Pages

Wednesday, January 31, 2018

പാഷന്‍ ഫ്രൂട്ടിന്റെ തണലില്‍...

തറവാടിന്റെ അടുക്കള മുറ്റത്ത് വെറുതെ മുളച്ചത് എന്ന് ഞാന്‍ കരുതുന്ന ഒരു പാഷന്‍ ഫ്രൂട്ട് വള്ളിയുണ്ടായിരുന്നു. മാങ്ങ അപൂര്‍വ്വമായി തന്നിരുന്ന ഒരു കോമാവിന്റെ മുകളില്‍ പടര്‍ന്നു കയറിയ അവളും എപ്പോഴെങ്കിലും ഒക്കെ ഓരോ പഴുത്ത കായ താഴെയിടും. കായ പിടിച്ച് നില്‍ക്കുന്നത് കാണാത്തതിനാല്‍ കൂടുതല്‍ പറിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. പക്ഷെ വീടിന്റെ മച്ചില്‍ താമസമാക്കിയ മരപ്പട്ടിക്ക് എന്നും പാഷന്‍ ഫ്രൂട്ട് കിട്ടിയിരുന്നതായി പിന്നീട് ഞങ്ങള്‍ കണ്ടെത്തി.

തറവാട് പൊളിച്ചതോടെ ആ പാഷന്‍ഫ്രൂട്ടിന്റെ കഥയും കഴിഞ്ഞു. ഓര്‍മ്മിക്കാന്‍ തക്ക രുചിയുള്ള അത്ര എണ്ണം ഫ്രൂട്ട് തരാത്തതിനാല്‍ ആകും ആ വള്ളി പോയതില്‍ വലിയ സങ്കടം തോന്നിയില്ല.പക്ഷെ അങ്ങനെ ഒന്ന് വീട്ടില്‍ ഉണ്ടാകുന്നത് ഒരു രസമായിരിക്കും എന്ന് തോന്നിയിരുന്നു.

അങ്ങനെ ഇരിക്കെയാണ് രണ്ട് വര്‍ഷം മുമ്പ് ലു‌അ മോള്‍ അവളുടെ ചങ്ങാതിയുടെ വീട്ടില്‍ നിന്ന് പതിനഞ്ചോളം പാഷന്‍ ഫ്രൂട്ട് തൈകള്‍ കൊണ്ട് വന്നത്. വയലറ്റ് നിറമാണ് എന്നു കൂടി കേട്ടപ്പോള്‍ എല്ലാം കുഴിച്ചിട്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനമായി. അങ്ങനെ തറവാടിന്റെ തന്നെ പല ഭാഗത്തായി മണ്ണിലും എന്റെ വീട്ടില്‍ ഗ്രോബാഗിലും എല്ലാം നട്ടു. ദിവസവും വെള്ളം ഒഴിക്കാന്‍ ലു‌അ മോളെയും അനിയന്റെ മക്കളെയും തന്നെ ഏല്പിച്ചു. ഗ്രോബാഗില്‍ നട്ട ഒരെണ്ണം ഞാന്‍ ടെറസിന് മുകളില്‍ കൊണ്ട് വച്ചു.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. മണ്ണില്‍ നട്ടവയെല്ലാം വളര്‍ന്നു വലുതാകാന്‍ തുടങ്ങി. ടെറസിന് മുകളില്‍ വച്ചവനും ഗ്രോ‍ബാഗില്‍ വച്ചവളും പ്രതിഷേധത്തിലായിരുന്നു.അവ നിന്ന നില്‍പ്പില്‍ തന്നെ കിടന്നു !പ്രതിഷേധം ശക്തമായപ്പോള്‍ ഞാന്‍ സുല്ലിട്ടു കീഴടങ്ങി. ടെറസിന് മുകളില്‍ നീന്ന് അവനെ ഇറക്കി അടുക്കളയോട് ചേര്‍ന്ന് മണ്ണിലേക്ക് മാറ്റി നട്ടു. പടര്‍ന്ന് കയറാന്‍ ഒരു കമ്പും നാട്ടി.പടരാനായി ടെറസിന് മുകളില്‍ കെട്ടിയിരുന്ന ഒറ്റ ഞാണിന് പകരം ഒരു വല തന്നെ കെട്ടി കൊടുത്തു. പിന്നെ അവന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു.

