Pages

Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Wednesday, May 22, 2019

ബഹു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ...

         ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.ഈ ഇലക്ഷനിൽ കണ്ട ചില കാര്യങ്ങൾക്ക് നേരെ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. തള്ളാം കൊള്ളാം, ബട്ട് തല്ലരുത് കൊല്ലരുത്.

           കേരളത്തിൽ ഇത്തവണ, 20 ലോകസഭാ സീറ്റിൽ 10 സീറ്റുകളിലേക്ക് ഇരു മുന്നണികളിൽ നിന്നുമായി മത്സരിച്ചത് പത്തോളം എം.എൽ.എ മാരാണ്.അതായത് ഇനിയും രണ്ട് വർഷത്തോളം കാലാവധിയുള്ള ജനപ്രതിനിധികൾ. അവർക്കിത് ഒരു ഇം‌പ്രൂവ്മെന്റ് പരീക്ഷ മാത്രമാണ്. എം.എൽ.എ എന്ന പദത്തിൽ നിന്നും എം.പി എന്ന പദത്തിലേക്കുള്ള ഇം‌പ്രൂവ്മെന്റ് ചാൻസ്. സ്വാഭാവികമായും ജയിച്ചാൽ അവർ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഠലങ്ങളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപ തെരഞ്ഞെടുപ്പ് നടത്തണം. പട്ടിണി സഹിക്കാൻ കഴിയാതെ എന്തോ ഭക്ഷണ പദാർത്ഥം എടുത്തതിന് മോഷണമാരോപിച്ച് അടിച്ചു കൊന്ന മധുവിന്റെ ഈ നാട്ടിൽ, അടച്ചുറപ്പില്ലാത്ത വീട്ടിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ ഈ നാട്ടിൽ, ഒരു നേരത്തെ മരുന്ന് വാങ്ങാൻ വകയില്ലാതെ നരകിക്കുന്ന നിരവധി പാവങ്ങളുടെ നിലവിളി ഉയരുന്ന ഈ നാട്ടിൽ തെരഞ്ഞെടുപ്പിന്റെ പേരിൽ ലക്ഷങ്ങൾ ഇനിയും ചെലവിടുന്നത് ശരിയോ തെറ്റോ ?

             സർക്കാർ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ജോലി രാജി വയ്ക്കണം.അതേ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന എം.എൽ.എ ക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമാകുന്നില്ല? കുറഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവുകളുടെ അമ്പത് ശതമാനെങ്കിലും, ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നവരുടെ സ്വകാര്യ സമ്പത്തിൽ നിന്നും എന്തുകൊണ്ട് ഈടാക്കിക്കൂട? അല്ലെങ്കിൽ, അവർ ജയിച്ചാലും തോറ്റാലും എന്തുകൊണ്ട് നിലവിലുള്ള  രണ്ടാം സ്ഥാനക്കാരെ പുതിയ പ്രതിനിധിയായി തെരഞ്ഞെടുത്തുകൂട ? ഇങ്ങനെയെന്തെങ്കിലും നിബന്ധനകൾ കൊണ്ടു വന്നില്ലെങ്കിൽ ഭാവിയിൽ ഇത് ഇനിയും തുടരും. 20 സീറ്റിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ പോലും ഇല്ലാത്ത പാർട്ടികളായി കേരളത്തിലെ പ്രമുഖ പാർട്ടികൾ അധ:പതിച്ചതായി ജനങ്ങൾ മനസ്സിലാക്കുന്നു.

             രാജ്യത്തെ നയിക്കേണ്ട പ്രമുഖരിൽ പലരും കൂളായി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുന്നത് നിരവധി തവണ നാം കണ്ടു. രണ്ടോ മൂന്നോ ദിവസത്തെ പ്രചാരണ വിലക്ക് എന്ന ഉമ്മാക്കി ഒരു ചുക്കും ചെയ്യുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമായി. നടപടി എടുക്കേണ്ടത് കലക്ടറോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അതോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ എന്ന അനിശ്ചിതത്വവും പല കേസുകളിലും ആദ്യ ഘട്ടത്തിൽ ഉണ്ടായി. സ്ഥാനാർത്ഥിത്വം അസാധുവാക്കുന്നതും അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലെങ്കിലും മത്സരിക്കുന്നത് വിലക്കുന്നതും അടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ മാത്രമേ ഇത്തരം നിയമ ലംഘകർക്ക് കൂച്ചു വിലങ്ങിടാൻ സഹായിക്കൂ.

            കനത്ത സുരക്ഷയും അതിലേറെ സുതാര്യതയും ഉറപ്പ് വരുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ഒരു കൂസലും കൂടാതെ കള്ളവോട്ട് ചെയ്യുന്ന ജനപ്രതിനിധികളെയും കണ്ടു. റീപോളിംഗ് നടത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും വോട്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിലൂടെ ഭാവിയിൽ പ്രതി രക്ഷപ്പെട്ടാലും ഉദ്യോഗസ്ഥർ ബലിയാടാകാൻ സാധ്യത ഏറെയാണ്. ആയതിനാൽ കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ ഉടനടി കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുന്ന രൂപത്തിൽ നിയമങ്ങൾ പരിഷ്കരിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു. 

Wednesday, November 01, 2017

എന്റെ മലയാളം എങ്ങോട്ട്?

      ഇന്ന് നാം കേരളപ്പിറവി ദിനം ആചരിക്കുകയാണ്. സർക്കാറും വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളും സ്കൂൾ-കോളേജ് കാമ്പസുകളും പല രൂപത്തിലും ഈ ദിനം കെങ്കേമമാക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങളുടെ കലാ-കായിക അഭിരുചികൾ ഉദ്ദീപിപ്പിക്കുന്നതിനായി കേരളോത്സവം എന്ന ഒരു പരിപാടിയും ഈ ദിനത്തോടനുബന്ധിച്ച് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വർഷങ്ങളോളമായി നടന്നു വരുന്നുണ്ട്.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛൻ ജീവിച്ചത് പതിനാറാം നൂറ്റാണ്ടിലായിരുന്നു. മലയാള ഭാഷ ആവിർഭവിച്ചതാകട്ടെ ആറാം നൂറ്റാണ്ടിലും.നമ്മുടെ മാതൃഭാഷക്ക് ഇത്രയും പ്രായമുണ്ടെന്ന് ഇന്നത്തെ തലമുറക്ക് ഒരു പക്ഷെ പുതിയ അറിവായിരിക്കും. സഹസ്രാബ്ദത്തിലധികം കാലം പിന്നിട്ടിട്ടും നമ്മുടെ മാതൃഭാഷ എവിടെ എത്തി നിൽക്കുന്നു എന്ന് നാം പുനർവിചിന്തനം നടത്തേണ്ടതുണ്ട്.

  2001ലെ ജനസംഖ്യാ കണക്ക് പ്രകാരം 330 ലക്ഷം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മലയാളം. കേരളത്തിന് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലെയും പോണ്ടിച്ചേരിയിലെയും ഔദ്യോഗിക ഭാഷയും മലയാളമാണ്. എന്നാൽ ഇതര തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് മലയാളത്തിന്റെ പുരോഗതി പരിതാപകരമാണെന്ന് പറയാതിരിക്കാൻ വയ്യ. ഇതിന് കാരണം മറ്റൊന്നുമല്ല. നാം മലയാളം ഉപയോഗിക്കുന്നത് സംസാരത്തിനുള്ള ഭാഷയായി മാത്രമാണ്.

    ഉന്നത ബിരുദങ്ങൾ കൈവരിച്ചവർക്ക് പോലും അക്ഷരത്തെറ്റ് കൂടാതെ മലയാളം എഴുതാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മുടെ പ്രയാണം.ആശയ വിനിമയോപാധികൾ കൂടിയപ്പോൾ മലയാളം ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയതിന്റെ ഒരു പാർശ്വഫലമാണ് ഇത്. പലർക്കും മലയാളത്തിൽ പത്ത് വരി എഴുതുമ്പോഴേക്കും കൈ കഴക്കുന്ന അവസ്ഥ വരെ എത്തി.പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർക്ക് പോലും തെറ്റില്ലാതെ മലയാളം എഴുതാൻ സാധിക്കുന്നില്ല. മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണം പോലും കൃത്യമായി അറിയാത്ത മലയാളികളാണ് നമ്മുടെ ചുറ്റും വളർന്നുകൊണ്ടിരിക്കുന്നത്. ഇത് ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കും. അതിനാൽ സ്കൂൾ തലത്തിൽ മറ്റു ഭാഷകൾ പഠിക്കുന്നത് പോലെ അല്ലെങ്കിൽ അതിലും കൂടുതൽ പ്രാധാന്യം നൽകി മലയാളം പഠിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കണം എന്ന് ഉണർത്തുന്നു.


Sunday, April 02, 2017

എസ്.ബി.ടി – ചില ഓര്‍മ്മക്കുറിപ്പുകള്‍

       സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ 2017 മാര്‍ച്ച് 31 ആം തീയ്യതി ചരിത്രത്തിന്റെ ഭാഗമായി. ഞാന്‍ ബാങ്കിംഗ് മേഖലയുമായി ബന്ധം സ്ഥാപിച്ചത് എസ്.ബി.ടിയിലൂടെ ആയതിനാല്‍ അതിന്റെ അകാല വിയോഗം ചില ഓര്‍മ്മകളെ ഉണര്‍ത്തുന്നു.
       അരീക്കോട് പോസ്റ്റ് ഓഫീസിനെ സമീപത്ത് ഇന്ന് കാണുന്ന ഷോപ്പിംഗ് കോം‌പ്ലക്സുകള്‍ നിന്നിടത്ത് ഒരു പഴയ വീടിന്റെ മുമ്പിലെ തെങ്ങില്‍ ഒരു മൂലയും, നിലത്തുറപ്പിച്ച ഒരു മരത്തൂണില്‍ മറ്റേ മൂലയും ഉറപ്പിച്ച ‘റ’ ചിഹ്നമുള നീലയില്‍ വെള്ള എഴുത്തുള്ള ഒരു ബോര്‍ഡ് ഇന്നും എന്റെ മനസ്സില്‍ തെളിയുന്നു - സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ , അരീക്കോട്. ഈ ബാങ്ക് ഇതിന് മുമ്പ് എവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല.
       വീടിന്റെ ഏറ്റവും സമീപത്തെ ബാങ്ക് എന്നതും പരിചയമുള്ള ചിലരൊക്കെ അവിടെ ഏതൊക്കെയോ തസ്തികയില്‍ ജോലി ചെയ്യുന്നു എന്നതും പിന്നെ കേരളത്തിലുടനീളം ശാഖകള്‍ ഉണ്ട് എന്നതും, ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാനുള ചിന്ത ആരംഭിച്ചതോടെ എന്നെ അങ്ങോട്ട് നയിച്ചു.
      ബിരുദ പഠനം കഴിഞ്ഞ് വിവിധ മത്സര പരീക്ഷകള്‍ക്കും കോളേജ് പ്രവേശനത്തിനും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കാന്‍ വേണ്ടിയായിരിക്കും 23/9/1992ന് ഞാന്‍ ഈ അക്കൌണ്ട് തുടങ്ങിയത്. P 5273 എന്ന അക്കൌണ്ട് നമ്പര്‍ കാലക്രമേണ മാറി മാറി ഇന്ന് മനസ്സില്‍ നില്‍ക്കാത്ത ഒരു പത്തക്ക നമ്പറായി. അക്കൌണ്ട് നമ്പറിലെ ഡിജിറ്റ് കൂടുന്നതിനനുസരിച്ച് ബാങ്കിന്റെ വലിപ്പം കൂടി , ജീവനക്കാരുടെ സ്വഭാവവും മാറി.
      മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും ബാങ്ക് ശാഖ അരീക്കോട് ബസ്‌സ്റ്റാന്‍റ്റിലെ കെ.പി.എം ബില്‍ഡിങ്ങിലേക്കും അവിടെ നിന്ന് മുക്കം റോഡിലെ ഗോള്‍ഡന്‍ സ്ക്വയറിലേക്കും മാറിയപ്പോഴേക്കും സാധാരണക്കാര്‍ പലരും ബാങ്കില്‍ നിന്ന് അകന്ന് പോയി. ഒരു ലോണ്‍ ആവശ്യത്തിന് ചെന്ന സുഹൃത്തിനെ മാനേജര്‍ ചില ചോദ്യങ്ങളിലൂടെ വെറുപ്പിച്ചതും ‘ഇനി ഈ ജീവിതത്തില്‍ ആ ബാങ്കിലേക്ക് ഞാന്‍ ഇല്ല’ എന്ന് തീരുമാനം എടുത്തതും എനിക്കറിയാം. എന്നാല്‍ നല്ലൊരു മറുവശം എന്ന് പറയാം ഇവിടെ അക്കൌണ്ട് ഉളത് കാരണം, ബാപ്പയും ഉമ്മയും ഹജ്ജിന് പോകുന്ന സമയത്ത് ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഒരു ഡിഡി എടുക്കാന്‍ എനിക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. ബാപ്പ അതിന് എന്നെ പ്രശംസിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
       ഡിഗ്രി കഴിഞ്ഞ ഉടനെ വിവിധ മത്സരപ്പരീക്ഷകള്‍ എഴുതി നടക്കുന്ന കാലത്ത്, എന്റെ അയല്‍‌വാസിയായിരുന്ന തിരുവനന്തപുരം ഏ.ജീസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന എം.പി.ശരീഫിന്റെ തിരുവനന്തപുരത്തെ റൂമില്‍ ഒരു ദിവസം ഞാന്‍ എത്തിയിരുന്നു.അന്ന് അവന്റെ റൂം മേറ്റ് ആയിരുന്ന എസ്.ബി.ടി ക്രിക്കറ്റ് ടീമിലെ സന്ദീപിനെ (ഇന്നും അതേ പേരില്‍ ഒരാളെ കാണുന്നു) പരിചയപ്പെട്ടത് ഓര്‍ക്കുന്നു. കേരള മറഡോണ മലപ്പുറം മമ്പാട് സ്വദേശി ആസിഫ് സഹീറും സഹോദരന്‍ ഷബീറും എസ്.ബി.ടിക്ക് വേണ്ടി കളം നിറഞ്ഞ് കളിച്ച ഫുട്ബാള്‍ മത്സരങ്ങളും, പെട്ടെന്ന് എസ്.ബി.ടി ഇല്ലാതാകുമ്പോള്‍ മനസ്സില്‍ പാഞ്ഞ് വരുന്നു.

