Pages

Saturday, May 31, 2008

നോക്കിയ N95-ഉം ഒരു പാവം മരമണ്ടനും !!!

അപ്രതീക്ഷിതമായി സൗജന്യമായി എനിക്ക്‌ ഒരു NOKIA N95 മൊബൈല്‍ ഫോണ്‍ ലഭിച്ചു.കൂടുതല്‍ സൗകര്യങ്ങളുള്ള ഫോണ്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ കൗതുകത്തോടെ അവയുടെ വിശദാംശങ്ങള്‍ ചോദിച്ച്‌ അറിയുമ്പോള്‍ ഞാന്‍ അവ ഗൗനിക്കാറില്ലായിരുന്നു.കാരണം മൊബൈല്‍ ഫോണ്‍ ഫോണിന്റെ ഉപയോഗത്തിന്‌ എന്ന പോളിസിക്കാരനായിരുന്നു ഞാന്‍. അതിനാല്‍ തന്നെ ഈ കുന്ത്രാണ്ടം കയ്യില്‍ കിട്ടിയപ്പോള്‍ അതെങ്ങിനെ ഓപെറേറ്റ്‌ ചെയ്യണം എന്ന് എനിക്ക്‌ ഒരു എത്തും പിടിയും കിട്ടിയില്ല.കാറ്റലോഗോ ഓപറേറ്റിംഗ്‌ മാന്വലോ ഇല്ലാത്തതിനാല്‍ കുറുക്കന്‌ ആമയെ കിട്ടിയ പോലെ ഒരാഴ്ച ഞാന്‍ അത്‌ അലമാരയിലിട്ട്‌ പൂട്ടി. ഒരാഴ്ച കഴിഞ്ഞ്‌ ഞാന്‍ ഫോണ്‍ എടുത്തു.നിറയെ ബട്ടണുകളുള്ള ഫോണിന്റെ ബട്ടണുകളെല്ലാം ഒന്നൊന്നായി അമര്‍ത്തിയിട്ടും അത്‌ ഓണായില്ല(പവര്‍ ബട്ടണ്‍ അതുവരെ ഞാന്‍ കണ്ടിരുന്നില്ല). ചാര്‍ജ്ജ്‌ ചെയ്യാത്തതിനാലാണോ സാധനം ഓണാകാത്തത്‌ എന്ന സംശയം ബലപ്പെട്ടതിനാല്‍ അടുത്ത ദിവസം ഫോണുമായി ഞാന്‍ നാട്ടിലെ ഒരു കടയില്‍ നിന്നും ചാര്‍ജര്‍ വാങ്ങി.(അതിന്‌ മുമ്പ്‌ എന്റെ പഴയ ഫോണിന്റെ ചാര്‍ജര്‍ എടുത്ത്‌ അത്‌ ചാര്‍ജ്‌ ചെയ്യാന്‍ നോക്കിയിരുന്നു.ചാര്‍ജര്‍ കുത്തിയത്‌ ഇയര്‍ഫോണ്‍ ഔട്ട്‌ലെറ്റില്‍ ആയിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി).ഓപറേറ്റ്‌ ചെയ്യുന്ന വിധം അന്വേഷിച്ചപ്പോള്‍ അവനും കൈ മലര്‍ത്തി. ഏതായാലും വീട്ടില്‍ തിരിച്ചെത്തി ഞാന്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാനിട്ടു.ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ആദ്യമായി ഞാന്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ കണ്ടെത്തി (!) പ്രസ്‌ ചെയ്തു.എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ നല്ലൊരു കളര്‍ ഡിസ്‌പ്ലേയില്‍ ഫോണ്‍ ഓണായി.സന്തോഷം കൊണ്ട്‌ എന്റെ മനം കുളിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും ഡിസ്‌പ്ലേ ഓഫായി ബ്ലാങ്ക്‌ സ്ക്രീന്‍ മാത്രമായി.!!! ന്യൂമറിക്‌ കീ അല്ലാത്ത എല്ലാ ബട്ടണുകളും ഞാന്‍ വീണ്ടും അമര്‍ത്താന്‍ തുടങ്ങി.പെട്ടെന്ന് വലിയയൊരു ശബ്ദത്തില്‍ "വന്ദേമാതരം" പാടാന്‍ തുടങ്ങി.ശബ്ദം കുറക്കാന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വീണ്ടും സകലമാന ബട്ടണുകളും അമര്‍ത്തിയതിനാല്‍ അയല്‍ക്കാര്‍ ഓടി വന്നില്ല. ഇനി ഇക്കളി തീക്കളി ആണെന്ന് മനസ്സിലായതിനാല്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ പരതി കാറ്റലോഗ്‌ സംഘടിപ്പിച്ചു.കാറ്റലോഗില്‍ പറയുന്ന പ്രകാരമുള്ള ഇന്നര്‍മെനുകളിലേക്ക്‌ പോകാന്‍ ഏത്‌ ബട്ടണ്‍ അമര്‍ത്തണം എന്ന ധര്‍മ്മസങ്കടം വീണ്ടും എന്നെ പിടികൂടി. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ നോക്കിയയുടെ സ്ക്രീനില്‍ എന്റെ കൈ അറിയാതെ തട്ടിപ്പോയി! പെട്ടെന്ന് അതില്‍ ഡിസ്പ്ലേ ലൈറ്റ്‌ വന്നു!!അതണഞ്ഞപ്പോള്‍ ഞാന്‍ ഒന്നുകൂടി കൈകൊണ്ട്‌ തൊട്ട്‌ നോക്കി.വീണ്ടും ഡിസ്പ്ലേ ലൈറ്റ്‌!! "യുറീക്ക....യുറീക്കാ...." എന്ന് വിളിച്ചുകൊണ്ട്‌ തുണിയുരിഞ്ഞോടാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഞാനത്‌ ചെയ്തില്ല.പിന്നെ കാണുന്ന ഓപ്ഷനുകളിലെല്ലാം കൈപ്രയോഗം നടത്തി ഞാന്‍ നോക്കിയയെ മെരുക്കി എടുക്കാന്‍ ശ്രമിച്ചു.അങ്ങനെ അലാറം സെറ്റ്‌ ചെയ്യുന്നത്‌ എങ്ങനെ എന്ന എന്റെ പരീക്ഷണം പിറ്റേന്ന് ഒരമളി കൂടി ക്ഷണിച്ചുവരുത്തി. അത്‌ നാളെ പറയാം.....

