Pages

Friday, July 31, 2020

ബെല്യര്ന്നാളും ബെള്ള്യായ്ച്ചിം...

വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ച ദിവസമായിരുന്നു 2020ലെ ബലിപെരുന്നാൾ സുദിനം. " ബെല്യര്ന്നാളും ബെള്ള്യായ്ച്ചിം ആയിട്ടും ബാപ്പ പള്ളിപ്പോയ്ട്ട്ല്ല " എന്നൊരു ചൊല്ല് ഞങളുടെ നാട്ടിൽ പ്രസിദ്ധമാണ്. അതായത് അത്രയും പ്രാധാന്യവും പുണ്യവും ഉള്ള ഒരു കാര്യം ഒഴിവാക്കുന്നതിനെപ്പറ്റിയാണ് അങ്ങനെ പറയാറ്. ദേശങ്ങൾക്കനുസരിച്ച് ചൊല്ല്ൽ മാറ്റങ്ങൾ ഉണ്ടായിരിക്കും.

ഇന്ന് ആ ചൊല്ല് അർത്ഥവത്തായി. കോവിഡ് - 19 പ്രോട്ടോകാൾ പ്രകാരം ഒത്തുചേരുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ പല സ്ഥലത്തും പെരുന്നാൾ നമസ്കാരങ്ങൾ വീട്ടിൽ തന്നെയായിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ വളരെ നിയന്ത്രിതമായതിനാൽ അതും പലർക്കും വീട്ടിൽ വച്ച് ളുഹർ നമസ്ക്കാരമായി നിർവഹിക്കേണ്ടി വന്നു.

ബലിപെരുന്നാൾ എന്നത് ചരിത്രത്തിലെ ഒരു വലിയ ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കലാണ്. ഇബ്രാഹിം നബി (സ) തൻ്റെ മകൻ ഇസ്മായിലിനെ ദൈവകൽപന പ്രകാരം ബലിയർപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ഓർമ്മ പുതുക്കൽ. വാർദ്ധക്യകാലത്ത് ലഭിച്ച ഏക മകൻ കളിച്ച് രസിച്ച് നടക്കുന്ന സമയത്ത് കിട്ടിയ ദൈവകൽപനക്ക് മുമ്പിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതിനെ തന്നെ ത്യജിച്ച ആ ചരിത്രത്തിൻ്റെ പുനരാഖ്യാനമാണ് ബലിപെരുന്നാൾ.

വിശ്വാസി സമൂഹം നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഇന്ന് ഈ പെരുന്നാൾ ആഘോഷിച്ചത്. പ്രധാന കർമ്മങ്ങളിൽ പെട്ട പെരുന്നാൾ സമ്മേളനം, ബന്ധു ഗൃഹ സന്ദർശനം, പരസ്പരം കൈ കൊടുത്തും കെട്ടിപ്പിടിച്ചുമുള്ള ആശംസാ കൈമാറ്റം എന്നിവക്ക് ഒക്കെ കടിഞ്ഞാണിട്ടു. അതിലുപരി ,ജീവിതത്തിൽ ഒരിക്കൽ മാത്രം അവസരം ലഭിക്കുന്ന, ഹജ്ജ് എന്ന ഇസ്ലാമിലെ ഏറ്റവും പുണ്യകരമായ കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാൻ കഴിയാതെ വന്ന നിസ്സഹായതയും പലരും നേരിട്ടു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹജ്ജിലൂടെ ഒരു മനഷ്യൻ, അമ്മ പെറ്റിട്ട നിമിഷത്തിലെ കുട്ടിയെപ്പോലെ പാപമുക്തനായിത്തീരും. ആ അവസരമാണ് ജീവിത സായാഹ്നത്തിൽ എത്തിയവരടക്കം പലർക്കും നഷ്ടമായത്. പക്ഷേ, എല്ലാ വിധികളും ദൈവനിശ്ചയമാണ് എന്നതിനാൽ യഥാർത്ഥ വിശ്വാസി നിരാശപ്പെടില്ല. ഈ ബലിപെരുന്നാൾ നൽകുന്ന ഏറ്റവും വലിയ സന്ദേശവും ഇതൊക്കെ തന്നെയാണ്.

എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ബലിപെരുന്നാൾ ആശംസകൾ.

Wednesday, July 29, 2020

കോവിഡ് കാല സന്തോഷങ്ങൾ

തലക്കെട്ട് കണ്ട് ഞെട്ടണ്ട. കോവിഡ് എന്ന മഹാമാരി എല്ലാവർക്കും ദു:ഖകരമായ ഒരു കാലം തന്നെയാണ് സമ്മാനിച്ചത്. പലരുടെയും തൊഴിൽ നഷ്ടമായപ്പോൾ ചിലർക്ക് തൊഴിൽ സമയവും പ്രയത്നവും വർദ്ധിച്ചു. പലരുടെയും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ടപ്പോൾ ചിലർക്ക് നിരന്തരം സഞ്ചരിക്കേണ്ടി വന്നു. വർക്ക് ഫ്രം ഹോം എളുപ്പമാണെന്ന് കരുതിയ പലരും അതിൻ്റെ യഥാർത്ഥ പ്രശ്നങ്ങളും പ്രതിസന്ധികളും തിരിച്ചറിഞ്ഞു. 

