Pages

Wednesday, August 31, 2011

അഞ്ഞൂറാന്‍ !!!

ചെറിയ പെരുന്നാള്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ചങ്ങാതിക്കൂട്ടം എന്റെ വീട്ടില്‍ ഒത്തുകൂടി.

“ചര്‍ച്ച പുരോഗമിക്കാന്‍ ‘സംഗീത‘ വേണം...”

“ങേ!ഈ നോമ്പിനും സംഗീതയോ?” ഞാന്‍ ഞെട്ടി.

“ഛെ...സംഗീതയല്ല...സംഗതി...സംഗതി...“

“എന്ന് വച്ചാല്‍..?”

“എന്ന് വച്ചാല് കട്ടന്‍ ചായ സഖാവേ...”

‘പരിപ്പ്‌വടയും വേണ്ടിവരുമോ?’ ഞാന്‍ ആത്മഗതം ചെയ്തു.

“പിന്നെ കട്ടന്‍ചായയില്‍ മധുരം കുറക്കണം...ഒക്കെ നല്ല പഞ്ചാരക്കുട്ടന്മാരാ...”

“ഓ...അത് പറഞ്ഞപ്പഴാ ഇന്‍സുലിന്‍ വയ്ക്കാന്‍ എനിക്കോര്‍മ്മ വന്നത്..” ഉമ്മ അകത്തേക്ക് ഓടുന്നതിനിടയില്‍ പറഞ്ഞു.

“ഉമ്മാ...എക്സ്ട്രാ ഉണ്ടെങ്കില്‍ ഒന്ന് ഇവനും കൊടുത്തേക്ക്...” തടിമാടരില്‍ തടിമാടനെ ചൂണ്ടി അനിയന്‍ പറഞ്ഞു.

“അവന് ഒരു ഇഞ്ചക്ഷന്‍ കൊണ്ടൊന്നും ഒന്നും ആവില്ല...ഇന്‍സുലിന്‍ ചെമ്പില്‍ കലക്കി അതില്‍ മുക്കി എടുക്കേണ്ടി വരും...”ആരോ അഭിപ്രായപ്പെട്ടു.

“ങാഹാ...അപ്പോള്‍ എത്രയാ നിന്റെ ഷുഗര്‍?” ഉമ്മ ഒരു സഹരോഗിയെ കിട്ടിയ സന്തോഷത്തില്‍ ചോദിച്ചു.

“എനിക് നോര്‍മലാ...ഇവര് ഞാന്‍ തിന്നുന്നത് കണ്ട് അസൂയ പൂണ്ട് പറയുകയാ...”

“നിന്റെ നോര്‍മല്‍ എന്നാല്‍ എത്രയാ?” ആരോ ഒരാള്‍ ചോദിച്ചു.

“ 380”

“നല്ല നോര്‍മലാണല്ലോ...”

“ഹല്ലാ‍ പിന്നെ...ശാസ്ത്രം ഇത്രേം പുരോഗമിച്ചിട്ടും അത് മാത്രം മാറ്റം‌ല്ല...”

“ഏത് മാത്രം?”

“ഈ ഷുഗറിന്റേയും പ്രെഷറിന്റേയും നോര്‍മല്‍ ലെവല്‍...”

“അതു ശരിയാ...” ആരോ ഒരാള്‍ പിന്താങ്ങി.

“ഹല്ല പിന്നെ...ആദം നബിയുടെ കാലത്ത് സ്ഥാപിച്ചതാ പ്രെഷറിന്റെ ഈ 80/120.ലോകം ഇത്ര പുരോഗമിച്ചിട്ടും എല്ലാ സ്കെയിലുകളും നീളം വച്ചിട്ടും ഒരു ഡോക്ടര്‍ക്കും ഈ സംഗതി ഒന്ന് ഉയര്‍ത്തി സ്ഥാപിക്കാന്‍ പറ്റിയിട്ടില്ല...ഷെയിം...ഷെയിം...”

“അതെ..അതെ...കൊളസ്ട്രോള്‍ ലെവലും ഇതുവരെ ഉയര്‍ത്തിയിട്ടില്ല....”ഒരു കൊളസ്ട്രോളുകാരനും പിന്താങ്ങി.

“എങ്കില്‍ നമുക്കും തുടങ്ങാം ഒരു അണ്ണാ സമരം...”

“അതെയതെ...കൊളസ്ട്രോളിനും ഷുഗറിനും പ്രെഷറിനും ഒക്കെ ഉത്തമവും അണ്ണാ സമരം തന്നെ...”

“നോമ്പ് കാലത്ത് ഇനിയും ഒരു അണ്ണാ സമരം വേണ്ടാ...നമുക്ക് ഒരു ഗ്ലോബിടാം...”

“ഗ്ലോബ് ഇടുകയോ?” പുതിയ സൂത്രം കേട്ട് എല്ലാവരും ഞെട്ടി.

“ഗ്ലോബിന്റെ വല്ല്യാപ്പയല്ലേ ഈ നില്‍ക്കുന്നത്...” എന്നെ ചൂണ്ടി ആരോ പറഞ്ഞു.

“ങേ!!എനിക്ക് കഷണ്ടി ഉണ്ടെന്നത് ശരി തന്നെ...വല്ല്യാപ്പ എന്നൊക്കെ വിളീച്ച് ആദരിക്കരുത്...” എന്റെ രക്തം തിളച്ചെങ്കിലും ധമനിക്കുള്ളിലായതിനാല്‍ ചിന്തിയില്ല.

“എന്നാലും ഈ ഗ്ലോബില്‍ ഇടുന്ന പരിപാടി മനസ്സിലായില്ല...”

“ഗ്ലോബല്ല...ബ്ലോഗ്...ബ്ലോഗ്...”ആരോ തിരുത്തി.

“അതെ നാളെ മുതല്‍ വല്ല്യാപ്പക്ക് പുതിയ പേരും ആയി...” വീണ്ടും ആരോ ശവത്തില്‍ കുത്തി.

“അതെന്താ പുതിയ പേര്?”

“അഞ്ഞൂറാം പോസ്റ്റ് ഇടാന്‍ പോകാണത്രേ...”

“ഓ...പണ്ട് കെ.എസ്.ഇ.ബി യില്‍ ആയിരുന്നു പണി എന്ന് കേട്ടത് ശരി തന്നെ അല്ലേ?”

“അതേ...അതും ശരിയാ...അതുകൊണ്ട് തന്നെ പുതിയ പേര് - അഞ്ഞൂറാന്‍ !!!”

“അഞ്ഞൂറാന്‍ കീ ...”

“ജയ്...”

“അഞ്ഞൂറാന്‍ കീ ...”

“ജയ്...”

(മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇത് അതിലെ അഞ്ഞൂറാമത് എപിസോഡ്)

Tuesday, August 30, 2011

ഈദ് മുബാറക്

വരാനിരിക്കുന്ന പതിനൊന്ന് മാസത്തെ വരവേല്‍ക്കാനുള്ള പരിശീലനമെന്നോണം വ്രതശുദ്ധിയുടേ ദിനരാത്രങ്ങള്‍ അസ്തമിക്കുകയായി.വാനില്‍ ശവ്വാലമ്പിളി ദൃശ്യമായതോടെ മുസ്ലിംകള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ്.പള്ളികളില്‍ നിന്നും തക്‍ബീര്‍ ധ്വനികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.സുഹൃത്തുക്കള്‍ പരസ്പരം വിളീച്ച് ഈദാശംസകള്‍ നേരുന്നു.ആശംസാസന്ദേശങ്ങളൂടെ പ്രാവാഹം കാരണം നെറ്റ്വര്‍ക്കുകള്‍ ജാം ആയിക്കൊണ്ടിരിക്കുന്നു.വീടുകളില്‍ സ്ത്രീകളും കുട്ടികളും മൈലാഞ്ചി അണിയുന്ന തിരക്കിലാണ്.

