Pages

Tuesday, June 30, 2020

പിതൃസ്മരണ

ജീവിതത്തിൽ എനിക്ക് റോൾ മോഡലായ എൻ്റെ പ്രിയ പിതാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വ്യാഴവട്ടം പൂർത്തിയായി. ഏതാനും മാസങ്ങൾക്ക് മുമ്പ് എൻ്റെ നാട്ടുകാരനും സഹപ്രവർത്തകനുമായ കൃഷ്ണൻ മാഷ് എന്നോട് പറഞ്ഞ ഒരു അനുഭവം ഞാനിവിടെ സ്മരിക്കട്ടെ...

"നിങ്ങളുടെ ആ ഭാഗത്ത് നിന്നും നിങ്ങളുടെ വിഭാഗക്കാരനായ ഒരധ്യാപകൻ ഉണ്ടായിരുന്നു ഞങ്ങളുടെ സ്കൂളിൽ .... പേര് ഞാനോർക്കുന്നില്ല. "

കൃഷ്ണൻ മാഷ് പറയുന്നത് മറ്റാരെപ്പറ്റിയോ ആണെന്ന് കരുതി ഞാൻ ആലോചനയിൽ മുഴുകി.

"സാമൂഹ്യപാഠം എടുത്തിരുന്ന ആ മാഷക്ക് ചെവി കേൾക്കൽ അൽപം കുറവായിരുന്നു."

ആ സ്കൂളിൽ ഈ അടയാളം ചേരുന്ന ഏക വ്യക്തി എൻ്റെ പിതാവ് മാത്രമായിരുന്നു. അതിനാൽ ബാക്കി കുടി കേൾക്കാൻ ഞാൻ കാതോർത്തു.

"ങാ... എന്നിട്ട് ?"

"അന്ന് എനിക്കൊന്നും പുസ്തകം വാങ്ങാൻ കഴിവില്ലായിരുന്നു. എൻ്റെ കൂട്ടുകാരൻ്റെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അഞ്ച് ദിവസവും ധരിക്കാനായി ആകെ ഒരു ട്രൗസറും ബനിയനും മാത്രമായിരുന്നു അവനുണ്ടായിരുന്നത്.''

"ഓഹ്...  വല്ലാത്തൊരു കാലം തന്നെ ...''

" എന്നിട്ട്, ഞാൻ സൂചിപ്പിച്ച ഈ മാഷ് ഒരു ദിവസം അവനെയും കൂട്ടി അരീക്കോട് അങ്ങാടിയിൽ പോയി ... അവന് പുതിയൊരു മുണ്ടും കുപ്പായവും വാങ്ങിക്കൊടുത്തു. അന്ന് അവൻ്റെ മുഖത്തെ സന്തോഷം .... വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല... "

നിമിഷ നേരത്തേക്ക് ഞാൻ , പിതാവ് കൂടെയുണ്ടായിരുന്ന എൻ്റെ ബാല്യകാലത്തേക്ക് പോയി. കൃഷ്ണൻ മാഷ് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.

"മാഷേ... അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ എന്ന നിങ്ങളുടെ ആ അധ്യാപകൻ എൻ്റെ പിതാവായിരുന്നു."

ബാപ്പ ഞങ്ങളെ നിരവധി നല്ല സ്വഭാവങ്ങൾ കുട്ടിക്കാലത്ത് തന്നെ പരിശീലിപ്പിച്ചിരുന്നു. ചെറിയവരോട് സ്നേഹം കാണിക്കേണ്ടത് എങ്ങനെ എന്നും മുതിർന്നവരോട് പെരുമാറേണ്ടത് എങ്ങനെ എന്നും ബാപ്പ പഠിപ്പിച്ച് തന്നു. കുട്ടികൾക്കായി ഒരു പൊതി കൽക്കണ്ടം ബാപ്പ എന്നും വാങ്ങി സൂക്ഷിക്കുമായിരുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാനായി മുറ്റത്ത് വെള്ളം വയ്ക്കുന്ന രീതി ബാപ്പ എത്രയോ മുമ്പ് തന്നെ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുറ്റവും പരിസരവും പൊതുവഴിയും അടിച്ചുവാരിയിരുന്നത് ബാപ്പയായിരുന്നു. ഞങ്ങളോടും അത് ചെയ്യാൻ കൽപിച്ചിരുന്നു. ഇന്ന് ഞാൻ ചെയ്യുന്ന മിക്ക സാമൂഹ്യ പ്രവർത്തനങ്ങളുടെയു പ്രചോദനവും ഊർജ്ജകേന്ദ്രവും എൻ്റെ പ്രിയ പിതാവ് തന്നെയായിരുന്നു.

ദൈവം അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ.

Sunday, June 28, 2020

കാന്താരിക്കുട്ടികൾ

കാന്താരി മുളക് കാണുമ്പോഴേക്കും എനിക്ക് വായിൽ വെള്ളമൂറും. കാരണം
കാന്താരി മുളക് പൊട്ടിച്ച് ചോറിൽ ഞെരിച്ച് ചേർത്ത് ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിന്നിരുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു എനിക്ക്.

അന്ന് തൊടി മുഴുവൻ സമൃദ്ധമായി കാന്താരി ഉണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന സ്കൂൾ വീട്ടിൽ നിന്നും അര മണിക്കൂർ ദൂരമെങ്കിലും നടന്ന് പോകണം. ചാലിയാർ എന്ന പുഴ കടന്ന് പോകുകയും വേണം. ഉമ്മ മറ്റൊരു സ്കുളിൽ ടീച്ചർ ആയതിനാൽ ഉമ്മയും നേരത്തെ പോകും. അതിനാൽ രാവിലെ മറ്റ് ഉപ്പേരികളോ തോരനോ ഉണ്ടാക്കൽ സാധ്യമല്ലായിരുന്നു. ഓംലറ്റ് ഉണ്ടാക്കിയാൽ അതിലും കാന്താരി ആയിരുന്നു ചേർത്തിരുന്നത്.

അടുക്കളയിലെ വേസ്റ്റ് മുഴുവൻ തട്ടുന്ന 'വാഴയുടെ മുരടിൽ തനിയെ മുളച്ച് വന്ന പറങ്കിമുളക് ചെടിയിൽ ചുവന്ന് തുടുത്ത് ആകാശം നോക്കി നെഞ്ചുയർത്തി നിൽക്കുന്ന മുളകുകൾ ഉമ്മയോ ഞാനോ പറിച്ചെടുക്കും. കഴുകിയ ശേഷം നേരെ അമ്മിയിലിട്ട് അരച്ച് ചെറിയ ഒരു പാത്രത്തിലേക്ക് വടിച്ചെടുക്കും. പിന്നെ ആവശ്യത്തിന്  ഉപ്പ് ചേർത്ത് വെളിച്ചെണ്ണയിൽ ചാലിക്കും. അത് നേരെ എൻ്റെ ചോറ്റുപാത്രത്തിൽ ചോറിൻ്റെ മുകളിൽ പരത്തി ഇടും. ഉച്ചയാകുമ്പോഴേക്കും ചോറും മുളകും ഉപ്പും വെളിച്ചെണ്ണയും കൂടി ഇഴകി ചേർന്ന് കഴിഞ്ഞിരിക്കും. ചോറ് ഉരുളയാക്കി വായിൽ വെയ്ക്കുന്നതേ ഓർമ്മയുണ്ടാകു, അപ്പോഴേക്കും അത് ആമാശയത്തിലേക്ക് പതിച്ചിരിക്കും ! ഉമ്മയുടെ കൈ നീറിപ്പുകയുന്നത് പക്ഷെ അന്ന് ഞാനറിഞ്ഞിരുന്നില്ല.