എന്നാൽ, അപ്രതീക്ഷിതമായി കിട്ടിയ അധിക സമയം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയവർക്ക് സന്തോഷിക്കാനും കോവിഡ് കാലം അവസരം തന്നു. വീട്ടിലെ മാലിന്യങ്ങൾ നീക്കാനും സംസ്കരിക്കാനും ഈ അവസരം വിനിയോഗിച്ചവരുണ്ട്. ജൈവ പച്ചക്കറികൾ അടക്കം പല തരം കൃഷികളും ചെയ്തവരുണ്ട്. പുതിയ അറിവുകൾ നേടാൻ സമയം കണ്ടെത്തിയവരുണ്ട്. ഇതിൻ്റെയെല്ലാം ഫലങ്ങൾ അനുഭവിക്കുമ്പോൾ സ്വാഭാവികമായും സന്തോഷം തോന്നും.

ലോക്ക് ഡൗണിൻ്റെ ആരംഭ നാളുകളിൽ തന്നെ കൃഷി സംബന്ധമായ ഒരു ഓൺലൈൻ കോഴ്സിന് ചേർന്നതും അത് പാസായതും ഞാൻ ഇവിടെ പങ്ക് വച്ചിരുന്നു. ഇന്ന് അതിൻ്റെ സർട്ടിഫിക്കറ്റ് പോസ്റ്റ് വഴി ലഭിച്ചു. 
നാലാഴ്ച മുമ്പാണ് തൃശൂരിലെ അച്ചുതമേനോൻ ഗവ. ആർട്സ് & സയൻസ് കോളേജ് വഴി സംഘടിപ്പിക്കുന്ന നിരവധി ഓൺലൈൻ കോഴ്സുകളെപ്പറ്റി അവിടത്തെ NSS പ്രോഗ്രാം ഓഫീസറായിരുന്ന ഡോ. സോണി അറിയിച്ചത്. ഒരു മാസം നീളുന്ന, എനിക്കിഷ്ടപ്പെട്ട ചില കോഴ്സുകൾക്ക് ഞാൻ ചേർന്നു. അമേരിക്കയിലെ ജോർജ്ജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന Write professional E-mails in English എന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിൻ്റെ സർട്ടിഫിക്കറ്റും e-mail വഴി ഇന്ന് ലഭിച്ചു.
അപ്പോ പിന്നെ തലക്കെട്ട് മാറ്റണോ?

Monday, July 27, 2020

അഛനെ പഠിപ്പിച്ച മകൻ

Child is the father of Man എന്ന് പറഞ്ഞത് പ്രശസ്തനായ ഇംഗ്ലീഷ് കവി വില്യം വേർഡ്സ് വർത്ത് ആണ്. ഇന്ന് എൻ്റെ നാല് വയസ്സുകാരൻ മകൻ അത് എന്നെ അനുഭവഭേദ്യനാക്കി.

കൃഷിക്കായി പോട്ടിംഗ് മിശ്രിതം തയ്യാറാക്കുകയായിരുന്നു ഞാൻ.  പതിവ് പോലെ മോനും ഒപ്പം കൂടി ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

" അബ്ബാ... എന്തിനാ ഈ മണ്ണ്?"

" പച്ചക്കറി കൃഷി ചെയ്യാൻ.." 

" പച്ചക്കറി എന്തിനാ?"

"കറി വയ്ക്കാൻ.... "

"എന്നിട്ട് ഇവിടെ എന്നും ചുവന്ന കറിയാണല്ലോ?"

മകൻ്റെ ചോദ്യം കേട്ട് ജീവിതത്തിലാദ്യമായി ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.

Saturday, July 25, 2020

ലക്ഷ്യങ്ങൾ കൈവരിക്കാൻ...

          SSLC, +2 എന്നീ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ പല ഉയർന്ന ലക്ഷ്യങ്ങളും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിവിൽ സർവീസ് നേടുക, ഡോക്ടറാവുക, എഞ്ചിനീയറാവുക എന്നിങ്ങനെ പലർക്കും പല ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യത്തിൽ എത്താനുള്ള മാർഗ്ഗങ്ങളും അവരിൽ പലരും തീരുമാനിച്ചിട്ടുണ്ടാകും. ഇനി അതിനുള്ള കഠിന പ്രയത്നം ആരംഭിക്കാനിരിക്കുന്നു.

            പലരും ഉന്നത ലക്ഷ്യങ്ങൾ വച്ച് അത് പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ പല ഒഴിവ് കഴിവുകളും പറയും. എന്നാൽ താൻ നേരിട്ട പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും മറികടന്ന് ലക്ഷ്യത്തിലേക്ക് എത്തിയവനാരോ അവരാണ് യഥാർത്ഥ വിജയി.

           ഫ്ലോറൻസ് ചാഡ്‌വിക് എന്ന അമേരിക്കൻ നീന്തൽകാരിയെ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ശേഷം കാറ്റലീന ചാനൽ നീന്തിക്കടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവർ. കൊലയാളി സ്രാവുകൾ വിലസുന്ന, മൂടൽമഞ്ഞ് നിറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന കാറ്റലീന ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയാവുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

         1952 ജൂലൈ ആദ്യവാരം അവർ ആദ്യശ്രമം നടത്തി. കരയിൽ നിന്നും അര മൈൽ ദൂരം മാത്രം ബാക്കി നിൽക്കെ മൂടൽമഞ്ഞും ശൈത്യക്കാറ്റും കാരണം അവർ ശ്രമം ഉപേക്ഷിച്ചു. വെറും അര മൈൽ ദൂരം മാത്രമേ താണ്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂവെങ്കിലും കാറ്റലീന ചാനൽ നീന്തിക്കടന്നതായി അന്ന് അവർ അവകാശപ്പെട്ടില്ല. രണ്ട് മാസം കഴിഞ്ഞ് അടുത്ത ശ്രമത്തിൽ, പുരുഷന്മാരുടെ റിക്കാർഡ് 2 മണിക്കൂർ വ്യത്യാസത്തിൽ ഭേദിച്ചു കൊണ്ട് അവർ കാതലീന ചാനൽ കീഴടക്കി.

