Pages

Friday, December 12, 2014

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ് – ഒരനുഭവം


ഓൺലൈൻ ഷോപ്പിംഗ് ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു.ആമ‌സോണും ഇ-ബേയും ഫ്ലിപ്കാർട്ടും നാട്ടിൻപുറങ്ങളിൽ വരെ സുപരിചിതമായ പേരുകളായി മാറി.എന്നാൽ ഇതിനിടക്ക് ചില വിരുതന്മാർ കൂടി കളിക്കുന്നുണ്ട് എന്ന് അനുഭവത്തിൽ നിന്ന് ഉണർത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്.എന്റേത് ഒറ്റപ്പെട്ട അനുഭവമായിരിക്കാം.പക്ഷേ മാനഹാനി പേടിച്ച് പുറത്ത് പറയാതിരുന്നാൽ കൂടുതൽ പേർ വഞ്ചിക്കപ്പെടും എന്നതിനാൽ തുറന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.എവിടെ നിന്നോ ഒരു വാച്ച് എന്നെത്തേടി വന്ന കഥ ഞാൻ മുമ്പ് പറഞ്ഞതുകൊണ്ട് ഇക്കഥയും (അല്ല സംഭവവും) ഇവിടെ കുറിക്കട്ടെ.

ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ സംഭവത്തിന്റെ ഒറിജിനൽ ആക്ഷൻ നടക്കുന്നത്. www.shineshoppinghub.in  എന്ന വെബ്സൈറ്റിലൂടെ നൽകുന്ന വിവിധ കോംബോ ഓഫറുകളെപറ്റി ഒരാൾ എന്നെ ഫോണിലൂടെ ധരിപ്പിച്ചു.ടെലിമാർക്കറ്റിംഗ് ഇന്നത്തെ കാലത്തെ മറ്റൊരു ട്രെന്റ് ആയതിനാൽ ഞാൻ സുന്ദരമായി കേട്ടു.എന്റെ കുറേ സംശയങ്ങൾ തിരിച്ച് ചോദിക്കുകയും ചെയ്തു.എല്ലാറ്റിനും മറുപടിയും കിട്ടി.പക്ഷേ അവർ തന്ന കോംബിനേഷനിൽ ചിലത് എനിക്ക് ആവശ്യമില്ലാത്തവ ആയതിനാൽ ഞാൻ അത് വേണ്ടെന്ന് വച്ചു.ഇത് മനസ്സിലാക്കി പ്രസ്തുത കക്ഷി ഞാനാവശ്യപ്പെട്ട രൂപത്തിൽ ഒരു കോംബിനേഷൻ ഉണ്ടാക്കി വിലയും നിശ്ചയിച്ചു തന്നു.പ്രസ്തുത സംഖ്യ വെബ്സൈറ്റിൽ തന്നെയുള്ള ഒരു ഒപ്ഷനിലൂടെ അടക്കാനും നിർദ്ദേശിച്ചു.പണമിടപാട് നെറ്റ് ബാങ്കിംഗ് വഴിയായതിനാൽ ഞാൻ ഇത് ചെയ്യുന്നതിനിടക്ക് അവൻ എന്റെ അക്കൌണ്ടിൽ വല്ല പണിയും ചെയ്യുമോ എന്ന ‘മലയാളി’ സംശയം ഉയർന്നതിനാൽ കാശ് അടച്ച ഉടനെ എന്റെ പാസ്‌വേഡ് ഞാൻ മാറ്റുകയും ചെയ്തു.

