Pages

Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Wednesday, May 22, 2019

ബഹു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ...

         ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.ഈ ഇലക്ഷനിൽ കണ്ട ചില കാര്യങ്ങൾക്ക് നേരെ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. തള്ളാം കൊള്ളാം, ബട്ട് തല്ലരുത് കൊല്ലരുത്.

           കേരളത്തിൽ ഇത്തവണ, 20 ലോകസഭാ സീറ്റിൽ 10 സീറ്റുകളിലേക്ക് ഇരു മുന്നണികളിൽ നിന്നുമായി മത്സരിച്ചത് പത്തോളം എം.എൽ.എ മാരാണ്.അതായത് ഇനിയും രണ്ട് വർഷത്തോളം കാലാവധിയുള്ള ജനപ്രതിനിധികൾ. അവർക്കിത് ഒരു ഇം‌പ്രൂവ്മെന്റ് പരീക്ഷ മാത്രമാണ്. എം.എൽ.എ എന്ന പദത്തിൽ നിന്നും എം.പി എന്ന പദത്തിലേക്കുള്ള ഇം‌പ്രൂവ്മെന്റ് ചാൻസ്. സ്വാഭാവികമായും ജയിച്ചാൽ അവർ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഠലങ്ങളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപ തെരഞ്ഞെടുപ്പ് നടത്തണം. പട്ടിണി സഹിക്കാൻ കഴിയാതെ എന്തോ ഭക്ഷണ പദാർത്ഥം എടുത്തതിന് മോഷണമാരോപിച്ച് അടിച്ചു കൊന്ന മധുവിന്റെ ഈ നാട്ടിൽ, അടച്ചുറപ്പില്ലാത്ത വീട്ടിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ ഈ നാട്ടിൽ, ഒരു നേരത്തെ മരുന്ന് വാങ്ങാൻ വകയില്ലാതെ നരകിക്കുന്ന നിരവധി പാവങ്ങളുടെ നിലവിളി ഉയരുന്ന ഈ നാട്ടിൽ തെരഞ്ഞെടുപ്പിന്റെ പേരിൽ ലക്ഷങ്ങൾ ഇനിയും ചെലവിടുന്നത് ശരിയോ തെറ്റോ ?

             സർക്കാർ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ജോലി രാജി വയ്ക്കണം.അതേ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന എം.എൽ.എ ക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമാകുന്നില്ല? കുറഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവുകളുടെ അമ്പത് ശതമാനെങ്കിലും, ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നവരുടെ സ്വകാര്യ സമ്പത്തിൽ നിന്നും എന്തുകൊണ്ട് ഈടാക്കിക്കൂട? അല്ലെങ്കിൽ, അവർ ജയിച്ചാലും തോറ്റാലും എന്തുകൊണ്ട് നിലവിലുള്ള  രണ്ടാം സ്ഥാനക്കാരെ പുതിയ പ്രതിനിധിയായി തെരഞ്ഞെടുത്തുകൂട ? ഇങ്ങനെയെന്തെങ്കിലും നിബന്ധനകൾ കൊണ്ടു വന്നില്ലെങ്കിൽ ഭാവിയിൽ ഇത് ഇനിയും തുടരും. 20 സീറ്റിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ പോലും ഇല്ലാത്ത പാർട്ടികളായി കേരളത്തിലെ പ്രമുഖ പാർട്ടികൾ അധ:പതിച്ചതായി ജനങ്ങൾ മനസ്സിലാക്കുന്നു.

             രാജ്യത്തെ നയിക്കേണ്ട പ്രമുഖരിൽ പലരും കൂളായി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുന്നത് നിരവധി തവണ നാം കണ്ടു. രണ്ടോ മൂന്നോ ദിവസത്തെ പ്രചാരണ വിലക്ക് എന്ന ഉമ്മാക്കി ഒരു ചുക്കും ചെയ്യുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമായി. നടപടി എടുക്കേണ്ടത് കലക്ടറോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അതോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ എന്ന അനിശ്ചിതത്വവും പല കേസുകളിലും ആദ്യ ഘട്ടത്തിൽ ഉണ്ടായി. സ്ഥാനാർത്ഥിത്വം അസാധുവാക്കുന്നതും അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലെങ്കിലും മത്സരിക്കുന്നത് വിലക്കുന്നതും അടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ മാത്രമേ ഇത്തരം നിയമ ലംഘകർക്ക് കൂച്ചു വിലങ്ങിടാൻ സഹായിക്കൂ.

            കനത്ത സുരക്ഷയും അതിലേറെ സുതാര്യതയും ഉറപ്പ് വരുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ഒരു കൂസലും കൂടാതെ കള്ളവോട്ട് ചെയ്യുന്ന ജനപ്രതിനിധികളെയും കണ്ടു. റീപോളിംഗ് നടത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും വോട്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിലൂടെ ഭാവിയിൽ പ്രതി രക്ഷപ്പെട്ടാലും ഉദ്യോഗസ്ഥർ ബലിയാടാകാൻ സാധ്യത ഏറെയാണ്. ആയതിനാൽ കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ ഉടനടി കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുന്ന രൂപത്തിൽ നിയമങ്ങൾ പരിഷ്കരിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു. 

Wednesday, May 21, 2014

നരേന്ദ്രമോഡി – ഇന്ത്യൻ വസന്തമോ ശൈത്യമോ ?

        ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സാക്ഷാൽ ശ്രീ. നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു. നരേന്ദ്ര മോഡി എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക നരന്മാരുടേയും മോടിയും പത്രാസും നിലം‌പരിശായിരുന്ന ഒരു കാലഘട്ടം കടന്നുപോയി.ഒപ്പം കുറേ നിരപരാധികൾ പരലോകത്തേക്കും ‘കിടന്നു’പോയി എന്നത് പോയ ചരിത്രം.

