Pages

Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

Wednesday, May 13, 2026

ഒരു സീസണൽ മാങ്ങാ കഥ

എൻ്റെ വീട്ടിൽ മൂന്ന് മാവുകൾ ഉണ്ട്. മാങ്ങാ സീസൺ ആകുമ്പോൾ അവയിൽ മാങ്ങ ഉണ്ടാകും. ഒരു മാവ് നല്ലവണ്ണം കായ്ക്കും; മറ്റ് രണ്ട് മാവുകളും അവസരം പാർത്തിരിക്കും. കഴിഞ്ഞ അഞ്ച് വർഷമായി ഇതായിരുന്നു സ്ഥിതി. ബട്ട്, ഈ വർഷം മൂന്ന് മാവുകളും മത്സരിച്ചങ്ങ് പൂക്കുകയും കായ്ക്കുകയും ചെയ്തു🥰.

അങ്ങനെ മാങ്ങ പഴുത്ത് വീഴാൻ തുടങ്ങി. ഒരു മാവിലെ മാങ്ങ അൽപം ചെറുതും ഉരുണ്ടതുമായിരുന്നു. തൊലിക്ക് നല്ല കട്ടിയും. മറ്റൊരു മാവിലെ മാങ്ങക്ക് പച്ചയും ചുവപ്പും കലർന്ന് ഒരു ഇരുനിറമായിരുന്നു. നല്ല വലിപ്പവും ഉണ്ടായിരുന്നു. അണ്ണാനും കാക്കക്കും വവ്വാലിനും എല്ലാം ആ മാങ്ങയായിരുന്നു ഇഷ്ടം. മൂന്നാമത്തെ മാവിലെ മാങ്ങക്ക് നല്ല വൃത്തിയുണ്ടായിരുന്നു. തടി എൻ്റെ പറമ്പിലാണെങ്കിലും അയൽക്കാരുടെ പറമ്പിലായിരുന്നു മാങ്ങ കൂടുതലും തൂങ്ങിയിരുന്നത്🫣.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് മാവുകളും കൂടി ഒരു മത്സരത്തിലാണ്. ആരുടേതാണ് ഏറ്റവും സുന്ദരൻ മാങ്ങ എന്നതാണ് മത്സരം. ഒറ്റ നോട്ടത്തിൽ ഏതൊരാൾക്കും അത് മനസ്സിലാകും എങ്കിലും മറ്റ് രണ്ട് മാവുകളും അത് വക വയ്ക്കുന്നില്ല🙄.

ഏതായാലും മാങ്ങകൾ മൂന്നും മേശപ്പുറത്ത് വെച്ച് ഞാൻ കാത്തിരിക്കുകയാണ്. വിരുന്നു പോയ ഭാര്യയും മക്കളും തിരിച്ച് വന്ന ശേഷം  ഒരു തീരുമാനമാക്കിയിട്ട് വേണം ചെത്തിയങ്ങ് തിന്നാൻ😆.

(ആർക്കെങ്കിലും എന്തിനോടെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കാലാവസ്ഥയുടെ പ്രശ്നമാണ്, ഞാൻ നിരപരാധിയാണ്😜)

Wednesday, March 25, 2026

ഒരു ഫേസ്ബുക്ക് ജുദ്ധം

രണ്ടാഴ്ച മുമ്പ് ഭാര്യയുടെ കുടുംബത്തിൽ ഒരു നോമ്പു തുറ സത്കാരം ഉണ്ടായിരുന്നു. ബാങ്ക് വിളി സമയത്തിൻ്റെ പതിനഞ്ച് മിനിറ്റ് മുമ്പ് ആണ് ഞാൻ സ്ഥലത്ത് എത്തിയത്.

"ആ... അളിയാ..." ഭാര്യയുടെ അമ്മാവൻമാരുടെ മക്കളും മൂത്തുമ്മമാരുടെ മക്കളും ബന്ധുക്കളും എല്ലാം ഹായ് പറഞ്ഞു. കൂട്ടത്തിൽ പലരും ഇതും കൂടി കൂട്ടിച്ചേർത്തു.

"ഫേസ്ബുക്കിൽ എന്നും കാണുന്നുണ്ട് ട്ടോ..." ഒരു ചിരി സമ്മാനിച്ച് ഞാൻ അടുത്ത ആൾക്ക് കൈ കൊടുത്ത് വീണ്ടും വീണ്ടും ഇത് കേട്ടു കൊണ്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം നാട്ടിലെ വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഓട്ടോഗ്രാഫ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയി.

"ഹ... എന്നെത്തി?" ദീർഘകാലമായി കണ്ടു മുട്ടാത്ത മിക്കവരും എന്നോട് ചോദിച്ചു.

"ദേ... ഇപ്പോ..." എവിടെ നിന്ന് എത്തിയ കാര്യമാണ് ഇവർ ചോദിക്കുന്നത് എന്നറിയാതെ ഞാൻ മറുപടി പറഞ്ഞു.

"ഫേസ്ബുക്കിൽ നിന്ന് എല്ലാം അറിയുന്നുണ്ട്..."  അവരിൽ പലരും പറഞ്ഞു.

കഴിഞ്ഞ ആഴ്ച പെരുന്നാൾ നമസ്കാരത്തിന് ഞാൻ ഈദ് ഗാഹിൽ പോയി. എന്നും ജോലിക്കായി രാവിലെ കോഴിക്കോട്ടേക്ക് പോന്ന് രാത്രിയാകുമ്പോൾ തിരിച്ച് വീടണയുന്ന എന്നെ നാട്ടുകാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ആണ്. പരിചയക്കാരെയും അല്ലാത്തവരെയും കണ്ട് ഞാൻ ഈദ് ആശംസകൾ നേർന്നു.