ആറ് മാസം കൊണ്ട് അവന്‍ പന്തലില്‍ പടര്‍ന്നു പന്തലിച്ചു. മണ്ണില്‍ സീനിയര്‍മാരായി നേരത്തെ വിലസിയിരുന്നവര്‍ എല്ലാം അന്തം വിട്ടു നിന്നു. ഞാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു ഇതൊന്ന് പുഷ്പിച്ച് കാണാന്‍.പൂത്തപ്പോള്‍ ആകാശത്ത് നക്ഷത്രം വിതറിയ പോലെ പന്തലില്‍ മുഴുവന്‍ പൂക്കള്‍.അപ്പോള്‍ പലരും പറഞ്ഞു...
“ആദ്യത്തെ പൂക്കള്‍ കാണാനേ കിട്ടൂ,കായയാകുന്നതിന് മുമ്പേ എല്ലാം കൊഴിഞ്ഞു പോകും.ആറ് മാസം കഴിഞ്ഞ് അടുത്ത സീസണില്‍ കായ പിടിക്കും.“

ഞാന്‍ഒന്നും മിണ്ടിയില്ല.പൂവ് നിന്നിടത്തെല്ലാം കായ തൂങ്ങി !!അപ്പോഴും അഭിപ്രായം വന്നു - “കായ വലുതാവില്ല,അതിന് മുമ്പെ കൊഴിഞ്ഞ് പോകും.“ 
ഞാന്‍ അപ്പോഴും മിണ്ടാതിരുന്നു.ആദ്യത്തെ കായ തന്നെ അത്യാവശ്യം വലുതായി പന്തലില്‍ തൂങ്ങി.

പിന്നെ നിറയെ കായകളായി...2017 ജൂണ്‍ മാസത്തില്‍ ഡെങ്കി പനിയും മറ്റു പനികളും പടര്‍ന്നപ്പോള്‍,  പനിക്ക് ബെസ്റ്റാന്ന് പറഞ്ഞ് മൂക്കാത്തത് പോലും ചിലർ പറിച്ചു കൊണ്ടു പോയി.....കിലോക്ക് 250 രൂപ ആയിരുന്നു വില പോലും. പക്ഷെ ഈ വള്ളിയില്‍ നിന്ന് അത് എല്ലാവര്‍ക്കും സൌജന്യമായി പറിക്കാമായിരുന്നു. രണ്ട്  പെരുന്നാളുകള്‍ക്കും വീട്ടിൽ വന്നവരെല്ലാം ഇതിന്റെ തണലിൽ ഇത്തിരി നേരം ആസ്വദിച്ച് വിശ്രമിച്ചു ... എന്ത് വളമാണ് ഇടുന്നത് എന്ന ചോദ്യം ഉയർത്തി
 “.... ഈർപ്പം നിലനില്ക്കാൻ ചകിരി കമഴ്ത്തിയിരുന്നു... കുറച്ച് ചാണകപ്പൊടിയും ഇട്ട് കൊടുത്തിരുന്നു.... പിന്നെ ദിവസവും ഒരു തലോടലും നല്കിയിരുന്നു...അത്രമാത്രം“

പനിക്കാലം കഴിഞ്ഞതോടെ എനിക്കും ഫ്രൂട്ട് കിട്ടിത്തുടങ്ങി.ജ്യൂസായും ചമ്മന്തിയായും വെറുതെയും എല്ലാം ഞങ്ങള്‍ എല്ലാവരും പാഷന്‍ ഫ്രൂട്ട് കൊണ്ട് അര്‍മാദിച്ചു. കായകളുടെ ഭാരം കാരണം പന്തല്‍ താഴ്ന്ന് തൂങ്ങി. കയര്‍ പല ദിശകളിലും വലിച്ചു കെട്ടി ഒരു വിധം താങ്ങി നിര്‍ത്തി. 

മൂത്ത് വയസ്സനായെങ്കിലും വള്ളി ഇപ്പോഴും ഊര്‍ജ്ജ്വസ്വലമായി പടര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്ന് ഞാന്‍ അതിലെ അവസാനത്തെ ഫ്രൂട്ടിന്റെ പടം പിടിച്ചു. 

അടുത്ത ആഴ്ച മിക്കവാറും ഈ വള്ളിപ്പന്തല്‍ ഇവിടെ നിന്ന് വഴിമാറും- ഇവന്റെ തന്നെ അടുത്ത തലമുറക്കായി. ഇനിയും ഈ കാഴ്ച കാണാന്‍ ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ സജലങ്ങളാകുന്നു.