       പക്ഷേ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രെസ്സ് എന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്` ശേഷം ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയായി ബി.ജെ.പി മാറി എന്നത്  വാഴ്ത്തപ്പെടേണ്ട ചരിത്രം തന്നെയാണ്.അതും മുപ്പത് വർഷത്തിന് ശേഷം സംഭവിച്ച ഒരു അത്ഭുതം.കഴിഞ്ഞ ആറോ ഏഴോ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ, രാജ്യത്ത് ഇനി ഒരിക്കലും ഒറ്റ പാർട്ടി ഭരണം ഉണ്ടാകില്ല എന്ന് രാഷ്ട്രീയ ബുദ്ധിജീവികൾ മുഴുവൻ പ്രവചിക്കാൻ ഇടവരുത്തിയിരുന്നു.അതെല്ലാം കാറ്റിൽ പറത്തിയാണ് മോദി എന്ന തരംഗം ഇന്ത്യ മുഴുവൻ ആഞ്ഞു വീശിയത്.

       ഗുജറാത്ത് കലാപത്തിന്റെ പച്ചയായ ചിത്രമായി , ജീവന് വേണ്ടി കൈകൂപ്പി യാചിക്കുന്ന അൻസാരി എന്ന മനുഷ്യനെ നാം ആരും അത്ര എളുപ്പം മറക്കില്ല.അന്ന് ഗർഭിണികളെ വരെ വെറുതെ വിട്ടില്ല എന്ന് ഇരകളുടെ ചരിത്രം പറഞ്ഞ പല കൃതികളും നമ്മോട് പറഞ്ഞു. മോഡിയുടെ മുഖ്യമന്ത്രി പദത്തിനേറ്റ ഏറ്റവും വലിയ കളങ്കവും അതു തന്നെയായിരുന്നു. ഔദ്യ്യൊഗിക കണക്കും യഥാർത്ഥ കണക്കും ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷികളുടെ എണ്ണത്തിൽ അജഗജാന്തരം കാണിച്ചു.അതുകൊണ്ട് തന്നെ മോഡി എന്നത് ന്യൂനപക്ഷ മനസ്സിൽ ഒരു രാക്ഷസനായി മാറി.ആ രൂപം ഇന്നും മനസ്സിൽ നിലനിൽക്കുന്നതിനാൽ മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലിംകൾ ഭയാശങ്കകളോടെയാണ് മോദിയുടെ വരവിനെ നോക്കിക്കാണുന്നത്.

          ഹിന്ദു വർഗ്ഗീയതയുടെ പര്യായമായ നിരവധി കക്ഷികൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ഉണ്ട്.അവർ അവരുടേതായ അജണ്ടകൾ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിലൂടെ നടപ്പാക്കിയാൽ പാവം ന്യൂനപക്ഷങ്ങൾക്ക് നോക്കി നിൽക്കാനേ സാധിക്കൂ എന്നത് സത്യം.പക്ഷേ മറ്റൊരു കോണിലൂടെയും  നമുക്ക് ചിന്തിക്കാം.സ്വന്തം സംസ്ഥാനത്ത് നടപ്പാക്കി വന്ന വർഗ്ഗീയ അജണ്ടകളുടെ പിന്നിലെ തിണ്ണബലം ഇന്ത്യ എന്ന മഹാരാജ്യത്ത് നടക്കില്ല.അതിനാൽ തന്നെ ബി.ജെ.പി യുടെ പ്രധാനമന്ത്രി എന്നതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രി ആയ മോദിക്ക് മുമ്പിൽ നിരവധി വെല്ലുവിളികളുണ്ട്. അത് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വരും ദിവസങ്ങളിൽ മോദി നേരിടും എന്നത് തീർച്ച.എന്നിരുന്നാലും ബി.ജെ.പി എന്ന തൊട്ടുകൂടാത്ത പാർട്ടിയെ അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള കടപ്പാട് എന്ന നിലക്ക് അവരുടെ പഴയ പല അജണ്ടകളും മാറ്റി വയ്ക്കേണ്ടി വരും.അത് ആ പാർട്ടിയെ മിതവാദത്തിലേക്ക് നയിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യും.അങ്ങനെ വന്നാൽ ഇന്ത്യയുടെ ഗതി നിർണ്ണയത്തിൽ അത് ഒരു നാഴികക്കല്ലായി മാറും.


        എന്നാൽ മോദിയുടെ പ്രധാനമന്ത്രി പദാരോഹണ രക്തത്തിൽ എല്ലാവർക്കും പങ്കുണ്ട് എന്നാണ് എന്റെ പക്ഷം..ഇത്രയും വലിയൊരു ഭീഷണി മുന്നിൽ വന്നിട്ടും ഉറക്കം നടിച്ച ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും ഉള്ള മുന്നറിയിപ്പാണ് ബി.ജെ.പി യുടെ ഈ വിജയം. ശത്രു കാടിളക്കി പ്രചാരണം നയിക്കുമ്പോഴും പരസ്പരം ചെളിവാരി എറിഞ്ഞ് വർഗ്ഗീയ കക്ഷികൾക്ക് വളം വച്ചു കൊടുത്ത കോൺഗ്രെസ്സും സി.പി.എമ്മും അടക്കമുള്ള ഇടതും വലതുമുള്ള എല്ലാവരും കാവി പുതച്ച ഇന്ത്യയെ കണ്ട് പകച്ചു നിൽക്കുകയാണ്.കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും എന്നത് ഇപ്പോഴെങ്കിലും മനസ്സിലാക്കുക.അഞ്ചു വർഷത്തേക്ക് പ്രധാനമന്ത്രി കസേര ഭദ്രമായി എന്നാണ് ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ നിയുക്ത പ്രധാനമന്ത്രി കരുതുന്നത്. പക്ഷേ ബി.ജെ.പിയുടെ ദേശീയ നേതാക്കളായി പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള നിരവധി പേർ അവസരം കാത്ത് ഇരിക്കുന്നുണ്ട് എന്നത് മോദിയുടെ ഉള്ളീൽ അല്പം ഭയാശങ്കകൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ നാം ദർശിച്ച ആ കണ്ണീർ. ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ സ്വതന്ത്രനായി ഇരിക്കണം എന്ന മോഹം വയസ്സുകാലത്തും കെടാതെ സൂക്ഷിക്കുന്ന സാക്ഷാൽ അദ്വാനിജിയുടെ ഇപ്പോഴത്തെ മൌനം കൊടുങ്കാറ്റിന് മുമ്പെയുള്ള ശാന്തതയാണോ എന്ന് ന്യായമായും സംശയിക്കുന്നു.