കാശ് അടച്ചു എന്നതിന് തെളിവായി എനിക്ക് ഒരു ഇ-മെയിലും കൂടാതെ കമ്പനിയുടെ ഓർഡർ മെയിലും അഷുവേഡ് ഗിഫ്റ്റ് മെയിലും എല്ലാം കിട്ടി.സൈറ്റിൽ തന്നെയുള്ള മറ്റൊരു ലിങ്കിലൂടെ ഒരു ഭാഗ്യപരീക്ഷണം കൂടി നടത്താനായി മേൽകക്ഷി എന്നോട് ആവശ്യപ്പെട്ടു.എനിക്ക് തന്ന ഡോക്യുമെന്റിലെ ചില നമ്പറുകൾ അവിടെ നൽകാനായിരുന്നു പറഞ്ഞത്.അപ്രകാരം ചെയ്ത് അല്പ സമയത്തിനകം തന്നെ ഒരു ബമ്പർ നറുക്കെടുപ്പിൽ എനിക്ക് നാലാം സമ്മാനം(വിശ്വസനീയമാക്കാൻ വേണ്ടി ഒന്നും രണ്ടും മൂന്നും തന്നില്ല!!) ലഭിച്ചതായും വലിയൊരു സംഖ്യയാണ് സമ്മാനമെന്നും അതിൽ പകുതിയേ കാശായി നൽകൂ എന്നും ബാക്കി സാധനങ്ങളായി മാത്രമേ നൽകൂ എന്നും എന്നെ ധരിപ്പിച്ചു.ഇത്തരം മെയിലുകളും എസ്.എം.എസ് കളും ധാരാളം കിട്ടി, എന്റെ ഒരു അമ്പത് തലമുറക്ക് കഴിയാനുള്ള ആസ്തി വായുവിൽ ചുറ്റിക്കറങ്ങുന്നുണ്ട് എന്ന് പറഞ്ഞ് ഈ കെണിയിൽ എന്നെ വീഴ്ത്തേണ്ട എന്ന ഒരു സൂചന ഞാൻ നൽകി.അതോടെ എന്റെ ഓർഡറിന്റെ കഷ്ടകാലവും തുടങ്ങി !

ഏഴ് ദിവസത്തിനകം ഡെലിവർ ചെയ്യും എന്ന് പറഞ്ഞ സാധനം പത്താമുദയവും കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചന്വേഷിച്ചു.ഓവർനൈറ്റ് എക്സ്പ്രെസ് എന്ന കൊറിയർ വഴി അയച്ചതായി ഡോകറ്റ് നമ്പർ അടക്കം പറഞ്ഞ് തന്നു!ഇങ്ങനെ ഒരു കൊറിയർ സ്ഥാപനം ഞാൻ കേട്ടിട്ടില്ലാത്തതിനാൽ അതും നെറ്റിൽ തപ്പി കോഴിക്കോട് ബ്രാഞ്ച് നമ്പറും സംഘടിപ്പിച്ചു.തന്ന നമ്പർ ഞാൻ ട്രേസ് ചെയ്ത് നോക്കിയെങ്കിലും ഇൻ‌വാലിഡ് നമ്പർ എന്ന മറുപടി കിട്ടി.കോഴിക്കോട് ബ്രാഞ്ചിൽ വിളീച്ചപ്പോൾ അവരും അതേ മറുപടി തന്നു.

പിന്നെ നിരന്തരം വിളിച്ചിട്ടും മെയിൽ ചെയ്തിട്ടും ഒരു മറുപടിയും ലഭിക്കാതായപ്പോൾ എനിക്ക് ചില ദു:സൂചനകൾ തോന്നി.വിളിച്ചതെല്ലാം എന്റെ മൊബൈലിൽ നിന്നായതിനാൽ അത് അവർ നോട്ട് ചെയ്തു എന്ന് ഞാൻ മനസ്സിലാക്കി.അതിനാൽ തന്നെ ഒരു പരീക്ഷണാർത്ഥം ലാന്റ് ലൈനിൽ നിന്ന് വിളിച്ചു.അത്ഭുതം – ഒരു വിദ്വാൻ കെണിയിൽ കുടുങ്ങി!അവന് ആവശ്യത്തിനുള്ള ഡോസ് എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും ആയി കൊടുത്തപ്പോൾ അവനും ഒരു ഡോക്കറ്റ് നമ്പർ തന്നു.പക്ഷേ അതും മേല്പറഞ്ഞപോലെ ഇൻ‌വാലിഡ് ആയിരുന്നു.അവനും എന്നെ ശശിയാക്കി എന്ന് സാരം.

