നെ നാഷണൽ സർവീസ് സ്കീമിലൂടെ അറിയിപ്പ് കിട്ടിയതനുസരിച്ച് എന്റെ കോളേജിലെ വളണ്ടിയർമാരിൽ പലരും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.അവരുടെ ലിസ്റ്റ് നാലോ അഞ്ചോ തവണ, ആവശ്യപ്പെട്ട പല മെയിലുകളിലേക്കും അയക്കുകയും ചെയ്തിരുന്നു.എന്നാൽ ഒരു സുപ്രഭാതത്തിൽ അതെല്ലാം മറന്നേക്കൂ എന്ന് പറഞ്ഞ് വളണ്ടിയർ രെജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.തീർത്തും സ്വതന്ത്രമായി ആർക്കും നൽകാം എന്നതിനാൽ കോളേജിൽ നിന്ന് എത്ര പേർ ഈ മാർഗ്ഗം സ്വീകരിച്ചു എന്നറിയാൻ എനിക്ക് യാതൊരു നിർവ്വാഹവും ഇല്ലാതായി.

ഒരു ദിവസം പെട്ടെന്ന് അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു ഫോൺ വന്നു.

“ഹലോ....എഞ്ചിനീയറിംഗ് കോളേജിലെ ആബിദ് സാറല്ലേ?“

“അതേ....ആരാ...?”

“ഞാൻ ശബരിമലയിൽ നിന്നാ...”

“ങേ!!“ ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്ത് നിന്നായതിനാൽ  ഒന്ന് ഞെട്ടി.

“എന്റെ പേര് #%^&*, കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ...”

“ങേ!!എന്താണ് സാർ!!! “ പോലീസ് കമ്മീഷണറുടെ വിളി ആയതിനാൽ ഞാൻ വീണ്ടും ഞെട്ടി.മനുഷ്യജീവികൾ  അടുത്തില്ലാത്തതിനാൽ ആരും അത് കണ്ടില്ല.

“ആ....ദേശീയ ഗെയിംസിൽ ഫെസിലിറ്റേറ്റർ വെന്യൂ മാനേജർ ആയി നിങ്ങളുടെ നമ്പറ് ആണ് എനിക്ക് കിട്ടിയത്....(ആരാണാവോ എന്റെ നമ്പർ തന്നെ കൊടുത്തത്?)... കോഴിക്കോട് വളണ്ടിയർമാരുടെ എണ്ണം കുറവാണെന്ന് ഇപ്പോൾ ഗെയിംസ് സെക്രട്ടറിയേറ്റിൽ നിന്നും വിളിച്ച് അറിയിച്ചു....ഞാനിപ്പോൾ ശബരിമല ഡ്യൂട്ടിയിലാ...മറ്റന്നാളേ കോഴിക്കോട് വരൂ...അപ്പോൾ എല്ലാ കോളേജിലും ഒന്ന് വിളിച്ച് കൂടുതൽ പേരെ എൻ‌റോൾ ചെയ്യിക്കണം...”

“ഓഹ്..കെ....“ എന്റെ ശ്വാസം വീണ്ടും നേരെ വീണു.എനിക്കറിയാവുന്ന പ്രോഗ്രാം ഓഫീസർമാരേയും വളണ്ടിയർമാരേയും എല്ലാം വിളിച്ച് കാര്യം പറഞ്ഞു.ശേഷം കമ്മീഷണറെയും  വിളിച്ച് വിവരം അറിയിച്ചു.


അങ്ങനെ ഇരിക്കെ ജനുവരി  6ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്നും ഒരു ഫോൺ വരികയും ജനുവരി  8ന് രാവിലെ ഒമ്പതരക്ക് തിരുവനന്തപുരം ജി.വി.രാജ പവലിയനിൽ നടക്കുന്ന വെന്യൂ മാനേജർമാരുടെ മീറ്റിംഗിൽ നിർബന്ധമായും പങ്കെടുക്കണം എന്നറിയിക്കുകയും ചെയ്തു.മറുചോദ്യങ്ങൾക്കും വാദങ്ങൾക്കും ഒന്നും കാത്ത് നിൽക്കാതെ ഫോൺ വിളിച്ച ആൾ പെട്ടെന്ന് ഫോൺ വയ്ക്കുകയും ചെയ്തു.മീറ്റിംഗിൽ പങ്കെടുക്കാതിരുന്നാൽ ഗെയിംസിന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ശങ്ക ഉണ്ടായതിനാൽ ഞാൻ അന്ന് തന്നെ ഒരു വിധം ടിക്കറ്റ് ഒപ്പിച്ച് തിരുവനന്തപുരത്ത് എത്തി.

