Pages

Tuesday, October 25, 2011

സ്നേഹത്തുള്ളികള്‍ - എന്റെ അരങ്ങേറ്റം

രക്തദാനം മഹാദാനം എന്നോ ജീവന്‍ ദാനം എന്നോ ഒക്കെ നമ്മളില്‍ പലരും കേട്ടിട്ടുണ്ട്.പലരും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.ബൂലോകത്ത് നമ്മുടെ കൂടെയുള്ള കുഞ്ഞു കവി നിസ വെള്ളൂരിന് വേണ്ടി രക്തദാനം ചെയ്യാന്‍ നമ്മുടെ ബൂലോകം വളരെ മാതൃകാപരമായി മുന്നോട്ട് വരികയും ചെയ്തിരുന്നു.സാന്ദര്‍ഭികമായി പറയട്ടെ, നിസ വീണ്ടും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.രക്തം (ഒ പോസിറ്റിവ്) നല്‍കാന്‍ സന്നദ്ധ്തയുള്ളവര്‍ 9633820590 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പഠിക്കുന്ന കാലത്തും അതിന് ശേഷവും കിട്ടിയ അവസരങ്ങളില്‍ ഒക്കെ രക്തദാനം ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.ഇതുവരെ നാല് തവണ രക്തം ദാനം ചെയ്തു.40 വയസ്സിനിടക്ക് അത്രയേ സാധിച്ചുള്ളൂ എന്ന് പറയുന്നതില്‍ എനിക്ക് തന്നെ ലജ്ജയുണ്ട്.എങ്കിലും എന്റെ കോളേജില്‍ ഒരു മാസം മുമ്പ് എന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോലെ ഇനിയും സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്നു.

ഒരു യൂണിറ്റ് രക്തദാനത്തിലൂടെ നമ്മുടെ ശരീരത്തില്‍ നിന്നും വെറും 350-450 മില്ലിലിറ്റര്‍ രക്തം മാത്രമാണ് പോകുന്നത്.4.5 മുതല്‍ 5 ലിറ്റര്‍ വരെ രക്തത്തില്‍ നിന്നാണ് ഇത്.അതാകട്ടെ 24 മണിക്കൂര്‍ കൊണ്ട് തിരിച്ചെത്തുകയും ചെയ്യും.പക്ഷേ ശ്വേതരക്താണുക്കളുടെ എണ്ണം പഴയപടിയില്‍ എത്താന്‍ 4 മുതല്‍ 8 ആഴ്ച വരെ സമയം എടുക്കും.അതിനാല്‍ കൂടിയാണ് മൂന്ന് മാസം കഴിഞ്ഞേ അടുത്ത രക്തദാനം പാടുള്ളൂ എന്ന് പറയുന്നത്.

കോളേജ് കുമാരീ കുമാരന്മാരുടെ ഇടയിലും പൊതുജനങ്ങള്‍ക്കിടയിലും സന്നദ്ധരക്തദാനസന്ദേശം ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വീസ് സ്കീമും കേരളാ സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കണ്‍‌ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഒരു സന്നദ്ധരക്തദാന പ്രോജക്ട് ആണ് “സ്നേഹത്തുള്ളികള്‍“.ഇതിന്റെ സംസ്ഥാന തല ഉത്ഘാടനം ഒക്ടൊബര്‍ 2ന് കൊല്ലത്ത് വച്ച് നടക്കുകയുണ്ടായി.

സ്നേഹത്തുള്ളികള്‍ ഓരോ ജില്ലയിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്.കോഴിക്കോട് ജില്ലയില്‍ “ഹാര്‍ട്ട്ബീറ്റ്സ് “ എന്നാണ് ഇതിന് നല്‍കിയ പേര്.ഇന്ന് മീഞ്ചന്ത ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ സ്പര്‍ജ്ജന്‍ കുമാര്‍ IPS ഇതിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.ഇതേ വേദിയില്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനെ പ്രതിനിധീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലക്ക് ഞാനും പങ്കെടുക്കുകയുണ്ടായി.ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എന്റെ അരങ്ങേറ്റം, ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഈ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ആയതില്‍ വളരെ അഭിമാനം തോന്നുന്നു.

ഇതിന്റെ ഭാഗമായി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. രക്തദാതാക്കളില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികളാണെന്നത് നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയിലുള്ള മാറ്റത്തിന്റെ സൂചനയായി ഞാന്‍ കണക്കാക്കുന്നു.18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 45 കിലോഗ്രാം തൂക്കമുള്ള പറയത്തക്ക അസുഖങ്ങള്‍ ഇല്ലാത്ത ആര്‍ക്കും ഈ ദാനത്തില്‍ പങ്കാളിയാകാം.ഇനിയും രക്തദാനം നടത്തിയിട്ടില്ലാത്തവര്‍ നിങ്ങളുടെ ജില്ലയിലെ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Monday, October 24, 2011

റോഡില്‍ ഒരു മരുപ്പച്ച !

ആദ്യഭാഗം: ത്രീ ഇഡിയറ്റ്സ്

"ശ്രീജിത്തിന് നാരങ്ങസോഡയോ ജീരകസോഡയോ?” ശ്രീജിത്തിന്റെ മനോനില മനസ്സിലാക്കിയ ആരോ, കാര്‍ നിര്‍ത്തിയ ഉടന്‍ ചോദിച്ചു.

“തേങ്ങാക്കൊല...”

“അതിവിടെ കിട്ടില്ല....പോകുന്ന വഴിക്ക് നോക്കാം...ഇപ്പോള്‍ ഇത് പറ...” നാമൂസ് സമാധാനിപ്പിച്ചു.

ഞാന്‍ പറയുന്നതിന് മുമ്പേ എനിക്ക് കാറിനുള്ളിലേക്ക് ജീരകസോഡ എത്തി.പയ്യന്മാരാണെങ്കിലും വയസ്സന്മാരെ മാനിക്കണം എന്ന സാമാന്യ ബോധം ഉണ്ട് എന്ന് മനസ്സിലായി.ശ്രീജിത്തും ഇറങ്ങി ആത്മാവിനെ പുകച്ചു ചാടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ ഞാനും കാറില്‍ നിന്ന് പുറത്തിറങ്ങി.

“ഇനി വണ്ടി നീ വിട്ടോളൂ...” നാമൂസിനെ നോക്കി ശ്രീജിത്ത് പറഞ്ഞു.