         ഗുജരാത്ത് നൽകുന്ന പേടിസ്വപ്നങ്ങൾ ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ശരി തന്നെ.എങ്കിലും ഇന്ത്യൻ വോട്ടർമാരുടെ 62 ശതമാനവും എതിർക്കുന്ന ഒരു സർക്കാർ അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന് പ്രത്യാശിക്കാനേ ഇനി വഴിയുള്ളൂ.കോൺഗ്രെസ് എന്ന വടവൃക്ഷത്തെ ചുഴറ്റി എറിഞ്ഞ പോലെ ഒരു വിശാല മതേതര ജനാധിപത്യ മുന്നണീ ഈ പടുവൃക്ഷത്തേയും കടപുഴക്കുന്നതിന് മുമ്പ് നൽകുന്ന ഒരവസരമായി നമുക്കിതിനെ കാണാം.2 സീറ്റിൽ നിന്നും 30-35 വർഷം കൊണ്ട്  280ന് മുകളിൽ ബി.ജെ.പി എത്തി എങ്കിൽ 4 സീറ്റിൽ നിന്നും 500ൽ എത്തുന്ന ഒരു എ.എ.പി വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം. “IF WINTER COMES , CAN SPRING BE FAR BEHIND” എന്നാണല്ലോ .

Monday, October 07, 2013

ആദരവ് വാരം

            രാഷ്ട്രീയവും ഞാനും തമ്മില്‍ ഒട്ടും മന:പ്പൊരുത്തമില്ല.പക്ഷേ എസ്.ഡി.പി.ഐ നേതാവായ മൂത്തച്ചനും (ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ്) , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ വല്യാക്കയും (മൂത്തുമ്മയുടെ മകന്‍ ) സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന അമ്മാവനും (രണ്ട് മാസം മുമ്പ് മരിച്ചു പോയി) ഒക്കെക്കൂടി എന്നെ  കയറില്ലാതെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരുന്നു. എന്‍ .എസ്.എസ്  ന്റെ പല പരിപാടികള്‍ക്കും വേണ്ടി മന്ത്രിമാരെ ക്ഷണിക്കാന്‍ ഞാന്‍ പോയിരുന്നത് ഈ പിന്‍ബലങ്ങള്‍ ഒന്നും ഉപയോഗിക്കാതെയായിരുന്നു. അതിനാല്‍ തന്നെ മന്ത്രി പങ്കെടുക്കണമെങ്കില്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്ന മിഥ്യാധാരണ എനിക്കില്ല.എന്നാല്‍ സെപ്തംബര്‍ അവസാന വാരം അപ്രതീക്ഷിതമായി എന്റെ കഷണ്ടി മിന്നിത്തിളങ്ങിയത് രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യം കാരണമായിരുന്നു എന്നത് വിരോധാഭാസമാകാം.
             സെപ്തംബര്‍ 24ന് കേരളത്തിലെ മികച്ച എന്‍ .എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ആലുവ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബില്‍ നിന്നും സ്വീകരിച്ചു കൊണ്ടായിരുന്നു എന്റെ ആദരവ് വാര തുടക്കം.



              അതുകഴിഞ്ഞ് സെപ്തംബര്‍ 26ന് കോഴിക്കോട് വച്ച് നടന്ന e-മഷി ഓണ്‍ലൈന്‍ മാസികയുടെ ഒന്നാം വാര്‍ഷികപതിപ്പ് പ്രകാശന ചടങ്ങില്‍ , സംസ്ഥാന അവാര്‍ഡ് നേടിയ ബ്ലോഗര്‍ എന്ന  നിലയില്‍ എന്നെയും ആദരിച്ചു (ആ യോഗത്തിന്റെ അദ്ധ്യക്ഷനായ കഥ മറ്റൊരു പോസ്റ്റിലൂടെ വരുന്നു).അന്ന് മുന്‍ മന്ത്രി കൂടിയായ ജി.സുധാകരന്‍ എം.എല്‍ .എ ആയിരുന്നു ഉപഹാരം തന്നത്.(ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മൂത്തച്ചനായിരുന്നു അദ്ദേഹത്തിന്റെ ഒരു എതിരാളി)