Wednesday, May 28, 2008

സമൂഹത്തിലെ ഇത്തിക്കണ്ണികള്‍

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി.ഞാന്‍ കൊല്ലം കുണ്ടറക്കടുത്ത്‌ എന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത്‌ തിരിച്ചു വരികയായിരുന്നു.ബസ്സുകള്‍ പലതും മാറിമാറിക്കയറി രാത്രി എട്ടര മണിക്ക്‌ ഞാന്‍തൃശൂരിലെത്തി.ഇനി കോഴിക്കോട്ടേക്ക്‌ പ്രൈവറ്റ്‌ ബസ്സില്‍ പോകാം എന്ന ധാരണയില്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലിറങ്ങി.

സ്റ്റാന്റ്‌ മുഴുവന്‍ കറങ്ങിയിട്ടും പൂട്ടിപ്പോകുന്ന കടകളും ഹാള്‍ട്ടാക്കിയ ബസ്സുകളും മാത്രമേ എനിക്ക്‌ കാണാനായുള്ളൂ.അവസാനം കോഴിക്കോട്ടെക്കുള്ള ഒരു ബസ്‌ കഴുകുന്നത്‌ ശ്രദ്ധയില്‍പെട്ട ഞാന്‍ ആ ക്ലീനറോട്‌ ചോദിച്ചു.

"കോഴിക്കോട്ടെക്ക്‌ ഇവിടെ നിന്ന് ഇനി ബസ്സില്ലേ?"

"ഇവിടെ നിന്നാല്‍ കിട്ടില്ല....ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിന്റെ മുന്നില്‍ നിന്നാല്‍ കിട്ടും..."

ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്ക്‌ പോയിക്കൊണ്ടിരുന്ന KSRTC യില്‍ നിന്നും ഇറങ്ങിയ എനിക്ക്‌ സങ്കടം വന്നു.ഞാന്‍ ക്ലീനറോട്‌ ചോദിച്ചു.

"ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്ക്‌ ഓട്ടോയില്‍ പോകാനുള്ള ദൂരമില്ലേ?"

"ഏയ്‌....ഇവിടത്തന്നെ നിന്ന മതി....ഇപ്പോ വരും, ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌....മൂന്ന് രൂപ കൊടുത്താ മതി.വെറുതേ എന്തിനാ കാശ്‌ കളയുന്നേ?" തൃശൂര്‍ ശൈലിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനത്‌ അംഗീകരിച്ചു.

ബസ്‌ കാത്തുനില്‍ക്കുന്നതിനിടെ, അല്‍പം അകലെ മാറി നിന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ എന്റെ അടുത്തെത്തി എന്നോട്‌ ചോദിച്ചു.

"ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്കാണോ?"

"അല്ല...ഇത്‌ പ്രൈവറ്റ്‌ സ്റ്റാന്റാണ്‌..!!" എന്നെപ്പോലെ വഴിതെറ്റിയ ആളാകും എന്ന് കരുതി ഞാന്‍ പറഞ്ഞു.(ഇത്‌ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റ്‌ ആണോ എന്നാണ്‌ ഞാന്‍ കേട്ടത്‌)

"അതല്ല....നിങ്ങള്‍ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്കാണോ എന്നാ ചോദിച്ചത്‌..?"

"അതേ.."

"എന്നാ നമുക്ക്‌ ഒരു ഓട്ടോ പിടിക്കാം....."

ക്ലീനര്‍ പറഞ്ഞ സംഗതി മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഷെയര്‍ ചെയ്യാന്‍ ആളായല്ലോ എന്ന് കരുതി ഞാന്‍ സമ്മതിച്ചു.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ വന്നാല്‍ അതില്‍തന്നെ കയറാമെന്ന മനസ്സിന്റെ മുറുമുറുപ്പ്‌ കാരണം, വരുന്ന ഓട്ടോകള്‍ക്കെല്ലാം ഞാന്‍ അലക്ഷ്യമായി കൈ കാട്ടി.അവസാനം ഒരു ഓട്ടോ തന്നെ കിട്ടി.

"കയറൂ...." അയാള്‍ എന്നെ ആദ്യം കയറ്റി.

'നല്ല മനുഷ്യന്‍' ഞാന്‍ ആത്മഗതം ചെയ്തു.

"നിങ്ങളെങ്ങോട്ടാ...?" യാത്രക്കിടയില്‍ ഞാന്‍ അയാളോട്‌ ചോദിച്ചു.

"പാലക്കാട്ടേക്ക്‌....ഇവിടെ ബസ്‌ ഉണ്ടാകും എന്ന് കരുതി ഇറങ്ങിയതാ...."

"ഞാനും അതുപോലെ കോഴിക്കോട്ടേക്ക്‌ ബസ്‌ ഉണ്ടാകും എന്ന് കരുതി ഇറങ്ങിയതാ...."

"ആ...ഹൈവേ ആയതിനാല്‍ കോഴിക്കോട്ടേക്ക്‌ ബസ്‌ എപ്പോളും കിട്ടും...എനിക്കിനി കിട്ടുമോ എന്നറിയില്ല...."

പിന്നെ ഞങ്ങള്‍ അധികം സംസാരിച്ചില്ല.അയാളോട്‌ കൂടുതല്‍ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആരോ ഉള്ളില്‍ നിന്നും വിലക്കി.

ഓട്ടോ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റില്‍ എത്തി.ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി കയ്യില്‍ കരുതിയിരുന്ന ചില്ലറ എനിക്ക്‌ നേരേ നീട്ടി അദ്ദേഹം പറഞ്ഞു.

"കൊടുത്തേക്കണേ..."അയാള്‍ ഇരുട്ടില്‍ ഓടി മറയുകയും ചെയ്തു.

ഞാന്‍ പത്ത്‌ രൂപയെടുത്ത്‌ കൊടുത്തു.പുറത്തിറങ്ങി, അയാള്‍ തന്ന കാശ്‌ നോക്കി....വെറും മൂന്ന് രൂപ!!

സമൂഹത്തില്‍ ഇത്തരം ഇത്തിക്കണ്ണികള്‍ ധാരാളമുണ്ട്‌.മാന്യവസ്ത്രധാരികളും,അല്ലാത്തവരും.മറ്റുള്ളവന്റെ കാശും അഭിമാനവും പോയാലും സ്വന്തം കാര്യം സാധിക്കണം എന്ന ചിന്തക്കാര്‍.ചില്ലിക്കാശിന്‌ പോലും മാന്യത നടിച്ച്‌ അവര്‍ അടുത്ത്‌ കൂടും.

അന്യന്റെ ജീവനും സ്വത്തും അഭിമാനവും വിലപ്പെട്ടതാണ്‌.നാം നമ്മുടെ ജീവനും സ്വത്തും അഭിമാനവും എങ്ങനെ സംരക്ഷിക്കുന്നുവോ, അതുപോലെ അന്യന്റേതും സംരക്ഷിക്കന്‍ ബാധ്യസ്ഥരാണ്‌.വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ അവയില്‍ ഒരിക്കലും കടന്നു കയറരുത്‌.