തന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ അവകാശമായി മനസ്സിലാക്കിക്കൊണ്ട് സക്കാത്ത് നല്‍കി ഒരു മുസ്ലിം തന്റെ ധനത്തേയും ഈ റംസാനിലൂടെ ശുദ്ധീകരിച്ചു.സകാത്തിന് പുറമെ ദാനധര്‍മ്മങ്ങളിലൂടെയും മനുഷ്യര്‍ തമ്മിലുള്ള ബാധ്യതകള്‍ നിറവേറ്റി.അതും കഴിഞ്ഞ് , പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന മഹത്തായ ലക്ഷ്യത്തോടെ തന്റെ കുടുംബത്തിലെ വലുതും ചെറുതുമായ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫിത്വ്‌ര്‍ സകാത്തും നല്‍കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഫിത്വ്‌ര്‍ സകാത്ത് പാവപ്പെട്ടവരുടെ വീട്ടിലെത്തിച്ച് ഇത് ഉറപ്പ് വരുത്തുന്നു.

മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.പരസ്പരം സ്നേഹാശംസകള്‍ ചൊരിഞ്ഞും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിച്ചും രോഗികളെ സന്ദര്‍ശിച്ചും ബന്ധ്ങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു.ഈ പെരുന്നാള്‍ സുദിനത്തില്‍ ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും അരീക്കോടന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.

Thursday, August 25, 2011

സ്പീഡ് പോസ്റ്റിന്റെ വേഗത.

സര്‍ക്കാര്‍ ജോലിയായാല്‍ നമുക്കെത്ര ശമ്പളം വേണം എന്ന് നാം തന്നെ പറഞ്ഞു കൊടുക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ വരാറുണ്ട്.അതില്‍ ഒന്നാണ് ശമ്പളപരിഷ്കരണം വന്നതിന് ശേഷമുള്ള സമയം.കഴിഞ്ഞ ഫെബ്രുവരിയില്‍ പരിഷ്കരണ ഓര്‍ഡര്‍ വന്നെങ്കിലും ഈ അവസാന മണിക്കൂറിലാണ് എനിക്ക് എന്റെ ഓപ്‌ഷന്‍ (അതാണ് ഈ സംഗതിക്ക് കൊടുത്തിരിക്കുന്ന സുന്ദരമായ പേര്)കൊടുക്കാനായത്.ഇനിയും വൈകണ്ടാ എന്ന് കരുതി ഞാന്‍ അത് സ്പീഡ് പോസ്റ്റില്‍ തന്നെ വിടാന്‍ തീരുമാനിച്ചു.ഒരു ഇരുപത്തഞ്ച് രൂപയല്ലേ പോകൂ,ലേറ്റായാല്‍ ഇരുപത്തയ്യായിരം രൂപ ആണ് നഷ്ടം.അങ്ങനെ എന്റെ വീട്ടിനടുത്ത് തന്നെയുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് 19/8/11.ന് 12:25:14ന് ഞാന്‍ ആ മഹാപാതകം ചെയ്തു.കോട്ടയത്തേക്ക് അതിനെ എല്ലാ ആദരവോടെയും പറഞ്ഞു വിട്ടു.

സ്പീഡ്‌പോസ്റ്റല്ലേ,ഇവിടെ ഇട്ടപ്പോഴേക്കും അതവിടെ എത്തിയിരിക്കും എന്ന അമിത പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അതിനെ പിന്നെ ശ്രദ്ധിച്ചില്ല.എങ്കിലും ഉള്ളിന്റെ ഉള്ളീല്‍ ഇരുപത്തയ്യായിരവും ഇരുപത്തഞ്ചും നഷ്ടമാവുമോ എന്ന ഭയം കാരണം ഞാന്‍ ഇന്ന് അതിനെ ഒന്ന് ട്രാക്ക് ചെയ്തു.അപ്പോഴല്ലേ അവന്‍ പോയ വഴി മനസ്സിലായത്.അതിങ്ങനെ.

18/8/11. 12:25:14 അരീക്കോട് എം.ഡി.ജിയില്‍ ബുക്ക് ചെയ്തു.(ഈ എം.ഡി.ജി എന്താണെന്ന് എനിക്കറിയില്ല.സംഗതി പോസ്റ്റ് ഓഫീസിന്റെ ഇനീഷ്യല്‍ ആണെന്ന് തോന്നുന്നു)

18/8/11 14:36:15 ആശാനെ കോഴിക്കോട്ടേക്കുള്ള ചാക്കിലാക്കി.

18/8/11 14:37:25 ചാക്ക് കോഴിക്കോടിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

18/8/11 21:26:53 കോഴിക്കോട് ചാക്കില്‍ നിന്നിറങ്ങി കൊച്ചിയിലേക്കുള്ള ചാക്കില്‍ കയറി.

18/08/2011 21:47:02 കൊച്ചിയിലേക്കുള്ള തീവണ്ടിയാത്ര ആരംഭിച്ചു (അമ്പട കേമാ,ഇരുപത്തഞ്ച് രൂപക്ക് ഒരു തീവണ്ടിയാത്രയും ഒപ്പിച്ചു)

19/08/2011 05:09:07 കൊച്ചുവെളുപ്പാന്‍ കാലത്ത് കൊച്ചിയില്‍ ചാക്കില്‍ നിന്നിറങ്ങി.

19/08/2011 06:00:10 അല്പ നേരം കൊച്ചിയുടെ സ്വന്തം മണം ആസ്വദിച്ച് കോട്ടയത്തേക്കുള്ള ചാക്കില്‍ കയറി.

22/08/2011 കോട്ടയത്തെ അക്കൌണ്ടന്റ് ജനറലിന്റെ അടുത്ത് പ്രസവിച്ചു.

ഇനി എന്റെ സംശയങ്ങള്‍ :-

19 കഴിഞ്ഞാല്‍ പിന്നെ 22 ആണോ തീയതി?

സാദാ പോസ്റ്റില്‍ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് അയച്ചിരുന്നെങ്കില്‍ ഇത് 20 ആം തീയതി തന്നെ എത്തുമായിരുന്നില്ലേ?

ശനിയും ഞായറും ഇല്ലാത്തതാണോ നമ്മുടെ സ്പീഡ്‌പോസ്റ്റ് സംവിധാനം?

എ.ടി.എം കാര്‍ഡ് എക്സ്പയര്‍ഡ് !!

ഒരു മാസം മുമ്പ് ഫെഡറല്‍ ബാങ്കില്‍ നിന്നും വന്ന ഒരു പൊതി തുരന്ന് സോറി തുറന്ന് നോക്കിയപ്പോഴാണ് എന്റെ എ.ടി.എം കാര്‍ഡ് എക്സ്പയര്‍ ആയ വിവരം ഞാന്‍ അറിഞ്ഞത്.അല്ലെങ്കിലും കാശില്ലാത്ത അക്കൌണ്ടിന് എന്ത് എ.ടി.എം കാര്‍ഡ് എന്ന നിലയില്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്തില്ല.പക്ഷേ അതിന്റെ കൂടെയുള്ള ഒരു നെടുനീളന്‍ കത്ത് വായിച്ചു നോക്കി.

