ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരു എഴുത്ത്കാരനാണ് നിസാർ ഇൽത്തുമിഷ്. ഏതോ ഒരു കൃതിയിലെ (പേര് ഓർക്കുന്നില്ല) എന്തോ ഒരു വിവാദ പരാമർശമാണ് എൻ്റെ നാട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരത്തിൽ താമസിക്കുന്ന ഈ എഴുത്തുകാരൻ്റെ പുസ്തകങ്ങളിലേക്ക് എൻ്റെ ശ്രദ്ധ തിരിച്ചത്. അതിനാൽ തന്നെ മാർക്കറ്റിൽ ലഭ്യമായ അദ്ദേഹത്തിൻ്റെ നാല് പുസ്തകങ്ങൾ ഞാൻ ഒരുമിച്ച് വാങ്ങി.
കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള മുനീർ എന്ന മുസ്ലിമായ ഒരു വ്യക്തി കാശിയിലെത്തി പൂർണ്ണാനന്ദ എന്ന സന്യാസിയായി മാറുന്നതാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നോവലിൻ്റെ ഇതിവൃത്തം. പേര് കേൾക്കുമ്പോൾ തന്നെ ആരെയും ഒന്നമ്പരപ്പെടുത്തുന്ന പോലെയുള്ള പ്രവൃത്തികളാണ് പൂർണ്ണാനന്ദ കാശിയിൽ ചെയ്യുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം മോക്ഷം പ്രതീക്ഷിച്ച് കാശിയിലെത്തിച്ച് ചിതയിൽ വെച്ച മൃതശരീരങ്ങളുടെ ചെവിയിൽ ആയത്തുൽ കുർസി എന്ന ഖുർആനിലെ സൂക്തം ഉരുവിടുന്ന ഒരു സന്യാസിയെ സങ്കല്പിക്കാൻ പോലും പറ്റാത്ത ഒരു കാലത്താണ് നിസാർ ഈ കഥ പറയുന്നത് എന്നത് ഏറെ അത്ഭുതകരമാണ്.
മുനീറിൻ്റെ കുട്ടിക്കാലത്തെ വിവരണങ്ങളാണ് എനിക്ക് ഇതിൽ ഏറെ ഹൃദ്യമായി തോന്നിയ ഭാഗം. 1970 - 80 കളിൽ ജനിച്ച മിക്ക കുട്ടികളും കടന്നുപോയ ഒരു ബാല്യകാലം ഇതിൽ വളരെ ഹൃദ്യമായ രീതിയിൽ എഴുതി വെച്ചിരിക്കുന്നു. അത് വായിക്കുന്ന നാല്പതു കഴിഞ്ഞ ഏതൊരാൾക്കും ആ ഓർമ്മകൾ മനസ്സിൽ തിങ്ങി നിറയും. പുതിയ ജനറേഷൻ ഇതൊന്നും അനുഭവിക്കാത്തതിനാൽ അത് അത്ര രുചികരമായി തോന്നും എന്ന് എനിക്ക് അഭിപ്രായമില്ല.
പട്ടിണിയും പ്രണയവും പകയും എല്ലാം ഈ നോവലിൻ്റെ വിവിധ ഭാഗങ്ങളിൽ കടന്നു വരുന്നുണ്ട്. കഥാനായകൻ മുനീറിൻ്റെ ബാല്യകാല സുഹൃത്ത് അബ്‌ദുവുമായുള്ള ചങ്ങാത്തത്തിൻ്റെ ആഴം അവരുടെ വേർപിരിയലിൻ്റെ നിമിഷങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ശരിക്കും അനുഭവപ്പെടും. പേ ബാധിച്ച് അബ്‌ദു മരിക്കാൻ കിടക്കുന്ന നിമിഷം ഹൃദയഭേദകമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.
ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങളുടെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളിലും ആത്മശാന്തി തേടി മുനീർ എത്തുന്നുണ്ട്. നോവലിലെ പരാമർശ വിഷയം എന്തുമാകട്ടെ, ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ നന്മകളും സുഹൃത് ബന്ധത്തിന്റെ അഗാധമായ ആഴവുമെല്ലാം നിറഞ്ഞ് നിൽക്കുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന കൃതി മികച്ച ഒരു വായനാനുഭവം നല്‍കുമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം.
പുസ്തകം : നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
രചയിതാവ് : നിസാർ ഇൽത്തുമിഷ്
പബ്ലിഷർ : മാൻകൈൻഡ് ലിറ്ററേച്ചർ
പേജ് : 192
വില : Rs 325

1 comments:
എനിക്കിഷ്ടായി ....
Post a Comment
നന്ദി....വീണ്ടും വരിക