Thursday, May 22, 2008

ക്ലച്ച്‌ ബോക്സ്‌ ചെക്കിംഗ്‌ എന്ന മണ്ടത്തരം !!!

         2006 മെയ്‌ മാസത്തിലെ ഏതോ ഒരു ദിവസം..അന്നാണ്‌ ഞാന്‍ T S G 8683 എന്ന അതിപുരാതന മോഡല്‍ മാരുതി 800 ന്റെ ഉടമസ്ഥനായത്‌......സോറി കടമസ്ഥനായത്‌.(റൊക്കം സംഖ്യ കടം പറഞ്ഞ്‌ ലോകത്താദ്യമായി നടന്ന കച്ചവടം ഇതായിരിക്കും).

          കിഴക്കന്‍ ഏറനാട്ടിലെ ഏതോ ഒരു വര്‍ക്ക്ഷാപ്പില്‍ കിടന്നിരുന്ന കാറെന്ന് വിളിക്കപ്പെടുന്ന ആ സാധനത്തെ വീട്ടിലെത്തിക്കാന്‍ ഞാന്‍ എന്റെ മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം എന്ന ചെറിയോനെയും കൂടെ കൂട്ടി.(അവന്‍ എവിടെ നിന്നോ ഒപ്പിച്ച ജാംബവാന്റെ കാലത്തെ പ്രീമിയര്‍ പത്മിനി ആണ്‌ എനിക്ക്‌ ഈ ശകടം വാങ്ങാനുള്ള ഊര്‍ജ്ജം പകര്‍ന്നത്‌.ഡ്രൈവിങ്ങിന്റെ സകല തന്ത്രങ്ങളും പ്രയോഗിച്ചാല്‍ മാത്രം സ്റ്റാര്‍ട്ടാവുന്ന ആ കാറിലുള്ള അവന്റെ അണ്മാച്‌ഡ്‌ എക്സ്പീരിയന്‍സ്‌ തന്നെയാണ്‌ അന്ന് എന്റെ കൂടെ അവനെത്തന്നെ കൂട്ടാനുള്ള കാരണവും)

          വര്‍ക്ക്ഷാപ്പില്‍ ചെന്ന് ഞങ്ങള്‍ കാറെടുത്തു.ടെസ്റ്റ്‌ ഡ്രൈവിനായി ചെറിയോന്‍ സീറ്റിലിരുന്നു.പ്രീമിയര്‍ പത്മിനിയില്‍ കാണിക്കുന്ന വിക്രിയകള്‍ ഒന്നും കൂടാതെ സിംഗിള്‍ ------ല്‍ (എന്താ അതിന്‌ പറയാ എന്നറിയില്ല) തന്നെ വണ്ടി സ്റ്റാര്‍ട്ടായി."അല്‍ഹംദുലില്ല" എന്ന് അവന്‍ പറഞ്ഞതായി ഞാന്‍ കേട്ടതായി എനിക്ക്‌ സംശയമായി.വണ്ടി പതുക്കെ വര്‍ക്ക്ഷാപ്പില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട്‌ നീങ്ങി.

"സ്റ്റിയറിംഗ്‌ പ്ലേ അല്‍പം കുറവാണ്‌...." ഡ്രൈവിങ്ങിനിടയില്‍ അവന്‍ പറഞ്ഞു.

"ആ...." സംഗതി മനസ്സിലാവാത്തതിനാല്‍ ഞാന്‍ മൂളി.

"ക്ലച്ച്‌ ബോക്സും ഒന്ന് ചെക്ക്‌ ചെയ്യണം....." ഉടനെ ഞാന്‍ മുന്നില്‍ കണ്ട ബോക്സില്‍ ചെക്കിംഗ്‌ നടത്തി.മുമ്പെന്നോ അലൈന്‍മന്റ്‌ നടത്തിയ ഒരു പേപ്പറാണ്‌ കയ്യില്‍ കിട്ടിയത്‌.അതും എന്താണെന്ന് അറിയാത്തതിനാല്‍ ഞാന്‍ അവനോട്‌ ചോദിച്ചു.

"ഇതാണോ..?"

"എന്ത്‌..?"

"നീ ചെക്ക്‌ ചെയ്യണം എന്ന് പറഞ്ഞ സാധനം..?"

"ഹ...ഹ...ഹാ......ഹ...ഹ.....ഹാ....." അവന്‍ നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയാണ്‌.സംഗതിയില്‍ എന്തോ പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ആ പേപ്പര്‍ ബോക്സിലേക്ക്‌ തന്നെയിട്ട്‌ അതടച്ചു.അപ്പോഴും അവന്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.നാട്ടിലെത്തി ഈ സംഗതി ഫ്ലാഷായാലുള്ള ഭയാനക സ്ഥിതിയേക്കുറിച്ച്‌ അന്ന് ഞാനോര്‍ത്തില്ല.കാരണം ചോദിച്ച മണ്ടത്തരത്തിന്റെ വലിപ്പം എനിക്ക്‌ അപ്പോഴും പിടികിട്ടിയിരുന്നില്ല. അന്ന് തുടങ്ങിയതാണ്‌......ബാക്കി പിന്നാലെ വന്നുകൊണ്ടിരിക്കുന്നു.....കാര്‍ കഥകള്‍

Wednesday, May 21, 2008

പിള്ള മനസ്സില്‍ കള്ളമില്ല...

നാട്ടില്‍ നിന്നും ഞാന്‍ കുടുംബസമേതം മടങ്ങുന്ന ഒരു ദിവസം.പതിവുപോലെ ബസ്സില്‍ നല്ല തിരക്കായിരുന്നു.ഇടക്കെവിടെയോ വച്ച്‌ ഞങ്ങള്‍ക്ക്‌ സീറ്റ്‌ കിട്ടി.സ്ഥിരം യാത്രാ റൂട്ടായതിനാല്‍ കാഴ്ചകള്‍ കാണാനിരിക്കാതെ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.


താമരശ്ശേരി ചുരം കഴിഞ്ഞാണ്‌ ഞാന്‍ ഉറക്കമുണര്‍ന്നത്‌.അപ്പോള്‍ ഭാര്യ തൊട്ടടുത്തിരുന്ന സ്ത്രീയുമായി സംസാരിച്ചിരിക്കുകയായിരുന്നു.അവരുടെ സംസാരത്തില്‍ നിന്നും ആ സ്ത്രീ വയനാട്ട്‌കാരിയാണെന്നും കല്യാണം കഴിച്ചത്‌ വയനാട്ടിന്‌ പുറത്തേക്കാണെന്നും ഞാന്‍ മനസ്സിലാക്കി.എന്തോ മറച്ച്‌ പിടിച്ച്‌ സംസാരിക്കുന്ന ആ സ്ത്രീയുടെ ഒപ്പം നാലോ അഞ്ചോ വയസ്സ്‌ പ്രായമുള്ള ഒരു കുട്ടിയേയും ഞാന്‍ ശ്രദ്ധിച്ചു.