          ഒരു ലക്ഷ്യം നമ്മൾ കുറിച്ചിട്ടുണ്ടെങ്കിൽ  അതിൽ എത്താനുള്ള ആത്മവിശ്വാസവും കഠിനപ്രയത്നവും ഉണ്ടെങ്കിൽ ലക്ഷ്യം സാധൂകരിക്കുക തന്നെ ചെയ്യും. ലോക ചരിത്രത്തിൽ ഇതിന് നിരവധി ഉത്തമോദാഹരണങ്ങളുണ്ട്. നമുക്കും നമ്മുടെ മക്കൾ ലക്ഷ്യം വച്ച ഉന്നത ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണയും പ്രചോദനവും നൽകിയാൽ കഠിനപ്രയത്നത്തിലൂടെ അത് നേടാൻ സാധിക്കും. എല്ലാ വിജയികൾക്കും അതിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )  112/294

Thursday, July 23, 2020

കാബൂളിവാല

              കാബൂളിവാലയുടെ കഥ കുട്ടിക്കാലത്ത് തന്നെ മനസ്സിൽ നൊമ്പരം പടർത്തിയ ഒരു കഥയാണ്. യാചകനായ കാബൂളിവാലയെ ധനികയും സുന്ദരിയുമായ ഒരു യുവതി കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതോ മറ്റോ ആയിരുന്നു ഓർമ്മയിലെ ആ കഥ.

          കഴിഞ്ഞ വർഷം അവസാനത്തിലാണ് ടാഗോറിൻ്റെ 'കാബുളിവാല'യുടെ മലയാള പരിഭാഷ ഞാൻ വാങ്ങിയത്. വായിക്കാൻ സമയം ഒത്ത് വന്നത് ഇപ്പോഴും. എൻ്റെ കൊച്ചു തമ്പുരാൻ, കാബൂളിവാല, വീട്ടിലേക്കുള്ള മടക്കം, ജീവിതവും മരണവും , പോസ്റ്റ് മാസ്റ്റർ തുടങ്ങീ അഞ്ച് കഥകളുടെ സമാഹാരമാണ് ഈ കൊച്ചു കൃതി.

             എൻ്റെ കൊച്ചു തമ്പുരാൻ എന്ന ആദ്യത്തെ കഥ അസാധാരണമായ ഒരു വിശ്വാസം കാരണം സ്വന്തം മകനെ നഷ്ടപ്പെടുന്ന ഒരു വൃദ്ധൻ്റെ കഥയാണ്. കഥ വായിച്ച് കഴിഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. രണ്ടാമത്തെ കഥയായ കാബൂളിവാല അവസാനിക്കുന്നതും വായനക്കാരനെ ഒരു സങ്കടക്കടലിൽ ആക്കിയാണ്. വീട്ടിലേക്കുള്ള മടക്കം എന്ന മൂന്നാമത്തെ കഥയുടെ അന്ത്യവും വ്യത്യസ്തമായില്ല. അമ്മയെ കാണാൻ വെമ്പുന്ന ഒരു മകൻ്റെ അവസാന നിമിഷങ്ങൾ മനസ്സിൽ നോവ് പടർത്തി. ജീവിതവും മരണവും  എന്ന നാലാമത്തെ കഥ ഒന്നാമത്തെ കഥ പോലെ തന്നെ ഒരു പ്രത്യേക മാനസികാവസ്ഥയാൽ സംജാതമാകുന്നതാണ്. അതിൻ്റെയും അവസാനം മരണമാണ്. വായനക്കാരൻ വീണ്ടും ദു:ഖഭാരം പേറുന്നു. പോസ്റ്റ് മാസ്റ്റർ എന്ന അവസാന കഥയും ഒരു പരിചയപ്പെടലിൻ്റെയും വിട പറയലിൻ്റെയും കഥയാണ്. അങ്ങനെ അഞ്ച് കഥകളും കൂടി വായനക്കാരനെ സങ്കട മഹാസമുദ്രത്തിൽ മുക്കിക്കൊല്ലുന്നു.

" പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ എഴുതപ്പെട്ട ഈ കഥകൾ ഇപ്പോൾ വായിക്കുമ്പോഴും ഹൃദയത്തെ സ്പർശിക്കുന്നു " എന്ന് അവതാരികയിൽ ശ്രീ. എം.ടി വാസുദേവൻ നായർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് എന്ന് പുസ്തകം വായിച്ച് കഴിഞ്ഞാൽ ബോധ്യപ്പെടും.