കാന്താരി പക്ഷേ ഇപ്പോൾ സുലഭമല്ല. ഗ്രോബാഗിൽ നട്ടിരുന്ന ഒരു തൈ ഇന്നലെ മാറ്റി നടാൻ തുടങ്ങുമ്പോഴാണ് വീട്ടിലെയും അയൽവീട്ടിലെയും കാന്താരിക്കുട്ടികളുടെ വരവ്. അങ്ങനെ പ്രതീകാത്മക നടൽ കർമ്മം അവരെ കൊണ്ട് തന്നെ അങ്ങ് നിർവഹിപ്പിച്ചു.

Thursday, June 25, 2020

കോവിഡാനന്തര ലോകം

         കൊറോണക്ക് ശേഷമുള്ള ലോകത്തെപ്പറ്റി പറയുമ്പോൾ ഓർമ്മ വരുന്നത് ഡാനിഷ് തത്വചിന്തകൻ സൊറൻ കിർഗാഡ് (Soren Kierkegaard) ൻ്റെ "Life can only be understood backward; but it must be lived forward " എന്ന വാക്കുകളാണ്.

         ഞാൻ ഒരു ദൈവ വിശ്വാസിയാണ്. എൻ്റെ അഭിപ്രായത്തിൽ കോവിഡ്- 19 മനുഷ്യരാശിക്കുള്ള ദൈവത്തിൻ്റെ ഒരു സന്ദേശമാണ് - കാലങ്ങളായി തുടർന്ന് വരുന്ന കടിഞ്ഞാണില്ലാത്ത ജീവിതത്തിന് ഒരു അർദ്ധവിരാമം ഇടാനുള്ള സന്ദേശം; ഒന്നിനും സമയം തികയാതിരുന്ന മനുഷ്യന് സമയം കളയേണ്ടത് എങ്ങനെ എന്ന് തലകുത്തി ആലോചിക്കേണ്ടി വന്ന ദൈവിക സന്ദേശം.

               കൊറോണ യഥാർത്ഥത്തിൽ ഒരു ജന്തുജന്യ രോഗമാണ്. അതായത് ജന്തുക്കളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം (zoonotic disease). പ്രകൃതിയിൽ നിരവധി തരം ജന്തുക്കളെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. അത് മുഴുവൻ മനുഷ്യന് ഭക്ഷിക്കാൻ വേണ്ടിയല്ല ദൈവം പടച്ച് വിട്ടത്. മറ്റു ജന്തുക്കൾക്കും കൂടിയുള്ള ഭക്ഷണമായും പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്താനും വേണ്ടിയാണ്.

            കൊറാണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇതല്ല അവസ്ഥ. സകല ജന്തുക്കളെയും പച്ചയായോ പകുതി വേവിലോ പൊരിച്ചെടുത്തോ ഭക്ഷിക്കുന്നവരാണ് ചൈനക്കാർ. മിക്ക വൈറസുകളുടെയും പ്രജനന കേന്ദ്രങ്ങളായ വവ്വാലിനെയും ചൈനക്കാർ ഭക്ഷിക്കും. ജന്തുക്കളിൽ നിന്നുള്ള രോഗവാഹകരെ പ്രതിരോധിക്കാൻ മനുഷ്യ ശരീരത്തിന് പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം . കൊറോണ പടർന്നതും ഈ ഒരു വഴിയിലുടെയായിരിക്കാം. അതിനാൽ കൊറോണാനന്തര ലോകത്തെപ്പറ്റി സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത് .

1. പാശ്ചാത്യ -പൗരസ്ത്യ ഭേദമില്ലാതെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കൊറാണ സ്തംഭിപ്പിച്ചു. എന്തിന് വേണ്ടി എന്ന് പോലും അറിയാതെ പരസ്പരം പോരടിച്ചിരുന്ന നിരവധി ജനവിഭാഗങ്ങൾ അതെല്ലാം മറന്ന് മനുഷ്യകുലത്തിൻ്റെ തന്നെ ശത്രുവായ കൊറോണക്കെതിരെ ഒന്നിച്ചു നിന്നു. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം മുതലാളിത്ത രാജ്യങ്ങളായ അമേരിക്കയിലും ഇറ്റലിയിലും മറ്റും സൗജന്യമായി തന്നെ സേവനം നടത്താൻ തയ്യാറായതും ഈ രാഷ്ട്രങ്ങൾ അത് സ്വാഗതം ചെയ്തതും ലോകത്തിൻ്റെ നിലനില്പിന് ആദ്യം മനുഷ്യൻ നിലനിൽക്കണം എന്ന തിരിച്ചറിവ് ഉണ്ടായതിൻ്റെ ഫലമാണ്.ഈ മാനവിക മൂല്യങ്ങളും ബന്ധങ്ങളും കടപ്പാടുകളും ഭാവിയിലും നിലനിൽക്കണം.

2. ലോകം മുഴുവൻ നിശ്ചലമായതോടെ പ്രകൃതി ഏറെക്കുറെ അതിൻ്റെ പൂർവസ്ഥിതി വീണ്ടെടുക്കാൻ തുടങ്ങിയതിൻ്റെ ശുഭവാർത്തകൾ നാം കേട്ട് തുടങ്ങി. ഓസോൺ പാളിയിലുണ്ടായിരുന്ന 10 ലക്ഷം കിലോമീറ്ററോളം വലിപ്പമുള്ള ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി കഴിഞ്ഞ ദിവസം വായിച്ചു. സത്യമാണെങ്കിലും അല്ലെങ്കിലും കൊറോണക്കാലം ലോകത്തെ എല്ലാ നഗരങ്ങളെയും പലവിധ മലിനീകരണങ്ങളിൽ നിന്നും മുക്തമാക്കിയ റിപ്പോർട്ടുകൾ നാം ദിവസേന കേൾക്കുന്നു. പ്രകൃതിയോടുള്ള ഈ കരുതൽ തുടർന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ ഇനിയൊരു പ്രകൃതി കോപം മനുഷ്യകുലത്തെ തുടച്ച് നീക്കാൻ പോന്നതായിരിക്കും.