"അപ്പോള്‍ ഇനി തിരിച്ച്‌ അങ്ങോട്ടെന്നാ?" ഭാര്യ ആ സ്ത്രീയോട്‌ ചോദിച്ചു.


"തീരുമാനിച്ചിട്ടില്ല..." അലക്ഷ്യമായി ആ സ്ത്രീ മറുപടി പറഞ്ഞു.


"നിനക്ക്‌ പാട്ടറിയോ?" കുട്ടിയുടെ നേരെ തിരിഞ്ഞ്‌ എന്റെ ഭാര്യ ചോദിച്ചു.


"ങാ..."


"എന്നാലൊന്ന് പാടൂ..."


"ങൂഹും..." മടിയോടെ അവള്‍ തലയാട്ടി.


"നീ എവിടേക്കാ പോകുന്നത്‌?"


"അമ്മയുടെ വീട്ടിലേക്ക്‌...."


"അപ്പോ അഛന്റെ വീട്ടിലേക്കെന്നാ ഇനി പോക്വാ.."


"അച്ഛന്‍ കള്ള്‌കുടി നിര്‍ത്തിയിട്ട്‌...!!!"


പെട്ടെന്ന്, കേട്ടിരുന്ന ഞാനും ഭാര്യയും ഞെട്ടിപ്പോയി.എന്തോ കൈവിട്ടുപോയ ജാള്യതയോടെ കുട്ടിയുടെ അമ്മ എന്റെ ഭാര്യയുടെ നേരെ നോക്കി.ഭാര്യ ഒരു പുഞ്ചിരിയോടെ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.


മാതാപിതാക്കളുടെ ഓരോ ചലനവും വാക്കുകളും പ്രവൃത്തികളും ചെറിയ കുട്ടികള്‍ വീക്ഷിക്കുകയും പലപ്പോഴും അനുകരിക്കുകയും ചെയ്യും.അതിനാല്‍ എന്ത്‌ ദു:ശ്ശീലം ഉണ്ടെങ്കിലും ഒരിക്കലും അത്‌ കുട്ടികളുടെ മുമ്പില്‍ വച്ച്‌ പ്രകടിപ്പിക്കരുത്‌.അവരുടെ മുമ്പില്‍ എപ്പോളും മാതൃകയായി ജീവിക്കുക.പ്രശ്നങ്ങളും മറ്റും അവരുടെ അഭാവത്തില്‍ മാത്രം ചര്‍ച്ച ചെയ്ത്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുക.

Sunday, May 18, 2008

ഏകാന്തന്റെ ചിന്തകള്‍

അന്ന് ഞാന്‍ വാടക വീട്ടില്‍ ഒറ്റക്കായിരുന്നു.കുടുംബം അവധി ആഘോഷിക്കാനായി നാട്ടില്‍ പോയിരുന്നു.പതിവിന്‌ വിപരീതമായി എനിക്ക്‌ നേരത്തെ തന്നെ ഉറക്കം വന്ന് തുടങ്ങി.

അടുക്കളവാതിലും മുന്‍വാതിലും ഞാന്‍ ഭദ്രമായി അടച്ച്‌ കുറ്റിയിട്ടു..കൂടാതെ അടുക്കളയില്‍ നിന്നും സിറ്റ്‌ ഔട്ടില്‍ നിന്നും അകത്തേക്ക്‌ പ്രവേശിക്കുന്ന വാതിലുകളും പതിവ്‌ പോലെ താക്കോലിട്ട്‌ പൂട്ടി.

പുറത്ത്‌ ഇടിയും മഴയും തിമര്‍ക്കുന്നുണ്ടായിരുന്നു.ഉറങ്ങാന്‍ ഇനി ആരെയും കാത്തിരിക്കേണ്ട എന്ന സിഗ്നല്‍ തന്നുകൊണ്ട്‌ കറന്റും പോയി.

പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍ അടച്ചിട്ട ജനല്‍ പാളിയിലൂടെ എന്റെ അടുത്തെത്തി.എന്റെ തലച്ചോറിലേക്ക്‌ കുറേ വെള്ളിടി ചിന്തകള്‍ അത്‌ കടത്തിവിട്ടു.

'വാതിലും ജനലും എല്ലാം ഇങ്ങിനെ അടച്ചുപൂട്ടി ഉറങ്ങി എനിക്ക്‌ വല്ലതും സംഭവിച്ചാല്‍ ആര്‌, എങ്ങനെ അറിയും?'

'വല്ലതും സംഭവിച്ച്‌ ഞാന്‍ അലമുറയിട്ടാല്‍ പുറത്ത്‌ രക്ഷിക്കാന്‍ വെമ്പുന്ന അയല്‍വാസികളുടെ മുമ്പില്‍ നിരനിരയായി പൂട്ടിയിട്ട വാതിലുകള്‍ പ്രതിബന്ധമാവില്ലേ?'

'എന്നാപ്പിന്നെ വാതിലെല്ലാം തുറന്നിട്ടാല്‍ ........ധൈര്യമായി ഞാന്‍ എങ്ങനെ കിടന്നുറങ്ങും?'

ചിന്തകള്‍ അല്‍പനേരം ഉറക്കത്തെ മാനഭംഗപ്പെടുത്തിയെങ്കിലും , ഒന്നും സംഭവിക്കാതെ പിറ്റേന്ന് രാവിലെ എണീറ്റ്‌ ഓരോ വാതിലും തുറന്ന് ഞാന്‍ വീണ്ടും സ്വതന്ത്രനായി.

Friday, May 16, 2008

ബാര്‍ബര്‍ ആലിക്കുട്ടി....

പ്രായാധിക്യവും കേള്‍വിക്കുറവും കാരണം എന്റെ പിതാവ്‌ ഇപ്പോള്‍ പുറത്തെങ്ങും പോകാറില്ല.എന്നാല്‍ വീടിന്‌ ചുറ്റുമുള്ള പലവിധ ജോലികളും (കള പറിക്കല്‍,മുറ്റമടിക്കല്‍,ചെടി നനക്കല്‍,മണ്ണിളക്കല്‍.....)അദ്ദേഹത്തിന്റെ ദൈനംദിന ചര്യയില്‍ നിന്ന് മാറിയിരുന്നില്ല.