      ഇന്ന് ഈ ബാങ്കിലേക്ക് ഞാനും പോകുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്. അത്രക്കും തിരക്കേറിയതായി മാറി ഈ ബാങ്ക്. മേല്‍ സൂചിപ്പിച്ച പോലെ ജീവനക്കാര്‍ കൂടുതല്‍ പരുക്കന്‍ സ്വഭാവക്കാരും ആയി. സ്വാഭാവികമായും നല്ല പെരുമാറ്റം പ്രദാനം ചെയ്യുന്ന ഫെഡറല്‍ ബാങ്ക് പോലെയുള ബാങ്കുകളില്‍ ഞാന്‍ അടക്കം അക്കൌണ്ട് തുറന്ന് ഇടപാടുകള്‍ അങ്ങോട്ട് മാറ്റി. അതുകൊണ്ട് തന്നെയാകാം എസ്.ബിടി, എസ്.ബി.ഐ യില്‍ ലയിക്കുമ്പോള്‍ അത് സാധാരണക്കാരില്‍ ഒരു മനോവിഷമവും ചര്‍ച്ചയും സൃഷ്ടിക്കാതെ പോയത്. ഇനി ആ "A Long Tradition of Trust" എന്താകുമോ ആവോ?


Wednesday, December 21, 2016

പ്രതിജ്ഞകള്‍ പ്രതികളാകുന്നോ?


        ഡിസംബര്‍ പിറന്ന ശേഷം 15 ദിവസം പിന്നിടും മുമ്പ് മൂന്ന് പ്രതിജ്ഞകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്കാരനും  കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറുമായ എനിക്ക് എടുക്കേണ്ടി വന്നത്. ഡിസമ്പര്‍ ഒന്നിന് ലോക എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് ആയിരുന്നു ഗവന്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഈ മാസത്തെ ആദ്യ് പ്രതിജ്ഞ.കൃത്യം ഒരാഴ്ച കഴിഞ്ഞ് ഡിസമ്പര്‍ എട്ടിന് കേരള സര്‍ക്കാരിന്റെ നവകേരള മിഷനോടനുബന്ധിച്ചുള ഹരിത കേരളം പദ്ധതിയുടെ ഉത്ഘാടന ദിവസവും ഒരു പ്രതിജ്ഞ തയ്യാറാക്കുകയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അതേറ്റ് ചൊല്ലുകയും ചെയ്തു. ഡിസമ്പര്‍ 14ന് ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ചും പ്രതിജ്ഞ എടുത്തു.

         പ്രതിജ്ഞ എടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല. മേല്‍ പറഞ്ഞ മൂന്ന് അവസരങ്ങളിലും എടുത്ത പ്രതിജ്ഞ ജീവിതത്തില്‍ പാലിക്കപ്പെട്ടാല്‍ വളരെ നല്ലതു തന്നെ. പക്ഷെ മുകളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതിനനുസരിച്ച് എടുക്കുന്ന പ്രതിജ്ഞകള്‍ക്ക് എത്രമാത്രം ജീവന്‍ ഉണ്ടാകും എന്നതില്‍ സംശയമുണ്ട്.
         
         അടിച്ചേല്‍പ്പിക്കുന്ന പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പകരം അതിന്റെ കാമ്പ് ജീവിതത്തില്‍ പകര്‍ത്താനു സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും കൂടുതല്‍ മഹത്തരം.ഉദാഹരണത്തിന് എയ്‌ഡ്‌സ് ദിനത്തില്‍ പ്രതിജ്ഞ ചൊല്ലുന്നതിന് പകരം അവര്‍ക്കായി ഇതുവരെ ഓരോരുത്തരും ചെയ്ത സേവനങ്ങളെപ്പറ്റി ഒരു ചോദ്യാവലി നല്‍കാമായിരുന്നു.അതിലൂടെ ഒരു സ്വയം തിരിച്ചറിവെങ്കിലും സൃഷ്ടിക്കാം. ഹരിതകേരളം പ്രതിജ്ഞക്കപ്പുറം പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.അന്ന് എടുത്ത പ്രതിജ്ഞയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും ജൈവ പച്ചക്കറി രംഗത്തും ജല സംരക്ഷണ രംഗത്തും ഒരാഴ്ചകൊണ്ട് എന്ത് ചെയ്തു എന്ന് ഒരു റിപ്പോര്‍ട്ട് ചോദിച്ചാല്‍ പലരും മേലോട്ട് നോക്കും.ഊര്‍ജ്ജ സംരക്ഷണ രംഗത്തും മലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിജ്ഞക്കപ്പുറം എവിടെയും എത്തുന്നില്ല എന്നതാണ് സത്യം.

        കോളേജില് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് ഇത്തരം എല്ലാ ചടങ്ങുകളുടെയും ചാര്‍ജ്ജ് നല്‍കുന്നത്. എല്ലാ ആഴ്ചയും പ്രതിജ്ഞ എടുക്കുന്നതിന് ആള്‍ക്കാരെ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ടും കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങളും ഞങ്ങള്‍ സഹിക്കുകയേ നിവൃത്തിയുളൂ. പ്രതിജ്ഞകളും നേതൃത്വം നല്‍കുന്നവരും പ്രതികളാകുന്ന അവസ്ഥ ഒഴിവാക്കിയേ തീരൂ.

(ഈ പ്രതികരണം ഇന്ന് 21/12/2016ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത് താഴെ)

Thursday, May 26, 2016

പോളിംഗ് പൊല്ലാപ്പുകള്‍


            ബൂത്ത് കൂടുതല്‍ വഷളാകുന്നതിന് മുമ്പെ ഞാന്‍ സെക്ടര്‍ ഓഫീസറെ വിളിച്ചു.അല്പ സമയത്തിനകം തന്നെ സ്പെയര്‍ ബാലറ്റ് യൂണിറ്റും കണ്‍‌ട്രോള്‍  യൂണിറ്റും എത്തി.മെഷീന്‍ മാറ്റുന്നതിന് മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതുണ്ട്.സെക്ടര്‍ ഓഫീസര്‍ തന്നെ അദ്ദേഹത്തെ വിളിച്ച് ഫോണ്‍ എനിക്ക് കൈമാറി.ഈ തിരക്കിനിടയില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങളും കൂടി ആയതോടെ വീണ്ടും എന്റെ സമനില പോകാന്‍ തുടങ്ങി (തനി മലപ്പുറത്ത്കാരനായ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു ഈ “ഇംഗ്ലീഷ്കാരന്‍ സായ്പ്” എന്ന് വോട്ടിംഗ് സാമഗ്രികള്‍ തിരിച്ച് കൊടുക്കുമ്പോള്‍ മനസ്സിലായി !) . പണിമുടക്കിയ സെറ്റ് അപ്പാടെ മാറ്റി പുതിയത് സ്ഥാപിച്ചു.എത്രയും പെട്ടെന്ന് പുതിയ മോക്ക്പോള്‍ നടത്താന്‍ സെക്ടര്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ തിരക്ക് കണ്ടപ്പോള്‍ വേറെ എവിടെയോ കൂടി പ്രശ്നം ഉള്ളതായി എനിക്ക് സംശയം തോന്നി.

            ഞാന്‍ മോക്ക്പോള്‍ നടത്തുന്നതിനിടക്ക് മറ്റ് ഉദ്യോഗസ്ഥര്‍, പണിമുടക്കിയ യൂണിറ്റുകള്‍ പെട്ടിയിലാക്കി.അതിനിടക്ക് തന്നെ രണ്ടാം പോളിംഗ് ഓഫീസറുടെ ചെവിയില്‍ സെക്ടര്‍ ഓഫീസര്‍ ഒരു സ്വകാര്യമോതി. വീണ്ടും വോട്ട് ചെയ്യണം എന്ന് ശഠിച്ച് നില്‍ക്കുന്ന ആള്‍ക്ക് ഒരു കാരണവശാലും അത് അനുവദിച്ച് കൊടുക്കരുത് എന്നായിരുന്നു ആ സ്വകാര്യം.മോക്ക്പോള്‍ കഴിഞ്ഞ് വോട്ടിംഗ് പ്രക്രിയ വീണ്ടും തുടങ്ങി.നഷ്ടപ്പെട്ട 30 മിനുട്ടും കൂട്ടി ആറര വരെ പോളിംഗ് ഉണ്ടാകില്ലേ എന്ന് ഏജന്റുമാര്‍ സംശയമുന്നയിച്ചു.പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നിടറിയെങ്കിലും ആറ് മണി വരെ മാത്രമേ ഉണ്ടാകൂ എന്നും അപ്പോഴും ക്യൂവിലുള്ളവരെ മുഴുവന്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും എന്നും അറിയിച്ചതോടെ അവര്‍ സീറ്റിലേക്ക് മടങ്ങി. അപ്പോഴേക്കും പുറത്ത് ക്യൂവിലുള്ളവര്‍ ക്ഷമ കൈവിടാന്‍ തുടങ്ങിയിരുന്നു.

           ഞാന്‍ തിരിച്ച് സീറ്റിലെത്തിയപ്പോള്‍ സെക്ടര്‍ ഓഫീസര്‍ എന്റെ അടുത്തെത്തി.ഈ മെഷീന്‍ പണിമുടക്കുകയാണെങ്കില്‍ ഉടന്‍ വിളിക്കണം എന്ന് “ഉപദേശം” നല്‍കാനായിരുന്നു അദ്ദേഹം അപ്പോള്‍ വന്നത്‌ !പുതിയ മെഷീനും എപ്പോള്‍ വേണമെങ്കിലും ചെങ്കൊടി പൊക്കും എന്ന സൂചന എന്നില്‍ വീണ്ടും സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു.നിലവില്‍ പോളിംഗ് സമയം 20 മിനുട്ട് തടസ്സപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അടുത്ത തടസ്സപ്പെടല്‍ വന്നാല്‍ 40 മിനിട്ടിനകം പ്രശ്നം പരിഹരിച്ചിരിക്കണം എന്നും ഒരുമണിക്കൂറിലധികം പോളിംഗ് തടസ്സപ്പെടുന്നത് റീപോളിംഗിന് ഇടയാക്കുമെന്നും അദ്ദേഹം അറിയിച്ചു.അപ്പോഴാണ് തീക്കൊള്ളിയില്‍ ഓടുന്ന കല്‍ക്കുഞ്ഞനെപ്പോലെ അദ്ദേഹം തിരക്ക് കൂട്ടിയതിന്‍റ്റെ പൊരുള്‍ എനിക്ക് മനസ്സിലായത് (റീപോളിംഗ് എന്ന പൊല്ലാപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ഇലക്ഷന്‍ ഡ്യൂട്ടി ചരിത്രമായേനെ).

           ക്യൂ ഒരിക്കലും മുറിയാതെ പുറത്ത് നീണ്ടു കൊണ്ടേ ഇരുന്നു.കണ്ണ് കാണുന്നവരും അത്യാവശ്യം ആരോഗ്യമുള്ളവരും എല്ലാം , മെഷീനില്‍ വോട്ട് ചെയ്യാനുള്ള പേടി കാരണവും ഉറച്ച വോട്ടുകള്‍ മാറിപ്പോകാതിരിക്കാനും കണ്ണ് കാണാത്തതായും അവശതയുള്ളതായും അഭിനയിച്ചു.ആദ്യമാദ്യം സാമ്പിള്‍ ബാലറ്റ് യൂണിറ്റ് കാണിച്ച് പരീക്ഷിച്ചെങ്കിലും അതിലെ ചിഹ്നങ്ങള്‍ കണ്ണ് കാണുന്നവന് തന്നെ മനസ്സിലാകാത്തതായതിനാല്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.എങ്കിലും ചിലരെ കാണുമ്പോള്‍   സ്വയം സമാധാനിക്കാന്‍ ഞാന്‍ ഒരു കണ്ണ് ഡോക്ടറായി.പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോലെ അന്ധരും അവശരും കുത്തിയൊഴുകുമോ എന്ന് പേടിച്ചെങ്കിലും അത്രത്തോളം എത്തിയില്ല.


         കണ്ണൂര്‍ ജില്ലയില്‍ ഈ ഓപ്പണ്‍ കള്ളവോട്ട് തടയാന്‍ നേരത്തെ പരിശോധന നടത്തി ആറായിരത്തില്പരം മാത്രം യഥാര്‍ത്ഥ അന്ധ-അവശ വോട്ടര്‍മാരെ കണ്ടെത്തിയതായി വാര്‍ത്ത കണ്ടു.പക്ഷെ നാല്പതിനായിരത്തില്പരം ഓപണ്‍ വോട്ട് ആണ് അവിടെ പോള്‍ ചെയ്യപ്പെട്ടത് എന്നത് എന്നെപ്പോലുള്ള ഒരു പ്രിസൈഡിംഗ് ഓഫീസറുടെ നിസ്സഹായത വെളിവാക്കുന്നു. നേരിന്റെ രാഷ്ട്രീയത്തിന് പകരം നെറികേടിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന എല്ലാ അനുയായികളെയും പാര്‍ട്ടി നേതൃത്വം തന്നെ തിരുത്തണം. 