3. ലോക്ക് ഡൗൺ മൂലം തൊഴിൽ രഹിതരായവരുടെ എണ്ണത്തിന് കണക്കില്ല. ഒരു മഹാമാരി തട്ടിത്തെറിപ്പിച്ചത് ലക്ഷത്തിലധികം ആൾക്കാരുടെയും അവരുടെ ആശ്രിതരുടെയും അന്നപാത്രമാണ്. ഈയവസരത്തിൽ ഭാവിയിലെ തൊഴിലുകൾ എങ്ങനെയുള്ളതായിരിക്കണം എന്നതിലേക്ക് ഒരു ചിന്ത പോകേണ്ടതുണ്ട്. ഓൺലൈൻ കോഴ്സുകളും വർക്ക് ഫ്രം ഹോം സംസ്കാരവും കൂടുതൽ ഫലവത്തായ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള വഴികൾ തേടേണ്ടതും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കേണ്ടതുമാണ്. ഷോപ്പിംഗ് രീതികളിലും മാറ്റം വരണം. ഓൺലൈൻ ഷോപ്പിംഗ് ഒരു പരിധി വരെ പ്രചാരം നേടിയിട്ടുണ്ടെങ്കിലും ഇനിയും സാധ്യതകൾ ഏറെയുണ്ടെന്ന് കോവിഡ് കാലം തെളിയിച്ചു.

4. അതേസമയം ഡിജിറ്റൽ ഡിവൈഡിംഗിൻ്റെ വ്യാപ്തി ഈ ലോക്ക് ഡൗൺ വർദ്ധിപ്പിച്ചു. ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ജനങ്ങൾ ഏറെ പ്രയാസമില്ലാതെ തരണം ചെയ്തു. എന്നാൽ ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത എത്രയോ ജനങ്ങൾ ലോക്ക് ഡൗണിൻ്റെ നരകയാതന അനുഭവിച്ചു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യണം.

5. സാമ്പത്തികമായും സാമൂഹികമായും ഏറെ പുരോഗമിച്ചെന്ന് പറയപ്പെടുന്ന രാജ്യങ്ങൾ പോലും കോവിഡിൻ്റെ മുന്നിൽ പകച്ച് നിന്നത് നാം കണ്ടു. ഒരു രാജ്യത്തെ പൗരൻ്റെ ആരോഗ്യം ആ രാജ്യത്തിൻ്റെ സമ്പത്താണ്. ഏത് തരം മഹാമാരിയെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള സൗകര്യം ഒരുക്കലായിരിക്കണം ഭരണാധികാരിയുടെ പ്രഥമ കടമ. പ്രതിരോധം ശക്തമാക്കേണ്ടത് ഈ രംഗത്താണെന്നും കോവിഡ് പഠിപ്പിച്ചു.രാജ്യാന്തര യാത്ര നടത്തുന്നവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ടും ഒരു പക്ഷേ ഏർപ്പെടുത്തേണ്ടി വന്നേക്കാം.

6. അത്യന്തം ഭീഷണിയുയർത്തുന്ന ഒരു ജൈവായുധ പ്രയോഗ സാധ്യതയിലേക്ക് കൂടി കോവിഡ് വെളിച്ചം വീശുന്നുണ്ട്. ഈ മഹാമാരി അത്തരം ചില സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. ഭാവിയിൽ ഏതെങ്കിലും രാജ്യങ്ങൾ ഈ മാർഗ്ഗം സ്വീകരിച്ചാൽ ഭൂമിയിൽ മനുഷ്യൻ്റെ നിലനില്പ് തന്നെ അപകടത്തിലാകും. ആയതിനാൽ ഇത്തരം ജൈവായുധങ്ങളുടെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള മാർഗ്ഗങ്ങളും അവയെ പ്രതിരോധിക്കാനുതകുന്ന വാക്സിനുകളും വികസിപ്പിക്കണം.

7. കോവിഡ് മൂലം ICU വിൽ പ്രവേശിപ്പിച്ചവരിൽ 80 ശതമാനത്തിലധികവും അമിതവണ്ണം ഉള്ളവരാണ് എന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. മിക്കവരും പ്രായമായവരും വിവിധ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരും ആണ്. പ്രായം തടഞ്ഞ് നിർത്താൻ മനുഷ്യന് സാധ്യമല്ല. എന്നാൽ ജീവിതശൈലീ രോഗങ്ങൾ നമ്മുടെ നിത്യജീവിതത്തിലുടെ നാം തന്നെ മാറ്റി എടുക്കേണ്ടതാണ്. ജംഗ് ഫുഡും ഫാസ്റ്റ് ഫുഡും അടക്കമുള്ള ഭക്ഷണങ്ങൾ സ്വയം നിയന്ത്രിക്കുകയും വ്യായാമം ജീവിതത്തിൻ്റെ ഭാഗമാക്കുകയും വേണം. കോവിഡാനന്തര ലോകത്ത് വ്യക്തി ശുചിത്വം ഒരു സാമൂഹിക കടമയായി മാറും. അത് പോലെ നാൽപത് വയസ്സ് കഴിഞ്ഞവർ വ്യായാമത്തിന് സമയം കണ്ടെത്തേണ്ടത് വ്യക്തിയുടെ കടമയായി മാറണം.

8. കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന് എന്നും അപമാനമായിരുന്നു ഇവിടത്തെ മദ്യവിൽപനയുടെ കണക്കുകൾ. അടച്ച് പൂട്ടലിൽ മദ്യം കൂടി ഉൾപ്പെട്ടപ്പോൾ പലർക്കും മദ്യം ലഭ്യമല്ലാതായി. അതുപയോഗിച്ചിരുന്ന ഭൂരിഭാഗം ആൾക്കാരും ഈ അവസ്ഥയോട് പൊരുത്തപ്പെട്ടു. വളരെ കുറച്ച് പേർക്ക് മാത്രം ചില മാനസിക-ശാരീരിക വിഭ്രാന്തികൾ ഉണ്ടായി. സർക്കാറിൻ്റെ വരുമാനം ഗണ്യമായി കുറയുമെങ്കിലും ഒരു സംസ്ഥാനത്തെ പൗരൻമാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ മദ്യം വർജ്ജിക്കണം. കോവിഡാനന്തരം ഈ പ്രക്രിയക്ക് തുടക്കം കുറിക്കാൻ വളരെ എളുപ്പമാണ്.

9. ഗാർഹിക പീഢനം താരതമ്യേന വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരക്ക് പിടിച്ച് നടന്ന മനുഷ്യന് സമയം അധികമായപ്പോൾ എന്ത് ചെയ്യണം എന്ന ചിന്തയിൽ നിന്ന് ചില മാനസിക പ്രശ്നങ്ങളും ടെൻഷനും എല്ലാം സ്വാഭാവികമാണ്. അനന്തരഫലമായി പലതരം പീഢനങ്ങളും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കിട്ടിയ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതിനാൽ ഭാവിയിലും ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള പരിശീലനം എല്ലാവർക്കും നൽകുന്നത് നല്ലതായിരിക്കും.

