Pages

Tuesday, November 03, 2026

മമ്മൂട്ടിയെ കണ്ട നിമിഷങ്ങൾ

ഞാൻ കണ്ട സിനിമകളുടെ എണ്ണമെടുക്കാൻ എന്റെ കൈയിലെയും കാലിലെയും വിരലുകൾ ഒന്നര പ്രാവശ്യം മാത്രം മതിയാകും എന്നാണ് ഞാൻ കരുതുന്നത്.ഇൻ അദർ വേർഡ്‌സ് എന്തുകൊണ്ടോ സിനിമ കാണുന്നത് എനിക്ക് അത്ര പ്രിയപ്പെട്ട സംഗതിയല്ല.ചെറുപ്പത്തിൽ വീട്ടിൽ നിന്നുള്ള എതിർപ്പ് കൊണ്ടായിരുന്നു സിനിമ കാണാതിരുന്നതെങ്കിൽ, ഇപ്പോൾ സ്വതന്ത്രമായി കാണാൻ സാധിക്കുമായിരുന്നിട്ടും അതിന് താല്പര്യമില്ല.ഫോണിലും ലാപ്ടോപ്പിലും സിനിമകൾ ധാരാളം ലഭ്യമായ ഈ കാലത്തും സമയം കൊന്ന് സിനിമ കാണുന്ന പരിപാടി ഇഷ്ടമില്ലാത്തതിനാൽ എൻ്റെ സിനിമാ ഗ്രാഫ് താഴെ തന്നെയാണ്.

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സിനിമ കാണാത്തതിന്റെ സൈഡ് എഫക്ട്  ഞാൻ മനസ്സിലാക്കിയത്.സൂപ്പർ സ്റ്റാറുകളായി വിലസിയിരുന്ന മമ്മൂട്ടിയും മോഹൻലാലും മാത്രമായിരുന്നു അന്ന്  എനിക്കറിയാവുന്ന  സിനിമാ നടന്മാർ.അത് തന്നെ വീട്ടിൽ മാതൃഭൂമി പത്രം വരുന്നത് കൊണ്ട് മാത്രമാണ് പരിചയമായത്. നടികളിൽ ഒരാളെ പോലും പോസ്റ്റർ നോക്കി പറയാൻ എനിക്കറിയുമായിരുന്നില്ല.അവരുടെ മുൻഗാമികളായ ബ്ലാക് ആൻഡ്‌ വൈറ്റ് കാലത്തെ നടിമാർ എല്ലാം ഒരേ മുഖഛായ ഉള്ളവരാണെന്നാണ് എനിക്ക് തോന്നിയത്.

ഞാൻ കണ്ട സിനിമകളിൽ ഏതാനും ചിലത് മമ്മൂട്ടി പടങ്ങളായിരുന്നു. സിനിമാ സ്ക്രീനിന് പുറത്ത് ഞാൻ മമ്മൂട്ടിയെ ആദ്യമായി കണ്ടത് (Click & Read) തിരുവനന്തപുരം മൃഗശാലയിൽ വെച്ചാണ്! അതെ, ശരിക്കും അവിടെ വെച്ച് തന്നെ !!  

പ്രീഡിഗ്രി  പഠനം കഴിഞ്ഞ് ആൾ ഇന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഞാനും എൻ്റെ സഹപാഠികളും.കൂട്ടത്തിൽ രണ്ടു പേർ ഏതോ മമ്മൂട്ടി ഫിലിം കാണാൻ പോയപ്പോൾ ഞാനും മറ്റു മൂന്ന് പേരും തിരുവനന്തപുരം കാഴ്ചകൾ കാണാനിറങ്ങി. 

നടന്ന് നടന്ന് മൃഗശാലയിൽ എത്തിയപ്പോൾ തിരക്കില്ലാത്ത ഒരിടം നോക്കി പോയതായിരുന്നു ഞങ്ങൾ. എത്തിയത് സാക്ഷാൽ മമ്മൂട്ടിയുടെ മുന്നിലേക്കാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത  അർത്ഥം എന്ന പടത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു അവിടെ.അന്ന് മമ്മൂട്ടിയുടെ ആരാധകർ ആയിരുന്ന എൻ്റെ രണ്ട് സുഹൃത്തുക്കൾ അദ്ദേഹത്തെ തിയേറ്ററിലെ സ്ക്രീനിലും ഒരു ആരാധനയും ഇല്ലാത്ത ഞങ്ങൾ നേരിട്ടും കണ്ടു.

