Pages

Friday, May 30, 2014

അതാണ് ഈ ‘നര‘!!!


ശ്രീ.നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് ,പ്രതീക്ഷിച്ച പോലെ പാകിസ്താൻ പ്രധാനമന്ത്രി ശ്രീ.നവാസ് ശരീഫിന് ഹസ്തദാനം നൽകുന്ന ചിത്രം പത്രത്തിൽ കണ്ടു.പത്രം എന്നും വായിക്കണം എന്ന് മക്കളോട് നിഷ്കർഷിച്ചതിനാൽ അന്ന് വൈകുന്നേരം ഞാൻ മക്കളോടായി ചോദിച്ചു.

“ഇന്ത്യൻ പ്രധാനമന്ത്രിക്കും പാകിസ്താൻ പ്രധാനമന്ത്രിക്കും പൊതുവായി ഉള്ളത് എന്ത്?”

“നര !!!“

“ങേ!!“  ‘ന’ എന്നൊ നയതന്ത്രം എന്നോ ഒക്കെ ഉത്തരം പ്രതീക്ഷിച്ചിരുന്ന ഞാൻ ഞെട്ടി.പിന്നാലെയുള്ള വിവരണം എന്നെ അതിലേറെ ഞെട്ടിപ്പിച്ചു.

“അതേവയസ്സൻ നര അല്ല.‘നരേന്ദ്ര മോദി’യിലും ‘നവാസ് ശരീഫ് ‘ ലും പൊതുവായിട്ടുള്ള രണ്ട് അക്ഷരങ്ങൾ ‘ന’യും ‘ര’യും മാത്രമാ.അതാണ് ഈ ‘നര‘!!!”  



ഓൺലൈൻ അടുക്കളത്തോട്ടം !!

           ഓൺലൈൻ സൌഹൃദങ്ങൾ കപടമാണെന്ന ഒരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്.ഞാനും ഏറെക്കുറെ അതിനെ പിന്താങ്ങുന്നു.ചാറ്റിംഗിലൂടെ വളരുന്ന മിഥ്യാസൌഹൃദങ്ങൾ ഓഫ്‌ലൈൻ ആക്കാൻ ശ്രമിച്ച് പരസ്പരം തിരിച്ചറിയുമ്പോൾ ആണ് താനിത്രകാലം സമയം ചെലവഴിച്ചത് പാഴായല്ലോ എന്ന് മനസ്സിലാക്കുന്നത്. ഇന്നത്തെ ഫേസ്ബുക്ക് സൌഹൃദമാണ് കപട സൌഹൃദത്തിന്റെ മുഖ്യകവാടം എന്ന് പറഞ്ഞാൽ തെറ്റില്ല.

                എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ഓൺലൈൻ സൌഹൃദ വേദിയാണ് ബൂലോകം എന്നതിൽ മറിച്ചൊരഭിപ്രായം ഉണ്ടായിരിക്കില്ല.വർഷത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ വിവിധ രൂപത്തിൽ വിവിധ കൂട്ടായ്മകൾ ബ്ലോഗർമാർ നടത്തുന്നതിനാൽ ബൂലോകത്തെ ഓൺലൈൻ സൌഹൃദം പലർക്കും ഭൂലോകത്തെ ഓഫ്‌ലൈൻ സൌഹൃദം കൂടി ആക്കാൻ സാധിച്ചിട്ടുണ്ട്.അടിയും തർക്കവും വാഗ്വാദവും ഗ്രൂപ് കളിയും ഒക്കെ ഈ ഓൺലൈൻ കൂട്ടായ്മയിലും നടക്കുന്നുണ്ടെങ്കിലും പരസ്പരം നേരിൽ കാണുന്നതോടെ ഒരു പുഞ്ചിരിയിൽ അല്ലെങ്കിൽ ഒരു ഹസ്തദാനത്തിൽ അളിഞ്ഞില്ലാതാകുന്നതാണ് അവയെല്ലാം.ആ നിലക്ക് ഇന്നത്തെ സാമൂഹികാവസ്ഥയിൽ സൌഹൃദത്തിന് ഒരു പുതിയ മാനം കൂടി നൽകുന്നതാണ് ബൂലോകരുടെ കൂടിക്കാഴ്ചകളും സംഗമങ്ങളും എന്നാണ് എന്റെ അഭിപ്രായം.സൌഹൃദം ഒന്ന് കൂടി ദൃഢീകരിക്കാൻ ഈ കൂടിക്കാഴ്ചകൾ സഹായിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