10. കുട്ടികളെയും ലോക്ക് ഡൗൺ നന്നായി ബാധിച്ചിട്ടുണ്ട്.സമൂഹത്തിൻ്റെ ചലനങ്ങളും അതിലെ പ്രതിഭാസങ്ങളും അറിയാതെ വളരുന്ന ഒരു തലമുറയുണ്ട് നമ്മുടെ എല്ലാവരുടെയും വീടുകളിൽ .പെട്ടെന്ന് മാതാപിതാക്കളിൽ ആരെങ്കിലും നഷ്ടപ്പെട്ടാൽ ജീവിതത്തിന് മുമ്പിൽ പകച്ച് പോകാനും തോൽവി സമ്മതിക്കാനും ഏറെ സാധ്യതയുള്ളവരാണവർ. നമ്മുടെ കുട്ടികളെ എല്ലാവരെയും നിലനിൽപ്പിൻ്റെ അടിസ്ഥാന പാഠങ്ങൾ കൂടി വിദ്യാലയങ്ങളിൽ നിന്നും വീടുകളിൽ നിന്നും പഠിപ്പിക്കണം.

              ഇങ്ങനെ കോവിഡാനന്തര ലോകം ഏറെ മാറ്റങ്ങളുള്ള ഒരു ലോകമായിരിക്കണം. വ്യക്തിപരമായും സമൂഹമായും ഏറെ മാറണം. ഈ മഹാമാരിയിലൂടെ കൈവന്ന നല്ല പാഠങ്ങൾ പഠിക്കുകയും മോശമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സുഖവും സമാധാനവുമുള്ള ഒരു പുതുലോകം നമുക്ക് സൃഷ്ടിക്കാനാകും. ദൈവം അനുഗ്രഹിക്കട്ടെ.

Sunday, June 21, 2020

മൂവ്വായിരം രൂവ !!!

            March 10 ന് എന്റെ ഇൻബോക്സിൽ ഒരു മെയിൽ എത്തി.എട്ടു പത്ത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയുള്ള നിരവധി മെയിലുകൾ വരാറുണ്ടായിരുന്നു. കോടികൾ ലോട്ടറി അടിച്ചു എന്നും പറഞ്ഞ് "കൊക്കക്കോള"യിൽ നിന്നും "സാംസംഗി"ൽ നിന്നും എല്ലാം , വിശ്വസനീയമെന്ന് തോന്നിക്കുന്ന മെയിലുകൾ. തട്ടിപ്പാണെന്ന് മനസ്സിലായതിനാൽ അവ അതേപോലെ ഡിലീറ്റ് ചെയ്യാറായിരുന്നു പതിവ്. പക്ഷെ, ഈ മെയിലിലെ സംബോധന വ്യത്യസ്തമായതിനാലും മുമ്പ് ഒരു കിടിലൻ വാച്ച് കിട്ടിയ അനുഭവം ഉള്ളതിനാലും ഞാൻ അത് മുഴുവൻ വായിച്ചു.
Dear Blogger, 

This is Subhash from DoWell Research, a Global User Experience Research firm having regional offices in Singapore, Germany, UK and India. From time to time we conduct studies to understand new trends and take feedback on various Apps, Products &  Services.

Currently, we are working on a study to learn the blogger's experience with blogger.com/blogspot.in and to test some new features for better blogging experience. In this regard, we would like to check with you on the possibilities of supporting us in this research initiative. During this study period, if you agree to participate, an additional feature will be added to your preferred blog in blogger.com during the first week of April.  Blogger.com team is expecting to provide you the prompts related to your blog topic through this feature for a period of 4 weeks.  At the end of every week, you have to answer a 5 minutes online survey to share your experience on the usability of this new feature. Additionally, based on your blogging topic the Blogger.com team may wish to have a 30-minute online conversation with you before they add the above-mentioned feature to your blog, which will take place sometime during the last week of March.

This is not a marketing or sales initiative and is purely for research purposes. Additionally, we don’t intend to ask you for any information that might be considered sensitive or confidential in nature. Your responses will remain completely confidential and will focus on your desires and needs as a blogger. The results of these research activities will be used for developing a better blogging platform.

As a token of appreciation for spending valuable time for us in developing a better product,  participants in this study will be compensated by way of cash incentives.

Subhash Biradar - subhash@dowellresearch.com - +91 98863 84552
Simi Nair - simi@dowellindia.com - +91 90370 22232

മെയിലിലെ ഈ അവസാന വരി എനിക്ക് ഏറെ ഇഷ്ടപ്പെട്ടതോടോപ്പം തട്ടിപ്പിന്റെ ഗന്ധവും ഉയർന്നു. അടിയിൽ ഒരു ബിരാദറിന്റെയും ഒരു പെൺ നായരുടെയും മെയിൽ ഐഡിയും നമ്പറും നൽകിയിരുന്നെങ്കിലും അതിലൊന്നും കോണ്ടാക്ട് ചെയ്യാതെ തന്നെ ഞാൻ കളത്തിലിറങ്ങി. അടുത്ത ദിവസം തന്നെ എനിക്ക് മറുപടിയും കിട്ടി.

Dear Abid

Thank you for completing the blogger information in the previous form that we have sent to you in the mail. Based on the information you have provided we are happy to inform you that your profile suits the study. Please find below the consent form for you to sign.

March 27ന് അടുത്ത മെയിൽ വന്നത് സുന്ദർ പിച്ചെയുടെ സാക്ഷാൽ ഗൂഗിളിൽ നിന്നായിരുന്നു ! 

Hello from Google!

Thank you for your interest in participating in the upcoming research study for Blogger! We are looking forward to hearing your feedback and thoughts on new features. 

We are writing to let you know that start date of the study will be on the first week of April 2020. By starting the research in April, we are able to give you access to a new feature in your Blogger account.

This new feature will provide you with suggestions and ideas on new blog post topics. We will be collecting feedback from you on a weekly basis through a five minute survey. 

We will be in touch with you before the study begins to confirm your participation.

In the meantime, keep enjoying Blogger and we hope you can still participate!

Kind regards,
Marielle 

On behalf of:
The Blogger Research Team

വീണ്ടും ഒരു തട്ടിപ്പ് മണത്തെങ്കിലും ഞാൻ അത് ഏറ്റെടുത്തു. April 10 ന് പുതിയൊരാൾ കൂടി രംഗപ്രവേശം ചെയ്തതോടെ ഞാൻ, പഴയ ചാക്കോ കേസ് ഓർത്തു. വഴിയിൽ നിന്ന് ഓരോരുത്തരായി കയറി എന്നെ തട്ടാനുള്ള പ്ലാൻ !! പക്ഷെ ഓൺലൈനിൽ ആയതിനാൽ എന്റെ ശരീരത്തിൽ ഒന്നും സംഭവിക്കില്ല എന്നതിനാൽ ഞാൻ ധൈര്യസമേതം മുന്നോട്ട് തന്നെ പിടിച്ചു.

Thank you for taking part in the upcoming research for Blogger. My name is Jaime and I am a researcher in the Blogger team. The team and I are looking forward to getting your feedback on a new tool we are designing for Blogger users.

May 19ന് ഞാൻ കൊറോണ പിടിച്ച് തട്ടിപ്പോയിട്ടില്ല എന്നുറപ്പ് വരുത്താൻ അവർ ഒരു മെയിൽ കൂടി വിട്ടു.

