Pages

Sunday, February 22, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 2


ഒമ്പതര മണിക്ക് തുടങ്ങും എന്നറിയിച്ച മീറ്റിംഗിന് ഞാനും തൃശൂരിൽ നിന്നുള്ള ജയചന്ദ്രൻ സാറും ഒഴികെ ആരും എത്താത്തതിനാൽ യോഗം ക്യാൻസൽ ചെയ്തോ എന്നൊരാശങ്ക ഉണ്ടായി.പരിചയമുള്ള തിരുവനന്തപുരത്തുകാർ പത്തരക്ക് ശേഷം വന്നപ്പോഴാണ് മീറ്റിംഗ് 11 മണിക്കാണെന്ന് അറിയിച്ച് തലേ ദിവസം വൈകിട്ട് മെയിൽ അയച്ചിരുന്നതായി  അറിഞ്ഞത്.അപ്പോഴേക്കും വടക്കന്മാരായ ഞങ്ങൾ വണ്ടി കയറിക്കഴിഞ്ഞിരുന്നു.

പതിനൊന്നരക്ക് ഔദ്യോഗികമായി മീറ്റിംഗ് തുടങ്ങി.ഫസിലിറ്റേഷൻ ചീഫ് കൺസൽട്ടന്റ് ശ്രീ.എം.എൻ.സി ബോസ് സർ മറ്റുള്ളവർ ചെയ്യേണ്ട കുറേ കാര്യങ്ങൾ വിശദീകരിച്ച് ഞങ്ങളെ മൊത്തം കൺഫ്യൂഷനിലാക്കിയപ്പോൾ ഞങ്ങളിൽ ഒരാൾ പറഞ്ഞു – “വെന്യൂ മാനേജറുടെ ഡ്യൂട്ടി എന്താണെന്ന് വ്യക്തമാക്കൂ സാർ....”

“വളണ്ടിയർമാരുടെ നിയന്ത്രണവും ഏകോപനവും..”

“അത്രമാത്രം?”

“അതേ....ഏത് കമ്മിറ്റിയിൽ ആണെങ്കിലും അവരുടെ അറ്റന്റ്ൻസ് മുഴുവൻ കീപ് ചെയ്യേണ്ടത് നിങ്ങളാണ്....പിന്നെ മൂന്ന് തരം ട്രെയിനിംഗുകൾ അടുത്ത ദിവസങ്ങളിൽ നടക്കും...അതിന്റെ തീയതിയും സ്ഥലവും എല്ലാം നിങ്ങൾക്ക് ഇപ്പോൾ തന്ന ആ പേപ്പറിൽ കാണാം... ശരി മനസിലായല്ലോ ? കൂടുതൽ കാര്യങ്ങൾ എല്ലാം ഗെയിംസ് വെബ്സൈറ്റിൽ ലഭ്യമാണ്...”
(തലേ ദിവസം സൈറ്റിൽ കയറി നോക്കിയപ്പോൾ, എന്നെ വെന്യൂ മാനേജർ ആയി പോസ്റ്റ് ചെയ്ത കോഴിക്കോട് ബീച്ച് എന്ന ഒരു വേദി ഗെയിംസ് ലിസ്റ്റിലേ ഇല്ലായിരുന്നു എന്നതാണ് !)

ഇത് പറയാൻ വേണ്ടി മാത്രം കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നുമെല്ലാം ഞങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തേണ്ടതുണ്ടായിരുന്നോ എന്ന് ഞാനടക്കം പലരും മനസിൽ ചോദിച്ചു.നേരത്തെ കേട്ടു കൊണ്ടിരുന്ന നാറ്റത്തിന്റെ ഒന്നാം ദുർഗന്ധപാഠം അവിടെത്തന്നെ തെളിയിക്കപ്പെട്ടു.ഇത്രയും ദൂരം താണ്ടി വന്നതിന്റെ ടി.എ/ഡി.എ ഗവർമന്റിൽ നിന്നും ലഭിക്കും എന്ന് കൂടി അറിയിച്ചതോടെ ഞങ്ങൾ അണ്ടി പോയ അണ്ണാനെപ്പോലെയായി.ഇന്ന ആൾ ഇന്ന മീറ്റിംഗ് അറ്റന്റ് ചെയ്തു എന്ന് മാത്രം എഴുതി ഒപ്പിട്ട ഡെസിഗ്നേഷൻ സീലോ ഓഫീസ് സീലോ ഒന്നും ഇല്ലാത്ത ഒരു ഡ്യൂട്ടി സർട്ടിഫിക്കറ്റ് കൂടി കിട്ടിയതോടെ ഒരു കാഷ്വൽ ലീവും പോയിക്കിട്ടിയതായി പലരും ആത്മഗതിച്ചു.