കത്തില്‍ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ:

എത്രയും പ്രിയപ്പെട്ട കസ്റ്റമറേ,

ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ എന്ന നിലക്ക് താങ്കളെ ആദരിക്കുന്നു.താങ്കളുടെ എ.ടി.എം കാര്‍ഡ് എക്സ്പയര്‍ ആയ വിവരം (വ്യസന സമേതം) അറിയിക്കുന്നതോടൊപ്പം (പരേതന്റെ)പുതിയ കോപി ഇതോടൊപ്പം അയക്കുന്നു.കാര്‍ഡ് മയ്യിത്തായെങ്കിലും പിന്‍ നമ്പര്‍ ഹയാത്തിലുണ്ട്.അതിനാല്‍ പുതിയ കാര്‍ഡിനും പഴയ പിന്‍ നമ്പര്‍ തന്നെ ഉപയോഗിച്ചാല്‍ മതി എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.പുതിയ കാര്‍ഡ് ഇട്ട് അക്കൌണ്ട് ആക്ടിവേറ്റ് ചെയ്ത ശേഷം പഴയകാര്‍ഡിനെ നിഷ്കരുണം നശിപ്പിക്കണമെന്നും ഉണര്‍ത്തുന്നു (എന്തിനാണാവോ?)

നമ്മുടെ ഒരു ബ്ലോഗ് സുഹൃത്തിനുള്ള സഹായധനം വന്നതോടെ ഇന്നലെ എനിക്ക് എ.ടി.എം കാര്‍ഡ് വീണ്ടും ഉപയോഗിക്കേണ്ടി വന്നു.ചത്തു എന്ന് പറഞ്ഞ കാര്‍ഡിട്ട്, അതിന് ജീവന്‍ ഉണ്ടോ എന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.അത്ഭുതം യേശുകൃസ്തു ജീവന്‍ കൊടുത്തപോലെ എന്റെ പഴയ എ.ടി.എം കാര്‍ഡിന് ജീവന്‍ കിട്ടി.കറക്ട് അക്കൌണ്ട് ബാലന്‍സ് അത് പറാഞ്ഞു തന്നു.

പിന്നെ തോന്നിയത് മറ്റൊരു (കുരുട്ട്)ബുദ്ധി.പുതിയ കാര്‍ഡ് സൈന്‍ ചെയ്താല്‍ മാത്രമേ വാലിഡ് ആവൂ എന്ന് ഒരു ഗമണ്ടന്‍ അറിയിപ്പ് അതില്‍ കണ്ടു.അത് നമ്മളെ മണ്ടനാക്കാനുള്ളതാണോ എന്ന് പരീക്ഷിക്കാന്‍ ഒപ്പിടാതെ ഞാന്‍ കാര്‍ഡ് എ.ടി.എംല്‍ ഇട്ടു.പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം ആവശ്യമായ തുകയും പറഞ്ഞു.

”പ്‌ട്...പ്‌ട്...പ്‌ടേ...” എ.ടി.എം നകത്ത് നിന്ന് മറ്റവന്‍ നോട്ട് എണ്ണുന്ന ശബ്ദം.അതാ വരുന്നു അഞ്ഞൂറും നൂറുമായിട്ട് കുറേ നോട്ടുകള്‍!!!ഈ മണ്ടന്‍ മെഷീന്‍ തന്നതല്ലേ എന്ന് കരുതി ഞാന്‍ അത് എണ്ണി നോക്കി.കൃത്യം ഞാന്‍ ആവശ്യപ്പെട്ട പതിനയ്യായിരം രൂപ (മണ്ടന് സൈന്‍ നോക്കാന്‍ അറിയില്ലെങ്കിലും എണ്ണം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്).

അപ്പോള്‍ പിന്നെ ഈ സൈനും കുന്ത്രാണ്ടാവും എല്ലാം ആര്‍ക്കു വേണ്ടി?നൊ കമന്റ്!

Sunday, August 21, 2011

റമദാന്‍ മാസത്തിലെ കഞ്ഞികള്‍.

ഈ നോമ്പിന്റെ മൂന്നാം ദിവസം ഔദ്യോഗിക ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് പോയി.ആറ്റിങ്ങല്‍ അടുത്ത് തോന്നക്കലുള്ള സുഹൃത്തായ ശറഫുദ്ദീനിന്റെ വീട്ടില്‍ നോമ്പ് തുറക്കാനും അവസരം ലഭിച്ചു.തൊട്ടടുത്തുള്ള പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിയില്‍ നിന്നും വിതരണം ചെയ്യുന്ന കഞ്ഞി കാണിച്ച് സുഹൃത്ത് പറഞ്ഞു - “അല്പം കഞ്ഞി കുടിക്കാം...”

മുമ്പ് ഒരു റമദാന്‍ കാലത്ത് ബാപ്പയുടെ നാട്ടില്‍ പോയി നോമ്പ് തുറക്കുന്ന സമയത്ത് ഒരു ചെറുപയര്‍ കഞ്ഞി കുടിച്ചതും ചര്‍ദ്ദിച്ച് നാശമായതും ഓര്‍ത്ത് ഞാന്‍ ഈ ക്ഷണം നന്ദി പൂര്‍വ്വം നിരസിച്ചു.എങ്കിലും മുമ്പ് എന്റെ റൂം മേറ്റ് ആയിരുന്നപ്പോള്‍ ആദ്യമായി രാത്രിയില്‍ കഞ്ഞി കുടിക്കാന്‍ ആരംഭിച്ച ശറഫുദീന്‍ സാര്‍ ഈ കഞ്ഞി ടേസ്റ്റ് നോക്കണം എന്ന് നിര്‍ബന്ധിച്ചത് പ്രകാരം ഒരല്പം ഞാനും വാങ്ങി.

വേവിച്ച ചെറുപയര്‍ ആദ്യം പാത്രത്തിലിട്ട് അതിലേക്ക് കഞ്ഞി ഒഴിക്കും.ആ കഞ്ഞി തന്നെ എരിവുള്ളതാണ്.കാരറ്റും മറ്റു ചില പച്ചക്കറികളും അതില്‍ തന്നെ ചേര്‍ത്തിട്ടുണ്ടാകും.കുടിച്ച് കഴിഞ്ഞപ്പോള്‍ തോന്നി ഒരല്പം കൂടി ആവാമായിരുന്നു എന്ന്.ഇതാണ് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ നോമ്പ്കഞ്ഞി.ഇതേ കഞ്ഞി തന്നെ പാളയം പള്ളിയില്‍ ആകുമ്പോള്‍ അല്പം കൂടി എരിവും രസവും കൂടും എന്നും സുഹൃത്ത് പറഞ്ഞു.അവസരം കിട്ടിയാല്‍ അതും രുചിച്ച് നോക്കണം എന്നും ശറഫ് സാര്‍ എന്നെ ഉപദേശിച്ചു.

ഓരോ നാട്ടിലും റമദാനോടനുബന്ധിച്ച് വ്യത്യസ്തമായ വിഭവങ്ങള്‍ ആണുള്ളത്.കഞ്ഞി തന്നെ ഞാന്‍ മേല്‍ പറഞ്ഞപോലെ കോഴിക്കോട് ജില്ലയില്‍ പാകം ചെയ്യുന്നത് ചെറുപയര്‍ കഞ്ഞി എന്ന പേരിലാണ്.രാത്രി കുത്തരി കൊണ്ടുണ്ടാക്കുന്ന ജീരകമരച്ച് ചേര്‍ത്ത ജീരാകഞ്ഞിയും വടക്കന്‍ ജില്ലകളീല്‍ കിട്ടും.അതുപോലെ തന്നെ തേങ്ങാപാല്‍ ചേര്‍ത്ത വളരെ കുറിയ അരി കൊണ്ടുണ്ടാക്കിയ ഒരു തരം കഞ്ഞി ഫാറൂക്ക് കോളേജിനടുത്ത് താമസിക്കുന്ന എന്റെ മൂത്താപ്പയുടെ വീട്ടില്‍ നിന്നും നോമ്പ് കാലത്ത് രാത്രി എനിക്ക് ലഭിക്കാറുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ നോമ്പ്തുറ സമയത്തുള്ള കഞ്ഞിയുടെ പേര് തരിക്കഞ്ഞി എന്നാണ്.റവ വെള്ളത്തിലോ പാലിലോ തിളപ്പിച്ച് അതില്‍ മധുരം ചേര്‍ക്കുന്ന, വളരെ എളുപ്പം ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരു വിഭവമാണ് തരിക്കഞ്ഞി.