“എന്റെ ബാപ്പ നല്ല ഡ്രൈവറാണ് എന്നതൊക്കെ ശരി...ബട്ട് നാമൂസിന് വളയം പിടിക്കാന്‍ അറിയില്ല...” നാമൂസിന്റെ ഉത്തരം പെട്ടെന്നായിരുന്നു.അത് കേട്ട് ആദ്യം ഞെട്ടിയത് ഞാന്‍ തന്നെയായിരുന്നു.ശ്രീജിത്ത് നിസ്സഹായനായി സമീറിനെ നോക്കി.സമീര്‍ വാല്യക്കാരനേയും വാല്യക്കാരന്‍ എന്നേയും ഞാന്‍ നാമൂസിനേയും നോക്കി ആ വട്ടം മുഴുവനാക്കി.

“എങ്കില്‍ കയറ്‌...ഞാന്‍ ഡ്രൈവ് ചെയ്തോളാം...” പിറ്റേന്ന് അതിരാവിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ട്രെയ്നിംഗിനായി എറണാകുളത്തേക്ക് പുറപ്പെടേണ്ട ഞാന്‍ എന്തോ ധൈര്യത്തില്‍ പറഞ്ഞു.

എന്റെ TSG 8683 സ്റ്റാര്‍ട്ടാക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന സകല കൂടോത്രങ്ങളും പ്രയോഗിച്ചുകൊണ്ട് ഞാന്‍ ചാവി തിരിച്ചു.പുഷ്പം പോലെ സ്റ്റാര്‍ട്ട് ആയ കാര്‍ പിന്നെ പുഷ്പക വിമാനം പോലെ കണ്ണൂര്‍ സിറ്റിയെ ലക്ഷ്യമാക്കി കുതിച്ചു.ജംഗ്‌ഷനുകളിലൊന്നും സൈന്‍ബോര്‍ഡുകളും സിഗ്നലുകളും ഇല്ലാത്തതിനാല്‍ നല്ല റോഡിലൂടെ മാത്രം കാര്‍ പാഞ്ഞു.

“ഞാന്‍ ഒരു സത്യം പറയാന്‍ ആഗ്രഹിക്കുന്നു....” സിറ്റിയുടെ അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

“അത് കള്ളമാണെങ്കിലും പറഞ്ഞോളൂ..” വാല്യക്കാരന്റെ കമന്റ്.

"അതേയ്...എനിക്ക് സിറ്റിയിലൂടെ വണ്ടി ഓടിച്ചുള്ള പരിചയമില്ല...”

“ങേ!പക്ഷേ ഇതുവരെയുള്ള ഡ്രൈവിംഗ് ഒരു എക്സ്പെര്‍ട്ട്നെസ്സ് തോന്നിക്കുന്നു...”

“വയനാട്ടില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് ചുരത്തിലൂടെ പലതവണ ഡ്രൈവ് ചെയ്ത പരിചയമുണ്ട്...അന്നത്തെ ചുരം റോഡും ഇന്നത്തെ ഈ റോഡും തുല്യമാ....”

“എങ്കിലും ഇക്ക തന്നെ വിട്ടോ...” ആരോ പറഞ്ഞു.

വീണ്ടും ഞങ്ങള്‍ക്ക് തോന്നിയ വഴിയിലൂടെ കാര്‍ പാഞ്ഞുകൊണ്ടിരുന്നു.കൂട്ടിലകപ്പെട്ട എലിയെപ്പോലെ എത്ര ശ്രമിച്ചിട്ടും കണ്ണൂര്‍ സിറ്റിയില്‍ നിന്ന് കാര്‍ പുറത്ത് കടക്കാതായതോടെ ഞങ്ങള്‍ വഴി വീണ്ടും അന്വേഷിച്ചു.

“അല്പം മുമ്പുള്ള ജംഗ്‌ഷനില്‍ വച്ച് ഇങ്ങോട്ട് തിരിയുന്നതിന് പകരം അങ്ങോട്ട് തിരിയണമായിരുന്നു...”ഒരാള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിഞ്ഞുകൊണ്ട് ലൈവ് ഡെമോ കാണിച്ചുതന്നു.

“അരീക്കോടന്‍ മാഷേ...വിട്ടോളൂ...” കാറിനകത്ത് നിന്നും എല്ലാവരും പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു “ഡബ്ലിയു“ ടേണ്‍ എടുത്തു.അതായത് കാര്‍ തിരിക്കാന്‍ ഒന്ന് റിവേഴ്സ്,പിന്നെ ഒപ്പൊസിറ്റ് റിവേഴ്സ്.തിരിയില്ല എന്ന് ഉറപ്പായപ്പോള്‍ വീണ്ടും റിവേഴ്സ്,പിന്നെയും ഒപ്പൊസിറ്റ് റിവേഴ്സ് - ഒരു നീറ്റ് “ഡബ്ലിയു“ ആയില്ലേ , അതെന്നെ “ഡബ്ലിയു“ ടേണ്‍.

കുണ്ടും കുഴിയും നിറഞ്ഞ സിറ്റി റോഡിലൂടെ സിറ്റി ഡ്രൈവിംഗ് വലിയ പരിചയമില്ലാത്ത ഞാന്‍ സുന്ദരമായി ഡ്രൈവ് ചെയ്തു.അവസാനം ഒരു നല്ല റോഡിലേക്ക് പ്രവേശിച്ചു.വിജനമായ ആ റോഡിലൂടെ ബഹുദൂരം മുന്നോട്ട് പോയപ്പോള്‍ തലേ ദിവസം കാര്‍ ഓടിച്ച ശ്രീജിത്തിന് ഒരു സംശയം.

“ഈ റോഡ് ഇന്നലെ എവിടെയായിരുന്നു?”

“അപ്പോള്‍ ഇന്നലെ എന്തും കഴിച്ചാ വണ്ടി ഓടിച്ചത് ?” ഞാന്‍ വെറുതെ ചോദിച്ചു.

“ഒരു പാരസിറ്റമോള് കഴിച്ചിരുന്നു , പനി കുറക്കാന്...”

“അല്ല എനിക്കും ഒരു സംശയം...ഇത്രയും നല്ല റോഡിലൂടെയല്ലല്ലോ ഇന്നലെ ഇങ്ങോട്ട് വന്നത്...” വാല്യക്കാരനും സംശയം ഉന്നയിച്ചതോടെ ഞാന്‍ ബ്രേക്കില്‍ മെല്ലെ കാലമര്‍ത്തി.ചോദിക്കാനും പറയാനും ആളില്ലാത്ത ആ സ്ഥലത്ത് ‘എക്കാചക്ക’യില്‍ നില്ക്കുമ്പോള്‍ പൊടിപറത്തിക്കൊണ്ട് ഒരു KSRTC ബസ് കടന്നുപോയി.