                    സെപ്തംബര്‍ 27ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ , നാഷണല്‍ സര്‍വീസ് സ്കീമും എക്സൈസ് വകുപ്പും ചേര്‍ന്ന് ലഹരിക്കെതിരെ നടത്തുന്ന ഒരു പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അന്ന് വൈകിട്ട് അപ്രതീക്ഷിതമായി എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.കെ.ബാബു ക്യാമ്പ് സന്ദര്‍ശിച്ചു.ഞങ്ങള്‍ക്കൊപ്പം ഇരുന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് കൂടെ നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്.(പക്ഷേ ഫോട്ടോ എന്റെ കയ്യില്‍ ഇല്ല)
                  സെപ്തംബര്‍ 29ന്  എന്‍ .എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ കോഴിക്കോട് ജില്ലാ ക്യാമ്പ് ആയിരുന്നു. ഉത്ഘാടകനായി എത്തിയത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എയും. ഉത്ഘാടനപ്രസംഗം കഴിഞ്ഞ് അപ്രതീക്ഷിതമായ ഒരു അറിയിപ്പിനെത്തുടര്‍ന്ന് എന്റെ മേല്‍ ഒരു പൊന്നാട അണിയിക്കപ്പെട്ടു. വീണ്ടും സംസ്ഥാന അവാര്‍ഡ് നേടിയതിനുള്ള കോഴിക്കോട് ജില്ലയുടെ ആദരം.പൊന്നാട അണിയിച്ചത് ശ്രീ.പി.ടി.എ റഹീം എം.എല്‍ .എ തന്നെ.


                വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുക്കള്‍ ഉള്ളത് കാരണമാവാം മേല്‍ പറഞ്ഞ നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായത് !!!

Sunday, August 18, 2013

കെ.ടി ജലീല്‍ എം.എല്‍.എ വീണ്ടും പച്ചക്കൊടിയുടെ തണലില്‍!!!!

ഇന്ന് കണ്ട ഈ കാഴ്ച പലരേയും അത്ഭുതപ്പെടുത്തി.തീര്‍ച്ചയായും  ഫേസ്ബുക്കിലെയും മാധ്യമങ്ങളിലേയും ഇന്നത്തെ താരം ഈ ഫോട്ടോ തന്നെ ആയിരിക്കും - പച്ചക്കൊടിയുമേന്തി നില്‍ക്കുന്ന ശ്രീ.കെ.ടി ജലീല്‍ എം.എല്‍.എ !!!

                                                    (ഫോട്ടോ കടപ്പാട് : ശ്രീ ശബീബ്)
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന്റെ  44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് 2013ല്‍ ആയിരുന്നു ഈ അപൂര്‍വ്വ രംഗം അരങ്ങേറിയത്. 1990ല്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന എം.എല്‍.എ തന്നെ ഇതിനുള്ള വിശദീകരണവും നല്‍കി - ഈ കൊടി പിടിച്ചാണല്ലോ ഞാന്‍ ഇവിടെ ചെയര്‍മാനായത് !!!

Saturday, June 30, 2012

ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 1

                     നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ നാട്ടില്‍ വസിക്കുന്ന ഏതൊരാളും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് മൂഢനായ എന്ന് വേണമെങ്കില്‍ പറയാം, ഞാനും  ചോദിച്ചത്. പോയി പോയി നമ്മുടെ പാര്‍ട്ടിക്കാരും ജനങ്ങളും എത്തിച്ചേര്‍ന്ന ഒരു ഗതികേട് തന്നെയാണ് എന്റെ പരാമര്‍ശ വിഷയം.

                      ഒരു പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ ഒരാള്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കും എന്നത് തീര്‍ച്ച തന്നെ.അയാള്‍ പാര്‍ട്ടിക്കകത്തിരുന്ന കാലത്ത് അയാള്‍ക്കും പാര്‍ട്ടിക്കും അഭിമതമായിരുന്ന പല കാര്യങ്ങളും അയാളുടെ പുറത്താക്കലിലൂടെ അല്ലെങ്കില്‍ സ്വയം പുറത്തു പോകലിലൂടെ അനഭിമതവും കുറ്റങ്ങളും ആയി മാറുന്നു.മത-രാഷ്ട്രീയ ഭേദമന്യേ കേരളം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണിത്. അങ്ങനെ പുകയുന്ന അല്ലെങ്കില്‍ പുകഞ്ഞുകൊണ്ടേ ഇരിക്കുന്ന കൊള്ളികളെ വെള്ളം ഒഴിച്ചു കെടുത്തുന്നതിന് പകരം (ഭീഷണിപെടുത്തുന്നതിന് പകരം) സമുദ്രത്തില്‍ തന്നെ കെട്ടിത്താഴ്ത്തുക (നിശ്ശേഷം ഇല്ലാതാക്കുക) എന്ന രീതിയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഈ അടുത്തകാലത്ത് കേരളജനത ഞെട്ടിപ്പോയ ടി.പി.ചന്ദ്രശേഖരന്‍ വധം നടപ്പിലായത് ഈ അജണ്ട പ്രകാരമായിരുന്നു എന്ന് ഇന്ന് വ്യക്തമായി.

                        കുട്ടിക്കാലത്ത് സഹപാഠിയെ  നോക്കി ‘നിന്നെ ഞാന്‍ കാണിച്ചുതരാം’ എന്ന് പറയാന്‍ പോലും നമുക്ക് ധൈര്യം വരില്ലാ‍യിരുന്നു.കാരണം സ്കൂള്‍ നീതിന്യായ വ്യവസ്ഥയുടെ അധിപനായ ഹെഡ്മാസ്റ്ററുടെ അടുത്ത് പ്രസ്തുത ഭീഷണി എത്തിയാല്‍ കിട്ടുന്ന ചൂരല്‍ പ്രയോഗം മനസ്സില്‍ വരുമായിരുന്നു. എന്നാല്‍ ഇന്ന് അതേ കുട്ടികള്‍ തന്നെ   ‘തല പൂക്കുലപോലെ ചിതറും’ , ‘കയ്യും കാലും വെട്ടി നുറുക്കും’ എന്നൊക്കെ പൊതുയോഗങ്ങളില്‍ വിളിച്ചുപറയാന്‍ വരെ ധൈര്യമുള്ള നേതാക്കളായി ‘വളര്‍ന്നിരിക്കുന്നു‘.കോടതിയും മറ്റു വ്യവസ്ഥകളുംഞങ്ങള്‍ക്ക് പുല്ലാണ് എന്ന തീവ്രവാദി സമീപനമല്ലേ ഇന്ന് കേരളാം ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

