Pages

Thursday, May 30, 2019

മീൻപിടുത്തം (അവധിക്കാലം-10)

           ചാലിയാർ എന്ന പുഴ ഇന്നത്തെ തലമുറക്ക് ‘ചളിയാർ’ എന്ന മാലിന്യപ്പുഴയാണ്. പക്ഷെ എന്റെയും കൂട്ടുകാരുടെയും ബാല്യകാലത്തെ തിളങ്ങുന്ന ഓർമ്മകൾ ഇപ്പോഴും ആ പുഴയിൽ ഓളം വെട്ടിക്കൊണ്ടിരിക്കുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ ചാലിയാറിന്റെ രൂപ മാറ്റവും അന്നത്തെ സായാഹ്നങ്ങളുടെ തുടിപ്പും സജീവതയും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴത്തെ തലമുറക്ക് ആസ്വദിക്കാനും പറ്റാത്ത വിധത്തിലായിപ്പോയി.

             വേനലവധി ആയാൽ ഞങ്ങളുടെ ഒരു പ്രധാന വിനോദമായിരുന്നു മീൻപിടുത്തം. നഞ്ച് എന്ന വിഷം കലക്കിയും തിര എന്ന സ്ഫോടക വസ്തു എറിഞ്ഞും മത്സ്യങ്ങളെ കൊന്ന് മീൻ പിടിക്കുന്ന മുതിർന്നവർ ധാരാളം ഉണ്ടായിരുന്നു അന്ന്. ഉപജീവനത്തിനായി ‘തണ്ടാടി’ വലിച്ച് മീൻ വലയിലാക്കുന്നവരും ഉണ്ടായിരുന്നു. ഇവർ ഉപേക്ഷിച്ചു പോകുന്ന സ്ഥലത്ത് നിന്നും ബാക്കിയായി കിട്ടുന്നവയെ ‘കാലായി’ എന്നായിരുന്നു വിളിച്ചിരുന്നത്. എന്താണ് ആ പേരിന്റെ പൊരുൾ എന്ന് അന്നും ഇന്നും എനിക്കറിയില്ല. ആ മത്സ്യപ്പിടുത്തമാണ് സ്വന്തമായി മീൻപിടുത്തം പരീക്ഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത്.

                ഒന്നര മീറ്ററോളം നീളമുള്ള രണ്ട് വടികൾ എടുത്ത് പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് കൂടെ നടന്ന് വെള്ളത്തിനടിയിലെ മണലിൽ ഓടുന്ന പൂശാൻ (പൂഴിയാൻ എന്നാണ് യഥാർത്ഥ പേര് എന്ന് തോന്നുന്നു) എന്ന മീനിനെ ഓടിച്ച് ഓടിച്ച് തളർത്തും. തളർന്നാൽ ആ പാവം മണലിൽ തല പൂഴ്ത്തും.അപ്പോൾ മണലിൽ തപ്പി അതിനെ പിടിക്കും. മീൻ വളരെ ചെറുതാണെങ്കിലും ആ പിടുത്തത്തിന്റെ ഹരം കാരണം കൊള്ളുന്ന വെയിലും കളയുന്ന സമയവും ഒന്നും ഓർമ്മയുണ്ടാകില്ല. ഇങ്ങനെ അധ്വാനിച്ച് പിടിച്ച രണ്ടോ മൂന്നോ മീനും കൊണ്ട് വീട്ടിൽ ചെന്നാൽ ഉമ്മയുടെ വക ശകാരം കിട്ടും.പിടിച്ച മീൻ കോഴിക്ക് ഇട്ടു കൊടുക്കുകയും ചെയ്യും !

            കൊയ്ത്തി എന്നൊരു കുഞ്ഞു മീനിനെയും പിടിക്കാറുണ്ടായിരുന്നു . കൊയ്ത്തി പെട്ടെന്ന് തല മണ്ണിൽ പൂഴ്ത്തുന്നതിനാൽ പിടിക്കാൻ അധികം അധ്വാനം ഇല്ല. പക്ഷെ അവ വല്ലപ്പോഴുമേ മുന്നിൽ പെടൂ. പുഴയോരത്ത് വെള്ളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന പുല്ലുകൾക്കിടയിലും കല്ലുകൾക്കിടയിലും കാണുന്ന ചെള്ളിയെയും (ചെമ്മീൻ വർഗ്ഗത്തിൽ പെട്ടത്) കൈ കൊണ്ട് തപ്പിപ്പിടിക്കുകയോ തോർത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുകയോ ചെയ്യും. ചെള്ളി അതിന്റെ കാലു കൊണ്ട് ഇറുക്കും എന്നതിനാൽ വലുതാണെങ്കിൽ പിടിക്കാൻ ഭയമാണ്. ചൂണ്ടയിൽ കോർത്തിടാനും ചെള്ളിയെ പിടിക്കാറുണ്ടായിരുന്നു. വെള്ളത്തിലൂടെ കൂട്ടമായി നീങ്ങുന്ന പരലിനെയും ഇരി മീനിനെയും പിടിക്കാൻ ഉടുമുണ്ട് അഴിച്ച് കോരിയ നിഷ്കളങ്ക ബാല്യവും ഓർമ്മയിൽ തിര തല്ലുന്നു.