വർഷങ്ങൾക്ക് പലതും പിന്നിട്ടു.എനിക്ക് പ്രായം കൂടി, മമ്മൂട്ടിക്കും. അങ്ങനെയിരിക്കെ ഏതോ ഒരു വാർഷിക പരിപാടിക്ക് മമ്മൂട്ടി എൻ്റെ നാടായ അരീക്കോട് വന്നു.പ്രവേശനം പാസ് മൂലം നിയന്ത്രിച്ച ഒരു പരിപാടി ആയിരുന്നു അത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം എന്നതിനാൽ ഞാൻ അതിന് ശ്രദ്ധ കൊടുത്തില്ല.

പരിപാടിയുടെ തലേ ദിവസം, മൂത്താപ്പയുടെ മകൻ ശാക്കിറാക്ക (അദ്ദേഹം മരിച്ചുപോയി) എനിക്കും ഒരു ടിക്കറ്റ് തന്നു.അങ്ങനെ ഞാൻ രണ്ടാം തവണയും മമ്മൂട്ടിയെ കണ്ടു.അന്ന് (ഇന്നും) പ്രസംഗിക്കാനായി മമ്മൂട്ടി എഴുന്നേറ്റപ്പോൾ കുറെ പേർ കൂകി വിളിച്ചു.ഇനിയും കൂവിയാൽ ഞാൻ ഇറങ്ങിപ്പോകും എന്ന മമ്മൂട്ടിയുടെ താക്കീത് കേട്ടപ്പോൾ കൂവൽ പൂർവ്വാധികം ശക്തിയിലായി. മമ്മൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു.കാശ് കൊടുത്ത് പാസ് വാങ്ങി കയറിയവർ എല്ലാവരും ശശിയായി.ഓസി ടിക്കറ്റ് കിട്ടിയ എനിക്ക് എല്ലാം ക്യാഹെ ആയിരുന്നു.

വർഷങ്ങൾ എത്രയോ പിന്നെയും കഴിഞ്ഞു.എനിക്ക് പ്രായം വീണ്ടും കൂടി, മമ്മൂട്ടിക്കും. അപ്പോഴാണ്, സൈബർ തട്ടിപ്പുകളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ഒരു പദ്ധതിയുടെ ഉത്‌ഘാടനം എറണാകുളത്തെ  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നത്.ചടങ്ങിലെ  മുഖ്യാതിഥി ഭരത് മമ്മൂട്ടി ആയിരുന്നു.കമ്പ്യൂട്ടർ രംഗത്ത് ആണെങ്കിലും, എനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു റോളും ഇല്ലാത്തതിനാൽ ഞാനത് ശ്രദ്ധിച്ചില്ല.സൊ, മുഖ്യാതിഥി ആരായാലും എനിക്ക് എല്ലാം മാത്‍സ് ആയിരുന്നു.

ബട്ട്,കാര്യങ്ങൾ മാറി മറിയാൻ ഒരു സെക്കൻഡ് പോലും വേണ്ടല്ലോ?ചടങ്ങിൽ പങ്കെടുക്കുന്ന ഞങ്ങളുടെ കോളേജിൽ നിന്നുള്ള കുട്ടികളെ അനുഗമിക്കാൻ ഞാനും സഹപ്രവർത്തകൻ സുമേഷും നിയോഗിക്കപ്പെട്ടു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം മമ്മൂട്ടിയും അതിഥിയായി എത്തി.ഞാൻ മൂന്നാം തവണയും മമ്മൂട്ടിയെ കണ്ടു. ഇത്തവണയും കൂകി വിളി ഉണ്ടായെങ്കിലും മമ്മൂട്ടി മൈൻഡ് ചെയ്തില്ല.അതിനാൽ ആ ഘനഗംഭീര ശബ്ദത്തിൽ ഒരു ഹ്രസ്വപ്രസംഗം കേൾക്കാനായി.

 

എനിക്ക് പ്രായം കൂടിക്കൂടി വരുന്നു,മമ്മൂട്ടിക്കും. ജീവിതത്തിൽ ഇനിയും അദ്ദേഹത്തെ കാണുമോ എന്നറിയില്ല.കണ്ടാലും ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനും ഇല്ല.