Wednesday, May 25, 2016

പൊതുറോഡിലെ പേക്കൂത്ത്

       ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുമ്പോള്‍ സമയം രാത്രി 10:23. അങ്ങാടിയില്‍ നിന്നും ഇപ്പോഴും ഉച്ചത്തിലുള്ള പാട്ടിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.രണ്ട് മണിക്കൂര്‍ മുമ്പ് ഞാന്‍ നേരിട്ട് കണ്ട അതേ വാഹനത്തില്‍ നിന്നാണ് ഈ ശബ്ദമെങ്കില്‍ അതിന്റെ പിന്നാലെയും മുന്നാലെയും കുറെ പയ്യന്മാര്‍ ലക്കും ലഗാനും ഇല്ലാതെ തുള്ളിക്കൊണ്ടിരിക്കുന്നുമുണ്ടാകും.അവര്‍ക്ക് ഇന്ന് ശിവരാത്രി ആയിരിക്കാം, പക്ഷെ നാട്ടുകാര്‍ക്ക് മുഴുവന്‍ അങ്ങനെയാവണമെന്ന് ശഠിക്കരുത്.ഹേ രാഷ്ട്രീയക്കാരാ, നിര്‍ത്തണം പൊതുറോഡിലെ ഈ പേക്കൂത്ത്.
        മലപ്പുറം ജില്ലയിലെ അരീക്കോട്ടുള്ള എന്റെ വീട്ടിലേക്ക് തൊട്ടടുത്ത തൃശൂര്‍ ജില്ലയിലെ മാളയില്‍ നിന്നും എന്റെ ഒരു വിദ്യാര്‍ത്ഥി രാവിലെ ഒമ്പതരക്ക് പുറപ്പെട്ടു. വഴിയിലുടനീളമുള്ള, പൊതുവീഥിയില്‍ കിടന്നുള്ള ആഭാസകരമായ “ചവിട്ട്നൃത്തം” കാരണം ബസ് ബ്ലോക്കായി അവന്‍ എന്റെ വീട്ടില്‍ എത്തിയത് വൈകിട്ട് നാല് മണിക്ക്.ഒരു പൌരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാന്‍, തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിക്കും അധികാരമില്ല എന്നിരിക്കെ ഈ ആഭാസന്മാരെ നേതൃത്വം നിലക്കുനിര്‍ത്തണം.മാത്രമല്ല പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചുണ്ടാക്കിയ റോഡിലെ ഈ പേക്കൂത്ത് നിര്‍ത്തുക തന്നെ വേണം. കഴിഞ്ഞ ദിവസം ഇലക്ഷന്‍ കലാശക്കൊട്ട് കാരണം ഉണ്ടായ റോഡിലെ തടസ്സം ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാല്പാഷ നല്‍കിയ പരാതി പൊതുതാല്പര്യ ഹരജിയായി സ്വീകരിച്ചത് ഈ ആഭാസ പേക്കൂത്തിന്‍ ശമനമുണ്ടാക്കും എന്ന് കരുതിയെങ്കിലും അത് അസ്ഥാനത്തായി.
       വൈകുന്നേരം അഞ്ച് മണിക്ക് ഒരു വിദ്യാര്‍ത്ഥിനിയെ വയനാട്ടിലേക്ക് യാത്രയാക്കാന്‍ ബസ്സ്റ്റാന്റില്‍ എത്തിയെങ്കിലും ബസ് കിട്ടുന്നത് ആറുമണിക്ക് ശേഷമായിരുന്നു. എല്ലാ ബ്ലോക്കുകളും തരണം ചെയ്ത് ഈ പെണ്‍കുട്ടി വീട്ടിലെത്തുമ്പോള്‍ സമയം എത്ര പിന്നിട്ടിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി യാത്രക്കാര്‍ അപ്പോഴും പല സ്ഥലങ്ങളിലേക്കുള്ള ബസ്സുകളും കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. രാഷ്ട്രീയക്കാരുടെ നടുറോഡിലെ പേക്കൂത്ത് കാരണം എല്ലാ വാഹനങ്ങളും ബ്ലോക്കില്‍ പെട്ടു.അതിനാല്‍ തന്നെ നിര്‍ത്തണം പൊതുറോഡിലെ ഈ പേക്കൂത്ത്.
       പ്രിയപ്പെട്ട പിണറായിജി,എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു മൂന്ന് മാസത്തിലേറെയായി താങ്കളുടെ മുന്നണി ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്.എന്നാല്‍ താങ്കള്‍ അധികാരമേറ്റെടുത്ത ദിവസം, അനുയായികളുടെ പേക്കൂത്ത് കാരണം ജനങ്ങള്‍ അനുഭവിച്ച പ്രകാരം അവര്‍ പറയും - എല്‍.ഡി.എഫ് വരും എല്ലാം ബ്ലോക്കാകും.അതിനാല്‍ അടിയന്തിരമായി പൊതുവഴിയിലെ ഇത്തരം ആഭാസങ്ങള്‍ നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ട് വരണം.ഇല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷജനമനം പോളിംഗ് ബൂത്തില്‍ നിന്ന് തന്നെ വിട്ട് നിന്നേക്കാം.



Monday, May 23, 2016

തെരഞ്ഞെടുപ്പ് എന്ന ചാകരക്കാലം

              തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ നിന്നും കേരളം അടുത്ത മന്ത്രിസഭാ അംഗങ്ങള്‍ ആരൊക്കെയാകും എന്ന ചര്‍ച്ചയിലേക്ക് നീങ്ങിക്കഴിഞ്ഞു.ഫിഡല്‍ കാസ്ട്രൊ എന്നൊരു പുതിയൊരു പോസ്റ്റും കേരളത്തിനായി ശ്രീ.സീതാറാം യെച്ചൂരി കനിഞ്ഞരുളി.

            ഓര്‍മ്മയിലെ കണക്ക് പ്രകാരം എന്റെ എട്ടാമത്തെ ഇലക്ഷന്‍ ഡ്യൂട്ടി ആയിരുന്നു ഇത്തവണ കല്പറ്റ മണ്ഡലത്തിലെ വെണ്ണിയോട്‌ സെര്‍വ് ഇന്ത്യ ആദിവാസി എല്‍.പി സ്കൂളില്‍ ഞാന്‍ നിര്‍വ്വഹിച്ചത്.പതിവിന് വിപരീതമായി വീട്ടില്‍ നിന്നും പുറപ്പേടുമ്പോള്‍ തന്നെ,  ഭാര്യയോടും മക്കളോടും ഡ്യൂട്ടി എവിടെയാണെന്ന് പറയാന്‍ പറ്റുന്ന രൂപത്തില്‍ തലേ ദിവസം തന്നെ മെസേജ് വരും എന്നായിരുന്നു ഇലക്ഷന്‍ ട്രെയ്നിംഗ് സമയത്ത് അറിയിച്ചിരുന്നത്.
പറഞ്ഞപോലെ ബൂത്ത് നമ്പര്‍ 18ല്‍ ആണ് ഡ്യൂട്ടി എന്ന അറിയിപ്പ് നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ വാക്ക് പാലിച്ചു.18ആം നമ്പര്‍  ബൂത്ത് ഏതെന്ന് അറിയാന്‍ പിറ്റേന്ന് കല്പറ്റയില്‍ എത്തണം എന്ന് മാത്രം! എന്തൊരു ശുശ്കാന്തി !!അടുത്ത തെരഞ്ഞെടുപ്പിലും ഇത്തരം “ഓഫറുകള്‍” തരരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.ഇന്‍ഷൂറന്‍സ് കവറേജ് , 25000 രൂപ വരെയുള്ള സൌജന്യ ചികിത്സ തുടങ്ങീ പ്രലോഭനപരമായ ഓഫറുകള്‍ ഉണ്ടായിട്ടും ഒന്ന് തെന്നിവീഴാന്‍ പോലും പോളിംഗ് ഉദ്യോഗസ്ഥര്‍  ആരും മുതിര്‍ന്നില്ല.

           ഇ-സമ്മതി എന്നൊരു മൊബൈല്‍ അപ്പ്ലിക്കേഷനിലൂടെ പ്രിസൈഡിംഗ് ഓഫീസറും കണ്‍‌ട്രോള്‍ റൂമും തമ്മില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനുള്ള നിര്‍ദ്ദേശവും ഉണ്ടായിരുന്നു(ട്രൈനിംഗ് ക്ലാസ്സില്‍ ഇത് ഇ-സമാധി എന്നായിരുന്നു ഇംഗ്ലീഷില്‍ കാണിച്ചത്).പ്രസ്തുത ആപ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും അറിയിപ്പ് കിട്ടിയിരുന്നു.എന്റെ ഫോണില്‍ ഈ വക ആപുകള്‍ ഒന്നും വര്‍ക്ക് ചെയ്യാത്തതിനാല്‍ ഞാന്‍ അത് മൈന്റ്റ് ചെയ്തില്ല.പകരം കഴിഞ്ഞ ഇലക്ഷനുകളില്‍ എല്ലാം ചെയ്ത പോലെ എസ്.എം.എസ് സംവിധാനം ഉപയോഗപ്പെടുത്താം എന്ന് തീരുമാനിച്ചു.ഇതിലേക്ക് ലോഗ് ഇന്‍ ചെയ്യാനയുള്ള വണ്‍ ടൈം പാസ്‌വേഡ് കളക്ഷന്‍ സെന്റര്‍ വിടുന്നതിന് മുമ്പെ മൊബൈലില്‍ എത്തും എന്നാണറിയിച്ചിരുന്നത്.അതാവശ്യമില്ലാത്ത എനിക്ക് പോലും ഈ പാസ്‌വേഡ് ലഭിച്ചത് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.അതിനാല്‍ തന്നെ ആപ് ഡൌണ്‍ലോഡ് ചെയ്ത‌വരും ആദ്യ ദിവസം എസ്.എം.എസ്. സംവിധാനം തന്നെ ഉപയോഗിക്കേണ്ടി വന്നു.

          ഇത്തവണയും പോളിംഗ് സാമഗ്രികളും കൊണ്ട് ബൂത്തിലേക്ക് പുറപ്പെട്ടത് ബസ്സിലായിരുന്നു. അതോടെത്തന്നെ തിരിച്ചെത്തുന്ന സമയം ഏകദേശം തീരുമാനമായിരുന്നു.ആറ് ബൂത്തിലേക്കുള്ള ഉദ്യോഗസ്ഥര്‍ ഒരു ബസ്സില്‍ പോകുമ്പോള്‍ ഏതെങ്കിലും ഒരു ബൂത്ത്കാര്‍ വൈകിയാല്‍ മതി എല്ലാവരും വൈകാന്‍ എന്നത് തന്നെ കാരണം.

         ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു റോഡില്‍ നിന്നും കൃത്യം 18 പടി കയറിയാലു വെണ്ണിയോട് എസ്.എ.എല്‍.പി.സ്കൂളില്‍ ഞങ്ങളെ കാത്തിരുന്നത്. ഒരൊറ്റ ഹാള്‍ മാത്രമുള്ള സ്കൂളില്‍ ആകെ നാല് ക്ലാസ്സുകള്‍ മാത്രം.ക്ലാസ്സുകള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നത് പരമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റാന്റുകള്‍ കൊണ്ട്.ഇരുന്നാല്‍ കാല്‍മുട്ട് നിലത്ത് തട്ടും എന്ന് തോന്നുന്ന അത്ര ഉയരത്തിലുള്ള ബെഞ്ചുകള്‍.നാലാം ക്ലാസിലേതാണെന്ന് തോന്നുന്നു നാലോ അഞ്ചോ മാത്രം ഡെസ്കുകള്‍.പിന്നെ പഴയ മൂന്ന് നാല് മേശകളും മരത്തില്‍ തന്നെ ഉണ്ടാക്കിയ കസേരകളും. ഞാന്‍ പ്രൈമറി ക്ലാസ്സുകള്‍ പഠിച്ച് കയറിയ അരീക്കോട് ജി.എം.യു.പി സ്കൂളും ആ ദിനങ്ങളും പെട്ടെന്ന് എന്റെ ഓര്‍മ്മയിലൂടെ മിന്നി മറഞ്ഞു. ഒരു ഫോട്ടോ എടുക്കാനായി ഞാന്‍ ബാഗില്‍ ക്യാമറ തപ്പി. പക്ഷെ അത് വീട്ടില്‍ തന്നെ മറ്റൊരു ബാഗിലായിരുന്നതിനാല്‍ ആ ശ്രമം പാളി.

          അവശര്‍ക്കും അംഗപരിമിതര്‍ക്കും സൌകര്യമൊരുക്കാനായി എല്ലാ ബൂത്തുകളിലും ഇത്തവണ  റാമ്പ് സൌകര്യം ഉണ്ടായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.എല്ലാ വര്‍ഷവും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ചില തട്ടിപ്പ് സൂത്രങ്ങള്‍ ഒപ്പിച്ച് വയ്ക്കാറായിരുന്നു പതിവ്. എന്റെ ബൂത്തിലും പുതുതായി പണിത, ഇറങ്ങാന്‍ പേടി തോന്നിക്കുന്ന ഒരു സ്ഥിരം റാമ്പ് കണ്ടു. പക്ഷെ ഈ സൌകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ ആദ്യം പറഞ്ഞ 18 പടിയും കയറിവരണം എന്ന് മാത്രം !! ഏതോ ഒരു സ്കൂളില്‍ ഇത്തരം ഒരു റാമ്പ് നിര്‍മ്മിച്ച് നല്‍കിയതിന് നിര്‍മ്മിതി കേന്ദ്ര 42000 രൂപയുടെ ബില്‍ നല്‍കിയ കഥയും ഒരു പോളിംഗ് ഉദ്യോഗസ്ഥന്‍ പങ്കുവച്ചു.തെരഞ്ഞെടുപ്പ് എന്നാല്‍ പലര്‍ക്കും ചാകരക്കാലമാണ് എന്ന് അന്നേരം ഒന്ന് കൂടി ഉറപ്പായി.