Monday, January 29, 2018

ഹോം ലൈബ്രറി

              എന്റെ ബാപ്പയും ഉമ്മയും ഹൈസ്കൂൾ  അദ്ധ്യാപകരായിരുന്നതിനാൽ ഞങ്ങളുടെ കുട്ടിക്കാലം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരന്ന വായനക്കും ഞങ്ങളെ ശീലിപ്പിച്ചിരുന്നു. വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടായിരുന്നത് ഞങ്ങളുടെ വീട്ടിൽ മാത്രമായിരുന്നു. എന്റെ മൂത്താപ്പമാരും മൂത്തുമ്മമാരും അമ്മാവന്മാരും എല്ലാം അദ്ധ്യാപകരായിട്ടും അവിടെയൊന്നും കാണാത്തതായിരുന്നു ഈ ഹോം ലൈബ്രറി.

             മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കൊപ്പം തന്നെ ശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. വിജ്ഞാനകോശങ്ങളും ചരിത്രപുസ്തകങ്ങളും എല്ലാം ഉണ്ടായിരുന്നു. പുസ്തകം വാങ്ങിക്കൊണ്ടു വരുന്നത് ബാപ്പ തന്നെയായിരിക്കും.അത് പൊതിയേണ്ടതും നമ്പറിട്ട് രെജിസ്റ്ററിൽ ചേർക്കേണ്ടതും എന്റെ ഡ്യൂട്ടി ആണ്.തുണിത്തരങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടുതരുന്ന കടലാസ് കവർ , പഴയ കലണ്ടറുകൾ, മോഡേൺ ബ്രഡ്ഡിന്റെ കവർ, വാരാന്തപതിപ്പുകൾ,ആഴ്ചപതിപ്പിന്റെ പുറം ചട്ട തുടങ്ങിയവയായിരുന്നു പുസ്തകം പൊതിയാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ.

                2008 ജൂണിൽ എന്റെ പ്രിയപ്പെട്ട പിതാവ് മരിക്കുമ്പോൾ ആ ലൈബ്രറിയിൽ അറുനൂറിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇന്നും അവയിൽ ഭൂരിഭാഗവും തറവാട്ടിലുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ പുതിയതായി വീട് എടുക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്ന രണ്ട് ആശയങ്ങൾ ഇവയായിരുന്നു - ഫർണ്ണീച്ചർ മുക്തമായ ഒരു നമസ്കാരമുറിയും കുട്ടികളുടെ വായന കം ലൈബ്രറി റൂമും വീട്ടിൽ ഉണ്ടായിരിക്കണം.

                   ലക്ഷങ്ങൾ ചെലവാക്കി നിർമ്മിക്കുന്ന പല വീടുകൾക്കും ഈ രണ്ട് റൂമുകളും കാണാറില്ല. ഒരു ബെഡ് റൂമിനോളം വലിപ്പമുള്ള എന്റെ നമസ്കാരമുറി എന്നെയും കുടുംബത്തെയും എന്നും ദൈവത്തോട് അടുപ്പിക്കുന്നു. തറവാട്ടിൽ അങ്ങനെ ഒരു മുറി ഇല്ലായിരുന്നു.അതുകാരണം അനുഭവപ്പെട്ട ബുദ്ധിമുട്ടാണ് എനിക്ക് വെളിച്ചം നൽകിയത് (തറവാട് പൊളിച്ച് അനിയൻ പുതിയ വീട് വച്ചു താമസം തുടങ്ങി. എന്റെ കാഴ്ചപ്പാട് അല്ല അവന്റേത് എന്നതിനാൽ ഈ രണ്ട് റൂമുകളും അവിടെ ഇല്ല).