                ഇക്കഴിഞ്ഞ ഞായറാഴ്ച ദിവസം , ഞാൻ ബ്ലോഗിലൂടെ പരിചയപ്പെട്ട കുട്ടിക്ക എന്ന മുഹമ്മെദ് കുട്ടിയുടെ കോട്ടക്കലെ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ചു.സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം ഉള്ള സ്ഥലത്ത് പയറ്, ചീര,വെണ്ട,വഴുതന തുടങ്ങീ പച്ചക്കറികൾ നട്ടുവളർത്തി അതിന്റെ കായ്ഫലങ്ങൾ ഭക്ഷിക്കുന്ന എന്റെ ഉമ്മയുടെ അടുക്കളത്തോട്ട വിപുലീകരണത്തിന് വിത്ത് തേടി ആയിരുന്നു , ഇതേപോലെ സർവീസിൽ നിന്ന് വിരമിച്ച് “അടുക്കളത്തോട്ടം” എന്ന വലിയൊരു ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ആയി പ്രവർത്തിക്കുകയും ആവശ്യമുള്ളവർക്കെല്ലാം കയ്യിലുള്ള വിത്ത് സൌജന്യമായി നൽകുകയും ചെയ്യുന്ന കുട്ടിക്കയുടെ അടുത്തേക്കുള്ള യാത്ര.കൃഷി എന്ന രൂപത്തിൽ കുട്ടിക്കയുടെ വളപ്പിൽ അധികം കാണാൻ ഇല്ല എങ്കിലും ആ ‘കാമ്പസിൽ’ ഇല്ലാത്ത മരങ്ങൾ ഉണ്ടോ എന്ന് സംശയമാണ്.ഓരോന്നിനെപറ്റിയും ആധികാരികമായി പറഞ്ഞുതരാനും അത് തന്റെ വീട്ടിൽ എത്തിയ കഥ പറയാനും കുട്ടിക്കക്കുള്ള ആവേശം മതി ഏതൊരാളേയും ഈ രംഗത്തേക്ക് ആകർഷിക്കാൻ.



                ടെറസിൽ കയറുന്നതിന് മുമ്പേ കുട്ടിക്ക പറഞ്ഞ ഒരു വാക്ക് ഞാൻ എടുത്തുപറയുന്നു”കൃഷി എന്ന രൂപത്തിൽ ഇവിടെ അധികം ഒന്നുമില്ലപക്ഷേ നിങ്ങൾക്ക് ചില ഐഡിയകൾ ലഭിച്ചേക്കും..”.അപ്പറഞ്ഞത് വളരെ സത്യമായിരുന്നു. തെർമോകോളിലും പ്ലാസ്റ്റിക് പെറ്റ് ബോട്ടിലിലും വാഷിംഗ്മെഷീനിന്റെ ഡ്രയറിലും എന്തിനധികം ഒഴിവാക്കിയ ഷൂവിനകത്തും എങ്ങനെ ചെടി നട്ടുവളർത്താം എന്ന് ഞാനും കുടുംബവും കണ്ട് മനസ്സിലാക്കി. നേരെ ടെറസിൽ വയ്ക്കുന്നതിന് പകരം കോവലും കുമ്പള വള്ളിയും മറ്റു പടരുന്ന ഇനങ്ങളും താഴെ മണ്ണിൽ കുഴിച്ചിട്ട് ടെറസിൽ പന്തലിട്ട് പടർത്തി കായ് പറിക്കുന്ന രീതി ആർക്കും പരീക്ഷിക്കാവുന്നതാണ്. ആശുപത്രിയിൽ നിന്നൊഴിവാക്കുന്ന ഡ്രിപ് നൽകുന്ന കുഴലുകൾ ഡ്രിപ് ഇറിഗേഷൻ എന്ന പരിപാടിക്ക് എങ്ങനെ ലളിതമായി ഉപയോഗിക്കാം എന്നും അവിടെ നിന്നും മനസ്സിലാക്കി.