പുസ്തകം : കാബൂളിവാല
രചയിതാവ് : രവീന്ദ്രനാഥടാഗോർ
പ്രസാധകർ : പാപ്പിയോൺ
പേജ് : 66
വില : 90 രൂപ



Tuesday, July 21, 2020

ഇൻ്റർനെറ്റ് എന്ന വല

വീട്ടിലെ ഇൻ്റർനെറ്റ് സേവനം തടസ്സപ്പെടുന്നതും പുട്ടിൽ തേങ്ങ ഇടുന്നതും ഏകദേശം ഒരേ പോലെയായി മാറിയിരുന്നു. ഇൻ്റർനെറ്റ് ലഭ്യത തെങ്ങിൽ നിന്ന് തേങ്ങ ഇടുന്നതിന് തുല്യമായതും രണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചതും ഒത്ത് വന്നപ്പോഴാണ് ഞാൻ കംപ്ലൈൻ്റ് ബുക്ക് ചെയ്തത്. നിങ്ങളുടെ ഡോക്കറ്റ് ഐഡി എന്നും പറഞ്ഞ് ട്രെയ്നിൻ്റെ നീളമുള്ള ഒരു നമ്പറും പറഞ്ഞതോടെ അതും തീരുമാനമായി എന്ന് കരുതി.

BSNL ജീവനക്കാർ ഏറെയും പുകയുന്ന പുരയുടെ കഴുക്കോൽ ഊരി രക്ഷപ്പെട്ടതിനാൽ വീട്ടിൽ ആളെത്തും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ബട്ട്, ആ അത്ഭുതം സംഭവിച്ചു. മൂന്നാംപക്കം രാവിലെ തന്നെ ഒരു സ്കൂബി ഡേ ബാഗുമായി എന്നെക്കാൾ പ്രായമുള്ള ഒരാൾ വീട്ടിൽ വന്നു. അന്ന് ആരുടെയോ സുകൃതം കാരണം ആമ വേഗത്തിൽ ഇൻ്റർനെറ്റ് സേവനം ലഭ്യമായിരുന്നു. രണ്ട് ദിവസത്തോളം നെറ്റ് ലഭിക്കാത്തതിനാലാണ് Complaint ചെയ്തത് എന്നും ഇന്ന് സ്പീഡ് കുറവാണെങ്കിലും നെറ്റ് കിട്ടുന്നുണ്ട് എന്നും ഞാൻ അറിയിച്ചു. എങ്കിലും ഡി ബി (ഫോൺ ലൈൻ വന്ന് ചുമരിൽ കയറുന്നിടത്തെ കറുത്ത വട്ടത്തിൻ്റെ പേര് അതാണ്) കാണിച്ച് തരാൻ പറഞ്ഞു. എൻ്റെയും അനിയൻ്റെയും സോ കാൾഡ് ഡി ബി ഒന്നായതിനാൽ ഞാൻ അദ്ദേഹത്തെ അങ്ങോട്ട് നയിച്ചു.

ഡി ബി കണ്ട അദ്ദേഹം എന്നോട് ചോദിച്ച ആദ്യ ചോദ്യം ലൈൻ അത് തന്നെയാണോ എന്നായിരുന്നു. ഡി ബി യിലെ മാറാല കാരണമാകും ചോദ്യം എന്ന കാരണത്താൽ ഞാൻ ലൈൻ ഒന്ന് കൃത്യമായി നോക്കി. രണ്ട് ലിമ്പിൽ ഒന്ന് ബന്ധം വിട്ടിട്ട് കാലങ്ങളായി എന്ന് അതിൻ്റെ അഗ്ര ഭാഗത്തെ ക്ലാവ് വിളിച്ച് പറയുന്നുണ്ടായിരുന്നു. പിന്നെ ഇന്ന് രാവിലെയും നെറ്റ് ലഭിച്ചത് എങ്ങനെ എന്ന് ഞാൻ ചോദിച്ചു. ഒരു ലിമ്പ് ഇല്ലെങ്കിലും ബാക്ക് ബോൺ ഉള്ളതിനാൽ ( ഇതൊക്കെ ആ കറുത്ത വയറിൻ്റെ ഉള്ളിലെ വെളുത്ത വയറിൻ്റെ പേരാണ് ട്ടോ) നെറ്റ് കിട്ടും പോലും.

വന്ന സ്ഥിതിക്ക് ക്ലാവ് മാറ്റി കണക്ട് ചെയ്യാം എന്ന ആഗതൻ്റെ സൗമനസ്യം എന്തിനാണെന്ന് മനസ്സിലായെങ്കിലും ഞാൻ സമ്മതിച്ചു. പരിചയപ്പെടാനായി ഞാൻ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മാസങ്ങൾക്ക് മുമ്പ് VRS വാങ്ങി ഇപ്പോൾ അതേ പണി കോൺട്രാക്ടീൽ ചെയ്യുകയാണ് എന്നറിഞ്ഞത്. ക്ലാവ് തുടച്ച് , ചെക്ക് ചെയ്യാനായി ഫോൺ കണക്ട് ചെയ്തപ്പോഴാണ് ഫോൺ ലൈൻ ശരിയല്ല എന്നറിഞ്ഞത്. കാലങ്ങളായി റിസീവർ "കേടായതിനാൽ " ( നോട്ട് ദി പോയിൻ്റ് ) ലൈൻ ഉപയോഗിച്ചിരുന്നില്ല. അതിനാൽ ഫോൺ ലൈൻ തകരാറ് ഞാനറിഞ്ഞതുമില്ല. ഉപയോഗശൂന്യമായ റസീവർ മകൻ കളിപ്പാട്ടവുമാക്കി . ഒറ്റക്ക് ചെക്കിംഗ് സാധ്യമല്ലാത്തതിനാൽ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം കാലിയാക്കി.