              പലരും സ്ലോപ് ആക്കി വാർത്ത് ഉപയോഗശൂന്യമാക്കുന്ന കാർപോർച്ചിന്റെ മുകൾ ഭാഗത്ത് (ഫസ്റ്റ് ലാന്റിങിൽ - സിവിൽ എഞ്ചിനീയറിംഗിൽ അതിന് പ്രത്യേക പേര് ഉണ്ട്) ആണ് എന്റെ ലൈബ്രറി റൂം. വീട്ടിൽ താമസം തുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും പല കാരണങ്ങളാൽ ഈ മുറി ഒന്ന് രൂപപ്പെടുത്തിയെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.  എന്റെ മനസ്സിലെ ലൈബ്രറിയുടെ ചിത്രം ആശാരിമാരും പെയിന്റർമാരും ഇൻഡസ്ട്രിയൽ പണിക്കാരും ഇലക്ട്രീഷ്യന്മാരും കൂടി ഇപ്പോൾ മുഴുവനാക്കി തന്നു.
                  അകത്ത് ചെറിയ ഒരു കോണി വഴി മുകളിൽ സംവിധാനിച്ച (മുമ്പ് ഉണ്ടായിരുന്ന റാക്ക് - ഇന്ന് വീടിന്റെ സൌന്ദര്യം ഇല്ലാതാക്കും എന്ന് പറഞ്ഞ് ഒഴിവാക്കുന്നത്) അലമാരകളിലെ പുസ്തകം എടുക്കാം. കുട്ടികൾക്ക് പേടി കൂടാതെ ഉയരത്തിൽ കയറി ഇരിക്കുകയും ചെയ്യാം.
ഈ ഫോട്ടോ എടുത്തത് നഫ്സൽ കാവനൂർ 
                 
                    താഴെ മൂന്ന് മക്കൾക്കും വായിക്കാനുള്ള സൌകര്യവും അവരുടെ പുസ്തകങ്ങളും ബാഗുകളും മറ്റു പഠന സാമഗ്രികളും സൂക്ഷിക്കാനുള്ള ഇടവും ഉണ്ടാക്കിക്കൊടുത്തു. ഒപ്പം ഇന്റെർനെറ്റ് കണക്ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഒരുക്കി. ചെറിയ അലങ്കാര വസ്തുക്കൾ അടുക്കി വച്ച് മോടി കൂട്ടാൻ കുഞ്ഞു റാക്കുകളും പിടിപ്പിച്ചു. അലമാര ഉണ്ടാക്കുമ്പോഴുണ്ടായ വേസ്റ്റ് കഷ്ണങ്ങളിൽ നിന്ന്, ഇരിക്കാനുള്ള മൂന്ന് സ്റ്റൂളുകളും ഒരു വേസ്റ്റ് ബാസ്ക്കറ്റും കൂടി ഉണ്ടാക്കി.
                                      
                ഫോട്ടോയിൽ കാണുന്നത് മുൻ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറും ഇപ്പോൾ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ QIP ഡെപ്യൂട്ടി ഡയരക്ടറും ആയ എന്റെ സുഹൃത്ത് പി സഫറുല്ല മാസ്റ്റർ എന്റെ ലൈബ്രറി സന്ദർശിക്കുന്നതാണ്. ഇപ്പോൾ പലരും ഹോം ലൈബ്രറിയുടെ മാതൃക കാണാൻ വീട്ടിൽ വരുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു - വായനയെ തിരികെക്കൊണ്ടു വരാൻ ഒരു കൈ സഹായം ചെയ്യാൻ സാധിക്കുന്നതിൽ.

Sunday, January 28, 2018

ടിപ്പറില്‍ ഒരു യാത്ര

                 എന്റെ ആദ്യ തീവണ്ടി യാത്ര കോഴിക്കോട് നിന്നും കണ്ണൂരിലേക്കാണ് എന്ന് ഞാന്‍ കരുതുന്നു. എന്നായിരുന്നു ആ യാത്ര എന്നതില്‍ എനിക്ക് ഒരു പിടുത്തവും ഇല്ല. പക്ഷെ അന്ന് ട്രെയിനില്‍ വച്ച് കേട്ട ഒരു പലഹാരത്തിന്റെ പേര് ഇന്നും മനസ്സില്‍ അലയടിക്കുന്നു - വാങ്ങി പെട്ടുപോയതിനാല്‍ ! അതിന്റെ പേര് “മുഡ്ഡാമ്പ്ലേറ്റ്”. ആ കഥ പിന്നീട് എപ്പോഴെങ്കിലും പറയാം. ആദ്യ കപ്പല്‍ യാത്ര സംഭവബഹുലമായ ലക്ഷദ്വീപ് യാത്രയായിരുന്നു (ഇവിടെ വായിക്കാം).  ആദ്യ വിമാനയാത്ര രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കിയുള്ള ഡെല്‍ഹി ട്രിപ്പും ആയിരുന്നു (രസകരമായ ആ അനുഭവങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കിട്ടും).