Wednesday, May 11, 2016

ഓര്‍മ്മ മരം

             വേനലിന്റെ കടുത്ത ചൂടിലാണ് ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടും കൂടി നേരിട്ട് കൊണ്ടിരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളും വിമതശല്യവും അടിയൊഴുക്കുകളും കൂടിയായതോടെ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും അണികളും പെടാപാട് തന്നെയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. 
          പ്രകൃതി ഇത്ര മാത്രം വികൃതമായിട്ടും അതിന് ഒരു മറുവിധി നല്‍കാന്‍ വാക്കിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ ഒരു മുന്നണിക്കും സാധ്യമായിട്ടില്ല എന്നാണ് കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുന്നത്. ശ്രീ തോമസ് ഐസക്കും മറ്റു ചിലരും തങ്ങളുടെ മണ്ഡലങ്ങളില്‍ ശുചീകരണം നടത്തിക്കൊണ്ടും മരം നട്ടും പ്രചാരണം ആരംഭിച്ചു എന്ന് കേട്ടു. വളരെ നല്ല കാര്യം.പക്ഷേ പ്രചാരണ രംഗത്ത് നിന്ന് ഫ്ലെക്സ് ബോര്‍ഡുകളെ മാറ്റി നിര്‍ത്താന്‍ ഇതില്‍ എത്ര പേര്‍ക്ക് സാധിച്ചു എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും പറ്റിയില്ല എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിലെ ഒരു മണ്ഡലത്തില്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ചതും ഫ്ലെക്സ് ബോര്‍ഡുകള്‍ തന്നെയാണ് എന്നത് ഈ വിഷയത്തില്‍ സാക്ഷര കേരളം എത്രത്തോളം ഉത്ബുദ്ധരാണ് എന്നതിന്റെ ചൂണ്ടുപലകയാണ്. 
      വോട്ടുചെയ്യുക എന്ന പൗരധര്‍മ്മത്തോടൊപ്പം മരംനട്ട് പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാവുക എന്ന ഒരു നൂതന ആശയമാണ് ഇത്തവണ  വയനാട് ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.  'ഓര്‍മ്മ മരം' എന്ന ഈ പദ്ധതിയിലൂടെ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നവര്‍ക്കും 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടിലോ പോളിങ്ങ് സ്റ്റേഷന്‍ പരിസരത്തോ പൊതുസ്ഥലത്തോ നടുന്നതിന് രണ്ട് വൃക്ഷത്തൈകള്‍ വീതം വിതരണം ചെയ്യാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.
     എന്നാല്‍ ഹൈറേഞ്ച് പ്രദേശമായിട്ട് പോലും അന്തരീക്ഷ താപനില സംസ്ഥാന ശരാശരിയോളം ഉയര്‍ന്നതും മഴ കുറഞ്ഞതും കുടിവെള്ളക്ഷാമവുമെല്ലാം കണക്കിലെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരം നടാനുള്ള അവസരം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലമാക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു. അഞ്ചര ലക്ഷത്തോളം വരുന്ന ജില്ലയിലെ വോട്ടര്‍മാര്‍ രണ്ട് തൈ വീതം നടുന്നതിലൂടെ പത്ത് ലക്ഷത്തിലധികം മരങ്ങള്‍ ഈ പദ്ധതിയിലൂടെ നടാന്‍ സാധിക്കും.സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീര്‍മരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം, ഗുല്‍മോഹര്‍, രാജമല്ലി,   വിവിധ തരം മുളകള്‍, സീതപ്പഴം,  പ്ലാവ്, മാവ്, പേര, ഇലഞ്ഞി, ഞാവല്‍, ആല്‍, അത്തി,  സില്‍വറോക്ക് തുടങ്ങീ തൈകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
        ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പോളിങ്ങ് ബൂത്തുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരത്തില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് തീരുമാനം.കൂടാതെ പോലീസുകാര്‍ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൈകള്‍ നല്‍കും.
         ഇക്കഴിഞ്ഞ അഞ്ചാം തീയതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം വട്ട പരിശീലനത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള തൈകള്‍ ലഭിച്ചു.നെല്ലിയും പതിമുഖവും ആണ് ഞാന്‍ സ്വീകരിച്ചത്.
          നെല്ലി മരം പിറ്റേ ദിവസം തന്നെ അനിയനും എന്റെ മക്കളും കൂടി ഞങ്ങളുടെ വീട്ടുവളപ്പില്‍ നടുകയും ചെയ്തു.
വരളരുത് ഈ നാട്...വഴിമുട്ടരുത്...എല്ലാം ശരിയാക്കണം.

ഈ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ 14/5/2016ലെ തേജസ് ദിനപത്രത്തില്‍....

Sunday, March 20, 2016

ഭൂമിക്ക് വേണ്ടി ഒരു മണിക്കൂറ്


ചുട്ടുപൊള്ളുന്ന ചൂട് താരതമ്യേന നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടിനെയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നു.സൂര്യാഘാതം എന്ന പദം ഹൃദയാഘാതം എന്ന പദം പോലെ ചിരപരിചിതമായി.സൂര്യന്‍ അന്നും ഇന്നും ഏകദേശം ഒരേ നിലയില്‍ തന്നെയാണ് ഊര്‍ജ്ജം പുറത്ത് വിടുന്നത് എന്ന് ശാസ്ത്രം പറയുന്നു.അങ്ങനെ ഇപ്പോള്‍ ഉണ്ടാകുന്ന പൊള്ളല്‍ സൂര്യന്റെ മേല്‍ ചാര്‍ത്തി സൂര്യാഘാതം എന്ന പേരും നല്‍കി മനുഷ്യന്‍ കൈ കഴുകുന്നു.

ഈ അവസരത്തിലാണ് എര്‍ത്ത് അവര്‍ എന്ന സൂചനാ ഐക്യദാര്‍ഢ്യം പ്രസക്തമാകുന്നത്. ഭൂമിയെ രക്ഷിക്കാന്‍ , ഭൂമിക്ക് വേണ്ടി ചിന്തിക്കാന്‍, ഭൂമിക്കും അതിലെ ഇതര ജീവികള്‍ക്കും നിലനില്‍ക്കാന്‍ , വര്‍ഷത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും സമയം കണ്ടെത്താനുള്ള ഒരു ആഹ്വാനമാണ് എര്‍ത്ത് അവര്‍ ആചരണം.ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍  ലോകമെമ്പാടും നടക്കുന്ന ഒരു ശ്രമമാണിത്.

ലോകമൊട്ടുക്കുമുള്ള വിവിധ ചരിത്രസ്മാരകങ്ങളും പ്രശസ്ത കെട്ടിടങ്ങളും പ്രകാശപൂരിതമായി നില്‍ക്കുന്ന നിരവധി ഫോട്ടോകള്‍ നാം കണ്ടിട്ടുണ്ട്.ഇന്ത്യാഗേറ്റിന്റെയും രാഷ്ട്രപതി ഭവന്റെയും മറ്റും  ദീപാലങ്കൃതമായ കാഴ്ച അല്ലെങ്കില്‍ രാത്രിക്കാഴ്ച നേരില്‍ കണ്ടവര്‍ക്ക് അത് എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ഓര്‍മ്മ തന്നെയായിരിക്കും.അത്തരം സ്മാരകങ്ങള്‍ വരെ രാത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി അണച്ച് ഈ പ്രതീകാത്മക ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുക്കുന്നു എന്ന് അറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം.

                                                 ഫോട്ടോ കടപ്പാട് : ഗൂഗ്‌ള്‍


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഞാന്‍ എര്‍ത്ത് അവര്‍ ആചരിച്ചു വരുന്നുണ്ട്. വീട്ടുകാരെ മുഴുവന്‍ ഇതിനെപ്പറ്റി ധരിപ്പിച്ച ശേഷമാണ് ഈ ആചരണം എന്നതിനാല്‍ അവരും എന്നോട് സഹകരിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി ഓഫ്ഫാക്കുമ്പോള്‍ നമുക്ക് ചുട്ടുപൊള്ളുന്നു എങ്കില്‍ ഭൂമിക്ക് എത്ര മാത്രം പൊള്ളുന്നു എന്ന് ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് ചിന്തിക്കാന്‍ സാധിക്കണം.മാധ്യമങ്ങളിലൂടെ നമ്മുടെ മന്ത്രിമാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ ആചരണത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ പങ്കെടുക്കുന്ന ഈ ആചരണത്തിലും കേരള ജനതയുടെ പ്രതികരണം തണുത്തതാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.നാം ഇനി എന്ന് ഉണരുമോ ആവോ ?

20/3/2016 ലെ പത്രറിപ്പോര്‍ട്ട് 

20/3/2016 മാതൃഭൂമി ദിനപത്രത്തിലെ എന്റെ പ്രതികരണം 

Monday, December 28, 2015

ആനവണ്ടി വീണ്ടും ആനവണ്ടിയാവുന്നു....

     രണ്ട് ആനകള്‍ അപ്പുറവും ഇപ്പുറവും തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്നത് കേരള സര്‍ക്കാരിന്റെ ഔദ്യ്യോഗിക ചിഹ്നമായത് എന്ന് മുതലാണെന്ന് എനിക്കറിയില്ല.കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ കാണാറുള്ള, നാട്ടിലൂടെ ഓടിയിരുന്ന ഏക കെ.എസ്.ആര്‍.ടി.സിലാണ് ആ ചിഹ്നം ഞാന്‍ ആദ്യമായി കണ്ടത്.അതു കൊണ്ട് തന്നെ ഊരും പേരും എഴുതാത്ത ഈ ബസ്സിനെ ഞങ്ങള്‍ “ആനവണ്ടി” എന്ന് വിളിച്ചു. ആഗോളവല്‍ക്കരണം വരുന്നതിന് എത്രയോ മുമ്പായിരുന്നു ഈ നാമകരണം.പക്ഷേ കെ.എസ്.ആര്‍.ടി.സിയെ ആകോ(ര)ളതലത്തില്‍ “ആനവണ്ടി” എന്ന് വിളിച്ചിരുന്നതായി പിന്നീട് അറിഞ്ഞു.ആനയെപ്പോലെ ചെളിപുരണ്ടത് കൊണ്ടാണോ ഈ പേര്‍ വന്നതെന്നും അറിയില്ല.

ksrtc-logo

        പ്രസ്തുത “ആനവണ്ടി” ചരിത്രത്തിന്റെ ഏതോ കാലയവനികക്കുള്ളില്‍ പോയിമറഞ്ഞു. ”മനസാ വാചാ കര്‍മ്മണാ” എന്ന 1970കളിലെയോ 80കളിലെയോ സിനിമയുടെ, ചിത്രകാരന്‍  വരച്ച പരസ്യം കൂടി ആ “ആനവണ്ടി” പേറിയിരുന്നതായി ചെറിയൊരു ഓര്‍മ്മപ്പിശക് ഇന്നും നിലനില്‍ക്കുന്നു.കാലം മാറിയതിനനുസരിച്ച് “ആനവണ്ടി”യുടെ കോലങ്ങളും മാറി മാറി വന്നു.

             “ആനവണ്ടി”ക്ക് ചുവപ്പ് നിറം മാത്രമല്ല ഉള്ളത് എന്നും നിറങ്ങള്‍ക്കനുസരിച്ച് ചാര്‍ജ്ജില്‍ വ്യത്യാസമുണ്ട് എന്നതും ഞാന്‍ മനസ്സിലാക്കിയത് ഡിഗ്രി പഠനം കഴിഞ്ഞപ്പോഴാണ്. തീവണ്ടിയില്‍ ടിക്കറ്റെടുക്കുന്നതും കയറുന്നതും എങ്ങനെയെന്ന് അറിയാത്തതിനാല്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പല പരീക്ഷകള്‍ക്കും ഞാന്‍ പോയിരുന്നത് ആന വണ്ടിയിലായിരുന്നു.ഫാസ്റ്റ് പാസഞ്ചര്‍ എന്നും എക്സ്പ്രസ് എന്നും ബോര്‍ഡും വച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് അറിയാത്തതിനാല്‍ അന്നും ഇന്നും പലര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ കയറാന്‍ മടിയാണ് അല്ല പേടിയാണ്.


       സി.പി.എമ്മിന്റെ ചുവപ്പ് നിറത്തിന് ശേഷം മുസ്ലീം ലീഗിന്റെ പച്ചനിറവും കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ നിറങ്ങളില്‍ സ്ഥാനം പിടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളില്‍ ബി.ജെ.പിക്കും ശക്തമായ സാന്നിദ്ധ്യം ലഭിച്ചതോടെ പുതിയ ബസ്സുകള്‍ കാവി നിറത്തിലും ഇറങ്ങിത്തുടങ്ങി.

      ഒരേ ഒരു കെ.എസ്.ആര്‍.ടി.സി മാത്രം ഓടിയിരുന്ന എന്റെ നാട്ടിലൂടെ ഇന്ന് അന്ത:സംസ്ഥാന സര്‍വീസുകളടക്കം എത്ര എണ്ണം നടക്കുന്നു എന്ന് എനിക്കറിയില്ല. ബസ്‌സ്റ്റാന്റില്‍ ഏത് സമയവും ഒരു കെ.എസ്.ആര്‍.ടി.സി ബസ്  എങ്കിലും ഇല്ലാത്ത സമയം ഇപ്പോഴില്ല. വിരോധാഭാസമെന്ന് പറയട്ടെ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ആനവണ്ടി ഓടിയിരുന്ന അരീക്കോട്-കൊണ്ടോട്ടി റൂട്ടില്‍ മാത്രം ഇപ്പോള്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ് പോലും ഇല്ല. 2 വര്‍ഷം മുമ്പ് വരെ കൊച്ചിയില്‍ മാത്രം കണ്ട് അസൂയപ്പെട്ടിരുന്ന എ.സി ലോഫ്ലോര്‍ വോള്‍‌വൊ കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ട് മാസം മുമ്പ് നാട്ടിലൂടെ സര്‍വീസ് നടത്താന്‍ തുടങ്ങി.ഇപ്പോള്‍ കെ.യു.ആര്‍.ടി.സി ആണെന്ന് മാത്രം .


      എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സുകള്‍ വന്നതോടെ ബസ്സുകളുടെ ശരീര സൌന്ദര്യവും വര്‍ദ്ധിച്ചിരുന്നു.നിറയെ ചെളി പിടിച്ച് പൊട്ടി പഴകിയ ചുവപ്പന്‍ വണ്ടികള്‍ മനസ്സിന്റെ കോണുകളില്‍ നിന്നും കുടിയൊഴിഞ്ഞിരുന്നു. പക്ഷെ തിരുവനന്തപുരത്ത് ഈയിടെ മാത്രം സര്‍വീസ് തുടങ്ങിയ നോണ്‍ എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സിന്റെ മുമ്പും പിമ്പും കണ്ടപ്പോള്‍ ഞാന്‍ നാണിച്ചുപോയി.വൃത്തികേടിന്റെ പര്യായമായി വൃത്തിയുള്ള കേരളീയനെ കൊഞ്ഞനം കുത്തി തലസ്ഥാന നഗരിയിലൂടെ ഓടുന്ന ആ ബസ്സിനെക്കാളും എത്രയോ വൃത്തിയുണ്ടായിരുന്നു, ഒരു കാലത്ത് അണ്ണാച്ചി എന്ന് നാം പുച്ഛത്തോടെ വിളിച്ചിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക്. ഇങ്ങനെ ആനവണ്ടി വീണ്ടും ആനവണ്ടിയായാല്‍ കെ.എസ്.ആര്‍.ടി.സി വെള്ളാനയായി തന്നെ തുടരും എന്ന് തീര്‍ച്ച..

ചിത്രങ്ങള്‍ക്ക് കടപ്പാട് : http://www.ksrtcblog.com

Tuesday, November 10, 2015

അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും....

           തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതു മുതല്‍ കുറെ പേരെങ്കിലും അത് ഒഴിവാക്കാന്‍ വിയര്‍പ്പൊഴുക്കുന്നവരാണ്.സ്വാധീനം ഉപയോഗിച്ചും മറ്റും പലരും അവ ഒഴിവാക്കി എടുക്കുകയും ചെയ്യും.എന്നാല്‍ സര്‍വീസില്‍ ഒരു നിശ്ചിത എണ്ണം  തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിച്ചാല്‍ പ്രത്യേക സേവന/സാമ്പത്തിക ആനുകൂല്യങ്ങള്‍ (പേഴ്സണല്‍ പേ, ഗ്രേഡ് പേ,ഇന്‍സന്റീവ് , ഗുഡ് സര്‍വീസ് എന്‍‌ട്രി തുടങ്ങിയവ ) അനുവദിച്ചാല്‍ തെരഞ്ഞെടുപ്പ് ജോലി ചോദിച്ച് വാങ്ങുന്ന ഒരവസ്ഥയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.അതല്ല എങ്കില്‍ ശമ്പളം പറ്റുന്ന സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരും (കേന്ദ്ര-സംസ്ഥാന-സ്വകാര്യ-പൊതുമേഖല ഉള്‍പ്പെടെ) സര്‍വീസ് കാലയളവില്‍ രണ്ട് തവണ വീതം എങ്കിലും പഞ്ചായത്ത്-നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം എന്ന് ബന്ധപ്പെട്ട സര്‍വീസ് നിയമങ്ങളില്‍ നിഷ്കര്‍ഷിക്കാവുന്നതാണ്.
           1996ല്‍ സര്‍ക്കാര്‍ സേവനത്തിന് കയറിയതുമുതല്‍ ഞാന്‍ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വ്വഹിച്ചു വരുന്നുണ്ട്.ഒരേ തെരഞ്ഞെടുപ്പിന് ബൂത്തിലും എണ്ണലിനും ഡ്യൂട്ടി ലഭിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.ഒരു തെരഞ്ഞെടുപ്പിന് ഡ്യൂട്ടി ലഭിക്കാത്തവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായവരെയും നിര്‍ബന്ധമായും അടുത്ത തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ തുടര്‍ച്ചയായി ഒരാള്‍ക്ക് തന്നെ ഡ്യൂട്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.മാത്രമല്ല സ്ത്രീ സംവരണ വാര്‍ഡില്‍ പോളിംഗ് ഉദ്യോഗസ്ഥരായും പോളിംഗ് ഏജന്റുമാരായും സ്ത്രീകളെത്തന്നെ നിയോഗിക്കാവുന്നതാണ്.സ്ത്രീ സമത്വവും സംവരണവും ആവശ്യപ്പെടുന്ന കാലത്ത് ഈ ഡ്യൂട്ടിയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല.
             ഡ്യൂട്ടിയില്‍ ഞാന്‍ അനുഭവിച്ച ഒരു പ്രശ്നം ഓപണ്‍ വോട്ട് സംബന്ധിച്ചാണ്.എഴുത്തും ചിഹ്നവും കാണിച്ച് കൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നിര്‍വ്വാഹമുള്ളൂ. എന്നാല്‍ ആദിവാസി മേഖലയില്‍ വായിപ്പിക്കല്‍ പ്രായോഗികമല്ല എന്നതിനാല്‍ അവര്‍ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ.ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഇത്തരം വോട്ടര്‍മാര്‍ ഒരു മാസത്തിനിടക്ക് ഒരു സിവില്‍ സര്‍ജ്ജനില്‍ നിന്നും വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്.അല്ലെങ്കില്‍ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം നല്‍കാവുന്നതാണ്.ഓപണ്‍ വോട്ടുകള്‍ക്ക് യഥാര്‍ത്ഥ വോട്ടിന്റെ മൂല്യം നല്‍കുന്നതും ഒഴിവാക്കാവുന്നതാണ്(ടെന്‍‌ണ്ടേഡ് വോട്ടിനെപ്പോലെ).
            കണ്ണൂരില്‍ ചില ബൂത്തുകളില്‍ 100 ഓപണ്‍ വോട്ടുകള്‍ വരെ രേഖപ്പെടുത്തിയതായി വായിച്ചു.17 ഓപണ്‍ വോട്ടുകള്‍  രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തന്നെ അതിന്റെ നിജസ്ഥിതി അറിയാനും അവരെക്കൊണ്ട് സത്യപ്രസ്താവന തയ്യാറാക്കിക്കാനും പ്രത്യേക ഫോറത്തില്‍ ഒപ്പ് വയ്പ്പിക്കാനും ഞാന്‍ ചെലവാക്കിയ സമയവും പ്രയത്നവും എനിക്കേ അറിയൂ.അപ്പോള്‍ 100 ഓപണ്‍ വോട്ടുകള്‍ വന്ന ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഊഹിക്കാവുന്നതാണ്.അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ ഹീനതന്ത്രം പയറ്റും എന്നതിനാല്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണ്.
             കോടികള്‍ ചെലവാക്കുന്ന ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് .എന്നാല്‍ അതിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം വളരെ തുച്ഛമാണ്. 8 മണിക്കൂര്‍ ജോലിക്ക് മറുനാടന്‍ തൊഴിലാളികള്‍ക്ക് പോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്ക് ലഭിക്കുന്നത് വെറും 1000 രൂപയും മറ്റ് പോളിം
ഗ് ഉദ്യോഗസ്ഥര്‍ക്ക് 800 രൂപയുമാണ് എന്നത് പുറത്ത് പറയാന്‍ മടിയുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യവും അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്. 

(5/11/2015ന് ഈ കുറിപ്പ് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത് താഴെ)


 (11/11/2015ന് തേജസ് ദിനപത്രത്തിലും...)




Wednesday, December 17, 2014

പെഷവാറിൽ സ്വർഗ്ഗം പൂകിയവർക്ക്...


“നിങ്ങൾ ചൈനയിൽ പോയെങ്കിലും വിദ്യ നേടുക” എന്നായിരുന്നു ആണും പെണ്ണും അടക്കമുള്ള  തന്റെ സമുദായത്തോടുള്ള മുഹമ്മദ് നബി (സ) യുടെ ഉപദേശം.സഞ്ചരിക്കാൻ ഇന്നത്തെ പോലെ വിമാനങ്ങളോ മറ്റു എളുപ്പമാർഗ്ഗങ്ങളോ ഇല്ലാത്ത അക്കാലത്ത് മക്കയിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന ചൈനയിൽ പോയി വിദ്യാഭ്യാസം നേടാൻ നബി ഉപദേശിച്ചതിൽ നിന്നും ഇസ്ലാം മതം വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാണ്.എന്നിട്ടും ഇസ്ലാമിന്റെ വക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന താലിബാൻ, വിദ്യ അഭ്യസിക്കുന്നവർക്ക് നേരെ  പെഷവാറിൽ കാട്ടിക്കൂട്ടിയ മനുഷ്യത്വരഹിത നടപടി അവർ ഏത് ഗ്രന്ഥത്തിൽ നിന്നാണാവോ കണ്ടെത്തിയത്.

“യുദ്ധത്തിൽ ശത്രുപക്ഷത്തെ സ്ത്രീകളേയും കുട്ടികളേയും ബന്ധിയാക്കിയാൽ അവരെ വധിക്കരുത്” എന്നായിരുന്നു മുത്ത് നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചത്.ഒരു യുദ്ധം ഉണ്ടാകുന്നത് തന്നെ പീഢന പരമ്പരകളുടെ അവസാനത്തിലാണ്.എത്ര അധികം പീഢനം ഏറ്റുവാങ്ങിയാലും നിരാലംബരായ സ്ത്രീകളും കുട്ടികളും ശത്രു ആണെങ്കിൽ പോലും കരുണ അർഹിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.അദ്ധ്യാപികയെ തീയിട്ട്, 132 കുട്ടികളെ വെടിവച്ച് കൊന്ന് അതിലും എത്രയോ അധികം കുട്ടികളെ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽ‌പ്പാലത്തിലാക്കിയ താലിബാൻ നടപടി ഏത് ഇസ്ലാമിലാണാവോ ജിഹാദാകുന്നത്?

“മുതിർന്നവരെ ബഹുമാനിക്കുക , കുട്ടികളോട് കരുണ കാണിക്കുക” എന്ന് തന്റെ സമുദായത്തെ പഠിപ്പിച്ച മുഹമ്മദ് നബി(സ) തന്റെ മകൾ ഫാത്തിമ (റ) വീട്ടിലേക്ക് വരുമ്പോൾ കാണിച്ചിരുന്ന പിതൃസ്നേഹം ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടതാണ്.പെഷവാറിൽ കൊല്ലപ്പെട്ട ഓരോ കുഞ്ഞും തന്റെ മാതാപിതാക്കളുടെ സ്നേഹം നുണഞ്ഞ് മതിവരാത്തവരായിരിക്കും എന്നത് തീർച്ചയാണ്.ഇസ്ലാമിന്റെ അനുയായികൾ എന്നവകാശപ്പെടുന്ന താലിബാൻ നടത്തിയ ഈ കുരുന്ന് നരമേധം ഏത് സൈന്യത്തിന് എതിരെയായാലും മതത്തിന് വിപരീതമാണെന്നതിൽ സംശയമില്ല.

“അന്യായമായി ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കാൻ നിങ്ങൾക്ക് അവകാശമില്ല” എന്നാണ് നബി(സ) അദ്ധ്യാപനം.വാപ്പയോ വല്യുപ്പയോ ചെയ്ത കൃത്യത്തിന് പ്രതികാരമായി മറ്റു തലമുറകളെ വേട്ടയാടുന്നത് തീർത്തും ഭീരുത്വമാണ്.സൈന്യം ചെയ്ത നടപടികൾക്ക്, അവരുടെ മക്കളും നിരപരാധികളായ വേറെ കുറേ മക്കളും പഠിക്കുന്ന സ്കൂളിൽ കയറി എല്ലാവരേയും വെടി വയ്ക്കുമ്പോൾ നബി(സ) യുടെ മേൽ‌വാക്കുകൾ എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകളായി സ്വയം അവരോധിക്കുന്നവർ ഓർക്കുന്നില്ല.

ലോകത്തിലെ ഏതൊരു മതത്തേയും പോലെ ഇസ്ലാം മതവും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല എതിർക്കുകയും ചെയ്യുന്നു.മതം നിർബന്ധപൂർവ്വം അടിച്ചേൽ‌പ്പിക്കേണ്ടതല്ല എന്നാണ് വിശുദ്ധഖുര്‌ആനിൽ പറയുന്നത്.എന്നിട്ടും ഇത്തരം കിരാതനടപടികൾ ഇസ്ലാമിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് ഉണ്ടാകുമ്പോൾ അമുസ്ലിംങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.മേല്പറഞ്ഞ ഓരോ നബി വചനങ്ങളിൽ നിന്നും ഇസ്ലാം മതം തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തവുമാണ്.

ഇന്നലെ ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്ന് പത്രങ്ങളിലൂടേയും നാം പലരും ഈ വാർത്ത അറിഞ്ഞു.പെഷവാറിൽ സംഭവിച്ചതായതിനാൽ നമ്മിൽ പലർക്കും ഈ വാർത്തയിൽ ഒരു ഞെട്ടലും തോന്നിയിട്ടുണ്ടാവില്ല.എന്നാൽ ഒരു നിമിഷം നമ്മുടെ മക്കൾ പഠിക്കുന്ന സ്കൂളിനെപ്പറ്റി ഒന്ന് ആലോചിച്ച് നോക്കൂ.ഗേറ്റ് ഇല്ലാത്ത ഉണ്ടെങ്കിലും മലർക്കെ തുറന്നിട്ട ഗേറ്റിലൂടെ സ്കൂൾ സമയത്ത് ഒരു ഭ്രാന്തൻ നിറത്തോക്കുമായി വന്ന് ക്ലാസ്സിൽ കയറി വെടിയുതിർക്കാനുള്ള സാധ്യത നിലനിൽക്കുന്നില്ലേ?ഇന്നലെ പെഷവാറിൽ സംഭവിച്ചത് നാളെ മറ്റൊരു രൂപത്തിൽ നമ്മുടെ വിദ്യാലയത്തിലും സംഭവിച്ചേക്കാം എന്നും എന്റെ പൊന്നോമനയും അതിൽ നഷ്ടപ്പെട്ടേക്കാം എന്നും ചിന്തിച്ചവർ നമ്മുടെ കൂട്ടത്തിൽ എത്ര പേരുണ്ടാകും ?


പെഷവാറിൽ സ്വർഗ്ഗം പുൽകിയ പ്രിയപ്പെട്ട മക്കൾക്ക് , അദ്ധ്യാപകർക്ക് സർവ്വശക്തനായ ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ.

Friday, October 17, 2014

ഒരൊപ്പിന്റെ പൊല്ലാപ്പുകൾ

2 വർഷങ്ങൾക്ക് മുമ്പ് പതിവ് പോലെ കോളേജിലെ എന്റെ കമ്പ്യൂട്ടർ ലാബിനകത്ത് കേരള എൻട്രൻസ് സംബന്ധമായ സംഗതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാനും സഹപ്രവർത്തകനായ ഷാനുവും.അല്പം കഴിഞ്ഞ്  രണ്ട് പേർ വന്ന് ഞങ്ങളെ പുറത്തേക്ക് വിളിച്ചു (എന്നാണെന്റെ ഓർമ്മ).പോലീസുകാരായ അവർ യൂണിഫോമിൽ അല്ലായിരുന്നു.കാന്റീനിനടുത്ത് വച്ച് നടന്ന ഒരു ഉന്തും തള്ളും ആയി ബന്ധപ്പെട്ട മഹസ്സർ തയ്യാറാക്കാൻ വന്നതാണെന്നും ഇവിടെ ഒന്നും ഒരാളേയും കാണാത്തതിനാൽ ഞങ്ങൾ വന്നു എന്ന തെളിവിന് ഈ കടലാസിൽ ഒന്ന് ഒപ്പിട്ട് തരണമെന്നും അറിയിച്ചു.സംശയമൊന്നും തോന്നാത്തതിനാൽ ഞങ്ങൾ രണ്ട് പേരും അവർ പറഞ്ഞത് അനുസരിച്ചു.അപ്പോൾ തന്നെ ഷാനു ഒരു സംശയം പ്രകടിപ്പിക്കുകയും ചെയ്തു, ഇത് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന്.പോലീസ് വന്ന് പോയി എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഞാൻ പറയുകയും ചെയ്തു. പക്ഷേ ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.

*            *           *            *              *

രണ്ടാഴ്ച മുമ്പ്  ഒരു രാത്രി കോളേജിലെ മുൻ എൻ.എസ്.എസ് സെക്രട്ടറി മൻസൂറ് എന്നെ ഫോണിൽ വിളിച്ചു –

“നിർമ്മൽ മാധവ് പ്രശ്നത്തിൽ ഒരു കേസ് ഒക്ടോബെർ 17ന് കോടതി പരിഗണിക്കുന്നു.അതിൽ സാക്ഷി മൊഴി നൽകിയത് സാറാണ് !!!“

“ങേ...ഞാനോ ? ആരാ പറഞ്ഞത്?”

“കേസ് ജിതേഷ് എന്ന കെമിക്കലിലെ പയ്യനെതിരെയാണ്....അവൻ പറഞ്ഞു....”