" റിട്ടയർ ചെയ്ത ശേഷം സ്ഥിരം യാത്രയിലാണല്ലേ ?" പലരുടെയും സംശയം അവർ അടക്കി വച്ചില്ല. റിട്ടയർ ചെയ്യാൻ ഇനിയും രണ്ട് വർഷം കൂടി ബാക്കിയുള്ള ഞാൻ ഒരു സംശയത്തോടെ നോക്കുമ്പഴേക്കും അടുത്ത വർത്തമാനം വന്നു.

"ഫേസ്ബുക്കിൽ വായിക്കുന്നുണ്ട്.."

ഇന്നലെ കോളേജിലെ മൂന്ന് സഹപ്രവർത്തകർ അവരുടെ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് ഒരു സൗഹൃദ വിരുന്ന് ഒരുക്കിയിരുന്നു. മുൻ കാലത്ത് ഒപ്പം വർക്ക് ചെയ്തവരെയും സ്ഥലം മാറിപ്പോയവരെയും എല്ലാം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പഴയ ആൾക്കാരെ കണ്ട് ഞാനും സൗഹൃദം പുതുക്കി.

"സാറ് പിന്നെ ഫേസ്ബുക്കിൽ നിറഞ്ഞാടുകയല്ലേ?" കണ്ടവനും കാണാത്തവനും ഒക്കെ തട്ടി വിട്ടു. 

സത്യത്തിൽ ഞാനിപ്പോ ജീവിച്ചിരിപ്പില്ലേ? ഫേസ്ബുക്കിൽ മാത്രമാണോ ജീവിച്ചിരിക്കുന്നത്? ഇന്നലെ മുഴുവൻ ഞാൻ ആലോചിച്ചു. അപ്പോഴേക്കും അതാ എൻ്റെ ഫേസ്ബുക്ക് വിളയാട്ടം മനസ്സിലാക്കിയ സുക്കർബർഗ് ചേട്ടൻ്റെ റെഡ് കാർഡ് ! 

"സൈബർ സെക്യൂരിറ്റിയിലുള്ള ഞങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായി നിങ്ങൾ പ്രവർത്തിച്ചതിനാൽ നിങ്ങളുടെ പ്രൊഫൈൽ എന്തിനോ റെക്കമെൻഡ് ചെയ്യില്ല" എന്നാണ് കുറ്റപത്രം വായിച്ച എനിക്ക് മനസ്സിലായത്.

നഷ്ടപ്പെടാൻ പോകുന്നത് നോബൽ സമ്മാനത്തിനുള്ള റെക്കമെൻഡേഷൻ ഒന്നുമല്ലാത്തതിനാൽ ഞാനും നല്ല ഒരു മറുപടിയങ്ങ് കൊടുത്തു. ഇറാനിൽ യുദ്ധം തുടങ്ങിയ ട്രമ്പ് അണ്ണൻ തന്നെ ഇത് ഒന്ന് നിർത്തി തരുമോ എന്ന് ഇറാനോട് പറയാതെ പറഞ്ഞ പോലെ, സൂക്കർ ചേട്ടൻ ഒരു മണിക്കൂറിനകം തന്നെ "നല്ല കുട്ടി" സർട്ടിഫിക്കറ്റ് തന്ന് എൻ്റെ അക്കൗണ്ട് പൂർവ്വ സ്ഥിതിയിലാക്കി!! (സത്യമായും എൻ്റെ മറുപടിയിൽ ഞാൻ അദ്ദേഹത്തിൻ്റെ അച്ഛനെയോ അമ്മയെയോ പരാമർശിച്ചിട്ടില്ല). അങ്ങനെ ആ ഫേസ്ബുക്ക് ജുദ്ധം സമാധാന പരമായി അവസാനിച്ചതിനാൽ Abid Areacode (https://www.facebook.com/share/1b6iiMyC11/) എന്ന പ്രൊഫൈലിൽ ഞാൻ വിളയാട്ടം തുടരും.

Saturday, January 03, 2026

ഹാപ്പി ന്യൂ ഇയർ

 "ഹാപ്പി ന്യൂ ഇയർ"

'ങേ!!ഇതെന്താ ഇവൻ ഇന്ന് ഹാപ്പി ന്യൂ ഇയർ ഇട്ടത്? ഇന്ന് മൂന്നാം തിയ്യതി ആയല്ലോ?' നാരായണൻ്റെ മെസേജ് ഗ്രൂപ്പിൽ കണ്ട ഞാൻ സ്തബ്ധനായി. അവനെ നേരിട്ട് വിളിച്ചു ചോദിക്കാനായി ഞാൻ നമ്പർ അമർത്തി.

"ഹലോ... നാരായണാ .."

"യെസ്... നാരായൺ ഹിയർ ..."

"നീ എന്താ ഇന്നും ഹാപ്പി ന്യൂ ഇയർ ഇട്ടത്? ഗുഡ് മോണിംഗ് തെറ്റിപ്പോയതാണെങ്കിൽ വേഗം ഡിലീറ്റ് ചെയ്തേക്ക്..." ഞാൻ ഉപദേശിച്ചു.

"ഏയ്... തെറ്റിയതൊന്നുമല്ല..... "

"പിന്നെ ?" എനിക്ക് അറിയാൻ ആകാംക്ഷയായി.

"അത്... ന്യൂ ഇയറിൻ്റെ കെട്ടും ഹാങ്ങോവറും കഴിഞ്ഞു വരുന്നവർക്ക് വേണ്ടിയാ.... അവർ മൂന്നാം പക്കമല്ലേ ഉയിർത്തെഴുനേൽക്കൂ..."

"ഓ... അതുശരി.. അപ്പോ അതൊന്നും ഇല്ലാത്തവരും ഇത് കാണില്ലേ?"