                പറമ്പിലും മുറ്റത്തും ടെറസിലും ഉള്ള ചെടികളും പച്ചക്കറികളും ചുറ്റി നടന്ന് കണ്ട് കുട്ടിക്കയുടെ കഥയും കേട്ട ശേഷമാണ് വിത്ത് വിതരണം ആരംഭിക്കുന്നത്.രണ്ട് മൂന്ന് സൂട്ട്കേസുകളിലും കുറേ പ്ലാസ്റ്റിക്ക് കുപ്പികളിലും (ആരോ ഇതിനായി അയച്ചു കൊടുത്തത് എന്ന് കുട്ടിക്ക) കുറേ കവറുകളിലും ഒക്കെയായി ലേബൽ ചെയ്തു വച്ച വിത്തുകൾ പേരെടുത്ത് ചോദിച്ച് കുട്ടിക്ക തന്നപ്പോൾ നേരത്തെ ലിസ്റ്റ് തയ്യാറാക്കാതെ പോയതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലായി.വിത്തുകൾ പ്രത്യേക ക്രമത്തിലോ ചിട്ടയിലോ അല്ല വച്ചത് എന്നതിനാൽ ചോദിക്കുന്ന വിത്തുകളിൽ ചിലത് കിട്ടാൻ അല്പം സമയം പിടിക്കും എന്ന് മാത്രം.എന്നിരുന്നാലും പ്രസ്തുത വിത്ത് സ്റ്റോക്ക് ഉണ്ടൊ ഇല്ലേ എന്ന് കുട്ടിക്കയുടെ സാക്ഷാൽ മെമ്മറി ഒരു കമ്പ്യൂട്ടർ മെമ്മറിയെക്കാളും വേഗത്തിൽ ഉത്തരം നൽകും.



               ഉമ്മാക്ക് ആവശ്യമായ നിരവധി വിത്തുകൾ ശേഖരിച്ച ശേഷം ഞങ്ങൾ കൊണ്ടുപോയ ഒരു ചാക്ക് നാടൻ ചേമ്പു-മഞ്ഞൾ വിത്തുകൾ തിരിച്ചും നൽകി.നമ്മുടെ കയ്യിലുള്ള വിത്ത് അങ്ങോട്ടും അവിടെയുള്ളത് ഇങ്ങോട്ടും എന്ന നിലയിൽ ഈ സൌഹൃദം ഒരു നല്ല ജീവിതശൈലി കൂടി സംഭാവന ചെയ്യുന്നു.തീർച്ചയായും ഇന്നത്തെ കാലത്ത് വേറിട്ട ഒരു രീതി തന്നെയാണ് തികച്ചും ലളിതമായ ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക നമുക്ക് കാണിച്ചു തരുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.എന്റെ ഉമ്മ ഏറ്റവും സന്തോഷിച്ച ദിവസങ്ങളിൽ ഒന്ന് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഈ സൌഹൃദത്തിൽ ഞാനും ഏറെ അഭിമാനിക്കുന്നു.




Wednesday, May 21, 2014

നരേന്ദ്രമോഡി – ഇന്ത്യൻ വസന്തമോ ശൈത്യമോ ?

        ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സാക്ഷാൽ ശ്രീ. നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു. നരേന്ദ്ര മോഡി എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക നരന്മാരുടേയും മോടിയും പത്രാസും നിലം‌പരിശായിരുന്ന ഒരു കാലഘട്ടം കടന്നുപോയി.ഒപ്പം കുറേ നിരപരാധികൾ പരലോകത്തേക്കും ‘കിടന്നു’പോയി എന്നത് പോയ ചരിത്രം.

       പക്ഷേ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രെസ്സ് എന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്` ശേഷം ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയായി ബി.ജെ.പി മാറി എന്നത്  വാഴ്ത്തപ്പെടേണ്ട ചരിത്രം തന്നെയാണ്.അതും മുപ്പത് വർഷത്തിന് ശേഷം സംഭവിച്ച ഒരു അത്ഭുതം.കഴിഞ്ഞ ആറോ ഏഴോ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ, രാജ്യത്ത് ഇനി ഒരിക്കലും ഒറ്റ പാർട്ടി ഭരണം ഉണ്ടാകില്ല എന്ന് രാഷ്ട്രീയ ബുദ്ധിജീവികൾ മുഴുവൻ പ്രവചിക്കാൻ ഇടവരുത്തിയിരുന്നു.അതെല്ലാം കാറ്റിൽ പറത്തിയാണ് മോദി എന്ന തരംഗം ഇന്ത്യ മുഴുവൻ ആഞ്ഞു വീശിയത്.