                 കാളവണ്ടിയിലും കുതിരവണ്ടിയിലും മനുഷ്യന്‍ ചവിട്ടുന്ന റിക്ഷയിലും എല്ലാം പല യാത്രകളിലായി കൌതുകം തീര്‍ക്കാന്‍ വേണ്ടി കയറിയിട്ടുണ്ട്. ജെ.സി.ബി യില്‍ പുതുമാരന്‍ വരുന്ന ന്യൂജെന്‍ കാലത്ത് അതില്‍ യാത്ര ചെയ്യാന്‍ ഇതുവരെ തോന്നിയിട്ടില്ല. ബോബന് മോളി എന്നപോലെ ജെ.സി.ബിയുടെ സന്തതസഹചാരിയായ ടിപ്പറില്‍ യാത്ര ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. ഒടുക്കത്തെ ആ ആഗ്രഹം സഫലമായതോടെ ഇനി ഒരിക്കലും അതുവേണ്ട എന്നും തീരുമാനിച്ചു.

                ഇക്കഴിഞ്ഞ റംസാന്‍ കാലത്താണ് അത് സംഭവിച്ചത്. മൂന്ന് മണിക്ക് കോളേജിന് മുമ്പിലൂടെ കടന്ന് പോകുന്ന നാട്ടിലേക്കുള്ള ബസ്സും കാത്ത് ഞാന്‍ ബസ്റ്റോപ്പില്‍ പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. സ്റ്റോപ്പിനകത്ത് നിന്ന എന്റെ പിന്നില്‍ നിന്നും ഒരു ഹോണടി ശബ്ദം നിര്‍ത്താതെ കേട്ടപ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞ് നോക്കി. ഒരാഴ്ച മുമ്പ് ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ ഉബൈദ്‌ക്ക ലോഡുമായി കോളേജിലേക്ക് വന്നതാണ്. കോളേജിലെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ എടുത്തിരിക്കുന്നത് മഞ്ചേരിക്കാരായ ‘നിര്‍മ്മാണ്‍’ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. അതിന് വേണ്ട കല്ലും മണലും മെറ്റലും എല്ലാം കൂടുതലും കൊണ്ടുവന്നിരുന്നതും മഞ്ചേരിയില്‍ നിന്നായിരുന്നു. അതിന്റെ ഡ്രൈവറാണ് ഉബൈദ്‌ക്ക. എന്തെങ്കിലും കുശലം ചോദിക്കാനായിരിക്കും എന്ന് കരുതി ഞാന്‍ ടിപ്പറിനടുത്തേക്ക് ചെന്നു.

“നാട്ടിലേക്കാണോ ?”  ഉബൈദ്‌ക്ക എന്നോട് ചോദിച്ചു.

“ങാ...ഇപ്പോള്‍ ആ ഇരിട്ടി- നിലമ്പൂര്‍ ബസ് വരും...” ഞാന്‍ പറഞ്ഞു.

“ആ....അത് വിട്ടേക്ക്...ഇന്ന് ഇതില്‍ പോകാം..”

“എനിക്ക് നോമ്പ് തുറക്കാന്‍ വീട്ടിലെത്തണം...” ടിപ്പര്‍ വൈകും എന്ന് തോന്നിയതിനാലും നോമ്പ് ഉണ്ടായിരുന്നതിനാലും ഞാന്‍ പറഞ്ഞു.

“എനിക്കും നോമ്പുണ്ട്...നോമ്പ് തുറക്കാന്‍ മഞ്ചേരിയില്‍ എത്തണം എന്ന് കരുതുന്നു...ഈ ലോഡ് തട്ടി ഉടന്‍ ഞാന്‍ തിരിച്ച് വരും...” ഇത്രയും പറഞ്ഞ് ഉബൈദ്ക്ക വണ്ടിയുമായി മുകളിലേക്ക് പോയി.

                അല്പ സമയം കഴിഞ്ഞ് ഞാന്‍ പ്രതീക്ഷിച്ചിരുന്ന ബസ് കടന്ന് പോയി.പിന്നാലെത്തന്നെ ഉബൈദ്ക്ക കാലി ടിപ്പറുമായി എത്തി.ഞാന്‍ അതിലേക്ക് വലിഞ്ഞ് കയറി.  പലപ്പോഴും അസമയത്ത്  ലോറിയാത്ര  നടത്തിയതിനാല്‍ ഉയരം കൂടിയ വണ്ടികളില്‍ വലിഞ്ഞ് കയറാനുള്ള ബുദ്ധിമുട്ട് അറിയുമായിരുന്നു.ഇവിടെയും അതിന് കുറവ് വന്നില്ല. ടിപ്പറില്‍ കയറിയതും മഴ കോരിച്ചൊരിയാന്‍ തുടങ്ങി.

