Pages

Wednesday, December 17, 2014

പെഷവാറിൽ സ്വർഗ്ഗം പൂകിയവർക്ക്...


“നിങ്ങൾ ചൈനയിൽ പോയെങ്കിലും വിദ്യ നേടുക” എന്നായിരുന്നു ആണും പെണ്ണും അടക്കമുള്ള  തന്റെ സമുദായത്തോടുള്ള മുഹമ്മദ് നബി (സ) യുടെ ഉപദേശം.സഞ്ചരിക്കാൻ ഇന്നത്തെ പോലെ വിമാനങ്ങളോ മറ്റു എളുപ്പമാർഗ്ഗങ്ങളോ ഇല്ലാത്ത അക്കാലത്ത് മക്കയിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന ചൈനയിൽ പോയി വിദ്യാഭ്യാസം നേടാൻ നബി ഉപദേശിച്ചതിൽ നിന്നും ഇസ്ലാം മതം വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാണ്.എന്നിട്ടും ഇസ്ലാമിന്റെ വക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന താലിബാൻ, വിദ്യ അഭ്യസിക്കുന്നവർക്ക് നേരെ  പെഷവാറിൽ കാട്ടിക്കൂട്ടിയ മനുഷ്യത്വരഹിത നടപടി അവർ ഏത് ഗ്രന്ഥത്തിൽ നിന്നാണാവോ കണ്ടെത്തിയത്.

“യുദ്ധത്തിൽ ശത്രുപക്ഷത്തെ സ്ത്രീകളേയും കുട്ടികളേയും ബന്ധിയാക്കിയാൽ അവരെ വധിക്കരുത്” എന്നായിരുന്നു മുത്ത് നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചത്.ഒരു യുദ്ധം ഉണ്ടാകുന്നത് തന്നെ പീഢന പരമ്പരകളുടെ അവസാനത്തിലാണ്.എത്ര അധികം പീഢനം ഏറ്റുവാങ്ങിയാലും നിരാലംബരായ സ്ത്രീകളും കുട്ടികളും ശത്രു ആണെങ്കിൽ പോലും കരുണ അർഹിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.അദ്ധ്യാപികയെ തീയിട്ട്, 132 കുട്ടികളെ വെടിവച്ച് കൊന്ന് അതിലും എത്രയോ അധികം കുട്ടികളെ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽ‌പ്പാലത്തിലാക്കിയ താലിബാൻ നടപടി ഏത് ഇസ്ലാമിലാണാവോ ജിഹാദാകുന്നത്?

“മുതിർന്നവരെ ബഹുമാനിക്കുക , കുട്ടികളോട് കരുണ കാണിക്കുക” എന്ന് തന്റെ സമുദായത്തെ പഠിപ്പിച്ച മുഹമ്മദ് നബി(സ) തന്റെ മകൾ ഫാത്തിമ (റ) വീട്ടിലേക്ക് വരുമ്പോൾ കാണിച്ചിരുന്ന പിതൃസ്നേഹം ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടതാണ്.പെഷവാറിൽ കൊല്ലപ്പെട്ട ഓരോ കുഞ്ഞും തന്റെ മാതാപിതാക്കളുടെ സ്നേഹം നുണഞ്ഞ് മതിവരാത്തവരായിരിക്കും എന്നത് തീർച്ചയാണ്.ഇസ്ലാമിന്റെ അനുയായികൾ എന്നവകാശപ്പെടുന്ന താലിബാൻ നടത്തിയ ഈ കുരുന്ന് നരമേധം ഏത് സൈന്യത്തിന് എതിരെയായാലും മതത്തിന് വിപരീതമാണെന്നതിൽ സംശയമില്ല.

“അന്യായമായി ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കാൻ നിങ്ങൾക്ക് അവകാശമില്ല” എന്നാണ് നബി(സ) അദ്ധ്യാപനം.വാപ്പയോ വല്യുപ്പയോ ചെയ്ത കൃത്യത്തിന് പ്രതികാരമായി മറ്റു തലമുറകളെ വേട്ടയാടുന്നത് തീർത്തും ഭീരുത്വമാണ്.സൈന്യം ചെയ്ത നടപടികൾക്ക്, അവരുടെ മക്കളും നിരപരാധികളായ വേറെ കുറേ മക്കളും പഠിക്കുന്ന സ്കൂളിൽ കയറി എല്ലാവരേയും വെടി വയ്ക്കുമ്പോൾ നബി(സ) യുടെ മേൽ‌വാക്കുകൾ എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകളായി സ്വയം അവരോധിക്കുന്നവർ ഓർക്കുന്നില്ല.