       ഗുജറാത്ത് കലാപത്തിന്റെ പച്ചയായ ചിത്രമായി , ജീവന് വേണ്ടി കൈകൂപ്പി യാചിക്കുന്ന അൻസാരി എന്ന മനുഷ്യനെ നാം ആരും അത്ര എളുപ്പം മറക്കില്ല.അന്ന് ഗർഭിണികളെ വരെ വെറുതെ വിട്ടില്ല എന്ന് ഇരകളുടെ ചരിത്രം പറഞ്ഞ പല കൃതികളും നമ്മോട് പറഞ്ഞു. മോഡിയുടെ മുഖ്യമന്ത്രി പദത്തിനേറ്റ ഏറ്റവും വലിയ കളങ്കവും അതു തന്നെയായിരുന്നു. ഔദ്യ്യൊഗിക കണക്കും യഥാർത്ഥ കണക്കും ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷികളുടെ എണ്ണത്തിൽ അജഗജാന്തരം കാണിച്ചു.അതുകൊണ്ട് തന്നെ മോഡി എന്നത് ന്യൂനപക്ഷ മനസ്സിൽ ഒരു രാക്ഷസനായി മാറി.ആ രൂപം ഇന്നും മനസ്സിൽ നിലനിൽക്കുന്നതിനാൽ മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലിംകൾ ഭയാശങ്കകളോടെയാണ് മോദിയുടെ വരവിനെ നോക്കിക്കാണുന്നത്.

          ഹിന്ദു വർഗ്ഗീയതയുടെ പര്യായമായ നിരവധി കക്ഷികൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ഉണ്ട്.അവർ അവരുടേതായ അജണ്ടകൾ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിലൂടെ നടപ്പാക്കിയാൽ പാവം ന്യൂനപക്ഷങ്ങൾക്ക് നോക്കി നിൽക്കാനേ സാധിക്കൂ എന്നത് സത്യം.പക്ഷേ മറ്റൊരു കോണിലൂടെയും  നമുക്ക് ചിന്തിക്കാം.സ്വന്തം സംസ്ഥാനത്ത് നടപ്പാക്കി വന്ന വർഗ്ഗീയ അജണ്ടകളുടെ പിന്നിലെ തിണ്ണബലം ഇന്ത്യ എന്ന മഹാരാജ്യത്ത് നടക്കില്ല.അതിനാൽ തന്നെ ബി.ജെ.പി യുടെ പ്രധാനമന്ത്രി എന്നതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രി ആയ മോദിക്ക് മുമ്പിൽ നിരവധി വെല്ലുവിളികളുണ്ട്. അത് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വരും ദിവസങ്ങളിൽ മോദി നേരിടും എന്നത് തീർച്ച.എന്നിരുന്നാലും ബി.ജെ.പി എന്ന തൊട്ടുകൂടാത്ത പാർട്ടിയെ അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള കടപ്പാട് എന്ന നിലക്ക് അവരുടെ പഴയ പല അജണ്ടകളും മാറ്റി വയ്ക്കേണ്ടി വരും.അത് ആ പാർട്ടിയെ മിതവാദത്തിലേക്ക് നയിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യും.അങ്ങനെ വന്നാൽ ഇന്ത്യയുടെ ഗതി നിർണ്ണയത്തിൽ അത് ഒരു നാഴികക്കല്ലായി മാറും.


        എന്നാൽ മോദിയുടെ പ്രധാനമന്ത്രി പദാരോഹണ രക്തത്തിൽ എല്ലാവർക്കും പങ്കുണ്ട് എന്നാണ് എന്റെ പക്ഷം..ഇത്രയും വലിയൊരു ഭീഷണി മുന്നിൽ വന്നിട്ടും ഉറക്കം നടിച്ച ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും ഉള്ള മുന്നറിയിപ്പാണ് ബി.ജെ.പി യുടെ ഈ വിജയം. ശത്രു കാടിളക്കി പ്രചാരണം നയിക്കുമ്പോഴും പരസ്പരം ചെളിവാരി എറിഞ്ഞ് വർഗ്ഗീയ കക്ഷികൾക്ക് വളം വച്ചു കൊടുത്ത കോൺഗ്രെസ്സും സി.പി.എമ്മും അടക്കമുള്ള ഇടതും വലതുമുള്ള എല്ലാവരും കാവി പുതച്ച ഇന്ത്യയെ കണ്ട് പകച്ചു നിൽക്കുകയാണ്.കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും എന്നത് ഇപ്പോഴെങ്കിലും മനസ്സിലാക്കുക.അഞ്ചു വർഷത്തേക്ക് പ്രധാനമന്ത്രി കസേര ഭദ്രമായി എന്നാണ് ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ നിയുക്ത പ്രധാനമന്ത്രി കരുതുന്നത്. പക്ഷേ ബി.ജെ.പിയുടെ ദേശീയ നേതാക്കളായി പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള നിരവധി പേർ അവസരം കാത്ത് ഇരിക്കുന്നുണ്ട് എന്നത് മോദിയുടെ ഉള്ളീൽ അല്പം ഭയാശങ്കകൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ നാം ദർശിച്ച ആ കണ്ണീർ. ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ സ്വതന്ത്രനായി ഇരിക്കണം എന്ന മോഹം വയസ്സുകാലത്തും കെടാതെ സൂക്ഷിക്കുന്ന സാക്ഷാൽ അദ്വാനിജിയുടെ ഇപ്പോഴത്തെ മൌനം കൊടുങ്കാറ്റിന് മുമ്പെയുള്ള ശാന്തതയാണോ എന്ന് ന്യായമായും സംശയിക്കുന്നു.