“ആ വണ്ടി എങ്ങോട്ടാ വാല്യക്കാരാ?”

“കാസര്‍കോട്...” ഒരു കൂസലുമില്ലാതെ വാല്യക്കാരന്‍ പറഞ്ഞു.

“ങേ!!!അപ്പോള്‍ ഇതുവരെ ഡ്രൈവ് ചെയ്തത് വടക്കോട്ടായിരുന്നോ?” ഞാന്‍ ഞെട്ടിപ്പോയി.

“ഏയ്...ഞാന്‍ അതിന്റെ വാലേ കണ്ടുള്ളൂ...” വാല്യക്കാരന്‍ തിരുത്തി.

“ങേ വാലോ ?” KSRTC ബസ്സിനെ ആനവണ്ടി എന്ന് വിളിക്കാറുണ്ടെങ്കിലും അതിന് വാല് ഉള്ളതായി ഇതുവരെ അറിയില്ലായിരുന്നു.

“അതാ ഒരു മരുപ്പച്ച!!” വാല്യക്കാരന്‍ വീണ്ടും വെടിപൊട്ടിച്ചു.

“മരുപ്പച്ചയോ ? എവിടെ ?”

“സ്‌ട്രൈറ്റ് നോക്കൂ...റോഡിന്റെ അറ്റത്ത്....”

“അതൊരു KSRTC ബസ്സല്ലേ?” ഞാന്‍ ചോദിച്ചു.

“ങാ അപ്പോള്‍ കണ്ണ് ശരിക്കും കാണുന്നുണ്ടല്ലേ ? അതൊന്ന് ടെസ്റ്റ് ചെയ്യാനായിരുന്നു...”

“മാഷേ നിര്‍ത്ത് നിര്‍ത്ത് ....” പിന്‍സീറ്റില്‍ നിന്നും വണ്ടി മുതലാളിയുടെ നിര്‍ദ്ദേശം.

“ഒന്നിനോ....?രണ്ടിനോ...?“ഡ്രൈവിംഗിനിടയില്‍ ഞാന്‍ ചോദിച്ചു.

“ഒന്നിനും രണ്ടിനുമൊന്നുമല്ല...ഇപ്പോള്‍ റോഡ് ശരിയായിട്ടുണ്ട്.ഇനി കുറച്ചു നേരം ഞാന്‍ ഡ്രൈവ് ചെയ്യാം...മാഷിനും വേണ്ടേ ഒരു റെസ്റ്റ്...?” ശ്രീജിത്ത് പറഞ്ഞു.

“അത് നല്ലൊരു ഐഡിയ തന്നെ...”

“ആന്‍ ഐഡിയ കാന്‍ ചേഞ്ച്...” കാറില്‍ ബാക്കിയുള്ളവര്‍ പറഞ്ഞു.ഞാന്‍ കാര്‍ സൈഡാക്കി പുറത്തിറങ്ങി.ശ്രീജിത്ത് വീണ്ടും വളയം ഏറ്റെടുത്തു.


(തുടരും....)

Saturday, October 22, 2011

ബ്രോക്കര്‍ പോക്കരാക്ക

നല്ല തടിയനായ എന്റെ സുഹൃത്ത് ദിനേഷ് പോക്കരാക്കയുടെ അടുത്തെത്തി പറഞ്ഞു: “പോക്കരാക്കാ...നിങ്ങളിത്രേം വല്യ ബ്രോക്കറായിട്ടും എനിക്ക് ഒരു പെണ്ണിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ?”

പോക്കരാക്ക:“ശരിയാ...ഒരു പിതാവും തന്റെ മകള്‍ റോളര്‍ എഞ്ചിന്‍ കയറി മരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല.പിന്നെ പാവം ഞാന്‍ എന്തു ചെയ്യാനാ?”

Thursday, October 20, 2011

ത്രീ ഇഡിയറ്റ്സ്

എനിക്ക് പിന്നാലെ ഹാറൂണ്‍ക്കയുടെ വീട്ടിലെത്തിയ ശ്രീജിത്തിന്റെ കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ മുയല്‍ പെറ്റപോലെയായിരുന്നു ആള്‍ക്കാരുടെ ഉതിര്‍ന്നു വീഴല്‍.ആദ്യം കാര്‍ണോരായി ശരീഫ്‌ക്ക, പിന്നാലെ അത്യാവശ്യത്തിലധികം തടിയന്മാരായ സമീര്‍ തിക്കോടിയും നൌഷാദ് വടക്കേലും.ശേഷം അല്പം കനം കുറഞ്ഞ നാമൂസ്.പിന്നീ ഈര്‍ക്കില്‍ പോലെയുള്ള വാല്യക്കാരന്‍ പയ്യന്‍.ഏറ്റവും അവസാനം കാര്‍ മുതലാളി ശ്രീജിത്തും.ഇത്രയും പേരെ ആ പാവം ആള്‍ട്ടോ എങ്ങനെ പേറിയാവോ?

ഹാറൂണ്‍ക്കയെ കണ്ട് വിസ്തരിച്ച് സംസാരിച്ച ശേഷം തിരിച്ചുപോകാന്‍ ഞാന്‍ കൂടിയുള്ളതിനാല്‍ രണ്ട് തെക്കന്മാരെ വണ്ടി കയറ്റി വിടാന്‍ അവരെ ആദ്യം കാറില്‍ കയറ്റി.ബാക്കി മൂന്ന് പേരോടും വഴിയോരക്കാഴ്ചകളും കണ്ട് മെല്ലെ നടക്കാന്‍ പറഞ്ഞ് ഒരു ധൈര്യത്തിന് ഞാനും കാറില്‍ കയറി.ഗള്‍ഫിലെ ഗിയറില്ലാത്ത കാറും കുഴിയില്ലാത്ത റോഡും ജാമില്ലാത്ത തെരുവും മാത്രം പരിചയമുള്ള ശ്രീജിത്തിന്റെ ഡ്രൈവിംഗ് വണ്ടിക്കുള്ളില്‍ എന്നെ അസ്വസ്ഥനാക്കി - മറ്റേതെങ്കിലും വണ്ടിക്ക് ഇവന്‍ ഉമ്മ കൊടുത്താലും അവര്‍ ചക്കരയുമ്മ തിരിച്ചു തന്നാലും സമാധാനം പറയേണ്ടത് ഞാനും കൂടിയാണല്ലോ എന്ന ചിന്ത കാരണം.ഈ വണ്ടിയിലാണല്ലോ ഇനി നാട്ടില്‍ വരെ പോകേണ്ടത് എന്ന ചിന്ത എന്നെ വീട്ടിലേക്കും അടുത്ത സുഹൃത്തിനും പിന്നെ ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്കും ഫോണ്‍ ചെയ്യാന്‍ നിര്‍ബന്ധിതനാക്കി.