                 മാനന്തവാടിയില്‍ നിന്നും പടിഞ്ഞാറത്തറ വഴിയായിരുന്നു ഞങ്ങളുടെ യാത്ര. വഴിയിലെ എസ്റ്റേറ്റുകളെപ്പറ്റിയുള്ള കഥകളും മൃഗങ്ങളെ കണ്ട കഥകളും വിവരിച്ച് യാത്ര തുടര്‍ന്നു.

“ഇതില്‍ എന്നും ഇങ്ങനെ ട്രിപ് അടിക്കുന്ന നിങ്ങളെ സമ്മതിക്കണം...” ടിപ്പറിന്റെ കുലുക്കം എനിക്ക് അസഹ്യമായി തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു.

“ലോഡ് ഉണ്ടാകുമ്പോള്‍ പ്രശ്നമില്ല...ലോഡ് ഒഴിഞ്ഞാല്‍ നല്ല കുലുക്കമായിരിക്കും....” ഉബൈദ്ക്ക പറഞ്ഞു.

                 മരണവണ്ടി എന്നാണ് ടിപ്പര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരാറ്. ചീറിപ്പായുന്ന ടിപ്പറുകള്‍, ഒരു കാലത്ത് നിരവധി ജീവനുകള്‍ റോഡില്‍ പൊലിയാന്‍ കാരണമായിട്ടുണ്ട്. ഇന്ന് ആ യമവാഹനത്തിലാണ് ഞാനും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്.പക്ഷെ അരോചകമായ ഒരു യാത്രയായി എനിക്കത് അനുഭവപ്പെട്ടില്ല. എത്തേണ്ട സമയം നിശ്ചയിക്കപ്പെട്ട യാത്രയായിരുന്നെങ്കിലും ഉബൈദ്ക്ക നിയന്ത്രണത്തോടെ തന്നെ ഡ്രൈവ് ചെയ്തു. ചുരത്തില്‍ വച്ച് ഞാന്‍ കയറാന്‍ ഉദ്ദേശിച്ചിരുന്ന ബസിനെ മറികടക്കുകയും ചെയ്തു.

                 മ‌അ്‌രിബ് ബാങ്ക് വിളിക്കുന്നതിന് അല്പം മുമ്പെ ഞങ്ങള്‍ അരീക്കോടെത്തി. ഉബൈദ്ക്കയെ നോമ്പ് തുറക്കാനായി ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം അത് നിരസിച്ചു - കാരണം അദ്ദേഹത്തിനും സ്വന്തം വീട്ടില്‍ നിന്ന് നോമ്പ് തുറക്കണം എന്നാഗ്രഹം. കയ്യില്‍ കരുതിയിരുന്ന ഈത്തപ്പഴം ഞാന്‍ അദ്ദേഹത്തിന് കൈമാറി, വീട്ടിന് മുമ്പില്‍ ഇറങ്ങിയതോടെ ദീര്‍ഘകാലത്തെ ഒരാഗ്രഹം ഒരു ദീര്‍ഘദൂര യാത്രയിലൂടെ തന്നെ സഫലമായി.