Saturday, February 14, 2015

ആദ്യ ഹിയറിംഗ്...


ആ കേസ് ഇന്നായിരുന്നു (12/2/2015ന്) ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹിയറിംഗിന് വിളിച്ചത്.രാവിലെ 10.30ന് ഹാജരാകാൻ പറഞ്ഞതിനാൽ ഞാൻ കൃത്യസമയത്ത് തന്നെ കോടതിയിൽ എത്തി.കോടതി സമ്മേളിച്ചത് 11 മണിക്കായിരുന്നു.വിവിധ കേസുകൾ വിളിക്കുന്നതും അതിൽ എതിർകക്ഷികൾക്ക് വേണ്ടി വാദിക്കാനായി അഭിഭാഷകർ എണീറ്റ് നിൽക്കുന്നതും കണ്ടപ്പോൾ എന്റെ കേസിലും എനിക്കെതിരെ ഏതെങ്കിലും കറുത്ത ഗൌണുകാരൻ എണീക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ടായി.എന്നാൽ  വീട്ടമ്മമാർ അടക്കമുള്ള സാധാരണ ജനങ്ങൾ ഒരു ടെൻഷനുമില്ലാതെ ജഡ്ജിക്ക് മുമ്പിൽ തങ്ങൾക്ക് പറയാനുള്ളത് അവതരിപ്പിക്കുന്നത് എന്റെ ആശങ്ക അകറ്റി.സരസമായി കാര്യങ്ങൾ പറഞ്ഞും ഒത്തുതീർപ്പാക്കാൻ സാധിക്കുന്നത് അപ്പോൾ തന്നെ ഒത്തുതീർപ്പാക്കിയും ആ കോടതിയിലെ താരമായി ജഡ്ജി ഉയർന്ന് നിന്നു.മുൻ കോടതി അനുഭവത്തിൽ നിന്നും വിഭിന്നമായി കുറേ തമാശ സ്കിറ്റുകൾ കാണുന്ന ഒരു  പ്രതീതിയാണ് എനിക്കുണ്ടായത്.

സി.സി 444/2014 ആബിദ് തറവട്ടത്ത് വേഴ്സസ് മോഹിത് ശ്രീവാസ്തവ് – ഏകദേശം പതിനൊന്നരക്ക് എന്റെ കേസ് വിളിച്ചു. പരാതിക്കാരനായി ഞാൻ എണീറ്റ് ചുറ്റും നോക്കിയെങ്കിലും എതിരെ ആരും എണീറ്റ് കണ്ടില്ല.പക്ഷേ അല്പം മുമ്പ് വിളിച്ച ഒരു കേസിലെപ്പോലെ, എന്റെ കേസിലും, കോടതിയിൽ നിന്നും അയച്ച കത്ത് മേൽ‌വിലാസക്കാരനെ കാണാനാകാതെ തിരിച്ചു പോന്നിരിക്കുന്നു. തിരിച്ചയക്കാനുള്ള കാരണം കത്തിൽ എഴുതിയത് ഹിന്ദിയിൽ ആയതിനാൽ, വക്കീൽമാരിൽ ആർക്കെങ്കിലും ഹിന്ദി അറിയുമോ എന്ന് ജഡ്ജി ചോദിച്ചു.സ്ത്രീകൾ അടക്കം ആറോ ഏഴോ വക്കീലന്മാർ ഉണ്ടായിരുന്നെങ്കിലും ആരും ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല!

“നിങ്ങൾക്ക് ഹിന്ദി അറിയോ?” ജഡ്ജി എന്നോട് ചോദിച്ചു.

“അതേ...” ഞാൻ ഉത്തരം പറഞ്ഞു.

“എന്നിട്ടാണോ....ഇതാ ഇതൊന്ന് വായിച്ചു നോക്കൂ....” മടങ്ങിയ കത്ത് എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു.ഞാൻ അത് വാങ്ങി വായിക്കാൻ ശ്രമിച്ചെങ്കിലും അത് ഞാൻ പഠിച്ച ഹിന്ദി അക്ഷരങ്ങൾ അല്ല എന്ന് തോന്നി.