തെക്കന്മാരെ സ്റ്റേഷനിലാക്കി (റെയില്‍‌വേ സ്റ്റേഷനില്‍) വന്ന വഴി തെറ്റാതെ ഒരു വിധം തിരിച്ച് ഞങ്ങള്‍ ഹാറൂണ്‍ക്കയുടെ വീട് വരെ എത്തിയെങ്കിലും മേയാന്‍ വിട്ട ത്രീ ഇഡിയറ്റ്‌സിനെ വഴിയിലെവിടെയും കണ്ട്മുട്ടിയില്ല!

“ആരുടെയെങ്കിലും നമ്പര്‍ കയ്യിലുണ്ടോ?” ഞാന്‍ ശ്രീജിത്തിനോട് തിരക്കി.ശ്രീജിത്ത് ഫോണെടുത്ത് നാമൂസിന്റെ നമ്പര്‍ ഞെക്കി.

“ഹലോ...ആരാ?” മറുതലക്കല്‍ നിന്ന് ഒരു പെണ്‍ശബ്ദം.

“ഹലോ...ഞാനാ...ഇന്നലെ നാമൂസിനെ കൂട്ടിക്കൊണ്ടു പോന്നയാള്‍....നാമൂസ് അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് എന്ന് പറായാന്‍ വിളിച്ചതാ...” ഒറ്റശ്വാസത്തില്‍ പറഞ്ഞുകൊണ്ട് ശ്രീജിത്ത് ഫോണ്‍ കട്ട് ചെയ്തു.’ഇതെന്തു കഥ’ എന്ന മട്ടില്‍ വാ പൊളിച്ചിരുന്ന എന്നോട് ശ്രീജിത്ത് പറഞ്ഞു.

“നാമൂസിന്റെ നമ്പറെന്ന് കരുതി വിളിച്ചത് അവന്റെ വീട്ടിലേക്കാ...അവിടെ ഇന്നലെ ചെന്നപ്പോള്‍ തന്നെ അത്യാവശ്യം ഡോസ് കിട്ടിയിരുന്നു.നാളെ ഗള്‍ഫിലേക്ക് പോകേണ്ടവനെയും കൊണ്ട് ഇന്ന് തെണ്ടാന്‍ പോകുന്നോ തെ....ഇന്ന് അത് വീണ്ടും കേള്‍ക്കാന്‍ വയ്യ...”

“തിക്കോടിയന്റെ നമ്പര്‍ ഉണ്ടോ?”ഞാന്‍ വെറുതെ ചോദിച്ചു.

“അയാള്‍ എന്നോ മണ്ണിനടിയിലായില്ലേ?” ശ്രീജിത്തിന്റെ മറുപടി എന്നെ ചിരിപ്പിച്ചു.

“ഞാന്‍ ഉദ്ദേശിച്ചത് തിക്കോടിക്കാരന്റെ...”

“ങാ...ശ്രമിച്ചു നോക്കാം...” ശ്രീജിത്ത് ഡ്രൈവിങ്ങിനിടയില്‍ ഫോണെടുത്തു.വളവും തിരിവും കുണ്ടും കുഴിയും ഒക്കെയുള്ള റോഡില്‍ അവന്റെ മൊബൈല്‍ ഉപയോഗം കൂടിയായപ്പോള്‍ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.ഇല്ലാത്ത ബ്രേക്കില്‍ എന്റെ കാലും ചിലപ്പോള്‍ അമര്‍ന്നു കൊണ്ടിരുന്നു.

“ഹലോ...സമീറല്ലേ? നിങ്ങളെവിടെയാ ?” കണക്ഷന്‍ ലഭിച്ച ശ്രീജിത്ത് ചോദിച്ചു.

“ഞങ്ങള്‍ അറക്കല്‍ ബീവിയുടെ തിരുസവിധത്തിലാ...”

“ങേ!!എന്നാലതൊന്ന് പറഞ്ഞുകൂടായിരുന്നോ...ഞങ്ങള്‍ ഹാറൂണ്‍ക്കയുടെ വീട് വരെ നിങ്ങളേയും തെരഞ്ഞ് എത്തി...” ബാക്കി പറഞ്ഞത് ഫോണ്‍ കട്ട് ചെയ്ത ശേഷമായതിനാല്‍ ഞാന്‍ മാത്രമേ കേട്ടുള്ളൂ.

അറക്കല്‍ കൊട്ടാരത്തിന്റെ മുന്നിലൂടെ കാര്‍ പോയപ്പോള്‍ അവിടെ ഒന്ന് കയറാന്‍ ഞാനും ശ്രീജിത്തും കൊതിച്ചതായിരുന്നു.പക്ഷേ സമയം അനുവദിക്കാത്തതിനാല്‍ ആ അഗ്രഹത്തിന് അപ്പോള്‍ തന്നെ ശവപ്പെട്ടിയൊരുക്കി.ആ മൂന്ന് കേശവങ്ങള്‍ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളും അടിമുടി പൂത്തുപോകുമായിരുന്നു - അറക്കല്‍ ബീവിയെക്കണ്ട്.

“എനിക്ക് ഇവിടത്തെ ഈ ഡ്രൈവിംഗ് ശരിയാകുന്നില്ല.അവിടന്നങ്ങോട്ട് നാമൂസ് ഓടിച്ചോളും...” ശ്രീജിത്ത് പറഞ്ഞപ്പോള്‍ അതുവരെ പള്ളിപ്പറമ്പും ആള്‍കൂട്ടവും കര്‍പ്പൂരഗന്ധവും എല്ലാം മേഞ്ഞ് നടന്ന എന്റെ മനസ്സില്‍ വീണ്ടും ഭാര്യയും കുട്ടികളും വീടും തിരിച്ചെത്തി.അറക്കല്‍ കൊട്ടാരത്തിന്റെ മുന്നില്‍ മൂക്കിലൂടെ പുകയും വിട്ട് നില്‍ക്കുന്ന രണ്ട് പേരെ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന വാല്യക്കാരന്‍ പയ്യനെ കണ്ട ശ്രീജിത്ത് കാര്‍ സൈഡാക്കി.