Hi,

Hope you have been well. I am very pleased to let you know that you should now have access to the new tool in your Blogger account!

To be able to see the new feature, you will need to be using the new Blogger design. If you haven’t opted-in already, please do so by clicking ‘Try the new Blogger’ from your dashboard.


We would like you to provide us feedback about each time you interact with the tool over the three week period. You will be sent reminders (via either email or WhatsApp) every few days to give us feedback. People who provide us with useful and clear feedback will be invited to continue using the tool and new Blogger updates in the future.

I will be in touch on Thursday for feedback.

Jaime
on behalf of the Blogger Research Team

അങ്ങനെ മൂന്ന് ആഴ്‍ചകളിലായി ഏകദേശം ഒരേ പോലത്തെ സർവ്വേ ഫോം എന്റെ ഇൻബോക്സിൽ എത്തി . ഞാൻ അത് ഫിൽ ചെയ്ത് കൊടുക്കുകയും ചെയ്തു.മിക്ക ഉത്തരങ്ങളും നെഗറ്റീവ് ആയിരുന്നു. ഇടക്ക് അഡീഷണൽ ഫീഡ്ബാക്ക് കൊടുത്തിട്ടും മൈന്റ് ചെയ്യാത്തതിനാൽ ആദ്യ മെയിലിൽ കണ്ട ബീരേദറിന് ഞാൻ ഒരു കത്തിട്ടു. എന്റെ ഫീഡ്ബാക്കിന് മറുപടി തരേണ്ടത് റിസർച്ച് ടീം ആണെന്നും നേരത്തെ ഓഫർ ചെയ്ത കാഷ് ഇൻസെന്റീവ് തരാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വേണമെന്നും മറുപടി കിട്ടി.അല്പം ആലോചിച്ച ശേഷം ഞാൻ അക്കൗണ്ട് നമ്പറും IFSC കോഡും നൽകി.

 എന്റെ എല്ലാ സംശയങ്ങളെയും പിഴുതെറിഞ്ഞ് , ഇക്കഴിഞ്ഞ ദിവസം എന്റെ അക്കൗണ്ടിൽ 3000 രൂപ ക്രെഡിറ്റു ചെയ്ത എസ്.എം.എസ് കിട്ടി!! കഥകളതിസാന്ത്വനത്തിൽ കിട്ടാതെ പോയത് ബ്ലോഗർ തന്നു. മറ്റാർക്കെങ്കിലും കിട്ടിയോ ?

Thursday, June 18, 2020

സ്വഹീഹുൽ അദ്കാർ

           ലോക് ഡൗണും വേനലവധിയും ഒക്കെ ഒരുമിച്ച് വന്നപ്പോൾ പലതും ചെയ്ത് തീർക്കാമെന്ന് മനസ്സിൽ കരുതിയിരുന്നു. പ്രതീക്ഷിക്കാത്ത പലതും ചെയ്തും ഉദ്ദേശിച്ച പലതും ചെയ്യാതെയും കാലം കടന്നു പോയി.

           എൻ്റെ പിതാവ് ഞങ്ങൾക്കായി വീട്ടിൽ ഒരു ലൈബ്രറി ഒരുക്കിയിരുന്നതിനാൽ, കുട്ടിക്കാലം മുതൽ തന്നെ പല പുസ്തകങ്ങളും എനിക്ക് പരിചിതമായിരുന്നു. ശാസ്ത്രസംബന്ധമായും മതസംബന്ധമായും ഉള്ള പുസ്തകങ്ങൾ ആയിരുന്നു അതിൽ കൂടുതലും. ബാപ്പ എല്ലാ പുസ്തകങ്ങും വായിച്ചിരുന്നെങ്കിലും എനിക്ക് മത സംബസമായ പുസ്തകങ്ങൾ വായിക്കാൻ താൽപര്യം കുറവായിരുന്നു. പക്ഷെ മത ചിട്ടകൾ പൂർണ്ണമായും  പാലിക്കുന്നതിൽ ഞാൻ ശ്രദ്ധ പുലർത്തിയിരുന്നു.

           ലോക് ഡൗണിൻ്റെ കൂടെ പുണ്യമാസമായ റംസാൻ കൂടി സമാഗതമായപ്പോൾ മത സംബന്ധമായ ഒരു പുസ്തകമെങ്കിലും വായിക്കണം എന്ന് ഞാൻ തീരുമാനിച്ചു. കുടുംബാംഗങ്ങളെ മുഴുവൻ ഒരുമിച്ചിരുത്തി ചർച്ച ചെയ്തു വായിച്ചാൽ എല്ലാവർക്കും ഉപകാരപ്പെടും എന്നതിനാൽ വായന അങ്ങനെയാക്കി.

           ഒരു മുസ്ലിം എന്ന നിലയിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ .അ) യുടെ ജീവിതചര്യകൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ തെരഞ്ഞെടുത്ത പുസ്തകം "സ്വഹീഹുൽ അദ്കാർ " ആയിരുന്നു. നബിചര്യയിൽ സ്ഥിരപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

           ദുആ എന്നാണ് അറബിയിൽ പ്രാർത്ഥനക്ക് പറയുന്നത്. ദൈവത്തെ ഓർമ്മിക്കുന്ന സ്തോത്രങ്ങൾക്ക് ദിക്റ് എന്നും പറയുന്നു. അങ്ങനെ നബിയുടെ ജീവിതത്തിലെ പ്രബലമായ പ്രാർത്ഥനകളും ദൈവ കീർത്തനങ്ങളും ക്രോഡീകരിച്ച ഈ പുസ്തകം പുണ്യമാസം വിട പറഞ്ഞ ദിവസം തന്നെ ഞങ്ങൾ പൂർത്തിയാക്കി. പുസ്തകത്തിൽ പറഞ്ഞ മിക്ക കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ പകർത്താനും ഇപ്പോഴും നിലനിർത്താനും സാധിച്ചു എന്നതാണ് മറ്റ് പുസ്തകവായനയിൽ നിന്ന് ഈ വായനക്കുള്ള വ്യത്യാസം.

പുസ്തകം: സ്വഹീഹുൽ അദ്കാർ
രചയിതാവ്: ശൈഖ് അൽബാനി
പ്രസാധനം: ഇൻസാഫ് പബ്ലിഷേഴ്സ്
പേജ്: 286
വില: 190 രൂപ

Monday, June 08, 2020

ഒരു കപ്പ ഗാഥ

            മുപ്പത് വർഷങ്ങൾക്ക് മുമ്പ് അരീക്കോട് ടൗണിൽ കപ്പ വാങ്ങാൻ കിട്ടിയിരുന്നത്  ഉസ്മാൻക്കയുടെ പെട്ടിക്കൂട് പോലെയുളള ഒരു കടയിൽ മാത്രമായിരുന്നു. കപ്പ ആവശ്യാർത്ഥം അവിടെ ചെന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം. മറ്റാരും കപ്പ വിൽക്കാത്തതിൻ്റെ പിന്നിലുള്ള രഹസ്യം എന്തെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില പച്ചക്കറി കടകളിൽ കൂടി കപ്പ വിൽപനക്ക് വയ്ക്കാൻ തുടങ്ങി.