ഇന്ന് അദ്ദേഹവും ഒരു ചെറുപ്പക്കാരനും ( മുൻ കോൺട്രാക്ട് ജീവനക്കാരൻ ആയിരുന്നു എന്ന് പരിചയപ്പെട്ടപ്പോൾ അറിഞ്ഞു) കൂടി വീണ്ടും വന്നു. ഡിപ്ലോമാറ്റിക് ബാഗു പോലെ കയ്യിൽ വലിയൊരു പെട്ടിയും ഉണ്ടായിരുന്നു. കേബിൾ ഫാൾട്ട് ഡിറ്റക്ടർ ആയിരുന്നു പെട്ടിയിൽ. അത് പറഞ്ഞത് പ്രകാരം ഒന്നാമത്തെ ജോയിൻ്റ് തുരന്ന് നോക്കാൻ തീരുമാനമായി. ചെങ്കല്ല് പാകിയ റോഡിൽ രണ്ട് കല്ലിളക്കി ജോയിൻ്റ് ടെസ്റ്റ് ചെയ്തെങ്കിലും കുറ്റം തെളിയിക്കാനായില്ല. മെയിൻ ofc യിൽ നിന്നുള്ള കണക്ഷൻ ചെക്ക് ചെയ്യാം എന്ന് പറഞ്ഞ് റോഡിന് കുറുകെയുള്ള ഒരു വരി കല്ല് മുഴുവൻ ഇളക്കി മാറ്റിയപ്പോൾ അതാ അടുത്ത ജോയിൻ്റ്. പ്രതീക്ഷയോടെ അതും വെട്ടിപ്പൊളിച്ചെങ്കിലും പ്രതി മണ്ണിനടിയിൽ തന്നെ കിടന്നു. ഇനി ടെയിൽ കൂടി ചെക്ക് ചെയ്യണം എന്നവർ പറഞ്ഞപ്പോൾ ഞാൻ Yes മൂളി. കാരണം കുടുംബ സമാധാനം നിലനിർത്താൻ ഇൻ്റർനെറ്റ് അത്യാവശ്യമായിരുന്നു.

അങ്ങനെ അവരുദ്ദേശിച്ച സ്ഥലം വരെ മാന്തി റോഡിൽ നല്ലൊരു കിടങ്ങായി. കർക്കടക വാവായിട്ടും മഴ ഇല്ലാഞ്ഞത് ഭാഗ്യം. പക്ഷെ ടെയിലിലും നോ രക്ഷ. എന്ന് വച്ചാൽ ഒരു ലിമ്പും ബാക്ക് ബോണും ഒക്കെ ഉണ്ടെങ്കിലും ഊര ഒടിഞ്ഞിട്ടുണ്ട് എന്ന് സാരം. അത് കണ്ടെത്തുക പ്രയാസകരമാണ് എന്നറിയിച്ചതോടെ എൻ്റെ ഉള്ളിൽ പ്രയാസം തോന്നി. കാരണം എൻ്റെ നാട്ടിൽ ഇൻ്റർനെറ്റ് സേവനം വന്ന ഉടൻ കണക്ഷൻ എടുത്തവരിൽ ഒരാളായിരുന്നു ഞാൻ. ഫൈനൽ സൊലൂഷൻ എന്നത് കണക്ഷൻ കട്ട് ചെയ്യുക എന്നതാണ്. എങ്കിലും തൊട്ടടുത്ത വീടുകളിൽ ഒഴിവാക്കിയ കണക്ഷനിൽ നിന്ന് വലിക്കാൻ പറ്റുമോ എന്ന മാർഗ്ഗം ആരായുന്നു.

ഇന്നത്തെ അനുഭവത്തിൽ നിന്നുള്ള രണ്ട് പാoങ്ങൾ.
1. നെറ്റ് സ്പീഡ് കുറയുമ്പോൾ ഫോൺ കിട്ടുന്നുണ്ടോ എന്ന് ഉടൻ ചെക്ക് ചെയ്യുക.
2. ഫോൺ കിട്ടാതാകുമ്പോൾ ലൈൻ ആണോ റിസീവർ ആണോ പ്രശ്നക്കാരൻ
എന്ന് തീരുമാനമാക്കുക (എൻ്റെ റിസീവർ നിരപരാധിയായിരുന്നു എന്ന് ഇപ്പോൾ ഞാൻ സംശയിക്കുന്നു.മോനും കൂട്ടുകാരും അതിൻ്റെ പരിപ്പെടുത്ത് കഴിഞ്ഞു).

Sunday, July 19, 2020

ജീവിതം സന്തോഷപ്രദമാക്കുന്നത് എങ്ങനെ?

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്ത ഏറ്റവും നല്ല കർമ്മം എന്ത് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക. ഇന്നെ വരെ ചെയ്തതിൽ ഏറ്റവും നല്ലത് നിർണ്ണയിക്കാനുള്ള പ്രയാസമായിരിക്കാം അതിന് ഒരു കാരണം. എന്നാൽ പലരുടെയും ഉത്തരമാകാൻ സാധ്യതയുള്ള ഒന്ന് ഞാൻ പറയാം. മറ്റുള്ളവർക്ക് സന്തോഷം പകരാൻ ചെയ്ത കർമ്മമാണ് ഞാൻ ചെയ്തതിൽ വച്ചേറ്റവും നല്ലത്.

മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി സൃഷ്ടിക്കാൻ ഉതകുന്ന ഒരു കർമ്മം നമ്മൾ ചെയ്യുന്നുവെങ്കിൽ അത് തന്നെയാണ് ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ല കർമ്മം എന്നാണ് എൻ്റെയും പക്ഷം. Smile increases your life miles എന്നാണ് പറയാറ്. അതായത് ഒരു പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ മൈലുകളോളം വർദ്ധിപ്പിക്കുന്നു. നാം ഒരാൾക്കോ അയാളുടെ സമൂഹത്തിനോ സഹ ജീവികൾക്കോ ചെയ്ത ഉപകാരമായിരിക്കാം അയാളുടെ പുഞ്ചിരിക്ക് നിദാനം. നമ്മുടെ കർമ്മത്തിലൂടെ അയാളും ബന്ധപ്പെട്ടവരും നമ്മെയും നമ്മുടെ കുടുംബത്തെയും കാലങ്ങളോളം നന്ദിയോടെ ഓർത്ത് വയ്ക്കുന്നു. അത് തന്നെയാണ് നമ്മുടെ ജീവിതം മൈലുകളോളം വർദ്ധിക്കുന്നു എന്ന് പറഞ്ഞതിൻ്റെ സാരം.

തിയോസഫിക്കൽ സൊസൈറ്റി സ്ഥാപക മാഡം ബ്ലവസ്കി യാത്ര ചെയ്യുമ്പോൾ കയ്യിൽ ഒരു കുഞ്ഞു സഞ്ചി കരുതാറുണ്ടായിരുന്നു. പൂച്ചെടികളുടെ വിത്തുകളായിരുന്നു ആ സഞ്ചിയിൽ ഉണ്ടായിരുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആ സഞ്ചിയിൽ നിന്നും വിത്തുകളെടുത്ത് വഴിയിലുടനീളം വിതറുന്നത് മാഡത്തിൻ്റെ ഹോബിയായിരുന്നു. ഇത് കണ്ട് ഒരിക്കൽ ഒരു സഹയാത്രികൻ ചോദിച്ചു.
" മാഡം, നിങ്ങൾ എന്താണീ ചെയ്യുന്നത്?"

"ഞാൻ പൂച്ചെടികളുടെ വിത്തുകൾ വിതറുകയാണ് "

"നിങ്ങൾ ഇതുവഴി ഇനി കടന്നു പോകാൻ സാധ്യതയില്ലല്ലോ ... പിന്നെ എന്തിന് ഇത് ചെയുന്നു?"

" അതെ ... ഒരിക്കലും ഞാനിതുവഴി ഇനി വരാൻ സാധ്യതയില്ല. പക്ഷെ, ഈ വിത്തുകൾ മുളച്ച് വളർന്ന് വലുതായി അതിൽ പൂക്കൾ വിടരുമ്പോൾ അത് കാണുന്നവരിൽ സന്തോഷം ഉണ്ടാക്കും. പൂക്കളുടെ പൊടിയും തേനും നുകരാൻ വരുന്ന ജീവജാലങ്ങൾക്കും അത് സന്തോഷം പകരും. ഇങ്ങനെ മറ്റുള്ളവർക്ക് സന്തോഷം പകരാൻ വേണ്ടിയാണ് ഞാൻ ഈ കർമ്മം ചെയ്യുന്നത് "

ഒന്നാലോചിച്ച് നോക്കൂ... ഇങ്ങനെയുള്ള കുഞ്ഞു കർമ്മങ്ങളിലൂടെ എത്രയെത്ര സന്തോഷമുള്ള മുഖങ്ങൾ നമുക്ക് സൃഷ്ടിക്കാൻ സാധിക്കും? മനുഷ്യർക്ക് എന്നല്ല സർവ്വ ജീവജാലങ്ങൾക്കും ഉപകാരപ്രദമായ എന്തൊക്കെ നമുക്ക് ചെയ്യാം?

ഒരുദാഹരണത്തിന് വീടിൻ്റെ സമീപത്ത് ഒരു പാത്രത്തിൽ അൽപം വെള്ളം വച്ചാൽ പക്ഷികളും മൃഗങ്ങളും മറ്റ് ജീവജാലങ്ങളും അത് കുടിക്കാൻ വരും. വെള്ളം ലഭ്യമായ സ്ഥലം,  മറ്റ് ജീവികളോട് അവ സംവദിക്കും. അവരുടേതായ ഭാഷയിൽ നന്ദിയും അർപ്പിക്കുന്നുണ്ടാകും. നമുക്കത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് മാത്രം.

ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ നാം മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ അത് നമ്മുടെ മനസ്സിനെയും സന്തോഷഭരിതമാക്കും. അങ്ങനെ സന്തോഷപ്രദമായ ഒരു മനസ്സ് ഉള്ളവരായി എല്ലാവർക്കും മാറാൻ സാധിക്കട്ടെ.

( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

Tuesday, July 14, 2020

മതിലുകൾ

ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പല കൃതികളും വായനയുടെ വസന്ത കാലത്ത് എൻ്റെ കൈകളിലൂടെ കടന്ന് പോയിട്ടുണ്ട്. ബട്ട് , മതിലുകൾ എന്ന പുസ്തകം അതിൽ ഉള്ളതായി എൻ്റെ ഓർമ്മയിൽ വരുന്നില്ല. ബഷീർ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചു കുട്ടികൾ അവതരിപ്പിച്ച വിവിധ ബഷീർ കഥാപാത്രങ്ങളിൽ നാരായണിയെ കണ്ടപ്പോഴാണ് മതിലുകൾ വീണ്ടും ഓർമ്മയിൽ വന്നത്. ശ്രീ അടുർ ഗോപാലകൃഷ്ണൻ ഇതേ പേരിലിറക്കിയ സിനിമ 1990 കളിൽ കണ്ടതായി ഓർമ്മയിലുണ്ട്.

ഞാൻ കണ്ട ഏതാനും സിനിമകളിൽ നായിക ഇല്ലാത്തതും എന്നാൽ ഒരു നായികയെ ചുറ്റിപ്പറ്റി പുരോഗമിക്കുന്നതുമായ സിനിമയാണ് മതിലുകൾ. മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥ തന്നെയാണ് മതിലുകൾ. രചയിതാവ് തന്നെയാണ് കഥയിലെ നായകൻ. ജയിലിൽ ഒരു മതിലിനപ്പുറത്തും ഇപ്പുറത്തും നിന്നു കൊണ്ട് പ്രണയം പൂക്കുന്നത് വായനക്കാരന് ശരിക്കും അനുഭവപ്പെടുന്ന രൂപത്തിലാണ് കഥാഗതി. തമ്മിൽ കാണാൻ അതിയായി ആഗ്രഹിച്ച് ദിവസവും തീരുമാനിച്ച് വായനക്കാരെ ആകാംക്ഷ ഭരിതരാക്കി , സമാഗമത്തിന് മുമ്പേ അപ്രതീക്ഷിതമായി നായകൻ ജയിൽ മോചിതനാകുമ്പോൾ വായനക്കാരും നായകൻ്റെ ദു:ഖം അനുഭവിക്കുന്നു.

ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഉണങ്ങിയ കമ്പിൻ്റെ ഏറും അത് കാണുമ്പോൾ നായകനിലുണ്ടാവുന്ന പ്രേമത്തിൻ്റെ വേലിയേറ്റവും ജയിൽ വാർഡൻ്റെ സാന്നിദ്ധ്യം കാരണം ഉത്തരം നൽകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും ഏറെ രസകരമായ രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുനോവൽ ആണെങ്കിലും ബഷീ/റിൻ്റെ ശൈലികൾ ഇതിലും തെളിഞ്ഞ് കാണാം.

മതിലുകൾ എഴുതിയത് വെറും നാല് ദിവസം കൊണ്ടാണെന്ന് ഈ നോവലിൻ്റെ ആവിർഭാവ ചരിത്രം പറയുന്ന പുസ്തകത്തിൻ്റെ അവസാന പേജുകളിൽ പറയുന്നു. അതും വളരെ രസകരമായിട്ട് വായിച്ച് തീർക്കാം. അപ്പോൾ മാത്രമേ മതിലുകളുടെ വായന പൂർണ്ണമാകൂ എന്നാണ് എൻ്റെ അഭിപ്രായം.

പുസ്തകം : മതിലുകൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ: ഡി സി ബുക്സ്
വില : 50 രൂപ.
പേജ് : 52 

Wednesday, July 08, 2020

വിജയ വഴികൾ

SSLC പരീക്ഷയുടെ റിസൾട്ടുകൾ വന്നു. +2 പരീക്ഷയുടേത് വരാനിരിക്കുന്നു. ഞാൻ പത്താം തരത്തിൽ പഠിച്ചിരുന്ന കാലത്ത് SSLC റിസൾട്ട് വരുമ്പോൾ പത്രത്തിൽ ഒന്നാം പേജിൽ തന്നെ വലിയ ഫോട്ടോ വരും - ഒന്നു മുതൽ പത്ത് വരെ റാങ്ക് കിട്ടിയവരുടെ ഫോട്ടോ. ഇന്ന് ജില്ലാ പേജിൽ നൂറും നൂറ്റമ്പതും കുഞ്ഞ് കുഞ്ഞ് ഫോട്ടോകൾക്കിടയിൽ നിന്ന് നമുക്ക് നമ്മെ തിരിച്ചറിയേണ്ടി വരുന്നു.

അക്കാലത്ത് പത്രത്തിൻ്റെ ഉൾപേജിൽ കുറെ ദുഃഖ വാർത്തകളും വന്നിരുന്നു. റിസൾട്ടറിഞ്ഞ് തൂങ്ങി മരിച്ചതും ട്രെയിനിന് മുന്നിൽ ചാടിയതും മറ്റ് രീതിയിൽ ആത്മഹത്യക്ക് ശ്രമിച്ചതും മറ്റും ആയ വാർത്തകൾ. ആ കാലഘട്ടം കഴിഞ്ഞ് , ഇന്ന് വിജയം 98 - 99% വരെ എത്തി നിൽക്കുന്നു. എന്നിട്ടും കേരള യുവത ആത്മഹത്യാ പ്രവണതയുള്ള സമൂഹമായി തന്നെ നിലനിൽക്കുന്നു. എന്താണിതിന് കാരണം?