(തുടരും...)

Wednesday, October 19, 2011

അഴിമതിക്കെതിരെ ചില രാഷ്ട്രീയനാടകങ്ങള്‍

അഴിമതിക്കെതിരെ അണ്ണാഹസാരെയും സംഘവും നടത്തിയ സമരം വിജയം കണ്ടതിന്റെ പിന്നാലെയാണ് ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനിയുടെ മനസ്സില്‍ ജനചേതനയാത്ര എന്ന ആശയം പൊട്ടി മുളച്ചത്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന ആശയമാണ് അദ്വാനി ഇവിടെ പ്രയോഗിക്കുന്നത്.കോണ്‍ഗ്രസ്സിന്റെ വിവിധ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതും ഉള്‍പെടാന്‍ സാധ്യതയുള്ളതുമായ അഴിമതിക്കഥകള്‍ പുറത്ത് ചാടിക്കാന്‍ ഹസാരെയും സംഘവും നടത്തുന്ന ജനലോക്പാല്‍ സമരത്തിന്റെ തുടര്‍ച്ചയായി ഒരു ‘രഥയാത്ര’ കൂടി നടത്താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചാണക്യന് ആരും ബുദ്ധി ഓതിക്കൊടുക്കേണ്ടി വന്നില്ല.

പക്ഷേ ഹസാരെയുടേയും അദ്വാനിയുടേയും സമരപരിപാടികള്‍ മുറുകുമ്പോള്‍ തന്നെ ചില അപ്രിയസത്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.അണ്ണാടീമിന്റെ ജനലോക്പാല്‍ബില്‍ പൂര്‍ണ്ണമായും അംഗീകരിക്കാത്ത കോണ്‍ഗ്രസ്സിനെ ഒരു പാഠം‌പഠിപ്പിക്കാനാണ് ഹസാരെയുടെ പരിപാടി.ഭജന്‍ലാലിന്റെ മരണത്തോടെ ഒഴിവ് വന്ന ഹരിയാനയിലെ ഹിസാര്‍ ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പരസ്യപ്രചാരണം നടത്തിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പായിരുന്നു.അത്തരം ഒരു മണ്ഡലത്തില്‍ ഹസാരെയുടെ പ്രചാരണം എത്രത്തോളം ഫലവത്തായി എന്ന് ചോദിച്ചാല്‍ ഹസാരെക്ക് തന്നെ ചിരി വന്നേക്കും.മാത്രമല്ല ഇന്ത്യയെ അഴിമതി മുക്തമാക്കാനുള്ള ജനലോക്പാല്‍ബില്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്ന ഹസാരെ ടീം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചത് അഴിമതി ആരോപിതനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയില്‍ സ്വന്തം ട്രൌസര്‍ ഊരിപ്പോയത് ഹസാരെ അറിഞ്ഞില്ല.

“കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നതിനിടക്ക് അഴിമതിക്കാര്‍ ആരെങ്കിലും ജയിക്കുന്നുണ്ടെങ്കില്‍ അതില്‍ വേവലാതി വേണ്ട.അവരെ ഈ ലോകപാല്‍ ബില്‍ ജയിലിലയക്കും “ എന്നായിരുന്നു ഇത് സംബന്ധിച്ച് ഹസാരെയുടെ പ്രസംഗം.അഴിമതി ആരോപണരഹിതനായ ഒരു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്റെ ജനപിന്തുണയുടെ യഥാര്‍ത്ഥ ആഴം അളക്കാന്‍ ഹസാരെക്ക് ലഭിച്ച ആദ്യ അവസരം അദ്ദേഹം കളഞ്ഞുകുളിച്ചത് മന:പൂര്‍വ്വം തന്നെയായിരുന്നു എന്ന് വ്യക്തമാണ്.തന്റെ പിന്നിലുള്ളത് അഴിമതിയെക്കാളും കൂടുതല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരുടെ കൂട്ടമാണ് എന്ന് ഹസാരെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഈ ഉരുണ്ടുകളിയുടെ പൊരുള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഹസാരെ സമരത്തിന്റെ ഊര്‍ജ്ജവും ജനപിന്തുണയും ഉപയോഗപ്പെടുത്തുന്നത് ബി.ജെ.പി ആണെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും സംശയമില്ല. പ്രധാനമന്ത്രി കസേരയില്‍ കണ്ണും നട്ടിരുന്ന അദ്വാനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് നിരാശ സമ്മാനിച്ചപ്പോള്‍ തുടങ്ങിയതാണ് ബി.ജെ.പിയുടെ കോണ്‍ഗ്രസ്സ് വിരുദ്ധ സമരപിന്തുണ.അഴിമതിയുടെ കാര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണ്.

വരാനിരിക്കുന്ന യു.പി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ അഴിമതിക്കെതിരെ എന്ന ലേബലില്‍ അദ്വാനിയും ഒരു പടയോട്ടം ആരംഭിച്ചിരിക്കുന്നു - ജനചേതനയാത്ര.വിരോധാഭാസമെന്ന് പറയട്ടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ബി.ജെ.പിയുടെ സമുന്നതനായ നേതാവ് യെദിയുരപ്പ അദ്വാനിയെ സ്വീകരിക്കുന്നത് ജയിലില്‍ കിടന്നുകൊണ്ടായിരിക്കും.അതും അദ്വാനിയുടെ ചേതനയാത്ര എന്തിനെതിരെയാണോ, അതേ കുറ്റാരോപിതനായതിനാല്‍ !ജയിലിലടക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി എന്ന നെറികെട്ട റിക്കാര്‍ഡും യെദിയുരപ്പ ഇതിലൂടെ കരസ്ഥമാക്കി.