അങ്ങാടിയില്‍ പോയി മുടിവെട്ടാന്‍ സാധിക്കാത്തതിനാല്‍ ഒരു ബാര്‍ബറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ ബാപ്പ എന്റെ അനിയനോട്‌ പറഞ്ഞു.അനിയന്‍ മൊബൈലില്‍ ക്ലിക്കി ഉടന്‍ ബാര്‍ബറെ ഏര്‍പ്പാടാക്കി.

"മുടി വെട്ടാന്‍ ഉച്ചക്ക്‌ ആള്‌ വരും..." അനിയന്‍ ബാപ്പയോട്‌ പറഞ്ഞു.

12 മണി മുതല്‍ ബാപ്പ പൂമുഖത്ത്‌ ഇരിപ്പായി.ബാര്‍ബറെ പ്രതീക്ഷിച്ചാണ്‌ ആ ഇരിപ്പ്‌ എന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.പന്ത്രണ്ടരയോടെ അനിയന്‍ അവന്റെ ഒരു സുഹൃത്തിനെയുമായി വീട്ടില്‍ വന്നു.ആഗതന്റെ കയ്യില്‍ ഒരു മൊബൈലും വേറെ എന്തോ ഒരു സാധനവും ഉണ്ടായിരുന്നു. സുഹൃത്തിനെ പൂമുഖത്തേക്കാനയിച്ച്‌ കുടിവെള്ളമെടുക്കാനായി അനിയന്‍ അകത്തേക്ക്‌ പോയി.

"അവിടെ ഇരിക്കൂട്ടോ...." ആഗതനോട്‌ ബാപ്പ പറഞ്ഞു."ആ....ഞാനിരിക്കാം...." ഇരിക്കാന്‍ കൂട്ടാക്കാതെ ആഗതന്‍ പറഞ്ഞത്‌ ബാപ്പ കേട്ടില്ല.

"അവിടെ ഇരിക്കൂ....ഊണ്‌ കഴിച്ചോ?" കുശലാന്വേഷണം നടത്തിക്കൊണ്ട്‌ ബാപ്പ അകത്തേക്ക്‌ പോയി.

അനിയന്റെ സുഹൃത്തുക്കള്‍ എപ്പോഴും വീട്ടില്‍ വരുന്നതില്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന ബാപ്പ ഇവനോട്‌ സ്നേഹത്തോടെ ഇരിക്കാന്‍ പറയുന്നതിലെ ഗുട്ടന്‍സ്‌ എനിക്ക്‌ പിടികിട്ടിയില്ല.അല്‍പസമയം കഴിഞ്ഞ്‌ ഒരു മേല്‍മുണ്ട്‌ ദേഹത്ത്‌ ചുറ്റി ബാപ്പ പൂമുഖത്തേക്ക്‌ വന്ന് പറഞ്ഞു.

"നന്നായി ചെറുതാക്കണം.....ദാ പ്രത്യേകിച്ചും തലയുടെ പിന്നില്‍..!!"

"ങേ..!!!" ഒന്നും മനസ്സിലാകാതെ ആഗതന്‍ മിഴിച്ചു നില്‍ക്കുന്നതിനിടയില്‍ ബാപ്പ വീണ്ടും പറഞ്ഞു."ദാ....പുറത്ത്‌ അവിടെ ഇരിക്കാം...."

അപ്പോഴേക്കും അനിയന്‍ വെള്ളവുമായി എത്തി.അന്തം വിട്ട്‌ നില്‍ക്കുന്ന സുഹൃത്തിനെ കണ്ട്‌ കാര്യം പിടികിട്ടിയ അനിയന്‍ പറഞ്ഞു.

"ബാപ്പാന്റെ മുടി വെട്ടാന്‍ ബാര്‍ബര്‍ ആലിക്കുട്ടിയോട്‌ ഉച്ചക്ക്‌ വരാന്‍ ഞാന്‍ പറഞ്ഞിരുന്നു.നീയാണ്‌ ആലിക്കുട്ടി എന്ന് കരുതി ബാപ്പ നിന്നോട്‌ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ട്‌ ഗ്ലാസ്‌ വെള്ളം അധികം കുടിച്ച്‌ സമാധാനപ്പെട്ടേക്ക്‌..."

മൂന്ന് ഗ്ലാസ്‌ വെള്ളം മോന്തി , സ്ഥലകാല ബോധം വീണ്ടെടുത്ത്‌ സുഹൃത്ത്‌ ഉടന്‍ സ്ഥലം കാലിയാക്കി.