പലരും പലകാരണങ്ങളാലാണ് ആത്മഹത്യ ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിൻ്റെ ആത്മഹത്യ നാം ഞെട്ടലോടെ ശ്രവിച്ചു. M S Dhoni - the untold story എന്ന ചിത്രത്തിലുടെ യുവാക്കൾക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു. പക്ഷെ ചില അജ്ഞാത കാരണങ്ങളാൽ ഡിപ്രഷൻ പിടിപെട്ടു. സ്വയം തീരുമാനമെടുത്ത് അദ്ദേഹം നിത്യവാസത്തിലേക്ക് പോയി.

അതിന് മുമ്പ് , ദുബായി ആസ്ഥാനമായ ഇന്നാവ കമ്പനീസ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർ ആയിരുന്ന മലയാളി വ്യവസായി ജോയ് അറക്കൽ ദുബായിൽ വച്ച് തന്നെ 14-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ചില അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ ആത്മഹത്യയിൽ കലാശിച്ചു. 45000 ൽ അധികം സ്ക്വയർ ഫീറ്റിൽ ഒന്നര വർഷം മുമ്പ് ഉണ്ടാക്കിയ വീട്ടിൽ അൽപകാലം പോലും താമസിക്കാതെ ഈ ലോകത്ത് നിന്ന് അദ്ദേഹം സ്വയം പിൻവാങ്ങി.

ഏകദേശം ഒരു വർഷം മുമ്പ്, ഇന്ത്യക്കകത്തും പുറത്തും ധാരാളം ഔട്ട് ലെറ്റുകൾ ഉണ്ടായിരുന്ന കഫെ കോഫി ഡേ മാനേജിംഗ് ഡയരക്ടർ V G സിദ്ധാർത്ഥ പുഴയിൽ ചാടി മരിച്ചു. ഒരു ചെറിയ പരാജയം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചു.

ഇങ്ങനെ പരാജയം നേരിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് നീങ്ങുന്നത് എന്തു കൊണ്ടാണ്? ഇവിടെയാണ് നാം നമ്മുടെ മക്കളെ ചെറിയ ഒരു കാര്യം പഠിപ്പിക്കേണ്ടത്. മത്സരലോകത്താണ് നമ്മുടെ മക്കൾ വളർന്ന് കൊണ്ടിരിക്കുന്നത്. ചെറിയൊരു പരാജയം മതി അവരെ തളർത്താൻ. മക്കളെ ഒരിക്കലും വിജയം മാത്രം പഠിപ്പിക്കരുത്. ഇടക്കിടക്ക് ചെറിയ പരാജയങ്ങളും ഉണ്ടാക്കിക്കൊടുക്കണം. മത്സരങ്ങളിലും കളികളിലും മനപ്പൂർവ്വം തോൽക്കുകയും തോൽപ്പിക്കുകയും ചെയ്യണം. തോൽവി എന്നൊരു പ്രതിഭാസവും ഈ ലോകത്ത് ഉണ്ട് എന്ന് അവരെ മനസ്സിലാക്കിപ്പിക്കണം.

"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ " എന്ന പ്രസിദ്ധമായ പുസ്തകം നാം കേട്ടിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തുകളായിരുന്നു അവ. എന്നാൽ നമ്മൾ കേൾക്കാതെ പോയ ഒരു പുസ്തകം കൂടിയുണ്ട് - ഒരച്ഛൻ അധ്യാപകനയച്ച കത്തുകൾ . മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ തൻ്റെ മകൻ്റെ അധ്യാപകനയച്ച കത്തുകളാണവ. അധ്യാപകരോട് അദ്ദേഹം പറയുന്നു.
"അവനെ പഠിപ്പിക്കുക .. തോൽവികൾ അഭിമുഖീകരിക്കാൻ, വിജയങ്ങൾ ആസ്വദിക്കാനും "

നമ്മളും , നമ്മുടെ മക്കളെ, പഠിപ്പിക്കണം തോൽവികൾ അഭിമുഖീകരിക്കാനും വിജയങ്ങൾ ആസ്വദിക്കാനും . വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കാനോ തോൽവിയിൽ മനം നൊന്ത് ദു:ഖിക്കാനോ അനുവദിക്കരുത്. ജയവും പരാജയവും നിർണ്ണായകമായ പരീക്ഷകളിൽ പ്രത്യേകിച്ചും ഈ ഒരു പിന്തുണ നൽകാൻ ശ്രദ്ധിക്കണം. അങ്ങനെ നല്ല രീതിയിൽ മക്കളെ വളർത്താൻ എല്ലാവർക്കും സാധിക്കട്ടെ..

(വിഡിയോ വേർഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- പ്ലീസ്  ലൈക്ക്, ഷെയർ & subscribe )

Sunday, July 05, 2020

കാപിറ്റൽ ഫിംഗർ

ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ കുറെയൊക്കെ  LKG ക്കാരൻ പഠിച്ച് കഴിഞ്ഞിരുന്നു. ഇന്നലെ അവനെ ഇരുത്തി capital letlers - ഉം small letters - ഉം എല്ലാം ഭാര്യ  വീണ്ടും പഠിപ്പിച്ചു കൊടുത്തു.

ഇന്ന് രാവിലെ ചെറുവിരൽ ഉയർത്തിക്കാണിച്ച് അവൻ എന്നോട് പറഞ്ഞു - "സ്മോൾ ഫിംഗർ " .
 സൂപ്പർ എന്ന അർത്ഥത്തിൽ ഞാൻ പെരുവിരൽ ഉയർത്തിയപ്പോൾ അവൻ വിളിച്ചു പറഞ്ഞു " കാപിറ്റൽ ഫിംഗർ '' !!