Monday, January 22, 2018

രാജ്യപുരസ്കാര്‍ അവാര്‍ഡ്

ഭാരത് സ്കൌ‌ട്‌സ് ആന്റ് ഗൈഡ്‌സിലെ പരമോന്നത പുരസ്കാരം രാഷ്ട്രപതി സ്കൌ‌ട്‌ എന്നറിയപ്പെടുന്ന രാഷ്ട്രപതി പുരസ്കാര്‍ ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള പരീക്ഷ എഴുതാൻ അതിന് തൊട്ടു താഴെയുള്ള രാജ്യപുരസ്കാര്‍ പരീക്ഷ പാസ്സാകണം എന്നും ഞാന്‍ മനസ്സിലാക്കുന്നു. പ്രഥം സോപാന്‍ , ദ്വിതീയ സോപാന്‍ , ത്രിതീയ സോപാന്‍ എന്നിങ്ങനെ പേരുള്ള വിവിധ സോപാനങ്ങളും പിന്നെ കുറെ റിക്കാര്‍ഡ് വര്‍ക്കുകളും ജാമ്പൂരി - കാമ്പൂരി പോലെയുള്ള ക്യാമ്പുകളും മറ്റ് പ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞാണ് രാജ്യപുരസ്കാര്‍ പരീക്ഷ എഴുതുന്നത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യപുരസ്കാര്‍ ത്രിദിന പരീക്ഷ അഭിമുഖീകരിച്ച എന്റെ രണ്ടാമത്തെ മകള്‍ ആതിഫ ജും‌ല(ലുഅ മോൾ) പ്രസ്തുത പുരസ്കാരം നേടിയ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഒപ്പം അറ്റന്റ് ചെയ്ത സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലെ മറ്റ് ആറ് പേര്‍ക്കും ഈ പുരസ്കാരം കിട്ടിയിട്ടുണ്ട്. ഷക്കീല ടീച്ചറുടെ പരിശീലനത്തിലാണ് ഈ നേട്ടം സ്കൂള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നത്.
                   1984-ൽ എന്റെ സ്കൂളിൽ സ്കൌ‌ട്ടിന്റെ യൂണിറ്റ് ആദ്യമായി തുടങ്ങിയതും അന്ന് അതിൽ അംഗമായി ജില്ലാ തല സാഹസിക ക്യാമ്പിന് നിലമ്പൂർ മാനവേദൻ സ്കൂളിൽ പോയതും ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. ആ ക്യാമ്പിൽ പങ്കെടുത്തതിനാണോ അതല്ല യൂണിഫോമിൽ തുന്നിച്ചേർക്കാനാണോ എന്നറിയില്ല അന്ന് തന്ന പച്ച നിറത്തിലുള്ള ഭാരത് സ്കൌ‌ട്‌സ് ആന്റ് ഗൈഡ്‌സ് എം‌ബ്ലം ഇന്നും എന്റെ പഴയ ഒരു ഡയറിയുടെ ചട്ടക്കകത്ത് നിലനിൽക്കുന്നു. 2006-2009 കാലത്ത് മാനന്തവാടിയിൽ എൽ.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ മൂത്ത മോൾ ലുലു ബുൾബുളിൽ അംഗമായിരുന്നതും ഈ അവസരത്തിൽ ഓർമ്മിക്കുന്നു.

Tuesday, January 09, 2018

കാണാനും രസം തിന്നാനും രസം...