ലോകത്തിലെ ഏതൊരു മതത്തേയും പോലെ ഇസ്ലാം മതവും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല എതിർക്കുകയും ചെയ്യുന്നു.മതം നിർബന്ധപൂർവ്വം അടിച്ചേൽ‌പ്പിക്കേണ്ടതല്ല എന്നാണ് വിശുദ്ധഖുര്‌ആനിൽ പറയുന്നത്.എന്നിട്ടും ഇത്തരം കിരാതനടപടികൾ ഇസ്ലാമിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് ഉണ്ടാകുമ്പോൾ അമുസ്ലിംങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.മേല്പറഞ്ഞ ഓരോ നബി വചനങ്ങളിൽ നിന്നും ഇസ്ലാം മതം തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തവുമാണ്.

ഇന്നലെ ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്ന് പത്രങ്ങളിലൂടേയും നാം പലരും ഈ വാർത്ത അറിഞ്ഞു.പെഷവാറിൽ സംഭവിച്ചതായതിനാൽ നമ്മിൽ പലർക്കും ഈ വാർത്തയിൽ ഒരു ഞെട്ടലും തോന്നിയിട്ടുണ്ടാവില്ല.എന്നാൽ ഒരു നിമിഷം നമ്മുടെ മക്കൾ പഠിക്കുന്ന സ്കൂളിനെപ്പറ്റി ഒന്ന് ആലോചിച്ച് നോക്കൂ.ഗേറ്റ് ഇല്ലാത്ത ഉണ്ടെങ്കിലും മലർക്കെ തുറന്നിട്ട ഗേറ്റിലൂടെ സ്കൂൾ സമയത്ത് ഒരു ഭ്രാന്തൻ നിറത്തോക്കുമായി വന്ന് ക്ലാസ്സിൽ കയറി വെടിയുതിർക്കാനുള്ള സാധ്യത നിലനിൽക്കുന്നില്ലേ?ഇന്നലെ പെഷവാറിൽ സംഭവിച്ചത് നാളെ മറ്റൊരു രൂപത്തിൽ നമ്മുടെ വിദ്യാലയത്തിലും സംഭവിച്ചേക്കാം എന്നും എന്റെ പൊന്നോമനയും അതിൽ നഷ്ടപ്പെട്ടേക്കാം എന്നും ചിന്തിച്ചവർ നമ്മുടെ കൂട്ടത്തിൽ എത്ര പേരുണ്ടാകും ?


പെഷവാറിൽ സ്വർഗ്ഗം പുൽകിയ പ്രിയപ്പെട്ട മക്കൾക്ക് , അദ്ധ്യാപകർക്ക് സർവ്വശക്തനായ ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ.

9 comments:

Areekkodan | അരീക്കോടന്‍ said...

ഇത് ഇസ്ലാമല്ല...ഇത് ഇസ്ലാം മതത്തിൽ പെട്ടതല്ല....ഇതിന് ഇസ്ലാമികമായി ഒരു പിന്തുണയും ഇല്ല...

mayflowers said...

അവസരോചിതം..
ആ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി നമുക്ക് പ്രാർഥിക്കാം..

Mubi said...

:(

സുധീര്‍ദാസ്‌ said...

കാലികപ്രസക്തിയുള്ളത്. നന്നായി മാഷെ.

Anonymous said...

You are a good person and you believe the said ideology teaches only good as you are so innocent in your heart.
Praying for the souls of those little angels and teachers. What a cruelty, beyond any words!!!

amal hisham said...

ennalum.......... enne inghane pedippikkano?

ajith said...

വചനങ്ങളുടെയും ഉപദേശങ്ങളുടെയും ഒന്നും കുറവല്ല. അതെല്ലാം വേണ്ടുവോളമുണ്ട് സാന്ദര്‍ഭികമായി എടുത്ത് ഉദ്ധരിക്കാന്‍. പിന്നെ എവിടെയാണ് കുഴപ്പം? എവിടെയോ കുഴപ്പം ഉണ്ടെന്നത് തീര്‍ച്ച.

Geetha Omanakuttan said...

വാർത്ത കാണുമ്പോളേ മനസ്സു നീറുകയായിരുന്നു. സ്ക്രീനിലേക്ക് നോക്കാനാവാതെ....

Basheer Vellarakad said...

ഭീകരർക്കും ഭീകരതക്കും മതമില്ല. മദം പൊട്ടിയ അക്രമികൾ.. വേദനയോടെ

Post a Comment

നന്ദി....വീണ്ടും വരിക