         ഗുജരാത്ത് നൽകുന്ന പേടിസ്വപ്നങ്ങൾ ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ശരി തന്നെ.എങ്കിലും ഇന്ത്യൻ വോട്ടർമാരുടെ 62 ശതമാനവും എതിർക്കുന്ന ഒരു സർക്കാർ അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന് പ്രത്യാശിക്കാനേ ഇനി വഴിയുള്ളൂ.കോൺഗ്രെസ് എന്ന വടവൃക്ഷത്തെ ചുഴറ്റി എറിഞ്ഞ പോലെ ഒരു വിശാല മതേതര ജനാധിപത്യ മുന്നണീ ഈ പടുവൃക്ഷത്തേയും കടപുഴക്കുന്നതിന് മുമ്പ് നൽകുന്ന ഒരവസരമായി നമുക്കിതിനെ കാണാം.2 സീറ്റിൽ നിന്നും 30-35 വർഷം കൊണ്ട്  280ന് മുകളിൽ ബി.ജെ.പി എത്തി എങ്കിൽ 4 സീറ്റിൽ നിന്നും 500ൽ എത്തുന്ന ഒരു എ.എ.പി വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം. “IF WINTER COMES , CAN SPRING BE FAR BEHIND” എന്നാണല്ലോ .

Thursday, May 15, 2014

ഒരു ലക്ഷം (നോട്ട് ഔട്ട്)

ജൂൺ പിറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ന് ഞാൻ എന്റെ ബ്ലോഗിൽ ദർശിച്ച ഒരു സംഗതി പറയാതിരിക്കാൻ വയ്യ. 2006ൽ ബൂലോകത്ത് കാല് കുത്തിയ ഞാൻ 2009 ജൂണിൽ ആണ് സന്ദർശകരുടെ കണക്കെടുപ്പിനായി ഒരാളെ  അവിടെ നിയമിച്ചത്. ഇന്ന് അദ്ദേഹം തന്ന കണക്ക് പ്രകാരം മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലൂടെ അഞ്ചു വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം പേർ കടന്നു പോയി !!!അതേ ഒരുലക്ഷത്തി അമ്പത് പേജ് വ്യൂസ്....!!


ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ അകമഴിഞ്ഞ് സഹായിച്ച എല്ലാ പ്രിയ ബൂലോകർക്കും സുഹൃത്തുക്കൾക്കും ഹ്ര്‌ദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.

Wednesday, May 14, 2014

മിസ്റ്റർ പെർഫെക്ട്

അന്ന് ചാണകക്കുണ്ടിൽ മറിഞ്ഞ് വീണെങ്കിലും പിന്നീടൂള്ള ഒരു തെരഞ്ഞെടുപ്പ് ഡ്യൂ ട്ടിയിലും ലംബോധരൻ മാസ്റ്റർക്ക് ചാണകക്കുണ്ടിൽവീഴേണ്ടി വന്നിട്ടില്ല. ഇക്കഴിഞ്ഞ ഇലക്ഷൻ മഹാമഹത്തിലും വിജയശ്രീലാളിതമായ ഡ്യൂട്ടി കാഴ്ചവച്ചുകൊണ്ട് ലംബോധരൻ മാസ്റ്ററും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എവിടെയോ തന്റെ പേര് തുന്നിച്ചേർത്തു. ഇനി വോട്ടെണ്ണൽ എന്ന ഒരു പ്രക്രിയ കൂടി ഉണ്ടെങ്കിലും അത് തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് ലംബോധരൻ മാസ്റ്റർ ആദ്യമേ തീരുമാനിച്ചു.കാരണം കഠിനമായ എലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കപ്പെട്ട കുറേ പെണ്ണുങ്ങളും പെണ്ണുങ്ങളായ കുറേ ആണുങ്ങളും ഉള്ളതിനാൽ ഈ നിസ്സാരമായ ജോലിക്ക് അവർക്ക് പ്രാധാന്യം നൽകും എന്നായിരുന്നു   മാസ്റ്ററുടെ ധാരണ.