                        കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതിയും മറ്റു പ്രതികളും ചൂണ്ടിക്കാണിക്കുന്ന മിക്കവാറും പേര്‍ക്ക് അതില്‍ ഏതെങ്കിലും തരത്തില്‍ പങ്ക് ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അത്തരം ഒരവസ്ഥയില്‍ ഇങ്ങനെ വിളിച്ചുപറയും എന്ന് എനിക്ക് തോന്നുന്നില്ല.ആ നിലക്ക് ഇന്നലെ കോഴിക്കോട് നടന്ന അറസ്റ്റ് തെളിവികളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും.പക്ഷേ , സ്വന്തം പാര്‍ട്ടി അംഗം അറസ്റ്റിലായപ്പോള്‍ ഈ കടുത്ത പ്രതിസന്ധിയെ അതിജീവിക്കുക എന്ന ഒറ്റ അജണ്ട ലക്ഷ്യമാക്കി ജനശ്രദ്ധ മുഴുവന്‍ തിരിച്ചു വിടാന്‍ വേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് വീണ്ടും ലക്ഷ്യം തെറ്റി എന്നതിന്റെ തെളിവാണ്.ഇതിലും വലിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും തുറുങ്കില്‍ അടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇത്തരം വഴി വിട്ട സമീപനങ്ങള്‍ ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല.

                     ഈ ഒരു ഹര്‍ത്താലിലൂടെ പുതിയ ഒരു സംസ്കാരം കൂടി വളരാന്‍ തുടങ്ങുകയാണ്.രാഷ്ട്രീയ നേതാക്കളെ , അവരെന്ത് കേസില്‍ പ്രതിയായാലും അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നും പോലീസും നിയമവും ജനങ്ങളുടെ കൂട്ടത്തിന് മുമ്പില്‍ കീഴടങ്ങണം എന്നുമല്ലേ ഈ ഹര്‍ത്താല്‍ പുതിയ തലമുറക്ക്  പകരുന്ന സന്ദേശം?പിന്നില്‍ നില്‍ക്കാന്‍ നാലാളുണ്ടെങ്കില്‍ തന്റെ നാവ് കൊണ്ട് എവിടെയും എന്തും വിളിച്ച് പറയാം എന്നല്ലേ ഇത് നല്‍കുന്ന പാഠം?

                    ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യവും മുട്ടുവേദനയും ഒക്കെ വരുന്നത് സത്യം പുറത്ത്പറഞ്ഞ് പോകുമോ എന്ന പേടിയില്‍ നിന്നല്ലേ?നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് ധൈര്യസമേതം അന്വേഷണം നേരിട്ടു കൂട?

                   ഇന്നത്തെ ഹര്‍ത്താലിന്റെ വിജയം കേരളജനതക്കെതിരെയുള്ള കൊഞ്ഞനം കുത്തലായിട്ടേ കാണാന്‍ സാധിക്കൂ.ഇനി എന്തും ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെയ്യാം എന്നതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട് കൂടിയാണ് ഇത് എന്ന മുന്നറിയിപ്പ് കൂടി കേരള ജനതക്ക് ഈ ഹര്‍ത്താല്‍ നല്‍കുന്നു.


Wednesday, October 19, 2011

അഴിമതിക്കെതിരെ ചില രാഷ്ട്രീയനാടകങ്ങള്‍

അഴിമതിക്കെതിരെ അണ്ണാഹസാരെയും സംഘവും നടത്തിയ സമരം വിജയം കണ്ടതിന്റെ പിന്നാലെയാണ് ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനിയുടെ മനസ്സില്‍ ജനചേതനയാത്ര എന്ന ആശയം പൊട്ടി മുളച്ചത്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന ആശയമാണ് അദ്വാനി ഇവിടെ പ്രയോഗിക്കുന്നത്.കോണ്‍ഗ്രസ്സിന്റെ വിവിധ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതും ഉള്‍പെടാന്‍ സാധ്യതയുള്ളതുമായ അഴിമതിക്കഥകള്‍ പുറത്ത് ചാടിക്കാന്‍ ഹസാരെയും സംഘവും നടത്തുന്ന ജനലോക്പാല്‍ സമരത്തിന്റെ തുടര്‍ച്ചയായി ഒരു ‘രഥയാത്ര’ കൂടി നടത്താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചാണക്യന് ആരും ബുദ്ധി ഓതിക്കൊടുക്കേണ്ടി വന്നില്ല.

പക്ഷേ ഹസാരെയുടേയും അദ്വാനിയുടേയും സമരപരിപാടികള്‍ മുറുകുമ്പോള്‍ തന്നെ ചില അപ്രിയസത്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.അണ്ണാടീമിന്റെ ജനലോക്പാല്‍ബില്‍ പൂര്‍ണ്ണമായും അംഗീകരിക്കാത്ത കോണ്‍ഗ്രസ്സിനെ ഒരു പാഠം‌പഠിപ്പിക്കാനാണ് ഹസാരെയുടെ പരിപാടി.ഭജന്‍ലാലിന്റെ മരണത്തോടെ ഒഴിവ് വന്ന ഹരിയാനയിലെ ഹിസാര്‍ ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരെ പരസ്യപ്രചാരണം നടത്തിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പായിരുന്നു.അത്തരം ഒരു മണ്ഡലത്തില്‍ ഹസാരെയുടെ പ്രചാരണം എത്രത്തോളം ഫലവത്തായി എന്ന് ചോദിച്ചാല്‍ ഹസാരെക്ക് തന്നെ ചിരി വന്നേക്കും.മാത്രമല്ല ഇന്ത്യയെ അഴിമതി മുക്തമാക്കാനുള്ള ജനലോക്പാല്‍ബില്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്ന ഹസാരെ ടീം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചത് അഴിമതി ആരോപിതനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയില്‍ സ്വന്തം ട്രൌസര്‍ ഊരിപ്പോയത് ഹസാരെ അറിഞ്ഞില്ല.

“കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുന്നതിനിടക്ക് അഴിമതിക്കാര്‍ ആരെങ്കിലും ജയിക്കുന്നുണ്ടെങ്കില്‍ അതില്‍ വേവലാതി വേണ്ട.അവരെ ഈ ലോകപാല്‍ ബില്‍ ജയിലിലയക്കും “ എന്നായിരുന്നു ഇത് സംബന്ധിച്ച് ഹസാരെയുടെ പ്രസംഗം.അഴിമതി ആരോപണരഹിതനായ ഒരു സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്റെ ജനപിന്തുണയുടെ യഥാര്‍ത്ഥ ആഴം അളക്കാന്‍ ഹസാരെക്ക് ലഭിച്ച ആദ്യ അവസരം അദ്ദേഹം കളഞ്ഞുകുളിച്ചത് മന:പൂര്‍വ്വം തന്നെയായിരുന്നു എന്ന് വ്യക്തമാണ്.തന്റെ പിന്നിലുള്ളത് അഴിമതിയെക്കാളും കൂടുതല്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരുടെ കൂട്ടമാണ് എന്ന് ഹസാരെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഈ ഉരുണ്ടുകളിയുടെ പൊരുള്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഹസാരെ സമരത്തിന്റെ ഊര്‍ജ്ജവും ജനപിന്തുണയും ഉപയോഗപ്പെടുത്തുന്നത് ബി.ജെ.പി ആണെന്നതില്‍ സാമാന്യബോധമുള്ള ആര്‍ക്കും സംശയമില്ല. പ്രധാനമന്ത്രി കസേരയില്‍ കണ്ണും നട്ടിരുന്ന അദ്വാനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് നിരാശ സമ്മാനിച്ചപ്പോള്‍ തുടങ്ങിയതാണ് ബി.ജെ.പിയുടെ കോണ്‍ഗ്രസ്സ് വിരുദ്ധ സമരപിന്തുണ.അഴിമതിയുടെ കാര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണ്.

വരാനിരിക്കുന്ന യു.പി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ അഴിമതിക്കെതിരെ എന്ന ലേബലില്‍ അദ്വാനിയും ഒരു പടയോട്ടം ആരംഭിച്ചിരിക്കുന്നു - ജനചേതനയാത്ര.വിരോധാഭാസമെന്ന് പറയട്ടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ബി.ജെ.പിയുടെ സമുന്നതനായ നേതാവ് യെദിയുരപ്പ അദ്വാനിയെ സ്വീകരിക്കുന്നത് ജയിലില്‍ കിടന്നുകൊണ്ടായിരിക്കും.അതും അദ്വാനിയുടെ ചേതനയാത്ര എന്തിനെതിരെയാണോ, അതേ കുറ്റാരോപിതനായതിനാല്‍ !ജയിലിലടക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി എന്ന നെറികെട്ട റിക്കാര്‍ഡും യെദിയുരപ്പ ഇതിലൂടെ കരസ്ഥമാക്കി.

യെദിയുരപ്പയുടെ കര്‍ണ്ണാടകയിലൂടെയും അദ്വാനിയുടെ ജനചേതനയാത്ര കടന്നുപോകുന്നുണ്ട്.കര്‍ണ്ണാടകയില്‍ ഈ യാത്രയെപറ്റി അദ്വാനി എന്തു പറയും എന്ന് എല്ലാവരും കൌതുകത്തോടെ ഉറ്റു നോക്കുന്നു.ഈ അപ്രതീക്ഷിത കുരുക്കില്‍ നിന്ന് എങ്ങനെ തലയൂരും എന്ന് ബി.ജെ.പിയും തല പുകഞ്ഞാലോചിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ തന്നെ , ബി.ജെ.പിയുടെ ഉറ്റ തോഴന്മാരായ റെഡ്ഡി സഹോദരന്മാര്‍ ജയിലിലടക്കപ്പെട്ടതും ഇന്ത്യ കണ്ട വന്‍ അഴിമതികളിലൊന്നില്‍ പ്രതികളായിക്കൊണ്ടാണ്. ഇതെല്ലാം മറന്ന് കര്‍ണ്ണാടകയിലൂടെ കണ്ണും പൂട്ടിയുള്ള ഒരു യാത്രയാണ് അദ്വാനി നടത്തുന്നതെങ്കില്‍ അതിന് ചേതനയാത്ര എന്നതിനെക്കാള്‍ നല്ല പേര് യാതനയാത്ര എന്നായിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ അഴിമതിക്കെതിരെ എന്ന ലേബലില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ വിത്തുകള്‍ തന്നെയാണ്.അതും അത്യുല്‍ല്പാദന ശേഷിയുള്ള വിത്തുകള്‍ ! പൊതുജനം ഉണര്‍ന്ന് പ്രതികരിക്കുകയല്ലാതെ ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ കണ്ട് രസിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല.

Thursday, August 18, 2011

അതാണ് സഖാവെ ,മാനുഷിക ബന്ധം

“എനിക്ക് മലര്‍വാടി വായിക്കാന്‍ തന്നില്ലെങ്കില്‍, നീ മിഠായി വാങ്ങിയത് ഞാന്‍ ബാപ്പയോട്‌ പറഞ്ഞു കൊടുക്കും”

“എന്നെ പറഞ്ഞു കൊടുത്താല്‍ നിനക്ക് ടീച്ചറോട് തല്ല് കിട്ടിയത് ഞാനും പറയും...”