        വിവാഹം കഴിച്ചതോടെ വീട്ടിൽ കപ്പ സുലഭമായി കിട്ടാൻ തുടങ്ങി. കാരണം ഭാര്യാപിതാവ് നല്ലൊരു കർഷകനായിരുന്നു. അതിൽ തന്നെ കപ്പയായിരുന്നു മുഖ്യ ഇനം. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിരുന്നു പോക്കിൽ കപ്പയും മറ്റ് പച്ചക്കറികളും യഥേഷ്ടം വീട്ടിലെത്തി.

           പച്ചക്കറികളിൽ പലതും എൻ്റെ കുട്ടിക്കാലം മുതലേ വീട്ടിൽ ഉണ്ടാക്കിയിരുന്നു. സ്വന്തമായി നട്ടു നനച്ചു വളർത്തിയ വാളൻ പയറിൽ ആദ്യത്തെ പൂ വിരിഞ്ഞപ്പോഴുള്ള സന്തോഷം ഇന്നും എൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. കൃഷി ഒരു ഹോബി പോലെ ഇന്നും എൻ്റെ കൂടെ കൊണ്ടു നടക്കാൻ സാധിച്ചത് കുടിക്കാലത്തെ ഇത്തരം പ്രവർത്തനങ്ങൾ തന്നെയാണ്.

           2019 നവംബർ ഒന്നിന് , അതിൻ്റെ രണ്ട് മാസം മുമ്പ് മാത്രം രൂപീകൃതമായ ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയിൽ ഞാൻ ഒരു ആശയം പങ്ക് വച്ചു. എല്ലാ അംഗങ്ങളും സ്വന്തം വീട്ടിൽ ചുരുങ്ങിയത് അഞ്ച് ഗോബാഗിൽ എന്തെങ്കിലും കൃഷി നടത്തലായിരുന്നു അത്. എല്ലാവരും പങ്കെടുത്തില്ലെങ്കിലും പങ്കെടുത്തവർക്ക് ഗുണം കിട്ടി. കാരണം പച്ചക്കറി വിളവെടുക്കാൻ പാകമായത് , ജനങ്ങൾ പലതിനും നെട്ടോട്ടമോടിയ ലോക് ഡൗണിൻ്റെ ആരംഭ ദിനങ്ങളിലായിരുന്നു. എനിക്കാവശ്യമായ തക്കാളി, വഴുതന, പച്ചമുളക്, വെണ്ട , പയർ എന്നിവയെല്ലാം ഞാൻ അന്ന് വീട്ടുമുറ്റത്ത് നിന്ന് തന്നെ പറിച്ചെടുത്തു.

         അന്ന് നാലഞ്ച് കപ്പക്കമ്പുകൾ കൂടി കുത്താൻ എൻ്റെ മനസ്സ് മന്ത്രിച്ചു. കപ്പ വച്ചാൽ എലി മാന്തി മറ്റ് പച്ചക്കറികൾക്ക് കുടി ശല്യമാവും എന്നായിരുന്നു പലരും പറഞ്ഞത്. ബട്ട്, എൻ്റെ കപ്പ മാന്താൻ ഒരു എലിയും വന്നില്ല. സഹപാഠിയും കപ്പ കൃഷി ചെയ്യുന്നവനുമായ ശൈഖ് മുജീബിൻ്റെ നിർദ്ദേശ പ്രകാരം കപ്പ വളരുന്നതിനനുസരിച്ച് വെണ്ണീരിട്ട് മണ്ണ് കൂട്ടിക്കൊടുത്തു. അങ്ങനെ കപ്പത്തണ്ട് രണ്ടാൾ പൊക്കത്തിൽ വരെ എത്തി. മുൻ പരിചയം ഇല്ലാത്തതിനാൽ വിളവെടുക്കേണ്ട സമയം കഴിഞ്ഞതറിഞ്ഞില്ല. ആറ് മാസമാണ് കാലാവധി. എൻ്റെത് ഏഴ് മാസമായി . കൃഷി വീട്ടുമുറ്റത്ത് തന്നെയായതിനാൽ മാന്തി എടുക്കാൻ അൽപം ബുദ്ധിമുട്ടി. സഹധർമ്മിണിയുടെ സഹായത്താൽ കിഴങ്ങിന് പരിക്കേൽക്കാതെ കുഴിച്ചെടുത്തു.
           കുടുംബത്തിലെ എല്ലാവർക്കും കൃഷിക്ക് പ്രചോദനം നൽകാൻ 6 kg തൂക്കം വരുന്ന ഈ കപ്പ ഒരു നിമിത്തമായി. ഫലമോ, ആറ് ചാക്കിൽ മണ്ണും കരിയിലയും ഇന്നലെ തന്നെ നിറഞ്ഞു. ഇന്ന് ആറിലും ഓരോ കപ്പത്തണ്ട് വീതം വീട്ടിലെ ഓരോരുത്തരും ചേർന്ന് നട്ടു.

Thursday, June 04, 2020

മാപ്പിളപ്പാട്ടും മലയാള സിനിമയും

                 കൊറോണക്കാലത്തെ ലോക്ക് ഡൗൺ വിരസത അകറ്റാൻ വ്യക്തികളും സംഘടനകളും ഒക്കെ പല തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. എനിക്ക് സാധിക്കുന്ന മൽസരങ്ങളിൽ എല്ലാം ഞാൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രതിദിന മത്സരങ്ങൾ, ജനമൈത്രി പോലീസിൻ്റെ സാഹിത്യ മത്സരങ്ങൾ, ഇൻസൈറ്റ് ഫൗണ്ടേഷൻ്റെ ഉപന്യാസ രചനാ മത്സരം, ഗുഡ് എർത് ഓർഗനൈസേഷൻ്റെ ജീവലോക നിരീക്ഷണ റിപ്പോർട്ട് തയ്യാറാക്കൽ മത്സരം, റിയ ടിവീസ് യൂ ട്യൂബ് ചാനലിൻ്റെ കഥാ മത്സരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനാ മത്സരം, കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രശ്നോത്തരി മത്സരം , ഫാർമേഴ്‌സ് ക്ലബ്ബ്, കൃഷിത്തോട്ടം ഗ്രൂപ്പ് fb കൂട്ടായ്മ, അംഗനവാടി, യൂത്ത് കോൺഗ്രസ് എന്നിവയുടെ പച്ചക്കറിത്തോട്ട മത്സരം അങ്ങനെ അങ്ങനെ എല്ലാ തരത്തിലുള്ള മത്സരങ്ങളിലും ഞാൻ ഒരു കൈ നോക്കി.