“സാർ...ഇത് ഹിന്ദി അല്ല..” ഞാൻ പറഞ്ഞു.

“ഉത്തർപ്രദേശ് എന്നാൽ ഡൽഹിക്ക് അടുത്തല്ലേ?” ജഡ്ജി എന്നോട് ചോദിച്ചു.

“അതേ...”

“അപ്പോൾ അവിടെ ഹിന്ദി തന്നെ ആയിരിക്കണമല്ലോ ഭാഷ...”

“സാർ...ഇത് ലക്നോവിലാണ്... ഭോജ്പുരി പോലെയുള്ള പ്രാദേശിക ഭാഷകൾ ഉണ്ടാകാൻ സാധ്യതയുണ്ട്...” ഞാൻ പറഞ്ഞു.

“ഓ.കെ...നിങ്ങൾ ഇ-മെയിൽ വഴി ബന്ധപ്പെട്ട് നോക്കിയിരുന്നോ?”

“ അതേ സാർ...ഇതാ ഇതെല്ലാം ഞാൻ അയച്ച മെയിലുകൾ ആണ്.പക്ഷേ അവ എല്ലാം ബൌൺസ് ആകുന്നു...” പ്രിന്റ് ഔട്ട് എടുത്ത ഇ-മെയിലുകൾ കാണിച്ച് ഞാൻ പറഞ്ഞു.

“ഹിന്ദിയിൽ ആ എഴുതിയത് ഒരു പക്ഷേ ആൾ മരിച്ചു എന്നാകാം...അപ്പോൾ പിന്നെ കത്ത് കൊടുക്കാൻ പറ്റില്ലല്ലോ...”

“സാർ...രണ്ട് തവണ കൊറിയർ ചെയ്തു എന്ന് പറഞ്ഞ് അവർ എനിക്ക് ഡോക്കറ്റ് നമ്പർ തന്നതാണ്...പക്ഷേ അവ വ്യാജമായിരുന്നു....” ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ ഏതായാലും ഇത് ഒന്ന് കൂടി അയച്ചു നോക്കാം...അതിനിടക്ക് നിങ്ങൾക്ക് പുതിയ വല്ല അഡ്രസും കിട്ടുകയാണെങ്കിൽ അതും കൂടി അറിയിച്ചു തരിക...ഇനിയും കത്ത് തിരിച്ചുവരികയാണെങ്കിൽ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കാം...കേസ് 28/3/2015 ലേക്ക് മാറ്റി വയ്ക്കുന്നു...തീയതി കുറിച്ചു വച്ചോളൂ...“

“ശരി സാർ..താങ്ക് യൂ....”


സത്യത്തിൽ ഒരു കോടതിയിൽ ജഡ്ജിക്ക് മുമ്പിൽ ഇത്രയും പറഞ്ഞത് ഞാൻ തന്നെയോ എന്ന് എനിക്ക് സംശയം തോന്നി. അവിടെ കൂടി നിന്ന വക്കീലുമാരും പോലീസും കോടതി ജീവനക്കാരും പൊതുജനങ്ങളും അടക്കമുള്ള അമ്പതോളം ആൾക്കാരുടെ മുന്നിൽ ഒരു പരിഭ്രമവും ഇല്ലാതെ എന്റെ വാദങ്ങളും തെളിവുകളും നിരത്താൻ എന്നെ സഹായിച്ചത് അത്രയും നേരം ആ കോടതി നടപടികൾ വീക്ഷിച്ചതിലൂടെ കിട്ടിയ ഊർജ്ജമായിരുന്നു. ഉപഭോക്തൃകോടതിയിൽ വാദിക്കാൻ വക്കീലിന്റെ ആവശ്യമില്ല എന്ന് ഇടക്കിടെ ജഡ്ജി ഓർമ്മിപ്പിച്ചതും അദ്ദേഹത്തിന്റെ സരസമായ ഇടപെടലുകളും തന്നെയായിരുന്നു എന്റെ ഊർജ്ജം.ഇന്ന് ഇവിടെ കേട്ട പല കേസുകളും നിത്യജീവിതത്തിൽ പലരും അനുഭവിക്കുന്നവയാണ്.പക്ഷേ പൊതുജനങ്ങളിൽ പലരും പലതരം പേടി കാരണം പുറത്ത് പറയുന്നില്ല എന്ന് മാത്രം.