“പോലീസിന് ഞാൻ ഒരു മൊഴിയും കൊടുത്തതായി എന്റെ ഓർമ്മയിൽ ഇല്ലല്ലോ മൻസൂറേ..നീ ഒന്ന് കൂടി അവനോട് ചോദിച്ചു നോക്ക്...ഞാൻ തന്നെയാണോ അതോ വേറെ ...”

“സാറും പിന്നെ മറ്റൊരു പേരും അവൻ പറഞ്ഞു.നിങ്ങൾ കാന്റീനിൽ ചായ കുടിച്ചിരിക്കുമ്പോൾ ഇവൻ വടി എടുക്കുന്നതായി നിങ്ങൾ കണ്ടു എന്നാണ് മൊഴി...ഏതായാലും ഞാൻ ഒന്നു കൂടി ഉറപ്പ് വരുത്തട്ടെ...”

“യാ കുദാ...” ഞാൻ ഒന്ന് നെടുവീർപ്പിട്ടു. കാരണം കാന്റീനിൽ ഞാൻ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ.അതും ഊൺ കൊണ്ടുവരാത്ത ദിവസങ്ങളിൽ.അത്തരം ദിവസങ്ങളിൽ ഇരിക്കുന്നത് സ്റ്റാഫിനായി സജ്ജീകരിച്ച ക്യാബിനകത്തും.അതിനകത്ത് ഇരുന്നാൽ കാന്റീനകത്ത് നടക്കുന്ന സംഗതികൾ പോലും കാണാൻ സാധ്യമല്ല,പിന്നെയല്ലേ പുറത്തെ സംഭവങ്ങൾ.പിന്നെ വെറുതെ കിട്ടിയാൽ പോലും കുടിക്കാൻ മടിക്കുന്ന ക്ലോറിൻ ചായ കുടിക്കാൻ ഞാൻ കാന്റീനിൽ!!നല്ല കഥ.

*            *           *            *              *

മിനിഞ്ഞാന്ന് ഓഫീസിൽ നിന്നും ഒരു അറ്റന്റർ എന്റെ അടുത്ത് വന്നു.
“സാറെ ഓഫീസിൽ നിന്നും വിളിക്കുന്നു....പോലീസ് ആരോ എത്തിയിട്ടുണ്ട്...”
സംഗതി പെട്ടെന്ന് ഓടിയതിനാൽ ഞാൻ ഉടൻ എത്താമെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു.അല്പം കഴിഞ്ഞ് ഓഫീസിലെത്തിയ എനിക്ക് നേരെ മഫ്തിയിൽ തന്നെയുള്ള ഒരാൾ ഒരു കടലാസ് നീട്ടി – 17 ആം തീയതി പരിഗണിക്കുന്ന കേസിൽ ജില്ലാ കോടതിയിലെ ഏതോ ഒരു സെഷനിൽ സാക്ഷി മൊഴി നൽകാനുള്ള സമൻസ് ആയിരുന്നു അത്.സമൻസ് എന്നതിന്റെ സ്പെല്ലിംഗ് SUMMONS ആണ് എന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്.സമൻസ് കിട്ടിയതായി ഒപ്പിടാൻ പറഞ്ഞപ്പോൾ മുകളിൽ ഇനി ഒന്നും എഴുതി ചേർക്കാൻ കഴിയാത്ത വിധത്തിൽ ഒപ്പിട്ട് പേരും തീയതിയും സമയവും ചാർത്തിക്കൊടുത്തു.

*            *           *            *              *

ഇന്ന് ഞാൻ ജീവിതത്തിലാദ്യമായി കോടതി കയറി.കേസ് നമ്പർ SC167/2013 ആയിരുന്നു ഈ കേസ്.മുന്നിൽ വിളിച്ച കേസുകളിൽ പ്രതികൾ കൂട്ടിൽ കയറുന്നതും അഭിഭാഷകർ എന്തൊക്കെയോ പറയുന്നതും ന്യായാധിപൻ എന്തൊക്കെയോ സംസാരിക്കുന്നതും കേസ് ഡയറി തിരിച്ച് കൊടുക്കുന്നതും പ്രതികൾ കൂട്ടിൽ നിന്നും ഇറങ്ങുന്നതും എല്ലാം ഞാൻ കണ്ടു.മുന്നിൽ ഒരുക്കിയ കൂട്ടിലാണ് സാക്ഷി എന്ന നിലക്ക് എനിക്ക് കയറേണ്ടത് എന്നതിനാൽ അവിടെ ആരെങ്കിലും കയറുന്നുണ്ടോ എന്നായിരുന്നു എന്റെ ശ്രദ്ധ.കാരണം അവിടെ പാലിക്കേണ്ട മര്യാദകൾ എന്ത് എന്ന് അറിയാൻ.ഫോൺ സൈലന്റ് ആക്കണം എന്നും ഇല്ലെങ്കിൽ ഫൈനും ഒപ്പം കോടതി പിരിയുന്നത് വരെ ഇരിപ്പും ആണ് ശിക്ഷ എന്നും കുട്ടികളിൽ ഒരാൾ പറഞ്ഞ് തന്നിരുന്നു.അതിനാൽ അത് ഞാൻ സ്വിച് ഓഫ് ചെയ്തു.

നാലാമതായി വിളിച്ചത് ഈ കേസായിരുന്നു.പ്രതികൾ നാല് പേരും കൂട്ടിൽ കയറി.സാക്ഷി ആയി ഞാൻ ഹാജരായതായി പ്രതിഭാഗം വക്കീൽ അറിയിച്ചു.ന്യായാധിപൻ എന്നോട് സാക്ഷിക്കൂട്ടിൽ കയറാൻ പറഞ്ഞു.ഞാൻ കൂട്ടിൽ കയറിയതും ന്യായാധിപന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന ആൾ കോടതിയിൽ സത്യം മാത്രമേ പറയാവൂ എന്നും കള്ളം പറയരുത് എന്നും എന്നെ ബോധിപ്പിച്ചു.ഞാൻ ഓ.കെ പറഞ്ഞു.

എന്റെ തൊട്ടടുത്ത് കൂടിന് താഴെ നിന്നിരുന്ന ഒരു സ്ത്രീ (പബ്ലിക് പ്രോസിക്യൂട്ടർ) എന്നോട് പേരും സ്ഥലവും ചോദിച്ചു.ശേഷം പോലീസ് വന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നോ എന്ന് ആരാഞ്ഞു. ഞാൻ മൊഴി നൽകി എന്ന് രേഖപ്പെടുത്തിയ സംഗതിയെപറ്റി എന്നോട് ചോദിച്ചു.ഞാൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഒപ്പിട്ട കടലാസ് എന്നെ കാണിച്ച് ഈ ഒപ്പിട്ടത് നിങളല്ലേ എന്നു ചോദിച്ചു.ന്യായാധിപനും ചില സംഗതികൾ ചോദിക്കുകയും അവിടെ കുത്തിക്കുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.പ്രസ്തുത ഒപ്പ് എന്റേതല്ല എന്ന് പറഞ്ഞതോടെ (ഞാൻ ഒപ്പിടുന്ന പോലെ വരച്ച് അതിനടിയിൽ പേരും എഴുതി വച്ചിരുന്നു.ഞാൻ പേര് എഴുതി ഒപ്പിടുമ്പോൾ ആബിദ് തറവട്ടത്ത് എന്ന് മുഴുവൻ എഴുതാറുള്ളത് ഈ ‘വരയൻ’ ശ്രദ്ധിച്ചിരുന്നില്ല!) പബ്ലിക് പ്രോസിക്യൂട്ടർ ന്യായാധിപനോട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു.ശേഷം എന്റെ നേരെ തിരിഞ്ഞ്  “ പ്രതികളുടെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിങ്ങൾ കള്ളം പറയുകയാണെന്ന് ഞാൻ കോടതി മുമ്പാകെ ധരിപ്പിക്കുന്നു “ എന്നും പറഞ്ഞു.

ശേഷം കൂട്ടിൽ നിന്നിറങ്ങി ഒരു പേപ്പറിൽ ഒപ്പ് വയ്ക്കാൻ എന്നോട് പറഞ്ഞു. ഒരൊപ്പ് ഉണ്ടാക്കിയ പൊല്ലാപ്പ് ഇനിയും ആവർത്തിക്കരുത് എന്നതിനാൽ വലിയ അക്ഷരങ്ങളിൽ വേഗത്തിൽ എഴുതിയ മൂന്ന് പേജ് വരുന്ന ആ പേപ്പർ ഞാൻ മുഴുവൻ വായിച്ചു നോക്കി. ഞാൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അതിലുണ്ടായിരുന്നത്.അങ്ങനെ എന്റെ ആദ്യ കോടതി അനുഭവം അവസാനിച്ചു.


വാൽ : “അപകടത്തിൽ‌പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കൂ.ചെലവ് പോലീസ് വഹിക്കും” – ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പറയുന്നു.ഇതിന്റെ പേരിൽ പോലീസ് എഴുതുന്ന തിരക്കഥകൾ നാലും അഞ്ചും വർഷം കഴിഞ്ഞ്  ഇതു പോലെ തിരിഞ്ഞ് കുത്തില്ല എന്ന് താങ്കൾക്ക് ഉറപ്പ് തരാൻ പറ്റുമോ സാർ ?

Saturday, October 04, 2014

ന്യൂ ജനറേഷൻ പെരുന്നാൾ ആഘോഷം.

അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ ....
ലാ ഇലാഹ ഇല്ലള്ളാഹു അല്ലാഹു അക്ബർ .....
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്....

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തക്ബീർ മന്ത്രങ്ങൾ ഉയരാൻ തുടങ്ങി. ജീവിതത്തിലെ നാല്പത്തിമൂന്നാമത്തേയോ അല്ലെങ്കിൽ അതിലും മുകളിലേക്കുള്ള ഒരു സംഖ്യയുടേയോ എണ്ണത്തിന് തുല്യമായ ബലിപെരുന്നാൾ സുദിനത്തിലേക്ക് ഞാൻ എത്തി നിൽക്കുന്നു.

ഇന്നലെ കഴിഞ്ഞുപോയ പോലെ ബാല്യത്തിലേയും കൌമാരത്തിലേയും പെരുന്നാൾ ദിനങ്ങൾ മനസ്സിലേക്ക് ഓടിക്കയറുന്നു.പക്ഷേ ഇന്നത്തെ ബാല്യത്തിന്റെ കാട്ടിക്കൂട്ടലുകൾ മനസ്സിൽ ഒരു നോവും ഉണ്ടാക്കുന്നു.ധനവിനിയോഗത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്ന ഇസ്ലാം മതത്തിന്റെ അനുയായികളിലും പെരുന്നാൾ ഒരു ധൂർത്തായി മാറിക്കഴിഞ്ഞു എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.

ഏതാനും മണിക്കൂറുകൾ മുമ്പ് അങ്ങാടിയിലൂടെ നടക്കുമ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ കുട്ടിക്കാലത്ത്  പെരുന്നാൾ തലേന്ന് ഫാൻസി കടകളിലെ തിരക്ക് വളയും മാലയും മോതിരവും വാങ്ങാനായിരുന്നു. ആൺകുട്ടികളായ ഞങ്ങൾക്ക് ബലൂൺ വാങ്ങണമെങ്കിൽ പെരുന്നാൾ ദിനത്തിന്റെ അന്ന് വരുന്ന രണ്ട്  നാടോടിക്കച്ചവടക്കാർ അങ്ങാടിയിൽ ഹാജരാകണമായിരുന്നു.അതിനാൽ തലേ ദിവസം മൈലാഞ്ചി അരച്ച് അത് അണിയലായിരുന്നു പ്രധാന പരിപാടി.

ഒരു പത്തോ പതിനഞ്ചോ വർഷമായിക്കാണും  പെരുന്നാൾ വിപണിയിൽ മൈലാഞ്ചി റ്റ്യൂബ് രൂപത്തിൽ വന്നുതുടങ്ങി. അതോടെ മൈലാഞ്ചി അരക്കുന്നത് നഖത്തിൽ ചാർത്താൻ  മാത്രമായി ചുരുങ്ങി.കയ്യിലണിയാൻ മൈലാഞ്ചി എന്ന പേരിൽ വരുന്ന എന്തോ ഒരു രാസചേരുവയുമായി (യഥാർത്ഥ മൈലാഞ്ചി ഒരു മാസത്തോളം കൈവെള്ളയിൽ നിൽക്കുമ്പോൾ  ട്യൂബിൽ വരുന്ന ‘വഫ’യും ‘സിങു’മെല്ലാം അയ്യാമുത്തശ്‌രീക്കോടെ സലാം പറയും).

രണ്ട് മൂന്ന് വർഷം മുമ്പ് പെരുന്നാൾ വിപണിയിൽ പുതിയ ഒരു ഐറ്റം കൂടി എത്തിത്തുടങ്ങി.പൂത്തിരിയും പടക്കവും പോലെയുള്ള തീക്കളി വസ്തുക്കൾ.മേല്പറഞ്ഞ തക്ബീർ മന്ത്രങ്ങൾ പള്ളിയിലെ ഒന്നാം സ്വഫ്ഫിൽ (അണിയിൽ) ഇരുന്ന് ഉറക്കെ ചൊല്ലുന്ന ആൾക്കാർ തന്നെയാണ് ഈ പുത്തൻ സാധനങ്ങളുടെ വില്പനയിലും ഏർപ്പെട്ടിരിക്കുന്നത് !വാങ്ങാൻ തിക്കിത്തിരക്കുന്നത് പള്ളിക്കമ്മിറ്റിയിൽ ഉൾപ്പെട്ട പിതാക്കളുടെ മക്കളും പേരമക്കളും !!

പെരുന്നാൾ ഒരു മുസ്ലിമിന് അനുവദിക്കപ്പെട്ട ആഘോഷം തന്നെയാണ്.പക്ഷേ അത് എങ്ങനെ ആഘോഷിക്കണമെന്ന് മതം പഠിപ്പിക്കുന്നുണ്ട്.ബഹുസ്വര സമുദായത്തിൽ ഈ ആഘോഷം പ്രത്യേകിച്ചും മാതൃകാപരമായിരിക്കുകയും വേണം.എന്നാൽ എല്ലാ കാര്യത്തിലും പുതുവഴികൾ തേടുന്ന ന്യൂ ജനറേഷൻ പെരുന്നാളിനേയും മലീമസമാക്കിത്തുടങ്ങിയിരിക്കുന്നു.മൂക്ക് കയർ പിടിക്കേണ്ട രക്ഷിതാക്കൾ മൌനം അവലംബിക്കുന്നതും നിസ്സംഗത പാലിക്കുന്നതും പെരുന്നാളിന്റെ അന്ത:സ്സത്ത തന്നെ ചോർത്തും എന്നതിൽ സംശയമില്ല.ഇബ്രാഹിം നബി (അ) ന്റെ ത്യാഗപൂർണ്ണവും പരീക്ഷണങ്ങൾ നിറഞ്ഞതുമായ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ബലിപെരുന്നാളും ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈദുൽ ഫിത്വറും നാട്ടിൽ നടക്കുന്ന മറ്റു ഉത്സവങ്ങൾ പോലെയായി മാറുന്ന കാലം അതി വിദൂരമല്ല.


എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ....

വാൽ: രാത്രി തറവാട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് തിരിച്ച എന്റെ മുമ്പിൽ പെട്ടെന്ന് ഒരു കുട്ടിക്കൂട്ടം.പെരുന്നാൾ പിരിവ് ആയിരിക്കും എന്ന് കരുതിയ എന്നെ അമ്പരപ്പിച്ചു കൊണ്ട് അവരുടെ ചോദ്യം – “ഒരു തീപ്പെട്ടി തരുമോ?”.പിന്നിലേക്ക് പിടിച്ച അവരുടെ എല്ലാവരുടേയും കൈകളിൽ ഓരോ പൂത്തിരികൾ !വഴിമാറിയ ആഘോഷം എന്റെ കണ്മുമ്പിലും അരങ്ങേറാൻ പോകുന്നു എന്ന ദുഖ:സത്യം ഞാൻ മനസ്സിലാക്കുന്നു.. 

Saturday, July 12, 2014

പ്ലീസ്... തെറി വിളിക്കരുതേ !

                1986 മുതൽ ലോക‌കപ്പ് ഫുട്ബാൾ മത്സരം ടിവിയിൽ കാണുന്നുണ്ട് എന്നാണെന്റെ ഓർമ്മ.മറഡോണ എന്ന കുറിയ മനുഷ്യൻ ലോകത്തിന്റെ നെറുകയിൽ ഇരുന്ന് ചിരിക്കുമ്പോൾ ഞാൻ പത്താം ക്ലാസ്സിലേക്ക് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 2014 ബ്രസീൽ ലോകകപ്പ് അടക്കം ഇപ്പോൾ ഇത് എട്ടാമത്തെ ലോക‌കപ്പ് മത്സരങ്ങളാണ് ടിവിയിൽ തത്സമയം കാണുന്നത്.വിവിധ ഭൂഖണ്ഡങ്ങളിലെ സമയ്ത്തിനനുസരിച്ച് പല സമയത്തുമായാണ് കളി കണ്ടിരുന്നത് എന്നും ഓർമ്മയിലുണ്ട്.എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.      

            ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന പേരിൽ ഒരു ക്രിക്കറ്റ് മത്സരം 2008ൽ ആണ് ആരംഭിച്ചത് എന്ന് തോന്നുനു.അങ്ങനെയെങ്കിൽ അതിന്റെ ഏഴാം പതിപ്പ് ആണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞത്.രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗുകൾ ഇതിനിടക്ക് വിദേശത്തും നടന്നു ( ഇന്ത്യൻ നിർമ്മിത വിദേശമദ്യം പണ്ടേ എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായിരുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗും ലോകത്ത് എവിടെ വച്ചും നടത്താം എന്ന് ഞാൻ മനസ്സിനെ ബോധിപ്പിച്ചു). ഷെയ്ൻ വോൺ എന്ന ആസ്ത്രലിയക്കാരൻ നയിച്ച രാജസ്താൻ റോയത്സ് ആയിരുന്നു പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ എന്നും എനിക്കറിയാം.എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.      

              1986മുതൽ ലോകകപ്പ് ഫുട്ബാൾ നടന്നത് എവിടെ എന്നും അതിൽ ആരൊക്കെ ജേതാക്കളായി എന്നും എനിക്ക് നല്ല ഓർമ്മയുണ്ട്.എന്നാൽ 2008ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരൊക്കെ ചാമ്പ്യന്മാരായി എന്ന് ചോദിച്ചാൽ ചോദിച്ചവൻ ഒരു പക്ഷേ മാനം കെടും.കാരണം എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.        

             അടുത്ത ലോക‌കപ്പ് സമയത്തും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏതെങ്കിലും വീട്ടിൽ പോയി ലോകകപ്പ് ഫുട്ബാൾ മത്സരം ഞാൻ കണ്ടേക്കും.എന്നാൽ അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരമെങ്കിലും ഞാൻ കാണും എന്ന് ഒരു ഉറപ്പും എനിക്കില്ല. കാരണം ഇക്കഴിഞ്ഞ ഏഴ് വർഷത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ  ഒരു മത്സരം പോലും ഞാൻ കണ്ടിട്ടില്ല! കാരണം എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.          

             ഞാൻ ഇത്രയും പറഞ്ഞത് ഫേസ്ബുക്ക് ബുജികളായ കുറേ മലയാളികളോടു ഒരു മുൻ‌കൂർ ജാമ്യം എടുക്കാനാണ്.ആരെങ്കിലും ഏതെങ്കിലും ഇന്റെർവ്യൂവിൽ ഈ ചോദ്യം ചോദിച്ചാൽ ദയവായി, വല്ലപ്പോഴും ഫേസ്ബുക്കിൽ കയറുന്ന എന്നെ ഇതിന്റെ പേരിൽ തെറി വിളിക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Sunday, July 06, 2014

ആ മലയാളികളോട് ഒരു ചോദ്യം ?

“ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം 
കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ “…. എന്നാണ് കവി പാടിയത്. 

പക്ഷേ കേരളവുമായി ഈ അടുത്ത് മാത്രം ഒരു നൂൽ ബന്ധം ഉണ്ടാക്കിയ സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞാൽ ‘കുറിക്കണം തെറി ഫേസ്ബുക്കിൽ’ എന്ന് മലയാളിയെ പഠിപ്പിച്ചതാരാണാവോ? 

അതേ , സച്ചിൻ ടെൻഡുൽക്കറെ പറ്റി കേട്ടിട്ടില്ലാത്ത ഇന്ത്യക്കാരൻ ഉണ്ടാകില്ല.എന്ന് വച്ച് ലോകത്തെ എല്ലാവരും അല്ലെങ്കിൽ എല്ലാ സ്പോർട്സ് താരങ്ങളും സച്ചിനെ അറിയണം എന്ന് പറയാൻ സാക്ഷാൽ സച്ചിന് പോലും ധൈര്യമുണ്ടാകില്ല. അവിടെയാണ്  സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് റഷ്യൻ ടെന്നീസ് താരം മരിയ ഷരപ്പോവയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ  കുത്തി നിറച്ച തെറികളുടെ എണ്ണം റിക്കാർഡ് സൃഷ്ടിച്ചതായി വാർത്ത വന്നത്.

രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ഈ മലയാളികളിൽ ആർക്കെങ്കിലും രഞ്ജി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിലെ പകുതി പേരുടെയെങ്കിലും പേര് പറയാൻ പറ്റുമോ?

Tuesday, July 01, 2014

ഇതാണോ ഇ-ജില്ല സേവനം?


 ജനന സർട്ടിഫിക്കറ്റിലെ പേരിലെ അക്ഷരത്തെറ്റുകളും മറ്റും ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ കേട്ടറിഞ്ഞും വായിച്ചറിഞ്ഞും മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ.ഇപ്പോൾ നേരിട്ട് അനുഭവിച്ചപ്പോഴാണ് അതിന്റെ പൊല്ലാപ്പിന്റെ ആഴം എനിക്ക് മനസ്സിലായത്. വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഒരു പ്രശ്നം മാത്രമായിരുന്നു എന്റെ മൂത്ത രണ്ട് മക്കളുടേയും ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ‍. അത് രണ്ടും പരിഹരിക്കാനായി എന്റേയും ഭാര്യയുടേയും പേരിൽ രണ്ട് വീതം ‘വൺ & സെയിം’ സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും നേരിട്ട് വാങ്ങി – മൂന്ന് തവണ സന്ദർശിച്ചതിന് ശേഷം. അപ്പോൾ അവിടെ ഇരുന്ന ക്ലെർക്കിന്റെ വക ഒരു ‘ഉപദേശം’ കിട്ടി – ഇതെല്ലാം ഓൺലൈനിൽ കൊടുത്താൽ പോരെ എന്ന്.

സ്കൂൾ രേഖയിൽ തിരുത്താൻ വീണ്ടും എന്റെയും മകളുടേയും ‘വൺ & സെയിം’ സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞപ്പോൾ നേരത്തെയുള്ള ‘അനുഭവങ്ങൾ’ കാരണം തൊട്ടടുത്ത അക്ഷയ സെന്ററിൽ പോയി ഞാൻ 23/5/2014ന് ഓൺലൈൻ അപേക്ഷ കൊടുത്തു.മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറഞ്ഞപ്പോൾ ഞാൻ ഇ-ജില്ല എന്ന പദ്ധതിയെ മനസിൽ അംഗീകരിച്ചു.രണ്ട് സർട്ടിഫിക്കറ്റിന് 60 രൂപയും അടച്ചു കാത്തിരിപ്പ് തുടങ്ങി.

അടുത്ത ദിവസം തന്നെ മൊബൈലിൽ തുരുതുരാ മെസേജ് വരാൻ തുടങ്ങി.അപേക്ഷയുടെ ഓരോ ഘട്ടവും കടന്നു പോകുന്നതിന്റെ സന്ദേശങ്ങൾ കിട്ടുന്നത് സാധാരണക്കാർക്ക് നല്ലത് തന്നെ – ഞാൻ ഇ-ജില്ല എന്ന പദ്ധതിയെ വീണ്ടും നമിച്ചു.പക്ഷേ മൂന്നാമത്തെ ദിവസം വന്ന സന്ദേശം എന്നെ അങ്കലാപ്പിലാക്കി.അപേക്ഷ പൂർണ്ണമല്ലാത്തതിനാൽ തിരിച്ചയക്കുന്നു എന്നായിരുന്നു അത്.ഉടൻ അക്ഷയ സെന്ററുമായി ബന്ധപ്പെട്ട് അതിന്റെ കുഴപ്പങ്ങൾ ആരാഞ്ഞു.ആ പാവത്തിനും അത് മനസ്സിലായില്ല.അദ്ദേഹവും വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് അപേക്ഷ വീണ്ടും അയച്ചു. എന്ത് തിരുത്തൽ വരുത്തി എന്ന് എനിക്കറിയില്ല. എന്നിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പലതവണ അക്ഷയയിൽ വിളിച്ചെങ്കിലും എന്റെ ഫോൺ കാശ് പോയത് മാത്രം മിച്ചം.

ഇതിനിടയിൽ നേരത്തെ എനിക്ക് ലഭിച്ച മറ്റൊരു സർട്ടിഫിക്കറ്റിൽ ചെറിയ ഒരു മാറ്റം ആവശ്യമായതിനാൽ ഞാൻ വീണ്ടും നേരിട്ട് വില്ലേജ് ഓഫീസിൽ ഹാജരായി.പുതിയ അപേക്ഷ നൽകി പുതിയ സർട്ടിഫിക്കറ്റും തന്ന് അത് ഉടൻ പരിഹരിച്ച് കിട്ടി.അപ്പോഴും രണ്ട് അപേക്ഷകൾ  ഈ ‘ഓൺലൈൻ’ ലൈനിൽ തന്നെ തുടരുന്നത് ഞാൻ സൂചിപ്പിച്ചു.ക്ലെർക്ക് ഇല്ലാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല എന്ന മറുപടിയിൽ ഞാൻ തൃപ്തനായി.

3/6/2014ന് എന്റെ പേരിലുള്ള ‘വൺ & സെയിം’ സർട്ടിഫിക്കറ്റ്  അനുവദിച്ചതായി സന്ദേശം ലഭിച്ചു.അപ്പോഴും മകളുടെ പേരിലുള്ളത് ലൈനിൽ തുടർന്നു.എന്റെ അക്ഷയ കയറിയിറക്കും വിളികളും തുടർന്നു.ഇടക്ക് വീണ്ടും വില്ലേജ് ഓഫീസറെ നേരിട്ട് കണ്ടപ്പോൾ സംഗതി വീണ്ടും ഉണർത്തി.ഇതിനിടക്ക് ഇ-ജില്ല അവലോകന യോഗത്തിൽ വിവിധ സർറ്റിഫിക്കറ്റുകൾ  ‘എഴുതിക്കൊടുക്കുന്ന പഴഞ്ചൻ രീതി’ പൂർണ്ണമായും നിർത്തലാക്കണം എന്ന നിർദ്ദേശം കർശനമായി പാലിക്കണം എന്ന് പറഞ്ഞത് പത്രങ്ങളിൽ കൂടി വായിച്ചു.അപ്പോഴാണ് അക്ഷയക്കാരൻ പറയുന്നത് വേണമെങ്കിൽ എഴുതി തരാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് !!!

ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥനായതിനാൽ ശനിയാഴ്ച മാത്രമേ ഇത്തരം കാര്യങ്ങൾക്ക് നിവൃത്തിയുള്ളൂ എന്നും അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ ലീവെടുക്കേണ്ടി വരും എന്നും എല്ലാം ഞാൻ ബോധിപ്പിച്ചിരുന്നു.എന്നിട്ടും ആ സർട്ടിഫിക്കറ്റ് ഓഫ്‌ലൈൻ ആയില്ല! ഇന്നലെ റംസാൻ വ്രതവുമനുഷ്ടിച്ച് നമസ്കാര ശേഷം ഖുർ‌ആൻ പാരായണം നടത്തിയിരിക്കുമ്പോൾ ഒരു സന്ദേശം വന്നു.പള്ളിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞാൻ അത് നോക്കി – ആ സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നു ! 23/5/2014ന് അപേക്ഷിച്ച സർട്ടിഫിക്കറ്റ് 30/6/2014ന് അനുവദിച്ചിരിക്കുന്നു.അതായത് ഒരു മാസവും ഒരു ആഴ്ചയും പിന്നിട്ട ശേഷം ! ഇതാണ് ഇ-ജില്ല എങ്കിൽ ഇതിന്റെ പേരിൽ നിരവധി സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രയുണ്ടായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അഞ്ച് രൂപയുടെ ഒരു കോർട്ട്ഫീ സ്റ്റാമ്പും രണ്ട് രൂപയുടെ അപ്ലിക്കേഷനും വില്ലേജ് ഓഫീസ് വരെ ഒന്ന് പോകുകയും മാത്രം ചെയ്യേണ്ട സംഗതിക്ക് അക്ഷയയിൽ 30 രൂപയും പിന്നെ കുറേ ഫോൺ വിളികളും കയറിയിറക്കവും നടത്തേണ്ട ഒരു ഗതികേടിലേക്ക് ഇ-ജില്ല എന്ന പരിപാടി മാറരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.