                 ഒരു കോവക്കക്കാലം കഴിഞ്ഞ ശേഷം വീട്ടുമുറ്റം പാഷൻ ഫ്രൂട്ട് കയ്യടക്കി വച്ചിരുന്നു. പാഷൻ ഫ്രൂട്ട് എത്ര കിലോ ഫലം തന്നു എന്ന് തിട്ടമില്ല , നിരവധി ഡെങ്കി പനിക്കാർ കൊണ്ടുപോയി ആശ്വാസം കണ്ടെത്തി എന്ന് പറയപ്പെടുന്നു. ഇപ്പോൾ മുറ്റം വീണ്ടും പച്ചപ്പ് നിറഞ്ഞ് നിൽക്കുന്നു. 
               കറിക്കും ഉപ്പേരിക്കും ഉള്ള മുളക് എന്നും മുറ്റത്ത് നിന്ന് കിട്ടും...ഉപ്പിലിടാനും ഈ മുളക് ബെസ്റ്റാ...
              പടവലം ഞാൻ ആദ്യമായിട്ട് നടുകയാണ്. ഉമ്മ പല പ്രാവശ്യം നട്ട് സുല്ലിട്ടു. ഞാൻ നട്ടത് പൂവിട്ട് തുടങ്ങി....
               തക്കാളി എല്ലാ വർഷവും ധാരാളം കിട്ടും. ഇത്തവണത്തെ തക്കാളി പഴുക്കാറായി...
              ബീറ്റ്‌റൂട്ടും ആദ്യമായാണ് നട്ടു നോക്കുന്നത്. പോയി എന്ന് കരുതിയ തൈ തിരിച്ചു വന്നത് ചില തീരുമാനങ്ങളോട് കൂടിത്തന്നെയാണ് - അരീക്കോടനെ ബീറ്റ്‌റൂട്ട് തീറ്റിച്ചേ അടങ്ങൂ ന്ന്.
                    വിടർന്നു നിൽക്കുന്ന കാബേജ് ഇലകൾ കൂട്ടിക്കെട്ടിയാലേ അത് കാബേജാകൂ എന്ന് ചിലർ പറഞ്ഞിരുന്നു. ഞാനത് കേട്ടില്ല.എന്നിട്ടും കഴിഞ്ഞ വർഷം എനിക്ക് ചെറുത് കുറച്ചെണ്ണം കിട്ടി. ഇപ്രാവശ്യം കാബേജ് ഇല കൂടിത്തുടങ്ങി...
                        ഗോബി മഞ്ചൂരിയനും കോളീഫ്ലവർ ഫ്രൈയും വായിൽ വെള്ളമൂറ്റുന്ന വിഭവങ്ങളാണ്. രണ്ട് വർഷം മുമ്പ് എന്റെ മുറ്റത്ത് നിന്ന് തന്നെ എനിക്ക് പറിക്കാൻ കോളീഫ്ലവർ ഉണ്ടായിരുന്നു.ഇത്തവണയും കോളീഫ്ലവർ മൊട്ടിട്ടു...
              ബ്രക്കോളിയും ഞാൻ ആദ്യമായിട്ടാണ് നടുന്നത്.ഇതുവരെ തിന്നിട്ടും ഇല്ല. ചെടി നീണ്ട് നിവർന്ന് നെഞ്ചും വിരിച്ച് നിൽക്കുന്നു...
                     പച്ച കാബേജ് സർവ്വ സാധാരണമാണ്. വയലറ്റ് കാബേജ് ഊട്ടിയിൽ പോകുന്ന സമയത്ത് അവിടെ കടകളിൽ കാണാറുണ്ട്. ഞാനും വച്ചു നോക്കി രണ്ട് മൂന്ന് തൈകൾ. ഇനിയും വളരാനുണ്ട്. പുഴു ഇല തിന്നാൻ തുടങ്ങി.
                    ഈ സാധനം ഞങ്ങൾക്കെല്ലാവർക്കും പുതിയ ഒരു പച്ചക്കറി ഐറ്റമാണ്. പേർ  നോൾ കോൾ എന്നാണത്രെ.ഭാഷ ഏത് എന്ന് അറിയില്ല.കാബേജ് ഫാമിലിയിൽ പെടുന്നതാണ്. നോൾ കോൾ വളർന്ന് പന്തുപോലെയായി. 
                 ഒന്നര വർഷം മുമ്പ്, പടർന്ന് പന്തലിച്ച  ഒരു കാരറ്റ് ചെടി ഉണ്ടായിരുന്നു. അത് ഒരു കുഞ്ഞ് കായ മാത്രം തന്നു. ഇത്തവണയും രണ്ട് ചെടി പിടിച്ച് വരുന്നുണ്ട്.

                 ഇതും അടുക്കളത്തോട്ടത്തിലെ നവാഗതനാണ്. മാർക്കറ്റിൽ മുഴുവൻ ചൈനീസ് മയമായപ്പോൾ പച്ചക്കറി ലോകവും മാറി നിന്നില്ല. ഇത് ചൈെനീസ് കാബേജ്.ഇല തോരൻ വയ്ക്കാം.വലുതായാൽ കാബേജ് പോലെ ഒരു സാധനവും കിട്ടും. ബഹുജോർ....
              കുറച്ച് മുളക് പറിച്ചപ്പോൾ കുസൃതിക്കുടുക്കകൾക്ക് അതുകൊണ്ട് തന്നെ കളിക്കണം. മണ്ണിലും മുളകിലും കളിച്ച് അവളും അവനും വളരട്ടെ എന്ന് ഞാനും കരുതി.

                 ഇതെല്ലാം എന്റെ വീട്ടുമുറ്റത്ത് കഷ്ടിച്ച് ഒരു സെന്റിൽ നിന്നുള്ള കാഴ്ചകളാണ്.
ഹരിത കേരളവും വിഷരഹിത പച്ചക്കറിയും ജൈവകൃഷിയും പ്രസംഗിച്ച് നടക്കുന്നതിനോടൊപ്പം ഒരു തൈ എങ്കിലും വീട്ടിൽ വച്ചാൽ കാണാനും രസം തിന്നാനും രസം...

Monday, January 01, 2018

ജനുവരി ഒന്ന്

പുതുവത്സരത്തിന്റെ
ആദ്യദിനം തന്നെ
അന്ത്യദിനമാകുന്ന
നിര്‍ഭാഗ്യ(ന്‍) ഞാന്‍.