അങ്ങനെയിരിക്കെ ഇലക്ഷൻ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ലംബോധരൻ മാസ്റ്റർക്ക് ഒരു കത്ത് വന്നു. ഇലക്ഷൻ എന്ന ജനാധിപത്യ പ്രക്രിയ സ്തുത്യർഹമായ രീതിയിൽ കാഴ്ച വച്ച താങ്കളുടെ ഒരു ഫീഡ്ബാക്ക് ആവശ്യമുണ്ട്. …….. ദിവസം കളക്ടറേറ്റിൽ ഹാജരാകാൻ താല്പര്യപ്പെടുന്നു.

കത്തിൽ പറഞ്ഞ ദിവസം തന്നെ ലംബോധരൻ മാസ്റ്റർ പറഞ്ഞ സ്ഥലത്തെത്തി.ചോദ്യങ്ങൾ ഓരോന്നായി വരികയും ലംബോധരൻ മാസ്റ്റർ ഉത്തരം നൽകുകയും ചെയ്തു.

“എലക്ഷൻ പരിപാടിയുടെ പ്രധാന പ്രക്രിയ ആയ ‘മോക്ക്പോൾ“ നടത്തിയിരുന്നോ?”

“നടത്തിയിരുന്നു..അമ്പത് എണ്ണം തികഞ്ഞില്ല എന്ന് മാത്രം.”

“പ്രിസൈഡിംഗ് ഓഫീസറുടെ ഡിക്ലറേഷൻ നടത്തിയിരുന്നോ?”

“അതേ സാർ.തുടക്കത്തിലും അവസാനത്തിലും

“17 സിയിലും വൊട്ടിംഗ് മെഷീനിലും വോട്ട് തുല്യമാണോ?”

“അതേ സാർ.”

“ചാലഞ്ചെഡ് വോട്ട് ഉണ്ടായിരുന്നോ?”

“നൊ സർ”

“ആരാണ് താങ്കളെ ഇത്ര പെർഫെക്ട് ആക്കിയത്?”

“എന്റെ ചുമതലാബോധം തന്നെ

“വെരിഗുഡ്..ഇത്തരം ആൾക്കാരെയാണ് നമുക്കും നമ്മുടെ സമൂഹത്തിനും വേണ്ടത്.ആയതിനാ‍ൽ താങ്കളൂടെ കർമ്മനിരതയേയും ഉത്സാഹത്തേയും പ്രകീർത്തിച്ചു കൊണ്ട് ആദരിച്ചുകൊണ്ട് 16ആം ലോകസഭാ ഇലക്ഷന്റെ വോട്ടെണ്ണൽ പ്രക്രിയക്ക് കൂടി താങ്കളുടെ മഹത്തായ സേവനം ഉണ്ടാവണമെന്ന് ഇതിനാൽ അറിയിക്കുന്നു !!!“

ഇടി വെട്ടേറ്റവന്റെ തലയിൽ ചക്ക വീണതുപോലെ ലംബോധരൻ മാസ്റ്റർ വീണ്ടും ‘പ്ധിം’



Thursday, May 08, 2014

ലൂനറിയിപ്പ് !!!

“ലൂന എന്ന് വിളിക്കുന്ന എന്റെ ഏറ്റവും ചെറിയ മോൾക്ക് ഈ മാർച്ച് 18ന് 4 വയസ്സ് തികഞ്ഞു. അവളുടെ മാസങ്ങൾക്ക് ഇളയതാണ് അനിയന്റെ മകൻ മുന്ന. അവർ തറവാട്ടു വീട്ടിലാണ് താമസം.രണ്ട് പേരും നല്ല കളിക്കൂട്ടുകാർ ആണെങ്കിലും  മുന്നക്കൊപ്പിച്ച്  കളിക്കോപ്പുകളും ചെരിപ്പും  ഡ്രെസ്സും അടക്കമുള്ള എല്ലാ  സാധനങ്ങളും ഒപ്പിക്കുക എന്നതാണ്  ലൂനയുടെ പ്രധാന പരിപാടി.

രണ്ട് ദിവസം മുമ്പ് ലൂനയേയും മടിയിലിരുത്തി ഞാൻ ഉറക്കെ പത്രം വായിക്കുകയായിരുന്നു.
“.......... വെള്ളപ്പൊക്കം വരെ ഉണ്ടായേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി”.

ഇത് കേട്ട ഉടനെ ലൂന മോളുടെ മറുപടി
“നമ്മുടെ വീട്ടിലെ പത്രത്തിൽ ‘മുന്ന’റിയിപ്പൊ....?ലൂനറിയിപ്പ് അല്ലേ ഉപ്പച്ചീ വേണ്ടത്?”