മറ്റു ജില്ലകളില്‍ ഈ കഞ്ഞി ഏതൊക്കെ പേരില്‍ ഏതൊക്കെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്ന് എനിക്കറിയില്ല.ഏതായാലും നോമ്പിനോടനുബന്ധിച്ച് എല്ലാ സ്ഥലങ്ങളീലും ഇത്തരം ഡിഷുകളും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.അതിവിടേ പങ്ക് വയ്ക്കും എന്നും പ്രതീക്ഷിക്കുന്നു.

വ്രതശുദ്ധി നേടിത്തരുന്നത്....

റംസാന്‍ മാസം അവസാന പത്തിലേക്ക് പ്രവേശിച്ചു.ഇനി വെറും എട്ടോ ഒമ്പതോ നോമ്പുകള്‍ മാത്രം ഈ വര്‍ഷത്തേതായി അവശേഷിക്കുന്നു.വിശ്വാസികളുടെ പൂക്കാലമായ ഒരു റമദാന്‍ കൂടി വിട പറയാന്‍ ഒരുങ്ങുന്നു.ജീവിതത്തില്‍ ഈ ഇരുപത് ദിവസങ്ങള്‍ കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്ന് ഒന്ന് വിലയിരുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.

കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല റമദാന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഈ ബ്ലോഗിലും മറ്റനേകം ബ്ലോഗിലും പറഞ്ഞതാണ്.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ എന്നത് ആത്മനിയന്ത്രണത്തിന്റെ മാസമാണ്.ദൈവം എന്നോട് ചെയ്യരുത് എന്ന് കല്പിച്ചതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ എനിക്ക് സാധിക്കും എന്നും എന്റെ മനസ്സിനെ നിയന്ത്രിക്കുന്നത് ഞാന്‍ തന്നെയാണെന്നും അതിന്റെ കടിഞ്ഞാണ്‍ എന്റെ കയ്യില്‍ നിന്നും വിട്ടു പോയിട്ടില്ല എന്നും ഒരു വിശ്വാസി റമദാന്‍ വ്രതത്തിലൂടെ തെളിയിക്കുന്നു.

ഇന്നത്തെ സമൂഹത്തിന്റെ എല്ലാ ദുരവസ്ഥക്കും കാരണം അതിലെ അംഗങ്ങളായ നാമോരോരിത്തരുടേയും പ്രവര്‍ത്തനങ്ങളാണ്.നമ്മുടെ ഓരോ ചെയ്തികള്‍ ഒരുമിച്ച് കൂടുമ്പോള്‍ അത് സര്‍വ്വനാശത്തിലേക്കെത്തുന്നു. സാമൂഹ്യവിപത്തായി അത് മാറുന്നു.തന്റെ ദേഹേച്ചകളെ നിയന്ത്രിക്കാന്‍ ഒരു മനുഷ്യണ് സാധ്യമാകാത്തതാണ് ഈ ദുര്‍നടപ്പിന്റെ പിന്നിലെ കാരണമെന്ന് ഒരു മനുഷ്യനും ചിന്തിക്കുന്നില്ല.ഒരു സ്ത്രീയെ കാണുമ്പോള്‍ അവളെ ഭോഗിക്കാന്‍ കൊതിക്കുന്ന മനസ്സാണ് പല പുരുഷനിലും ഉള്ളത്.അവളെ വീണ്ടും വീണ്ടും പല വേഷത്തിലും പല ഭാവത്തിലും കാണുമ്പോള്‍ ഈ തൃഷ്ണ കൂടിക്കൂടി വരുന്നു.എന്നാല്‍ ആ ചിന്ത പാപമാണ് , ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല അല്ലെങ്കില്‍ എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു എന്ന് നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ചിന്ത ഉയരുന്നില്ല.ഫലമോ , അനുകൂലമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു നിമിഷത്തില്‍ ആ സ്ത്രീ കയ്യേറ്റം ചെയ്യപ്പെടുന്നു.

ഇവിടെയാണ് വ്രതശുദ്ധിയിലൂടെ ഒരാള്‍ നേടി എടുക്കുന്ന ആത്മനിയന്ത്രണത്തിന്റെ വില സമൂഹം മനസ്സിലാക്കുന്നത്.ദൈവപ്രീതിക്ക് വേണ്ടി വ്രതമെടുക്കുന്ന ഒരാള്‍ക്ക് ഇത്തരം ഒരു ക്രിയ വ്രതാനുഷ്ഠാന കാലത്ത് മാത്രമല്ല അതിന് ശേഷവും ചെയ്യാന്‍ സാധിക്കുകയില്ല.പേര് കൊണ്ട് മുസ്ലിമായവരുടെ കാര്യമല്ല ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത്.അത്തരം പുഴുക്കുത്തുകള്‍ എല്ലാ മതത്തിലും ഉണ്ട്.കറകളഞ്ഞ വിശ്വാസിക്ക് മാത്രമേ വ്രതം അനുഷ്ഠിക്കാനും സാധിക്കൂ.അയാള്‍ക്കേ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനും സാധിക്കൂ.

വാല്‍: ആത്മ സംയമനത്തിന്റെ മാര്‍ഗ്ഗമയാണ് ഉപവാസ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ അനുയായികള്‍ അത് വിസ്മരിക്കപ്പെടുന്നു.

Thursday, August 18, 2011

അതാണ് സഖാവെ ,മാനുഷിക ബന്ധം

“എനിക്ക് മലര്‍വാടി വായിക്കാന്‍ തന്നില്ലെങ്കില്‍, നീ മിഠായി വാങ്ങിയത് ഞാന്‍ ബാപ്പയോട്‌ പറഞ്ഞു കൊടുക്കും”

“എന്നെ പറഞ്ഞു കൊടുത്താല്‍ നിനക്ക് ടീച്ചറോട് തല്ല് കിട്ടിയത് ഞാനും പറയും...”

പണ്ട് പണ്ട് സ്കൂളീല്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ അനിയനും തമ്മില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം കാച്ചുന്ന ഡയലോഗുകള്‍ ആണിവ.ബാപ്പയെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പേടിയായിരുന്നു.ആ പേടി പരസ്പരം മുതലെടുക്കുക എന്ന മിനിമം പരിപാടി ആയിരുന്നു ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നത്.