"അതിനെന്താ? അവർക്ക് ഒരു ഹാപ്പി ന്യൂ ഇയർ കൂടി വായിച്ചതു കൊണ്ട് എന്താ പ്രശ്നം?"

"ഓ അതും ശരിയാ..." ഞാൻ സമ്മതിച്ചു.

"പിന്നെന്തിനാ ഇപ്പോ എന്നെ വിളിച്ചത്?" നാരായണൻ്റെ മറുചോദ്യം വന്നു.

"ഒന്നുംല്ല.... ഹാപ്പി ന്യൂ ഇയർ..... നേരിട്ട് പറയാനാ... " 

'ഹൊ... ഈ പ്രാവശ്യത്തെ ന്യൂ ഇയർ ബെല്ലാത്ത ഒരു ജാതി തന്നെ...'
ആത്മഗതം ചെയ്തു കൊണ്ട് ഞാൻ വേഗം ഫോൺ വെച്ചു.

Thursday, January 01, 2026

ന്യൂഇയർ

ഇന്നലെ ബിനാലെയും ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷങ്ങളും ഫാമിലി സഹിതം കണ്ട് നാട്ടിലേക്ക് തിരിച്ചു പോരാനുള്ള ബസും കാത്ത് അങ്കമാലി KSRTC സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്നു. ക്ഷീണം കാരണം ഉറക്കം നന്നായി വരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് എൻ്റെ നേരെ മുമ്പിൽ വന്ന് ബ്രേക്കിട്ടത്.

ആരെയോ തല്ലാനുള്ള രീതിയിൽ കയ്യിൽ ഒരു കുപ്പിയുമായി (ലാത്തിയല്ല എന്ന് എനിക്കുറപ്പാ ) ഒരു പോലീസുകാരൻ ചാടിയിറങ്ങി. 

ന്യൂ ഇയറിൻ്റെ ഭാഗമായി ആകെ ഒരു ചായ മാത്രം കുടിച്ച എൻ്റെ നേരെ അയാൾ വരാൻ ഒരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ധൈര്യ സമേതം ഇരുന്നു.

"ഠേ" അയാൾ നേരെ എൻ്റെ തലക്ക് തന്നെ ഒരടി!

പെട്ടെന്ന് ഞാൻ തെന്നിമാറിയതിനാൽ ഇരിക്കുന്ന കസേരയിൽ നിന്നും താഴെ വീണു. ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ പോലീസും ഇല്ല ജീപ്പും ഇല്ല !!

മുന്നറിയിപ്പ്: ന്യൂ ഇയർ രാത്രി ഇങ്ങനെ പല സ്വപ്നങ്ങളും കാണാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പേടി വേണ്ട, ജാഗ്രത മതി.

എല്ലാവർക്കും സന്തോഷം നിറഞ്ഞ 2026 ആശംസിക്കുന്നു.

Friday, December 12, 2025

പുതിയ ഭരണസമിതി മുമ്പാകെ ....

അങ്ങനെ ഔദ്യാഗിക ജീവിതത്തിലെ അവസാനത്തെ ത്രിതല പഞ്ചായത്ത് ഇലക്ഷൻ ഡ്യൂട്ടിയും അവസാനിച്ചു. എൻ്റെ അനുഭവത്തിൽ നിന്ന് നിലവിൽ വരാൻ പോകുന്ന ഭരണ സമിതിയോട് താഴെ പറയുന്ന കാര്യങ്ങളിൽ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണം എന്നപേക്ഷിക്കുന്നു.

1. മിക്ക പഞ്ചായത്തിലും അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള കാഴ്ച മങ്ങിയവർ നിരവധിയുണ്ട്.ഒരു പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം വരെ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായതിനാൽ കാരണം കണ്ടെത്തൽ അടിയന്തിര പ്രാധാന്യമർഹിക്കുന്നു.

2. മേൽ പറഞ്ഞ രോഗികളിൽ കൂടുതലും സ്ത്രീകളാണ് എന്നതിനാൽ സ്ത്രീ ശാക്തീകരണക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണ്.

3. ഒരു പഞ്ചായത്തിലെ ഓരോ വാർഡിലും എല്ലാ സ്ഥാനാർത്ഥികളും കൂടി അവരവരുടെ വാർഡുകളിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപതി സ്ഥാപിക്കാൻ ശ്രദ്ധിയ്ക്കുക.

4. ഇതിന് ഭരണ സമിതി തയ്യാറല്ല എങ്കിൽ ഇലക്ഷന് ആറ് മാസം മുമ്പ് വരെ അന്ധത അനുഭവിക്കുന്നു എന്ന സർട്ടിഫിക്കറ്റ് വോട്ടിംഗ് സമയത്ത് ഹാജരാക്കാൻ നിർദ്ദേശം നൽകുക.

5. അതും സാധ്യമല്ല എങ്കിൽ അടുത്ത ഇലക്ഷൻ മുതൽ ഡ്യൂട്ടിക്ക് ഒരു കാഴ്ച പരിശോധകനെ കൂടി നിയമിക്കുക.


Saturday, December 06, 2025

ദ എൻജോയ്മെൻ്റ് ....2

ദ എൻജോയ്മെൻ്റ് .... 1 (Click & Read)

"നമ്മൾ പറഞ്ഞു വന്നത്...?" ഫോൺ വന്നത് കാരണം മുറിഞ്ഞു പോയ സംഭാഷണം സത്താർ പുനരാരംഭിച്ചു.

"എൻജോയ്മെൻ്റ്..." ഞാൻ പറഞ്ഞു.

