Pages

Friday, July 31, 2020

ബെല്യര്ന്നാളും ബെള്ള്യായ്ച്ചിം...

വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ച ദിവസമായിരുന്നു 2020ലെ ബലിപെരുന്നാൾ സുദിനം. " ബെല്യര്ന്നാളും ബെള്ള്യായ്ച്ചിം ആയിട്ടും ബാപ്പ പള്ളിപ്പോയ്ട്ട്ല്ല " എന്നൊരു ചൊല്ല് ഞങളുടെ നാട്ടിൽ പ്രസിദ്ധമാണ്. അതായത് അത്രയും പ്രാധാന്യവും പുണ്യവും ഉള്ള ഒരു കാര്യം ഒഴിവാക്കുന്നതിനെപ്പറ്റിയാണ് അങ്ങനെ പറയാറ്. ദേശങ്ങൾക്കനുസരിച്ച് ചൊല്ല്ൽ മാറ്റങ്ങൾ ഉണ്ടായിരിക്കും.

ഇന്ന് ആ ചൊല്ല് അർത്ഥവത്തായി. കോവിഡ് - 19 പ്രോട്ടോകാൾ പ്രകാരം ഒത്തുചേരുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ പല സ്ഥലത്തും പെരുന്നാൾ നമസ്കാരങ്ങൾ വീട്ടിൽ തന്നെയായിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ വളരെ നിയന്ത്രിതമായതിനാൽ അതും പലർക്കും വീട്ടിൽ വച്ച് ളുഹർ നമസ്ക്കാരമായി നിർവഹിക്കേണ്ടി വന്നു.

ബലിപെരുന്നാൾ എന്നത് ചരിത്രത്തിലെ ഒരു വലിയ ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കലാണ്. ഇബ്രാഹിം നബി (സ) തൻ്റെ മകൻ ഇസ്മായിലിനെ ദൈവകൽപന പ്രകാരം ബലിയർപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ഓർമ്മ പുതുക്കൽ. വാർദ്ധക്യകാലത്ത് ലഭിച്ച ഏക മകൻ കളിച്ച് രസിച്ച് നടക്കുന്ന സമയത്ത് കിട്ടിയ ദൈവകൽപനക്ക് മുമ്പിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതിനെ തന്നെ ത്യജിച്ച ആ ചരിത്രത്തിൻ്റെ പുനരാഖ്യാനമാണ് ബലിപെരുന്നാൾ.

വിശ്വാസി സമൂഹം നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഇന്ന് ഈ പെരുന്നാൾ ആഘോഷിച്ചത്. പ്രധാന കർമ്മങ്ങളിൽ പെട്ട പെരുന്നാൾ സമ്മേളനം, ബന്ധു ഗൃഹ സന്ദർശനം, പരസ്പരം കൈ കൊടുത്തും കെട്ടിപ്പിടിച്ചുമുള്ള ആശംസാ കൈമാറ്റം എന്നിവക്ക് ഒക്കെ കടിഞ്ഞാണിട്ടു. അതിലുപരി ,ജീവിതത്തിൽ ഒരിക്കൽ മാത്രം അവസരം ലഭിക്കുന്ന, ഹജ്ജ് എന്ന ഇസ്ലാമിലെ ഏറ്റവും പുണ്യകരമായ കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാൻ കഴിയാതെ വന്ന നിസ്സഹായതയും പലരും നേരിട്ടു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹജ്ജിലൂടെ ഒരു മനഷ്യൻ, അമ്മ പെറ്റിട്ട നിമിഷത്തിലെ കുട്ടിയെപ്പോലെ പാപമുക്തനായിത്തീരും. ആ അവസരമാണ് ജീവിത സായാഹ്നത്തിൽ എത്തിയവരടക്കം പലർക്കും നഷ്ടമായത്. പക്ഷേ, എല്ലാ വിധികളും ദൈവനിശ്ചയമാണ് എന്നതിനാൽ യഥാർത്ഥ വിശ്വാസി നിരാശപ്പെടില്ല. ഈ ബലിപെരുന്നാൾ നൽകുന്ന ഏറ്റവും വലിയ സന്ദേശവും ഇതൊക്കെ തന്നെയാണ്.

എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ബലിപെരുന്നാൾ ആശംസകൾ.

4 comments:

Areekkodan | അരീക്കോടന്‍ said...

ബലിപെരുന്നാൾ ആശംസകൾ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആ ചൊല്ല് എല്ലായിടത്തും ഉണ്ട്.ഇവിടെയും ലോക്ക് ഡൗണ് ആയതിനാൽ ആളുകൾ വീട്ടിലിരുന്ന് പ്രാർത്ഥിച്ചു. ആരായിരുന്നാലും എവിടെയായിരുന്നാലും അല്ലാഹു എല്ലായിടത്തും ഉണ്ടാവുമല്ലോ.. മനസ്സ് കാണുകയും ചെയ്യും.

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ..പഴമൊഴിയിൽ പതിരില്ല എന്ന് പറയുന്നത് ശ്യര്യാ ..ല്ലേ

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ ....ഞങ്ങളും നമസ്കാരം വീട്ടിലാക്കി

മുരളിയേട്ടാ ..... അതെ.

Post a Comment

നന്ദി....വീണ്ടും വരിക