ഏകദേശം അതിന് സമാനമായ ചില കാര്യങ്ങളാണ് ഇന്ന് സി.പി.എം ന്റെ രണ്ട് തല മൂത്ത നേതാക്കള്‍ക്കിടക്ക് നടക്കുന്ന സംഭാഷണങ്ങള്‍.പാര്‍ട്ടിയുടെ വിലക്ക് പുല്ലു പോലെ തള്ളി വി.എസ് അച്ചുതാനന്ദന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് പിണറായിക്ക് ഒട്ടും ദഹിച്ചില്ല.പാര്‍ട്ടിയും വി.എസ് ന്റെ ഈ അസാധാരണ നടപടിയില്‍ പകച്ചു പോയി എന്നതാണ് പിണറായിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.അവസാനം, സന്ദര്‍ശനം ആകാം , ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന ഒരു വിലക്ക് പയറ്റി പാര്‍ട്ടി മുഖം രക്ഷിച്ചു.വി.എസ് അതും തള്ളും എന്ന് മനസ്സിലാക്കി ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിന്ന് തേങ്ങാവെള്ളത്തെ സൌകര്യപൂര്‍‌വ്വം ഒഴിവാക്കുകയും ചെയ്തു.അല്ലെങ്കിലും നിരാഹാരം എന്നാല്‍ നീരാഹാരം കൂടി ആണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണല്ലോ നമ്മെ പഠിപ്പിച്ചത്.എന്ന് വച്ചാല്‍ നിരാഹാരത്തില്‍ ആഹാരം കഴിക്കാന്‍ പാടില്ല, നീര് കഴിക്കാം.എന്ന് പറഞ്ഞാല്‍ നീര് അഥവാ വെള്ളം എന്ന ഗണത്തില്‍ പെടുന്നതൊന്നും ആഹാരമല്ല.ഭാവിയില്‍ ആഹാരമല്ലാതാകുന്നതെന്തൊക്കെ എന്ന് ലിസ്റ്റ് പുറപ്പെടുവിക്കുമായിരിക്കും.

ഏതായാലും പിണറായിയുടെ പ്രസ്താവന കേട്ട് വി.എസ്, ഞാന്‍ ആദ്യം പറഞ്ഞ അടവ് പ്രയോഗിച്ചു.പിണറായി സ്വന്തം മകളുടെ കല്യാണത്തിന് പാര്‍ട്ടിയുടെ അന്തകനും ആജന്മ ശത്രുവുമായ സാക്ഷാല്‍ എം.വി.രാഘവനെ ക്ഷണിച്ചതും എം.വി.ആര്‍ ആ വിവാഹത്തില്‍ പങ്കെടുത്തതും വി.എസ് പൊടി തട്ടി എടുത്തു.കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് ചുറുചുറുക്കുള്ള യുവാക്കള്‍ വെടിയേറ്റ് മരിച്ചതിന് ഉത്തരവാദിയായ എം.വി.രാഘവനെ സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണം കൊടുക്കാമെങ്കില്‍ പാര്‍ട്ടിയെ വളരെക്കാലം സേവിച്ച , ഇപ്പോഴും പാര്‍ട്ടി മനസ്സുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ എന്ത് തെറ്റ് എന്ന് വി.എസ് ചോദിക്കുന്നു.

ഈ ചോദ്യം കേട്ട് ഞാനും വി.എസിന് കൈ അടിച്ചു.പക്ഷേ ദിവസങ്ങള്‍ക്കകം അതേ വി.എസ്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ തള്ളി പറഞ്ഞപ്പോള്‍ അത് എന്തിന്റെ സമ്മര്‍ദ്ദത്താല്‍ ആയിരുന്നു എന്ന് മനസ്സിലായില്ല.പാര്‍ട്ടി വിലക്ക് സൌകര്യപൂര്‍വ്വം ലംഘിക്കുകയും പിന്നീട് ചില പൊടിക്കൈകളിലൂടെ രക്ഷപ്പെടുകയും ചെയ്യുക എന്ന വിലകുറഞ്ഞ തന്ത്രം വി.എസിനെപ്പോലുള്ള ഒരു ഉന്നത നേതാവിന് ചേര്‍ന്നതല്ല.ആശയവും ആദര്‍ശവും ഒക്കെ നിലനിര്‍ത്തികൊണ്ട് എതിര്‍ ചേരിക്കാരനായാലും മനുഷ്യന്‍ എന്ന നിലക്കുള്ള സമീപനവും പാര്‍ട്ടിക്കാര്‍ക്ക് പാടില്ല എന്നോ?എങ്കില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയം എന്നതിനെക്കാളും നല്ലൊരു പേര് പട്ടി രാഷ്ട്രീയം എന്നല്ലേ?

വാല്‍:മുസ്ലീംലീഗ് ചിന്താഗതിക്കാരനായ റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള സ്റ്റേജില്‍!അതാണ് സഖാവെ മാനുഷിക ബന്ധം.

Monday, August 15, 2011

അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന

നമ്പൂരിയോട്‌ മകള്‍ :“ അച്ഛാ...ഒരു സംശയം ?”

നമ്പൂരി: “ഉവ്വുവ്വ്, ചോദിച്ചോളൂ...”

മകള്‍: “ അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന എന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് എന്താ?”

നമ്പൂരി:“മകള്‍ വീണ വായിക്കാന്‍ തുടങ്ങിയാല്‍ അമ്മമാര്‍ ഈ പണിക്ക് നടക്കരുത് എന്ന്‌!!”

Sunday, August 14, 2011

സ്വാതന്ത്ര്യ ദിനം - ചില വേറിട്ട ചിന്തകള്‍

ഇന്ത്യ അതിന്റെ അറുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.കൊടിതോരണങ്ങളും പരിപാടികളുടെ ബോര്‍ഡുകളും കൊണ്ട് നാടും നഗരവും നിറഞ്ഞു കഴിഞ്ഞു.രാഷ്ട്രീയപാര്‍ട്ടികള്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.സ്വതന്ത്ര ഇന്ത്യയെ രക്ഷിക്കാന്‍ ‘സേവ് ഇന്ത്യാ റാലി’ വരെ നടക്കാന്‍ പോകുന്നു.

ഈ അവസരത്തില്‍ എന്റെ ചിന്ത പോകുന്നത് മറ്റൊരു ദിശയിലാണ്.എല്ലാവരും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പലരുടേയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു.സ്കൂളുകളിലാണ് ഇങ്ങനെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം ഉള്ളത്.സ്വാതന്ത്ര്യദിന പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണെന്ന് അധ്യാപകര്‍ പറയുന്നു.സാധാരണയിലും നേരത്തെ കുട്ടികളെ അണിയിച്ചൊരുക്കേണ്ടതിലൂടെ സ്വാതന്ത്ര്യദിനത്തിലെ സ്വാതന്ത്ര്യനിഷേധം അടുക്കളയില്‍ ആരംഭിക്കുന്നു.

എന്റെ കോളേജിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പ്രോഗ്രാം കണ്‍‌വീനര്‍ ആണ് ഞാന്‍.ചില പ്രശ്നങ്ങള്‍ കാരണം കോളേജ് പൂട്ടികിടക്കുന്നതിനാല്‍ കുട്ടികള്‍ എല്ലാം തന്നെ സ്വന്തം നാട്ടിലാണ്.കണ്ണുരുട്ടി പേടിപ്പിച്ച് അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതില്‍ എനിക്ക് അഭിപ്രായമില്ല.അതിനാല്‍ കോഴിക്കോടൂം സമീപ ജില്ലകളിലും ഉള്ളവര്‍ മാത്രം എത്തിയാല്‍ മതി എന്ന നിര്‍ദ്ദേശമാണ് ഞാന്‍ നല്‍കിയത്.അതും നിര്‍ബന്ധം പിടിക്കുന്നില്ല, സാധ്യമായവര്‍ മാത്രം.

മറ്റൊന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രോഗ്രാമുകളാണ്.സ്വാതന്ത്ര്യദിനത്തില്‍ എല്ലാവരും എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം എടുക്കുന്നതിനാല്‍ റോഡ് പലപ്പോഴും ബ്ലോക്ക് ആക്കപ്പെടുന്നു.റോഡിലൂടെ അല്ലാതെ തോടിലൂടെ റാലി നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് എനിക്കും മറുപടി ഒന്നുമില്ല.എങ്കിലും എത്രയോ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ഹനിക്കപ്പെടുന്നു എന്ന് ഒരു നേതാവും ചിന്തിക്കാറില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് നിയമപാലകര്‍.ജില്ല തോറും നടക്കുന്ന സ്വാതന്ത്ര്യദിനപരേഡുകളില്‍ പങ്കെടുക്കുന്ന മന്ത്രിമാരടക്കമുള്ള വിവിധ ഉന്നതന്മാര്‍ക്ക് സുരക്ഷ ഉറപ്പിക്കാന്‍ ദിവസങ്ങളായി നെട്ടോട്ടമോടുന്ന ഈ വിഭാഗക്കാര്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ഭാഗ്യം സ്വാതന്ത്ര്യദിനം കഴിഞ്ഞാണ്.