"...ഇപ്പോ വിളിച്ചതും ഞാൻ പറഞ്ഞതും നീ കേട്ടില്ലേഭരണ കക്ഷിക്കാരാണ് വിളിച്ചത്... അവരുടെ സ്ഥാനാർഥി ആകണം എന്ന് ... ർണിം..... ർണിം..." സത്താറിൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചുനേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ സത്താർ ആവർത്തിച്ചുഫോൺ കട്ട് ചെയ്ത് എന്നോട് എന്തോ പറയാൻ ഭാവിച്ചതും അടുത്ത കാൾ വന്നുഅത് സത്താർ തന്നെ കട്ട് ചെയ്തു.

"കണ്ടില്ലേ... ഇതാണ് എൻജോയ്മെൻ്റ് .. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഒക്കെയാണ് വിളിക്കുന്നത്... ഇത്രയും കാലം ആരും അറിയാത്ത സത്താർ ഇപ്പോ ആരായി?''

"ഉം…ഞാൻ മൂളി.

"എല്ലാവരെയും ഒന്ന് മുൾമുനയിൽ നിർത്താൻ  സത്താറിന് കഴിയോന്ന് നോക്കട്ടെ .."

"ഉം...ബെസ്റ്റ് എൻജോയ്മെന്റാ... ഇരുട്ടടി കിട്ടുന്നത് കരുതിക്കോ..." ഞാൻ മുന്നറിയിപ്പ് നൽകി.

"ഏയ് ....ഒരിക്കലുമില്ല..."

"നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..." ഞാൻ യാത്ര പറഞ്ഞിറങ്ങി.

സത്താർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലവിലുള്ള തീരുമാനം സത്താർ മാറ്റിയില്ല.

"മാനുപ്പാ... നീ ഒരു വഴി പറഞ്ഞിരുന്നല്ലോ? അതെന്തായി?" ബൂത്ത് ലെവൽ കമ്മിറ്റി യോഗത്തിൽ ആരോ ചോദിച്ചു.

"നമ്മളെ സ്ഥാനാർത്ഥിയാക്കാൻ ഞാൻ കുറെ ശ്രമിച്ചു. "

"ജയിക്കുന്ന സീറ്റിൽ ആരെങ്കിലും തോൽക്കാൻ വേണ്ടി നിൽക്കുമോ?" ആരുടെയോ യാഥാർത്ഥ്യ ബോധം ഉണർന്നു.

"ഇനി ചെറ്യാപ്പുവിനെക്കൊണ്ട് പറയിപ്പിച്ച് നോക്കാം.." മാനുപ്പ നിർദ്ദേശിച്ചു

"എന്നാ അതും കൂടി ഒന്ന് ശ്രമിക്കാം.."

അങ്ങനെ ചെറ്യാപ്പു സത്താറിൻ്റെ വീട്ടിലെത്തി.

"ആഹാ... ആരാദ് ? ചെറ്യാപ്പുവോ...?" ചെറ്യാപ്പു വരുന്നത് കണ്ട സത്താർ ആശ്ചര്യപ്പെട്ടു.

"... അന്നോട് ഒരു ഇംപോർട്ടൻ്റ് കാര്യം പറയാനാ ഞാൻ വന്നത്..." 

".... എന്ത് പൊട്ടൻ കാര്യവും പറഞ്ഞോളൂ.." 

"അതേയ്... ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ് .." ചെറ്യാപ്പു സത്താറിനെ ഒരു മൂലയിലേക്ക് മാറ്റി പതുക്കെ പറഞ്ഞ് തുടങ്ങി.

"...."

"എങ്ങനെയും ഭരണത്തിൽ എത്തുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്.."

" ഉം"

"അപ്പോ വാർഡിലെ വോട്ടുകൾ സ്പ്ലിറ്റ് ആയിക്കൂടാ..."

"ങാ.."

"നീ സ്ഥാനാർത്ഥിയായി നിന്നാൽ ഞങ്ങൾക്ക് ക്ഷീണം തട്ടും.."

"ഹാ.."

"അതോണ്ട്.."

"??"

"നീ പിൻമാറണം ...... ഫ്ലക്സ് ബോർഡ് അഴിച്ച് മാറ്റണം ....."

".കെ. ചെറ്യാപ്പോ... നീ പറഞ്ഞാൽ പിന്നെ എതിരില്ല. പക്ഷേ, സ്സ് ... വുസ്.... സ് ... സു... സ്..." സത്താർ ചെറ്യാപ്പുവിൻ്റെ കാതിൽ മന്ത്രിച്ചു.

"അതൊക്കെ ഞാൻ ഏറ്റു.... ഇന്നാ ... " ചെറ്യാപ്പു ട്രൗസറിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിക്കെട്ടെടുത്ത് സത്താറിൻ്റെ കയ്യിൽ കൊടുത്തു. ചെറ്യാപ്പു സന്തോഷത്തോടെ മടങ്ങി. സത്താർ ഒരു കള്ളച്ചിരിയോടെ വീട്ടിനകത്തേക്ക് കയറി.

* * * * * *

"സത്താറേ ... എന്തായി, നീ നോമിനേഷൻ കൊടുത്തോ?" പിറ്റേന്ന് ഞാൻ സത്താറിനെ വിളിച്ചു.

"ഹും... ഇനക്ക് പിരാന്തുണ്ടോ അത് കൊടുക്കാൻ.... ജയിച്ചാൽ ആകെ കിട്ടാൻ പോണത് മാസം ഏഴായിരം ഉലുവ....അതിന് വാർഡിലെ കക്കൂസുകൾ വരെ കഴുകേണ്ടി വരും…"

"എന്നിട്ട് എന്താക്കി ?"

"ഞാൻ നോമിനേഷൻ കൊടുത്തില്ല.."

"അപ്പോ ഇത്രയും ദിവസം ആ ചെക്കന്മാർക്ക് കൊടുത്ത ഭക്ഷണത്തിന്റെയും മറ്റും  ചെലവ് ?"