Wednesday, May 14, 2008

പങ്കുവയ്ക്കപ്പെട്ട പാഥേയം

മാനന്തവാടി ലിറ്റ്‌ല്‍ ഫ്ലവര്‍ ഇംഗ്ലീഷ്‌ മീഡിയം എല്‍ പി സ്കൂളിലാണ്‌ എന്റെ മൂത്തമോള്‍ പഠിക്കുന്നത്‌.കേരള സിലബസ്‌ പിന്തുടരുന്നതിനാല്‍ സാധാരണപോലെയുള്ള ഒരു സ്കൂള്‍.വര്‍ഷത്തില്‍ എല്ലാ ഫീസുകളും അടക്കം മൂവ്വായിരം രൂപക്ക്‌ താഴെ മാത്രമായിരുന്നതിനാല്‍ മാനന്തവാടിയിലെ ഓട്ടോഡ്രൈവര്‍മാരടക്കമുള്ള സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂള്‍. സ്കൂളില്‍ ഇടക്കിടെ പല മല്‍സരങ്ങളും മല്‍സരപരീക്ഷകളും പതിവാണ്‌.അങ്ങനെയുള്ള ഒരു ദിവസം. "ഉപ്പച്ചീ....ഇന്ന് ഉച്ച വരെ മല്‍സരങ്ങളാണ്‌....ഉച്ച കഴിഞ്ഞ്‌ ക്ലാസ്സില്ല..." മോള്‍ എന്നോട്‌ പറഞ്ഞു. "ആ...." ഞാന്‍ മൂളി. "അപ്പോ ചോറ്‌ കൊണ്ടുപോകണോ?" അവളുടെ അടുത്ത സംശയം. വൈകുന്നേരം ഞാന്‍ കോളേജില്‍ നിന്നും തിരിച്ചുപോരുമ്പോള്‍ സ്കൂളില്‍ പോയി അവളെയും കൂട്ടാറാണ്‌ പതിവ്‌.ഉച്ചക്ക്‌ സ്കൂള്‍ വിട്ടാല്‍ എനിക്ക്‌ അവളെ വീട്ടിലേക്ക്‌ കൂട്ടാന്‍ സാധിക്കില്ല എന്നതിനാല്‍ ഞാന്‍ പറഞ്ഞു."മോള്‍ ഊണ്‍ കൊണ്ടുപൊയ്ക്കോ.....ഊണുകഴിച്ച്‌ സ്കൂളില്‍ തന്നെ ഇരുന്നാല്‍ മതി.ഉപ്പച്ചി വൈകുന്നേരമേ വരൂ...." അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മോള്‍ എന്നോട്‌ പറഞ്ഞു. "ഉപ്പച്ചീ....ഇന്ന് വൈകുന്നേരം വരേ സ്കൂളുണ്ടായിരുന്നു.." "ആ....അപ്പോ ചോറ്‌ കൊണ്ടുപോയിരുന്നില്ലെങ്കിലോ...?" ഞാന്‍ തിരിച്ചു ചോദിച്ചു. "ആ...ഉച്ച വരേ സ്കൂള്‍ ഉണ്ടാകൂ എന്ന് കരുതി അലീന ജോസ്‌ ഭക്ഷണം കൊണ്ടുവന്നിരുന്നില്ല..." എന്റെ മോളെ അടുത്ത സുഹൃത്താണ്‌ അലീന ജോസ്‌.അതിനാല്‍ ഞാന്‍ ചോദിച്ചു."എങ്കില്‍ നിന്റെ ഊണില്‍ നിന്ന് അവള്‍ക്കും നല്‍കാമായിരുന്നില്ലേ ?" "അലീന ജേക്കബ്‌ അവളുടെ ഭക്ഷണം അലീന ജോസുമായി പങ്കുവച്ചു."മകളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.കേവലം മൂന്നാം ക്ലാസ്സില്‍ മാത്രം പഠിക്കുന്ന കുഞ്ഞുമക്കള്‍ക്കിടയില്‍ , സഹപാഠിയുടെ വിശപ്പ്‌ മനസ്സിലാക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനുമുള്ള സാമൂഹ്യബോധം വളര്‍ന്നുവന്നിരിക്കുന്നു!അതും എല്ലാവരും ഇകഴ്ത്തിപ്പറയുന്ന ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍!! ഞാന്‍ മകളെ വിളിച്ച്‌ ഉടന്‍ ഉപദേശിച്ചു. "അലീന ജേക്കബ്‌ ചെയ്തത്‌ നല്ലൊരു പ്രവൃത്തിയാണ്‌.നിന്റെ കൂട്ടുകാരില്‍ ആരെങ്കിലും ഊണ്‌ കൊണ്ടുവരാത്തവരുണ്ടെങ്കില്‍ അവര്‍ക്ക്‌ നിന്റെ ഭക്ഷണത്തില്‍ നിന്ന്‌ നല്‍കണം.നീ കൊണ്ടുപോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒപ്പമുള്ളവരുമായി പങ്കുവയ്ക്കണം.അത്‌ ആണോ പെണ്ണോ,ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ,വെളുത്തവളോ കറുത്തവളോ,ധനികനോ ദരിദ്രനോ എന്നൊന്നും നോക്കരുത്‌.എങ്കിലേ നിങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും വളരുകയുള്ളൂ..." "നീ ഇഷ്ടപ്പെടുന്നത്‌ നിന്റെ അയല്‍ക്കാരനും ഇഷ്ടപ്പെടുന്നത്‌ വരെ നീ യഥാര്‍ത്ഥ വിശ്വാസി ആവുകയില്ല എന്ന്‌ മുഹമ്മദ്‌ നബിയും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് ഈസാ നബിയും (യേശു) പറഞ്ഞിട്ടുണ്ട്‌"

Monday, May 12, 2008

കറന്റ്‌ പോകാനുള്ള കാരണങ്ങള്‍

പെട്ടെന്ന് വൈദ്യുതി നിലച്ചപ്പോള്‍ എന്റെ നാല്‌ വയസ്സ്‌കാരിയായ മോള്‍ ചോദിച്ചു:

"ഉമ്മാ.....കറന്റ്‌ പോയതെന്താ ?"

അപ്പോളാണ്‌ അവള്‍ മിന്നല്‍ ശ്രദ്ധിച്ചത്‌ എന്ന് തോന്നുന്നു.

"ഇടി മിന്നലുള്ളതു കൊണ്ടാ?" അടുത്ത ചോദ്യം.

ഭാര്യ മറുപടി പറയുന്നതിനു മുമ്പേ ഇടി നാദം കേട്ട മോളുടെ അടുത്ത ചോദ്യം എത്തി:

"ഇടി പൊട്ടിയതു കൊണ്ടാ?"

ഭാര്യ മൗനം ഭംഞ്ജിക്കുന്നതിന്‌ മുമ്പേ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ചോദ്യം വന്നു:

"മഴ പെയ്യുന്നത്‌ കൊണ്ടാ?"

പുറത്ത്‌ കാറ്റടിക്കുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ അഞ്ചാമത്തെ ചോദ്യവും കുതിച്ചെത്തി:" കാറ്റടിക്കുന്നത്‌ കൊണ്ടാ?"

വൈദ്യുതി പ്രവാഹം നിലക്കാനുള്ള വിവിധ കാരണങ്ങള്‍ ഈ കൊച്ചുപ്രായത്തിലേ അവള്‍ കണ്ടെത്തിയതില്‍ മുന്‍ വൈദ്യുതി വകുപ്പ്‌ ജീവനക്കാരനായ എനിക്ക്‌ അ(ഭി/പ)മാനം തോന്നി.ചോദ്യപ്രവാഹത്തിന്റെ അവസാനം വൈദ്യുതി പ്രവാഹം പുന:സ്ഥാപിക്കപ്പെട്ടതിനാല്‍ മുഖത്തോട്‌ മുഖം നോക്കിയിരുന്ന ഞാനും ഭാര്യയും ഐക്യകണ്ഠേന ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

Wednesday, May 07, 2008

സല്‍പേരിന്റെ ആയുസ്‌

ഞാന്‍ നാട്ടില്‍ നിന്നും കുടുംബ സമേതം മടങ്ങുന്ന ഒരു ദിവസം.ബസ്സില്‍ സാമാന്യം നല്ല തിരക്കാണ്‌.കുറേ പേര്‍ നിന്ന് യാത്രചെയ്യുന്നു.കണ്ടക്ടര്‍ മുന്നില്‍ കാശ്‌ പിരിച്ചുകൊണ്ടിരിക്കുകയാണ്‌.അതിനാല്‍ കണ്ടക്ടറുടെ സീറ്റില്‍ ഒരാള്‍ കയറി ഇരുന്നു.