                ഇതിൽ സാംസ്കാരിക വകുപ്പിന്റെ കീഴിൽ മോയിൻകുട്ടി വൈദ്യർ അക്കാദമി സംഘടിപ്പിച്ച "മാപ്പിളപ്പാട്ടും മലയാള സിനിമയും" എന്ന ഓൺലൈൻ പ്രശ്‍നോത്തരി മത്സരത്തിൽ, പ്ലാറ്റുഫോമ്  വിട്ട ട്രെയിനിൽ ചാടിക്കയറുന്ന പോലെയായിരുന്നു അവസാന മണിക്കൂറിലെ എന്റെ പ്രവേശനം. ജീവിതത്തിൽ ആകെക്കൂടി കണ്ട ഇരുപത്തഞ്ചോളം സിനിമകളും ബി എഡിന് പഠിക്കുന്ന കാലത്ത് സംഘത്തിൽ ചേർന്ന് പാടിയ "സംകൃത പമഗിരി " എന്ന മാപ്പിളപ്പാട്ടും പിന്നെ കുട്ടിക്കാലത്ത് കേട്ട ചില ഗാനങ്ങളും ആയിരുന്നു ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ആത്മധൈര്യം പകർന്നത്

               ഒരു ദിനം ഒറ്റ ചോദ്യം ആയിരുന്നു ഉണ്ടായിരുന്നത്. ചോദ്യം ടെക്സ്റ്റ്, ചിത്രം ഓഡിയോ, വീഡിയോ ഫോർമാറ്റുകളിൽ ലഭിക്കും. ഉത്തരം ടെക്സ്റ്റായി നൽകിയാൽ മതി. ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ലഭിക്കും. ഉച്ചതിരിഞ്ഞ് ഒരു മണിക്കു മുമ്പായി ഉത്തരം അയക്കണം. ഒരു മണിക്ക് ശേഷം ലഭിക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.  ഇതായിരുന്നു ആദ്യത്തെ നിർദ്ദേശം. അങ്ങനെ മെയ് 12 ന് ആദ്യത്തെ ചോദ്യം വന്നു.

 "ഉമ്മ എന്ന ചിത്രത്തിൽ പി.ഭാസ്ക്കരൻ രചിച്ച് എം.എസ് ബാബുരാജ് .സംഗീതം നൽകി എ.എം. രാജയും, പി. ലീലയും ചേർന്നു പാടിയ  എക്കാലത്തേയും ഒരു ഹിറ്റ് ഗാനമുണ്ട്.ആ  ഗാനം ഏതാണ്?"

             ഞാൻ കിട്ടിയാൽ ഉത്തരം പോയാൽ പോഴത്തരം എന്ന മട്ടിൽ ഒരു ഉത്തരം കാച്ചി. അത് ശരിയായി!! പിന്നാലെ അടുത്ത നിർദ്ദേശം വന്നു.

 "അമേരിക്ക ഉൾപ്പടെ വിവിധ രാഷ്ട്രങ്ങളിലുള്ള മലയാളികൾ പങ്കെടുക്കുന്ന
ഒറ്റ ചോദ്യം പ്രശ്നോത്തരിയിൽ ചോദ്യങ്ങൾ അയക്കുന്ന സമയത്തിൽ മാറ്റം വരുത്താൻ നിർബന്ധിതമായിരിക്കുന്നു. അതു പ്രകാരം ഇനി മുതൽ ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് ഗ്രൂപ്പിൽ ചോദ്യമെത്തും.
ഇന്ത്യൻസമയം 11 മണിക്കു മുമ്പായി ഉത്തരം അയക്കുക. മറ്റു രാജ്യങ്ങളിൽ താമസിക്കുന്നവർ ചോദ്യമെത്തി ഒരു മണിക്കൂറിന്നകം ഉത്തരം അയക്കുക "

          ഒന്നാം ഘട്ടത്തിൽ 7 ശരിയുത്തരങ്ങളിൽ കുറയാതെ ലഭിച്ചവർ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. 118ൽ നിന്ന് 21 ലേക്ക് ഒരു കൂപ്പുകുത്തൽ !പിന്നാലെ അടുത്ത നിർദ്ദേശം വന്നു.

" രണ്ടാം ഘട്ടം പഞ്ചദിന പ്രശ്നോത്തരിയാണ്.ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.30 ന് ഗ്രൂപ്പിൽ എത്തും. അര മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം ലഭിച്ചിരിക്കണം. ഓർമ്മിക്കുക: ഉത്തരത്തോടൊപ്പം സമയ കൃത്യതയും പ്രധാനമാണ്."

                 അങ്ങനെ അതും കഴിഞ്ഞു.ഒന്നാം ഘട്ടത്തിലെ കുറഞ്ഞത് 7 സ്കോറും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 5 സ്കോറും ചേർത്ത് 12 സ്കോറിൽ കുറയാത്തവർക്കാണ് മൂന്നാം ഘട്ടം യോഗ്യത.12 പേർ യോഗ്യത നേടി. 15 മാർക്കോടെ അരീക്കോടനും മൂന്നാം റൗണ്ടിൽ കയറി !

             മൂന്നാം ഘട്ടം ത്രൈ ദിന  പ്രശ്നോത്തരിയാണ്. ഉത്തരം അയക്കാൻ അനുവദിക്കുന്ന സമയം 15 മിനിറ്റ് .ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.45 ന് ഗ്രൂപ്പിൽ എത്തും. കാൽ മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം  നൽകണം.

             അതും കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ കുറഞ്ഞത് 7 സ്കോറും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 5 സ്കോറും  മൂന്നാം ഘട്ടത്തിൽ കുറഞ്ഞത് 3 സ് കോറും ചേർത്ത് 15 സ്കോറിൽ കുറയാത്തവർ ഫൈനൽ മത്സരത്തിലേക്ക് കയറി. 8 പേർ യോഗ്യത നേടിയതിൽ 17 മാർക്കോടെ ഒന്ന് ഞാനും !!

             ഫൈനൽ മത്സരത്തിൽ ഒറ്റ ചോദ്യം ആയിരുന്നു ഉണ്ടായിരുന്നത്. ഉത്തരം അയക്കാൻ അനുവദിക്കുന്ന സമയം 15 മിനിറ്റ് .ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.45 ന് ഗ്രൂപ്പിൽ എത്തും. കാൽ മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം  നൽകണം.

ചോദ്യം  ഇതായിരുന്നു -

"അനശ്വരപ്രണയത്തിൻ്റെ ഉദാത്ത ശില്പങ്ങളാണ് റോമിയോ - ജൂലിയറ്റ്, ഷാജഹാൻ - മുംതാസ്, ഹുസ്നുൽ ജമാൽ - ബദറുൽ മുനീർ, രമണൻ - ചന്ദ്രിക തുടങ്ങിയവയൊക്കെ.കളിയാക്കലെങ്കിലും യുവമിഥുനങ്ങളെ മജ്നു - ലൈലയാക്കി സമാനമായ പ്രണയം  തൻ്റെ വരികളിൽ ചാലിച്ച് മലയാളിക്ക് സമർപിച്ച പി.ഭാസ്ക്കരൻ മാഷെ നമുക്കോർമിക്കാം.
എ) ആ പാട്ടിൻ്റെ പല്ലവി എഴുതുക? ബി) ചിത്രം ഏത്? സി ) സംഗീത സംവിധായകൻ ആര്?"