"അതല്ലേ ഇതിലെ ഏറ്റവും വലിയ എൻജോയ്മെൻ്റ്..... ഒക്കെ ലാഭത്തിൽ കലാശിച്ചു .... ചെലവ് കഴിച്ച് ബാക്കി കൊണ്ട് നമ്മളെ ചെക്കന്മാർക്ക് ഒരു ടൂറും റെഡിയാക്കി. അവർ ആ ഫ്ലെക്സ് അഴിച്ച് വണ്ടിക്ക് മുന്നിൽ കെട്ടി ഇന്ന് രാവിലെ ബാംഗ്ലൂർക്ക് ടൂർ പോയി.."

"യാ കുദാ... " ഞാൻ തലയിൽ കൈ വെച്ചു.

"ആബിദേ...ജീവിതം എൻജോയ്മെൻ്റ്നാണ് .... എൻജോയി ... പിന്നിം എൻജോയി ...... ഇപ്പോ അവരും ഹാപ്പി.... ഞാനും ഹാപ്പി...... എൻ്റെ ചങ്ക്  ചെക്കൻമാരും ഹാപ്പി... ഇനി അടുത്ത എലെക്ഷൻ വരുമ്പോഴല്ലേ? അത് അപ്പോൾ നോക്കാം..." 

അപ്പോഴാണ് സത്താറിൻ്റെ എൻജോയ്മെൻ്റിൻ്റെ രഹസ്യം  എനിക്ക് പിടികിട്ടിയത്.

Thursday, December 04, 2025

ദ എൻജോയ്മെൻ്റ് ....1

'എട്ടാം വാർഡിലേക്ക് അബ്ദുൾ സത്താറിന് (ചെറ്യമാൻ) സ്വാഗതം' എന്ന ഫ്ലക്സ് കണ്ടാണ് അന്ന് നാടുണർന്നത്

'ങേ! ചെറ്യമാനോ?' സ്ഥാനാർത്ഥി കുപ്പായം തുന്നി നില്ക്കുന്നവരും തുന്നാൻ പോകുന്നവരും എല്ലാം ഒരു ഞെട്ടൽ രേഖപ്പെടുത്തി. കാരണം നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനാണ് ചെറ്യമാൻ. അവൻ മത്സരിച്ചാൽ ആര് എതിര് നിന്നാലും ജയിക്കാൻ പോകുന്നില്ല എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

'ഇതിപ്പോ മറ്റവന്മാരുടെ പരിപാടിയാ...' നാട്ടിലെ പ്രധാന കക്ഷികൾ പരസ്പരം പഴിചാരാൻ തുടങ്ങി.

'എന്നാലും ആരായിരിക്കും ഫ്ലക്സ് കെട്ടിയത്?' എല്ലാ കക്ഷികളും അവനവൻ്റെ ഓഫീസിൽ ഇരുന്ന് തല പുകയ്ക്കാൻ തുടങ്ങി.

"മീത്തലെ കാത്തു തൂങ്ങിച്ചത്ത കശുമാവിലാണ് ഫ്ലക്സ് കെട്ടിയത്. പകൽ സമയത്ത് പോലും അവിടെ എത്തുമ്പോൾ എല്ലാവരും വേഗത കൂട്ടി നടക്കാറാണ് പതിവ്. അവിടെ രാത്രി ഫ്ലക്സ് കെട്ടിയവനെ എന്തായാലും സമ്മതിക്കണം..." മീറ്റിംഗിൽ ആരോ പറഞ്ഞു.

"പാത്തുവോ ? ഏത് പാത്തു?" കമ്മിറ്റിയിലെ ഒരു ന്യൂജെൻ ചോദിച്ചു.

"പാത്തുവല്ല... കാത്തു...നീയൊക്കെ ജനിക്കുന്നതിനും പത്ത് പതിനഞ്ച് വർഷം മുമ്പ് നടന്ന സംഭവമാ. പഞ്ചായത്തിലെ ആദ്യത്തെ തൂങ്ങി മരണം ...." കൂട്ടത്തിലെ കാരണവർ വിശദീകരിച്ചു.

"ആഹാ.. അപ്പോ പഞ്ചായത്ത് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് കാത്തു അല്ലേ?" 

"ഫൂ!! തങ്കലിപി... കാത്തു ആരായിരുന്നു എന്ന് നിനക്കറിയാത്തത് കൊണ്ടാ... ... അതു വിട്... ചർച്ച വഴിമാറും.."

"ഇനി ഒരൊറ്റ വഴിയേ ഉള്ളൂ ..." ഇത്തവണ സീറ്റ് കിട്ടാത്ത മാനുപ്പ പറഞ്ഞു. എല്ലാവരും അയാളുടെ വായിലേക്ക് നോക്കി.

"പറയൂ... എന്താണാ വഴി?" എല്ലാവർക്കും അറിയാൻ ആകാംക്ഷയായി.

"അതിൻ്റെ വരും വരായ്കളെപ്പറ്റി ഞാനൊന്ന് ആലോചിക്കട്ടെ ... എന്നിട്ട് പറയാം...." തൻ്റെ നേരെ തിരിഞ്ഞ എല്ലാ കണ്ണുകളിലേക്കും നോക്കിക്കൊണ്ട് മാനുപ്പ പറഞ്ഞു.