             വലിയ മീനുകളെ പിടിക്കാൻ പുഴയുടെ മറുഭാഗത്ത്  അല്പം കൂടി ആഴം കൂടിയ സ്ഥലത്ത് ചൂണ്ട ഇടും. എനിക്ക് ചൂണ്ട ഇട്ട് പരിചയമില്ല. അനിയൻ രണ്ടോ മൂന്നോ ചൂണ്ടയും പറമ്പിൽ നിന്ന് കിളച്ചെടുത്ത് ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞ മണ്ണിരയും കൊണ്ട് പുഴയിൽ പോകും. ഉച്ച വരെ ചൂണ്ട ഇട്ടാൽ ആരലോ മഞ്ഞിലോ വലിയ പൂശാനോ എന്തെങ്കിലും ഒക്കെ കിട്ടും. മൂത്തുമ്മായുടെ മക്കളും അമ്മാവന്റെ മക്കളും എല്ലാം ചൂണ്ട ഇട്ട് മീൻ പിടിക്കാൻ വിദഗ്ദരായിരുന്നു.

           കിളിയാടിപ്പാറ, രണ്ടാം പാറ, അട്ടിപ്പാറ , നാലാം പാറ , മൂടം കല്ല് തുടങ്ങി സ്ഥലങ്ങളിൽ ആയിരുന്നു ചൂണ്ട ഇട്ടിരുന്നത്. ഇതിൽ മൂടം കല്ല് അതീവ അപകടകരമായ സ്ഥലമായിരുന്നു. വളരെ ആഴം കൂടിയ അങ്ങോട്ട് കുട്ടികളായ ഞങ്ങൾ പോകുന്നതിന് വിലക്കുണ്ടായിരുന്നു. മൂടം കല്ലിനടുത്ത് മുതല ഉണ്ട് എന്നായിരുന്നു ഞങ്ങൾ കേട്ടിരുന്നത്. അതിനാൽ തന്നെ ആരും അങ്ങോട്ട് പോയിരുന്നില്ല. പക്ഷെ അനിയൻ അവിടെയും എത്തിയിരുന്നു.

          മീൻ പിടിക്കുന്നത് അനിയനാണെങ്കിലും വീട്ടിൽ എത്തിയാൽ അത് എനിക്കും അവകാശപ്പെട്ടതായിരുന്നു. കാരണം, രണ്ടാം പാറയുടെ മുകളിലേക്ക് പോയി മീൻ പിടിച്ചത് വീട്ടിൽ അറിഞ്ഞാൽ അടി പൊട്ടും. ഏക ദൃക്‌സാക്ഷിയായ ഞാൻ അത് പറയാതിരിക്കാൻ എനിക്ക് മീനിന്റെ കഷ്ണം തന്നല്ലേ പറ്റൂ! ഇനി വരാത്ത ആ കാലത്തോടൊപ്പം മേൽ പറഞ്ഞ പാറകളും ഇന്ന് വെള്ളത്തിനടിയിലായി.

(തുടരും...)

9 comments:

Areekkodan | അരീക്കോടന്‍ said...

കാരണം, രണ്ടാം പാറയുടെ മുകളിലേക്ക് പോയി മീൻ പിടിച്ചത് വീട്ടിൽ അറിഞ്ഞാൽ അടി പൊട്ടും. ഏക ദൃക്‌സാക്ഷിയായ ഞാൻ അത് പറയാതിരിക്കാൻ എനിക്ക് മീനിന്റെ കഷ്ണം തന്നല്ലേ പറ്റൂ!

സുധി അറയ്ക്കൽ said...

മീൻ പിടുത്ത ഓർമ്മകൾ തികട്ടി വരുന്നു

Areekkodan | അരീക്കോടന്‍ said...

സുധീ... തികട്ടി വരുന്നത് ബ്ലോഗിലേക്കിടു

© Mubi said...

ഇവിടെ മീൻ പിടിക്കാൻ ലൈസൻസ് വേണം. ഇനി പിടിച്ചു കിട്ടിയാലോ വെള്ളത്തിലേക്ക് തന്നെ തിരിച്ചിടും... അതാണ് കളി!

Areekkodan | അരീക്കോടന്‍ said...

മുബീ...അത് രണ്ടും കൊള്ളാലോ !!

Geetha said...

എല്ലാം ഓർമ്മകൾ ആയി ല്ലേ...

Areekkodan | അരീക്കോടന്‍ said...

Geethaji...എല്ലാം പച്ച പിടിച്ച ഓര്‍മ്മകളായി

Muralee Mukundan , ബിലാത്തിപട്ടണം said...

കിളിയാടിപ്പാറ, രണ്ടാം പാറ, അട്ടിപ്പാറ , നാലാം പാറ , മൂടം കല്ല് തുടങ്ങി സ്ഥലങ്ങളിൽ ആയിരുന്നു ചൂണ്ട ഇട്ടിരുന്നത്. ഇതിൽ മൂടം കല്ല് അതീവ അപകടകരമായ സ്ഥലമായിരുന്നു. വളരെ ആഴം കൂടിയ അങ്ങോട്ട് കുട്ടികളായ ഞങ്ങൾ പോകുന്നതിന് വിലക്കുണ്ടായിരുന്നു. മൂടം കല്ലിനടുത്ത് മുതല ഉണ്ട് എന്നായിരുന്നു ഞങ്ങൾ കേട്ടിരുന്നത്. അതിനാൽ തന്നെ ആരും അങ്ങോട്ട് പോയിരുന്നില്ല. പക്ഷെ അനിയൻ അവിടെയും എത്തിയിരുന്നു.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നിങ്ങളെ അനിയനും ഇവിടെയൊക്കെ എത്തിയിരുന്നോ???

Post a Comment

നന്ദി....വീണ്ടും വരിക