യെദിയുരപ്പയുടെ കര്‍ണ്ണാടകയിലൂടെയും അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്നുണ്ട്.കര്‍ണ്ണാടകയില്‍ ഈ യാത്രയെപറ്റി അദ്വാനി എന്തു പറയും എന്ന് എല്ലാവരും കൌതുകത്തോടെ ഉറ്റു നോക്കുന്നു.ഈ അപ്രതീക്ഷിത കുരുക്കില്‍ നിന്ന് എങ്ങനെ തലയൂരും എന്ന് ബി.ജെ.പിയും തല പുകഞ്ഞാലോചിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ തന്നെ , ബി.ജെ.പിയുടെ ഉറ്റ തോഴന്മാരായ റെഡ്ഡി സഹോദരന്മാര്‍ ജയിലിലടക്കപ്പെട്ടതും ഇന്ത്യ കണ്ട വന്‍ അഴിമതികളിലൊന്നില്‍ പ്രതികളായിക്കൊണ്ടാണ്. ഇതെല്ലാം മറന്ന് കര്‍ണ്ണാടകയിലൂടെ കണ്ണും പൂട്ടിയുള്ള ഒരു യാത്രയാണ് അദ്വാനി നടത്തുന്നതെങ്കില്‍ അതിന് ചേതനയാത്ര എന്നതിനെക്കാള്‍ നല്ല പേര് യാതനയാത്ര എന്നായിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ അഴിമതിക്കെതിരെ എന്ന ലേബലില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ വിത്തുകള്‍ തന്നെയാണ്.അതും അത്യുല്‍ല്പാദന ശേഷിയുള്ള വിത്തുകള്‍ ! പൊതുജനം ഉണര്‍ന്ന് പ്രതികരിക്കുകയല്ലാതെ ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ കണ്ട് രസിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല.

Thursday, October 13, 2011

നിര്‍മ്മല്‍ മാധവ് വിഷയം - ഉത്തരവാദികളാര് ?

രണ്ടര മാസത്തോളം പഠനം അവതാളത്തിലാക്കിയ നിര്‍മല്‍ മാധവ് വിഷയം അവസാനിക്കുന്നു എന്ന് എന്റെ കോളേജിലെ ഓരോ കുട്ടിയുടേയും മാതാപിതാക്കള്‍ ആശ്വസിക്കുമ്പോള്‍, മറ്റൊരു കോളേജിലെ കുട്ടികളുടെ മാതാപിതാക്കള്‍ ഒരു പേടിസ്വപ്നത്തിന്റെ വയ്ക്കിലാണ്.നിര്‍മല്‍ മാധവിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്ന പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളും രക്ഷിതാക്കളും ആണ് ഇനി ഈ കോളേജില്‍ എന്തെല്ലാം സംഭവിച്ചേക്കും എന്ന ആശങ്കയില്‍ നില്‍ക്കുന്നത്.എന്റെ സഹോദരിയുടെ മകള്‍ അവിടെ പഠിക്കുന്നതിനാല്‍ അവരും ആ പേടി പേറുന്നു.ഒരു പക്ഷേ ഒന്നും സംഭവിക്കാതെ നിര്‍മ്മല്‍ പഠനം പൂര്‍ത്തിയാക്കിയോ അല്ലാതെയോ പോയേക്കാം.എങ്കിലും ഒരു പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങള്‍ നിര്‍മ്മല്‍ വായിക്കുന്ന ഒരു രംഗം എന്റെ മനസ്സിലൂടെ കടന്നു പോകുന്നു.എന്തിനായിരുന്നു കേരളം മുഴുവന്‍ കലക്കിമറിച്ച ഈ കോലാഹലങ്ങള്‍ ?

യഥാര്‍ത്ഥത്തില്‍ നിര്‍മല്‍ മാധവിന്റെ അഞ്ചാം സെമസ്റ്റര്‍ പ്രവേശനത്തിലൂടെ ആരംഭിച്ച ഈ സമര പരമ്പരകളുടെ ഉത്തരവാദികള്‍ ആരൊക്കെയാണ് ? രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഇടതും വലതും ഇതില്‍ തുല്യ പങ്ക് വഹിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. നിര്‍മ്മലിന് പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട സര്‍ക്കാരാണ് എല്ലാവരുടെ കണ്ണിലും ഒന്നാം പ്രതി.മൂന്നാം സെമസ്റ്ററില്‍ വച്ച് ടി.സി വാങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഴമേറിയ ചിന്ത ആവശ്യമായിരുന്നു.മാത്രമല്ല മറ്റൊരു കോളേജില്‍ ഒന്നാം സെമസ്റ്ററില്‍ മറ്റൊരു വിഷയത്തിന് ചേര്‍ന്ന് പഠിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.കോളേജില്‍ ക്ലാസ് അറ്റന്റ് ചെയ്ത് നേരാം വണ്ണം എത്തിയ കുട്ടികള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ കടക്കാന്‍ അസ്സൈന്മെന്റ്,സീരീസ് ടെസ്റ്റ് തുടങ്ങീ അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഒരു പരീക്ഷയോ മറ്റോ നടത്തി ഈ വിദ്യാര്‍ത്ഥിക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കാം എന്ന സൂത്രം ഉന്നത വിദ്യാഭ്യാസരംഗത്തെ ആരുടെ തലയില്‍ നിന്ന് വന്നതാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.കാരണം ഇത്രയും സുന്ദരമായി കടന്നുകയറാന്‍ പറ്റുന്നതാണ് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ എങ്കില്‍ ഇങ്ങനെ പഠിച്ച് പുറത്ത് വരുന്ന എഞ്ചിനീയര്‍മാരുടെ ക്വാളിറ്റി എന്തായിരിക്കും?

ഇനി ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കോളേജില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പോ അല്ലെങ്കില്‍ പ്രവേശനം സ്ഥിരപ്പെടുത്തുന്നതിന് മുമ്പോ അതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും സിണ്ടിക്കേറ്റിന്റെ അംഗീകാരം ലഭിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിര്‍മ്മല്‍ മാധവ് അതും വളരെ എളുപ്പത്തില്‍ കൈവശമാക്കി.അന്ന് കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിലവിലിരുന്നത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒരു സിണ്ടിക്കേറ്റ് ആയിരുന്നു.എന്റെ ധാരണ ശരിയാണെങ്കില്‍ ഈ സിണ്ടിക്കേറ്റ് എങ്ങനെ ഈ അനുകൂല തീരുമാനം കൈകൊണ്ടു?അതല്ല ഈ പ്രവേശനം ഇവരാരും അറിയാതെ നടന്നതാണോ?

മൂന്നാം സെമസ്റ്ററില്‍ ടി.സി വാങ്ങിയ കുട്ടിയെ അതേ സെമസ്റ്ററിലേക്ക് തന്നെ പ്രവേശനം നല്‍കിയിരുന്നുവെങ്കില്‍ ഇത്രയധികം പൊല്ലാപ്പ് സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകുമായിരുന്നില്ല എന്ന പക്ഷക്കാരനാണ് ഞാന്‍.നിര്‍മ്മലിന്റെ റാങ്ക് പ്രകാരം സര്‍ക്കാര്‍ കോളേജില്‍ അഡ്‌മിഷന്‍ നല്‍കാമോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും അതെല്ലാം മാറ്റിവയ്ക്കാമായിരുന്നു.പക്ഷേ ഇത്രയും ലാഘവത്തോടെ ഈ സംഗതി കൈകാര്യം ചെയ്തത് നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന് കളങ്കമായി എന്ന് പറയാതിരിക്കാന്‍ വയ്യ.