പണ്ട് പണ്ട് സ്കൂളീല്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ അനിയനും തമ്മില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം കാച്ചുന്ന ഡയലോഗുകള്‍ ആണിവ.ബാപ്പയെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പേടിയായിരുന്നു.ആ പേടി പരസ്പരം മുതലെടുക്കുക എന്ന മിനിമം പരിപാടി ആയിരുന്നു ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നത്.

ഏകദേശം അതിന് സമാനമായ ചില കാര്യങ്ങളാണ് ഇന്ന് സി.പി.എം ന്റെ രണ്ട് തല മൂത്ത നേതാക്കള്‍ക്കിടക്ക് നടക്കുന്ന സംഭാഷണങ്ങള്‍.പാര്‍ട്ടിയുടെ വിലക്ക് പുല്ലു പോലെ തള്ളി വി.എസ് അച്ചുതാനന്ദന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് പിണറായിക്ക് ഒട്ടും ദഹിച്ചില്ല.പാര്‍ട്ടിയും വി.എസ് ന്റെ ഈ അസാധാരണ നടപടിയില്‍ പകച്ചു പോയി എന്നതാണ് പിണറായിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.അവസാനം, സന്ദര്‍ശനം ആകാം , ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന ഒരു വിലക്ക് പയറ്റി പാര്‍ട്ടി മുഖം രക്ഷിച്ചു.വി.എസ് അതും തള്ളും എന്ന് മനസ്സിലാക്കി ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിന്ന് തേങ്ങാവെള്ളത്തെ സൌകര്യപൂര്‍‌വ്വം ഒഴിവാക്കുകയും ചെയ്തു.അല്ലെങ്കിലും നിരാഹാരം എന്നാല്‍ നീരാഹാരം കൂടി ആണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണല്ലോ നമ്മെ പഠിപ്പിച്ചത്.എന്ന് വച്ചാല്‍ നിരാഹാരത്തില്‍ ആഹാരം കഴിക്കാന്‍ പാടില്ല, നീര് കഴിക്കാം.എന്ന് പറഞ്ഞാല്‍ നീര് അഥവാ വെള്ളം എന്ന ഗണത്തില്‍ പെടുന്നതൊന്നും ആഹാരമല്ല.ഭാവിയില്‍ ആഹാരമല്ലാതാകുന്നതെന്തൊക്കെ എന്ന് ലിസ്റ്റ് പുറപ്പെടുവിക്കുമായിരിക്കും.

ഏതായാലും പിണറായിയുടെ പ്രസ്താവന കേട്ട് വി.എസ്, ഞാന്‍ ആദ്യം പറഞ്ഞ അടവ് പ്രയോഗിച്ചു.പിണറായി സ്വന്തം മകളുടെ കല്യാണത്തിന് പാര്‍ട്ടിയുടെ അന്തകനും ആജന്മ ശത്രുവുമായ സാക്ഷാല്‍ എം.വി.രാഘവനെ ക്ഷണിച്ചതും എം.വി.ആര്‍ ആ വിവാഹത്തില്‍ പങ്കെടുത്തതും വി.എസ് പൊടി തട്ടി എടുത്തു.കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് ചുറുചുറുക്കുള്ള യുവാക്കള്‍ വെടിയേറ്റ് മരിച്ചതിന് ഉത്തരവാദിയായ എം.വി.രാഘവനെ സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണം കൊടുക്കാമെങ്കില്‍ പാര്‍ട്ടിയെ വളരെക്കാലം സേവിച്ച , ഇപ്പോഴും പാര്‍ട്ടി മനസ്സുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ എന്ത് തെറ്റ് എന്ന് വി.എസ് ചോദിക്കുന്നു.

ഈ ചോദ്യം കേട്ട് ഞാനും വി.എസിന് കൈ അടിച്ചു.പക്ഷേ ദിവസങ്ങള്‍ക്കകം അതേ വി.എസ്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ തള്ളി പറഞ്ഞപ്പോള്‍ അത് എന്തിന്റെ സമ്മര്‍ദ്ദത്താല്‍ ആയിരുന്നു എന്ന് മനസ്സിലായില്ല.പാര്‍ട്ടി വിലക്ക് സൌകര്യപൂര്‍വ്വം ലംഘിക്കുകയും പിന്നീട് ചില പൊടിക്കൈകളിലൂടെ രക്ഷപ്പെടുകയും ചെയ്യുക എന്ന വിലകുറഞ്ഞ തന്ത്രം വി.എസിനെപ്പോലുള്ള ഒരു ഉന്നത നേതാവിന് ചേര്‍ന്നതല്ല.ആശയവും ആദര്‍ശവും ഒക്കെ നിലനിര്‍ത്തികൊണ്ട് എതിര്‍ ചേരിക്കാരനായാലും മനുഷ്യന്‍ എന്ന നിലക്കുള്ള സമീപനവും പാര്‍ട്ടിക്കാര്‍ക്ക് പാടില്ല എന്നോ?എങ്കില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയം എന്നതിനെക്കാളും നല്ലൊരു പേര് പട്ടി രാഷ്ട്രീയം എന്നല്ലേ?

വാല്‍:മുസ്ലീംലീഗ് ചിന്താഗതിക്കാരനായ റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള സ്റ്റേജില്‍!അതാണ് സഖാവെ മാനുഷിക ബന്ധം.

Tuesday, June 09, 2009

എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും.