ഗെയിംസിന്റെ ഔദ്യോഗിക സൈറ്റിൽ നിന്നുള്ള വിവരപ്രകാരം വെന്യൂ മാനേജർമാർ വേറെ ആരൊക്കെയോ ആയിരുന്നു.പ്രസ്തുത വിവരം ആരാഞ്ഞപ്പോഴാണ് ഗെയിംസ് കമ്മിറ്റിയുടെ ഒരു വെന്യൂ മാനേജർ എല്ലാ വേദിയിലും ഉണ്ടാകും എന്ന് മനസ്സിലായത്.അവരുമായിട്ട് ആലോചിച്ചാണ് ഫസിലിറ്റേഷൻ വെന്യൂ മാനേജർമാരായ ഞങ്ങൾ കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് മേൽ മീറ്റിംഗിൽ സൂചിപ്പിച്ചിരുന്നു.

എല്ലാം കഴിഞ്ഞ് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് അത് വരെ മിണ്ടാതിരുന്ന ഫസിലിറ്റേഷൻ ജോയിന്റ് എക്സിക്യൂട്ടീവ് കോർഡിനേറ്റർ (ഇത്രയും വലിയ പേര് ഇട്ടത് എന്തിനാണാവോ?) എണീറ്റത്.
“ നിങ്ങളുടെ സർവീസ് ആവശ്യപ്പെട്ടുകൊണ്ട് ഗവണ്മെന്റ് ഓർഡർ ഇറക്കിയിട്ടുണ്ട്...അതിനാൽ തന്നെ ഡ്യൂട്ടിലീവിന്റെ കാര്യത്തിൽ ആരും ആശങ്കരാവേണ്ടതില്ല...മോനേ നീ പോയി ഇവരുടെ ഒക്കെ ആ ഓർഡർ ഇങ്ങെടുത്ത് വാ...” അവിടെ നിന്ന ഒരു പയ്യന്റെ നേരെ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു.

“അതായിട്ടില്ല....അടുത്ത ദിവസമേ ഒപ്പിടത്തുള്ളൂ....” എം.എൻ.സി ബോസ് സർ പറഞ്ഞു.

“അല്ലന്നേ...ഇന്നലെ വൈകിട്ട് ഒപ്പിട്ടിട്ടുണ്ട്...”

“ഞാനല്ലേ പറഞ്ഞത്....”

“ഞാൻ ഇന്നലെ തന്നെ പറഞ്ഞ് ചെയ്യിപ്പിച്ചതാ...”

തലപ്പത്തിരിക്കുന്ന രണ്ട് പേർ തമ്മിലുള്ള കോർഡിനേഷൻ ഇങ്ങനെയെങ്കിൽ ഈ കമ്മിറ്റിയുടെ കോർഡിനേഷൻ എത്രത്തോളം ഉണ്ടാകും എന്ന് കൂടി അതോടെ വ്യക്തമായി.


അശാന്ത മനസ്സോടെ പുറത്തിറങ്ങിയ ഞാൻ ഇവിടെ എത്തി....

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 3

3 comments:

Areekkodan | അരീക്കോടന്‍ said...

തലപ്പത്തിരിക്കുന്ന രണ്ട് പേർ തമ്മിലുള്ള കോർഡിനേഷൻ ഇങ്ങനെയെങ്കിൽ ഈ കമ്മിറ്റിയുടെ കോർഡിനേഷൻ എത്രത്തോളം ഉണ്ടാകും എന്ന് കൂടി അതോടെ വ്യക്തമായി.

ajith said...

കോര്‍ഡിനേഷന്‍ ഇത്രയെങ്കിലും ഉണ്ടായിരുന്നല്ലോ

Muralee Mukundan , ബിലാത്തിപട്ടണം said...

തലപ്പത്തിരിക്കുന്ന രണ്ട് പേർ തമ്മിലുള്ള കോർഡിനേഷൻ ഇങ്ങനെയെങ്കിൽ ഈ കമ്മിറ്റിയുടെ കോർഡിനേഷൻ എത്രത്തോളം ഉണ്ടാകും എന്ന് കൂടി അതോടെ വ്യക്തമായി.

Post a Comment

നന്ദി....വീണ്ടും വരിക