           പി.ഭാസ്ക്കരൻ മാഷ് ലൈല മജ്‌നു  എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയത് ഗൂഗിളമ്മ പറഞ്ഞ് തന്നു. ഫൈനൽ മത്സരത്തിൽ അങ്ങനെ ഒരു ഡയറക്ട് ചോദ്യം വരില്ലെങ്കിലും ഞാൻ അത് കാച്ചി.പക്ഷെ ഇത്തവണ ഉത്തരം പച്ച തൊട്ടില്ല." കോളേജ് ലൈല കോളടിച്ചു ...ചേലുള്ള കണ്ണാൽ കോളടിച്ചു " എന്നതായിരുന്നു ഉത്തരം.

           ഈ അഖില ലോക  മത്സരത്തിൽ ഒന്നാം സ്ഥാനക്കാരൻ നേടിയത് 22  മാർക്ക്.. 17 മാർക്കോടെ നാലാം സ്ഥാനത്ത് ഞാനും  ഫിനിഷ് ചെയ്ത സന്തോഷവാർത്ത അറിയിക്കുന്നു.
            കേരള സർക്കാർ സാംസ്കാരിക വകുപ്പ് നിർദ്ദേശിച്ചത് പ്രകാരം കോവിഡ്- 19 ലോക് ഡൗൺ വിരസത അനുഭവിക്കുന്നവരെ സാംസ്കാരിക ഉണർവിനാൽ ശാരീരിക അകലത്തിൽ സാമൂഹിക ഒരുമ സാധ്യമാക്കാൻ വൈദ്യർ അക്കാദമി ആവിഷ്ക്കരിച്ചതായിരുന്നു ഈ പ്രശ്നോത്തരി.
സമ്മാനങ്ങളെക്കാൾ വിവരവിനിമയം സാധ്യമാകുന്ന മത്സരം ആയിരുന്നു ഇത്. പങ്കെടുക്കുന്നവർക്കെല്ലാം പുത്തൻ അറിവുകളാണ് ലഭിച്ചത്. മലയാള സിനിമയിൽ ഇത്രയും ഇമ്പമേറിയ മാപ്പിള പാട്ടുകൾ ഉണ്ടായിരുന്നു എന്ന് ഞാനും തിരിച്ചറിഞ്ഞത് ഈ  പ്രശ്നോത്തരിയിലൂടെയാണ്.

Monday, June 01, 2020

ഓൺലൈൻ വിദ്യാരംഭം

              ഇന്ന് ജൂൺ ഒന്ന്. പുതിയ അധ്യയന വർഷത്തിലെ ആദ്യത്തെ അധ്യയന ദിനം. പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു പരസ്യം വെറുതെ ചെവിയിൽ മുഴങ്ങി.
" സ്കുളിൽ പോകാൻ എനിക്കെന്തൊക്കെ വാങ്ങി എന്നോ ... പുതിയ ബാഗ്, പുതിയ ചെരിപ്പ്, പുതിയ കുട.."

           ഞാൻ പിതാവായ ശേഷം ചരിത്രത്തിലാദ്യമായി ഈ സാധനങ്ങൾ ഒന്നും ഇല്ലാതെ, എൻ്റെ കുട്ടിക്കാലം പോലെ ഒരു വിദ്യാഭ്യാസ വർഷം ഇന്ന് ആരംഭിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ മറ്റൊരു യുഗപ്പിറവിക്കും ഇന്ന് നാന്ദി കുറിച്ചു. പതിനൊന്നാം ക്ലാസൊഴികെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ലാപ്ടോപ്പും ടാബ്‌ലറ്റും സ്മാർട്ട് ഫോണും ഒക്കെ ഉപയോഗിച്ചു കൊണ്ട് ഓൺലൈൻ ക്ലാസ് എന്ന പുതിയൊരു രീതി അനുഭവിച്ചറിഞ്ഞു.

             വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതും വിദ്യാഭ്യാസ വകുപ്പിൽ തന്നെ പലർക്കും അപരിചിതവുമായിരുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്തത്. രാവിലെ 8.30 ന് ഫസ്റ്റ് ബെൽ മുഴങ്ങുന്നതിന് മുമ്പ് തന്നെ എൻ്റെ രണ്ടാമത്തെ മകൾ ലുഅ മോൾ +2 ക്ലാസിൽ കയറി ഇരുന്നിരുന്നു. പുതിയ സ്കൂളിൽ അഞ്ചാം തരത്തിൽ ഇരിക്കേണ്ട മൂന്നാമത്തെ മകൾ ലൂനയും ഉച്ചക്ക് 2 മണിക്ക് ഓൺലൈൻ പഠനത്തിന് ഹരിശ്രീ കുറിച്ചു.

            1993 മുതൽ കമ്പ്യൂട്ടറുമായി ചങ്ങാത്തം തുടങ്ങിയ ഞാൻ ആദ്യമായി ഒരു ഓൺലൈൻ കോഴ്സ് പൂർത്തിയാക്കിയത് ഒരാഴ്ച മുമ്പായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ വികാസം പല തരത്തിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇന്നാരംഭിച്ച ഓൺലൈൻ പഠനം. ഈ സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്ത ഒരു വിഭാഗം കുട്ടികളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.  സർക്കാറിന് ചെയ്യാനാവുന്ന പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് എൻ്റെ നിഷ്പക്ഷ നിരിക്ഷണം.

               സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, വിദ്യാഭ്യാസം അവകാശമാകുമ്പോൾ ഓൺ ലൈൻ അധ്യയനം അധികകാലം മുന്നോട്ട് കൊണ്ട് പോകുന്നത് സാമൂഹ്യനീതിക്ക് എതിരാണ്. മാത്രമല്ല പരസ്പരം ഇടപഴകുന്നതിലുടെയും കൂടിക്കലരുന്നതിലൂടെയും കുട്ടികളിൽ പലതരം മാനസിക - വൈയക്തിക വികാസങ്ങളും നടക്കുന്നുണ്ട്. അവ രൂപപ്പെടേണ്ട സമയത്ത് സംഭവിച്ചില്ലെങ്കിൽ കുട്ടിയുടെ ഭാവി ജീവിതത്തിൽ ആ നഷ്ടം പ്രകടമാകുക തന്നെ ചെയ്യും. ആയതിനാൽ നീണ്ടുപോകുന്ന ഓൺലൈൻ വിദ്യാഭ്യാസം മുതിർന്ന കുട്ടികൾക്കേ അനുയോജ്യമാവു.

             വാവിട്ട് കരയുന്ന കുട്ടികളുടെ പടമില്ലാതെ നാളെ ഇറങ്ങുന്ന പത്രങ്ങളും സമീപ കാലത്തൊന്നും കാണാത്ത ഒന്നായിരിക്കും. ഇനിയും എന്തൊക്കെയാണാവോ ഈ കൊറോണ കാണിക്കാൻ പോകുന്നത്?