Sunday, May 04, 2014

ഒരു പച്ച മനുഷ്യൻ….

ജീവിതത്തിലെ ചില പരിചയപ്പെടലുകൾ തികച്ചും യാദൃശ്ചികമായിരിക്കാം. അതോടൊപ്പം അൽഭുതം നിറഞ്ഞതും. സിനിമാനടിയും സംവിധായകയുമായ രേവതിയുമായി ഞാൻ പരിചയപ്പെട്ടത് മുമ്പ് ഇവിടെ പറഞ്ഞിരുന്നു.അതിലും ഏറെ ആശ്ചര്യകരമായ ഒരു സംഭവമായിരുന്നു ഇന്ന് എന്റെ ജീവിതത്ത്ലുണ്ടായ ഈ പരിചയപ്പെടൽ.

സുകുമാർ അഴീക്കോട് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ അഴീക്കോട് മാഷിന്റെ  ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് വച്ച് നടത്തുന്ന അഖിലകേരള പ്രസംഗമത്സരത്തിന്റെ സംഘാടകസമിതി യോഗത്തിലേക്ക് എന്നെ ക്ഷണിച്ചത് ഇതേ ഫൌണ്ടേഷന്റെ ഭാരവാഹിയും എൻ.എസ്.എസ് ടെക്നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്ററുമായ അബ്ദുൽ ജബ്ബാർ സാർ ആണ്. കോഴിക്കോട് അല്ലാമ ഇക്ബാൽ അക്കാദമി ഹാളിൽ വരുന്ന 11-ആം തീയതി നടക്കുന്ന പരിപാടിയിൽ സേവനം നൽകാൻ കുറച്ച് വളണ്ടിയർമാരെ സംഘടിപ്പിക്കുക എന്നതായിരുന്നു ഈ ക്ഷണത്തിലൂടെ ഞാൻ മനസ്സിലാക്കിയ എന്റെ കർതവ്യം.

യോഗത്തിന് രണ്ടാമനായി എത്തിയത് ഞാൻ തന്നെയായിരുന്നു.അക്കാദമി റിസപ്ഷനിൽ അല്പ നേരം കാത്ത് ഇരുന്ന ശേഷം പലരും എത്തിത്തുടങ്ങി.അല്പസമയത്തിനകം തന്നെ ഞങ്ങളെ മുകളിലെ ഒരു ചേമ്പറിലേക്ക് നയിച്ചു. ആറോ ഏഴോ പേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ആ മുറിക്കകത്ത് കണ്ട മുഖം എനിക്ക് നല്ല പരിചയം!മുകളിലേക്ക് അല്പം (അല്പം മാത്രം) വളഞ്ഞ് നിൽക്കുന്ന ആ മീശ കണ്ടപ്പോൾ എന്റെ മനസ്സിൽ മുളപൊട്ടിയ സംശയം പക്ഷേ, തല കണ്ടപ്പോൾ (അങ്ങനെ ഇതുവരെ കാണാത്തതിനാൽ) തവിടുപൊടിയായി.സന്നിഹിതരായ പലരോടും ‘നാടൻ കാക്കാ’ സ്റ്റൈലിൽ യാതൊരു ജാടയും കൂടാതെ സംസാരിക്കുമ്പോൾ ഉയരുന്ന ശബ്ദവും എനിക്ക് ഏറെ പരിചിതമായി തോന്നി.അദ്ദേഹം തന്നെ ഓരോരുത്തരെയായി മറ്റുള്ളവർക്ക് വേണ്ടി പരിചയപ്പെടുത്തി.

എന്റെ നേരെ നോക്കി അദ്ദേഹം ചോദിച്ചു : “എന്താ പേര്?”

“ആബിദ്”

“ഇവിടന്ന് വിളിച്ചിട്ട് വന്നതോ അല്ല.”

“ജബ്ബാർ സാർ പറഞ്ഞിട്ട് വന്നതാ.” ഞാൻ പറഞ്ഞ് കഴിഞ്ഞതും വാതിൽ തുറന്ന് ജബ്ബാർ സാർ ചേമ്പറിലേക്ക് പ്രവേശിച്ചു.