( ഇന്നലെ നാറ്റിവിറ്റി , കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ വന്ന അയൽ‌വാസിയോട് ഞാൻ ,അവ ലഭിക്കാനുണ്ടായ കാലതാമസം തിരക്കി.മൂന്ന് ദിവസം കൊണ്ട് കിട്ടി, പക്ഷേ മൂന്ന് സർട്ടിഫിക്കറ്റിന് 75 രൂപ കൊടുക്കേണ്ടി വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം)

Wednesday, June 25, 2014

കൂതറ


Mr.ഫ്രോഡ് , പിയാനിസ്റ്റ് ആയ ഭാര്യയുടെ കൂടെ GOD’s OWN കൺ‌ട്രിയിലൂടെ ബാംഗ്ലൂർ ഡെയ്സ് കാണാൻ പോകുമ്പോൾ ഒരുത്തന്റെ ചോദ്യം – How Old Are You ? 
ഉടൻ കൂടെയുണ്ടായിരുന്ന ANGRY BABIES ന്റെ ഉത്തരം Beware of DOGS !!!!


(സിനിമക്ക് മലയാളത്തിൽ ഒരു പേര് പോലും ഇടാൻ കഴിയാത്ത ഇക്കാലത്തെ സിനിമക്ക് കാലോചിതമായ പേര് കൂതറ എന്ന് തന്നെ !)

Thursday, June 12, 2014

ബ്രസൂക്കയും ചില കോപ്രായങ്ങളും


ഫിഫ ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ബ്രസീലിൽ തിരശ്ശീല ഉയരാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ.ഇനി ഒരു മാസക്കാലം ലോകത്തെ ഭൂരിപക്ഷം ജനങ്ങളുടെ കണ്ണും കാതും മനസ്സും ‘ബ്രസൂക്ക’ എന്ന ഒരു ചെറിയ ഗോളത്തിന് ചുറ്റും തിരിഞ്ഞു കൊണ്ടേ ഇരിക്കും – അതെ , ലോക‌കപ്പ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പന്തിന് ചുറ്റും.

മത്സരങ്ങൾ നടക്കുന്നത് ലോകഫുട്ബാളിന്റെ കുലപതികളായ ബ്രസീലിന്റെ മണ്ണിലാണ്.എന്നാൽ മലപ്പുറം ജില്ലയിലൂടെ ഒരു ബ്രസീലുകാരനോ അർജെന്റീനക്കാരനോ ഇപ്പോൾ കടന്നുപോകാൻ ഇട വന്നാൽ തങ്ങൾക്ക് വഴി പിഴച്ചോ എന്ന് ന്യായമായും സംശയിച്ചു പോകും.അത്രയും വീറിലും വാശിയിലാണ് മലപ്പുറത്തിന്റെ മുക്കിലും മൂലയിലുമുള്ള ഫ്ലെക്സ് യുദ്ധങ്ങൾ.ഇത്തവണത്തെ പല ഫ്ലെക്സ് ബോർഡുകളും ഉപയോഗിച്ച് ഒരു വീട് തന്നെ മേൽക്കൂരയിടാം. അത്രക്കും ആണ് പല ബോർഡുകളുടേയും വലിപ്പം. അവയിൽ കാണുന്ന വാക്കുകളാകട്ടെ ‘മലപ്പൊറത്താർക്ക് മാത്രം തിരിണതും!!‘ .തമിഴന്മാരെ തോൽ‌പ്പിക്കുന്ന വിധത്തിൽ കട്ടൌട്ട് യുദ്ധവും പല സ്ഥലത്തും കാണുന്നുണ്ട്.അതിലേറെയും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടേതാണ്. മെസ്സിയോ ടീമോ പരാജയപ്പെട്ടാൽ ഇവയിൽ എത്ര എണ്ണത്തിന് തല ഉണ്ടാകും എന്ന് കണ്ടറിയണം. തല പോയതിന്റെ പേരിൽ ഉരുളുന്ന തലകൾ എതൊക്കെ ആയിരിക്കും എന്നും കണ്ടറിയണം.

                                                     കടപ്പാട് : ഗൂഗ്‌ൾ

ഫുട്ബാൾ കമ്പം നല്ലതായിരിക്കാം. പക്ഷേ ഒരു ടീമിനെ അന്ധമായി സ്നേഹിച്ച് അവരുടെ ജയം ആഘോഷിക്കുകയും മറ്റു ടീമുകളുടെ വിജയം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ഒരു ഫുട്ബാൾ പ്രേമിക്ക് ഭൂഷണമല്ല.ഇന്ന് നമ്മുടെ തെരുവുകളിലും കവലകളിലും നടക്കുന്നത് അന്ധമായ അടിമത്വമാണ്.തന്റെ ടീമിന്റെ വിജയം മാത്രം കാംക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളാണ് നാട് മുഴുവൻ.ബ്രസീൽ തോറ്റാലും വേണ്ടില്ല അർജന്റീന കപ്പ് നേടരുത് എന്ന് പറയുന്നത് ലാറ്റിനമേരിക്കൻ ഫുട്ബാളിനെ സ്നേഹിക്കുന്ന ആൾ തന്നെയാണ്. അപ്പോൾ നമ്മുടെ ടീം ആരാധന ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് വ്യക്തം.

ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങിയിട്ട് എൺപത് വർഷങ്ങളിലധികം കടന്ന് പോയി.പക്ഷേ ഇതുവരെ എട്ട് രാജ്യങ്ങൾക്ക് മാത്രമേ കപ്പ് ഉയർത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ.അതിൽ നിന്നും ഈ മത്സരത്തിന്റെ കാഠിന്യം തിരിച്ചറിയാൻ സാധിക്കും.അപ്പോൾ ഓരോ ടീമും നേരിടുന്ന സമ്മർദ്ദവും നമുക്ക് ഗണിച്ചെടുക്കാം.അവരുടെ കൂടെ ആവശ്യമില്ലാതെ ,ഇങ്ങ് ദൂരെ ഏതോ നാടിന്റെ ഒരു കോണിൽ കഴിയുന്ന നാമും എന്തിന് അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടണം?അവർക്ക് വേണ്ടി എന്തിന് നമ്മുടെ കാശും സമയവും കളയണം? കപ്പ് ഒരു ടീമിനേ കിട്ടൂ എന്ന് പകൽ പോലെ സത്യമായിട്ടും നാമെന്തിന് ഈ ഫ്ലെക്സ് യുദ്ധം നടത്തണം?

സ്പോർട്സ്മാൻ സ്പിരിട്ട് എന്നത് വിട്ട് ടീം സ്പിരിട്ട് കടന്നുകൂടിയപ്പോഴുള്ള വിവിധ ദുരന്തങ്ങൾ നാം നിത്യേന കാണുന്നതാണ്. എട്ടു വർഷങ്ങൾക്ക് മുമ്പ് ,മത്സരം കഴിഞ്ഞ് ആഹ്ലാദ സൂചകമായി നടത്തിയ പ്രകടനത്തിനിടെ തലക്കടിയേറ്റ് ദിവസങ്ങളോളം ജീവിതത്തിനും മരണത്തിനുമിടക്കുള്ള തൂക്കുപാലത്തിൽ തങ്ങേണ്ടി വന്ന ഒരു നാട്ടുകാരനെ എനിക്ക് അറിയാം. ഓരോ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസ്സിൽ ആ ശപിക്കപ്പെട്ട ദിനം തന്നെയായിരിക്കും ആദ്യം ഓടി എത്തുക എന്നതിൽ സംശയമില്ല.

അതിനാൽ നമ്മുടെ സ്നേഹം ഫുട്ബാൾ എന്ന ഗെയിമിനോടാകട്ടെ.നമ്മുടെ ഭാരതം ലോകകപ്പിൽ പങ്കെടുക്കുമ്പോൾ ഇത്തരം കോപ്രായങ്ങൾക്കും കോലാഹലങ്ങൾക്കും അപ്പുറം നമുക്കും അവരെ അകമഴിഞ്ഞ്  പ്രോത്സാഹിപ്പിക്കാം .നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും എന്ന ശുഭപ്രതീക്ഷയെങ്കിലും മനസ്സിൽ സൂക്ഷിക്കാം.


Sunday, June 01, 2014

പുതിയ അദ്ധ്യയനവർഷം തുടങ്ങുമ്പോൾ…..


 ഇന്ന് ജൂൺ 1. മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ജൂൺ ആണ് എന്റെ മനസ്സിൽ ഓടി വരുന്നത്. തിമർത്തു പെയ്യുന്ന മഴയിൽ രണ്ടാം ക്ലാസ്സിലിരിക്കാൻ വേണ്ടി പുറപ്പെട്ട ദിവസം. ക്ലാസ്സിലെ മിക്ക കുട്ടികളുടേയും കയ്യിൽ ഒന്നാം ക്ലാസ്സിൽ ഉപയോഗിച്ചിരുന്ന അതേ സ്ലേറ്റും അതേ കുടയും അതേ ബാഗും. നിലത്ത് വീണ് രണ്ട് കഷ്ണമായി പുറത്തെ മരച്ചട്ടക്കൂടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന ശരീഫിന്റേയും അബ്ദുള്ളയുടേയും സ്ലേറ്റുകളും നാലാം തരം വരെ ഒരു പോറലും ഏൽക്കാതെ ഞാൻ ഉപയോഗിച്ച എന്റെ സ്ലേറ്റും ഇന്നും എന്റെ മനസിലെ ക്ലാവ് പിടിച്ച ഓർമ്മകളാണ്.

ഇന്ന് കാലവും കോലവും മാറി. എൽ.കെ.ജി പയ്യൻസ് വരെ ടാബ്ലെറ്റിനെപ്പറ്റിയും സ്മാർട്ട് ഫോണിനെപ്പറ്റിയും സംസാരിക്കുക മാത്രമല്ല , ഉപയോഗിക്കാൻ കൂടി അറിയുന്നവരായി.ആൺകുട്ടികൾ എല്ലാവരും മുടി പറ്റേ വെട്ടി ഒരു തരം മൊട്ട രൂപത്തിൽ വന്നിരുന്ന കാലം മാറി.അവിടേയും ഇവിടേയും വരണ്ടിയും ചുരണ്ടിയും വരുന്ന കുട്ടികൾ. പോക്കറ്റിൽ അഞ്ചിന്റെയോ പത്തിന്റെയോ നാണയത്തുട്ടുകൾ ഉള്ളവൻ രാജാവായിരുന്ന കാലം ഇന്ന് പോക്കറ്റിൽ 10 രൂപയില്ലെങ്കിൽ കണ്ട്രിയും തെണ്ടിയും ആയി ചിത്രീകരിക്കുന്ന കാലമായി മാറി.

                                                    Courtesy : Google

ഇത്രയും പറഞ്ഞത് ദിവസങ്ങൾക്ക് മുമ്പ് എൽ.കെ.ജി യിൽ ചേർത്ത എന്റെ മൂന്നാമത്തെ മകൾക്ക് വേണ്ടി ബാഗ് വാങ്ങാൻ പോയപ്പോൾ കേട്ട ഒരു വർത്തമാനമാണ്. നാനൂറ് രൂപയുടെ മുകളിലുള്ള ബാഗ് എടുത്ത് കാണിച്ച കടക്കാരനോട് ഞാൻ ചോദിച്ചു.

“നാലാം ക്ലാസ് വരെ ഉപയോഗിക്കാൻ പറ്റുമോ?”

“അതെങ്ങിനെയാ കാക്കാ.അടുത്ത വർഷം പുതിയ ബാഗ് വേണമെന്ന് നിങ്ങളുടെ കുട്ടി തന്നെ പറയില്ലേ ? അപ്പോൾ ഈ ബാഗിനും കാലാവധി അത്ര പോരേ?”

മൂന്ന് സംഗതികളാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി നാം വാങ്ങുന്ന ഇത്തരം സാധനങ്ങളുടെ ഗുണനിലവാരം ആ മറുപടിയിൽ ഉണ്ട്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന പാശ്ചാത്യൻ സംസ്കാരം നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങി എന്നതിന്റെ സൂചനയും ആ മറുപടിയിൽ ഉണ്ട്. കുട്ടികളുടെ ഏത് ആവശ്യവും നിറവേറ്റി കൊടുക്കുന്ന മാതാപിതാക്കളുടെ അധിക സ്നേഹം എന്ന ദുഷ്‌പ്രവണതയെ പറ്റിയും ആ മറുപടിയിൽ വ്യംഗ്യമായി സൂചിപ്പിച്ചിട്ടുണ്ട്.


പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോൾ ആ കടക്കാരന്റെ ഈ മറുപടി എല്ലാവരെയും ഒന്നിരുത്തി ചിന്തിപ്പിക്കട്ടെ.ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലായിരിക്കണം പുതിയതായി വാങ്ങിയ ബാഗിനോടും കുടയോടും ഉള്ള നിന്റെ പെരുമാറ്റമെന്ന് നമ്മുടെ കുട്ടിയോട് ഉപദേശിച്ചു കൊടുക്കേണ്ടത് നാം തന്നെയാണ്.ഓരോ വർഷവും പുതിയതിന് വേണ്ടി ശഠിക്കുന്ന കുട്ടിയോട് ഇത്തരം ഒരു ബാഗോ കുടയോ വാങ്ങാൻ പോലും കഴിവില്ലാത്ത നിരവധി രക്ഷിതാക്കളുടേയും അവരുടെ കുട്ടികളേയും പറ്റി ഒരു നിമിഷം ചിന്തിക്കാൻ പറയുക. കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കുന്നതിന് മുമ്പ് അതിന്റെ ആവശ്യകതയെപറ്റി രക്ഷിതാക്കൾ സ്വയം വിലയിരുത്തുക.അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾ കുട്ടിയെ ബോധ്യപ്പെടുത്തിയ ശേഷം ഒഴിവാക്കേണ്ടവ ഒഴിവാക്കുക. ഒപ്പം കുട്ടിയുടെ പഠന കാലത്ത് എല്ലാ ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാൻ മാതാപിതാക്കളും കുട്ടികളും നിർബന്ധമായും ശ്രദ്ധ പുലർത്തുക.സൂക്ഷിച്ചാൽ ദുഖിക്കേണ്ട.