കേരള ജനത ഇന്നലെ ഒരു കരിദിനത്തിന്‌ കൂടി സാക്ഷിയായി.വാഹനങ്ങള്‍ കത്തിച്ച്‌ കരിദിനം കെങ്കേമമാക്കാന്‍ ചിലയിടങ്ങളില്‍ ശ്രമവും നടന്നു.ഹര്‍ത്താലായി പ്രഖ്യാപനം നടത്തി നേതൃത്വത്തിണ്റ്റെ ഇടപെടല്‍ മൂലം കരിദിനമായി മാറിയ ഈ 'പരിപാടി' എന്തിനായിരുന്നു എന്ന്‌ രാഷ്ട്രീയാതീതമായി ഓരോ കേരളീയനും ചിന്തിക്കേണ്ടതുണ്ട്‌.

അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ല എന്ന പ്രഖ്യാപനവുമായി ഭരണ സാരത്ഥ്യം ഏറ്റെടുത്ത ശ്രീമാന്‍ വി.എസ്‌.അച്ചുതാനന്തനെ നോക്കുകുത്തിയാക്കിക്കൊണ്ട്‌, SNC ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെതില്ലെന്ന അഡ്വക്കറ്റ്‌ ജനറലിണ്റ്റെ 'നിയമോപദേശം' തന്നെ മന്ത്രിസഭാ തീരുമാനമാക്കിയതിലൂടെ കേരള ജനതക്ക്‌ CPM എന്ന പാര്‍ട്ടിയുടെ ആദര്‍ശശുദ്ധിയില്‍ സംശയം ഉടലെടുത്ത്‌ തുടങ്ങിയിരുന്നു. മന്ത്രിസഭാ തീരുമാനത്തിലൂടെ തല്‍ക്കാലം മുഖം രക്ഷിച്ച സഖാവിന്‌ തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ കേരളജനത വ്യക്തമായ മുന്നറിയിപ്പ്‌ തന്നെയാണ്‌ നല്‍കിയത്‌.

മന്ത്രിസഭയുടെ ഉപദേശത്തില്‍ നിന്നും വ്യത്യസ്തമായ തീരുമാനം ഗവര്‍ണ്ണര്‍ കൈകൊണ്ടത്‌ തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി എന്നാണ്‌ പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കിയത്‌.സ്വന്തം പാര്‍ട്ടിക്കാരനെ രക്ഷിക്കാനുള്ള തികച്ചും രാഷ്ട്രീയപരമായുള്ള തീരുമാനം മാത്രമേ മന്ത്രിസഭായില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചുള്ളൂ,അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.പാര്‍ട്ടി സെക്രട്ടറിയെ രക്ഷിക്കാന്‍ വേണ്ടി ഈ 'വിദഗ്ദോപദേശം' തള്ളിക്കളയാന്‍ പാടില്ല എന്ന്‌ പറയുന്നത്‌ അതിലേറെ ദൌര്‍ഭാഗ്യകരമാണ്‌ എന്നാണ്‌ പൊതുജനത്തിണ്റ്റെ അഭിപ്രായം.

യഥാര്‍ത്ഥത്തില്‍ CPM ഈ കേസിനെ എന്തിന്‌ ഇത്രയേറെ ഭയക്കുന്നു?എല്ലാ ശക്തിയും ഉപയോഗിച്ച്‌ പ്രതിരോധിക്കേണ്ട ഒരു അഴിമതിക്കേസായി ഇത്‌ മാറിയത്‌ എങ്ങനെ?അഴിമതി നടത്തിയിട്ടില്ല എങ്കില്‍ സഖാവ്‌ പിണറായി വിജയന്‍ എന്തിന്‌ ഈ ഉമ്മാക്കി കണ്ട്‌ പേടിക്കണം?നിഷ്പക്ഷമായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാന്‍ എന്തു കൊണ്ട്‌ സഖാവും പാര്‍ട്ടിയും മുതിരുന്നില്ല?അധികാരവും പണവും ഉണ്ടെങ്കില്‍ കേരളത്തിലും എന്തും കളിക്കാമെന്ന സ്ഥിതിയോ?രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഏതൊരു കേരളീയണ്റ്റേയും മനസ്സിലുള്ള ചോദ്യങ്ങളാണിവ.

യഥാര്‍ത്ഥത്തില്‍ സഖാവ്‌ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ല എങ്കില്‍ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനം വന്നതിന്‌ പിന്നാലെ സ്വയം പ്രോസിക്യൂഷന്‌ തയ്യാറായി അദ്ദേഹത്തിന്‌ മുന്നോട്ട്‌ വരാമായിരുന്നു.എങ്കില്‍കേരളജനത സഖാവ്‌ വിജയനെ ധീരപുരുഷനായി കാണുമായിരുന്നു.എന്നാല്‍ മന്ത്രിസഭയെക്കൊണ്ട്‌ ഒരു 'തീരുമാനം' എടുപ്പിച്ച്‌ തടിയൂരി, ഇപ്പോള്‍ ഗവര്‍ണ്ണര്‍ നിയമജ്ഞരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്‍ ശരിവച്ചപ്പോഴേക്കും അദ്ദേഹത്തിണ്റ്റെ കോലം കത്തിക്കുന്നതും, പ്രതിഷേധപ്രകടനം നടത്തുന്നതും, വധഭീഷണി മുഴക്കുന്നതും, ഹര്‍ത്താല്‍ ആഹ്വാനം നടത്തുന്നതും കരിദിനം ആചരിക്കുന്നതും CPM പോലുള്ള ഒരു പാര്‍ട്ടിക്ക്‌ ഭൂഷണമല്ല.

സഖാവേ...നെഞ്ചില്‍ കൈതൊട്ട്‌ പുഞ്ചിരിച്ച്‌ പറയൂ...അന്വേഷണം നേരിടാന്‍ ഞാന്‍ തയ്യാര്‍.എങ്കില്‍ കേരളജനത താങ്കള്‍ക്ക്‌ പിന്നില്‍ തന്നെ അണിനിരക്കും,തീര്‍ച്ച.