വാല്‍: സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് ഇങ്ങനെയാണോ ?

അമ്മാവന്മാരേ, ജാഗ്രതൈ!

മൊബൈലില്‍ എസ്.എം.എസ് വന്നാല്‍ പെട്ടെന്ന് നോക്കുന്നത് എന്റെ പതിവാണ്.കാരണം എനിക്കത് കിട്ടുന്നത് വളരെ കുറവാണ് എന്നത് തന്നെ.രണ്ട് ദിവസം മുമ്പ് നോമ്പ് തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ വന്ന എസ്.എം.എസ് എന്നെ തികച്ചും അസ്വസ്ഥനാക്കി.അതിന്റെ ചുരുക്കം ഇതായിരുന്നു.

“10/8/11 നിങ്ങളുടെ അക്കൌണ്ടിലെ അവൈലബ്‌ള്‍ ബാലന്‍സ് 1000 രൂപ” അയച്ചത് സി.ബി.ഐ ഫ്രം എസ്.ബി.ഐ!!!

“ങേ!!!!” ഞാന്‍ ഞെട്ടി.കാരണം ഒരാഴ്ച മുമ്പ് എനിക്ക് കിട്ടിയ എസ്.എം.എസ് പ്രകാരം ഈ അവൈലബ്‌ള്‍ പി.ബി (പ്രീവിയസ് ബാലന്‍സ്)എണ്ണായിരത്തി കുറേ രൂപ ആയിരുന്നു.അതിന് ശേഷം ഒരു വിധ ട്രാന്‍സാക്ഷനും നടത്താതെ ഒരാഴ്ച കൊണ്ട് അത് സ്വര്‍ണ്ണ വില പോകുന്നതിന്റെ നേരെ ഓപ്പോസിറ്റില്‍ പോയതിന്റെ ഗുട്ടന്‍സ് അറിയാതെ ഞാന്‍ അമ്പരന്നു.

ബാങ്ക് സമയം കഴിഞ്ഞതിനാല്‍ അങ്ങോട്ട് വിളിക്കാന്‍ വയ്യാത്ത അവസ്ഥ ആയിരുന്നു.ഇല്ല എങ്കില്‍ മാനേജറെ വിളീച്ച് എവിടേ നോക്കിയാടോ ഈ “അവൈലബ്‌ള്‍“ വിടുന്നത് എന്ന് ചോദിക്കാമായിരുന്നു.അതിനു മുമ്പ് എന്റെ എ.ടി.എം കാര്‍ഡ് എന്റെ കയ്യില്‍ തന്നെ ഉണ്ട് എന്ന് ഞാന്‍ ഉറപ്പ് വരുത്തി.ഏതായാലും അടുത്ത ദിവസം തന്നെ മാനേജറേ കണ്ട് പറയാനുള്ള തെറികള്‍ പ്രിപ്പേര്‍ ചെയ്യാന്‍ സമയം തന്നതില്‍ ബാങ്കിനെ ഞാന്‍ നമിച്ചു.


എസ്.ബി.ഐയില്‍ ഞാന്‍ അക്കൌണ്ട് തുടങ്ങിയ ദിനം പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്നു. കൌണ്ടറിലിരുന്ന ഒരു പെണ്ണ് ചോദിച്ചു.
“സാര്‍...മൊബൈല്‍ ബാങ്കിംങ്ങ് ഫസിലിറ്റി വേണ്ടേ?”

ഈ ആധുനികയുഗത്തില്‍ മൊബൈല്‍ ബാങ്കിംങ്ങ് സൌകര്യം ഒഴിവാക്കിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സില്‍ വന്നെങ്കിലും അതുണ്ടായാലുള്ള ഒരു ബുദ്ധിമുട്ടും മനസ്സില്‍ വന്നില്ല.അതല്ലെങ്കിലും അങ്ങനെത്തന്നെ ആയിരിക്കുമല്ലോ.അതുകൊണ്ട് ഞാന്‍ അതിന് സമ്മതം മൂളി.ഒരു ഇരയെ വീഴ്ത്തിയതിന്റെ കോഡ് ഭാഷയിലുള്ള ചില ആംഗ്യങ്ങള്‍ ഈ കൌണ്ടറില്‍ നിന്നും തൊട്ടടുത്ത കൌണ്ടറിലെ പെണ്ണിലേക്ക് പായുന്നത് ഞാന്‍ നോക്കി നിന്നു.

ദിവസങ്ങള്‍ക്ക് ശേഷം ഈ എസ്.ബി.ഐ-സി.ബി.ഐ യില്‍ നിന്നും മെസേജുകള്‍ വരാന്‍ തുടങ്ങി.പല മെസ്സേജുകള്‍ക്കും മറുപടി നല്‍കി എന്റെ മൊബൈല്‍ ബാലന്‍സും കൂപ്പുകുത്തി എന്നല്ലാതെ എനിക്ക് ഇതുവരെ ഒരു ഗുണവും കിട്ടിയില്ല.ഇപ്പോളിതാ എസ്.ബി.ഐ ബാലന്‍സും കൂപ്പുകുത്തിയിരിക്കുന്നു!ഇപ്രകാരം പോയാല്‍ താമസിയാതെ ഞാന്‍ അങ്ങോട്ട് കാശ് കൊടുക്കേണ്ട ഒരു സ്ഥിതി വരും എന്നതിനാല്‍ തെറിയഭിഷേകം കഴിഞ്ഞ് നാളെത്തന്നെ അവിടത്തെ സകല ഇടപാടുകളും നിര്‍ത്താനും ഞാന്‍ തീരുമാനിച്ചു.

പെട്ടെന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു.‘ഇനി ഫോണ്‍ വഴിയും വിളീച്ചു പറയുന്നുണ്ടോ , എങ്കില്‍ ഇന്നത്തെ ഡോസ് ഇന്നുതന്നെ കൊടുക്കാം‘ എന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു.

“ആപാ...ഇത് ഞാനാ...” അപ്പുറത്ത് നിന്നും അനന്തിരവന്റെ ശബ്ദം.

“ങാ...എന്താ ഈ നേരത്ത് ?” ക്ഷമകെട്ട്‌ ഇരിക്കുന്ന ഞാന്‍ ചോദിച്ചു.

“ഒന്നുമില്ല...ഞാന്‍ ഇവിടെ എസ്.ബി.ഐയില്‍ ഒരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.ആപയുടെ ഫോണ്‍ നമ്പറാ അതില്‍ കൊടുത്തത്.അക്കൌണ്ട് ആക്ടിവേറ്റ് ആയാല്‍ നിങ്ങള്‍ക്ക് മെസേജ് വരും...”

“യാ കുദാ!!!”

എസ്.ബി.ഐയില്‍ നിന്നുള്ള ആ മെസേജ് ബാങ്ക് സമയം കഴിഞ്ഞ് എത്തിയതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന പൊല്ലാപ്പുകള്‍ എന്തൊക്കെയായിരുന്നു.ഒരു പക്ഷേ പിറ്റേ ദിവസം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതും ഞാന്‍ ആയി മാറിയേനെ.അനന്തിരവന്മാരായാല്‍ ഇങ്ങനെയും ഓരോ കുന്ത്രാണ്ടങ്ങള്‍ ഒപ്പിച്ചു വയ്ക്കണം.അമ്മാവന്മാരേ, ജാഗ്രതൈ!!!