സംഗതി ഓൺലൈനിൽ ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് ഏകദേശം ഉറപ്പായപ്പോൾ ഒരു പരാതിയുമായി ഞാൻ പോലീസ് സ്റ്റേഷനിൽ എത്തി.ആ കഥ ഇതിന്റെ പിന്നാലെ പറയാം.പിന്നെ പല വിധത്തിലും ഫോൺ ചെയ്ത് നോക്കിയിട്ടും മെയിൽ അയച്ചിട്ടും ഒന്നും രക്ഷയില്ല എന്ന് കണ്ടപ്പോൾ കേസ് ഫയൽ ചെയ്യാം എന്ന് തീരുമാനിച്ചു.അപ്പോഴാണ്  എൻ.എസ്.എസ് വഴി പരിചയമുള്ള ഉത്തർപ്രദേശുകാരനായ ഒരു മുൻ പ്രോഗ്രാം ഓഫീസറുടെ ഈദാശംസകൾ നേർന്ന് കൊണ്ടുള്ള ഒരു എസ്.എം.എസ് എനിക്ക്  ലഭിച്ചത്.ദൈവത്തിന്റെ ഇടപെടലുകൾ എന്ന് ഇതിനെ ഞാൻ വിശേഷിപ്പിക്കുന്നു.സംഗതി ഉടൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു.പരിഹാരം ആയില്ലെങ്കിലും അദ്ദേഹവും സുഹൃത്തുക്കളും എനിക്ക് വേണ്ടി കമ്പനിയിൽ നേരിട്ട് ചെന്ന് അന്വേഷിക്കാമെന്ന് ഏറ്റു ! ലക്നൌവിൽ കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ വിരുതന്മാരെ പൊളിച്ചടുക്കാൻ സഹായിക്കണമെന്ന് അപേക്ഷ.

ഇപ്പോഴും ഈ സൈറ്റ് കോമ്പോ ഓഫറുകളുമായി രംഗത്തുണ്ട് എന്നതിനാലാണ് ഞാൻ ഇത്രയും വിസ്തരിച്ച് പറഞ്ഞത്.യു.പിയിൽ എനിക്ക് വേണ്ടി മേൽ സഖാക്കളും ഡെൽഹിക്കാരനായ മറ്റൊരു സുഹൃത്തും ശ്രമിക്കുന്നതിനാൽ പ്രശ്നം സോൾ‌വായേക്കാം.പക്ഷേ യാതൊരു അത്താണിയുമില്ലാത്തവർ ഇനിയും വഞ്ചിക്കപ്പെട്ടേക്കാം.അതിനാൽ തന്നെ ഒരു കേസ് ഫയൽ ചെയ്യൽ നിർബന്ധമായി തോന്നി.ഫലപ്രാപ്തി നിശ്ചയമില്ലെങ്കിലും, ഇന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒരു പരാതിയും ഞാൻ നൽകി.ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇനിയും പലപ്പോഴും എനിക്കെന്നപോലെ മറ്റുള്ളവർക്കും ഉപയോഗപ്പെട്ടേക്കാം എന്നതിനാൽ അടുത്ത പോസ്റ്റിൽ അതിനെപറ്റി പറയാം.5 comments:

Areekkodan | അരീക്കോടന്‍ said...

ലക്നൌവിൽ കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ വിരുതന്മാരെ പൊളിച്ചടുക്കാൻ സഹായിക്കണമെന്ന് അപേക്ഷ.

വിനുവേട്ടന്‍ said...

ഇത് പങ്ക് വച്ചത് എന്തുകൊണ്ടും നന്നായി മാഷേ...

ജോണ്‍ ചാക്കോ, പൂങ്കാവ് said...

thanks for posting this.

Mubi said...

നന്ദി മാഷേ ...

മോഹന്‍ കരയത്ത് said...

നന്നായി മാഷേ... അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...

Post a Comment

നന്ദി....വീണ്ടും വരിക