* * * *

ഇതേ സമയം സത്താറിൻ്റെ വീട്ടിൽ ചെറുപ്പക്കാരുടെ ഒരു സമ്മേളനം തന്നെ നടക്കുകയാണ്. സത്താർ മത്സരിക്കുന്നു എന്നറിഞ്ഞ് വന്നവരാണവർ. രാവിലെ തന്നെ നാല് കിലോ പഞ്ചസാരയും രണ്ട് കിലോ ചെറുനാരങ്ങയും അലിഞ്ഞ് ചേർന്ന് പല വായിലൂടെയും ചോർന്ന് പോയി. ഉച്ചയ്ക്കും ഇവരാരും വിട്ടു പോകാൻ സാധ്യത ഇല്ല എന്ന് സത്താറിന് മനസ്സിലായി. കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് എണ്ണുമ്പോൾ അവരുടെ സ്ഥാനാർത്ഥിയും പ്ലേറ്റ് എണ്ണുമ്പോൾ നമ്മുടെ സ്ഥാനാർത്ഥിയും ജയിക്കുന്ന വിചിത്ര സ്വഭാവം ഉണ്ടാകരുത് എന്ന് സത്താർ തീരുമാനിച്ചിരുന്നു. അതിനാൽ നെയ്ചോറിലേക്കുള്ള കറിയിൽ പീസ് കുറഞ്ഞാലും വേണ്ടില്ല, വെള്ളം കൂടണം എന്ന പ്രത്യേക നിർദ്ദേശം സത്താർ കുശ്നിക്കാരന് നൽകിയിരുന്നു

ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട വിവരം മൂന്നാം ദിവസം വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഞാനറിഞ്ഞത്. അപ്പോൾ തന്നെ സത്താറിനെ സന്ദർശിച്ച് വിവരങ്ങൾ അറിയാം എന്ന് കരുതി ഞാൻ അവൻ്റെ വീട്ടിലേക്ക് പുറപ്പെട്ടുസത്താറിൻ്റെ കൂടെയുള്ള യൂത്തന്മാർ നെയ്ച്ചോർ തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവിടെ എത്തിയത്. സത്താർ എന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു.

"നല്ല സമയത്താ നീ എത്തിയത്..." എൻ്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സത്താർ പറഞ്ഞു. മുറ്റത്തും അരമതിലിലും കോലായിലും എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തായിരുന്നു എൻ്റെ കണ്ണ്.

"ആബിദേ... അത് നോക്കണ്ട... ഇതൊക്കെ ഒരു എൻജോയ്മെൻ്റ് ആണ്. വെറും എൻജോയ്മെൻ്റ്" എൻ്റെ നോട്ടം ശ്രദ്ധിച്ച സത്താർ പറഞ്ഞു.

"നാട്ടാർക്ക് മുഴുവൻ ഭക്ഷണം കൊടുക്കുന്നത് നല്ലത് തന്നെ.... പക്ഷെ, അതിൽ എൻജോയ്മെൻ്റ് എങ്ങനാ?" മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.

"അനക്കറിയോ ഇപ്പോ എൻ്റെ വയസ്സ് 54... ഇനി ഒരു തെരഞ്ഞെടുപ്പ് വരുമ്പഴേക്കും വയസ്സ് 59 ... അന്ന് വാർഡ് വനിതാ സംവരണം ആകും..... അതും കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ എൻ്റെ വയസ്സ് 64..... അന്ന് വാർഡ് പട്ടികജാതി സംവരണം ആകും ..... പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ എൻ്റെ വയസ്സ് 69 ... അന്ന് തെരഞ്ഞെടുപ്പ് നടക്കും... പക്ഷേ,സത്താർ ജീവിച്ചിരിക്കോ ഇല്ലേ എന്നറിയില്ല.." വീട്ടിനകത്തേക്ക് നടക്കുന്നതിനിടയിൽ സത്താർ പറഞ്ഞു.

"ങാ..... അതൊക്കെ ശരി... അപ്പോളും എൻജോയ്മെൻ്റ് എനിക്ക് മനസ്സിലാകുന്നില്ല ..." 

" ... അത് പറയാം... ർണിം... ർണിം..." സത്താറിൻ്റെ ഫോൺ ബെല്ലടിച്ചു.എന്നോട് പറഞ്ഞ അതേ സംഗതികൾ അവൻ ഫോണിലൂടെയും പറയുന്നത് ഞാൻ കേട്ടു.

(തുടരും....)

Saturday, November 01, 2025

കൂറമ്മായി

"ങേ!!" രാവിലെ തന്നെ ബാത്റൂമിൽ കണ്ട കാഴ്ച ആബു മാസ്റ്ററെ ഞെട്ടിച്ചു. മാസ്റ്റർ അൽപം കൂടി അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കി.

'രണ്ടിൻ്റെയും ശ്വാസം നിലച്ചിട്ടുണ്ട്' ആബു മാസ്റ്റർ ആത്മഗതം ചെയ്തു. തൊട്ടുനോക്കി ഉറപ്പ് വരുത്താൻ പറ്റുമായിരുന്നെങ്കിലും തൻ്റെ വിരലടയാളം പറ്റി പൊല്ലാപ്പാകാൻ സാധ്യതയുള്ളതിനാൽ മാസ്റ്റർ അതിന് മുതിർന്നില്ല.

'അതെങ്ങനെയായിരിക്കും സംഭവിച്ചത്?' രണ്ടിൻ്റെയും കിടപ്പ് കണ്ട ആബു മാസ്റ്റർ വീണ്ടും കൂലംങ്കുഷമായി ചിന്തിച്ചു. രാവിലെ തന്നെ തല പുകഞ്ഞതല്ലാതെ മാസ്റ്റർക്ക് ഒരു പിടിയും കിട്ടിയില്ല. എങ്കിലും സംഭവത്തിൻ്റെ കിടപ്പ് അത്ര പന്തിയല്ല എന്ന് തോന്നിയതിനാൽ ആബു മാസ്റ്റർ കേസ്, നിർമ്മിത ബുദ്ധിമാനായ മെറ്റ . ക്ക് വിട്ടു.

