Pages

Wednesday, May 22, 2019

ബഹു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ...

         ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.ഈ ഇലക്ഷനിൽ കണ്ട ചില കാര്യങ്ങൾക്ക് നേരെ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. തള്ളാം കൊള്ളാം, ബട്ട് തല്ലരുത് കൊല്ലരുത്.

           കേരളത്തിൽ ഇത്തവണ, 20 ലോകസഭാ സീറ്റിൽ 10 സീറ്റുകളിലേക്ക് ഇരു മുന്നണികളിൽ നിന്നുമായി മത്സരിച്ചത് പത്തോളം എം.എൽ.എ മാരാണ്.അതായത് ഇനിയും രണ്ട് വർഷത്തോളം കാലാവധിയുള്ള ജനപ്രതിനിധികൾ. അവർക്കിത് ഒരു ഇം‌പ്രൂവ്മെന്റ് പരീക്ഷ മാത്രമാണ്. എം.എൽ.എ എന്ന പദത്തിൽ നിന്നും എം.പി എന്ന പദത്തിലേക്കുള്ള ഇം‌പ്രൂവ്മെന്റ് ചാൻസ്. സ്വാഭാവികമായും ജയിച്ചാൽ അവർ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഠലങ്ങളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപ തെരഞ്ഞെടുപ്പ് നടത്തണം. പട്ടിണി സഹിക്കാൻ കഴിയാതെ എന്തോ ഭക്ഷണ പദാർത്ഥം എടുത്തതിന് മോഷണമാരോപിച്ച് അടിച്ചു കൊന്ന മധുവിന്റെ ഈ നാട്ടിൽ, അടച്ചുറപ്പില്ലാത്ത വീട്ടിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ ഈ നാട്ടിൽ, ഒരു നേരത്തെ മരുന്ന് വാങ്ങാൻ വകയില്ലാതെ നരകിക്കുന്ന നിരവധി പാവങ്ങളുടെ നിലവിളി ഉയരുന്ന ഈ നാട്ടിൽ തെരഞ്ഞെടുപ്പിന്റെ പേരിൽ ലക്ഷങ്ങൾ ഇനിയും ചെലവിടുന്നത് ശരിയോ തെറ്റോ ?

             സർക്കാർ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ജോലി രാജി വയ്ക്കണം.അതേ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന എം.എൽ.എ ക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമാകുന്നില്ല? കുറഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചെലവുകളുടെ അമ്പത് ശതമാനെങ്കിലും, ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നവരുടെ സ്വകാര്യ സമ്പത്തിൽ നിന്നും എന്തുകൊണ്ട് ഈടാക്കിക്കൂട? അല്ലെങ്കിൽ, അവർ ജയിച്ചാലും തോറ്റാലും എന്തുകൊണ്ട് നിലവിലുള്ള  രണ്ടാം സ്ഥാനക്കാരെ പുതിയ പ്രതിനിധിയായി തെരഞ്ഞെടുത്തുകൂട ? ഇങ്ങനെയെന്തെങ്കിലും നിബന്ധനകൾ കൊണ്ടു വന്നില്ലെങ്കിൽ ഭാവിയിൽ ഇത് ഇനിയും തുടരും. 20 സീറ്റിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ പോലും ഇല്ലാത്ത പാർട്ടികളായി കേരളത്തിലെ പ്രമുഖ പാർട്ടികൾ അധ:പതിച്ചതായി ജനങ്ങൾ മനസ്സിലാക്കുന്നു.

             രാജ്യത്തെ നയിക്കേണ്ട പ്രമുഖരിൽ പലരും കൂളായി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുന്നത് നിരവധി തവണ നാം കണ്ടു. രണ്ടോ മൂന്നോ ദിവസത്തെ പ്രചാരണ വിലക്ക് എന്ന ഉമ്മാക്കി ഒരു ചുക്കും ചെയ്യുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമായി. നടപടി എടുക്കേണ്ടത് കലക്ടറോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അതോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ എന്ന അനിശ്ചിതത്വവും പല കേസുകളിലും ആദ്യ ഘട്ടത്തിൽ ഉണ്ടായി. സ്ഥാനാർത്ഥിത്വം അസാധുവാക്കുന്നതും അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലെങ്കിലും മത്സരിക്കുന്നത് വിലക്കുന്നതും അടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ മാത്രമേ ഇത്തരം നിയമ ലംഘകർക്ക് കൂച്ചു വിലങ്ങിടാൻ സഹായിക്കൂ.

            കനത്ത സുരക്ഷയും അതിലേറെ സുതാര്യതയും ഉറപ്പ് വരുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ഒരു കൂസലും കൂടാതെ കള്ളവോട്ട് ചെയ്യുന്ന ജനപ്രതിനിധികളെയും കണ്ടു. റീപോളിംഗ് നടത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും വോട്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിലൂടെ ഭാവിയിൽ പ്രതി രക്ഷപ്പെട്ടാലും ഉദ്യോഗസ്ഥർ ബലിയാടാകാൻ സാധ്യത ഏറെയാണ്. ആയതിനാൽ കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ ഉടനടി കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുന്ന രൂപത്തിൽ നിയമങ്ങൾ പരിഷ്കരിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു. 

7 comments:

Areekkodan | അരീക്കോടന്‍ said...

20 സീറ്റിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ പോലും ഇല്ലാത്ത പാർട്ടികളായി കേരളത്തിലെ പ്രമുഖ പാർട്ടികൾ അധ:പതിച്ചതായി ജനങ്ങൾ മനസ്സിലാക്കുന്നു.

മഹേഷ് മേനോൻ said...

പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടിയാൽ പ്രശ്നത്തിനു പരിഹാരമാകും. പക്ഷേ മണികെട്ടാൻ ആരുപോകും?

Areekkodan | അരീക്കോടന്‍ said...

മഹേഷ്...ജനം തന്നെ കെട്ടേണ്ടി വരും.

സുധി അറയ്ക്കൽ said...

നേരാണു.പൊതുപണം ധൂർത്തടിക്കുന്നതിനു ഒരു പരിധി വേണ്ടേ???

Areekkodan | അരീക്കോടന്‍ said...

സുധീ...അതൊന്നും ആർക്കും പ്രശ്നമല്ല എന്നാണ് മനസ്സിലാകുന്നത്.എന്തു ചെയ്യാൻ?

Muralee Mukundan , ബിലാത്തിപട്ടണം said...


കനത്ത സുരക്ഷയും അതിലേറെ സുതാര്യതയും ഉറപ്പ് വരുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോലും ഒരു കൂസലും കൂടാതെ കള്ളവോട്ട് ചെയ്യുന്ന ജനപ്രതിനിധികളെയും കണ്ടു. റീപോളിംഗ് നടത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും വോട്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേരിടുന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിലൂടെ ഭാവിയിൽ പ്രതി രക്ഷപ്പെട്ടാലും ഉദ്യോഗസ്ഥർ ബലിയാടാകാൻ സാധ്യത ഏറെയാണ്. ആയതിനാൽ കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ ഉടനടി കടുത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തുന്ന രൂപത്തിൽ നിയമങ്ങൾ പരിഷ്കരിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...പ്രവാസി വോട്ട് ഉണ്ടായിരുന്നോ?

Post a Comment

നന്ദി....വീണ്ടും വരിക