Tuesday, August 09, 2011

കോസ്റ്റാറിക്ക കോസ്റ്റാറിക്ക യെ കീഴടക്കി!!!!

“കോസ്റ്റാറിക്കയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കി കോസ്റ്റാറിക്കയും ഗ്രൂപ്പില്‍ രണ്ടാമതായി മുന്നേറി തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി കോസ്റ്റാറിക്കയും അടുത്ത വട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.”

8/8/2011 മാതൃഭൂമി സ്പോര്‍ട്സ് പേജില്‍ “അണ്ടര്‍ 20 ലോകകപ്പ് - സ്പെയിന്‍ മിന്നുന്നു“ എന്ന തലക്കെട്ടിനടിയില്‍ വായിച്ച സംഗതിയാണ് ഈ പറഞ്ഞത്.ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇത് എഴുതിയത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണോ എന്ന് തോന്നിപ്പോകുന്നോ?

ഈ ലോകകപ്പില്‍ ആകെ കോസ്റ്റാറിക്ക മാത്രമാണോ കളിക്കുന്നത് എന്നൊന്നും എന്നോട് ചോദിക്കരുത്.മികച്ച കളി എഴുത്തുകാര്‍ ഉണ്ടായിരുന്ന ഒരു പത്രത്തിന്റെ അവസ്ഥ എന്ത് എന്ന ഒരു ചിന്ത മാത്രം പങ്കു വയ്ക്കുന്നു.

പുതുക്കിയ സമയവിലവിവരപ്പട്ടിക(രൂപയില്‍) !!!

8/8/2011 മുതലുള്ള എന്റെ പുതുക്കിയ സമയവില വിവരപ്പട്ടിക(രൂപയില്‍) പ്രസിദ്ധീകരിക്കുന്നു .ബ്രാക്കറ്റില്‍ പഴയ സമയവില വിവരം.സമയം രാവിലെത്തേത്!

7:35 - 17.00 (15.50)
7:45 - 19.00 (16.50)
8:05 - 20.00 (18.50)
8:10 - 22.00 (19.50)
8:15 - 27.00 (24.00)
8:20 - ????

ഞെട്ടേണ്ട.രാവിലെ കോഴിക്കോട്ടേക്ക് പോകുന്ന വിവിധ ബസ്സുകളില്‍ എനിക്കുള്ള നിരക്ക് ഇങ്ങനെയൊക്കെയാണ്. 8:20ന് ശേഷം പോയാല്‍ ഒരു ലീവും കൂടി പോകും എന്നതിനാല്‍ വിലവിവരം കൊടുക്കുന്നില്ല!
(ഇന്നലെ മുതല്‍ ബസ്‌ചാര്‍ജ്ജ് വര്‍ദ്ധിച്ചതോടെ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത് )

Sunday, August 07, 2011

ഹിരോഷിമ ഉയര്‍ത്തുന്ന ചിന്തകള്‍.

1945 ആഗസ്ത് 6.ഹിരോഷിമ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ആ കൊച്ചുകുട്ടി പതിവ് പോലെ നേരത്തെ എണീറ്റ് സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.സ്കൂള്‍ യൂണിഫോമണിഞ്ഞ് ബാഗും കയ്യിലെടുത്ത് യു.കെ.ജിയില്‍ പഠിക്കുന്ന ആ പിഞ്ചു കുട്ടി അമ്മയോട് ടാറ്റ പറഞ്ഞു.മുന്നോട്ട് നടന്ന് നീങ്ങിയ കുട്ടി പെട്ടെന്ന് തിരിച്ച് അമ്മയുടെ അടുത്തേക്ക് തന്നെ ഓടി വന്ന് പറഞ്ഞു -
“അമ്മയുടെ വാത്സല്യചുംബനങ്ങള്‍ ഇന്ന് എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു , എന്റെ പ്രിയപ്പെട്ട അമ്മേ...”

കുട്ടിയുടെ അസാധാരണ പെരുമാറ്റം ആ അമ്മയെ സ്തബ്ധയാക്കിയെങ്കിലും സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു “ഇല്ല മോളെ...മോള്‍ ധൈര്യമായി സ്കൂളില്‍ പൊയ്ക്കോളൂ...” മകള്‍ അമ്മയെ വീണ്ടും കെട്ടിപ്പിടിച്ചു.അമ്മ അവളുടെ കവിളിലും മൂര്‍ദ്ധാവിലും വീണ്ടും വീണ്ടും ചുംബനങ്ങള്‍ നല്‍കി സ്കൂളീലേക്ക് പറഞ്ഞയച്ചു.

നിമിഷങ്ങള്‍ക്കകം അമേരിക്കന്‍ കാപാലികതയുടെ ഏറ്റവും ചീഞ്ഞുനാറിയ മുഖം, ‘ലിറ്റില്‍ ബോയ്’ എന്ന ആണവബോംബിന്റെ രൂപത്തില്‍ ഹിരോഷിമയില്‍ പതിച്ചു.മനുഷ്യനടക്കമുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളെ, ‘അമ്മേ‘ എന്ന് വിളിക്കാന്‍ പോലും അവസരം നല്‍കാതെ അത് വെണ്ണീര്‍ധൂളികളാക്കി മാറ്റി.മേല്‍ പറഞ്ഞ നിഷ്കളങ്കയായ ആ പിഞ്ചുകുഞ്ഞും അവളുടെ അമ്മയും അന്ന് എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു.

ആ കറുത്ത ദിനത്തിന്റെ 66-ആം വാര്‍ഷികം കടന്നുപോയി. സാമ്രാജ്യത്വ കഴുകന്മാര്‍ ഇപ്പോഴും പല രാജ്യങ്ങളുടേയും തലക്ക് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു.അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ഇട്ടു കൊടുത്ത് കൊണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും മറ്റും അവരുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ സര്‍ക്കാറുകളെ പ്രതിഷ്ഠിച്ച് ഭരണ നാടകം കളിപ്പിക്കുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോസൈന്യം എന്ന നാറ്റസൈന്യം അഫ്‌ഗാനിസ്ഥാന്‍ എന്ന കൊച്ചു രാജ്യത്തില്‍ ‘സമാധാനം’ പുന:സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു.രാജ്യം പീസ് പീസ് (ചിന്നഭിന്നം) ആയി എന്നല്ലാതെ രാജ്യത്ത് പീസ് (സമാധാനം) മാത്രം ഉണ്ടായില്ല.സമാധാനദൌത്യത്തിന് നിയോഗിക്കപ്പെട്ടവരുടെ ഉറ്റവരും ഉടയവരുമായവരില്‍ നിന്ന് ‘അസമാധാനം‘ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ ഒബാമ ഭരണകൂടത്തിന് അഫ്‌ഗാനില്‍ നിന്നും പിന്തിരിയുന്ന പ്രഖ്യാപനം നടത്തേണ്ടി വന്നു.തേന്‍‌കുടത്തില്‍ തലയിട്ട് തേനീച്ച കുത്തേല്‍ക്കുകയും ചെയ്തു, തല കുടത്തില്‍ കുടുങ്ങുകയും ചെയ്തു എന്ന പോലെ അമേരിക്ക ലോകത്തിന്റെ മുന്നില്‍ ഇളിഭ്യരായി.ഹിരോഷിമ ബോംബ് ആക്രമണത്തിന്റെ 66-ആം വാര്‍ഷികത്തിന്റെ തലേ ദിവസം 31 അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍‌കാര്‍ വെടിവച്ചിട്ടപ്പോള്‍ തകര്‍ന്നു വീണത് അമേരിക്കന്‍ ഹുങ്കിന്റെ താഴികക്കുടം കൂടിയായിരുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിന്റെ ദുരന്തം അനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് ഫലസ്തീന്‍.അമേരിക്കയുടേ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന നരാധമം അറബ്‌രാജ്യങ്ങളടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നു.വീടും നാടും നഷ്ടപ്പെട്ട ഫലസ്തീന്‍ മക്കള്‍ ഇസ്രയേലിന്റെ അത്യാധുനിക വെടിക്കോപ്പുകള്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നിന്ന് നിരായുധരായി പോരാടുന്നു.ജിഹാദിന്റെ ശക്തിയും തൌഹീദിന്റെ (ഏകദൈവ വിശ്വാസം) ഭക്തിയും മനസ്സില്‍ ആവാഹിച്ച് ഫലസ്തീന്റെ യുവത ‘ഇന്‍‌തിഫാദ’യിലൂടെ പോരാടുമ്പോള്‍ ലോകത്തിലെ എല്ലാ വന്‍‌ശക്തികളും അതിനു പിന്നിലെ പ്രേരകശക്തിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു.