'കൂറാച്ചി v/s കൽക്കുഞ്ഞൻ' എന്ന് ടൈപ്പ് ചെയ്ത് ആബു മാസ്റ്റർ കാത്തിരുന്നു. മെറ്റ എവിടെയൊക്കെ പോയി തപ്പി നോക്കി, വട്ടം കറങ്ങി കറങ്ങി സംപൂജ്യ വിനയ കുനയാന്വിതനായി കറക്കം നിർത്തി.

മെറ്റയെ പാട്ടിന് വിട്ട് ആബു മാസ്റ്റർ നേരെ ചാറ്റ് ജിപിടിയിലേക്ക് വെച്ചു പിടിച്ച് മേൽ പറഞ്ഞത് തന്നെ ടൈപ്പ് ചെയ്തു.ഉത്തരമായി 'നിങ്ങൾക്ക് ഹാസ്യ കഥ വേണോ അതോ കവിത വേണോ' എന്ന ചോദ്യം നേരത്ത് തന്നോട് ചോദിക്കാൻ തോന്നിയ അവൻ്റെ വലിയ മനസ്സിനെ ആബു മാസ്റ്റർ മനസ്സ് നിറയെ ചീത്ത വിളിച്ചു.

പരാജയപ്പെട്ടിടത്ത് ആം തോല്ക്കരുത് എന്ന് ആബു മാസ്റ്റർ ദൃഢപ്രതിജ്ഞ (നിശ്ചയം അല്ല, പ്രതിജ്ഞ തന്നെ - അതാവുമ്പോ ആവശ്യാനുസരണം മാറ്റാമല്ലോ) ചെയ്തു.ശേഷം മഴക്കാറിനിടയിലൂടെ മുറ്റത്ത് വീഴുന്ന സൂര്യകിരണങ്ങൾ നഗ്ന തലയിൽ ഏറ്റുവാങ്ങി വീണ്ടും ചിന്താവിഷ്ടനായി. അപ്പോഴാണ് . ക്ക് ഒരു ക്ലൂ കൊടുത്ത് ഒരവസരം കൂടി നൽകാം എന്ന് മാസ്റ്ററുടെ മെഡുല മണ്ണാങ്കട്ട ഉപദേശിച്ചത്.മെറ്റ . വെറും ചെറ്റ .  ആണെന്ന തിരിച്ചറിവിൽ ആബു മാസ്റ്റർ അന്വേഷണ ചുമതല ഇത്തവണ ജെമിനിക്ക് നൽകി.

"കൽക്കുഞ്ഞൻ" ആബു മാസ്റ്റർ വോയിസ് ടു ടെക്സ്റ്റ് പറഞ്ഞു.

"അൽ കുഞ്ഞാൻ" സ്ക്രീനിൽ തെളിഞ്ഞു വന്നു.

"ഛെ!!കൽ... നോട്ട് അൽ

"ചെങ്കനൽ" സ്ക്രീനിൽ വീണ്ടും ഡിസ്പ്ലേ വന്നു.

'ഒലക്കൻ്റെ മൂട് ' ആത്മഗതം ചെയ്തു കൊണ്ട് ആബു മാസ്റ്റർ ജെമിനിയും ക്ലോസ് ചെയ്തു.

പെട്ടെന്നാണ് തൻ്റെ ദൃഢ പ്രതിജ്ഞ ആബു മാസ്റ്റർക്കോർമ്മ വന്നത്.ലോകത്തിലെ സർവ്വ വിവരങ്ങളും തലച്ചോറിൽ കയറ്റി വച്ച ഗൂഗിൾ അമ്മായിക്ക് ഒരവസരം നൽകി നോക്കാം എന്ന് കരുതി ആബു മാസ്റ്റർ വോയിസ് ടു ടെക്സ്റ്റ് വീണ്ടും ഞെക്കി.

"പഴുതാര കൂറയെ കുത്തിയാൽ" കണ്ഠം ശുദ്ധീകരിച്ച്  ശുദ്ധ മലയാളത്തിൽ ആബു മാസ്റ്റർ പറഞ്ഞു. ശേഷം ഓണം ബമ്പർ റിസൾട്ട് നോക്കുന്ന ആൻറപ്പനെപ്പോലെ സ്ക്രീനിൽ ടൈപ്പ് ചെയ്ത് വരുന്നതിലേക്ക് നോക്കി.

"നയൻതാര സൂറയെ കുത്തിയാൽ .."  ഓട്ടോ കറക്ഷൻ കഴിഞ്ഞ് സ്ക്രീനിൽ കണ്ടത് വായിച്ച മാസ്റ്ററുടെ പല്ലിറുമ്മിപ്പോയി.

തൽക്കാലം നിർമ്മിത ബുദ്ധിമാനെക്കാളും പണിക്ക് നല്ലത് തൻ്റെ സ്വന്തം ബുദ്ധി തന്നെയാണ് എന്ന വസ്ത്രമില്ലാത്ത സത്യം ആബു മാസ്റ്റർ മനസ്സിലാക്കി. പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കാനായി ആബു മാസ്റ്റർ വീണ്ടും ബാത്റൂമിൽ എത്തി.

"ങ്ങേ!!" പിന്നെയും ങ്ങേ !! തുടർന്ന് 'ങ്ങേ' യുടെ ഒരു മാലപ്പടക്കം എന്ന രൂപത്തിൽ ആബു മാസ്റ്റർ ഞെട്ടി ഞെട്ടി വീണ്ടും ഞെട്ടി. കാരണം ചത്ത രണ്ടെണ്ണവും എണീറ്റ് പോയിരിക്കുന്നു!

"എടിയേ !" ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു.

"എന്താ..?" മാസ്റ്ററുടെ വിളിയുടെ കുതിരശക്തി കാരണം ഭാര്യ കുഞ്ഞിമ്മു പെട്ടെന്ന് വിളി കേട്ടു.