കാശ്‌ പിരിച്ച്‌ പിരിച്ച്‌ കണ്ടക്ടര്‍ തിരിച്ച്‌ സീറ്റിനടുത്തെത്തി.സീറ്റിലിരുന്ന ആള്‍ മാന്യതയോടെ എണീറ്റ്‌ കൊടുത്തു.കണ്ടക്ടര്‍ അയാളെ അവിടെ തന്നെ ഇരുത്തി,ഡോറിന്റെ അടുത്തുള്ള കമ്പിയില്‍ ചാരി നിന്ന് തന്റേതായ പണികള്‍ ചെയ്തുകൊണ്ടിരുന്നു.

"എത്ര നല്ല കണ്ടക്ടര്‍, യാത്രക്കാരന്‌ ഒരിക്കലും ബുദ്ധിമുട്ടുണ്ടാകരുത്‌ എന്ന നയമുള്ളവന്‍" ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.

"ആ.... ഈ കണ്ടക്ടര്‍ നല്ലൊരു മനുഷ്യനാ.....മുമ്പ്‌ നിങ്ങളുടെ ഒരു സുഹൃത്ത്‌ കൈകുഞ്ഞിനെയും കൊണ്ട്‌ കയറിയത്‌ ഓര്‍മ്മയുണ്ടോ?അന്നും ഇദ്ദേഹമായിരുന്നു കണ്ടക്ടര്‍.കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന നിങ്ങളുടെ സുഹൃത്ത്‌ എണീക്കാന്‍ ഭാവിച്ചപ്പോഴേക്കും ഈ കണ്ടക്ടര്‍ അത്‌ വിലക്കി, അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു." ഭാര്യ പഴയ ഒരു സംഭവം കൂടി ഓര്‍ത്തെടുത്തു.

'അതെ...അതെ...ഇത്തരം നല്ല സ്വഭാവക്കാരുണ്ടായാല്‍ തന്നെ KSRTC നന്നാകും' ഞാന്‍ ആത്മഗതം ചെയ്തു.

ബസ്‌ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിച്ചുകൊണ്ടിരുന്നു.ഇടക്കിടക്കുള്ള സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരുന്നു.അങ്ങനെ ബസ്‌ വൈത്തിരി എത്തി.കല്‍പറ്റക്ക്‌ മുമ്പുള്ള വൈത്തിരിയില്‍ സാധാരണ ബസുകള്‍ക്ക്‌ രണ്ട്‌ സ്റ്റോപ്പുണ്ട്‌.

"വൈത്തിരി....വൈത്തിരി" കണ്ടക്ടര്‍ വിളിച്ച്‌ പറഞ്ഞു.രണ്ട്‌ പേരിറങ്ങി, നാല്‌ പേര്‍ കയറുകയും ചെയ്തു.ബസ്‌ വീണ്ടും മുന്നോട്ട്‌ നീങ്ങി.വൈത്തിരിയിലെ തന്നെ അടുത്ത സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്താന്‍ ഭാവമില്ല എന്ന് കണ്ടപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു."ആളിറങ്ങാനുണ്ട്‌"

"ഇല്ല...ഇവിടെ സ്റ്റോപ്പില്ല..." കണ്ടക്ടര്‍ പറഞ്ഞു.

"അത്‌ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലല്ലോ...എല്ലാ ബസുകളും ഇവിടെ നിര്‍ത്തുന്നതാ..."

"ഞാന്‍ വിളിച്ച്‌ പറഞ്ഞിരുന്നല്ലോ....കേള്‍ക്കാന്‍ മേലായിരുന്നോ?" അല്‍പം ദ്വേഷ്യത്തോടെ പറഞ്ഞുകൊണ്ട്‌, കണ്ടക്ടര്‍ ശക്തിയില്‍ സിംഗിള്‍ ബെല്ലടിച്ചു.സ്റ്റോപ്പില്‍ നിന്നും കുറേ മുന്നോട്ട്‌ മാറി ബസ്‌ നിര്‍ത്തി.കുപിതനായി ഇറങ്ങുന്ന യാത്രക്കാരനെ നോക്കി കണ്ടക്ടര്‍ പിറുപിറുത്തുകൊണ്ടിരുന്നു.

പെട്ടെന്ന് അതുവരെ എന്റെ മനസ്സില്‍ കണ്ടക്ടറെ പറ്റി ഉണ്ടായിരുന്ന നല്ല അഭിപ്രായം മാറി.മേല്‍ സ്ഥലത്ത്‌ ഒരു സ്റ്റോപ്പിലേ ബസ്‌ നിര്‍ത്തൂ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ യാത്രക്കാരന്‍ ആദ്യ സ്റ്റോപ്പില്‍ തന്നെ ഇറങ്ങുമായിരുന്നു.ഒരു ഗുണവുമില്ലാത്ത ആ വാക്‌തര്‍ക്കം ഉണ്ടാകുമായിരുന്നില്ല.

നല്ല അഭിപ്രായം ഉണ്ടാക്കാന്‍ ധാരാളം ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും.ഒരുപാട്‌ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും.ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടി വരും.ഇങ്ങനെ കഷ്ടപ്പെട്ട്‌, സഹിച്ച്‌,ക്ഷമിച്ച്‌ നേടി എടുത്ത സല്‍പേര്‌ കളയാന്‍ ഒരൊറ്റ നിമിഷം മാത്രം മതി.ആ നിമിഷത്തെ ഒരു വാക്കില്‍ അല്ലെങ്കില്‍ ഒരു ചെറു സംസാരത്തില്‍ നമ്മുടെ സല്‍പേര്‌ കളഞ്ഞുപോകുന്നത്‌ നാം അറിയുന്നുപോലുമുണ്ടാവില്ല.സംസാരത്തില്‍ മിതത്വവും ശ്രദ്ധയും പാലിക്കേണ്ടത്‌ സല്‍പേര്‌ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്‌.

വര്‍ക്കേരിയയിലെ കൊലപാതകം - ഒരു ഫ്ലാഷ്‌ ബാക്ക്‌

ഞാന്‍ വാടകക്കാരനാണെങ്കിലും , ഇത്‌ തന്റെ വീടാണെന്ന ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അവന്റെ വരവ്‌ എനിക്ക്‌ ഒട്ടും ദഹിച്ചില്ല.

പെട്ടെന്നുള്ള കോപത്തില്‍ ചെരിപ്പൂരി ഞാന്‍ അവന്റെ തലക്ക്‌ തന്നെ നന്നായൊന്ന് പൂശി !!!

തല ചതഞ്ഞരഞ്ഞ്‌ ആ കൂറ അപ്പോള്‍ തന്നെ വര്‍ക്കേരിയയില്‍ ചത്തുവീണു.

Thursday, May 01, 2008

ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്‌...