ഇപ്പറഞ്ഞ രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഒതുങ്ങുന്നതല്ല പാശ്ചാത്യശക്തികളുടെ ഭീഷണി.തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് നേരെയെല്ലാം അവരുടെ യുദ്ധക്കൊതി മൂക്കുന്നുണ്ട്.ലിബിയ, ഇറാന്‍,സുഡാന്‍, ഉത്തരകൊറിയ തുടങ്ങീ കൊച്ചു കൊച്ചു രാജ്യങ്ങളെ രാക്ഷസക്കണ്ണു കാട്ടി വിറപ്പിക്കുന്നത് അമേരിക്ക എന്ന വന്‍ശക്തി തന്നെ.മേല്‍ പറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ആണവശേഖരം ഉണ്ടെന്ന ന്യായം പറഞ്ഞാണ് ലോകത്തിന് ആണവാ‍യുധത്തിന്റെ ഉപയോഗം പഠിപ്പിച്ച മാസ്റ്റര്‍മാര്‍ വിശുദ്ധന്മാരാകുന്നത്.രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനപ്രകാരം ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവശേഖരം അമേരിക്കന്‍ പിന്തുണയുള്ള പാകിസ്ഥാനുണ്ട്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യം എന്നും ആ പഠനം വ്യക്തമാക്കുന്നു. ആണവശേഖരമുണ്ടെന്ന് പറയപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റിലെ വാലറ്റത്ത് കിടക്കുന്ന രാജ്യങ്ങളിലെ മൊത്തം ആണവശേഖരം അമേരിക്കയുടെ ആണവശേഖരത്തെക്കാള്‍ കുറവാണെന്ന് അറിയുമ്പോഴാണ് ഈ ലോകപോലീസിന്റെ ഉദ്ദേശ്യശുദ്ധി വേശ്യയുടെ ചാരിത്ര്യപ്രസംഗം മാത്രമാണെന്ന് മനസ്സിലാകുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടറിഞ്ഞ ലോകം , ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാകരുത് എന്ന നിശ്ചയപ്രകാരം രൂപം കൊടുത്ത ഒരു വേദിയാണ് ഐക്യരാഷ്ട്ര സഭ.എന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാനും അവയുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കാനും മാത്രമാണ് ഇന്ന് ഐക്യരാഷ്ട്ര സഭയുടെ നിയോഗം.ലോകസമാധാനത്തിന്റെ ഈ വെള്ളരിപ്രാവ് അടയിരിക്കുകയാണ്- മറ്റെവിടെയുമല്ല, സാമ്രാജ്യത്വത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആണവായുധ ശേഖരത്തിന് മുകളില്‍!!!

അതിനാല്‍ ഇനിയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടി ലോകത്ത് അസമാധാനത്തിന്റെ വിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്ന എല്ലാ ശക്തികളും ഒന്ന് ചിന്തിക്കുക.ഹിരോഷിമ നമുക്ക് തന്നത്....
ഭൂമിയിലൂടെ തുള്ളിച്ചാടി നടക്കാന്‍ കഴിയാതെപോയ ബാല്യങ്ങള്‍
കൌമാരചാപല്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ പോയ യുവമിഥുനങ്ങള്‍
ദാമ്പത്യത്തിന്റെ മധുനുകര്‍ന്ന് തീരാത്ത നവദമ്പതികള്‍
ജീവിതസായാഹ്നം പേരമക്കള്‍ക്കൊപ്പം ചെലവിടാ‍ന്‍ ഭാഗ്യം കിട്ടാതെ പോയ വൃദ്ധജനങ്ങള്‍
മിണ്ടാന്‍പോലും കഴിയാതെ എരിഞ്ഞൊടുങ്ങേണ്ടി വന്ന ജന്തുജാലങ്ങള്‍ എന്നിവയാണ്.

ഇനിയും ഇതെല്ലാം നാമനുഭവിക്കണോ?വേണ്ട!!!വേണ്ട!!വേണ്ട!ഹിരോഷിമയും നാഗസാക്കിയും ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല.പീസ് മെമ്മോറിയല്‍ പാര്‍ക്കിനെക്കാളും നമുക്ക് വേണ്ടത് സമാധാനം വിളയുന്ന ഭൂമിയാണ്, സമാധാനം വിളയുന്ന ഭൂമി മാത്രമാണ്.

Thursday, August 04, 2011

ആഗസ്റ്റ് 6 ലെ ഇരട്ട ദുരന്തങ്ങള്‍ !!!

എപ്പോഴും ഓരോ കുസൃതിയുമായി വരുന്ന മോളുടെ ജനറല്‍ നോളജ് പരീക്ഷിക്കാനായി ഞാന്‍ അവളോട് ചോദിച്ചു.

“ആഗസ്ത് ആറിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ?”

“ഒരു ക്ലൂ” ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം അവളും കാട്ടി.

“ലോക ചരിത്രത്തിലെ ഒരു ദുരന്തം നടന്നത് അന്നാണ്...”

“ങാ കിട്ടി...ഒരു ദുരന്തമല്ല...ഇരട്ട ദുരന്തം...” മോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ങേ!!!ഇരട്ട ദുരന്തമോ ?” എനിക്കും അത്ഭുതമായി.

“അതേ...ഒന്ന് ഹിരോഷിമയില്‍ ബോംബ് ഇട്ടു...” അടുത്തത് പറയാതെ അവള്‍ ചിരിച്ചു.

“വെരി ഗുഡ്...നീ പറഞ്ഞ രണ്ടാം ദുരന്തം എന്താ ?”

“ഉപ്പച്ചി ജനിച്ചു !!!!”

Monday, August 01, 2011

അറ്റ്ലസ് എന്നാ‍ല്‍.....

“ഉപ്പച്ചീ....” മോള്‍ സ്കൂള്‍ വിട്ടു വരുന്നത് ദൂരെ നിന്ന് തന്നെ കേട്ടു തുടങ്ങി.

“എന്താ മോളേ?”

“ഇന്ന് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു...”

“എന്തായിരുന്നു ചോദിച്ചത്?”

“അറ്റ്ലസ് എന്നാല്‍ എന്താണെന്ന്...?”

“എന്നിട്ട് നീ പറഞ്ഞില്ലേ?”

“ആ...നമ്മള്‍ ഇന്നലെ ഷോപ്പിംഗിന് പോയ കടയുടെ പേരാണെന്ന് പറഞ്ഞു !!”