Pages

Wednesday, May 14, 2008

പങ്കുവയ്ക്കപ്പെട്ട പാഥേയം

മാനന്തവാടി ലിറ്റ്‌ല്‍ ഫ്ലവര്‍ ഇംഗ്ലീഷ്‌ മീഡിയം എല്‍ പി സ്കൂളിലാണ്‌ എന്റെ മൂത്തമോള്‍ പഠിക്കുന്നത്‌.കേരള സിലബസ്‌ പിന്തുടരുന്നതിനാല്‍ സാധാരണപോലെയുള്ള ഒരു സ്കൂള്‍.വര്‍ഷത്തില്‍ എല്ലാ ഫീസുകളും അടക്കം മൂവ്വായിരം രൂപക്ക്‌ താഴെ മാത്രമായിരുന്നതിനാല്‍ മാനന്തവാടിയിലെ ഓട്ടോഡ്രൈവര്‍മാരടക്കമുള്ള സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂള്‍. സ്കൂളില്‍ ഇടക്കിടെ പല മല്‍സരങ്ങളും മല്‍സരപരീക്ഷകളും പതിവാണ്‌.അങ്ങനെയുള്ള ഒരു ദിവസം. "ഉപ്പച്ചീ....ഇന്ന് ഉച്ച വരെ മല്‍സരങ്ങളാണ്‌....ഉച്ച കഴിഞ്ഞ്‌ ക്ലാസ്സില്ല..." മോള്‍ എന്നോട്‌ പറഞ്ഞു. "ആ...." ഞാന്‍ മൂളി. "അപ്പോ ചോറ്‌ കൊണ്ടുപോകണോ?" അവളുടെ അടുത്ത സംശയം. വൈകുന്നേരം ഞാന്‍ കോളേജില്‍ നിന്നും തിരിച്ചുപോരുമ്പോള്‍ സ്കൂളില്‍ പോയി അവളെയും കൂട്ടാറാണ്‌ പതിവ്‌.ഉച്ചക്ക്‌ സ്കൂള്‍ വിട്ടാല്‍ എനിക്ക്‌ അവളെ വീട്ടിലേക്ക്‌ കൂട്ടാന്‍ സാധിക്കില്ല എന്നതിനാല്‍ ഞാന്‍ പറഞ്ഞു."മോള്‍ ഊണ്‍ കൊണ്ടുപൊയ്ക്കോ.....ഊണുകഴിച്ച്‌ സ്കൂളില്‍ തന്നെ ഇരുന്നാല്‍ മതി.ഉപ്പച്ചി വൈകുന്നേരമേ വരൂ...." അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മോള്‍ എന്നോട്‌ പറഞ്ഞു. "ഉപ്പച്ചീ....ഇന്ന് വൈകുന്നേരം വരേ സ്കൂളുണ്ടായിരുന്നു.." "ആ....അപ്പോ ചോറ്‌ കൊണ്ടുപോയിരുന്നില്ലെങ്കിലോ...?" ഞാന്‍ തിരിച്ചു ചോദിച്ചു. "ആ...ഉച്ച വരേ സ്കൂള്‍ ഉണ്ടാകൂ എന്ന് കരുതി അലീന ജോസ്‌ ഭക്ഷണം കൊണ്ടുവന്നിരുന്നില്ല..." എന്റെ മോളെ അടുത്ത സുഹൃത്താണ്‌ അലീന ജോസ്‌.അതിനാല്‍ ഞാന്‍ ചോദിച്ചു."എങ്കില്‍ നിന്റെ ഊണില്‍ നിന്ന് അവള്‍ക്കും നല്‍കാമായിരുന്നില്ലേ ?" "അലീന ജേക്കബ്‌ അവളുടെ ഭക്ഷണം അലീന ജോസുമായി പങ്കുവച്ചു."മകളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.കേവലം മൂന്നാം ക്ലാസ്സില്‍ മാത്രം പഠിക്കുന്ന കുഞ്ഞുമക്കള്‍ക്കിടയില്‍ , സഹപാഠിയുടെ വിശപ്പ്‌ മനസ്സിലാക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനുമുള്ള സാമൂഹ്യബോധം വളര്‍ന്നുവന്നിരിക്കുന്നു!അതും എല്ലാവരും ഇകഴ്ത്തിപ്പറയുന്ന ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍!! ഞാന്‍ മകളെ വിളിച്ച്‌ ഉടന്‍ ഉപദേശിച്ചു. "അലീന ജേക്കബ്‌ ചെയ്തത്‌ നല്ലൊരു പ്രവൃത്തിയാണ്‌.നിന്റെ കൂട്ടുകാരില്‍ ആരെങ്കിലും ഊണ്‌ കൊണ്ടുവരാത്തവരുണ്ടെങ്കില്‍ അവര്‍ക്ക്‌ നിന്റെ ഭക്ഷണത്തില്‍ നിന്ന്‌ നല്‍കണം.നീ കൊണ്ടുപോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒപ്പമുള്ളവരുമായി പങ്കുവയ്ക്കണം.അത്‌ ആണോ പെണ്ണോ,ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ,വെളുത്തവളോ കറുത്തവളോ,ധനികനോ ദരിദ്രനോ എന്നൊന്നും നോക്കരുത്‌.എങ്കിലേ നിങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും വളരുകയുള്ളൂ..." "നീ ഇഷ്ടപ്പെടുന്നത്‌ നിന്റെ അയല്‍ക്കാരനും ഇഷ്ടപ്പെടുന്നത്‌ വരെ നീ യഥാര്‍ത്ഥ വിശ്വാസി ആവുകയില്ല എന്ന്‌ മുഹമ്മദ്‌ നബിയും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് ഈസാ നബിയും (യേശു) പറഞ്ഞിട്ടുണ്ട്‌"

9 comments:

Areekkodan | അരീക്കോടന്‍ said...

മകളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.കേവലം മൂന്നാം ക്ലാസ്സില്‍ മാത്രം പഠിക്കുന്ന കുഞ്ഞുമക്കള്‍ക്കിടയില്‍ , സഹപാഠിയുടെ വിശപ്പ്‌ മനസ്സിലാക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനുമുള്ള സാമൂഹ്യബോധം വളര്‍ന്നുവന്നിരിക്കുന്നു!അതും എല്ലാവരും ഇകഴ്ത്തിപ്പറയുന്ന ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍!!

വല്യമ്മായി said...

കഴിഞ്ഞ വര്‍ഷം ക്ലാസ്സില്‍ നിന്നും വിനോദ യാത്രക്ക് പോകുമ്പോള്‍ പച്ചാന 10 ദിര്‍‌ഹം കൂടുതല്‍ ചോദിച്ചു.അച്ഛന് ജോലിയില്ലാതിരിക്കുന്നതിനാല്‍ പോകാനാത്ത ഒരു കുട്ടിയ്ക്കുള്ള പൈസ കുറ്ച്ചുപേര്‍ ചേര്‍ന്ന് കൊടുക്കാനാണാത്രെ.

നന്‍‌മയുടെ തിരിനാളം കെടാതിരിക്കട്ടെ.

കുറ്റ്യാടിക്കാരന്‍ said...

നല്ല പോസ്റ്റ് മാഷേ..

"അലീന ജേക്കബ്‌ അവളുടെ ഭക്ഷണം അലീന ജോസുമായി പങ്കുവച്ചു“
ഇതില്‍ എവിടെയോ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടോ?

ഫസല്‍ said...

തീര്‍ച്ചയായും കണ്‍ഫ്യൂഷനുണ്ട്, എങ്കിലും കുട്ടികള്‍ക്കിടയിലങ്ങനെയൊരു കന്‍ഫ്യൂഷനുണ്ടായില്ല, സന്തോഷം തോന്നി പൊസ്റ്റ് വായിച്ചപ്പോള്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കുട്ടിക്കള്‍ക്കിടയില്‍ തങ്ങളുടെ സഹപാഠിക്കളോടുള്ള സേനഹവും സഹഷ്ണതയും വളര്‍ത്തിയെടുക്കുക.മാതാപിതാക്കള്‍ തന്നെയാണ്
ആ കാര്യത്തില്‍ കുട്ടിക്കള്‍ക്ക് മാതൃകയാകേണ്ടത്

lakshmy said...

പിഞ്ചു ഹൃദയം ദേവാലയം..
കിളിക്കൊഞ്ചലാക്കോവില്‍ മണിനാദം..
പുലരിയും പൂവും പൈതലിന്‍ ചിരിയും
ഭൂമിദേവി തന്നാഭരണങ്ങള്‍..

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ....അതേ ആ തിരിനാളങ്ങള്‍ നാളേക്കും പ്രകാശം ചൊരിയട്ടെ...
കുറ്റ്യാടിക്കാരാ,ഫസല്‍....കണ്‍ഫ്യൂഷന്‍ എന്താണെന്ന് കണ്‍ഫ്യൂഷന്‍ !!!
അനൂപ്‌....അതേ...മാതാപിതാക്കളുടെ കര്‍തവ്യമാണത്‌.
lakshmy...വരികള്‍ ഇഷ്ടപ്പെട്ടു.

കുറ്റ്യാടിക്കാരന്‍ said...

എന്റെ മോളെ അടുത്ത സുഹൃത്താണ്‌ അലീന ജോസ്‌.അതിനാല്‍ ഞാന്‍ ചോദിച്ചു."എങ്കില്‍ നിന്റെ ഊണില്‍ നിന്ന് അവള്‍ക്കും നല്‍കാമായിരുന്നില്ലേ ?"

"അലീന ജേക്കബ്‌ അവളുടെ ഭക്ഷണം അലീന ജോസുമായി പങ്കുവച്ചു."മകളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.


“ഇത് കണ്ണപ്പേട്ടന്‍, ഇത് ദാസപ്പേട്ടന്‍, അപ്പൊ ഇതാരാ ഈ ജോസപ്പേട്ടന്‍? എന്ന് ചോദിച്ച പോലെ, മാഷിന്റെ മോള്, അവളുടെ കൂട്ടുകാരി അലീന ജോസ്.. അപ്പൊ ആരാ ഈ അലീന ജേക്കബ്?

അതാണ് കണ്‍ഫ്യൂഷന്‍.
എന്റെ ഈ വിശദീകരണം കണ്‍ഫ്യൂഷന്‍ കൂട്ട്യോ?

Areekkodan | അരീക്കോടന്‍ said...

കുറ്റ്യാടിക്കാരാ......സമ്മതിച്ചു...ഇവരെല്ലാം എനിക്ക്‌ ചിരപരിചിതരായതു കൊണ്ട്‌ ഞാനത്‌ പറയാന്‍ വിട്ടു പോയി.... സോറി....അലീന ജേക്കബും മോളുടെ ക്ലാസ്മേറ്റാ...

Post a Comment

നന്ദി....വീണ്ടും വരിക