"ഇന്ന് രാവിലെ ബാത് റൂമിൽ രണ്ട് ഡെഡ് ബോഡികൾ ഉണ്ടായിരുന്നു..... "

"ങ്ങാ.." ഒരു കൂസലുമില്ലാതെ കുഞ്ഞിമ്മു സമ്മതിച്ചു.

"ഇപ്പോൾ അത് കാണാനില്ല... രണ്ടും എണീറ്റ് പോയി"

"എണീറ്റ് പോയതൊന്നുമല്ല, ഞാനെടുത്ത് പുറത്തേക്കിട്ടതാ..."

"എന്നാലും ആര് ആരെ കുത്തിയപ്പോഴായിരിക്കും .....?" ആബു മാസ്റ്റർ പുകഞ്ഞ് പുകഞ്ഞ് കരി പിടിച്ച തൻ്റെ സംശയം പുറത്തേക്കിട്ടു.

"ചോദ്യം മനസ്സിലായില്ല..." 

"അതായത് കൽക്കുഞ്ഞൻ എന്ന പഴുതാരയും കൂറാച്ചി എന്ന പാറ്റയും..."

"അവർ കാശിക്ക് പോയ കഥ പറയാതെ നിങ്ങൾ കാര്യം പറയ് .... "

"പറയട്ടെ ... അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് ഞാൻ കണ്ടതാ..."

"എന്നിട്ട് ... രണ്ടിനെയും നിങ്ങൾ വെറുതെ വിട്ടു..."

"അത്... പിന്നെ ... രണ്ടും എൻ്റെ മേലേക്ക് ഓടിക്കയറും എന്ന് കരുതി ഞാൻ വേഗം പുറത്തിറങ്ങി.... "

"എന്നിട്ട്?"

"പിന്നെ അര മണിക്കൂർ കഴിഞ്ഞ് വന്നപ്പോൾ രണ്ടും ചത്ത് കിടക്കുന്നു...''

"എന്നിട്ട് ?"

"അതിൻ്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത്. കൽക്കുഞ്ഞൻ കൂറയെ കുത്തി ...... കൂറ ചത്തു. പിന്നെ ചത്ത കൂറ കുത്തി കൽക്കുഞ്ഞനും ചത്തു..."

" ഹാ... അതാണോ സംശയം ?"

"ങാ... ഞാൻ മെറ്റ . യോടും ചാറ്റ് ജി.പി.ടി യോടും ജെമിനിയോടും ഗൂഗിളമ്മായിയോടും എല്ലാം ചോദിച്ചു..."

"എല്ലാ പെണ്ണുങ്ങളോടും ചോദിച്ചു. എന്നോട് മാത്രം ചോദിച്ചില്ല..."

"അത്... അത് പിന്നെ ..." ആബു മാസ്റ്റർ നിന്ന് പരുങ്ങി.

"നിങ്ങൾ ബാത് റൂമിൽ നിന്നും ഇറങ്ങിപ്പോയ ശേഷം ഞാൻ അവിടെ കയറി... ഇവരുടെ തൊട്ടുകളിയും ആട്ടക്കളിയും കണ്ട് എനിക്കങ്ങട്ട് കലി കയറി..."

"എന്നിട്ട്??" ആബു മാസ്റ്റർ ഭാര്യയുടെ അടുത്ത് നിന്ന് അൽപം പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു.

"കഴിഞ്ഞ തവണ എനിക്ക് ഒരു കുത്ത് കിട്ടിയ അരിശം തീർക്കാൻ ചെരുപ്പെടുത്ത് കൽക്കുഞ്ഞനെ ഒറ്റയടി.... ട്ടേ!" 

"ങാ.." ആബു മാസ്റ്റർ മൂളി.

"കൃത്യം സമയത്ത് തന്നെ കൂറ അങ്ങോട്ട് പാഞ്ഞ് വന്നു ... ഒരു അടിയ്ക്ക് രണ്ട് കക്ഷി..."

"ഒരു വെടിക്ക് രണ്ട് പക്ഷി എന്നാ ഞാൻ പഠിച്ചത് ...എന്നിട്ട്?" 

"അപ്പോഴാണ് സൂറമ്മായിയുടെ ഫോൺ വന്നത്..."

കൂറ ചത്തപ്പോ തന്നെ സൂറമ്മായീടെ ഫോൺആബു മാസ്റ്റർ ആത്മഗതം ചെയ്തു.

"സൂറമ്മായി രാവിലത്തെ ചായ വിശേഷങ്ങളും ഇന്നലത്തെ മഴ വിശേഷങ്ങളും കുഞ്ഞാളൂൻ്റെ കല്യാണ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പറഞ്ഞ് തീർന്നപ്പോഴേക്കും ഞാൻ കൂറാച്ചിയെ മറന്നു പോയി..."

"അത് നന്നായി ..''

"അപ്പോഴായിരിക്കും നിങ്ങള് പിന്നിം ബാത്റൂമിൽ കയറി രണ്ടെണ്ണം മയ്യിത്തായി കിടക്കുന്നത് കണ്ടതും ആവശ്യമില്ലാതെ അതിൻ്റെ പിന്നാലെ കൂടിയതും..."

"യാ കുദാ ...!!" ഭാര്യയുടെ വിവരണം കേട്ട് ആബു മാസ്റ്റർ തലയിൽ കൈവച്ചു നിന്നു പോയി

"ഇനി ഇമ്മാതിരി വല്ലതും കണ്ടാലേ ... ഏതെങ്കിലും അമ്മായികളോട് ചോദിക്കാൻ നിക്കണ്ട...'' മുന്നറിയിപ്പ് കൊടുത്ത് കുഞ്ഞിമ്മു അടുക്കളയിലേക്ക് നീങ്ങി.

"ഇല്ല... കൂറമ്മായിയോട് ചോദിച്ചോളാം...." ആബു മാസ്റ്റർ ആത്മഗതം ചെയ്തു.