നിര്‍മ്മലിനെതിരെ നടത്തിയ വിദ്യാര്‍ഥി സമരവും വളരെയധികം നീണ്ടുപോയി.യഥാര്‍ത്ഥത്തില്‍ ഈ സമരം കോളേജില്‍ നീട്ടിക്കൊണ്ടു പോകുന്നതിനോട് ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യം ഇല്ലായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.പകരം ഇതിന് അനുമതി നല്‍കിയ അധികാര കേന്ദ്രങ്ങളില്‍ ആയിരുന്നു ഈ സമരങ്ങള്‍ അരങ്ങേറേണ്ടിയിരുന്നത്.ഇപ്പോള്‍ സമരം കാരണം ബലിയാടായത് ഈ കോളേജിലെ 1200-ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.ഉന്നതാധികാരികളുടെ ശ്രദ്ധയില്പെടുത്താന്‍ സാധിക്കുന്ന ഒരു സമരം സംസ്ഥാനതലത്തില്‍ നടത്തിയിരുന്നെങ്കില്‍ അധികാരിവര്‍ഗ്ഗങ്ങളുടെ കണ്ണ് നേരത്തെ തുറപ്പിക്കാന്‍ സാധിക്കുമായിരുന്നു.ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ ഈ പ്രവേശനം നടന്നയുടനെത്തന്നെ എടുപ്പിക്കാനും സാധിക്കുമായിരുന്നു.ഒട്ടേറെ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ഈ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും വലിയ ഒരു പാളിച്ച സംഭവിച്ചു? എന്തുകൊണ്ട് സംസ്ഥാന നേതൃത്വം ഈ സമരത്തിന് വലിയപ്രാധാന്യം നല്‍കിയില്ല?സ്വാഭാവികമായും ഇടതുപക്ഷത്തിനും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ അലംഭാവം തന്നെ തെളിവാണ്.

ഇത്രയും കോലാഹലങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സ്ഥിതിക്ക് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത് ഈ വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം തന്നെയാണ്.തന്റെ പ്രവേശനം തുടര്‍ന്ന് പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ട് തന്നെയായിരുന്നു എന്ന് തെളിയിക്കേണ്ടത് നിര്‍മ്മലിന്റെ കൂടി ഉത്തരവാദിത്വമാണ്.ഇനിയെങ്കിലും ശാന്തമായ അന്തരീക്ഷത്തില്‍ പഠിച്ച് നല്ല മാര്‍ക്കോടെ നിര്‍മ്മല്‍ മാധവ് പുറത്ത് വരും എന്ന് ഗ്യാരണ്ടിയില്ലെങ്കില്‍, രണ്ടര മാസം വെസ്റ്റ്‌ഹില്‍ ഗവ:എഞ്ചിനീയറിംഗ് കോളേജിലെയും ശേഷം നിര്‍മ്മലിനെ ഇപ്പോള്‍ മാറ്റിയ കോളേജിലേയും വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരും നിര്‍മ്മലും ചെയ്യുന്ന അപരാധമായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tuesday, October 11, 2011

കണ്ണൂര്‍ സൈബര്‍ മീറ്റ് - വൈകി വന്ന പോസ്റ്റ്.

കെന്നഡി വധവും ലിങ്കണ്‍ വധവും തമ്മിലുള്ള രസകരമായ സാമ്യതകള്‍ ഈ അടുത്ത് ഞാന്‍ വായിക്കുകയുണ്ടായി. ഇതേപോലെ എന്റെ തുഞ്ചന്‍പറമ്പ് മീറ്റും കണ്ണൂര്‍ സൈബര്‍ മീറ്റും തമ്മില്‍ ചില സാമ്യതകള്‍ ഉണ്ടായിരുന്നു.തുഞ്ചന്‍പറമ്പ് മീറ്റിന് ഞാന്‍ എത്തുന്നത് ഒരു എന്‍.എസ്.എസ് ക്യാമ്പ് കഴിഞ്ഞ് പിറ്റേന്ന് ആയിരുന്നു.കണ്ണൂര്‍ സൈബര്‍ മീറ്റ് കഴിഞ്ഞ് ഞാന്‍ പോയത് ഒരു എന്‍.എസ്.എസ് ക്യാമ്പിലേക്കായിരുന്നു.തലവേദനയും കൊണ്ടാണ് തുഞ്ചന്‍പറമ്പ് മീറ്റിന് ഞാന്‍ എത്തിയതെങ്കില്‍ ചുമയും പനിയും തലവേദനയും കൊണ്ടാണ് കണ്ണൂര്‍ മീറ്റില്‍ പങ്കെടുത്തത്.തുഞ്ചന്‍പറമ്പ് മീറ്റ് വിഷുസദ്യയുടെ കെട്ട് വിടുന്ന ദിവസമായിരുന്നെങ്കില്‍ കണ്ണൂര്‍ മീറ്റ് ഓണസദ്യയുടെ കെട്ട് വിട്ട ദിവസമായിരുന്നു!

ബ്ലോഗില്‍ ഹരിശ്രീ കുറിച്ചതിന്റെ ആദ്യവര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ പ്രചരണാര്‍ത്ഥം ബ്ലോഗ് അക്കാഡമിയുമായി സഹകരിച്ച് സൌജന്യ ബ്ലോഗ്‌ശില്പശാലകള്‍ സംഘടിപ്പിച്ച് നടന്നിരുന്ന കാലത്ത് ഇതേ ജവഹര്‍ ലൈബ്രറിയില്‍ വച്ച് നടന്ന ശില്പശാലയുടെ മധുരസ്മരണകള്‍ അയവിറക്കികൊണ്ടാണ് ഇടതിന്റെ കോട്ടയായ കണ്ണൂരില്‍ ഞാന്‍ വലതു കാല്‍ വച്ചത്. മലയാളത്തിലെ യുവസാഹിത്യകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ പരിചയപ്പെട്ടതും ആ ശില്പശാലയില്‍ വച്ചായിരുന്നു.അന്ന് നിറഞ്ഞ് തുളുമ്പിയ ഹാള്‍ ഇത്തവണ വളരെ ശുഷ്കമായി.

എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം തുഞ്ചന്മീറ്റിനെക്കാളും കൂടുതല്‍ ബ്ലോഗര്‍മാരെ നേരിട്ട് കണ്ട് പരിചയപ്പെടാനും അടുത്തിടപഴകാനും കണ്ണൂര്‍ മീറ്റില്‍ സാധിച്ചു എന്നത് നിറഞ്ഞ സന്തോഷം തരുന്നു.അതിലുമേറെ സന്തോഷം തന്നത് ഈ വിര്‍ച്വല്‍ ലോകത്ത് വച്ച് പരിചയപ്പെട്ട , എന്റെ ബാപ്പയോട് സാദൃശ്യം തോന്നുന്ന ഹാറൂണ്‍ക്കയെ (ഒരു നുറുങ്ങ്) അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു എന്നതാണ്.നട്ടെല്ല് തകര്‍ന്ന് കിടപ്പിലായവര്‍ക്കുള്ള സാന്ത്വനദൂതുമായി എവിടെയും എത്തിച്ചേരുന്ന, നട്ടെല്ലിന് ക്ഷതം സംഭവിച്ച ഹാറൂണ്‍ക്ക നമ്മിലോരോരുത്തര്‍ക്കും പ്രചോദനമാണ്, വഴികാട്ടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടി വന്നപ്പോള്‍ തന്റെ ആ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്ലോഗില്‍ നിന്നും അല്പം വിട്ടു നില്‍ക്കേണ്ടി വന്ന ഹാറൂണ്‍ക്കക്ക് സന്തോഷമേകുന്നതായിരുന്നു ബൂലോകരുടെ സന്ദര്‍ശനം.ശരീഫ്‌ക്ക,നാമൂസ്,സമീര്‍ തിക്കോടി,ശ്രീജിത്ത് കൊണ്ടോട്ടി, വാല്യക്കാരന്‍ , നൌഷാദ് വടക്കേല്‍ എന്നിവരും എന്റെ പിന്നാലെ ഹാറൂണ്‍ക്കയുടെ വീട്ടിലെത്തി.

ഹാറൂണ്‍ക്കയോട് മീറ്റ് വിശേഷങ്ങളും ബ്ലോഗിതര വിശേഷങ്ങളും പങ്കുവച്ച് ഏകദേശം അരമണിക്കൂര്‍ ഞങ്ങളവിടെ ചെലവഴിച്ചു.യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയും “സഹറി”ല്‍ എത്തും (ഇന്‍ഷാ അല്ലാഹ്) എന്ന് പറയാനേ എല്ലാവര്‍ക്കും നാവുണ്ടായിരുന്നുള്ളൂ.കിടപ്പിലാണേങ്കിലും ഹാറൂണ്‍ക്കയുടെ ആതിഥ്യമര്യാദ അത്രയും ആകര്‍ഷകമായിരുന്നു.

(മടക്കയാത്രയിലെ സംഭവ ബഹുലമായ വിശേഷങ്ങള്‍ ഉടന്‍ വരുന്നു...)

വാല്‍: അതിഥി ദേവോ ഭവ:

Monday, October 10, 2011

പുതിയ ഉത്തരവാദിത്വം കൂടി....

പ്രിയപ്പെട്ടവരേ...

ഞങ്ങളുടെ കോളേജ് എന്‍.എസ് എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, എന്നെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ ജില്ലാ കോഡിനേറ്ററായി തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഈ രംഗത്ത് പ്രവര്‍ത്തിച്ചവരുടേയും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടേയും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Saturday, October 08, 2011

സമാധാനം എന്റെ വീട്ടിലും...

എന്റെ ചെറിയമോള്‍ക്ക് ഒന്നര വയസ്സായി. പിടിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.പക്ഷേ സ്വയം നടക്കാന്‍ ഒരു ധൈര്യക്കുറവ്.ദിവസം കഴിയുന്തോറും ഭാര്യക്ക് ചെറിയ തോതില്‍ പേടി കൂടിക്കൂടി വന്നു.

മോള്‍ക്ക് ഇടക്കിടെ ജലദോഷവും ചുമയും വരുന്നതിനാല്‍ ഹോമിയോ ഡോക്ടറുടെ അടുത്ത് എല്ലാ മാസവും ഒപ്പിടാറുണ്ട്.അങ്ങനെ കഴിഞ്ഞ ഒപ്പിടലില്‍, അവള്‍ ഡോക്ടറോട് കാര്യം പറഞ്ഞ് ഇതിനുള്ള മരുന്നും (കാത്സ്യം സപ്പ്ലിമെന്റ്) ഒപ്പിച്ചു.

എന്റെ പാരമ്പര്യം അനുസരിച്ച് നടത്തം ഇനിയും വൈകും എന്ന് നിരവധി തവണ ഞാന്‍ സൂചിപ്പിച്ചെങ്കിലും ഈ പെണ്ണുങ്ങള്‍ക്കുണ്ടോ ഇതൊക്കെ തലയില്‍ കയറുന്നു?അയലത്തെ ചക്കിയുടെ കുട്ടിയും റോഡുവയ്ക്കിലെ ആമിനുവിന്റെ കുട്ടിയും എന്തിനധികം നബീസുവിന്റെ എട്ടുമാസമായ കുട്ടിയും എണീറ്റ് നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്ക് എങ്ങനെ സമാധാനം കിട്ടാന്‍?

രണ്ട് ദിവസം മുമ്പ് എല്ലാവര്‍ക്കും സമാധാനമായി.മോള്‍ രണ്ട് സ്റ്റെപ് വച്ചു.അല്പം കഴിഞ്ഞ് ഒരാവേശത്തില്‍ പത്ത് സ്റ്റെപ്! അങ്ങനെ തനിക്കും നടക്കാന്‍ സാധിക്കും എന്ന് അവളുടെ ഉമ്മയുടെയും ഉപ്പയുടേയും മുമ്പില്‍ വ്യക്തമാക്കി.

പിറ്റേ ദിവസം ഒരൊറ്റ സ്റ്റെപ്പും വച്ചില്ല!ഇന്നലെ തലേ ദിവസത്തെ പലിശ അടക്കം ഒരു നെടുനീളന്‍ നടത്തം!!ഏതായാലും സമാധാനത്തിനുള്ള നോബല്‍ സമ്മാനം അങ്ങകലെ ഓസ്‌ലോയില്‍ പ്രഖ്യാപ്പിക്കുമ്പോള്‍ ഇവിടെ എന്റെ വീട്ടിലും അതിന്റെ കാറ്റ് അടിച്ചു കൊണ്ടിരുന്നു.