ഞാനും കുടുംബവും താമസിക്കുന്ന വീട്ടില്‍ തന്നെയാണ്‌ എന്റെ മാതാപിതാക്കളും രണ്ട്‌ അനിയന്മാരും അനിയന്റെ ഭാര്യയും രണ്ട്‌ കുട്ടികളും താമസിക്കുന്നത്‌. പിതാവിന്റെ ഹോബികളില്‍ പ്രധാനപ്പെട്ടതായിരുന്നു ഉദ്യാനപരിപാലനം.അയല്‍പക്കത്തൊന്നും ഇല്ലാത്ത അപൂര്‍വ്വ ഇനം ചെടികളെക്കൊണ്ട്‌ നിറഞ്ഞതായിരുന്നു ഒരു കാലത്ത്‌ ഞങ്ങളുടെ മുറ്റം.കാലക്രമേണ അവയുടെ പുതുമ നശിച്ചപ്പോള്‍ അവ മുറ്റത്ത്‌ നിന്നും വേലിപ്പടര്‍പ്പിലേക്ക്‌ പറിച്ചു മാറ്റപ്പെട്ടു. പിതാവില്‍ നിന്നും കിട്ടിയതായിരിക്കും , ഇന്ന് എന്റെ ഹോബികളില്‍ ഒന്ന് ഉദ്യാനപരിപാലനമാണ്‌.എന്റെ വീട്ടിന്റെ മുറ്റത്തെ ചെടികളിലേക്ക്‌ നോക്കുമ്പോള്‍ തന്നെ പലരും ഓര്‍മ്മയില്‍ ഓടി എത്തും.തളിപ്പറമ്പുകാരി സബിതയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന എവര്‍ഗ്രീന്‍, കൊല്ലംകാരന്‍ ഷാജഹാന്റെ വീട്ടില്‍ നിന്നുള്ള പ്രത്യേകതരം ചെമ്പരത്തി,മണ്ണുത്തിയില്‍ ഔദ്യോഗിക ടൂര്‍ പോയപ്പോള്‍ കിട്ടിയ പേരറിയാത്ത ചെടി, കണ്ണൂര്‍ St.Angelose കോട്ടയില്‍ നിന്നും കിട്ടിയ പേരറിയാത്ത മറ്റൊരു ചെടി,കൊടുങ്ങല്ലൂരുകാരന്‍ ഖൈസിന്റെ വീട്ടില്‍ നിന്നും കിട്ടിയ ബ്ലീഡിഹര്‍ട്ട്‌,കൊണ്ടോട്ടി നൗഷാദിന്റെ വീട്ടില്‍ നിന്നുള്ള തെച്ചി,ഫാറൂഖ്‌ കോളേജിനടുത്ത്‌ താമസിക്കുന്ന മൂത്താപ്പയുടെ മകളുടെ വീട്ടില്‍ നിന്നുള്ള അരിപ്പൂ,മാനന്തവാടിയില്‍ നിന്നുള്ള റോസുകള്‍...അങ്ങിനെ അങ്ങിനെ ഗതകാലസ്മരണകള്‍ തികട്ടി വരുത്തുന്ന ചെടികള്‍. മിക്കവാറും എവിടെ പോയാലും എന്റെ വീട്ടില്‍ ഇല്ലാത്ത ചെടി കണ്ടാല്‍ , തരപ്പെടുമെങ്കില്‍ അത്‌ ഞാന്‍ എന്റെ വീട്ടിലും എത്തിക്കും.ചെടി എത്തിച്ച്‌ നടുക എന്ന കര്‍മ്മമേ ഇപ്പോള്‍ എനിക്ക്‌ ചെയ്യാനാവൂ, അല്ലെങ്കില്‍ ചെയ്യേണ്ടതുള്ളൂ.വെള്ളമൊഴിക്കലും മറ്റു പരിപാലനവും എല്ലാം എഴുപത്‌ കഴിഞ്ഞ എന്റെ പിതാവ്‌ തന്നെയാണ്‌ നിര്‍വ്വഹിക്കുന്നത്‌. ഒരു ഒഴിവുദിനത്തില്‍ മുറ്റത്ത്‌ മക്കളുമൊത്ത്‌ ഒഴിവ്‌ സമയം ചെലവഴിക്കുമ്പോള്‍ പിതാവിനെ ഞാന്‍ ശ്രദ്ധിച്ചു.ചട്ടിയിലും മുറ്റത്തും വേലിപടര്‍പ്പിലും തൊടിയിലുമായി നട്ടിരിക്കുന്ന ഓരോ ചെടിയുടെയും അടുത്ത്‌പോയി നോക്കുകയാണദ്ദേഹം.വെള്ളം വേണ്ടത്ര കിട്ടിയോ എന്ന് മണ്ണില്‍ തൊട്ട്‌ നോക്കി, പൂക്കള്‍ വിരിഞ്ഞിട്ടുണ്ടോ,പുതുനാമ്പുകള്‍ കിളിര്‍ക്കുന്നുണ്ടോ, പൂമൊട്ടുകള്‍ പിടിച്ചിട്ടുണ്ടോ, കമ്പ്‌ ചാഞ്ഞ്‌ വീണിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കി മുഖത്ത്‌ പുഞ്ചിരിയുമായി അദ്ദേഹം അവക്കിടയിലൂടെ നടക്കുകയായിരുന്നു.ജീവിതത്തിന്റെ സായം സന്ധ്യയില്‍ എത്തി നില്‍ക്കുന്ന ആ മുഖത്ത്‌ നിന്ന് ഞാന്‍ ചില കാര്യങ്ങള്‍ വായിച്ചെടുത്തു. നമ്മെ ആശ്രയിച്ച്‌ നമ്മുടെ കരുണയില്‍ ജീവിക്കുന്ന അനേകം ജീവികളുണ്ട്‌.ചെടികളും മൃഗങ്ങളും എന്തിനേറെ നമ്മുടെ ഭാര്യയും കുട്ടികളും ബന്ധുമിത്രാദികളും അതിലുള്‍പ്പെടുന്നു.അവര്‍ക്കത്യാവശ്യമായ സൗകര്യങ്ങളും വളരാനാവശ്യമായ സാഹചര്യങ്ങളും ഒരുക്കല്‍ അവരുടെ യജമാനന്റെ കര്‍ത്തവ്യമാണ്‌.ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അവര്‍ നമ്മോട്‌ നന്ദി കാണിക്കുന്നു.ചെടികളും മരങ്ങളും പൂക്കള്‍ വിടര്‍ത്തിയും കായ്ഫലങ്ങള്‍ തന്നും മൃഗങ്ങള്‍ പാല്‍ ചുരത്തിയും മനുഷ്യര്‍ മറ്റ്‌ രീതിയിലൂടെയും ഈ നന്ദി പ്രകടിപ്പിക്കുന്നു.അവരുടെ നന്ദിപ്രകടനം നമ്മുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിറക്കുന്നു.അതുവഴി നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.