“സിന്ദഗി തോ ബഹുത് ലംബ ഹെ ” എന്ന് തുടങ്ങുന്ന ഒരു കുഞ്ഞു  ഉർദു കവിത എനിക്ക് ഏറെ പരിചയം തോന്നിച്ച ആ മനുഷ്യനിൽ നിന്നും ഒഴുകിയതോടെ ഞാൻ എന്റെ  സംശയം ദുരീകരിച്ചു – അതേ , രാഷ്ട്രീയ കേരളവും മത കേരളവും മതനിരപേക്ഷ കേരളവും ഒരു പോലെ ശ്രവിക്കുന്ന സുന്ദരമായ അനവധി നിരവധി വാഗ്ധോരണികളുടെ ഉടമ സാക്ഷാൽ എം.പി. അബ്ദുസമദ് സമദാനി എം.എൽ.എ !!! തൊപ്പിയിടാത്ത സമദാനിയെ ഞാൻ കാണുന്നത് ആദ്യമായിട്ടായതിനാലും സുന്ദരമായ വാക്കുകളും അല്ലാമ ഇക്ബാലിന്റെ വരികളും അനായാസം  നിർഗ്ഗളിക്കുന്ന അതേ നാവ് കൊണ്ട്, ഒരു എം.എൽ.എ ആയിട്ടും അവിടെ കൂടിയിരിക്കുന്ന സാധാരണക്കാരോട്‌ സംസാരിക്കുന്ന രീതിയും ആണ് എന്നെ ആദ്യം സംശയാലുവാക്കിയത്.

യോഗം ആരംഭിച്ച് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സുകുമാർ അഴീക്കോട് ഫൌണ്ടേഷന്റെ ചെയർമാൻ എന്ന നിലക്ക് സമദാനി സാഹിബാണ് പേരുകൾ നിർദ്ദേശിക്കുന്നത്.നേരത്തെ പറഞ്ഞ ആ ഒരു നിമിഷത്തെ സംസാരം മാത്രമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നൂ എങ്കിലും എന്റെ പേര് യാതൊരു തടസ്സവും കൂടാതെ അദ്ദേഹം നിർദ്ദേശിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അല്പ നേരം കഴിഞ്ഞ് മിനുട്ട്‌സിൽ ഞാൻ എഴുതിയ ആബിദ് തറവട്ടത്ത് എന്ന് കണ്ട് വീണ്ടും സമദാനി സാഹിബ് ചോദിച്ചു.

“തറവട്ടത്ത് എന്നാൽ പ്രൊഫ: ടി.അബ്ദുള്ള സാഹിബിന്റെ

“അതേ.എന്റെ മൂത്താപ്പയാണ് പ്രൊഫ: ടി.അബ്ദുള്ള സാഹിബ്

“ആഹാ..ഇത്തവണ അനുസ്മരണ സമ്മേളനത്തിൽ ഞാൻ ആയിരുന്നു പ്രഭാഷണം നടത്തിയത്അന്ന് ഉണ്ടായിരുന്നോ”

“ഇല്ല സാർഇത്തവണ പങ്കെടുക്കാൻ സാധിച്ചില്ലപിന്നെ ഇവിടെ നിന്നിറങ്ങുമ്പോൾ സാറെ നേരിട്ട് കണ്ട് പറയാം എന്ന് കരുതിയാ ഞാൻ ആദ്യം പേര് മുഴുവൻ പറയാതിരുന്നത്.ഞാൻ എൻ.എസ്.എസ് വഴിയാണ് ഇവിടെ എത്തിയത്

“ഓ.അപ്പോൾ ജബ്ബാറിനെ പോലെ സാമൂഹ്യസേവന രംഗത്ത് അല്ലേ

“അതേ.ഈ വർഷം ഇന്ത്യയിലെ ബെസ്റ്റ് പ്രൊഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിരുന്നു

“ഓവെരി ഗുഡ്കൺഗ്രാജുലേഷൻസ്” എന്റെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് സമദാനി സാഹിബ് പറഞ്ഞപ്പോൾ എന്റ്റെ മനം നിറഞ്ഞു..കാരണം ആ ഷേൿഹാന്റ് അടുപ്പിച്ചത് ഞങ്ങളുടെ ഹൃദയങ്ങളെയായിരുന്നു.

പ്രസംഗകലയുടെ ആചാര്യനും കേരളരാഷ്ട്രീയത്തിലെ നേതാവും എം.എൽ.എ യും ഒക്കെയായിട്ടും ഞങ്ങളോട് സമദാനി സാഹിബ് ഇടപഴകിയ രീതി എനിക്ക് ഏറെ ഹൃദ്യമായി തോന്നി.അത് തന്നെയാണ് അദ്ദേഹത്തിന്റെ നേതൃത്വഗുണം എന്ന് ഞാൻ മനസ്സിലാക്കുന്നു.